ചെമ്മണ്ണിൽ തീർത്ത ഇടുങ്ങിയ പാതയോരം. പാതയിലേക്ക് ചാഞ്ഞുനിന്ന മരച്ചില്ലകൾ ആ ഇടനാഴികൾക്ക് തണലും തണുപ്പുമേകി. പാതയുടെ ഇരുവശങ്ങളിലായി നിന്ന തേക്കുമരങ്ങൾ കുഞ്ഞുവെള്ളപ്പൂക്കൾ പൊഴിച്ചു എന്നെ വരവേറ്റു. ഇന്നലത്തെ രാത്രിമഴയിൽ അങ്ങിങ്ങായി ഉതിർന്നുവീണ മല്ലിപ്പൂക്കൾ പാതയെ അലങ്കരിച്ചിരുന്നു. ഇളം കാറ്റ് വന്നു എൻ്റെ മുടിയിഴകൾ കോതിയൊതുക്കി കടന്നുപോയി.
ഒരുപാട് വർഷങ്ങളായി ഈ നാട്ടുവഴിയോരത്തിലൂടെ ഒക്കെ ഒന്ന് നടന്നിട്ട്. പുതിയ കുറച്ചു വീടുകൾ വന്നിട്ടുണ്ടെന്നല്ലാതെ നാടിന്റെ മുഖച്ഛായയ്ക്ക് വലിയ മാറ്റമൊന്നുമില്ല. അവൾ പഴയതുപോലെ തന്നെ സുന്ദരിയാണ്.
ഇടവഴി കഴിഞ്ഞു വലത്തോട്ട് തിരിഞ്ഞു മൂന്നാമത്തെ വീട്. പടിപ്പുരവീടെന്നു പറഞ്ഞാൽ എല്ലാരുമറിയും. പേരുകേട്ട തറവാട്ടുകാരാണ്. അവിടുത്തെ കുഞ്ഞു തമ്പുരാട്ടിക്കുട്ടി. ദേവകി . ഞങ്ങളുടെ ദേവു. ഇത് അവളെ കാണാനുള്ള വരവാണ്.
കാഴ്ചകൾ കണ്ടു നടന്നു ഞാൻ പടിപ്പുര വീടിൻ്റെ മുന്നിലെത്തി. വലിയ തേക്കുമരത്തിന്റെ കതക്, നല്ല ഉയരമുള്ള പടി. അതുകടന്നുചെന്നാൽ അകത്തു പ്രൗഢഗംഭീരമായ തറവാട് . കതകു തുറന്നുകിടന്നിരുന്നു. പണ്ട് ആ തേക്കുകതക് തുറക്കുമ്പോളുള്ള ഒച്ച കേൾക്കാൻവേണ്ടി മാത്രം ഞങ്ങൾ അത് തുറന്നും അടച്ചും കളിക്കുമായിരുന്നു. ആ വിശാലമായ തറവാട്ടുമുറ്റത്തു കണ്ണുപൊത്തിക്കളിയും, സാറ്റുകളിയും, ഓടിപ്പിടിച്ചുകളിയും കഴിഞ്ഞു മുറ്റത്തെ മൂവാണ്ടൻ മാവിന് കല്ലെറിഞ്ഞു, പഴുത്തുതുടങ്ങാറായ മാങ്ങയുടെ കൂടെ ഉപ്പും മുളകും ചേർത്ത് കടിച്ചുതിന്നുമായിരുന്നു. ഇന്നും ആ ബാല്യകാല സ്മരണകൾക്കൊക്കെ മാമ്പഴത്തിന്റെ മധുരമാണ്.എന്നാൽ ആ മാവ് ഉള്ളയിടത്തു ഇന്ന് ബാക്കി നിൽക്കുന്നത് വെറും ഒരു കുറ്റിയാണ്.
ഓർമ്മകളിലെവിടെയോ അകപ്പെട്ടുപോയ എന്നെ തിരിച്ചു കൊണ്ടുവന്നത് അവിടെ എത്തിയ ആളുകളുടെ സംഭാഷണമാണ്. ബന്ധുക്കളും സുഹൃത്തുക്കളുമായി വീടാകമാനം ആളുകളാണ്. തറവാടിന്റെ വീട്ടുമുറ്റത്തു പന്തലുയർന്നിട്ടുണ്ട്. എല്ലാവരും ദേവൂനെപ്പറ്റി വാചാലരാണ്.
ക്ഷണമില്ലെങ്കിലും ഇന്നെനിക്കു വരാതിരിക്കാനാവില്ലല്ലോ. അവളെ കണ്ടിട്ടെത്ര കാലമായി. എങ്ങനെ ഉണ്ടാവും എന്റെ ദേവു? പഴയതിലും സുന്ദരിയായിക്കാണും. കരിമഷിയെഴുതിയ ഉണ്ട കണ്ണുകളും, തുടുത്ത കവിളും , ഇളം ചുമപ്പ് ചുണ്ടും, നീണ്ട മൂക്കിൽ വെള്ളക്കൽ മൂക്കുത്തിയും, പരന്ന നെറ്റിയിലെ കറുത്ത വട്ടപ്പൊട്ടും, ഇടതൂർന്ന മുടിയും, വടിവൊത്ത മേനിയും അവളെ സുന്ദരിയാക്കിയിരുന്നു. ഇന്ന് അണിഞ്ഞൊരുങ്ങുമ്പോൾ അവൾക്ക് പതിവിലും ഭംഗി കാണും. എന്റെ കണ്ണുകൾ അവളെ പരതി. ബന്ധുക്കളാരോ പറയുന്നത് കേട്ടു ദേവൂനെ കുളിപ്പിച്ചൊരുക്കുകയാണെന്ന്.
ഞാൻ അകത്തേക്കുചെന്നു. ദേവു അവളെത്തന്നെ നോക്കിയിരിപ്പുണ്ട്. കയ്യിലൊരു ഡയറിയുമുണ്ട്. ഒച്ചയുണ്ടാക്കാതെ ചെന്ന് അവളുടെ ചുമരിൽ കൈവെച്ചു. എന്നെ പെട്ടെന്ന് കണ്ടപ്പോൾ ഒന്ന് അമ്പരന്നെങ്കിലും പൊടുന്നനെ അവളെന്നെ വാരിപ്പുണർന്നു. ആരോടും പറയാതെ അവരെയൊക്കെ വിട്ടുപോയതിൽ പരിഭവം പറഞ്ഞു. ഇന്ന് തമ്മിൽ കണ്ടതിന്റെ സന്തോഷവും അവളുടെ കണ്ണുകളിൽ കാണാമായിരുന്നു.
എനിക്കും അവളെ കാണണമെന്നുണ്ടായിരുന്നു.പക്ഷെ സാധിക്കുമായിരുന്നില്ല. ഇന്നാണ് അവസരം ഒത്തുവന്നത്. ഞങ്ങൾ തമ്മിൽ കണ്ടിട്ടൊരുപാട് വർഷങ്ങളായി. സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഉണ്ടായിരുന്ന ഒരു പ്രണയം. അത് മാത്രമാണ് ജീവിതമെന്നു കരുതിയിരുന്ന എനിക്ക് പെട്ടെന്നുണ്ടായ ആ വേർപിരിയൽ സഹിക്കാനായില്ല. പ്രേമനൈരാശ്യം തലയ്ക്കുപിടിച്ച ഏതോ നിമിഷത്തിൽ ജീവിതത്തിൽ നിന്നും ഒളിച്ചോടുവാൻ തീരുമാനിക്കുകയായിരുന്നു. ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്നു ഒരു കത്തിലെഴുതി അവളുടെ അടുത്ത് കൊടുത്തു ഞാൻ പിരിഞ്ഞു പോയപ്പോൾ അവൾ ആ കത്ത് നെഞ്ചിലടക്കിപ്പിടിച്ചു തേങ്ങിക്കരഞ്ഞത് ഇന്നലെ കഴിഞ്ഞപ്പോലെ ഓർക്കുന്നു.
മഴയെ വരവേൽക്കാനായി നിൽക്കുന്ന കാർമേഘവർണ്ണമായ ആകാശം പോലെ ദേവൂന്റെ മുഖത്തും വിഷാദഭാവം നിഴലിച്ചുനിന്നു.ഒറ്റ മകളായ അവൾ പടിയിറങ്ങി പോവുന്നതുകൊണ്ടു അച്ഛനും അമ്മയും ആകെ സങ്കടത്തിലാണെന്നും, അവരെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നു അറിയില്ലെന്നും ദേവു പറഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞു.
സംസാരവിഷയം മാറ്റാനെന്നോണം ഞങ്ങളുടെ കൂടെ പഠിച്ച സുഹൃത്തുക്കളെപ്പറ്റി ഞാൻ തിരക്കി. മിക്കവരും തന്നെ വന്നിട്ടുണ്ടായിരുന്നു. ഞാൻ അവരെയൊന്നും കാണാൻ നിന്നില്ല. നേരെ ദേവൂന്റെ അടുത്തേക്ക് വരികയായിരുന്നു. അവരെയൊക്കെ കാണിച്ചുതരാമെന്നു പറഞ്ഞു എന്റെ കൈയുംപിടിച്ചു അവൾ കൂട്ടികൊണ്ടുപോയി. പണ്ട് ഞങ്ങൾ സ്കൂളിൽ നിന്ന് പോകുമ്പോഴും തിരികെ വീട്ടിലേക്കു മടങ്ങുമ്പോഴും റോഡിൽക്കൂടെ നടക്കുമ്പോൾ ഏതെങ്കിലും വാഹനം അരികിലൂടെ കടന്നുപോയാൽ ദേവു എന്റെ കയ്യിറുക്കിപ്പിടിക്കുമായിരുന്നു. ഞാൻ കൊച്ചുകുട്ടിയൊന്നുമല്ലെന്നും കൈപിടിക്കാതെ തന്നെ നടക്കാനറിയാമെന്നും പറഞ്ഞു അന്നൊക്കെ ഒത്തിരി വഴക്കുകൂട്ടിയിട്ടുണ്ട്. പക്ഷെ തനിച്ചായപ്പോഴാണ് അവളുടെ ആ കയ്യിലെ ചൂടിനുള്ളിലെ സുരക്ഷിതത്വവും, സ്നേഹവും ഞാൻ തിരിച്ചറിഞ്ഞത്. എല്ലാം നഷ്ടപ്പെട്ടപ്പോഴാണ് ഞാൻ എനിക്ക് ചുറ്റിലുമുള്ളവരെ മനസ്സിലാക്കിയത്.
രോഹൻ, മീനാക്ഷി, രേവതി, മനു, അരുൺ, അഞ്ജലി, ദേവി, ശാലിനി, മോഹൻ, ആതിര, പിന്നെ ഞങ്ങടെ സൗമ്യക്കുട്ടിയും. അങ്ങനെ പരിചയമുള്ള എല്ലാരും തന്നെ എത്തിച്ചേർന്നിരുന്നു. അല്ലെങ്കിലും ഇന്നവർക്കു വരാതിരിക്കാനാവുമോ ? പണ്ടത്തെ ആ നിഷ്കളങ്കമായ സ്കൂൾകുട്ടികളിൽ നിന്നൊക്കെ മാറി എല്ലാവരും വലിയ ആളുകളായിപ്പോയി. പലരും ഇന്ന് ഉദ്യോഗസ്ഥരാണ്. ചിലരുടെയൊക്കെ കല്യാണവും കഴിഞ്ഞു. എല്ലാവരെയും കണ്ടതിൽ എനിക്കും ഒരുപാട് സന്തോഷം തോന്നി.
പക്ഷെ കൂട്ടത്തിൽ ഒരാളെ മാത്രം കണ്ടില്ല. ദേവൂന്റെ വരുൺ. ഞാൻ സംശയഭാവത്തിൽ അവളെ നോക്കി. “വരുൺ ? അവനെ അറിയിക്കാഞ്ഞതാണോ? എന്തായാലും പറഞ്ഞു അറിഞ്ഞുകാണില്ലേ ? ” ദേവൂന്റെ മുഖം പെട്ടെന്ന് മ്ലാനമായി. പിടിച്ചുവെച്ച കണ്ണുനീർത്തുള്ളികൾ തിടുക്കത്തിൽ പുറത്തേക്കൊഴുകി. ഞാൻ എന്ത് പറയണമെന്നറിയാതെ നിന്നു. ചോദിക്കേണ്ടിയിരുന്നില്ലെന്നു തോന്നി.
ദേവു ഇടറിയ സ്വരത്തിൽ പറഞ്ഞുതുടങ്ങി. ” അവനെന്നെ ഈ വേഷത്തിൽ കാണാനാവുമോ ? സഹിക്കാൻ പറ്റുവോ അവന് ? ഒന്നിച്ചൊരുപാട് സ്വപ്‌നങ്ങൾ നെയ്തുകൂട്ടിയതല്ലേ ഞങ്ങൾ. ലൈലയെയും മജ്‌നുവിനെയും പോലെ ഭ്രാന്തമായി സ്നേഹിക്കുവാനും, ഇടയ്ക്ക് ടോമിനെയും ജെറിയെയും പോലെ വഴക്കിടുവാനും, ഒടുവിൽ റോമിയോയെയും ജൂലിയറ്റിനേയും പോലെ മരണത്തിൽ പോലും ഒന്നായിത്തീരുവാനും കൊതിച്ചിട്ടുണ്ട്.
പണ്ട് ഞങ്ങളുടെ സ്വകാര്യനിമിഷങ്ങളിൽ എപ്പോഴോ ഒരു കളിയെന്നപോലെ ഞാൻ ഇങ്ങനെയൊരു ദിവസത്തെപ്പറ്റി ചോദിച്ചപ്പോൾ എന്റെ തലയിൽ കിഴുക്കിയിട്ട് അവൻ പറഞ്ഞത് അന്നവൻ എന്റെ വീട്ടിൽ വന്നു സന്തോഷത്തോടെ ഡാൻസ് കളിക്കുമെന്നാണ്. അന്ന് അതിന്റെ പേരിൽ കുറച്ചുനാൾ പിണങ്ങി നടന്നിട്ടുണ്ട് അവനോട് ” ചിരിച്ചുകൊണ്ടാണ് അവളതു പറഞ്ഞതെങ്കിലും അവളുടെ ചങ്കു പിടയുന്നത് ഞാനറിയുന്നുണ്ടായിരുന്നു . ഇങ്ങനെയൊരു ദിനം നേരിടേണ്ടിവരുമെന്ന് അവർ ഒരിക്കലും ഓർത്തുകാണില്ല.
ദേവു തുടർന്നു ” നീ ഈ ഡയറി കണ്ടോ? ഇതിൽ നിറയെ ഓർമ്മകളാണ്. അവനെ കുറിച്ച് മാത്രമല്ല നിന്നെക്കുറിച്ചും എന്റെ ചുറ്റിലുമുള്ള പലരെക്കുറിച്ചും ഇതിൽ ഞാൻ കുറിച്ചുവെച്ചിട്ടുണ്ട്. കുഞ്ഞു കവിതകളായിട്ട്. ഇതിന്റെ ഇതളുകളിലൂടെ കണ്ണോടിക്കുമ്പോൾ പല ഓർമ്മകൾക്കുമൊപ്പം ഒരു വട്ടം കൂടെ സഞ്ചരിച്ച പ്രതീതിയാണ്. നിന്നെ കുറിച്ചെഴുതിയതെന്താണെന്നു കാണിക്കട്ടെ?” അവൾ പേജുകൾ മറിച്ചു. അപ്പോഴേക്കും പുറത്തു ചടങ്ങുകൾ തുടങ്ങാറായെന്ന് ബന്ധുക്കളിലാരോ വിളിച്ചു പറഞ്ഞു. അവൾ പെട്ടെന്ന് കണ്ണുകൾ തുടച്ചു. എന്നെയും കൊണ്ട് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.
അവിടെ ബന്ധുക്കളും സുഹൃത്തുക്കളുമായി എല്ലാവരും തന്നെ നിൽപ്പുണ്ട്. എങ്കിലും അവളുടെ കണ്ണുകൾ അവനു വേണ്ടി തിരഞ്ഞു . പെട്ടെന്ന് അകത്തേക്ക് ഒരാൾ കൂടെ കയറി വന്നു. ഒരു നിമിഷത്തേക്ക് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു. “വരുൺ”. ദേവൂൻറെ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു. പക്ഷെ അവന്റെ കണ്ണുകളിൽ നനവ് പടർന്നിരുന്നു. അവളെ കണ്ണിമചിമ്മാതെ ഒന്ന് നോക്കിയതിനുശേഷം അവൻ വീടിന്റെ പിൻഭാഗത്തേക്കു നടന്നു. പിറകെത്തന്നെ അവളും ചെന്നു. ഒപ്പം ഞാനും. അവൻ വീടിനു പിൻവശത്തായുള്ള ചായ്പ്പിനരികിൽ ആരുടെയും കണ്ണിൽപ്പെടാതെ മാറിനിൽപ്പുണ്ടായിരുന്നു. ദേവു അവന്റെ അരികിൽ ചെന്നു. അവൻ മുഖം പൊത്തി പൊട്ടിക്കരയുകയായിരുന്നു. അവന്റെ തേങ്ങൽ അവളുടെ ഹൃദയത്തെ കീറിമുറിക്കുന്നുണ്ടായിരുന്നു അവൾ പതിഞ്ഞ സ്വരത്തിൽ അവനോട് സംസാരിച്ചു ” അയ്യേ. ഇതെന്താ കൊച്ചു കുട്ടികളെ പോലെ കരയുകയാണോ? നീയല്ലേ പറഞ്ഞത് സന്തോഷിക്കും ഡാൻസ് കളിക്കും എന്നൊക്കെ. എന്നിട്ടിങ്ങനെ ഇരുന്നു കരഞ്ഞാലെങ്ങനെയാ ? ദേ നോക്ക് , അപ്പുറത്തു നമ്മുടെ കൂട്ടുകാരൊക്കെ വന്നിട്ടുണ്ട്. അവരുടെ ഒപ്പമൊക്കെ ചെന്ന് നിന്നേ. ഇങ്ങനെ മാറി നിന്നാലോ? നീ വേണ്ടേ ഇവിടുത്തെ കാര്യമൊക്കെ നോക്കി നടത്താൻ ?” ദേവു പറഞ്ഞുകൊണ്ടേയിരുന്നു.
ഞാൻ ദേവൂന്റെ അടുത്തേക്ക് ചെന്നു. അവളുടെ തോളിൽ കൈവെച്ചു. അവൾ തിരിഞ്ഞുനോക്കി. ” ഇത് നോക്കിയേ. അവൻ ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ല. ഒന്നും വേണ്ട. എന്നെയൊന്നു നോക്കാനെങ്കിലും പറ. ഞാനൊന്നവനെ കൺ നിറയെ കണ്ടോട്ടെ. നീ പറ. നീ പറഞ്ഞാൽ അവൻ കേൾക്കും.” അവനെ കാണാൻ പറ്റിയതിന്റെ ഉത്സാഹത്തിലും, അവനെ പിരിയുന്നതിൻ്റെ വേദനയിലും വാക്കുകൾ മുറിഞ്ഞുപോയെങ്കിലും ദേവു പറഞ്ഞൊപ്പിച്ചു.
ഞാൻ അവളോട് പതിയെ പറഞ്ഞു. ” ഇല്ല ഇനി നീ പറഞ്ഞാലും ഞാൻ പറഞ്ഞാലും അവൻ കേൾക്കില്ല. കാരണം നമ്മൾ വെറും ആത്മാക്കളാണ്. ശരീരവും ശാരീരവും നഷ്ടപ്പെട്ട വെറും രണ്ടു ആത്മാക്കൾ. മനുഷ്യർക്ക് നമ്മളെ കാണാനാവില്ല. നമ്മൾ പറയുന്നതൊന്നും കേൾക്കാനുമാവില്ല.” ഒരു പൊട്ടിക്കരച്ചിലോടെ അവളെന്റെ മാറിലേക്ക് വീണു. അവളെയെങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഞാനും പകച്ചു നിന്നു.
അന്ന് ഒരു തുണ്ടു കയറിൽ എല്ലാം അവസാനിപ്പിച്ചപ്പോൾ എന്റെ ഉറ്റവരൊക്കെ കണ്ണീരിലലിഞ്ഞ യാത്രയയപ്പു നൽകിയത് മനസ്സിലേക്കോടിവന്നു. ഞാൻ ധരിച്ചുവെച്ചിരുന്നതെല്ലാം തെറ്റായിരുന്നുവെന്നും എന്നെ സ്നേഹിക്കുവാനും എനിക്ക് വേണ്ടി കണ്ണീരൊഴുക്കുവാനും ഒരുപാടു പേരുണ്ടെന്നും തിരിച്ചറിഞ്ഞ നിമിഷം. ഒരേയൊരു തവണ കൂടി അവരെ അകമറിഞ്ഞു സ്നേഹിച്ചും അവരുടെ സ്നേഹം ആവോളം നുകർന്നും സന്തോഷത്തോടെ കഴിയണമെന്ന് പ്രത്യാശിച്ച നേരം. പക്ഷെ ജീവിതത്തിൽ റീടേക്കുകളില്ലെന്നും ചെയ്തുപോയതൊന്നും തിരിച്ചെടുക്കാനാവില്ലെന്നും വേദനയോടെ തിരിച്ചറിഞ്ഞു തരിച്ചു നിന്ന നിമിഷം.
കരഞ്ഞു തളർന്നു കിടക്കുന്ന അമ്മയെ വാരിപ്പുണർന്നു ഉമ്മ കൊടുക്കണമെന്നും, ഇനിയൊരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ലെന്നും പറയണമെന്നാശിച്ച നിമിഷം. എപ്പോഴും വാചാലനായി കണ്ടിരുന്ന അച്ഛൻ മൗനം പാലിച്ചു ഉമ്മറത്തെ ചാരുകസേരയിൽ ഒന്ന് കരയുക പോലും ചെയ്യാതെ ഇരിക്കുന്നത് കണ്ടപ്പോൾ, ആ മടിയിലിരുന്ന് അച്ഛന്റെ കണ്ണട കയ്യിലെടുത്തു ആ മുഖത്തെ ശുണ്‌ഠി ഒന്നുകൂടെ കാണണമെന്നും, വീണ്ടും തമാശകൾ പറഞ്ഞു ഒന്നൊരുമിച്ചു പൊട്ടിച്ചിരിക്കണമെന്നും ആഗ്രഹിച്ച നിമിഷം. അനിയത്തിക്കുട്ടിക്ക് ഞാൻ പുതുതായി വാങ്ങിയ ചുരിദാർ കൊടുത്തിട്ടു, അവൾ അതുമിട്ട് അണിഞ്ഞൊരുങ്ങി കണ്ണാടിക്കു മുന്നിൽ വന്നു നിൽക്കുമ്പോൾ അവളെ ചേർത്തുനിർത്തി, ഒരിക്കലെങ്കിലും വഴക്കിടാതെ അവൾ ചേച്ചിയുടെ സുന്ദരിക്കുട്ടിയാണെന്നു പറയണമെന്നും മനസ്സ് വെമ്പിയ നിമിഷം. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എന്നെ യാത്രയയച്ച സുഹൃത്തുക്കൾക്കൊപ്പം ഒരു തവണ കൂടി ചിരിച്ചുല്ലസിച്ചു നടക്കണമെന്നു കൊതിച്ച നിമിഷം. അന്ന് ഞാൻ കണ്ട ഓരോ ദൃശ്യങ്ങളും വീണ്ടും എൻ്റെ മുന്നിലൂടെ മിന്നിമാഞ്ഞു.
അവളുടെ വേദന എനിക്കല്ലാതെ മറ്റാർക്കാണ് ഇതിലും നന്നായി മനസ്സിലാവുക? എനിക്ക് സംഭവിച്ചത് ഞാൻ തന്നെ തിരഞ്ഞെടുത്ത വിധിയായിരുന്നുവെങ്കിൽ അവളുടെ ജീവിതത്തിൽ കാർഡിയാക് അറസ്റ്റ് ആണ് വില്ലന്റെ രൂപത്തിലെത്തിയത്. ഈ ചെറിയ പ്രായത്തിൽ അതെങ്ങനെ സംഭവിച്ചുവെന്നുള്ളതിനു ആർക്കും ഉത്തരമില്ല. പാതിരാമയക്കത്തിന്റെ ഏതോ യാമത്തിൽ അവളുടെ ആത്മാവ് ശരീരത്തിൽ നിന്നും വേർപെട്ടു കഴിഞ്ഞിരുന്നു.
ആരും തന്നെ ആ ഞെട്ടലിൽ നിന്നും മാറിയിട്ടില്ല. ദേവു പോയെന്നു ഇപ്പഴും ചിലർക്കൊക്കെ വിശ്വസിക്കാൻ പറ്റിയിട്ടില്ല. അതെപ്പോഴും അങ്ങനെയാണല്ലോ. മരണം വരുന്നത് മുന്നറിയിപ്പ് തന്നിട്ടല്ലല്ലോ. മരണം രംഗബോധമില്ലാത്ത കോമാളിയാണെന്നു പറയുന്നത് എത്രമാത്രം ശരിയാണ്. എങ്കിലും മരണത്തിന്റെ വ്യവസ്ഥയില്ലായ്മയാണ്, അതിന്റെ യാദൃശ്ചികതയാണ് ജീവിതത്തെ മനോഹരമാക്കുന്നത്. എന്നെങ്കിലും ഒരിക്കൽ അവസാനിക്കും എന്നുള്ളതുകൊണ്ടാണല്ലോ ഈ ജീവിതം ഇത്രമാത്രം വിലപ്പെട്ടതാകുന്നത്.
“ബോഡി എടുക്കാറായി. നീ ഇവിടെ എന്ത് ചെയ്യുവാ ? ” അത് സൗമ്യയുടെ ശബ്ദമായിരുന്നു. ഞങ്ങളുടെ മൂവർ സംഘത്തിലെ മൂന്നാമത്തെയാൾ. ഞാൻ പോയപ്പോൾ സൗമ്യയെ സമാധാനിപ്പിക്കാൻ ദേവു ഉണ്ടായിരുന്നു. ഇനിയിപ്പോൾ അവളെ തനിച്ചാക്കി ഞങ്ങൾ രണ്ടുപേരും പോവുകയാണ്. കരഞ്ഞു കരഞ്ഞു അവളുടെ കണ്ണുകൾ ചുവന്നിരുന്നു. അവളെ മുമ്പൊരിക്കലും ഇങ്ങനെ കണ്ടിട്ടേയില്ലെന്നു ഞാനോർത്തു.
വരുൺ പതിയെ മുഖമുയർത്തി. ” എന്നും എന്റെ ജീവന്റെ നല്ല പാതിയായി ഉണ്ടാകുമെന്നു വാക്കു തന്നിട്ടുണ്ടായിരുന്നു എന്റെ ദേവു . എന്നിട്ടിപ്പോ എന്നെ ഒറ്റയ്ക്കാക്കിയിട്ട് തനിയെ പോയി കളഞ്ഞില്ലേ? എനിക്ക് തന്ന വാക്കു തെറ്റിച്ചില്ലേ. ഞാനിനി എന്ത് ചെയ്യും? ” വീണ്ടും എന്തൊക്കെയോ പറയാൻ വരുൺ ശ്രമിച്ചുവെങ്കിലും വാക്കുകൾ വിങ്ങലിനിടയിൽ കുരുങ്ങി പുറത്തേക്കു വന്നില്ല.ഒന്ന് ശാന്തനായതിനു ശേഷം അവൻ തുടർന്നു. ” എനിക്കാവില്ല സൗമ്യേ എന്റെ ദേവൂന്റെ ശരീരം കത്തിയെരിയുന്നത് കാണാൻ. അവൾക്ക് ഒരു ചെറിയ പനി വന്നാൽ പോലും താങ്ങാൻ പറ്റാത്തതായിരുന്നു. എന്നിട്ടു അവസാനം എന്റെ ദേവു. അവൾക്കു ഒരുപാട് വേദനിച്ചു കാണും. അല്ലേ സൗമ്യേ? ……. അവൻ മുഴുമിപ്പിച്ചില്ല.
ദേവു അവനെ നിസ്സഹായയായി നോക്കിനിൽപ്പുണ്ടായിരുന്നു. അവളുടെ ഇടനെഞ്ചു നീറിപ്പുകയുന്നത് ഞാൻ അറിഞ്ഞു. അവനെയൊന്നു കെട്ടിപ്പിടിച്ചു കരയണം എന്ന് അവളുടെ മനസ്സ് പറയുന്നതെനിക്ക് കേൾക്കാമായിരുന്നു. ഞാൻ അവളെയും കൊണ്ട് വീട്ടുമുറ്റത്തേക്ക് നടന്നു.
അവൾക്ക് അന്ത്യയാത്ര നൽകാൻ എല്ലാവരും അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. കരഞ്ഞു തളർന്ന മുഖങ്ങളും, സ്നേഹിച്ചു കൊതി തീരുന്നതിനു മുന്നേ അവളുടെ ചിതയ്ക്ക് തീകൊളുത്താൻ വിധിക്കപ്പെട്ട മാതാപിതാക്കളും, അവൾ പോയതുൾക്കൊള്ളാനാവാതെ തരിച്ചു നിൽക്കുന്ന ഹൃദയങ്ങളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അവളുടെ വേദന എന്റേതുമായി.
ഒരു മനുഷ്യായുസ്സു മുഴുവൻ അവൾക്കു കൂട്ടായിരുന്ന, അവളെ തേനൂറും മാമ്പഴങ്ങൾ ഊട്ടിയ, ഒരു ആയുസ്സിന്റെ ഓണക്കാലം മുഴുവൻ അവളെ ഊഞ്ഞാലാട്ടിയ, അവൾക്കു പ്രിയപ്പെട്ട മൂവാണ്ടന്റെ ശിഖരങ്ങളിൽ അവളങ്ങനെ നീണ്ടുനിവർന്നു കിടന്നു. ആ ശരീരം ചിതയിൽ അമർന്നെരിയവേ ഞാൻ അവളെയും കൂട്ടി ഞങ്ങളുടെ ലോകത്തേക്ക് നടന്നു.
ഭൂമിയിലൊരായിരം സ്വപ്നങ്ങളും ബന്ധങ്ങളും ബാക്കിവെച്ചു ഇന്ന് അവൾ എനിക്കൊപ്പം വരികയാണ്. പണ്ട് അവൾ പിടിച്ചിരുന്നതുപോലെ ഇന്ന് ഞാൻ അവളുടെ കൈകൾ മുറുകെ പിടിച്ചിട്ടുണ്ട്. അവൾക്കൊരു വഴികാട്ടിയായി ഞാൻ കൂടെ നടന്നു, കാലത്തിന്റെ യവനികയിലേക്കു അലിഞ്ഞുചേരാൻ.
അവൾ തുറന്നുവെച്ച ഡയറിയിലെ പേജിൽ ഇങ്ങനെ കുറിച്ചിരുന്നു “നീ നടന്നകന്ന വഴിയിലൂടെ ഒരുനാൾ ഞാനും സഞ്ചരിക്കും. ഒടുവിൽ ആ പാത അവസാനിക്കുന്നയിടത്തു നാം കണ്ടുമുട്ടും. ഇവിടെ നമ്മളൊരുമിച്ചു നട്ട ചെടിയിലെ സൗഹൃദത്തിൻ പുഷ്പ്പങ്ങൾ പറിക്കുവാനായി അവിടെ നിനക്ക് കൂട്ടായ് ഞാനും വരാം. അടുത്തുള്ളതിനേക്കാൾ ദൃഢമായി സൗഹൃദത്തിൻ വേരുകൾ ആഴ്ന്നിറങ്ങുന്നത് അകന്നു പോകുമ്പോഴാണെന്ന് മരണത്തിനറിയില്ലല്ലോ.”
———————————————————————————————————————————————————————————————————————————————————————————————————————————————————————————————————
ചെറിയ കാര്യങ്ങളുടെ പേരിൽ ജീവിതം അവസാനിപ്പിക്കാൻ തോന്നുമ്പോൾ ഒന്ന് മാത്രം ഓർക്കുക. ജീവിതത്തിൽ ഒരിക്കലും റീടേക്കുകകൾക്ക് സ്ഥാനമില്ല. ആഗ്രഹിച്ചാലും നഷ്ടപ്പെട്ട ജീവൻ ഒരിക്കലും തിരിച്ചു കിട്ടുകയുമില്ല.
ഇതൊരു സാങ്കല്പികമായ സൃഷ്ടിയാണെങ്കിലും മരണത്തിനു ശേഷം ഒന്ന് തിരിച്ചു വരാൻ പറ്റുമായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആത്മാക്കൾ നമുക്കിടയിലും ഉണ്ടാകാം.
അകാലത്തിൽ പൊലിഞ്ഞു പോയ എന്റെ രണ്ടു സുഹൃത്തുക്കളുടെ ഓർമ്മയ്ക്ക് മുന്നിൽ ഞാൻ ഈ രചന സമർപ്പിക്കുന്നു. അവരുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെയെന്ന പ്രാത്ഥനയോടെ എന്റെ വാക്കുകൾ ചുരുക്കുന്നു.
———————————————————xxxxxxxxx ————————————————-
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission