Skip to content

ദി ഓപ്പറേറ്റർ | THE OPERATOR – Full Parts

THE OPERATOR Story by HIBON CHACKO

THE OPERATOR

STORY BY HIBON CHACKO

സമയം രാത്രി 11 മണി
ആലോചനയിലാണ്ടിരിക്കുകയാണ് താനെന്ന ബോധം അവൾക്ക് വന്നനിമിഷം, അതിന്റെ ബാക്കിപത്രമായി വളരെ പതിയെ തലമുടിയിഴകളിലെ ഈർപ്പം തോർത്തി കളഞ്ഞുകൊണ്ടിരിക്കുകയാണ് താനെന്നത്, കണ്ണുകളുടെയും മുന്നിലെ മിററിന്റെയും സഹായത്താൽ അവൾ മനസ്സിലാക്കി. അടുത്തനിമിഷം അവൾ തന്റെ പ്രഫഷന് ചേർന്നവിധം മുടിയാകെ കെട്ടിവെച്ച് താൻ ധരിച്ചിരിക്കുന്ന ഒ.ടി. ഗൗൺ ആകെയൊന്ന് നോക്കി -കുളിച്ചുവന്നയുടൻ അണിഞ്ഞതായതിനാൽ അവളാകെ അവയോടൊപ്പം വിയർത്തുതുടങ്ങിയിരുന്നു. ഒരുനിമിഷംകൊണ്ട്, ശ്വാസമൊന്ന് വലിച്ചു നിശ്വസിച്ച് അവൾ ഉറച്ചുനിന്നു. ശേഷം തിരിഞ്ഞതോടെ തന്റെ വർക്ക്മേറ്റ് ആയ ഡോക്ടർ ആരാധന കൃഷ്ണൻ പുതച്ചുമൂടിക്കിടന്നുറങ്ങുന്നത് കണ്ടതോടെ അവിടേക്ക് നീങ്ങി ബെഡ്‌ഡിൽ അലക്ഷ്യമായി കിടന്നുപോന്നിരുന്ന ആരാധനയുടെ മൈബൈൽ അവൾ കൈയിലെടുത്തു. സ്ക്രീൻ ഓൺ ആക്കിയപ്പോൾ വളരെ നേരമായി ഏതോ ഒരു ‘അനുപേഷ്’ ന്റെ തുടർച്ചയായ മെസ്സേജുകൾ മറുപടി ലഭിക്കാതെ വിഷമിച്ചുകിടക്കുന്നത് അവൾ കണ്ടു. സ്ക്രീൻ ബാക്ക് ആക്കി ഓഫ് ചെയ്യുന്നതിനിടയിൽ ആരാധനയെ അവളൊന്നുകൂടി നോക്കിയശേഷം തലയുടെ വശത്ത് ഭദ്രമായി മൊബൈൽ വെച്ചു.
അത്യാവശ്യം എല്ലാ സൗകര്യങ്ങളും നിറഞ്ഞ തങ്ങളുടെ റൂം പുറത്തുനിന്നും മെല്ലെ ലോക്ക്ചെയ്ത് നഗ്നമായ പാദങ്ങളുടെ സഹായത്തോടെ, അവൾ ഇടംവലം തന്റെ കണ്ണുകൾ പായിച്ച് ഇരുട്ടിലൂടെ നടന്നു. ഈ അപ്പാർട്മെന്റിൽ സ്റ്റേ ചെയ്യുന്ന ഡോക്ടർമാരുടെ ഡ്യൂട്ടി നേരത്തേ കഴിഞ്ഞിരുന്നതിനാൽ ആകെ ഇരുട്ടിലാണ്ടു കിടന്നിരുന്നു. രണ്ടാംനിലയിൽനിന്നും സ്റ്റെപ്പുകൾ മന്ദം-മന്ദം താഴേക്കിറങ്ങുന്നതിനിടയിൽ വലത്തുപോക്കറ്റിൽ ഫോൺ ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷം അവൾ ഇടതുപോക്കറ്റില്നിന്നും രണ്ടുമൂന്നു വലിയ കറൻസിനോട്ടുകൾ കയ്യിൽ ചുരുട്ടിയെടുത്തുപിടിച്ചു. സ്റ്റെപ്പുകൾ ഇറങ്ങി താഴെ എത്തിയപ്പോഴേക്കും സെക്യൂരിറ്റി, ചെയറിൽ ആടിയിരിക്കുന്നത് നേരിയ നിലാവെളിച്ചത്തിൽ കാണാമെന്നായി. അല്പം മുൻപെപ്പോഴോ കത്തിയെരിഞ്ഞുതീർന്ന സിഗരറ്റിന്റെ ഗന്ധം അവിടമാകെ പാറിനടക്കുന്നുണ്ടായിരുന്നു. കൈയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്ന കറൻസികൾ അവൾ അയാൾക്കുനേരെ നീട്ടിയപ്പോൾ, കൈവിരലുകൾ ടേബിളിലെന്നവണ്ണം ഇരിക്കുന്ന മദ്യക്കുപ്പിയിൽ തട്ടി. പതിവുപോലെയെന്നപോലെ ആ ശബ്ദവും ചുരുണ്ടുകിടക്കുന്ന കറൻസികളും, മദ്യലഹരിയിലും അയാളെ പുളകംകൊള്ളിച്ചു.
അയാൾ വെപ്രാളംകാണിച്ച് ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചതോടെ, ചുരുട്ടിയ കറൻസികൾ അവൾ ടേബിളിലേക്കിട്ട് മുന്നിലെ വിശാലമായ മൈതാനത്തിലേക്കിറങ്ങി നടന്നു. നേരിയ നിലാവെളിച്ചത്തിനൊപ്പം അവിടമാകെ നനുത്ത തണുപ്പ് വിഹരിച്ചുതുടങ്ങിയിരുന്നു. എന്നിരിക്കിലും, തോറ്റുകൊടുക്കുവാൻ തയ്യാറല്ലെന്നമട്ടിൽ അവളുടെ ശരീരം പതുക്കെ നനഞ്ഞുകൊണ്ടിരുന്നു, വേഗത്തിൽ നടക്കുന്നതിനൊപ്പം.
മൈതാനത്തിന്റെ കവാടവാതിൽ പൂട്ടിയിരിക്കുകയാണ്. അതിന് വലതുവശത്തായിമാറി ചെറിയൊരു അഴുക്കുചാലുണ്ട്. കുറച്ചുദിവസങ്ങളിലായി മഴപെയ്യാത്തതിനാൽ അവിടമാകെ വറ്റിവരണ്ടുണങ്ങി കിടക്കുകയായിരുന്നു. അവൾ ഒരുവിധം, ഒരാൾക്കുമാത്രം കഷ്ടിച്ച് സഞ്ചരിക്കാവുന്ന ആ ചാലിലേക്ക് ഇറങ്ങിനടന്നു. ചുറ്റും ഉയർന്നുനിൽക്കുന്ന ഇരുഭിത്തികളിലും ശരീരം ഉരയ്ക്കപ്പെട്ടുംമറ്റും അവൾ വേഗത്തിൽത്തന്നെ നീങ്ങിക്കൊണ്ടിരുന്നു. അതിന്റെ അവസാനം കുറുകെയൊരു ചെറിയ റോഡും അവൾക്കുമുന്നിലായി ചെറിയൊരു ഗേറ്റുമായിരുന്നു. അല്പം ബുദ്ധിമുട്ടി അവളാ ഗേറ്റ് വലിഞ്ഞുകയറി റോഡിലിറങ്ങിയശേഷം ഇരുവശങ്ങളിലേക്കും കണ്ണുകൾ ഓടിച്ചു. നിലാവെളിച്ചത്തെ അപ്പാടെ കാർമേഘങ്ങൾ മൂടിത്തുടങ്ങിയിരുന്നു. പരന്നുകിടക്കുന്ന ഇരുട്ടിനൊപ്പം വിജനമായിരുന്നു ആ പ്രദേശമാകെ.
റോഡിന്റെ അരികുപറ്റി അവൾ, വന്നവഴിയിൽനിന്നും വലത്തേക്ക് നടന്നു. വേഗത്തിലുള്ള നടത്തത്തിനിടയിൽ അവളുടെ പോക്കറ്റില്നിന്നും, സൈലന്റിലായിരുന്ന ഫോണിന്റെ സ്ക്രീൻ ഇടയ്ക്കിടെ മിന്നിത്തെളിഞ്ഞുകൊണ്ടിരുന്നു. അധികസമയം തികയുന്നതിനുമുന്പേ സാമാന്യം വലുപ്പംചെന്നൊരു ഗേറ്റിനുമുന്നിൽ അവൾ എത്തി. ഗേറ്റിനു ഇരുവശത്തേക്കും വലിയ ചുറ്റുമതിൽ നീണ്ടുകിടക്കുന്നു. ഗേറ്റിനു മുന്നിലൂടെ ഇടത്തേക്ക് നീണ്ടുപോയിരുന്ന, അവൾ വന്ന ചെറിയ റോഡിൽ ആ വളവിനു ഇടതുഭാഗംമുതൽ മുന്നോട്ടു മരങ്ങൾ തിങ്ങിനിൽക്കുന്നൊരു സ്ഥലമായിരുന്നു.
റോഡിനും മരങ്ങൾക്കുമിടയിൽ ആരുടേയും ശ്രദ്ധ പെട്ടെന്ന് ലഭിക്കാത്തവിധത്തിൽ ഒരു കറുത്ത ‘താർ’ കിടന്നിരുന്നു. നിമിത്തമെന്നപോലെ അത് ശ്രദ്ദിക്കാതെ അവൾ വലത്തേക്ക്, വലിയ മതിലിനോടുചേർന്നു വേഗം നടന്നു. കുറച്ചു മുൻപോട്ടു ചെന്നപ്പോഴേക്കും മതിലിനൊരു ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന ഭാഗം കാണാമെന്നായി. അവൾ മെല്ലെ അതുവഴി അകത്തേക്ക് പ്രവേശിച്ചു. ചുറ്റും കണ്ണുകളോടിച്ചു മുന്നിൽക്കാണുന്ന പാർക്കിങ് ബേസ്‌മെന്റിലേക്ക് അവൾ വേഗം നടന്ന് അതിന്റെ മധ്യഭാഗത്തെത്തി. ചുറ്റും ആകെ ഇരുട്ടാണ്, എന്തൊക്കെയോ കൂടിച്ചേർന്നെന്നപോലെ മുന്നോട്ടുപോകുവാനുള്ള വെളിച്ചമായി അവളെ നയിച്ചുവരികയായിരുന്നു.
സംശയംതോന്നിയകണക്കെ ഒരുവേള അവിടെ നിന്നുപോയ അവൾ ചുറ്റും നോക്കിക്കൊണ്ട് തന്റെ ഫോൺ കൈയ്യിലെടുത്തു. ശേഷം, കഴിഞ്ഞ ദിവസം പകൽ ഒരുസമയം ഇതുവഴി വന്നും-പോയും വഴി മനസ്സിലാക്കിയതിന്റെ തെളിവായി സൂക്ഷിച്ചിരുന്ന ഗൂഗിൾമാപ് സ്ക്രീന്ഷോട്ട് എടുത്ത് അവൾ നോക്കി. മുന്നോട്ടുള്ള വഴി അതിൽനിന്നും ഉറപ്പിച്ചപ്പോഴേക്കും അവൾ തനിക്കു പിന്നിൽനിന്നും ബൂട്ടിന്റെ ശബ്ദം കേട്ടു, അത് അവളിലേക്ക് അടുത്തുവരുന്നതായി. ഇരുട്ടെങ്കിലും, ഇത്രയുംനേരം നിശബ്ദത നൽകിയ ധൈര്യം അവൾക്കൊരു ഞെട്ടൽ സമ്മാനിച്ചു ഓടിയൊളിച്ചപ്പോൾ, അടുത്തനിമിഷം അവൾ തിരിഞ്ഞുനോക്കി. അപ്പോഴേക്കും ശരവേഗത്തിൽ ആ ബൂട്ടുകളുടെ ഉടമ അവളുടെ മുന്നിലെത്തിയിരുന്നു. ഇരുട്ടിൽ ആ വ്യക്തിയുടെ അവ്യക്തമായ മുഖം അവളുടെ തലച്ചോറിലേക്ക് എത്തിയതും അയാളുടെ വലതുകരം അവളുടെ കരണത്ത് ആഞ്ഞുപതിച്ചു. ആ നിമിഷംതന്നെ ഫോൺ നിലത്തുവീഴ്ത്തി ബോധരഹിതയായി അവൾ വീണു. ഫോൺ എടുത്ത് തന്റെ കറുത്ത ജാക്കറ്റിലേക്കിട്ട്, ലാഘവത്തോടെ അവളെ സ്വന്തം തോളിലെടുത്തിട്ടശേഷം ഇരുട്ടിനെ ഭേദിച്ചു വന്നവഴി തിരികെ നടന്നുതുടങ്ങി അയാൾ. ബൂട്ടിന്റെ ശബ്ദം ബേസ്മെന്റിലാകെ ഭീതിപരത്തുംവിധം ഉയർന്നു നിന്നു.

സമയം പകൽ 11 മണി
അരാമി മെല്ലെ തന്റെ കണ്ണുകൾ തുറന്നു. അപ്പോഴേക്കും ഡ്യൂട്ടിക്ക് പോകുവാൻ റെഡി ആയി ആരാധന, ഒരു ചെയറിൽ ഇരുന്ന് തന്റെ സുഹത്ത്-കം-റൂം മേറ്റിനെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. തലയ്ക്കും മുഖത്തിനുമാകെ ഒരു പിരുപിരിപ്പ് അനുഭവപ്പെടുന്നത് തിരിച്ചറിഞ്ഞ അരാമിയോടായി ആരാധന സമ്മർദ്ദംകലർന്ന ആകാംഷയോടെ ചോദിച്ചു;
“ഇതെന്താ… നിന്റെ മുഖം ഇരിക്കുന്നത് കണ്ടോ!?
എന്താ…
എന്താ ഞാൻ ചോദിക്കുക, പറയുക…”
ഇവിടെവെച്ചു, തന്റെ ബെഡ്‌ഡിൽ കിടക്കെത്തന്നെ അരാമി ചോദിച്ചു;
“ഞാനെങ്ങനെയാ ഇവിടെ തിരിച്ചെത്തിയത്!?
എന്താ സംഭവിച്ചത്!?”
മുഖമൊന്നു ഉള്ളിലേക്ക്‌വലിച്ച് ആരാധന ഉടനെ ചോദിച്ചു;
“അതിന് നീ എവിടെക്കാ പോയത്…
എനിക്കറിയാമോ നീ എവിടേക്കാ പോയതെന്ന്,,
മുഖത്ത് നല്ലൊരെണ്ണം കിട്ടിയതിന്റെ എല്ലാ ലക്ഷണവും ഉണ്ട്!”
ഒന്ന് നിർത്തിയശേഷം, അല്പം ഭാവമാറ്റംവരുത്തി അവൾ താഴ്മയോടെ ചോദിച്ചു;
“എന്താടീ പറ്റിയത്… പറ”
മുഖത്തേറ്റ പ്രഹരത്തിന്റെ തളർച്ചപേറിയെന്നപോലെ അരാമി ചോദിച്ചു;
“ഞാനെങ്ങനെ ഇവിടെത്തിയെന്ന് ഒന്ന് പറ..”
ആരാധന താനിരിക്കുന്ന ചെയറോടെ, അരാമിയിലേക്ക് അല്പംകൂടി അടുത്തിരുന്നശേഷം മെല്ലെ പറഞ്ഞു;
“എനിക്കും ഒന്നും പിടികിട്ടുന്നില്ല, നീയിപ്പോളിവിടെ ഉണ്ടെന്നുള്ളതുകൊണ്ട്
എന്റെ സമനില ശരിയാണെന്ന് ഞാനുറപ്പിക്കുന്നു.
ഇന്നലെ രാത്രി ഞാൻ നല്ല ഉറക്കത്തിലായിരുന്നു,
ഡോറിൽ സാമാന്യം വലിയ തട്ടുകേട്ട് എഴുന്നേൽക്കേണ്ടിവന്നു എനിക്ക്.
നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ നിന്നെ അപ്പോൾ മറന്നു ഞാൻ.
ധൃതിയിൽ ഡോർ തുറന്നപ്പോഴേക്കും നീയതാ ഡോറിനുമുന്നിൽ കിടക്കുന്നു!
ഞാൻ നോക്കിയപ്പോൾ ബോധമില്ലായിരുന്നു.
ഞാൻ അവിടെയാകെയൊന്ന് നോക്കിയിട്ടും ആരേയും കണ്ടുമില്ല,
പിന്നെ, ഇരുട്ടായിരുന്നല്ലോ!”
അരാമി അല്പം ജീവൻവെച്ചതുപോലെ ഇടയ്ക്കുകയറി;
“എന്നിട്ട്!?”
ആരാധന തുടർന്നു;
“ഈ ഹോസ്റ്റലിൽ എന്താ നടക്കാത്തത്…
ഒരുവിധം നിന്നെ ഞാൻ വലിച്ചുവന്നു ബെഡ്‌ഡിലിട്ടു.
അപ്പോഴാ ഞാൻ ശ്രദ്ദിച്ചത്, നിന്റെ വലത്തേ കയ്യിൽ
ചെറിയൊരു ടാഗ് കെട്ടിയിരുന്നത്, പിന്നെ പോക്കറ്റിലായി ഫോണും!
‘ഷി നീഡ്‌സ് റസ്റ്റ്’ എന്നാ ടാഗിൽ എഴുതിയിരുന്നു.”
ഇതോടൊപ്പം, അരാമിയുടെ തലയ്ക്കൽ മാറ്റിവെച്ചിരുന്ന ആ ടാഗ് ആരാധന എടുത്തുകാട്ടി. നന്നായി അതൊന്ന് ശ്രദ്ദിച്ചശേഷം പ്രത്യേകിച്ചൊരു താല്പര്യമില്ലായ്മ കലർത്തിയ ഭാവവ്യത്യാസവുംപേറി അരാമി അത് മാറ്റി ബെഡ്‌ഡിൽ വെച്ചു.
അല്പം കുനിഞ്ഞു, ഇരുകൈപ്പത്തികളും പിണച്ച്, നീണ്ടിരുന്ന് ആരാധന ചോദിച്ചു;
“പറ.. എന്ത് കുരുത്തക്കേട് ഒപ്പിക്കാനാ പുറപ്പെട്ടത് ഇന്നലെ,,
അല്ല.. നമ്മടെ ഭാവി എനിക്ക് ഊഹിച്ചാൽ മതിയല്ലോ!
ജോലിക്ക് കേറിയില്ല, അപ്പോഴേക്കും ഒരുമാസം സസ്‌പെൻഷൻ..
വട്ടിയെന്ന വിളിപ്പേരും.
പോട്ടെ, പറ.. കൂട്ടുകാരിയായിപ്പോയില്ലേ..”
കിടന്നകിടപ്പിൽത്തന്നെ കണ്ണുകൾ മുകളിലേക്കാക്കി അരാമി പറഞ്ഞു;
“ഞാൻ ഡോക്ടർ അനുപം ശർമ്മയെ തേടിപ്പോയതാ.”
ഒന്നു ഞെട്ടിയകൂടെ ആരാധന ചോദിച്ചു;
“ഹേ… എന്തിന്!”
അരാമി ഭാവഭേദമന്യേ തുടർന്നു;
“എനിക്കവനോടൊത്ത് ഒരു നൈറ്റ് ചിലവഴിക്കാൻ, ബെഡ്‌ഡിൽ!”
ഇതുകേട്ട് ആരാധന, ഉച്ചയാകുവാൻ പോകുന്ന ആ നേരം, കാറ്റുപോയ ബലൂൺപോലെയായി. ഒന്നുരണ്ടുനിമിഷം സ്തംഭിച്ചിരുന്നശേഷം അവൾ ചോദിച്ചു;
“എടീ,, എന്താ നിന്നെ ഞാൻ വിളിക്കേണ്ടത്..,
എടീ അവന് പെട്ടുകെട്ടി ഒരു കൊച്ചുമുണ്ട്..
രണ്ടുദിവസം മുൻപ് എല്ലാത്തിനെയും എഴുന്നെള്ളിച്ചോണ്ട്
വരുന്നത് ഞാൻ കണ്ടതാ!
അവൻ പിടിച്ച് പൊട്ടിച്ചതായിരിക്കും ഈ കവിളത്ത്
കാണുന്നത്!”
ഉടനെ അരാമി ഇടയ്ക്കുകയറി;
“ഓ പിന്നെ.. അവൻ പൊട്ടിക്കും!
എടീ, ഒരു പെണ്ണിനെ കാണേണ്ടപോലെ കണ്ടാൽ
ഏതൊരു ആണും നിൽക്കും വടിപോലെ!
അതിനൊക്കെപ്പോന്ന വേലത്തരം എന്റെ കൈയ്യിലുണ്ട്.
ഇത്ര കഷ്ടപ്പെട്ട് റിസ്കെടുത്ത് ഞാൻ, സ്വന്തം കിടപ്പറയിലേക്ക്
കയറിച്ചെല്ലുമ്പോൾ ഒരാണും ‘നോ’ പറയില്ല.
ഞാൻ പറയിപ്പിക്കില്ല എന്നതാണ് ശരി.”
ആരാധന എടുത്തടിച്ചപോലെ ചോദിച്ചു;
“എന്നിട്ട് പോയകാര്യം നിന്റെ കരണത്താണല്ലോ നടന്നത്!?”
തെല്ലൊരു മുറുമുറുത്ത ദേഷ്യത്തോടെ അരാമി പറഞ്ഞു;
“അതിനിടക്കല്ലേ ഏതോ ഒരു തെണ്ടി വന്നത്…
കരണം പുകഞ്ഞു ഞാൻ ബോധംകെട്ടുപോയി.”
പെട്ടെന്നുണ്ടായ ആകാംക്ഷയുടെപുറത്ത് ഉടനെ ആരാധന ചോദിച്ചു;
“എനിക്കുപോലുമറിയാത്ത, നിന്റെ മനസ്സിൽ മാത്രമുള്ള പ്ലാൻ
എങ്ങനെ മറ്റൊരാൾ അറിയും!
എല്ലാംകൂടി ചേർത്തുവായിക്കുമ്പോൾ നിന്നെ കൈകാര്യം ചെയ്തയാൾക്ക്
നിന്നെ നല്ല കൃത്യമായി അറിയാവുന്നമട്ടാ.”
വളരെ ലാഘവംഭാവിച്ചു അരാമി പെട്ടെന്ന് പറഞ്ഞു;
“ആ.. എനിക്കെങ്ങുംഅറിയില്ല.
അതൊന്നുമൊരു വിഷയമേയല്ല ഇപ്പോൾ!”
ചെയറിൽനിന്നും എഴുന്നേറ്റുകൊണ്ട് ആരാധന പറഞ്ഞു;
“അതെനിക്കിപ്പോൾ ബോധ്യമായി.
അവള് മെഡിസിൻ പഠിച്ചു ഡോക്ടർ ആയി ജോലി തുടങ്ങിയപ്പോൾ
കൃത്യമായി ജോലിയും ചെയ്യാതെ, ഒരു ഡോക്ടറാണെന്ന
വിചാരംകൂടാതെ… ഓരോ സമയത്തെ വട്ടിന്
പേഷ്യന്റ്‌സുമായി അടിയും ഉണ്ടാക്കി മാനേജ്‌മെന്റിന് തലവേദനയാക്കി.
എല്ലാം കൂട്ടിവായിച്ച പലരും നീയൊരു അര-വട്ടിയാണെന്ന
അഭിപ്രായത്തിൽ എത്തിയില്ലായിരുന്നേൽ നിന്റെ പേരിൽ മാനേജ്‌മെന്റ്
ചിലപ്പോൾ കേസും കൊടുത്തേനെ..
ഒരുജാതി നോട്ടമാ എല്ലാവർക്കും എന്നെയിപ്പോൾ,
നിന്റെ കൂട്ടത്തീന്ന് വരുന്നത് കാണുമ്പോൾ എന്റെ പ്രിയേ…”
ഇത്രയും പറഞ്ഞുകൊണ്ട് അവൾ അരാമിക്കുനേരെ കൈകൾ കൂപ്പി. അരാമിയാകട്ടെ, കൂസലില്ലായ്മയിൽ ലയിച്ചുകിടന്നു. ഡ്യൂട്ടിക്ക് പോകുവാനുള്ള തയ്യാറെടുപ്പുകളുടെ അവസാനഘട്ട ലഖുപരിശ്രമങ്ങളിലേക്ക് മുഴുകിക്കൊണ്ട് ആരാധന തുടർന്നു;
“ഈ കെട്ടിടത്തിൽ എല്ലാം വിളയും!
അതൊക്കെത്തന്നെയാ സസ്പെൻഷനുംതന്നു നിന്നെയിവിടെ
ഡ്രിപ്പിട്ട് ഇട്ടിരിക്കുന്നത്..
എത്രയുംവേഗം ഡ്യൂട്ടിക്ക് കയറുവാനുള്ള പണിനോക്കാനുള്ളതിന് പകരം
നീ ശയ്യാവലംബയാകുവാനുള്ള പുറപ്പാടാണെന്നെനിക്ക് ബോധ്യമായി.”
ഒന്ന് നിർത്തിയശേഷം അവൾ അരാമിക്കുനേരെ നോക്കിനിന്നു തുടർന്നു;
“നിന്നെയല്ല, നിനക്ക് വളംവെക്കാൻ നിൽക്കുന്ന…
അല്ല, എന്തിനിങ്ങനെ പറയണം!
നിന്നെ താലോലിച്ചുവളർത്തി ഡോക്ടറാക്കി നോക്കിയിരിക്കുന്ന
ഒരുപാവം സന്യാസിനിയുണ്ട്…
ആ കർത്താവിന്റെ മണവാട്ടി ഇതൊക്കെയൊന്ന് അറിഞ്ഞാലുണ്ടല്ലോ!
എന്റെ ഈശ്വരാ,
ഇവളോട് പൊറുക്കേണമേ!”
ഇരുകൈകളുംകൂപ്പി അഭിനയമെന്നമട്ടിൽ മുകളിലേക്ക് നോക്കിക്കൊണ്ട് ആരാധന വാചകം അവസാനിപ്പിച്ചു. അപ്പോഴും കൂസലില്ലാതെ കണ്ണുകളുമടച്ചു എല്ലാം ശ്രവിച്ചുകിടന്നിരുന്ന അരാമിയെ, ഒരിക്കൽക്കൂടി നോക്കിനിന്നു കൂട്ടുകാരി പറഞ്ഞു;
“ഞാൻ ഡ്യൂട്ടിക്ക് പോകുവാ, ഇന്നുതൊട്ട് ഷിഫ്റ്റ്‌ ചേഞ്ച്‌ ആവും.
ലേറ്റ് ആയാൽ ആ മരത്തലയൻ ജോർജ്ജ്
എല്ലാവരുടെയും മുന്നിൽവെച്ചെന്നെ ചീത്ത വിളിച്ചു കൊല്ലും.
ഞാൻ പോകുവാ…”
ഒന്നുനിർത്തി അല്പം ഗൗരവത്തിൽ അവൾ തുടർന്നു;
“ഷി നീഡ്‌സ് റസ്റ്റ്…
നീ തല്ക്കാലം നന്നായി റസ്റ്റ് എടുക്ക്!
അടങ്ങി ഒതുങ്ങി കിടക്കണം, ഞാൻ വരുന്നവരെയെങ്കിലും.. പ്ലീസ്!”
നിർത്തി, യുവ ഡോക്ടർ ആരാധന വേഗം റൂമിൽനിന്നും പോയി. ലക്ഷ്യമില്ലാതെ, ഭാരവുംപേറി നിൽക്കുന്നവളെപ്പോലെ അരാമി ഇരുകണ്ണുകളും മിഴിച്ചുപിടിച്ച് കിടന്നു. ഒരുനിമിഷം തന്റെ ഫോൺ റിങ് ചെയ്തുകൊണ്ടിരിക്കുന്നത് അവൾ ശ്രദ്ദിക്കുവാനിടയായി-ഭാവഭേദമന്യേ അവൾ കോൾ എടുത്തു;
“ഇന്നലെ നൈറ്റ് വിളിക്കാതിരുന്നതും കോൾ എടുക്കാതിരുന്നതും
എനിക്ക് സൗകര്യമില്ലാത്തതുകൊണ്ട്…”
ചെവിയിലേക്കെത്തിയ വാചകങ്ങൾക്ക് നൽകിയ ഈ മറുപടി അവളൊന്ന് നിർത്തിയശേഷം തുടർന്നു;
“.. എനിക്ക് സൗകര്യപ്പെടുമ്പോഴേ വിളിക്കൂ എന്ന്
പറഞ്ഞിട്ടുള്ളതല്ലേ ഞാൻ…
ഞാനിങ്ങനെയാണ്, സൗകര്യമുണ്ടേൽ പിറകെ നടന്നാൽ മതി.
ഹല്ല, പിന്നെ..”
മറുപടി വീണ്ടും ചെവിയിലേക്കെത്തിയതോടെ അവൾ അല്പം രോക്ഷംഭാവിച്ചു തുടർന്നു;
“ഇന്നലെ രാത്രിയോ, ഹ… ഹ…, ഞാൻ പറഞ്ഞില്ലേ,,
ഒരുത്തന്റെ കൂടെ കിടക്കാൻ പോയി..
സമാധാനമായോ!
എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്..” വീണ്ടുംവന്ന മറുപടിയ്ക്ക് അവൾ ഭാവംവിടാതെ പ്രതികരിച്ചു;
“വേണ്ട.. പിണങ്ങിക്കോ..
വീണ്ടുംവിളിച്ചു ശല്യംചെയ്യുമെന്നു
എനിക്കറിയാം..”
ഇത്രയുമായപ്പോഴേക്കും കോൾ കട്ട്‌ ആയി. ചെറുപുഞ്ചിരി മറച്ചുപിടിച്ചു ഫോൺ ബെഡ്‌ഡിലേക്ക് മാറ്റിവെച്ചശേഷം പുതച്ചുമൂടി കിടന്നുറങ്ങുവാൻ തീരുമാനിച്ചു അരാമി- ക്ഷീണം എ. സി. യുടെ ആധിക്യത്തിൽ ഉയർന്നുവന്നതിനാൽക്കൂടി.

സമയം രാത്രി 11 മണി
യാദൃശ്ചികവശാൽ, ഒരു വേദനിക്കുന്ന കോടീശ്വരനായ യുവാവിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നതായും- ആ സ്പെഷ്യൽ കെയർ യൂണിറ്റിൽ നിൽക്കുവാൻ അയാളുടെ ഭാര്യയെയും കുട്ടിയേയും ഹോസ്പിറ്റൽ സമ്മതിക്കില്ല എന്ന പൊതുനിയമവും ആരാധന രണ്ടുദിവസങ്ങൾക്കുമുന്പ് പറഞ്ഞത് അരാമി തന്റെ ഓർമയിലേക്ക് കൊണ്ടുവന്നു. ആ പേഷ്യൻറുമായുള്ള ചില സൗഹൃദനിമിഷങ്ങൾ ആരാധന പങ്കിട്ടതുകൂടി ഓർമയിലേക്ക് വന്നതോടെ ചുറ്റുമുള്ള ചിലയാളുകളെയും ഹോസ്പിറ്റലുമായി ബന്ധപ്പെട്ടു- തിരക്കുമായി നടന്നകലുകയും നടന്നടുക്കുകയും ചെയ്യുന്ന നേഴ്‌സുമാരെയും ശ്രദ്ദിക്കാതെ തന്റെ വലതുകൈയ്യിൽ മടക്കിയിട്ടിരുന്ന ഡോക്ടറുടെ കോട്ടോടുചേർത്ത്, അരാമി തന്റെ വലതുകൈ അല്പംകൂടി വയറിലേക്ക് ചേർത്തു.
അവൾ തന്റെ ഇടതുഭാഗത്തേക്ക് തിരിഞ്ഞു , പേഷ്യന്റ് കിടക്കുന്ന റൂം ഏതുഭാഗത്താണെന്ന് സ്വയം ഉറപ്പുവരുത്തി. പതുക്കെ, എന്നാൽ ഒരു ടിപ്പിക്കൽ ഡോക്ടറുടെ ഭാവം പ്രകടമാക്കി അവൾ മുന്നോട്ട് ചുവടുകൾ വെച്ചു. മുന്നിലായി, യൂണിറ്റിന് കാവൽ നിന്നിരുന്ന സെക്യൂരിറ്റി ഡോക്ടറോടെന്നപോലെ മന്ദഹസിച്ചു- മധ്യവയസ്കനായ അയാൾ തന്റെ മൊബൈലിൽ ജാഗ്രതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. പാതിശ്രദ്ധ തന്റെ മൊബൈലിലേക്ക് കൊടുത്ത് അയാൾ ആ സ്പെഷ്യൽ കെയർ യൂണിറ്റിന്റെ മെയിൻ ഡോർ തുറന്നുകൊടുത്തു. അരാമി ലാഘവത്തോടെ അകത്തേക്കുകയറി.
സംശയദൃഷ്ടിയോടെ ചില നേഴ്‌സുമാർ അല്പം അകലെനിന്നുമായി അരാമിയെ ശ്രദ്ദിച്ചു. എന്നാൽ ഡോക്ടർ എന്നുള്ള പ്രോട്ടോകോൾ അവരുടെ മനസ്സുകളെ പിടിച്ചുകെട്ടുന്നത്, അവരുടെ മുഖങ്ങളിൽ കാണാമായിരുന്നു. എതിരെ ചില നേഴ്‌സുമാർ മൗനാഭിവാദനം ചെയ്തു കടന്നുപോയത് കാര്യമാക്കാതെ തന്റെ മനസ്സിലുറപ്പിച്ചിരിക്കുന്ന റൂമിന്റെ പുറത്തെത്തി അരാമി.
അടുത്തനിമിഷം ആ റൂമിന്റെ ഡോർ തുറന്നു ഒരു നേഴ്‌സ് കൈയ്യിൽ കുറച്ചു റിപ്പോർട്സുമായി ഇറങ്ങിവന്നു.
“ഹൗ ഈസ്‌ ഹി നൗ?”
പെടുന്നനെ അരാമി ചോദിച്ചുപോയി.
“ഫൈൻ നൗ. ഹി ഈസ്‌ സ്ലീപ്പിങ് !
നേഴ്‌സ് ഉപചാരത്തോടെ മൃദുവായി മറുപടി നൽകി, കൈയ്യിലെ ഫയലുകൾ അരാമിയെ കാണിച്ചു. അവൾ അതെല്ലാമൊന്ന് കണ്ണോടിച്ചശേഷം തിരികെ കൊടുത്തിട്ട് പറഞ്ഞു;
“ഡോക്ടർ തരകൻ വിൽ ഹാൻഡിൽ ദിസ്‌.
ഹി സെന്റ് മി ആസ് ആൻ അസിസ്റ്റന്റ്.
ഓക്കേ? !”
‘ഓകെ’ പറഞ്ഞു നേഴ്‌സ് നിന്നപ്പോഴേക്കും അരാമി പറഞ്ഞു;
“യു മെയ്‌ ഗോ..”
നേഴ്‌സ് പതുക്കെ നടന്നകന്നു. ചുറ്റും നിശബ്ദമായത് ശ്രദ്ദിച്ച അവളുടെ മനസ്സ് അടുത്തനിമിഷം, തന്നെ വഹിക്കുന്ന ശരീരമാകെ നനഞ്ഞിരിക്കുന്നതായി തിരിച്ചറിഞ്ഞു. അരാമി മെല്ലെ ഡോർ തുറന്നു അകത്തേക്ക് കയറി. പേഷ്യന്റ് നല്ല മയക്കത്തിലായിരുന്നു. അവൾ അടുത്തേക്ക് പതിയെ ചെന്നശേഷം നെയിം ബോർഡ് പരിശോധിച്ചു ആരാധനയിൽനിന്നും അറിയുവാനൊത്ത പേഷ്യന്റാണെന്നുറപ്പുവരുത്തി. അവളുടെ മനസ്സ് അടുത്ത ചിന്തയിലേക്ക് ചേക്കേറുവാൻ തുടങ്ങിയതും;
“എക്സ് ക്യൂസ് മി ഡോക്ടർ, ”
ഡോർ തുറന്നു അല്പനിമിഷം മുൻപ് സംസാരിച്ചുപിരിഞ്ഞ നേഴ്‌സ് ഇങ്ങനെ പറഞ്ഞു. അരാമി പുറകിലേക്ക് ശ്രദ്ദിച്ചതും നേഴ്‌സ് തുടർന്നു;
“എ പേഷ്യന്റ് ഈസ്‌ ഇൻ ക്രിട്ടിക്കൽ.
മീറ്റ് ഡോക്ടർ തരകൻ ഇമ്മീഡിയറ്റ്ലി.
ഹി സെന്റ് മി നൗ.”
അരാമിയൊന്നു ഞെട്ടി. അതോടൊപ്പം പേഷ്യന്റിനെയൊന്ന് നോക്കി. ഇതുകണ്ട നേഴ്‌സ് പറഞ്ഞു;
“ഹി ഡിഡ് സെന്റ് എ ഡോക്ടർ ഫോർ ദിസ്‌ പേഷ്യന്റ് ആൾറെഡി.
ഹി വിൽ അറ്റൻഡ് ദിസ്‌ ഇൻ എ മിനിറ്റ് !
പ്ലീസ് കം.”
ഒരുനിമിഷമൊന്ന് കണ്ണുചിമ്മിയശേഷം അരാമി നേഴ്സിനോടൊപ്പം റൂമിൽനിന്നും ഇറങ്ങിനടന്നു. മുൻപ് താൻ ഇടത്തേക്ക് തിരിഞ്ഞു യൂണിറ്റിലേക്ക് കയറിയ ഹാളിലെത്തിയപ്പോഴേക്കും, അവളോട് നേഴ്‌സ് പറഞ്ഞു;
“ദിസ്‌ വേ”
അരാമി കയറിവന്നവഴി കാണിച്ചശേഷം നേഴ്‌സ് കൂട്ടിച്ചേർത്തു;
“ദെൻ റൈറ്റ്…”
ആശ്വാസം പുറത്തുകാണിക്കാതെ ശരീരമാകെ ബലംകൊടുത്ത് അരാമി സ്റ്റെപ്പിറങ്ങി വലത്തേക്ക് തിരിഞ്ഞു. പക്ഷെ, അതൊരു പഴയ ഇടുങ്ങിയ വരാന്തയായിരുന്നു, ഹോസ്പിറ്റൽ പുതുക്കിപ്പണിതപ്പോൾ ഉപയോഗശൂന്യമായി കിടന്ന സ്ഥലങ്ങളിൽ ഒന്ന്. പുറത്തേക്കുള്ള മാർഗംതേടി അതുവഴി അരാമി വേഗം നടന്നു. ചുവടുകൾ മുന്നോട്ടു വെയ്ക്കുന്തോറും വഴി ഇരുണ്ടിരുണ്ട് വന്നു. വെളിച്ചം തീരെ ഇല്ലാതായൊരുനിമിഷം അല്പം അകലെ, താൻ സഞ്ചരിക്കുന്ന വരാന്ത പുറംലോകവുമായി കൂടിച്ചേരുന്നപോലെ അവൾക്ക് തോന്നി. നടത്തത്തിന്റെ വേഗത വർധിപ്പിച്ചു അവൾ വരാന്തയുടെ അവസാനഭാഗത്ത് എത്താറായതും മുന്നിലുണ്ടായിരുന്ന ഗേറ്റ് ചവിട്ടിപ്പൊളിച്ച് ബൂട്ടിട്ട് കറുത്ത വേഷധാരി എത്തി. അവൾ ശ്വാസം മൂക്കിലൂടെയും വായിലൂടെയും ഒരുപോലെ വലിച്ചുകൊണ്ട് ഞെട്ടി, കണ്ണുകൾ മിഴുച്ചുകൊണ്ട്. ബൂട്ടിന്റെ ശബ്ദം അവളുടെ മുന്നിലേക്ക് വന്നു. വളരെ നേരിയ വെളിച്ചത്തിൻപുറത്ത് കറുത്ത എന്തൊകൊണ്ട് മുഖം മറച്ചിരിക്കുന്നതായി അരാമിയുടെ തലച്ചോർ തിരിച്ചറിഞ്ഞതും അയാൾ അവളെ കടന്നുപിടിച്ചശേഷം വാപൊത്തിക്കൊണ്ട് ബലിഷ്ഠമായി, അവളെ വലിച്ചിഴച്ചു പുറത്തേക്ക് നീക്കി. തൊട്ടടുത്തൊരു പഴയ സ്വിമ്മിംഗ് പൂൾ ആയിരുന്നു. അധികം വെള്ളമില്ലാതിരുന്ന ആ പൂളിലേക്ക് അവളെ അയാൾ വലിച്ചെറിഞ്ഞശേഷം അതിലിറങ്ങി അവളുടെ അടുത്തെത്തി. അവൾ പിടച്ച് വെള്ളത്തിൽനിന്നും എഴുന്നേറ്റപ്പോഴേക്കും തന്റെ വലതുകൈയ്യാൽ വെള്ളം കോരിവന്ന് അരാമിയുടെ കരണത്ത് അയാൾ ആഞ്ഞടിച്ചു. ഒരുനിമിഷം കണ്ണുകൾ മിഴിപ്പിച്ച് അനക്കമില്ലാതെ നിന്നശേഷം അവൾ തിരികെ വെള്ളത്തിലേക്ക് വീണു. അയാൾ അവളെ പൂളിൽനിന്നും വലിച്ചുകയറ്റി ലാഘവത്തോടെ അവളെ തോളിലെടുത്ത് ഇരുട്ടിലേക്ക് നടന്നു. വിജനമായ ആ സ്ഥലത്താകെ അയാളുടെ ബൂട്ടിന്റെ ശബ്ദം ഭീകരത കലർന്ന ഗാംഭീര്യം പടർത്തി.

സമയം രാത്രി 1 മണി
ഡ്യൂട്ടി കഴിഞ്ഞു ആരാധന ക്ഷീണത്തോടെ തന്റെ ഹോസ്റ്റൽ റൂമിന്റെ പടികൾ കയറിയെത്തി. വഴിയാകെ അരണ്ടവെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ- പരസ്പരം പരിചയമുള്ളവർപോലും കണ്ടാൽ തമ്മിൽ തിരിച്ചറിയുവാൻ പതറും. റൂമിന്റെ ഡോർ തുറന്നു അവൾ അകത്തേക്ക് കയറിയതും അരാമിയെ കാണാത്തതിൽ ഞെട്ടി -തന്റെ തളർച്ചയിലും, ശക്തിയോടെ. റൂമിൽ കാണാതെവന്നതോടെ ബാത്‌റൂമിൽ നോക്കിയ ആരാധയ്ക്ക് നിരാശയായിരുന്നു ഫലം! കൃത്യതയില്ലാതെ പലതരം ചിന്തകൾ അവളുടെ മനസ്സിലൂടെ കടന്നുപോയിതുടങ്ങി. റൂമിലെ കണ്ണാടിയുടെ മുന്നിൽ ചിന്തകളിൽ മയങ്ങി അവളങ്ങനെ നിന്നു.
കാരണമില്ലാതെയുള്ള ആ നില്പിന് ഡോറിലുണ്ടായ രണ്ടുമൂന്നു കൊട്ടുകൾ ഇളക്കംവരുത്തി. ചിന്തിക്കാതെതന്നെ ആരാധന വേഗംചെന്ന് ഡോർ തുറന്നുപോയി. അപ്പോഴതാ, അരണ്ടവെളിച്ചത്തിൽ വെള്ളത്തിൽ കുതിർന്ന അരാമി കിടക്കുന്നു! അവൾ പരിശോധന നടത്തി, ബോധമില്ല. ചുറ്റുമൊന്ന് കണ്ണോടിക്കുകയും സാഹചര്യത്തിൽ നിന്നുമുണ്ടായ പ്രഷർ മൂലം അവിടമാകെയൊന്ന് ഓടിനടന്ന് നോക്കിപ്പോവുകയുമൊക്കെ ചെയ്തിട്ടും ഒന്നും കണ്ടെത്തുവാനോ കാണാനോ ആരാധനയ്ക്ക് സാധിച്ചില്ല. അവൾ തിരിച്ചോടിവന്നു തന്റെ സുഹൃത്തിനെ വലിച്ചെടുത്ത് ബെഡ്‌ഡിലേക്കിട്ടു. ശേഷം സ്വന്തം കണ്ണുകൾ അടച്ചുപിടിച്ചും-മുഖം തിരിച്ചുമൊക്കെ ഒരുവിധം, ആർമിയുടെ നനഞ്ഞ ഡ്രസ്സ്‌ മാറ്റി, വലിയൊരു പുതപ്പെടുത്ത് മൂടിയിട്ടു. അപ്പോഴാണ് അവളൊരു കാര്യം ഓർത്തത് -അവൾ തന്റെ ഫോണെടുത്ത് അരാമിയെ വിളിച്ചു. ഫോൺ പക്ഷെ റിങ് ചെയ്തത് അരാമിയുടെ സ്വന്തം ഡ്രോയറിൽ നിന്നുതന്നെയായിരുന്നു!
കോൾ കട്ട്‌ ചെയ്തു ഇരുകൈകളും അരയ്ക്കുകൊടുത്തു ആരാധന, ബോധമറ്റു കിടക്കുന്ന അരാമിയെ നോക്കി ഇങ്ങനെ പറഞ്ഞു;
“ഹെന്റെ പൊന്നോ… നിന്നെ സമ്മതിച്ചിരിക്കുന്നു..”
ഒന്ന് നിർത്തി അവൾ തുടർന്നു പറഞ്ഞു;
“ഒരുകാര്യം ചെയ്യ്, റസ്റ്റ് എടുക്ക് നീ…
നല്ല ക്ഷീണം കാണും.”
ഇത്രയും പറഞ്ഞപ്പോഴേക്കും ആരാധന സ്വന്തം ക്ഷീണത്തിൻപുറത്ത് ഒരു കോട്ടുവായിട്ടുപോയി! അടുത്തനിമിഷം അവൾ തന്റെ മനസ്സുമാറ്റി;
“അങ്ങനെയിപ്പോൾ നീ തത്കാലം റസ്റ്റ് എടുക്കണ്ട!
എന്താ വിശേഷങ്ങളെന്ന് ഞാനുംകൂടിയൊന്ന് അറിയട്ടെ,
എന്തായാലും എനിക്ക് ചിലതൊക്കെ ഉറപ്പായി ഏതാണ്ട്…”
ഇങ്ങനെ സ്വയം പറഞ്ഞശേഷം ടേബിളിലിരുന്ന ഒരു ഹാഫ്-ബോട്ടിൽ മിനറൽ വാട്ടറെടുത്തു അവൾ, ഒരുകൈ വെള്ളമാകെ അരാമിയുടെ മുഖത്തേക്കൊഴിച്ചു. അവൾ ഞെട്ടിയുണർന്നിരുന്നു, വർദ്ധിച്ച ശ്വാസോച്‌വാസത്തോടെ. അരാമിയുടെ കിതപ്പുകണ്ട ആരാധന, ഒരു ഗ്ലാസ്‌

വെള്ളമെടുത്ത് വേഗം അവൾക്ക് നൽകി. ഊർന്നുമാറിയ പുതപ്പിനുപുറമെ, അർദ്ധനഗ്നയായിരുന്നു വെള്ളം മുഴുവനായും കുടിച്ചുതീർത്ത അരാമിയോട് അവൾ ചോദിച്ചു;
“എന്തുവാടീ ഇത്‌…”
തന്റെ നഗ്നതയിലേക്ക്ഊന്നിയ ഈ വാചകങ്ങൾക്ക് മറുപടിയായി ലക്ഷ്യമില്ലാത്ത രോക്ഷംകലർന്ന മുഖഭാവവുമായി അരാമി തന്റെ സുഹൃത്തിനെ നോക്കി. പിന്നെ പുതപ്പിനാൽ തന്റെ നഗ്നതമറച്ചു രൗദ്രഭാവത്തിൽ ചോദിച്ചു;
“എവിടെടീ ആ പന്നി?!”
കാത്തിരുന്നെന്നപോലെ വന്നു ആരാധനയുടെ മറുപടി;
“നിന്നെയിവിടെ കുളിപ്പിച്ച് കൊണ്ടിട്ടിട്ട്
മര്യാദക്ക് തിരിച്ചുപോയി.
ദേ, കവിൾ ചുവന്നുകിടക്കുന്നു..”
ഒന്നുനിർത്തി അവൾ തുടർന്നു;
“എന്റെ ക്ഷീണമെല്ലാം ഇത്രയും നേരംകൊണ്ട് പോയി.
എന്തായാലും, നിനക്ക് പറ്റിയ ആളാ..
ഒന്ന് ട്രൈ ചെയ്തോ വേണേൽ,
എല്ലാംകൊണ്ടും എന്റെ സുഹൃത്തിന് നല്ലതിനാ..
എന്നാ എനിക്ക് തോന്നുന്നത്!”
അരാമിക്ക് ദേഷ്യം കയറിയപോലെയായി ആകെമൊത്തം;
“എവിടെടീ ആ പന്നീന്ന്…”
ആരാധന നെറ്റിചുളുപ്പിച്ചുകൊണ്ട് പറഞ്ഞു;
“ഹ്ഹ.. എന്റെയടുത്തു ചൂടായിട്ടെന്താ കാര്യം!?
അയാൾ നിന്റെ മുൻപിൽ വന്നപ്പോൾ കാണിക്കാൻ
മേലായിരുന്നോ ഇതൊക്കെ…”
മറുപടിയില്ലാതെ സ്വയം പല്ലിറുമ്മിക്കൊണ്ട് അരാമി തന്റെ ബെഡ്‌ഡിൽ ഇരുന്നു.
“പിന്നേയ്, നിന്റെ ഫോണിൽ ആരുടെയൊക്കെയോ മിസ്ഡ് കോൾസ്
വന്നുകിടപ്പുണ്ടെന്ന് തോന്നുന്നു.”
അരാമി തന്റെ ഫോൺ ഇരിക്കുന്ന ഭാഗത്തേക്കുനോക്കി ഒരു കാരണമില്ലാത്ത താല്പര്യമില്ലായ്മ പ്രകടമാക്കി.
ഒരുനിമിഷത്തെ ഇടവേളക്കുശേഷം ആരാധന വീണ്ടും അരാമിയോട് ചോദ്യങ്ങൾ തുടങ്ങി;
“എന്നാലും ആരായിരിക്കുമെടീ അത്…!
നിന്നോട് സ്നേഹമുള്ള ആരോ ആണ്.
അല്ലാതെ, നിന്നെ ഉപദ്രവിക്കാനൊന്നും നോക്കാതെ…
ഇങ്ങനൊക്കെ ചെയ്യണമെങ്കിൽ!”
അരാമി ദേഷ്യത്തോടെയെന്നപോലെ മുഖം ആരാധനയ്ക്കുനേരെ കൂർപ്പിച്ചു മറുപടി നൽകി;
“ഇങ്ങനെ, സ്നേഹമുള്ളൊരു തെണ്ടിയും തത്കാലം
എന്റെ ലൈഫിലില്ല.
ഈ പന്നി എവിടുന്ന് വരുന്നെന്നു
എനിക്കറിയില്ല!”
ഇത്രയുംകൊണ്ട് അരാമി പെട്ടെന്ന് നിർത്തി ചിന്തയിലാണ്ടിരുന്നു, ദേഷ്യത്തോടെ. അവളെനോക്കി അല്പസമയം നിന്നതോടെ ആരാധന ചോദിച്ചു;
“സത്യം പറ, എന്താ നിന്റെ ആവശ്യം?!
ഇത്‌ ശരിയാവില്ല… ഇങ്ങനെ,,”
പെടുന്നനെ തലതിരിച്ച് ആരാധനയെ ഒന്നുരണ്ടു നിമിഷം നോക്കിയിരുന്നശേഷം അരാമി പറഞ്ഞു;
“എനിക്ക് ഒരാളുടെ കൂടെ ബെഡ് ഷെയർ ചെയ്യണം!
അതും, എന്റെ ഇഷ്ടങ്ങൾക്കനുസരിച്ച്…”
ഇങ്ങനെ നിർത്തി, മൗനം ഭജിച്ചുനിൽക്കുന്ന ആരാധനയുടെ മുഖത്തുനിന്നും കണ്ണുകളെടുക്കാതെ നോക്കിയിരുന്നു അരാമി. ആരാധന അല്പസമയം അങ്ങനെതന്നെ ചലനമില്ലാതെ നിന്നു. ശേഷം പറഞ്ഞു;
“ഞാനന്വേഷിക്കട്ടെ, കാശുകൊടുത്താൽ ഇവിടെ
ആളെ കിട്ടും.”
ഇത്രയും പറഞ്ഞശേഷം അവൾ മുകളിലേക്ക് നോക്കിയെന്നപോലെ സ്വയം പറഞ്ഞു;
“ഈശ്വരാ…, കൂട്ടിക്കൊടുപ്പുവരെയായല്ലോ!”
ഉടനെ എന്തോ ആലോചിച്ചെന്നപോലെ അരാമി കേറി പറഞ്ഞു;
“കാശുകൊടുത്ത് വാങ്ങിയാൽ എനിക്ക് പറ്റില്ല.
എനിക്ക് തോന്നുന്നയാളെ വേണം.
അതും എന്റെ ഇഷ്ടങ്ങൾക്കനുസരിച്ച്!”
ആരാധന ഇടയ്ക്കുകയറി;
“മുഖത്ത് കുറേ അടിവീഴും, എങ്ങനെയായാലും!”
ശേഷം, അല്പസമയം കൂടി ഇരുവരും കാരണമില്ലാതെ പരസ്പരം നോക്കി സമയംകളഞ്ഞു. ആരാധന ചലിച്ചു;
“നിന്നോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല അരാമി!
ഞാനെന്തു പറയാനാ…
നീയൊരുതരം, നിന്റെ ചിന്തകളും പ്രവർത്തികളും
മറ്റൊരുതരം…
ഇതില്.. ഞാനെന്തു പറയാനാ… ഇതുതന്നെയേ
എനിക്ക് പറയാനുള്ളൂ!”
വീണ്ടും ഒരിക്കൽക്കൂടി ഇരുവരും പരസ്പരം നോക്കി മൗനംഭജിച്ചു സമയത്തെ മുന്നോട്ടുനീക്കി. ഒരുനിമിഷം, പെട്ടെന്ന് ആരാധന പറഞ്ഞു;
“അയ്യോ, എന്റെ സമയം പോയതറിഞ്ഞില്ല!
പല പരിപാടികളും കഴിച്ചിട്ട് കിടന്നുറങ്ങുവാനുള്ളതാ..
ഉറങ്ങുവാൻ കിടക്കുമ്പോഴുള്ള ഒരാശ്വാസം മാത്രമേ
ഉള്ളൂ ആകെപ്പാടെ,”
ഇതുകേട്ട് അരാമി പരിഹാസം കലർന്ന മുഖഭാവേന ആരാധനയെ നോക്കിയപ്പോൾ കരണമില്ലാതെയെന്നപോലെ തന്റെ കൈയ്യിലെ വാച്ചിലേക്ക് നോക്കിയ ആരാധന വാചകമിങ്ങനെ നിർത്തി. ശേഷം അവൾ തന്റെ ടർക്കിയും ഡ്രെസുമെടുത്ത് ബാത്റൂമിലേക്ക് പോയി. അരാമിയാകട്ടെ, ചിന്താമഗ്നയായി സ്വന്തം ബെഡ്‌ഡിൽ തുടർന്നു.
അല്പസമയം അങ്ങനെതന്നെ കടന്നുപോയി. പെട്ടെന്നൊരുനിമിഷം ഡ്രോയറിൽനിന്നും തന്റെ ഫോൺ റിങ് ചെയ്യുന്നത് അരാമി കേട്ടു.
“ഹാ, അമ്മാ.. സുഖമായിട്ടിരിക്കുന്നു.”
പെട്ടെന്നുതന്നെ തന്റെ ഭാവമാകെ മാറ്റി അരാമി കോളെടുത്ത്, വന്ന ചോദ്യത്തിന് മറുപടിയായി ഇങ്ങനെ പറഞ്ഞു.
“അറിയാം അമ്മാ, അമ്മ പ്രാർത്ഥനയൊക്കെക്കഴിഞ്ഞു
ഇപ്പോഴേ ഫ്രീ ആകൂ എന്നെനിക്ക് അറിയാവുന്നതല്ലേ,”
ചെറുതായൊന്നു തണുത്തുകൊണ്ട് അവളുടെ അടുത്ത മറുപടി ഇങ്ങനെയായിരുന്നു!
പിന്നീട് അല്പസമയം മറുപടി പറയുവാനാകാത്തവിധം അവളുടെ ചെവിയിലേക്ക് ധാര-ധാരയായി വാചകങ്ങൾ മൃദുലമായിത്തന്നെ എത്തിക്കൊണ്ടിരുന്നു.
“അമ്മാ, അമ്മയല്ലേ ആരുമില്ലാത്ത എന്നെ വളർത്തി
ഇത്രയും വലുതാക്കിയത്, ഇവിടെവരെ എത്തിച്ചത്!
ഇപ്പോഴും അമ്മയ്ക്കെന്നോടുള്ള കരുതലിനുമുന്പിൽ
എങ്ങനെ പ്രതികരിക്കണമെന്നുപോലും എനിക്കറിയില്ല.
അമ്മയ്ക്കറിയാമല്ലോ എന്നെ…”
ഇത്രയുമവൾ മറുപടി പറഞ്ഞപ്പോഴേക്കും ഇടയ്ക്കുകയറി വാചകങ്ങൾ അവളുടെ ചെവിയിലേക്കെത്തി.
“ഹമ്മ, ഞാൻ കഴിക്കാം… അമ്മ പറയുന്നയാളെത്തന്നെ കഴിക്കാം.
ഞാൻ ജോലിക്ക് കയറിയതല്ലേയുള്ളൂ, കുറച്ചുസമയം
മാത്രം എനിക്ക് താ…
അതിനുമുൻപൊന്നും അമ്മയെ കർത്താവ് വിളിക്കില്ല… ഹഹ്”
ദയനീയതകലർന്ന വിനയഭാവത്തിൽ ഇങ്ങനെയായിരുന്നു അരാമിയുടെ ഈ മറുപടി. വീണ്ടും മറ്റൊരു മോഡിൽ അവളുടെ ചെവിയിലേക്ക് വാചകങ്ങൾ എത്തി.
“ആ, ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞു ഞാൻ വന്നതേയുള്ളു.
ഒരുദിവസം അവിടേക്ക് ഇറങ്ങാം അമ്മാ..
ശരി എന്നാൽ..
അമ്മയ്ക്ക് ഉമ്മ്മ.”
ചെവിയിലേക്ക് ഉമ്മ എത്തുന്നതിനുമുന്പേ അവളിങ്ങനെ പ്രവർത്തിച്ച ശേഷം കോൾ കട്ട്‌ ചെയ്തു പുതച്ചുമൂടി ഇരുകണ്ണുകളും ഇറുക്കിയടച്ചു കിടന്നു. ബാത്‌റൂമിൽ നിന്നും, എന്തൊക്കെയോ ആലോചിച്ചുകൂട്ടി അല്പസമയം കഴിഞ്ഞു ആരാധന വന്നപ്പോഴേക്കും അരാമി സുഖമായി ഒരു മുയൽക്കുഞ്ഞിനെപ്പോലെ ചുരുണ്ടുകിടന്നുറങ്ങുന്നുണ്ടായിരുന്നു. ഒന്ന് നിശ്വസിച്ചുകൊണ്ട് ആരാധന തന്റെ ഫോൺ കൈയ്യിലെടുത്തശേഷം ലൈറ്റ് അണച്ചു കിടന്നു.

സമയം രാത്രി 11 മണി
“എന്തായെടീ?!”
കോൾ എടുത്തപാടെ അരാമിയുടെ ചെവിയിലേക്ക് ആരാധനയുടെ ആകാംക്ഷാഭരിതമായ ശബ്ദം ഇങ്ങനെ എത്തി.
“എടീ, അവന്മാർ അവിടെ മാറിയിരുന്നു കുടിയും
തീറ്റയും വലിയും തുടങ്ങി.
ആ തെണ്ടിയുടെ പൊടിപോലുമില്ല…
ഹും, ആണുങ്ങളെ കണ്ടപ്പോൾ.. ആണുങ്ങളുടെ കൈയ്യുടെ
ചൂടറിയും എന്നറിഞ്ഞപ്പോൾ ഓടിപ്പോയിക്കാണും..”
ശബ്ദമുണ്ടാക്കാതെ പതിഞ്ഞസ്വരത്തിലിങ്ങനെ അരാമി, ഒ-ടി ഗൗണിൽ നിൽക്കെ മറുപടിയായി പറഞ്ഞു.
ഉടനെ, മോഡ് മാറി മറുതലയ്ക്കൽനിന്നും മറുപടി എത്തി;
“ഊം അത് ശരിയാ.. ഡോക്ടർ ജഗദീഷ് പറഞ്ഞത് ഇവർ
ഈ സിറ്റിയിലെ വലിയ ക്വട്ടേഷൻ ടീം ആണെന്നാ!
അവന്റെ പരിചയത്തിലുള്ള ആരൊക്കെയോ വഴി അവൻ,
നമ്മുടെ ഫ്രണ്ട്ഷിപ്പിനെവെച്ചുമാത്രം ഏർപ്പെടുത്തിത്തന്നതാ..
പിന്നേയ്, ഒന്ന് സൂക്ഷിച്ചോണേ നീയും..
എനിക്ക് നല്ല പേടിയുണ്ട് -നിന്റെ മൂപ്പിലാന്റെ കാര്യത്തിൽ!
സത്യം പറയാമല്ലോ..
ഞാൻ.. ഞാനവിടേക്ക് വരണോ? നീ…
നീയിത് എവിടെയാ നിൽക്കുന്നത് അവരെയുംകൊണ്ട്!?”
അരാമി ദേഷ്യംകലർന്ന ഗൗരവഭാവത്തോടെ മറുപടി തുടങ്ങി;
“നീയൊന്നും വരേണ്ട ഇപ്പോൾ..
അവനെ ഞാനിന്ന് ഒറ്റയ്ക്ക് ശരിയാക്കും!
എന്റെ കാരണം കഴിഞ്ഞ മൂന്നുതവണയും പുകഞ്ഞപ്പോൾ
നീയില്ലായിരുന്നല്ലോ!?
ഞാനെയ്… ഒറ്റയ്ക്ക് മതി!”
ഉടനെ വന്നു ആരാധനയുടെ മറുപടി;
“ഹെന്റമ്മോ.. നീയാ അറ്റൻഡർ ചെറുക്കന്റെ പിറകെ പോയ അന്ന്..
എനിക്കാകെ ഭ്രാന്തിളകി പോയിരുന്നു..
നിന്റെ അവസ്ഥയും പറച്ചിലുമൊക്കെ കേട്ട് മടുത്തിട്ട്.
ഇങ്ങനെയേലും ഒരു പരിഹാരം ഉണ്ടാവുകയാണേൽ
ഉണ്ടാകട്ടെയെന്നുതോന്നിയാ ഞാനിതിന് കൂട്ടുനിൽക്കുന്നത്!
നീയെന്റെ സുഹൃത്തായതുകൊണ്ടുമാത്രം..
എന്നാലും എന്റെ അരാമി…
ഹൊഹ്.. ഓർക്കാനേ വയ്യ…
നീയെവിടെയാ നിൽക്കുന്നത്..
സമയം കഴിഞ്ഞല്ലോ…
അല്ല, ആയി..”
അരാമി മറുപടി പറഞ്ഞു;
“ഇന്നത്തോടെ അവന്റെ സൂക്കേട് തീരുമെടീ,,
എന്റെ കരണത്തടിക്കാന്മാത്രം അവനാരാ..
ഹാഹ്, ഞാനിവിടെ നമ്മുടെ ഹോസ്റ്റലിന്റെ വലിയ ഗ്രൗണ്ടിന്റെ
ഒരു മൂലയ്ക്കായിട്ടാ…
ഹും… എനിക്കെന്റെ സ്വാതന്ദ്ര്യത്തിന്, എന്റെ സൗകര്യത്തിന്
നടക്കണം.”
ഒരുനിമിഷം ഇരുവരും മൗനം പാലിച്ചു. ശേഷം അരാമിയുടെ ചെവിയിലേക്ക് ശബ്ദം എത്തി;
“ഞാനിവിടെ റൂമിൽത്തന്നെയിരിപ്പാ..
വിളിക്കണം നീ.. കേട്ടോ!”
സ്വയം ആശ്വസിക്കാനെന്നപോലെക്കൂടി ഇങ്ങനെ പറഞ്ഞ ആരാധനയോട് ‘ശരി’ എന്ന് ധൃതിയിൽപ്പറഞ്ഞു അരാമി കോൾ കട്ട്‌ ചെയ്തു. ശേഷം അവൾ തന്റെ ഒരു പാദവും ഫോണിരിക്കുന്ന കൈയും പിന്നെ ദേഹമാകെയും മാറി -മാറി ചെറുതായി വിറപ്പിച്ചും ചലിപ്പിച്ചും സമയത്തെ മറികടക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു- വിജനതയുടെയും നിലാവിന്റെയും ഇരുട്ടിന്റെയും സാന്നിധ്യത്തോടെ.
സമയം കുറച്ചങ്ങനെ കടന്നുപോയി. അപ്പോഴാണ് താൻ വരുത്തിച്ചുനിർത്തിയിരിക്കുന്നവരുടെയിടയിൽ അനക്കമില്ലാതായെന്നറിയുന്നത്, അരാമി. അവൾ തന്റെ ഫോണിൽ സമയം നോക്കി -പന്ത്രണ്ടരമണി കഴിഞ്ഞിരിക്കുന്നു. മദ്യപിച്ച് അവർ വീണിരിക്കുമോ എന്നുള്ള ആകാംക്ഷയുടെപുറത്ത് അവൾ അവരുടെ സമീപത്തേക്ക് മെല്ലെ നടന്നുചെന്നു- ലക്ഷ്യമില്ലാതെ.
അവളെ കണ്ടതോടെ ഏഴുപേർ ഉണ്ടായിരുന്നതിൽ ചിലർ മെല്ലെ എഴുന്നേറ്റു. അടുക്കലേക്കെത്തിയ അവളോട് മദ്യലഹരിയിൽ ഒരാൾ പറഞ്ഞു;
“മാഡം, ആരെയും കാണുന്നില്ലല്ലോ..
ഞങ്ങൾക്കാണെൽ തരിപ്പ് തീർക്കാതെ വയ്യ,
ഒരു പണി ഏറ്റെടുത്തുകഴിഞ്ഞാൽ!
ഇന്ന് നല്ലൊരു കാച്ചു- കാച്ചാനായിട്ടാ ഇത്തരം സെറ്റപ്പുമായി
വന്നത്.”
എന്ത് മറുപടി പറയണം എന്നവൾക്ക് അറിയാതെയായിപ്പോയി. ചുറ്റുമൊന്നു നോക്കിപ്പിച്ചു അവൾ തന്റെ കണ്ണുകളെ ലക്ഷ്യമില്ലാതെയെന്നവണ്ണം ഫോണിലെ സമയത്തിലേക്ക് എത്തിച്ചുനിർത്തി. ഇതിനിടയിൽ മറ്റുള്ളവർ എന്തൊക്കെയോതമ്മിൽ പിറുപിറുപ്പ് നടത്തുകയായിരുന്നു. ഒരുനിമിഷം അവിടെ നിന്നുപോയശേഷം അവൾ ലക്ഷ്യമില്ലാതെതന്നെ തിരിഞ്ഞുനടക്കുവാനാഞ്ഞു.
“അങ്ങനെയങ്ങു പോയാലോ…”
പിറകില്നിന്നും ഇങ്ങനെയൊരു സ്വരം അരാമി കേട്ടതും മറ്റൊരാൾ വേഗമെത്തി അവളെ വട്ടം കടന്നുപിടിക്കുന്നതും ഒപ്പമായിരുന്നു. ഒരുനിമിഷത്തേക്ക് അവളുടെ സുബോധം നഷ്ടമായി.
അവൾ കുതറുവാനും ഒച്ചയിടുവാനും തുടങ്ങിയതും ഏഴുപേരും പിറകെ-പിറകെ വന്നു അവളുടെ വായ് പൊത്തി, അവളെ ബലമായി പിടിച്ചുനിർത്തി. അടുത്തനിമിഷം അവരിലൊരുവൻ സ്വതന്ത്രനായി അരാമിയുടെ മുൻപിൽ നിന്നു- മറ്റുള്ളവർ അവളുടെ ഇരുകൈകളും പിറകിലേക്ക് പിടിച്ചുവച്ചു ചേർത്തുനിർത്തി. അവളുടെ ഹൃദയതാളം ഭീകരമായി വർധിച്ചു. എന്തുചെയ്യണമെന്നറിയാത്ത ആ അവസ്ഥയിൽ ഒരുതരി ശബ്ദം അവളിൽനിന്നും പുറത്തുവന്നില്ല- അവളുടെ മുഖം സ്വാതന്ദ്രമാക്കപ്പെട്ടെങ്കിലും. ആദ്യം സ്വതന്ത്രനായ ആൾ തന്റെ മൊബൈലിന്റെ സ്ക്രീൻ അവളുടെ മുഖത്തേക്ക് തെളിച്ചു. അവളാകെ കണ്ണുകൾ ചിമ്മി മുഖം വെട്ടിച്ചതും, വെളിച്ചം താഴേക്കു താണു.
“ഊമ്…. നോക്കിക്കേടാ,,
പെടച്ച് നിൽക്കുന്നത് കണ്ടോ!
ഇനിയെങ്ങനെയാ വെറുതെ പോകുക!?”
അയാൾ ഇങ്ങനെ എല്ലാവരോടുമെന്നപോലെ പറഞ്ഞതും അരാമിക്ക് ദേഷ്യം ഇരച്ചുകയറി.
“ഇതിപ്പോ… വലിച്ചുകീറി തിന്നണോ അതോ..
പതുക്കെ രുചിച്ച് രുചിച്ച് തിന്നാൽ മതിയോ..
ഹെന്ത് ചെയ്യണമെടാ….”
അയാൾ പഴയപടി ഇങ്ങനെ തുടർന്നതും, അരാമി തന്റെ കാൽമുട്ട് മടക്കി ശക്തിയോടെ അയാളുടെ സ്ഥാനത്ത് ആഞ്ഞിടിച്ചു. വേദനമൂലം അയാൾ പുളഞ്ഞ ആ നിമിഷം അവൾ താനകപ്പെട്ട ബന്ധനത്തിൽനിന്നും അല്പമൊന്നയഞ്ഞു, ആ നിമിഷത്തെ തന്റെ ദേഷ്യവും അതിൽനിന്നുണ്ടായ രോക്ഷവും ചേർന്ന ശക്തിയോടെ അവൾ കുതറിയ ശേഷം പൂർണ്ണ സ്വതന്ത്രയായി ഓടി. ഒന്നുരണ്ടുനിമിഷത്തെ ഇടവേളയ്ക്കുശേഷം അവർ ഏഴുപേരും അരാമിയുടെ പിറകെ ഓടി.
സർവ്വശക്തിയുമെടുത്ത് ഓടിവന്ന അരാമി മുന്നിലുള്ള എന്തിലോ ഇടിച്ചു പിറകിലേക്ക് തെറിച്ചുവീണു. ചാടിയെഴുന്നേറ്റ് മുന്നിലേക്ക് നോക്കിയ അവൾ ഞെട്ടി! അപ്പോഴേക്കും ഏഴുപേരും പിറകെ എത്തി. ഒന്നുരണ്ടുനിമിഷം ഏവരും ചലനമറ്റു നിന്നു. അടുത്തനിമിഷം, അരാമിയുടെ മുന്നിൽ പ്രത്യക്ഷനായി നിന്നിരുന്ന കരുതവേഷധാരി അവളെ മറികടന്നു മുന്നിലേക്കവന്നു. ഒരിക്കൽക്കൂടി, എന്തുചെയ്യണമെന്നറിയാതെയായിപ്പോയി അരാമിക്ക്. അപ്പോഴേക്കും മുന്നിൽ നിന്നിരുന്ന ഒരുവൻ കയറിവന്നു അരാമിയെ പിടിക്കുവാൻ ശ്രമിച്ചു. അവനെ കഴുത്തിനുപിടിച്ചു തലങ്ങും വിലങ്ങും കരണത്ത് പ്രഹരിച്ചശേഷം അയാൾ നിലത്തേക്കിട്ടു. അടുത്തതായി മറ്റൊരുവൻ എവിടെനിന്നോ ഒരു ചെറിയ കത്തിയെടുത്ത് അയാളെ കുത്തുവാനാഞ്ഞു. അയാൾ ഞൊടിയിടയിൽ ഒഴിഞ്ഞു അവന്റെ കത്തിയിരിക്കുന്ന കൈ പിടിച്ചു തിരിച്ചു അവന്റെതന്നെ മറുഭാഗത്തെ ഷോൾഡറിൽ കുത്തിപ്പിച്ചു. ഉടനെ മറ്റുള്ളവരെല്ലാം ഒന്നുചേർന്ന് അയാളെ കയറിപ്പിടിച്ചു. അവരെയെല്ലാം നിമിഷനേരംകൊണ്ട് അയാൾ കുടഞ്ഞെറിഞ്ഞശേഷം കൈയിൽ കിട്ടുന്ന ഓരോരുത്തരെയും മാറി-മാറി പ്രഹരിച്ചുതുടങ്ങി. സമയം അല്പം കടന്നുപോയില്ല, തങ്ങൾക്ക് പിടിച്ചുനിൽക്കാനാവില്ലെന്ന് മനസ്സിലാക്കി ആരോഗ്യനില വകവെയ്ക്കാതെ പിടഞ്ഞെണീറ്റ് എല്ലാവരും തിരികെ ഓടി- രക്ഷപെടുവാൻ. അവർക്കു പിറകെ ഒന്നുരണ്ടു ചുവടുകൾ വെച്ചശേഷം തന്റെ കണ്മുൻപിൽനിന്നും അവർ മറയുംവരെ അയാൾ അങ്ങനെ നിന്നു. ശേഷം പിറകിലേക്ക് തിരിഞ്ഞു- പിന്നെ അരാമിയുടെ അടുത്തേക്ക് ബൂട്ടിലമരുന്ന പദങ്ങളുമായി ചെന്നു.
അവൾ ശ്വാസം വലിച്ചുപിടിച്ചു ധൈര്യം സംഭരിച്ചു അയാളെ നോക്കിത്തന്നെ നിന്നു- അയാൾ അവളുടെ മുൻപിലെത്തി നിന്നു. ഇരുട്ടിന്റെ കൂട്ടുപിടിച്ചുള്ള ഒരുനിമിഷം അവൾക്കൊരു ഉപായം തോന്നി.
“ആരാ നിങ്ങളെന്ന് ഒന്ന് പറ….”
അവൾ ശബ്ദം താഴ്ത്തി, അയാളുടെ മുഖത്തെ മറയെനോക്കി പറഞ്ഞു.
അടുത്തനിമിഷം അയാൾ പെടുന്നനെ തന്റെ മുഖത്തെ മറയഴിച്ച് അവളുടെ കണ്ണുകൾ കെട്ടിവെച്ചു. ദേഷ്യത്തിൽ കലർന്ന നിരാശ വന്നെങ്കിലും അവസരം കളയുവാൻ അവൾ തയ്യാറായിരുന്നില്ല.
അവൾ മെല്ലെ തന്റെ കൈകൾ ഉയർത്തി അയാളുടെ മുഖത്തിനിരുവശവും മൃദുവായി പിടിച്ചു. അവളുടെ ആഗ്രഹംപോലെ ആ മുഖം, അവളുടെ കൈകളോടൊപ്പം താഴ്ന്നുവന്നു. ഇരുവരുടെയും ചുണ്ടുകൾ പരസ്പരം കൂട്ടിയുരസി ഒരുനിമിഷം നിന്നു. അതിനടുത്തനിമിഷം അവളുടെ ചുണ്ടുകൾ ചലിച്ചു, അതിനടുത്തനിമിഷം എങ്ങനെയോ ഇരുവരുടെയും ചുണ്ടുകൾ വല്ലാതെ പിണഞ്ഞുതുടങ്ങി. അവളുടെ കൈകൾ അയാളുടെ മുഖത്തിനിരുവശവും ഇറുകി. അയാളവളെ കൂസലന്യേ തന്റെ വയറിലേക്ക് എടുത്ത് കയറ്റി പിടിച്ചു.
അയാളുടെ ആരോഗ്യത്തിൽ മാത്രമാണ് താനിപ്പോൾ സ്വസ്ഥമായിരുന്നു ചുമ്പനം നടത്തുന്നതെന്നതവൾ മറന്നു. പരസ്പരം കൊതിയോടെ കാത്തിരുന്നെന്നകണക്കെ ചുണ്ടുകൾ പിന്നീടങ്ങോട്ട് കണക്കുതീർക്കുകയായിരുന്നു.
അല്പസമയം കഴിഞ്ഞുപോയതോടെ അവയിലൊരുനിമിഷം അവൾ തന്റെ ചുണ്ടുകളെ പിൻവലിച്ചു. തന്റെ കണ്ണുകൾ ബന്ധിച്ചിരിക്കുന്നത് മറന്ന് അവൾ അയാളുടെ മുഖം ലക്ഷ്യമാക്കി ശ്വാസം വലിച്ചുവിട്ടുകൊണ്ടിരുന്നു. അയാൾ പക്ഷെ എല്ലാം ഒരു ചെറുനിശ്വാസത്തിലൊതുക്കി.
അടുത്തനിമിഷം അരാമി തന്റെ കൈവീശി അയാളുടെ മുഖം ലക്ഷ്യമാക്കി ആഞ്ഞടിച്ചു -കൃത്യസ്ഥാനത്തത് കൊണ്ടു. അയാളുടെ കൈ അഴഞ്ഞു അവൾ താഴേക്ക് ഊർന്നുവീണു. അനക്കമില്ലാതെനിൽക്കുന്ന അയാളെ ലക്ഷ്യംവെച്ച് അവൾ ചാടിയെഴുന്നേറ്റു, തന്റെ കണ്ണുകളുടെ ബന്ധനമകറ്റാതെ. കാഴ്ച്ചവേണമെന്ന തിരിച്ചറിവുണ്ടായ അടുത്തനിമിഷം അവൾ തന്റെ കണ്ണുകളെ സ്വതന്ത്രമാക്കി. അപ്പോഴേക്കും നിലാവിന്റെ വെളിച്ചത്തിൽ അവൾ കണ്ടു -അയാളുടെ മുഖം വീണ്ടും മൂടപ്പെട്ടിരിക്കുന്നു. ഒരുനിമിഷം അയാളെനോക്കി, തോൽവി സമ്മതിക്കില്ലായെന്ന ഭാവത്തോടെ അവൾ ഉറക്കെ പറഞ്ഞു; “ഞാൻ തന്തയില്ലാത്തവളാടാ.. എന്നിൽനിന്നും
ഇതൊക്കെയേ വരൂ.. ഇതൊക്കെയേ ചെയ്യൂ ഞാൻ..
കേട്ടോടാ തെണ്ടീ..
കരണത്തടിക്കാൻ വന്നിരിക്കുന്നു.. എന്താ ഉദ്ദേശം നിന്റെ,,
എന്താ ലക്ഷ്യം നിന്റെ…
നിന്റെ അമ്മയെപ്പോയി അടിക്കെടാ നാറി..,,”
ഇത്രയും പറഞ്ഞുതീർന്നില്ല, അയാളുടെ കൈ അവളുടെ മുഖത്ത് ശക്തിയോടെ പതിച്ചു. ക്ഷണനേരം, അവൾ നിലത്തു ബോധമറ്റുവീണു. അയാളവളെ താങ്ങിയെടുത്ത് തോളിലിട്ട് ഹോസ്റ്റൽ ലക്ഷ്യമാക്കിയെന്നവണ്ണം നടന്നുതുടങ്ങി, ബൂട്ടമരുന്ന ഭീകരത പടർത്തി.

സമയം വൈകുന്നേരം 5 മണി
“ഊം?
എന്താടാ ഈ നേരത്ത്!?”
തന്റെ ഓഫീസ്മുറിയിൽ ഇരിക്കെ മദർ സുപ്പീരിയർ മറിയം ത്രേസിയ ഇങ്ങനെ, തനിക്കുവന്ന കോൾ എടുത്തശേഷം ചോദിച്ചു.
മറുപടിയായി ഒന്നുരണ്ടുനിമിഷം ഒന്നും മദറിന്റെ ചെവിയിലേക്ക് മൊബൈൽവഴി എത്തിയില്ല.
“അമ്മാ….”
അടുത്തനിമിഷം ഇങ്ങനെ അരാമിയുടെ സ്വരം മദറിലേക്ക് എത്തി.
“എന്തുപറ്റി, പറ നീ…
വല്ലപ്പോഴുമേ വിളിക്കൂ..
അതും ഞാൻ നിർബന്ധിച്ചാൽ മാത്രം!
ഇന്നിതിപ്പൊ എന്നാ പറ്റി…!?”
മറുപടിയെന്നവണ്ണം മദർ ഇങ്ങനെ പറഞ്ഞു.
“അമ്മാ, എനിക്ക് കുറച്ചു സംസാരിക്കണം അമ്മയോട്..
ഞാനങ്ങു വരുവാ..”
ഉടനടി, അരാമിയുടെ ഈ വാചകങ്ങൾക്ക് മറുപടിയായി മദർ പറഞ്ഞു;
“അതേയ്, പിന്നെ… എല്ലാം എടിപിടീന്ന് ഇട്ടേച്ചിങ്ങു
ഇപ്പോ പോരുവൊന്നും വേണ്ട….
നിന്നെ എനിക്കറിയാം നന്നായിട്ട്,,
വെറുതെ ഉള്ള ഭാവി കളയാൻ നിൽക്കരുത്..
ഒരുമാതിരി പിള്ളേരെപ്പോലെ,,”
ഒന്നുനിർത്തി വേഗം മദർ തുടർന്നു;
“നിർബന്ധമാണേൽ സമയംപോലെ ഞാൻ
അവിടേക്ക് വന്നു കാണാം നിന്നെ.”
ഉടനടി വന്നു അരാമിയുടെ മറുപടി;
“അയ്യോ…
അ… അതൊന്നും ശരിയാവില്ല അമ്മാ..
ഇത്‌ അങ്ങനെയൊന്നും..
സീരിയസ് ആയിട്ടുള്ള കാര്യമാ…”
മദർ സ്വല്പമൊന്നു നെറ്റിചുളുപ്പിച്ചു മറുപടി തുടങ്ങി;
“അതെന്താണെന്ന് ആദ്യമിങ്ങു പറ ഇപ്പോൾ,
ഞാൻ കേൾക്കട്ടെ, പരിഹാരം ഉണ്ടാക്കാം.
പറയാൻ ഭാവമില്ലേൽ ഫോൺ വെച്ചോ..”
ഇത്രയും പറഞ്ഞുനിർത്തി മദർ ഒരു കള്ളപ്പുഞ്ചിരി സ്വയം പ്രകടമാക്കി ചലനമറ്റതുപോലെ തന്റെ ചെയറിൽ നിവർന്നിരുന്നു.
ഒരുവിധേനെയെന്നപോലെയും നിവൃത്തിയില്ലായ്മ പ്രകടമാക്കിയും അരാമിയുടെ മറുപടി എത്തിത്തുടങ്ങി;
“അമ്മാ, എനിക്ക് എത്രയും പെട്ടെന്നൊരു കല്യാണം ആലോചിക്ക്..
കൃഷിക്കാരൻ ആയാലും സമ്മതമാ എനിക്ക്!
ഇതാണ്, ഇതാ എനിക്ക് പറയുവാനുള്ളത്!”
ഉടനെ മദർ മറുപടി നൽകി;
“ഇതല്ലേ കുറേ നാളായി നിന്നോട് ഞാൻ പറയുന്നത്.
നീയിങ്ങനെ പിള്ളേരെപ്പോലെ ചിണുങ്ങി നടക്കേണ്ട പ്രായമല്ല,
കെട്ടി അല്പം ഉത്തരവാദിത്വമൊക്കെ വന്നാലേ
പലതും പഠിക്കൂ നീ…”
ഒന്നുനിർത്തി മദർ തുടർന്നു;
“ഊം….
പിന്നേയ്, എന്താ ഇപ്പോൾ പെട്ടെന്നെന്റെ മോൾക്ക്
ഇങ്ങനെ തോന്നാൻ…”
സമനില തെറ്റിയതുപോലെയായി അരാമിയ്ക്ക്, എങ്കിലും ഒരു പാകതയിൽ നിലനിൽക്കുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ലെന്നവൾ പ്രകടമാക്കി പറഞ്ഞു;
“ഇത്രയുംകാലം അമ്മക്ക് എന്നെ പറഞ്ഞുവിടാത്തതിൽ
ആയിരുന്നു ബുദ്ധിമുട്ട്..
ഇപ്പോൾ ഞാനായിട്ട് ഇരട്ടസമ്മതം തന്നപ്പോൾ..
ഞാൻ വെക്കുവാ, വേണ്ട എനിക്ക്..”
മദർ പറഞ്ഞു;
“നിന്നെ എനിക്കല്ലെടീ നന്നായറിയൂ..
നിമിഷനേരം മതി സ്വഭാവം മാറാൻ പെണ്ണിന്..
ഊം…
പിന്നെ, കെട്ടിച്ചുവിടാം ഒരുകുഴപ്പവുമില്ല.
പക്ഷെ, എന്നെപ്പോലെ നിന്നെ അറിഞ്ഞു കൈകാര്യം
ചെയ്യുവാൻ പ്രാപ്തിയുള്ള ഒരുത്തന്റെ കയ്യിലേക്ക് വേണ്ടേ
ഏല്പിച്ചുവിടാൻ.
എന്റെ യേശുവേ,
ഞാൻ പറയുന്നില്ല…”
അരാമി മറുപടിയായി ഒന്നും പറഞ്ഞില്ല. ഒന്നുരണ്ടു നിമിഷങ്ങൾക്കുശേഷം മദർ പറഞ്ഞു;
“എടാ, നീയൊരു കാര്യം ചെയ്യ്..
ഞാൻ വിളിക്കാം നിന്നെ, അപ്പോൾ ഇങ്ങു പോര്..
നിന്നെ കെട്ടിച്ചിട്ടേ എനിക്കിനി ഉറക്കമുള്ളൂ.
എന്റെ മോള് ജീവിതത്തിൽ ആദ്യമായി ഒരു നല്ലകാര്യം
തീരുമാനിച്ചതല്ലേ..”
നിവൃത്തിയില്ലായ്മ പ്രകടമാക്കിയെന്നപോലെ അരാമിയൊന്ന് മൂളി.
മദർ ചോദിച്ചു;
“തീർന്നോടാ നിന്റെ സങ്കടം!?…”
എന്തോ തുടർന്നുപറയുവാൻ മദർ ശ്രമിച്ചതും അരാമിയിൽനിന്നും എന്തോ മറുപടി വന്നതും ഒപ്പമായസമയം ഓഫീസ് റൂമിനു വെളിയിൽനിന്നും ആരോ കോളിംഗ്ബെൽ മുഴക്കി, ഉടനെ മദർ ഡോറിലേക്ക് ശ്രദ്ധയൂന്നി പറഞ്ഞു;
“മോളേ, എനിക്കാരോ ഗസ്റ്റ്‌ ഉണ്ട്.
ഒന്ന് നോക്കീട്ട് വിളിക്കാം ഞാൻ.
ഞാനുണ്ട് കൂടെ നിന്റെ, ധൈര്യമായിട്ടിരിക്ക് എന്റെ മോള്.”
മദർ ധൃതിയിൽ ഇത്രയും പറഞ്ഞതും അരാമി കോൾ കട്ട്‌ ചെയ്തതും ഒപ്പമായിരുന്നു.
അവൾ ഫോൺ ചെവിയിൽനിന്നും താഴേക്ക് താഴ്ത്തിയപ്പോഴേക്കും അടുത്തായിരുന്നിരുന്ന ആരാധന ശരീരവേദനയിലൂന്നി ചോദിച്ചു;
“എന്താടീ അമ്മയുടെ തീരുമാനം…
ഞാൻ രക്ഷപ്പെടുമോ!?”
വേദനയുടെ ഭാരം മുഖത്തേന്തി ആരാധന ഇങ്ങനെ പറഞ്ഞതിൻപുറത്ത് അരാമി ഒരുനിമിഷം അവളെ തുറപ്പിച്ചു നോക്കിയിരുന്നു. സായാഹ്നത്തിന്റെ ചാരുതയിൽ ഒരുപാട് ആളുകൾ പലതരത്തിലും പലവിധത്തിലും അവരിരിക്കുന്ന കടൽക്കരയൊരു തിരക്കിലാഴ്ത്തിക്കൊണ്ടിരുന്നു.
“അമ്മ റെഡിയാക്കും…”
പല്ലിറുമ്മിക്കൊണ്ട് അരാമി ഇങ്ങനെ മറുപടി നൽകി.
“ഹൊഹ്.. ദേഹം മുഴുവൻ നല്ല വേദനയാ,
ഒരാവശ്യവുമില്ലായിരുന്നു.
ഗുണ്ടകളെ കൊണ്ടുവന്നശേഷം ഞാനൊന്ന് നന്നായി
ആലോചിക്കേണ്ടതായിരുന്നു..”
ഇങ്ങനെപറഞ്ഞു ഒന്നുനിർത്തി ആരാധന തുടർന്നു;
“.. ഹഹ്, എന്റെ ആത്മാർത്ഥ സുഹൃത്തായിപ്പോയില്ലേ..
വീണ്ടും അടുത്ത വയ്യാവേലിക്ക് ചുക്കാൻ പിടിച്ചുപോയി!
ഹമ്മോ…, തൃപ്തിയായി!
ഒരാഴ്ചത്തേക്ക് എടുത്തിരിക്കുന്ന ലീവുകൊണ്ട് ഈ വേദന മാറുമെന്ന്
യാതൊരു പ്രതീക്ഷയുമില്ല.
ഡോക്ടർ ആണെന്നുകൂടി ഓർക്കാൻ വരെ നാണംവന്നുതുടങ്ങി..”
അരാമി ദൂരേക്ക് എല്ലാം ശ്രവിച്ചുകൊണ്ട് കണ്ണുംനട്ടിരുന്നു. ആരാധന വിട്ടില്ല;
“എന്നാലും എനിക്കെങ്ങനെ തോന്നിയെടീ..
നീയുമായൊരു ലെസ്ബിയൻ ബന്ധം സ്രഷ്ട്ടിച്ചു
അയാളെ കുടുക്കുവാൻ നോക്കാൻ,
ഹൊഹ്, ഗുണ്ടകളെ അയാൾ ശരിയാക്കിവിട്ടു..
എന്നിട്ടും ഈ രണ്ടു തണുത്തവളുമാർക്ക് അയാളെ മര്യാദ പഠിപ്പിക്കാമെന്ന്
ഈശ്വരാ എനിക്കെങ്ങനെ തോന്നിയോ…!?”
ഒരിക്കൽക്കൂടി നിർത്തി ആരാധന തുടർന്നു;
“ഹാഹ്.. സ്വന്തം റൂമിൽ അയാളെ വിളിച്ചുവരുത്തി അടി
വാങ്ങിക്കുവാൻ നമുക്ക് യോഗം കാണുവായിരിക്കും!
ഹോ.. ഹ്, അല്ലേൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ!
റൂം.. ഇതുവരെ നേരെയാക്കാൻ പറ്റിയിട്ടില്ല..
എല്ലാം അയാൾ നമ്മളെ മുൻനിറുത്തി തലതിരിച്ചുകളഞ്ഞില്ലേ!
നല്ല മനുഷ്യൻ..
പിന്നെ, ഇരുചെവിയറിഞ്ഞില്ലേലും
ഹോസ്റ്റലിൽ ഉള്ളവർ പലതും
പറഞ്ഞും കേട്ടും അറിഞ്ഞും തുടങ്ങി!
സന്തോഷമായി!”
ഇത്രയുമായപ്പോഴേക്കും ആരാധനയ്ക്കായി അരാമി സ്വയമൊരു ദീർഘനിശ്വാസം പ്രകടമാക്കി. പിന്നീട് കുറച്ചുനിമിഷങ്ങൾ ഇരുവരും പരസ്പരം നോക്കാതെ വിദൂരതയിലേക്ക് കണ്ണുംനട്ടിരുന്നു- ആ കടൽക്കരയാകെ വിജനമാണെന്ന് സ്വയം ചിന്തിക്കുംവിധം.
“എല്ലാംകൊണ്ടും നല്ലത് നീയൊരു കല്യാണം കഴിക്കുന്നതുതന്നെയാ
എന്റെ അരാമി…
ഞാൻ അതിനുമിനി ചുക്കാൻ പിടിക്കാം.. ശ്രമിക്കാം.
ഹല്ലാതെ രക്ഷയില്ല.
ഇത്രയും സൗന്ദര്യവും സാമാനവുംകൊണ്ട് നടന്നിട്ട്
ഒരുത്തനെ വളച്ചെടുത്ത് യൂട്ടിലൈസ് ചെയ്‌തേലും
ജീവിക്കാതിരുന്നത് നിന്റെ തെറ്റ്..!”
പെട്ടെന്നിത്രയും പറഞ്ഞൊപ്പിച്ച് ഒന്നുനിർത്തി ആരാധന തുടർന്നു;
“വല്ല ചെറുക്കനെയും പ്രേമിച്ചു സുഖമായിട്ട്
അവനെ കെട്ടി ജീവിക്കാനുള്ളതിന്..
… എന്നെ കണ്ടുപഠിക്കെടീ നീ,,”
ഇത്രയും പറഞ്ഞ ആവേശത്തിൽ ശരീരവേദന ഇളകിയപ്പോൾ മുഖം കോച്ചിപ്പോയി ആരാധന. അരാമിയാകട്ടെ ഒരിക്കൽക്കൂടി തന്റെ സുഹൃത്തിനെനോക്കി മുഖംകൂർപ്പിച്ചു. ഒന്നുരണ്ടു നിമിഷങ്ങൾക്കുശേഷം പറഞ്ഞു, ഗൗരവത്തിൽ; “മതി, ഒന്ന് നിർത്തി താ.
ഞാൻ കെട്ടാൻതന്നെയാ ഉദ്ദേശം!
പോരെ!?”
മറുപടിയായി എന്തോ സംശയം പ്രകടമാക്കുവാൻ തുടങ്ങവെ ആരാധനയെ, അവശത പിടികൂടി അലസയാക്കിക്കളഞ്ഞു. അവളാകെയൊരു വല്ലായ്മ പ്രകടമാക്കി അതിലും അസംതൃപ്തയായവിധം അരാമിയ്ക്കരുകിലായി ഇരുന്നു. ഇരുവരും, നേരം ഇരുട്ടുംവരെ നിശ്ചലമായി അവിടെ ഇരുകണ്ണുകളും മുന്നോട്ട് നട്ടിരുന്നു. ഇടയ്ക്കെപ്പോഴോ ഒരുനേരം അരാമി പറഞ്ഞു;
“വാടീ, എഴുന്നേറ്റ് വാ..
സമയം എന്തായെന്നാ…”
ആരാധന മറുപടിയില്ലാതെ എഴുന്നേറ്റു.

സമയം വൈകുന്നേരം 6 മണി
തന്റെ മുന്നിലിരിക്കുന്ന യുവാവിന്റെ നിർമലത തോന്നിക്കുന്ന ചിരിയിൽ കണ്ണുംനട്ട് അൽപനേരം മദർ മറിയം ത്രേസ്യ ഇരുന്നുപോയി.
“എനിക്കിതങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല..
പക്ഷെ..
പക്ഷെ, മോൻ പറയുന്നതെല്ലാം എനിക്ക് വിശ്വാസമാണ്!”
തലയനക്കി ഇങ്ങനെ പറഞ്ഞു മദർ അത്ഭുതം പ്രകടമാക്കി.
“കുറച്ചധികം വർഷങ്ങളായി ഞങ്ങൾ ഇഷ്ടത്തിലായിട്ട്..
കൃത്യമായി പറയുന്നേൽ അവൾക്ക് എല്ലാമൊരു വാശിയാണ്.
വാശിയോടെയേ എന്തും ചെയ്യൂ.. പറയൂ..
ചില സമയങ്ങളിൽ അവളുടെ പെരുമാറ്റം ഒരു മനസികരോഗിയെപ്പോലെയാണ്!”
യുവാവ് പുഞ്ചിരി വിടാതെ ഇങ്ങനെ പറഞ്ഞു, തിളക്കമാർന്ന മിഴികളോടെ!
“പക്ഷെ..
അവള്..
ശരിയാ പറഞ്ഞത്!”
അത്ഭുതം വിടാതെ മദർ പറഞ്ഞൊപ്പിച്ചുകൊടുത്തു.
“ഞങ്ങൾ സംസാരിക്കുന്ന സമയം,
വാശിവരുന്ന സമയത്ത് അവൾ എന്തെങ്കിലുമൊരു കാര്യം
ചെയ്യുമെന്ന് തറപ്പിച്ചു പറയുകയും
ആ പറച്ചിലിൽനിന്നുകൂടി ഉണ്ടാകുന്ന മറ്റൊരു വാശിക്ക്
അവ ചെയ്തുകൂട്ടുവാൻ ഇറങ്ങിപ്പുറപ്പെടുകയും ചെയ്യും.”
യുവാവിന്റെ വാചകങ്ങൾ മദറിന് കേൾക്കുന്നതിനൊപ്പം അമ്പരപ്പ് പ്രകടമാക്കുവാനല്ലാതെ മറ്റൊന്നിനും ഉപകരിച്ചില്ല.
അയാൾ തുടർന്നു;
“.. പക്ഷെ, ഞാൻ അവളെ മനസ്സാലെ ഒരിയ്ക്കലും
കുറ്റപ്പെടുത്തില്ല.
അവളെ ഞാൻ സ്നേഹിക്കുവാൻ തുടങ്ങിയ നിമിഷംമുതൽ
അവളുടെ എല്ലാ കാര്യങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്വം
എനിക്കാണ് എന്നുഞാൻ വിശ്വസിക്കുന്നു.
കാരണം, സ്നേഹത്തേക്കാളും വിശ്വാസത്തെക്കാളും
വലുതല്ലല്ലോ ഒന്നും..
ഇവയ്ക്ക് രണ്ടിനും ലോകത്തിൽ പകരമായി മറ്റൊന്നും
ഇല്ലതാനും!”
ഒന്ന് നിർത്തിയശേഷം അയാൾ വീണ്ടും തുടർന്നു;
“ഞാൻ പറഞ്ഞില്ലേ മദർ, എല്ലാ ദിവസവും
സംസാരിക്കുമ്പോഴും ഫോൺ വിളിക്കുമ്പോഴുമൊക്കെ
വാശിയോടെ ഓരോന്ന് പറയും എന്നോട്. അതിലെ കഴമ്പില്ലായ്മ
മനസ്സിലാക്കിയുള്ള, എന്റെ വാക്കുകൾ ഇല്ലാത്ത അല്ലെങ്കിൽ
ഞാൻ സ്വയമറിയാത്ത എന്റെ മറുപടികൾപോലും
തിരിച്ചറിഞ്ഞു അവൾ വാശിക്ക് ഇറങ്ങി പുറപ്പെടും.
അവൾക്ക്, വരുന്ന വാശിയും ദേഷ്യവും തീർക്കണം.”
വീണ്ടുമൊരിക്കൽക്കൂടി നിർത്തിയശേഷം യുവാവ് തുടർന്നു;
“ഞാൻ ആലോചിക്കുമ്പോൾ..
ഇതൊക്കെ തലയിൽവെക്കാൻ അവൾക്കാരാ ഉള്ളത്!
അവളോടൊപ്പം ഞാൻ നിന്നില്ലെങ്കിൽ….”
ഇത്രയുമായപ്പോഴേക്കും മദറിന് വല്ലാത്ത സന്തോഷമായി. യുവാവിനെ വീണ്ടും കേൾക്കുവാനായി അവർ നോക്കിയിരുന്നു.
“അത്യാവശ്യം ആയോധനകല ചെറുപ്പത്തിലേ ശീലമാണ്,
പിന്നൊരു മിലട്ടറിക്കാരനും!
ഇവ രണ്ടും എന്നിൽ സമ്മേളിച്ചിരിക്കുന്നതിനാലുള്ള പയറ്റാണ് ഇവിടെവരെ
ഈ കാര്യത്തിൽ എന്നെ എത്തിച്ചത്, കുറച്ചു ഭാഗ്യവും.
ദേഷ്യവും വിഷമവും മടുപ്പും അവളുടെ പ്രവർത്തികൾ
സമ്മാനിക്കുമ്പോൾ -അവയെല്ലാം എന്റെ മനസ്സിൽ കൂടിച്ചേർന്ന്
പുറത്തുവരുന്നത് അവളോടുള്ള സ്നേഹവും ചുണ്ടിൽ
വിരിയുന്നൊരു പുഞ്ചിരിയുമായാണ് അമ്മേ.”
അവന്റെ ഈ വാചകങ്ങൾക്ക് മദർ സന്തോഷത്തോടെ മറുപടി തുടങ്ങി;
“എനിക്കെല്ലാം വിശ്വാസമാണ്.. അവളെനിക്കെന്റെ
മകളാണ്,
ഇനിയിപ്പമൊരു മകനുംകൂടിയാകട്ടെ!
മോനെ ദൈവമായിട്ട് എനിക്ക് തന്നതാ, അവൾക്കായി.
എന്താ ഇപ്പോൾ പറയുകയെന്ന് എനിക്ക് അറിയില്ല…”
ഇത്രയും പറഞ്ഞു ഒരുവിധമെന്നപോലെ മദർ ഇരുന്നു.
അവൻ ഉടൻ പറഞ്ഞു;
“എന്റെ ലീവ്, അമ്മേ ഏകദേശം കഴിയാറായി.
എനിക്കവളെ വിവാഹം ചെയ്തുകൊള്ളാമെന്ന് ആഗ്രഹം ഉണ്ട്.
അതിനായിട്ടാ ഞാൻ അമ്മയെ കാണുവാൻ
ഇവിടെ ഇപ്പോൾ വന്നത്.
ബാക്കി കാര്യങ്ങളെല്ലാം എനിക്ക് കൈകാര്യംചെയ്തു
ഇപ്പോൾ ശീലമായി..”
വാചകങ്ങൾ അവസാനിക്കുമ്പോഴേക്കും ഒരു കള്ളപ്പുഞ്ചിരി അവന്റെ മുഖത്തുനിന്നും പൊഴിഞ്ഞുവീണു.
മദറാകട്ടെ, സന്തോഷത്തോടെ അവനെ നോക്കിയിരുന്നു. ചിരിയോടെ അവനും അമ്മയുടെ മുൻപിൽ ഇരുന്നു.
_പതിവ്‌സായാഹ്നങ്ങളിൽ വരാറുള്ള, കടൽക്കരയിലെ പരന്നുനീണ്ടുകിടക്കുന്ന മതിലിൽ ഇരിക്കുകയായിരുന്നു അരാമി. പാകതയോടെയെന്നപോലെ അവൾ, മറയുവാൻ തുടങ്ങുന്ന സൂര്യനെ നോക്കിയിരുന്നപ്പോൾ ഒരു സ്വരം തേടിയെത്തി.
“അമ്മ നിന്നെ വിളിക്കുന്നുണ്ട്..
കൂട്ടിക്കൊണ്ട് പോകാൻ പറഞ്ഞെന്നെ അയച്ചതാ,,
ഇപ്പോൾ വിളിച്ചുകാണുമല്ലോ നിന്നെ,,”
സ്വരം കേട്ടിടത്തേക്ക് അവൾ നോക്കി- കറുത്ത വേഷധാരി, എന്നാൽ മുഖം മാത്രം ആർക്കുമറിയാത്ത തന്റെ രഹസ്യകാമുകന്റെ!
അവൾ ചാടിയെഴുന്നേറ്റുപോയി, ഹൃദയമിടിപ്പോടെ. അടുത്തനിമിഷം അവനുടൻ തന്റെ കയ്യിലെ, മുഖം മറയ്ക്കുവാൻ ഉപയോഗിക്കുന്ന കറുത്ത തുണി വലിച്ചെറിഞ്ഞുവിട്ടു. ആ നിമിഷം തന്റെ മുഖത്ത് സ്ഥിരമായി പ്രഹരമേൽക്കുന്നഭാഗം അറിയാതെ തടവിപ്പോയി അരാമി- അവനെ നോക്കിനിന്ന്. കുറച്ചുനിമിഷം അവരങ്ങനെ പരസ്പരം നോക്കിനിന്നു.
അടുത്തനിമിഷം അവൻ അവളുടെ കയ്യിൽ ചാടിക്കയറിപിടിച്ച് തിരിഞ്ഞുനടക്കുവാനാഞ്ഞു- അവളാകട്ടെ, അവനെനോക്കിത്തന്നെ ബലംപിടിച്ചവിടെ നിൽക്കുവാനും. അവനുടനെ തിരിഞ്ഞ് ഒരുനിമിഷം, കൈവിടാതെതന്നെ അവളെ നോക്കിനിന്നു.
അടുത്തനിമിഷം, പരിസരം ഗൗനിക്കാതെ അവനവളെ വലിച്ചടുപ്പിച്ച് ചേർത്തിറുക്കി ഇരുകവിളിലും ചുംബിച്ചു- അടുത്തനിമിഷം അവളെ പിടിവിട്ടു. അവൾ ശ്വാസംവലിച്ചു കണ്ണുകൾ മിഴിച്ച് അവനെനോക്കി നിന്നുപോയി.
അവനവളെ തന്നോടുചേർത്തുപിടിച്ചു തിരിഞ്ഞുനടന്നുതുടങ്ങി.
“മുയൽക്കുഞ്ഞിനെപ്പോലെ എന്നത് പോകട്ടെ,
നീയീ
കോഴിക്കുഞ്ഞുങ്ങളെപ്പോലെ ആകുവാൻ തുടങ്ങിയാൽ…”
ഒന്നുനിർത്തിയശേഷം അവൻ മുഴുമിപ്പിച്ചു;
“…എങ്ങനെയാടീ മാലൂ ശരിയാവുക!?”
മറുപടിയായി അവൾ കുറുമ്പ് മുഖത്തുവരുത്തി പറഞ്ഞു;
“ഒന്നുപോടാ നീ ഇച്ചായാ…”
അവനൊന്നു ചിരിച്ചു, പുഞ്ചിരി അവളും തൂകി. സായാഹ്നത്തിലെ, കടൽക്കരയുടെ തിരക്കിൽനിന്നുമെല്ലാം ഒഴിയുവാനെന്നവണ്ണം അവർ മെല്ലെ ചേർന്ന് നടന്നുതുടങ്ങി.
“എന്താടീ വല്ലാത്തൊരു സന്തോഷം നിനക്ക്!?”
ഒരുവേള അവനിങ്ങനെ ചോദിച്ചു.
“അല്ല, ഇനിയെനിക്ക് ധൈര്യമായി പകരം വീട്ടാമല്ലോ
എന്നോർത്തതാ…
ഊം നടക്ക്..”
അവൾക്ക് മറുപടിയായി, അവൻ തുറിച്ചവളെ നോക്കി- പുഞ്ചിരിയോടെ.

THE END
STORY BY HIBON CHACKO

 

ഹിബോൺ ചാക്കോന്റെ മറ്റു നോവലുകൾ

THE PHYSICIAN ദ ഫിസിഷൻ

ദി ഓപ്പറേറ്റർ | THE OPERATOR

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക


Malayalam Story: THE OPERATOR Story by HIBON CHACKO – Aksharathalukal Online Malayalam Story

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!