Skip to content

നാഗമാണിക്യം 2 – നീലമിഴികൾ 27

Online Malayalam Novel Neelamizhikal

ആ സ്ത്രീ രൂപം നാഗത്താൻ കാവിനുള്ളിൽ കയറിയിട്ടും ഭദ്ര അങ്ങനെ തന്നെ നിന്നു..

പൊടുന്നനെയാണ് ജാലകത്തിനപ്പുറത്തു നിന്നും ഉഗ്രമായൊരു സീൽക്കാരം ഭദ്രയുടെ കാതുകളിൽ എത്തിയത്.. പെട്ടെന്നുണ്ടായ ഉൾപ്രേരണയിൽ  ഭദ്ര വാതിൽ പാളി വലിച്ചടച്ചതും ഒരുമിച്ചായിരുന്നു.. ജാലകത്തിനു കീഴെ ഇഴഞ്ഞെത്തിയിരുന്ന വലിയ കറുത്ത നാഗം ഇച്ഛാഭംഗത്തോടെ വീണ്ടും ഉഗ്രമായി ചീറ്റി..

പിന്നെ പതിയെ അത് കാവിലേക്ക് ഇഴഞ്ഞു നീങ്ങുമ്പോഴും അവിടമാകെ പാലപ്പൂമണം നിറഞ്ഞു നിന്നിരുന്നു..

തെല്ലും ധൃതിയില്ലാതെ ഇഴഞ്ഞു നീങ്ങിയ അതിന്റെ ലക്ഷ്യം കാവിൽ തനിക്കായി കാത്തിരിക്കുന്ന ആ സ്ത്രീരൂപമായിരുന്നു..

മുറിയിൽ ഭദ്ര അപ്പോഴും ചുമരിൽ ചാരി നെഞ്ചിൽ കൈ വെച്ചു നിൽപ്പായിരുന്നു..

ഒരു നിമിഷം വൈകിയിരുന്നെങ്കിൽ..

ജനൽപ്പാളി കൊളുത്തിടാൻ മറന്നതാവണം..

കാവിലേക്കിറങ്ങി പോയ ആ സ്ത്രീയുടെ നടത്തം അവൾക്ക് എവിടെയോ കണ്ടു മറന്നത് പോലെ തോന്നിയിരുന്നു.. എന്തോ ഒരു പ്രത്യേകത ആ പെണ്ണിനുണ്ട്…എന്നാലും അത് ആരാവും..?

########### ######## #############

ഏറെ നേരമായി കാറിൽ നിറഞ്ഞ നിശബ്ദതയ്ക്കൊടുവിലാണ് അനന്തൻ പതിയെ പറഞ്ഞത്..

“പത്മാ നാഗകാളിമഠത്തിൽ നമ്മളെ കാത്ത് പുതിയ രണ്ടതിഥികൾ കൂടെയുണ്ട്..”

പത്മ ചോദ്യഭാവത്തിൽ അനന്തന് നേരെ തല ചെരിച്ചു..

“അവിടെ അമലയും നന്ദനയും വന്നിട്ടുണ്ട്..”

പതിഞ്ഞ ശബ്ദത്തിൽ അനന്തൻ പറഞ്ഞതും നിമിനേരം കൊണ്ടാണ് പത്മയുടെ മുഖഭാവം മാറിയത്..

“എന്തിന്..? എന്തിനാണവർ വീണ്ടും വന്നത്.. അനന്തേട്ടന് വേണമെങ്കിൽ അങ്ങോട്ട്‌ ചെന്നു കാണാമായിരുന്നില്ല്യേ ..?”

പത്മയുടെ മുന വെച്ച ചോദ്യം അനന്തന്റെ ഉള്ളിൽ തറയ്ക്കുന്നുണ്ടായിരുന്നു..

“പത്മാ.. പ്ലീസ്.. ഞാൻ പറയുന്നത് താനൊന്ന് കേൾക്ക്..”

പത്മ കൈയെടുത്ത് വിലക്കികൊണ്ടു പറഞ്ഞു..

“അനന്തേട്ടാ മതി.. ഇനിയും സുഹൃത്ബന്ധത്തിന്റെയും കടപ്പാടിന്റെയും കഥകൾ പറഞ്ഞാൽ ഞാൻ നില വിട്ടെന്തെങ്കിലും പറഞ്ഞു പോവും..”

അവളുടെ മുഖത്തെ കല്ലിച്ച ഭാവം കണ്ടതും അനന്തൻ പറയാൻ വന്നത് വിഴുങ്ങി..

പിന്നെയും ഏറെ കഴിഞ്ഞാണ് തുടങ്ങിയത്..

“പത്മാ.. തനിക്കറിയാം.. താൻ കഴിഞ്ഞേ എനിക്ക് മാറ്റാരുമുള്ളൂ.. അമല എന്റെ സുഹൃത്തിന്റെ ഭാര്യ മാത്രമാണ്..  ഒരു ആപത്തു സമയത്ത് അവരെ കൈവിടാൻ തോന്നിയില്ല.. അത് സത്യമാണ്… അമലയ്ക്ക് എന്നോടുള്ള താല്പര്യത്തിനു മറ്റൊരു അർത്ഥമുണ്ടെന്നു താൻ പല തവണ പറഞ്ഞിട്ടും ഞാനത് കാര്യമാക്കിയില്ലയെന്നതും നേര്..”

പത്മയുടെ മുഖം കനത്തു തന്നെയിരുന്നു.. അവൾ പുറത്തേക്ക് നോക്കിയിരുന്നു..

“ഞാൻ മറ്റൊന്നും ചോദിച്ചില്ല്യാ .. ഞാൻ താമസിക്കുന്നയിടത്തേക്ക് അവളെ വീണ്ടും വിളിച്ചു വരുത്തിയതിന്റെ ഉദ്ദേശം എന്താണെന്നെ അറിയേണ്ടൂ..?”

“അമലയെ ഞാൻ വിളിച്ചിട്ടില്ല.. ഞാൻ നാട്ടിലേക്ക് വന്നത് പോലും അവളോട് പറഞ്ഞിട്ടുമില്ല..”

“അതെന്ത് പറ്റി..?”

പത്മയുടെ ചോദ്യത്തിലെ  പരിഹാസം തിരിച്ചറിഞ്ഞിട്ടും ശാന്തമായാണ് അനന്തൻ മറുപടി പറഞ്ഞത്..

“വൈകിയാണെങ്കിലും തന്റെ സംശയം ശരിയാണെന്നു എനിക്ക് തോന്നി..”

പത്മ തെല്ല് അമ്പരപ്പോടെയാണ് അനന്തനെ നോക്കിയത്..

“അനിയത്തിയെ പോലെ കണ്ടവളുടെ മനസ്സിൽ മറ്റെന്തോ ഉണ്ടെന്ന് തോന്നിയെങ്കിൽ അതിന് പരിഹാരം കാണണ്ടേ പത്മാ.. വേണം.. തീർച്ചയായും വേണം..”

അനന്തന്റെ ശബ്ദം വല്ലാതെ മുറുകിയിരുന്നു..

“നമുക്കിടയിൽ കരിനിഴലാവാൻ ആരെയും ഇനി ഞാൻ അനുവദിക്കില്ല പത്മാ.. അതിന് എന്ത് വില കൊടുക്കേണ്ടി വന്നാലും.. മനുഷ്യനല്ലേ.. തെറ്റുകൾ പറ്റാം…”

പത്മ അനന്തനെ തന്നെ നോക്കിയിരിക്കുകയായിരുന്നു..

എന്തൊക്കെ സംഭവിച്ചാലും  ഈ മനുഷ്യനോട് പിണക്കം ഭാവിക്കാനല്ലാതെ പിണങ്ങാൻ കഴിയില്ല.. ഉള്ളിലെ സ്നേഹം ഒരു തരി പോലും കുറയില്ല.. എത്ര ശ്രെമിച്ചാലും.. അത്ര മേൽ പതിഞ്ഞു പോയി.. ആത്മാവിൽ.. അതുകൊണ്ട് തന്നെയാണ് നിസ്സാരമായി തോന്നിയേക്കാവുന്ന ഒരു കാരണത്തിന് മനസ്സ് വല്ലാതെ മുറിപ്പെട്ടു പോയത്..

കാരണം എന്തായാലും,താനറിയാതെ മറ്റൊരാളുമായി അനന്തേട്ടൻ ഒരു രഹസ്യം പങ്കു വെച്ചുവെന്ന ചിന്ത ഇപ്പോഴും മനസ്സിൽ എവിടെയൊക്കെയോ അസ്വസ്ഥത പടർത്തുന്നുണ്ട്..

പത്മ അനന്തനെ തന്നെ നോക്കിയിരുന്നത് കണ്ടാവാം അയാൾ പതിയെ തല ചെരിച്ചൊന്നു നോക്കി.. പുരികം മുകളിലേക്കുയർത്തി എന്തെന്ന് ചോദിച്ചെങ്കിലും പത്മ ഒന്നുമില്ലെന്ന് തലയാട്ടി.. അവളെ നോക്കി കണ്ണുകൾ ചിമ്മികാണിച്ചു അനന്തൻ ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ചു..

പുറമെ കാണിച്ചില്ലെങ്കിലും നാലു ചുറ്റുനിന്നും വന്നു പൊതിയുന്ന പ്രശ്നങ്ങൾ അനന്തനെ നന്നായി അലട്ടുന്നുണ്ടെന്ന് പത്മ അറിയുന്നുണ്ടായിരുന്നു..

കാളിയാർമഠത്തിലെ പ്രശ്നങ്ങൾ ചെറുതല്ലെന്നറിയാം.. അതിനൊപ്പം സൂര്യനാരായണനും രുദ്രയും .. ഇപ്പോൾ അമലയും മകളും.. പിന്നെ താനും….

പതിവ് പോലെ ആ പുഞ്ചിരി മായാതെ മുഖത്തുണ്ടെങ്കിലും ആ മനസ്സ് അസ്വസ്ഥമാണ്‌..

പത്മ പതിയെ കൈ അനന്തന്റെ ഇടതു കൈപ്പടത്തോട് ചേർത്തു വെച്ചു.. ആദ്യം അതിശയത്തോടെ നോക്കിയ ആളുടെ മുഖത്ത് വീണ്ടുമൊരു പുഞ്ചിരി തെളിയുന്നത് കണ്ടു..

“സൂര്യൻ.. സൂര്യനൊരു പ്രശ്നക്കാരനാവുമോ അനന്തേട്ടാ.. എനിക്കെന്തോ രുദ്രയെ ആലോചിക്കുമ്പോൾ പേടി തോന്നുന്നു…”

“അറിയില്ല പത്മാ.. നമ്മുടെ ശ്രെദ്ധക്കുറവ് കൊണ്ടു സംഭവിച്ചതാണ്.. രുദ്രയുടെ ഇഷ്ടം.. അതെന്തു തന്നെയായാലും ഞാനും കൂടെ നിന്നേനെ.. പക്ഷെ…”

“വാഴൂരില്ലവുമായുള്ള ബന്ധം  ശ്രീയോട് പോലും പറയാതെ സൂര്യൻ മറച്ചു വെച്ചുവെങ്കിൽ അതിലെന്തോ കാര്യമുണ്ടെന്നു എനിക്കും തോന്നുന്നു അനന്തേട്ടാ..”

“താനിങ്ങനെ ആലോചിച്ചു വിഷമിക്കാതെ.. ആദ്യം അവിടെ എത്തട്ടെ.. നമുക്ക് രുദ്രയുമായി സംസാരിക്കാം..”

“ഉം..”

“നമുക്ക് നോക്കാടോ.. ഞാനില്ലേ..”

അനന്തൻ അവളുടെ കൈയിൽ പതിയെ ഒന്നമർത്തി…

അത്  മതിയായിരുന്നു പത്മയുടെ മനസ്സിന്…

############ ######### ##########!

രാവിലെ ഭദ്ര കുളിയൊക്കെ കഴിഞ്ഞു ചെന്നു പെട്ടത് ഗോവണിപ്പടികൾ ഇറങ്ങി വരുന്ന ആദിത്യനു മുൻപിലായിരുന്നു..ഭദ്രയ്ക്ക് തിരിഞ്ഞോടാൻ കഴിയുന്നതിനു മുൻപേ അവൾ ആ കൈപ്പിടിയിൽ ഒതുങ്ങിപ്പോയിരുന്നു.. വലിച്ചു നിർത്തിയത് ഗോവണിയ്ക്ക് ചുവട്ടിലേയ്ക്കായിരുന്നു.. ഭദ്ര കുതറിമാറാൻ ശ്രെമിച്ചുവെങ്കിലും  അനങ്ങാൻ പോലും പറ്റാത്ത വിധത്തിൽ  രണ്ടു കൈകളും ആദിത്യൻ കൂട്ടിപിടിച്ചിരുന്നു..

“എന്താടി.. ഇപ്പോൾ നിന്റെ ശൗര്യമൊക്കെ എവിടെപ്പോയി.. ഇന്നലെ രാത്രിയിൽ മാസ്സ് ഡയലോഗ് ഒക്കെ അടിച്ചു എന്റെ താടിയിൽ പിടിച്ചു വലിച്ചു ഓടിയതല്ലേ.. എന്നിട്ടിപ്പോൾ നനഞ്ഞ കോഴിയെ പോലെ നിൽക്കുന്നതെന്ത്?”

പെട്ടുവെന്ന് ഉറപ്പായത് കൊണ്ടു ഭദ്ര ഒന്നും മിണ്ടിയില്ല.. എന്തേലും പറഞ്ഞാൽ കാലമാടൻ പിടിച്ചു ഭിത്തിയേൽ തറക്കും.. ഇന്നലെ രാത്രിയിൽ അതുക്കൂട്ട് പണിയായിരുന്നു ഒപ്പിച്ചത്..

“എന്താടി പുല്ലേ.. നിന്റെ നാവിറങ്ങിപ്പോയോ..?”

ഭദ്ര അപ്പോഴും മിണ്ടാതെ നിൽക്കുകയായിരുന്നു..

“മുഖത്തോട്ട് നോക്കെടി..”

“ഞാൻ വെറുതെ.. ഒരു തമാശയ്ക്ക്..”

ഭദ്ര മുഖമുയർത്താതെ മെല്ലെ പറഞ്ഞു..

“ഓ.. തമാശ.. എന്നാൽ ചേട്ടൻ വേറൊരു തമാശ കാണിച്ചു തരാം..”

ആദിത്യൻ ഒന്നും കൂടെ ചേർന്നു നിന്നതും ഭദ്രയുടെ വെപ്രാളം കൂടി..

“ആദിയേട്ടാ.. ദേ.. ദേണ്ടെ.. അമ്മ… ദേവിയമ്മ വരണൂ..”

അവന്റെ ചുമലിന് മുകളിൽ കൂടെ നോക്കി അവനെ തള്ളി മാറ്റാൻ ശ്രെമിച്ചു കൊണ്ടു ഭദ്ര പറഞ്ഞു..

ആദിത്യന്റെ ആക്കിച്ചിരി കണ്ടപ്പോൾ തന്നെ ഏറ്റില്ലെന്ന് അവൾക്ക് മനസ്സിലായിരുന്നു.. ചുമ്മാ ഒന്നെറിഞ്ഞു നോക്കിയതാണ്..

“അമ്മ വന്നാലെന്ത്.. നീയിപ്പോൾ എന്റെ ഭാര്യയല്ലേ.. ഉം..?”

ഭദ്ര ഒന്നും മിണ്ടിയില്ല..

“പിന്നെ അമ്മ നമ്മളെ കാണണമെങ്കിൽ ദേ ഇവിടെ വന്നു നോക്കണം..അത് കൊണ്ടു അതോർത്ത് എന്റെ ഭാര്യ പേടിക്കണ്ട..”

ഭദ്ര വെറുതെയൊന്നു ചിരിച്ചു കാട്ടി.. ഒരു കാര്യോമില്ല..

“ഇന്നലെ നീയെന്താ ചെയ്‌തെന്ന് ഓർമ്മയുണ്ടോ..?”

അതേ ആക്കിച്ചിരിയോടെ തന്നെയാണ് ആദിത്യൻ ചോദിച്ചത്..

ഭദ്ര മറുപടി പറഞ്ഞില്ല..

“ഉണ്ടോടി..”

ശബ്ദം തെല്ലുയർന്നതും ഭദ്ര പതിയെ മൂളി..

” ഉം.. “

“എന്നാൽ പറയ്..”

“അത്.. കടിച്ചു…”

“എവിടെ..?”

ഭദ്ര മിണ്ടിയില്ല..

“ഉം..?”

ആദിത്യൻ മുഖം അടുപ്പിച്ചതും അവൾ വെപ്രാളത്തോടെ പറഞ്ഞു..

“കവി.. കവിളിൽ…”

പതിഞ്ഞ ചിരി ഭദ്രയുടെ കാതിൽ പതിച്ചു..

“പിന്നെ…?”

!!!!!!! ############ ###########!!!!!!!

ഭദ്രയുടെ മനസ്സിൽ ആ രംഗം തെളിഞ്ഞു.. രാത്രി കിടക്കാനായി റൂമിൽ കയറി വാതിൽ അടയ്ക്കാൻ തുടങ്ങുമ്പോഴാണ് ആദിത്യൻ അവളുടെ മുറിയുടെ മുൻപിലൂടെ മുകളിലേക്ക് പോവുന്നത് കണ്ടത്..

“ആദിയേട്ടാ,.?”

ആദിത്യൻ തിരിഞ്ഞു നിന്നു..

“എന്തു പറ്റിയെടോ..?”

“അത്..”

ഭദ്ര അരികിലെത്തി പൊടുന്നനെ അവന്റെ നെഞ്ചിൽ ചേർന്നു നിന്നു.. ആദിത്യൻ ഒന്നു ഞെട്ടിയെങ്കിലും അത് പുറത്ത് കാണിച്ചില്ല..

“എന്താടി.. ഒരു ശൃംഗാരം… ഉം..?

ഭദ്ര പതിയെ മുഖത്ത് നാണം വരുത്തി കൊണ്ടു ആദിത്യന്റെ ഷർട്ടിന്റെ ബട്ടണിൽ തെരുപ്പിടിച്ചു..

“അത്.. അത്.. ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌..”

അവളുടെ അഭിനയം കണ്ടു ചിരി വന്നെങ്കിലും അതടക്കിപ്പിടിച്ചു കൊണ്ടു ആദിത്യൻ ചോദിച്ചു..

“അതിന്..?”

“ആദിയേട്ടൻ ഒന്ന് കണ്ണടച്ചേ..”

“എന്തിനാ..?”

മുഖമുയർത്താതെ അപ്പോഴും ബട്ടണൻസിൽ പിടിച്ചു കൊണ്ടിരിക്കുന്ന അവളെ സംശയത്തോടെ ഒന്ന് നോക്കികൊണ്ടു ആദിത്യൻ ചോദിച്ചു.. മുഖം നിറയെ നാണമാണ്..

“അടക്ക് ആദിയേട്ടാ..”

ഭദ്ര ചിണുങ്ങി കൊണ്ടു പറഞ്ഞതും ആദിത്യൻ ഒന്നിരുത്തിമൂളി കൊണ്ടു വിശ്വാസം വരാതെ മെല്ലെ കണ്ണടച്ചു നിന്നു.. ഭദ്രയുടെ കാലുകൾ തെല്ലുയർന്നതും  ഇടം കവിളിൽ ആ അധരങ്ങൾ ലോലമായി അമരാൻ തുടങ്ങിയതും ആദിത്യനിൽ ഒരു പുഞ്ചിരി തെളിഞ്ഞു.. ഭദ്രയെ ചേർത്ത് പിടിക്കാൻ തുടങ്ങിയ നിമിഷം..

പ്രതീക്ഷിക്കാതെ അവൾ കവിളിൽ ആഞ്ഞു കടിച്ചു.. നന്നായി വേദനിച്ചെങ്കിലും ആദിത്യൻ ശബ്ദിക്കാനാവാതെ നിന്നുപോയി..

ആദിത്യന്റെ തലയിലെ, കുരുവി മുതൽ പരുന്ത് വരെ കൂട് വിട്ടു പോയി..പറന്നു പോയ കിളികളുടെ എണ്ണം പോലും അറിയാതെ നിൽക്കുമ്പോഴാണ് ഭദ്ര താടിയിൽ പിടിച്ചു വലിച്ചത്..

“അപ്പോൾ  ഹാപ്പി ഫസ്റ്റ് നൈറ്റ്‌ മിസ്റ്റർ ഹസ്ബൻഡ്…”

“ഡീ..”

ആദിത്യൻ സ്വബോധത്തിലെത്തുന്നതിനു മുൻപേ ഭദ്ര മുറിയിൽ ചാടിക്കേറി വാതിൽ അടച്ചു കഴിഞ്ഞിരുന്നു..

!!!!!!!!  ########## ########### !!!!!!!!!

“പിന്നെ എന്താടി ചെയ്തത്..”

ഭദ്ര ഞെട്ടി..

“അത് പിന്നെ.. താടിയിൽ പിടിച്ചു വലിച്ചു..”

“ഓ.. അപ്പോൾ എന്റെ ഭദ്രക്കുട്ടിയ്ക്ക് എല്ലാം ഓർമ്മയുണ്ട് അല്ലെ..”

രക്ഷയില്ലെന്ന് തിരിച്ചറിഞ്ഞതും ഭദ്ര കണ്ണുകൾ ഇറുകെയടച്ചു…

“കണ്ണ് തുറക്കെടി..”

കണ്ണുകൾ തുറന്നതും ആദിത്യന്റെ മുഖം തൊട്ടരികെ ഉണ്ടായിരുന്നു..

“ഇത്രയും ഭദ്രക്കുട്ടി ചെയ്തപ്പോൾ ചേട്ടൻ എന്തെങ്കിലും സമ്മാനം തിരികെ തരണ്ടേ…?”

ഭദ്ര അവനെ ദയനീയമായി ഒന്ന് നോക്കി.. ആദിത്യനിൽ ഭാവഭേദം ഒന്നുമുണ്ടായില്ല.. പൊടുന്നനെയാണ് അധരങ്ങൾ അവളിൽ അമർന്നത്.. പിടഞ്ഞു പോയി ഭദ്ര..

ആദിത്യൻ അവളിൽ നിന്നും വേർപെട്ടപ്പോൾ ഭദ്ര ശ്വാസമെടുക്കാൻ പാടുപെടുകയായിരുന്നു..

“ഇപ്പോൾ സമാസമമായി..”

ആദിത്യൻ വിരൽ കൊണ്ടു അവളുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.. ഭദ്ര ഒരു കൂർത്ത നോട്ടത്തോടെ അവനെ ശക്തിയിൽ തള്ളി മാറ്റി .. ആദിത്യന്റെ പൊട്ടിച്ചിരി പിറകിൽ നിന്നും കേട്ടതും അവൾ അമർത്തി ചവിട്ടി കൊണ്ടു അടുക്കളയിലേക്ക് നടന്നു..

കഴിക്കാനിരിക്കുമ്പോഴും ആദിത്യന്റെ മുഖത്തൊരു കള്ളച്ചിരി ഉണ്ടായിരുന്നു..

ഭദ്ര കാസറോളിൽ നിന്നും പുട്ടെടുത്ത് അവളുടെ പ്ലേറ്റിലേയ്ക്ക് വെച്ചു..

“മോളെന്താ കടലക്കറി എടുക്കാത്തെ.. പുട്ടും കടലക്കറിയും ഇഷ്ടമാണെന്നാണല്ലോ അന്ന് പറഞ്ഞത്..”

“അത്.. അമ്മേ..”

“കടലക്കറിക്ക് ഇന്ന് എരിവ് ഇത്തിരി കൂടുതലാണമ്മേ.. ഭദ്രയ്ക്ക് എരിവിനെക്കാൾ മധുരത്തോടാണ് പ്രിയം.. അല്ലെ ഭദ്രാ..?”

ആദിത്യന്റെ ചോദ്യം കേട്ടതും ഭദ്ര ഒന്ന് ചിരിച്ചു കാണിച്ചു.. ദേവിയമ്മ കാണാതെ  പല്ലിറുമ്മി..

ആദിത്യൻ പഴക്കൂട അവൾക്ക് നേരെ നീക്കി വെച്ചു..

“അമ്മ അവൾക്ക് കുറച്ചു പഞ്ചാര കൂടെ കൊടുത്തേരെ..”

ആദിത്യൻ ചെറു ചിരിയോടെ പറഞ്ഞു..

ഭദ്ര വായിൽ വന്നത് വിഴുങ്ങി.. ദേവിയമ്മ ഇരിപ്പുണ്ട്.. പിന്നെ ഇപ്പോൾ കിട്ടിയതിന്റെ ക്ഷീണം മാറിയിട്ടുമില്ല..

“ഇനി എനിക്കിട്ട് ചൊറിയാൻ വരുമ്പോൾ എന്റെ പൊന്നുമോൾ രണ്ടു വട്ടം ആലോചിക്കണം..”

ദേവിയമ്മ അടുക്കളയിലേക്ക് പോയപ്പോൾ ആദിത്യൻ അവളെ നോക്കി പറഞ്ഞു.. ഭദ്ര അവനെ തുറിച്ചു നോക്കി.. അവളുടെ അധരങ്ങൾ അപ്പോഴും നീറുന്നുണ്ടായിരുന്നു..

“എന്താടി നോക്കി പേടിപ്പിക്കുന്നത്.. ഉണ്ടക്കണ്ണി..”

“ഉണ്ടക്കണ്ണി നിങ്ങള്ടെ മറ്റവൾ..”

അറിയാതെയാണ് ഭദ്ര പറഞ്ഞു പോയത്.. ആദിത്യൻ പൊട്ടിച്ചിരിച്ചു..

“അത് തന്നെയല്ലേ ഞാനും പറഞ്ഞത്..”

“ഹും..”

ഭദ്ര മുഖമുയർത്താതെ പ്ലേറ്റിലേക്ക് തന്നെ നോക്കി കഴിച്ചു കൊണ്ടിരുന്നു..

“മോള് ഇവിടെ വന്നു കയറിയപ്പോഴേ ഞാൻ വിചാരിച്ചതാ ആദികുഞ്ഞിന്റെ പെണ്ണായിരുന്നെങ്കിലെന്ന്..”

അടുക്കളയിലെ ജോലിക്കിടെ ഉഷ പച്ചക്കറി നുറുക്കി കൊണ്ടിരുന്ന ഭദ്രയെ നോക്കി ചിരിയോടെ ശ്രീദേവിയോടായി പറഞ്ഞു..

“അതന്നെയായിരുന്നു എന്റേം ആഗ്രഹം ഉഷേ.. ന്നാലും എല്ലാം എടുപിടീന്നായിപ്പോയി..”

ദേവിയമ്മ അവളെ വാത്സല്യത്തോടെ നോക്കി..

“വേളി എന്നാ ദേവിയമ്മേ..?”

ഉഷ ചോദിച്ചു..

“രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു മുഹൂർത്തം കുറിപ്പിയ്ക്കാന്നാ നന്ദൻ പറഞ്ഞത്.. ചില പൂജകളൊക്കെ ചെയ്യാനുണ്ട്.. അതിന് ഭട്ടതിരിപ്പാട് തന്നെ വരണം..  “

“എല്ലാം ശരിയാകും ദേവിയമ്മേ.. ഒരുപാട് അനുഭവിച്ചതല്ലേ ആദിക്കുഞ്ഞും..”

ഉഷ പറഞ്ഞു..

“ഉം..”

ദേവിയമ്മ മൂളി.. പിന്നെ ഒരു ഗ്ലാസ്സിൽ ചായ ആറ്റിയെടുത്ത് ഭദ്രയ്ക്ക് നേരെ നീട്ടി..

“മോളിത് അവന് കൊണ്ടു പോയി കൊടുക്ക്.. ചായ ചോദിച്ചിരുന്നു.. ഉമ്മറത്തുണ്ട്..”

മറുത്തൊന്നും പറയാനാവാതെ ഭദ്ര ചായയുമായി പൂമുഖത്തേയ്ക്ക് നടന്നു.. നടക്കുന്നതിടെ ചായയിലേക്ക് നോക്കി ഒന്നാലോചിച്ചെങ്കിലും അവൾ വേണ്ടായെന്ന അർത്ഥത്തിൽ തലയാട്ടി..

“ഒന്നാമതെ എന്റെ സമയം ശരിയല്ല.. എല്ലാം തിരിച്ചടിയ്ക്കുന്നു.. ഇനി എന്തെങ്കിലും  ഉടനെ ഒപ്പിച്ചാൽ ആ കാലമാടൻ കേറിയങ്ങ് മേയും.. തല്ക്കാലം ഒന്നൊതുങ്ങുന്നതാണ് ആരോഗ്യത്തിനു നല്ലത്..”

ആത്മഗതം തെല്ലുറക്കെയായിരുന്നു..

“എന്താടി പിറുപിറുക്കുന്നത്..?”

അവൾ ചായ ആദിത്യന് നേരെ നീട്ടി.. അവനത് വാങ്ങാതെ സംശയത്തോടെ അവളെ ഒന്ന് നോക്കി..

“തല്ക്കാലം ഞാനിതിൽ ഒന്നും ചേർത്തിട്ടില്ല..സംശയമുണ്ടേൽ നോക്കിക്കോ..”

അവൾ ഒരു കവിൾ കുടിച്ചിട്ട് പറഞ്ഞു.. ആദിത്യൻ ചിരിച്ചു കൊണ്ടു ചായ വാങ്ങി..

“നിന്നെ എനിക്കറിയില്ലേ മോളെ..കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല..”

ഭദ്രയുടെ വീർത്തു കെട്ടിയമുഖം കണ്ടവൻ വീണ്ടും ചിരിച്ചു.. അവളുടെ നോട്ടം കണ്ടാണവൻ പടിപ്പുരയിലേക്ക് നോക്കിയത്..

പാറൂട്ടി..

പട്ടുപാവാടയുടുത്ത് ഇരുഭാഗത്തേക്കായി മെടഞ്ഞിട്ട മുടിയൊന്നെടുത്ത് മുൻപിലേക്കിട്ട് വിടർന്ന ചിരിയോടെ പാർവതി പടികൾ കയറി പൂമുഖത്തെത്തി.. ആദിത്യനിൽ തറഞ്ഞിരുന്ന കണ്ണുകൾ പിന്നെയാണ് ഭദ്രയിൽ എത്തിയത്..

ചുവന്ന കരയുള്ള മുണ്ടും നേര്യേതും അണിഞ്ഞ ഭദ്രയുടെ കഴുത്തിലെ മാലയിൽ നിന്നും കണ്ണുകൾ സീമന്തരേഖയിലെ ചുവപ്പിൽ എത്തിയതും പാർവതിയിൽ ഉണ്ടായ ഞെട്ടൽ ഭദ്ര കണ്ടിരുന്നു..

“മിഴിച്ചു നോക്കണ്ടാ പാറൂട്ട്യേ.. ഇതാ നിന്റെ ഏടത്തിയമ്മ..എവിടാരുന്നു നീ ഇത്രേം ദിവസം..?”

ആദിത്യൻ ഭദ്രയെ ചേർത്ത് പിടിച്ചു കൊണ്ടു ചിരിയോടെ പറഞ്ഞു..

പാറൂട്ടിയുടെ ചുണ്ടുകൾ വിറ കൊള്ളുന്നതും കണ്ണുകൾ പിടയുന്നതും ഭദ്ര അറിഞ്ഞു.. ആ കൈയിൽ പിടിച്ചിരുന്ന പാൽപാത്രം താഴെ വീഴുമെന്ന് തോന്നിയതും ഭദ്ര പൊടുന്നനെ അത് പിടിച്ചു വാങ്ങി..

ഭദ്രയുടെ മനസ്സിൽ  ഒരു വിങ്ങലുണ്ടായി.. എപ്പോഴോ തോന്നിയ നേർത്ത ഒരു സംശയം.. ശരിയാകല്ലേയെന്ന് പ്രാർത്ഥിച്ചിരുന്നു.. പക്ഷെ..

ജാനിയുടെ സ്ഥാനത്താണ് ആദിയേട്ടനും ദേവിയമ്മയുമൊക്കെ പാറൂട്ടിയെ കാണുന്നത്.. അവളുടെ മനസ്സിൽ മറ്റൊന്നായിരുന്നുവെന്ന് അവരറിയുമ്പോൾ..

‘ആഹാ വന്നോ കുറുമ്പി.. കോളേജിൽ നിന്നും ടൂറൊക്കെ പോയിന്ന് വാര്യര് പറഞ്ഞിരുന്നു.. “

ശബ്ദം കേട്ട് പുറത്തേക്ക് വന്ന ദേവിയമ്മയായിരുന്നു പറഞ്ഞത്…

“എല്ലാം പെട്ടെന്നായിരുന്നു മോളെ.. പക്ഷെ നീയ്യ് പേടിക്കണ്ടാ.. ഒരു ചടങ്ങ് നടത്തിയെന്നേയുള്ളൂ..ശരിക്കും വേളി  കഴിഞ്ഞിട്ടില്ല്യാ… ആദിയുടെ വേളി നടക്കുമ്പോൾ ന്റെ ജാനിക്കുട്ടിയുടെ സ്ഥാനത്തു പാറൂട്ടി ഉണ്ടാവണം..”

ദേവിയമ്മ പാറൂട്ടിയുടെ തലയിൽ തഴുകി കൊണ്ടു പറഞ്ഞു.. അവളൊരു വിളറിയ ചിരി ചിരിച്ചു..

“നിക്ക് വേഗം പോണം ദേവിയമ്മേ.. ക്ലാസ്സുണ്ട്..ഞാൻ.. ഞാൻ പിന്നെ വരാം..”

ഇടറിയ ശബ്ദത്തിൽ പറഞ്ഞിട്ട് എല്ലാവരെയും നോക്കിയൊന്ന് ചിരിച്ചിട്ട് പാർവതി തിരിഞ്ഞിറങ്ങുന്നതിനു മുൻപായി ആദിത്യനെ ഒന്ന് നോക്കി.. പിന്നെ മുറ്റത്തേക്കിറങ്ങി..

“ആദിയേട്ടനോട് ഞാൻ പിണക്കം തന്ന്യാ… മിണ്ടില്ല്യാ.. എന്നോടൊന്നും പറഞ്ഞില്ല്യാലോ..”

ചിരിയോടെയാണ് പറഞ്ഞതെങ്കിലും തിരിഞ്ഞു നടക്കുന്നത് കൊണ്ടു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത് ആരും കണ്ടില്ല..

“പിണക്കമൊക്കെ ഞാൻ മാറ്റിക്കോളാം പാറൂട്ട്യേ.. ഡയറി മിൽക്ക് ഒരു മുറി നിറയെ ഞാൻ വാങ്ങി വെയ്ക്കുന്നുണ്ട്..”

ആദിത്യൻ വിളിച്ചു പറഞ്ഞെങ്കിലും പാർവതി നിന്നില്ല.. അവൾ കരയുകയാണെന്ന് ഭദ്രയ്ക്ക് മനസ്സിലായിരുന്നു..

“പാവം.. അതിന് നല്ല വിഷമായിട്ടുണ്ട്..”

ദേവിയമ്മ പറഞ്ഞു..

“എല്ലാം പെട്ടെന്നായിരുന്നില്ലേ അമ്മേ.. ആരോടും ഒന്നും പറയാനുള്ള സാവകാശം ഉണ്ടായിരുന്നില്ലല്ലോ.. പതുക്കെ പറഞ്ഞു മനസിലാക്കാം.. നമ്മുടെ കുട്ടിയല്ലേ അവള്..”

ആദിത്യനും പറഞ്ഞു..

പടിപ്പുരയിലേക്ക് നടക്കുമ്പോൾ പാർവതി പൊട്ടികരയുന്നുണ്ടായിരുന്നു.. കണ്ണുനീർ തുള്ളികൾ കാളിയാർമഠത്തിന്റെ മണ്ണിൽ വീണു കൊണ്ടിരുന്നു..

നാഗത്താൻകാവിൽ കാറ്റ് വീശുന്നതോ പാലപ്പൂമണം തന്നെയാകെ പൊതിയുന്നതോ അറിയാതെ പടിപ്പുരവാതിൽ കടന്നു വഴിയിലേക്കിറങ്ങുകയായിരുന്നു പാർവതി..

(തുടരും )

നാഗമാണിക്യം 1ലെ ആദിത്യൻ വാഴൂരില്ലത്തെയായിരുന്നു.. കഴിഞ്ഞ കഥയിലെ ഭദ്രയും ആദിത്യനും ഈ കഥയിൽ പുനർജ്ജന്മം ആയിട്ടുണ്ട്.. പക്ഷെ അവർ ആരെന്നോ എവിടെയെന്നോ പറഞ്ഞിട്ടില്ല

പേരുകൾ തമ്മിൽ കൺഫ്യൂഷൻ ആവുന്നുണ്ടെന്ന് അറിയാം.. കഥ തീരാറാ വുമ്പോൾ എല്ലാം മനസ്സിലാവും

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻 ആരോ ഒരാൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi

4.5/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നാഗമാണിക്യം 2 – നീലമിഴികൾ 27”

Leave a Reply

Don`t copy text!