Skip to content

മഴ

malayalam story

ജനലിലൂടെ പുറത്തു പെയ്യുന്ന മഴയെനോക്കി അവൾ നിന്നു…

തൊടിയിലെ വാഴതൈകളിലും പുളിമരത്തിലും മാവിലുമെല്ലാം ഇട മുറിയാതെ പെയ്യുകയാണ് മഴ. അരമണിക്കൂർ ആയിക്കാണും ഈ മഴ തുടങ്ങിയിട്ട് .അവൾ ചിന്തിച്ചു.ഇടക്കിടെ വീശുന്ന നേർത്ത കാറ്റ് അവളുടെ മുഖത്തു തലോടി എങ്ങോട്ടോ പോയി..

മുകളിലെ മുറിയിലെ ജനലില്ലൂടെ നോക്കിയാൽ അകലെ അമ്പലക്കുളം കാണാം..തൊടിയിലെ തെക്കേ മൂലയിൽ അച്ഛന്റെയും അമ്മയുടെയും അസ്ഥി തറ..
താൻ പോയാൽ പിന്നെ ആരാ അസ്ഥിതറയിൽ വിളക്ക് വെക്ക..?

കാര്യസ്ഥൻ ശങ്കുണ്ണി ഏട്ടൻ വീടൊക്കെ നോക്കിക്കോളും…പക്ഷെ, അച്ഛനും അമ്മയ്ക്കും എന്നും ഒരു തിരി വെക്കാൻ ആരാ…മായ ഒന്നു നെടുവീർപ്പിട്ടു..
ഓർമകൾ ഒരു സർപ്പത്തെപോലെ അവളെ വരിഞ്ഞു മുറുക്കി..

ഇടവപ്പാതി തിമിർത്തു പെയ്യുമ്പോൾ കുട്ടേട്ടന്റെ കയ്യും പിടിച്ചു പുള്ളികുടയും ചൂടി, പാടവരമ്പും കടന്ന് കുളവക്കത്തുടെ മഴയിൽ കുളിച്ചു സ്കൂളിൽ പോയതും,രാത്രി പനി പിടിച്ചു ഉറക്കത്തിൽ പിച്ചും പേയും പറഞ്ഞതും ‘അമ്മ ഉറങ്ങാതെ അടുത്തിരുന്നതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ..

ഗ്രാമത്തിലെ പഠനം കഴിഞ്ഞ് പട്ടണത്തിൽ പോയി പഠിക്കണം എന്നത് തന്റെ വാശി ആയിരുന്നു.. അമ്മക്ക് ഒട്ടും സമ്മതം ഉണ്ടായിരുന്നില്ല..താൻ കാണാത്ത ഒരു ലോകം ഉണ്ടെന്നും അവിടെ പല വിധത്തിലുള്ള മനുഷ്യർ ഉണ്ടെന്നും തന്നോട് പറഞ്ഞത് വേലക്കാരി നാണിയമ്മയുടെ മകൾ പാറുവാണ്..

തന്നോടൊപ്പം പത്താം ക്ലാസ് പാസ്സായതാണ് അവൾ..പിന്നെ അവിടെയൊന്നും അവളെ കണ്ടിട്ടില്ല. ആരൊക്കെയോ പറഞ്ഞു കേട്ടിരുന്നു അവൾ പട്ടണത്തിലാണെന്ന..ഒരു ദിവസം കുള കടവിൽ വെച്ച് അവളെ കണ്ടു..മുടിയൊക്കെ മുറിച്ചു ,ചുണ്ടിൽ ചായം പുരട്ടി സിനിമാ നടിയെപോലെ പാറുവിനെ കണ്ടപ്പോൾ തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.അവളാണ് തന്നോട് പട്ടണത്തിലെ മായ കാഴ്ചകളെ കുറിച്ചു പറഞ്ഞത്..അതോർത്ത് അന്ന് രാത്രി തനിക്ക് ഉറങ്ങാൻ പറ്റിയില്ല..പിറ്റേന്ന് തന്നെ പട്ടണത്തിലെ കോളേജിൽ പൊവ്വനായി അമ്മയോട് കെഞ്ചി തുടങ്ങി.

“എന്നോട് ചോദിക്കണേ എന്തിനാ ..അച്ഛനില്ലേ ഉമ്മറത്ത് ? ചോദിച്ചോളൂ,,, സമ്മതിക്ക്യാച്ചാ പൊക്കോ..”
അതായിരുന്നു അമ്മയുടെ മറുപടി..

അച്ഛനോട് ചോദിക്കാൻ ഉള്ളിൽ ഒരു ഭയം.. എങ്ങനെ പ്രതികരിക്കും എന്ന് ഒരു നിശ്ചയവുമില്ല.. ഒന്നാമത് ,തന്നെ കാണാതെ അച്ഛൻ ഇതുവരെ നിന്നിട്ടില്ല.. താൻ പോയാ പിന്നെ വീട് മരണവീടുപോലെയാവും.. തൻ്റെ കുറുമ്പുകളും കളി ചിരികളും ഇല്ലാതെ വീട് കുട്ടികളില്ലാത്ത സ്കൂളുപോലെയാവും..

അച്ഛൻ സമ്മതിക്കുമെന്ന് മനസ്സിൽ പോലും വിചാരിച്ചില്ല.. എന്നെ വഴക്കു പറയുന്നതിന് പകരം അമ്മയോട് കയർക്കും എന്നാണ് കരുതിയത്..പക്ഷേ ,പ്രതികരണം മറ്റൊന്നായിരുന്നു..
“മോൾടെ ആഗ്രഹം അതാച്ചാ അങ്ങനെ നടക്കട്ടെ.. ഇവിടെ ആരും പട്ടണത്തിൽ പോയി പഠിച്ചിട്ട്ല്യാ.. ആ കുറവ് എൻ്റെ കുട്ടിക്ക് വരരുത്… പക്ഷേ.. നമ്മുടെ ഗ്രാമം പോലെയല്ല പട്ടണം.. വളരെ ശ്രദ്ധിക്കണം.. അച്ഛന് പേടിയുണ്ട്..”

അതു പറയുമ്പോൾ നിറയുന്ന കണ്ണുകൾ താൻ കാണാതിരിക്കാൻ അച്ഛൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു..

ഇനി സമ്മതം കിട്ടേണ്ടത് കുട്ടേട്ടൻ്റെ ആണ്.. കുട്ടേട്ടൻ സമ്മതിക്കും ന്ന് തോന്ന്ണി ല്യാ..
താൻ പോയാ പിന്നെ കുട്ടേട്ടൻ തനിച്ചാവും..

ഒരുമിച്ച് കളിച്ചു വളർന്ന തന്നെ പിരിയാൻ കുട്ടേട്ടനാവില്ല.. എവിടെ ആയാലും ഞാൻ തിരിച്ചു വരുല്ലോ.. താൻ എന്നും കുട്ടേട്ടൻ്റെ മാത്രം ആണ്..
മനസ്സില്ലാ മനസ്സോടെയാണ് കുട്ടേട്ടൻ സമ്മതിച്ചത്..

“പട്ടണത്തിലൊക്കെ പോയി വല്യ ആളായാൽ ഈ കുട്ടേട്ടനെ മറക്കില്ലേ നീ..”

ഇതിനുള്ള മറുപടിയായി കുട്ടേട്ടനെ കെട്ടിപിടിച്ച് ആ നെറ്റിയിൽ ചുംബിച്ചത്…

അന്ന് ആദ്യമായാണ് താൻ ഒരു പുരുഷനെ ചുംബിക്കുന്നത്.. തനിക്ക് ആദ്യമായി ഒരു ചുംബനം ലഭിക്കുന്നതും അന്ന് തന്നെ…

ക്ലാസിൽ എല്ലാവരും പരിഷ്കാരികളായിരുന്നു.. ചുരിദാറും ദുപ്പട്ടയും ധരിച്ച് മുടി തോളൊപ്പം വെട്ടി ചുണ്ടിൽ ചായം പുരട്ടിയ പെൺകുട്ടികളെ കാണാൻ നല്ല ചന്തമുണ്ടായിരുന്നു..
താൻ മാത്രം വെള്ളയിൽ ചുവന്ന പൂക്കളുള്ള പാവാടയും ബ്ലൗസും ദാവണിയുമുടുത്ത്., എണ്ണത്തേച്ച് കറുപ്പിച്ച നീളൻ മുടി പിന്നിയിട്ട്.. ചന്ദനക്കുറി തൊട്ട് കണ്ണിൽ കണ്മഷി എഴുതി.. കണ്ടാൽ തന്നെ താനൊരു നാട്ടിൻ പുറത്തുകാരിയാണെന്ന് മനസ്സിലാവും..

ആദ്യ ദിവസം തന്നെ സ്റ്റെല്ല എന്ന ക്രിസ്ത്യാനി പെൺകുട്ടിയുമായി കൂട്ടായി.. ഹോസ്റ്റലിലും തങ്ങൾ ഒരുമിച്ചായിരുന്നു.. കോട്ടയത്തെ ഏതോ ഉയർന്ന ക്രിസ്ത്യാനി കുടുംബത്തിലെ കുട്ടിയായിരുന്നു സ്റ്റെല്ല. അവളുടെ അപ്പച്ചൻ എസ്റ്റേറ്റ് മുതലാളിയായിരുന്നു.. അതു കൊണ്ടു തന്നെ അവൾ നല്ല പരിഷ്കാരിയായിരുന്നു…പെട്ടന്നുതന്നെ ഞങ്ങൾ കൂട്ടായി.തന്റെ ഇടതൂർന്ന നീളൻ മുടി കാണുമ്പോൾ അവൾക്ക് അത്ഭുതവും അസൂയയുമായിരുന്നു.. അമ്മയുടെ കാച്ചെണ്ണയുടെ ഫലമാണ് ആ മുടി എന്ന് അവൾക്കറിയില്ലല്ലോ..

കോളേജുമായും കുട്ടികളുമായും താൻ പെട്ടന്ന് കൂട്ടായി.. സ്റ്റെല്ലയെ കൂടാതെ ലക്ഷ്മിയും ഫാത്തിമയും അരവിന്ദനും ഉണ്ടായിരുന്നു കൂട്ടുകാരായി.

ആദ്യത്തെ ആഴ്ച വീട്ടിൽ ചെന്നപ്പോൾ വിശേഷങ്ങൾ പറഞ്ഞ് അമ്മയെ ഉറങ്ങാൻ അനുവദിക്കാത്തതിന് അച്ഛൻ്റെ കൈയിൽ നിന്നും വഴക്കു കേട്ടത് താൻ ഇന്നും ഓർക്കുന്നു.. എല്ലാം ഒരു സ്വപനത്തിലെന്ന പോലെ…

“കുട്ടി മഴ കാണാണ്വോ….??? പിന്നിൽ നിന്നു ശങ്കുണ്ണിയേട്ടൻ്റെ ചോദ്യം കേട്ട് മായ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു… മഴ തോർന്നിരുന്നു. ജനവാതിലടച്ച് കൊളുത്തിട്ട് അവൾ ശങ്കുണ്ണിയേട്ടൻ്റെ അടുക്കലേക്ക് ചെന്നു.. അപ്പോഴേക്കും അവർ കോണിപ്പടികൾ ഇറങ്ങി തുടങ്ങിയിരുന്നു..

“ശങ്കുണ്ണിയേട്ടാ… “പിന്നിൽ നിന്നും പതിഞ്ഞ സ്വരത്തിൽ മായ വിളിച്ചു

“എന്താ മോളേ..?? ശങ്കുണ്ണിയേട്ടൻ തിരിഞ്ഞു നിന്ന് ചോദിച്ചു..

” കുട്ടേട്ടൻ ഇപ്പോ എവിടെയാ ഉള്ളത്,..?? എനിക്ക് കുട്ടേട്ടനെ ഒന്നു കാണണം..

“അന്ന് മോള് വന്ന് പോയേ പിന്നെ കുട്ടൻ ഇങ്ങോട്ടേക്കൊന്നും വന്നിട്ടില്ല.. വീട്ടിൽ നിന്നും പുറത്തിറങ്ങി ആരും കാണാറും ഇല്യ… കുട്ടിക്ക് കാണണം ചാ നാളെ കാലത്ത് നമുക്ക് അത്രടം വരെ പോവാം.. ഇന്നിപ്പോ സന്ധ്യയായില്ലേ… പോരാത്തതിന് നല്ല മഴയും.. എന്തേ.. അങ്ങനെ മതിയോ കുട്ടി…???

“മതി.. മതി ശങ്കുണ്ണിയേട്ടാ”.. ഒരു ഗദ്ഗദത്തോടെ മായ തലയാട്ടി കൊണ്ടു പറഞ്ഞു.

മഴ പെയ്തു തോർന്നപ്പോൾ മുറ്റത്താകെ വെള്ളം.. നല്ല തണുപ്പ്.. മേലു കഴുകാൻ തോന്നുന്നില്ല. വിളക്കു വെക്കണം.. മായ കുളിമുറിയിലേക്ക് നടന്നു.. ശാരത്തെ നങ്ങേമ വന്നിട്ടുണ്ട്.. തനിക്ക് കൂട്ടുകിടക്കാൻ ശങ്കുണ്ണിയേട്ടൻ പറഞ്ഞിട്ട് വന്നതാണ്.. അവർ ഉമ്മറത്ത് വർത്താനം പറഞ്ഞ് ഇരിപ്പാണ്.

മേലു കഴുകിയപ്പോൾ യാത്രാ ക്ഷീണം പമ്പ കടന്നു.. വിളക്കുവെച്ച് , അച്ഛൻ്റെയും അമ്മയുടെയും അടുത്തുചെന്നു തിരി വെച്ചു,.. മുട്ടുകുത്തി നിന്ന് പ്രാർത്ഥിച്ചു.. ചെയ്തു പോയ തെറ്റുകൾക്കെല്ലാം കണ്ണീരുകൊണ്ട് മാപ്പു ചോദിച്ചു.തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ അച്ഛൻ പിന്നിൽ നിന്നും മോളേ എന്ന് വിളിക്കുന്ന പോലെ അവൾക്കു തോന്നി.

അത്താഴത്തിന് ശങ്കുണ്ണിയേട്ടനും ഉണ്ടായിരുന്നു.നങ്ങേമ ഉണ്ടാക്കിയ മുരിങ്ങയില തോരനും മോരു കാച്ചിയതും പപ്പടവും ഉപ്പിലിട്ടതും.. അമ്മ ഉണ്ടാക്കിയ ആ രുചി ഇന്ന് നാവിന് കിട്ടുന്നില്ല.. ചോറ് വളരെ കുറച്ചേകഴിച്ചുള്ളൂ.. കഴിക്കാൻ മനസ്സുണ്ടായിട്ടല്ല.. നങ്ങേമ നിർബന്ധിച്ചതുകൊണ്ടു മാത്രം ഒരു പിടി വാരി തിന്നു. കൈകഴുകി പാത്രം കഴുകാൻ നങ്ങേമയെ സഹായിച്ചു..

“മോള് പോയി കിടന്നോളൂ.. ഇത് നങ്ങേമ കഴുകിക്കോളാം.. യാത്ര ചെയ്ത് ക്ഷീണിച്ച് വന്നതല്ലേ.. മോള് പോയി കിടക്ക്..”

“ഇല്ല നങ്ങേമേ… ക്ഷീണമൊന്നുമില്ല”

“കുട്ടി എത്രീ സം ഉണ്ടാവും ഇവ്ടെ..??? വേഗം തിരിച്ചു പോവോ.? നങ്ങേമ ആകാംക്ഷയോടെ ചോദിച്ചു..

അതിനുള്ള മറുപടി ഒരു ദീർഘനിശ്വാസം മാത്രമായിരുന്നു.. അറിയില്ല.. താൻ ഇനി ആ നശിച്ച പട്ടണത്തിലേക്ക് മടങ്ങിപ്പോവുമോ..?? ഇല്ല.. ഒന്നും ഓർക്കണ്ട.. ഈ നിമിഷങ്ങൾ തനിക്ക് വിലപ്പെട്ടതാണ്.. ആ ദിവസങ്ങൾ ഓർത്ത് തൻ്റെ സമാധാനം താൻ തന്നെ കളയരുത്.. മായ ഒന്നും ഓർക്കാത്ത പോലെ നങ്ങേമ പാത്രം കഴുകുന്നതും നോക്കി അടുക്കള വാതിലിൻ്റെ പടിയിൽ ഇരുന്നു.

മഴ വീണ്ടും പെയ്യാൻ തുടങ്ങിയിരിക്കുന്നു.. ഇപ്പോൾ ശക്തിയില്ല മഴക്ക്.. ചാറ്റൽ മഴയേ ഉള്ളൂ.. ഇടക്കിടെ എവിടെ നിന്നോ ഒരു പാട്ടുകേൾക്കുന്നു.. മായ കാതോർത്ത് തൻ്റെ കട്ടിലിൽ കിടന്നു..

തൻ്റെ പഴയ കട്ടിൽ.. ഇപ്പോഴും അതിന് ഒരു കേടുപാടും ഇല്ല.. അച്ഛൻ ശ്രീധരൻ ആശാരിയെ കൊണ്ട് പറഞ്ഞ് ഉണ്ടാക്കിച്ചതാണ്.. കിടക്ക അൽപം മുഷിഞ്ഞു നാറുന്നുണ്ട്.. തൻ്റെ വിയർപ്പുതന്നെയല്ലേ ,.. ഒരു പാട് കണ്ണുനീരും..

ഉറക്കം വരുന്നില്ല.. താഴെ നങ്ങേമയും ശങ്കുണ്ണിയേട്ടനും ഉറങ്ങി കാണും.. നാളെ കാലത്ത് കുട്ടേട്ടനെ കാണാൻ പോവാനുള്ള താണ്. വീണ്ടും ഓർമകൾ മായയെ വരിഞ്ഞുമുറുക്കി..

ആദ്യത്തെ തവണ കോളേജിൽ നിന്നും വന്നപ്പോൾ കുട്ടേട്ടനെ കാണാൻ കഴിഞ്ഞില്ല. രണ്ടു ദിവസമേ ലീവ് ഉണ്ടായിരുന്നുള്ളൂ.. അതിൽ ഒരു ദിവസം മുഴുവൻ അമ്മയോട് വിശേഷങ്ങൾ പറഞ്ഞു.. പിറ്റേ ദിവസം കുട്ടേട്ടനെ കാണാൻ ശാരത്തേക്ക് പോകാൻ ഒരുങ്ങിയതായിരുന്നു.. അപ്പോഴാണ് തെക്കേതിലെ മീനാക്ഷിയും കല്യാണിയും വന്നത് .. അവരോട് വിശേഷങ്ങൾ പറഞ്ഞും ചിരിച്ചും നേരം പോയതറിഞ്ഞില്ല.. പിന്നേന്ന് കാലത്ത് കോളേജിലേക്ക് തിരിച്ചു പോവുകയും ചെയ്തു.

പിന്നീട് വീട്ടിൽ വന്നത് രണ്ടു മാസം കഴിഞ്ഞാണ്..പക്ഷേ.. അപ്പോഴേക്കും തൻ്റെ മനസ്സിൽ കിഷോർ ഇടം പിടിച്ചിരുന്നു..

വെള്ളാരം കണ്ണുള്ള , വെളുത്ത , ചുരുണ്ട മുടിയും, കറുത്ത മീശയുമുള്ള കിഷോറിനെ ആദ്യ നോട്ടത്തിൽ തന്നെ എന്തോ ഒരു പ്രത്യേക ത തനിക്കു തോന്നി.. ഒരു അധ്യാപകൻ ആയിട്ടും കിഷോറിനെ കണ്ടപ്പോൾ എന്തോ വല്ലാത്ത ഒരു ആകർഷണീയത..അതുകൊണ്ടു തന്നെയാണ്..ക്ലാസ്സിൽ ഒരുപാട് സുന്ദരികൾ ഉണ്ടായിട്ടും,കിഷോർ തന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ എതിർത്തു ഒന്നും പറയാതെ ,മൗനം സമ്മതമാണെന്ന് മനസ്സ് പറഞ്ഞത്..

പിന്നെ എല്ലാം പെട്ടന്നായിരുന്നു…കോളേജിൽ എല്ലാവരും അറിഞ്ഞു..അങ്ങനെ ആയിരുന്നല്ലോ ഞങ്ങൾ.. എപ്പോഴും ഒരുമിച്ച്.
തന്റെ നീളൻ മുടി കഴുത്തൊപ്പം വെട്ടിച്ചത് കിഷോർ ആയിരുന്നു. അതുവരെ മുഖത്തു പൗഡർ മാത്രം ഇട്ടിരുന്ന തന്നെ കൊണ്ട് ലിപ്സ്റ്റിക്കും മറ്റു വസ്തുക്കളും പുരട്ടി തന്നെ ഒരു പരിഷ്കാരി ആക്കിയത് കിഷോർ ആയിരുന്നു..

മുടിവെട്ടി ജീൻസും ടോപ്പും ധരിച്ചു വീട്ടിൽ വന്ന തന്നെ അമ്മയും അച്ഛനും പോലും തിരിച്ചറിഞ്ഞില്ല..കിഷോറിനെ കുറിച്ചു പറഞ്ഞപ്പോൾ അച്ഛൻ വീട്ടിൽ നിന്നും ഇറങ്ങി പൊവ്വനാണ് പറഞ്ഞത്.. അന്ന് രാത്രി ഒരു തുള്ളി പച്ചവെള്ളം പോലും താൻ കുടിച്ചില്ല..പിറ്റേന്ന് കാലത്തു തന്നെ തിരിച്ചുപോവാൻ റെഡിയായി..

അപ്പോഴാണ് കുട്ടേട്ടൻ ഉമ്മറത്ത് വന്നത്..തന്നെ കണ്ട് ആദ്യം കുട്ടേട്ടന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല.പിന്നെ മുഖം തിരിച്ചു ഒരു പോക്കായിരുന്നു…പടിക്കൽ എത്തിയപ്പോൾ കുട്ടേട്ടൻ ഒന്നു നിന്നു..താൻ ബാഗും തൂക്കി അടുത്തേക്ക് ചെന്നു..

“പൊവ്വ ല്ലേ…ഉം…പൊക്കോ…അപ്പൊ ഇനി ഈ കുട്ടേട്ടൻ കാത്തു നിൽക്കേണ്ട ന്ന്…മായ ഇനി കുട്ടന്റെ അല്ല എന്ന്…അതല്ലേ ഇതിന്റെയൊക്കെ അർത്ഥം..?

“കുട്ടേട്ടാ ഞാൻ…..”

” വേണ്ട…ഒന്നും പറയണ്ട..മായക്ക് കുട്ടനെ വേണ്ടായിരിക്കും…പക്ഷെ , മരണം വരെ കുട്ടേട്ടൻ ഇങ്ങനെ ഉണ്ടാവും ഇവിടെ..മായ ഇല്ലാതെ കുട്ടന് വേറൊരു ജീവിതം ഇല്ല…എപ്പോ വേണേലും മായക്ക് ഇവിടേക്ക് വരാം…കുട്ടൻ ഉണ്ടാവും…പഴയപോലെതന്നെ..”

പിന്നെ ഒന്നും പറയാൻ നിന്നില്ല..പടിപ്പുരയും കടന്ന് താൻ നടന്നു..കുട്ടേട്ടന്റെ മുഖം മനസ്സിൽ നിന്നും മായുന്നില്ല…താനെന്തിനാ ഇങ്ങനെ… ഈശ്വരാ…കുട്ടേട്ടൻ തന്റെ എല്ലാമായിരുന്നു..ഇന്ന് വേറേ ഏതോ ഒരാൾ തന്റെ ജീവിതം ആകെ മാറി മറിച്ചിരിക്കുന്നു ..

കൂടുതൽ ചിന്തിച്ചാൽ മനസ്സു മാറിയാലോ എന്നു ചിന്തിച്ചു താൻ ഓർമകൾ വലിച്ചെറിഞ്ഞു വേഗത്തിൽ നടന്നു പോയി.

പിന്നെ 4 വർഷങ്ങൾക്ക് ശേഷമാണ് വീട്ടിൽ പോയത്..അച്ഛന്റെ മരണ വാർത്ത അറിഞ്ഞ്. വീട്ടിൽ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. താൻ കിഷോറിനെ വിവാഹം കഴിച്ചതും, പഠിച്ച കോളേജിൽ തന്നെ തനിക്ക് ജോലി ലഭിച്ചതും ഒന്നും അച്ഛൻ അറിഞ്ഞില്ല.താൻ അറിയിച്ചതും ഇല്ല… അവസാനമായി അച്ഛനെ ഒരു നോക്കു കാണാൻ കൂടി പറ്റിയില്ല… ഈ പാപമൊക്കെ താൻ എവിടെ കൊണ്ടുപോയി കഴുകും ഈശ്വരാ..

അടിയന്തിരം കഴിഞ്ഞ ശേഷമാണ് തിരിച്ചു പോയത്…അമ്മയെ കൂടെ കൊണ്ടുപോവാൻ ഒരുപാട് നിർബന്ധിച്ചു..പക്ഷെ, അച്ഛൻ ഉറങ്ങുന്ന മണ്ണ് വിട്ടു ‘അമ്മ എവിടേക്കും വരില്ല എന്നു തറപ്പിച്ചു പറഞ്ഞു..പിന്നെ താൻ നിർബന്ധിച്ചില്ല..കൂട്ടിന്ന് ശങ്കുണ്ണി ഏട്ടനും നങ്ങേമയും ഉണ്ടാവും എന്നു ആശ്വസിച്ചു..

എല്ലാവരെയും ധിക്കരിച്ചു , കുട്ടേട്ടനെ മറന്നു, കിഷോറിനെ വിശ്വസിച്ചു വന്ന തനിക്കു ദൈവം തന്ന തിരിച്ചടി ആയിരുന്നു പിന്നീട് ഉണ്ടായത്..കിഷോറിന്റെ സ്നേഹവലയത്തിൽ കുടുങ്ങിയ അനേകം പെണ്കുട്ടികളിൽ ഒരാൾ മാത്രമായിരുന്നു താനെന്ന് പിന്നീടാണ് അറിഞ്ഞത്..അതോടെ വീണ്ടും താൻ ഒറ്റക്കായി..വീട്ടിലേക്ക് തിരിച്ചു വരാൻ തോന്നിയില്ല.

എല്ലാവരെയും ധിക്കരിച്ചു ഇറങ്ങിപോന്ന തനിക്ക് അവരുടെയൊക്കെ മുഖത്തു നോക്കാൻ പേടിയോ, പ്രയാസമോ എന്തൊക്കെയോ ആയിരുന്നു..ഒറ്റക്ക് ഒരു വീടിനുള്ളിൽ ഒരു വർഷം കഴിച്ചു കൂട്ടി.. കോളേജിലെ കുട്ടികൾ ആയിരുന്നു ആകെയുള്ള ഒരു ആശ്വാസം..

പക്ഷെ ,അമ്മയുടെ മരണം തന്നെ വല്ലാതെ തളർത്തി.ഈ ലോകത്ത് സ്വന്തമെന്നു പറയാൻ തനിക്കുണ്ടായിരുന്ന അവസാന ആളും തന്നെ വിട്ടു പോയി…താനിപ്പോൾ അനാഥയാണ്…ആരുമില്ലാത്തവൾ…

അമ്മയുടെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു.. വീട്ടിൽ താൻ ഒറ്റക്കായി… നിറകണ്ണുകളോടെ കുട്ടേട്ടൻ പടിയിറങ്ങി പോവുന്നത് ജനലിലൂടെ കണ്ടു.. പരസ്പരം കണ്ടില്ല.. കാണുമ്പോൾ കാലു പിടിച്ച് കരയണം.. ചെയ്തു പോയ തെറ്റുകൾക്കെല്ലാം ആ കാലിൽ വീണ് മാപ്പു പറയണം..
ലീവ് രണ്ടു ദിവസം മാത്രമായിരുന്നു.. അതു കൊണ്ട് വേഗം തിരികെ പോവേണ്ടി വന്നു. മാർച്ചിൽ കോളേജ് അടക്കും.. അതു വരെ അവിടെ.. പിന്നെ രാജിക്കത്ത് നൽകി തിരിച്ചു വരണം.. അതായിരുന്നു മനസ്സിൽ..

പഴയതൊക്കെ ഓർത്ത് എപ്പഴാ ഉറങ്ങിയതെന്ന് അറിയില്ല.. എണീറ്റപ്പോൾ സമയം ഏഴു കഴിഞ്ഞിരുന്നു.. വേഗം താഴേക്കിറങ്ങി.. നങ്ങേമ കുളിച്ചു അടുക്കളയിൽ കയറിയിരുന്നു.. അടുപ്പിൽ പുട്ട് ആവി കയറുന്നു.. ശങ്കുണ്ണിയേട്ടൻ കുളിച്ച് വസ്ത്രം മാറി തന്നെ കാത്ത് നിൽപ്പാണ്..

“കുട്ടി.. ഉറക്കം വന്നില്ലേ രാത്രി…???

“ഇല്ല ശങ്കുണ്യേട്ടാ… ഓരോന്നോർത്ത് ഉറക്കം വന്നതേ ഇല്ല.. പുലർച്ചെ എപ്പഴോ ആണ് ഉറങ്ങിയത്.. “മായ പതുക്കെ പറഞ്ഞു

” ഉം… കുളിച്ച് ചായ കുടി കഴിഞ്ഞാൽ നമുക്ക് പോവാം.. കുട്ടൻ്റെ അടുത്തേക്ക്..”

“ഞാൻ വേഗം വരാം ശങ്കുണ്യേട്ടാ..”

മായ കുളിക്കാൻ കുളിമുറിയിലേക്കു പോയി.

ഒരു മണിക്കൂർ നടക്കാനുള്ള ദൂരമേ ഉള്ളൂ കുട്ടേട്ടൻ്റ വീട്ടിലേക്ക്.. അവിടെ വയസ്സായ കുട്ടേട്ടൻ്റെ അമ്മ.. അതായത് തൻ്റെ ഓപ്പോൾ ഉണ്ടാവും.. ഓപ്പോൾ ക്ക് തീരെ വയ്യാന്ന് ഇന്നലെ നങ്ങേമ പറഞ്ഞത് മായ ഓർത്തു.. പാവം കുട്ടേട്ടൻ… താൻ കാരണം.. ഒരു വിവാഹം പോലും കഴിക്കാതെ… വേണ്ട.. ഒന്നും ഓർക്കണ്ട.. ഇന്നലത്തന്നെ പഴയതൊക്കെ ഓർത്ത് ഉറങ്ങാനേ പറ്റിയില്ല.. അവൾ ഓർമ്മകളുടെ വാതിൽ കൊട്ടിയടച്ചു.

പടിക്കൽ ആരോ വന്നു നിൽക്കുന്നതു കണ്ട് കുട്ടൻ മുറ്റത്തേക്കിറങ്ങി.. ആരാണെന്ന് മനസിലാവുന്നില്ല.. അടുത്തേക്കു ചെല്ലുംതോറും മുഖം വ്യക്തമായി വന്നു.. മായയും ശങ്കുണ്ണിയേട്ടനും..

“വരൂ ശങ്കുണ്ണിയേട്ടാ.. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.”.കുട്ടൻ ആകാംക്ഷയോടെയും അത്ഭുതത്തോടെയും പറഞ്ഞു.

“കുട്ടി ഇന്നലെ ഉച്ചക്ക്യാ വന്നത്.. വന്നപാടെ നല്ല മഴ.. പിന്നെ സന്ധ്യയായി.. ഞാൻ പറഞ്ഞു..ഇന്നു കാലത്തു തന്നെ വരാംന്ന്.. അതാ വന്നത്..” ശങ്കുണ്ണിയേട്ടൻ ആരോടെന്നില്ലാതെ പറഞ്ഞു.

“ഉം… മായ ഇങ്ങട് ളള വഴിയൊക്കെ മറന്ന് ണ്ടാവും ല്ലേ…?

കുട്ടൻ മായയെ നോക്കി ചോദിച്ചു.. മായ ഒന്നും മിണ്ടാതെ തല കുനിച്ച് നിൽക്കായിരുന്നു അപ്പോഴും..

” എവിടെ ഓപ്പോൾ..??? തലയുയർത്തി കൊണ്ട് മായ ചോദിച്ചു.. അപ്പോൾ തൻ്റെ കണ്ണുകളിൽ വെള്ളം നിറയുന്നത് അവൾ അറിഞ്ഞു.. നിറഞ്ഞൊഴുകാതിരിക്കാൻ കുട്ടൻ കാണാതെ തൻ്റെ ഇളം നീലസാരിത്തലപ്പു കൊണ്ട് അവൾ കണ്ണുകൾ തുടച്ചു..

“അമ്മ അകത്താ.. കുറച്ചൂസായി അസുഖം അൽപം കൂടുതലാ.. വരൂ..

കുട്ടൻ മായയെ അകത്തേക്ക് കൂട്ടികൊണ്ടു പോയി.. അകത്ത് കട്ടിലിൽ മെലിഞ്ഞുണങ്ങിയ ഒരു വൃദ്ധ കിടക്കുന്നു.. വെളുത്ത തലമുടി.. ചുക്കിച്ചുളിഞ്ഞ തൊലി.. കുഴിഞ്ഞ കണ്ണുകൾ.. ഇതു തൻ്റെ ഓപ്പ തന്നെ ആണോ.. മായക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. 10 വർഷം മുൻപ് താൻ ഇവിടെ നിന്നും പോവുമ്പോൾ ഓപ്പോൾ എന്തൊരു ആരോഗ്യവതിയായിരുന്നു…
മായ കട്ടിലിൻ്റെ അരികിലിരുന്നു..മെല്ലെ ആ കൈകളിൽ തലോടി

ഓപ്പേ….അവൾ മെല്ലെ വിളിച്ചു.. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളി ഇറ്റിറ്റു ആ ചുക്കിച്ചുളിഞ്ഞ കൈകളിലേക്ക് വീണു,.. കുഴിഞ്ഞ രണ്ടു കണ്ണുകൾ മെല്ലെ തുറന്ന് ആ വൃദ്ധ മായയെ നോക്കി..

” അമ്മേ.. അമ്മക്ക് മനസ്സിലായോ ആരാ വന്നേക്കണേ ന്ന്… ഒന്നു നോക്കു അമ്മേ..”

കുട്ടൻ അമ്മയുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.

“മാ… മായ… മോളേ …”

പതിഞ്ഞ സ്വരത്തിൽ അമ്മ വിളിച്ചു… പിന്നെ ആ കണ്ണുകൾ പതുക്കെ അടച്ചു..
“മോളേ.. വെയിലാവുമ്പഴേക്കും നമുക്ക് ഇറങ്ങാം.. ശങ്കുണ്ണിയേട്ടൻ വിളിച്ചത് കേട്ട് മായ പതുക്കെ എഴുന്നേറ്റു..കുട്ടൻ്റെ മുഖത്തു നോക്കി.. ആ കണ്ണുകളും നിറഞ്ഞിരുന്നു.

” പോവ്വാണോ…??? ഇനി വരില്ലേ. ‘???തൊണ്ട ഇടറിക്കൊണ്ട് കുട്ടൻ ചോദിച്ചു..

മായക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല… വാക്കുകൾ നാവിൽ വരുന്നില്ല.. എന്തു പറയണം.. എന്നറിയില്ല.. അവൾ നിശ്ചലമായി അവിടത്തന്നെ നിന്നു..

” മായേ… ഒരുമിച്ച് കളിച്ച് വളർന്ന നമ്മൾ.. എല്ലാം പങ്കുവെച്ച നമ്മൾ… ഒരു ദിവസം എന്നെ വിട്ട് നീ പോയി.. അന്ന് ഞാൻ അനുഭവിച്ച വേദന.. എന്നിട്ടും.. ഞാൻ കാത്തിരുന്നു.. എന്നെങ്കിലും നീ എനിക്ക് സ്വന്തമാകുമെന്ന് കരുതി.. നീ വേറൊരാളെ വിവാഹം കഴിച്ചു.. എന്നിട്ടും എൻ്റെ മനസ്സിൽ നിനക്കുള്ള സ്ഥാനം ഞാൻ വേറെ ആർക്കും കൊടുത്തില്ല,.. അമ്മക്ക് വയ്യാതായിട്ടും വിവാഹം പോലും കഴിക്കാതെ ഞാൻ നിൽക്കുന്നതെന്താന്നറിയ്യോ മായക്ക്… ‘??? ആ സ്ഥാനത്ത് നിന്നെയല്ലാതെ വേറൊരാളെ എനിക്ക് സങ്കൽപ്പിക്കാൻ പോലും വയ്യാത്തോണ്ടാ.. നീ ഇല്ലെങ്കിലും.. നീ തന്ന ഓർമ്മകൾ ഉണ്ടെനിക്ക് ജീവിക്കാൻ അതോണ്ടാ… അതു മതി എനിക്ക്..”കുട്ടൻ്റെ തൊണ്ടയിടറി.

“കുട്ടേട്ടാ… എന്നോടു പൊറുക്കൂ… എന്നെ ശപിക്കല്ലേ… മാപ്പ്. മാപ്പ്…” കരഞ്ഞുകൊണ്ട് മായ കുട്ടൻ്റെ കാലുകളിൽ വീണു..
കുട്ടൻ മായയെ എഴുന്നേൽപ്പിച്ചു..

” നിന്നെ കരയിപ്പിക്കാൻ പറഞ്ഞതല്ല കുട്ടേട്ടൻ.. നീ ഇല്ലാതെ ഈ കുട്ടൻ ഇല്ലെടീ…”
അതു പറഞ്ഞപ്പോഴേക്കും മായ കുട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു..

കുട്ടേട്ടാ….

” എന്താ ഇത് കുട്ട്യേ.. ഇങ്ങനെ കരയ്യാണോ ചെയ്യാ… കഴിഞ്ഞതൊക്കെ കഴിഞ്ഞു.. ഇനിയെങ്കിലും കുട്ടൻ്റെ മായയായി ജീവിക്കല്ലേ വേണ്ടേ… ശങ്കുണ്ണിയേട്ടൻ ചിരിച്ചു കൊണ്ടു പറഞ്ഞു….

മായയും ശങ്കുണ്ണിയേട്ടനും പടിയിറങ്ങി..പടിക്കലെത്തുവോളം കുട്ടനും അവരുടെ കൂടെ ചെന്നു.. ഇടവഴിയിലേക്കിറങ്ങിയപ്പോൾ മായ ഒന്നു തിരിഞ്ഞു നോക്കി.. കുട്ടൻ അവളെയും.. രണ്ടു പേരുടേയും കണ്ണുകളിൽ ഒരു പ്രകാശം ഉണ്ടായിരുന്നു..

അവർ നടന്നു പോകുന്നതും നോക്കി കുട്ടൻ പടിക്കൽ തന്നെ നിന്നു… വരാൻ പോകുന്ന വസന്തത്തെ കാത്തു നിൽക്കുന്ന കുയിലിനെ പോലെ… അപ്പോഴേക്കും ആകാശം കറുത്തിരുണ്ടു.. ഒരു ചാറ്റൽ മഴ അവിടെയാകെ പെയ്തു തുടങ്ങി…

ശുഭം

ശ്രീജ ഉപ്പുംതറ

4.6/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!