Skip to content

ബൃന്ദാവനസാരംഗ – ഭാഗം 9

Malayalam Novel Brindavana Saranga

വേദ മാളുവിനെ തന്നിൽ നിന്നടർത്തി മാറ്റി … നിസാഹായതയുടെ പടുകുഴിയിൽ വീണവൾ ഏങ്ങിക്കരഞ്ഞു തന്റെ പ്രിയ കൂട്ടുകാരിക്കു മുന്നിൽ …

വേദയവളെ ബെഡിലേക്ക് കിടത്തി … കുനിഞ്ഞ് ആ നെറ്റിയിൽ ഉമ്മ

വച്ചു …

മാളവിക വേദയുടെ കൈയ്യിൽ മുറുകി പിടിച്ചു .. അവൾക്കെന്തോ പറയുവാനുണ്ടായിരുന്നു ….

* * * * * * * * * * * * * *

ആ രാത്രിക്ക് പുലരിയിലേക്കെത്താൻ ദൈർഘ്യമേറെയായിരുന്നു .. ഒരു കൊച്ചു കുഞ്ഞിനെയെന്ന പോലെ മാളുവിനെ തന്നിലേക്ക് അണച്ചു പിടിച്ച് വേദയരികിൽ ഉറങ്ങാതെ കിടന്നു ..

ഏതോ പള്ളിയിൽ സുബഹി ബാങ്ക് കേട്ടപ്പോൾ അവൾ എഴുന്നേറ്റു .. എല്ലാ ദിവസവും സ്വന്തം വീട്ടിൽ അവൾ ഉണരുന്നതും അത് കേട്ട് കൊണ്ടാണ് .. മാളു ഉറങ്ങുന്നത് കണ്ടിട്ടാണ് അവൾ പുറത്തേക്ക് ഇറങ്ങിയത് .. വാതിൽ ചേർത്തടച്ചവൾ ഹാളിലേക്ക് വന്നു ..

ലൈറ്റ് തെളിക്കാതെ തന്നെ , വിച്ചുവിന്റെ റൂമിന്റെ എതിർഭാഗത്ത് ഷോക്കെയ്സിന്റെ വശത്തേക്ക് മാറി ചുമർ ചാരി നിന്നു .. ജനാല വിരിയും ഷോക്കേസിന്റെ മറവും ഉള്ളതിനാൽ ആ ഭാഗത്ത് ഒരാൾ നിന്നാൽ പെട്ടന്ന് ശ്രദ്ധയിൽ പെടില്ല ..

സമയം ഇഴഞ്ഞു നീങ്ങി .. വിച്ചുവിന്റെ മുറി തുറക്കപ്പെട്ടു … അവൾ തന്നെയാണ് തുറന്നിറങ്ങിയത് .. മുട്ടിന് താഴെ നിൽക്കുന്ന ബ്ലാക് സ്കർട്ടും കടും പച്ച നിറത്തിൽ ഹാഫ് സ്ലീവ് ടോപ്പുമായിരുന്നു വേഷം .. യു കട്ട് ചെയ്തിട്ട തോളൊപ്പമുള്ള നീളൻ മുടിയഴിഞ്ഞ് കിടന്നു .. അവളുടെ റൂമിലെ ഫാന്റ്സി ലൈറ്റിന്റെ അരണ്ട വെളിച്ചം മാത്രം ഹാളിലേക്ക് കടന്നു വന്നു .. വേദ നിൽക്കുന്നിടം അപ്പോഴും ഇരുട്ട് തന്നെയായിരുന്നു ..

അവളുടെ നോട്ടം മാളുവിന്റെ റൂമിന് നേർക്കായിരുന്നു .. അതടഞ്ഞു കിടക്കുകയാണെന്ന് ഉറപ്പു വരുത്തുകയാണ് അവളെന്ന് വേദക്ക് മനസിലായി ..

കുഞ്ഞനുജത്തിയായി കരുതി സ്നേഹിച്ചവളാണ് .. തന്റെ കൈയിൽ തൂങ്ങി കൊഞ്ചി നടന്നവളാണ് തൊട്ടു മുന്നിൽ നിന്ന് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായ കള്ളത്തരം ചെയ്തിട്ട് അത് സമർത്ഥമായി മൂടിവയ്ക്കാൻ ശ്രമിക്കുന്നത് .. ഓർത്തപ്പോൾ വേദക്ക് നെഞ്ച് കടഞ്ഞു ..

അവൾ അവിടമാകെ വീക്ഷിച്ചിട്ട് അകത്തേക്ക് നോക്കി തലയാട്ടി വിളിച്ചു .. പിന്നെ ചിരിച്ചു കാണിച്ചു ..

ഒരു ത്രീഫോർത്ത് മാത്രം അണിഞ്ഞു കൊണ്ട് രാഹുലിറങ്ങി വന്ന് അവൾക്കരികിൽ നിന്നു .. പിന്നെ എന്തോ അവളുടെ കാതിൽ പറഞ്ഞു .. അവൾ നാണത്തോടെ മുഖം കുനിക്കുന്നതും അയാളുടെ നെഞ്ചിൽ ചൂണ്ടുവിരൽ കൊണ്ട് കുത്തുന്നതും വേദ കണ്ടു ..

ഇടം കൈ കൊണ്ട് അവളെ വാരിയടുപ്പിച്ച് അയാളുടെ നഗ്നമായ മാറിടത്തിലേക്കിട്ടു .. ആലിംഗനങ്ങൾക്കും ചുംബനങ്ങൾക്കും വഴിമാറിയപ്പോൾ വേദ അറപ്പോടെ മുഖം തിരിച്ചു …

രാഹുലിന് ഒരു കൂസലുമില്ലെന്ന് അവന്റെ ചേഷ്ടകളിൽ നിന്ന് തന്നെ വേദക്ക് മനസിലായി . . മറച്ചു പിടിക്കാനാഗ്രഹിക്കുന്നത് അവളാണ് ..

എപ്പോഴോ അയാളെ അടർത്തിമാറ്റി അവൾ തന്നെ ഉന്തി തളളി വിട്ടു .. ഗസ്റ്റ് റൂമിൽ കയറി അയാൾ വാതിലടച്ച ശേഷം അവൾ തിരിഞ്ഞ് റൂമിനുള്ളിലേക്ക് പോയി .. ബാത്ത് റൂമിൽ വെളളം വീഴുന്ന ഒച്ച കേൾക്കാമായിരുന്നു .. കുറച്ച് കഴിഞ്ഞ് അവൾ തിരികെ ഇറങ്ങി വന്നു .. മുടി മുകളിലേക്ക് പിടിച്ച് ക്ലിപ്പ് ചെയ്തിട്ടുണ്ടായിരുന്നു ..

അവൾ ഹാളിലേക്കിറങ്ങി ലൈറ്റ് തെളിച്ചു .. കിച്ചണിലേക്ക് പോകാൻ തുനിഞ്ഞ അവൾ പെട്ടന്ന് സംശയിച്ച് നിന്നു .. പിന്നെ വേദ നിന്ന ഭാഗത്തേക്ക് നോക്കി …

ഒരേയൊരു നോട്ടം .. അവൾ ഞെട്ടിത്തെറിച്ച് പിന്നോക്കം മാറി ..

നെഞ്ചിൽ കൈകെട്ടി അവളെ തന്നെ ഉറ്റുനോക്കി നിൽക്കുന്ന വേദ ..

വേദയെ അവിടെ കാണുമെന്ന് അവളൊട്ടും പ്രതീക്ഷിച്ചില്ല ..

പ്രേതത്തെ കണ്ടതുപോലെ അവളങ്ങോട്ടു തുറിച്ചു നോക്കി നിന്നു ..

പിന്നെയെപ്പോഴോ ഗസ്റ്റ് റൂമിന് നേർക്ക് അവളുടെ നോട്ടം പോയി …

ആ തണുത്ത പുലരിയിലും വിപഞ്ചിക വിയർത്തു കുളിച്ചു ..

പിടിക്കപ്പെട്ടു കഴിഞ്ഞു എന്ന് അവൾക്കുറപ്പായി .. അവൾ മുഖം കുനിച്ചു കൈകൾ വയറോട് ചേർത്ത് വച്ച് ഞെട്ട പൊട്ടിച്ചു കൊണ്ട് നിന്നു ..

വേദ അവൾക്കരികിലേക്ക് ചെന്നു … അവളുടെ കൈയിൽ പിടിച്ചു …

“വാ ……” വേദയുടെ സ്വരം മൂർച്ചയുള്ളതായിരുന്നു ..

അവൾ ഒന്നും മിണ്ടാതെ കൂടെ ചെന്നു .. ഇടക്ക് അവൾ തിരിഞ്ഞ് ഗസ്റ്റ് റൂമിനു നേർക്ക് നോക്കി …

വേദയവളെ അവളുടെ മുറിക്കകത്തേക്ക് വലിച്ചിട്ടു ഹാന്റിൽ തിരിച്ച് ഡോറടച്ചു ..

അകത്ത് തൊട്ടിലിൽ കുഞ്ഞ് ഉറങ്ങിക്കിടപ്പുണ്ടായിരുന്നു …

വിച്ചു ചുമരിലേക്ക് ചാരി മുഖം കുനിച്ച് നിന്നു …

വേദ അവൾക്ക് മുന്നിൽ നിന്നു .. ഇന്നലെ വരെ അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ വേദക്ക് വാത്സല്ല്യമായിരുന്നു .. ഇപ്പോൾ അത് അറപ്പായി മാറി ..

” എത്ര നാളായി ഇത് തുടങ്ങിയിട്ട് .. ? ” വേദ അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി …

അവളൊന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു ….

” വച്ചൂ …..” വേദ അമർഷത്തോടെ വിളിച്ചു …

വിപഞ്ചിക മുഖമുയർത്തി …

” ഞാൻ ചോദിച്ചത് നീ കേട്ടോ …. ” വേദയുടെ ഒച്ചയുയർന്നു ..

” ഞാൻ … ഞാനറിയാതെ ………” അവളെന്തോ പറയാൻ തുടങ്ങിയതും വേദ കൈയ്യെടുത്തു തടഞ്ഞു …

” പൈങ്കിളി കഥയിലെ പോലെ ഒരു ദുർബല നിമിഷത്തിന്റെ കഥയാണ് പറയാൻ തുടങ്ങുന്നതെങ്കിൽ പറഞ്ഞു നീ നാണം കെടണ്ട .. . ” വേദ കടുപ്പിച്ച് പറഞ്ഞു …

വിച്ചു പറയാൻ വന്നത് വിഴുങ്ങി നിന്നു .. അവളുടെ കണ്ണിൽ നിന്ന് കണ്ണുനീരടർന്നു …

” നീയെന്തിനാടി കരയുന്നത് .. കുറച്ചു മുന്നേ അവന്റെ നെഞ്ചിൽ കിടന്ന് കുഴഞ്ഞാടിയപ്പോൾ ഈ കുറ്റബോധമൊന്നും ഞാൻ കണ്ടില്ലല്ലോ …”

വിച്ചു അടിയേറ്റതു പോലെ ചുവന്നു ..

” നിനക്കെങ്ങനെ തോന്നിയെടി രോഗം മൂർച്ഛിച്ച് കിടക്കുന്ന ആ പാവത്തിനോട് ഇത് ചെയ്യാൻ … നിന്റെ സ്വന്തം കൂടപ്പിറപ്പല്ലേ അവൾ … ” വേദയുടെ തൊണ്ടയിടറി …

അവളൊന്നും മിണ്ടിയില്ല ..

” എന്താടി … നിന്റെ നാവിറങ്ങിപ്പോയോ …? ” അവൾ മിണ്ടാതെ നിൽക്കുന്നത് കണ്ട് ക്ഷമകെട്ട് വേദയവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് ഉലച്ചു ….

അവളൊന്ന് ഞരങ്ങി …

രാഹുൽ പകർന്നു കൊടുത്ത ചൂടും ചൂരും സുഖാലസ്യങ്ങളുമെല്ലാം ദേഹം വിട്ടൊഴിഞ്ഞതുപോലെ വിച്ചുവിന് തോന്നി … ഇപ്പോൾ തന്റെ ശരീരത്തിന്റെ കാണാപ്പുറങ്ങളിലെല്ലാം കുറേ വേദനകൾ മാത്രം … സിരകളിൽ ഒരുതരം മരവിപ്പ് ..

” ചേച്ചി … ചേച്ചി തന്നെയാ എന്നോട് ഓരോന്നൊക്കെ പറഞ്ഞത് …” പെട്ടന്ന് അവൾ പറഞ്ഞു …

” എന്ത് പറഞ്ഞു …? “

വേദയാ മറുപടി പ്രതീക്ഷിച്ചിരുന്നുവെങ്കിലും ചോദിച്ചു ….

” മോനെ പ്രസവിക്കാറായപ്പോൾ എന്നെ അടുത്ത് വിളിച്ചു പറഞ്ഞു .. ചേച്ചി മരിച്ചു പോയാ രാഹുലേട്ടനെ കല്ല്യാണം കഴിക്കണംന്ന് … കുഞ്ഞിനെ നോക്കണന്നൊക്കെ പറഞ്ഞു .. അമ്മയേം അച്ഛനേം എന്നേം കൂടി വിളിച്ചിട്ടാ പറഞ്ഞത് .. രാഹുലേട്ടനോടും പറഞ്ഞിട്ടുണ്ടാരുന്നു അങ്ങനൊക്കെ “

” മരിച്ചു പോയാലല്ലേ … ജീവിച്ചിരിക്കുമ്പോളല്ലല്ലോ ….”

വിച്ചു മുഖം കുനിച്ചു ….

” കഷ്ടം ….. മരണത്തെ മുഖാമുഖം കണ്ട് കിടക്കുമ്പോ , പിറക്കാൻ പോകുന്ന തന്റെ കുഞ്ഞിനെക്കൂടി കരുതി അവളങ്ങനെയൊക്കെ പറയുമ്പോ അവളുടെ മാനസികാവസ്ഥ എന്താണെന്ന് നീ ചിന്തിച്ചിട്ടുണ്ടോ … അവളുടെ കുഞ്ഞിനെ സ്വന്തമെന്ന് കരുതി വളർത്താൻ അവളല്ലെങ്കിൽ പിന്നെ നിനക്കേ കഴിയൂ എന്നവൾ കരുതി .. നിന്നിലുള്ള വിശ്വാസം അവൾക്കത്രക്കുണ്ട് .. “

“അത് കഴിഞ്ഞും ചേച്ചി പറഞ്ഞു .. “

” അവളുടെ അവസ്ഥയതാണ് … സ്വന്തം കുഞ്ഞിനെയും ഭർത്താവിനെയും മറ്റൊരു സ്ത്രീയെ ഏൽപ്പിക്കാൻ ശ്രമിക്കുമ്പോ അവളെത്ര മാത്രം വേദനയനുഭവിച്ചിട്ടുണ്ട് .. അവളുടെ കുഞ്ഞ് അനാഥമായിപ്പോകാതിരിക്കാൻ അവൾക്കീ ലോകത്ത് ആശ്രയിക്കാവുന്ന ഒരേയൊരാശ്രയം നീയായിരുന്നു .. എന്നിട്ട് നീയെന്താ അവൾക്ക് തിരിച്ചു കൊടുത്തത് … ഒരു ചുമരിനപ്പുറം രോഗം കാർന്ന് തിന്ന് അവൾ ജീവച്ഛവമായി കിടക്കുമ്പോൾ ഇപ്പുറത്ത് അവളുടെ ഭർത്താവിനൊപ്പം കിടക്ക പങ്കിടുന്നു .. എന്നിട്ടത് ന്യായീകരിക്കാൻ നീ കണ്ടെത്തിയ ന്യായം കൊള്ളാം … അവള് പറഞ്ഞിട്ടാണത്രേ .. അവൾ ജീവിച്ചിരിക്കുമ്പോ അയാൾക്കൊപ്പം കയറിക്കിടക്കാൻ നിന്നോടവൾ പറഞ്ഞോ … ” വേദ പൊട്ടിത്തെറിച്ചു . ..

” ചേട്ടന്റെ വിഷമം കണ്ടപ്പോ …” അവൾ പറയാൻ തുടങ്ങിയത് വിഴുങ്ങി കളഞ്ഞു …

” ചേട്ടന്റെ വിഷമം കണ്ടപ്പോ ….. എന്താ നിർത്തി കളഞ്ഞത് … ബാക്കി പറയ്‌ … കേൾക്കട്ടെ .. ” വേദയവളെ തറപ്പിച്ച് നോക്കി …

അവളൊന്നും മിണ്ടിയില്ല ……

” പറയെടി … അയാളുടെ എന്ത് വിഷമം കണ്ടിട്ടാ നീയയാൾക്ക് കിടപ്പറ തുറന്നു കൊടുത്തത് ….? “

അവൾ വാ പൂട്ടി കല്ല് പോലെ നിന്നു കളഞ്ഞു ….

” മാളുവിനറിയോ , നീയവളുടെ ഭർത്താവിന്റെ വിഷമം തീർത്തു കൊടുക്കുന്നത് …. ” വേദയൊന്ന് താങ്ങി ചോദിച്ചു …

വിച്ചു അവളെയൊന്ന് നോക്കിയിട്ട് കുനിഞ്ഞു നിന്നു … ഇടക്കിടക്കവൾ കൈയുടെ പുറം കൊണ്ട് കണ്ണു തുടച്ചു ….

” എടീ …. അവൾക്കറിയുമോ എന്ന് …? ” വേദ വീണ്ടും ചോദിച്ചു …

ഇല്ലെന്നവൾ തല ചലിപ്പിച്ചു …

” ഇല്ലെ …..? ” വേദ പുച്ഛത്തോടെ ചോദിച്ചു …

ഇല്ലെന്ന് തന്നെ അവൾ വീണ്ടും പറഞ്ഞു …

” ആര് പറഞ്ഞു ഇല്ലെന്ന് … എടീ … നീയവളുടെ ഭർത്താവിന്റെ നെഞ്ചിൽ ആദ്യമായി വീണ ദിവസം തന്നെ അവളത് തിരിച്ചറിഞ്ഞു … നിന്റെ ശരീരത്തിലെ അയാളുടെ മണം തിരിച്ചറിയാൻ അവൾക്കാരുടെയും സഹായമൊന്നും വേണ്ട .. അവളയാളുടെ ഭാര്യയാണ് .. നാലഞ്ച് വർഷം അയാളുടെ കൂടെ കഴിഞ്ഞ ഭാര്യ … നീയവന്റെ നെഞ്ചിലൊന്ന് അമർത്തി മണപ്പിച്ചു നോക്ക് … നിന്റെ ചേച്ചിയുടെ ഗന്ധം ഇപ്പോഴും അവിടെയുണ്ടാവും .. “

വിച്ചുവിന് മരിച്ചാൽ മതിയെന്നായി …. എല്ലാമറിഞ്ഞിട്ടാണോ മാളുവേച്ചി ….?

” നിനക്ക് വിശ്വസിക്കാൻ കഴിയുന്നില്ല അല്ലെ …. ?” വേദ ചോദിച്ചു …

അവൾ ഉമിനീരിറക്കി ..

” എല്ലാമറിഞ്ഞിട്ടാ ആ പാവം അതിനകത്ത് മരണം കാത്ത് കിടക്കുന്നത് .. രോഗത്തെക്കാൾ അവളെ കീറി മുറിച്ചത് നിങ്ങളാണ് … നീയും അയാളും …..”

വിച്ചു പിടച്ചിലോടെ വേദയെ നോക്കി …

” എതായാലും ഞങ്ങൾ ചിലതൊക്കെ തീരുമാനിച്ചിട്ടുണ്ട് … ഒന്ന് നീയോർത്തോ … സ്വന്തം ഭാര്യ , സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിന്റെയമ്മ മരണം കാത്ത് കിടക്കുമ്പോ മറ്റൊരുത്തിയുടെ കിടപ്പറ തേടി പോയവനാണ് അയാൾ .. രോഗം ആർക്കും വരാം .. നാളെ നിനക്കീ ഗതി വരാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം … “

വിപഞ്ചികയുടെ ഉള്ളിലെവിടെയോ ഒരു കൊള്ളിയാൻ മിന്നി ..

പെട്ടന്ന് ഡോർ ഹാന്റിൽ തിരിഞ്ഞു .. വാതിൽ തുറന്ന് രാഹുൽ അകത്തേക്ക് കയറി ..

അവനിരുവരെയും മാറി മാറി നോക്കി …

” എന്താ കിച്ചണിൽ കയറാത്തത് ….” അവൻ വിച്ചുവിനെ നോക്കി …

അപ്പോഴാണ് അവൾ കരയുകയാണെന്ന് അവൻ കണ്ടത് …

” എന്തു പറ്റി മോളെ …. ” അവൻ അധികാരത്തോടെ അവളുടെ തോളിൽ കൈവച്ച് ചോദിച്ചു …

അവളാ കൈ എടുത്തു മാറ്റിക്കളഞ്ഞു ….

(തുടരും )

അമൃത അജയൻ

അമ്മൂട്ടി …

NB : ഇന്നലെ ഒരുപാടാളുകൾ ഇൻബോക്സിൽ വന്നിരുന്നു .. എല്ലാവർക്കും ഒരുപാട് വിഷമമായി എന്ന് മനസിലായി .. കുറച്ചു പേർ റിയൽ സ്റ്റോറി ആണോ എന്ന് ചോദിച്ചു … അല്ല എന്ന് മറുപടി കൊടുത്തു കൊണ്ടിരിക്കുമ്പോളാണ് ആ ഒരു മെസേജ് എന്റെ ഇൻബോക്സിലേക്ക് വന്നത് … സ്വന്തം അനുഭവമാണെന്ന് പറഞ്ഞു കൊണ്ട് ഒരു ചേച്ചി .. ഒരു പാട് കരഞ്ഞു … എങ്ങനെ സമാധാനിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു .. രോഗമൊന്നുമില്ലായിരുന്നു എന്നിട്ടും ആ കയ്പേറിയ അനുഭവം ജീവിതത്തിലനുഭവിക്കേണ്ടി വന്നതിന്റെ ഭീകരത .. എനിക്ക് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല .. പക്ഷെ ചേച്ചി തോറ്റില്ല .. ഇപ്പോ ഡെൽഹിയിൽ അന്തസായി ജോലി ചെയ്ത് ജീവിക്കുന്നു .. എങ്കിലും ഭൂതകാലത്തിന്റെ കയ്പുനീർ ഇപ്പോഴും ആ വാക്കുകളിലുണ്ട് . . നിങ്ങളോട് പറഞ്ഞോട്ടെ എന്ന് ഞാൻ ചോദിച്ചു … തീർച്ചയായും പറയണമെന്ന് ചേച്ചിയും . ചേച്ചിയുടെ അനുവാദത്തോടെയാണ് ഞാനിതിവിടെ കുറിച്ചത് .. പേര് പറഞ്ഞോളാൻ എന്നോട് പറഞ്ഞതാണ് .. പക്ഷെ ചേച്ചിയുടെ പ്രൈവസി മാനിച്ച് ഞാനത് പറയുന്നില്ല .. ചേച്ചി അവസാനം പറഞ്ഞ മെസ്സേജ് ഞാൻ അത് പോലെ കോപ്പി ചെയ്തു ചേർക്കുന്നു..

// ezhuthunna al ariynillalo ith chilarde jeevitham annu. gud luck mole.god bless you //

ഇതിൽ കൂടുതൽ എനിക്കെന്ത് കിട്ടാൻ അല്ലെ ..

സസ്നേഹം അമ്മൂസ്

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

4.2/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ബൃന്ദാവനസാരംഗ – ഭാഗം 9”

  1. Orupaad Santhosham😘ithrayum nalloru story thannathinu orupaad nanni ennum ee storyk vendiyanu kaathirikkunnath. Ella storyil ninnum orupaad vethyasthatha und ee storyk…ella storyilum parasparam common aayit enthengilum indavum but ee story thikachum vethyastham..orupaad nanni😘😘 ennum rand part idan sramikkane its a request please….💕

Leave a Reply

Don`t copy text!