“നിവീ, നീ ഞങ്ങളോട് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ അല്ലേ..?”
പെട്ടന്നുണ്ടായ ഞെട്ടലിൽ ഇന്ദുവിന്റെ നെറ്റിയിലേക്ക് ചേർത്ത കൈ നിവി പിന്നോട്ട് വലിച്ചു
“എന്താമ്മേ ഇപ്പോൾ ഇങ്ങനെയൊരു ചോദ്യം?..ഞാൻ..”
നിവി എന്തോ പറയാനായി തുടങ്ങിയപ്പോഴേക്കും ഇന്ദു പറഞ്ഞു തുടങ്ങിയിരുന്നു.
“ഇന്ന് ഞാൻ പുറത്ത് പോയപ്പോൾ നിധിയെ കണ്ടിരുന്നു”
“എന്നിട്ട്…”
“അവൾക്ക് എന്നോട് എന്തോ സംസാരിക്കണമെന്ന് പറഞ്ഞു..”
“എന്നിട്ട് അമ്മയെന്ത് പറഞ്ഞു.. .?”
“ഞാനൊന്നും പറഞ്ഞില്ല..പെറ്റ വയറിന്റെ ദണ്ണം മനസ്സിലാക്കാതെ ഇറങ്ങി പോയവളല്ലേ..അവളിൽ നിന്നെനിക്ക് ഇനിയെന്ത് കേൾക്കാനാ?”
“എന്നാലും ചേച്ചിക്ക് പറയാനുള്ളതെങ്കിലും അമ്മയ്ക്ക് കേൾക്കാമായിരുന്നു…”
നിവിയുടെ ആ സംസാരത്തിന് മറുപടി പറഞ്ഞത് ഇന്ദുവിന്റെ കണ്ണുകളായിരുന്നു…ഇന്ദുവിന്റെ തീക്ഷ്ണമായ നോട്ടത്തെ നേരിടാനാവാതെ നിവി മുറിയിലേക്ക് നടന്നു…
അലന്റെ കാര്യവും നിധിയുടെ കാര്യവും ഇൻറ്റേണൽ എക്സാമിന്റെ ടെൻഷനും അവളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു..മനസ്സിലെ അനാവശ്യ ചിന്തകളെ തൽക്കാലം ഒഴിവാക്കി കൊണ്ട് നിവി പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു
ദിവസങ്ങളോരോന്നും അവൾക്ക് മുൻപിലൂടെ കടന്നു പൊയ്ക്കൊണ്ടേയിരുന്നു..
അവസാനത്തെ ഇൻറ്റേണലും കഴിഞ്ഞു വീട്ടിലേക്ക് പോകാൻ ബസ് നോക്കി നിൽക്കുവായിരുന്നു ഹരി.അവൾക്ക് അരികിൽ തന്റെ സ്കൂട്ടിയിൽ നിവിയും ഉണ്ടായിരുന്നു
“ഹരി നാളെ നമുക്കൊന്ന് പുറത്ത് പോകണം..എനിക്ക് ഡ്രസ്സ് വാങ്ങണം.നെക്സ്റ്റ് സണ്ടേ അമ്മ വീട്ടിൽ ഒരു ഫംഗ്ഷൻ ഉണ്ട്…”
“ഓ…നിന്റെ നിവേദേട്ടന്റെ എൻഗേജ്മെന്റ് അല്ലേ..”
“ആ..അത് തന്നെ..”
പോകാൻ തീരെ താൽപര്യം ഇല്ലാത്ത രീതിയിൽ നിവി പറഞ്ഞു
“ഓക്കേ നമുക്ക് നാളെ പോകാം..നാളെ സാറ്റർഡേ അല്ലേ..ക്ലാസ് ഇല്ലല്ലോ…”
“മ്ം..ദേ നിന്റെ ബസ് വരുന്നു..”
“ഞാൻ പോകുവാ.. നീ സൂക്ഷിച്ചു പോകണേ..”
“മ്ം..”
ഉമ്മറത്തേക്ക് നിവി ചെല്ലുമ്പോൾ തന്നെ ഇന്ദു അവിടെ ഉണ്ടായിരുന്നു.. പതിവിനു വിപരീതമായി സെറ്റ് സാരിയൊക്കെ ഉടുത്ത് നനഞ മുടി തുമ്പ് കൂട്ടി കെട്ടി കൊണ്ടിരിക്കുകയായിരുന്നു അവർ
“അമ്മ എവിടെയേലും പോകാൻ ഒരുങ്ങി നിൽക്കുവാണോ…”
“അതെ.ക്ഷേത്രത്തിൽ പോകാനാ..”
“അമ്മ തനിച്ചോ..?”
“അല്ല അപ്പുറത്തെ മാലതിയും ഉണ്ട്..
അച്ഛൻ വരുമ്പോൾ ചായ എടുത്തു കൊടുക്കണം കേട്ടോ..”
“മ്ം അതൊക്കെ ഞാൻ കൊടുത്തോളാം..അമ്മ സമയം കളയാതെ പോകാൻ നോക്ക്..”
കുളിച്ചു വേഷം മാറി ബാൽക്കണിയിലെ ആട്ടുകട്ടിലിലിരുന്ന് നാളുകൾക്ക് മുൻപ് വായിച്ചു പാതിയിൽ നിർത്തിയ ചേതൻ ഭഗതിന്റെ ഹാഫ് ഗേൾഫ്രണ്ടിന്റെ ഓരോ വരികളും ആസ്വദിച്ചു വായിച്ചു കൊണ്ടിരിക്കുകയായിരുന്നു നിവി
പുറത്ത് വെയില് അൽപം മങ്ങിയിരുന്നു..സന്ധ്യയാകാൻ പോകുന്നതിന്റെ സൂചനയായി പക്ഷികൾ ശബ്ദമുണ്ടാക്കി കൊണ്ട് പറന്നകന്നു…നിവിയുടെ ദൃഷ്ടികൾ ആകാശത്തിലേക്ക് നീണ്ടു..
നന്ദഗോപന്റെ കാറ് ഗേറ്റ് കടന്നു അകത്തേക്ക് വരുന്നത് കണ്ടപ്പോഴായിരുന്നു നിവി ബാൽക്കണിയിൽ നിന്ന് താഴേക്ക് ഇറങ്ങി ചെന്നത്
അകത്തേക്ക് കയറിയ നന്ദൻ ആദ്യം ചോദിച്ചത് ഇന്ദുവിനെയായിരുന്നു..
“അമ്മ അപ്പുറത്തെ മാലതി ആന്റിയുടെ കൂടെ ക്ഷേത്രത്തിലേക്ക് പോയിരിക്കുവാ..
അച്ഛൻ വേഷം മാറി വാ, ഞാൻ ചായയെടുക്കാം”
നന്ദഗോപന് ചായ കൊടുത്ത് നിവി കയ്യിലിരുന്ന പുസ്തകത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഉമ്മറപ്പടിയിലേക്ക് ഇരുന്നു…
“അച്ഛൻ വന്നോ നിവീ..?”
അതും ചോദിച്ചു കൊണ്ടായിരുന്നു ക്ഷേത്രത്തിൽ നിന്ന് മടങ്ങിയെത്തിയ ഇന്ദു അകത്തേക്ക് കയറിയത്..
“ഇത്തിരി മുൻപ് വന്നതേയുള്ളു അച്ഛൻ..”
“ഏത് ബുക്കാ വായിക്കുന്നത്??”
കൈയ്യിലിരുന്ന ഇലക്കീറിൽ നിന്നൽപ്പം ചന്ദനമെടുത്ത് അണിവിരൽ തുമ്പാൽ നിവിയുടെ നെറ്റിയിലേക്ക് ഒരു കുറി വരച്ചു കൊണ്ടായിരുന്നു ഇന്ദു അത് ചോദിച്ചത്
“ഒരു ഇംഗ്ലീഷ് നോവലാ..ഹാഫ് ഗേൾഫ്രണ്ട്..”
“അത് കുറച്ചു കഴിഞ്ഞായാലും വായിക്കാം…നീ കിച്ചണിലോട്ട് ഒന്ന് വാ..രാത്രി കഴിക്കാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല “
“മ്ം..അമ്മ പോയി ഡ്രസ്സ് മാറൂ…ഞാനിപ്പോൾ അങ്ങ് വരാം..”
വായിച്ചു നിർത്തിയിടത്ത് വെച്ച് പേപ്പർ മടക്കി ബുക്കടച്ചു കൊണ്ട് നിവി ഇരുന്നിടത്ത് നിന്നെഴുനേറ്റ് അടുക്കളയിലേക്ക് നടന്നു…
ഇന്ദു പരത്തി കൊടുത്ത ചപ്പാത്തി ചുട്ടെടുക്കുവായിരുന്നു നിവി
“നിന്റെ ഇന്നത്തെ എക്സാം എങ്ങനെ ഉണ്ടായിരുന്നു..??”
“ഭാഗ്യം, ഇപ്പോഴേലും അമ്മ അതേപറ്റി ഒന്ന് ചോദിച്ചല്ലോ…”
“നിനക്ക് ഈസി ആയിരുന്നു എന്ന് അറിയാം, അതാ ഞാൻ ചോദിക്കാതിരുന്നത്…”
“ഉവ്വേ…”
നിവി ഇന്ദുവിനെ നോക്കിയൊന്ന് ചിരിച്ചു..
“എന്റെ നിവി ഇന്ന് ഞാൻ നിന്റെ റൂമിലേക്ക് ഒന്ന് കയറി അവിടം മുഴുവനും അലങ്കോലമായി കിടക്കുവായിരുന്നു..
ഈ ഉണങ്ങി കരിഞ്ഞ റോസ്സാപൂവ് ഒക്കെ എടുത്തു കളഞ്ഞൂടെ നിനക്ക്..
ഉണങ്ങിയതും കരിഞ്ഞതും എല്ലാം സൂക്ഷിച്ചു വെച്ചേക്കുവാ..ഞാനത് എല്ലാം കൂടി എടുത്തു വേസ്റ്റിലിട്ടിട്ടുണ്ട്..”
അലൻ ആദ്യമായി അവൾക്ക് സമ്മാനിച്ച പൂക്കളായിരുന്നു അത്. മനസ്സിൽ തോന്നി മനസ്സിൽ തന്നെ കുഴിച്ചു മൂടിയ പ്രണയത്തിന്റെ ബാക്കി പത്രമായിരുന്നു ആ ഉണങ്ങി കരിഞ്ഞ റോസാപ്പൂക്കളും അവൻ അവൾക്കായി സമ്മാനിച്ച ജീവനുളള ആ പെയിന്റിങ്ങുകളും…സ്വന്തമാക്കാൻ കഴിയാതെ പോയ പ്രണയത്തിന്റെ ഓർമ്മയ്ക്കായി നിധി പോലെ അവൾ കാത്തു സൂക്ഷിച്ചു വെച്ചവ..
“നീ ഇത് എന്തോർത്ത് നിൽക്കുവാ..?”
“ഒന്നൂല അമ്മേ…”
“നിന്റെ അലമാരിയിൽ കുറച്ചു ചിത്രങ്ങൾ കണ്ടല്ലോ..??ആരാ അതൊക്കെ വരച്ചത്..?നീ അതിനേ പറ്റി ഒന്നും പറഞ്ഞത് പോലുമില്ല….”
“അമ്മ അതൊക്കെ എങ്ങനെ കണ്ടൂ..??”
“നിന്റെ അലമാരി ക്ലീൻ ചെയ്തപ്പോൾ കിട്ടിയതാ..”
“അതെനിക്ക് ഒരു ഫ്രണ്ട് ബർത്ത്ഡേയ്ക്ക് ഗിഫ്റ്റ് ചെയ്തതാ…”
“അന്ന് മഴയത്ത് വന്ന ഫ്രണ്ടാണോ…?”
ചെറിയൊരു ഞെട്ടലോടെ നിവി ഇന്ദുവിനെ നോക്കി, അവൾ വളരെ കൂളായി നിന്ന് ചപ്പാത്തി ഉണ്ടാക്കുവാണ്
“അ..അത് അമ്മയ്ക്കെങ്ങനെയാ മനസ്സിലായത്..?”
“അതിലൊരു പടത്തിൽ അലനെന്നോ മറ്റോ പേരു കണ്ടു…നിനക്ക് ഫ്രണ്ട്സ് ആയിട്ട് വേറെ ആൺകുട്യോള് ആരും ഇല്ലല്ലോ…”
“മ്ം…മ്ം..”
ഇന്ദുവിന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയെല്ലാം നിവിയൊരു മൂളലിൽ ഒതുക്കി
ആ രാത്രി നിവിക്ക് ഉറക്കം വന്നില്ല…തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒടുവിൽ അവൾ അടുക്കളയിലേക്ക് നടന്നു…
ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിൽ അടുക്കളയിലെ വേസ്റ്റ് ബാസ്ക്കറ്റിൽ കിടന്ന ഉണങ്ങിയ റോസാപ്പൂക്കളെ കയ്യിലേക്കെടുത്തു, ശേഷം പതിയെ ശബ്ദമുണ്ടാക്കാതെ അവളുടെ മുറിയിലേക്ക് നടന്നു.രാത്രി വെള്ളം കുടിക്കാനായി മുറിക്കു പുറത്തേക്ക് ഇറങ്ങിയ നന്ദഗോപൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു അയാൾ വേഗം ഹാളിലെ ലൈറ്റ് ഓൺ ചെയ്തു. ഞെട്ടിത്തിരിഞ്ഞു നിവി പിന്നിലേക്ക് നോക്കി
“അച്ഛനായിരുന്നോ…??എന്താ അച്ഛാ..?”
“നീ എന്താ ഈ ഇരുട്ടത്ത് ലൈറ്റ് പോലും ഇടാതെ ഇറങ്ങി നടക്കുന്നത്..??”
“അത് പിന്നെ ഞാൻ.. വെള്ളം കുടിക്കാൻ വേണ്ടി…എന്റെ ഫോണിലെ ടോർച്ച് ഞാൻ ഓണാക്കിയിരുന്നു..”
“മ്ം..പോയി കിടന്നുറങ്ങ്”
“ഗുഡ്നൈറ്റ് അച്ഛാ..”
“ഗുഡ്നൈറ്റ്”
നന്ദഗോപൻ ഒന്നും കണ്ടില്ല എന്ന ആശ്വാസത്തിൽ നെഞ്ചിൽ കൈ വച്ചു കൊണ്ട് നിവി മുറിയിലേക്ക് നടന്നു…
ഉണങ്ങികരിഞ്ഞു ബ്രൗൺ നിറമായ ആ റോസാപ്പൂക്കളെ നിവി അവളുടെ മൂക്കിൻ തുമ്പോടു ചേർത്തു പിടിച്ചു..
“ഈ ഉണങ്ങി കരിഞ്ഞ റോസാപ്പൂക്കൾക്ക് നിന്റെ പ്രണയത്തിന്റെ മണമാണ് അലൻ…”
അവൾ മനസ്സാലെ മന്ത്രിച്ചു..
അമർത്തിപ്പിടിക്കുമ്പോഴേക്കും പൊടിഞ്ഞു പോകുന്ന ആ പൂക്കളെ ഒരു വെള്ളപേപ്പറിൽ പൊതിഞ്ഞ് അവൾ ഭദ്രമായി വച്ചു…
രാവിലെ കോളേജിൽ പോകണ്ടാത്തത് കൊണ്ട് അൽപം താമസിച്ചായിരുന്നു നിവി ഉണർന്നത്
അവൾ എഴുനേറ്റു വരുമ്പോൾ ഡൈനിങ് ഹാളിലിരുന്നു പത്രം വായിക്കുവായിരുന്നു ഇന്ദു.
“നിനക്ക് ഇത്തിരി നേരത്തെ എഴുനേറ്റൂടെ നിവീ….?”
“അവധി ആയത് കൊണ്ടല്ലേ അമ്മേ ഇച്ചിരി നേരം കൂടുതൽ കിടന്നത്…”
“മ്ം…”
“അച്ഛൻ പോയോ..?”
“അച്ഛന് നിന്നെ പോലെ അവധി ഒന്നും ഇല്ലല്ലോ..അത് കൊണ്ട് കറക്ട് ടൈമിൽ തന്നെ പോയി..”
“എനിക്ക് ഡ്രസ്സ് എടുക്കാൻ പോകാനുള്ള ക്യാഷ് തന്നിരുന്നോ..??”
“ദാ കാർഡ് അവിടെ വെച്ചിട്ടാ പോയത്”
ടൈനിംഗ് ടേബിളിന്റെ ഒരു കോണിലേക്ക് വിരൽ ചൂണ്ടി കൊണ്ടായിരുന്നു ഇന്ദു അത് പറഞ്ഞത്..
“നീവി ഹരി വരുവോ നിനക്കൊപ്പം..?അതോ ഞാൻ വരണോ…??”
“വേണ്ടമ്മേ ഹരി വരാമെന്ന് പറഞ്ഞിട്ടുണ്ട്..”
“മ്ംം..അതികം താമസിക്കണ്ടാ, വേഗം ഇങ്ങ് എത്തിയേക്കണം..”
“മ്ം…എന്നാൽ ഞാൻ പോയി റെഡിയാവട്ടെ…”
*********
“ഹരീ…നീ റെഡിയായോ…??ഞാൻ ദാ എത്താറായി…നീ ആ വഴിയിലേക്ക് ഇറങ്ങി നിൽക്ക്”.
“ഞാൻ ഇവിടെ നിൽപ്പുണ്ട്..നീ വാ..”
പാതി വഴിയിൽ നിന്ന് ഹരിയേയും കയറ്റി കൊണ്ട് അവർ യാത്ര തുടർന്നു..നഗരത്തിലെ പ്രസിദ്ധമായൊരു ഷോപ്പിങ് മാളിന്റെ പാർക്കിംഗ് ഏരിയായിലായിരുന്നു അവരുടെ വണ്ടി ചെന്ന് നിന്നത്
“ഹരി നീ എനിക്ക് നല്ലൊരു സാരി സെലക്ട് ചെയ്ത് തരണം കേട്ടോ..??
“നീ സാരിയാണോ..??”
“ആഹ് അമ്മേടെ സ്പെഷ്യൽ ഓഡറാ ഇത്…ഇനി ഇത് അനുസരിച്ചില്ലേൽ അടുത്ത വഴക്ക് കേൾക്കണം, അതിലും ഭേദം ഇതങ്ങ് സമ്മതിച്ചു കൊടുക്കുന്നതല്ലേ..”
മറുപടിയായി ഹരിയൊന്ന് അമർത്തി മൂളി..
സെയിൽസ് ഗേൾ കാണിച്ചു കൊടുത്ത ഓരോ സാരിയിലൂടെയും നിവിയുടെ കണ്ണുകൾ ഓടി നടന്നു…ഏതെടുക്കണമെന്ന ആശങ്കയിലായിരുന്നു അവൾ
“ദാ ഈ ഡീപ് മെറൂണിൽ ഗോൾഡൻ സ്റ്റോൺ പതിപ്പിച്ച സാരി നിനക്ക് നന്നായി ചേരും അത് വാങ്ങ്..”
ഹരിയായിരുന്നു അത് പറഞ്ഞത്…
നിവി ആ സാരിയെടുത്ത് അവളുടെ ദേഹത്തേക്ക് വച്ചു കൊണ്ട് കണ്ണാടിയിൽ നോക്കിയൊന്ന് പുഞ്ചിരിച്ചു
“മ്ം…ഇത് കൊള്ളാം…”
ബില്ലും പേ ചെയ്തു താഴേക്ക് ഇറങ്ങും വഴിയായിരുന്നു ഗ്രൗണ്ട് ഫ്ലോറിൽ ആരോടോ സംസാരിച്ചു കൊണ്ടിരുന്ന അലനിൽ അവളുടെ മിഴികൾ ഉടക്കിയത്
“ഹരി ദേ അലൻ..”
നിവി അലനെ ഹരിക്ക് കാണിച്ചു കൊടുത്തു
“നമ്മളെ കണ്ടിട്ടില്ലെന്ന് തോന്നുന്നു.. വാ വേഗം പോകാം..”
ഹരി നിവിയുടെ കൈക്ക് പിടിച്ചു കൊണ്ട് മുൻപോട്ടു നടന്നതും പിന്നിൽ നിന്ന് അവൻ വിളിച്ചു
“നിവീ…”
ചെറിയൊരു ചമ്മലോടെ അവൾ തിരിഞ്ഞു നോക്കി
“എന്താടോ കണ്ടിട്ട് കാണാത്തത് പോലെ പോകുന്നത്…??”
“ഏയ്..നത്തിംഗ്. ഞങ്ങള് പെട്ടെന്ന് ശ്രദ്ധിച്ചില്ല…”
“ഓഹോ..?”
“അലൻ എന്താ ഇവിടെ…?”
“വെറുതെ തന്നെ കാണാൻ..”
പെട്ടെന്ന് അവന്റെ വായിൽ നിന്നത് കേട്ടതും അവളുടെ നെറ്റി ചുളിഞ്ഞു..
“നിവി ഒരു ഫൈവ് മിനുട്ട് സംസാരിക്കാൻ സമയമുണ്ടോ..?”
നിവി ഹരിയെ നോക്കി….വേണ്ട എന്ന അർഥത്തിൽ ഹരി കണ്ണ് കൂർപ്പിച്ചു
“ഹരി ഒരു അഞ്ചു മിനിറ്റ്..”
നിവി ദയനീയ ഭാവത്തിൽ അവളെ നോക്കി..
“ഓക്കേ..നിങ്ങള് സംസാരിക്കു..ഞാനങ്ങോട്ട് മാറി നിൽക്കാം..”
“എന്താ അലൻ സംസാരിക്കാനുള്ളത്..??”
“തന്റെ തീരുമാനത്തിൽ ഇപ്പോഴും ഒരു മാറ്റവും ഇല്ലേ…??”
“എന്റെ അവസ്ഥകളൊക്കെ ഞാൻ പറഞ്ഞതല്ലേ..?”
“ഞാനെന്നാൽ എന്റെ പേരന്റ്സിനെയും കൂട്ടി തന്റെ വീട്ടിലേക്ക് വന്ന് അച്ഛനോടും അമ്മയോടും സംസാരിക്കട്ടെ….”
നിവി അൽപ്പം നേരം ഒന്ന് ആലോചിച്ചു
“അങ്ങനെ വല്ലതും നടന്നാൽ നെക്സ്റ്റ് മന്ത് എന്റെ വിവാഹം നടത്തും അവര്…അലന് എന്റെ പേരന്റ്സിനെ ശരിക്കും അറിയാത്തത് കൊണ്ടാ അവരൊരിക്കലും ഇത് സമ്മതിക്കില്ല…ഞാനെല്ലാം പറഞ്ഞതല്ലേ..?”
“അറിയാടോ എല്ലാം അറിയാം..പക്ഷേ, തന്നെ അങ്ങോട്ട് മറക്കാൻ പറ്റുന്നില്ല ശ്രമിച്ചു നോക്കി പക്ഷേ…”
“ഞാനിപ്പോൾ എന്താ പറയ്യാ….എന്നെ ഓർത്ത് നിങ്ങൾ ഇങ്ങനെ വിഷമിക്കുന്നത് കാണുമ്പോൾ….”
അത് പറഞ്ഞു നിർത്തി കൊണ്ട് അവളൊന്ന് നെടുവീർപ്പിട്ടു
“എടോ ഞാനൊരു കാര്യം ചോദിക്കട്ടേ….തനിക്ക് എന്നോട് ശരിക്കും ഒരിഷ്ടം ഇല്ലേ…??
പിന്നെ പേരന്റ്സ്, ജാതി,മതം…
അതൊക്കെ കൊണ്ടല്ലേ താൻ എന്നെ വേണ്ടന്ന് വയ്ക്കുന്നത്..??”
അവനത് ചോദിക്കുമ്പോൾ പ്രത്യേകിച്ചൊരു മറുപടി പറയാനില്ലാതെ നിലത്തേക്ക് മിഴികൾ ഊന്നി നിൽക്കുകയായിരുന്നു നിവി.
ഒരുപക്ഷേ അവന്റെ മുഖത്തേക്കൊന്ന് നോക്കിയാൽ തന്റെ കണ്ണുകളിൽ മറ്റാർക്കും മനസ്സിലാവാത്ത ഭാഷയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന അലനോടുള്ള പ്രണയം അവൻ തിരിച്ചറിയുമോ എന്ന ഭയവും അവൾക്കുള്ളിൽ ഉണ്ടായിരുന്നു..
“നിവീ തനിക്ക് വേണ്ടി ഞാൻ കാത്തിരിക്കട്ടെ…??”
പെട്ടെന്നവൾ മുഖം വെട്ടിച്ച് അവനേ നോക്കി… അവളുടെ കൺകോണിൽ ചെറുതായൊരു നനവ് പടർന്നു
“എത്രനാൾ..,എത്രനാൾ താൻ എനിക്ക് വേണ്ടി കാത്തിരിക്കും
ഒരു മാസമോ..?ഒരു വർഷമോ..?
എത്രനാൾ കാത്തിരിക്കും..”
ദേഷ്യത്താൽ അവളുടെ മൂക്കിൻ തുമ്പ് ചെറുതായൊന്ന് ചുവന്നു..
“നീ എന്റെ സ്വന്തമാകുന്നത് വരെ ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കാം…”
കൺകോണിൽ തിങ്ങിനിറഞ്ഞ നനവ് മെല്ലെ അവളുടെ കൺപീലികൾക്കിടയിലൂടെ അവളുടെ കവിളിലേക്ക് ഒഴുകിയിറങ്ങി..മൂക്കും വായും ചേർത്ത് പൊത്തിപ്പിടിച്ചു കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ടവൾ പൊട്ടിക്കരഞ്ഞു..
“നിവി…എന്താ ഇത് എല്ലാവരും ശ്രദ്ധിക്കുന്നു….എടോ കണ്ണ് തുടയ്ക്ക്….”
അവളുടെ തോളിൽ ചെറുതായൊന്ന് തട്ടിക്കൊണ്ടായിരുന്നു അവനത് പറഞ്ഞത്…
അവളറിയാതെ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു…
അവൻ വേഗം ടവ്വലെടുത്ത് കണ്ണ് തുടച്ചിട്ട് അവൾക്ക് നേരെ നീട്ടി
“കണ്ണ് തുടയ്ക്ക്…പറയുന്നത് കേൾക്ക് നിവീ….”
അവൾ മെല്ലെ കണ്ണുകൾ തുടച്ചു…അവനെ ഓരോ തവണ നോക്കുംതോറും അവളുടെ കണ്ണിൽ കണ്ണുനീർ പൊടിഞ്ഞു കൊണ്ടേയിരുന്നു
“താൻ ചെല്ല്…ആ കുട്ടി കുറേ നേരമായിട്ട് വെയിറ്റ് ചെയ്യുന്നു…”
നിവി കുനിച്ചു പിടിച്ച മുഖം ഉയർത്താതെ തന്നെ ഹരിക്ക് അരികിലേക്ക് നടന്നു..
“എന്തിനാ കരഞ്ഞത്..??എന്താ ഉണ്ടായത്…പറ നിവീ…”
“ഒന്നൂല്ല ഹരി…വാ നമുക്ക് വീട്ടിൽ പോകാം.. എനിക്കൊന്ന് കിടക്കണം… തല പൊട്ടി പിളർന്ന് പോകുന്നത് പോലെ തോന്നുവാ…”
നിവിയുടെ മൈൻഡ് വല്ലാതെ ഡിസ്റ്റർബ്ഡ് ആണെന്ന് തോന്നിയത് കൊണ്ട് ഹരി പിന്നെ കൂടുതലായൊന്നും അവളോട് ചോദിച്ചില്ല
“വയ്യെങ്കിൽ നമുക്ക് ഒരു ഓട്ടോയ്ക്ക് പോകാം…വണ്ടി നാളെ വന്ന് എടുക്കാം…”
“കുഴപ്പമില്ല. നീ കയറ്”
വീട്ടിലേക്ക് പോകും വഴി രണ്ടുപേരും പരസ്പരം ഒന്നും സംസാരിച്ചില്ല….ഹരിയെ അവളുടെ വീട്ടിൽ ഇറക്കി നിവി പതിവിലും വേഗതയിൽ വണ്ടി വീട്ടിലേക്ക് വിട്ടു..
കാർപോർച്ചിൽ ഗോപന്റെ വണ്ടി ഉണ്ടായിരുന്നു…
നിവി വാച്ചിലേക്കൊന്ന് സമയം നോക്കി. രണ്ട് മണി..
”ഇത്ര നേരത്തെ അച്ഛൻ വന്നോ..?”
അതും പറഞ്ഞു കൊണ്ടായിരുന്നു അവൾ പോർച്ചിലേക്ക് വണ്ടി വെച്ചത് ശേഷം മിററിൽ നോക്കി മുഖം ഒന്നമർത്തി തുടച്ച് ഒന്നും സംഭവിക്കാത്തത് പോലെ പുഞ്ചിരിച്ച അധരങ്ങളുമായവൾ അകത്തേക്ക് കയറി..
ഹാളിൽ എന്തോ തിരക്കിട്ട സംസാരത്തിലായിരുന്നു നന്ദഗോപനും ഇന്ദുവും
നിവിയെ കണ്ടപാടെ ഇന്ദു ഇരിന്നിടത്ത് നിന്ന് എഴുനേറ്റു അവൾക്ക് അടുത്തേക്ക് ചെന്നു..
“അമ്മേടെ ഫേവറിറ്റ് കളറ് സാരിയാ വാങ്ങിയത്…ഹരിയാ സെലക്ട് ചെയ്തത്..ദാ നോക്കിയെ..”
ആ കവർ ഇന്ദുവിനു നേരെ നീട്ടി കൊണ്ടായിരുന്നു നിവിയത് പറഞ്ഞത്
ഉള്ളിൽ തികട്ടി വന്ന ദേഷ്യത്താൽ ഇന്ദു ആ കവർ തട്ടി താഴെയിട്ടു..
“ഈ അമ്മയ്ക്ക് എന്താ പറ്റിയത്…കാര്യം പറ..?”
കുനിഞ്ഞ് നിന്ന് ആ കവർ കൈയ്യിലേക്ക് എടുത്തു കൊണ്ടായിരുന്നു നിവി ചോദിച്ചത്
“ഏത് അവന്റെ കൂടെ കറങ്ങാനാ ഇന്ന് രാവിലെ ഇവിടെ നിന്ന് ഒരുങ്ങി കെട്ടി ഇറങ്ങിപ്പോയതെന്ന് അറിഞ്ഞാൽ നന്നായിരുന്നു..”
കൈയ്യിലേക്ക് എടുത്ത കവർ നിവിയുടെ കൈ വഴുതി വീണ്ടും താഴേക്ക് വീണു…
“എന്താ അമ്മേ ഈ പറയുന്നത്… ഞാൻ..”
പറഞ്ഞു പൂർത്തിയാക്കും മുൻപേ ഇന്ദുവിന്റെ കൈകൾ നിവിയുടെ കവിളിൽ പതിഞ്ഞു…
“ഇനി പറ ആരാ അവൻ…??എന്താ നിങ്ങള് തമ്മിൽ..”
“എനിക്കൊന്നും മനസ്സിലാകുന്നില്ല..ഒന്ന് തെളിച്ചു പറയ്യ്…”
ഇന്ദു അവളുടെ ഫോൺ ഗ്യാലറി ഓപ്പൺ ചെയ്തു നിവിയ്ക്ക് നേരെ നീട്ടി
“നോക്ക്…എന്നിട്ട് പറ, ഇതിൽ കൂടുതൽ തെളിച്ച് പറയാൻ എനിക്ക് അറിയില്ല..”
ഗ്യാലറിയിലെ ഓരോ ചിത്രത്തിലൂടെയും അവൾ കണ്ണോടിച്ചു…
അലനൊപ്പം മാളിൽ നിന്ന് സംസാരിച്ച ചിത്രങ്ങൾ…
“അമ്മാ ഹീ ഈസ് മൈ ഫ്രണ്ട്..സത്യായിട്ടും..അതിനപ്പുറത്തേക്ക് ഒന്നും ഇല്ല…ഒന്ന് വിശ്വസിക്ക്..”
“ചതിക്കുവായിരുന്നോ നിവീ ഇത്രനാളും ഞങ്ങളെ…??
ഈശ്വരാ എന്റെ വയറ്റിൽ കുരുത്ത രണ്ടെണ്ണവും ഇങ്ങനെ ആയി പോയല്ലോ…”
വയറിൽ തട്ടി കരഞ്ഞ കണ്ണുകളോടെ ഇന്ദു അത് പറയുമ്പോൾ അവരുടെ ശബ്ദം ഇടറിയിരുന്നു
നിലത്തേക്ക് മിഴികളൂന്നി കുറ്റവാളിയേ പോല നിന്നു…അവളുടെ കണ്ണുനീർ കവിളിനെ തഴുകി കൊണ്ട് നിലത്തേക്ക് ഇറ്റു വീണു..
“എന്ത് തെറ്റാ മക്കളെ ഞാനും നിങ്ങളുടെ അച്ഛനും നിങ്ങളോട് ചെയ്തത്…നിന്റെ ചേച്ചി ചെയ്ത തെറ്റ് നീയും ആവർത്തിച്ചല്ലോ…
അവളേകാൾ വിശ്വാസമായിരുന്നു നിവി എനിക്ക് നിന്നെ…പക്ഷേ നീ….”
ഇന്ദു മുഖം പൊത്തി കരഞ്ഞു കൊണ്ട് അവരുടെ റൂമിലേക്ക് പോയി
അവരുടെ സംസാരങ്ങളെല്ലാം മൗനമായി കേട്ടു കൊണ്ടിരിക്കുകയായിരുന്നു ഗോപൻ…
അവൾ അയാൾക്ക് അരികിലേക്ക് ചെന്നു
“അച്ഛാ ഞാൻ…”
പറഞ്ഞു തുടങ്ങും മുൻപേ അയാളും ഇരുന്നിടത്ത് നിന്ന് എഴുനേറ്റു പോയി
ഇന്ദുവിന്റെ കുറ്റപ്പെടുത്തലുകളേക്കാൾ അവളെ വേദനിപ്പിച്ചത് നന്ദഗോപന്റെ മൗനമായിരുന്നു…
മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവൾ മുറിയിലേക്ക് കയറി വാതിൽ വലിച്ചടച്ചു..
സമയം ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു…
രാത്രിയേറെ വൈകിയിട്ടും നിവിയെ താഴേക്ക് കാണാതെയായപ്പോൾ ചെറിയൊരു ഉൾഭയത്തോടെ ഗോപനും ഇന്ദുവും മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി
ഏറെ നേരം വാതിൽ തട്ടി വിളിച്ചിട്ടും യാതൊരു വിധ പ്രതികരണവും ഉണ്ടായില്ല…
ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കി…
“ഗോപേട്ടേ നമ്മുടെ മോള് ഇനി വല്ല കൈയ്യബദ്ധവും..”
“നീ ഒന്ന് മിണ്ടാതിരിക്ക് ഇന്ദൂ…”
സർവ്വശക്തിയുമെടുത്ത് ഗോപൻ വാതിൽ ചവിട്ടി തുറന്നു…
റൂമിനുള്ളിലെ കാഴ്ച അവരിരുവരെയും ഒരുപോലെ ഞെട്ടിച്ചു
ഒരു നിലവിളി ഇന്ദുവിന്റെ തൊണ്ടയിൽ തങ്ങി നിന്നു…
(തുടരും)
രചന: ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Annorunalil written by Sreelekshmy Ambattuparambil
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission