പഞ്ചായത്തു ചന്തയുടെ കിഴക്കേ കോണിൽ ഒരു വലിയ ആൽമരം. അതിനു ചുറ്റും കെട്ടിപ്പൊക്കിയ തിട്ടിനെ ഇരിപ്പിടമെന്നോ ചുമട് താങ്ങിയെന്നോ വിളിക്കാം. ആൽമരനിഴലുകൾ ഉച്ചനേരത്തു അവസാനിക്കുന്നേടത്താണ് അയാളുടെ കോഴി കട.
അത് അയാളുടേതാവുന്നതിനു മുൻപ് ആൻ്റണിയുടേതായിരുന്നു. അതിനു മുൻപ് തോമയുടെയും. അതിനു മുൻപത്തെ കഥ അറിയില്ല; ഒരുപക്ഷെ അന്ന് ബ്രോയ്ലർ ചിക്കൻ ഇല്ലായിരുന്നിരിക്കാം.
അന്തോണിയുടെ ബംഗാളി ചെക്കൻ പോയപ്പോൾ വന്നു ചേർന്നതാണ് അമാൻ; മുഴുവൻ പേര് അമാനുള്ള . ബംഗാളിൽ നിന്നോ ബംഗ്ലാദേശിൽ നിന്നോ ആവും. തീവണ്ടിയിൽ രണ്ടു രാത്രി രണ്ടു പകലിന്റെ ദൂരമുണ്ട് അവന്റെ വീട്ടിലെത്താൻ. മിടുക്കനാണ്. കോഴിയുടെ തൂക്കം ഏതാണ്ട് മുൻകൂട്ടി പറയും . ഒരു വെട്ടിനു കഴുത്തു മുറിക്കും. വീപ്പയിൽ അത് ഒച്ചയുണ്ടാക്കി ത്തീരുന്ന സമയവും അവനറിയാം.തൊലിയും തൂവലും കളഞ്ഞു, ജീവന്റെ ചൂട് ഇനിയും പോയിട്ടില്ലാത്ത കോഴിയിറച്ചി പൊതിഞ്ഞു കെട്ടി അവൻ കൊടുക്കും. കോഴിചോര വീണുവീണു ഏപ്രൺ പറയാനറിയാത്ത പല നിറങ്ങളുമായി അവനെ പൊതിഞ്ഞു കിടന്നു.
കുറച്ചു ഭാഷ അയാൾ പഠിച്ചു ; അതില്കൂടുതൽ അമനും പഠിച്ചു.
– കെമോൻ ആച്ചോ ?
– സുഖം ചേട്ടാ
– കി കബർ ?
– നല്ലതു ചേട്ടാ
അയാൾ പണം വാങ്ങി പെട്ടിയിൽ വെക്കും. അയാൾക്ക് ജോലികൾ പലതാണ്.
– സ്വാഗതം
– ചിരി ; തിരക്കില്ലെങ്കിൽ കൂടെ അല്പം കുശലം
– അമന്റെ ബോസ്
– വാങ്ങൽ
– കാശ്
*~~~*~~~*
ഒരു രാത്രി കുട്ടികളുറങ്ങിയപ്പോൾ അവൾ ചേർന്ന് കിടന്നു അയാളെ വിളിച്ചു
– ഒറങ്ങിയോ ?
-ഏ..?
_ ഒറങ്ങിയോ?
– എന്താടി?
– എന്റെ മാല പൊട്ടി..സമയം കിട്ടുമ്പോൾ അതൊന്നു മാറ്റിയെടുക്കാവോ?
– സമയം കിട്ടും..കാശ് ??
– ഓ മനസ്സ് വെച്ചാൽ നടക്കും
– ആ നോക്കട്ടെ
– മതി
– എന്ത്
– നോക്കിയാ മതി
കുറെ കോഴികളുടെ തല പോയി.
അവള്ക്ക് കഴുത്തിൽ പുതിയ മാലയും, ചുണ്ടിൽ പുതിയൊരു ചിരിയും കിട്ടി. അവൾ മക്കളുടെ കൈകൾ പിടിച്ചു വീട്ടുപടിയിറങ്ങി, ഏഴയലത്തെ കുശുമ്പുകാരോടു കുശലം പറയുകയും കഴുത്തിളക്കി ഒരോ ചിരി പാസാക്കുകയും ചെയ്തു.
*~~~*~~~*
ഒരുച്ചക്ക് ആളില്ലാനേരത്തു പ്ലാസ്റ്റിക് കസേരയുടെ കുഴിവിൽ കുമിഞ്ഞിരുന്ന് മയങ്ങുമ്പോൾ, അയാൾ തൻറെ കോഴിക്കടക്കും, അതിനു മുകളിൽ ആകാശം മറച്ചു നിന്ന ആല്മരത്തിനും അപ്പുറത്തെവിടെയോ ആയിരുന്നു. കഴുത്തൊടിച്ചു തോളിൽ തല വച്ചു കിടന്ന അയാൾ ശ്വാസമെടുക്കുമ്പോൾ തൊണ്ടക്കുഴിക്കടിയിൽ നിന്നും ആരോ ഞരങ്ങുന്നുണ്ടായിരുന്നു.
ഒരു ശബ്ദം അയാളെ ആൽമരത്തിന്റെ കീഴിലേക്ക് വലിച്ചിറക്കി. ആ ശബ്ദം ഒരു മുരൾച്ചയല്ല ഒരു പിടച്ചിലായിരുന്നു. ഡകിടം പകിടം പിടച്ചിൽ. അത് ഉച്ചത്തിലാവുകയും അതിനുള്ളിലെ ചിറകടി ശബ്ദം അയാൾ തിരിച്ചറിയുകയും ചെയ്തു.
കഴുത്തു മുറിഞ്ഞു പോയ കോഴിയുടെ നെഞ്ചിൻ കൂട് ശ്വാസം കിട്ടാതെ പൊട്ടി തകരുമ്പോൾ, ജീവന്റെ അവസാന യാത്രാവിളി പോലെ, ചോരയിൽ മെഴുകിയ വീപ്പയ്ക്കുള്ളിൽ ചിറകുകൾ കൂട്ടിയടിച്ചു.
അയാൾ കണ്ണു തുറന്നു.
നിശബ്ദം.
കഴുത്തു വെട്ടിച്ചു നോക്കി
ബംഗാളി, മൂലയിലെ ബെഞ്ചിൽ ചാരിയിരുന്നു തൂങ്ങുന്നു.
നിശബ്ദം
പതിയെ എഴുന്നേറ്റ് അയാൾ മരണമുറിയിലേക്കു നോക്കി. കോഴി പിടയുന്ന വീപ്പക്കു ആരുമറിയാതെ അയാളിട്ട പേരായിരുന്നു ‘മരണമുറി’
മരണമുറിക്കുള്ളിൽ ഇരുട്ടായിരുന്നു. ജീവന്റെ അവസാന യാത്രമൊഴിയോ ചിറകടിക്കൊപ്പം തുളുമ്പി ചാടുന്ന ചോരയോ ഒന്നുമില്ല. മരണമുറിയിലെ ഇരുട്ടിൽ നിശബ്ദത തളം കെട്ടി കിടന്നു; ഒരു വൈകുന്നേരം ഒടുങ്ങുമ്പോൾ ബാക്കി വരുന്ന അനാഥമായ ചോരക്കെട്ടു പോലെ.
ആലിലകൾ കാറ്റിൽ കുശുകുശുക്കുകയും അതിന്റെ കൊമ്പുകളിലിരുന്ന് കാക്കകൾ ഒരു ദുഃശ്ശകുനം പോലെ അയാളെ തുറിച്ചു നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ഒരു കുളിര് കാല്പാദത്തിലൂടെ അരിച്ചു കയറി. ഒരു കിടുങ്ങലിനു പിന്നാലെ അയാൾ തന്റെ നെറ്റിയിൽ ചൂടറിഞ്ഞു. ആ ചൂട് അധികരിച്ചു ഒരു പൊള്ളലായി കഴുത്തിലേക്കും നെഞ്ചിലേക്കും പരന്നു. കഴുത്തിനുള്ളിൽ ഒരു പല്ലി കുടുങ്ങിയതു പോലെ അയാൾ ശക്തിയായി ചുമച്ചു തുപ്പി. അയാളുടെ ചുമയിൽ ആലിന്റെ ശിഖരങ്ങൾ അസ്വസ്ഥരായി. കാക്കകൾ കഴുത്തു വെട്ടിച്ചു അങ്ങോട്ടുമിങ്ങോട്ടും പറന്നു.
അയാൾ കസേരയിലേക്ക് വീണു; പിന്നെ കുഴഞ്ഞു മണ്ണിലേക്കും.
അമൻ ഉണർന്നു, അവൻ ആശങ്കയോടെ വിളിച്ചു.
– ചേട്ടാ.. ചേട്ടാ.. എന്ത് പറ്റി ?
പിന്നെ ഓടിക്കൂടിയവരോട് കുറച്ചു ഉറക്കെ പറഞ്ഞു
– എ…കൊറോണ ഹോഗാ..
മുഖം മുടി ധരിച്ച ഒരുപാടു പേർ എത്തിനോക്കി. ചിലർ കഴുത്തിൽ കിടന്ന മാസ്ക് നേരെയാക്കി മൂക്കും വായും മറച്ചു.ആരോ ഫോണിൽ സഹായത്തിനു വിളിക്കുന്നുണ്ടായിരുന്നു.
ശിരസ്സു മുതൽ പാദം വരെ പ്ലാസ്റ്റിക് കുപ്പായമിട്ടവർ അയാളെ ആംബുലൻസിലേക്കു തൂക്കിയെടുത്തു.
അവർ ആംബുലൻസുമായി ചീറിയകന്നു പോയി.
അമൻ കടയടച്ചു. പെട്ടിയിലെ പണം പോക്കറ്റിലിട്ടു അവൻ ആൽതിട്ടയിൽ കുറെ നേരം ഇരുന്നു. അവന്റെ തലയ്ക്കു മുകളിൽ ഉയരത്തെ കൊമ്പുകളിലിരുന്ന് കാക്കകൾ തലവെട്ടിച്ചു തെക്കോട്ടു തിരിയുന്ന വഴിയുടെ അങ്ങേയറ്റംവരെ നോക്കി. ആംബുലൻസ് പോയിക്കഴിഞ്ഞിരുന്നു.
അവ ഒച്ചയിട്ടു
– ക്രാ .. ക്രാ ..കൊറോണ..
*~~~*~~~*
ആശുപത്രിക്കിടക്കയിൽ അയാൾ മുകളിലേക്ക് നോക്കി കിടന്നു. പി പി ഇ കിറ്റ് ധരിച്ചവരല്ലാതെ ആരും അവിടേക്കു ചെന്നില്ല. ഇപ്പോൾ വെന്റിലേഷനിലൂടെയെത്തിയ ഒരു കുഴൽ അയാളുടെ വായ്ക്കുള്ളിൽ ഉറപ്പിച്ചിരിക്കുന്നു . ഓർമ്മകൾ വന്നു പൊയ്ക്കൊണ്ടിരുന്നു .
മയക്കത്തിന്റെ ആഴങ്ങളിൽ നിന്ന് തല പൊങ്ങുമ്പോഴൊക്കെ അയാൾ ഓരോന്നും ഓർത്തെടുക്കാൻ ശ്രമിച്ചു. ..കെട്ടിയോൾ, വീട്, ബാങ്ക്, കടം, കട, അമൻ, കോഴികൾ, മരക്കുറ്റി , കത്തി, മരണ മുറി..ആൽമരം , കാക്കകൾ, ആകാശം ..
ആകാശം നിർവികാരതയോടെ മുഷിഞ്ഞ മേഘങ്ങളുമായി പരന്നു കിടന്നു. ആലിനും കാക്കകൾക്കും മേലെ അയാൾ ഒഴുകിത്തുടങ്ങി.
ഒരു വിളി കേട്ട് അയാൾ താഴേക്കു വന്നു
ഒരു പി പി ഇ കിറ്റ് മുന്നിൽ നിന്ന് എന്തോ ചോദിച്ചു
അയാൾ കൺപോളകൾ തുറന്നു അടച്ചു
എല്ലാവര്ക്കും ഒരേ രൂപം!
ഒരു ചെറിയ തുരുത്തിൽ ഒറ്റയ്ക്ക് പെട്ടത് പോലെ. ചുറ്റുമുള്ള വെള്ളത്തിന് മേൽ നിഴൽ വീഴുകയും അത് ക്രമേണ തുരുത്തിനെ മുക്കുകയും ചെയ്തു.
അടഞ്ഞ ജനല്പാളികൾക്കപ്പുറത്തെ ഇടനാഴിക്കുമപ്പുറം ചരലും ചെമ്മണ്ണും നിറഞ്ഞ ആശുപത്രി വളപ്പിൽ അവൾ കുഞ്ഞുങ്ങളുമായി നില്പുണ്ടാവും. തന്റെ ബന്ധുക്കളും സുഹൃത്തുക്കളും അമനും പുറത്തു നില്പുണ്ടാവും. മാസ്ക് ഇട്ടാലും അകത്തേക്കു ആരെയും കടത്തിവിടുന്നില്ല.
പക്ഷേ തന്റെ ശ്വാസത്തിനല്ലാതെ മറ്റൊന്നിനും അയാളിപ്പോൾ ആഗ്രഹിച്ചില്ല. ശ്വാസം വലിച്ചു കയറ്റുമ്പോഴും തൊണ്ടയിലെ പല്ലിയെ ചുമച്ചു കളയാൻ നോക്കുമ്പോഴും ഈ ലോകം നിറം മങ്ങി ഇരുട്ടായി വരുന്നു. അവളും കുഞ്ഞുങ്ങളും അവ്യക്തരാവുന്നു. വീടും, കടയും നാടുമൊക്കെ കയത്തിൽ മുങ്ങികൊണ്ടിരുന്നു.
*~~~*~~~*
രാത്രിയുടെ അവസാന ഭാഗത്തെപ്പോഴോ അയാൾ ഉണർന്നു
ഒരു പിടച്ചിലിന്റെ ശബ്ദം.. തകിടം പകിടമുള്ള ഒരു പിടച്ചിൽ. ചിറകടിച്ചു നെഞ്ചു പൊട്ടുന്ന ശബ്ദമല്ലാത്ത ശബ്ദങ്ങൾ. മുറിഞ്ഞുപോയ ശ്വാസക്കുഴലിലേക്ക് കാറ്റും, പുറത്തേക്കു ചോരയും മത്സരിക്കുന്ന ശബ്ദം.
അയാളുടെ നെഞ്ചു പൊട്ടുകയാണ്. വെന്റിലേറ്ററിൽ വ്യതിയാനങ്ങൾ രേഖകളായി ഇടറി വീണു.
അയാൾ വിയർത്തു കുളിച്ചു; ശ്വാസമില്ലാതെ കണ്ണ് മിഴിച്ചു. ചൂടിറച്ചിയുടെ പ്ലാസ്റ്റിക് ബാഗിൽ ഇപ്പോൾ അയാളുടെ തലയാണ്. ശ്വാസമില്ലാതെ അയാൾ കിതച്ചു; കൈകാലുകൾ അടിച്ചു.
ആല്മരത്തിൻറെ തണുപ്പിലേക്ക് പുതിയൊരു കാക്ക ചിറകടിച്ചു.. ചിറകടിച്ചു.. പറന്നു പോവുമ്പോൾ, പതിയെ പതിയെ അയാൾ സ്വതന്ത്രനായി.
*~~~*~~~*
എബി ചാക്സ്
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
” The crow in the Banyan tree” is a great work of literature which translates spontaneous overflow of powerful emotions / feelings. Reading it, I went into raptures. Excellent narration. Loved reading it Sir. With Warm Regards, Shiller
Excellent, corona made one more author , SK