✒️ ആർദ്ര അമ്മു
സന്ധ്യക്ക് ആദി അസ്ഥിത്തറയ്ക്ക് മുന്നിൽ തിരി തെളിയിച്ച് അൽപനേരം കണ്ണുകളടച്ച് പ്രാർത്ഥിച്ചു.
രുദ്രൻ വരാന്തയിൽ നിന്ന് അവളെ തന്നെ നോക്കിനിൽക്കുകയായിരുന്നു.
എന്നും മുടങ്ങാതെ അവൾ അസ്ഥിത്തറയിൽ വിളക്ക് വെക്കും. അച്ഛന്റെയും അമ്മയുടെയും അസ്ഥിത്തറ കെട്ടണം എന്നതും അവളുടെ തന്നെ ആഗ്രഹമായിരുന്നു.
അതുപോലെ ഇനിയുള്ള കാലം അവരുറങ്ങുന്ന മണ്ണിൽ തന്നെ ആയിരിക്കണം ജീവിതം എന്ന് വാശിപിടിച്ചതും അവൾ തന്നെ ആയിരുന്നു.
എന്തിനേറെ അംശി മോൾ ഉദരത്തിൽ പിറവിയെടുത്തത് പോലും താനറിയുന്നത് ഈ മണ്ണിൽ നിന്നായായിരുന്നു.
ഒരുനിമിഷം അവന്റെ ഓർമ്മകൾ കുറച്ചു ദൂരം പിറകിലേക്ക് സഞ്ചരിച്ചു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ഓഫീസിൽ തിരക്കിട്ട് ഫയലുകൾ നോക്കുകയായിരുന്നു രുദ്രൻ.
പെട്ടെന്നാരോ ഡോർ തള്ളിതുറക്കുന്ന സൗണ്ട് കേട്ടവൻ തലയുയർത്തി നോക്കി.
മുന്നിൽ ഒരു ചിരിയോടെ നിൽക്കുന്ന ആദിയെ കണ്ടവൻ ഒന്ന് പുഞ്ചിരിച്ചു പിന്നെ ഫയലിലേക്ക് തന്നെ മുഖം തിരിച്ചു.
രുദ്രേട്ടാ………
മ്മ്മ്…………
ഇതെപ്പൊ കഴിയും?????
അവനടുത്തേക്ക് നടന്നടുത്ത് കൊണ്ടവൾ ചോദിച്ചു.
നീ കൂടി ഒന്ന് ഹെൽപ് ചെയ്താൽ ഒരു 10 മിനിറ്റിനുള്ളിൽ നമുക്ക് പോവാം.
പറയുന്നതിനൊപ്പം അവളെ ടേബിളിന് മുകളിൽ കയറ്റിയിരുത്തി അവൻ അവളുടെ കയ്യിലേക്ക് ഒരു ഫയൽ കൊടുത്തു.
ഒരു ചിരിയോടെ അവൾ ഫയൽ നോക്കാൻ തുടങ്ങി.
എല്ലാം നോക്കി കഴിഞ്ഞതും അവരിരുവരും ഓഫീസിൽ നിന്നിറങ്ങി.
അതേ ഞാൻ പറഞ്ഞ കാര്യം മറന്നിട്ടില്ലല്ലോ?????
കാറിൽ കയറിയതും ഒരോർമ്മപ്പെടുത്തലെന്നത് പോലെ അവൾ ചോദിച്ചു.
തറവാട്ടിലേക്ക് പോവണം എന്നല്ലേ?????
ഇപ്പൊ എന്തിനാ അങ്ങോട്ടൊരു പോക്ക്??????
ചോദ്യഭാവത്തിൽ അവൻ അവളെ നോക്കി.
അത് അവിടെ എത്തിയിട്ട് പറയാം.
ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവൾ പുറത്തേക്ക് കണ്ണുകൾ പായിച്ചിരുന്നു.
തറവാടിന് മുന്നിൽ കാർ നിർത്തുമ്പോൾ ഉത്സാഹത്തോടെ അവളിറങ്ങി. അകത്തേക്ക് കൈകൾ കോർത്ത് പിടിച്ച് നടക്കുമ്പോൾ എന്തുകൊണ്ടോ ഹൃദയത്തിൽ പേരറിയാത്തൊരു തരം ആനന്ദം വന്ന് നിറയുന്നുണ്ടായിരുന്നു.
ഞെട്ടറ്റ് വീണ പാരിജാത പൂകളാൽ മൂടി കിടന്നിരുന്ന മൺകൂനകൾക്ക് മുന്നിൽ അവൾ ഒരു നിമിഷം നിന്നു.
മൗനമായി കുറച്ചു നേരം കടന്ന് പോയി.
ഇന്നിവിടെ വരണമെന്ന് പറഞ്ഞത് രുദ്രേട്ടനെ ഒരു കാര്യം അറിയിക്കാനാണ്.
നമ്മുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ആ സന്തോഷ വാർത്ത അച്ഛന്റെയും അമ്മയുടെയും ആത്മാവുറങ്ങുന്ന ഈ മണ്ണിൽ നിന്ന് തന്നെ എനിക്കറിയിക്കണം.
വർധിച്ച ഹൃദയമിടിപ്പോടെ അവനവളെ നോക്കി.
ഇന്നിവിടെ നമ്മുടെ ജീവിതത്തിന്റെ പുതിയൊരൊദ്ധ്യായം തുടങ്ങുകയാണ്.
രണ്ടിൽ നിന്ന് ഒന്നായി മാറിയ നമ്മുക്കിടയിലേക്ക് പുതിയൊരു അതിഥി കൂടി വരാൻ പോവുകയാണ്.
രുദ്രൻ ഞെട്ടലോടെ അവളെ നോക്കി.
എന്താ???????
വിശ്വാസം വരാതെ അവനവളെ നോക്കി.
നമ്മുടെ പ്രണയത്തിന്റെ അടയാളം, പുതു ജീവന്റെ തുടിപ്പ് ദേ ഇവിടെ നാമ്പിട്ടിട്ടുണ്ട്.
പുഞ്ചിരിയോടെ അവന്റെ കൈപിടിച്ച് ഉദരത്തിലേക്ക് ചേർത്ത് വെച്ചവൾ പറഞ്ഞു നിർത്തി.
ശ്വാസം പോലും എടുക്കാൻ മറന്നവൻ അവളെ നോക്കി നിന്നുപോയി.
ഉള്ളിൽ നിറയുന്ന സന്തോഷങ്ങൾക്ക് അതിരുകൾ ഇല്ലായിരുന്നു.
താനനുഭവിക്കുന്ന സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നറിയില്ലായിരുന്നു.
നിറപുഞ്ചിരിയോടെ മുന്നിൽ നിൽക്കുന്ന ആദിയെ നെഞ്ചോട് ചേർത്ത് ചുംബനങ്ങളാൽ മൂടുമ്പോൾ കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞിരുന്നു.
സാരിയുടെ വിടവിലൂടെ അവളുടെ വയറിൽ തഴുകുമ്പോൾ ഉള്ളിലെ തന്റെ ജീവന്റെ അംശത്തോടുള്ള അടങ്ങാത്ത വാത്സല്യവും സ്നേഹവും ആയിരുന്നു.
അവളോട് പറയാൻ വാക്കുകൾ പോലും അവനില്ലായിരുന്നു.
വിറപൂണ്ട അധരങ്ങളിലൂടെയായിരുന്നു അവൻ അവന്റെ ഉള്ളിലെ വികാരത്തെ അവൾക്ക് മുന്നിൽ പ്രകടമാക്കിയത്.
അവളുടെ ചുണ്ടിൽ നിന്നടർന്ന് അവൾക്ക് മുന്നിലായി മുട്ട് കുത്തി നിന്ന് വയറിനെ മറച്ച സാരി വകഞ്ഞു മാറ്റി തന്റെയും തന്റെ പ്രാണന്റെയും ജീവന്റെ തുടിപ്പ് രൂപം കൊണ്ട അവളുടെ ഉദരത്തിൽ അമർത്തി ചുംബിക്കുമ്പോൾ അവന്റെ ഉള്ളിലെ പിതൃവാത്സല്യം ഉണരുന്നത് അവനറിഞ്ഞു.
ആദിയുടെ ഉദരത്തിൽ മോട്ടിട്ട ആ കുഞ്ഞ് ജീവൻ തന്റെ ഹൃദയത്തിൽ രൂപം കൊണ്ടതായവന് തോന്നി.
ലോകത്തിൽ ഏറ്റവും സന്തോഷവനാണ് എന്ന് തോന്നിപ്പോവുന്ന നിമിഷങ്ങൾ.
പിന്നീടുള്ള ദിവസങ്ങളിൽ അവളെയും കുഞ്ഞിനേയും പറ്റി മാത്രമായിരുന്നു ചിന്തകൾ. അവളെഗ്രഹിക്കുന്നതെന്തും മുന്നിലെത്തിക്കാനുള്ള വ്യഗ്രതയായിരുന്നു മനസ്സ് നിറയെ. ഛർദിച്ച് അവശയാവുമ്പോൾ ചേർത്ത് പിടിക്കുമ്പോഴും നീരുവന്ന് വീർത്ത കാൽ തടവുമ്പോഴും തന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന അവളോട് സ്നേഹത്തേക്കാൾ ഉപരി ബഹുമാനമായിരുന്നു.
ഗർഭിണി ആയിരുന്നപ്പോഴുള്ള ആദിയുടെ വാശി ഒന്ന് കൊണ്ട് മാത്രമായിരുന്നു തറവാട് പുതുക്കി പണിതതും താമസം മാറിയതും. അംശി മോളെ പ്രസവിച്ചു കൊണ്ടുവരേണ്ടത് തറവാട്ടിലേക്ക് തന്നെ ആവണം എന്നവൾക്ക് നിർബന്ധമുണ്ടായിരുന്നു.
ഇത്രയേറെ തന്നെയും തന്റെ പ്രിയപ്പെട്ടവരെയും സ്നേഹിക്കാൻ അവളെക്കൊണ്ട് മാത്രേ സാധിക്കൂ. ഒരുപക്ഷെ തന്നേക്കാളേറെ അവൾ തനിക്ക് വേണ്ടപ്പെട്ടവരെ സ്നേഹിക്കുന്നുണ്ട്…….
അവൻ കണ്ണിമവെട്ടാതെ അവളെ തന്നെ നോക്കിനിന്നുപോയി.
രുദ്രേട്ടൻ ഇതെന്താ പകൽ കിനാവ് കാണുവാണോ?????
ആദിയുടെ ചോദ്യം കേൾക്കുമ്പോഴാണ് അവൻ ആലോചനകളിൽ നിന്ന് പുറത്ത് വരുന്നത്.
ഞാൻ ചില പഴയ കാര്യങ്ങളൊക്കെ ഇങ്ങനെ ആലോചിച്ചു നിന്നുപോയതാ എന്റെ ഭാര്യേ……..
അവളെ ചേർത്ത് പിടിച്ചവൻ പറഞ്ഞു.
അതേ ഇങ്ങനെ നിന്നാൽ മതിയോ നാളെ എന്റെ ആങ്ങളയെ പെണ്ണ് കാണാൻ കൊണ്ടുപോവണ്ടേ?????
പിന്നെ കൊണ്ടുപോവാതെ വന്നില്ലെങ്കിൽ ഞാൻ തൂക്കിയെടുത്ത് കൊണ്ടുപോവും അവനെ ഒന്ന് പൂട്ടിയിട്ടേ എനിക്കിനി വിശ്രമമുള്ളൂ……..
അവന്റെ മറുപടി കേട്ടവൾ ചിരിച്ചു.
ആളിപ്പോ നല്ല മൂഡിലാണ് ഞാനൊന്ന് സംസാരിച്ചു നോക്കട്ടെ.
അവളതും പറഞ്ഞ് അകത്തേക്ക് കയറി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
അകത്തേക്ക് കയറവേ മുന്നിലെ കാഴ്ച കണ്ട് അവൾക്ക് ചിരി വന്നു.
സെറ്റിയിൽ കിടന്ന് ഡ്രോയിങ് ബുക്കിലെ ആപ്പിളിന് നിറം കൊടുക്കുകയാണ് അംശി മോൾ. കമന്നു കിടന്നാണ് പണി. കുഞ്ഞു കൊലുസിട്ട കാലുകൾ ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും ആട്ടുന്നുണ്ട്.
ദച്ചു അവൾക്കരികിലായി താഴെ നിലത്ത് ഇരിക്കുന്നുണ്ട്.
അവൾക്കാവശ്യമായ ക്രയോൺ എടുത്തു കൊടുക്കുകയാണവൻ.
ഇതാണോ??????
കയ്യിലിരുന്ന പച്ച ക്രയോൺ ഉയർത്തി അവൻ ചോദിച്ചു.
അയ്യ……
അടുത്തായി അവൻ കറുപ്പ് ക്രയോൺ എടുത്തു.
ഇതാണോ???????
അയ്യന്ന്………
അവൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലായിട്ടും അവളെ ദേഷ്യം പിടിപ്പിക്കാനുള്ള ശ്രമത്തിലാണവൻ.
അപ്പൊ ഇതാണോ???
തനിക്ക് നേരെ നീണ്ടുവരുന്ന വയലറ്റ് ക്രയോൺ കണ്ടതും അംശിയുടെ ക്ഷമ നശിച്ചു.
അയ്യത മന്താ……
ചോപ്പ് എത്തു താ…..
അംശി കുഞ്ഞു കൈകൊണ്ട് അവന്റെ തലമുടിയിൽ പിടിച്ചു വലിച്ചു.
ആഹ്ഹ്…… എടി…. വിടെടി.. എനിക്ക് നോവുന്നു…….
ദച്ചു കിടന്നു കാറാൻ തുടങ്ങി.
മയ്യാക്ക് എത്തു താതാ പത്തി……
മുടിയിൽ നിന്ന് പിടി വിടാതെ അവൾ ഒച്ചയെടുത്തു.
അവസാനം വേദന സഹിക്കാൻ കഴിയാതെ അവൻ ക്രയോൺ എടുത്തു കൊടുത്തപ്പോഴാണ് അവൾ പിടിവിട്ടത്.
അയ്യോ എന്റെ മുടി മുഴുവൻ ഈ കുരിപ്പ് പറിച്ചെടുക്കുമെന്നാ തോന്നുന്നത്. അതെങ്ങനാ മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ………
ദച്ചു തലയിൽ കൈവെച്ച് പിറുപിറുക്കുന്നത് കണ്ട് അംശി അവനെ നോക്കി കൊഞ്ഞനം കുത്തി.
അത് കണ്ടവൻ ഒരു ചിരിയോടെ അവളുടെ അടുത്തിരുന്നു.
അംശി മോളെ ഞാൻ നിന്റെ ആരാ????
ന്തെ ദച്ചുപ്പ…….
ബുക്കിൽ നിന്ന് തലയുയർത്താതെ തന്നെ അവൾ മറുപടി കൊടുത്തു.
ദച്ചുപ്പ അല്ലെടി പപ്പ…….
അയ്യ ദച്ചുപ്പ……
അല്ല പപ്പ വിളിച്ചേ……
ദച്ചുപ്പ…
എടി പപ്പ എന്ന് വിളിക്കെടി.
ഇയ്യാ ദച്ചുപ്പ….
അല്ല പപ്പ.
അയ്യത പത്തി ദച്ചുപ്പ…….
ദേഷ്യത്തിൽ ചുണ്ട് കൂർപ്പിച്ചവൾ അവനെ നോക്കി.
എന്റെ ദച്ചൂ നീയെന്തൊക്കെ പറഞ്ഞാലും അവൾ നിന്നെ ദച്ചുപ്പ എന്നേ വിളിക്കൂ പിന്നെ എന്തിനാ നീ വീണ്ടും അവളെ ദേഷ്യം പിടിപ്പിക്കുന്നത്???????
രുദ്രൻ അങ്ങോട്ട് വന്നുകൊണ്ട് ചോദിച്ചു.
എന്റെ പെങ്ങളുടെ മകൾ എന്ന് പറഞ്ഞാൽ എന്റെ മകൾ എന്ന് തന്നെ അല്ലെ അപ്പൊ അവളെന്നെ പപ്പ എന്ന് വിളിക്കട്ടെ എന്ന് കരുതി.
ഹാ അതിനി നടക്കും എന്ന് തോന്നുന്നില്ല. ഇവളുടെ വായിൽ നിന്ന് പപ്പേ എന്നൊരു വിളി കേൾക്കാൻ എനിക്ക് യോഗമില്ല. ഇനി എന്റെ പ്രതീക്ഷ കുഞ്ഞന്മാരിലാ അവരെ കൊണ്ടെങ്കിലും എനിക്ക് പപ്പേ എന്ന് വിളിപ്പിക്കണം.
അയ്യടാ അങ്ങനെ ഇപ്പൊ എന്റെ പിള്ളേർക്ക് നീ പപ്പയാവണ്ട. ഒരു പെണ്ണ് കെട്ടി സ്വന്തമായിട്ട് ഒരു കൊച്ചുണ്ടാവുമ്പോൾ അതിനെ കൊണ്ട് വിളിപ്പിച്ചോ അല്ലാതെ എന്റെ മക്കളുടെ വായിൽ നിന്ന് ആ വിളി കേൾക്കാം എന്ന് നീ പ്രതീക്ഷിക്കണ്ട.
അത് കേട്ടതും അവന്റെ മുഖത്ത് ദുഃഖം നിറഞ്ഞു. അത് കണ്ട് രുദ്രന് വിഷമം തോന്നി.
ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ദച്ചൂ നമ്മൾ എത്രയൊക്കെ പറഞ്ഞു പഠിപ്പിച്ചാലും ശരി അവർ മനസ്സിലുള്ളതെ വിളിക്കൂ.
ഇന്നേവരെ നീ കല്യാണകാര്യം പറയുമ്പോൾ ഒഴിഞ്ഞു മാറുന്നതിന്റെ കാരണം ഞങ്ങൾ ചോദിച്ചിട്ടില്ല. നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചിട്ടുമില്ല പക്ഷെ ഇപ്പൊ ഞങ്ങൾ ഒരു തീരുമാനം എടുക്കുവാ. നീ ഒരു വിവാഹം കഴിച്ചേ തീരൂ ഇനിയും ഇങ്ങനെ ഞങ്ങൾക്ക് വേണ്ടി നീ ജീവിതം തുലയ്ക്കുന്നത് കണ്ട് നിൽക്കാൻ ഞങ്ങളെ കൊണ്ടാവില്ല.
രുദ്രാ… അത്……
അവനെന്തോ പറയാൻ ആഞ്ഞതും രുദ്രൻ കയ്യുയർത്തി തടഞ്ഞു.
വേണ്ട………… എനിക്കൊന്നും കേൾക്കണ്ട ഇക്കണ്ട കാലത്തിനിടയിൽ ഈ ഒരു കാര്യമല്ലാതെ മറ്റൊന്നും ഞാൻ ആവശ്യപ്പെട്ടിട്ടില്ല ഇവളെ നീ പെങ്ങളെന്നും എന്നെ നീ അളിയനെന്നും വിളിച്ചത് ആത്മാർത്ഥമായിട്ടാണെങ്കിൽ നീ നാളെ ഞങ്ങൾക്കൊപ്പം പെണ്ണ് കാണാൻ വരണം.
അത്രമാത്രം പറഞ്ഞവൻ അംശി മോളെയും എടുത്ത് മുകളിലേക്ക് പോയി.
ദച്ചു ഒന്നും പറയാനാവാതെ ഇരുന്നു.
ഏട്ടാ……….
ആദി അവനെ വിളിച്ചു കൊണ്ട് അവന്റെ ചുമലിൽ കൈവെച്ചു.
ഒന്ന് സമ്മതിക്കേട്ടാ ഒരുപാട് നാളായുള്ള എന്റെ ആഗ്രഹമാണ്. ഏട്ടന്റെ മനസ്സ് മാറാൻ ഞാൻ കഴിക്കാത്ത വഴിപാടുകളില്ല.
എനിക്ക് വേണ്ടിയെങ്കിലും ഒന്ന് സമ്മതിക്കണം………
അവന്റെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ടവൾ പറഞ്ഞു.
അവൻ മറുപടി പറയാതെ അങ്ങനെ ഇരുന്നു പോയി.
ഏട്ടനെ ഇനി ഞാൻ നിർബന്ധിക്കുന്നില്ല. ആലോചിച്ച് നല്ലൊരു തീരുമാനം എടുക്കണം.
അതും പറഞ്ഞവൾ എഴുന്നേറ്റു പോവുമ്പോൾ അവന്റെ മനസ്സ് പിടയുകയായിരുന്നു.
കണ്ണുകൾ അടക്കുമ്പോൾ മുന്നിൽ ഒരു മൂക്കുത്തി പെണ്ണിന്റെ രൂപം തെളിയും.
പ്രതികാരത്തിന് പുറകെ പോയപ്പോൾ താൻ തന്നെ തട്ടിയെറിഞ്ഞ തന്റെ പ്രണയം…….. ഇന്ന് തന്റെ മനസ്സിനെ ആഴത്തിൽ കുത്തിമുറിവേൽപ്പിക്കുന്ന നഷ്ടപ്രണയം…… തന്റെ കിച്ചു…….
അവന്റെ കണ്ണുകളിൽ നിന്ന് നീർത്തുള്ളി പൊടിഞ്ഞു.
പഴയകാല ഓർമ്മകൾ മനസ്സിൽ മികവോടെ തെളിയവേ അവൻ അസ്വസ്ഥതയോടെ കണ്ണുകൾ ഇറുകെ അടച്ചു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
രാത്രി അത്താഴം കഴിക്കാനിരിക്കുമ്പോൾ അവർക്കിടയിൽ മൗനം തളം കെട്ടി കിടന്നു.
ദച്ചൂ എന്താ നിന്റെ തീരുമാനം??????
രുദ്രൻ അവനോട് ചോദിച്ചു.
എനിക്കെതിർപ്പൊന്നുമില്ല നാളെ പെണ്ണ് കാണാൻ വരുമെന്ന് അവരോട് വിളിച്ചറിയിച്ചോളൂ.
അത്രയും പറഞ്ഞവൻ കഴിച്ച് എഴുന്നേറ്റു പോയി.
അവൻ പോയ വഴിയേ നോക്കി രുദ്രനും ആദിയും കുസൃതിചിരി ചിരിച്ചു.
രാത്രി കിടക്കുമ്പോഴും അവനുറങ്ങാൻ സാധിച്ചില്ല. വർഷങ്ങൾക്കിപ്പുറം ആ ഉണ്ടാക്കണ്ണുകൾ അവന്റെ ഉറക്കം കെടുത്തി.
അല്ലെങ്കിലും നഷ്ടപ്രണയത്തെ ആർക്കാണ് മറക്കാനാവുക. മനസ്സിന്റെ കോണിൽ മാറാല പിടിച്ചൊരോർമ്മയായി എന്നും അങ്ങനെ അവശേഷിക്കും.
പിറ്റേന്ന് രാവിലെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് പെണ്ണ് കാണാനിറങ്ങുമ്പോഴും അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു.
കാറിന്റെ ഡ്രൈവിംഗ് സീറ്റിയിലായി രുദ്രനും കോഡ്രൈവിംഗ് സീറ്റിൽ ദച്ചുവും പുറകിലായി ആദിയും അംശിമോളും കയറി.
നിനക്ക് ഡിമാൻഡ് എന്തെങ്കിലും ഉണ്ടോ ദച്ചു??????
ഡ്രൈവിങ്ങിനിടെ രുദ്രൻ ചോദിച്ചു.
ആരായാലും എനിക്ക് പ്രശ്നമില്ല പക്ഷെ നിങ്ങളെ വിട്ട് മറ്റൊരു വീട്ടിലേക്ക് പോവാൻ ഞാൻ തയ്യാറല്ല എന്റെ കൂടെ നീഹാരത്തിൽ നിന്ന് എന്നെപോലെ നിങ്ങളെയും അംഗീകരിക്കുന്ന കുട്ടിയായിരിക്കണം അത്രേ ഉള്ളൂ.
അവന്റെ മറുപടി അവരിലൊരു ചിരി വിരിയിച്ചു.
ആ കാര്യത്തിൽ നീ പേടിക്കണ്ട ആ കുട്ടി നമ്മുടെ ഒപ്പം തന്നെ കഴിയുന്നവളാണ്.
രുദ്രന്റെ മറുപടി കേട്ട് മറ്റൊന്നും പറയാതെ അവൻ പുറത്തെ കാഴ്ചകളിലേക്ക് മിഴി നട്ടു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ചായയുമായി മുന്നിൽ പെൺകുട്ടി വന്ന് നിന്നിട്ടുമവൻ തലയുയർത്തി നോക്കിയില്ല. പെണ്ണിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ ചായയെടുത്തു.
ഹാ ഇങ്ങനെ ഇരിക്കാതെ പെണ്ണിനെ ഒന്ന് നോക്കേട്ടാ നല്ല ഉണ്ടകണ്ണുള്ള കുട്ടിയാണോ എന്നുറപ്പിക്കണമല്ലോ????
കുറുമ്പൊടെ ആദി പറഞ്ഞതും ഒരു പൊട്ടിച്ചിരിക്ക് തിരി കൊളുത്തി.
എല്ലാവരുടെയും ചിരിയൊച്ച കേട്ട് ഞെട്ടലോടെ തലയുയർത്തി നോക്കവെ മുന്നിൽ നിൽക്കുന്ന തന്റെ പ്രണയത്തെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു.
എടാ ഏട്ടാ മനസ്സിൽ ഈ കിച്ചൂനെ ഒളിപ്പിച്ചു വെച്ചിട്ടാണോ ഇത്രയും കാലം നടന്നത്. എന്നിട്ടവസാനം ഞങ്ങൾ നിർബന്ധിച്ചപ്പോൾ പെൺകുട്ടികളെ കൂട്ട് ആരായാലും എനിക്ക് കെട്ടാൻ സമ്മതമാണെന്ന് പറഞ്ഞിരിക്കുന്നു. നാണമുണ്ടോ????
ഏട്ടന്റെ ഡയറിയിൽ നിന്ന് കിച്ചൂനെ കുറിച്ച് ഞാനറിഞ്ഞില്ലായിരുന്നെങ്കിലോ??????
ഈ പാവം പെണ്ണിന്റെ കാത്തിരിപ്പ് വെറുതെ ആവില്ലായിരുന്നോ?????
അത് കേട്ടവൻ ഞെട്ടലോടെ അതിലപ്പുറം അതിശയത്തോടെ അവളെ നോക്കി.
ഞെട്ടണ്ട കാര്യായിട്ട് തന്നെയാ പണ്ട് കോളേജിൽ സീനിയറായി പഠിച്ചിരുന്ന താൻ പ്രണയിച്ചിരുന്ന എന്നാൽ ഇടയ്ക്ക് വെച്ച് പാതിവഴിയിൽ ഉപേക്ഷിച്ചു പോയ നിങ്ങളെയും പ്രതീക്ഷിച്ച് വിവാഹം പോലും കഴിക്കാതെ ഈ പെണ്ണ് കാത്തിരിക്കുവായിരുന്നു. ഇവളുടെ പ്രണയത്തിന്റെ ശക്തി ഒന്ന് കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു നിമിഷം ഇവിടെ ഉണ്ടായത്.
ആദി പറഞ്ഞു നിർത്തിയതും അവന്റെ കണ്ണുകൾ കുറ്റബോധത്താലും വേദനയാലും ഈറനണിഞ്ഞു.
എങ്കിൽ പിന്നെ ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ അതാവട്ടെ അല്ലെ????
രുദ്രൻ ചോദിച്ചതും കിച്ചുവിന്റെ അച്ഛൻ സമ്മതമെന്നോണം തലയാട്ടി.
അത് കേട്ടതും അവൻ കിച്ചുവിനെ ഒന്ന് നോക്കി. അവനെ ഒന്ന് നോക്കിയിട്ട് അവൾ അകത്തെ മുറിയിലേക്ക് പോയി.
ജനലൊരം പുറം തിരിഞ്ഞു നിൽക്കുന്ന അവളുടെ അരികിൽ അവൻ നിന്നു.
കിച്ചൂ…. ഞാൻ…. അന്ന്…….
അവൻ വാക്കുകൾ കിട്ടാതെ ഉഴറി.
വേണ്ട………
അവൾ അവന്റെ ചുണ്ടിൽ കൈവെച്ചു തടഞ്ഞു.
ഒരു മാപ്പ് അപേക്ഷിക്കലും ഏറ്റുപറച്ചിലിനുമാണ് ശ്രമിക്കുന്നതെങ്കിലും വേണ്ട. ഏട്ടന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ആദി എന്നോട് പറഞ്ഞിരുന്നു.
ഇനി അതൊന്നും പറയണ്ട. എന്റെ കാത്തിരിപ്പ് പാഴായില്ലല്ലോ അത് മതി.
ഇനി ഒരിക്കലും എന്നെ ഒറ്റയ്ക്കാക്കി പോവാതിരുന്നാൽ മാത്രം മതി.
നിറകണ്ണുകളോടെ അവൾ പറഞ്ഞു തീർന്നതും അവനവളെ ഇറുകെ പുണർന്നു.
ഒരിക്കലും തനിച്ചാക്കില്ല എന്നൊരുറപ്പായിരുന്നു അത്.
പരസ്പരം കെട്ടിപ്പുണർന്ന് നിന്ന് സങ്കടങ്ങൾ ഒഴുക്കി കളഞ്ഞു.
പരിഭവങ്ങൾ പറഞ്ഞു തീർത്ത് തിരികെ ഹാളിലേക്ക് എത്തുമ്പോൾ ഇരുവരുടെയും മനസ്സ് ശാന്തമായിരുന്നു.
വിവാഹം എത്രയും വേഗം നടത്തണം എന്ന് തീരുമാനിച്ച് തിരികെ പോരുമ്പോൾ അവന്റെ മനസ്സിലെ വലിയൊരു ഭാരം ഒഴിഞ്ഞു പോയിരുന്നു.
തന്റെ പ്രണയത്തെ തിരികെ തന്ന ആദിയേയും രുദ്രനെയും അവൻ കെട്ടിപ്പിടിച്ചു.
എങ്ങനെയാ നിങ്ങളോട് ഞാൻ ഇതിനൊക്കെ നന്ദി പറയേണ്ടത്??????
ഈറനണിഞ്ഞ കണ്ണുകളോടെ അവൻ പറയുന്നത് കേട്ടവർ അവനെ കൂർപ്പിച്ചു നോക്കി.
നന്ദി നീ കൊണ്ടുപോയി ഉപ്പിലിട്ട് വെച്ചോ ഞങ്ങളുടെ കൊച്ചിനെ പൊന്ന് പോലെ നീ നോക്കിയാൽ മതി അല്ലെങ്കിൽ പൊന്ന് മോനെ അളിയനാണെന്നൊന്നും നോക്കൂല നിന്റെ എല്ലൂരി ഞാൻ വില്ലാക്കും പറഞ്ഞില്ല എന്ന് വേണ്ട.
അവന്റെ വയറിൽ ഇടിച്ച് രുദ്രൻ പറയവെ അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
പിന്നീട് അങ്ങോട്ടുള്ള ദിനങ്ങൾ സന്തോഷത്തിന്റെതായിരുന്നു.
ഫോൺ വിളികളും കുറുകലുമായി ദച്ചുവിന്റെയും അവന്റെ കിച്ചുവിന്റേയും പ്രണയം മുന്നോട്ട് പോയി.
അതിനിടയിൽ ലെച്ചുവിന്റെ കുഞ്ഞിന്റെ നൂല് കെട്ടൽ ചടങ്ങിന് പാലാഴിയിൽ എത്തിയതാണവർ.
ആദി ഓടിച്ചെന്ന് ലെച്ചുവിനെ കെട്ടിപ്പിടിച്ചു.
അവരുടെ സന്തോഷങ്ങളും പരിഭവങ്ങളും പറഞ്ഞു തീർത്തു.
അംശി മോൾ അത് കണ്ട് അവരുടെ അരികിലായ് ഇരുന്നു.
മോളുടെ കണ്ണുകൾ പഞ്ഞിക്കെട്ട് പോലെയുള്ള ലെച്ചുവിന്റെ കുഞ്ഞുവാവയിൽ പതിച്ചു. കണ്ണുകൾ പൂട്ടി ഉറങ്ങുന്ന കൊച്ചു സുന്ദരിയെ അവളോന്ന് തൊട്ടു.
കുഞ്ഞിനെ തന്നെ കൗതുകത്തോടെ നോക്കി ഇരിക്കുമ്പോൾ പെട്ടെന്നായിരുന്നു ആദി കുഞ്ഞിനെ കയ്യിലെടുത്തത്. അത് കണ്ടതും അവളുടെ മുഖം മാറി.
മേന്ത…… അമ്മ എക്കന്ത കൊത്തെ….. ന്തേം വാവൂന്തേം അമ്മയാ….. പോ……
അവൾ ലെച്ചുവിനെ നോക്കി കണ്ണുരുട്ടാൻ തുടങ്ങി.
എന്റെ പൊന്നോ നിന്റെ അമ്മയെ നീ തന്നെ എടുത്തോ ഞങ്ങൾക്ക് വേണ്ടേ…. ഇങ്ങ് താ ആദി മോളെ ഞാനെടുക്കാം.
ലെച്ചു കുഞ്ഞിനെ ആദിയുടെ കയ്യിൽ നിന്ന് വാങ്ങി.
ലെച്ചു കുഞ്ഞിനെ എടുത്തതും അംശി അവളുടെ മടിയിൽ കയറിയിരുന്ന് കഴുത്തിലൂടെ കയ്യിട്ട് അവളുടെ മാറിലേക്ക് ചാഞ്ഞു.
ആദി ചിരിയോടെ അവളെ അണച്ചു പിടിച്ചു.
ഇത് രുദ്രേട്ടന്റെ തന്നെ കണ്ടില്ലേ അതേ സ്വഭാവം തന്നെ പകർന്നു കിട്ടിയേക്കുന്നത്.
അവൾ പറയുന്നത് കേട്ട് ആദിക്ക് ചിരി വന്നു.
വിശേഷങ്ങൾ പറഞ്ഞങ്ങനെ ഇരിക്കുന്നതിനിടയിൽ രുദ്രൻ വന്നവളെ ഇടയ്ക്കിടെ നോക്കിയിട്ട് പോവും.
അത് കണ്ടതും ലെച്ചുവിന് ചെറിയൊരു കുശുമ്പ് തോന്നാതിരുന്നില്ല കാരണം ഇന്നീ നേരം വരെ അനൂപ് അവളെയൊന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ല.
അവൾ ആദിക്ക് നേരെ തിരിഞ്ഞു.
നിനക്കൊക്കെ സുഖല്ലേ മോളെ കെട്ട്യോനെന്ന് പറഞ്ഞാൽ ഇങ്ങനെ വേണം. എനിക്കുമുണ്ട് ഒരെണ്ണം എന്നെയൊന്ന് തിരിഞ്ഞു പോലും നോക്കാത്ത അൺറൊമാന്റിക് മൂരാച്ചി.
ചുണ്ട് കൊട്ടി അവൾ പറഞ്ഞതും അനൂപ് അങ്ങോട്ടേക്കെത്തി.
ആടി ഞാൻ അൺറൊമാന്റിക് മൂരാച്ചി ആയത് കൊണ്ടാണല്ലോ ദേ ഇങ്ങനെ ഒരെണ്ണം ഉണ്ടായത്.
ഓഹ് അതാണോ ഇത്ര വല്യ കാര്യം….
ലെച്ചു പുച്ഛത്തോടെ മുഖം കൊട്ടി.
പിന്നെ ഇതിനെ നീ മൊട്ടേന്ന് വിരിയിച്ച് ഉണ്ടാക്കിയതാണോ?????
അനൂപ് കലിപ്പിൽ ചോദിച്ചതും അവളവനെ കൂർപ്പിച്ചു നോക്കി.
പിന്നെ രണ്ടും തുടങ്ങി അങ്കം. ഒന്ന് രണ്ടായി രണ്ട് നാലായി രണ്ടിന്റെയും വഴക്ക് കണ്ടതേ ആദി കുഞ്ഞിനേയും കൊണ്ട് പുറത്തേക്കിറങ്ങി.
നൂല് കെട്ടലിനായി ഒരു സെറ്റ് സാരിയുമുടുത്ത് ലെച്ചു ഒരുങ്ങി ഇറങ്ങി. അവൾക്ക് മാച്ചിങ്ങായ നിറത്തിലുള്ള ഷർട്ടും മുണ്ടുമായിരുന്നു അനൂപിന്റെ വേഷം.
കുഞ്ഞിന് പേരിടാനുള്ള സമയം ആയപ്പോഴേക്കും കുഞ്ഞിനെ മടിയിലിരുത്തി ചെവിയിൽ വെറ്റില വെച്ച് കുഞ്ഞിന്റെ പേര് മൂന്നു തവണ വിളിച്ചു.
വൈഗ….. വൈഗ…… വൈഗ…..
പേര് കേട്ടതും ലെച്ചു കലിതുള്ളി എഴുന്നേറ്റു.
അനൂപിന്റെ പഴയ കാമുകിയുടെ പേരാണെന്നും പറഞ്ഞ് അവിടെ കിടന്ന് ഉറഞ്ഞു തുള്ളുന്ന അവളെ കണ്ട് അവരെല്ലാം തലയിൽ കൈവെച്ചു നിന്നുപോയി.
അനൂപാണെങ്കിൽ ആരാ ഇവിടെ പടക്കം പൊട്ടിച്ചേ എന്ന എക്സ്പ്രഷൻ ഇട്ട് ഇരിക്കുവാണ്.
ഇതിനെ എടുത്തു തലയിൽ വെക്കേണ്ട വല്ല കാര്യമുണ്ടായിരുന്നോ എന്നർത്ഥത്തിൽ രുദ്രനവനെ നോക്കി.
അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും അനൂപ് പെട്ടുപോയി അളിയാ എന്ന രീതിയിൽ അവനെ ദയനീയമായി നോക്കി.
അവസാനം ഒരു ഡയമണ്ട് നെക്‌ളേസിലാണ് പ്രശ്നം ഒതുക്കി തീർത്തത്.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
കളിയും ചിരിയുമായി ദിവസങ്ങൾ വീണ്ടും ഓടി മറഞ്ഞു.
രാത്രി അംശി മോളെ കിടത്തി രുദ്രൻ ആദിക്ക് നേരെ തിരിഞ്ഞു.
വീർത്ത വയറിൽ കൈവെച്ച് ഹെഡ് ബോഡിൽ തലവെച്ച് ഇരിക്കുകയാണവൾ.
അവൻ പതിയെ അവളുടെ വീർത്ത വയറിൽ മുഖം വെച്ചു.
അച്ഛേട കുഞ്ഞൂസേ……….
രുദ്രന്റെ വിളി കേട്ടില്ല ഒരേസമയം ആദിയുടെ വയറിൽ രണ്ട് ചവിട്ട് കിട്ടി.
ഔ……….
വേദനയോടെ അവൾ അവന്റെ കയ്യിൽ പിടിച്ചു.
ഒന്ന് ചുമ്മാതെ ഇരിക്ക് രുദ്രേട്ടാ നിങ്ങളുടെ ശബ്ദം കേട്ടാൽ അപ്പൊ തുടങ്ങും ഇവന്മാർ ചവിട്ടാൻ.
അവൾ പറഞ്ഞു തീർന്നതും അവൻ ചിരിയോടെ അവളുടെ വയറിൽ ചുംബിച്ചു.
അല്ലിയിളം പൂവോ..
ഇല്ലിമുളം തേനോ..
തെങ്ങിളനീരോ..
തേന്‍ മൊഴിയോ..
മണ്ണില്‍ വിരിഞ്ഞ നിലാവോ……🎶
വയറിൽ തലച്ചേർത്തവൻ പാടുന്നതിനൊപ്പം ഒരു കയ്യാൽ അംശി മോളെയും മറുകയ്യാൽ ആദിയേയും തഴുകി കൊണ്ടിരുന്നു.
തുടരും…………….
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Nyz 😍😍🥰