Skip to content

നാഗമാണിക്യം 2 – നീലമിഴികൾ 3

Online Malayalam Novel Neelamizhikal

പ്രാതൽ കഴിഞ്ഞു  അടുക്കളയിൽ ദേവിയമ്മയോടും മനയ്ക്കൽ സഹായത്തിനു വരുന്ന ഉഷയോടും സംസാരിച്ചിരിക്കുകയായിരുന്നു ഭദ്ര..

കാര്യമായി പാചകം ഒന്നും അറിയില്ലെങ്കിലും അവൾ ദേവിയമ്മയുടെ പിന്നാലെ തന്നെ ചുറ്റിപ്പറ്റി നിന്നു..

ഉഷയുടെ വീട്ടുകാരാണ് കാലങ്ങളായി മനയ്ക്കലെ ജോലിക്കാർ എന്നറിഞ്ഞപ്പോൾ ഉഷയെയും ഭദ്ര തന്റെ ലിസ്റ്റിൽ പെടുത്തിയിരുന്നു..

“ഇനിയെങ്കിലും ഇവടെ കൊറച്ച്  ഒച്ചയും അനക്കോം ഒക്കെ ഉണ്ടാവൂലോ ആത്തോലമ്മേ..?”

ഭദ്രയെ നോക്കി ഉഷ ശ്രീദേവിയോട് ചോദിച്ചു..അവർ വാത്സല്യം തുളുമ്പുന്ന പുഞ്ചിരിയോടെ ഭദ്ര‌യെ നോക്കി.. പിന്നെ പറഞ്ഞു..

“അതും ശരിയാ ഉഷേ.. ആദി ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒക്കെ ഇവടെ ഒരുപോലാ.. ന്നാൽ കൂട്ടിനൊരു പെണ്ണിനെ കൊണ്ടരാൻ പറഞ്ഞാൽ കേട്ട ഭാവം നടിക്കണില്ല്യ..”

ഒന്ന് നിർത്തി ഇടറിയ ശബ്ദത്തിൽ അവർ തുടർന്നു…

“ന്തൊരു ഒച്ചയും ബഹളോം ഉണ്ടായിരുന്ന വീടായിരുന്നു.. ചെവി തല കേൾപ്പിക്കില്ലായിരുന്നു മൂന്നും കൂടെ.. ഏറ്റവും കുറുമ്പൻ ആദി തന്നെയായിരുന്നു.. എത്ര അടി വാങ്ങീണ്ട് ന്റെ കൈയ്യീന്ന് മൂന്നും.. വലുതായീന്നൊരു വിചാരോം ഇല്ല്യാണ്ട്.. ഒക്കേറ്റിനും കൂട്ടായി അച്ഛനും..ന്നിട്ടിപ്പോ ന്റെ കുഞ്ഞിന്റെ മിണ്ടാട്ടം പോലും ഇല്ല്യാണ്ടായില്ല്യേ..”

അവർ വിങ്ങി പൊട്ടി..ഭദ്ര വല്ലാതെയായി.. അവൾ അവരുടെ ചുമലിൽ കൈ വെച്ചു.. അവളുടെ കൈയിൽ പതിയെ ഒന്ന് തലോടി നേര്യേതിന്റെ തുമ്പ് കൊണ്ട് മുഖം തുടച്ചു അവർ ധൃതിയിൽ പുറത്തേക്ക് നടന്നു..

ഭദ്ര ഉഷയെ നോക്കി..

“കരയാനുള്ള പോക്കാ.. മോള് വിഷമിക്കണ്ട…ആത്തോലമ്മയ്ക്ക് ഇതൊരു പതിവാ.. ന്ത്‌ പറഞ്ഞാലും അവസാനം എത്തുന്നത് മക്കളിലാ..”

ഭദ്ര ഒന്നും പറഞ്ഞില്ല..

“ആരും കൊതിക്കുന്ന മക്കളായിരുന്നു.. തിരുമേനിയും അങ്ങനെ തന്നെ.. എല്ലാരും കൂടിയാൽ ഇവിടെ മേളമായിരുന്നു.. പാട്ടും കൂത്തും.. പറഞ്ഞിട്ടെന്താ.. ല്ലാം പോയീല്ല്യേ ..”

“എന്താ പറ്റിയത് അവർക്ക്..?”

ഉഷയുടെ മുഖം മാറി..ഭയത്തിന്റെ കണികകൾ ആ കണ്ണുകളിൽ നിറയുന്നത് ഭദ്ര കണ്ടു..

“അതൊക്കെ വല്യ കഥയാണ് കുട്ട്യേ.. പറയാൻ പോലും പറ്റില്ല്യ.. കാളീശ്വരത്തുകാരാരും കേൾക്കാനും പറയാനുമിഷ്ടപ്പെടാത്ത കഥ..”

ഭദ്ര വീണ്ടും ചോദ്യഭാവത്തിൽ നോക്കിയപ്പോൾ ചുറ്റുമൊന്ന് നോക്കി പതിഞ്ഞ ശബ്ദത്തിൽ അവർ പറഞ്ഞു..

“ദുർമരണം ആയിരുന്നു.. തിരുമേനിയും രണ്ടു മക്കളും.. മരിച്ചു കിടക്കുമ്പോൾ നെറ്റീല് ചോരകൊണ്ടുള്ള ത്രിശൂലത്തിന്റെ പാട് ണ്ടായിരുന്നത്രേ.. ഒരുപാട് അന്വേഷണം ഒക്കേണ്ടായി.. രണ്ടാമത് അന്വേഷിക്കാൻ വന്ന പോലീസുകാരൻ കൂടെ അമ്പലക്കുളത്തിൽ പൊങ്ങിയപ്പോൾ പിന്നെ ആരും ഈ വഴിയ്ക്ക് വരാണ്ടായി.. അന്വേഷണം ഒന്നും ല്ല്യാണ്ടായി “

ഭദ്രയുടെ കണ്ണുകൾ വിടർന്നു..

“മൂന്നുപേരും ഒരേ സമയത്താണോ മരിച്ചത്..?”

“അല്ല.. പക്ഷേ അടുത്തടുത്ത കാലയളവിലാ..

“ആദിത്യൻ…?”

“കുഞ്ഞിന് മാത്രം ഒന്നും പറ്റീട്ടില്ല്യ.. പക്ഷേ അനിയനും അനിയത്തിയുമൊക്കെ പോയതോടെ ആദിക്കുഞ് ആളാകെ മാറി.. ഇങ്ങനെയൊന്നും ആയിരുന്നില്ല്യാ..”

“ഇവിടത്തെ കാവിൽ എന്താ വിളക്ക് വെയ്ക്കാത്തെ?”

“അത് ആദിക്കുഞ്ഞു സമ്മതിക്കാഞ്ഞിട്ടാ.. കാവിലായിരുന്നല്ലോ….”

എന്തോ ഓർത്തെന്ന പോലെ ഉഷ പറഞ്ഞു വന്നതു പെട്ടെന്ന് നിർത്തി കളഞ്ഞു..

ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടത് കൊണ്ട് ഭദ്ര പിന്നൊന്നും ചോദിച്ചില്ല..

ഭദ്ര ഫോണെടുത്തു നോക്കി.. രുദ്ര.. രാവിലെ അങ്ങോട്ട്‌ വിളിച്ചതാണെല്ലോ..

“ഹലോ..”

“അമ്മൂ അച്ഛൻ വരുന്നു..”

“എന്ത്‌?”

“അച്ഛൻ വരുന്നൂന്ന്.. ഇങ്ങോട്ട്..?”

ഭദ്ര ഞെട്ടി..

“നീ എന്താ പറഞ്ഞേ..?എന്നിട്ട് രാവിലെ… രാവിലെ വിളിച്ചപ്പോൾ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ..”

“ഇന്ന് രാവിലെ അച്ഛൻ എന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ അമ്മയാണ് എടുത്തത്..”

“അമ്മയോ.. നീ എന്നെ ഇങ്ങനെ ഞെട്ടിക്കാതെ പെണ്ണേ…”

“സത്യം… ഞാൻ കുളിയ്ക്കായിരുന്നു.. ഞാൻ വന്നപ്പോൾ ഫോണും കൈയിൽ പിടിച്ചു ആലോചിച്ചു നിൽക്കുകയായിരുന്നു ആൾ..”

“എന്നിട്ട്…?”

“എന്നിട്ടെന്താ.. അച്ഛൻ വിളിച്ചിരുന്നൂന്ന് പറഞ്ഞു ഫോൺ എനിക്ക് തന്നു..”

“അച്ഛൻ എന്ത്‌ പറഞ്ഞു..”

“അമ്മ കാൾ എടുത്തൂന്ന് പറഞ്ഞു.. കൂടുതൽ ഒന്നും സംസാരിച്ചില്ലെന്നും പറഞ്ഞു.. കട്ട്‌ ചെയ്യാൻ നേരമാ പറഞ്ഞത് വരണുണ്ടെന്ന്..”

“ഉം..” ഭദ്ര മൂളി.. പിന്നെ ചോദിച്ചു..

“എന്നിട്ട് നാഗകാളീ മഠത്തിലെ പത്മാദേവി എന്ത്‌ പറഞ്ഞു..?”

“ഭദ്രാ..നിനക്ക് കുറച്ചു കൂടുന്നുണ്ട് ട്ടൊ..”

രുദ്രയുടെ ശബ്ദത്തിൽ ശാസനയായിരുന്നു.. ഭദ്ര ഒന്നും മിണ്ടില്ല..സംസാരിച്ചു കൊണ്ട് പൂമുഖത്തെത്തിയിരുന്നു ഭദ്ര..

“അമ്മയോട് ഞാൻ പറഞ്ഞിട്ടില്ല..”

“പോയി പറ.. സന്തോഷം കൊണ്ട് തുള്ളി ചാടും..”

“ഭദ്രാ…” രുദ്ര വീണ്ടും വിളിച്ചു..

” പിന്നെ എന്ത്‌ പറയുന്നു ആ വാദ്ധ്യാർ..? “

രുദ്ര വിഷയം മാറ്റിയതാണെന്ന് അറിഞ്ഞെങ്കിലും ഭദ്ര പിന്നെ അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല..

“എവിടെ.. കണ്ടഭാവം നടിക്കണില്ല ആദി നാരായണൻ..”

ആ നിമിഷമാണ് ചാരുപടിയ്ക്ക് താഴെ മുറ്റത്തു നിന്നു തന്നെ നോക്കുന്ന വിടർന്ന രണ്ടു ഉണ്ടക്കണ്ണുകൾ ഭദ്ര കണ്ടത്..

“ഭദ്രാ ഞാൻ പറയണതൊന്നും നീ കേൾക്കണില്ല്യേ..”

“ഞാൻ.. ഞാൻ വിളിക്കാമെടി.”

കാൾ കട്ട്‌ ചെയ്തു ഭദ്ര ആ കണ്ണുകളുടെ ഉടമസ്ഥയെ നോക്കി..

“ഉം..?”

ആൾ പതുക്കെ പുമുഖപ്പടിയ്ക്കരികിലേക്ക് നീങ്ങി നിന്നു.. പത്ത് പതിനെട്ടു വയസ്സ് പ്രായം വരുന്ന സുന്ദരിയായ ഒരു പെൺകുട്ടി. ദാവണിയുടുത്ത്,നീണ്ടു ചുരുണ്ട മുടി രണ്ടു ഭാഗത്തേക്കായി പിന്നിയിട്ട്,നെറ്റിയിലെ കറുത്ത പൊട്ടിനു മീതെ ഒരു ചന്ദനക്കുറി കൂടെയുണ്ട്..

“ആരാ…?”

പതിഞ്ഞ ശബ്ദം ആയിരുന്നെങ്കിലും ചോദ്യം കരിമഷിയിട്ട ഉണ്ടക്കണ്ണുകൾ കൊണ്ടായിരുന്നു..

ചോദ്യം മനസ്സിലായെങ്കിലും ഭദ്ര ചുറ്റുമൊന്ന് നോക്കുന്നതായി ഭാവിച്ചു…

“ആര്..?”

“നിങ്ങളാരാണെന്ന്..?”

“ഞാനോ.. ഞാൻ ഭദ്ര..”

“ന്താ വിടെ?”

“താങ്കൾ ആരാണാവോ..?”

“ഞാൻ.. ഞാൻ.. പാർവതി..”

“എങ്കിൽ ഞാൻ ഭദ്ര.. ശ്രീ ഭദ്ര..”

“ആദിയേട്ടനെ പറ്റി ഫോണിൽ ന്തോ പറയണത് കേട്ടല്ലോ.”

“ആഹാ താനാളു കൊള്ളാലോ…ഒളിഞ്ഞു നിന്നു കേൾക്കുവായിരുന്നോ..?”

പാർവതി ചുണ്ട് കൂർപ്പിച്ചു നിൽക്കുന്നത് കണ്ടു ഭദ്രയ്ക്ക് ചിരി വരണുണ്ടായിരുന്നു..

“ഓ പാറൂട്ടി വന്നോ.. ന്താ കാണാത്തേന്ന് ആലോചിക്കുവായിരുന്നു ഞാൻ.. ന്തേ ക്ലാസ്സീ പോവാഞ്ഞേ..?”

വാതിൽക്കൽ നിന്നും ശ്രീദേവിയമ്മ ചോദിച്ചു.

“പരീക്ഷ കഴിഞ്ഞു.. ഇനി ഒരാഴ്ചത്തേക്ക് ക്ലാസ്സില്ല ആത്തോലമ്മേ..”

വിടർന്ന ചിരിയോടെ ദേവിയമ്മയ്ക്കരികിലേക്ക് നടന്നു കൊണ്ട് പാർവതി പറഞ്ഞു..

“ഭദ്രയെ പരിചയപ്പെട്ടുവോ..?”

ഇല്ല എന്നർത്ഥത്തിൽ പാർവതി തല കുലുക്കി..

“ന്നാൽ ഇതാണ് ഭദ്ര.. കുറച്ചു കാലം ഭദ്രയും ഇവിടെണ്ടാവും.. പാറൂട്ടി ഭദ്രയോടൊപ്പം വേണം ട്ടൊ “

പാർവതി തലയാട്ടിയെങ്കിലും ആൾക്ക് തന്നെ ഒട്ടും ഇഷ്ടമായിട്ടില്ലെന്ന് ഭദ്രയ്ക്ക് മനസ്സിലായി..

“ഭദ്ര  ഇത് പാർവതി.. പാറൂട്ടി.. ഇവിടടുത്ത്  വാര്യത്തുള്ളതാ.. വാര്യരും ഇവളും എനിക്കൊരു സഹായാണ്..”

തെല്ലധികാരഭാവത്തോടെ പാറൂട്ടി ദേവിയമ്മയോട് ചേർന്നു നിന്നു ഭദ്രയെ തല ചെരിച്ചു നോക്കി.. കുട്ടിത്തം നിറഞ്ഞ ആ മുഖത്തേക്ക് നോക്കിയപ്പോൾ ഭദ്രയെക്കെന്തോ വീണ്ടും ചിരി വന്നു..

എല്ലായിടത്തും ഓടി നടന്നു ദേവിയമ്മയ്‌ക്കൊപ്പം കാര്യങ്ങളൊക്കെ ചെയ്തു ഉച്ചയൂണും കഴിഞ്ഞാണ് പാർവതി പോയത്.. ഭദ്രയെ ഒന്ന് നോക്കുക പോലും ചെയ്യാതെ മെടഞ്ഞിട്ട നീണ്ട മുടി മുൻപോട്ടെടുത്തിട്ട് പടിപ്പുര കടന്നു അവൾ പോവുമ്പോൾ ഭദ്ര പൂമുഖത്തുണ്ടായിരുന്നു..

ദേവിയമ്മ ഒന്ന് മയങ്ങട്ടെയെന്ന് പറഞ്ഞു കിടക്കാനായി പോയപ്പോൾ ഭദ്ര തന്റെ മുറിയിലേക്ക് നടന്നു.. മുകളിലേക്കുള്ള ഗോവണിപ്പടികൾ കണ്ടപ്പോൾ രണ്ടു ചുവട് മുൻപോട്ട് വെച്ചെങ്കിലും പിന്നെ മനസ്സിനെ വിലക്കി..

“ഇല്ല.. സമയമായിട്ടില്ല…”

സന്ധ്യയ്ക്ക് പൂമുഖത്തു കത്തിച്ച നിലവിളക്കിന് മുൻപിൽ ഇരുന്ന നാമം ചൊല്ലുന്ന ദേവിയമ്മയെ നോക്കിയിരിക്കുമ്പോഴാണ് ആദിത്യന്റെ ബൈക്ക് മുറ്റത്തു വന്നു നിന്നത്..

കാൽ കഴുകി ബാഗും പുസ്തകങ്ങളുമായി അകത്തേക്ക് നടക്കുന്നതിനിടെ ദേവിയമ്മയെ ഒന്ന് നോക്കിയിരുന്നെങ്കിലും ഭദ്രയെ അയാൾ തീരെ ഗൗനിച്ചില്ല..

ജപിക്കുന്നതിനിടെ ദേവിയമ്മ ഭദ്രയെ ഒന്ന് തിരിഞ്ഞു നോക്കി.. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായെന്നോണം ഭദ്ര എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു.. സ്റ്റവ് കത്തിച്ചു ചായയ്ക്ക് വെള്ളം തിളപ്പിക്കുന്നതിനിടെ ഭദ്ര ആലോചനയിലായിരുന്നു..

ചായ കപ്പിലാക്കി അവൾ പുറത്തേക്ക് നടന്നപ്പോൾ വാതിൽപ്പടിയ്ക്ക് മുകളിലായി നിലയുറപ്പിച്ചിരുന്ന ഗൗളി ഒന്ന് ചിലച്ചു.. അതിന്റെ കണ്ണുകൾ രക്തവർണ്ണമാർന്നിരുന്നു..

ആദിത്യൻ ഗോവണി പടികൾ ഇറങ്ങി വരുന്നുണ്ടായിരുന്നു.. ഭദ്ര ചായക്കപ്പ് അയാൾക്ക് നേരേ നീട്ടി.. അവളെയും ചായക്കപ്പിലേക്കും മാറി മാറിയൊന്ന് നോക്കിയിട്ടാണ് പറഞ്ഞത്..

“വേണ്ട…”

“ഞാൻ തന്നത് കൊണ്ടാണോ..?”

“ഞാൻ.. ഞാൻ ചായ കുടിച്ചിട്ടാണ് വന്നത്”

കണ്ണട നേരെയാക്കി കൊണ്ട് അയാൾ അവളെ കടന്നു പോയി.. ഭദ്ര തികട്ടിവന്ന ദേഷ്യം അടക്കിപ്പിടിച്ച് അടുക്കളയിലേക്ക് നടന്നു..

അന്ന് അത്താഴം കഴിക്കാനും  ആദിത്യൻ വന്നില്ല.. വേണ്ടെന്നു പറഞ്ഞെന്ന് ദേവിയമ്മ അവളോട് പറഞ്ഞു..

കിടക്കുന്നതിനു മുൻപായി രുദ്രയെയും അച്ഛനെയും വിളിച്ചു.. വരുന്നുണ്ടെന്നും പെട്ടെന്ന് തീരുമാനിച്ചതാണെന്നുമല്ലാതെ അച്ഛൻ ഒന്നും വിട്ടു പറഞ്ഞില്ല..

എന്തോ ഉണ്ട്..

കണ്ണാടിയ്ക്ക് മുൻപിൽ മുടി ചീകികൊണ്ട് നിന്നപ്പോഴാണ് അടച്ചിട്ട ജനൽപാളികൾ കണ്ണിൽ പെട്ടത്.. അതൊന്ന് തുറന്നിടാൻ തോന്നി..

ഭദ്ര ഒരു പാളി തുറന്നതും ഒരു നിഴൽ രൂപം പുറത്ത് നിൽക്കുന്നതായി തോന്നി.. ഞെട്ടി പിറകോട്ടു മാറിയപ്പോൾ പിറകിൽ ആരോ ഉള്ളത് പോലെ കൂടെ തോന്നിയപ്പോൾ ഒരു നിലവിളി ശബ്ദം അവളിൽ നിന്നും ഉണ്ടായി..തിരിഞ്ഞപ്പോൾ ആരും ഉണ്ടായിരുന്നില്ല..

“എന്താ എന്തു പറ്റി ഭദ്രാ..?”

വാതിൽക്കൽ നിന്നായിരുന്നു ചോദ്യം..വാതിൽ അവൾ അടച്ചിരുന്നില്ല..

ആദിത്യൻ…കണ്ണടയിൽ നിന്നും സ്വതന്ത്രമായ മിഴികളിൽ പരിഭ്രാന്തി മിന്നി മാഞ്ഞത് ഭദ്ര കണ്ടിരുന്നു..

“അവിടെ… അവിടെ… ആരോ..”

ഭദ്ര ജനവാതിലിനു നേരേ വിരൽ ചൂണ്ടി.. ആദിത്യൻ ജനലിന്നരികെയെത്തി.. ആ നിഴൽ രൂപം മാഞ്ഞിരുന്നു..

“തന്നോട് ആരാ ജനൽ തുറക്കാൻ പറഞ്ഞത് .?”

ജനൽപാളികൾ ചേർത്തടച്ചു കൊണ്ട് ആദിത്യൻ ചോദിച്ചു.. അവളൊന്നും മിണ്ടിയില്ല..

“ഇയാളാണോ പ്രേതത്തിനെ പറ്റി പഠിയ്ക്കാൻ വന്നത്..?”

അരികിലൂടെ പോവുമ്പോൾ പിറുപിറുക്കുന്നത് കെട്ടു..

“ആദിനാരായണന് ഞാൻ ഇവിടെ വന്നത് ഒട്ടും ദഹിച്ചിട്ടില്ലെന്ന് തോന്നുന്നു..”

പോവാൻ ഭാവിച്ചയാൾ തിരിഞ്ഞു നിന്നു.. ഭദ്ര ആദിത്യന്റെ തൊട്ടരികെയെത്തി..

“ഇല്ലെന്ന് പറഞ്ഞാൽ താൻ തിരിച്ചു പോവുമോ..?”

ഒരു നിമിഷം മിഴികൾ കൊരുത്തു. അത് വരെ കാണാത്തൊരു ഭാവം അയാളുടെ കണ്ണുകളിൽ തെളിയുന്നതും പതിയെ അത് മായുന്നതും ഭദ്ര കണ്ടു..

“ഇവിടെ വന്നത് പാരാനോർമൽ ആക്റ്റീവിറ്റിയെ പറ്റി പഠിക്കാൻ മാത്രമാണോ..?”

ഒരു നിമിഷം ഭദ്ര ആ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു..

“ആണോ ഭദ്രാ..?”

“ഈ ജന്മം മുഴുവനും എന്നെയാ  ഇടനെഞ്ചിൽ ചേർത്ത് നിർത്തുമെന്ന് പറഞ്ഞൊരാൾ ഉണ്ടായിരുന്നു.. ഒരുനാൾ ഒരു യാത്ര പോലും പറയാതെ… ഒന്നും പറയാതെ.. എൻ്റെ ജീവിതത്തിൽ നിന്നും മാഞ്ഞു പോയൊരാൾ..എനിക്ക് ചിലതറിയണം..”

ഭദ്രയുടെ സ്വരം നേർത്തിരുന്നു..

ആദിത്യന്റെ അസ്വസ്ഥതയോടെ തല കുടഞ്ഞു..

“ഭദ്രാ സ്റ്റോപ്പ്‌ ഇറ്റ്.. പാസ്ററ് ഈസ്‌ പാസ്ററ്.. കലാലയ ജീവിതത്തിനിടയ്ക്കുണ്ടായ വല്യ അർത്ഥതലങ്ങളൊന്നുമില്ലാത്തൊരു പ്രണയം.. അത്.. അതിപ്പോൾ എന്റെ ചിന്തകളിൽ പോലും ഇല്ല…”

അവളുടെ മുഖത്ത് നോക്കാതെയാണ് അയാൾ പൂർത്തിയാക്കിയത്..

“ഇൻഫാക്ട് എന്റെ.. എന്റെ മനസ്സിൽ മറ്റൊരാളുണ്ട്..”

ആദിത്യൻ പുറത്തേക്ക് നടക്കുന്നതിനിടെ കേട്ടു..

“സ്നേഹം യാചിക്കാനല്ല ഭദ്രാ വന്നത്.. എന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നത് വരെ  ഭദ്ര കാളിയാർ മഠം വിട്ടു പോവില്ല..”

കൊളുത്തിട്ടിരുന്നെങ്കിലും ജനൽപാളികൾ ഒന്നിളക്കിയത് ഭദ്ര കണ്ടിരുന്നില്ല..

ഏറെ കഴിഞ്ഞാണ് ഭദ്ര ഉറങ്ങിയത്.. അവളുടെ കവിൾത്തടങ്ങളിലെ നനവ് ഉണങ്ങിയിരുന്നില്ല..

രാവിലെ കുളിയൊക്കെ കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ കോലായിൽ എന്തോ ബഹളം കേട്ടു..

പൂമുഖത്തെത്തിയപ്പോൾ കണ്ട കാഴ്ച്ച അമ്പരപ്പിക്കുന്നതായിരുന്നു.. ആദിത്യൻ പുറകിലേക്ക് പിടിച്ചിരിക്കുന്ന നീണ്ടൊരു കവറിന് വേണ്ടി അടിപിടി കൂടുകയാണ് പാർവതി..

“ആദിയേട്ടാ.. അതിങ്ങ് തന്നേ എത്ര നേരമായി ഞാൻ പുറകെ നടക്കുന്നു.”

ആദിത്യൻ ചിരിക്കുന്നുണ്ടായിരുന്നു.. ഇത്തിരി കൂടെ അവളെ കളിപ്പിച്ചിട്ടാണ്  ആദി ആ കവർ പാർവതിയ്ക്ക് കൊടുത്തത്.

“ആദിയ്ക്ക് പണ്ടേ അവളെ വല്യ കാര്യമാ..ജാനിയുടെ വാലായിരുന്നു പാറൂട്ടി.. രണ്ടും പേരും കൂടെ ആദിയെ ശുണ്ഠി പിടിപ്പിക്കാൻ ഓരോന്ന് ചെയ്തു വെക്കും..ആ കുട്ടി വരുമ്പോൾ മാത്രാണ് അവനൊന്നു ചിരിച്ചു കാണാറുള്ളത്..”

പൂമുഖത്തെ തൂണിൽ ചാരി നിന്നിരുന്ന ഭദ്രയുടെ പിറകിൽ നിന്ന ദേവിയമ്മ മെല്ലെ  പറഞ്ഞു.. ഭദ്ര പതിയെ ഒന്ന് ചിരിച്ചു.. ദേവിയമ്മ അകത്തേക്ക് തിരിഞ്ഞു നടന്നു..

പാർവതി ആകാംക്ഷയോടെ കവർ പൊട്ടിക്കുന്നത് ചിരിയോടെ നെഞ്ചിൽ കൈകൾ പിണച്ചു വെച്ച് നോക്കി നിൽക്കുകയായിരുന്നു ആദിത്യൻ..

ബോക്സിൽ നിന്നുമൊരു ടച്ച്‌ ഫോൺ എടുത്തതും പാർവതി സന്തോഷം കൊണ്ട് തുള്ളിച്ചാടി..

അടുത്ത നിമിഷം ഏന്തി വലിഞ്ഞു ആദിത്യന്റെ കവിളിൽ ഒരുമ്മ കൊടുത്തു കിലുക്കാം പെട്ടി പോലെ ചിരിച്ചു കൊണ്ട് പാർവതി അകത്തേക്കോടി.. ഭദ്രയെ അവൾ കണ്ടിരുന്നില്ല..

തെല്ലൊന്ന് അമ്പരന്നെങ്കിലും കവിൾ തുടച്ചു ചിരിയോടെ തലയൊന്നാട്ടി അകത്തേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് തൂണിൽ ചാരി കൈകൾ കെട്ടി തന്നെ നോക്കി നിൽക്കുന്ന ഭദ്രയെ അയാൾ കണ്ടത്.. ആദിത്യന്റെ മുഖമൊന്നു വിളറി..

ഒരു കോട്ടൺ ടോപ്പും നീളൻ സ്‌കർട്ടുമായിരുന്നു ഭദ്രയുടെ വേഷം.. അലങ്കാരങ്ങളില്ലാത്ത മുഖത്തെ കണ്ണുകൾ ചെറുതായൊന്നു കലങ്ങിയിരുന്നു.. അവളെ തലോടി കടന്നു പോയ കാറ്റിൽ വിടർത്തിയിട്ട നീളൻ മുടിയിഴകൾ പാറിപ്പറന്നിരുന്നു..

അരികിലൂടെ പോവുമ്പോൾ ഭദ്രയെ പാളിയൊന്ന് നോക്കിയിട്ട് ആദിത്യൻ അകത്തേക്ക് നടന്നു..

ഭദ്ര മുഖം തൂണിന്റെ ചിത്രപ്പണികളിൽ ചേർത്ത് വെച്ചു കൊണ്ട് പുറത്തേക്ക് നോക്കി നിന്നു..

അപ്പോഴും നാഗക്കാവിൽ നിന്നും മുറ്റത്തേയ്ക്കുള്ള പടവിൽ കുഞ്ഞു നാഗം ശിരസ്സ് താഴ്ത്തി കിടക്കുന്നുണ്ടായിരുന്നു…

തെല്ലകലെ നീലിമലക്കാവിന്റെ താഴികക്കുടത്തിൽ പിണഞ്ഞു കിടന്നിരുന്ന വെള്ളി നാഗത്തിന്റെ ശിരസ്സ് കാളിയാർ മഠത്തിന് നേരെയായിരുന്നു.. സൂര്യകിരണങ്ങളേറ്റ്  അതിന്റെ പത്തിയിലെ ത്രിശൂലചിഹ്നം വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു..

(തുടരും )

എല്ലാവരും കാത്തിരിക്കുന്നത് പത്മയെയും അനന്തനെയും ആണെന്ന് അറിയാം.. അവരുടെ കഥ തന്നെ ആണിത്… അവരുടെ ജീവിതത്തെ പറ്റി പറയാം.. പ്രണയത്തെയും..വിശദമായി തന്നെ.. കുറച്ചു കാത്തിരുക്കൂന്നേ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻 ആരോ ഒരാൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi

4.3/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നാഗമാണിക്യം 2 – നീലമിഴികൾ 3”

  1. Ezhuthan budhimuto samayakkuravo illegil mathram rand part postikkude oru divasathil oru request ane… waiting for the next part 🥰

Leave a Reply

Don`t copy text!