മനമറിയാതെ…
Part: 20
✍️ F_B_L
[തുടരുന്നു…]
“ആ അടിയും കഴിഞ്ഞ് നിൽകുമ്പോഴാണ് ഞാൻ ലൈബ്രറിയിൽ കേറിയത്. അത് അവൻ കാണുകയും ചെയ്തു. എന്റെ പുറകെ അവനും കയറി. ആ സമയത്ത് അവിടെയുണ്ടായിരുന്നവരെയൊക്കെ അവൻ അവിടെന്ന് പറഞ്ഞയച്ചു.
ഞാനും പോകാനൊരുങ്ങിയപ്പോൾ അവനെന്റെ കൈപിടിച്ചുവലിച്ചു. എന്നിട്ട്…”
ജുമി തേങ്ങാൻതുടങ്ങി.
“എന്നിട്ട്…”
“എന്നെ അവൻ സ്വന്തമാക്കി എന്നറിഞ്ഞാൽ പിന്നെ ഇക്ക എന്നെ കേട്ടില്ലല്ലോ എന്ന് അവൻ ചോദിച്ചപ്പോൾ, ഞാൻ അവന്റെ കൈവിടുവിച്ച് പുറത്തേക്ക് ഓടാൻ ശ്രമിച്ചു.
പക്ഷെ അവൻ എന്റെ ഷോൾ വലിച്ചൂരി എന്റെ മുഖത്തടിച്ചു. ആ അടികൊണ്ടത് എന്റെ ചുണ്ടിലാണ്” അടിയുടെ വേദനയിൽ മുഖംപൊത്തി നിന്നപ്പോഴാണ് അവൻ എന്റെ ടോപ് വലിച്ചുകീറിയത്”
ജുമി ഓരോന്നായി അക്കുവിനുമുന്നിൽ വിവരിക്കുമ്പോൾ അക്കു മുഷ്ഠിചുരുട്ടുന്നത് ജുമി കണ്ടു.
ചുരുട്ടിപ്പിടിച്ച അക്കുവിന്റെ കൈ കയറിപ്പിടിച്ച്
“അവനെന്നെ കൂടുതൽ എന്തെങ്കിലും ചെയ്യുന്നമുൻപ് കുഞ്ഞോളും ക്ലാസ്സിലെ വേറെ സുഹൃത്തുക്കളും അങ്ങോട്ടെത്തി. അവർ വന്നതുകൊണ്ട് ഒരു കൂസലുമില്ലാതെ അവന്റെ ഫോണിൽ എന്റെ ഫോട്ടോയെടുത്ത് എന്നെ പിന്നെ എടുത്തോളാം എന്നുപറഞ്ഞ് അവൻ പോയി. കുഞ്ഞോളും കൂട്ടുകാരും വന്നില്ലായിരുന്നെങ്കിൽ ഇക്കയിന്ന് എന്റെ മയ്യത്ത് ചുമന്നേനെ. ഇപ്പോഴും മരിക്കണമെന്നാണ് തോന്നുന്നത്. അവന്റെ ഫോണിലുള്ള ഫോട്ടോസ് അവൻ ദുരൂപയോഗം ചെയ്‌താൽ, എന്റെ ഉമ്മക്കും ഉപ്പക്കും പുറത്തിറങ്ങി നടക്കാൻ കഴിയാതെവെന്നാൽ ഞാൻ ജീവിച്ചിരിക്കില്ല”
ജുമി പൊട്ടിക്കരയാൻ തുടങ്ങിയതും അക്കു അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു.
“നീയിത് എന്താ പെണ്ണെ പറയുന്നത്. മരിക്കുമെന്നോ… അതിനുവേണ്ടിയാണോ നീ എന്നെ സ്നേഹിച്ചത്. എന്നെ സ്നേഹിച്ചതുകൊണ്ടാല്ലേ മറ്റാർക്കും വഴങ്ങാതെ നീ ഇത്രയുംകാലം നടന്നത്. എന്നിട്ടിപ്പോ വേറൊരുത്തന്റെ പേരുപറഞ്ഞ് നീ മരിക്കാനെങ്ങാനും ഒരുങ്ങിയാലുണ്ടല്ലോ അവനെയും കൊന്ന് നിന്റെ പുറകെ ഞാനും വരും. പറഞ്ഞേക്കാം”
“എനിക്ക് പേടിയാണിക്കാ… അവൻ”
“പേടിക്കാതെ പെണ്ണെ. ഞാനില്ലേ നിനക്ക്. അവനെ ഞാൻ ഒതുക്കാം. നീ സമാധാനമായിട്ടിരിക്ക്” അക്കു അവളെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.
ഇതെല്ലാം കേട്ട് റൂമിനുപുറത്തുനിന്ന കുഞ്ഞോള് അവർക്കിടയിലേക്ക് കടന്നുവന്നു.
“അതേ… രണ്ടുപേരുടെയും നിക്കാഹ് കഴിഞ്ഞിട്ടില്ല, അത് മറക്കണ്ട” എന്ന് കുഞ്ഞോള് പറഞ്ഞതും അക്കു ജുമിയെ തന്നിൽനിന്നും അടർത്തിമാറ്റി ബെഡിൽനിന്ന് എഴുനേറ്റു.
അന്നത്തെ പകലിനെ എങ്ങനെയൊക്കെയോ തള്ളിനീക്കി ഓരോരുത്തരും ഉറക്കത്തിലേക്ക് വഴുതിമാറി.
ജുമിയുടെ നിലവിളികേട്ടാണ് മജീദ്ക്ക ഞെട്ടിയുണർന്നത്.
അരികിലായി കിടന്ന റസിയാത്തയും കണ്ണുതുറന്നിട്ടുണ്ട്.
“ജുമിയുടെ ശബ്ദമല്ലേ റസീ കേട്ടത്” മജീദ്ക്ക ബെഡിൽനിന്നെഴുനേറ്റ് ജുമിയുടെ റൂമിലേക്ക് ഒരു ഓട്ടമായിരുന്നു.
മുടിയൊക്കെ അഴിച്ചിട്ട് മുട്ടുകാലിൽ മുഖംചേർത്തുവെച്ച് ബെഡിലിരിക്കുന്ന ജുമിയെ കണ്ടതും മജീദ്ക്ക മകളുടെ അരികിലേക്ക് ഓടിയടുത്തു.
“എന്താ മോളെ… എന്തുപറ്റി”
മജീദ്ക്ക ജുമിയുടെ അഴിച്ചിട്ട മുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു.
“ഉപ്പാ… അവൻ… ബാസിത്”
ഇടറിയ ശബ്ദത്താൽ വിക്കിവിക്കി ജുമിയത് പറഞ്ഞതും മജീദ്ക്കയുടെ നെഞ്ചുപിടക്കാൻ തുടങ്ങി.
“ഇല്ല മോളെ… ഇത് നമ്മുടെ വീടാണ്. ഇവിടെ നമ്മളല്ലാതെ മാറ്റാരുമില്ല. മോള് അതോർത്തുകിടന്നിട്ട് സ്വപനം കണ്ടതാണ്” റസിയാത്ത മകളുടെ അരികിലിരുന്നു.
“ഉമ്മാ ഇന്നെന്റെകൂടെ കിടക്കാമോ, എനിക്ക് ഒറ്റക്ക് കിടക്കാൻ പേടിയാവാ”
മകളുടെ അവസ്ഥ മനസ്സിലാക്കി റസിയാത്ത അന്നാരാത്രി ജുമിക്ക് കൂട്ടുകിടന്നു.
ജുമി ഉറക്കത്തിലേക്ക് മയങ്ങിവീഴുംവരെ മജീദ്ക്ക അവർക്കരികിലായി എന്തൊക്കെയോ ചിന്തിച്ചുച്ചുകൊണ്ട് ഇരുന്നു.
_________________________
“ഇക്കാ… എണീറ്റെ മതി ഉറങ്ങിയത്”
കുഞ്ഞോളുടെ വിളികേട്ട് അക്കു കണ്ണുതുറന്നു.
“എന്താ കുഞ്ഞോളെ, നീ അപ്പുറത്തേക്ക് പോയെ, ഞാനൊന്ന് ഉറങ്ങട്ടെ”
അക്കു തലവഴി പുതപ്പ് വലിച്ചിട്ടു.
“ജുമി ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. ഇന്നലെ രാത്രിതൊട്ട് കടുത്ത പനിയായിരുന്നു അവൾക്ക്. ഞങ്ങൾ ഹോസ്പിറ്റലിൽ പോവുകയാ”
തലവഴി മൂടിയിട്ട പുതപ്പ് അക്കു എടുത്തുമാറ്റി കാട്ടിലിൽനിന്ന് ചാടിയെണീറ്റു.
“റസിയാത്ത വിളിച്ചപ്പോഴാ അറിഞ്ഞത്… ഇന്നലെ രാത്രി പലപ്പോഴായി ജുമി ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്നിരുന്നു. പിന്നെ പനി പിടിച്ചു. പേടിച്ചിട്ടാവും”
കുഞ്ഞോള് പറഞ്ഞു.
“നിങ്ങൾ പൊയ്ക്കോ. ഞാൻ അങ്ങോട്ട് എത്തിയേക്കാം”
കുഞ്ഞോള് റൂമിൽനിന്ന് പുറത്തേക്കിറങ്ങിയതും
“ഇനി വെച്ചിരുന്നിട്ട് കാര്യമില്ല. ജുമി ഹോസ്പിറ്റൽ വിടുന്നമുൻപ് ആ നാറിയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം” അക്കു മനസ്സിൽ പറഞ്ഞ് ബാത്‌റൂമിൽ കയറി.
ചെറിയൊരു കുളിയൊക്കെ കഴിഞ്ഞ് അക്കു ഫോണെടുത്ത് ആദ്യം വിളിച്ചത് റാഷിയെയാണ്.
“ടാ റാഷി… നീയാ മൊയ്‌ദുഹാജിയോട് ഇന്ന് ചാവിതരാൻ പറ്റുമോയെന്ന് ചോദിക്ക്.”
“എടാ അക്കു രണ്ടാഴ്ച്ചയല്ലേ സമയം പറഞ്ഞത്. ഇത്രപെട്ടെന്ന്…”
“അതൊന്നും എനിക്കറിയണ്ട. ഇന്ന് ചാവിതരാൻ പറ്റുമെങ്കിൽ തരാൻ പറ. ഇല്ലെങ്കിൽ വേണ്ട”
എന്നുപറഞ്ഞ് അക്കു ആ കോൾ കട്ടാക്കി വിഷ്ണുവിനെ വിളിച്ചു.
“വിഷ്ണൂ… വിപിനെ ഒന്ന് കിട്ടണം. അവന്റെ നമ്പർ എനിക്കൊന്ന് വാട്സാപ്പിൽ അയക്ക്”
“എന്തിനാടാ വിപിനെ. അവൻ കോളേജിൽ പോയല്ലോ”
“നീ പറയുന്നത് കേട്ടാമതി. പിന്നെ ഇന്ന് ജോലിയുണ്ടോ നിനക്ക്”
“ആ ഉണ്ട്”
“ലീവാക്കാൻ പറ്റോ. എങ്കിൽ നമുക്ക് ഒരിടംവരെ പോകണം”
“എന്താടാ അക്കു. എന്താ പ്രശ്നം”
“നിനക്ക് പറ്റുമെങ്കിൽ അതുപറ. ഇല്ലെങ്കിൽ വേറെ ആളെ നോക്കണം”
“ഒരുമിനിറ്റ് ഞാനിപ്പോ തിരിച്ചുവിളിക്കാം” എന്നുപറഞ്ഞ് വിഷ്ണു ഫോൺവെച്ചു.
______________________
അക്കുവിന്റെ ദേഷ്യത്തോടെയുള്ള സംസാരംകട്ടതും വിഷ്ണുവിന് സംശയംതോന്നി. വിഷ്ണു റാഷിയെ വിളിച്ചു.
“ടാ റാഷി… അക്കൂനെന്താ പറ്റിയത്. എന്നെവിളിച്ച് വിബിടെ നമ്പർ കൊടുക്കാൻ പറഞ്ഞു. പിന്നെ ഇന്ന് ലീവ് ആക്കാമോ എന്നുംചോദിച്ചു. അവനെന്താ പറ്റിയത്”
“അപ്പൊ നീയൊന്നും അറിഞ്ഞില്ലേ… വിബി നിന്നോടൊന്നും പറഞ്ഞില്ലേ”
“ഇല്ലടാ. അവനൊന്നും പറഞ്ഞില്ല”
“ആ… ജുമിയെ ഇന്നലെ ബാസിത് എന്നുപേരുള്ള കോളേജിലെ ഹീറോ ഉപദ്രവിച്ചു. അതും ലൈബ്രറിയിൽ വെച്ച്”
“ദൈവമേ… എന്നിട്ട് വിബി ഒന്നും പറഞ്ഞില്ലല്ലോ”
“വിബിയോട് നിന്നെയും അക്കുവിനെയും അറീക്കരുത് എന്ന് കുഞ്ഞോള് പറഞ്ഞിരുന്നു. അതാവും വിബി പറയാതിരുന്നത്”
“അപ്പൊ ഇന്നലെ കൊച്ചിക്കുപോയ അക്കു എങ്ങനെയാ അറിഞ്ഞത്”
“അതൊന്നും അറിയില്ല. അക്കുവിന് ചുറ്റിലും ഇപ്പൊ പ്രശ്നങ്ങളാണ് എന്നാണ് തോന്നുന്നത്. അല്ലങ്കിൽ ഇന്നലെത്തന്നെ അവൻ തിരിച്ചുവരില്ല. എനിക്ക് കുറച്ചുനേരത്തെ വിളിച്ചിരുന്നു. ഞങ്ങൾ രണ്ടുപേരും അങ്ങാടിയിലെ മൊയ്‌ദുക്കാടെ സ്ഥലം നോക്കിയിരുന്നു. അഡ്വാൻസ് കൊടുത്തതാണ്. രണ്ടാഴ്ച്ചക്കകം അവിടെ ഒന്ന് വൃത്തിയാക്കിയിട്ട് ചാവിതരാമെന്നാ മൊയ്‌ദുക്ക പറഞ്ഞെ. ഇന്നിപ്പോ അക്കു വിളിച്ചിട്ട് ഇന്നുതന്നെ ചാവിവേണം അല്ലങ്കിൽ വേണ്ട എന്നൊക്കെ പറഞ്ഞു”
റാഷിയുടെ വാക്കുകൾ കേട്ട് വിഷ്ണു മറുപടി ഒരു മൂളലിൽ ഒതുക്കി.
“ടാ വിഷ്ണു… അവനെന്തോ പ്ലാൻ ചെയ്യുന്നുണ്ട്. എന്താണെന്ന് നമുക്കാർക്കും അറിയില്ല. എന്താണെങ്കിലും നീ അവന്റെകൂടെ ചെല്ല്. ഞാനും ഇന്ന് ലീവെടുത്ത് നാട്ടിലേക്ക് വരാം”
“എനിക്കെന്തോ ചെറിയൊരു പേടിയുണ്ട്. അക്കു അന്നേ ബാസിതിനോട് പറഞ്ഞതാ ഇനി എന്തെങ്കിലും ഉണ്ടായാൽ വെച്ചേക്കില്ല എന്ന്. അക്കു ഇനി ബാസിതിനെ അരുതാത്തതെന്തെങ്കിലും…”
“അങ്ങനെ സംഭവിക്കാതിരിക്കാനാ ഞാൻ നിന്നോട് അവന്റെകൂടെ പോകാൻ പാഞ്ഞത്. ഉച്ചയാവുമ്പോഴേക്കും ഞാനും അങ്ങോട്ട് എത്തിയേക്കാം”
“ശെരി”
വിഷ്ണു ഫോൺവെച്ച് അക്കുവിനെവിളിച്ചു
“ടാ അക്കു ഞാൻ ലീവെടുക്കാം, കൂടെവരാം. നീ എവിടെയാ”
“ഞാൻ വീട്ടിലാണ്. കഴിയുമെങ്കിൽ വിബിക്ക് ബൈക്ക് കൊടുത്തോ. ഞാൻ നിന്നെയെടുക്കാൻ നീയുള്ളിടത്തേക്ക് വരാം”
വിഷ്ണു നേരെ ബൈക്കിൽ കയറി ബസ്റ്റോപ്പിലേക്ക് വിട്ടു.
ബസ്റ്റോപ്പിൽ ബസ്സുകാത്തുനിൽക്കുന്ന വിബിയുടെ അടുത്ത് ബൈക്ക്നിർത്തി വിഷ്ണു
“വിബി… കയറ് വണ്ടിയിൽ”
ചേട്ടനും അനിയനുംകൂടി അക്കുവിന്റെ വീടുലക്ഷ്യമാക്കി മുന്നോട്ടുനീങ്ങി.
“അല്ല ചേട്ടാ.. ഇതെങ്ങോട്ടാ പോകുന്നത്. എനിക്ക് കോളേജിലേക്കാ പോകേണ്ടത്” കോളേജിലേക്കുള്ള റോടല്ലാതെ മറ്റൊരുറോഡിലേക്ക് ബൈക്ക് തിരിഞ്ഞതും പുറകിലുന്ന വിബി ചേട്ടനോട് പറഞ്ഞു.
“നീയെന്നെ അക്കുവിന്റെ വീട്ടിൽ ഇറക്കിയിട്ട് നീ വണ്ടിയുമായി കോളേജിലേക്ക് പൊയ്ക്കോ. പിന്നെ ഒരുകാര്യം… അക്കു നിന്നെ വിളിക്കും. മിക്കവാറും ബാസിയെ സ്കെച്ച് ഇടാനാവും. പറ്റില്ലാന്ന് പറയേണ്ട അക്കുവിനോട്” ബൈക്ക് ഓടിച്ചുകൊണ്ടിരിക്കെ വിഷ്ണു അനിയനോട് പറഞ്ഞു.
“അയ്യോ അപ്പൊ അക്കുക്ക സംഭവം അറിഞ്ഞോ”
“ആ അറിഞ്ഞു. മിക്കവാറും നിങ്ങളുടെ കോളേജ് ഹീറോയുടെ അവസാനത്തെ ദിവസമായിരിക്കും ഇന്ന്”
“ചേട്ടാ… അക്കുക്ക തുനിഞ്ഞിറങ്ങിയല്ലേ അവനെ ഒതുക്കാൻ”
“ഇറങ്ങാതെ പറ്റില്ലല്ലോ വിബി. അവനോട് മര്യാദക്ക് അന്നേ പറഞ്ഞതല്ലേ. കേൾക്കില്ല എന്നാണെങ്കിൽ ഒതുക്കാതെ വേറെ വഴിയില്ലല്ലോ”
രണ്ടുപേരും സംസാരിച്ച് അക്കുവിന്റെ വീടിനുമുന്നിലെത്തി.
“നീ നേരംകളയണ്ട വിബി. പോകാൻ നോക്ക്”
വിഷ്ണു ബൈക്കിൽനിന്നിറങ്ങി വിബിയോട് പറഞ്ഞതും വിബി വണ്ടിയുമായി കോളേജിലേക്ക് പുറപ്പെട്ടു.
ചാരിയിട്ട ഗേറ്റ്തുറന്ന് വിഷ്ണു അക്കുവിന്റ വീട്ടുമുറ്റത്തേക്ക് കടന്നതും അക്കു ഉമ്മറത്ത് നിൽക്കുന്നത് വിഷ്ണു കണ്ടു.
“ടാ എന്താണ് വരാൻപറഞ്ഞത്. എന്താ സംഭവം”
വിഷ്ണു അക്കുവിന്റെ അരികിലേക്ക് നടക്കവേ ചോദിച്ചു.
“വാ നീ വണ്ടിയെടുക്ക്. നമുക്ക് കോഴിക്കോടുവരെ ഒന്ന് പോണം. അവിടെ തറവാട്ടിൽ ഉപ്പുപ്പയുടെ ജീപ്പുണ്ട്. ആരും ഉപയോഗിക്കാറില്ല. അത് ഞാൻ വാങ്ങി. അത് കൊണ്ടുവരാനാ” എന്ന് അക്കു പറഞ്ഞതും
അടക്കിപിടിച്ച ശ്വാസം വിഷ്ണു പുറത്തേക്കുവിട്ടു.
“ഹാവൂ… സമാധാനായി. പഹയാ നീ ആളെ പേടിപ്പിച്ചല്ലോ. ഞാൻ കരുതി ഇന്ന് കോളേജിൽപോയി ആ ബാസിയെ പണിയാൻ പോകാനാണ് വിളിച്ചതെന്ന്”
“നീയിങ്ങനെ ആശ്വസിക്കാൻ ബാസിയെ പണിയുന്നില്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ. ഇന്നുതന്നെ ബാസിക്കുള്ളത് കൊടുക്കണം. എന്റെ പെണ്ണിന് നേരാവണ്ണം ഒന്ന് ഉറങ്ങാൻപോലും കഴിയുന്നില്ല. എന്റെ ജുമി സമാധാനത്തോടെ ഉറങ്ങണമെങ്കിൽ ബാസിയുടെ ശല്യം തീരണം. നീ ഇപ്പൊ വണ്ടിയെടുക്ക് വിഷ്ണുവേ”
അക്കു ബുള്ളറ്റിന്റെ ചാവി വിഷ്ണുവിനുനേരെ നീട്ടി.
“അപ്പൊ നീ രണ്ടും കല്പിച്ചാണ്. അല്ലാ എന്തിനാണിപ്പോ ജീപ്പ്”
വിഷ്ണു ബുള്ളറ്റ് ഓടിച്ചുകൊണ്ടിരിക്കെ അക്കുവിനോട് ചോദിച്ചു.
“ജീപ്പ് എനിക്ക് ആവശ്യമുണ്ട്” എന്നുമാത്രം അക്കു മറുപടിപറഞ്ഞു.
പതിനൊന്നുമണിയോടുകൂടി കോഴിക്കോടെത്തിയ അക്കു ഹാരിസിനെവിളിച്ചു.
“ടാ നീ വീട്ടിലുണ്ടോ. ഞാൻ എത്താറായി”
“ആ. ഞാൻ വീട്ടിലുണ്ട്. ഉപ്പയുമുണ്ട്. നീയിങ്ങോട്ട് പോരെ”
മുൻപ് ഹക്കീമിനെ പഞ്ഞിക്കിട്ട് പോയതാണ് അക്കു. അതുകൊണ്ട് ആ വീട്ടിലേക്ക് കയറിച്ചെല്ലാൻ അവനൊരു മടിയുണ്ട്.
എങ്കിലും ആവശ്യം അക്കുവിന്റേതായതുകൊണ്ട് അക്കു വിഷ്ണുവിന്റെകൂടെ തറവാട്ടിലേക്ക് കയറി.
അകത്തെ റൂമിൽച്ചെന്ന് ഉമ്മുമ്മയോട് കുറച്ചുനേരം സംസാരിച്ച് അക്കു മാമന്റെ അടുത്തേക്കെത്തി.
“നിനക്കാണെങ്കിൽ വണ്ടി ഞാൻ തരില്ല അക്കു. ഹാരിസ് പറഞ്ഞത് നിന്റെ ഏതോ കൂട്ടുകാരനാണ് വണ്ടി എന്നാണ്”
മാമൻ അക്കുവിനോട് ദേഷ്യത്തോടെ പറഞ്ഞു.
“വണ്ടി എനിക്കല്ല മാമാ. ഇതെന്റെ കൂട്ടുകാരനാണ് വിഷ്ണു. ഇവനൊരു ജീപ്പുവേണമെന്ന് പറഞ്ഞിരുന്നു. അപ്പോഴാ ഞാൻ ഹാരിസിനോട് ഉപ്പുപ്പയുടെ വണ്ടി ചോദിച്ചത്”
വിഷ്ണു ഒരു ഞെട്ടലോടെ അക്കുവിനെ നോക്കിയപ്പോൾ അക്കു “മിണ്ടരുത്” എന്ന് കണ്ണുകൊണ്ട് പറഞ്ഞു.
“നാലഞ്ചുവർഷമായി ഓടിക്കാതെ കിടക്കുകയാണ്. സ്റ്റാർട്ടാവുമോ എന്നൊന്നും പറയാൻ പറ്റില്ല” എന്ന് മാമൻ അക്കുവിനോട്.
അക്കു പോക്കറ്റിൽനിന്നും കുറച്ച് പൈസയെടുത്ത് വിഷ്ണുവിന്റെ കൈകളിലേക്ക് ഏല്പിച്ചു.
“നീ തന്നെ കൊടുത്തേക് വിഷ്ണൂ പൈസ” എന്ന് പറഞ്ഞതും വിഷ്ണു കയ്യിലിരുന്ന പൈസ അക്കുവിന്റെ മാമനുനേരെ നീട്ടി.
വർഷങ്ങളായി ഓടാതെ കിടക്കുന്ന ഉപ്പുപ്പയുടെ ജീപ്പിന്റെ ഡ്രൈവിങ്സീറ്റിലേക്ക് അക്കു കയറിയിരുന്ന് ചാവിതിരിച്ചു.
ആദ്യമൊന്ന് സ്റ്റാർട്ടിങ് കിട്ടാൻ മടികാണിച്ചപ്പോൾ അക്കു അവന്റെ കഴിവ് പുറത്തെടുത്ത് വണ്ടി സ്റ്റാർട്ടാക്കി.
എല്ലാവരോടും യാത്രപറഞ്ഞ് അക്കു ജീപ്പുമായി ആ വീടിന്റെ മുറ്റത്തുനിന്നും ഇറങ്ങി.
മുന്നിലായി ബുള്ളറ്റിൽ വിഷ്ണുവും പുറകിൽ ജീപ്പിൽ അക്കവും നാട്ടിലേക്ക് പുറപ്പെട്ടു.
ആ യാത്രക്കിടയിൽ അക്കു റാഷിയെ വിളിച്ചു.
“എന്തായി റാഷി ഞാൻ പറഞ്ഞകാര്യം”
“അവിടത്തെ മുഴുവൻ പണിയും കഴിഞ്ഞിട്ട് പോരെ ചാവി എന്നാണ് മൊയ്‌ദുക്ക ആദ്യം പറഞ്ഞത്. പിന്നെ ഇന്ന് കിട്ടിയില്ലെങ്കിൽ വേണ്ട എന്ന് പറഞ്ഞപ്പോൾ മൂപ്പര് സമ്മതിച്ചു. പിന്നേ ഞാൻ നാട്ടിലേക്ക് വരുന്നുണ്ട്. അരമണിക്കൂർ കഴിയുമ്പോ ഞാനവിടെയെത്തും”
“ആ അതെന്തായാലും നന്നായി. നാട്ടിലെത്തിയാൽ നീ ചാവി വാങ്ങിച്ചുവെക്ക്. ഞാനും വിഷ്ണുവും കോഴിക്കോടാണ്. വാന്നാൽ വർക്ഷോപ്പിൽ ഒന്ന് കൂടാം നമുക്ക്”
സൂര്യൻ ഉച്ചിയിൽ കത്തിനിൽക്കുന്ന നാട്ടുച്ചനേരത്ത് അക്കുവിന്റെ വീട്ടിലെത്തിയ അവർ ബുള്ളറ്റ് വീട്ടിൽവെച്ച് ജീപ്പിൽ അങ്ങാടിയിലേക്ക് പുറപ്പെട്ടു.
പോകുന്നവഴി അക്കു വീണ്ടും റാഷിയെ വിളിച്ചു.
“ടാ എന്തായി, ഞാനിതാ അങ്ങോട്ട് വരുന്നുണ്ട്”
“ആ പോരെ. ഞാനിവിടെയുണ്ട്”
“ശെരി” അക്കു ഫോൺ സംഭാഷണം നിർത്തിയതും
“ആരാ അക്കു” വിഷ്ണുവിന്റെ ചോദ്യമെത്തി.
“റാഷിയാടാ”
“അവനെത്തിയോ”
“ആ… എത്തി. അങ്ങാടിയിലുണ്ട്”
“അപ്പൊ ഇനിയെന്താ പ്ലാൻ”
“പറയാം നീ ഒന്ന് സമാധാനിക്ക്”
വൈകാതെ അവർ രണ്ടുപേരും വർക്ഷോപ്പിൽ അവരെക്കാത്തുനിൽക്കുന്ന റാഷിയുടെ അടുത്തെത്തി.
“ടാ ജുമിക്ക് എങ്ങനെയുണ്ട്”
അക്കുവിനെ കണ്ടതും റാഷി ചോദിച്ചു.
“അറിയില്ല. ഞാൻ വിളിച്ചിട്ടില്ല”
എന്നായിരുന്നു അക്കുവിന്റെ മറുപടി.
“അതെന്താ വിളിക്കാതിരുന്നത്. നിനക്ക് വിളിച്ചൂടെ, പോയിട്ട് ഒന്ന് കണ്ടൂടെ അവളെ, നിനക്കൊന്ന് സമാധാനിപ്പിച്ചൂടെ അവളെ” റാഷി വീണ്ടും ചോദിച്ചു.
“ജുമിക്ക് എന്നെക്കണ്ടാൽ ആകെ പറയാനുള്ളത് അവൾക്ക് ബാസിതിനെ പേടിയാണ് എന്നതുമാത്രമാണ്. അതുകൊണ്ട് ബാസിത്തിനെ ഒതുക്കിയിട്ടേ ഞാൻ ജുമിയുടെ മുന്നിലേക്ക് ഇനി പോകുന്നുള്ളു. അല്ലാതെ എനിക്ക് എന്റെപെണ്ണിന്റെ പേടിമാറ്റാൻ കഴിയില്ല”
അക്കുവിന്റെ ശബ്ദമിടറിയതും
“എന്നാലും അക്കു. അവൾക്ക് ഇങ്ങനെയൊരു അവസ്ഥ ഉണ്ടായതുകൊണ്ട് നീയവളെ ഉപേക്ഷിച്ചു എന്ന തോന്നലുവരാൻ പാടില്ല. അതുകൊണ്ടാ ഞാൻ വിളിക്കാൻ പറഞ്ഞത്” റാഷി അക്കുവിന്റെ തോളിലൂടെ കയ്യിട്ടു.
“ടാ വിബിനെ ഒന്ന് വിളിച്ചേ നീ”
അക്കു പറഞ്ഞപ്പോൾ വിഷ്ണു ഫോണെടുത്ത് വിബിനെ വിളിച്ച് ഫോൺ അക്കുവിനുനേരെ നീട്ടി.
“ആ ചേട്ടാ പറയ്”
മറുതലക്കൽ വിബിയുടെ ശബ്ദമെത്തി.
“വിബി ഞാൻ വിഷ്ണുവല്ല. അക്കുവാണ്”
“ആ ഇക്കാ പറ”
“നീയെനിക്ക് ഒരു സഹായം ചെയ്യണം. കോളേജ് കഴിഞ്ഞാൽ നീ ബാസിതിനെ അവനറിയാതെ ഒന്ന് ഫോളോ ചെയ്യണം”
അക്കു പറഞ്ഞു.
“ഇക്കാ… അവൻ ഒട്ടുമിക്കപ്പോഴും കോളേജിൽനിന്ന് ഇറങ്ങിയാൽ ആദ്യം പോകുന്നത് ഗ്രൗണ്ടിലേക്കാവും. അവിടെ ഒരു ആറുമണിവരെ കളിയാണ്. അതുകഴിഞ്ഞാൽ എങ്ങോട്ടാണ് പോകുന്നതെന്ന് അറിവില്ല”
“അതാണ് പറഞ്ഞത്. അവൻ എവിടെയൊക്കെ പോകുന്നു എന്ന് നീ സ്കെച്ചിടണം. കോളേജിൽകേറി ഇനിയവനെ കൈവെക്കേണ്ട എന്നുകരുതിയിട്ടാണ്”
“ആ ഇക്കാ. അത് ഞാനേറ്റു. ക്ലാസ്സിൽകയറാൻ ടൈം ആവുന്നു. ഞാൻ വൈകുന്നേരം വിളിക്കാം”
“ആ ശെരി”
ആ സംഭാഷണം അവസാനിപ്പിച്ച് അക്കു ഫോൺ വിഷ്ണുവിന്‌നേരെ നീട്ടി.
“ഇനിയെന്താ അക്കു അടുത്ത പ്ലാൻ”
റാഷിയും വിഷ്ണുവും ഒരേ സ്വരത്തിൽ ചോദിച്ചു.
“കൊല്ലില്ല… എന്റെ പെണ്ണിന്റെ മുഖത്തടിച്ച ആ കൈകൊണ്ട് അവനിനി ഒരാളുടെയും മുഖത്ത് അടിക്കരുത്. എന്റെ പെണ്ണിന്റെ വസ്ത്രം വലിച്ചുകീറിയതുപോലെ ഒരു പെണ്ണിന്റെയും മാനം കളയരുത്”
[തുടരും…]
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
F_B_L ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission