അകിട് വേദനിച്ച ആകാശം ആറാംദിവസവും ഭൂമിയിലേക്ക് മഴ ശക്തിയായി ചുരത്തിക്കൊണ്ടിരുന്നു.
നാളിതുവരെ തുലാമാസത്തിൽ ഇങ്ങിനെ മഴ പെയ്തു കണ്ടിട്ടില്ല.
പലസ്ഥലങ്ങളിലും വെള്ളപ്പൊക്കമാണെന്നു കരക്കാർ തമ്മിൽ തമ്മിൽ പറയുന്നു. പലവിധആവശ്യങ്ങൾക്കായി പോയവർ തിരിച്ചു വരാനാകാതെ കുടുങ്ങിയിട്ടു ഇന്നേക്ക് രണ്ടോ മൂന്നോ ദിവസം ആയിട്ടുണ്ട്. കടൽ ഓരോ ദിവസം കഴിയുംതോറും കൂടുതൽ കര പിടിച്ചടക്കി മുന്നോട്ടു വരികയാണ്. വീട് കടലെടുത്ത കുടുംബങ്ങൾ അടുത്തുള്ള സ്കൂളുകളിലേക്ക് മാറിയിട്ടുണ്ട്.
ന്യൂനമർദ്ദമാണ്. കൂടെ ചുഴലിയും വീശുന്നുണ്ടെന്ന അറിയിപ്പുണ്ടായിരുന്നു. തിരമാലകൾ അടിച്ചടിച്ചു കരിങ്കൽകെട്ടുകളെല്ലാം ഏകദേശം തകർന്നു തുടങ്ങി.
മഴയൊന്നടങ്ങുമ്പോൾ അടുത്തവീടുകളിലുള്ള ആളുകളൊക്കെ പുറത്തിറങ്ങി കൂട്ടം കൂടി നിന്ന് മഴയെക്കുറിച്ചുള്ള വർത്തമാനം പറയും. ഒരു മണിക്കൂർ തികച്ചു കഴിയില്ല, അപ്പോഴേക്കും വലിയൊരു കാറ്റുവീശും. കൂടെ പെരുമഴയും. അത് മണിക്കൂറുകളോളം നീണ്ടു നിൽക്കും. ഇതാണ് കുറച്ചു ദിവസങ്ങളായി കാണുന്ന കാഴ്ച. മഴ ഒഴിഞ്ഞുള്ള സമയം വളരെ കുറവെന്നുതന്നെ പറയാം.
നിർത്താതെ ചന്നംപിന്നം പെയ്ത മഴ ഭൂമിയെ വേദനിപ്പിച്ചു തുടങ്ങി.
എന്നും മഴയുടെയും, കടലിന്റെയും ഇരമ്പൽ മാത്രമേ കേൾക്കാറുള്ളു. കടലിലേക്ക് നോക്കിയാൽ ദൂരേക്ക് കാർമേഘം കോരിച്ചൊരിയുന്ന ഇരുണ്ട മഴ കാണാം. രൗദ്രഭാവത്തിൽ എല്ലാം വിഴുങ്ങാനുള്ള ആർത്തിയോടെ കരയിലേക്ക് കലിയെടുത്തു പാഞ്ഞുകയറാൻ ഭാവിക്കുന്ന ഒരു ഭീകരജീവിയെപോലെ കടൽ മാറിയിരിക്കുന്നു.
“ഇതിനൊരു അവസാനമില്ലെ കർത്താവെ”. എബ്രഹാം മുകളിലേക്ക് നോക്കി കുരിശു വരച്ചു.
കടലിലും കരയിലും കുറെ ദിവസങ്ങളായിട്ടു പണിയില്ല. രാഘവേട്ടന്റെ കടയിലെ സാധനങ്ങൾ കഴിഞ്ഞെന്നാ കേട്ടത്. ഉണ്ടെങ്കിൽ തന്നെ എങ്ങിനെ വാങ്ങും. കയ്യിലെ നീക്കിയിരിപ്പെല്ലാം കാലിയായി. ഉച്ചക്ക് കഞ്ഞി വെക്കാനുള്ള കുറച്ചു അരി കൂടി ഉണ്ടെങ്കിലായി. ഇത്രയും ദിവസങ്ങൾ എങ്ങിനെയൊക്കെയോ തള്ളിനീക്കി. ഇനിയെന്തു ചെയ്യും. മക്കൾ മൂന്നുപേരാണ്. വിശന്നു കഴിഞ്ഞാൽ എന്ത് ചെയ്യണമെന്നാലോചിക്കുമ്പോൾ ഒരെത്തും പിടിയും കിട്ടുന്നില്ല.
“നാണിത്തള്ളയേയും ഇപ്പോൾ കാണുന്നില്ല. എവിടെ പോയെന്നറിയില്ല. അവരുടെ കൂരയിലേക്കൊന്നു പോയി നോക്കാമെന്നുവെച്ചാൽ ഈ കാറ്റും മഴയുമൊന്നൊഴിയണ്ടേ. ഇനി അവരുടെ വീട് കടലെടുത്തു പോയോ എന്നും അറിയില്ല. കർത്താവെ, അങ്ങിനെ വരുത്തല്ലേ”. എബ്രഹാം മനസ്സിൽ പ്രാർത്ഥിച്ചു.
ത്രേസ്യ മരിച്ചതിനു ശേഷം നാണിതള്ളയാണ് മക്കൾക്ക് കൂട്ട്. അവര് രാവിലെ വന്നു ഭക്ഷണമെല്ലാം ഒരുക്കി, വീടൊക്കെ അടിച്ചു തുടച്ചു അലക്കാനുള്ളത് അലക്കി വൈകുന്നേരമേ തിരിച്ചു പോവുകയുള്ളു. അഞ്ചു മക്കളുള്ള നാണിക്കു കടപ്പുറത്തു ഇപ്പോൾ ആരുമില്ല. അവരുടെ മക്കളൊക്കെ പഠിച്ചവരായതുകൊണ്ടു ടൗണിലേക്ക് മാറി.
അല്ലെങ്കിലും ഇന്നോ നാളെയോ കടലെടുത്തു പോകുന്ന ഈ കരയിൽ ജീവനൊരു ഉറപ്പുമില്ലാതെ എത്രകാലം ജീവിക്കാൻ പറ്റും. നാണിക്കു ഈ കടപ്പുറം വിട്ടു പോകുന്നത് ആലോചിക്കാനേ പറ്റിയിരുന്നില്ല. അത്രക്കും കടലും, കരയുമായി അവർ ഇഴുകിച്ചേർന്നിരുന്നു.
മുതുകിലുള്ള വലിയ കൂനുമായി അവർ നടക്കുന്നത് കാണുമ്പോൾ ആ കടപ്പുറത്തിന്റെ എഴുപതു വർഷത്തെ ചരിത്രം വ്യക്തമായിരുന്നു.
ത്രേസ്യ മരിക്കുമ്പോൾ എബ്രഹാം ചെറുപ്പമായിരുന്നു. നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം. ഇടതൂർന്ന് തോളറ്റം കിടക്കുന്ന അലസമായ തലമുടി, കട്ടി മീശ. ഇരുനിറമാണെങ്കിലും അയാളെ കാണാൻ നല്ലൊരു ചന്തമുണ്ടായിരുന്നു.
അതുകൊണ്ടു തന്നെ എബ്രഹാമിന്റെ വീട്ടിലെ കാര്യങ്ങൾ തിരക്കാൻ കരയിലെ ചില പെണ്ണുങ്ങൾക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു.
അന്നൊക്കെ ഉച്ചയൂണ് കഴിഞ്ഞാൽ നാണിയെ തേടി പെണ്ണുങ്ങൾ ഒറ്റക്കും, ഇരട്ടക്കുമൊക്കെ കൊതി പറയാൻ എബ്രഹാമിന്റെ വീട്ടിൽ വരുകയായിരുന്നു പതിവ്. അതിൽ ചില പെണ്ണുങ്ങൾ ഏന്തിയും, വലിഞ്ഞുമൊക്കെ അകത്തുകിടക്കുന്ന എബ്രഹാമിനെ കാണാൻ ശ്രമിക്കാറുമുണ്ടായിരുന്നു. “എബ്രഹാം ഇന്ന് കടലിൽ പോയില്ലേ, മൂന്നു കുഞ്ഞുങ്ങളെ എങ്ങനെ ഒറ്റയ്ക്ക് നോക്കുന്നു, വേറെ ആലോചനകൾ ഒന്നും വന്നില്ലേ, എന്തിനാ ഒറ്റാന്തടിയായി നടക്കുന്നത്, മത്തിയാണോ, സൂതയാണോ ഇഷ്ടം, ഉണക്കമീൻ ചമ്മന്തി അരച്ച് കൊണ്ട് വന്നാൽ കൊടുക്കുമോ, ദേഷ്യക്കാരനാണോ, കെട്ടിയോളെ ഇങ്ങനെ സ്നേഹിച്ച ഒരാളെ ഈ കരയിലൊന്നും കണ്ടിട്ടില്ല, അയാളുടെ പുറത്തു കാണുന്ന വെളുത്ത പാട് ചുണങ്ങാണോ, അങ്ങിനെ ഒരു നൂറായിരം അന്വേഷണങ്ങൾ. നാണിയാണെങ്കിൽ അതിനൊക്കെ എരിവും പുളിയും കൂട്ടി പത്തിന് നൂറ് എന്ന മട്ടിൽ മറുപടിയും കൊടുക്കും. കടലിൽ പോകാത്ത ദിവസങ്ങളിൽ അതൊന്നും ശ്രദ്ധിക്കാത്തപോലെ താൻ അകത്തു ഉച്ചയുറക്കത്തിനായി കിടക്കുകയാവും
അതൊക്കെ കുറേ മുൻപത്തെ കാര്യം. ഇപ്പോൾ തനിക്കും പ്രായമായില്ലേ. ശരീത്തിന്റെ വികാരങ്ങളെക്കുറിച്ചൊക്കെ എപ്പോഴോ മറന്നിരിക്കുന്നു. മക്കളെ എങ്ങിനെ നല്ല രീതിയിൽ വളർത്തി വലുതാക്കാം എന്നത് മാത്രമായിരുന്നു ചിന്ത.
“എബ്രിച്ചായാ, മക്കളെ ഒരിക്കലും എബ്രിച്ചന്റെ അടുത്തുനിന്നും മാറ്റരുതേ. എന്നും കൂടെ കൊണ്ട് നടക്കണം. ഏതു പ്രതിസന്ധിയിലും”. ഒരിക്കൽ ത്രേസ്യ പറഞ്ഞിരുന്നു.
വേണമെങ്കിൽ ഒരു കല്യാണം കൂടി ആകാമായിരുന്നു. പക്ഷെ എന്തോ തോന്നിയില്ല. ഒറ്റയ്ക്ക് ഒരു പുരുഷന് മൂന്നു കുഞ്ഞുങ്ങളെ വളർത്താൻ നല്ല ബുദ്ധിമുട്ടുതന്നെയാണ്. ഒരു പക്ഷെ നാണി തള്ള ആ സമയത്തു വന്നില്ലായിരുന്നെങ്കിൽ ഞാനും രണ്ടാം കെട്ടിനെക്കുറിച്ചു ചിന്തിച്ചേനെ..
“ത്രേസ്യ ഉണ്ടായിരുന്നെങ്കിൽ”, ഒരു നെടുവീർപ്പോടെ എബ്രഹാം ഓർത്തു.
ത്രേസ്യ എബ്രഹാമിന്റെ ഭാര്യ ആയിരുന്നു.
ഏഴു വർഷങ്ങൾക്കു മുന്നേ ജോയ്മോനെ പ്രസവിച്ചു എബ്രഹാമിന്റെ കയ്യിലേക്ക് കൊടുത്തിട്ടുപോയതാ അവള്. ഒരു കുഴപ്പവും ഇല്ലായിരുന്നു. സുഖ പ്രസവം. കയ്യിൽ ഇരുന്ന ജോയ്മോനെ സ്നേഹത്തോടെ തലോടി അവ്യക്തമായി എന്തോ പറഞ്ഞു. അത്ര തന്നെ. പിന്നെ ത്രേസ്യ ഉണർന്നിട്ടില്ല. നിമിഷനേരം കൊണ്ട് അവൾ കിടന്നിരുന്ന വിരിയാകെ രക്തത്തിൽ കുതിർന്നിരുന്നു.
എല്ലാം ഇന്നലെ പോലെ തോന്നുന്നു.
ജോയ്മോന്റെ മൂത്തത് ജോസഫ് ആണ്. ത്രേസ്യയുടെ ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു ജോസഫ്. ത്രേസ്യ മരിക്കുമ്പോൾ ജോസഫിന് നാല് വയസ്സാവുന്നതേയുള്ളൂ.. മൂവരിൽ മൂത്തവൻ ജോജു. പത്താംതരത്തിൽ എത്തി. റാങ്കു കിട്ടാൻ സാധ്യതയുള്ള കുട്ടി എന്നാ ടീച്ചർമാർ അവനെ പറ്റി പറഞ്ഞത്. അത് കേട്ടപ്പോൾ വല്ലാത്തൊരു സന്തോഷം. മക്കൾ പഠിക്കുന്ന സ്കൂളിലെ മീറ്റിംഗിന് പോകുമ്പോൾ പ്രിൻസിപ്പലച്ചൻ അവരെ പറ്റി നല്ലതേ പറഞ്ഞിട്ടുള്ളു.
“ഈ കൊല്ലം തുടങ്ങിയപ്പോൾ ഓരോപ്രശ്നങ്ങളാണല്ലോ കർത്താവെ. ഇനിയിപ്പോ എല്ലാം കണ്ടറിയണം”. എബ്രഹാമിന് ആധിയായി.
ശക്തിയായി വീശിയ ഒരു കാറ്റിൽ ഒരു തെങ്ങു കടയോടുകൂടി കടലിലേക്ക് ചരിഞ്ഞു. ആർത്തി പൂണ്ട കടൽ അതിനെയും ഭക്ഷണമാക്കി.
സമയം രാവിലെ ഒൻപതു ആയെങ്കിലും കടപ്പുറം ഇരുട്ടുകുത്തിയിരിക്കുന്നു. ഇരുണ്ട കാർമേഘങ്ങൾ പരസ്പരം മത്സരിക്കുന്നത് പോലെ ആകാശത്തിലൂടെ പായുന്നു.
കഴിഞ്ഞ വർഷമാണ് മേൽക്കൂര വാർത്തത്. അല്ലെങ്കിൽ ഇപ്പോൾ എന്താകുമായിരുന്നു അവസ്ഥ. ചോരുന്ന ഇടങ്ങളിലൊക്കെ പാത്രങ്ങൾ വക്കണമായിരുന്നു. രാത്രിയിൽ ചോർന്നൊലിക്കുന്ന വീട്ടിൽ എങ്ങിനെ കിടന്നുറങ്ങുമായിരുന്നു. എബ്രഹാം ഓർത്തു.
“എബ്രിച്ചായ, വീടാകെ ചോരുന്നല്ലോ. നമുക്കിതെന്നാ ഒന്ന് വാർപ്പാക്കുക”. ജോസഫിനെയും, ജോജോയെയും അണച്ചുപിടിച്ചു മഴ നനയിക്കാതെ ഇരിക്കുന്നതിനിടയിൽ ത്രേസ്യ ചോദിക്കാറുണ്ടായിരുന്നു. പക്ഷെ ഇതുപോലെ അന്ന് പെയ്തിട്ടില്ല.
“എബ്രിച്ചായ, നമ്മുടെ മക്കൾ വളർന്നിട്ടുവേണം ഇതൊക്കെയൊന്ന് ശരിയാക്കാൻ. അതുവരെ നമ്മുക്കെങ്ങിനെയെങ്കിലും പിടിച്ചു നിൽക്കാം. ഈ ബുദ്ധിമുട്ടൊക്കെ മാറും അച്ചായാ. അടുത്ത ചാകര കൂടി വന്നാൽ ഇത് വാർപ്പാക്കാനുള്ള പണം ഞാൻ തരാം”. പക്ഷെ വീടിനു നല്ല വാർപ്പിന്റെ കൂരയോക്കെ വന്നപ്പോഴേക്കും ത്രേസ്യ പോയി. കുറച്ചു വർഷങ്ങളായി ചാകര സമയത്തു ത്രേസ്യ കൂട്ടിവെച്ച പണമെടുത്തായിരുന്നു അത് തീർത്തത്.
എബ്രഹാമിന്റെ കണ്ണ് നിറഞ്ഞു.
“എബ്രിച്ചായ, എന്നെങ്കിലും ഞാനില്ലാതായാലും എൻ്റെ മക്കളെ നോക്കിയേക്കണേ”. ചിരിച്ചുകൊണ്ടാണ് അന്ന് അവളതു പറഞ്ഞതെങ്കിലും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ആരും വിചാരിച്ചില്ല.
“മക്കളെ പൊന്നു പോലെ തന്നെയാ ഇതുവരെ നോക്കിയത്. പക്ഷെ ഇതിപ്പോൾ പിടിച്ചാൽ കിട്ടാത്തപോലെയായല്ലോ എന്റെ ത്രേസ്യാക്കൊച്ചേ”. എബ്രഹാം ആരോടെന്നില്ലാതെ പറഞ്ഞു.
അതിരാവിലെ ഉണരുന്ന മക്കൾ ഇപ്പോൾ ഒൻപതു കഴിഞ്ഞാലും മൂടിപ്പുതച്ചു കിടപ്പു തന്നെ. അപ്പോഴും വെളിച്ചം വന്നിട്ടുണ്ടാവില്ല. ഓരോ തിരയും പിന്നോട്ട് വലിയുമ്പോൾ എന്തിനെയെങ്കിലും തിന്നാൻ കിട്ടുമെന്ന് വിചാരിച്ചു കരയുന്ന കാക്ക കൂട്ടങ്ങളെയും കാണാനില്ല.
മക്കൾ എഴുന്നേറ്റു വന്നാൽ കുടിക്കാൻ കുറച്ചു കടുംകാപ്പി ഉണ്ടാക്കി വെച്ചിട്ടുണ്ട്.
ജോജോയ്ക്കാണ് കാപ്പി നിർബന്ധം.
ജോയിയും ജോസപ്പും കിട്ടിയാൽ കുടിക്കും. നിർബന്ധമില്ല.
കുറച്ചു അവൽ ബാക്കിയുള്ളത് എടുത്തു നനച്ചു വെച്ചിട്ടുണ്ട്. ഇന്നത്തോട് കൂടി അതും കഴിഞ്ഞു. ഇന്നലെ രാവിലെ അത് കൊടുത്തപ്പോൾ ഇളയതുങ്ങൾ രണ്ടും മുഖം വീർപ്പിച്ചു നിന്നിരുന്നു.
പാവം മക്കൾ.
അവരെന്തു പിഴച്ചു. ഇതുവരെ ദാരിദ്ര്യം അറിയിക്കാതെയാണ് വളർത്തിയത്. പക്ഷെ ഈ നശിച്ച മഴ കാരണം കടലിൽ പോകാനും പറ്റുന്നില്ല.
ഇനിയെങ്കിലും ഇതൊന്നടങ്ങിയില്ലെങ്കിൽ.
കാറ്റിന്റെ ശബ്ദം ഒരു മൂളക്കം പോലെ ഇപ്പോഴും ചെവിയിൽ അടിച്ചു കൊണ്ടിരിക്കുന്നു. ചെവിട് വേദനിക്കുന്നു.
എത്രയോ രാത്രികളിൽ താരാട്ടുപാട്ടായിരുന്നു ഈ തിരയുടെ ശബ്ദം.
രാത്രിയിൽ ഉറക്കത്തിൽ ഞെട്ടി എഴുന്നേറ്റു കരയുന്ന മക്കളെ കടൽകരയിൽ കൊണ്ടുപോയി ഞാനും ത്രേസ്യയും നിലാവുള്ള രാത്രികളിൽ ആ താരാട്ടുപാട്ടുകേൾപ്പിക്കാറുണ്ടായിരുന്നു.
“എബ്രിച്ചായ, ഇനി നമുക്കുണ്ടാകുന്ന കുഞ്ഞിനെന്തു പേരിടണം. എബ്രിച്ചായന്റെ പപ്പയുടെ പേരിടാം. ജോയ്മോൻ. അല്ലെ അച്ചായാ. ഹായ് ജോയ്മോൻ” ത്രേസ്യ അതും പറഞ്ഞു പൊട്ടിച്ചിരിച്ചതു എബ്രഹാം ഓർത്തു.
ജോയ്മോന്റെ കാര്യം ഓർക്കുമ്പോഴാണ് കഷ്ടം. അവനു ഏഴു വയസ്സല്ലേ ആയുള്ളൂ. ത്രേസ്യയുടെ വാത്സല്യം ഒരിറ്റുപോലും നുകരാൻ അവനു പറ്റിയില്ലല്ലോ. ഭാഗ്യമില്ലാത്ത കുട്ടി, അല്ലാതെന്തു പറയാൻ.
കൂട്ടത്തിൽ വാശി ജോജോയ്ക്കാണ്. കുട്ടി വളരുകയല്ലേ. ആവുന്നതെല്ലാം ചെയ്താലും എന്തിനും പരാതി മാത്രം. ത്രേസ്യക്കൊ എനിക്കോ അങ്ങിനെയൊരു വാശി ഉണ്ടായിരുന്നില്ല. എത്ര വിശപ്പാണെങ്കിലും ജോജോ രണ്ടു ദിവസം വരെയൊക്കെ ഒന്നും കഴിക്കാതെ വാശി പിടിച്ചിരിക്കും. അത് കാണുമ്പോഴാ സങ്കടം. എന്നാലും അനിയന്മാരെ നല്ല ശ്രദ്ധയാണ്. ജോയ് വാശി പിടിച്ചു കരഞ്ഞാൽ ജോജുവാണ് അവനെയുമെടുത്തു കടൽതീരത്തു കൊണ്ടുപോയി കളിപ്പിക്കുക. അനിയന്മാരെ പഠിപ്പിക്കാനും അവൻ മിടുക്കനാണ്.
“നശിച്ച ഒരു മഴ”. അബ്രഹാം വീണ്ടും പ്രാകി.
കടലിലെ തിരയടിശബ്ദം മഴപ്പെയ്ത്തിനിടയിലൂടെ കേൾക്കാമായിരുന്നു. മഴ തകർത്തു പെയ്യുന്നതുകൊണ്ടു പുറത്തെ കാഴ്ചയും അവ്യക്തമായിരിക്കുന്നു.
“വാ മക്കളെ, കാപ്പി ചൂടോടെ കുടിക്ക്. അപ്പച്ചൻ അവല് നനച്ചിട്ടുണ്ട്. ഇന്ന് മഴ നിൽക്കും. അങ്ങിനെയാണെങ്കിൽ നാളെ വള്ളമിറക്കാം”. എഴുന്നേറ്റുവന്ന മക്കളോട് എബ്രഹാം പറഞ്ഞു.
“അപ്പച്ചൻ ചുമ്മാ പറയുവാ. എല്ലാ ദിവസവും പറയും. മഴ മാറാതെ എങ്ങനാ അപ്പച്ചാ കടലിൽ പൂവ്വാ”. ജോസഫ് അവൽ നോക്കി മുഖം ചുളിച്ചു പറഞ്ഞു.
ത്രേസ്യ മരിക്കുന്നതു വരെ ജോസഫ് അവളുടെ പുന്നാര കുഞ്ഞു വാവ ആയിരുന്നു. എന്ത് ജോലി ചെയ്താലും ത്രേസ്യയുടെ കയ്യിൽ ജോസഫ് ഉണ്ടാവുമായിരുന്നു. അത്രക്കും ഇഷ്ടമായിരുന്നു ജോസഫിനെ. അവനിപ്പോൾ വയസ്സ് പത്തു കഴിഞ്ഞു.
“അപ്പച്ചാ ഇതിനു മധുരമില്ലല്ലോ”. കാപ്പി കുടിച്ചപ്പോൾ ചിണുങ്ങിക്കൊണ്ടു ജോയ് പറഞ്ഞു.
“നാളെ അപ്പച്ചൻ കടലിൽ പോയി വരുമ്പോൾ പഞ്ചാര വാങ്ങാം. കൂടെ അപ്പച്ചൻ ചിക്കനും കൊണ്ടുവരാം. നമുക്ക് നാണിത്തള്ളയോട് പറഞ്ഞു നാളെ നല്ല പാലപ്പവും ചിക്കൻ കറിയും വെച്ച് തരാൻ പറയണം. ഇപ്പം അപ്പച്ചന്റെ ചക്കരമുത്തു ഇത് കഴിക്കെടാ പൊന്നേ.” എബ്രഹാമിന് ഉറപ്പില്ലായിരുന്നു നാളത്തെ കാര്യം. എന്നാലും പാലപ്പം, ചിക്കൻ കറി എന്നൊക്കെ കേട്ടപ്പോൾ അവനൊന്നൊതുങ്ങി.
ശക്തിയായ ഒരു തിര ഗർജ്ജിക്കുന്ന ശബ്ദത്തിൽ വീടിനടുത്തുവരെ അടിച്ചു തിരിച്ചു പോയത് എബ്രഹാം പേടിയോടെ കണ്ടു. ജോസഫ് രണ്ടു കൈ കൊണ്ടും ചെവി പൊത്തിപ്പിടിച്ചു. അവനിതൊക്കെ പേടിയാണ്. ജോജോയുടെ അടുത്തേക്ക് കുറച്ചുകൂടി ചേർന്നിരുന്നു. പാവം, ത്രേസ്യ ഉണ്ടായിരുന്നേൽ അവനെ മടിയിൽ നിന്നിറക്കില്ലായിരുന്നു അവൾ.
മൂത്തവർ രണ്ടും ഒന്നും പറയാതെ അവൽ കഴിക്കുന്നു. ഒരു പക്ഷെ അവർക്കു കാര്യങ്ങൾ മനസ്സിലാകുന്നുണ്ടായിരിക്കും. അവർ കഴിക്കുന്നത് കണ്ടു ജോയ്മോനും കഴിക്കാമെന്നായി. പക്ഷെ എബ്രഹാം വായിൽ കൊടുക്കണം.
മുഖത്ത് വന്ന പരിഭ്രമവും, സങ്കടവുമെല്ലാം മായ്ച്ചു ജോയ്മോനെ മടിയിലിരുത്തി അവൽ കുറേശ്ശേ വായിലേക്ക് കൊടുത്തു.
“അപ്പച്ചൻ നാളെ പഞ്ചാര കൊണ്ടുവരാംന്നു പറഞ്ഞു പറ്റിക്കില്ലല്ലോ അല്ലെ. ജോയ്മോന് പഞ്ചാര ഇഷ്ടാ, ചിക്കനും വേണേ അപ്പച്ചാ.”. കഴിക്കുന്നതിനിടയിൽ അവൻ പറയുന്നുണ്ടായിരുന്നു.
“എന്തൊക്കെ നടക്കും കർത്താവേ, അറിയില്ല”. എബ്രഹാം ഉള്ളിൽ വന്ന ആധി മുഖത്ത് കാണിക്കാതെ അവനെ നോക്കി ശരിയെന്ന മട്ടിൽ തലയാട്ടി. തകർന്ന വള്ളവും, ബോട്ടുമൊക്കെ നേരെയാക്കി കടലിൽ ഇറക്കാൻ കുറെ ദിവസങ്ങൾ വേണ്ടിവരും.
ജോജോ അവൽ കുറച്ചു കഴിച്ചു ബാക്കി എബ്രഹാമിന് നേരെ നീട്ടി. “അപ്പച്ചൻ ഇത് കഴിക്കു. രണ്ടു ദിവസായിട്ട് ഒന്നും കഴിക്കുന്നില്ലല്ലോ. എനിക്ക് വിശപ്പു മാറി.” പ്ലേറ്റ് നീട്ടിയിട്ടു അവൻ പറഞ്ഞു.
വാശിക്കാരെനെന്നു കരുതിയ ജോജോയാണോ ഇതു പറയുന്നത്. എന്തിനും ഏതിനും കുറ്റം പറയുന്ന, എന്ത് കിട്ടിയാലും തൃപ്തിയാവാത്ത ജോജോക്കിതെന്തു പറ്റി. എപ്പോഴും വാശിയും ദേഷ്യവും ഉണ്ടായിരുന്ന അവന്റെയുള്ളിൽ ഇത്രയും സ്നേഹം ഉണ്ടായിരുന്നോ. എബ്രഹാമിന് ആശ്വാസമായി. ഒരു കൈത്താങ്ങു കിട്ടിയത് പോലെ അയാൾ ഉന്മേഷവാനായി.
“എബ്രിച്ചായ, ജോജോയെ ശ്രദ്ധിക്കണേ. അവനു കുറച്ചു വാശി കൂടുതലാ. പക്ഷെ അവന്റെ ഉള്ള് ആർക്കും കാണാൻ പറ്റില്ല. അത്രക്കും ശുദ്ധമാ. അതറിയണമെങ്കിൽ നമ്മൾ കാത്തിരിക്കണം”. ഒരിക്കൽ ത്രേസ്യ പറഞ്ഞത് എബ്രഹാം ഓർത്തു.
“ജോജോയെ ഒന്ന് കെട്ടിപ്പിടിച്ചു കരയാൻ തോന്നുന്നു. വേണ്ട ഞാൻ കരഞ്ഞാൽ എല്ലാവരും തളരും”. എബ്രഹാം ധൈര്യം സംഭരിച്ചു.
നിറയാൻ തുടങ്ങിയ തന്റെ കണ്ണുകൾ ജോജുവിനെ കാണിക്കാതെ എബ്രഹാം പറഞ്ഞു. “മക്കള് കഴിക്കേടാ. ഞാൻ നിങ്ങളുണരുന്നതിനു മുന്നേ കഴിച്ചു”.
ജോജു ഒന്നും പറയാതെ ആ പാത്രം എബ്രഹാമിന്റെ മുന്നിൽ വച്ചിട്ടു കൈ കഴുകാൻ പോയി.. ത്രേസി മരിച്ചപ്പോൾ കൂടുതൽ ബുദ്ധിമുട്ടിയതു അവനായിരിക്കും. ത്രേസ്യയ്ക്കും പ്രതീക്ഷ ജോജുവിലായിരുന്നു. അവൻ പഠിച്ചു നല്ല നിലയിലെത്തുമെന്നു അവൾ വിശ്വസിച്ചിരുന്നു. ജോജുവിന് ത്രേസ്യയുടെ അതെ ഛായ ആയിരുന്നു. നല്ല ഉയരം വെച്ചിട്ടുണ്ട്.
“നോക്കെടി ത്രേസ്യേ, അവനു എന്നോട് നല്ല സ്നേഹമുണ്ട്ട്ടാ”. എബ്രഹാം മനസ്സിൽ പറഞ്ഞു.
പുറത്തു മഴക്കൊരു ശമനമുള്ളതുപോലെ തോന്നുന്നു. അമ്മ കിടത്തിയുറക്കാൻ ശ്രമിക്കുന്ന കുട്ടിയെപ്പോലെ കടൽ ഒരു മയക്കത്തിലേക്ക് വഴുതി വീണു. ആളുകൾ കുറച്ചുപേരൊക്കെ അവിടെയും ഇവിടെയുമൊക്കെ നിന്ന് കടലിലേക്ക് നോക്കി എന്തൊക്കെയോ പറയുന്നു. കരയിലെ പെണ്ണുങ്ങളെയൊന്നും പുറത്തു കാണുന്നില്ല. ആരോടെങ്കിലും നാണിത്തള്ളയെ പറ്റി ഒന്ന് ചോദിക്കാമായിരുന്നു. അല്ലെങ്കിൽ കുറച്ചു കഴിഞ്ഞു മക്കളെയും കൂട്ടി ഒന്ന് പോയി നോക്കാം. പക്ഷെ ഈ മഴയത്തു കുട്ടികളെയും കൂട്ടി എങ്ങിനെ പോകും. അവരെ ഒറ്റയ്ക്ക് വീട്ടിൽ നിർത്താനും വയ്യ.
അതാ വീണ്ടും ആകാശം കറുപ്പിന്റെ കൂടു കൂട്ടുന്നു. മഴമേഘങ്ങൾ ഉരുണ്ടുകൂടുന്നു.
ആളുകളൊക്കെ ഓടി വീടുകളിലേക്ക് കയറിയതും മഴ വീണ്ടും പെയ്തു. കൂടെ നല്ല കാറ്റും.
ഉച്ചത്തിൽ അലറിക്കരഞ്ഞുകൊണ്ടു കടൽ വീണ്ടും അസ്വസ്ഥമായി.
“എബ്രിച്ചായാ, എന്ത് രസമാ ഈ മഴ അല്ലെ. എത്ര കൊണ്ടാലും മതിയാവുന്നില്ല. അച്ചായനും വാ. ജോജുക്കുട്ടാ, വാടാ. നമുക്കീ മഴയത്തു കുറച്ചു കളിക്കാം”. ത്രേസ്യക്ക് മഴ വലിയ ഇഷ്ടമായിരുന്നു. ചാറ്റൽ മഴ പെയ്യുന്ന ദിവസങ്ങളിൽ മക്കളെയും എന്നെയും കൂട്ടി അവൾ പുറത്തിറങ്ങും. അപ്പുറത്തെ പെണ്ണുങ്ങളൊക്കെ അതുകണ്ടു മൂക്കത്തു വിരൽ വക്കും. എന്നാലും ത്രേസ്യക്കൊരു കൂസലുമില്ല. മഴപെയ്യുന്ന ദിവസങ്ങളിൽ അവൾക്കൊരു പ്രത്യേക ഭംഗി തന്നെയായിരുന്നു. അന്നേദിവസം പ്രണയാർദ്രമായ അവളുടെ കണ്ണുകൾ നോക്കിയിരുന്നാൽ തേന്മഴയായി കടലും കഥ പറയാൻ വരുന്നതുപോലെ എനിക്ക് തോന്നാറുണ്ടായിരുന്നു.
ഈ മഴ തേന്മഴ അല്ല, ഇത് തീമഴയാണ്.
എല്ലാം നശിപ്പിക്കാൻ കച്ചകെട്ടിയൊരുങ്ങിയ കടലിനെ കണ്ടു എബ്രഹാം വിഷണ്ണനായി ഇരുന്നു. കർത്താവിനു കത്തിക്കാനുള്ള മെഴുകുതിരിയും തീർന്നല്ലോ. ഇല്ലെങ്കിൽ ഒരു തിരി കത്തിച്ചു മക്കളെയും കൂട്ടി മുട്ടിപ്പായി പ്രാർത്ഥിക്കാമായിരുന്നു. അപ്പോഴെങ്കിലും ഒരു സമാധാനവും, പ്രത്യാശയും കിട്ടുമായിരിക്കും.
“ജോജോ” എന്തോ ആലോചിച്ചുറച്ച പോലെ എബ്രഹാം മൂത്ത മകനെ വിളിച്ചു.
“എന്താ അപ്പച്ചാ”, വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിൽ നിന്നും തലയുയർത്തി അവൻ എബ്രഹാമിനെ നോക്കി.
“അപ്പച്ചൻ എന്താടാ ചെയ്യേണ്ടത്” അതുവരെ പിടിച്ചുവെച്ച സങ്കടവും, ഭയവുമെല്ലാം ഒരു നിമിഷം കൊണ്ട് അണപൊട്ടിയൊഴുകി. “അപ്പച്ചന് പേടിയാവുന്നെടാ മക്കളെ”. എബ്രഹാമിന്റെ പെട്ടന്നുള്ള ഭാവമാറ്റം കണ്ടു ജോജു പകച്ചു പോയി.
ജോസഫും, ജോയിയും അപ്പുറത്തു എന്തോ കളിച്ചുകൊണ്ടിരിക്കുന്നു. ഓരോ തിരയടിയിലും ജോസഫ് ഞെട്ടുന്നതു എബ്രഹാം കണ്ടു.
“എന്താ അപ്പച്ചാ എന്താ പറ്റിയത്”. ജോജു ചോദിച്ചു
“ഭക്ഷണസാധനമെല്ലാം കഴിഞ്ഞെടാ മക്കളെ. ഇനിയും ഈ മഴ തുടർന്നാൽ എന്ത് ചെയ്യുമെന്ന് അറിയില്ല. നിനക്ക് കുറച്ചു കൂടി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടു പറഞ്ഞതാ. നിന്റെ പരീക്ഷ അടുത്ത് വരുന്നു. ഇങ്ങനെ പോയാൽ നമ്മൾ എന്ത് ചെയ്യും” എബ്രഹാം തന്റെ സങ്കടം ആദ്യമായി ജോജോയോട് പറഞ്ഞു.
“അപ്പച്ചാ. സമാധാനപ്പെടു, എന്തെങ്കിലും വഴിയുണ്ടാകും.” എബ്രഹാമിന്റെ കയ്യിൽ തലോടിക്കൊണ്ട് പറഞ്ഞു.
“തന്റെ പൊന്നു മക്കൾ. എത്ര സ്നേഹമുള്ളവരാണ്”. എബ്രഹാം മനസ്സിൽ പറഞ്ഞു.
“ഇന്ന് രാത്രി അപ്പച്ചൻ വള്ളമിറക്കിയാലോ എന്ന് വിചാരിക്കുകയാ. പക്ഷെ കരക്കാരൊന്നും അറിയരുത്”. തീരുമാനിച്ചുറച്ചതുപോലെ എബ്രഹാം പറഞ്ഞു.
“അത് വേണ്ട അപ്പച്ചാ. ഈ മഴയത്തു ഞങ്ങളെ ഒറ്റക്കാക്കി അപ്പച്ചൻ പോയാൽ പിന്നെ ആരാ ഉള്ളത്. നമുക്ക് ആരോടെങ്കിലും കുറച്ചു സാധനങ്ങൾ കടം വാങ്ങിയാൽ പോരെ. വള്ളം തകർന്നുകിടക്കുന്നതു അപ്പനറിയില്ലേ.” ജോജോ പ്രത്യേകിച്ചൊരു ഭാവവും വരുത്താതെ പറഞ്ഞു.
എന്തും വരുന്നത് നേരിടാനുള്ള ധൈര്യം ജോജുവിന്റെ കണ്ണിലുണ്ടായിരുന്നു. ത്രേസ്യയുടെ ആത്മവിശ്വാസമാണ് അവനും കിട്ടിയത്. തനിക്കാണെങ്കിൽ ഇപ്പോൾ അതില്ലാതെയാവുന്നു.
“എബ്രിച്ചായ, നമുക്കൊരു കുഞ്ഞു കൂടി വേണം. ആണായാലും പെണ്ണായാലും കുഴപ്പമില്ല. മൂന്നു മക്കൾ. അതൊരു രസമല്ലേ അച്ചായാ. എബ്രിച്ചായന് ഒരു കുഞ്ഞിനെക്കൂടി തന്നിട്ടേ ഞാൻ പോവുള്ളു.”. രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞതായിരുന്നു ഇനിയൊരിക്കലും ത്രേസ്യ ഗർഭം ധരിക്കരുതെന്ന്. പക്ഷെ ത്രേസ്യയ്ക്കായിരുന്നു നിർബന്ധം. അന്ന് അവളുടെ ആത്മവിശ്വാസത്തിനു മുന്നിൽ താൻ തോറ്റുപോയി.
“മോനെ ജോജു, ഞാനും അതാ വിചാരിച്ചേ. പക്ഷെ ചോദിക്കാനുള്ളത് രാഘവേട്ടനോടാ. രാഘവേട്ടനും ചരക്കെടുക്കാൻ പോകാൻ പറ്റിയിട്ടില്ല എന്നാ പറഞ്ഞു കേട്ടത്. ഇപ്പൊ തന്നെ കുറേ പറ്റായിട്ടുണ്ട്. ഇനിയും എങ്ങനാ. അപ്പച്ചൻ ഇതുവരെ ആരോടും കടം വാങ്ങിയിട്ടില്ല മോനെ. അമ്മച്ചിക്കും അതിഷ്ടമായിരുന്നില്ല. ഏതു പ്രതിസന്ധി വന്നാലും അമ്മച്ചി കൂടെയുണ്ടായിരുന്നേൽ അപ്പച്ചനൊരു ധൈര്യമായിരുന്നെടാ”. എബ്രഹാമിന്റെ കണ്ണുകൾ നിറഞ്ഞു.
“എന്തായാലും തോണിയിറക്കാൻ ഞാൻ സമ്മതിക്കൂലപ്പച്ചാ”. ജോജു പറഞ്ഞു.
“മോനെ, നിന്റെ അനിയന്മാരെ എന്ത് പറഞ്ഞു പിടിച്ചിരുത്തും . അവർ ചെറിയ കുഞ്ഞുങ്ങളല്ലേ”. എബ്രഹാം സംശയത്തോടെ അവനോടു ചോദിച്ചു.
“ഇപ്പം അപ്പച്ചൻ എങ്ങോട്ടും പോകല്ലേ. അവരെ ഞാൻ നോക്കിക്കോളാം. ഒന്നും ഇല്ലേലും നമുക്ക് പള്ളിയിൽ പോയി അച്ഛനോട് പറയാല്ലോ. അവിടുന്ന് കഴിക്കാനുള്ളത് കിട്ടാതിരിക്കില്ല. പട്ടിണിയും കിടക്കേണ്ട, പഠിക്കുകയും ചെയ്യാം. പ്രിൻസിപ്പലച്ചൻ കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ പറഞ്ഞിരുന്നു എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും പള്ളിയിൽ വന്നു കാണണമെന്ന്”. ജോജു പറഞ്ഞു.
“എന്നാലും എത്ര ദിവസത്തേക്കാ മോനെ നിങ്ങളെ അവിടെ അനാഥരെ പോലെ നിർത്തുക”. എബ്രഹാമിന് സംശയമായി.
“മഴ മാറുന്നതുവരെ നമുക്ക് അവിടെ നിൽക്കാം അപ്പച്ചാ.” ഉറപ്പോടുകൂടി ജോജു പറഞ്ഞു.
കുറച്ചു ദിവസമായി ജോജു അപ്പച്ചനെ ശ്രദ്ധിക്കുന്നു. രാത്രിയിൽ ഉറക്കമില്ല, ചെറിയ ഒരു തിരയടിച്ചാൽ പോലും ഞെട്ടി ഉണരും. പിന്നെ മക്കളെ തൊട്ടും, തലോടിയും പുലരുന്നതുവരെ അവരുടെ അടുത്ത് തന്നെയിരിക്കും. അപ്പച്ചൻ എന്തെങ്കിലും കഴിച്ചിട്ട് രണ്ടോ മൂന്നോ ദിവസമായിട്ടുണ്ടാവും. ഞങ്ങൾ മക്കളെ ക്കുറിച്ചോർത്താണ് അപ്പച്ചൻ ഇത്രയും ആധിയാവുന്നതു. അങ്ങിനെയാണ് അവൻ പ്രിൻസിപ്പലച്ചനോട് കാര്യങ്ങൾ പറഞ്ഞത്.
പ്രിൻസിപ്പലച്ചൻ ജോജുവിനോട് ആദ്യമേ പറയാറുണ്ടായിരുന്നു പള്ളിയുടെ ഹോസ്റ്റലിൽ വന്നു പഠിക്കണമെന്ന്. അനിയന്മാർക്കും അവിടെ നിൽക്കാം. പഠിക്കാനുള്ള എല്ലാ സഹായങ്ങളും പള്ളി ചെയ്തു തരും. പക്ഷെ അപ്പച്ചൻ ഒറ്റക്കാവുന്നതു ആലോചിക്കാൻ ജോജുവിന് ഇഷ്ടമായിരുന്നില്ല. ഇപ്പോൾ ഈ സാഹചര്യത്തിൽ അപ്പച്ചന് കുറച്ചു സമാധാനം കിട്ടുവല്ലോ എന്നോർത്തപ്പോൾജോജു സ്വയം എടുത്ത തീരുമാനമാണ് ഇത്. അപ്പച്ചനും അവിടെവന്നു കൂടെ നിൽക്കാമെന്നാണ് ജോജു വിചാരിച്ചിരുന്നത്.
ശക്തി കുറച്ചു കുറവാണെങ്കിലും മഴ പെയ്തു നിന്നിട്ടില്ല. ഉച്ചയാവുന്നു. സൂര്യൻ കുറച്ചൊന്നു തെളിഞ്ഞു പ്രകാശിച്ചു. കാറ്റിനും വേഗം കുറഞ്ഞ പോലെ. ഇനി വൈകുന്നേരമാകുമ്പോൾ വീണ്ടും പെയ്തു തുടങ്ങും. അതുവരെ ഒരു വിശ്രമം. ഇത്രയും ദിവസത്തെ മഴയുടെ രീതി ഇതായിരുന്നു. ഇന്നും അങ്ങിനെ ആയിരിക്കും.
“മക്കളെ പള്ളിയിലേക്കയക്കാൻ തീരെ താൽപ്പര്യമില്ല. അവിടെയുള്ള കുട്ടികൾ എല്ലാം അനാഥനാണ്. എന്റെ മക്കളും അവരുടെ കൂട്ടത്തിൽ അനാഥരായിട്ടു നിൽക്കുന്നത് ആലോചിക്കാൻ പറ്റുന്നില്ല. പക്ഷെ ഈ വീട്ടിൽ നിന്നാൽ ചിലപ്പോൾ ഒരു തിര വന്നു അവരെയുമെടുത്തു പോയാൽ”. എബ്രഹാം മക്കളുടെ നല്ല വസ്ത്രങ്ങളെല്ലാമെടുത്തു ബാഗിലാക്കുമ്പോൾ ആലോചിച്ചു. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ജോസഫും ജോയിയും നല്ല സന്തോഷത്തിലാണ്. പള്ളിയിലെത്തിയാൽ കളിക്കാൻ കുറെ കൂട്ടുകാർ, പാർക്ക്, പൂന്തോട്ടം, നല്ല വസ്ത്രങ്ങൾ, നല്ല ഭക്ഷണം, ഒക്കെ കിട്ടുമെന്ന് ജോജു അവരെ പറഞ്ഞു ധരിപ്പിച്ചു വെച്ചിട്ടുണ്ട്. അല്ലെങ്കിൽ അവർ രണ്ടുപേരും അപ്പച്ചനെ വിട്ടു പോരില്ല എന്ന് അവനറിയാം. പക്ഷെ ജോജുവിനറിയാത്ത രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു. തിരിച്ചു വീട്ടിലേക്കുള്ള യാത്ര ഉണ്ടാവില്ലെന്നതും, അപ്പച്ചന് അവരുടെ കൂടെ നിൽക്കാനാവില്ലെന്നതും ആയിരുന്നു ആ രണ്ടു കാര്യങ്ങൾ.
പാതിമുക്കാലും നനഞ്ഞൊലിച്ചു എബ്രഹാമും മക്കളും പള്ളിമേടയിൽ എത്തിയപ്പോൾ പ്രിൻസിപ്പലച്ചന് കാര്യം മനസ്സിലായി.
“എബ്രഹാം, നീയെന്താണ് വരാൻ വൈകിയത്”. അച്ഛൻ ചോദിച്ചു.
“ഒന്നൂല്ലച്ചോ , അച്ഛനറിയാമല്ലോ, ത്രേസ്യ മരിച്ചതിനു ശേഷം ഞാനിവരെ എങ്ങിനെയാ വളർത്തിയതെന്ന്. അവർക്കുവേണ്ടതെല്ലാം ചെയ്തു. വിഷമമറിയിക്കാതെ , വിശപ്പറിയിക്കാതെ ഇതുവരെ എത്തിച്ചില്ലേ. കർത്താവിന്റെ പരീക്ഷണത്തിൽ ഞാൻ തളരുന്നു അച്ചോ. അവർ കണ്മുന്നിൽ ഇല്ലാതാവുന്നത് കാണാൻ എനിക്ക് കരുത്തില്ല. ഇനി ഈ കുഞ്ഞുങ്ങളെ പള്ളിയിലേക്ക് ഏൽപ്പിക്കുകയല്ലാതെ നിവൃത്തിയില്ലച്ചോ. ഇവിടെയാവുമ്പോൾ അവർ സുഖമായി കഴിയുന്നു എന്നെങ്കിലും ഓർക്കാമല്ലോ”. എബ്രഹാമിന്റെ ശബ്ദം തൊണ്ടയിൽ കുടുങ്ങി.
“ഇവിടെ കടലിന്റെ അലറിച്ച കേൾക്കണ്ട, അതിന്റെ ഭീകരരൂപം കാണണ്ട. ഇതിലപ്പുറം എന്ത് മനഃസമാധാനമാണ് എന്റെ മക്കൾക്ക് വേണ്ടത്”. എബ്രഹാമിന് നല്ല ആശ്വാസം തോന്നി.
“എബ്രഹാം നീയൊന്നുകൊണ്ടും വിഷമിക്കരുത്. എല്ലാ പരീക്ഷണങ്ങളെയും അതിജീവിക്കുന്നവനെയാണ് കർത്താവിനിഷ്ടം. ഇവിടെയും നീ വിജയിച്ചു. മക്കൾ ഇവിടെ നിൽക്കട്ടെ. വേറെയും കുട്ടികൾ ഉണ്ടല്ലോ. അവരുടെ കൂടെ കളിച്ചും, പഠിച്ചും അവരിനി ഇവിടെ കഴിയട്ടെ. അതല്ലേ നല്ലത്”. അച്ഛൻ എബ്രഹാമിനെ സമാധാനിപ്പിച്ചു.
എബ്രഹാമിന് എന്ത് പറയണമെന്നറിയില്ലായിരുന്നു. നെഞ്ചിന്റെ ഉള്ളിൽ നിന്നും ഒരു ഗദ്ഗദം വന്നു അവിടെ തന്നെ തടഞ്ഞു കിടക്കുന്നു. മക്കളില്ലാതെ വീട്ടിലേക്കുപോയാൽ എന്റെ ത്രേസ്യ എന്നെ കുറ്റപ്പെടുത്തില്ലേ. ഞാൻ പൊന്നു പോലെ നോക്കാമെന്നു വാക്കുകൊടുത്തതല്ലേ. ഇതുവരെയും അത് തെറ്റിച്ചിട്ടില്ല. പക്ഷെ ഇപ്പോൾ… എബ്രഹാം ആകെ പരവശനായി.
“എബ്രഹാം എന്താ ആലോചിക്കുന്നത്. നിനക്ക് എന്നും അവരെ ഇവിടെ വന്നു കാണാം, സംസാരിക്കാം. അവരുടെ എല്ലാ കാര്യങ്ങളും പള്ളി നോക്കും. ഇവിടെ ഒന്നിനും ഒരു കുറവും ഉണ്ടാവില്ല”. അച്ഛൻ എബ്രഹാമിനെ സമാധാനിപ്പിച്ചു.
അയ്യോ, അനാഥരെ പോലെ എന്റെ കുഞ്ഞുങ്ങൾ. എന്റെ ജോയ്മോൻ ഒറ്റയ്ക്ക്. എബ്രഹാം ആകെ പരിഭ്രമിച്ചു തുടങ്ങി.
“എബ്രിച്ചായ, നമ്മുടെ മക്കളുടെ മുഖത്തേക്ക് നോക്കുമ്പോൾ എനിക്കൊരു സമാധാനമാണ്. എല്ലാ വേദനകളും ഞാൻ മറന്നു പോകും. എനിക്കിനി ഈ ജീവിതത്തിൽ ഒന്നും ആഗ്രഹമില്ല. ഞാനും എബ്രിച്ചായനും, നമ്മുടെ മക്കളും…. “. ജോയ്മോനെ തലോടിക്കൊണ്ട് ത്രേസ്യ അവസാനമായി പറഞ്ഞത്. എബ്രഹാമിന്റെ ചെവിയിൽ മുഴങ്ങി. “പാവം, ആഗ്രഹം പൂർത്തിയാക്കാതെയല്ലേ ത്രേസ്യ പോയത്”. എബ്രഹാം ഓർത്തു.
“നോക്ക് എബ്രഹാം, ഇതും ഒരു പരീക്ഷണമാണ്. നീ ഇവർക്കുവേണ്ടി സമ്പാദിക്കുന്നത് അനാഥരായ മറ്റു കുട്ടികൾക്കുകൂടി ഉപകാരപ്പെടട്ടെ. ഇത് കർത്താവ് നിനക്ക് തരുന്ന ചുമതലയായി കണ്ടാൽ മതി”. അച്ഛൻ എബ്രഹാമിനെ ആശ്വസിപ്പിക്കാനായി പറഞ്ഞു.
“ഓരോ തിരമാലയും വന്നടിക്കുന്നതു എന്റെ നെഞ്ചിലാണച്ചോ. കടലിനെ വിശ്വാസമാണ്. പക്ഷെ എന്റെ കുഞ്ഞുങ്ങളെ വച്ച് പരീക്ഷിക്കാൻ ഇനി എനിക്കാവില്ലച്ചോ. ഇവരെ അച്ഛനങ്ങോട്ടെടുത്തോ. എന്റെ ത്രേസ്യാക്കൊച്ചേ, എന്നോട് പൊറുത്തേക്കണേ”. എബ്രഹാമിന് പിടിച്ചു നിൽക്കാനായില്ല. അയാൾ പൊട്ടിക്കരഞ്ഞുപോയി.
“സിസ്റ്റർ, ഈ കുട്ടികൾ ഇനി നമ്മുടേത് കൂടിയാണ്. അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കു. അവരുടെ ബാഗ് എടുത്തു റൂമിൽ കൊണ്ട് വെക്കു സിസ്റ്റർ. വരൂ മക്കളെ”. അച്ഛൻ അവരെ ഓരോരുത്തരെയും ചേർത്തുപിടിച്ചു നൈറ്റിയിൽ കുരിശുവരച്ചു പ്രാർത്ഥിച്ചു.
“അപ്പച്ചന് ഞങ്ങടെ കൂടെ നില്ക്കാൻ പറ്റില്ലേ അച്ചോ. അപ്പച്ചനെ ഒറ്റയ്ക്ക് വിട്ടാൽ ഞങ്ങടെ അമ്മച്ചി സഹിക്കൂല”. ജോജു സംശയത്തോടെ പ്രിൻസിപ്പലച്ചനെ നോക്കി.
എബ്രഹാം ജോജുവിനെ ചെന്ന് കെട്ടിപ്പിടിച്ചു. “സാരമില്ലെടാ, അപ്പച്ചൻ അമ്മച്ചിയോടു പറഞ്ഞോളാം. നോക്ക് മക്കളെ, നിങ്ങൾ വിശന്നിരിക്കുന്നതു അപ്പച്ചനും അമ്മച്ചിക്കും കടുത്ത വേദനയാണ്. അപ്പൻ എന്നും നിങ്ങളെ കാണാൻ വരാം. കടലിൽ പോയി നല്ല പൈസയായാൽ എന്റെ മക്കളെ നമ്മുടെ വീട്ടിലേക്കു കൊണ്ടുപോകും”. ഉറപ്പില്ലെങ്കിലും എബ്രഹാം മക്കളോട് പറഞ്ഞു.
“ജോജുക്കുട്ടാ, ഇനി നീ വേണം ഇവരെ നോക്കാൻ. ജോയ്മോന്റെ കാര്യം ശ്രദ്ധിക്കണേ. രാത്രിയായാൽ അവൻ എന്റെ കഥ കേട്ടല്ലേ ഉറങ്ങാറുള്ളു. ഞാൻ കെട്ടിപ്പിടിച്ചില്ലെങ്കിൽ അവൻ ഉറങ്ങുമോ എന്നറിയില്ല. ശ്രദ്ധിച്ചേക്കണേ ജോജു.”. വർഗീസ് കരഞ്ഞുപോയി. ജോയ്മോൻ അവിടുത്തെ പൂന്തോട്ടത്തിലെ ഊഞ്ഞാൽ കണ്ടപ്പോൾ അതിനടുത്തേക്കു പോയതായിരുന്നു. പക്ഷെ മഴ ചാറുന്നതുകൊണ്ടു അതിൽ കയറാൻ സിസ്റ്റർ സമ്മതിക്കുന്നുണ്ടായിരുന്നില്ല.
ജോസഫ് എബ്രഹാമിന്റെ അടുത്ത് വന്നു നിന്നു. പാവം. ഒരു ചെറിയ ശബ്ദം കേട്ടാലും ഞെട്ടിവിറക്കുന്ന കുട്ടിയാ ജോസഫ്. വീട്ടിൽ എന്തെങ്കിലും പാറ്റയെയോ, ഗൗളിയെയോ കണ്ടാൽ ഓടി എന്റെ പിന്നിൽ ഒളിക്കുന്ന കുട്ടി.
“എബ്രിച്ചായ, ജോസഫിനെ ഒറ്റയ്ക്ക് നിർത്താൻ എനിക്ക് തീരെ ധൈര്യമില്ല. എന്തൊരു പേടിയാ ആ കൊച്ചിന്. അതാ ഞാൻ എപ്പോഴും അവനെ നിലത്തു വെക്കാതെ കൊണ്ട് നടക്കുന്നത്. രാത്രിയിൽ ഉറങ്ങുമ്പോൾ ഇടയ്ക്കിടെ ഞെട്ടി അവനെന്നെ പരതി നോക്കാറുണ്ട് അച്ചായാ”. ത്രേസ്യ പറഞ്ഞത് ശരിയാ. എത്രയോ രാത്രികളിൽ അവൻ എന്നെ പിന്നിലൂടെ വന്നു കെട്ടിപ്പിടിച്ചു ഉറങ്ങാറുണ്ട്.
“കരയല്ലേ അപ്പച്ചാ. ഞാൻ ജോജുച്ചായന്റെ കൂടെ കിടന്നോളാം. ജോജുച്ചായൻ പറയുന്നത് എല്ലാം കേട്ടോളം. ഞങ്ങൾ വഴക്കുകൂടില്ല. അപ്പച്ചൻ എന്നും വന്നു നോക്കണേ ഞങ്ങളെ. ഇല്ലെങ്കിൽ ഞങ്ങൾക്ക് വിഷമമാകും”. എബ്രഹാമിന്റെ എല്ലാ ശക്തിയും ചോർന്നിരിക്കുന്നു. ഇനി അവിടെ നിൽക്കാനുള്ള ശക്തിയില്ല. അച്ഛൻ കാണിച്ചുകൊടുത്ത കടലാസിലൊക്കെ അയാൾ ഒപ്പിട്ടു കൊടുത്തു. ആ കടലാസുകളിൽ എബ്രഹാമിന്റെ കണ്ണുനീർ വീണു മഷി പരത്തി.
“അപ്പച്ചൻ സമാധാനമായി പൊയ്ക്കോളൂ. ഞങ്ങൾ ഇവിടെ അടുത്ത് തന്നെയല്ലേ. ഞാൻ അപ്പച്ചനെ പോലെ തന്നെ ഇവരെ നോക്കാം”. ജോജു പറഞ്ഞു. എന്തൊരു പക്വത ആണ് അവന്റെ വാക്കുകളിൽ. എബ്രഹാമിന് അവനിൽ വിശ്വാസം വന്നു. ജോജു അനിയന്മാരെ നോക്കും എന്നതിൽ എബ്രഹാമിന് ഒരു സംശയവുമില്ലായിരുന്നു.
അപ്പോഴാണ് ജോയ്മോൻ ഓടി അടുത്തേക്ക് വന്നത്. “വാ അപ്പച്ചാ, അവിടെ നല്ല കിളിക്കൂട് ഉണ്ട്. എത്ര കിളികളാ അവിടെ. നല്ല ഭംഗിയുണ്ട് അപ്പച്ചാ. നമുക്ക് അതിനെ കാണാൻ പോകാം, വാ അപ്പച്ചാ”. അവൻ എബ്രഹാമിനെ പിടിച്ചു വലിച്ചു.
പെട്ടന്ന് എന്ത് പറയണമെന്നറിയാതെ അയാൾ മുഖം തിരിച്ചു കരഞ്ഞു.
“വാ ജോയ്, ജോജുച്ചായൻ കൊണ്ടുപോയി കാണിച്ചു തരാം. അപ്പച്ചാ, ഞങ്ങൾ കിളിക്കൂട് കണ്ടിട്ട് വരാം, ജോസെഫേ, വാ.” അപ്പച്ചനോട് മനസ്സുകൊണ്ട് യാത്രപറഞ്ഞു അനിയന്മാരുടെ കൈ പിടിച്ചു ജോജു സിസ്റ്ററിനോടൊപ്പം മുന്നോട്ടു നടന്നു. ജോസഫ് അപ്പച്ചനെ നാളെ കാണാമെന്ന പ്രതീക്ഷയിൽ തിരിഞ്ഞു നോക്കിക്കൊണ്ടു ഏട്ടന്റെ കൈ വിടാതെ നടന്നു. ജോയ്‌ക്കു കിളികളെ കാണാനുള്ള സന്തോഷത്തിൽ തുള്ളിക്കളിച്ചു ഏട്ടന്മാരോടൊപ്പം നടന്നു.
തിരിഞ്ഞുനിന്ന എബ്രഹാം പുറത്തേക്കു നടന്നു. മഴ ശക്തിയില്ലാതെ പെയ്തുകൊണ്ടിരുന്നു. കയ്യിലുള്ള കുട നിവർത്തുവാൻ എബ്രഹാം മറന്നുപോയി.
“എബ്രഹാം, നീ സമാധാനത്തോടുകൂടി പോകു”. അച്ഛൻ പറഞ്ഞത് എബ്രഹാം കേട്ടില്ല.
കടപ്പുറത്തു മാനം കറുത്തിരുണ്ടു. സന്ധ്യ ആണെങ്കിലും കൂരിരുട്ട്.
കടൽ ആർത്തിരമ്പുന്നുണ്ട്.
വീടിന്റെ തിണ്ണയിൽ എബ്രഹാം ഇരുന്നു.
“എബ്രിച്ചായ, ജോജു വളർന്നു വലുതായിട്ടു വേണം നമുക്കൊരു യാത്ര പോകുവാൻ. നമ്മൾ മാത്രം. അവൻ അനിയന്മാരെ നോക്കിക്കൊള്ളും. എവിടേക്കാണെന്നല്ലേ. നമ്മുടെ കടലിൽ. നമ്മുടെ തോണിയിൽ. എന്നിട്ടു കുറെ നേരം അവിടെയിരുന്നു എബ്രിച്ചായന്റെ കണ്ണുകളിൽ നോക്കിയിരിക്കണം, ആ മാറത്തു തല ചായ്ച്ചുറങ്ങണം, കഥകൾ പറയണം. കടലിന്റെ ഭംഗി കാണണം. രാത്രിയിൽ ഞാൻ വെച്ച കഞ്ഞി നമ്മുക്കവിടെയിരുന്നു കുടിക്കണം. ആ ഓളങ്ങളിൽ എല്ലാം മറന്നിരുന്നു പകലാക്കണം. എബ്രിച്ചായനും, ഞാനും നക്ഷത്രങ്ങളും മാത്രം. ഒരു ദിവസം മുഴുവൻ നമ്മുടെ കടലിൽ, നല്ല രസമായിരിക്കും അല്ലെ അച്ചായാ”. ത്രേസ്യ ഒരിക്കൽ പറഞ്ഞത് എബ്രഹാം ഓർത്തു.
ഇരുട്ടിൽ മഴ പൊട്ടിക്കരയുന്നു. ഭൂമിയെ എടുത്തുയർത്താൻ ശക്തിയെടുത്തു കാറ്റ് വീശുന്നു. അകിട് വേദനിച്ച ആകാശവും, മഴയുടെ വേദനയിൽ ഭൂമിയും വാവിട്ടാലറിക്കരയുന്നു.
വയർ നിറഞ്ഞ കടൽ ആർത്തിയൊഴിയാതെ വീണ്ടും കരയെ വിഴുങ്ങാൻ ഒരുക്കം കൂട്ടുന്നുണ്ട്.
“എബ്രിച്ചായ, വിഷമിക്കണ്ട. നമ്മുടെ മക്കളെ കർത്താവു നോക്കിക്കൊള്ളും. ഒന്നൂല്ലെങ്കിലും നമ്മൾ ഇവിടെ തന്നെ ഉണ്ടല്ലോ. നമുക്ക് എന്നും നമ്മുടെ മക്കളെയും കണ്ടു ഇവിടെ തന്നെ രാപ്പാർക്കാം. ഈ കടലും കടൽത്തീരവും വിട്ടു എവിടേക്കും പോകണ്ട. എബ്രിച്ചായ, കണ്ണ് തുറന്നു നമ്മുടെ കടലിലേക്ക് നോക്കു”. ത്രേസ്യ അയാളുടെ അടുത്ത് വന്നു പറഞ്ഞ പോലെ എബ്രഹാമിന് തോന്നി. ഇരുട്ടിൽ കണ്ണ് തുറന്നു കടലിലേക്ക് നോക്കി അയാൾ ചിരിച്ചു.
ആ സമയം, കടൽ ഭിത്തിയും തകർത്തു അട്ടഹാസത്തോടുകൂടി ഒരു ഭീമൻ തിരമാല എബ്രഹാമിനെ തേടി മുന്നോട്ടു വരുകയായിരുന്നു .
————————————
സുധേഷ് ചിത്തിര
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission