മനമറിയാതെ…
Part: 02
✒️ F_B_L
[തുടരുന്നു…]
അന്ന് വീടുവിട്ടിറങ്ങിയ ആ പൊടിമീശക്കാരനല്ല ഇന്ന് അക്കു. നല്ല ഒത്തൊരു പുരുഷനായി മാറിയിരിക്കുന്നു. ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ ഓയിലും ഗ്രീസും പറ്റിയിട്ടുണ്ട്. എങ്കിലും വെട്ടിയൊതുക്കിയ താടിയുംവെച്ച് നെഞ്ചുംവിരിച്ചുവരുന്ന അക്കൂനെ കണ്ടപ്പോൾ കാറിലിരിക്കുന്നവർക്ക് കളഞ്ഞുപോയതിനെ തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു.
കയ്യിലിരിക്കുന്ന ടൂൾബോക്സ് താഴെവെച്ച് കാറിന്റെ ഡോർതുറന്നതും അക്കു ഞെട്ടിപ്പോയി.
“ഉപ്പാ…” അക്കുപോലും അറിയാതെ അവന്റെ നാവുമന്ത്രിച്ചു.
ഉപ്പയെ കാണുമ്പോൾ എല്ലാം മറന്ന് അവരോടൊപ്പം വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഉപ്പാക്ക് തെറ്റി. അക്കു ഡോറടച്ച് തിരികെ നടന്നു.
ഒന്ന് തിരിഞ്ഞുപോലും നോക്കാതെ മുന്നോട്ട് നടക്കുന്ന അക്കു. ആ കാഴ്ച ആ ഉമ്മക്കും ഉപ്പാക്കും കൂടുതൽ നോവേകി.
കാറിൽനിന്നും പുറത്തിറങ്ങി കുഞ്ഞോള് അക്കുവിനരികിലേക്ക് ഓടിയടുക്കാൻ അധികസമയമെടുത്തില്ല.
“ഇക്കാക്കാ…” നടന്നുകൊണ്ടിരുന്ന അക്കൂന്റെ കൈപിടിച്ച് കുഞ്ഞോള് ദയനീയമായി വിളിച്ചതും അക്കു നിശ്ചലനായി.
“ഇക്കാക്ക് ഉപ്പയോടുള്ള ദേഷ്യം എനിക്ക് മനസ്സിലാകും. പക്ഷെ ഈ ഞാനും നമ്മുടെ ഉമ്മയും ഇക്കയെ ഒന്നും ചെയ്തില്ലല്ലോ. ഞങ്ങളോട് എന്തിനാ ഇക്ക വെറുപ്പ് കാണിക്കുന്നത്”
അത് കേട്ടതും അക്കു അവൾക്കുനേരെ തിരിഞ്ഞു.
“ഇല്ല കുഞ്ഞോളെ. എനിക്ക് ആരോടും ദേഷ്യമൊന്നുമില്ല. സങ്കടമുണ്ട്. ഇത്രയും വർഷത്തിനിടക്ക് ഒരിക്കൽപോലും എന്നെയൊന്ന് തിരികെവിളിക്കാൻ ഉപ്പാക്ക് മനസ്സുവന്നില്ലല്ലോ എന്നോർത്ത്. ഇന്നിപ്പോ നിങ്ങളുടെ യാത്രയിൽ കാറ് കേടായതുകൊണ്ടല്ലേ എന്നെ കണ്ടത്. അല്ലങ്കിൽ നിങ്ങളുടെയൊക്കെ സ്നേഹം എനിക്ക് അന്യമല്ലേ…?”
“ഇല്ല… ഒരിക്കലുമല്ല. ഇക്കാക്ക് അറിയാഞ്ഞിട്ടാണ്. ഇക്ക പോയതിൽപ്പിന്നെ നമ്മുടെ ഉപ്പ മനസ്സുതുറന്ന് ചിരിച്ചിട്ടില്ല. കാണുന്ന ലോറി ഡ്രൈവർമാരോടൊക്കെ ഇക്കയെപറ്റി അന്വേഷിക്കാത്ത ദിവസങ്ങളില്ല. നമ്മുടെ ഉമ്മ ഇക്കയെ ഓർത്ത് കണ്ണുനിറക്കാതെ ഉറങ്ങുന്നത് ഞാനിന്നുവരെ കണ്ടിട്ടില്ല.
ഇന്ന് ഉച്ചക്കാണ് ആരോപറഞ്ഞ് ഇക്ക ഇവിടെയുണ്ടെന്ന് ഉപ്പ അറിയുന്നത്. ചോറിനുപോലും കാത്തുനിൽക്കാതെ ഇക്കയെതേടി വന്നതാണ് നമ്മുടെ ഉപ്പ. ഇക്കയെ കൊണ്ടുപോകാൻ. ഇനി വന്നില്ലെങ്കിൽ കാണാമെന്നുകരുതിയാണ് ഞങ്ങളും ഉപ്പയുടെ കൂടെ ഇങ്ങോട്ട് വന്നത്. ഇനിയുള്ള കാലമെങ്കിക്കും എന്റെ ഇക്കാക്ക് ഈ കുഞ്ഞോളെക്കൂടെ നമ്മുടെ വീട്ടിൽ നിന്നൂടെ…” അവളെങ്ങനെ പറഞ്ഞതും
“മോനെ അക്കു. നീ ഉപ്പയോട് ക്ഷമിക്കേടാ. നിന്റെ ഈ പ്രായത്തിൽ ഞാനൊരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഒന്ന് നിവർന്നുനൽകാൻ. അതുപോലെ മോനും കഷ്ടപെടരുത് എന്ന് തോന്നിയതുകൊണ്ടാ അന്ന് ഞാൻ വാശിപിടിച്ചത്. നീയില്ലാതെ വീട്ടിൽ ഒരു സുഖവുമില്ല അക്കൂ. നമുക്ക് അങ്ങോട്ട് പോകാം മോനെ” അബ്‌ദുക്കയും അക്കൂന്റെ അരികിലെത്തി.
“എന്റെ പൊന്നുമോനെ. പറ്റില്ല എന്നുമാത്രം പറയരുത്, നീ ഞങ്ങളുടെ കൂടെ വരണം” ആയിഷാത്ത അക്കൂനെ കവിളിൽ തലോടി ചേർത്തുപിടിച്ചപ്പോൾ
“ഉമ്മാ… ആകെ ചളിയാണ് ദേഹത്ത്, എന്നെ വിട്ടേ” അക്കു ഉമ്മയെ അടർത്തിമാറ്റി ഉമ്മയുടെ നിറഞ്ഞമിഴികൾ കരിപുരണ്ട കൈകൊണ്ട് കണ്ണീരിനെ ഒപ്പിയെടുത്ത്
“ഒരുപാട് നാളായി എനിക്കും തോന്നാറുണ്ട് ഉമ്മാ അങ്ങോട്ട് വരണമെന്ന്. എല്ലാവരെയും കാണണമെന്നും ഒരിക്കൽക്കൂടി ഒന്നിച്ചിരുന്ന് ഉണ്ണണമെന്നും ഉമ്മയുടെ സ്നേഹം ഏൽക്കണമെന്നും ഉപ്പയുടെ തണലിൽ കോഞ്ഞോളുമായി കളിച്ചും വഴക്കിട്ടും ജീവിക്കണമെന്നും കൊതിച്ച ദിവസങ്ങളുണ്ട്. പക്ഷെ ഉപ്പയുടെ ആഗ്രഹങ്ങൾക്ക് വിലകൽപിക്കാതെ ഇറങ്ങിപ്പോന്ന ഞാൻ, വീണ്ടും അവിടെ കയറിവരുമ്പോൾ ഒരിക്കൽക്കൂടി എന്നെ ഇറക്കിവിടുമോ എന്ന പേടിയുണ്ടായിരുന്നു എനിക്ക്.
പലപ്പോഴും ആ ഗേറ്റുവരെ വന്നിട്ട് മടങ്ങിപ്പോന്നിട്ടുണ്ട്. എന്നെ തേടിവന്നിട്ടും ഞാനിനി വരാതിരുന്നാൽ അത് പടച്ചോൻപോലും പൊറുക്കില്ല. ഇൻഷാ അല്ലാഹ്… വരാം ഞാൻ. ഇപ്പോഴല്ല രണ്ടുദിവസം കഴിഞ്ഞിട്ട്”
അക്കൂന്റെ വാക്കുകൾ കേട്ടപ്പോൾ ആ ഉപ്പാക്ക് ഒരുപാട് സന്തോഷംതോന്നി.
“നിങ്ങളാരും ഇതുവരെ ഒന്നും കഴിച്ചില്ലല്ലോ. വാ എന്റെവീട്ടിൽപോയി ഭക്ഷണമൊക്കെ കഴിച്ചിട്ട് ഇനി മടങ്ങിയാമതി എല്ലാവരും” എന്ന് നൗഷാദ്ക്കയും പറഞ്ഞപ്പോൾ ബുള്ളറ്റിലേറി അക്കുവും നൗഷാദ്ക്കയും മുന്നിലും പുറകിൽ അക്കൂന്റെ കുടുമ്പം കാറിലും സഞ്ചരിച്ചുതുടങ്ങി.
“ഉമ്മാ… അക്കുക്ക ആകെ മാറിയില്ലേ… ആ താടിയും മീശയും ഒക്കെവച്ച് ഒരു കിടു മൊഞ്ചനായിമാറി ന്റെ ഇക്കാക്ക” കാറിലിരുന്ന് കുഞ്ഞോള് പറഞ്ഞു.
“ശെരിയാ. കയ്യിൽ ഒരുലോഡ് കുരുത്തക്കേടുമായി മെലിഞ്ഞ ഈർക്കിളിപോലിരുന്ന അക്കു ഇന്ന് ആളാകെ മാറി” എന്ന് ആയിഷാത്ത.
വൈകാതെ നൗഷാദ്ക്കയുടെ വീടിനുമുന്നിൽ അക്കൂന്റെ ബുള്ളറ്റ് നിന്നു
ബുള്ളറ്റിൽനിന്ന് ഇറങ്ങിയതും നൗഷാദ്ക്ക ഉറക്കെ വിളിച്ചു
“ഫാത്തിമാ… ഈ വാതിലൊന്ന് തുറന്നെ”
അക്കു പുറത്തെ പൈപ്പിലിൻചുവട്ടിലേക്കും നടന്നു.
“എന്താണ് മനുഷ്യാ. നിങ്ങൾക്കാ ബെല്ലോന്ന് അടിച്ചൂടേ. വെറുതെ നാട്ടുകാരെ ശല്യപ്പെടുത്താൻ”
ഫാത്തിമ താത്തയുടെ കമന്റും കേട്ടാണ് മൂവർസങ്കം കാറിൽനിന്ന് ഇറങ്ങിയത്.
“നീയൊന്ന് അടങ്ങ് ഫാത്തിമാ… നീയിതുകൊണ്ടോ ആരൊക്കെയാ വന്നിരിക്കുന്നെ എന്ന്. നമ്മുടെ അക്കൂന്റെ ഉമ്മയും ഉപ്പയും അനിയത്തിയുമാണ്”
എന്ന് ഫാത്തിമതാത്തയോട് പറഞ്ഞശേഷം
“എന്താണ് അവിടെത്തന്നെ നിൽക്കുന്നത്. ഇങ്ങോട്ട് കയറിവായോ എല്ലാവരും”
“ഫാത്തിമാ ഇവർ ഉച്ചക്കൊന്നും കഴിച്ചിട്ടില്ല. അതുകൊണ്ട് ആദ്യം കുടിക്കാനെന്തെങ്കിലും എടുക്ക്. എന്നിട്ട് കഴിക്കാൻ ഉണ്ടാക്ക്”
അക്കു കയ്യുംകാലുമൊക്കെ കഴുകി വൃത്തിയാക്കി അകത്തേക്ക് കയറി.
“ഒരുദിവസം കാലത്ത് ഒരു ലോറിയിലാ അക്കു ആദ്യമായി വർക്ഷോപിൽ വരുന്നത്. അന്നാലോറി ഞാൻ ശെരിയാക്കുമ്പോൾ അക്കൂന്റെ കണ്ണുകൾ കേടായി മൂലക്കിരിക്കുന്ന റേഡിയോയിൽ ആയിരുന്നു. കേടാണെന്ന് ഞാൻ പറഞ്ഞതും മിനിറ്റുകൾകൊണ്ട് അക്കു ആ റേഡിയോക്ക് ജീവൻനൽകി. ശെരിയാക്കിയതിന് പ്രതിഫലം എന്തുവേണമെന്ന് ചോദിച്ചപ്പോൾ അവൻപറഞ്ഞത് ഒരു ജോലിവേണമെന്നാ.
അന്ന് എനിക്കും സഹായത്തിനൊരാളെ ആവശ്യമായിരുന്നു. ഞാൻ എന്റെ വർക്ഷോപ്പിൽ അവന് ജോലിനൽകി. തലചായ്ക്കാൻ ഈ വീട്ടിലെ ഒരു മുറിയും.
പറഞ്ഞുകൊടുത്ത കാര്യങ്ങളേക്കാൾ കൂടുതൽ കണ്ടറിഞ്ഞ് മനസ്സിലാക്കിയാണ് അക്കു പണിപടിച്ചത്. ആദ്യമൊക്കെ നൗഷാദിന്റെ വർക്ഷോപ് എന്നായിരുന്നു പേര്. ഇന്നിപ്പോ അക്കൂന്റെ വർക്ഷോപ് എന്നാണ് എല്ലാരും പറയുന്നത്. ഞാൻ കാറുകൾ മാത്രമാണ് നോക്കുന്നത്. പക്ഷെ നിങ്ങളുടെ മകനുണ്ടല്ലോ അക്കു… ഈ നാട്ടിലെ എന്തുവണ്ടിയും അക്കു നന്നാക്കും” അക്കൂന്റെ വീട്ടുകാർക്ക് അക്കൂന്റെ മഹത്വം ഓതികൊടുക്കയാണ് നൗഷാദ്ക്ക.
“അതേയ് കഥ മതിയാക്ക്. കഥപറഞ്ഞിരുന്നാൽ ഇവർക്ക് വൈകും” എന്ന് പറഞ്ഞ് അക്കു അവർക്കിടയിലേക്ക് ച്ചെന്നു.
അപ്പോഴേക്കും ചായയും പലഹാരവുമായി ഫാത്തിമതാത്തയും സനയുമെത്തി.
ചായകുടിയും വിശേഷം പറച്ചിലും ഒക്കെയായി സമയം കടന്നുപോയി.
ഭക്ഷണവും കഴിച്ച് പോകാൻ നേരം
“വരില്ലേ ഇക്കാ നമ്മുടെ വീട്ടിലേക്ക്” എന്ന് കുഞ്ഞോള് ചോദിച്ചപ്പോൾ അക്കു ഒന്ന് മൂളുകമാത്രം ചെയ്തു.
“മോൻ വരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളീ പടിയിറങ്ങുന്നത്. കാത്തിരിക്കും ഞങ്ങളാവീട്ടിൽ” ഉപ്പയിൽനിന്ന് അത് കേട്ടതും
“വരാം. എന്തായാലും ഞാൻ വരും ഉപ്പാ. അധികം വൈകിക്കാതെ നിങ്ങളിപ്പോ ഇറങ്ങാൻനോക്ക്” എന്ന് അക്കു അവരെ പറഞ്ഞുവിശ്വസിപ്പിച്ച് അവരെ യാത്രയാക്കി.
ഗേറ്റുകടന്ന് കാറുപോയതും നിറഞ്ഞുവന്ന മിഴികൾ ആരുംകാണാതെ തുടച്ചുമാറ്റാൻ ശ്രമിച്ചുകൊണ്ട് അവനും തിരികെ അകത്തേക്ക്കയറി.
“എന്താണ് ന്റെ ഇക്കാക്കാന്റെ കണ്ണുനിറഞ്ഞല്ലോ. ഉമ്മനെയും ഉപ്പനെയും കുഞ്ഞോളേയും കണ്ടതുകൊണ്ടാണോ” അകത്തേക്ക് കയറിവന്ന അക്കൂന്റെ മുന്നിൽ സന കയറിനിന്നുകൊണ്ട് ചോദിച്ചു. സന… നൗഷാദ്ക്കയുടെ മകളാണ്. ഡിഗ്രി രണ്ടാംവർഷ വിദ്യാർത്ഥിനി.
“ഒന്നുല്ല സനമോളെ. ഈ എന്റെജീവിതത്തിൽ എനിക്കേറ്റവും പ്രിയപ്പെട്ടവരാ ആ പോയത്. ഒരിക്കൽ ഇറങ്ങിപ്പോകാൻ പറഞ്ഞ ഉപ്പതന്നെ തിരിച്ചുചെല്ലാൻ പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം” അക്കു സനയോട് പറഞ്ഞു.
“അപ്പൊ അക്കുക്ക പോവാണോ ഞങ്ങളെവിട്ട്, ഇനിയുള്ളകാലം അവിടെ കുഞ്ഞോളുടെകൂടെയാണോ. ഇത്രയുംകാലം സനമോളെ എന്നുവിളിച്ചിട്ട് ഇനി ആവിളികേൾക്കാൻ ഞാൻ കൊതിക്കേണ്ടിവരുമോ” സനയുടെ മിഴികളിൽ കാർമേഘം വന്നുമൂടി.
“സനാ… അക്കു പോകേണ്ടവനാണ്. ജന്മംകൊണ്ടല്ലല്ലോ അക്കു നിനക്ക് ഇക്കയായത്. കർമംകൊണ്ടല്ലേ. നമ്മുടെ സിനു ഇല്ലാത്തതുകൊണ്ടല്ലേ അക്കൂനെ നീ സിനൂന്റെസ്ഥാനത്ത് കണ്ടത്. അക്കു പോട്ടെ. അവന്റെ വരവുംകാത്ത് അവിടെ മറ്റൊരുകുടുംബമുണ്ട്. ഇവന് ജന്മം നൽകിയവരും സ്വന്തം കൂടെപ്പിറപ്പുമുള്ള അക്കൂന്റെ സ്വന്തം കുടുമ്പം” നൗഷാദ്ക്ക അങ്ങനെ പറഞ്ഞെങ്കിലും ആ വാക്കുകളിലെ പതറൽ അക്കു അറിഞ്ഞു.
“അതേയ്… നിങ്ങളാരും വിഷമിക്കരുത്. അക്കു ആരെയുംവിട്ട് എവിടേക്കും പോകില്ല. ആരും ഇല്ലാതിരുന്ന എന്റെ ജീവിതത്തിലേക്ക് വെളിച്ചമായി വന്നവരാണ് നിങ്ങൾ. അതുകൊണ്ട് പോയാലും ഞാൻ ഇവിടേക്ക് തിരികെവരും. അത് പോരെ സനമോളെ” അക്കു സനയെ സമാധാനിപ്പിച്ചു.
“പിന്നെ നാളെയാണെന്നാ പറഞ്ഞെ മാമന്റെ മോന്റെ നിക്കാഹ്. അതുകൊണ്ട് നാളെ വെളുപ്പിനേ ഞാൻ പുറപ്പെടും. കുറച്ചുദിവസം വീട്ടിൽ നിന്നിട്ട് ഉടനെ തിരികെവരാം” അക്കു അത് പറഞ്ഞതും കാർമേഘത്താൽ നിറഞ്ഞുനിന്ന സനയുടെ മിഴികൾ തോരാതെ പെയ്തു.
——————-
“ടീ കുഞ്ഞോളെ… എഴുന്നേറ്റെ… ഞാനിന്നലെ വിളിക്കണമെന്ന് കരുതിയതാണ്. പിന്നെത്തോന്നി വേണ്ടാന്ന്. എന്തായി പോയിട്ട്. അക്കുകയെ കണ്ടോ നീ” നേരംവെളുത്തില്ല അപ്പോഴേക്കും ജുമി കുഞ്ഞോളുടെ റൂമിലെത്തി.
“എന്താണ് മുത്തേ… നിനക്ക് ഉറക്കമൊന്നുല്ലേ, രാവിലെതന്നെ മനുഷ്യന്റെ ഉറക്കംകളയാൻ” കുഞ്ഞോള് തലവഴി പുതപ്പ്മൂടി.
“ദേ കുഞ്ഞോളെ. പറഞ്ഞിട്ട് നീ ഉറങ്ങിക്കോ, ഇക്കാനെ കണ്ടോ നീ… പറയ് മുത്തേ” ജുമി അവളെ കുലുക്കിവിളിച്ചു.
ഇനി ഉറങ്ങൽ പ്രയാസമാണ് എന്നുതോന്നിയ കുഞ്ഞോള് ബെഡിൽ എഴുന്നേറ്റിരുന്നു.
“കണ്ടു, സംസാരിച്ചു, വരാമെന്നുംപറഞ്ഞു”
കുഞ്ഞോളുടെ വാക്കുകൾ കേട്ടതും ജുമി അവളെ കെട്ടിപ്പിടിച്ച് കവിളിലൊരു മുത്തവും നൽകി
“ഇനി നീ ഉറങ്ങിക്കോ… ബാക്കി ഞാൻ ഉമ്മൂസിനോട് ചോദിച്ചോളാമെന്നുംപറഞ്ഞ് ബെഡിൽനിന്ന് എഴുന്നേറ്റതും
“കുഞ്ഞോളെ മതി ഉറങ്ങിയത്. മാമന്റെ വീട്ടിൽ പോവണ്ടേ. ഹാരിസിന്റെ നിക്കാഹല്ലേ” എന്ന് വാതിക്കൽനിന്ന് ഉമ്മ ആയിഷാത്ത.
“ആ ഞാനത് മറന്നു. ഉമ്മച്ചീ ഇവളുടെ വീട്ടിൽ പറഞ്ഞ് ഇവളെയും കൊണ്ടുപോവാം നമുക്ക്. അവിടെ എനിക്കൊരു കൂട്ടാവില്ലേ” ജുമിയുടെ കൈപിടിച്ച് കുഞ്ഞോള് ഉമ്മയോട് പറഞ്ഞു.
“ശെരിയാണ്. നീ പോയാൽ ജുമിമോളും ഇവിടെ ഒറ്റക്കാവില്ലേ. ഞാൻ പറയാം റസിയാനോട്”
എന്ന് ഉമ്മ.
“എങ്കിൽ മോള് വീട്ടിലേക്ക് ചെല്ല്. ഞാൻ കുളിച്ച് റെഡിയാവട്ടെ. രണ്ടുദിവസത്തേക്ക് വേണ്ട ഡ്രെസ്സൊക്കെ എടുത്തോട്ടാ മറക്കണ്ട” കുഞ്ഞോള് ജുമിയെ ഉന്തിതള്ളിവിട്ടു.
——————–
“നേരെ മാമന്റെ വീട്ടിലേക്കാണോ അക്കു” യാത്രപറഞ്ഞിറങ്ങാൻനേരം നൗഷാദ്ക്ക ചോദിച്ചു.
“ആ ഇക്കാ. വീട്ടിൽ ആരുമുണ്ടാവില്ല. അവരൊക്കെ കോഴിക്കോട് ആയിരിക്കും”
“ഇനി എന്നാ ഇക്ക വരുന്നേ” സനയായിരുന്നു.
“ഇന്ന് ബുധൻ. ഞായറാഴ്ച രാത്രിയിൽ ഞാനെത്തും”
അക്കു ബുള്ളറ്റിൽകയറി സ്റ്റാർട്ട് ചെയ്ത് കണ്ണാടിയിലൂടെ പുറകിലുള്ളവരെ നോക്കിയപ്പോൾ കണ്ണുതുടക്കുന്ന ഫാത്തിമതാത്തയെയും സനയെയും കണ്ടു.
“അതേ ഞാൻ നിങ്ങളെയൊക്കെവിട്ട് പോകുന്നതല്ല. മൂന്നാലുദിവസം കഴിഞ്ഞാൽ അക്കു പഴയപോലെ ഇവിടെയുണ്ടാകും. അപ്പൊ ഇനി യാത്രപറയുന്നില്ല. എല്ലാവരോടും അസ്സലാമുഅലൈക്കും” ബുള്ളറ്റ് മുന്നോട്ടുചാലിച്ചു.
നൗശാദ്ക്കയോടും കുടുംബത്തോടും ആദ്യമായാണ് അക്കു യാത്രപറയുന്നത്.ഐ അതിന്റെ സങ്കടം അക്കൂന്റെ നെഞ്ചിലുമുണ്ട്.
______________________
കയ്യിലൊരു ബാഗുംതൂക്കി ജുമി കുഞ്ഞോളെ വീട്ടിലെത്തി. പോകാനുള്ള ഒരുക്കത്തിലാണ് അവിടെ എല്ലാവരും.
“ഉപ്പച്ചീ ഡിക്കി അടക്കല്ലേ. ഒരു ചെറിയ ലഗ്ഗേജുണ്ട് അതിൽവെക്കാൻ” കാറിന്റെ ഡിക്കി അടക്കാനൊരുങ്ങുന്ന അബദുക്കയോട് ജുമി വിളിച്ചുപറഞ്ഞു.
ബാഗുവാങ്ങി ഡിക്കിയിൽവെച്ച് കാറിൽ കയറിയ അബ്‌ദുക്ക
“ഇനി ഒന്നും മറന്നിട്ടില്ലല്ലോ ആരും” അവരോട് ചോദിച്ചു.
“ഇല്ല” എന്ന് എല്ലാവരും ഒരേ സ്വരത്തിൽ മറുപടിനൽകി.
ആ കാറ് മുന്നോട്ട് ചലിച്ചുതുടങ്ങിയതും
“ഉപ്പച്ചീ… അക്കുക്ക എന്നാ വരുന്നേ…?” ജുമി ചോദിച്ചു.
“അറിയില്ല മോളെ. എന്തായാലും അധികം വൈകാതെ അക്കു നമുക്കരികിൽവരും അതുറപ്പാണ്” അബ്‌ദുക്ക മറുപടിനൽകി.
“ഉമ്മൂസിന്റെ പുന്നാരമോൻ പഴയപോലെ ഈർക്കിലിതന്നെയാണോ”
“അതൊക്കെ നീ നേരിട്ടുകാണുമ്പോൾ അറിഞ്ഞാൽമതി”
മുന്നിലെ സീറ്റുകൾക്കിടയിലൂടെ ഉമ്മയുടെയും ഉപ്പയുടെയും അടുത്തേക്ക് കഴുത്തുനീട്ടി മുന്നോട്ടാഞ്ഞിരിക്കുന്ന ജുമിയെ കുഞ്ഞോള് പുറകിലേക്ക് പിടിച്ചുവലിച്ചു.
“എന്താണ് മോളൂസേ ഒരു കള്ളലക്ഷണം. ആക്കുക്കാനേപറ്റി അറിയാൻ വല്ലാത്ത തിടുക്കമുണ്ടല്ലോ”ജുമി പതിയെ ചോദിച്ചു.
[തുടരും…]
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
F_B_L ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission