മനമറിയാതെ…
Part: 13
✒️ F_B_L
[തുടരുന്നു…]
സനയുടെ നീട്ടിയെഴുതിയ മെസ്സേജ് വായിച്ചതും അക്കൂന്റെ നെഞ്ചിടിപ്പ് കൂടി.
“അറിഞ്ഞുകൊണ്ടാണല്ലോ റബ്ബേ ഞാൻ സനയെ ഒഴിവാക്കുന്നത്” എന്നവന്റെ മനസ്സ് മൊഴിഞ്ഞു.
ശരീര വേദനക്ക് പുറമെ സന്തോഷത്തിലായിരുന്ന അവന്റെ മനസ്സും വേദനിച്ചുതുടങ്ങി.
എപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണ അക്കു ഉപ്പയുടെ വിളികേട്ട് എഴുനേറ്റു.
ഉപ്പയുടെ സഹായത്തോടെ ഫ്രഷായിവന്ന് അക്കു ബെഡിൽ കാലുംനീട്ടിവെച്ച് ചെന്നിരുന്നു.
ഫോണെടുത്ത് കൂട്ടുകാരെ മാറിമാറിവിളിച്ചു.
എല്ലാവരെയും വീട്ടിലേക്ക് ക്ഷണിച്ചു.
ഒടുവിലായി ജുമിയെയും വിളിച്ചു.
“എണീറ്റോ…?” ജുമിയുടെ ചോദ്യമെത്തി.
“ഉപ്പവന്നുവിളിച്ചപ്പോൾ എഴുനേറ്റു. എന്താ പെണ്ണെ അവിടെ പരിപാടി”
“അടുക്കളയിലാ… ഉമ്മ ഒറ്റക്കല്ലേ”
“അതെന്തായാലും നന്നായി. എന്നാലത് നടക്കട്ടെ. പിന്നേ… നിനക്ക് തരുവാനായി ഞാനൊന്നും കരുതിയിട്ടില്ല. അവസ്ഥ ഇതായതുകൊണ്ട് പുറത്തുപോയി വാങ്ങിക്കാനും കഴിയില്ല. എന്തായാലും നോക്കട്ടെ… കൂട്ടുകാരാരെങ്കിലും നേരത്തെ വന്നാൽ അവരെക്കൊണ്ട് വാങ്ങിപ്പിക്കാം. നിനക്ക് എന്താ വേണ്ടത് ജുമീ”
“എനിക്കൊന്നും വേണമെന്നില്ല. എനിക്ക് എന്റെ ഇക്കയെ കിട്ടുമല്ലോ… അതുമതി. ഞാൻ വെക്കുകയാണ്. തിരക്കൊഴിഞ്ഞാൽ വിളിക്കാട്ടോ”
“ആ ശെരി” അക്കു ഫോൺ വെച്ചു.
________________________
“ഫാത്തിമാ അവരിപ്പോ എത്തും. മോളോട് റെഡിയാവാൻ പറ” നൗഷാദ്ക്ക തിരക്കുകൂട്ടി.
“അവര് വരട്ടെ ഇക്കാ… നിങ്ങക്കെന്തിനാ ഇങ്ങനെ വെപ്രാളപ്പെടുന്നത്”
മകളുടെ വിവാഹക്കാരുമാകുമ്പോൾ ഏതൊരു ഉപ്പാക്കും ടെൻഷനാ. അതുതന്നെയാണ് സനയുടെ കാര്യത്തിൽ നൗഷാദ്കക്കും.
ഗേറ്റുകടന്ന് അവർവരുന്നതും കാത്ത് നൗഷാദ്ക്ക ഉമ്മറത്ത് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരുന്നു.
ഗേറ്റും കടന്ന് ഒരു കാറുവന്നുനിന്നപ്പോഴാണ് നൗഷാദ്ക്ക നടത്തം നിർത്തിയത്.
“ഫാത്തിമാ അവരെത്തി”
അയാൾ വിളിച്ചുപറഞ്ഞു.
അതുകേട്ടത്തും ഫാത്തിമതാത്ത സനയുടെ റൂമിലേക്ക് നടന്നു.
“സനാ… അവരെത്തിട്ടോ, നീ എഴുനേറ്റ് ഡ്രെസ്സൊക്കെ മാറി വായോ”
സന കട്ടിലിൽനിന്ന് എഴുനേറ്റ്
“ഉമ്മ പൊയ്ക്കോ… ഞാൻ വന്നേക്കാം” എന്നുപറഞ്ഞ് മൊബൈലെടുത്ത് ഗാലറിതുറന്നു.
പുഞ്ചിരിച്ച് നിൽക്കുന്ന അക്കുവിന്റെ ഫോട്ടോനോക്കി അവൾ കണ്ണുനിറച്ചു.
നിറഞ്ഞുവന്ന മിഴികൾ തുടച്ചുമാറ്റി
“ഇല്ല… സനയിനി ഇക്കയെ ഓർത്ത് കരയില്ല” എന്നുപറഞ്ഞ് ഫോണിലുണ്ടായിരുന്ന അക്കുവിന്റെ ഫോട്ടോസ് മുഴുവനും കളഞ്ഞു.
അലമാരയിൽ നിന്ന് ഡ്രെസ്സെടുത്ത് മാറ്റാരുടെയും സഹായമില്ലാതെ സന തനിയെ സുന്ദരിയായി അണിഞ്ഞൊരുങ്ങി താഴേക്കിറങ്ങി.
ചായയുമായി സനയെ കാത്തുനിൽക്കുന്ന ഫാത്തിമതാത്ത അവളെ കണ്ടതും
“ഇത് കൊണ്ടുകൊടുക്ക് മോളെ” ഉമ്മയവളെ ഉപ്പയോട് സംസാരിച്ചിരിക്കുന്നവർക്ക് മുന്നിലേക്ക് പറഞ്ഞയച്ചു.
അവൾക്കുമുന്നിലിരിക്കുന്നവർക്ക് സന ചായനൽകി. തന്നെ കാണാനായി വന്നിരിക്കുന്ന ചെറുപ്പക്കാരനെ സന ഒരിക്കൽപോലും നോക്കിയില്ല. അവൾ തിരികെ ഉമ്മയുടെ അരികിലേക്ക് നടന്നു.
“ഇനി അവർക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ അവർ സംസാരിക്കട്ടെ അല്ലേ നൗഷാദേ” കൂട്ടത്തിൽ പ്രായമുള്ള ഒരാൾ പറഞ്ഞു.
അതുകേട്ടതും സനയുടെ നെഞ്ചിടിപ്പ് ഉയരുവാൻ തുടങ്ങി.
അവൾ പതിയെ അവളുടെ റൂമിലേക്ക് നടന്നു. പുറകിലായി ആ ചെറുപ്പക്കാരനും.
കോണിപ്പടികൾ കയറി സന റൂമിലെത്തിയതും അവൾ ജനലിനരികിൽ ചെന്നുനിന്നു.
” സനാ ഒന്നിങ്ങോട്ടു നോക്കെടോ…” ആ ചെറുപ്പക്കാരൻ അവളെ വിളിച്ചു.
ആശബ്ദം എവിടെയോ കേട്ടപോലെ സനക്ക് തോന്നി. എങ്കിലും ജനാലയിലൂടെ പുറത്തേക്ക് നോക്കിനിന്ന സന അവനെ തിരിഞ്ഞുനോക്കാൻ തയ്യാറായില്ല.
” എനിക്ക് തന്നെ ഇഷ്ടമായി. ഇനി പറയേണ്ടത് താനാണ്. താനിങ്ങനെ പുറത്തേക്ക് നോക്കിനിന്നാൽ എങ്ങനെ ശരിയാവും. ഒരുപ്രാവശ്യമെങ്കിലും ഒന്ന് നോക്കിക്കൂടെ”
ആ ചെറുപ്പക്കാരൻ വീണ്ടും പറഞ്ഞു.
ഓരോ തവണ ആ ശബ്ദം കേൾക്കുമ്പോഴും എവിടെയോ നല്ല പരിചയമുള്ള ശബ്ദമായി അവൾക്ക് തോന്നി. ഏറെനേരം ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നെങ്കിലും ആ ശബ്ദത്തിനുടമയെ അറിയണമെന്ന് അവളുടെ മനസ്സ് പറഞ്ഞു. അതുകൊണ്ടായിരിക്കണം അവൾ തിരിഞ്ഞു നോക്കിയത്.
“റബ്ബേ ബിലാൽക്ക” സനയുടെ മനസ്സു മന്ത്രിച്ചു.
“എന്തേ വിശ്വാസം വരുന്നില്ലേ ഞാൻ തന്നെയാ ബിലാല്. അന്നൊരിക്കൽ നിന്റെ പുറകെവന്നത് നിനക്ക് ഓർമയില്ലേ, അതൊരു തമാശ ആയിരുന്നില്ല. അതുകൊണ്ടാണ് നിന്നെ ഇഷ്ടമാണ് ഞാൻ എന്റെ വീട്ടിൽ പറഞ്ഞത്. ഉപ്പാക്ക് എതിർപ്പുണ്ടായിരുന്നില്ല. തന്റെ ഉപ്പയെ നേരത്തെ പരിചയമുള്ളതുകൊണ്ടായിരിക്കാം ഉപ്പ എതിരൊന്നും പറയാതിരുന്നത്” ബിലാൽ പറഞ്ഞുനിർത്തി.
പക്ഷെ സനയൊന്നും മൊഴിയാൻ തയ്യാറായില്ല.
“സനാ… എന്താ നീയൊന്നും പറയാത്തത്. നിനക്കിനി മാറ്റാരെയെങ്കിലും…”
“ഇല്ല. അങ്ങനെയൊന്നുമില്ല. എനിക്ക് പ്രതേകിച്ച് ഒരു ഇഷ്ടവുമില്ല. എന്റെ ഉമ്മാക്കും ഉപ്പാക്കും ആരെയാണോ ഇഷ്ടപ്പെടുന്നത് അയാളുടെ കൂടെ ഞാൻ ജീവിക്കും” അത്രയുംനനേരം മൗനംപാലിച്ച സന പറഞ്ഞു.
അവർ തമ്മിലുള്ള സംസാരം അവിടെ അവസാനിച്ചു.
“നൗഷാദേ എന്റെ മകന് ഈ മോളെ ഇഷ്ടമാണെന്ന് പറഞ്ഞതുകൊണ്ടാണ് ഞങ്ങൾ വന്നത്. ഇവർതമ്മിൽ സംസാരിച്ച സ്ഥിതിക്ക് സനമോളുടെ അഭിപ്രായംകൂടി അറിയണമല്ലോ. അതറിഞ്ഞിട്ട് നമുക്ക് ബാക്കികാര്യങ്ങൾ എങ്ങനെവേണമെന്ന് തീരുമാനിക്കാം. അതല്ലേ നല്ലത്” ബിലാലിന്റെ ഉപ്പ ബഷീർക്ക ചോദിച്ചു.
“ആ അതുമതി. വിവാഹത്തിന്റെ കാര്യമല്ലേ ബഷീറേ, ഒന്നൂടെയൊന്ന് ആലോചിച്ചിട്ട് ഞങ്ങൾ തീരുമാനം പറയാം” നൗഷാദ്ക്ക പറഞ്ഞു.
“എന്നാൽ ഞങ്ങളിറങ്ങുകയാണ്… അപ്പൊ വിളിക്കാൻ മറക്കണ്ട നൗഷാദേ” ബഷീർക്ക അവരോട് യാത്രപറഞ്ഞു.
സനയോട് സംസാരിച്ചുനിന്ന ബിലാലിന്റെ ഉമ്മ
“ഞങ്ങളിനിയും വരും” എന്നുപറഞ്ഞ് അവരും പോകാനൊരുങ്ങി.
ബഷീർക്കയുടെ അരികിലായിനിന്ന ബിലാൽ സനയെ ഇടങ്കണ്ണിട്ട് ഒന്ന് നോക്കി. അവളും തന്നെ നോക്കുന്നുണ്ടെന്ന് കണ്ടപ്പോൾ ഒന്ന് കണ്ണിറുക്കി കാണിച്ചു.
ബിലാലും കുടുംബവും ഗേറ്റുകടന്നപോയതും നൗഷാദ്ക്ക സനയുടെ അരികിലേക്ക് ചെന്ന്
“മോളെ നിനക്ക് ഇഷ്ടായോ ബിലാലിനെ…?”
സന തലയാട്ടിക്കൊണ്ട് ഉപ്പയോട് അവൾക്ക് ഇഷ്ടമായെന് പറഞ്ഞതും
“അൽഹംദുലില്ലാഹ്… സമാധാനമായി മോളെ ഈ ഉപ്പാക്ക്” എന്ന് നൗഷാദ്ക്ക.
__________________________
അബ്‌ദുക്കയുടെ വീട്ടിൽ ബന്ധുക്കൾ നിറഞ്ഞുതുടങ്ങി.
പന്തലിലായി മുതിർന്നവർ പലരുമിരിക്കുമ്പോൾ കുഞ്ഞോളുടെ കൂടെ അവളെ അണീച്ചൊരുങ്ങാൻ ഒരു പടതന്നെ ഉണ്ടായിരുന്നു.
അക്കുവിന്റെ റൂമിലാവട്ടെ കിടപ്പിലായ അക്കൂന്റെ പാന്റും ഷർട്ടും കൈകലാക്കുന്ന തിരക്കിലായിരുന്നു അവന്റെ കൂട്ടുകാർ.
“തെണ്ടികളെ… ആ സോക്സെങ്കിലും അവിടെ വെക്കടാ അനസേ”
“പറ്റൂല മോനെ അക്കു. സോക്സില്ലാതെ ഷൂ ഇടുന്നത് എനിക്കിഷ്ടമില്ല. പോരാത്തതിന് കാലൊടിഞ്ഞുകിടക്കുന്ന നിനക്കിനി എന്തിനാ മുത്തേ സോക്സ്” അനസ് പൊട്ടിച്ചിരിച്ചു.
“നീ ചിരിക്ക് ഇരുന്നിട്ട്. ഇൻശാ അല്ലാഹ്.. ഞാനിവിടെന്ന് ഒന്ന് എഴെന്നേൽക്കട്ടെ. എല്ലാവരുടെയും വീട്ടിലേക്ക് ഞാൻ വരുന്നുണ്ട്. ഇതിനൊക്കെ ഞാനന്ന് പ്രതികാരംചെയ്യും” പുതുതായി വാങ്ങിയ വാങ്ങിയ ഓരോന്നും കയ്യിലാക്കിയ കൂട്ടുകാരോട് പുഞ്ചിരിയോടെ അക്കു പറഞ്ഞു.
ഈ സമയത്താണ് ഹാരിസ് റൂമിലേക്ക് വന്നത്.
“എന്താ ചങ്ങായിമാരെ… എല്ലാവരുംകൂടി ആക്കൂനെ പറ്റിക്കുകയാണല്ലേ”
ഹരിസും അക്കൂന്റെ സുഹൃത്തുക്കളും ആദ്യമേ പരിചയക്കാരാണ്.
പിന്നെ വിശേഷം പറച്ചിലും ഒക്കെയായി സമയം പോയിക്കൊണ്ടിരുന്നു.
പുറത്ത് ക്ഷണംസ്വീകരിച്ച് എത്തുന്നവരെ അബ്‌ദുക്ക സ്വീകരിച്ചിരുത്തി. അബ്‌ദുക്കക്ക് കൈത്താങ്ങായി അക്കുവിന് പകരം അവന്റെ കൂട്ടുകാർ രംഗത്തുണ്ടായിരുന്നു.
റാഷിയും കുടുംബവും വൈകാതെ അബ്‌ദുക്കയുടെ വീട്ടിലെത്തി.
കെട്ടാൻപോകുന്ന പെണ്ണിനെ കാണുംമുൻപ് റാഷി അക്കുവിന്റെ അരിക്കലേക്കാണ് പോയത്.
“നല്ല പണിയായിട്ടാ നീ കാണിച്ചത്. നിന്റെ അവസ്ഥ ഇതായിപ്പോയി അല്ലായിരുന്നേൽ ഒരെണ്ണം തന്നേനെ. ആരോട് വാശിതീർക്കാനാടാ നാറീ നീ സ്വന്തം ശരീരത്തെ വേദനിപ്പിച്ചത്. നിന്നെ ജീവനുതുല്യം സ്നേഹിച്ച ജുമിയോടോ… അതോ ആ കൊച്ചിക്കാരിയോടോ… ഉള്ളത് പറയാലോ അക്കു, ഇന്ന് ജുമിക്ക് പകരം ആ സനയെയാണ് നീ കെട്ടാൻ തീരുമാനിക്കുന്നതെങ്കിൽ നമ്മൾതമ്മിലുള്ള എടാപോടാ ബന്ധം നിന്നേനെ… ഒറ്റദിവസംകൊണ്ട് നീയും ആ സനയും മാറിചിന്തിച്ചു. അതുതന്നെ നല്ലകാര്യം. നിനക്കറിയോ നാറീ… ജുമി നിന്നെ ആഗ്രഹിച്ചപോലെ നിനക്കുവേണ്ടി കാത്തിരുന്നപോലെ സന നിന്നെ സ്നേഹിച്ചിട്ടുണ്ടാവില്ല, നിനക്കുവേണ്ടി സന കാത്തിരുന്നിട്ടുണ്ടാവില്ല. കുഞ്ഞോള് പറഞ്ഞ് എനിക്കും ചിലതൊക്കെ അറിയാടോ… അതുകൊണ്ട് പറയുകയാ ആ സനയെ നീ പൂർണ്ണമായും മറന്നേക്ക്, ഇനി അങ്ങോട്ടുള്ള പോക്കിനെപ്പറ്റി ഒന്ന് ആലോചിച്ചുനോക്ക്, എന്നിട്ടുമതി കൊച്ചിക്കുള്ള നിന്റെ പോക്ക്” കട്ടിലിൽ ചാരിയിരുന്ന അക്കുവിന്റെ അരികിലിരുന്ന് റാഷി പറഞ്ഞു.
“നീ പറഞ്ഞതൊക്കെയും ശെരിയായിരിക്കും റാഷി. പക്ഷെ ഈ രണ്ടുപെൺകുട്ടികൾക്കിടയിൽ അകപ്പെട്ടുപോയ എന്റെ അവസ്ഥ നീ മനസ്സിലാക്കണം. അതിനുപുറമേ കുഞ്ഞോളും എന്നെ കുറ്റപ്പെടുത്തിയപ്പോ, ഇനി കാണേണ്ട എന്നൊക്കെ പറഞ്ഞപ്പോ തകർന്നുപോയി മച്ചാനെ… എല്ലാ തകർച്ചയും ഓർത്തുകൊണ്ട് കണ്ണുനിറഞ്ഞപ്പോ സ്പീഡ് ഒരല്പം കൂട്ടി. വേദനിക്കുന്ന മനസ്സിനുപുറമേ ശരീരത്തെ വേദനിപ്പിക്കാനായിരുന്നില്ല അത്. നിറഞ്ഞൊഴുകുന്ന കണ്ണുനീര് ആരും കാണാതിരിക്കാൻ, അഥവാ കണ്ടാൽത്തന്നെ സ്പീഡുകാരണം കാറ്റടിച്ച് കണ്ണുനിറഞ്ഞതാണ് എന്ന് കള്ളമെങ്കിലും പറയാലോ എന്നോർത്ത്” അക്കു നിരാശയോടെയാണ് അത് പറഞ്ഞത്.
“സാരല്ല മച്ചാനെ… സംഭവിക്കാനുള്ളത് സംഭവിച്ചു. കുഞ്ഞോള് ആ സമയത്തെ വിഷമംകൊണ്ട് പറഞ്ഞതാവും. നീ ഇനി അതൊന്നും മനസ്സിൽവെക്കേണ്ട. ഇനിയുള്ളകാലം ജുമിയെ സ്നേഹിച്ച് കഴിയാൻനോക്ക്”
“അതൊക്കെ ഞാനപ്പോഴേ മറന്നു. പിന്നെ ജുമി… എന്റെ ആയുസ്സൊടുങ്ങുന്നവരെ അവൾ എന്റെകൂടെത്തന്നെ ഉണ്ടാവും”
“ആ അതുമതി. തൃപ്തിയായി അളിയാ… തൃപ്തിയായി”
റാഷി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞതും
“അളിയനോ… എന്റെ പെങ്ങളെ കെട്ടുന്നു എന്നുവെച്ച് അളിയാന്നൊന്നും വിളിക്കല്ലേ റാഷി. നമുക്കാ എടാപോടാ ബന്ധം മതിയെടാ മച്ചാനെ”
“അല്ലാ കൂട്ടുകാരന്റെകൂടെ ഇവിടെയിരുന്നാൽ ശെരിയാവില്ലല്ലോ അളിയാ… അവിടെ കല്യാണച്ചെക്കനെ ചോദിക്കുന്നുണ്ട്” എന്നുപറഞ്ഞുകൊണ്ട് ഹാരിസും അവരുടെ അരികിലേക്കെത്തി.
“അപ്പൊ ശെരി മച്ചാ… ഇനി അവിടത്തെ ചടങ്ങുകൾ കഴിഞ്ഞിട്ട് കാണാം” റാഷി അക്കുവിന്റെ അരികിൽനിന്ന് എഴുനേറ്റ് പുറത്തിറങ്ങി.
“ഹാരിസേ… നീ എന്നെയൊന്ന് പിടിച്ചേ… ഞാനുമുണ്ട് ചർച്ചകാണാൻ. എന്തായാലും എന്റെ വിവാഹനിശ്ചയത്തിന് എനിക്ക് പോകാൻപറ്റില്ല. കുഞ്ഞോളുടേതെങ്കിലും ഒന്ന് കാണട്ടെ” അക്കു ഹാരിസിനോട് പറഞ്ഞതും ഹാരിസ് അവനെ ചേർത്തുപിടിച്ച് ഹാളിലേക്ക് നടന്നു.
ആളൊഴിഞ്ഞ ഒരു കസേരയിലായി അക്കു ഇരുന്നു.
മുതിർന്നവർ തമ്മിൽ സംസാരിച്ച് ആറുമാസത്തിനുശേഷം കല്യാണം എന്ന് തീരുമാനിച്ചപ്പോൾ
“അത് പറ്റില്ല. ഒരു വർഷം കഴിഞ്ഞിട്ട് മതി” എന്ന് അക്കുവിന്റെ അഭിപ്രായമുയർന്നു.
“അത്രക്ക് നീട്ടിക്കൊണ്ടുപോകണോ അക്കു. നിനക്കും കെട്ടേണ്ടതല്ലേ” എന്ന് റാഷിയുടെ ഉപ്പ.
“എന്റെകാര്യം വിട്, അത് രണ്ടുവർഷം കഴിഞ്ഞിട്ടേ നടക്കൂ. കുഞ്ഞോളുടെ കല്യാണത്തിന് ഞങ്ങൾ ഒരുങ്ങിയിട്ടില്ല. ഒരുവർഷം സമയമുണ്ടെങ്കിലേ ഞങ്ങൾക്ക് അവളെ നല്ലരീതിയിൽ കെട്ടിച്ചയക്കാൻ സാധിക്കൂ”
“സ്സ്ത്രീധനമായിട്ട് ഒന്നും ഞങ്ങൾ ആവശ്യപ്പെടുന്നില്ല അക്കു”
“അറിയാം ബഷീർക്കാ… എങ്കിലും എനിക്കാകെയുള്ള പെങ്ങളെയാണ് കെട്ടിച്ചുവിടാൻ ഒരുങ്ങുന്നത്. അതും എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്. എന്റെ പെങ്ങളെ ഒട്ടും കുറയാതെ മാന്യമായരീതിയിൽ ഇറക്കണമെന്നാ ഞങ്ങളുടെ ആഗ്രഹം” അക്കു ഉപ്പയുടെ മുഖത്തേക്ക് ഒന്നുനോക്കി.
പ്രത്യേകിച്ച് ഭാവമാറ്റങ്ങൾ ഒന്നുംതന്നെയില്ലാതെ ഇരിക്കുകയാണ് അബ്‌ദുക്ക.
“ശെരി… എങ്കിൽ അങ്ങനെയാവട്ടെ” എന്ന് റാഷിയുടെ ഉപ്പ പറഞ്ഞതും അബ്‌ദുക്കയുടെ മുഖത്ത് പുഞ്ചിരിവിടർന്നു.
പക്ഷെ “നീയെന്നെ ചതിച്ചെല്ലോടാ തെണ്ടി” എന്ന ഭാവത്തോടെയാണ് റാഷി അക്കുവിനെ നോക്കിയത്.
അക്കു അവനെ കളിയാക്കി ഒന്ന് പുഞ്ചിരിച്ചു.
ഭക്ഷണവും കഴിച്ച് റാഷിയും കുടുംബവും യാത്രപറഞ്ഞിറങ്ങി.
“ഇനി അങ്ങോട്ട് ആരൊക്കെയാണ് എന്നുവെച്ചാൽ പെട്ടെന്ന് റെഡിയാവാൻനോക്ക്” അബ്‌ദുക്ക മജീദ്ക്കയുടെ വീട്ടിലേക്ക് പോകുവാനായി തിരക്കുകൂട്ടി.
അപ്പോഴാണ് ഗേറ്റുകടന്ന് ഒരു കാറുവന്നത്.
കാറിൽനിന്നിറങ്ങിയവരെ അബ്‌ദുക്കക്ക് വളരെപെട്ടെന്ന് മനസ്സിലായി.
“വായോ നൗഷാദേ… എന്താ വൈകിയത്” അവരെ അകത്തേക്ക് ക്ഷണിച്ചുകൊണ്ട് അബ്‌ദുക്ക ചോദിച്ചു.
“ഇന്ന് മോളേകാണാൻ ഒരുകൂട്ടർ വന്നിരുന്നു. അതാ വൈകിയത്” നൗഷാദ്ക്ക മറുപടിനൽകി.
“ബാക്കി വിശേഷങ്ങളൊക്കെ ഭക്ഷണം കഴിച്ചിട്ടാകാം” അബ്‌ദുക്ക അവരെ പന്തലിലേക്ക് കൊണ്ടുപോയി.
അവർക്കുവേണ്ട ഭക്ഷണം വിളമ്പി അബ്‌ദുക്ക ഹാരിസിനെ വിളിച്ച് “ഇവരെയൊന്ന് ശ്രദ്ധിക്കണേ ഹാരിസേ” എന്നവനോട് പറഞ്ഞ്
“ഞാനിപ്പോ വരാം… അപ്പുറത്ത് കുറച്ച് പണിയുണ്ട്” എന്നുപറഞ്ഞ് അബ്‌ദുക്ക വീടിനകത്തേക്ക് കയറി.
“ആയിഷാ… അവിടെ കൊച്ചിക്കാര് വന്നിട്ടുണ്ട്. കുഞ്ഞോളെവിടെ… അവളോട് ഒന്ന് അവരെ ശ്രദ്ധിക്കാൻ പറ” എന്ന് അബ്‌ദുക്ക അയിഷാതയോട് പറഞ്ഞു.
“ആര്… ആ സനയും വീട്ടുകാരുമാണോ” അവർക്കുപുറകിൽനിന്ന അണിഞ്ഞൊരുങ്ങിയ കുഞ്ഞോള് ചോദിച്ചു.
“ആ അവർതന്നെ”
കുഞ്ഞോളൊന്ന് മൂളിക്കൊണ്ട് കഴിച്ചുകൊണ്ടിരുന്ന അവർക്കരികിലേക്ക് നടന്നു.
അവരിൽനിന്നും കുറച്ച് മാറി ഒരു കസേരയിൽ ഇരിക്കുകയായിരുന്നു ഹാരിസ്.
“ഇവിടെയിരിക്കുകയാണോ ഹാരിസ്കാ… അവരെയൊന്ന് ശ്രദ്ധിച്ചൂടെ” കുഞ്ഞോള് ചോദിച്ചു.
“അവർക്ക് വിളമ്പാൻ നീയാ നല്ലത്” ഹാരിസ് അവിടെനിന്നും എഴുനേറ്റുപോയി.
കുഞ്ഞോള് അവർക്കരികിലേക് നടന്നു.
കഴിച്ചുകൊണ്ടിരിക്കുന്ന അവരെനോക്കി കുഞ്ഞോളൊരു പുഞ്ചിരിച്ചു.
“എല്ലാവരും കഴിക്ക്ട്ടോ” കുഞ്ഞോള് വേണ്ടപോലെ അവരെ പരിഗണിച്ചു.
കഴിപ്പൊക്കെ കഴിഞ്ഞ് ഫാത്തിമ താത്തയും സനയും കുഞ്ഞോളുടെ കൂടെ അകത്തേക്ക് കടന്നു.
നൗഷാദ്ക്ക ആദ്യമേ കഴിപ്പ് അവസാനിപ്പിച്ച് അബ്‌ദുക്കയുടെ അടുത്തേക്ക് പോയിരുന്നു.
വീടിന്റെ അകത്തെത്തിയ ഫാത്തിമതാത്ത
“അക്കു എവിടെ മോളെ…”
കുഞ്ഞോള് അക്കു കിടക്കുന്ന റൂമിനുനേരെ കൈചൂണ്ടി.
ഫാത്തിമതാത്ത ആ റൂമും ലക്ഷ്യമാക്കി മുന്നോട്ട്നടന്നതും
“ഇക്കയെന്താ ഈ സമയത്ത് റൂമിനകത്ത്” എന്ന് സന കുഞ്ഞോളോട് ചോദിച്ചു.
“വാ കാണിച്ചുതരാം” കുഞ്ഞോള് സനയുടെ കൈപിടിച്ച് അക്കുവിന്റെ റൂമിനകത്തേക്ക് കടന്നതും സന ഒരുനിമിഷം നിശ്ചലമായി.
എങ്കിലും കുഞ്ഞോളവളെ വലിച്ച് അക്കുവിന്റെ മുന്നിൽകൊണ്ടുപോയി നിർത്തി.
“എപ്പോഴാ എത്തിയത് എല്ലാവരും. ഇക്കയെന്ത്യേ കണ്ടില്ലല്ലോ ഇങ്ങോട്ട്” അക്കു നിറമിഴികളോടെ നിൽക്കുന്ന ഫാത്തിമതാത്തയോട് ചോദിച്ചു.
“പുറത്തുണ്ട്” എന്നുമാത്രം മറുപടിപറഞ്ഞ് ഫാത്തിമതാത്ത കണ്ണുതുടച്ചു.
സന ഒന്നുംതന്നെ മിണ്ടാതെ അവളുടെ ഉമ്മയുടെ അരികിലായി നിന്നു.
“നിങ്ങൾ രണ്ടാളും ഇങ്ങനെ നിൽക്കാനാണോ വന്നത്. ആ കസേരയിലേക്ക് ഇരിക്ക്” അക്കു അവരോട് പറഞ്ഞപ്പോൾ ഫാത്തിമതാത്ത അക്കുവിന്റെ ബെഡിലും ഫാത്തിമതാത്തയുടെ സൈഡിലായി സനയും നിന്നു.
“ഇതെന്താ അക്കു… ഇതിനുവേണ്ടിയാണോ നീ അവിടെന്ന് പോന്നത്”
“ഇതിനുവേണ്ടി ആയിരുന്നില്ലെങ്കിലും ഇവുടെവന്നപ്പോ ഇങ്ങനെയൊക്കെ ആകേണ്ടിവന്നു”
“ഇനിയിപ്പോ ഉടനെയൊന്നും തിരിച്ചുവരില്ലായിരിക്കും അല്ലേ മോനെ” നിറഞ്ഞുനിന്ന മിഴികൾ തുടച്ചുകൊണ്ട് ഫാത്തിമതാത്ത ചോദിച്ചു.
“ഉടനെ വരില്ല. എന്തായാലും ഒരു ഒന്നരമാസം കഴിയും. അഞ്ചാറുവർഷം ഇവിടെയുള്ളവരെയൊക്കെ ഉപേക്ഷിച്ച് അവിടെ നിന്നതല്ലേ… അതുകൊണ്ട് കുറച്ചുകാലം എന്നെ ഇവിടെയാക്കാൻ പടച്ചവൻതന്ന പണിയാ”
“അല്ലാ… ഈ സനയെന്താ ഒന്നും മിണ്ടാത്തത്, ദേഷ്യമാണോ സനാ നിനക്ക്”
“എനിക്ക് ആരോടും ദേഷ്യമൊന്നുല്ല”
അക്കു ഒന്ന് മൂളി.
“നിങ്ങൾക്ക് ജുമാനയെ കാണണ്ടേ… ബന്ധുക്കളൊക്കെക്കൂടി അങ്ങോട്ട് പോകാനൊരുങ്ങുകയാണ്. നിങ്ങളും പോയിട്ടുവായോ” എന്ന് അക്കു പറഞ്ഞു.
കുഞ്ഞോള് സനയുടെ കൈപിടിച്ച് പുറത്തേക്ക് കൊണ്ടുപോയി. പുറകിലായി ഫാത്തിമതാത്തയും പോയി.
മകനെപോലെ സ്നേഹിച്ച അക്കുവിനെ ആ അവസ്ഥയിൽ കണ്ടപ്പോൾ ഫാത്തിമതാത്തയുടെ നെഞ്ച് തകർന്നിരുന്നു.
അവർപോയതും നൗഷാദ്ക്ക റൂമിലേക്ക് കടന്നുവന്നു.
കണ്ണീരില്ലാതെ നൗഷാദ്ക്ക വിശേഷങ്ങൾ ഓരോന്നും ചോദിച്ചറിഞ്ഞു. കൂട്ടത്തിൽ കൊച്ചിയിലെ വിശേഷങ്ങൾ പറയാനും നൗഷാദ്ക്ക മറന്നില്ല.
________________________
മജീദ്ക്കയുടെ വീട്ടിലേക്കെത്തിയ കുഞ്ഞോള് ഫാത്തിമതാത്തയെയും സനയെയും ജുമിക്ക് പരിചയപ്പൊയെടുത്തി.
“മോള് പുണ്യം ചെയ്‌ത കുട്ടിയാണ്. അക്കുവിനെപോലെ ഒരുത്തന്നെ മോൾക്ക് കിട്ടിയില്ലേ… അത് മോളുടെ ഭാഗ്യമാണ്” ഫാത്തിമതാത്ത ജുമിയോട് പറഞ്ഞു.
അണിഞ്ഞൊരുങ്ങി നിൽക്കുന്ന ജുമി മറുപടിയായി ഒരു നിറപുഞ്ചിരി നൽകി.
ഫാത്തിമതാത്ത അവർക്കരികിൽനിന്ന് മാറിയതും
“എന്നെ മനസ്സിലായോ…?” സന ചോദിച്ചു.
“സനയല്ലേ… കേട്ടിട്ടുണ്ട്. അക്കുക്ക പറഞ്ഞിട്ടുണ്ട് നിങ്ങളെപ്പറ്റി”
സനയൊന്ന് ഞെട്ടി.
“അപ്പൊ ഇവർതമ്മിൽ ആദ്യമേ ബന്ധമുണ്ടായിരുന്നോ… ഇക്കയുടെ മനസ്സറിയാതെ ഇക്കയെ ഇഷ്ടപ്പെടാൻ പാടില്ലായിരുന്നു.” സന ചിന്തിച്ചു.
“അല്ലാ… എന്താ ആലചിക്കുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടോ” ജുമി ചോദിച്ചു.
“ഏയ് ഒന്നുല്ല”
സനയും ജുമിയും തമ്മിലുള്ള സംഭാഷണം തുടങ്ങിയപ്പോൾ കുഞ്ഞോള് ഫോണെടുത്ത് അവർ കാണാതെ അക്കുവിനെ വിളിച്ച് ഫോൺ തട്ടംകൊണ്ട് മറച്ച് കയ്യിൽപിടിച്ചു.
“നിങ്ങൾക്ക് എന്നോട് ദേഷ്യമുണ്ടോ… നിങ്ങൾക്ക് കിട്ടേണ്ടിയിരുന്ന ഇക്കയെ ഞാൻ സ്വന്തമാക്കാൻ പോകുന്നതുകൊണ്ട്. ഒന്നുല്ലേലും നിങ്ങൾ ഇക്കയെ ഒരുപാട് സ്നേഹിച്ചതല്ലേ” ജുമി സനയോട് ചോദിച്ചു.
“ഏയ് ദേഷ്യം ഒന്നുല്ല… സന്തോഷം മാത്രമേയുള്ളു. ഇക്കയെ വേണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്നത് സത്യമാണ്. എങ്കിലും ഇന്ന് കാലത്ത് എനിക്കുവന്ന പ്രൊപോസൽ അറിഞ്ഞപ്പോൾ, എന്നെ കേട്ടാൻപോകുന്നയാളെ അറിഞ്ഞപ്പോൾ അക്കുകയോടുള്ള എന്റെ ആഗ്രഹം ഞാൻ മറന്നു. ഇക്കയെപ്പോലെ കാലത്തുതൊട്ട് വണ്ടികളുടെ ഇടയിൽ കിടന്ന് കരിയും പുകയും കൊള്ളുന്ന ആളല്ല ഇന്നെന്നെ കാണാൻ വന്നത്. വർഷങ്ങളായി എന്റെ പുറകേനടന്ന നല്ലൊരു അക്കൗണ്ടന്റാ എന്നെ കാണാൻവന്നത്. നമ്മളൊക്കെ പെണ്ണുങ്ങളല്ലേ… സ്നേഹിച്ച പുരുഷനെ ആങ്ങളായാക്കാൻ നമുക്ക് അധികസമയം വേണ്ടല്ലോ” സന പുഞ്ചിരിയോടെയാണ് അത് പറഞ്ഞത്.
പക്ഷെ കേട്ടുനിന്ന ജുമിക്കും കുഞ്ഞോൾക്കും സനയോട് ദേഷ്യമാണ് തോന്നിയത്.
എല്ലാത്തിനും പുറമെ കുഞ്ഞോളുടെ കയ്യിലുള്ള ഫോണിലെ കോളിന്റെ മറുതലക്കൽ ഇതെല്ലാം കേട്ട് അക്കു എന്നൊരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു.
[തുടരും…]
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
F_B_L ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission