മനമറിയാതെ…
Part: 01
✒️ F_B_L
“ഉമ്മൂസെ… നല്ലപണിയിലാണല്ലോ. കുഞ്ഞോളെന്ത്യേ”
“അവളവിടെയുണ്ട്. അലക്കാനുള്ള തുണിയൊക്കെ എടുക്കാൻ പോയിരിക്കുകയാ. നീ വല്ലതും കഴിച്ചോ മോളെ”
“ആ ഉമ്മൂസെ. വീട്ടിൽ നല്ല പത്തിരിയും ബീഫും. അപ്പൊ കഴിച്ചിട്ടാ വന്നത്”
“കട്ടൻ വേണോ മോളെ നിനക്ക്”
“ഇപ്പൊ വേണ്ട ഉമ്മൂസെ. പിന്നെ മതി ഞാൻ കുഞ്ഞോളെ അടുത്ത് പോയിട്ട് വരാം”
പരിജയപ്പെടുത്താൻ മറന്നു. ഇതാണ് ജുമാന. ജുമി എന്നാണ് വിളിപ്പേര്. കുഞ്ഞോള് എന്ന് പറയപ്പെടുന്ന അഫീഫ ജുമിയുടെ ഉറ്റസുഹൃത്താണ്. ചെറുപ്പം മുതലേ ഒന്നിച്ചാണ് സ്കൂളിലും മദ്രസയിലുമൊക്കെ. ജുമിയുടെ വീടിനപ്പുറത്തുള്ള വീടാണ് ഈ കുഞ്ഞോളുടെ വീടും. സ്വന്തം വീടുപോലെതന്നെ കുഞ്ഞോളെ വീടിന്റെ ഓരോ മുക്കും മൂലയും ജുമിക്ക് പരിചിതമാണ്.
ബാക്കിയെല്ലാം വഴിയേ മനസ്സിലാകും.
ജുമി അടുക്കളയിൽനിന്നും കുഞ്ഞോളുടെ മുറിയിലേക്ക് നടന്നു.
ബെഡിൽ മൊബൈലും നോക്കിയിരിക്കുന്ന കുഞ്ഞോളെ കണ്ടതും ജുമി പുറകിലൂടെചെന്ന്
“ഠോ…” എന്ന് ശബ്ദമുണ്ടാക്കിയതും കുഞ്ഞോള് ഞെട്ടി തിരിഞ്ഞുനോക്കി.
“കുരിപ്പേ നീയായിരുന്നോ… ആകെ പേടിച്ച് പണ്ടാരടങ്ങിപോയി”
കയ്യിലെ മൊബൈൽ പുറകിലേക്ക് പിടിച്ച് കുഞ്ഞോള് പറഞ്ഞു.
“ഞാൻ തന്നെയാ… അല്ലാ എന്താണ് മൈബൈലിൽ ആയിരുന്നല്ലോ… എന്താണ് ഞാനറിയാതെ വല്ല ചുറ്റിക്കളിയുമുണ്ടോ കുഞ്ഞോളെ”
“പടച്ചോനാണെ അതൊന്നുമല്ല. ചുമ്മാതിങ്ങനെ…”
“ശെരി, ഇന്നെപ്പോഴാ മാമന്റെ വീട്ടിലേക്ക് പോകുന്നത്”
“ഉപ്പാക്ക് ഇന്ന് ഒഴിവില്ലാന്ന്. നാളെ പോവാമെന്നാ പറയുന്നത്”
“ഇന്ന് പോയാലിനി എന്നാ തിരിച്ച്. ഞാനിവിടെ പോസ്റ്റാണ് അത് മറക്കരുത്”
“ഇല്ലമുത്തേ, ഇക്കാടെ കല്യാണം കഴിഞ്ഞാൽ ഉടനെ ഉടനെ തിരിച്ചുവരും. രണ്ടോ മൂന്നോ ദിവസം അത്രയൊള്ളു. നീ വരുന്നോ ഞങ്ങളുടെ കൂടെ”
“ഹാ നല്ലകാര്യമായി. ഞാനൊന്നുല്ല. നീ പോയിട്ട് വായോ” ജുമി അങ്ങനെ പറഞ്ഞെങ്കിലും ഉറ്റ സുഹൃത്ത് പോകുന്നതിലും ഇനിയുള്ള ദിവസങ്ങളിൽ തനിച്ചാകുന്നതിലും അവൾക്ക് അതിയായ സങ്കടം ഉണ്ടായിരുന്നു. കൂടെപ്പിറപ്പ് ഇല്ലാത്ത സങ്കടം അവളറിയുന്നുണ്ടെങ്കിൽ അത് കുഞ്ഞോള് ഇല്ലാത്തപ്പോഴാണ്.
“എന്താ ജുമീ നീ ആലോചിക്കുന്നത്. ഞാൻ ഇന്ന് നിന്റെ ഉമ്മയോടും ഉപ്പയോടും പറയാം. അവര് സമ്മതിക്കും. അപ്പൊ നീ വരില്ലേ”
“ഞാനില്ല. അതും കോഴിക്കോട് എനിക്കൊന്നും വയ്യ അത്രദൂരം കാറിലിരിക്കാൻ”
“ജാടയിടാതെ നീ വന്നേ. നമുക്ക് അലക്കിക്കൊണ്ട് ബാക്കി സംസാരിക്കാം”
കുഞ്ഞോള് കൂട്ടിയിട്ട തുണികളൊക്കെ വാരിക്കൂട്ടി പുറത്തേക്ക് നടന്നു.
അവളുടെ പുറകിലായി ജുമിയും.
കുറച്ച് സമയങ്ങൾക്ക് ശേഷം അലക്കലും വിരിക്കലും എല്ലാംകഴിഞ്ഞ് രണ്ടുപേരും അകത്തേക്ക് കടന്നു.
കുഞ്ഞോള് കുളിക്കാൻ കയറിയപ്പോൾ ജുമി ടേബിളിലിരുന്ന ആൽബമെടുത്തു.
പലവട്ടം കണ്ടതാണെങ്കിലും അത് കാണുമ്പോൾ അവൾക്ക് നല്ല സന്തോഷം തോന്നാറുണ്ട്.
“എന്താ മോളെ, നീയിത് എത്രാമത്തെതവണയാണ് നോക്കുന്നത്. മതിയായില്ലേ നിനക്കിതുവരെ” കുളികഴിഞ്ഞ് മുടിയിൽ ഈറനുമായിവന്ന കുഞ്ഞോള് ചോദിച്ചു.
“എന്താണെന്നറിയില്ല കുഞ്ഞോളെ. ഇതിങ്ങനെ നോക്കുമ്പോൾ സന്തോഷത്തോടുകൂടിയുള്ള നമ്മളുടെ ഓരോ നിമിഷങ്ങളും ഓർമ്മവരും”
“നല്ല രസമായിരുന്നു അല്ലെ നമ്മുടെ കുട്ടിക്കാലം. കഴിഞ്ഞ അഞ്ചാറുവർഷമായി ഇക്ക കൂടെയില്ലാത്തതാണ് എനിക്കിപ്പോ ഏറെ സങ്കടം. വന്നാൽമതിയായിരുന്നു” കുഞ്ഞോളുടെ കണ്ണ് നിറയാൻതുടങ്ങിയതും
“വരും കുഞ്ഞോളെ അക്കുക്ക. നീ വിഷമിക്കാതെ”
“വരാതെ എവിടെപ്പോവാൻ അല്ലെ ജുമീ. ഇതിനൊക്കെ കാരണം ഉപ്പയുടെ വാശിയല്ലേ.”
അക്കു… അക്ബർ എന്നാണ് മുഴുവൻ പേര്. എന്നാലും നാട്ടുകാരും വീട്ടുകാരും ഒരേസ്വരത്തിൽ വിളിക്കുന്നത് അക്കു എന്നാണ്. അവനാളൊരു കില്ലാടിയാണ്. എങ്കിലും കൂട്ടുകാർക്ക് ഒരാവശ്യംവന്നാൽ കൂടെയുണ്ടാകും.
അക്കുവിനെ ഡോക്ടർ ആക്കാനായിരുന്നു ഉപ്പ അബ്‌ദുവിനിഷ്ടം. പക്ഷെ അവന് റിപ്പയറിങ്ങിനോടായിരുന്നു താല്പര്യം.
ഉപ്പുപ്പാന്റെ പഴയ റേഡിയോ റിപ്പയർചെയ്തതായിരുന്നു അവന്റെ തുടക്കം.
ഒരു ദിവസം രാത്രിയിൽ അക്കുവും ഉപ്പയും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ അക്കു വീടുവിട്ടിറങ്ങി. ഇപ്പൊ അഞ്ചാറുവർഷമായി വീട്ടിലൊന്നും വരാറില്ല. എവിടെയാണെന്നോ എന്തുചെയ്യുന്നു എന്നോ ആർക്കുമറിയില്ല.
“എന്താണ് രണ്ടാളും ആലോചനയിലാണല്ലോ. എന്തുപറ്റി” ഉമ്മയുടെ ശബ്ദം റൂമിന്റെ വാതിലിൽനിന്ന് കേട്ടതും രണ്ടുപേരും എഴുനേറ്റ് ഉമ്മയുടെ അരികിലേക്ക് നടന്നു.
“ഒന്നുല്ല ഉമ്മൂസെ. ഞങ്ങളിങ്ങനെ കുട്ടിക്കാലത്തെ കഥകൾ പറയുകയായിരുന്നു” ജുമി ഉമ്മയോട് പറഞ്ഞു.
മൂന്നുപേരും അടുക്കളയിലേക്ക് നടക്കാനൊരുങ്ങിയതും അബ്ദുക്കയുടെ കാറ് മുറ്റത്തെ മരച്ചുവട്ടിൽ വന്നുനിന്നു.
എന്നത്തേയുംപോലെ പുഞ്ചിരി മാഞ്ഞുപോയ വാടിയ മുഖവുമായി അബ്ദുക്ക അകത്തേക്ക് കയറിവന്നു.
അബ്‌ദുക്ക മനസ്സുതുറന്ന് ചിരിച്ചിട്ട് വർഷങ്ങളായി. അക്കു എന്ന ആൺതരി വീടുവിട്ടിറങ്ങിയപ്പോൾ മാഞ്ഞുപോയതാണ് ആ ഉപ്പയുടെ ചിരി. മകന്റെ ഉയർച്ച ആഗ്രഹിച്ച് ഒരു ഡോക്ടറാക്കണം എന്ന് വാശിപിടിക്കുംമുൻപ് അവന്റെ ആഗ്രഹങ്ങൾ അറിയണമായിരുന്നു എന്ന് ഉപ്പാക്ക് തോന്നിയത് അവൻ പോയതിൽപിന്നെയാണ്.
അബ്‌ദുക്ക സോഫയിൽ ഇരുന്ന് കണ്ണുകളച്ചു. അത് കണ്ടതും ഉമ്മയും മക്കളും അടുക്കളയിലേക്ക് നടന്നു.
വർഷങ്ങൾക്ക് മുൻപ്…
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. പതിവുപോലെ അബ്‌ദുക്കയും കുടുംബവും തീന്മേശക്ക് ചുറ്റുമിരുന്ന് ബിരിയാണി കഴിക്കുമ്പോഴാണ് അത് സംഭവിച്ചത്.
“+2 കഴിഞ്ഞില്ലേ അക്കു. ഇനി എന്താ അടുത്തത്”
“അങ്ങനെയൊന്നുല്ല. എനിക്കിഷ്ടം പൊളിച്ചുപണിയുന്നതാണ്. അത് ഇലക്ട്രോണിക്സ് ആയാലും ശെരി അതല്ല വണ്ടികളായാകും കുഴപ്പമില്ല. മെക്കാനിക്ക് ആവണം.”
“ആ ആഗ്രഹം മോനങ്ങോട്ട് മറന്നേക്ക്. നിന്നെ ഡോക്ടറാക്കാനാ എനിക്കിഷ്ടം”
പിന്നീട് രണ്ടുപേരും തർക്കത്തിലായി.
“നിന്നെ ഇത്രയും വളർത്തിവലുതാക്കിയത് ഞാനാണെങ്കിൽ ഞാൻ പറയുന്നത് നീ അനുസരിക്കണം. എന്റെ ആഗ്രഹത്തിന് നീ വിലകല്പിക്കില്ല എങ്കിൽ നിനക്ക് ഇന്നീ പടിയിറങ്ങാം” എന്ന് അബ്ദുക്ക പറഞ്ഞതും ഞെട്ടിയത് അയിഷാത്തയും കുഞ്ഞോളുമാണ്.
“ഉപ്പാ… ഞാൻ വളരെ കഷ്ടപ്പെട്ടാണ് പ്ലസ്‌ടുപോലും പാസായത്. ആ എന്നെ ഡോക്ടറാക്കുക എന്നത് എളുപ്പമല്ല. വെറുതെ ഉപ്പയുടെ പൈസ കളയണ്ട”
എന്നായിരുന്നു അക്കുവിന്റെ മറുപടി.
“മതി നീ കഴിച്ചത്. ഇപ്പൊ ഈ നിമിഷം ഇറങ്ങണം ഇവിടെനിന്ന്” അബദുക്കയുടെ ഉറച്ച ശബ്ദംകേട്ട് അക്കു ഉമ്മയെയും കുഞ്ഞോളേയും നോക്കി.
കുഴച്ചിട്ട ചോറിൽനിന്ന് കൈ ഉയർത്തി അക്കു എഴുനേറ്റു.
മിനിറ്റുകൾക്കുശേഷം കയ്യിലൊരു ബാഗുമായി അക്കു കോണിപ്പടി ഇറങ്ങിവന്നതും ഉമ്മയും അനിയത്തിയും കരയാൻ തുടങ്ങി.
“അവനുവേണ്ടി ഇനി ഇവിടെയാരും കരയരുത്. ഇന്നത്തോടെ ഇവന്റെ പേരിലുള്ള പരാതികൾ തീരുമല്ലോ എന്നോർത്ത് സന്തോഷിക്ക്” എന്ന് അബ്‌ദുക്ക.
“ശെരിയാണ് ഉമ്മാ… അക്കു മഹാ അലമ്പാണ്. ഈ പ്രായത്തിൽത്തന്നെ ഒരുപാട് അലമ്പൊക്കെ ഒപ്പിച്ചിട്ടുണ്ട്. അതിന്റെപേരിലാണ് ഈ ഒഴിവാക്കലെങ്കിൽ അത് പറയണം. അല്ലാതെ എടുത്താൽ പൊങ്ങാത്ത ഭാരം എന്റെതലയിൽ വെക്കാൻനോക്കിയത് പറ്റില്ലാ എന്ന് പറഞ്ഞതുകൊണ്ടല്ലോ”
“നിന്ന് വാജകമടിക്കാതെ എങ്ങോട്ടാണെന്നുവെച്ചാൽ പോകാൻ നോക്ക്” എന്ന് വീണ്ടും ഉപ്പ പറഞ്ഞപ്പോൾ അന്ന് ബാഗുംതൂക്കി ഇറങ്ങിയതാണ് അക്കു.
“ഇക്കാ…” സോഫയിൽ കണ്ണുകളടച്ച് എന്തോ ആലോചിക്കുന്ന അബ്ദുക്കയെ ഭാര്യ ആയിഷ പതിയെ തട്ടിവിളിച്ചു.
അബ്ദുക്ക കണ്ണുതുറന്ന് അയിഷാത്തയെ നോക്കി
“എന്തെ ആയിഷാ” എന്ന് ചോദിച്ചു.
“ഇന്നും ആരോടെങ്കിലും ചോദിച്ചുകാണും നമ്മുടെ മോനെ. കണ്ടില്ല എന്ന് മറുപടിയും കേട്ടിട്ടുണ്ടാകുമല്ലേ” എന്ന് ആയിഷാത്ത പറയുമ്പോൾ ആ ശബ്ദമിടറുന്നത് അബ്ദുക്കയറിഞ്ഞു.
“വിഷമിക്കാതെ ആയിഷാ. അക്കു അവന്റെ ഇഷ്ടപ്രകാരം പോയതല്ലല്ലോ… ഞാനായിട്ട് ഇറക്കിവിട്ടതല്ലേ. അതുകൊണ്ടാവും നമ്മുടെമോൻ തിരികെ വരാത്തത്, അക്കു ഏതെങ്കിലും നാട്ടിൽ സുഖമായി ജീവിക്കുന്നുണ്ടാവും. എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാൽ പോയി കൂട്ടിക്കൊണ്ടുവരാനാ ഞാൻ കാണുന്നവരോടൊക്കെ അക്കുവിനെപ്പറ്റി ചോദിക്കുന്നത്. പക്ഷെ ആരുമാരും കണ്ടവരില്ല”
“നിങ്ങളുടെ മകനല്ലേ… നിങ്ങളുടെ അതേ വാശിയും വീറും അവനുമുണ്ടാവും. എന്നെങ്കിലും ഒരുദിവസം അക്കു വരും നമ്മുടെ അടുത്തേക്ക്”
അവർ പരസ്പരം അവരെത്തന്നെ ആശ്വസിപ്പിച്ചു.
പള്ളിമിനാരത്തിൽനിന്നും ളുഹർബാങ്കിന്റെ ഈരടിമുഴങ്ങിയതും അബ്‌ദുക്ക എഴുനേറ്റ് പള്ളിയിലേക്ക് നടന്നു.
അടുക്കളയിലെ പണികളൊതുക്കി ആയിഷാത്തയും നിസ്കാരപ്പായവിരിച്ചു.
പള്ളിയിലെ നിസ്കാരവുംകഴിഞ്ഞ് അബ്‌ദുക്ക പതിയെ വീട്ടിലേക്ക് നടക്കുമ്പോഴാണ് പുറകിൽനിന്നും
“അബ്‌ദുക്കാ… അബ്‌ദുക്കാ ഒന്ന് നിന്നെ” എന്ന വിളി കേട്ടത്.
അബ്‌ദുക്ക തിരിഞ്ഞുനിക്കിയപ്പോൾ ലോറി ഡ്രൈവറായ അശോകൻ.
“എന്താ അശോകാ…?” അബ്‌ദുക്ക ചോദിച്ചു.
“ഞാൻ ഇന്നലെ കൊച്ചിയിലേക്ക് ഒരു ലോഡിനുവേണ്ടി പോയിരുന്നു. അവിടെവെച്ച് വണ്ടിയൊന്ന് കേടായി. വർക്ഷോപ് തേടിപ്പിടിച്ച് അവിടെ ചെന്ന് വിവരംപറഞ്ഞപ്പോൾ ആളെ വിടാമെന്നുപറഞ്ഞു. ലോറി ശെരിയാക്കാൻ വന്നത് അബ്ദുക്കയുടെ മകനാണോ എന്നൊരു സംശയം.”
അശോകൻ പറഞ്ഞ വാക്കുകൾ വിശ്വസിക്കാനാവാതെ അബ്‌ദുക്ക മിഴിച്ചുനിന്നു.
“അവനറിയാതെ അവന്റെ ഒരു ഫോട്ടോ ഞാനെടുത്തിട്ടുണ്ട്” അശോകൻ ഫോണിൽനിന്നും അയാൾ പകർത്തിയ ചിത്രം അബദുക്കയെ കാണിച്ചു.
“റബ്ബേ… എന്റെ അക്കു. ഇത് എന്റെ മകനാണ് അശോകാ… എന്റെമോനിപ്പോ എവിടെയാ… എനിക്ക് കാണണം അവനെ” അബദുക്കയുടെ കണ്ണുകൾ നിറയുന്നത് അശോകൻചേട്ടൻ കണ്ടു.
അയാൾ അക്കു ജോലിചെയ്യുന്ന വർക്ഷോപ്പിന്റെ ശെരിയായ സ്ഥലം വളരെ വ്യക്തമാക്കി പറഞ്ഞുകൊടുത്തതും
“നിനക്ക് എന്റെകൂടെ വരാൻകഴിയുമോ ഇന്ന്” എന്ന് അബ്‌ദുക്ക.
“അയ്യോ ഇക്കാ എനിക്കിന്ന് കോഴിക്കോട് പോകേണ്ടതുണ്ട്. നാളെ പോയാമതിയെങ്കിൽ ഞാൻ വരാം”
“അത് പറ്റില്ല. എനിക്ക് ഇന്നുതന്നെ പോണം. എന്റെ മോനെ കാണണം. നിനക്ക് ജോലിയുണ്ടെങ്കിൽ അത് മുടക്കംവരുത്തേണ്ട. ഞാൻ പോയേക്കാം”
അതുവരെ പതിയെ നടന്ന അബ്‌ദുക്ക പിന്നീട് നടത്തത്തിന് വേഗത കൂട്ടി.
വളരെ വേഗത്തിൽ നടന്നും ഓടിയും വീടിനകത്തേക് വരുന്ന ഉപ്പയെകണ്ടത്തിബും കുഞ്ഞോള്
“എന്താ ഉപ്പാ… എന്തുപറ്റി” എന്ന് ചോദിച്ചെങ്കിലും ഉപ്പയിൽനിന്ന് മറുപടിയൊന്നും കേട്ടില്ല.
“ആയിഷാ കാറിന്റെ ചാവികണ്ടോ നീ” എന്ന് ഉറക്കെ ചോദിച്ചതും അയിഷാത്തയും അടുക്കളയിൽനിന്നും ഓടിയെത്തി.
ടേബിളിൽ ഇരിക്കുന്ന കാറിന്റെ ചാവിയെടുത്ത് അബ്ദുക്കാക്ക് നേരെ നീട്ടുമ്പോൾ
“ഇത്ര വെപ്രാളപ്പെട്ട് എങ്ങോട്ടാ പോകുന്നത്. കഴിച്ചിട്ട് പൊയ്ക്കൂടേ” എന്ന് ആയിഷാത്ത ചോദിച്ചു.
“പറ്റില്ല. കഴിക്കാനൊന്നും സമയമില്ല. എനിക്ക് എന്റെ അക്കുവിനെ കാണണം” എന്ന് അബ്ദുക്ക പറഞ്ഞതും അയിഷാത്തയും കുഞ്ഞോളും ഒന്ന് ഞെട്ടി.
“അതിന് അക്കു എവിടെയുണ്ടെന്ന് അറിയുമോ…?”
“അറിഞ്ഞു. നേരിട്ടല്ലെങ്കിക്കും അവനെ ഞാൻ കണ്ടു. അവനെ കാണണം. അതിന് പോവുകയാ ഞാൻ”
വഴിയിൽവെച്ച് അശോകനെ കണ്ടതും അശോകൻ പറഞ്ഞ കാര്യങ്ങളും അബ്‌ദുക്ക അവർക്കുമുന്നിൽ വിവരിച്ചു. ഇതൊക്കെ കേട്ട് സന്തോഷംകൊണ്ടായിരിക്കാം ആ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞത്.
“എങ്കിൽ ഞാനുമുണ്ട്. എനിക്കും കാണണം എന്റെ അക്കൂനെ”
“എനിക്കും” എന്ന് കുഞ്ഞോളും പറഞ്ഞു.
തിരക്കിട്ട് വാതുലുകളും ജനാലകളും അടച്ച് ആയിഷാത്തയും കുഞ്ഞോളും അബ്ദുക്കയുടെകൂടെ കാറിൽകയറി.
“ഇക്ക എവിടെയാ ഉള്ളത്” വേഗത്തിൽ കാറോടിക്കുന്ന ഉപ്പയോട് കുഞ്ഞോള് ചോദിച്ചു.
“കൊച്ചിയിലാണ്” എന്ന് അബ്‌ദുക്ക മറുപടിനൽകി.
അത് കേട്ടതും കുഞ്ഞോള് മൊബൈൽ എടുത്ത്
“ജുമീ… ഞങ്ങൾ അക്കുക്കയെ കാണാൻ പോവുകയാ. കൊച്ചിയിൽ എതോ വർക്ഷോപ്പിൽ ഉണ്ടെന്ന് ആരോപറഞ്ഞ് ഉപ്പയറിഞ്ഞു. അങ്ങോട്ടുള്ള യാത്രയിലാണ്. ബാക്കി വിശേഷങ്ങൾ വന്നിട്ട് പറയാം” എന്ന് ജുമിക്ക് മെസ്സേജ് അയച്ചു.
വല്ലാത്ത പ്രതീക്ഷയിലാണ് മൂവരും. രണ്ടരമണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ആ കാറ് അശോകൻചേട്ടൻ പറഞ്ഞ വർക്ഷോപ്പിനുമുന്നിൽ എത്തി.
അഴിച്ചുപണിയുന്ന ഒരു കാറിനുമുന്നിൽ അബ്ദുക്കയുടെ കാറ് ചെന്നുനിന്നു.
“നിങ്ങളിവിടെ ഇരിക്ക്, ഞാനിപ്പോ വരാം” അബ്‌ദുക്ക അവരോടപറഞ്ഞ് പുറത്തിറങ്ങി.
കാറിലിരിക്കുന്ന അയിഷാത്തയും കുഞ്ഞോളും ചുറ്റും കണ്ണൂടിക്കുന്നുണ്ട്. വളരെ പ്രതീക്ഷയിൽ ഓരോരുത്തരെയും മാറിമാറി നോക്കുമ്പോൾ നിരാശയായിരുന്നു ഫലം.
അബ്‌ദുക്ക പണിയെടുക്കുന്നവർക്കിടയിലൂടെ മകനെയും പ്രതീക്ഷിച്ച് നടന്നു.
“ആരെയാ തിരയുന്നത്…?” എന്ന ചോദ്യം കേട്ടതും അബ്‌ദുക്ക തിരിഞ്ഞുനോക്കി.
“ഞാൻ അബ്ദു. കുറച്ച് ദൂരെനിന്നും വരികയാണ്”
“വണ്ടിക്ക് എന്താ പ്രശ്നം…?
“ഇല്ല കാറിന് കുഴപ്പമിന്നുമില്ല. ഞാൻ എന്റെമകനെ തേടിയിറങ്ങിയതാണ്”
“മകനോ…?”
“അതേ. അക്ബർ എന്നാണ് അവന്റെ പേര്” എന്ന് അബ്ദുക്ക പറഞ്ഞതും അയാളുടെ കണ്ണുകൾ വിടർന്നു.
“റബ്ബേ… ആക്കുമോന്റെ ഉപ്പയാണോ. വാ നമുക്ക് അകത്തേക്കിരിക്കാം”
“വേണ്ട. കാറിൽ അക്കൂന്റെ ഉമ്മയും അനിയത്തിയുമുണ്ട്. അക്കു എവിടെയാണ് അവനെയൊന്ന് വിളിക്കാമോ. അല്ലങ്കിൽ നമ്പർ തന്നാൽ ഞാൻ വിളിക്കാം”
“അക്കു വഴിയിൽ നിന്നുപോയ വണ്ടി നോക്കാൻ പോയിരിക്കുകയാ. ഞാൻ വിളിക്കാം” അയാള് ഗ്രീസുപുരണ്ട പാന്റിന്റെ പോക്കറ്റിൽനിന്ന് മൊബൈൽ എടുത്ത് അക്കൂനെ വിളിച്ചു.
“സ്വിച്ചോഫ്” എന്ന പ്രതികരണം കേട്ടപ്പോൾ
“അവനിപ്പോ വരും. കുറച്ചുനേരമായി പോയിട്ട്. ഫോൺ ഓഫയെന്നാ തോന്നുന്നത്” എന്നുപറഞ്ഞ് അബദുക്കയെയുംകൊണ്ട് പുറത്തേക്കിറങ്ങി കാറിനടുത്തേക്ക് നടന്നു.
അവർ കാറിനടുത്തെത്തിയതും ആയിഷാത്തയും കുഞ്ഞോളും പുറത്തിറങ്ങി.
“എന്തായി കണ്ടോ അക്കൂനെ…?” എന്ന് ആയിഷാത്ത.
“പേടിക്കണ്ട. അവനിപ്പോ വരും. പുറത്ത് പോയതാ” എന്ന് അയാള് മറുപടിപറഞ്ഞു.
“ഇതാണോ അക്കൂന്റെ അനിയത്തി…?” എന്ന അയാളുടെ മറുചോദ്യത്തിന്
“അതേ” എന്ന് കുഞ്ഞോള് തലയാട്ടി.
“എന്താ മോൾടെ പേര്”
“അഫീഫ”
“പഠിക്കുകയാണോ…?”
“ആ. പ്ലസ്ടു കഴിഞ്ഞു”
“കുടുമ്പം ഒന്നിച്ചുവന്നത് അക്കൂനെ കൊണ്ടുപോകാനാണോ…?”
“വരുമെങ്കിൽ കൊണ്ടുപോണം. വർഷം കുറച്ചായി അവനെ കാണാതെ വീർപ്പുമുട്ടുന്നു” എന്ന് അബ്‌ദുക്ക.
“അബ്‌ദുക്കാ… അക്കു ഈ പ്രദേശത്തുള്ള മെക്കാനിക്കുകളിൽ ഏറ്റവും നല്ല മെക്കാനിക്കാ. ഏത് വണ്ടിയാണേലും അക്കു കൈവെക്കും. ഒരു പേടിയുമില്ല. അവന്റെ മിടുക്ക്കാരണമാണ് ഇതിങ്ങനെ വളർന്നത്. പെട്ടെന്നൊരുദിവസം അക്കൂനെ ഇവിടുന്ന് കൊണ്ടുപോയാൽ ഞങ്ങൾക്ക് അതൊരു പ്രയാസമാകും. എന്നെക്കാളേറെ എന്റെ ഫാത്തിമക്ക്”
അയാള് അബദുക്കയോട് എന്തൊക്കെയോ പറയാൻ തുടങ്ങിയതും ബുള്ളറ്റിന്റെ ശബ്ദം കേട്ട് അയാൾ പുറത്തേക്ക് നോക്കി.
“അതാവരുന്നു നിങ്ങൾ അന്വേഷിച്ചുവന്ന നിങ്ങളുടെ അക്കു” എന്ന് അയാൾ പറഞ്ഞതും മൂവർസങ്കം തിരിഞ്ഞുനോക്കി.
ബുള്ളറ്റിലേറി വരുന്ന അക്കൂനെ കണ്ടതും ആ ഉമ്മയുടെ മിഴികളിൽ നനവ് പടർന്നു.
“റബ്ബേ എന്റെ അക്കു…”
“നിങ്ങൾ കാറിലിരിക്ക്” എന്ന് അയാൾ അവരോട്പറഞ്ഞതും മൂന്നുപരും കാറിൽകയറിയിരുന്നു.
വർക്ഷോപ്പിന്റെ ഒഴിഞ്ഞ ഒരുഭാഗത്ത് ബുള്ളറ്റ്‌നിർത്തി ടൂൾബോക്സ് കയ്യില്പിടിക്ക് അക്കു അയാളുടെ അടുത്തേക്ക് ച്ചെന്നു.
“നൗഷാദ്ക്കാ എന്താണ് പുറത്ത് നിൽക്കുന്നത്. എന്തുപറ്റി…?” എന്ന് അക്കു അയാളോട് ചോദിച്ചു.
“ഒന്നുല്ല മോനെ. നീ ആ കാറുകണ്ടോ. അതിന്റെ ഗിയർ വീഴുന്നില്ല. അതൊന്ന് നോക്ക്”
അക്കൂന്റെ ഉമ്മയും ഉപ്പയും അനിയത്തിയുമിരിക്കുന്ന കാറിനെ ചൂണ്ടി അയാൾ പറഞ്ഞു.
അക്കു ടൂൾബോക്സുമായി ആ കാറിനടുത്തേക്ക് നടന്നു.
അന്ന് വീടുവിട്ടിറങ്ങിയ ആ പൊടിമീശക്കാരനല്ല ഇന്ന് അക്കു. നല്ല ഒത്തൊരു പുരുഷനായി മാറിയിരിക്കുന്നു. ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ ഓയിലും ഗ്രീസും പറ്റിയിട്ടുണ്ട്. എങ്കിലും വെട്ടിയൊതുക്കിയ താടിയുംവെച്ച് നെഞ്ചുംവിരിച്ചുവരുന്ന അക്കൂനെ കണ്ടപ്പോൾ കാറിലിരിക്കുന്നവർക്ക് കളഞ്ഞുപോയതിനെ തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു.
കയ്യിലിരിക്കുന്ന ടൂൾബോക്സ് താഴെവെച്ച് കാറിന്റെ ഡോർതുറന്നതും അക്കു ഞെട്ടിപ്പോയി.
[തുടരും…]
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
F_B_L ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission