ചേച്ചി ഇത്ര പാവമായി പോയല്ലോ ?എൻ്റെ ചേച്ചീ… സിബിച്ചൻ അങ്ങനെ പറയുമെന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ? ഞാൻ ചേച്ചിയെ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ?
അലീനയുടെ മുഖം പെട്ടെന്ന് വാടിയത് കണ്ട്, ആൻസിയവളെ സമാധാനിപ്പിച്ചു.
അല്ലേലും എനിക്കറിയാം, സിബിച്ചായന് എന്നെ ജീവനാണെന്ന്
ജാള്യതയൊളിപ്പിക്കാൻ അലീന ,അനുജത്തിയുടെ മുന്നിൽ പ്ളയിറ്റ് മറിച്ചു.
###################
ഇന്ന് അവർക്ക് രണ്ട് പേർക്കും എൻ്റെയൊപ്പം കിടക്കണമെന്ന്
അത്താഴം കഴിഞ്ഞ്, മരമില്ലിലെ കണക്ക് ബുക്ക് പരിശോധിച്ച് കൊണ്ടിരിക്കുമ്പോൾ,സിബിച്ചനോട്, അലീന നിരാശയോടെ പറഞ്ഞു
അനുജത്തിമാരുടെ ആഗ്രഹമല്ലേ? നീയതങ്ങ് സാധിച്ച് കൊടുത്തേക്ക്
കണ്ടോ സിബിച്ചനപ്പോൾ, ഞാൻ കൂടെയുണ്ടാവണമെന്ന് നിർബന്ധമില്ലല്ലേ?
അവൾ പരിഭവിച്ചു.
ഓഹ് എൻ്റെ കൊച്ചേ … ഒരു രാത്രിയല്ലേ അവരാവശ്യപ്പെടുന്നുള്ളു ,
അത്രയും നേരം നമ്മുടെ രണ്ട് പേരുടെയും ശരീരങ്ങൾ മാത്രമേ ഒരു ചുമരിൻ്റെ രണ്ട് വശത്താകുന്നുള്ളു ,ഹൃദയങ്ങൾ ഒരിക്കലും അകലുന്നില്ലല്ലോ?
ഓഹ് എന്നാലും ഈ നെഞ്ചിലെ ചൂടില്ലാതെ, എനിക്ക് ഉറക്കം വരില്ല
അതെനിക്കുമുണ്ടാവില്ല, കാരണം കല്യാണത്തിന് ശേഷം നമ്മളാദ്യമല്ലേ ഇങ്ങനെ രണ്ട് മുറിയിൽ കിടക്കുന്നത് ,ഇതിപ്പോൾ മറ്റാർക്കും വേണ്ടിയല്ലല്ലോ സ്വന്തം കൂടപ്പിറപ്പുകൾക്ക് വേണ്ടിയല്ലേ?
ഉം എന്നാൽ ശരി
മനസ്സില്ലാ മനസ്സോടെയവൾ തിരിഞ്ഞ് നടന്നപ്പോൾ, സിബിച്ചൻ അവളുടെ കയ്യിൽ കടന്ന് പിടിച്ചു.
ഒരു ഉമ്മയെങ്കിലും തന്നിട്ട് പോടോ,
അതിൻ്റെ ത്രില്ലിൽ എനിക്ക് കിടക്കാമല്ലോ
അയ്യടാ അങ്ങനിപ്പോൾ സുഖിക്കണ്ടാ ,ഞാനൊരു ചുംബനം തരാനായി രാത്രിയിലെ ഏതെങ്കിലുമൊരു യാമത്തിലിവിടെ വരും ,അത് വരെ എന്നെ പ്രതീക്ഷിച്ച് ഉറക്കമിളച്ച് നിങ്ങളിവിടെ കാത്തിരിക്കുന്നുണ്ടോ? എന്ന് എനിക്കൊന്നറിയണം
എടീ ദുഷ്ടേ… അത്രയ്ക്ക് വേണമായിരുന്നോ ?
ഞാൻ ചുമ്മാ പറഞ്ഞതല്ലേ എൻ്റെ കെട്ടിയോനേ …
അതും പറഞ്ഞവൾ ,സിബിച്ചൻ്റെ കവിളത്തൊരുമ്മ കൊടുത്തിട്ട്,അനുജത്തിമാര് കിടക്കുന്ന മുറിയിലേക്ക് പോയി.
###################
എന്നാൽ ഞങ്ങളിറങ്ങട്ടെ മോളേ… രണ്ട് ദിവസം പോയതറിഞ്ഞില്ല
തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകാൻ കാറിൽ കയറുന്നതിന് മുമ്പ് അന്നാമ്മ മോളോട് യാത്ര ചോദിച്ചു.
പോയിട്ട് വാ അമ്മേ ഞങ്ങളിടയ്ക്ക് അങ്ങോട്ടിറങ്ങാം
അലീന സങ്കടത്തോടെ അവരെ യാത്രയാക്കി.
ദിവസങ്ങൾ പിന്നെയും കടന്ന് പോയിക്കൊണ്ടിരുന്നു ,പഴയ വാർഷിക കലണ്ടറിന് പകരം പുതിയകലണ്ടർ ചുമരിൽ സ്ഥാനം പിടിച്ചു.
സിബിച്ചാ… നാളെയെന്താ ദിവസമെന്ന് ഓർമ്മയുണ്ടോ?
രാത്രിയിൽ ,ബെഡ്ഷീറ്റ് മാറ്റി വിരിക്കുമ്പോൾ അലീന ചോദിച്ചു.
എന്താടീ നിൻ്റെ അപ്പാപ്പൻ്റെ ഓർമ്മദിനമാണോ
ഒന്ന് പോ സിബിച്ചാ … നാളെ നമ്മുടെ വെഡ്ഡിങ്ങ് ആനിവേഴ്സറിയാ
ങ്ഹേ സത്യമാണോ?എന്നാൽ നമുക്കതൊന്ന് ആഘോഷിക്കണമല്ലോ
അത് വേണോ സിബിച്ചാ…?
അതെന്താടോ, നമ്മുടെ വിവാഹ വാർഷികം നമ്മളല്ലാതെ പിന്നെയാ രാ ആഘോഷിക്കുന്നത് ?
അതല്ല സിബിച്ചാ.. നാളെയിവിടെ വരുന്നവരെല്ലാം ആദ്യം ചോദിക്കുന്നത് എന്തായിരിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
അത് പിന്നെ, ആണുങ്ങളൊക്കെ സ്കോച്ചും, പെണ്ണുങ്ങൾ ബിയറുമായിരിക്കും
ഓഹ് ഒരളിഞ്ഞ കോമഡി ,എൻ്റെ സിബിച്ചാ… ഞാൻ സീരിയസ്സായിട്ടാണ് പറഞ്ഞത് ,കല്യാണം കഴിഞ്ഞ് വർഷമൊന്നായിട്ടും, നിനക്ക് വിശേഷമൊന്നുമായില്ലേന്ന് വന്ന് കയറുന്ന പെണ്ണുങ്ങളെല്ലാം ചോദിക്കും
അത് കേട്ടപ്പോൾ സിബിച്ചൻ്റെ മുഖത്ത് മ്ളാനത പരന്നു.
ഉം അത് ശരിയാ നീ പറഞ്ഞത്, അeപ്പാൾ നമുക്ക് തല്ക്കാലം ആഘോഷമൊഴിവാക്കാം, നാളെ നമ്മളൊരു കേക്ക് വാങ്ങിച്ചിട്ട്, ഈ മുറിയിൽ വച്ച് നമ്മൾ രണ്ട് പേരും ചേർന്ന് മുറിക്കുന്നു, അത് പോരെ?
അതല്ല സിബിച്ചാ.. നമുക്ക് നാളെയൊന്ന് ഗൈനക് ഡോക്ടറെ കാണാൻ പോകണം
അത് വേണോ? കുറച്ച് നാള് കൂടി കഴിഞ്ഞു ഡോക്ടറെ കണ്ടാൽ പോരെ?
പോര സിബിച്ചാ… നമുക്ക് നാളെ തന്നെ പോകാം
ഓകെ നാളെ എങ്കിൽ നാളെ, നീയാ ലൈറ്റ് ഓഫ് ചെയ്തിട്ട് വാ കിടക്കണ്ടേ?
പിറ്റേന്ന് ഉച്ചയൂണ് കഴിഞ്ഞയുടനെ, സിബിച്ചൻ അലീനയെയും കൂട്ടി ,
ഡോക്ടറെ കാണാൻ പോയി ,വൈകുന്നേരമാകുമ്പോൾ ചേട്ടത്തിമാരൊക്കെ ജോലി കഴിഞ്ഞ് വരുമെന്നും അതിന് മുമ്പേ പോയി വരാമെന്നും കരുതിയാണ് അവർ നേരത്തെയിറങ്ങിയത്, ഇല്ലെങ്കിൽ അതിനും കൂടി, അവരുടെ കുത്ത് വാക്കുകൾ കേൾക്കേണ്ടി വരുമെന്ന്, അലീനയ്ക്കറിയാമായിരുന്നു.
ഡോക്ടർ രണ്ട് പേരെയും പരിശോധിച്ച് ഗുളികകൾ കൊടുത്തതിനൊപ്പം ചില ടെസ്റ്റുകളും പുറത്ത് നിന്ന് ചെയ്യാനായി എഴുതി കൊടുത്തു.
മൂന്ന് മാസം ഗുളിക കഴിച്ചതിന് ശേഷം, വ്യത്യാസമൊന്നും കാണുന്നില്ലെങ്കിൽ ,ടെസ്റ്റ് ചെയ്ത റിസൾട്ടുമായി വന്നാൽ മതിയെന്ന് ഡോക്ടർ അവരോട് നിർദ്ദേശിച്ചു.
തിരിച്ച് മാളിയേക്കലേക്ക് വരുന്ന വഴി, വലിയ പള്ളിയുടെ മുന്നിൽ കാറ് നിർത്താൻ അലീന സിബിച്ചനോട് പറഞ്ഞു.
പള്ളിയുടെ പ്രധാന കവാടത്തിൽ സ്ഥാപിച്ചിരുന്ന,രൂപക്കൂടിന് മുന്നിൽ, അലീന മെഴുകുതിരി കത്തിച്ച് വച്ചിട്ട് മനസ്സുരുകി പ്രാർത്ഥിച്ചു.
വിശുദ്ധനായ പുണ്യാളാ.. ഞങ്ങൾക്ക് രണ്ട് പേർക്കും തകരാറുകളൊന്നും കാണരുതേ?
പിന്നീടുള്ള മൂന്ന് മാസം മൂന്ന് വർഷം പോലെയാണ് അവർക്ക് തോന്നിയത് ,ഡോക്ടർ കൊടുത്ത ടാബ്ലറ്റുകൾ തീർന്ന ദിവസം തന്നെ, അവർ, ടെസ്റ്റുകൾക്കായി ലാബിൽ പോയി.
റിസൾട്ട് കിട്ടാൻ പിന്നെയും രണ്ട് ദിവസം താമസിക്കുമെന്ന് പറഞ്ഞപ്പോൾ വീണ്ടുമവർ അക്ഷമരായി.
രണ്ട് ദിവസം കഴിഞ്ഞ് ലാബിൽ നിന്ന് ലഭിച്ച റിസൾട്ടുമായവർ ഡോക്ടറുടെ ക്യാബിനിലേക്ക് കയറി
ഡോക്ടർ വിശദമായി റിസൾട്ട് പരിശോധിക്കുമ്പോൾ, അലീന തൻ്റെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കണം ,കർച്ചീഫ് കൊണ്ട് തുടച്ചു.
അലീന ഈസ് പെർഫെക്ട്ലി ഓൾ റൈറ്റ്, യൂട്രസ്സ് നോർമലാണ്,അണ്ഡോല്പാദനത്തിന് തടസ്സം നില്ക്കുന്ന സിസ്റ്റുകളൊന്നും ഓവറിയിൽ കാണുന്നുമില്ല, ഇനി എനിക്ക് ചോദിക്കാനുള്ളത് സിബിസ്കറിയയോടാണ്
എന്താണ് ഡോക്ടർ ചോദിച്ചോളു
സിബി മദ്യപിക്കാറുണ്ടോ ?
അത് പിന്നെ ഡോക്ടർ … ഞാൻ .. മുമ്പ്, നല്ലൊരു മദ്യപാനിയായിരുന്നു പക്ഷേ ,ഇപ്പോഴത് വല്ലപ്പോഴുമേയുള്ളു ,എന്താ ഡോക്ടർ
അങ്ങനെയെങ്കിൽ ഒരു പക്ഷേ അത് തന്നെയാവാം നിങ്ങളുടെ ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണം ,ലാബിൽ നിന്ന് വന്ന റിസൾട്ടിൽ ,സിബിയുടെ സ്പേംകൗണ്ട് വെരി ലോയാണ്,
സിബിക്ക് കൗണ്ട് തീരെ കുറവാണെന്നുള്ളത്, അലീനയുടെ ഗർഭധാരണത്തിന് വലിയ വെല്ല് വിളിയാണ്, എന്ന് വച്ച് ഭാവിയിൽ എന്തെങ്കിലും അത്ഭുതത്തിനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല, അത് കൊണ്ട് പ്രത്യാശ കൈവിടാതെ ചികിത്സ തുടരണമെന്നാണ് എനിക്ക് പറയാനുള്ളത്
ഡോക്ടറുടെ മറുപടി ,അവരെ അക്ഷരാർത്ഥത്തിൽ തകർത്ത് കളഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് നിങ്ങൾ, തീരെ നിരാശരാവേണ്ട കാര്യമില്ല ,ചികിത്സ ഫലം കാണാതെവന്നാൽ ,അഡോപ്ഷൻ പോലെയുള്ള മറ്റ് മാർഗ്ഗങ്ങൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്, അതിലൂടെ അനാഥനായ ഒരു കുഞ്ഞിന് കൂടി, മെച്ചപ്പെട്ടൊരു ജീവിതം ലഭിക്കും
ഡോക്ടർ അവരെ സമാധാനിപ്പിച്ച് പറഞ്ഞയച്ചു .
തിരിച്ച് കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ,മൂകനായിരുന്ന് ഡ്രൈവ് ചെയ്യുന്ന ,സിബിച്ചൻ്റെ തോളിലേക്ക് അലീന, ചാഞ്ഞ് കിടന്നു.
സിബിച്ചനെന്തിനാ വിഷമിക്കുന്നത് നമുക്ക് താലോലിക്കാൻ നമ്മൾ തന്നെ ധാരാളമല്ലേ?
അതല്ലെടീ എന്നെങ്കിലുമൊരിക്കൽ മറ്റുള്ളവർ ചോദിക്കുമ്പോൾ നമ്മളെന്ത് മറുപടി പറയും
അതിന് എൻ്റെ തകരാറ് കൊണ്ടാണെന്ന് പറഞ്ഞാൽ മതി
ഇല്ലെങ്കിൽ സിബിച്ചനെ എല്ലാവരും വീണ്ടും കുറ്റപ്പെടുത്താൻ തുടങ്ങും നിങ്ങളുടെ അമിത മദ്യപാനം മൂലം ദൈവം നിങ്ങൾക്ക് തന്ന ശിക്ഷയാണെന്ന് പോലും അവർ പറയും അത് വേണ്ട അതെനിക്ക് സഹിക്കില്ല ആ കുറവ് കൂടി എൻ്റെ പേരിൽ കിടക്കട്ടെ ,എനിക്കെന്തായാലും ഈ ജീവിതം സ്കറിയാമാഷിൻ്റെയും സിബിച്ചൻ്റെയും ഔദാര്യത്തിൽ കിട്ടിയതാണ്, ഞാനതിൽ പൂർണ്ണ സംതൃപ്തയുമാണ്, അത് കൊണ്ട് മറ്റുള്ളവർ എന്നെ പുശ്ചിക്കുന്നതും കുത്ത് വാക്ക് പറയുന്നതും എനിക്ക് ശീലമായി കഴിഞ്ഞു
കുറവുകളൊന്നുമില്ലാത്ത നിൻ്റെ വ്യകതിത്വത്തെ ,മറ്റുള്ളവർക്ക് അടിയറ വച്ചിട്ട് ,എനിക്ക് വേണ്ടി സഹിക്കുന്ന ഈ ത്യാഗത്തിന് പകരം, ഞാനെന്താണ് നിനക്ക് തരേണ്ടത്?
എനിക്ക് നിന്നെ മാത്രം മതി സിബിച്ചാ… നിൻ്റെ കറയറ്റ സ്നേഹമാണ് മറ്റെന്തിനെക്കാളും എനിക്ക് വിലപ്പെട്ടത്
അലീനയുടെ ആ പിന്തുണ സിബിച്ചന് വലിയ ആശ്വാസമായിരുന്നു.
തുടരും.
രചന
സജി തൈപ്പറമ്പ്.
NB :- ഞാനീ കഥയിൽ, അവിഹിതം കലർത്താതെയും, ട്രാജഡികളൊഴിവാക്കിയുമാണ് മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കുന്നത് ,ചില ഭാഗങ്ങൾ അവസാനിപ്പിക്കുമ്പോൾ എന്തെങ്കിലും ട്വിസ്റ്റുകൾ കൊണ്ട് വരുക എന്നുള്ളത് വായനയുടെ വിരസതയൊഴിവാക്കാനും അടുത്ത വായനയ്ക്കുള്ള ഊർജ്ജമുല്പാദിക്കാനുമാണ്,
പക്ഷേ ചുരുക്കം ചിലരതിനെ മുൻവിധിയോടെ കാണുകയും കഥയുടെ സ്വാഭാവികമായ ഒഴുക്കിനെ വഴിതിരിച്ച് വിടാനുള്ള സമ്മർദ്ദം എന്നിൽ ചെലുത്തുകയും ചെയ്യുന്നത് എൻ്റെ സ്വതന്ത്രമായ ആവിഷ്കാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിനയപൂർവ്വം ഞാനറിയിക്കുന്നു, വീണ്ടും നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിച്ച് കൊണ്ട് നിങ്ങളുടെ സ്വന്തം സജി തൈപ്പറമ്പ്.
സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
കഥ സൂപ്പറാവുന്നുണ്ട് …. ഓരോ ഭാഗം വായിയ്ക്കുന്തോറും ആകാംഷ കൂടി വരുന്നുണ്ട് ….. അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു ….