തിരികെ മുറിയിൽ എത്തിയപ്പോൾ ചെറിയമ്മ പാതി മയക്കത്തിൽ ആയിരുന്നു…..
പാവം…. ഇന്നുവരെയും ഒരു ദ്രോഹം ഒരു ജീവിയോട് പോലും ചെയ്തിട്ടില്ല .. അങ്ങനെ ഉള്ള ചെറിയമ്മയ്ക്ക് ഇത്രയും വേദന എന്തിനു കൊടുത്തു …..
ഞാൻ ആ ഭിത്തിയിൽ ചാരി താഴേക്ക് ഊർന്നു നിലത്തു ഇരുന്നു. കൈകാലുകൾ ശക്തി ഇല്ലാത്തത് പോലെ…. കുറച്ചു നേരം കഴിഞ്ഞു ഒന്നുരണ്ടു നേഴ്സ് റൂമിലേക്ക് വന്നു ചെറിയമ്മയുടെ കയ്യിൽ നിന്നും ട്രിപ്പ് മാറ്റി അവർ എന്നെ തിരിഞ്ഞു നോക്കി….. അവർ തന്നെ അവിടെ ഇരുന്ന സാധനങ്ങൾ ഒക്കെ അവർ തന്നെ ബാഗിന്റെ ഉള്ളിൽ എടുത്തു വച്ചു…..
അവരിൽ ഒരാൾ വന്നു എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു….
“ഇയാൾ ഇങ്ങനെ തളർന്നു പോയാലോ? “……അമ്മയുടെ കൂടെ ധൈര്യമായി നിൽക്കണ്ടേ “.തന്റെ മുഖത്ത് നിന്നാണ് അമ്മ ഇനി അമ്മയുടെ രോഗം വായിച്ചു മനസിലാക്കുന്നത്….. താൻ തളർന്നു പോയാൽ ആശ്രയത്തിന് വേണ്ടി നോക്കുന്ന അമ്മയും തളർന്നു പോകും….. അതുകൊണ്ട് അമ്മയെ തിരിച്ചു കൊണ്ടു വരാൻ ആയി മിടുക്കി ആയി എഴുനേറ്റ് വാ….”
എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞത് ആണെങ്കിലും അത് എനിക്ക് ഒരു ആശ്വാസം തന്നെ ആയിരുന്നു….
മുറിക്കുള്ളിലെ ശബ്ദം കേട്ട് ചെറിയമ്മ പതുക്കെ കണ്ണുകൾ തുറക്കുന്നത് കണ്ടു…. ഞാൻ കണ്ണീർ തുടച്ചു ചിരിച്ചു കൊണ്ട് അടുത്തേക്ക് ചെന്നു
എന്നെ കണ്ടു ചെറിയമ്മ ചോദിച്ചു “ഇന്ന് പോകാമോ മോളെ? ”
“ഇല്ല…. അടുത്ത ബ്ലോക്കിലേക്ക് മാറണം അവിടെ ആണ് ഇതിന്റെ ഡോക്ടർ ഉള്ളത് ”
“ഇതിന്റെ ഒന്നും ആവിശ്യം ഇല്ലായിരുന്നു….. ബിപി കൂടി ഒന്ന് തലചുറ്റിയതാ.. അച്ഛൻ വെറുതെ പേടിച്ചു….. ”
“അസുഖം വന്നാൽ ഹോസ്പിറ്റലിൽ വരണ്ടേ അല്ലാതെ ആരെങ്കിലും അത് കൊണ്ടു നടക്കുമോ? ”
“അതൊന്നും സാരമില്ല മണി. മോൾക്ക് കുളിക്കണ്ടേ ഡ്രസ്സ് മാറണ്ടേ? വീട്ടിൽ പോയിട്ടു വ ”
“സാരമില്ല കുറച്ചു കഴിയട്ടെ അപ്പുറത്തേക്ക് മാറിയിട്ട് പോകാം ”
ഞാൻ അമ്മയെ എഴുനെല്പിച്ചു ഇരുത്തി, അപ്പോൾ അമ്മ ചെറുതായി ഒന്ന് ഞെരങ്ങി….
“എന്താ അമ്മേ? ”
“ഒന്നുമില്ല മോളെ സൂചി കുത്തി വച്ചെടുത്തൊക്കെ ഭയങ്കര വേദന…. ”
ഞാൻ കൈ പിടിച്ചു നോക്കി കൈയിൽ സൂചി കുത്തിയ സ്ഥാനം എല്ലാം കറുത്ത് നീലിച്ചു കറുത്ത പുള്ളികൾ പോലെ കൈയിൽ അവിടെ ഇവിടെ കാണാം
“ഭയങ്കര വേദന ആണോ മരുന്ന് വേണോ ഡോക്ടറോട് പറയട്ടെ? ”
“വേണ്ട മോളെ….. മാറി കൊള്ളും ”
എന്നാൽ വാ അമ്മേ കൈയും മുഖവുംകഴുകി ഈ ഡ്രെസ്സ് മാറിയിടാം
മോള് ഒരു ഡ്രസ്സ് എടുത്തു താ ഞാൻ മാറ്റി വരാം
ഞാൻ ബാഗിൽ നിന്നു ഒരു നെറ്റി എടുത്തു കൊണ്ടു വന്നു ബാത്‌റൂമിൽ പോകാൻ ആയി ചെറിയമ്മയെ പതുക്കെ പിടിച്ചു എഴുനെല്പിച്ചു…..
എന്റെ കൈയിൽ പിടിച്ചു വേച്ചു വേച്ചു എന്റെ കൂടെ വന്നു ബാത്‌റൂമിന്റെ വാതുക്കൽ എത്തിയപ്പോൾ ചെറിയമ്മ എന്നെ വിലക്കി
“”മോളിവിടെ നിൽക്ക്…. ഞാൻ പോയി മാറിയിട്ട് വരാം ”
“വേണ്ട ഞാൻ കൂടി വരാം ”
ഞാൻ നിർബന്ധം ബാത്‌റൂമിൽ കയറി… അതിനുള്ളിൽ കിടന്ന ഒരു കസേരയിൽ ചെറിയമ്മയെ ഇരുത്തി വസ്ത്രങ്ങൾ അഴിക്കാൻ സഹായിച്ചു…..
ഞാൻ സഹായിച്ചിട്ട് കൂടി അത് ശരിയായി മാറി ഇടാൻ സാധിക്കുന്നുണ്ടായിരുന്നില്ല…..
ഡ്രസ്സ് മാറി വന്നപ്പോഴേക്കും ഡിസ്ചാർജ് പേപ്പറും റഫറൻസ് ലെറ്ററും കൊണ്ടു വന്നു….
“എല്ലാം എടുത്തില്ലേ….. ”
“എം ”
“എന്നാൽ ഇറങ്ങാം… ”
“അച്ഛൻ ബാഗുകൾ എടുത്തു മുന്നിൽ നടന്നു ഒരു നഴ്സ് വീൽ ചെയറിൽ ചെറിയമ്മയെ ഇരുത്തി…. അതും തള്ളി അച്ഛന്റെ പുറകെ പോയി.. ഞാൻ അതിലും പുറകിൽ ആയി ഞാൻ നടന്നു….
ഒരു പച്ചയായ സത്യം എന്നെ നോക്കി പല്ലിളിക്കുന്നു…. ചിലപ്പോൾ എങ്കിലും ദൈവം ഇല്ലന്ന് തോന്നിപ്പോകുന്നു…… ഒരു ആശ്രയത്തിനു വിളിച്ചിരുന്ന ശക്തി പോലും മനസ്സിൽ ദുര്ലഭം ആയിരിക്കുന്നു…. മറ്റേതോ പ്രേരണ ശക്തിയിൽ എന്നപ്പോലെ എന്റെ കൈ കാലുകൾ അവർക്ക് പിന്നാലെ സഞ്ചരിച്ചു….
ആംബുലൻസ് ആണ് പോകാൻ റെഡി ആയി നിന്നത്….. അത് കണ്ടപ്പോൾ ചെറിയമ്മയ്ക്ക് ആകെ ഒരു പരിഭ്രമം…..
ഇവിടുന്ന് അങ്ങോട്ട് മാറുമ്പോൾ ആംബുലൻസിലെ പോകാൻ കഴിയു അതുകൊണ്ടാണ് എന്നു ചെറിയമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു…
ആംബുലന്സിലെ സീറ്റിൽ ചെറിയമ്മയെ കിടത്തി….. ഞാനും കൂടെ കയറി.. അച്ഛൻ മുന്നിൽ കയറി…..
ജീവിതത്തിൽ ആദ്യമായി ആണ് ആംബുലൻസിൽ…… പലപ്പോഴും ശബ്ദം ഉണ്ടാക്കി കടന്നു പോകുമ്പോൾ ആർക്കോ ഒരു അസുഖം എന്നല്ലാതെ അതിനുള്ളിൽ നെഞ്ച് പൊട്ടി ഇരിക്കുന്നവരെ.. അവരുടെ കണ്ണീരോ വേദനയോ നമ്മൾ ഓർക്കാറില്ല. വാഹനം കടന്നു പോയി കഴിയുമ്പോൾ അതും മറന്നു നമ്മുടെ തിരക്കുകളിലേക്ക് പോകുന്നു. ഇപ്പോൾ അങ്ങനെ നെഞ്ച് പൊട്ടുന്ന വേദനയും കൊണ്ടു ഞാനും പോകുന്നു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ വണ്ടി ആശുപത്രി ഗേറ്റിൽ എത്തി……. ദൂരെ നിന്നു തന്നെ ആ ബോർഡ് കണ്ടു “റീജിയണൽ കാൻസർ സെന്റർ “…….മനുഷ്യായുസിൽ ഒരിക്കൽ പോലും കാലെടുത്തു കുത്തരുത് എന്നു ഓരോരുത്തരും ഉള്ളിൽആഗ്രഹം കൊണ്ടു നടക്കുന്ന സ്ഥലം….
കിടന്നു വന്നത് കൊണ്ടു ചെറിയമ്മ കണ്ടില്ല വാതുക്കൽ എത്തിയപ്പോൾ രണ്ടു പേർ വന്നു അമ്മയെ വണ്ടിയിൽ നിന്നു ഇറങ്ങാൻ സഹായിച്ചു…..
വാതിലിനു വലതു വശത്തെ റിസപ്ഷനിൽ അച്ഛൻ അവർ കൊടുത്ത പേപ്പറുകൾ എല്ലാം പൂരിപ്പിച്ചു കൊടുത്തു ചെറിയമ്മയെയും കൂട്ടി ആറാം നിലയിലേക്ക് പോയി…. അതിനുള്ളിൽ മറ്റാർക്കും പ്രവേശനം ഇല്ല……
ഞാനും അച്ഛനും പുറത്തു ഇരുന്നു… കുറച്ചു കഴിഞ്ഞു ചെറിയമ്മ ഇട്ടിരുന്ന ഡ്രസ്സ് പുറത്തു കൊണ്ടു വന്നു തന്നു……
“അമ്മയ്ക്ക് ഉള്ള ഡ്രെസ്സും ആഹാരവും ഒക്കെ ഇവിടെ ഉണ്ട്…. ഒന്നും പുറത്ത് നിന്നു കൊണ്ടു വരണ്ട പിന്നെ മൂന്നു മണി വരെ ആരെങ്കിലും പുറത്തു ഉണ്ടാകണം… ടെസ്റ്റ്, മരുന്നോ വാങ്ങണം എങ്കിൽ പുറത്തു ആളു വേണം…. ”
“എം “…….സിസ്റ്ററെ അമ്മയ്ക്ക്….. അറിയില്ല.. ഇവിടേക്ക് ആണ് വന്നത് എന്ന് ”
കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞു ഒഴുകി….
ഇല്ല മോളെ ഞങ്ങൾ ആരും ഇവിടെ ഉള്ളവരെ അങ്ങനെ അല്ല നോക്കുന്നതു… വിഷമിക്കണ്ട അമ്മ യെ നമുക്ക് തിരിച്ചു കൊണ്ടു വരാം ”
അതും പറഞ്ഞു അവർ അകത്തേക്ക് പോയി… ഇടക്ക് ഇടക്ക് സിസ്റ്റേഴ്സ് ടെസ്റ്റിനുള്ള സാമ്പിൾ അച്ഛന്റെ കയ്യിൽ കൊണ്ടു കൊടുക്കും….
വൈകുന്നേരം നാലു മണി ആയപ്പോൾ സിസ്റ്റർ പുറത്തു വന്നു എല്ലാവരും പൊയ്ക്കൊള്ളാൻ പറഞ്ഞു…..
ഞാൻ സിസ്റ്ററിന്റെ അടുത്തേക്ക് ചെന്നു ചോദിച്ചു…. “രാത്രിയിൽ എന്തെകിലും ആവിശ്യം വന്നാൽ… ”
“എന്ത് ഉണ്ടെങ്കിലുംഞങ്ങൾ നോക്കിക്കൊള്ളും നാളെ രാവിലെ വന്നാൽ മതി….. ”
“എനിക്ക് ഒന്ന് കാണാൻ പറ്റുമോ? ”
“അങ്ങനെ ആരെയും അതിനുള്ളിൽ കയറ്റി വിടില്ല പിന്നെ ഇന്ന് വന്നത് അല്ലേ ഉള്ളൂ… ഒന്ന് കണ്ടു അപ്പോഴേ തിരികെ പോരണം… ”
“എം ”
“പിന്നെ അവിടെ വന്നു കരയാൻ പാടില്ല….. സ്നേഹത്തോടെ ഒരു ഉരുള കൊടുക്കുന്നതും കരഞ്ഞു കൊണ്ടു ഒരു ഉരുള ഒരാൾക്ക് കൊടുക്കുന്നതും തമ്മിൽ വത്യാസം ഉണ്ട്…. ഇപ്പോൾ അമ്മയ്ക്ക് സഹതാപമോ കരച്ചിലോ അല്ല വേണ്ടത് ധൈര്യം, ആത്മവിസ്വാസം ഇതൊക്കെ ആണ്.. അല്ലാതെ ഞങ്ങൾ കൊടുക്കുന്ന മരുന്ന് കൊണ്ടു അസുഖമാറില്ല. പറഞ്ഞത് മനസ്സിലായോ? ”
“ഞാൻ സിസ്റ്ററെ നോക്കി തലയാട്ടി….. ”
“എങ്കിൽ വാ ”
ഷാളിന്റെ തുമ്പ് കൊണ്ടു കണ്ണ് തുടച്ചു മുടി ഒതുക്കി വച്ചു ഞാൻ അവരുടെ പുറകെ പോയി….. ഗ്ലാസ് ഡോറിനുഅപ്പുറത്ത് ചെന്നപ്പോൾ എന്നോട് ചെരുപ്പ് അഴിച്ചു വയ്ക്കാൻ പറഞ്ഞു…. ഞാൻ ചെരിപ്പ് അഴിച്ചു വച്ചു…. അവർ സ്റ്റാൻഡിൽ നിന്നു ഒരു ചപ്പൽ എടുത്തു ഇട്ടു അകത്തേക്ക് പോയി ഞാനും അകത്തേക്ക് ചെന്നു
നാലു വശവും കർട്ടൻ കൊണ്ടു മറച്ച ഓരോ കട്ടിൽ. അത് ഓരോന്നും പതുക്കെ കടന്നു പൊയ്ക്കൊണ്ടിരുന്നു…..
അതിനുള്ളിൽ അസ്ഥിപോലെ ഉള്ള മനുഷ്യക്കോലങ്ങൾ…. എല്ലാവരും മൊട്ട ആയ മനുഷ്യർ ചിലർക്ക് മൂക്കിൽ കൂടി ട്യൂബ് ഇട്ടിരിക്കുന്നു…. മറ്റുചിലരുടെ മുഖം പോലും അറിയാൻ സാധിക്കാത്ത വിധത്തിൽ ഉള്ള തുന്നികെട്ടലുകൾ…. മനുഷ്യ ലോകം വിട്ടു ഞാൻ ഏതോ സ്വപ്നം കാണുക ആണോ?… ഇങ്ങനെയും കുറെ മനുഷ്യ ജന്മങ്ങൾ ഞാൻ ജീവിക്കുന്ന സമൂഹത്തിൽ ജീവനില്ലാതെ ജീവിക്കുന്നു എന്നതിരിച്ചറിവ് എന്റെ ഉള്ളിൽ ഭയം ഉണ്ടാക്കി……
ഒരു കട്ടിലിന്റെ സമീപം എത്തിയപ്പോൾ സിസ്റ്റർ അകത്തേക്ക് കൈചൂണ്ടി…. ഞാൻ അകത്തേക്ക് നോക്കി…..കണ്ണുകൾ അടച്ചു കിടക്കുന്നു.. . ഒരുപാടു ക്ഷീണം ഉള്ളതുപോലെ തോന്നിച്ചു…. രണ്ടു കൈകളികും ഡ്രിപ് കുത്തി ഇട്ടിട്ടുണ്ട്… അയഞ്ഞ പിങ്ക് കളർ ഉള്ള ഒരു ഉടുപ്പും മുണ്ടും ആണ് വേഷം….
ഞാൻ കട്ടിലിനു അരികെ ചെന്നു നിന്നു പതുക്കെ കൈകൾ കൊണ്ടു ആ നെറ്റിയിൽ തലോടി….. കണ്ണുകൾ ഒന്ന് വെട്ടിച്ചു ചെറിയമ്മ കണ്ണു തുറന്നു..
“മണി വീട്ടിൽ പോയില്ലേ…..? ഡ്രസ്സ് മാറിയില്ലേ? ”
“”ഇല്ലമ്മേ പോകാൻ പോകുവാ അമ്മയെ കണ്ടിട്ട് പോകാം എന്നു കരുതി വന്നതാ ”
“മോൾ പോയിട്ടു വാ …. ഇവിടെ സിസ്റ്റേഴ്സ് ഉണ്ടല്ലോ ”
“എം ”
“വൈകിട്ട് ഇവിടെ കിടക്കാൻ ഈ കട്ടിലെ ഉള്ളൂ എന്നു തോന്നുന്നു… മോൾക്കും കൂടി ഈ കട്ടിലിൽ കിടക്കാൻ പറ്റുമോ? ”
“നോക്കട്ടെ അമ്മേ “”
“മോൾ പോയി ഭക്ഷണം ഒന്നും ഉണ്ടാക്കേണ്ട കഞ്ഞി വച്ചാൽ മതി… അച്ചാർ അലമാരയിൽ ഉണ്ട്… അമ്പഴങ്ങയും ഉണ്ട്…. പപ്പടം നീല അടപ്പുള്ള ബക്കറ്റിൽ ഉണ്ട് കെട്ടോ? ”
“എം…. അപ്പോഴേക്കും ഉള്ളിൽ തിര തീരത്തേക്ക് അടിച്ചു കയറുന്നതുപോലെ എന്തോ ഒന്ന് എന്റെ ഉള്ളിലും എന്നെ ശക്തിയായി തള്ളുന്നുണ്ടായിരുന്നു…..
സിസ്റ്റർ എന്നെ നോക്കി സമാദാനത്തോടെ കണ്ണുകൾ അടച്ചു കാണിച്ചു….
ആ മുഖത്തേക്ക് നോക്കിയില്ല…. അതിനുള്ള ശക്തി ഉണ്ടായിരുന്നില്ല….
കൈ തണ്ടയിൽ പിടിച്ചു കൊണ്ടു ചോദിച്ചു “കൈയിലെ വേദന മാറിയോ? ”
“എം മാറി…….. നമുക്ക് നാളെ പോകാമായിരിക്കും അല്ലേ “?
“എം ”
എന്നാൽ മോൾ പോയിട്ടു വ
സിസ്റ്റർ എന്നോട് പൊയ്ക്കൊള്ളാൻ ആംഗ്യം കാണിച്ചു
ഒന്നുകൂടി ആ മുഖത്തേക്ക് ഒന്ന് നോക്കി കുനിഞ്ഞു ആ കവിളിൽ ഒരു ഉമ്മ കൊടുത്തു….. ചിരിച്ചു… ചെറിയമ്മയും കൂടെ ചിരിച്ചു…..
“പോയിട്ടു വരാം ”
എം
അവിടേ നിന്നു തിരിഞ്ഞു ഇറങ്ങി സിസ്റ്ററിന്റെ അടുത്ത് വന്നു രണ്ടുകൈയും കൂട്ടി പിടിച്ചു അപ്പോഴേക്കും കൺനീർ ഒലിച്ചു തുടങ്ങി……
“ധൈര്യമായി പോയിട്ടു വാ…….. സിസ്റ്റർ പറഞ്ഞു ”
ഞാൻ നടന്നു ആ ചില്ലു വാതിൽ തുറന്നു പുറത്തിറങ്ങി…. (തുടരും )
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
എന്റെ പ്രതിഫലനം ആണ് ഈ ഭാഗം. നിറമുള്ള സ്വപ്നങ്ങൾ എല്ലാം പെട്ടെന്ന് നിറം മങ്ങിയ കാഴ്ചകളായി മാറും.