Skip to content

ഗന്ധർവ്വൻ – ഭാഗം 10

gandharvan novel aksharathalukal

” എന്താ വിചാരിച്ചു വച്ചേക്കുന്നത് നീയ്??അങ്ങനെ വല്ല ഉദ്ദേശവുമുണ്ടെങ്കിൽ ഈ നിമിഷം അതെല്ലാം മറന്നോളാ ..”

പരമ്പര്യമായി ഈ തറവാട് കൈമാറി കാത്തു സൂക്ഷിയ്ക്കുന്നൊരു അന്തസ്സുണ്ട്.. അതിന് ഭംഗം വരുത്താൻ  സമ്മതിക്കില്ല ഞാൻ..”

അയാളുടെ വിറയ്ക്കുന്ന ശബ്ദം ആ മുറിയ്ക്കുള്ളിൽ പ്രകമ്പനം സൃഷ്ടിച്ചു…

“അച്ഛനെന്തൊക്കെ പറഞ്ഞാലും മറ്റൊരു കല്യാണത്തിന് ഞാൻ സമ്മതിക്കില്ല…”

ജീവിതത്തിലാദ്യമായി ചേച്ചിയുടെ ശബ്ദം അച്ഛന് നേരെ ഉയർന്നു…

“ധിക്കാരം പറയുന്നോ അസത്തെ…”

ഇടതുകവിൾ പൊത്തിപ്പിടിച്ചു തേങ്ങുന്ന ശ്രദ്ധയ്ക്ക് നേരെ അച്ഛൻ വീണ്ടും ദേഷ്യത്തോടെ കയ്യോങ്ങി..

“ഇത്രയും നാളും അച്ഛൻ പറയുന്ന ഒരു കാര്യത്തിന് പോലും ഞാനെതിരു നിന്നിട്ടില്ലല്ലോ…

അച്ഛനിഷ്ടപ്പെട്ട കോഴ്സ് പഠിച്ചില്ലേ?? ഗവണ്മെന്റ് ജോലി വാങ്ങിച്ചില്ലേ?? അച്ഛന്റെ എല്ലാ ആഗ്രഹങ്ങളും ഞാൻ നിറവേറ്റി തന്നിട്ടില്ലേ??”

“ഒരക്ഷരം നീയിനി മിണ്ടിപ്പോവരുത് !! കഴിഞ്ഞതെല്ലാം മറന്നിട്ട് ഈ കല്യാണത്തിന് ഒരുങ്ങിക്കോളൂ.. അതാ നിനക്ക് നല്ലത്…”

“അച്ഛൻ എന്നോട് ക്ഷമിയ്ക്കണം… എന്നെ നിർബന്ധിച്ചാൽ ഞാൻ ഷാനുവിന്റെ കൂടെ ഇറങ്ങിപ്പോവും..”

അപ്രതീക്ഷിതമായ മറുപടിയിൽ അയാൾ പതറി..

“എങ്കിൽ നിനക്ക് ഇങ്ങനൊരു വീടില്ലെന്നു എഴുതി ഒപ്പ് വച്ചിട്ടാവട്ടെ അത്…

ഇതുവരെ ഒന്ന് നുള്ളി നോവിച്ചിട്ടു കൂടിയില്ലല്ലോടി നിന്നെ ഞങ്ങള്… എന്നിട്ട് ഈ ഞങ്ങളുടെ നെഞ്ചിൽ ചവിട്ടിയിട്ടു തന്നെ വേണമല്ലേ നിനക്ക്…”

വാക്കുകളിടറിയപ്പോൾ അച്ഛൻ മനപ്പൂർവ്വം മുറി വിട്ടു പുറത്തേക്കിറങ്ങി…

“അമ്മാ… ഞാൻ..”

ജിലേബി നിറഞ്ഞ സ്ഫടിക പാത്രവുമായി വാതിൽക്കൽ തളർന്നു നിന്നിരുന്ന അമ്മയെക്കണ്ടപ്പോൾ അടക്കിവച്ച തേങ്ങൽ വിതുമ്പലായി രൂപാന്തരം കൊണ്ടു..

“മോളെ… അമ്മയെന്തൊക്കെയാ ഈ കേക്കണേ?? അച്ഛനൊരു ചെറിയ തലവേദന വന്നാൽപ്പോലും സഹിയ്ക്കാൻ കഴിയാത്ത ന്റെ കുട്ടി തന്നെയാണോ ഇത്??

അമ്മയുടെ ചോദ്യം അവളെ കൂടുതൽ വേദനിപ്പിച്ചു..

“എനിയ്ക്ക് നിങ്ങളെ രണ്ടാളെയും വേണം… പ്ലീസ് അമ്മേ.. ഞാൻ അമ്മേടെ കാല് പിടിയ്ക്കാം..”

എങ്ങനെയോ അവൾ പറഞ്ഞൊപ്പിച്ചു..

” ന്റെ കുട്ടിയ്ക്ക് അച്ഛനും അമ്മയുമില്ലേ?? സച്ചുവില്ലേ?? ഈ ബന്ധം നമുക്ക് ചേരില്ല മോളെ… മോള് അമ്മ പറയുന്നത് കേൾക്ക്.. അമ്മേടെ കുട്ടിയല്ലേ??”

അമ്മ അകത്തേയ്ക്ക് വന്നു ചേച്ചിയുടെ കൈകളിൽ അമർത്തിപ്പിടിച്ചു…

“ഞാൻ വേണെങ്കിൽ ജീവിതകാലം മുഴുവൻ ഇങ്ങനെ തന്നെ ജീവിച്ചോളാം… പക്ഷെ മറ്റൊരു വിവാഹം… അതിനെന്നെ നിർബന്ധിയ്ക്കല്ലേ അമ്മാ.. ഞാൻ മരിച്ചു പോവ്വേ ഉള്ളു…”

അടക്കി വെച്ച തേങ്ങലുകൾ പൊട്ടിക്കരച്ചിലിന് വഴി മാറിയിരുന്നു..

“എന്തൊക്കെയാ കുട്ട്യേ നീയീ പറയണേ?? അച്ഛനെയും അമ്മയെയും വേദനിപ്പിച്ചിട്ടുള്ള എന്ത് സാന്തോഷാ നിനക്ക് വേണ്ടത്??

ഈ പ്രേമമൊക്കെ കല്യാണം കഴിയുന്നത് വരെ മാത്രേ കാണുള്ളു.. ജീവിതമെന്ന് പറയുന്നത് ഇതൊന്നുമല്ല കുട്ട്യേ…

ഉത്തരവാദിത്വങ്ങൾക്കും പ്രാരാബ്ദത്തിനുമിടയിൽ പ്രണയം വഴി മാറുന്നൊരു സമയം വരും!!

അന്ന് എന്റെ കുട്ടി ഒറ്റയ്ക്ക് വേദനിയ്ക്കാണ്ടിരിയ്ക്കാൻ വേണ്ടീട്ടാ അമ്മയും അച്ഛനുമൊക്കെ ഇത് പറയുന്നത്…”

ബെഡിലേയ്ക്ക് ചാഞ്ഞു കരയുന്ന ചേച്ചിയുടെ ചാരെയിരുന്നു അമ്മ പതിയെ മുടിയിൽ തലോടി…

“ഓരോ മതങ്ങളും തീർത്തും വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളും വച്ച് പുലർത്തുന്നവരാണ് മോളെ..

പെട്ടെന്നൊരു പറിച്ചു നടലിനെ സ്വീകരിയ്ക്കാനും പൊരുത്തപ്പെടാനും കഴിയുക എന്നത് തീർത്തും അസാധ്യം തന്നെയാണ്…!!

പൊരുത്തക്കേടുകൾ മാത്രമുള്ളൊരു ജീവിതം സ്വയം തിരഞ്ഞെടുക്കുമ്പോൾ ഒടുക്കം ഒരു സങ്കടം വന്നാൽപ്പോലും വിളിയ്ക്കാൻ ആരുമില്ലാതെ ന്റെ കുട്ടി ആ വീട്ടിൽ ഒറ്റപ്പെട്ടു പോവ്വേ ഉള്ളൂ…

സർവ വേദനയും സഹിച്ചു ന്റെ കുട്ടി ആരും കാണാതെ കരയുന്ന ചിത്രം അമ്മേടെ നെഞ്ചിലിങ്ങനെ തെളിയാ…”

ഒരു ദീർഘ നിശ്വാസത്തിനു ശേഷം അമ്മ വീണ്ടും തുടർന്നു…

“അച്ഛനും അമ്മയുമോക്കെ പഴയ ആൾക്കാരാ… ഒത്തിരി അനുഭവങ്ങളുടെ വെളിച്ചത്തിലാ നിങ്ങൾക്ക് പറഞ്ഞു തരുന്നത്…

ഒരു വിവാഹമെന്ന് പറയുന്നത് രണ്ട് ആളുകൾ തമ്മിലുള്ള ഒത്തുചേരലല്ല മോളെ… രണ്ടു കുടുംബങ്ങൾ തമ്മിലുള്ള കരാറാണ്… മോള് കേട്ടിട്ടുണ്ടാകും അത്…

അവരുടെ വീട്ടിലോ ബന്ധു വീട്ടിലോ ഒരു ആഘോഷമോ ചടങ്ങോ വന്നു കഴിഞ്ഞാലും അവിടെ മോളൊരു രണ്ടാം സ്ഥാനക്കാരിയാവും… കൂടെയുള്ളവർ ഒളിഞ്ഞും തെളിഞ്ഞും അടക്കം പറയുന്നത് കേട്ടിട്ടും ഒന്നും മിണ്ടാതെ ഉള്ളിലൊതുക്കി നിൽക്കേണ്ടി വരുന്ന അവസ്ഥ മോൾക്കിപ്പോ ആലോചിച്ചാൽ പോലും മനസ്സിലാവില്ല…

പക്ഷെ ഞാൻ നിന്റെ അമ്മയാണ്… മോള് വിവാഹം കഴിഞ്ഞു പോയാലും എനിയ്ക്ക് ചിന്തിയ്ക്കാൻ നിന്റെ കാര്യങ്ങളും സച്ചുവിന്റെ കാര്യങ്ങളും മാത്രേ ഉള്ളൂ… നിങ്ങളുടെ ജീവിതം ഏറ്റവും സുരക്ഷിതമാക്കിയില്ലെങ്കിൽ മരിച്ചാൽ പോലും എനിയ്ക്ക് സ്വസ്ഥത കിട്ടില്ല…

നാളെ ഒരമ്മയായാൽ മാത്രേ മോൾക്കിപ്പോ ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവൂ…”

” ഹൃദയത്തിലൊരാളെ പ്രതിഷ്ഠിച്ചുകൊണ്ട് മറ്റൊരാൾക്ക് മുൻപിൽ ഞാനെങ്ങനെയാ അമ്മെ കഴുത്തു നീട്ടിക്കൊടുക്കണേ… എനിയ്ക്ക് ഓർക്കാൻ പോലും വയ്യ അത്!!”

അമ്മയ്ക്ക് മുൻപിൽ അവൾ ഹൃദയം തുറന്നു..

“എത്രയെത്ര ബന്ധങ്ങൾ ഇങ്ങനെ പാതിയിലറ്റു പോകുന്നുണ്ട്?? സ്നേഹിച്ചയാളെത്തന്നെ വിവാഹം ചെയ്യാൻ ഭാഗ്യം സിദ്ധിയ്ക്കുന്നത് കേവലം വിരലിലെണ്ണാവുന്നവർക്ക് മാത്രമല്ലേ??

മോൾടെ നല്ലതിന് വേണ്ടിയല്ലേ അച്ഛനും അമ്മയും പറയണേ?? ഞങ്ങളെത്ര തുച്ഛമായി ജീവിച്ചാലും ഒരു കുറവും വരാതെ നിങ്ങൾക്ക് ആഗ്രഹിയ്ക്കുന്നതെല്ലാം വാങ്ങിത്തന്നിട്ടില്ലേ??

നിങ്ങളെന്തു ചോദിച്ചാലും അച്ഛനും അമ്മയും എപ്പോഴെങ്കിലും ഇല്ലെന്നു പറഞ്ഞിട്ടുണ്ടോ?? അതൊക്കെ പ്രാപ്തിയുണ്ടായിട്ടാണോ??

എന്റെ മക്കള് നന്നായി ജീവിയ്ക്കണം.. അവര് ആരുടെ മുന്നിലും താഴ്ന്നു പോവരുതെന്നു ആഗ്രഹം ഉള്ളതുകൊണ്ടല്ലേ??

മോള് പറഞ്ഞത് പോലെ അച്ഛനെപ്പോഴെങ്കിലും ചെയ്തതിനെല്ലാം കണക്കു പറഞ്ഞിട്ടുണ്ടോ??

കടമയെ സ്നേഹംകൊണ്ട് നിർവ്വഹിയ്ക്കുന്നതിൽ പരാജയപ്പെട്ടില്ലായിരുന്നെങ്കിൽ മോൾക്ക് അങ്ങനൊന്നും പറയാൻ കഴിയില്ലായിരുന്നു..

ഒരു പ്രണയം എന്റെ കുട്ടിയെ എത്രമാത്രം മാറ്റിക്കളഞ്ഞെന്നു ഒന്ന് ഓർത്തു നോക്കു..

ഒരു കുട്ടി ജനിച്ചതു മുതൽ അതിനെ വളർത്തി വലുതാക്കി ഒരു നിലയിലെത്തിയ്ക്കുന്നത് വരെ അച്ഛനും അമ്മയും എന്ത് മാത്രം കഷ്ടപ്പെടുന്നുണ്ടെന്നു നിങ്ങൾക്കിപ്പോ മനസ്സിലാവില്ല…

എന്നിട്ടു സ്വാന്തം കാലിൽ നിൽക്കാനാവുമ്പോൾ എല്ലാം മറന്നു സ്വന്തം സുഖം തേടിപ്പോവുന്നു… ന്റെ കുട്ടി ആ ഗണത്തിൽ പെട്ട് പോവുമെന്നു അമ്മ സ്വപ്നത്തിൽ പോലും കരുതിയതെയല്ല…

മക്കളെയും മാമ്പൂവും കണ്ടു കൊതിയ്ക്കരുതെന്ന് പണ്ടുള്ളവർ പറയുന്നതെത്ര ശരിയാ…!! “

“ഇങ്ങനൊന്നും പറയല്ലേ അമ്മാ… എന്റെ നെഞ്ച് പൊട്ടിപ്പിളർന്നു പോവ്വാ…”

“മോളെ വേദനിപ്പിച്ചതല്ല അമ്മ… നിനക്ക് ചിന്തിയ്ക്കാൻ കഴിയാത്ത കാര്യങ്ങൾ അമ്മയല്ലേ പറഞ്ഞു തരേണ്ടത്… അമ്മേടെ കുട്ടിയ്ക്ക് നേർവഴി കാണിച്ചു തരേണ്ടത് അമ്മയല്ലേ??

തറവാടിന്റെ അന്തസ്സും അച്ഛന്റെ അഭിമാനവും എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതിലുപരി ന്റെ കുട്ടീടെ സന്തോഷം ഇല്ലാതായിപ്പോവുമെന്നതാണ് ഈ ബന്ധം കൊണ്ടുണ്ടാവുന്ന വലിയ നഷ്ടം…

ആ ചെറുക്കന്റെ വീട്ടുകാർക്കുമുണ്ടാവില്ലേ ആഗ്രഹങ്ങൾ?? അവർക്ക് എത്രയായാലും അവരുടെ കൂട്ടക്കാർ വധുവായി വരണമെന്ന് തന്നെയാവില്ലേ ആഗ്രഹം?? ന്റെ കുട്ടിയായിട്ട് അത് തകർക്കണോ??

നീയെന്റെ മോനെ വശീകരിച്ചില്ലേ എന്ന ചെറിയ ചോദ്യം മാത്രം മതിയാവും മോൾക്ക് ജീവിതകാലം മുഴുവൻ ഓർത്തു വേദനിയ്ക്കാൻ…

ചെറിയ കാര്യങ്ങൾക്ക് വരെ ഉള്ളു നീറ്റുന്ന ന്റെ കുട്ടിയ്ക്കൊരിയ്ക്കലും ഇതൊന്നും താങ്ങാനാവില്ലെന്നു മറ്റാരേക്കാളും ഈ അമ്മയ്ക്കറിയാം..

മനുഷ്യൻ സൃഷ്ടിച്ചതാണെങ്കിലും എല്ലാ മതങ്ങൾക്കും അവർ കാത്തു സൂക്ഷിയ്ക്കുന്ന പരിശുദ്ധിയുണ്ടാവും…

തിരുത്തിയെഴുത്താനാവാത്ത വിധം അത് കാരണവന്മാരിൽ ഉറച്ചു പോയതാണ്… മാറ്റചട്ടങ്ങൾ പൂർണതയോടെ കൊണ്ടുവരാൻ സ്വത്ര്യമുള്ളൊരു കാലത്തിലേക്ക് നമ്മളിനിയും ഒരുപാട് സഞ്ചരിയ്ക്കേണ്ടിയിരിയ്ക്കുന്നു…

മോള് നന്നായി ആലോജിയ്ക്ക്…”

അമ്മ കണ്ണ് തുടച്ചു മുറി വിട്ടു പോയപ്പോൾ തകർന്നു നിക്കുന്ന ചേച്ചിയുടെ അരികിലേക്ക് ഞാൻ ദിശ മാറി…

“ഇനിയെന്താ ചേച്ചി ചെയ്യാ…. എല്ലാരേം വേദനിപ്പിച്ചിട്ട്… നമ്മുടെ അച്ഛനെയും അമ്മയെയും നാണം കേടുത്തിയിട്ട് ഇത് വേണോ???”

എന്റെ ചോദ്യം ചേച്ചി കേൾക്കുന്നില്ലെന്നു തോന്നി…

“അമ്മ പറയുന്നതൊക്കെ കേട്ടിട്ട് എനിയ്ക്ക് പേടിയാവാ… മനസ്സമാധാനം ഇല്ലാത്തൊരു ജീവിതത്തിലേയ്ക്ക് അറിഞ്ഞുകൊണ്ട് കാലെടുത്തു വയ്ക്കണോ നിനക്ക്??”

ഞാൻ ചേച്ചിയുടെ തോളിൽ പിടിച്ചു കുലുക്കി…

“ഞാനെന്താ ചെയ്യാ.. എനിയ്ക്കൊന്നും അറിയില്ല മോളെ … മതത്തിന്റെ പേരും പറഞ്ഞു ഇഷ്ടത്തെ മാറ്റി വയ്ക്കാൻ മാത്രം ഹൃദയവിശാലതയുള്ളൊരു പെണ്ണൊന്നുമല്ല ഞാൻ…

അമ്മ പറഞ്ഞതൊക്കെ ഞാനും ആലോചിച്ച കാര്യങ്ങളാണ്… പക്ഷെ.. അതിനൊന്നും ഈ പറയുന്ന കാലാവധി കാണില്ല…. കാലം എല്ല മുറിവുകളും ഉണക്കും…”

ഒന്നും മനസ്സിലാവാതെ ഞാനാ കണ്ണുകളിലിടറി വീണു പോയി..

“ഒരിയ്ക്കലും മറ്റൊരാളെ സങ്കല്പിയ്ക്കാൻ പോലും പറ്റാത്ത വിധം ഞാൻ ഷാനുവിന് വിധേയപ്പെട്ടു പോയിരിയ്ക്കുന്നു…

മനസ്സുകൊണ്ടും…

ശരീരം കൊണ്ടും!!”

ചേച്ചിയുടെ വാക്കുകൾ ഒളിയമ്പു കണക്കെ കാതിൽ തറച്ചപ്പോൾ ഞാൻ ശ്വസിയ്ക്കാൻ പോലുമാവാതെ തളർന്നിരുന്നു പോയി…

“നീയെന്തൊക്കെയാ ചേച്ചി പറയണേ??? ഓരോ തെറ്റുകളും ശാസിച്ചു തിരുത്തി എന്നെ നേർവഴിയ്ക്ക് നടത്തുന്ന എന്റെ ചേച്ചി തന്നെയാണിത് പറയുന്നതെന്ന് എനിയ്ക്ക് വിശ്വസിയ്ക്കാൻ കഴിയുന്നില്ല!!”

“വിശ്വസിച്ചേ പറ്റൂ മോളെ…. പരസ്പരം അന്യമാകുന്നൊരു അടർന്നുമാറ്റത്തെക്കുറിച്ചു തമാശയ്ക്ക് പോലും ചിന്തിയ്ക്കാൻ കഴിയാത്ത വിധം ഞങ്ങളൊന്നിച്ചു പോയി…”

വാക്കുകളിൽ നേരിയ കുറ്റ ബോധം പോലും കലരാത്ത വിധം ചേച്ചിയത് പറയുമ്പോൾ എന്നും സന്തോഷം മാത്രം തുളുമ്പി നിന്നിരുന്ന ഞങ്ങളുടെ വീട് ശ്മശാനത്തെക്കാൾ ഭീകരയോടെ തുറിച്ചു നോക്കുന്നതായി തോന്നിയെനിയ്ക്ക്!!

“ശ്രീധരേട്ടന്റെ ഭാഗ്യം… ദേവതമാരെപ്പോലുള്ള രണ്ടു പെൺകുട്ടികളല്ലേ…” എന്ന് അസൂയയോടെ പറയുന്ന, മൂന്ന് ആണ്മക്കളാലും ഉപേക്ഷിയ്ക്കപ്പെട്ട ചായക്കടയിലെ രാമേട്ടന്റെ മുഖം വെറുപ്പോടെ ഓർത്തു…

അയാളുടെ കണ്ണ് തട്ടിയതാണ്!!

തിരിച്ചൊരു വാക്കു പോലും പറയാതെ തീർത്തും യാന്ത്രികതയോടെ എഴുന്നേറ്റു നടക്കുമ്പോൾ ഒന്നു കരയാൻ പോലുമാവാത്ത വിധം നിസ്സഹായതയിൽ അകപ്പെട്ടു പോയിരുന്നു…

ഒരിയ്ക്കലും അടുക്കാത്ത രണ്ടു തോണിയിൽ ഒരേ സമയം നിർബന്ധിതമായി കാലു വയ്‌ക്കേണ്ടി വരുന്ന ഭീകരമായ അവസ്ഥ…

സർവ്വ സാക്ഷ്യം വഹിച്ചിട്ടും ഇരുപക്ഷവും ചേരാൻ കഴിയാത്ത ഭയാനകമായ നിസ്സഹായത…

“സച്ചു ഇനി മുതൽ ചേച്ചിയുടെ കൂടെ കിടന്നാൽ മതി…”

പ്രതീക്ഷിച്ച കല്പനയെത്തി…

ഗേറ്റും വാതിലും പൂട്ടി താക്കോൽ ഭദ്രമായി മടിയിൽ വച്ചിട്ടും ഇടയ്ക്കിടെ വാതിലിനരികിലും ചേച്ചിയുടെ റൂമിനരികിലും വന്നു നോക്കി നേടുവീർപ്പിടുന്ന അച്ഛന്റെ സമനില തെറ്റിയ ഭാവവും ജീവിതത്തിലാദ്യമായി കാണേണ്ടി വന്നു!!

പരസ്പരം ആരും സംസാരിയ്ക്കാത്ത അസഹ്യമായ  രാത്രി ഇഴഞ്ഞു നീങ്ങി..

“ന്റെ കുട്ടി പാവാ.. അവനാ.. അവൻ എന്തോ കൈവിഷം കൊടുത്തതാ…”

ഇടയ്ക്കിടെ അമ്മയുടെ മുറിയിൽ നിന്നു മാത്രം നിശ്ശബ്ദതയെ കീറി കുറിച്ചുള്ള പിറുപിറുപ്പുയർന്നു കേട്ടു…

അരികിൽ ഉറങ്ങാതെ തേങ്ങുന്ന ചേച്ചിയും  യുഗാന്തരങ്ങളായി നടിയ്ക്കുന്ന നിമിഷ സൂചിയും  എന്നെ ഭ്രാന്തിയാക്കിത്തീർക്കുമോ എന്ന് പോലും ഞാൻ ഭയന്നു പോയിരുന്നു…

ഒരു പ്രണയം വരുത്തിയ തകർച്ച!!

ജീവിതത്തിലാദ്യമായി പ്രണയത്തെ ശക്തമായി വെറുത്തു….

മൊബൈൽ ഫോൺ പോലും തൊടാൻ സമ്മതിയ്ക്കാതെ ചേച്ചിയെ വീടിനുള്ളിൽ പിടിച്ചു വയ്ക്കുന്നതിലായിരുന്നു അച്ഛൻ മനസ്സമാധാനം കണ്ടെത്തിയത്…

അച്ഛനും ചേച്ചിയും തീർത്തും ഇരു ദ്രുവങ്ങളില്കപ്പെട്ടു പോയെന്ന് പോലും തോന്നി…

ഒരു ദിവസം രാവിലെയെഴുന്നേറ്റ എന്നെ വരവേറ്റത്  മടക്കി വച്ച കടലാസു പേപ്പറായിരുന്നു…

“മോള് ചേച്ചിയോട് ക്ഷമിയ്ക്കണം… എന്റെ സച്ചുട്ടനെ തനിച്ചാക്കി ചേച്ചി ഷാനുവിനൊപ്പം പോവാണ്.. കുറച്ചു സർട്ടിഫിക്കറ്റുകളല്ലാതെ മറ്റൊന്നും ഞാൻ എടുത്തിട്ടില്ലെന്നു അച്ഛനോട് പറയണം… ഒരുമിച്ചു ജീവിയ്ക്കാൻ ഞങ്ങൾക്ക് മുൻപിൽ ഇതല്ലാതെ വേറെ വഴിയില്ല… അച്ഛനെയും അമ്മയെയും നിന്നെ ഏല്പിച്ചിട്ടാ ചേച്ചി പടിയിറങ്ങുന്നത്… അവർക്കെന്നോടൊരിയ്ക്കലും ക്ഷമിയ്ക്കാൻ കഴിയില്ലെന്നറിയാം… പക്ഷെ എന്നും ഞാനവരെ സ്നേഹിച്ചിട്ടേയുള്ളൂ എന്ന് മോള് അവരോട് പറയണം… എല്ലാവരെയും മനപ്പൂർവ്വം വേദനിപ്പിയ്ക്കുന്നതിൽ മാപ്പ്…

സ്നേഹത്തോടെ സ്വന്തം ചേച്ചി…

അത് വഴി കടന്നു പോയ അമ്മ കത്ത് പിടിച്ചു തരിച്ചു നിൽക്കുന്ന എന്നെക്കണ്ട് ഓടി വന്നു…

അത് വായിച്ചതും അമ്മ തളർന്നു വീണതും ഒരുമിച്ചായിരുന്നു…

എന്റെ കരച്ചിൽ കേട്ട് ഓടിവന്ന അച്ഛൻ സ്വയം എല്ലാം മനസ്സിലാക്കി അമ്മയെ താങ്ങിയെടുത്തു കട്ടിലിൽ കിടത്തി…

“മോളെ… കുറച്ചു വെള്ളം എടുത്തു വാ..”

ഓടിച്ചെന്നു ജഗ്ഗ് എടുത്തു അമ്മയുടെ മുഖത്തു തളിച്ചു… കണ്ണ് തുറന്നു അൽപ നേരം നിസ്സഹായതയോടെ നോക്കിയ ശേഷം അമ്മ പരിസരം വിട്ടു അലറിക്കരഞ്ഞു പോയിരുന്നു…

“നമ്മുടെ മോള്….”

ഒന്ന് സമാദാനിപ്പിയ്ക്കാൻ പോലും കഴിയാതെ അച്ഛൻ കടലാസ്സ് കഷ്ണം പിടിച്ചു മുറിയിൽ നിന്നും ചാരു കസേരയിലേക്ക് നടന്നു…

കൈകൾ കണ്ണിനു മീതെ വച്ച് കിടക്കുന്ന അച്ഛനും വിതുമ്പിക്കരയുന്ന അമ്മയ്ക്കും നടുവിൽ എന്ത് ചെയ്യണമെന്നറിയാതെ അന്നാദ്യമായി ഞാൻ ഒറ്റപ്പെട്ടു പോയി….

ചേച്ചിയില്ലായ്മയിൽ അവളുടെ സ്ഥാനം സ്വയം ഏറ്റെടുത്തു പിടിച്ചു നിൽക്കാൻ തക്ക വണ്ണം പക്വതയും ധൈര്യവും അന്ന് തനിയ്ക്കുണ്ടായിരുന്നോ??

അറിയില്ല!!

അടുപ്പ് പോലുമെരിയാതെ സമയം പുലരിയിൽ നിന്നും ഒഴുക്കിൻ വേഗത്തിൽ സായാഹ്നത്തിലെത്തി നിന്നു…

അമ്മയുടെ കരച്ചിൽ നേരിയ തേങ്ങൽ ചീളുകളായി ഒതുങ്ങിക്കൂടിയിട്ടു നേരമേറെയായി..

പതിയെ എഴുന്നേറ്റു കട്ടൻ ചായയുണ്ടാക്കി അമ്മയെ നിർബന്ധിച്ചു കുടിപ്പിയ്ക്കാനൊരു പാഴ്ശ്രമം നടത്തി നോക്കി…

അച്ഛനാകട്ടെ അതെ ഇരുപ്പിൽ നിന്നും ഇപ്പോഴും അനങ്ങിയിട്ടില്ല!!

ഇരുട്ട് വീണു തുടങ്ങിയപ്പോൾ ഗേറ്റിനരികിൽ ഒരു രൂപം പ്രത്യക്ഷപ്പെട്ടു…

ഉമ്മറപ്പടിയിൽ തളർന്നിരുന്ന ഞാൻ കോലായിലെ ബൾബിന്റെ സ്വിച്ച് ഓൺ ചെയ്തു ഗേറ്റിലേയ്ക്ക് നടന്നു..

ആളെ വ്യക്തമായതും പരിസരം മറന്നു ഉറക്കെ വിളിച്ചു പോയിരുന്നു…

“അച്ഛാ…. ദേ ചേച്ചി….”

അച്ഛനെക്കാൾ മുൻപിൽ ഓടിയെത്തിയ അമ്മ ചേച്ചിയെ പൊതിരെ തല്ലാൻ തുടങ്ങി…

“നീയെന്തിനാടി ഇപ്പൊ ഇങ്ങോട്ട് കേറി വന്നത്?? എല്ലാം തുലച്ചപ്പോൾ സമാധാനയില്ലേ നിനക്ക്…”

ഒന്നും മിണ്ടാതെ നിന്ന ചേച്ചി പതിയെ നടന്നു അച്ഛന്റെ കാലിലേക്ക് വീണു പൊട്ടിക്കരഞ്ഞപ്പോൾ ഞാനും അമ്മയും ആശ്ചര്യത്തോടെ മുഖാമുഖം നോക്കി നിന്നു പോയി…

അനങ്ങാതെ നിൽക്കുന്ന അച്ഛന്റെ ചങ്കിലെ പിടച്ചിൽ എന്നോളം വന്നു ചേച്ചിയെയും സ്പർശിച്ചിരുന്നോ??

“ഷാനുക്ക എവിടെ ചേച്ചി??”

എന്റെ ചോദ്യം അവളിൽ തേങ്ങൽ സ്വരമുണർത്തി…

“അവൻ… അവൻ…”

വാക്കുകൾ മുഴുമിപ്പിയ്ക്കാനാവാതെ അവൾ എങ്ങലടിച്ചു…

അച്ഛൻ മൂകത വിട്ടു അവളെ പിടിച്ചെഴുന്നേല്പിച്ചു…

അച്ഛന്റെ നെഞ്ചിൽ അടക്കി വച്ച സങ്കടം മുഴുവൻ ഇറക്കി വയ്ക്കുമ്പോൾ അവളെന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു…

“ഒരു കറിവെപ്പിലയുടെ വില പോലും അവനെനിയ്ക്ക് തന്നില്ലച്ഛാ…”

അച്ഛന്റെ മുഖത്തു അവിശ്വസനീയ ഭാവം തിളങ്ങി..

“സാരമില്ല… പോട്ടെ… ന്റെ കുട്ടിയെ എനിയ്ക്ക് കളയാനാവില്ലല്ലോ..”

നിറകണ്ണുകളോടെ അവളുടെ മുടിയിൽ വിരലോടിച്ചു..

അച്ഛനെങ്ങനെ ഇത്ര പെട്ടെന്ന് പൊറുക്കാൻ കഴിഞ്ഞെന്ന് ഞാനമ്പരന്നു പോയി…

അമ്മ അവളെ കൈ പിടിച്ചു അകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയപ്പോൾ ഇത്രയും സ്നേഹമുള്ള വീടുപേക്ഷിച്ചു പോവാൻ തോന്നിയ ചേച്ചിയുടെ വിഡ്ഢിത്തത്തെ ഞാൻ മനസ്സാ പഴിച്ചു…

“ആരെയും വിശ്വസിയ്ക്കരുത് മോളെ… എല്ലാരും നമ്മളെ അവരുടെ ആവശ്യത്തിനു ഉപയോഗിയ്ക്കും… ആവശ്യം കഴിഞ്ഞാൽ അതുപോലെ ഉപേക്ഷിച്ചു കളയെ ഉള്ളു…

ഞാൻ ചെല്ലുമ്പോൾ അവിടെ അയാളുടെ നിക്കാഹാണ് എന്നെ വരവേറ്റത്… ഷാനുവിന് ഇങ്ങനൊക്കെ മാറാൻ കഴിയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടേയില്ലായിരുന്നു…

ചിലപ്പോൾ അച്ഛനെയും അമ്മയെയും ചതിയ്ക്കാൻ നോക്കിയതിനു ദൈവം തന്ന ശിക്ഷയാവും…”

“ചേച്ചി ചോദിച്ചില്ലേ അയാളോട്??”

പ്രത്യക്ഷമായ ദേഷ്യം പ്രകടമാക്കിക്കൊണ്ടു തന്നെ ചോദിച്ചു…

ഫ്രണ്ടാണെന്നു പറഞ്ഞു അവനെന്നെ എല്ലാർക്കും  പരിചയപ്പെടുത്തിയപ്പോൾ ഒരു ഹാപ്പി മാരീഡ് ലൈഫ് മാത്രേ പറയാൻ തോന്നിയുള്ളൂ…

വീട്ടുകാർ നിര്ബന്ധിയ്ക്കുന്നുണ്ടെന്നു ഇടയ്ക്കിടെ പറയറുണ്ടായിരുന്നത് വെറുതെയായില്ല….

ഒരു സോറിയിൽ എല്ലാം അവസാനിപ്പിച്ചു കളയാൻ മാത്രമുള്ള അകൽച്ചയെ ഞാനായിരുന്നു സൃഷ്ടിച്ചതെന്ന്..

ഏച്ചു കെട്ടിയാൽ മുഴച്ചിരിയ്ക്കും.. ചേരുന്നത് ചേരട്ടെയെന്ന്…”

കണ്ണീരിന്റെ തുള്ളി പോലും ആ കണ്ണുകളിൽ അവശേഷിച്ചിരുന്നില്ല…!!

ദിവസങ്ങൾ കൊഴിഞ്ഞടർന്നു…

അച്ഛനവൾക്ക് മനസ്സാ തയ്യാറെടുക്കാൻ അവസരം നൽകി..

ഒടുക്കം അച്ഛൻ കൊണ്ടുവന്ന വിവാഹലോചനയെ അവൾ മനസ്സോടെ സമ്മതിച്ചു…

പഴയ സന്തോഷം വീണ്ടും അതി ശക്തിയോടെ തിരിച്ചു വന്നു…

കല്യാണത്തിന്റെ മുന്നൊരുക്കങ്ങൾ ആഘോഷങ്ങളായി പൊടിപൊടിയ്ക്കുന്നതിനിടെ ചേച്ചിയ്ക്ക് വന്ന മാറ്റങ്ങൾ ആരും ശ്രദ്ധിച്ചിരുന്നില്ല….

വിവാഹത്തിന്റെ തലെന്നുള്ള പാർട്ടിയും കഴിഞ്ഞു ചേച്ചി തന്ന പാലിന്റെ ഗ്ലാസ് ഒറ്റയടിയ്ക്ക് കാലിയാക്കി ചേച്ചിയെ കെട്ടിപ്പിടിച്ചുറങ്ങുമ്പോൾ ഇനിയൊരിയ്ക്കലും അവളെന്റെ ജീവിതത്തിലുണ്ടാവില്ലെന്നു സ്വപ്നത്തിൽ പോലും കരുതിയില്ല…

വാതിലിൽ ശക്തിയായി തട്ടുന്ന ശബ്ദം കേട്ടപ്പോൾ ഞെട്ടിയുണർന്ന എന്നെ വരവേറ്റത് ഫാനിൽ തൂങ്ങി നിൽക്കുന്ന ചേച്ചിയുടെ ശരീരമായിരുന്നു…

ചേച്ചിയുടെ തലയിണയ്ക്ക് മീതെ വച്ച എഴുത്തിനൊപ്പം പുണർന്നു കിടക്കുന്ന പ്രഗ്നൻസി ടെസ്റ്ററിലെ രണ്ടു വരകളിലേയ്ക്ക് കണ്ണുടക്കിയതും ഞാൻ സമനില വിട്ടു  അലറിക്കരഞ്ഞു….

(തുടരും…)

( മിശ്ര വിവാഹത്തെക്കുറിച്ചു എഴുതിപ്പിടിപ്പിച്ചതൊക്കെയും എന്റെ കാഴ്ചപ്പാടുകളല്ല… അത്തരമൊരു സാഹചര്യം വന്നാൽ എങ്ങനെ പ്രതികരിയ്ക്കുമെന്നറിയാൻ  പലരോടും സംവദിച്ചതിൽ നിന്നും (അതുകൊണ്ടു എന്നെ ഇപ്പൊ നല്ല സംശയമാണെന്നു ഘേദപൂർവ്വം അറിയിച്ചുകൊള്ളട്ടെ) ചില വയനാനുഭവത്തിൽ നിന്നുമെല്ലാം കിട്ടിയ അറിവുകളാണ്… കുറച്ചു കഷ്ടപ്പെടേണ്ടി വന്നെങ്കിലും ഒരു വിധം എല്ലാവർക്കും ഇത്തരം മനോഭാവം തന്നെയാവും എന്ന് തോന്നി… കാലം മാറാതെ… മനുഷ്യന്റെ കാഴ്ചപ്പാട് മാറാതെ ജാതി മത അതിർവരമ്പുകൾ ഭേദിച്ചു പ്രണയത്തെ മനോഹരമാക്കുക കഠിനം തന്നെയാവുന്നു… ആരെയും വേദനിപ്പിയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ല.. കഥയായി മാത്രം കാണുക…

nb: എല്ലാ വീട്ടുകാരും ഒരേ മനോഭാവക്കാരവില്ല… ചില സാധ്യതകൾ മാത്രം…)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.2/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഗന്ധർവ്വൻ – ഭാഗം 10”

  1. Ithokkeyum innum jeevithathil njn anubhavich kondirikunnavayanu. Prayathinte pakvathakuravil edutha theerumanangalk ente jeevithathe thanne nasippikan sakthi undenn njn manasilakiyapozhekum vaikipoyirunnu. Ini ellam anubhavich theerkuka enna joli mathram

Leave a Reply

Don`t copy text!