ഷൈനി ഒരു വിധത്തിൽ ആ ബാഗ് വലിച്ചുകൊണ്ട് വന്ന് ഓട്ടോയുടെ പിന്നിലെ സീറ്റ് പുറകോട്ട് ചായ്ച്ചു വെച്ചിട്ട് ബാഗ് കേറ്റി വെച്ചു…
അപ്പോൾ കാഞ്ഞിരമരത്തിനു പിന്നിൽ നിന്ന് കരിമ്പടം പുതച്ച ആൾ ജ്വലിക്കുന്ന കണ്ണുകളോടെ ഇറങ്ങി വന്നു… കൂർത്ത പല്ലുകൾ കാട്ടി കരിമ്പടൻ ഒന്നു ചിരിച്ചു..
പെട്ടന്ന് കരിമ്പടന്റെ ദൃഷ്ടി ഷൈനിയുടെ കയ്യിൽ കെട്ടിയിരുന്ന രക്ഷയിൽ പതിച്ചു..
ഷൈനി ഓട്ടോയുടെ സൈഡ് ഗ്ലാസ്സിലൂടെ കാവിന്റെ മുന്നിൽ ആരോ നിൽക്കുന്നത് ഒരു മിന്നായം പോലെ കണ്ടു.. അവൾ തിരിഞ്ഞു നോക്കിയതും കരിമ്പടൻ മതിലിനപ്പുറം താഴ്ന്നു പോയി..
അവൾ പെട്ടന്ന് ഓട്ടോ സ്റ്റാർട്ട് ചെയ്ത് വേഗത്തിൽ ഓടിച്ചു..
****
ഇതേസമയം അഞ്ജലി റൂമിൽ നിന്ന് പുറത്തേക്കിറങ്ങി തെക്കിനിയിലേക്ക് നടന്നു.. അവിടെ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അവൾ ഫോണെടുത്ത് അഖിലിനെ വിളിച്ചു..
ഒന്നു രണ്ടു വട്ടം റിങ് ചെയ്ത് നിന്ന ശേഷം വീണ്ടും ട്രൈ ചെയ്തപ്പോഴാണ് അഖിൽ കോൾ എടുത്തത്..
“നീ ഇതെവിടെയാ. എത്ര നേരം കൊണ്ട് വിളിക്കുവാ.. “
“ഫോൺ സൈലന്റായിരുന്നു.. “
“ഉം.. ഇന്ന് രാത്രി 12 മണിയ്ക്ക് കാവിൽ
നിന്ന് ആ ബാഗ് എടുക്കണം..”
അഞ്ജലി പറഞ്ഞു..
****
അഖിലിന്റെ കണ്ണുകളിൽ ഭയം ഉറഞ്ഞുകൂടി… ഫോണിരുന്ന അവന്റെ കൈ വിറച്ചു..
“ഓക്കേ.. സാബ്.. “
വിറയാർന്ന ശബ്ദത്തിൽ അവൻ പറഞ്ഞു.
“ഇന്ന് രാത്രി 12 മണിയ്ക്ക് കാവിൽ നിന്ന് ബാഗ് എടുക്കണമെന്ന്.. ശോ.. “
അഖിൽ അരുൺ കൃഷ്ണനോട് പറഞ്ഞു..
“ആ ബാഗ് അവിടെത്തന്നെ കിടന്നാ മതിയായിരുന്നു.. ” അരുൺ കൃഷ്ണൻ ഭീതിയോടെ പറഞ്ഞു…
****
ഇതേസമയം വീട്ടിലെത്തിയ ഷൈനി ആ ബാഗ് വിറക് പുരയിൽ ഒളിപ്പിച്ചു കഴിഞ്ഞിരുന്നു…
അവളുടെ മുഖത്തെ പരിഭ്രമം അമ്മയും ചേച്ചിയും ചോദ്യം ചെയ്യുകയുണ്ടായി.. ഒന്നുമില്ലന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞു മാറി..
മുറിയിൽ കയറി വാതിൽ അടച്ച ശേഷം ഷൈനി റഷീദ് റഹ്മാനെ ഫോണിൽ വിളിച്ച് ആ പണമടങ്ങിയ ബാഗിനെ പറ്റി പറഞ്ഞു.. റഷീദ് റഹ്മാനും ഷൈനിയും ബാല്യകാല സുഹൃത്തുക്കളും സഹപാഠികളുമായിരുന്നു ..അതുകൊണ്ടാണ് അവൾ റഷീദിനോട് ഈ വിവരം പറഞ്ഞത്…
“ഉം അന്റെ കഷ്ടപ്പാട് കണ്ട് ഭൂതങ്ങള് തന്ന നിധിയാ അത്.. ജ്ജ് ഇത് ആരോടും പറയാൻ ഒന്നും നിക്കണ്ടാ..” റഷീദ് റഹ്മാൻ പറഞ്ഞു…
“എനിക്ക് വല്ലാതെ പേടിയാകുന്നു.. “
“ജ്ജ് പേടിക്കാണ്ടിരി.. ഭൂതങ്ങള് തന്ന നിധിയ്ക്ക് അവകാശം പറഞ്ഞോണ്ട് ഒരു ജിന്നും വരൂല്ല.. “
റഷീദ് റഹ്മാൻ ഉറപ്പിച്ചു പറഞ്ഞു..
****
പതിനൊന്നര കഴിഞ്ഞപ്പോൾ അഞ്ജലി തറവാട്ടിൽ നിന്ന് പുറത്തു കടന്നു.. സ്‌കോർപ്പിയോ ന്യുട്രലാക്കി അവൾ മുന്നോട്ട് നീങ്ങി…
തലശേരിയിൽ ചെന്ന് അഖിലിനെയും അരുൺ കൃഷ്ണനെയും കൂട്ടി അവൾ കരിമ്പടൻ കാവിലേക്ക് പാഞ്ഞു… അഖിലും അരുൺ കൃഷ്ണനും ഭയന്ന് വണ്ടിയിൽ മിണ്ടാതെയിരുന്നു..
****
കാവിലെ ആൽമരത്തിന്റെ വേരുകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച ബാഗ് അപ്രത്യക്ഷമായിരിക്കുന്നത് കണ്ട് അഞ്ജലി വേവലാതിപ്പെട്ടു..
“അഖിലേ.. ആ ബാഗ് കാണുന്നില്ല..”
അഞ്ജലി സാബ് പരിഭ്രമത്തോടെ പറഞ്ഞത് കേട്ട് അഖിൽ ഭീതിയോടെ അരുൺ കൃഷ്ണനെ ഒന്നു നോക്കി…
“സാബ് ഞങ്ങളോട് ക്ഷമിക്കണം.. “
അഞ്ജലി അവനെ അമ്പരപ്പോടെ നോക്കി..
കുറെ നേരം മുൻപ് പണം അടിച്ചു മാറ്റാൻ ശ്രമം നടത്തിയ കാര്യം അഖിൽ തുറന്നു പറഞ്ഞു… അത് കേട്ട് അഞ്ജലി ഒന്നു ഞെട്ടി…
“ആ ബാഗ് ആര് എടുത്തോണ്ട് പോയെന്ന് ഞങ്ങൾക്ക് അറിയില്ല സാബ്.. ഒറ്റയാനെക്കണ്ട് ഞങ്ങൾ ജീവനും കൊണ്ട് രക്ഷപെടുകയായിരുന്നു.. ” അഖിൽ കരയും വിധം പറഞ്ഞു..
“പണ്ട് മുതലേ നിനക്ക് കുരുട്ട് ബുദ്ധിയാ.. ” അഖിലിനെ നോക്കി അഞ്ജലി ഗർജ്ജിച്ചു…
“അന്തേരി ബാബുവിന്റെ ദർബാറിൽ കടന്ന് അവന്റെ നെഞ്ചില് വെടിപൊട്ടിച്ച്.. അഞ്ഞൂറ് കോടിയും കൊണ്ട് ഒരു പൂച്ചക്കുഞ്ഞ് പോലും അറിയാതെ രായ്ക്ക് രായ്മാനം കടന്നവളാ ഈ അഞ്ജലി ..
ആ എനിയ്ക്ക് നിങ്ങളെ രണ്ടുപേരെയും കൊല്ലുക എന്നത്.. ഒരു പൂ പറിക്കുന്നത് പോലെയുള്ളൂ.. “
അഞ്ജലിയുടെ വാക്കുകളിൽ തീ പടർന്നിരുന്നു… പെട്ടന്ന് അവളുടെ കയ്യിൽ ഗൺ കണ്ട് അരുൺ കൃഷ്ണൻ ഞെട്ടി..
“അയ്യോ എന്നെ കൊല്ലല്ലേ സാബേ.. എല്ലാമീ കൊടക്കമ്പിയുടെ പ്ലാനിങ്ങാ.. “
അരുൺ കൃഷ്ണൻ നിലവിളിച്ചു പോയി..
“നിങ്ങൾക്കറിയോ.. ബാബയുടെ മകനെ രക്ഷിക്കാനാണ് ആ പണം.. ബാബയ്ക്ക് ഞാൻ കൊടുത്ത് വാക്ക്.. അത് വെറും പാഴ് വാക്കായി.. എല്ലാം നിങ്ങൾ കാരണമാ ..” അഞ്ജലി രോക്ഷംകൊണ്ടു..
അഞ്ജലി മുംബൈയിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന കാലം.. ഒരു ദിവസം അവളുടെ ഫ്ലാറ്റിനടുത്ത് നടന്ന ഒരു കൊലപാതകത്തിന് അവൾക്ക് സാക്ഷി ആകേണ്ടിവന്നു. അവൾ അത് പോലീസിനോട് പറഞ്ഞു.. അന്തേരി ബാബുവിന്റെ ആളുകളായിരുന്നു അത് ചെയ്തത്… കൊല്ലപ്പെട്ടത് ബാബ എന്നുവിളിക്കുന്ന മറ്റൊരു അണ്ടർ വേൾഡ് കിങായ രൂപേഷ് കൈലാസത്തിന്റെ വലംകൈ ആയിരുന്നു.
അഞ്ജലി കാരണം അന്തേരി ബാബുവിന് കേസിൽ നിന്ന് തലയൂരാൻ ലക്ഷങ്ങൾ ചെലവാക്കേണ്ടിവന്നു. അതുകൊണ്ട് അയാൾ അഞ്ജലിയെ വകവരുത്താൻ തന്നെ തീരുമാനിച്ചു…
അയാളുടെ ആളുകൾ അഞ്ജലിയെ പിന്തുടർന്നു..
ബാബുവിന്റെ തോക്കിന്റെ മുന്നിൽ നിന്ന് അഞ്ജലിയെ രക്ഷിച്ചത് രൂപേഷ് ബാബ ആണ് … അധോലോകത്തേക്കുള്ള അഞ്ജലിയുടെ ചുവട് വെയ്പ്പ് അവിടെ തുടങ്ങുകയായിരുന്നു…
അന്തേരി ബാബുവിന്റെ കളികൾ ശക്തമായതോടെ രൂപേഷ് ബാബയുടെ സാമ്രാജ്യങ്ങൾ ഓരോന്നായി തകർന്നടിയാൻ തുടങ്ങി.. ബാബയുടെ ജീവിതം ധാരാവിയിലെ ഒരു ചേരിയിലേക്ക് ഒതുങ്ങി… കൊടുക്കാനുള്ള കാശിന്റെ പേരിൽ ഒരു മാർവാഡി ബാബയുടെ ഒരേ ഒരു മകനായ ജിഷ്ണുവിനെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു … അവനെ വിട്ടുകിട്ടണമെങ്കിൽ നൂറു കോടി രൂപ മാർവാഡിയ്ക്ക് കൊടുക്കണം..
അഞ്ജലി പറഞ്ഞത് കേട്ട് അഖിലും അരുൺ കൃഷ്ണനും തരിച്ചു നിന്നുപോയി ..
“പറയ് ആ കാശ് നിങ്ങൾ എന്ത് ചെയ്തു.. സത്യം പറഞ്ഞോ ഇല്ലേൽ തീർക്കും ഞാൻ രണ്ടിനേം.. “
അഞ്ജലി ഗർജ്ജിച്ചു…
“സാബ് ഞാൻ പറഞ്ഞത് സത്യമാണ്.. ആനയെ കണ്ട് ഭയന്നോടിയ ഞങ്ങൾ ഇവിടെ ബാഗ് കളഞ്ഞിട്ടാ പോയത്..
ബാഗ് വേറെ ആരുടെയോ കൈയ്യിൽ കിട്ടീട്ടുണ്ട്.. ഞങ്ങൾ കണ്ടെത്തും ഷുവർ സാബ്.. “
അഖിൽ പറഞ്ഞു…
അഞ്ജലി അവളുടെ കയ്യിലിരുന്ന തോക്ക് അഖിലിന്റെ കയ്യിലേക്ക് ബലമായി വെച്ചു കൊടുത്തു…
“ഇതിരിക്കട്ടെ.. ആ ബാഗ് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ സ്വയം വെടിവെച്ച് മരിച്ചേക്കണം.. ചുമ്മാ എന്നെക്കൊണ്ട് കൊലപാതകം ചെയ്യിപ്പിക്കരുത്.. “
അഞ്ജലി തീർത്തും പറഞ്ഞു….
A rajeev rajus story (തുടരും.. )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission