Skip to content

ശ്രീലക്ഷ്മി – പാർട്ട്‌ 7

sreelakshmi-novel

“ലച്ചൂ , ഇവൻ നിന്നെ കയറി പിടിച്ചവനാ. അന്ന് നിന്നെ ഇവനിൽ നിന്നും രക്ഷിച്ചത് ഞാനാണ് അതെന്താ നീ ഓർക്കാത്തത്. ”

“ശരിയാ അറിയാത്ത പ്രായത്തിൽ മനോജേട്ടൻ എന്നോട് തെറ്റ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് . അതിന് പ്രതിവിധി ചെയ്യാനാണ് ഇന്ന് വന്നിരിക്കുന്നതും. പക്ഷേ നിങ്ങളോ ? ഓർമ്മയുണ്ടോ അന്ന് മീരയുടെ നിശ്ചയത്തിന്റെ അന്ന് ? അത്രേം പോലും മനോജേട്ടൻ ചെയ്തില്ലല്ലോ?”

” ലച്ചൂ ഞാൻ , അതൊക്കെ നീയെന്റെ സ്വന്തമാണെന്ന് കരുതിയല്ലേ ? വേറൊന്നും എനിക്ക് ഉദ്ദേശമില്ലായിരുന്നു ലച്ചൂ നീ എന്നെ ഒന്ന് വിശ്വസിക്ക് ” അവൻ ലക്ഷ്മിയെ ദയനീയമായി നോക്കി …

“മുഖത്ത് നോക്കി ഇറങ്ങി പോകാൻ പറഞ്ഞിട്ടും പിന്നെയും ഇവിടെ നിൽക്കാൻ നാണമില്ലേ ശ്രീഹരി. “മനോജ് പുച്ഛത്തിൽ പറഞ്ഞു..

“ഗൾഫിൽ പോയി നാലു പുത്തനുണ്ടാക്കിയതിന്റെ അഹങ്കാരമാണ് നിനക്കെങ്കിൽ അതെന്റെ അടുത്ത് നടക്കില്ല മനോജേ. ലക്ഷ്മി എന്റെ പെണ്ണാ എന്റെ മാത്രം. അവളെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല. പണ്ടത്തെ പോലെ ഇനിയും ആവർത്തിക്കാനാണെങ്കിൽ, നീ ചെവിയിൽ നുള്ളിക്കോ അന്നു കണ്ട ശ്രീയല്ല ഇന്ന് ഞാൻ അത് നീ ഓർത്തോ ” ഒരു താക്കീതോടെയാണ് ശ്രീ പറഞ്ഞത്.

“ഞാൻ ലക്ഷ്മിയോട് തെറ്റ് ചെയ്തിട്ടുണ്ട് പക്ഷേ ആ തെറ്റ് തിരുത്താൻ കൂടിയാണ് ഞാൻ വന്നത്. ഇത്ര നാളും ഇവൾക്കു വേണ്ടി മാത്രമാണ് ഞാൻ കാത്തിരുന്നത് ”

“നീ എത്ര കാത്തിരിന്നിട്ടും കാര്യമില്ലടാ ഇവളെന്റെ പെണ്ണാ ഞാൻ കെട്ടുന്ന താലി മാത്രമേ ഇവളുടെ കഴുത്തിലുണ്ടാകൂ എന്റെ കൈയ്യാൽ മാത്രമേ ഇവളുടെ സിന്ദൂര രേഖയിൽ ചുവപ്പണിയൂ”

“അത് ശ്രീയേട്ടനാണോ തീരുമാനിക്കുന്നത്. എന്റെ കാര്യം തീരുമാനിക്കുന്നത് ഞാനാ. ആരെ സ്നേഹിക്കണം ആരെ കെട്ടണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്. അതുകൊണ്ട് ശ്രീയേട്ടൻ ഇവിടെ ഇനി വരരുത് ”

“ലച്ചൂ …..”
“നീ പോകുന്നുണ്ടോ അതോ ഞങ്ങൾ പോലീസിനെ വിളിക്കണോ ?”
മനോജ് പറഞ്ഞു..

” നടക്കട്ടെ ലച്ചൂ എല്ലാം നല്ല രീതിയിൽ തന്നെ നടക്കട്ടെ നീയെന്നെ വെറുത്തോളൂ നിന്റെ അമ്മയ്ക്ക് കൊടുത്ത സത്യത്തെ മുറുകെ പിടിച്ചോ പക്ഷേ നീ ഒന്നോർത്തോ നീ മറ്റൊരാളിന്റെ ആകുന്ന നിമിഷം പിന്നെ ഈ ശ്രീയുണ്ടാകില്ല…” അതും പറഞ്ഞവൻ പുറത്തേക്കിറങ്ങി.

“ലച്ചൂ, നിന്നെ നിന്റെ അച്ഛന്റെ മുന്നിൽ എത്തിക്കണം എന്നുണ്ടായിരുന്നു. ഈ നാട്ടുകാരുടെ മുമ്പിൽ നീ തന്തയില്ലാത്തവൾ അല്ലാ എന്ന് തെളിയിക്കണമായിരുന്നു.
അതൊക്കെ നടക്കുമോ എന്നറിയില്ല. നിന്റെ ജീവിതത്തിൽ നിന്നും ഞാൻ പോവുകയാണ്. ഇനി തിരിച്ച് വരാതിരിക്കാൻ ശ്രമിക്കാം.. മനസ്സിൽ നിന്നും പറിച്ചു മാറ്റാൻ പറ്റുമോന്നറിയില്ല അത്രയ്ക്ക് ഇഷ്ടമാ…നിന്നെ എനിക്ക് ഒരു പാടിഷ്ടമാ ലച്ചൂ ഒരുപാട് ……മറ്റൊരാളിന്റെ ഭാര്യയായി കാണാൻ എനിക്കാവില്ല എന്നാലും അങ്ങനെ നടന്നാൽ നീ സന്തോഷവതി ആയിരിക്കണം. ഒരിക്കലും ഈ കണ്ണു നിറയാനിടവരരുത്. അതു പറയുമ്പോൾ അവന്റെ കണ്ഠമിടറിയിരുന്നു.

തിരിഞ്ഞു നോക്കാതെ അവൻ നടന്നു പോകുന്നതു കണ്ടപ്പോൾ ലക്ഷ്മിയുടെ ഹൃദയം തേങ്ങി … അമ്മയ്ക്ക് കൊടുത്ത സത്യത്തെ പാലിക്കാൻ താൻ സ്വയം കുത്തി മരിക്കുകയാണെന്ന് തോന്നി.
തന്റേടത്തോടെയാണ് ശ്രീയേട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞത് എന്നിട്ട് താൻ കാരണം ആ മനുഷ്യൻ ഹൃദയ വേദനയോടെ ഇറങ്ങി പോകുന്നു …

“മോളേ നീ അതൊന്നും ശ്രദ്ധിക്കണ്ട, ഇന്നിവിടെ നടക്കുന്നത് നിന്റെ ഭാവി ജീവിതത്തെ കുറിച്ചുള്ള തീരുമാനമാണ് ” സീത ചേച്ചി പറഞ്ഞു.

” അതൊക്കെ ലച്ചൂന് അറിയുന്ന കാര്യമല്ലേ അമ്മേ” മനോജ് പറഞ്ഞു.

“എന്നാലും ഈ തങ്കം പോലുള്ള കൊച്ചിനെ ഞാനാ രണ്ടാം കെട്ടുകാരനായ കണ്ടക്ടർക്ക് ആലോചിച്ച കാര്യം ഓർക്കുമ്പോഴാ ” സീത പരിഭവത്തോടെ പറഞ്ഞു.

” അതൊന്നും ഇനി ലച്ചുവിനെ ഓർമിപ്പിക്കണ്ട അമ്മേ”

“എന്റെ മോനായതു കൊണ്ട് പറയുന്നതല്ലാട്ടോ ,കേട്ടോ രമണി അവന് ഒരു ദു:ശ്ശീലവും അനാവശ്യ കൂട്ടുകെട്ടും ഇല്ല.മൂന്നാല് കൊല്ലം മരുഭൂമീ കിടന്ന് അധ്വാനിച്ചിട്ടാ രണ്ട് പെണ്മക്കളെ കെട്ടിച്ചു വിട്ടത്. പുതിയ വീടും വെച്ചു. വന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ വന്നപ്പോൾ തന്നെ ലക്ഷ്മിയെ കുറിച്ചാ ആദ്യം എന്നോട് അന്വേഷിച്ചത്. ദാ ഇതൊക്കെ കണ്ടോ ഇവൾക്ക് കൊണ്ടുവന്നതാ”അതും പറഞ്ഞ് രണ്ടു മൂന്ന് കവർ സീത ലക്ഷ്മിയുടെ കൈയ്യിൽ കൊടുത്തു.

“ഇതൊക്കെ കാണാൻ ലതിക ഇല്ലാതെ പോയല്ലോ ” രമണി വിഷമത്തോടെ പറഞ്ഞു.

” ഇതൊന്നും എനിക്ക് വേണ്ടാ സീതേച്ചി ”

“ചേച്ചിയല്ല ഇനി മുതൽ അമ്മ അമ്മാ എന്നു വിളിക്കണം ” സീത പറഞ്ഞു.

ലക്ഷ്മി മനോജിനെ നോക്കി. അവന്റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായി..

“ഇനി ഞങ്ങൾ നിൽക്കുന്നില്ല എല്ലാം പറഞ്ഞ പോലെ അടുത്ത മാസം 18 ന് പയ്യൂർക്കാവ് ക്ഷേത്രത്തിൽ വെച്ച് വിവാഹം സദ്യ അവിടത്തെ ഊട്ടുപുരയിൽ വെച്ച് .കൂടെയുണ്ടായിരുന്നവർ പറഞ്ഞു.

ലക്ഷ്മി ഒന്നും പറഞ്ഞില്ല. അവളുടെ മനസ്സിലപ്പോൾ ശ്രീഹരിയായിരുന്നു.. അവൻ പറഞ്ഞ വാക്കുകളായിരുന്നു..അവളുടെ കണ്ണു നിറഞ്ഞു.

“കണ്ടോ മോൾടെ കണ്ണു നിറഞ്ഞു കല്യാണ തിയ്യതി പറഞ്ഞപ്പോൾ അമ്മയെ ഓർത്തല്ലേ. ഇനി മുതൽ ഞാനാണ് മോൾടെ അമ്മ ” സീത അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.
“എന്നാ ഞങ്ങൾ ഇറങ്ങട്ടെ മോളേ” ലക്ഷ്മി തലയാട്ടി.

അവരിറങ്ങി. മനോജ് മാത്രം അവിടെ നിന്നു.

“ആ കവറിൽ ഒരു ഫോണുണ്ട്. എന്റെ നമ്പർ സേവ് ചെയ്തിട്ടുണ്ട് ഞാൻ വിളിക്കാം. ” ഒരു പുഞ്ചിരിയോടെ അതും പറഞ്ഞ് അവൻ അവരോടൊപ്പം പോയി.

“ഞാനും പോകട്ടെ മോളേ വീട്ടിൽ പണിയുണ്ട് .. രാത്രി കിടക്കാൻ വരാട്ടോ. ” ലക്ഷ്മിയോടത് പറഞ്ഞ് രമണിയും ഇറങ്ങി.

കൈയ്യിലുള്ള കവറുകൾ താഴെ വച്ച് പൊട്ടി ചിതറിയ ചില്ലുഗ്ലാസ്സുകൾ ഓരോന്നായി എടുത്തവൾ.. ഇതു പോലെ തന്നെ തന്റെ ജീവിതവും ചിതറി പോയിരിക്കുന്നു ഒരിക്കലും കൂട്ടി യോജിപ്പിക്കാത്ത വിധം.

തനിക്ക് എന്താണ് സംഭവിച്ചത് ? എവിടെയാണ് തെറ്റുപറ്റിയത്. ആരുടെ ഭാഗമാണ് ശരി.. അമ്മയ്ക്ക് കൊടുത്ത വാക്കുപാലിക്കാൻ തന്റെ ഹൃദയത്തെ മുറിച്ച് മാറ്റുന്നു. ശ്രീയേട്ടനെ ഞാൻ സ്നേഹിക്കുന്നുണ്ട്. എന്നെക്കാളേറെ എന്നിട്ടും അകറ്റി മാറ്റി ,ആട്ടി പായിച്ചു അടിച്ചു.. എത്ര വേദനിച്ചിട്ടുണ്ടാകും? തന്റേടത്തോടെ ചങ്കുറപ്പോടെ നിന്നിരുന്ന ആൾ കരഞ്ഞു കൊണ്ടാണ് തന്റെ മുന്നിൽ നിന്നും പോയത് .ഒരു ഭാഗത്ത് ശ്രീയേട്ടൻ മറുഭാഗത്ത് ഒരിക്കൽ ചെയ്ത തെറ്റിന്റെ പേരിൽ തനിക്കായി ഒരു ജീവിതം തരാനായി നിൽക്കുന്ന മനോജേട്ടൻ ?

“ശ്രീയേട്ടൻ പറഞ്ഞതാണ് ശരി മരിച്ചു പോയ ആൾക്ക് കൊടുത്ത സത്യം എന്തിനു പാലിക്കണം ?” അവൾ മുഖം തുടച്ചു .. ഒരാളെ മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടിട്ട് വേറൊരാളിന്റെ ഭാര്യയായാൽ ജീവിതകാലം മുഴുവൻ ദുഃഖിക്കേണ്ടി വരും”അവൾ ലതികയുടെ ഫോട്ടോ എടുത്തു നോക്കി..

ക്ഷമിക്കൂ അമ്മാ , ഇനിയും ആ മനുഷ്യനെ വേദനിപ്പിച്ചാൽ ആ ശാപം കൂടി ഈ മോൾടെ തലയിൽ വീഴും.
അമ്മേടെ ലച്ചൂന്റെ സന്തോഷല്ലേ അമ്മയ്ക്ക് വലുത്. അത് കാണാനല്ലേ അമ്മ ആഗ്രഹിക്കുന്നത്..എന്റെ ജീവിതം സന്തോഷകരമാണെങ്കിൽ ഈ ലച്ചു ശ്രീഹരിക്ക് സ്വന്തമാകണം ”

പെട്ടെന്നാണ് ഫോൺ അടിക്കുന്ന ശബ്ദം കേട്ടത് മനോജ് തന്ന കവറിൽ നിന്നാണ്.
അവൾ വേഗം അതെടുത്തു . ചെറിയ പെട്ടിയിൽ ആയിരുന്നു.
“എന്റെ മാത്രം ലച്ചുവിന് ” എന്ന് പെട്ടിക്ക് പുറത്തായി എഴുതിയിരുന്നു.

അവൾ പെട്ടി തുറന്നു ഫോൺ എടുത്തു വിലകൂടിയ ഫോണാണ്. സ്ക്രീനിൽ പേര് തെളിഞ്ഞിരുന്നു. “മനോജ് ”

ഫോൺ എടുത്തപ്പോൾ മറുതലയ്ക്കൽ ഒരു ചിരിയാണ് ആദ്യം കേട്ടത്. പിന്നീട് പറഞ്ഞ കാര്യങ്ങൾ കേട്ടതും കണ്ണിൽ ഇരുട്ടു നിറയുന്നതു പോലെ തോന്നി ലക്ഷ്മിക്ക് കൈയ്യിൽ നിന്നും ഫോൺ താഴേക്ക് വീണു. കാതിൽ തീവണ്ടിയുടെ ചൂളം വിളികൾ പോലെ കേട്ടത് സത്യമാണോ എന്നവൾക്ക് വിശ്വസിക്കാനായില്ല.

ശ്രീയേട്ടന് ആക്സിഡന്റ് ..

ന്റെ ദേവീ ഒരാപത്തും ഉണ്ടാകരുതേ ?
അവൾക്ക് ഇരിപ്പുറച്ചില്ല…

ആരെ വിളിക്കും. സ്വന്തമായി ഫോണില്ലാത്തതു കൊണ്ട് ആരുടെയും നമ്പർ കൈയ്യിലില്ല.

അമ്മയുടെ ഫോൺ എടുത്തു നോക്കി. കുറച്ച് നമ്പർ മാത്രമേ സേവ് ചെയ്തിട്ടുള്ളൂ. അതൊക്കെ വളരെ അത്യാവശ്യക്കാരുടെ മാത്രം. .

അവൾ സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു .
ശ്രീയേട്ടനു ഒരാപത്തും വരാതെ രക്ഷിച്ചാൽ ഒരു നിറമാല കഴിപ്പിക്കാമേ ദേവീ ”

അപ്പോഴാണ് മേശപ്പുറത്തിരിക്കുന്ന ഡയറി അവളുടെ ശ്രദ്ധയിൽ പെട്ടത്. അമ്മയുടെ ആണ് .അത് എടുത്തു തുറന്നു നോക്കി…. കടയിലെ ഡയറിയാണ്. തയ്ക്കാനായി തരുന്നവരുടെ പേരും ഫോൺ നമ്പറും ഉണ്ട്. പേജുകൾ മറിച്ചു നോക്കി. ഒരു പേജിൽ കണ്ടു. ശ്രീഹരിയുടെ പേരും നമ്പറും.

അവൾ വേഗം അതിലേക്ക് വിളിച്ചു. പക്ഷേ ഫോൺ സ്വിച്ച്‌ഡ് ഓഫ് ആയിരുന്നു.

പലതവണ അവൾ വിളിച്ചു നോക്കി. അപ്പോഴെല്ലാം ഫോൺ ഓഫായിരുന്നു..എവിടെയാണെന്നോ എന്താണെന്നോ അറിയാതെ ലക്ഷ്മി വിഷമിച്ചു..

ഒരർത്ഥത്തിൽ താനിവിടെന്ന് തല്ലിയിറക്കിയതല്ലേ. അവൾ തന്റെ കൈയ്യിലേക്ക് നോക്കി.. ഈ കൈ കൊണ്ടാണ് ശ്രീയേട്ടനെ തല്ലിയത്.

ശ്രീയെ തല്ലിയ കൈ അവൾ പലവട്ടം ചുമരിലടിച്ചു.അതും കണ്ടു കൊണ്ടാണ് രമണി വന്നത്.

“എന്താ മോളേ നീ കാണിക്കുന്നത്. ”

“ചേച്ചീ, ശ്രീയേട്ടന് ആക്സിഡന്റ് എല്ലാം ഞാൻ കാരണം ഈ കൈ കൊണ്ടാണ് ഞാൻ തല്ലിയിറക്കിയത്”

“ആരാ മോളോട് ഈ നുണ പറഞ്ഞത്. ”

“നുണയല്ല ചേച്ചീ മനോജേട്ടൻ പറഞ്ഞതാ . അങ്ങനെയൊരു നുണ പറയേണ്ട കാര്യം അദ്ദേഹത്തിനില്ലല്ലോ ഞാൻ കാരണമല്ലേ ശ്രീയേട്ടന് അപകടം പറ്റിയത്. എന്റെ ഈ കയ്യോണ്ടല്ല ഞാൻ തല്ലിയത് ” അവൾ വീണ്ടും കരയാൻ തുടങ്ങി.

“കുടിച്ച് ബോധമില്ലാതെ വണ്ടി ഓടിച്ചാൽ ആർക്കായാലും അപകടം പറ്റും. ലക്ഷ്മി ഇനി അതേ കുറിച്ച് ആലോചിക്കണ്ട. മനോജ് നല്ല പയ്യനാ ഈ അവസ്ഥയിൽ നിനക്കൊരു ജീവിതം തരാൻ വന്നതാ. മോളായിട്ട് അത് തല്ലി കെടുത്തരുത്. ശ്രീഹരി നല്ല പയ്യനാ പക്ഷേ അവരൊക്കെ വല്ല്യ ആൾക്കാരാ കൊല്ലാൻ പോലും മടിക്കില്ല.. ചിറയ്ക്കലെ കുട്ടിയെ സ്നേഹിച്ചതിനാ പണ്ട് രാഘവന്റെ ജഡം ഈ പുഴയിൽ പൊങ്ങിയത് ”

” പക്ഷേ ചേച്ചീ എന്റെ ജീവിതത്തിൽ ഞാനൊരാളെയാ സ്നേഹിച്ചിട്ടുള്ളൂ അത് ശ്രീയേട്ടനെയാണ്. അമ്മയ്ക്ക് കൊടുത്ത ഒരു വാക്കിന്റെ പുറത്താണ് ഞാനിന്ന് ശ്രീയേട്ടനെ ആട്ടിപ്പായിച്ചത്. മനോജേട്ടനെ വിവാഹം ചെയ്താൽ അത് ഞാൻ എന്നോട് തന്നെ ചെയ്യുന്ന തെറ്റായിരിക്കും”

“മോളേ ലച്ചൂ ജീവിതം നിന്റെതാ . നീയാണ് തീരുമാനിക്കേണ്ടത്. മനോജിനെ വേണോ ശ്രീഹരിയെ വേണോ എന്ന് നീ ഇന്നുതന്നെ തീരുമാനിക്കണം. ” അതും പറഞ്ഞ് രമണി സീത കൊടുത്ത കവറുകൾ എടുത്തു നോക്കി.

വില കൂടിയവസ്ത്രങ്ങളും അതിനു യോജിക്കുന്ന ആഭരണങ്ങളും ഉണ്ടായിരുന്നു. അതു കണ്ടപ്പോൾ തന്നെ അവരുടെ കണ്ണു മഞ്ഞളിച്ചു.

ലക്ഷ്മി അതൊന്നും ശ്രദ്ധിച്ചില്ല ശ്രീയ്ക്ക് ഒരാപത്തും ഉണ്ടാകരുതേ എന്നവൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അപ്പോഴും അവൾ അവന്റെ ഫോണിലേയ്ക്ക് വിളിക്കുന്നുണ്ടായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ രമണി ചേച്ചി തിരിച്ചു പോയി. ഇതിനിടയിൽ പലവട്ടം മനോജ് വിളിച്ചിരുന്നു. അവൾ ഫോൺ എടുത്തില്ല..

അന്നത്തെ ദിവസം അവൾ ഒന്നും കഴിച്ചില്ല.മനസ്സ് മുഴുവൻ ശ്രീഹരിയിൽ തന്നെ ആയിരുന്നു..ഇടയ്ക്ക് ശ്രീഹരിയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ റിംഗ് ഉണ്ടായിരുന്നു. അവൾക്കത് ആശ്വാസമായി പക്ഷേ ആരും ഫോൺ എടുത്തില്ല.

ഒന്നുരണ്ടു തവണ കൂടി വിളിച്ചു നോക്കി അവസാനം ആരോ ഫോൺ എടുത്തു.

“ഹലോ , ആരാ ?

ശ്രീബാലയാണ്. അവളോട് എന്തു ചോദിക്കും. എന്തും വരട്ടെ എന്നു കരുതി പറഞ്ഞു.

“ഞാൻ ലക്ഷ്മിയാണ് ശ്രീയേട്ടന് എന്താ പറ്റ്യേ?”

” ഓഹോ, ചത്തോന്നറിയാൻ വിളിച്ചതായിരിക്കും എന്നാലല്ലേ നിനക്ക് സുഖമായി ജീവിക്കാൻ പറ്റൂ എന്തു തെറ്റാ എന്റെ ഏട്ടൻ നിന്നോട് ചെയ്തത്? നിന്നെ ആത്മാർത്ഥമായി സ്നേഹിച്ചതോ ? എങ്ങനെ തോന്നി നിനക്കെന്റെ ഏട്ടനെ ചതിക്കാൻ ”

“ബാല ഞാനൊന്ന് പറയട്ടെ, എന്റെ ജീവനേക്കാളേറെ ഞാൻ നിന്റെ ഏട്ടനെ സ്നേഹിക്കുന്നുണ്ട്. ഒന്നും മന:പൂർവ്വമല്ല. എന്റെ സാഹചര്യം അതായിരുന്നു ”

“എന്ത് സാഹചര്യം. നിന്റെ അമ്മയ്ക്ക് കൊടുത്തൊരു സത്യം അതല്ലേ . ആ അമ്മ ഇന്ന് ജീവിച്ചിരിപ്പില്ല..പിന്നെ ആർക്കുവേണ്ടിയാ നീ ഇങ്ങനെ എന്റെ ഏട്ടനെ ബലിയാടാക്കുന്നത്? നിങ്ങളുടെ ബന്ധത്തെ ഏറ്റവും അധികം വെറുത്തത് ഞാനാണ്. പക്ഷേ ഇന്ന് നിങ്ങൾ ഒന്നാകാൻ കൂടുതൽ ആഗ്രഹിക്കുന്നതും ഞാനാണ്. എന്റെ ഏട്ടനെ എനിക്ക് ജീവനാണ്. ആ ഏട്ടൻ ഇങ്ങനെ നശിക്കുന്നത് കാണാൻ വയ്യാത്തോണ്ടാ ലക്ഷ്മീ” അവളും കരഞ്ഞു തുടങ്ങി

” ഇനി നിന്റെ ഏട്ടനെ ഞാൻ വേദനിപ്പിക്കില്ല.. ശ്രീയേട്ടന് എന്താ പറ്റിയത് ഏത് ഹോസ്പിറ്റലിലാ എനിക്കങ്ങോട്ട് വരണം ബാലേ ..?”

“മാധവമാമ്മയുടെ ഹോസ്പിറ്റലിൽ ഉണ്ട്. ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റൂ എന്നാണ് പറഞ്ഞത്. മന:പൂർവ്വം ചെന്നിടിച്ചതാണെന്നാ കണ്ടു നിന്നവർ പറഞ്ഞത്. അങ്ങനെ ചെയ്യണമെങ്കിൽ ഏട്ടന് അത്രയും വിഷമമുള്ള എന്തെങ്കിലും സംഭവിക്കണം – നിനക്കെന്തെങ്കിലും അറിയോ ലച്ചൂ ”

അവളോട് എന്ത് പറയണം എന്നറിയാതെ ലക്ഷ്മി കുഴങ്ങി ….

“എനിക്കറിയില്ല ഒന്നും “അങ്ങനെ പറയാനാണവൾക്ക് തോന്നിയത്.

“നീ ഇപ്പോൾ ഇങ്ങോട്ട് വരണ്ട, ഇവിടെ എല്ലാവരും ഉണ്ട്. നാളെ വന്നാൽ മതി. അപ്പോഴേക്കും ശ്രീയേട്ടനെ പറ്റി എന്തെങ്കിലും ഡോക്ടർ പറയാതിരിക്കില്ല.. സമാധാനമായിരിക്കൂ … ഏട്ടന് ഒന്നും സംഭവിക്കില്ല. ”

ലക്ഷ്മിയെ സമാധാനിപ്പിക്കാൻ പറഞ്ഞതാണെങ്കിലും ശ്രീബാലയുടെ ഹൃദയം വിങ്ങുകയായിരുന്നു.

“ഏട്ടന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ, …..”

ലക്ഷ്മിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. ശ്രീയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ആ പാപം തനിക്കാണ് വരുക.

ആ ഒരു ദിവസം അവൾക്കൊരു യുഗം പോലെ തോന്നി.

പിറ്റേന്ന് രാവിലെ തന്നെ മനോജിനെ കാണാനവൾ പുറപ്പെട്ടു. പോകും മുമ്പായി അവൻ കൊടുത്ത കവർ എടുക്കാനും മറന്നില്ല.

വീട്ടിലേക്ക് വരുന്ന ലക്ഷ്മിയെ കണ്ടപ്പോൾ മനോജിന് അത്ഭുതം തോന്നി.

“ഇന്നലെ എത്ര തവണ വിളിച്ചു ലച്ചൂ നിന്നെ ? നീയെന്താ ഫോണെടുക്കാതിരുന്നത്.” അവൻ പരിഭവത്തോടെ ചോദിച്ചു.

“എനിക്കൊരു കാര്യം പറയാനുണ്ട്.എങ്ങനെ ഞാനത് പറയുമെന്നറിയില്ല ”

“നിനക്കെന്നോട് എന്തെങ്കിലും പറയാൻ ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടോ എന്തായാലും നമ്മൾ ഒന്നാവാൻ പോകുന്നതല്ലേ .? കേറിയിരിക്കൂ ലച്ചൂ അമ്മ ഇവിടെയില്ല. അമ്പലത്തിൽ പോയി . നമ്മൾ രണ്ടു പേരും മാത്രമേയുള്ളൂ ഇവിടെ ” അവൻ ഒരു ചിരിയോടെ പറഞ്ഞു.

” ഞാനും ശ്രീയേട്ടനും തമ്മിൽ ഇഷ്ടത്തിലായിരുന്നു പിരിയാൻ പറ്റാത്ത വിധം ഞങ്ങൾ അടുത്തു പോയി. എല്ലാ അർത്ഥത്തിലും ഞങ്ങൾ ഒന്നായതാണ്. മനസ്സുകൊണ്ടും ശരീരം കൊണ്ടും . ”

അതു കേട്ടപ്പോൾ മനോജിന് ദേഷ്യം വന്നു.
” നീ , വെറുതെ പറയല്ലേ ഇതൊക്കെ?”

“ഇല്ല ഒരു പെണ്ണും സ്വന്തം ചാരിത്ര്യത്തെ പറ്റി കളവു പറയില്ല. സംശയമുണ്ടെങ്കിൽ ഇപ്പോൾ തന്നെ എന്റെ കൂടെ പോരെ നമ്മുക്ക് ഹോസ്പിറ്റലിൽ പോയി ടെസ്റ്റ് ചെയ്തു നോക്കാം. എനിക്ക് നിങ്ങളോട് കള്ളം പറഞ്ഞിട്ട് എന്തു കിട്ടാനാ. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന എല്ലാ ഗുണങ്ങളും നിങ്ങൾക്കുണ്ട്. ”

” ലച്ചൂ നീ കളവു പറയില്ലാന്ന് എനിക്കുറപ്പുണ്ട്. നിന്നെ എനിക്ക് വിശ്വാസവുമാണ് … എന്നാലും ഈ കാര്യം നമ്മൾ രണ്ടു പേരും മാത്രം അറിഞ്ഞാൽ മതി അമ്മ അറിയരുത്. നിനക്ക് തെറ്റ് സംഭവിച്ചിരിക്കാം അത് പൊറുക്കാൻ എനിക്കാകും”

” ഇല്ല മനോജേട്ടാ ഞാൻ നിങ്ങളുടെ ഭാര്യയാകണമെങ്കിൽ എല്ലാവിധ പരിശുദ്ധിയോടും കൂടിയാവണമായിരുന്നു. ആ പരിശുദ്ധി എനിക്കില്ലാതെ പോയി. ഇപ്പോഴത്തെ ആവേശത്തിൽ നിങ്ങൾക്ക് ഈ കാര്യം നിസാരമായി തോന്നാം എന്നാൽ ഒരു കുടുംബമായി കഴിഞ്ഞാൽ അത് പിന്നെ ശരിയാകില്ല. എല്ലാവരോടും നിങ്ങൾ തന്നെ വേണം പറയാൻ” അതും പറഞ്ഞ് അവൻ കൊടുത്ത കവർ അവിടെ വച്ച് ലക്ഷ്മി തിരിച്ചു പോന്നു.

അഴകത്ത് ഹോസ്പിറ്റലിന്റെ ഐസിയു ലക്ഷ്യമാക്കി ലക്ഷ്മി നടന്നു…

ബാല പറഞ്ഞതു പോലെ തന്നെ എല്ലാവരും അവിടെയുണ്ടായിരുന്നു. ലക്ഷ്മിയെ കണ്ടതും മാധവന്റെയും ശ്രീധരന്റെയും മുഖം വലിഞ്ഞു മുറുകി.

“ആരെ കാണാനാടി രാവിലെ തന്നെ കെട്ടി ഒരുങ്ങി വന്നത് ? ”

ശ്രീധരൻ ക്ഷുഭിതനായി.

“ശ്രീയേട്ടന് എങ്ങനെയുണ്ട് , അവൾ അപ്പച്ചിയോടായി ചോദിച്ചു.

ശ്രീദേവി എന്തെങ്കിലും പറയും മുമ്പായി മാധവൻ ലക്ഷ്മിയെ അവിടെ നിന്നും തള്ളി താഴെയിട്ടു.

മേലാൽ നിന്നെയിവിടെ കണ്ടു പോകരുത്. അയ്യാളവളെ നിലത്തൂടെ
വലിച്ചിഴച്ചു.

ശ്രീദേവിയും ബാലയും തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ആ സമയത്താണ് ഡോക്ടർ ഐസിയുവിന്റെ വാതിൽ തുറന്നു വന്നു പറഞ്ഞത്.

അതു കേട്ടതും ലക്ഷ്മി മാധവനെ തട്ടി മാറ്റി ഡോക്ടറുടെ അരികിലേക്ക് ഓടി

“ഞാനാ ഡോക്ടർ ലക്ഷ്മി, ശ്രീയേട്ടന് ഒന്നും ഇല്ലല്ലോ?

ശ്രീഹരിയുടെ വൈഫ് ആണോ എന്ന ചോദ്യത്തിന് തലയാട്ടി.

എങ്കിൽ വരൂ എന്നും പറഞ്ഞ് അവളെ അകത്തേക്ക് കൊണ്ടുപോയി. ശ്രീധരൻ തടയാൻ പോയെങ്കിലും ദേവകിഅയ്യാളെ തടഞ്ഞു.

“വേണ്ട ശ്രീധരേട്ടാ അവളെ തടയണ്ട ബോധം വന്നപ്പോൾ നമ്മുടെ മോൻ ആദ്യം തിരക്കിയത് ലക്ഷ്മിയെ ആണെങ്കിൽ നമ്മളെക്കാളേറെ അവ നവളെ സ്നേഹിക്കുന്നുണ്ട്. ഇനിയും നിങ്ങൾ കുടുംബമഹിമ പറഞ്ഞ് അവരെ അകറ്റാനാണ് ശ്രമമെങ്കിൽ ഈ ദേവകി ഇനിയത് സമ്മതിക്കില്ല. ”
ദേവകിയുടെ പെരുമാറ്റം കണ്ട് അയ്യാൾ ഞെട്ടിയെങ്കിലും മറുത്തൊന്നും പറഞ്ഞില്ല.
ഭാര്യയുടെ വാക്കുകൾ സത്യമാണെന്ന് ശ്രീധരന് തോന്നി. അവൾ പറഞ്ഞതാണ് ശരി സ്വന്തം മാതാപിതാക്കളെയും അധികം ശ്രീ ,ലക്ഷ്മിയെ സ്നേഹിക്കുന്നുണ്ട്. മകന്റെ ജീവിതം വെച്ച് ഇനിയൊരു പരീക്ഷണത്തിന് ഇല്ല.
സ്വന്തം മകനെ അയ്യാൾ അത്രയ്ക്ക് സ്നേഹിക്കുന്നുണ്ട്.

ഈ സമയം ശ്രീയുടെ കിടപ്പുകണ്ട് ലക്ഷ്മി പൊട്ടിക്കരഞ്ഞു. ആ കാൽക്കൽ വീണവൾ ഒരുപാട് മാപ്പു പറഞ്ഞു.

”ലച്ചൂ ” ശ്രീ പതിയെ അവളെ വിളിച്ചു.
അവൾ മുഖമുയർത്തി നോക്കി.

“എനിക്കറിയാം ലച്ചൂ നീ വരുമെന്ന് . എനിക്കറിയാം …..പക്ഷേ പിന്നീടവൻ പറയാൻ വന്നത് മുഴുവനാക്കും മുമ്പേ പാതി വഴിയിൽ അവ നിന്നിരുന്നു. ശ്വാസം കിട്ടാതെ കിടന്നു പിടയുന്ന ശ്രീഹരിയെ കണ്ടവൾ പേടിച്ചു നിലവിളിച്ചു.

“ഡോക്ടർ, “അവളുടെ ആ വിളിയിൽ ആരൊക്കെയോ ഓടി വരുന്നുണ്ടായിരുന്നു.

ഒരു നഴ്സ് വന്ന് അവളെ പുറത്ത് കൊണ്ടിരുത്തി.

ഒരു തരം മരവിപ്പായിരുന്നു അവൾക്കപ്പോൾ …

ശ്രീയേട്ടന് എന്തെങ്കിലും സംഭവിച്ചാൽ ആ നിമിഷം ഞാനും ശ്രീയേട്ടനൊപ്പം പോകും അവൾ തീരുമാനിച്ചു.

എത്ര നേരം അങ്ങനെ ഇരുന്നുവെന്ന് അറിയില്ല. ബാലയും ശ്രീദേവിയും അവൾക്കരികിൽ തന്നെ ഉണ്ടായിരുന്നു. ദേവകിയും പ്രാർത്ഥനയോടെ ഇരിപ്പുണ്ടായിരുന്നു.

ഭക്ഷണം കഴിക്കാൻ പറഞ്ഞെങ്കിലും അവൾ കൂട്ടാക്കിയില്ല.

ഈ സമയം മാധവൻ അവളെ ഒഴിവാക്കാനുള്ള തന്ത്രം മെനയുകയായിരുന്നു.

ശ്രീയ്ക്ക് അപകടം പറ്റിയതിനാൽ ശ്രീധരന് ലക്ഷ്മിയോടുള്ള നിലപാടിൽ ചെറിയ മാറ്റം വന്നിട്ടുണ്ട്.
അതുകൊണ്ട് മാധവൻ ശ്രീധരൻ അറിയാതെ തന്നെ കാര്യങ്ങൾ തീരുമാനിച്ചു.

ഒരു നഴ്സിനെ വിട്ട് വളരെ തന്ത്രപൂർവ്വം മാധവൻ ലക്ഷ്മിയെ അയ്യാളുടെ റൂമിലേക്ക് വിളിപ്പിച്ചു.

റൂമിലെത്തിയതും റൂം ലോക്ക് ചെയ്യുന്ന ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്.

ക്രൂരമായ ചിരിയോടെ നിൽക്കുന്ന മാധവനെ കണ്ടവൾ ഭയന്നു വിറച്ചു.

“നിങ്ങൾ ”

“അതേ ഞാൻ തന്നെ ..നിന്നെ കണ്ടതു മുതൽ നീയെന്റെ ഉള്ളിൽ പതിഞ്ഞതാ …
ഈ മുഖം പിന്നെ ഈ ശരീരം “അയ്യാൾ അവളെ ആകെയൊന്ന് നോക്കി. ”

“നിങ്ങൾക്ക് നാണമില്ലേ സ്വന്തം മകളുടെ പ്രായമുള്ള എന്നെ ”

“സ്വന്തം മകളൊന്നും അല്ലല്ലോ, നിന്റെ അമ്മയെ ഞാനൊന്ന് വളയ്ക്കാൻ നോക്കിയതാ പക്ഷേ ചാടിപ്പോയി പകരം നല്ലൊരു ഇളം മാനിനെ കിട്ടി. നിന്റെ അമ്മയുടെ കൂട്ടുകാരി ,രാധ”

“നിങ്ങളുടെ പണകൊഴുപ്പു കൊണ്ട് പല പെണ്ണുങ്ങളെയും നിങ്ങൾക്ക് വശീകരിക്കാനും കീഴ്പ്പെടുത്താനും പറ്റിയേക്കും പക്ഷേ ഇത് പെണ്ണ് വേറെയാ ” അവൾ ക്രോധത്തോടെ പറഞ്ഞു.

” പെണ്ണ് വെറും പെണ്ണു തന്നെയാടീ പിന്നെ ഇവിടെ കിടന്ന് ഒച്ച വെച്ചിട്ടും കാര്യമില്ല.. ഒരു ശബ്ദം പോലും പുറം ലോകം അറിയില്ല ” അതും പറഞ്ഞയ്യാൾ അവളുടെ നേർക്ക് പാഞ്ഞടുത്തു.

അവൾ വാതിൽ തുറക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല.

അയ്യാളുടെ മുഖത്തെ ചിരി കണ്ടപ്പോൾ മനസ്സിലായി സ്വന്തം അച്ഛനാൽ തന്നെ തന്റെ ജീവിതം തീരാൻ പോകാണെന്ന്.

“എന്താടി വാതിൽ തുറക്കുന്നില്ലേ? ഈ മാധവൻ ഒരു കാര്യം ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നടത്തിയിരിക്കും.. നിനക്കറിയോ ഈ നാട്ടിൽ ആദ്യമായി വന്നപ്പോൾ തന്നെ മനസ്സിൽ പതിഞ്ഞതാണ് ശ്രീദേവിയുടെ മുഖം .അവളെ കിട്ടാൻ വേണ്ടിയാണ് ശ്രീധരനെ പലതും പറഞ്ഞ് ഞാൻ മാറ്റിയെടുത്തത്. ശ്രീദേവിയും രാഘവനുമായുള്ള ബന്ധത്തെ അനുകൂലിച്ച ശ്രീധരനെ പോലും ഞാൻ മാറ്റി ചിന്തിപ്പിച്ചു. ”

“എന്നിട്ട് നിങ്ങൾ എന്ത് നേടി, ഒരു കുഞ്ഞിനെ താലോലിക്കാനുള്ള ഭാഗ്യം നിങ്ങൾക്കുണ്ടായോ നിങ്ങൾ മൂലം ദുരിതമനുഭവിച്ചവരുടെ ശാപമാണത് ”

” ശാപം ? അയ്യാൾ പൊട്ടിച്ചിരിച്ചു. അങ്ങനെയൊരു ശാപം ഏൽക്കാതിരിക്കാൻ കൂടിയാണ് ഞാൻ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നത്.

അവിടെ നിന്നും എങ്ങനെ രക്ഷപ്പെടുമെന്ന് അവൾ ചിന്തിച്ചു.

” ഇവിടെന്ന് രക്ഷപ്പെടാമെന്ന് നീ ഒരിക്കലും ചിന്തിക്കണ്ട ..നിന്റെ അമ്മയുടെ അരികിലേക്ക് തന്നെ നിന്നെ ഞാൻ എത്തിക്കുന്നുണ്ട്. അവളെ ഞാൻ അവസാനിപ്പിച്ച പോലെ തന്നെ നിന്നെയും . നീ ഇല്ലാതായാലേ ശ്രീ എം.ടി ഗ്രൂപ്പിന്റെ ഉടമയുടെ മകളുമായുള്ള ബന്ധത്തിനു സമ്മതിക്കൂ.. അതിലൂടെ വേണം എന്റെ ചിരകാല സ്വപ്നം നിറവേറ്റാൻ ആ ഗ്രൂപ്പുമായി ചേർന്ന് ഞാൻ തുടങ്ങുന്ന പുതിയ പ്രോജക്ട്. എന്റെ സ്വന്തം പേരിൽ ”

“എന്റെ അമ്മ ! അമ്മയെ നിങ്ങൾ കൊന്നതാണെന്നോ ? അവൾക്കത് വിശ്വസിക്കാനായില്ല.

” എന്നെ കുറിച്ചുള്ള സത്യങ്ങൾ അറിയാവുന്ന ഏക വ്യക്തി നിന്റെ അമ്മയായി പോയി. ശ്രീദേവിയുടെ കൂട്ടുകാരി കൂടിയാണ് നിന്റെ അമ്മ … അപ്പോൾ പിന്നെ സത്യങ്ങൾ ശ്രീദേവിയറിഞ്ഞാൽ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ ? ഈ കാണുന്നതൊക്കെ ദേവിയുടെ പേരിലാണ് ഞാൻ വെറും നടത്തിപ്പുകാരൻ മാത്രം .എല്ലാം നഷ്ടപ്പെട്ട് ഒരു ദരിദ്രൻ ആകുന്നതിനു ഭേദം ലതികയെ അങ്ങ് അവസാനിപ്പിക്കുന്നതല്ലേ”

“ദുഷ്ടാ നിന്നെ ഞാൻ ” അവൾ അയ്യാളുടെ നേർക്കടുത്ത് കൈ കൊണ്ട് അടിക്കാൻ തുടങ്ങി. “നിന്റെ സ്വപ്നങ്ങളൊന്നും നടക്കാൻ പോകുന്നില്ല. അതിനു ഞാൻ സമ്മതിക്കില്ല ”
മാധവൻ അവളെ തടഞ്ഞു കൊണ്ട് അവനിലേക്കടുപ്പിച്ചു.

“നിന്റെ സമ്മതം ആർക്കുവേണം നീ തന്നെ ഇപ്പോൾ ഇല്ലാതാകും. അതിനു മുമ്പേ നിന്നെ എനിക്ക് അനുഭവിക്കണം. ഒരു പാട് നാളായി നിന്നെ പോലൊരു കിളുന്തു പെണ്ണിനെ കിട്ടിയിട്ട്. ” അയ്യാൾ അവളുടെ വസ്ത്രം വലിച്ചു കീറാൻ ശ്രമിച്ചപ്പോഴാണ് വാതിലിൽ ശക്തമായ മുട്ട് കേട്ടത്.

അതു കേട്ടപ്പോൾ തന്നെ പ്രതീക്ഷയുടെ നുറുങ്ങുവെട്ടം അവൾക്കു വന്നു.

“നാശം ”
അയ്യാൾക്ക് ദേഷ്യം വന്നു.
അവളെ വലിച്ചു നീക്കി ഷാളുകൊണ്ട് കൈ പിന്നിലാക്കി കൂട്ടി കെട്ടി ബാത്ത്റൂമിനുള്ളിലാക്കി വാതിലടച്ചു.

വാതിൽ തുറന്നപ്പോൾ ശ്രീദേവിയും ബാലയും മുന്നിൽ നിൽക്കുന്നു. അയ്യാൾ നിന്നു വിയർത്തു.

“ദേവിയെന്താ ഇവിടെ ശ്രീയ്ക്ക് എങ്ങനെയുണ്ട് ? അയ്യാൾ പതർച്ച പുറത്തു കാട്ടാതെ ചോദിച്ചു.

“നിങ്ങളെന്താ ഇവിടെ ”

“അത് ഞാൻ അത്യാവശ്യമായിട്ട് കുറച്ച് ഫയൽ നോക്കാനുണ്ടായിരുന്നു.”

“എന്തിനാ മാധവേട്ടാ നുണ പറയുന്നത്? ലക്ഷ്മി എവിടെ?

“ലക്ഷ്മിയോ ഏത് ? നീ ആരുടെ കാര്യമാ പറയുന്നത് ”

“ലക്ഷ്മിയെ അറിയില്ലേ നിങ്ങൾ കൊന്ന ലതികയുടെ മകൾ , അങ്ങനെ പറഞ്ഞാൽ നിങ്ങളറിയില്ല. രാധയുടെ മകൾ ഇപ്പോൾ മനസ്സിലായോ ? നഴ്സിനെ വിട്ട് അവളെ ഇങ്ങോട്ട് വിളിപ്പിച്ചത് ആരും കണ്ടില്ലെന്ന് കരുതിയോ?”

“രാധയുടെ മകൾ “അയ്യാൾ ഞെട്ടി

” മാധവേട്ടന് ഓർമ്മയില്ലേ രാധയെ ? അതോ മന:പൂർവ്വം മറന്നതോ ? എല്ലാം അറിഞ്ഞിട്ടു തന്നെയാ മാധവേട്ടാ ഞാൻ നിൽക്കുന്നത്. പല തെറ്റുകളും നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഞാനത് കണ്ടില്ലെന്ന് നടിച്ചു , ക്ഷമിച്ചു. രാഘവനെയും ലതികയേയും ഇല്ലാതാക്കിയതും എല്ലാം ….
പക്ഷേ സ്വന്തം മകളെ നിങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചത് അതെനിക്ക് ക്ഷമിക്കാൻ കഴിയില്ല. ശ്രീദേവി രോഷത്തോടെയാണത് പറഞ്ഞത്.

കേട്ട സത്യങ്ങൾ അയ്യാൾക്ക് വിശ്വസിക്കാനായില്ല…. ഒന്നും മറുപടി പറയാനാകാതെ മാധവൻ നിന്നു വിയർത്തു.

ബാത്ത്റൂമിൽ നിന്നുള്ള ഒച്ച കേട്ടപ്പോൾ ആണ് കൈകൾ ബന്ധിച്ചെങ്കിലും ലക്ഷ്മിയുടെ വായ ബന്ധിച്ചില്ലെന്ന് അയ്യാൾ ഓർത്തത്.

ശ്രീബാല വേഗം ചെന്ന് അവളെ തുറന്നു വിട്ടു.

“മോളേ, “ശ്രീദേവി അവളെ വാരി പുണർന്നു.

“അമ്മേ, എന്നെ …” അവൾ വിതുമ്പി

” മോൾക്കൊന്നും സംഭവിക്കാൻ ഈ അമ്മ സമ്മതിക്കില്ല.. ഇനി നിന്നെ ആർക്കും ഞാൻ വിട്ടു കൊടുക്കില്ല. നീ എന്റെ മകളാ എന്റെ മാത്രം മകൾ ദൈവം എന്റെ പ്രാർത്ഥന കേട്ട് എനിക്കായി തന്നതാ നിന്നെ ”

അവർ അവളുടെ നെറുകയിൽ ചുംബിച്ചു. രണ്ടു പേരും കരയുന്നുണ്ടായിരുന്നു.

ആ രംഗം കണ്ടപ്പോൾ മാധവന് അത്ഭുതം തോന്നി.. സ്വന്തം മകളല്ലെങ്കിലും ദേവി അവളെ സ്നേഹിക്കുന്നു ലാളിക്കുന്നു. പക്ഷേ താനോ ? സ്വന്തം ചോരയിൽ പിറന്ന മകളെ നശിപ്പിക്കാൻ ശ്രമിച്ച മഹാ പാപി. തനിക്കൊരിക്കലും ഒരു അച്ഛനാകാൻ കഴിയില്ലെന്നാണ് വിചാരിച്ചത്. കുട്ടികളില്ലാതായപ്പോൾ ആർക്കാണ് കുഴപ്പമെന്ന് അറിയാൻ ഒരു ടെസ്റ്റ് പോലും ഞങ്ങൾ നടത്തിയില്ല. തനിക്കാണ് കുഴപ്പമെങ്കിൽ ദേവി തന്നെ വിട്ടു പോയാലോ എന്നു പേടിച്ചു. പക്ഷേ തനിക്കൊരു മകൾ തന്റെ കൺമുമ്പിൽ ഉണ്ടായിട്ടും ഒന്നു താലോലിക്കാതെ വെറുമൊരു ഭോഗ വസ്തുവായി മാത്രം കണ്ടു.

“ലക്ഷ്മി മാധവമാമ്മയുടെ മകൾ , ബാലയ്ക്കത് പുതിയ അറിവായിരുന്നു. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.

പെട്ടന്നാണ് ബാലയുടെ ഫോൺ അടിച്ചത്.

അവൾ ഫോണെടുത്തു.
ബാലയുടെ മുഖം സന്തോഷത്താൽ വിടർന്നു

“അതേ രണ്ടു പേരും കരഞ്ഞോണ്ടിരിക്കാണോ ? അമ്മയാ വിളിച്ചത് ഏട്ടന്റെ ബോധം തെളിഞ്ഞു. ലച്ചൂനെ അന്വേഷിക്കുന്നുണ്ട്. ”

ലക്ഷ്മിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായി അവർ വേഗം ശ്രീയുടെ അരികിലേക്ക് നടന്നു.

പോകും മുമ്പ് ശ്രീദേവി മാധവനോടായി പറഞ്ഞു.

” ഇത് നിങ്ങളുടെ മകളാ മാധവേട്ടാ നിങ്ങളുടെ സ്വന്തം ചോരയിൽ പിറന്നത്. ഇനിയെങ്കിലും തെറ്റു മനസ്സിലാക്കി ഒരു മനുഷ്യനായി ജീവിക്ക്. അതിനും പറ്റിയില്ലെങ്കിൽ എവിടെയെങ്കിലും പോയി മരിക്കാൻ നോക്ക്. ”

” ദേവീ, ചെയ്തത് തെറ്റാണെന്നറിയാം അതിനുള്ള പ്രതി വിധിയും ഞാൻ കണ്ടിട്ടുണ്ട് നിന്നോടും ലക്ഷ്മിയോടും എത്ര ക്ഷമ പറഞ്ഞാലും തീരില്ല ക്ഷമിക്കൂ ദേവീ, മോളേ ലക്ഷ്മീ ഈ പാപിയായ അച്ഛനോട് ക്ഷമിക്കൂ അയ്യാൾ കൈകൂപ്പി കൊണ്ടു പറഞ്ഞു.

“നിങ്ങൾ ഈ പറഞ്ഞത് ആത്മാർത്ഥമായിട്ടാണെങ്കിൽ എനിക്ക് ക്ഷമിക്കാൻ കഴിയും ” ശ്രീദേവി അയ്യാളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. ”

” പക്ഷേ എനിക്കൊരിക്കലും ക്ഷമിക്കാൻ കഴിയില്ല. ” ലക്ഷ്മിയുടെ ആ വാക്കുകൾ കേട്ടപ്പോൾ മാധവൻ ഞെട്ടി പോയി.

” അറിയാതെയാണെങ്കിലും നിങ്ങൾ കാരണമാ എന്റെ അമ്മ രാധ മരിച്ചത്. പക്ഷേ എന്നെ വളർത്തി വലുതാക്കിയ ലതികയോട് നിങ്ങൾ ചെയ്തതോ? അറിഞ്ഞിട്ടു ചെയ്തതല്ലേ അതൊരിക്കലും മറക്കാനും പൊറുക്കാനും എനിക്കാവില്ല. ”

” മോളേ, തെറ്റാണ് ചെയ്തത് പക്ഷേ ഞാൻ നിന്റെ അച്ഛനല്ലേ ഒരു മകൾ അച്ഛനോട് ക്ഷമിക്കില്ലേ?

” അച്ഛൻ ! ആ വാക്കിന്റെ അർത്ഥമെന്താണെന്നറിയോ ?
ജനിപ്പിച്ചാൽ മാത്രം പോരാ,ഇത്ര നാളും ഒരു അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചിട്ടുണ്ട്. നിങ്ങളാണ് എന്റെ അച്ഛനെന്ന് അറിഞ്ഞപ്പോൾ പരസ്യമായി അംഗീകരിച്ചില്ലെങ്കിലും ഒരിക്കലെങ്കിലും നിങ്ങളുടെ നാവുകൊണ്ട് മോളേ എന്നു വിളിക്കുമെന്ന് കരുതി. എപ്പോൾ നിങ്ങളെന്നെ പ്രാപിക്കാൻ ശ്രമിച്ചോ അപ്പോൾ നിങ്ങളെന്ന അച്ഛൻ മരിച്ചു കഴിഞ്ഞു. ”

“മോളേ, ”

” വിളിക്കരുതങ്ങനെ , അതിനുള്ള യോഗ്യത നിങ്ങൾക്കിന്നില്ല ”

അത് പറഞ്ഞ് ലക്ഷ്മി കരഞ്ഞു കൊണ്ട് അവിടെനിന്നും ഓടി പോയി
ശ്രീദേവിയും മൗനം പൂണ്ടു. ലക്ഷ്മിക്കു പിന്നാലെ പോയി.

മാധവൻ ആകെ തകർന്നു. ചെയ്തു കൂട്ടിയ പാപങ്ങൾക്കൊരു തിരിച്ചടി. എല്ലാ ശിക്ഷയും സ്വയം ഏറ്റുവാങ്ങണം എല്ലാം . അയ്യാൾ തീരുമാനിച്ചു.

ശ്രീയുടെ മുന്നിലേക്ക് പോകാൻ അവൾ ഭയപ്പെട്ടു. കുറച്ച് മുമ്പേ ഉണ്ടായ സംഭവം ഓർത്തപ്പോൾ ആകെ അസ്വസ്ഥമായി.
ബാലയാണവളെ ശ്രീയുടെ മുന്നിലെത്തിച്ചത്.

” ലച്ചൂ നിനക്കിപ്പോഴും എന്നോട് വെറുപ്പാണോ ? ശ്രീ ദയനീയമായി ചോദിച്ചു.

“എന്തെങ്കിലും ഒന്നു പറയ് ലച്ചൂ , മരിക്കും മുമ്പ് നിന്റെ സ്വരമൊന്ന് കേൾക്കാനാ ”

“ശ്രീയേട്ടാ, എന്നോട് ക്ഷമിക്കൂ ” അവൾ ആ കാൽക്കൽ വീണു കരഞ്ഞു.

ഇനി ഞാൻ ശ്രീയേട്ടനെ ഒരിക്കലും വേദനിപ്പിക്കില്ല. മരിക്കാനാണെങ്കിലും ജീവിക്കാനാണെങ്കിലും ശ്രീയേട്ടനോടൊപ്പം ഈ ലക്ഷ്മിയും ഉണ്ടാകും. എന്നാലും എന്തിനാ ഇങ്ങനെ മന:പൂർവ്വം ചെയ്തത് ?”

“നിന്നെ നഷ്ടപെടുമെന്ന് മനസ്സിലായപ്പോൾ ജീവൻ കളയാൻ വേണ്ടി തന്നെയാ ഞാൻ വണ്ടി സ്പീഡിൽ ഓടിച്ചത്. പക്ഷേ ആ വണ്ടി മന:പൂർവ്വം ഇങ്ങോട്ട് കൊണ്ട് ഇടിക്കുകയായിരുന്നു. ബോധം മറയും മുമ്പ് വണ്ടി ഓടിച്ചവനെ ഞാൻ കണ്ടു. ”

” ആരാ ശ്രീയേട്ടാ അത് ?”

“അത് ”

“നോക്കൂ അധികം സംസാരിപ്പിക്കണ്ട. ”
ഒരു നഴ്സ് വന്നു പറഞ്ഞു.

ആരാണ് ശ്രീയേട്ടനെ കൊല്ലാൻ ശ്രമിച്ചതെന്ന് അറിയണം ലക്ഷ്മി തീരുമാനിച്ചു.
ആരായിരിക്കാം അത് ? മനോജ് അതോ വിനോദ് ആണോ ?

(തുടരും )

അനീഷ സുധീഷ്

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!