ലക്ഷ്മിക്കാകെ ഭയമായി. ശ്രീ തന്നെ ചതിക്കുകയാണോ ? ശ്രീയെ വിശ്വസിച്ചാണ് വണ്ടിയിൽ കയറിയത്. അവളുടെ കണ്ണു നിറഞ്ഞു തുടങ്ങി…
“വർഷം , ഹോട്ടൽ ”
ആ വലിയ ബോർഡ് അവൾ വായിച്ചു.
” ഇതെന്താ ഇവിടെ ?”
“എന്താ ഇവിടെന്ന് നിനക്കറിഞ്ഞൂടെ ?” അവൻ ബൈക്ക് പാർക്കിങ്ങിൽ നിർത്തി കൊണ്ട് പറഞ്ഞു.
“എനിക്ക് കോളേജിൽ പോണം” അവൾ കരച്ചിലിന്റെ വക്കിലെത്തി.
” നിനക്ക് പോകാം കുറച്ചു കഴിഞ്ഞ് ശേഷം ”
ഹോട്ടലിൽ നിന്നും ഇറങ്ങുന്നവർ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. പലരും അർത്ഥം വച്ചു നോക്കി കൊണ്ടാണ് പോകുന്നത്.
“ശ്രീയേട്ടാ പ്ലീസ് ഞാൻ ബസ്സിൽ പോയി കൊണ്ട്” അവൾ പുറത്തേക്കിറങ്ങാൻ ഭാവിച്ചു..
” അങ്ങനെ അങ്ങ് പോയാലോ പ്രണയം ആകുമ്പോൾ എല്ലാം പങ്കുവെക്കണം എന്നല്ലേ . മനസ്സും അതുപോലെതന്നെ …….
അവൻ ഒന്നു നിർത്തി
“നിനക്ക് അറിയാവുന്ന കാര്യം തന്നെയല്ലേ പിന്നെ എന്താ ഒരു മടി നിന്നെ ചതിച്ചു കടന്നുകളയാൻ ഒന്നുമല്ല എല്ലാ അർത്ഥത്തിലും നീ എന്റേതായാൽ പിന്നെ ആരേയും പേടിക്കണ്ടല്ലോ?
“ഇല്ല ശ്രീയേട്ടാ എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും ഞാൻ ഇതിന് സമ്മതിക്കില്ല. ”
അനുസരണയില്ലാത്ത കണ്ണുനീർത്തുള്ളികൾ അവളിൽ നിന്നും താഴേക്ക് പതിച്ചു കൊണ്ടിരുന്നു.
“നീയാദ്യം കണ്ണു തുടയ്ക്ക് . ഇതാരും അറിയാൻ പോകുന്നില്ല… ഒന്നും സംഭവിക്കാനും പോകുന്നില്ല.. അതിനുള്ള സേഫ്റ്റിയൊക്കെ ഞാൻ കരുതിയിട്ടുണ്ട് ” അവൻ പതുക്കെ പറഞ്ഞു.
“എന്റെ നിസ്സഹായതയെ മുതലാക്കുകയാണല്ലേ ? ഒരിക്കൽ എന്റെ മാനം രക്ഷിച്ചവനാണ് ആ ആളു തന്നെ ഇന്നെന്റെ മാനം കവർന്നെടുക്കാൻ നോക്കാണല്ലേ?”
” ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നല്ലേ ലച്ചൂ നീ വന്നേ ഇത് കഴിഞ്ഞിട്ട് വേണം നിന്നെ കോളേജിൽ കൊണ്ടു വിടാൻ ” അവൻ ചിരിയമർത്തി കൊണ്ട് പറഞ്ഞു..
കരഞ്ഞിട്ട് കാര്യമില്ലെന്ന് അവൾക്ക് മനസ്സിലായി … ഇവിടെന്ന് ഓടി രക്ഷപ്പെടാനും പറ്റില്ല.. ആളുകൾ ധാരാളമുള്ള സ്ഥലമാണ് …
“ന്റെ ഭഗവതി കാത്തോണേ, ” അവൾ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് കണ്ണുനീർ തുടച്ചു..
അവൻ ലക്ഷ്മിയുടെ കൈ പിടിച്ച് അകത്തേക്ക് നടക്കാൻ ഭാവിച്ചു.
“ശ്രീയേട്ടനു മുമ്പിൽ കീഴ്പെടേണ്ടി വന്നാൽ ആ നിമിഷം തന്റെ ജീവിതം അവസാനിപ്പിക്കും അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു കൊണ്ട് അവന്റെ കൈ വിടീച്ചു.
അതു കേട്ട് അവൻ വല്ലാതായി
“ലച്ചൂ ഞാൻ …. “തുടർന്നു പറയും മുമ്പേ അവൾ മുഖം പൊത്തി കരഞ്ഞിരുന്നു
“രണ്ടു പേരും ഇവിടെ നിൽക്കാണോ ?”
ശബ്ദം കേട്ട ഭാഗത്തേക്ക്
നോക്കിയപ്പോഴാണ് മഹി അവിടെ നിൽക്കുന്നത് കണ്ടത്.
രണ്ടുപേരും ഒരുമിച്ച് എടുത്ത തീരുമാനമാകും. കൂട്ടുകാരനും കൂടി കാഴ്ച വെക്കാനാണ് തന്നെ ഇവിടെ കൊണ്ടുവന്നത് . അവൾ ഓർത്തു .
ശ്രീഹരിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞത് ഓർത്തു. എത്ര മണ്ടിയാണ് താൻ .ഒറ്റ ദിവസം കൊണ്ട് ശ്രീഹരിയുടെ മാറ്റം തിരിച്ചറിയേണ്ടതായിരുന്നു..
” മഹീ നീ കണ്ടിട്ടുണ്ടോ പേടിച്ച മാൻ പേടയെ വേണമെങ്കിൽ കണ്ടോ” ശ്രീ ചിരി കടിച്ചമർത്തി കൊണ്ട് പറഞ്ഞു..
“മാനോ എവിടെ “മഹി ചുറ്റും നോക്കി..
“ഓ ഇവനിത് കൊളമാക്കും , നീ ലച്ചുവിന്റെ മുഖത്തേയ്ക്കൊന്നു നോക്കേ ” അവന് ബൈക്കിൽ ചാരി നിന്നുകൊണ്ട് പറഞ്ഞു..
“അല്ലാ ലക്ഷ്മിയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടല്ലോ? ഇവനെന്തെങ്കിലും വേണ്ടാധീനം പറഞ്ഞോ ?”
അവൾ ഒന്നും മിണ്ടിയില്ല …
അവളുടെ മൗനം അവനെ വിഷമത്തിലാക്കി …
“സോറി ലച്ചൂ ഞാൻ നിന്നെ ഒന്നു ചൂടുപിടിപ്പിക്കാൻ പറഞ്ഞതാ . വിവാഹം കഴിഞ്ഞാലും നിന്റെ സമ്മതമില്ലാതെ നിന്നെ ഞാൻ തൊടില്ല പോരേ ?”
“എന്നാലും ഇത്രേം വേണ്ടീരുന്നില്ല ശ്രീയേട്ടാ ”
“എന്തൊക്കെയാടോ വെറുതെ എന്റെ പെങ്ങളെ കരയിപ്പിക്കാൻ …
ലക്ഷ്മീ ഈ ഞായറാഴ്ച എന്റെ പെങ്ങളുട്ടീടെ നിശ്ചയമാണ്. നീ അറിയില്ലേ മീരയെ . നിന്റെ കൂടെ പഠിച്ചതല്ലേ . പഠിക്കാൻ മിടുക്കിയായത് കൊണ്ട് പത്തിൽ പഠിപ്പുനിർത്തി…. ഞാൻ ഈ ഹോട്ടലിലാണ് ജോലി ചെയ്യുന്നത്.. ഇവിടെ കേറിയിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളൂ അതുകൊണ്ട് ശമ്പളം കിട്ടാൻ വഴിയില്ല. ഇവനോട് കുറച്ച് പൈസ കടം ചോദിച്ചിരുന്നു അത് തരാനായി വന്നതാ.”
മഹി പറഞ്ഞതുകേട്ടപ്പോൾ ആണ് അവൾക്ക് ആശ്വാസമായത്…
അവൾ ദേഷ്യത്തോടെ അവനെ നോക്കി.
ശ്രീ കൊണ്ടുവന്ന പണം മഹിയെ ഏൽപ്പിച്ചു..
പോട്ടേടാ ഇനിയും വൈകിയാൽ എന്റെ പെണ്ണിന്റെ പഠിപ്പ് മുടങ്ങും ”
“എന്നാ ശരിയെടാ പിന്നേ അളിയനും പെങ്ങളും നിശ്ചയത്തിന് രാവിലെ തന്നെ എത്തിയേക്കണം. ഇനി ക്ഷണിച്ചില്ലാന്ന് പറയരുത്. ”
അവൾ തലയാട്ടി.
” അല്ലെങ്കിലും നീ ക്ഷണിച്ചിട്ടു വേണമല്ലോ എനിക്കെന്റെ പെങ്ങളുടെ നിശ്ചയത്തിനു വരാൻ ഞാൻ ഇന്ന് തൊട്ട് അവിടെയുണ്ടാകും. ”
“ആഹാ ബെസ്റ്റ് അപ്പോ വീട്ടിലെ എന്റെ സ്ഥാനം പോയി ” മഹി തലയ്ക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു..
“പോകാം നേരം വൈകി..”
ലച്ചു പറഞ്ഞപ്പോൾ ആണ് സമയം നോക്കിയത്. 9 മണിയായി. 9.30 ന് ക്ലാസ്സ് തുടങ്ങും
വൈകീട്ട് കാണാമെന്നും പറഞ്ഞ് ശ്രീ വണ്ടി സ്റ്റാർട്ട് ചെയ്തു.
പോകും വഴി അവളൊന്നും മിണ്ടിയില്ല..
” ലച്ചൂ പിണക്കമാണോ ? എന്തെങ്കിലും ഒന്നു പറ പെണ്ണേ ?
എന്നോട് ദേഷ്യമാണോ?
അവളുടെ മറുപടി ഇല്ലാതായപ്പോൾ അവൻ വണ്ടി ഒതുക്കി നിർത്തി..
“നിന്റെ ദേഷ്യം ഇനിയും മാറിയില്ലേ ”
“എനിക്ക് ആരോടും ദേഷ്യമൊന്നും ഇല്ല ”
“പിന്നെന്താ നീയൊന്നും മിണ്ടാത്തത് ”
“ഒന്നൂല്ല്യ. എനിക്ക് ലേറ്റാകും കൊണ്ടു വിടാൻ പറ്റില്ലെങ്കിൽ ഞാൻ ബസിൽ പൊയ്ക്കോളാം ”
ലച്ചൂ സോറി ഒരായിരം വട്ടം സോറി . ഇനിയും നിനക്കെന്നോട് ദേഷ്യമാണെങ്കിൽ പൊതുവഴി ആണോനൊന്നും നോക്കണ്ട തല്ലണമെങ്കിൽ ആയിക്കോ ”
” ഞാനത്രയ്ക്ക് അധ:പതിച്ചിട്ടില്ല ശ്രീയേട്ടാ ” തല്ലണമെങ്കിൽ എനിക്കപ്പോൾ ആകാമായിരുന്നില്ലേ ? ശ്രീയേട്ടനെ വിശ്വസിച്ചിട്ടാണ് ഞാൻ കൂടെ വന്നത്. ഒരു ചതിയുടെ ബാക്കിപത്രമാണ് ഞാൻ . മറ്റുള്ളവരെ പോലെ തന്നെ നിങ്ങളും …..
“ലച്ചു ഞാൻ ഒരു തമാശയ്ക്ക് വേണ്ടി പറഞ്ഞതാണ്. പിന്നെ ഞാൻ നിന്നെ ഒന്നും ചെയ്തില്ലല്ലോ വെറുതെ പറഞ്ഞല്ലേ ഉള്ളൂ.. അതിന് ഇത്രയ്ക്ക് ദേഷ്യം വന്നോ ? ഇന്നലെ വഴിയിൽ വെച്ച് ഉമ്മ തന്നപ്പോൾ നീ ആസ്വദിച്ചു നിൽപ്പുണ്ടായല്ലോ ? അതിനൊന്നും കുഴപ്പമില്ല പറഞ്ഞതാണ് കുറ്റം ”
“ശ്രീയേട്ടന് എല്ലാം തമാശയാണ് .. പക്ഷേ എനിക്കങ്ങനെയല്ല… ഇന്നലെ ഉമ്മ വെച്ചപ്പോൾ ഞാൻ നിന്നു തന്നു അതു പക്ഷേ ശ്രീയേട്ടനെ ഒരു പാട് വിശ്വാസമുള്ളതുകൊണ്ടാണ്… ഒരു പരിധിവിട്ട് എന്നെ വാക്കു കൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിക്കില്ലാന്ന് വിശ്വസിച്ചു പോയി…”
“എന്നെ വിശ്വാസമില്ലെങ്കിൽ ഇവിടെ വെച്ച് ഇത് നിർത്താം. ഒരു നിസാര കാര്യത്തിന്റെ പേരിൽ വഴക്കടിക്കുന്നതിനേക്കാൾ നല്ലത് എല്ലാം അവസാനിപ്പിക്കുന്നതാണ്..”
അവൻ അമർഷത്തോടെയാണത് പറഞ്ഞത്…
“അങ്ങനെയാണെങ്കിൽ അവസാനിപ്പിക്കുന്നതാണ് നല്ലത്. ”
അവളും വിട്ടു കൊടുത്തില്ല.
“വാ കേറ് ഞാൻ കൊണ്ടാക്കാം ”
“വേണ്ട എല്ലാം അവസാനിപ്പിച്ച നിലയ്ക്ക് ഞാൻ ബസിൽ പൊയ്ക്കോളാം ”
“നിന്റെ ഇഷ്ടം പോലെ ” അതും പറഞ്ഞ് ശ്രീഹരി വണ്ടി തിരിച്ചു. അവളെ ഒന്നു നോക്കുക പോലും ചെയ്യാതെ പോയി.
അവൻ പോകുന്നതും നോക്കി ലക്ഷ്മി നിന്നു… ഉളളിലുള്ള ദേഷ്യം തികട്ടി വന്നു ..
അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാണെങ്കിലും അവൻ പോകും എന്ന് വിചാരിച്ചില്ല.
അടുത്തുള്ള ബസ്‌റ്റോപ്പിലേക്ക് അവൾ നീങ്ങി നിന്നു…
ഇന്നെന്തായാലും ആദ്യത്തെ പിരീഡ് ക്ലാസ്സിൽ കേറാൻ പറ്റില്ല..
വരുന്ന ബസിൽ എല്ലാം നല്ല തിരക്കായിരുന്നു. ഒന്നിലും കയറാൻ പറ്റിയില്ല.
തിരിച്ചു പോയാലോ എന്നു വരെ അവൾ ആലോചിച്ചു..
അമ്മയോട് എന്തു പറയും ? ഓർക്കുന്തോറും സങ്കടം കൂടി വന്നു…
“അല്ലാ ,ഞാനെന്തിനു സങ്കടപ്പെടണം പോയവർ പോട്ടേ.. ശ്രീയേട്ടനെ കുറിച്ച് ആലോചിച്ച് ഇനി ഞാൻ ദുഃഖിക്കില്ല…”
അവൾ മനസ്സിനെ പാകപ്പെടുത്തി.. പിന്നീട് വന്ന ബസിൽ ചാടിക്കയറി ..നല്ല തിരക്കായിരുന്നു.
എങ്ങനെയൊക്കെയോ ഉള്ളിലേക്ക് നുഴഞ്ഞുകയറി.
കാലിൽ ആരോ ചവിട്ടി .നല്ല വേദനയുണ്ടായെങ്കിലും സഹിച്ചു.. മനസ്സിനേറ്റ മുറിവിനേക്കാൾ വലുതല്ലല്ലോ ഒന്നും.
കോളേജിൽ എത്തിയപ്പോൾ ഒരു പിരീഡ് കഴിഞ്ഞിരുന്നു. പ്രിൻസിപ്പാളിന് എക്സ്പ്ലനേഷൻ എഴുതി കൊടുത്താണ് ക്ലാസ്സിൽ കയറിയത്..
ശ്രീബാല തന്നെ ശത്രുവിനെ പോലെ നോക്കുന്നുണ്ടായിരുന്നു..
ക്ലാസിൽ ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല…കാവ്യയോട് എല്ലാ കാര്യവും തുറന്നു പറഞ്ഞു. അവൾ തന്നെയാണ് കുറ്റപ്പെടുത്തിയത്.
“തമാശയെ തമാശയായി കാണണം ലച്ചൂ അല്ലാതെ “കാവ്യ അതു പറഞ്ഞപ്പോൾ തന്റെ ഭാഗത്താണ് തെറ്റെന്നു മനസ്സിലായി..
ശ്രീഹരിയെ വിളിച്ച് മാപ്പുപറയാൻ അവളാഗ്രഹിച്ചു.. പക്ഷേ ശ്രീയുടെ നമ്പർ പോലും തനിക്കറിയില്ല..
“അതോർത്ത് നീ സങ്കടപ്പെടണ്ട നമ്പറൊക്കെ ഞാൻ സംഘടിപ്പിച്ചു തരാം ”
കാവ്യ പറഞ്ഞതുപോലെ തന്നെ പത്തു മിനിട്ടുകൊണ്ട് നമ്പർ കൊണ്ടുവന്നു.
“ഇതെങ്ങനെ? ” ലക്ഷ്മിക്കാശ്ചര്യമായി
അതൊന്നും നീ അറിയണ്ട വേഗം കാമുകനെ വിളിച്ച് പിണക്കം തീർക്ക്. കാവ്യ അവളുടെ ഫോണും കയ്യിൽ തന്നു പോയി.
നമ്പർ ഡയൽ ചെയ്യുമ്പോൾ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.
“അഴലിന്റെ ആഴങ്ങളിൽ ……”
ശ്രീയുടെ ഫോണിലെ പാട്ടു കേട്ടപ്പോൾ തന്നെ അവളുടെ നെഞ്ചിടിപ്പു കൂടി
“ഹലോ”
മറുതലയ്ക്കൽ ശബ്ദം കേട്ടു..
ഞാൻ …. ലക്ഷ്മിയാണ്… അവൾ ഒരു വിധം പറഞ്ഞു..
പക്ഷേ അപ്പുറത്ത് ഫോൺ കട്ടു ചെയ്തു..
പിന്നീട് വിളിച്ചപ്പോൾ ശ്രീഹരിയുടെ ഫോൺ സ്വിച്ച്‌ഡ് ഓഫ് ആയിരുന്നു.
മനസ്സാകെ കലുഷിതമായി. ഒന്നും വേണ്ടിയിരുന്നില്ല
എന്റെ മുഖത്തെ സങ്കടം കണ്ടിട്ട് കാവ്യയ്ക്ക് കാര്യം മനസ്സിലായി.
” സാരമില്ലെടി ഒക്കെ ശരിയാവും ” അവൾ എന്നെ ആശ്വസിപ്പിച്ചു.
കോളേജ് വിട്ടു അമ്മയുടെ കടയിൽ കയറി. ഓരോ വണ്ടിയുടെ ശബ്ദം കേൾക്കുമ്പോഴും ഞാൻ റോഡിലേക്ക് നോക്കി കൊണ്ടിരുന്നു..
നിരാശയായിരുന്നു ഫലം.
” നിന്റെ മുഖമാകെ വാടിയിരിക്കുന്നല്ലോ ?” അമ്മ തയ്ക്കുന്നത് നിർത്തി കൊണ്ട് ചോദിച്ചു.
“ഒന്നുമില്ലമ്മേ , ഇന്ന് ബസിൽ ആ വിനോദും ഉണ്ടായിരുന്നു. ഞാനതിൽ കയറിയില്ല..പിന്നെ മറ്റത്തൂർ ചെന്നിട്ടാണ് ബസിൽ പോയത്.”
“നീ ഇനി ഹോസ്റ്റലിൽ നിന്ന് പഠിച്ചാൽ മതി അതാകുമ്പോൾ നിനക്ക് പേടിയില്ലാതെ കോളേജിൽ പോകാം … നീ വരുന്നതു വരെ ഉള്ളിൽ തീയായി എനിക്കും നിൽക്കണ്ടല്ലോ ”
“അമ്മയെ തനിച്ചാക്കി ഞാൻ എങ്ങോട്ടും പോകുന്നില്ല ”
“എന്നെ കുറിച്ചോർത്ത് മോള് വിഷമിക്കണ്ട . രാത്രി അടുത്തുള്ള രമണിയെ വിളിച്ച് കൂട്ടിന് കിടക്കാമല്ലോ ”
” അമ്മയെ വിട്ട് ഞാൻ പോവില്ല എന്നെ ഹോസ്റ്റലിലാക്കണ്ടമ്മാ” അവൾ ഒരു കൊച്ചുകുഞ്ഞിനെ പോലെ വാശി പിടിച്ചു..
“ഇനി നീ എന്തൊക്കെ പറഞ്ഞാലും നാളെ തന്നെ നിന്നെ ഞാൻ ഹോസ്റ്റലിൽ ആക്കും . ഞാനും വരുന്നുണ്ട് നാളെ നിന്റെ കൂടെ കോളേജിലേക്ക്.”
അവൾ കരച്ചിലിന്റെ വക്കോളമെത്തി. അമ്മയെ ഇതുവരെ അവൾ പിരിഞ്ഞു നിന്നിട്ടില്ല.. മാത്രമല്ല ഹോസ്റ്റലിൽ നിന്നാൽ ശ്രീയെ കാണാനും പറ്റില്ല..
അമ്മയെ എങ്ങനെ പിന്തിരിപ്പിക്കുമെന്ന് അറിയില്ല…
ആ സമയത്താണ് ഒരു ഇന്നോവ കാർ അവരുടെ കടയുടെ മുന്നിൽ വന്ന് നിന്നത്.
അതിൽ നിന്നിറങ്ങിയ ആളെ കണ്ട് ലക്ഷ്മി ഞെട്ടി..
ശ്രീയേട്ടന്റെ അപ്പച്ചി ….ഇനി ശ്രീ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ ? അവളുടെ നെഞ്ചിടിപ്പ് കൂടി..
“ലതീ “എന്നു നീട്ടി വിളിച്ചു വരുന്ന ആളെ കണ്ടപ്പോൾ അമ്മയുടെ മുഖത്ത് അത്ഭുതവും ഒപ്പം സങ്കടവും നിഴലിച്ചു കണ്ടു..
രണ്ടു പേരും കെട്ടിപ്പിടിച്ചു കരയുന്നതു കണ്ടു..
ഇവർ തമ്മിൽ ഇത്രയ്ക്ക് അടുപ്പമുണ്ടായിരുന്നോ അമ്മ ഒരിക്കൽ പോലും സൂചിപ്പിച്ചിട്ടില്ല.
“ലതീ , നീയാകെ മാറിപ്പോയി … ”
“നിനക്കൊരു മാറ്റവുമില്ല കുറച്ച് തടി വെച്ചിട്ടുണ്ട് ”
ഓരോ തവണയും നാട്ടിൽ വരുമ്പോൾ വിചാരിക്കും നിന്നെ വന്നു കാണണമെന്ന് പക്ഷേ നിന്നെ കാണാനുള്ള മനകരുത്ത് എനിക്കില്ലായിരുന്നു.. ഞാൻ കാരണമല്ലേ രാഘവന്….”
“വേണ്ട ദേവി, അതിനെ കുറിച്ചൊന്നും ഇനി ഓർമ്മിപ്പിക്കണ്ട. രാഘവേട്ടന് അത്രേ ആയുസ്സ് ദൈവം കൊടുത്തിരുന്നുള്ളൂ എന്ന് സമാധാനിക്കാം ”
” ഇതാണല്ലേ നിന്റെ മോള്, രാവിലെ ഞാൻ അമ്പലത്തിൽ വെച്ച് കണ്ടിരുന്നു..”
അവരുടെ മുഖത്ത് വിരിഞ്ഞ ആ ചിരി കണ്ടപ്പോൾ ഉൾഭയം വീണ്ടും കൂടി…
“മോളെന്താ ഒന്നും മിണ്ടാത്തേ, ഞാൻ നിന്റെ അമ്മയുടെ അടുത്ത കൂട്ടുകാരിയാ ”
“അത് ആന്റിയെ ആദ്യമായല്ലേ പരിചയപ്പെടുന്നേ അതുകൊണ്ട് എന്താ പറയേണ്ടതെന്ന് അറിയാത്തത് കൊണ്ടാ ”
ശ്രീദേവി ലക്ഷ്മിയുടെ അടുത്തു വന്നു. കൈകുമ്പിളിൽ മുഖമുയർത്തി
“മോള് സുന്ദരിയാ ആരേക്കാളും..” അതു പറഞ്ഞപ്പോൾ അവരുടെ കണ്ണു നിറയുന്നുണ്ടായിരുന്നു..
തന്റെ നെറുകയിൽ ഒരു മുത്തം തന്നപ്പോൾ എന്തോ ഒരു വല്ലാത്ത സ്നേഹം തോന്നി.
എവിടെയൊക്കെയോ ഒരമ്മയുടെ സ്നേഹം പോലെ തലോടൽ പോലെ . അറിയാതെ ലക്ഷ്മിയുടെ കണ്ണും നിറഞ്ഞു…
“മോളെ ആദ്യമായല്ലേ കാണുന്നത്. എന്താ ഞാനിപ്പോൾ തരാ ?”
“എനിക്ക് ഒന്നും വേണ്ടമ്മേ….”
അപ്പോൾ അങ്ങനെ വിളിക്കാനാണ് അവൾക്ക് തോന്നിയത്.
മോളെന്താ എന്നെ വിളിച്ചത് ?
“അത് ഞാൻ അറിയാതെ …..” അവൾ വല്ലാതെയായി
” ഒന്നുകൂടി വിളിക്കോ അങ്ങനെ ? ശ്രീദേവി വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു. അവരുടെ കൈയ്യും വിറയ്ക്കുന്നുണ്ടായിരുന്നു… കൈകൾ തണുത്ത് മരവിച്ച പോലെ
ലക്ഷ്മി ലതികയുടെ മുഖത്ത് നോക്കിയപ്പോൾ അവൾ മൗനാനുവാദം കൊടുത്തു.
“അമ്മേ”
“എന്റെ പൊന്നു മോളേ” എന്നും പറഞ്ഞ് ലക്ഷ്മിയെ കെട്ടിപ്പിടിച്ച് ശ്രീദേവി കരഞ്ഞു…
കാറിന്റെ ഹോൺ കേട്ടപ്പോൾ ആണ് ശ്രീദേവി കരച്ചിൽ നിർത്തിയത് ..
കൈയിൽ കിടന്ന രണ്ടു സ്വർണ്ണവള ഊരി ലക്ഷ്മിയുടെ കൈയ്യിലിട്ടു കൊടുത്തു..
ലക്ഷ്മി വേണ്ടാന്ന് പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല .
നിന്റെ അമ്മയോട് തീർത്താൽ തീരാത്ത കടപ്പാട് ഉണ്ടെനിക്ക്.
“പ്രായശ്ചിത്തം ചെയ്യാണെന്ന് കരുതണ്ട. ഇതെന്റെ മോൾക്ക് ഞാൻ കൊടുക്കുന്ന സമ്മാനമാണ് …
ഒരർത്ഥത്തിൽ പറഞ്ഞാൽ ഇവൾ എന്റെ മകൾ തന്നെയല്ലേ ?”
അതു പറഞ്ഞപ്പോൾ അമ്മ ഞെട്ടുന്നത് കണ്ടു.
കാറിൽ നിന്നും വീണ്ടും ഹോണടി കേട്ടു..
” ഞാൻ പോട്ടേ ലതീ , മാധവേട്ടൻ ഇരുന്നു മുഷിഞ്ഞെന്നു തോന്നുന്നു..”
അതു പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടു പേരും മുഖത്തോട് മുഖം നോക്കി …
തന്റെ ജന്മത്തിനു ഉത്തരവാദിയാണ് ആ കാറിലിരിക്കുന്നത്…
അയ്യാളെ കാണാൻ മനസ്സു തുടിച്ചു..
കാറിനുള്ളിലാണ് കാണുന്നില്ല.
“മോൾക്ക് എന്താവശ്യം ഉണ്ടെങ്കിലും പറയാൻ മടിക്കണ്ടാട്ടോ”
അതും പറഞ്ഞ് ശ്രീദേവി കാറിനടുത്തേയ്ക്ക് നീങ്ങി.
അയ്യാളെ കാണാൻ കഴിഞ്ഞില്ലല്ലോ. എനിക്ക് നിരാശയായി..
പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് ആ അമ്മ അയ്യാളെ കാറിൽ നിന്നിറക്കി ….
ഇരുനിറത്തിൽ ആറടി പൊക്കത്തിൽ നല്ല കട്ടിമീശയുള്ള ഒരാൾ . മുണ്ടും സിൽക്കിന്റെ ജുബ്ബയുമാണ് വേഷം.. കഴുത്തിലെ മാല പുറത്തേക്ക് കാണത്തക്കവിധം ഉണ്ട്… എല്ലാ വിരലിലും പല കല്ലുകൾ വെച്ച മോതിരങ്ങൾ .അമ്പതിനോടടുത്ത് പ്രായം തോന്നിക്കും… ക്രൂരതയാർന്ന മുഖം.
അയ്യാളെ കണ്ടപ്പോൾ അമ്മ അകത്തേക്ക് പോയി എനിക്കും ഒരു പേടി തോന്നി.
ഇരയെ കിട്ടിയ വേട്ടപട്ടിയെ പോലെ തന്നെ ആകമാനം നോക്കുന്നുണ്ടായിരുന്നു… വശ്യമാർന്ന ഒരു ചിരി അയ്യാളിലുണ്ടായി.
“ഈ ലതി എവിടെ പോയി എന്നും പറഞ്ഞ് ശ്രീദേവി റൂമിലേക്ക് പോയി ലതികയെ കൂട്ടി കൊണ്ടുവന്നു..
ലതികയെ കണ്ടതും അതുവരെ ഉണ്ടായിരുന്ന അയ്യാളുടെ ഭാവമാറ്റം ലക്ഷ്മി ശ്രദ്ധിച്ചു..
മുഖം വിളറി. അവളുടെ മുഖത്തു നോക്കാൻ അയ്യാൾ ഭയപ്പെട്ടു…
നമ്മുക്ക് പോകാം ദേവീ അയ്യാൾ ധൃതിപ്പെട്ടു.
” ഒന്നു നിൽക്കൂ മാധവേട്ടാ, ഇതാണെന്റെ ആത്മാർത്ഥ കൂട്ടുകാരി ലതീ , ഞാൻ പറയാറില്ലേ. ഇവൾ തമിഴ് നാട്ടിലെ ഏതോ ഒരു തുണി കടയിലായിരുന്നു. ഒരുപാട് നാൾ . കേട്ടോ ലതി നിന്നെ കുറിച്ച് പറയുമ്പോൾ ഒന്നു കാണണമെന്ന് മാധവേട്ടൻ എപ്പോഴും പറയും…”
അയ്യാൾ നിന്നു വിയർക്കുന്നുണ്ടായിരുന്നു..
“ഏതോ തുണിക്കട അല്ലാ ദേവീ ,തെങ്കാശിയിലെ സെൽവ്വം നെയ്തുശാല ” ലതിക ഉറക്കെ തന്നെയാണത് പറഞ്ഞത്.
അതും കൂടി കേട്ടപ്പോൾ അയ്യാളുടെ മുഖം രക്തവർണ്ണമായി…
” ഒരു പാട് നാളായി ഞാനും ഈ മുഖമൊന്നു കാണാൻ കാത്തിരിക്കുന്നു..” അമ്മ ആ മുഖത്ത് നിന്നും കണ്ണെടുക്കാതെ തന്നെ പറഞ്ഞു.
“എന്തായാലും ഇപ്പോൾ സാധിച്ചല്ലോ ഞങ്ങളിനി കുറച്ചു നാൾ ഇവിടെ തന്നെ ഉണ്ടാകും..ഇടയ്ക്ക് ചിറയ്ക്കലോട്ട് വരണം ട്ടോ ….” ദേവി പറഞ്ഞു.
” നീ വരുന്നുണ്ടോ എനിക്ക് തിരക്കുണ്ട്.”
അയാൾ വേഗം കാറിൽ കയറി..
“ഇനി നിൽക്കണില്ല ഞാൻ പോകട്ടേ, പോകട്ടേ മോളേ, “തന്നെ ഒന്നുകൂടി തലോടി കൊണ്ടാണ് യാത്ര പറഞ്ഞത്.
“അയ്യാൾ തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു.. പതിനെട്ടു വർഷമായി താൻ മനസ്സിൽ കൊണ്ടു നടക്കുന്ന സത്യം അയ്യാളറിഞ്ഞാൽ ഇവളെ സ്വീകരിക്കുമോ? അതോ ആ സത്യത്തെ ഞങ്ങളോടൊപ്പം തന്നെ ഇല്ലാതാക്കുമോ ”
“അമ്മ എന്താ ചിന്തിക്കുന്നത് ”
“ഒന്നുമില്ല, എനിക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നെ മോൾക്കാരാ ഉള്ളത് ”
“അമ്മയ്ക്കൊന്നും സംഭവിക്കില്ല പോരേ ?” അമ്മയെ ആശ്വസിപ്പിക്കാൻ പറഞ്ഞെങ്കിലും ആ ചോദ്യം അവളുടെ മനസ്സിൽ കൊണ്ടു.
കുറച്ചു നേരത്തെ മൗനത്തിനു ശേഷം ലതിക പറഞ്ഞു
“വീട്ടിലേക്ക് പോകാം, ബാക്കി അവിടെയിരുന്ന് തയ്ക്കാം ”
ലക്ഷ്മിക്കും അത് സമ്മതമായിരുന്നു.. രാവിലത്തെ സംഭവം മുതൽ ഇന്ന് ഈ നേരം വരെയും പല കാര്യങ്ങളും തന്റെ ജീവിതത്തിൽ സംഭവിച്ചു..
വീട്ടിലേക്ക് നടക്കും വഴി രണ്ടു പേരും അധികമൊന്നും സംസാരിച്ചില്ല.
കുളിച്ച് വിളക്കുവെച്ചു നാമം ജപിച്ചപ്പോൾ മനസ്സൊന്ന് ശാന്തമായി..
പഠിക്കാനുള്ള ബുക്ക് എടുത്തപ്പോഴും ശ്രീയെ കുറിച്ചാണവൾ ചിന്തിച്ചത്…
രാവിലെ പിണങ്ങിയതിനു ശേഷം പിന്നെ കണ്ടിട്ടില്ല….
ഒന്നു കണ്ടിരുന്നെങ്കിൽ ? അവൾ തന്റെ കയ്യിൽ കിടന്ന വളയിലേക്ക് നോക്കി …..
കരിവളകൾക്കിടയിൽ രണ്ടു സ്വർണ്ണ വളകൾ … അവ തന്നെ നോക്കി കൊഞ്ഞനം കുത്തുന്നതു പോലെ
തന്റെ കൈകൾക്ക് ചേരാത്തതു പോലെ, പക്ഷേ ഊരിവയ്ക്കാൻ മനസ്സു വന്നില്ല. ആ അമ്മ അത്ര സ്നേഹത്തോടെ തന്നതല്ലേ?
ഒരിക്കൽ പോലും കാണാത്ത തന്റെ അമ്മയുടെ മുഖം ഓർത്തെടുക്കാൻ നോക്കി . എന്നാൽ മനസ്സിൽ തെളിഞ്ഞത് ചിറയക്കൽ ശ്രീദേവിയുടെ മുഖമായിരുന്നു..
ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ലക്ഷ്മി പറഞ്ഞു.
“ആ അമ്മ പാവം ആണല്ലേ ?
“നല്ല സ്നേഹമായിരുന്നു എന്നോട് ”
” എന്നിട്ടും അവർക്ക് കിട്ടിയ ഭർത്താവോ ? ദുഷ്ടനായ ഒരാൾ ”
ലതിക അതിനു മറുപടി പറഞ്ഞില്ല.
ഭക്ഷണം കഴിച്ചെന്നു വരുത്തി രണ്ടാളും കിടന്നു.
ലതിക ലക്ഷ്മിയോടായി പറഞ്ഞു
” മോളേ ഈ പ്രായത്തിൽ പെൺകുട്ടികൾക്ക് പല ഭ്രമങ്ങളും തോന്നാം പക്ഷേ നിന്റെ അമ്മയ്ക്ക് പറ്റിയതുപോലെ നിനക്ക് സംഭവിക്കരുത്. ”
” ഇതൊക്കെ എനിക്ക് അറിയാവുന്നതല്ലേ അമ്മേ”
“നിനക്കറിയാം എന്നാലും, നീ ഒരിക്കലും തെറ്റ് ചെയ്യില്ലെന്ന് അമ്മയ്ക്ക് വിശ്വാസമുണ്ട്….
ശ്രീഹരി നല്ല പയ്യനാ പക്ഷേ അവരൊക്കെ വല്ല്യ ആളുകളാ മോളെ മോഹിപ്പിച്ചിട്ട് അവസാനം ……”
“അതു കേട്ടപ്പോൾ അവളുടെ ഹൃദയമിടിപ്പ് കൂടി അമ്മ എല്ലാം അറിഞ്ഞിരിക്കുന്നു.
“അമ്മേ ഞാൻ …..”
“മോള് തെറ്റ് ചെയ്തൂന്ന് അല്ല എന്നാലും ഇത് നമ്മുക്ക് വേണ്ട മോളേ …. നല്ലതിനല്ല ഇതൊന്നും ”
“ശ്രീയേട്ടൻ എന്നെ ചതിക്കില്ലാമ്മേ എനിക്ക് വിശ്വാസമുണ്ട്. ”
“ഇതുപോലെ തന്നെയായിരുന്നു നിന്റെ അമ്മയും. മാധവനെ വിശ്വസിച്ചു. നിന്നെ പോലെ ഇനിയും അച്ഛനില്ലാതെ ഒരു കുഞ്ഞു കൂടി വളരാൻ ഞാൻ അനുവദിക്കില്ല അതുകൊണ്ട് മോള് അവനെ മറക്കുണം ”
” എനിക്ക് മറക്കാൻ പറ്റില്ലമ്മേ , അത്രയ്ക്ക് ഞാനിഷ്ടപ്പെട്ടു പോയി ”
” അവനെ നീ മറന്നേ പറ്റൂ, ഇനി അവനെ കാണുകയോ മിണ്ടുകയോ ചെയ്താൽ എന്നെ അങ്ങ് മറന്നേക്ക് ”
ലതിക കടുപ്പിച്ച് പറഞ്ഞു..
“രണ്ടു തവണ എന്റെ മാനം രക്ഷിച്ചതാ ശ്രീയേട്ടൻ . അങ്ങനെയുള്ളയാളെ എങ്ങനെ ഞാൻ മറക്കും ? അമ്മ പറയ് ”
“ചിറയ്ക്കൽ ശ്രീദേവിയെ സ്നേഹിച്ചതിന്റെ പേരിലാ എന്റെ മുറ ചെറുക്കന്റെ ശവം ഈ കുറുമാലിപ്പുഴയിൽ പൊന്തിയത്. അതുപോലെ പിച്ചിചീന്തിയ നിന്റെ ശരീരം എവിടെയെങ്കിലും വീഴും അത് കാണാനുള്ള ശക്തി ഈ അമ്മയ്ക്കില്ല മോളേ”
“അതുപോലെ അല്ലമ്മേ ,ശ്രീയേട്ടന്റെ വീട്ടുകാർ സമ്മതിക്കും ”
” ഇനി നീ ഒന്നും പറയണ്ട ഇനി അവനുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് എന്റെ തലയിൽ തൊട്ട് സത്യം ചെയ്യ് ”
നിവൃത്തിയില്ലാതെ അവൾക്ക് സത്യം ചെയ്യേണ്ടിവന്നു..
ഹൃദയം കീറിമുറിക്കുന്ന വേദനയാൽ അവൾ ചോദിച്ചു.
“എന്നെങ്കിലും വീട്ടുകാരുടെ സമ്മതത്താൽ ശ്രീയേട്ടൻ എന്നെ ചോദിച്ചു വന്നാൽ അമ്മ സമ്മതിക്കോ ?”
“അതൊരിക്കലും സംഭവിക്കാൻ പോണില്ല നീ ഓരോന്ന് ചിന്തിക്കാതെ ഉറങ്ങാൻ നോക്ക് നാളെ വെള്ളിയാഴ്ചയല്ലേ നിന്നെ ഹോസ്റ്റലിൽ ചേർക്കണം തിങ്കൾ മുതൽ നിനക്ക് അവിടെ നിന്നു പഠിക്കാം ”
അവളിൽ നിന്നും തേങ്ങലുകൾ ഉയർന്നു.. അമ്മയ്ക്ക് കൊടുത്ത വാക്കുപാലിക്കണം പക്ഷേ ശ്രീയെ പിരിയാൻ വയ്യ…
ഉറക്കം വരുന്നില്ല …എന്തിനു തനിക്കീ ജന്മം തന്നു പ്രസവത്തോടെ താൻ മരിച്ചിരുന്നെങ്കിൽ ദൈവം ഇത്രയ്ക്ക് ക്രൂരനാണോ ? ഓരോന്ന് ചിന്തിച്ച് നേരം വെളുപ്പിച്ചു..
അമ്പലത്തിൽ പോകാൻ റെഡിയായപ്പോൾ ആണ് അമ്മയും കൂടെ ഉണ്ടെന്ന് പറഞ്ഞത്.
എല്ലാ വെള്ളിയാഴ്ചയും ശ്രീ അമ്പലത്തിൽ വരാറുണ്ടായിരുന്നു.
അവനെ കണ്ട് വിവരം പറയണമെന്ന് വിചാരിച്ചത് നടക്കില്ലെന്ന് മനസിലായി.
അമ്പലത്തിലേക്ക് കയറുമ്പോൾ ശ്രീഹരി തിരിച്ചിറങ്ങുന്നത് കണ്ടു..
തന്നെ ഒന്നു നോക്കുകൂടി ചെയ്തില്ല… അപരിചിതനെ പോലെ പോയപ്പോൾ മനസ്സിലായി പിണക്കത്തിന്റെ ആഴം എത്രയുണ്ടെന്ന്.
ദേവിക്ക് മുന്നിൽ നിന്ന് മനസ്സുരുകി പ്രാർത്ഥിച്ചു…. അമ്മയുടെ മനസ്സുമാറാനും ശ്രീയുമായുള്ള വിവാഹം നടക്കാനും.
പ്രസാദം വാങ്ങി തിരിയുമ്പോൾ ആണ് മീരയെ കണ്ടത്..
“ഒരു കൂട്ടം പറയാനുണ്ട് പുറത്ത് നിൽക്കൂട്ടോ “എന്നു അവൾ പറഞ്ഞപ്പോൾ ഒരു പ്രതീക്ഷ കൈവന്നു..
രക്ഷസിനെ തൊഴുതിറങ്ങിയപ്പോൾ മീര വന്നു.
“ഞായറാഴ്ച എന്റെ നിശ്ചയമാണ് ലക്ഷ്മി എന്തായാലും വരണം ട്ടോ എന്നവൾ ക്ഷണിച്ചു. അധികമാർക്കും ഇല്ല എന്നാലും ഇവളെ വിടണേ അമ്മേ “എന്നു പറഞ്ഞപ്പോൾ അമ്മ സമ്മതിച്ചു.
അമ്മ ചെറുക്കന്റെ വിശേഷം ചോദിച്ചപ്പോൾ അവളുടെ മുഖത്ത് നാണം വിരിയുന്നുണ്ടായിരുന്നു.
“ഇവളെ വിടാതിരിക്കരുതെന്ന് വീണ്ടും അവൾ പറഞ്ഞു..”
“അതിനെന്താ ഇവളെ വിടാലോ തിങ്കളാഴ്ച മുതൽ ഹോസ്റ്റലിൽ നിൽക്കല്ലേ പിന്നെ ഇടയ്ക്കേ വരാൻ പറ്റൂ അപ്പോൾ പിന്നെ നിന്റെ നിശ്ചയം കൂടിയിട്ട് പോകാലോ എന്നു പറഞ്ഞപ്പോൾ മീരയ്ക്ക് അത്‌ഭുതമായി ”
എന്റെ മുഖത്തെ ഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു അവൾ ഒന്നും ചോദിച്ചില്ല.
തിരിഞ്ഞു നടക്കും നേരം മീര കൈ പിടിച്ചു നിർത്തി.
“നിശ്ചയത്തിനു വരുമ്പോൾ സാരിയുടുത്ത് വരണം എന്നും പറഞ്ഞ് മീര നടന്നു.
തിരിഞ്ഞു നോക്കി കണ്ണിറുക്കി കാണിച്ചവൾ നടന്നപ്പോൾ മഹിയേട്ടൻ എല്ലാം പറഞ്ഞിട്ടുണ്ടാകും എന്നു മനസ്സിലായി.
ഞായറാഴ്ച മീരയുടെ നിശ്ചയത്തിനു പോകാൻ തയ്യാറായി.
അമ്മയോട് സാരിയുടുക്കട്ടെ എന്നു ചോദിച്ചപ്പോൾ സമ്മതിച്ചില്ല.
പിന്നെ കൂട്ടുകാരികൾ രണ്ടു പേരുണ്ട് അവരും സാരിയിലാ എന്നൊക്കെ കള്ളം പറഞ്ഞ് ഒരു വിധം സമ്മതിപ്പിച്ചു.
അമ്മയുടെ സാരികൾ ഓരോന്നും നോക്കി ഒന്നിനും ചന്തം പിടിച്ചില്ല. അവസാനം ആകാശനീല നിറത്തിലുള്ള അമ്മയുടെ സെറ്റുമുണ്ടിലാണ് കണ്ണു ചെന്നുടക്കിയത്..
സെറ്റുമുണ്ടുടുത്ത് കണ്ണാടിക്കു മുന്നിൽ ചെന്നു നിന്നു തനിക്കുതന്നെ അസൂയ തോന്നി … ഇത്രയൊക്കെ സൗന്ദര്യം തനിക്കുണ്ടായിരുന്നോ ഒരു കൈയ്യിൽ കരിവളയും മറുകൈയിൽ ശ്രീദേവി കൊടുത്ത വളയും ഇട്ടു..
അമ്മയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നു.
“ഞാൻ പൊയ്ക്കൊള്ളാം ആരാ വിളിക്കുന്നതെന്ന് നോക്ക്” അവൾ പറഞ്ഞു.
“വേഗം വരണേ മോളേ, ” അതും പറഞ്ഞ് ലതിക ഫോൺ എടുക്കാൻ പോയി.
മീരയുടെ വീട്ടിൽ എത്തിയപ്പോൾ എല്ലാവരും തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
ചെക്കന്മാരുടെ കണ്ണുകൾ തന്റെ മുഖത്താണെന്ന് മനസ്സിലായി. അവിടെ എല്ലാത്തിനും മുമ്പിലായി ശ്രീഹരി ഓടി നടക്കുന്നുണ്ട്. തന്നെ കണ്ടതും മുഖത്ത് ഗൗരവം കൂടി വന്നു.
ഉള്ളിൽ കയറി മീരയെ ഒരുക്കുന്നതിൽ സഹായിച്ചു നിന്നു. ഇതിനിടയിൽ പലവട്ടം ലച്ചുവും ശ്രീയും തമ്മിൽ കണ്ടുമുട്ടിയെങ്കിലും ശ്രീ മനപൂർവ്വം അവളിൽ നിന്നും ഒഴിഞ്ഞു നടന്നു..
ചെറുക്കനും കൂട്ടരും എത്തിയ നേരത്ത് എല്ലാവരും പന്തലിലേക്ക് പോയി ചെറുക്കന്റെ പെങ്ങമാർ റൂമിലേക്ക് വന്നപ്പോൾ അവളും പുറത്തേക്കിറങ്ങി..
ആ സമയം അവളുടെ കൈ പിടിച്ച് ആരോ വലിച്ച് അടുത്ത റൂമിലേക്ക് കയറ്റി ,
“ശ്രീയേട്ടൻ ”
അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.
“സാരിയുടുക്കുമ്പോൾ നീ സുന്ദരിയാണ് . എന്തായാലും മീരയെ ഏൽപ്പിച്ച ജോലി അവൾ ഭംഗിയായി തീർത്തു തന്നു. ”
അവളൊന്നും മിണ്ടിയില്ല .പെയ്യാൻ നിൽക്കുന്ന കാർമേഘത്തെ പോലെ ഉള്ളിലുള്ള സങ്കടങ്ങൾ പൊട്ടിയൊഴുകാൻ നിൽക്കുകയായിരുന്നു.
“എന്താ എന്റെ പെണ്ണ് ഒന്നും മിണ്ടാത്തേ ? എന്നോടുള്ള ദേഷ്യം ഇനിയും മാറിയില്ലേ ? അത് മാറ്റാനുള്ള വിദ്യ എനിക്കറിയാം ”
അതും പറഞ്ഞ് അവനവളെ ചുമരിനോട് ചേർത്തു നിർത്തി. ഇടുപ്പിലൂടെ കൈയമർത്തി ആ ചുണ്ടിലേക്ക് അവന്റെ ചുണ്ടുകൾ അടുപ്പിച്ചപ്പോൾ അമ്മയ്ക്ക് കൊടുത്ത സത്യം അവൾക്ക് ഓർമ്മവന്നത്.
അവനെ തള്ളി മാറ്റി മുഖം പൊത്തിയവൾ കരഞ്ഞു…
“ഏയ് എന്താ ലച്ചു ഇത്, നിർത്ത് ആരെങ്കിലും കാണും ” അവൻ അവളുടെ കൈകൾ മുഖത്തു നിന്നും മാറ്റി പറഞ്ഞു.
” ഈ ബന്ധം ശരിയാകില്ല ശ്രീയേട്ടാ ….. ഞാനെന്റെ അമ്മയ്ക്ക് വാക്കു കൊടുത്തു നിങ്ങളുമായി ഇനി ഒരു ബന്ധവും ഇല്ലാന്ന്. ”
അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു..
“നിനക്കെന്നെ മറക്കാൻ പറ്റോ ?”
“എനിക്കറിയില്ല. പക്ഷേ മറക്കാൻ ഞാൻ ശ്രമിക്കും , ”
” അങ്ങനെ നിനക്കു തോന്നുമ്പോൾ ഇഷ്ടമാണെന്നു പറയുമ്പോൾ വാലാട്ടി വരാനും അല്ലെന്നു പറയുമ്പോൾ ഒഴിഞ്ഞു പോകാനും ഞാൻ നിന്റെ വീട്ടിലെ പട്ടിയൊന്നും അല്ല. ഈ ചിറയ്ക്കൽ ശ്രീഹരി ഒരാളെ സ്വന്തമാക്കണമെന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ സ്വന്തമാക്കിയിരിക്കും. ”
“ശ്രീയേട്ടാ എന്റെ അവസ്ഥ കൂടി ഒന്നു മനസിലാക്ക്. പ്ലീസ് “അവൾ നിന്ന് കെഞ്ചി
“നീ എന്റെ പെണ്ണാ എന്റെ മാത്രം അത് ആരൊക്കെ എതിർത്താലും കാര്യമില്ല.. നീ പോലും ”
അവളെ അവനിലേക്ക് വലിച്ചിട്ട് ആ മുഖത്തും കഴുത്തിലും ചുംബനങ്ങളാൽ ഒരു താജ് മഹൽ തീർത്തവൻ…
പലവട്ടം കുതറി മാറാൻ അവൾ ശ്രമിച്ചു. പക്ഷേ സാധിച്ചില്ല…
അവൾ പ്രതിരോധിക്കുന്തോറും ശ്രീ കൂടുതൽ ആവേശത്തോടെ അവളെ മുറുകെ പിടിക്കുകയായിരുന്നു.
ആരോ വാതിലിൽ തട്ടിയപ്പോൾ ആണ് അവൻ അവളെ വിട്ടത്..
അവളുടെ മുഖത്ത് ഭയം നിഴലിച്ചു… വിവാഹ നിശ്ചയം നടക്കുന്ന വീടാണ്. മുറിയിൽ രണ്ടുപേരെയും കണ്ടാൽ പിന്നെ ?
വീണ്ടും വാതിലിൽ തട്ടി . ശ്രീഹരി യാതൊരു കൂസലുമില്ലാതെ വാതിൽ തുറക്കാൻ പോയി…
അവൾ അവനെ തടഞ്ഞു … അവൾക്ക് തടയാനാകാത്ത വിധം കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു. വലത്തേ കയ്യാൽ അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് വാതിലിന്റെ സാക്ഷ അവൻ തുറന്നു..
(തുടരും)
അനീഷ സുധീഷ് .
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission