Skip to content

അരുന്ധതി ( A Inspiring Story)

inspiring story

അരുന്ധതി ജനലിലൂടെ ആർത്തലച്ചു പെയ്യുന്ന മഴയും നോക്കിയിരുന്നു .. അവൾക്കു മഴയിൽ കുളിക്കണമെന്ന് തോന്നി.. കൈ എത്ര നീട്ടിയിട്ടും ജനലിലൂടെ മഴയെ തൊടാനായില്ല… ആ മുറിയിലെ ജനലുകളിൽ കൂടി നോക്കിയാൽ മഴ വെള്ളം മണ്ണിൽ വീഴുന്നത് പോലും കാണാൻ പറ്റില്ല… മഴയുടെ ശബ്ദവും മണ്ണിന്റെ മണവും അവളെ കോരിത്തരിപ്പിച്ചു. അവൾ പാവാട വട്ടം ചുഴറ്റി നൃത്തം ചെയ്തു… മഴത്തുള്ളികൾ തണുത്ത സൂചികൾ പോലെ തന്റെ ഉടലാകെ പതിക്കുന്നതായി അവൾക്കു തോന്നി… ഇപ്പോൾ എല്ലാം തന്റെ ഭാവനയിലാണല്ലോ എന്നോർത്തപ്പോൾ അവൾക്കു വല്ലാത്ത സങ്കടം വന്നു…

എന്തിനാണ് തന്നെ ഇങ്ങനെ പൂട്ടി ഇട്ടിരിക്കുന്നത്…? ആഹാരം കൊണ്ട് വരുന്ന പണിക്കാരിക്ക് ഒന്നും അറിയില്ല.. അവളുടെ കണ്ണിൽ ദയവുണ്ട്.. ഒന്നും ചെയ്യാൻ പറ്റാത്ത നിസ്സഹായ ഭാവമുണ്ട്. . പക്ഷെ എന്ത് ചോദിച്ചാലും അവളൊന്നും മിണ്ടാറില്ല… അച്ഛനെ പേടിച്ചാവും. വാസുദേവന്റെ ദേഷ്യത്തെയും ഉറക്കെയുള്ള സംസാരത്തേയും എല്ലാപേർക്കും ഭയമാണ്.

വാസുദേവന്റെ കാഴ്ചപ്പാടിൽ അരുന്ധതി കുടുംബം നശിപ്പിക്കാൻ ജനിച്ച സന്തതിയാണ്. അവളുടേതു വല്ലാത്ത ഒരു പാപ ജാതകമാണെന്നും അവൾ ഒരു ശാപം പിടിച്ച ജന്മമാണെന്നും പതിനെട്ട് വയസ്സായാൽ അവൾ കുടുംബത്തിന് നാണക്കേടുണ്ടാക്കുമെന്നും ജ്യോത്സ്യന്മാർ പറഞ്ഞത് കേട്ടത് മുതൽ അയാൾക്ക്‌ അവളോട് വെറുപ്പാണ്… അവളെ പ്രസവിച്ച മൂന്നാം നാൾ അമ്മ മരിച്ചപ്പോൾ അവളുടെ ജനനം കൊണ്ടാണെന്നു വിശ്വസിച്ച്‌ അയാൾ ആ കുഞ്ഞിനെ കൂടുതൽ വെറുത്തു. കോടതിയിലുണ്ടായിരുന്ന സ്വത്തു സംബന്ധിച്ച രണ്ടു കേസുകളും ആ സമയത്തു പരാജയപ്പെട്ടു. അതോടെ അവൾ ഒരു അപശകുനമാണെന്നു അയാൾ തീർത്തും വിധി എഴുതി.

അച്ഛന്റെ അമ്മയാണ് സ്നേഹത്തോടെ അവളെ വളർത്തിയത്.. അമ്മുമ്മ മരിച്ച ശേഷം അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചു. അപ്പോൾ അവൾക്കു മൂന്നു വയസ്സായിരുന്നു. അച്ഛന് പിന്നെ മക്കളൊന്നും ഉണ്ടായില്ല. പക്ഷെ അതുകൊണ്ടു അരുന്ധതിയോടുള്ള അയാളുടെ സമീപനത്തിൽ ഒരു മാറ്റവും വന്നില്ല. രണ്ടാനമ്മയായ സുമംഗലക്ക് പക്ഷെ അരുന്ധതി സ്വന്തം മകളായിരുന്നു.
സുമംഗല അടുത്തുള്ള സ്കൂളിലെ അദ്ധ്യാപിക ആയിരുന്നു. അമ്മയുടെ ഒപ്പമായിരുന്നു അരുന്ധതി സ്കൂളിൽ പോയിരുന്നത്. അവർ തമ്മിൽ കൂട്ടുകാരെ പോലെ ആയിരുന്നു.. സുമംഗല ഒരുപാടു വായിക്കുന്ന കൂട്ടത്തിലായിരുന്നു. അവർ അവളിലും വായനാശീലം വളർത്തി.
പ്ലസ് ടു വരെ അടുത്തു സ്കൂൾ ഉള്ളത് കൊണ്ട് പഠിക്കാനായി. നന്നായി പഠിക്കുകയും പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്ന അരുന്ധതിയെ അധ്യാപകർക്കൊക്കെ
വളരെ ഇഷ്ടമായിരുന്നു.. അവളുടെ ചുറ്റും എപ്പോഴും കൂട്ടുകാരുണ്ടാവുമായിരുന്നു.
പ്രസംഗ മത്സരങ്ങളിൽ അവൾ എപ്പോഴും ഒന്നാമതെത്തിയിരുന്നു. സുമംഗല അവളെ പ്രോത്സാഹിപ്പിക്കുകയും വേണ്ടതൊക്കെ ചെയ്തു കൊടുക്കുകയും ചെയ്തു.
പന്ത്രണ്ടാം ക്ലാസ് നല്ല മാർക്കോടെ പാസ്സായിട്ടും അവളെ കോളേജിൽ ചേർക്കാൻ വാസുദേവൻ തയ്യാറായില്ല.. അവളുടെ ക്‌ളാസ് ടീച്ചർ ദാമോദരൻ സാർ വീട്ടിൽ വന്നു അയാളെ ക്കണ്ടു പറഞ്ഞു നോക്കി. നല്ല ബുദ്ധിയുള്ള കുട്ടിയാണ്…അവളെ തുടർന്ന് പഠിപ്പിക്കണമെന്ന്.പക്ഷെ ദൂരെയുള്ള കോളേജിലയക്കാൻ അയാൾ തയാറായിരുന്നില്ല…
ഒരു ദിവസം പുറംപണിക്കു വന്ന ഒരു മധ്യവയസ്‌കനോട് അരുന്ധതി എന്തോ ചിരിച്ചു സംസാരിക്കുന്നതു കണ്ട വാസുദേവന് വല്ലാത്ത ദേഷ്യം വന്നു.” നീ കുടുംബത്തിന് നാണക്കേട് വരുത്തുമല്ലോടി “എന്ന് അട്ടഹസിച്ചുകൊണ്ടു അവളെ പിടിച്ചു വലിച്ചു കൊണ്ടുപോയി തട്ടിൻപുറത്തെ ചെറിയ മുറിയിൽ അടച്ചിട്ടു. ” ആ മാമൻ എന്റെ കൂട്ടുകാരിയുടെ അച്ഛനാണ്.. ഞാൻ അവളുടെ കാര്യമാണ് ചോദിച്ചത് “എന്ന് കരഞ്ഞു പറഞ്ഞിട്ടും അയാൾ കൂട്ടാക്കിയില്ല. അവൾ വാസുദേവനെ നേരിട്ട് അച്ഛാ എന്ന് ഒരിക്കലും വിളിച്ചിരുന്നില്ല… കുഞ്ഞിലേ മുതൽ അവൾക്കു അയാളെ പേടിയായിരുന്നു..

അടച്ചിട്ട ഈ മുറിയിലായിട്ടിപ്പോൾ ആറു മാസത്തോളമായി…. അവൾക്കു പതിനെട്ടു വയസ്സാകാൻ കാത്തിരിക്കുകയാണയാൾ… ആരുടെയെങ്കിലും കയ്യിൽ ഏല്പിക്കാൻ.. തനിക്കു നാണക്കേടുണ്ടാക്കി അവൾ താണ ജാതിക്കാരന്റെ കൂടി ഒളിച്ചോടി പോയാലോ എന്ന പേടിയായിരുന്നു അയാൾക്കു എപ്പോഴും.
അവളുടെ കൂട്ടുകാർ ആരെയും ഗേറ്റ് കടത്തിപ്പോലും വിടാറില്ല… അവൾ ആലുവയിലുള്ള അമ്മാവന്റെ വീട്ടിൽ നിന്നും പഠിക്കുകയാണെന്നാണ്
എല്ലാപേരോടും പറഞ്ഞത്…

മുറിക്കുള്ളിൽ അരുന്ധതിക്ക് ചിലപ്പോഴൊക്കെ ഭ്രാന്തു പിടിക്കുമെന്നു തോന്നി… അമ്മയാണ് ഏക ആശ്വാസം.. സാധിക്കുമ്പോഴൊക്കെ അമ്മ മുറിയിൽ വരും. അവൾക്കു സ്കൂൾ ലൈബ്രറിയിലെ ബുക്കുകൾ തിരഞ്ഞെടുത്തു കൊണ്ട് വന്നു വായിക്കാൻ കൊടുക്കും .. അവളോട് ഓരോ വിഷയത്തിൽ ലേഖനം എഴുതി
ഒരു വലിയ സദസ്സിനു മുന്നിലാണെന്നു സങ്കല്പിച്ചു ഉറക്കെ പ്രസംഗിക്കാൻ പറഞ്ഞു..ഭാവിയിൽ അവൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഇപ്പോൾ നടക്കുന്നതായി വിഷ്വലൈസ്‌ ചെയ്യാൻ പഠിപ്പിച്ചു..

ഗാന്ധിജിയെയും നെഹ്രുവിനെയും പോലുള്ള മഹത് വ്യക്തികൾ അവരുടെ ജയിൽ ജീവിത കാലം എങ്ങനെയാണു ഉപയോഗപ്രദമാക്കിയതെന്നു അവൾക്കു പറഞ്ഞു കൊടുത്തു. കഴിയുന്നിടത്തോളം വായിച്ചും എഴുതിയും ആഗ്രഹമുള്ളതു ഭാവനയിൽ ജീവിച്ചും കഴിയാൻ അവർ അവളെ പ്രേരിപ്പിച്ചു. അവളിൽ ഒരു സ്ഫുലിംഗമുണ്ടെന്നും അതിനെ അഗ്നിയായ് ജ്വലിപ്പിക്കണമെന്നും അവർ ആഗ്രഹിച്ചു. എങ്കിലും അവളുടെ അവസ്ഥ അവരെ വല്ലാതെ ദുഖിപ്പിച്ചു. പക്ഷെ അവളെ എങ്ങനെ മോചിപ്പിക്കുമെന്നവർക്കു ഒരു രൂപവുമില്ലായിരുന്നു. വാസുദേവന്റെ ദേഷ്യവും ദേഹോപദ്രവവും അവർക്കും പേടി ആയിരുന്നു.
അവൾ നല്ല ക്ലാസിക്കുകൾ വായിച്ചു ഭാവന ലോകത്തിൽ കഴിയാൻ ശ്രമിച്ചെങ്കിലും പലപ്പോഴും ഒറ്റക്കിരുന്നു പൊട്ടിക്കരഞ്ഞു… ആ അടച്ചിട്ട മുറിയിൽ അവൾക്കു ശ്വാസം മുട്ടി. ഒരു അടക്ക കുരുവിയായി ജനലിലൂടെ പറന്നു പോകാൻ കഴിഞ്ഞെങ്കിൽ എന്നവൾ ആഗ്രഹിച്ചു…
ദിവസങ്ങൾ കടന്നു പോയി.. മൂന്ന് നാലു മാസങ്ങൾ കഴിഞ്ഞാൽ അവൾക്കു പതിനെട്ടു വയസ്സാവും. വാസുദേവൻ ഇപ്പോഴേ അവൾക്കു കല്യാണം ആലോചിച്ചു തുടങ്ങിയിരുന്നു.
അവളെ ആരുടെ കൂടെയെങ്കിലും പറഞ്ഞയച്ചാലേ സമാധാനമുള്ളു എന്ന് അയാൾ എപ്പോഴും പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ അവളുടെത് പാപ ജാതകമാണെന്നും പൊരുത്തം കിട്ടുക എളുപ്പമല്ലെന്നും ജ്യോത്സ്യന്മാർ പറഞ്ഞത് വാസുദേവനെ ബുദ്ധിമുട്ടിലാക്കി.
അരുന്ധതി നന്നായി പ്രസംഗിക്കാൻ പഠിച്ചു… ഇംഗ്ലീഷ് ക്ലാസിക്കുകൾ വായിച്ചു അതിന്റെ സംഗ്രഹം എഴുതി അമ്മയെ കാണിച്ചു… പല മലയാളവും ഇംഗ്ലീഷും കവിതകൾ കാണാതെ പഠിച്ചു ഉറക്കെ ചൊല്ലി .. … അമ്മ അവൾക്കു ഒരു റേഡിയോ സമ്മാനിച്ചതും അവൾക്കു ആശ്വാസമായി… മറ്റുള്ളവരുടെ ശബ്ദം അങ്ങനെ കേൾക്കാൻ പറ്റി… എങ്കിലും ദുഖിക്കാൻ സമയം പിന്നെയും ബാക്കിയുണ്ടായിരുന്നു.
അരുന്ധതിയെ എങ്ങനെ രക്ഷിക്കും എന്ന ചിന്തയിൽ ദിവസങ്ങൾ നീങ്ങി.. അടുത്ത അധ്യയന വർഷവും തുടങ്ങാറായി… പക്ഷെ എത്ര ആലോചിച്ചിട്ടും സുമംഗല ഒരു വഴിയും കണ്ടില്ല…

ഏതാണ്ട് ഒരു വർഷമായി അവൾ കാരാഗ്രഹത്തിലായിട്ടു. അവളെ രക്ഷിക്കണമെങ്കിൽ ആരുടെയെങ്കിലും സഹായമില്ലാതെ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അവർക്കറിയാമായിരുന്നു.

ഒടുവിൽ അരുന്ധതിയെ ഒരുപാടിഷ്ടമുള്ള ദാമോദരൻ സാറിനോടും അദ്ദേഹത്തിന്റെ ഭാര്യയായ വിനോദിനി ടീച്ചറോടും കാര്യം അവതരിപ്പിക്കാൻ സുമംഗല തീരുമാനിച്ചു.. അരുന്ധതിയെ പൂട്ടി ഇട്ടിരിക്കുന്ന കാര്യം അറിഞ്ഞു അവർ ഞെട്ടി.. വിനോദിനി ടീച്ചർ അത് കേട്ടു കരഞ്ഞു പോയി… എങ്ങനെയെങ്കിലും അവളെ രക്ഷിക്കണമെന്ന് അവർ തീരുമാനിച്ചു.
ദാമോദരൻ സാറിന്റെ സഹോദരി തൃശ്ശൂരിലെ ഒരു കോളേജിൽ പ്രൊഫസർ ആണ്.അവരുമായി സംസാരിച്ചു അരുന്ധതിയെ അവിടെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാൻ ഒരു ശ്രമം നടത്താൻ അവർ ഉറപ്പിച്ചു. സ്വർണം വിറ്റു ആവശ്യത്തിന് കാശു സംഘടിപ്പിക്കാനും അവർ
തീരുമാനിച്ചു.
വാസുദേവൻ എറണാകുളത്തു കേസ് സംബന്ധിച്ചു പോയ ഒരു ദിവസം സുമംഗല പണിക്കാരിക്ക് അവധി കൊടുത്തു അവളുടെ വീട്ടിൽ വിട്ടു.
രാവിലെ അരുന്ധതിയോടു ദാമോദരൻ സാറും ഭാര്യയും ഉച്ചയോടെ വരുമെന്നും അവർ അവളെ തൃശൂരിലെ ഒരു കോളേജിൽ ചേർക്കാൻ പോവുകയാണെന്നും പറഞ്ഞിരുന്നു. അത്യാവശ്യം വേണ്ട ഡ്രെസ്സൊക്കെ അവൾ എടുത്തു വച്ചു. അമ്മയെ പിരിയുന്നതിൽ വിഷമമുണ്ടായിരുന്നെങ്കിലും ആ ജയിലിൽ നിന്നും പുറത്തു ചാടാൻ അവൾ ഏതു സാഹസത്തിനും തയാറായിരുന്നു…
ദാമോദരൻ സാറും ഭാര്യയും കാറുമായി എത്തിയപ്പോൾ അവൾ പോകാൻ ഒരുങ്ങി നിന്നു. അവളെ കെട്ടിപ്പിടിച്ചു നിറകണ്ണുമായി സുമംഗല യാത്രയാക്കി…
പണിക്കാരി ആഹാരവുമായി അടുത്ത ദിവസം അരുന്ധതിയുടെ മുറിയിൽ ചെന്നപ്പോൾ അവളെ അവിടെ കാണാതെ പരിഭ്രമത്തോടെ വാസുദേവനോട് കാര്യം പറഞ്ഞു… മുറിയിലെ ഓരോ കോണും പരിശോധിച്ച് അയാൾ തളർന്നിരുന്നു . അവൾ തന്നെ തോല്പിച്ചതായി അയാൾക്ക്‌ തോന്നി…

വൈകിട്ട് സുമംഗല സ്കൂളിൽ നിന്നും വന്നപ്പോൾ അയാൾ അവരുടെ മേൽ ചാടി വീണു. പക്ഷെ അവർ യാതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല… ” നീയറിയാതെ ഒന്നും നടന്നിരിക്കില്ല ” എന്ന് പറഞ്ഞു ഭീകരമായി മർദിച്ചെങ്കിലും സുമംഗല ഒന്നും അറിയില്ലന്നുള്ള നിലപാടിൽ തന്നെ ഉറച്ചു നിന്നു.
അടിച്ചു കൈ തളർന്നു പരാജിതനായി അയാൾ ഈസി ചെയറിൽ ചെന്നു വീണു. അന്ന് ആ വീട്ടിൽ ആരും ഒന്നും കഴിച്ചില്ല… അരുന്ധതിയെ എവിടെ അന്വേഷിക്കണമെന്ന് അയാൾക്ക്‌ ഒരു രൂപവുമില്ലായിരുന്നു… പോലീസിൽ പരാതി പ്പെട്ടാൽ നാണക്കേടാകുമെന്നു കരുതി അതും ചെയ്തില്ല… ആലുവയിലെ അമ്മാവന്റെ വീട്ടിൽ നിന്നും പഠിക്കുകയാണെന്നുള്ള കള്ളം ചോദിക്കുന്നവരോടൊക്കെ തുടർന്നും പറഞ്ഞു.
ദാമോദരൻ സാറും ഭാര്യയും അവളെ പ്രൊഫസർ രമണിയുടെ വീട്ടിലാണ് കൊണ്ട് പോയത്. അവളെ അവിടെയാക്കി അവർ മടങ്ങിപ്പോന്നു. അവളുടെ അഡ്മിഷന്റെ കാര്യമൊക്കെ രമണി നോക്കിക്കൊള്ളാമെന്നേറ്റിരുന്നു.

അങ്ങനെ രമണി പഠിപ്പിക്കുന്ന കോളേജിൽ അരുന്ധതി ബി. എ ഇംഗ്ലീഷ് ലിറ്ററേച്ചറിനു ചേർന്നു. വിദേശത്തുള്ള തന്റെ സഹോദരന്റെ മകൾ എന്നാണ് അരുന്ധതിയെ എല്ലാപേരോടും രമണി പരിചയപ്പെടുത്തിയത്. അവർ എല്ലാ കാര്യത്തിനും അവളോടൊപ്പം നിന്നു.

രമണിക്കു അരുന്ധതിയെ വളരെ ഇഷ്ടമാണ്… അവളുടെ പ്രസംഗങ്ങളും മനസ്സിന്റെ ഉറപ്പും അവരെ വല്ലാതെ ആകർഷിച്ചു… മോട്ടിവേഷൻ ക്ലാസ്സെടുക്കാൻ അവർ അവളെ നിയോഗിച്ചു… അടുത്തുള്ള മറ്റു കോളേജുകളിലും അവൾ മോട്ടിവേഷൻ ക്ലാസ്സെടുക്കാൻ പോയി… അവളുടെ വാക് ചാതുരിയും പ്രസന്നതയും എല്ലാപേരെയും അവളിലേക്ക്‌ അടുപ്പിച്ചു.

അവധിക്ക് രമണി അവളെ സ്വന്തം വീട്ടിൽ കൊണ്ട് പോയി… അവിടെ അവരും പ്രായമായ അമ്മയും ഭർത്താവും മാത്രമേ ഉണ്ടായിരുന്നുള്ളു… മക്കൾ രണ്ടു പേരും ബാംഗ്ളൂരിൽ കുടുംബമായി താമസിക്കുകയാണ്…
അവളിൽ സിവിൽ സർവീസ് മോഹം ഉണ്ടാക്കിയത് രമണിയായിയിരുന്നു…ബി .എ ക്കും എം .എ ക്കും പഠിക്കുന്നതിനൊപ്പം അവളും അവളുടെ റൂം മേറ്റ് നീലിമയും സിവിൽ സർവീസ് കോച്ചിങിനും പോയി… അവൾക്കു വേണ്ട പണം സുമംഗല എത്തിച്ചു കൊടുത്തു കൊണ്ടിരുന്നു.. പക്ഷെ അച്ഛനറിയാതെ പുറത്തു പോകാൻ പറ്റാത്തത് കൊണ്ട് അവർക്കു അരുന്ധതിയെ കാണാനായില്ല. .. സ്കൂളിൽ വച്ചു വീഡിയോ കാളിലൂടെ മാത്രം അവർ തമ്മിൽ കണ്ടു സംസാരിച്ചു…

അരുന്ധതി എങ്ങനെ ആരുടെ സഹായത്തോടെ പൂട്ടിയിട്ടിരുന്ന മുറിയിൽ നിന്നും പുറത്തു പോയി എന്ന ചിന്ത വാസുദേവനെ അലട്ടിക്കൊണ്ടിരുന്നു. ഒരു ദിവസം യാദൃച്ഛികമായി അലമാരയിൽ നിന്നും സ്വർണം നഷ്ടപ്പെട്ടിരിക്കുന്നത് അയാൾ അറിഞ്ഞു.. അലമാരയ്ക്കുള്ളിലെ ഗോൾഡ് സേഫിന്റെ താക്കോലും നമ്പറും അയാൾക്കും സുമംഗലക്കും മാത്രമേ അറിയാമായിരുന്നുള്ളൂ. സ്വർണത്തെ കുറിച്ച് ചോദിച്ചപ്പോൾ സുമംഗലക്ക് വാസുദേവനോട് എല്ലാം പറയേണ്ടി വന്നു… അരുന്ധതിയെക്കുറിച്ചുള്ള ദുരൂഹത മാറിയതു അയാൾക്ക്‌ ആശ്വാസം പകർന്നു.. വല്ല താണ ജാതിക്കാരനോടൊപ്പം ഒളിച്ചോടിക്കാണും എന്ന് മാത്രമേ അയാൾക്ക്‌ സങ്കൽപ്പിക്കാൻ ഇതുവരെ കഴിഞ്ഞിരുന്നന്നുള്ളു.. ” എനിക്ക് അവളെ കുറിച്ച് ഒന്നും അറിയണമെന്നില്ല… നീ അവളുടെ വിശേഷങ്ങൾ ഒന്നും എന്നോട് പറയരുത് ” എന്ന് സുമംഗലക്ക് അന്ത്യശാസനം കൊടുത്തു.

വർഷങ്ങൾ പിന്നെയും കഴിഞ്ഞു… ഇപ്പോൾ അരുന്ധതി ഒരു IPS ഓഫീസർ ആണ്… നോർത്ത് ഇന്ത്യയിലായിരുന്നു ആദ്യ പോസ്റ്റിങ്ങ്. ഇന്നലെയാണ്‌ കേരളത്തിലേക്ക് ട്രാൻസ്ഫർ കിട്ടിയത്…ജോയിൻ ചെയ്തിട്ട് വീട്ടിൽ പോകാൻ അവൾ തീരുമാനിച്ചു…
പോലീസ് ജീപ്പിൽ പോലീസ് കാരുടെ അകമ്പടിയോടെ അവൾ വീട്ടിലെത്തി… സുമംഗലക്ക് അരുന്ധതി വരുന്ന വിവരം അറിയാമെങ്കിലും വാസുദേവനോട് പറഞ്ഞിരുന്നില്ല… പോലീസ് ജീപ്പും പോലീസ്കാരേയും കണ്ടു വാസുദേവൻ വിരണ്ടു പോയി… അയാൾ പുറത്തേക്കിറങ്ങാതെ വാതിൽ പടിയിൽ തന്നെ നിന്നു… തൊട്ടു പുറകെയായി സുമംഗലയും.

പോലീസ് ജീപ്പിൽ നിന്നും ആത്മവിശ്വാസത്തോടെ ചടുലമായ ഉറച്ച കാൽവയ്പ്പോടെ നടന്നു വരുന്ന പോലീസ് ഓഫീസർ തന്റെ മകളാണെന്ന്‌ വിശ്വസിക്കാൻ വാസുദേവനായില്ല. അവൾ നടന്നു വന്നു കുനിഞ്ഞു രണ്ടു കൈകൊണ്ടും അച്ഛന്റെ പാദം തൊട്ടു വന്ദിച്ചു… വിറക്കുന്ന കൈകൾ കൊണ്ട് വാസുദേവൻ അവളുടെ നിറുകയിൽ തൊട്ടു അനുഗ്രഹിച്ചു. സുമംഗല പാദം തൊട്ടു തൊഴുത അരുന്ധതിയെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് കവിളിൽ ഉമ്മ കൊടുത്തു … അമ്മേയെന്നു വിളിച്ചു അരുന്ധതിയും കരഞ്ഞു പോയി…

കുറച്ചു സമയം സംസാരിച്ചിരുന്നിട്ടു അവൾ തടി കൊണ്ടുണ്ടാക്കിയ കോണിപ്പടി കേറി തട്ടിൻപുറത്തെ അവളെ പൂട്ടിയിട്ടിരുന്ന മുറി തള്ളി തുറന്നു അകത്തു കയറി… വളരെ വർഷങ്ങളായി പൂട്ടിയിട്ടിരുന്ന മുറിക്ക് ഒരു പഴകിയ ഗന്ധമായിരുന്നു… ഇവിടമാണ് തനിക്ക് ജീവിക്കാൻ ആവേശം തന്നത്… ജീവിതത്തെ പോരാടി ജയിക്കാൻ പ്രേരിപ്പിച്ചത്…അവൾ ആ മുറിക്കു മനസ്സ് കൊണ്ട് നന്ദി പറഞ്ഞു…

നാട്ടുകാരൊക്കെ അതിനുള്ളിൽ കോമ്പൗണ്ടിനുള്ളിൽ കൂടി… അരുന്ധതി നമ്മുടെ നാടിന്റ അഭിമാനമാണെന്നു അവർ പറയുന്നത് കേട്ടു വാസുദേവൻ ഒന്നും പറയാനാകാതെ നിന്നു. …സ്വന്തം ചിന്താഗതിയിലും പ്രവർത്തിയിലും അയാൾ ലജ്ജിച്ചു.. അരുന്ധതി ജീപ്പിൽ കയറി പ്പോകുന്നത് നിറകണ്ണുകളോടെ അഭിമാനത്തോടെ സുമംഗലയോടൊപ്പം വാസുദേവനും നോക്കി നിന്നു…

~~~~~~~~~~~~

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!