“എഹ്? അവനങ്ങനെ പറഞ്ഞോ?!”
“പറഞ്ഞു ലച്ചു.. ഇന്നലെ വൈകീട്ട് ബീച്ചിൽ വച്ച്.. ഞാൻ ശരിയ്ക്കും ഷോക് ആയിപ്പോയി..”
“അല്ലെങ്കിലും കുറച്ചു ദിവസായിട്ടുള്ള അവന്റെ നോട്ടത്തിലും പെരുമാറ്റത്തിലുമൊക്കെ എന്തോ ഒരു മിസ്റ്റേക് എനിയ്ക്കും തോന്നിയിരുന്നു..”
“ഇത് പുതിയ ട്രാപ് ആവും.. അവനെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിയ്ക്കാനാവില്ല..”
“ഏയ്.. എനിയ്ക്കങ്ങനെ തോന്നുന്നില്ല അനു.. കാരണം പഴയ അർജുനായിരുന്നെങ്കിൽ അവനൊരിയ്ക്കലും ഇത്രയും നാണം കെട്ട് നിന്റെ പിറകെ നടക്കില്ല.. നീയെന്തൊക്കെ പറയുന്നുണ്ട് അവനെ.”
” ഉവ്വ്.. അവന്റെ ഉദ്ദേശം വേറെയാണ് മോളെ.. എല്ലാ വഴിയും ഫ്ലോപ്പ് ആയെന്നു കണ്ടിട്ട് ഒടുക്കം പ്രേമവും കൊണ്ട് ഇറങ്ങിയിരിയ്ക്കാണ്..”
“എന്തോ… ഇതൊരു ട്രാപ് ആണെന്ന് എനിയ്ക്ക് തോന്നുന്നില്ല.. ഡീ അവൻ ശരിയ്ക്കും മാറിയിട്ടുണ്ട്.. എനിയ്ക്കുറപ്പാ…”
“എന്നാൽ നീ ചെന്നൊരു ജീവിതം കൊടുക്ക്..”
അനുവിന്റെ ദേഷ്യം കണ്ട് ലച്ചു അടക്കി ചിരിച്ചു..
“എന്റെ അനൂ.. ഞാൻ ചുമ്മാ നിന്നെ ചൂടാക്കാൻ പറഞ്ഞതല്ലേ? നിന്റെ മനസ്സിൽ ശരത്തേട്ടൻ മാത്രമേ ഉള്ളുവെന്നു മറ്റാരേക്കാളും എനിയ്ക്കറിയില്ലേ?”
അനുവിന്റെ മുഖഭാവം കണ്ടപ്പോൾ ശരത്തേട്ടന്റെ കാര്യം എടുത്തിടേണ്ടായിരുന്നെന്നു ലച്ചുവിന് തോന്നി..
അവർക്കിടയിൽ രൂപപ്പെട്ട താത്കാലിക മൗനത്തെ നീട്ടിയടിച്ച ബെൽ ശബ്ദം തട്ടിയെടുത്തുകൊണ്ടോടി..
“അനൂ… വാ.. ബെല്ലടിച്ചു.. ഈ ഹവർ എനിയ്ക്ക് സെമിനാർ ഉള്ളതാ..”
“ഞാനില്ല ലച്ചു.. എനിയ്ക്കൊരു മൂഡില്ല.. കുറച്ചു സമയം ഇവിടെ ഇരിയ്ക്കട്ടെ.. നീ ചെല്ലു..”
“വാ അനൂ.. നീ ക്ലാസിൽ കിടന്നുറങ്ങിക്കോ.. ”
“മൈൻഡ് ഓക്കേ ആയിട്ട് ഞാനങ്ങു വന്നേക്കാം.. കുറച്ചു സമയം ഒറ്റയ്ക്കിരിയ്ക്കട്ടെ..”
മനസ്സില്ലാ മനസ്സോടെ ലച്ചു പോവുന്നത് അവൾ നിർവികാരയായി നോക്കി നിന്നു…
വല്ലാത്തൊരു മടുപ്പ് തന്നെ കീഴടക്കുന്നുണ്ടോ? സന്തോഷമെല്ലാം ആരോ കവർന്നെടുത്തത് പോലെ.. ഏകാന്തതയോട് തീവ്രമായൊരാസക്തി തോന്നുന്നു..
“എന്താടോ വല്ല കവിത എഴുതാനുള്ള പ്ലാൻ ആണോ?”
അവൾക്കരികിൽ കുറച്ചു മാറിയിരുന്നുകൊണ്ട് അർജുൻ ചോദിച്ചു..
“നിന്റെ ചോദ്യങ്ങൾക്ക് മറുപടി തരേണ്ട ബാധ്യത എനിയ്ക്കില്ല അർജുൻ..”
” തനിയെ മരച്ചുവട്ടിൽ വന്നു ആലോചിച്ചിരിയ്ക്കുന്നത് കണ്ടിട്ട് ചോദിച്ചതാണ്.. ഇഷ്ടായില്ലെങ്കിൽ തിരിച്ചെടുത്തു.. പോരെ?”
മൗനം..
“ഞാനിന്നലെ ഒരു കാര്യം പറഞ്ഞിരുന്നു..”
“ന്ത് കാര്യം?”
“ഇഷ്ടമാണെന്ന്…”
“നീ ആരെയെങ്കിലും ഇഷ്ടപ്പെടുന്നതിന് എനിയ്‌ക്കെന്താ? നിന്റെ കാര്യങ്ങളിൽ ഇടപെടാൻ എനിയ്ക്കൊട്ടും താല്പര്യമില്ല..”
“നല്ല ചൂടിലാണല്ലോ?”
അവനു മുഖം കൊടുക്കാതെ അനു ദൂരേയ്ക്ക് നോക്കിയിരുന്നു.. അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു കാന്തിക ശക്തിയുള്ളതു പോലെ..
അർജുന്റെ സാന്നിധ്യം അവളിൽ മടുപ്പുളവാക്കുന്ന അസ്വസ്ഥതയുണ്ടാക്കി..
“ഡോ.. തനിയ്ക്ക് പോയി ഇരിയ്ക്കാൻ ഇവിടെ വേറെ സ്ഥലങ്ങളൊന്നുമില്ലേ?? ഇവിടെ വന്ന് അന്ധാളിച്ചു നിൽക്കാതെ എണീറ്റ് പോയെ..”
അടക്കി വച്ച ചിരി പൊട്ടിച്ചിരിയിലേയ്ക്ക് വഴി മാറി.
“എന്തിനാ കിണിക്കുന്നെ?”
“നിന്റെ ഓരോ പ്രയോഗം കേട്ട് ചിരിച്ചു പോയതാ അനുവേ..”
“ദേ., ഞാനൊരു കാര്യം പറഞ്ഞേക്കാം.. പ്രണയം നടിച്ചു എന്നെ വശത്താക്കാമെന്നൊന്നും ആരും കരുതണ്ട.. എനിയ്ക്ക് നിന്നോട് വെറുപ്പാണ്.. അറപ്പാണ്..”
“എന്റമ്മോ.. അതിനു നീയെന്നെ ഇഷ്ടപ്പെടണമെന്നു ഞാൻ പറഞ്ഞില്ലല്ലോ.. എനിയ്ക്ക് ഇഷ്ടമായതുകൊണ്ടാണ് ഞാൻ മിണ്ടാൻ വരുന്നത്.. അല്ലാതെ നീയെന്നെ ഇഷ്ടപ്പെടുമെന്നു പ്രതീക്ഷയുണ്ടായിട്ടല്ല.”
“ഒന്നെണീറ്റു പോടോ.. എനിയ്ക്കൊന്നു തനിച്ചിരിയ്ക്കണം..
എവിടെയെങ്കിലും ഒറ്റയ്ക്കിരിയ്ക്കാമെന്നു വച്ചാൽ അപ്പൊ എഴുന്നള്ളിക്കോളും.. ”
“മനപ്പൂർവം അല്ലെടോ.. എന്തോ.. നീ തനിച്ചിരിയ്ക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു സങ്കടം പോലെ.. അതാ വന്നത്..”
അനുവിന്റെ മുഖത്തു പുച്ഛം..
“ഏകാന്തതയ്ക്കു നീ കരുതുന്ന സൗന്ദര്യമൊന്നും ഇല്ല അനൂ.. ഒറ്റപ്പെടൽ ഭ്രാന്തമായൊരു അനുഭൂതിയാണ്.. ദൂരെ നിന്ന് നോക്കുമ്പോൾ ഭംഗിയുണ്ടെന്നു തോന്നാം.. പക്ഷെ അനുഭവിയ്ക്കേണ്ടി വരുമ്പോഴാണ്…”
അവന്റെ ശബ്ദത്തിൽ പതിവില്ലാത്ത ഇടർച്ച കണ്ടു അനു കണ്ണുകൾ അവനിലേക്ക് തിരിച്ചു..
വേദനിപ്പിയ്ക്കുന്ന ഓർമകളിലെങ്ങോ അവനലയുന്നതുപോലെ..
അല്പനേരത്തെ മൗനത്തിനു ശേഷം പഴയ പ്രസരിപ്പ് വീണ്ടെടുത്തുകൊണ്ട് അവൻ തുടർന്നു..
“ശരത്തിനെ ഓർത്തു ഇനിയും സങ്കടം വേണോ? അവന്റെ കല്യാണം ഫിക്സ് ചെയ്തതല്ലേ? നാളെ മറ്റൊരു പെൺകുട്ടിയുടെ സ്വന്തമാവേണ്ട അവനെയോർത്തു നീയിങ്ങനെ സങ്കടപ്പെട്ടിരുന്നാൽ അതവരുടെ ജീവിതത്തെ നെഗറ്റീവ് ആയി ബാധിയ്ക്കില്ലേ?”
നിറഞ്ഞു വന്ന കണ്ണുകൾ അവൾ പതിയെ തുടച്ചു..
“മറന്നൂടെ അവനെ? വീട്ടുകാരെ ഉപേക്ഷിച്ചു അവനോടൊപ്പം പോകാൻ അനു ആഗ്രഹിയ്ക്കാത്തിടത്തോളം മറ്റു വഴികളൊന്നുമില്ലല്ലോ?”
അവന്റെ വാക്കുകൾ അനുവിനെ വല്ലാതെ ഭ്രാന്തു പിടിപ്പിയ്ക്കുന്നതായി തോന്നി…
“എന്റെ കാര്യം നോക്കാൻ എനിയ്ക്കറിയാം.. മേലാൽ ഇത്തരം സംഭാഷണങ്ങളുമായി എന്റെ മുന്നിൽ വന്നു പോവരുത്.. അതൊക്കെ മനസ്സിലാക്കണമെങ്കിൽ സ്നേഹിയ്ക്കാനും സ്നേഹിയ്ക്കപ്പെടാനും ആരെങ്കിലുമൊക്കെ വേണം.. ”
ഒട്ടും നിനയ്ക്കാതെ വായിൽ നിന്നും വീണു പോയ പദങ്ങൾ അവന്റെ ഹൃദയത്തിലെവിടെയോ ആഴത്തിൽ തറച്ചത് പോലെ..
മറുത്തൊന്നും പറയാതെ അവനെഴുന്നേറ്റു നടന്നപ്പോൾ അനുവിന്റെ ഹൃദയത്തിൽ വല്ലാത്തൊരാശ്വാസം ചേക്കേറിയിരുന്നു..
തനിച്ചിരിയ്ക്കുമ്പോഴെല്ലാം പതിവുപോലെ അവനെത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും അതെല്ലാം വെറുതെയായി..
ഒരിയ്ക്കൽ സ്ഥിരമായി പോവുന്ന അനാഥാലയത്തിൽ ചെന്ന് തിരിച്ചു പോരാൻ നേരം ഒട്ടും പ്രതീക്ഷിയ്ക്കാതെ അർജുനെ അവിടെ കണ്ടു..
അനുവിനെ കണ്ടതും അവൻ ചിരിച്ചുകൊണ്ട് അടുത്തേയ്ക്ക് നടന്നു..
“അർജുൻ ഇവിടെ?”
മറുപടിയായി അവൻ പുഞ്ചിരിച്ചു..
“അനുവിന് മാത്രമേ ഇവിടെ വരാൻ പാടുള്ളോ?”
അവളോടൊപ്പം ഇരുവശത്തും ചെടികൾ വച്ചു പിടിപ്പിച്ച നടപ്പാതയിലൂടെ പതിയെ നടക്കുമ്പോൾ അവനെന്തിനെക്കുറിച്ചൊക്കെയോ വാചാലനായി..
“നന്നേ ചെറുപ്പത്തിൽ എന്നെ മുത്തശ്ശിയേയും മുത്തശ്ശനെയും ഏൽപ്പിച്ചു വിദേശത്തേയ്ക്ക് പോയതാണ് അമ്മയും പപ്പയും.. മറ്റു കുട്ടികൾ അച്ഛന്റെയും അമ്മയുടെയും കൈകളിൽ തൂങ്ങി വരുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ട് പലപ്പോഴും..
ഇരുട്ടത്തിരുന്നു ഒരുപാട് കരഞ്ഞിട്ടുണ്ട് ഞാൻ.. മുത്തശ്ശനും കൂടി പോയപ്പോൾ പതിയെ എല്ലാരോടും ദേഷ്യമായി.. കൂടെ നിൽക്കാൻ തല തെറിച്ച കുറെ കൂട്ടുകാരും..”
ഒരു ദീർഘ നിശ്വാസത്തിനു ശേഷം അവൻ തുടർന്നു..
“കയ്യിൽ ഇഷ്ടംപോലെ കാശുണ്ടല്ലോ.. ആരെ പേടിയ്ക്കാൻ.. നേർവഴിയ്ക്ക് നടത്താനും ആരുമില്ലായിരുന്നു..
ഉപദേശിയ്ക്കാനും പുച്ഛിയ്ക്കാനും വന്നവരൊക്കെ എന്റെ ശത്രുക്കളായി..
അനു പറഞ്ഞതുപോലെ സ്നേഹത്തിന്റെ വില അറിയാത്തതുകൊണ്ടാവും ഞാനിങ്ങനെയൊക്കെ ആയിത്തീർന്നത് അല്ലെ?”
മറുപടി പറയാൻ വാക്കുകളൊന്നും എന്നെ കടാക്ഷിച്ചില്ല..
“എങ്ങനെയെങ്കിലും നിന്നെ സ്വന്തമാക്കണമെന്നു മാത്രമേ ഞാൻ കരുതിയുള്ളു അനു.. നീ വേറൊരാളെ സ്നേഹിയ്ക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ ഭ്രാന്തമായൊരാവസ്ഥയായിരുന്നു..
ബലമായി കീഴ്പ്പെടുത്താൻ ശ്രമിച്ചതും, മറ്റുള്ളവർക്ക് മുൻപിൽ നമ്മൾ തമ്മിൽ വഴിവിട്ട ബന്ധമാണെന്നു വരുത്തി തീർക്കാൻ ശ്രമിച്ചതുമെല്ലാം എന്നും നീ എന്റെ കൂടെത്തന്നെ വേണമെന്നുള്ള ആഗ്രഹം കൊണ്ടാണ്.. ജീവിതത്തിലാദ്യമായി എന്റെ ഹൃദയം സ്വന്തമാക്കിയ പെൺകുട്ടിയെ നെഞ്ചിൽ ശ്വാസമുള്ളിടത്തോളം കാലം അരികിൽ നിർത്തണമെന്നാഗ്രഹിച്ചു.. സ്നേഹം
പിടിച്ചു പറിയ്ക്കാൻ കഴിയാത്തതാണെന്നു ഞാനറിഞ്ഞില്ല അനൂ..
ആഗ്രഹിച്ചതൊന്നും നേടാതിരുന്നിട്ടില്ലിതുവരെ.. നീയൊഴികെ..
എല്ലാം എന്റെ തെറ്റാണ്.. എന്റെ അഹങ്കാരമായിരുന്നു.. നീയനുഭവിച്ച വേദനകൾക്കൊന്നും പകരം തരാനാവില്ലെന്നറിയാം.. ഒരു നോട്ടം കൊണ്ട് പോലും നിന്നെ കളങ്കപ്പെടുത്താൻ ഇനിയൊരിയ്ക്കലും അർജുൻ ശ്രമിയ്ക്കില്ല.. ”
അവന്റെ ശബ്‌ദം ഉറച്ചതായിരുന്നു..
“എന്നെ സ്നേഹിയ്ക്കാൻ ഒരു പെൺകുട്ടിയ്ക്കും കഴിയില്ലെന്നറിയാം… പക്ഷെ ഈ ചങ്കിൽ ജീവനുള്ളിടത്തോളം നീയവിടെ ഉണ്ടാവും അനൂ.. നീ മാത്രമേ ഉണ്ടാവൂ.. ഇത് അർജുന്റെ വാക്കാണ്.. എവിടെ ആയിരുന്നാലും നീ സന്തോഷത്തോടെ ഇരുന്നാൽ മതി..
നീയറിയാതെ നിന്നെ പിന്തുടർന്നതെല്ലാം ഇനിയൊരപകടം കൂടി നിനക്ക് സംഭവിച്ചാലോ എന്ന് പേടിച്ചിട്ടാണ്.. അല്ലാതെ നീ കരുതിയ പോലെ ശല്യം ചെയ്യാൻ വേണ്ടിയല്ല..
പക്ഷെ ഇനിയൊരിയ്ക്കലും അർഹതയില്ലാത്തൊരിഷ്ടത്തിന്റെ പേര് പറഞ്ഞു ശല്യം ചെയ്യില്ല നിന്നെ.. ഒരിയ്ക്കലും.. ഇതുവരെ ചെയ്തതിനൊക്കെ ഹൃദയത്തിൽ തട്ടി ക്ഷമ ചോദിയ്ക്കുന്നു.. നിനക്കെന്തു ആവശ്യം വന്നാലും ഒന്ന് വിളിച്ചാൽ മതി.. ഈ ലോകത്തിന്റെ ഏതെങ്കിലും കോണിൽ അർജുൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ എത്തിയിരിയ്ക്കും… പോട്ടെ..
പുഞ്ചിരിയ്ക്കിടയിലും അവന്റെ കണ്ണുകൾ നിറഞ്ഞു കണ്ടപ്പോൾ അനുവിന്റെ ഹൃദയത്തിൽ നേരിയ കുറ്റബോധം തോന്നി.. ജീവിതത്തിലൊരിയ്ക്കലും കാണാൻ കഴിയുമെന്ന് കരുതിയിട്ടില്ല ഇങ്ങനൊരു കാഴ്ച..
അനുവിന്റെ കണ്ണുകളിൽ സഹതാപത്തിന്റെ കണികകൾ ദൃശ്യമാവുന്നെന്നു തോന്നിയതുകൊണ്ടാവും അർജുൻ പെട്ടെന്ന് മുഖത്തെ ഭാവം മാറ്റി.. ഹൃദ്യമായി ചിരിച്ചു.. എങ്ങനെ കഴിയുന്നു ഇവന്?
“അനുവിന്റെ കയ്യിൽ വണ്ടിയുണ്ടോ? ഇല്ലെങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യാം.. ”
“വേണ്ട.. ഞാൻ വന്നോളാം..”
“ഞാനൊത്തിരി ബോറായി അല്ലെ??”
അവന്റെ പൊട്ടിച്ചിരിയുടെ അലകൾ വൃക്ഷത്തലപ്പുകളിൽ തട്ടി പ്രതിധ്വനിച്ചുവോ?
“പറഞ്ഞതെല്ലാം മറന്നേക്കൂ.. സെന്റി അടിച്ചതാണെന്നു കരുതണ്ട.. ഒന്നും ഉള്ളിലൊളിപ്പിച്ചു ശീലമില്ലാത്തതുകൊണ്ടാണ്.”
എന്റെ മുഖഭാവം കണ്ടിട്ടാവണം അവൻ വീണ്ടും തുടർന്നു..
“ഇനി ഇതിന്റെ പേരിൽ സിമ്പതി ഒന്നും വേണ്ട.. അനുവിന്റെ മനസ്സിൽ ആ പഴയ കാമഭ്രാന്തന്റെ സ്ഥാനം തന്നെ മതിയെനിയ്ക്ക്…”
അവൻ വീണ്ടും ഉറക്കെ ചിരിച്ചു..
ചുണ്ടിൽ കൃത്രിമമായ ചിരി വരുത്തിക്കൊണ്ട് അവനകലുന്നതും നോക്കി നിൽക്കുമ്പോൾ കയ്യിലിരുന്ന മൊബൈൽ ശബ്ദമുതിർക്കുന്നുണ്ടായിരുന്നു..ഒട്ടും പ്രതീക്ഷിയ്ക്കാത്തൊരു നമ്പർ സ്‌ക്രീനിൽ തെളിഞ്ഞു.. ശരത്തേട്ടൻ…
(തുടരും….)
രചന: സ്വാതി. കെ. എസ്
(ഒരിയ്ക്കൽ പോലും നല്ലതൊന്നും ഞാൻ എഴുതാതിരുന്നിട്ടും അർജുന് എങ്ങനെയാണ് ഇത്രയും ഫാൻസുണ്ടായതെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നതേയില്ല… നായകനേക്കാൾ വില്ലന് വേണ്ടി ഒരുപാട് request വന്നിരുന്നു.. ശരത്തേട്ടനെ വേദനിപ്പിയ്ക്കുമെന്നു പേടിയ്ക്കണ്ട കേട്ടോ.. നിങ്ങളാരും വിചാരിച്ച രീതിയിലല്ല കഥ എന്ന് തോന്നുന്നു😀 അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുതേ.. നിങ്ങളുടെ സപ്പോർട് ഉണ്ടെങ്കിൽ മാത്രമേ ഞാൻ തുടർന്നെഴുതു..
സ്നേഹത്തോടെ സ്വാതി)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സ്വാതിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Arjune kodutha matheeto anune avan pavam alle sarathine ellarum undallo pinnentha. Ottakkayi pokunnavark avare snehikunnavare chunk parich koduth snehikan kazhiyum