“അനൂ.. നിനക്ക് ശങ്കരമ്മാമ്മേടെ മകൾ കാവ്യയെ അറിയില്ലേ?ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട്?”
“ഉവ്വ്… ആ കുട്ടിയല്ലേ രാഹുലുമായി ഇഷ്ടത്തിലാണെന്നൊക്കെ പറഞ്ഞത്? അത് വീട്ടിലറിഞ്ഞിട്ടു അവളെ പുറത്തേയ്ക്കൊന്നും വിടാതെ വീട്ടിൽ തന്നെ പിടിച്ചു വച്ചേക്കുവല്ലേ?”
“അതെ.. അവള് ആരും അറിയാതെ അവന്റെ കൂടെ പോവാൻ നോക്കി.. പക്ഷെ അത് അമ്മായി കണ്ടു.. അകെ വഴക്കും ബഹളവും ആയിരുന്നു.. മുത്തശ്ശനും ശങ്കരമ്മാമ്മയും കൂടെ അവളെ എന്നെക്കൊണ്ട് വിവാഹം കഴിപ്പിയ്ക്കാമെന്നു തീരുമാനിച്ചിരിയ്ക്കാണ് അനൂ…”
ശരത്തേട്ടന്റെ ശബ്ദമാകെ വിറയൽ പടർന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
അത്രയും നേരം എന്നിൽ തളം കെട്ടിക്കിടന്ന നിർവികാരത പൊടുന്നനെ ആശങ്കയ്ക്ക് വഴി മാറി..
“എന്നിട്ട്.. എന്നിട്ട് ശരത്തേട്ടൻ സമ്മതിച്ചോ?”
“ശങ്കരമ്മാമ്മയുടെ തീരുമാനത്തിനെ എതിർക്കാൻ ഇവിടെ ആർക്കും അവകാശമില്ലെന്ന് നിനക്കറിയില്ലേ അനൂ.. എന്നിട്ടും ഞാൻ ഒരുപാട് പറഞ്ഞു നോക്കി.. പക്ഷെ മക്കളുടെ സന്തോഷത്തിനെക്കാൾ അഭിമാനത്തിനും തറവാട് മഹിമയ്ക്കും പ്രാധാന്യം കൊടുക്കന്നവരോട് പറഞ്ഞിട്ടെന്തു കാര്യം”
“പെങ്ങളെപ്പോലെയാണ് കാവ്യയെന്നു പറഞ്ഞിട്ട്? ശരത്തേട്ടനെക്കൊണ്ടു കഴിയോ ആ കുട്ടിയെ അങ്ങനെ..”
“നിനക്ക് തോന്നുന്നുണ്ടോ അനൂ എനിയ്ക്കതിനു കഴിയുമെന്ന്.. ഞാനിതുവരെ വിവാഹത്തിന് സമ്മതിച്ചിട്ടില്ല..”
ഒരു ദീർഘ നിശ്വാസത്തിനു ശേഷം ശരത്തേട്ടൻ തുടർന്നു..
“എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിയും കിട്ടുന്നില്ല എനിയ്ക്ക്.. അച്ഛന്റെ മരണ ശേഷം ഒരു കുറവും കൂടാതെയാണ് എന്നെയും അമ്മുവിനെയും അമ്മാമ്മ വളർത്തിയത്.. ആദ്യമായിട്ടാണ് എന്നോടൊരു കാര്യം ആവശ്യപ്പെടുന്നത് .. ഞാൻ വഴക്കിട്ടു വീട്ടിൽ നിന്നിറങ്ങിയിട്ടു രണ്ടു ദിവസമായി.. നേരത്തെ അമ്മു വിളിച്ചിരുന്നു.. മുത്തശ്ശൻ നെഞ്ച് വേദന വന്നു ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്നു പറഞ്ഞു..
മുത്തശ്ശനെന്തെങ്കിലും സംഭവിച്ചാൽ..”
“അവരോട്.. അവരോട് സമ്മതമാണെന്ന് പറഞ്ഞേക്ക് ശരത്തേട്ടാ..”
എന്റെ ശബ്ദത്തിലെ ഇടർച്ച ശരത്തേട്ടൻ അറിയാതിരിയ്ക്കാൻ ഞാനേറെ പാടുപെട്ടു..
“അനൂ…”
ശരത്തേട്ടന്റെ ശബ്ദത്തിലെ ദൈന്യത എന്റെ ഹൃദയത്തിൽ വന്ന് ആർത്തലച്ചു ചിന്നിച്ചിതറി..
“അനൂ… എനിയ്ക്ക്.. എനിയ്ക്ക് നിന്നെയാടീ ഇഷ്ടം.. ആ സ്ഥാനത്തു മറ്റൊരാളെ ചിന്തിയ്ക്കാൻ പോലും കഴിയില്ല എനിയ്ക്ക്…
നിന്നെ എനിയ്ക്കൊരുപാട് ഇഷ്ടാ അനൂ..”
കേൾക്കാൻ ഒരുപാട് കൊതിച്ച വാക്കുകൾ കാതുകളിൽ തറച്ചിറങ്ങി.. തീവ്രമായൊരു പൊട്ടിക്കരച്ചിൽ എന്റെ കണ്ഠനാളത്തിലെവിടെയോ
നിലകിട്ടാതാഴ്ന്നു പോയി.
മറുപടി പറയാൻ ഞാൻ തേടിപ്പിടിച്ച അക്ഷരങ്ങളെല്ലാം മരവിച്ച നിശ്ശബ്ദതയിലെവിടെയോ ഘനീഭവിച്ചു കിടന്നു…
“അനൂ… ”
“ശരത്തേട്ടൻ തമാശ പറഞ്ഞു നിൽക്കാതെ പെട്ടെന്ന് ഹോസ്പിറ്റലിലേയ്ക്ക് ചെല്ലാൻ നോക്ക്.. ഓൾ ദി ബെസ്റ്റ്.”
മറുപടി കാത്തു നിൽക്കാതെ ഞാൻ ഫോൺ കട്ട് ചെയ്ത് കിടക്കയിലേയ്ക്ക് വീണ് പൊട്ടിക്കരഞ്ഞു… എനിയ്ക്ക് ചുറ്റിലുമുള്ള ലോകം തീരെ ചുരുങ്ങി എന്നിലേക്ക് മാത്രമായി മാറുന്നത്പോലെ… ജീവിതം വലിയൊരു വട്ടപ്പൂജ്യമായത് പോലെ.. ചുറ്റും വല്ലാത്ത ശൂന്യത നിറഞ്ഞു… ശരത്തേട്ടൻ വേറെ ഒരാളുടെ സ്വന്തമാവുന്നത് ഓർക്കാൻ പോലും വയ്യ.. ദൈവമേ എന്തൊരു വിധിയാണിത്..
പെട്ടെന്ന് വണ്ടിയെടുത്തു ലച്ചുവിന്റെ വീട്ടിലേയ്ക്ക് ചെന്നു.. അവളെ കെട്ടിപ്പിടിച്ചു നിശബ്ദമായി കരയുമ്പോൾ ഉള്ളിലെ സങ്കടങ്ങൾക്കെല്ലാം തെല്ലൊരാശ്വാസം കിട്ടിയതുപോലെ…
“കരയല്ലേ അനൂ.. എത്രയെത്ര ആളുകൾക്ക് ആത്മാർത്ഥമായി പ്രണയിച്ചതിനു ശേഷം പിരിയേണ്ടി വരുന്നു.. ഇതിപ്പോ തുറന്നു പറയാത്തൊരിഷ്ടമല്ലേ? എന്റെ അനൂന് മറക്കാൻ കഴിയും.. ഞാനല്ലേ പറയണേ?കണ്ണ് തുടയ്ക്ക്..”
ലച്ചൂ.. നിനക്കറിയോ? എന്നെ ഇഷ്ടമാണെന്ന് ശരത്തേട്ടൻ പറഞ്ഞു… പരസ്പരം പറയാതെ തന്നെ ഞങ്ങളത്രയേറെ അടുത്ത് പോയിരുന്നു.. എന്നിട്ടും..”
എത്ര ശ്രമിച്ചിട്ടും എനിയ്‌ക്കെന്നെത്തന്നെ നിയന്ത്രിയ്ക്കാനായില്ല..
“നിനക്കിഷ്ടാണെന്നു നമുക്ക് രണ്ടുപേർക്കും മാത്രമല്ലേ അറിയൂ… അതങ്ങനെ തന്നെ ഇരുന്നോട്ടെ.. ഇല്ലെങ്കിൽ ആ കുട്ടീടെ ജീവിതം തകരാൻ നീയൊരു കാരണമാവും അനൂ… ശരത്തേട്ടനുമായി ഇനിയൊരു ബന്ധവും വേണ്ട.. എനിയ്ക്ക് വാക്ക് താ..”
ഞാൻ ദയനീയമായി അവളെ നോക്കി..
“കൂട്ടുകാരിയല്ല കൂടപ്പിറപ്പാണ് ഞാനെന്ന് നീയെപ്പോഴും പറയാറുള്ളതല്ലേ അനൂ.. അതിലെന്തെങ്കിലും സത്യമുണ്ടെങ്കിൽ ഇനി അവനെ ഓർത്തു വിഷമിച്ചിരിയ്ക്കില്ലെന്നും ഒരു കോണ്ടാക്റ്റും ഉണ്ടാവില്ലെന്നും എനിയ്ക്ക് വാക്കു തരണം..”
നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവളുടെ നീട്ടിയ കൈകളിൽ കൈ ചേർത്ത് വയ്ക്കുമ്പോൾ എന്റെ ഹൃദയത്തിൽ നിന്നും ശരത്തേട്ടനെ മായ്ച്ചു കളയുമെന്നു ഞാൻ ശപഥം ചെയ്തിരുന്നു..
വാട്സാപ്പിലും ഫേസ്ബുക്കിലുമെല്ലാം ശരത്തേട്ടനെ ബ്ലോക്ക് ചെയ്തിട്ടും ഫോൺ നമ്പർ മാറ്റിയിട്ടും ഹൃദയത്തിൽ നിന്നും പറിച്ചെറിയുന്നതിൽ ഞാൻ പൂർണമായും പരാജയപ്പെട്ടുകൊണ്ടേയിരുന്നു.. സംസാരിയ്ക്കാൻ ശരത്തേട്ടൻ പലവുരു ശ്രമിച്ചിട്ടും മുഖം കൊടുക്കാതെ ഞാൻ ഒഴിഞ്ഞു മാറി..
“അനു അല്ലേ?”
ക്‌ളാസ് കഴിഞ്ഞിറങ്ങുമ്പോൾ ഒരു പെൺകുട്ടി എന്റെ അടുത്തേയ്ക്ക് വന്നു..
“അതെ.. ആരാ..?
“ഞാൻ അമ്മു.. ശരത്തേട്ടന്റെ അനിയത്തി ആണ്..”
“ആഹ്.. മനസ്സിലായി. എന്താ അമ്മൂ..?”
“ഏട്ടന് ഇയാളെ ഒരുപാട് ഇഷ്ടാണ്.. കാവ്യേച്ചി ആയിട്ടുള്ള കല്യാണത്തിന് മൗനാനുവാദം കൊടുത്തതിനു ശേഷം എട്ടനാരോടും മിണ്ടാറു പോലുമില്ല..”
“അമ്മു വിചാരിയ്ക്കുന്ന പോലെയൊന്നുമില്ല.. വീ ആർ ഗുഡ് ഫ്രണ്ട്സ്.. നത്തിങ് എൽസ്..”
“അനുവിന് അങ്ങനെ ആയിരിയ്ക്കാം.. പക്ഷെ ഏട്ടന് താൻ എന്നു വച്ചാൽ ജീവനാണ്.. ഒന്ന് പറഞ്ഞു മനസ്സിലാക്കണം ഏട്ടനെ.. തനിയ്ക്ക് മാത്രേ അതിനു കഴിയു.. ഒരപേക്ഷ ആയിട്ടു കണ്ടാൽ മതി..”
“ഞാൻ..”
“പ്ലീസ് അനൂ.. സന്തോഷം നിറഞ്ഞു നിന്ന ഞങ്ങളുടെ വീട് പഴയ പടി ആവണമെങ്കിൽ ഏട്ടനും കാവ്യേച്ചിയും ഒന്നിയ്ക്കണം.. അനു എന്നെ സഹായിയ്ക്കില്ലേ?”
കപടമായ പുഞ്ചിരിയെടുത്തണിഞ്ഞുകൊണ്ട് അവളെ സമാധാനിപ്പിച്ചു നടന്നകലുമ്പോൾ മനസ്സ് മുഴുവൻ ശൂന്യതയായിരുന്നു..
ദിവസങ്ങൾ കൂടുംതോറും എന്റെ ഓർമകളിൽ ശരത്തേട്ടൻ ശോഭയോടെ നിറഞ്ഞുകൊണ്ടേയിരുന്നു..
ഒരു ദിവസം ക്ലാസ് കഴിഞ്ഞിറങ്ങുമ്പോൾ എന്നെയും കാത്ത് ശരത്തേട്ടൻ പുറത്തു നിൽക്കുന്നുണ്ടായിരുന്നു.. കണ്ടിട്ടും കാണാത്ത മട്ടിൽ പോകാൻ ശ്രമിയ്ക്കുമ്പോൾ എനിയ്ക്കഭിമുഖമായി ശരത്തേട്ടൻ വന്നു നിന്നു..
“അനൂ.. നീയെന്തിനാ എന്നെ അവോയ്‌ഡ് ചെയ്യുന്നത്?”
“ഞാനോ? എപ്പോ? ഞാൻ ശരത്തേട്ടനെ കണ്ടില്ലായിരുന്നു അതാ…”
“നീയെന്തിനാ എന്നെ ബ്ലോക് ചെയ്തത്? പലപ്പോഴും ഞാൻ സംസാരിയ്ക്കാൻ ശ്രമിച്ചപ്പോൾ നീ ഒഴിഞ്ഞു മാറി.. ഞാനെന്തു തെറ്റുചെയ്തിട്ടാ അനൂ..”
“ശരത്തേട്ടൻ മാറ്.. ഞാനിത്തിരി ബിസി ആണ്.. പിന്നെ സംസാരിയ്ക്കാം..”
“അനൂ… ഇഷ്ടമല്ലേ എന്നെ?”
നിറഞ്ഞു വന്ന കണ്ണുകൾ ശരത്തേട്ടൻ കാണാതിരിയ്ക്കാൻ ഞാൻ മുഖം തിരിച്ചു..
” എന്തൊക്കെയാ ശരത്തേട്ടൻ പറയണേ? ഞാനിതുവരെ ശരത്തേട്ടനെ അങ്ങനെ കണ്ടിട്ട് പോലുമില്ല.. കല്യാണമൊക്കെ അടുത്തില്ലേ? തമാശ കളഞ്ഞിട്ടു ചെല്ലാൻ നോക്ക് ശരത്തേട്ടാ..”
മുൻപോട്ടു നടന്ന അനുവിനെ നെഞ്ചോരം ചേർത്ത് നിർത്തി കണ്ണുകളിലേക്ക് നോക്കിയപ്പോൾ ആ കണ്ണുകളെ നേരിടാനാവാതെ അവൾ മുഖം താഴ്ത്തി..
“അനൂ.. നിനക്കെന്നെ ഇഷ്ടമല്ലെന്ന് നീ കള്ളം പറഞ്ഞതാണെന്ന് എനിയ്ക്കറിയാം.. നീയല്ലാതെ എനിയ്ക്ക് വയ്യ അനൂ.. ഞാൻ വിളിച്ചാൽ നീ കൂടെ വരില്ലേ?പറ.. എവിടെയെങ്കിലും പോയി നമുക്ക് ജീവിയ്ക്കാം അനൂ..”
“വിട് ശരത്തേട്ടാ ആളുകൾ ശ്രെദ്ധിയ്ക്കും..”
“അനൂ.. പ്ലീസ്..”
കുതറി മാറി ഞാൻ മുന്നോട്ട് നടക്കുമ്പോൾ കുറച്ചു മാറി രണ്ടു കണ്ണുകൾ ഞങ്ങളെ ശ്രെദ്ധിയ്ക്കുന്നത് ഞാൻ വ്യക്തമായി കണ്ടിരുന്നു..
അർജുൻ!!
പിറ്റേന്ന് റെക്കോർഡ് സബ്മിറ്റ് ചെയ്യാൻ പോകുമ്പോഴാണ് പിറകിലൊരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞത്…
“അനൂ.. നിന്നെ ഗായത്രി മിസ്സ് അന്വേഷിയ്ക്കുന്നു.. ഫസ്റ്റ് ഫ്ലോറിലുണ്ട്.. ആ ലാസ്റ്റ് ക്ലാസിൽ…”
ഫൈനൽ ഇയറിലെ ദിവ്യച്ചേച്ചിയാണ്.. അർജുന്റെ മനസാക്ഷി സൂക്ഷിപ്പുകാരി..
“മിസ്സ് എന്താ അവിടെ? അത് പ്രാക്ടീസ് റൂം അല്ലെ?”
“അതെ.. ആർട്സിന്റെ കാര്യമെന്തോ പറയാനാണെന്നു പറഞ്ഞു.. പെട്ടെന്ന് ചെല്ലു..”
എന്തോ പന്തികേട് തോന്നിയെങ്കിലും ഞാൻ സ്റ്റെപ്പ് കേറി മുകളിലേയ്ക്ക് ചെന്നു.. ഡോർ തുറന്ന് അകത്തേയ്ക്ക് ചെല്ലുമ്പോൾ പ്രാക്ടീസ് റൂം വിജനമായിരുന്നു..
പെട്ടെന്ന് പിറകിൽ വാതിലടയുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു..
“ഹലോ അനൂ.. ഹൗ ആർ യു?
“ഡോർ തുറക്ക് അർജുൻ.. എനിയ്ക്ക് പോണം..”
അനുവിന്റെ ശബ്ദമുയർന്നു..
“ഡോർ തുറക്കാൻ കുറച്ചു കഴിഞ്ഞു പ്രിൻസിപ്പാളും ടീച്ചേഴ്‌സുമൊക്കെ വരും.. അതുവരെ നമുക്കെന്തെങ്കിലും കൊച്ചുവർത്താനാവും പറഞ്ഞിരിയ്ക്കാം..”
“എന്താ നിന്റെ ഉദ്ദേശം?”
“സിമ്പിൾ.. നിന്നെ ഒന്ന് നാണം കെടുത്തണം.. ഇനിയുള്ള ദിവസങ്ങൾ തലയുയർത്തിപ്പിടിച്ചു നിനക്കീ കാമ്പസ്സിലൂടെ നടക്കാൻ കഴിയില്ല.. അതിനെന്താ വേണ്ടതെന്ന് എനിയ്ക്കറിയാം..”
ചിരിച്ചുകൊണ്ട് അവനടുത്തേയ്ക്ക് നടക്കുമ്പോൾ തളർച്ചയോടെ ഞാൻ ചുവടുകൾ പിറകോട്ട് വച്ചു…പിറകിൽ കാത്തിരിയ്ക്കുന്ന അപകടമറിയാതെ….
(തുടരും…)
രചന: Swathi K S
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സ്വാതിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission