രണ്ടു ദിവസം കഴിഞ്ഞാണ് ജെയിംസ് തിരികെ എത്തിയത്..
മെയിൻ റോഡിൽ നിന്നും ആ ഇടുങ്ങിയ കാട്ടുപാതയിലേക്ക് കയറുമ്പോൾ ജെയിംസിന്റ മനസ്സിൽ ആ ഫോൺ കാൾ തന്നെയായിരുന്നു..
കഴിഞ്ഞ കുറേ വർഷങ്ങളായി താൻ തേടിക്കൊണ്ടിരിക്കുന്ന ആ ഉത്തരം.. അതിലേക്കുള്ള വഴി.. അത് താരാവർമ്മ തന്നെയാണ്..
ആ ഫോൺ കോളിലെ ശബ്ദത്തിന്റെ ഉടമ പറഞ്ഞതും അതേ കാര്യമാണ്…
മാളിയേക്കൽ തറവാട്.. തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അവിടെയാണ്…
പക്ഷേ താര..അവളെ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല..
തന്റെ മനസ്സിൽ ചലനങ്ങളുണ്ടാക്കാൻ അവൾക്ക് സാധിക്കുന്നുണ്ട്…
തന്റെ സ്വാർത്ഥതയെക്കാൾ അവളുടെ ഭാവിയാണ് പ്രധാനം.. നല്ലൊരു ജീവിതം അർഹിക്കുന്നുണ്ട് ആ കൊച്ച്..
പ്രായത്തിന്റെ കാട്ടിക്കൂട്ടലുകളാണ് ഇതൊക്കെ.. താനേ അടങ്ങിക്കോളും..
പക്ഷേ മാളിയേക്കൽ ജഗന്നാഥവർമ്മയുടെ കൊച്ചു മകളെ പറ്റി അറിഞ്ഞതൊന്നും അവളുടെ ഇപ്പോഴത്തെ സ്വഭാവവുമായി യോജിക്കുന്നതല്ല..
ശാന്ത സ്വഭാവം.. എല്ലാവരോടും നിറഞ്ഞ പുഞ്ചിരിയോടെ ഇടപെടുന്ന പ്രകൃതം, പ്രായത്തിൽ കവിഞ്ഞുള്ള പക്വത.. സർവ്വോപരി പണത്തിന്റേതായ യാതൊരു അഹങ്കാരവുമില്ലാത്ത ഡോക്ടർ താര..
ഇവൾ തന്നെയാണോ അത്…
എന്താണ് അവളുടെ ഉദ്ദേശമെന്ന് ഒരു പിടിയും കിട്ടുന്നില്ല..
ഇങ്ങനയൊക്കെ അഭിനയിക്കുന്നത് തന്നെ ഒരു രക്ഷകന്റെ സ്ഥാനത്തേക്ക് നിർത്താൻ വേണ്ടി മാത്രമാണോ..
അത് തന്നെയാണ് തന്റെ ആവശ്യവും..
പക്ഷേ അതവൾ ഇങ്ങോട്ട് ആവശ്യപ്പെടണം.. എന്നാലേ താൻ വിചാരിച്ചത് പോലൊക്കെ നടക്കൂ….
ലോറിയിൽ നിന്നും ഇറങ്ങുന്നതിനിടെ ജെയിംസ് മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തുകയായിരുന്നു..
ഉച്ച കഴിഞ്ഞതും തണുപ്പ് ചെറുതായി വന്നു തുടങ്ങിയിരിക്കുന്നു.. ചുറ്റുമുള്ള പടുകൂറ്റൻ മരങ്ങളുടെ ചില്ലകളിൽ നിന്നും പക്ഷികളുടെ കളകളാരവം കേൾക്കാമായിരുന്നു..
കാട്ടുചോലയുടെ അപ്പുറത്തുള്ള വഴിയേ കയറി പോയാൽ ഉൾക്കാട്ടിലേക്ക് എത്താം..
തേനെടുക്കാൻ പോവുന്ന ആദിവാസികളോടൊപ്പം പല തവണ പോയിട്ടുണ്ട്.. തനിയെയും.. ജീവൻ പണയം വെച്ച് പോവുന്ന അവരോടൊപ്പം പോകുമ്പോൾ തനിക്ക് മാത്രം ഒരു പേടിയും തോന്നാറില്ല…
താരാവർമ്മയെ കണ്ടുമുട്ടുന്നത് വരെ.. കൃത്യമായി പറഞ്ഞാൽ അവളുടെ മരണവാർത്ത ഓൺലൈൻ മീഡിയകളിൽ വായിച്ചപ്പോൾ അതിൽ കണ്ട ചില കാര്യങ്ങളാണ് ഒരിക്കൽ നിരാശ്ശയോടെ അവസാനിപ്പിച്ച അന്വേഷണം വീണ്ടും കൂടുതൽ ആവേശത്തോടെ തുടങ്ങാൻ പ്രേരണയേകിയത്..
പാറക്കൂട്ടങ്ങളിൽ ചിന്നി ചിതറി അലച്ചു പോവുന്ന വെള്ളം ഒഴുകിയെത്തുന്നത് താഴെയ്ക്കാണ്.. അതെത്തി ചേരുന്നത് ചിന്നിപ്പുഴയിലേക്കും…
വീട്ടിലേക്കുള്ള വഴിയിലെ കുറ്റിച്ചെടികൾ വകഞ്ഞു മാറ്റി നടക്കവേ അങ്ങ് മല മുകളിൽ നിന്നും ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിനപ്പുറം മാൻപേടകൾ കൂട്ടത്തോടെ നിൽക്കുന്നത് കണ്ടു..
കാടിറങ്ങി ചിലപ്പോഴൊക്കെ വന്യ മൃഗങ്ങൾ വീടിനു താഴത്തെ കാട്ടുചോലയിലും എത്താറുണ്ട് ..
ആളും ബഹളവുമൊന്നുമില്ലെങ്കിൽ മാൻപേടകളും മ്ലാവുകളും കാട്ടു പോത്തുകളുമൊക്കെ ഇവിടെ എത്താറുണ്ട്.. ഒന്ന് രണ്ടു തവണ കാട്ടാനക്കൂട്ടത്തെയും കണ്ടിട്ടുണ്ട്..
ആദിവാസികൾ പറഞ്ഞിട്ടുണ്ട് കാടിനുള്ളിൽ നിന്നും വെള്ളം തേടി വരുന്നവരിൽ എല്ലാ തരക്കാരും ഉണ്ടാവുമെന്ന്… സൂക്ഷിക്കണമെന്ന് മൂപ്പൻ പല തവണ പറഞ്ഞിട്ടുണ്ട്..
പാറക്കല്ലുകൾക്കിടയിലൂടെ വീട്ടിലേക്ക് കയറുമ്പോഴാണ് ആ കാഴ്ച കണ്ടത്..
താഴെ വെള്ളത്തിനരികെയുള്ള കല്ലിൽ, കാലുകൾ താഴോട്ടിട്ട് ഇരിക്കുന്ന താര…
ഈ പെണ്ണിത് എന്നാ ഭാവിച്ചാണോ എന്തോ..
ചുറ്റുമുള്ള പാറക്കല്ലുകളിൽ നിറയെ വഴുക്കലാണ്.. എങ്ങാനും കാലൊന്ന് വഴുതിയാൽ നേരേ വെള്ളത്തിൽ വീഴും.. നിയന്ത്രണം കിട്ടിയില്ലെങ്കിൽ നേരേ ചെന്നു പെടുന്നത് വെള്ളച്ചാട്ടത്തിനപ്പുറത്തുള്ള ഒഴുക്കിലേക്കാവും…
“ഡീ… ”
പ്രതീക്ഷിക്കാതെ കേട്ട ശബ്ദത്തിൽ താര ഒന്ന് ഞെട്ടി.. മുഖമുയർത്തി നോക്കിയതും ജെയിംസിനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു..
“എന്നാ കാണാനിരിക്കുവാടീ അവിടെ… ”
താര ഒന്നും മിണ്ടിയില്ല..
“ഞാനങ്ങ് ഇറങ്ങി വന്നാൽ തൂക്കിയെടുത്താ വെള്ളത്തിലോട്ട് ഇടും.. കയറി പോരുന്നതാ നിനക്ക് നല്ലത്.. ”
താര അനങ്ങിയില്ല..
“ടീ.. നിന്നെ ഇന്ന് ഞാൻ.. ”
ജെയിംസ് താഴേക്കുള്ള കല്ലിലേക്ക് കാല് വെച്ചതും താര വേഗം എഴുന്നേറ്റു..
ചുമ്മാതെ എന്തിനാ ആ വെള്ളത്തിൽ കിടക്കുന്നത്..
താഴേക്ക് ഇറങ്ങിയത്ര എളുപ്പമായിരുന്നില്ല കയറ്റം.. കാലിനു ഇപ്പോഴും എവിടെയോ നേരിയ വേദനയുണ്ട്..
താഴേയ്ക്ക് നോക്കിയപ്പോൾ കണ്ട കാഴ്ചകളുടെ ആവേശത്തിൽ ഇറങ്ങി പോയതാണ്.. കാല് നനഞ്ഞത് കാരണം ഇറങ്ങിയ സ്പീഡിൽ കയറാൻ പറ്റുന്നില്ല.. മുറ്റത്തു എത്തുന്നതിനിടയിൽ രണ്ടു മൂന്ന് തവണ വഴുതി വീഴാൻ പോയി..
പക്ഷെ മുകളിൽ നോക്കി നിന്നിരുന്ന ആളുടെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല പുച്ഛമല്ലാതെ..
“എന്നതിനാടി നീ അവിടെ പോയത്… ”
“അത് ഞാൻ അവിടെയൊക്കെ കാണാൻ.. ”
“കാഴ്ച്ച കാണാൻ ഇതെന്നാ പാർക്കോ മറ്റോ ആണോ.. എന്റെ കൊച്ചേ ആനയും പുലിയുമൊക്കെയുള്ള ഒരു കാടിന്റെ അതിർത്തിയാണിത്.. വെറുതെ ഇവിടെ അലഞ്ഞു തിരിഞ്ഞാൽ പല്ലും നഖവും പോലും ബാക്കി കാണത്തില്ല.. ”
“ആനയും കടുവയുമൊക്കെ നിങ്ങളെക്കാൾ ഭേദമാണ്.. ”
താര പിറുപിറുത്തു..
“കൊച്ച് എന്നതേലും പറഞ്ഞായിരുന്നോ… ”
“ഇല്ല.. ”
താരയുടെ വീർത്ത മുഖം കണ്ടു ഒരു ചെറിയ ചിരി വന്നെങ്കിലും ജെയിംസ് അത് മറച്ചു വെച്ചു..
“എവിടെ.. ഞാൻ നിന്നെ ഏൽപ്പിച്ചു പോയ ആൾ..? ”
“എന്നെ ഏൽപ്പിച്ചു പോവാൻ ഞാനെന്താ കൊച്ചു കുട്ടിയോ മറ്റോ ആണോ ..”
“അത് തന്നെയാ കാര്യം, കൊച്ചുകുട്ടി ആയിരുന്നേൽ നിന്നെക്കാളും അനുസരണ കാണിച്ചേനെ.. ”
“ഹും.. ”
താര തിരിഞ്ഞു അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അകത്തു നിന്നും കണ്ണും തിരുമ്മി മുത്തു പുറത്തേക്കിറങ്ങി വന്നത്..
“ഓ കുംഭകർണ്ണൻ അകത്തുണ്ടായിരുന്നോ.. എന്നാത്തിനാ ഇപ്പോൾ എഴുന്നള്ളിയെ.. ഇച്ചിരി കൂടെ ഉറങ്ങായിരുന്നില്ലേ..? ”
മുത്തു ഒരു ഇളിഞ്ഞ ചിരി ചിരിച്ചു..
“അത് ഊണ് കഴിഞ്ഞപ്പോൾ ഒന്ന് മയങ്ങിപ്പോയി ഇച്ചായാ.. അല്ല ഇച്ചായൻ ഇതെവിടെയായിരുന്നു രണ്ടു ദിവസം.. ഒന്നും പറയാതെ പോയതെന്താ..? ”
“എല്ലാം പറഞ്ഞേൽപ്പിച്ച് പോകാൻ നീയെന്റെ കെട്ട്യോളാണോടാ ”
“അത് ഞാനല്ല.. പക്ഷേ.. ”
മുത്തു താരയെ ഒളികണ്ണിട്ടൊന്ന് നോക്കി..
“അതിന് ഇങ്ങേർക്ക് താലി കെട്ടിയ പെണ്ണിവിടെ കാത്തിരുപ്പുണ്ടെന്ന വിചാരം വല്ലതും ഉണ്ടോ മുത്തു.. ”
“ടീ കുരിപ്പേ നീയെന്നെ ചൊറിയാൻ വേണ്ടി മാത്രം അവതരിച്ചതാണോ ഇവിടെ… ”
താര അയാളെ നോക്കി കണ്ണിറുക്കി നന്നായൊന്ന് ചിരിച്ചു കൊണ്ടു വേഗം അകത്തേക്ക് കയറി..
ഇനിയും നിന്നാൽ പണി പാളും… അങ്ങേര് ചിലപ്പോൾ എന്റെ മുഖത്തിട്ട് കൈത്തരിപ്പ് തീർത്തെന്നും വരും.. ഒരടി ബാലൻസ് ഉണ്ട്.. അങ്ങേരുടെ കയ്യിലിരിപ്പ് വെച്ചു എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം..
ജെയിംസ് കുളിയൊക്കെ കഴിഞ്ഞ് പുറത്തു വന്നിരിക്കുന്നത് കണ്ടു..
കോടയിറങ്ങിയിരുന്നു..
“മുത്തു ആ കവറുകളിലൊന്നിൽ കുറച്ചു വെടിയിറച്ചി ഇരിപ്പുണ്ട്.. ഇങ്ങെടുത്തോ നമുക്ക് ആ കനലിൽ കോർത്തു ചുട്ടെടുക്കാം.. ”
മുറ്റത്ത് കൂട്ടിയിട്ട വിറകുകഷ്ണങ്ങൾ ചേർത്ത് വെച്ചു തീ പിടിപ്പിക്കുന്നതിനിടെ ജെയിംസ് വിളിച്ചു പറഞ്ഞു..
കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ പ്രവൃത്തികൾ നോക്കി കൊണ്ടു താരയും കോലായിൽ വന്നിരുന്നു ..
കമ്പിളി പുതപ്പ് കൊണ്ടു അവൾ തന്റെ ദേഹം പൊതിഞ്ഞു പിടിച്ചു കൂനിക്കൂടിയിരിക്കുന്നത് കണ്ടു ജെയിംസിന് ചിരി പൊട്ടി..
കോലായിൽ കൊണ്ടു വെച്ച കുപ്പിയിലെ ദ്രാവകം ഗ്ലാസ്സിലേക്ക് പകരുന്നതിനിടെ ജെയിംസ് താരയെ ഒന്ന് പാളി നോക്കി.. അവളുടെ മുഖത്തെ ഭാവം കണ്ടതും അയാൾ പറഞ്ഞു..
“എന്നാടി നോക്കി പേടിപ്പിക്കുന്നെ.. വേണേൽ നീയുമൊന്ന് പിടിപ്പിച്ചോ.. ഈ തണുപ്പിന് ബെസ്റ്റാ.. ”
നാവിൻ തുമ്പിലെത്തിയ മറുപടി താര പുറത്തേക്ക് വിട്ടില്ല.. പകരം ചോദിച്ചു..
“ഇതെന്തു പറ്റി ഇന്ന് ഇത് വീട്ടിൽ ഒതുക്കാമെന്ന് വെച്ചത്…? ”
ജെയിംസ് മനസ്സിലാകാത്ത രീതിയിൽ താരയെ നോക്കി..
“അല്ല.. നിങ്ങളുടെ മറ്റവളുടെ അടുത്ത് പോവാതിരുന്നതെന്താന്ന്..? ”
ആദ്യം ജയിംസിന്റെ മുഖത്തേക്ക് ഇരച്ചു കയറി വന്ന ദേഷ്യം താരയുടെ മുഖത്തേക്ക് നോക്കിയപ്പോൾ പതിയെ ഇല്ലാതായി.. ഒരു വഷളൻ ചിരി മുഖത്ത് വരുത്തിക്കൊണ്ട് അയാൾ താരയെ നോക്കി..
“എന്റെ കാര്യങ്ങളൊക്കെ നോക്കാൻ ഒരു പെണ്ണ് വീട്ടിലുള്ളപ്പോൾ ഞാൻ എന്നാത്തിനാടി വേറെയൊരെണ്ണത്തിനെ തിരഞ്ഞു പോവുന്നത്..? ”
മുത്തു അന്തം വിട്ടു താരയെ നോക്കി.. അവളുടെ മുഖം ചുവന്നിരുന്നു..
“നീ അല്ല്യോ കൊച്ചേ പറഞ്ഞത് ഇച്ചായന്റെ കാര്യങ്ങളൊക്കെ സാധിച്ചു തരാൻ താലി കെട്ടിയ പെണ്ണ് ഇവിടെ ഇരിപ്പുണ്ടെന്ന്..”
താരയ്ക്ക് ഒന്നും പറയാൻ കിട്ടിയില്ല..
ജെയിംസ് അവളുടെ തൊട്ടരികെ എത്തി മുഖത്തേക്ക് തന്നെ നോക്കി നിന്നു..
“ഞാൻ അപ്പോഴേ കൊച്ചിനോട് പറഞ്ഞതാ എന്നെ ചൊറിയാൻ വന്നാൽ ഞാൻ കേറി മാന്തുമെന്ന്. അത് ഡോക്ടർ കൊച്ച് താങ്ങത്തില്ല.. ”
താര ഒന്നും മിണ്ടിയില്ല..
“അല്ല എന്നതാ തന്റെ പ്ലാൻ.. താൻ മരിച്ചുവെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്.. എന്നതാ കൊച്ചിന്റെ ഉദ്ദേശമെന്ന് ഞങ്ങളും ഒന്നറിയട്ടെ.. ”
താരയുടെ മുഖം വാടി.. അവൾ പതിയെ പറഞ്ഞു..
“എനിക്കറിയില്ല.. എന്നെ കൊല്ലാൻ ശ്രെമിക്കുന്നയാളെ കണ്ടെത്തിയാലേ എനിക്കവിടെ സ്വസ്ഥമായി ജീവിക്കാനാവൂ..”
“കൊച്ചിന് അവിടെ തിരിച്ചു ചെന്നു കാര്യങ്ങളൊക്കെ എല്ലാവരോടും പറഞ്ഞൂടെ.. ”
“എന്നെ കൊല്ലാൻ ശ്രെമിച്ചയാൾ എന്നെ നല്ലത് പോലെ അറിയാവുന്ന ആരോ ആണ്…എനിക്കത് മനസ്സിലായി എന്നറിയുമ്പോൾ അയാൾ ജാഗരൂകനാകും.. എല്ലാവരും എല്ലാം മറന്നു കഴിയുമ്പോൾ അയാൾ വീണ്ടുമൊരു അറ്റംപ്റ്റ് നടത്തില്ലെന്ന് ആര് കണ്ടു..മോർ ഓവർ, ഐ വാണ്ട് ടു നോ ഹൂ ഈസ് ആഫ്റ്റർ മി… ”
അവളുടെ മുഖത്ത് നിശ്ചയദാർഢ്യം തെളിഞ്ഞിരുന്നു..
“താൻ മരിച്ചാൽ അത് കൊണ്ടു ഗുണമുള്ളത് ആർക്കാണ്..? ”
ഒരു നിമിഷം കഴിഞ്ഞാണ് താര മറുപടി പറഞ്ഞത്..
“സാമ്പത്തിക ലാഭമാണ് ഉദ്ദേശിച്ചതെങ്കിൽ അതിന് സാധ്യത കുറവാണ്.. മുത്തശ്ശൻ സ്വത്തുക്കളെല്ലാം തുല്യമായാണ് എഴുതി വെച്ചിട്ടുള്ളത്.. അത് എല്ലാവരെയും അറിയിച്ചതുമാണ്.. തറവാട്ടിലെ എല്ലാവരും വെൽ സെറ്റിൽഡാണ്.. സ്വത്തിനു വേണ്ടി ആരും ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല.. പിന്നെ എന്റെ അമ്മ ഒറ്റ മോളായിരുന്നു.. അമ്മയുടെ തറവാട്ടിലെ സ്വത്തുക്കളും എന്റെ പേരിലാണ്.. ”
“പണം മനുഷ്യരെ കൊണ്ടു എന്തും ചെയ്യിപ്പിക്കും കൊച്ചേ.. സ്വന്തബന്ധങ്ങളൊന്നും അതിനൊരു തടസ്സമല്ല.. ”
താര ഒന്നും പറഞ്ഞില്ലെങ്കിലും പണത്തിനും സ്വത്തിനും വേണ്ടി തന്റെ പ്രിയ്യപ്പെട്ടവരിലാരെങ്കിലും തന്നെ അപായപ്പെടുത്താൻ ശ്രെമിക്കുമെന്ന് അവൾക്ക് തോന്നിയില്ല..
പിന്നെ എന്തിന്…? ആര്…?
“എന്തായാലും കൊച്ച് ഒരു കാര്യം ചെയ്യ്, എങ്ങനെയെങ്കിലും തന്റെ മുത്തശ്ശനെ വിവരം അറിയിക്ക്.. തനിക്ക് വിശ്വസിക്കാൻ പറ്റുന്ന ആരേലും ഉണ്ടെങ്കിൽ അവരെ കൊണ്ടു മുത്തശ്ശനെ കാര്യങ്ങളുടെ സീരിയസ്നെസ്സ് പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രെമിക്ക്.. ബാക്കി വഴിയേ നോക്കാം.. ”
താര മാത്രമല്ല മുത്തുവും ആശ്ചര്യത്തോടെ ജെയിംസിനെ നോക്കി.. അത് മനസ്സിലാക്കിയെന്നോണം അയാൾ പെട്ടെന്ന് തിരിഞ്ഞു നിന്നു..
ഇന്നെന്തു പറ്റിയോ ആവോ.. ഇത്തിരി സോഫ്റ്റ് ആണല്ലോ… താര ഓർത്തു.
“ഭാമേച്ചിയോട് പറയാം കാര്യങ്ങളൊക്കെ.. ”
ജെയിംസ് ചോദ്യഭാവത്തിൽ നോക്കിയപ്പോൾ താര പറഞ്ഞു..
“എന്റെ ചേച്ചി.. വല്യച്ഛന്റെ മോൾ.. ആള് വക്കീലാണ്.. വിവാഹം കഴിഞ്ഞിട്ടില്ല.. ഭാമേച്ചിയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു.. അയാൾ മരിച്ചു പോയി.. ചേച്ചി കാര്യങ്ങളൊക്കെ മുത്തശ്ശനെ പറഞ്ഞു മനസ്സിലാക്കിക്കോളും.. ”
“മുത്തശ്ശനെ മാത്രം മനസ്സിലാക്കിപ്പിച്ചാൽ മതിയെന്ന് പറയാൻ മറക്കണ്ട.. ”
വാക്കുകളിലെ പരിഹാസം തിരിച്ചറിഞ്ഞതും താര ഈർഷ്യയോടെ പറഞ്ഞു..
“ഹെലോ.. ഞാനൊരു ഡോക്ടറാണ്.. അതും ഒരു സൈക്യാട്രിസ്റ്റ്.. ”
“ഓ വരവ് വെച്ചു മാഡം.. ”
ജെയിംസ് കൈകൾ കൂപ്പി കൊണ്ടു പറഞ്ഞു.. ഒരു നിമിഷം ആ കണ്ണുകളിൽ ഒരു കുസൃതിച്ചിരി മിന്നി മാഞ്ഞു….
മുത്തു പാകം ചെയ്ത ഇറച്ചി ചെറിയൊരു കഷ്ണമെടുത്തു ജെയിംസിന് നേരേ നീട്ടി.. അയാളത് വാങ്ങി കഴിച്ചു കൊണ്ടു പറഞ്ഞു..
“ഉം.. കൊള്ളാം… ”
“ഇതൊക്കെയെന്ത്.. നമ്മുടെ നാൻസി ചേച്ചി തേങ്ങാ കൊത്തിട്ട് വരട്ടിയെടുക്കുന്ന ബീഫുണ്ടല്ലോ.. ഉഫ്.. അതിന്റെ അത്ര ടേസ്റ്റ് വേറൊന്നിനും ഇല്ല.. എന്തൊരു
കൈ പുണ്ണ്യമാണെ … ”
മുത്തു അബദ്ധം പറ്റിയത് പോലെ നാവ് കടിച്ചു. ജയിംസിന്റെ മുഖം ഇരുണ്ടു.. ഒന്ന് രണ്ടു നിമിഷം കഴിഞ്ഞു കൈയ്യിലെ മദ്യ ഗ്ലാസ്സ് വലിച്ചെറിഞ്ഞു അയാൾ പാറക്കെട്ടിലൂടെ താഴേക്കിറങ്ങി പോയി.. താര എഴുന്നേറ്റു..
“ഇച്ചായാ.. പ്ലീസ്.. നിക്ക് ഇച്ചായാ… ”
മുത്തു പിറകെ ചെന്നു വിളിച്ചെങ്കിലും അവന്റെ കൈ തട്ടി മാറ്റി ജെയിംസ് കാറ്റ് പോലെ നടന്നു പോയി..
“എന്നാലും നിന്റെ നാക്കിനു ഒരു ലൈസൻസും ഇല്ലല്ലോടാ.. ആ കാട്ടുമാക്കാൻ ഒന്ന് മനുഷ്യനെ പോലെ സംസാരിക്കാൻ തുടങ്ങിയതായിരുന്നു.. ”
താര ചോദിച്ചു..
“അത് ചേച്ചി.. ഞാൻ പെട്ടെന്നൊരു ആവേശത്തിൽ.. എല്ലാമങ്ങ് മറന്നു പോയി.. ”
മുത്തു തല കുനിച്ചു നിന്നു..
“സാരമില്ല.. ഇനിയിപ്പോൾ പറഞ്ഞിട്ടെന്താ.. സങ്കടം അടങ്ങുമ്പോൾ ആളിങ്ങു തിരിച്ചെത്തിക്കോളും… ”
നേരം പുലരാനായപ്പോഴാണ് ജെയിംസ് തിരികെ വന്നത്..
രാവിലെ താരയും മുത്തുവും കഴിച്ചു കഴിഞ്ഞു പിന്നെയും കുറേ കഴിഞ്ഞാണ് ജെയിംസ് എഴുന്നേറ്റത്..
താര മുത്തുവിനോടൊപ്പം അടുക്കളയിൽ ഇരിക്കുമ്പോഴാണ് ജെയിംസ് അങ്ങോട്ട് വന്നത്..
“ഇവിടെ നിന്നും റോഡിലേക്കുള്ള വഴിയേ കുറച്ചങ്ങു പോയാൽ മൊബൈലിൽ റേഞ്ച് കിട്ടും.. ആരെയാ വിളിക്കാനുള്ളതെന്ന് വെച്ചാൽ ഇവന്റെ കൂടെ പോയാൽ മതി.. ”
മുത്തുവിനെ നോക്കി താരയോടായി പറഞ്ഞു കൊണ്ടു ജെയിംസ് പുറത്തേക്ക് പോയി…
ഉച്ചയ്ക്ക് ശേഷമാണ് താര മുത്തുവിനോടൊപ്പം ഇറങ്ങിയത്..
റോഡിലേക്ക് നടക്കുമ്പോൾ അന്ന് ആ വണ്ടിയിൽ നിന്നും പുറത്തു ചാടിയതും പേടിയോടെ കാട്ടിനുള്ളിൽ കഴിച്ചു കൂട്ടിയതുമൊക്കെ താരയ്ക്ക് ഓർമ്മ വന്നു..
എത്രയും പെട്ടെന്ന് തറവാട്ടിൽ തിരിച്ചെത്താനും എല്ലാവരെയും കാണാനും ആ നിമിഷം താരയ്ക്ക് കൊതിയായി..
അവളുടെ കണ്ണുകൾ നിറഞ്ഞു..
“ചേച്ചി വിഷമിക്കണ്ട… എല്ലാം ശരിയാവും.. ചേച്ചിയെ സ്നേഹിക്കുന്നവരെല്ലാം കൂടെയുണ്ടാവും.. ഞങ്ങളും.. ”
താര നേരിയ പുഞ്ചിരിയോടെ മുത്തുവിനെ നോക്കി..
“സങ്കടം വരുമ്പോൾ ഇച്ചായന്റെ കാര്യം ഒന്നോർത്താൽ മതി.. സ്വന്തം കുഞ്ഞിനെ പോലും കാണാനാവാതെ, സ്വന്തമെന്ന് പറയാനാവാതെ, നെഞ്ചു പൊട്ടിക്കീറി ജീവിക്കുന്ന ആ മനുഷ്യനെ ഓർത്താൽ നമ്മുടെ സങ്കടം ഒന്നും ഒന്നുമല്ല ചേച്ചി.. ”
റോഡരികിലൂടെ നടക്കുന്നതിനിടെ കുറച്ചു പുറകിലായി ഒരു വണ്ടി വരുന്നത് കണ്ടതും മുത്തു താരയുടെ കൈയിൽ പിടിച്ചു വഴിയരികിലെ മരത്തിന്റെ പിറകിലേക്ക് നിന്നു…
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission