“കരയരുത്.. ഒരു പാട് വല്യ വാഗ്ദാനങ്ങൾ ഒന്നും തരാനില്ല..പക്ഷെ സന്തോഷങ്ങളിലും സങ്കടങ്ങളിലുമെല്ലാം കൂടെയുണ്ടാവും.. ഒരിക്കലും ഇട്ടേച്ച് പോവത്തില്ല.. ”
ജെയിംസ് അവളുടെ മുടിയിൽ പതിയെ തലോടിക്കൊണ്ടു പറഞ്ഞു..
പിറ്റേന്ന് തന്നെ ജെയിംസും നാൻസിയും ബെന്നിയുടെ വീടിന് കുറച്ചപ്പുറത്തുള്ള സഖാവ് ദാസൻ മാഷിന്റെ പഴയ വീട്ടിലേക്ക് മാറി..മാഷ് ടൗണിൽ വീട് വെച്ചതിനു ശേഷം നാട്ടിലെ വീട് അടച്ചിട്ടതായിരുന്നു..
അത്യാവശ്യം ഫർണ്ണീച്ചറും മറ്റു സാധനങ്ങളുമൊക്കെ അവിടെ ഉണ്ടായിരുന്നു. എല്ലാം അടുക്കിപെറുക്കി വെച്ചു കഴിഞ്ഞു കോലായിൽ സംസാരിച്ചു കൊണ്ടിരുന്ന ജെയിംസിനും കൂട്ടുകാർക്കും ചായയുമായി എത്തി നാൻസി.. ജയിംസിന്റെ കൈയിൽ ഗ്ലാസ്സ് കൊടുക്കുമ്പോൾ അവൻ പതിയെ അവളുടെ വിരലുകളിൽ ഒന്ന് പിടിച്ചു.. ഞെട്ടലോടെ കൈകൾ പിൻവലിച്ച അവളുടെ മുഖത്തേക്ക് നോക്കി അവനൊന്നു കണ്ണിറുക്കി..
കള്ളച്ചിരിയോടെ ചുറ്റും കണ്ണയച്ച ജയിംസിന്റെ നോട്ടം എത്തിയത് ഒരാക്കിച്ചിരിയോടെ അവനെ നോക്കുന്ന ബെന്നിച്ചനിലാണ്.ശബ്ദമില്ലാതെ പോടാ എന്ന് ജെയിംസ് ചുണ്ടനക്കിയതും ബെന്നിച്ചൻ പൊട്ടിച്ചിരിച്ചു.. നാൻസി മെല്ലെ അടുക്കളയിലേക്ക് വലിഞ്ഞു..
ബെന്നിച്ചന്റെ അമ്മയും അങ്ങോട്ട് വന്നിരുന്നു. അത് നാൻസിയ്ക്ക് ഒരു സഹായവുമായിരുന്നു. രാത്രിഭക്ഷണവും കൂടെ കഴിഞ്ഞാണവർ രണ്ടുപേരും പോയത് .
അടുക്കളയിലെ ജോലിയൊക്കെ ഒതുക്കി നാൻസി റൂമിലേക്ക് ചെന്നപ്പോൾ ജെയിംസ് അവിടെ ഉണ്ടായിരുന്നു. അവൾ വാതിൽക്കൽ നിന്ന് പരുങ്ങുന്നത് കണ്ടതും ജെയിംസ് നാൻസിയ്ക്കരികിലെത്തി..
“ഇന്നലെ കൊച്ചിനിത്രേം പേടി ഇല്ലായിരുന്നല്ലോ.. ”
ജയിംസിന്റെ കുസൃതി നിറഞ്ഞ ചോദ്യം കേട്ടിട്ടും നാൻസി മുഖം താഴ്ത്തി നിന്നതേയുള്ളൂ. അവൻ ഒന്നും കൂടെ അടുത്തേയ്ക്ക് നിന്നതും നാൻസി ചുമരിലേക്ക് ചാരി നിന്നു. അവൻ ചുമലിൽ പിടിച്ചു തന്നോട് ചേർത്തതും ഒരു കിളിക്കുഞ്ഞിനെ പോലെ നാൻസി അവന്റെ നെഞ്ചിൽ മുഖം ചേർത്തു നിന്നു..
വലിയ ബഹളങ്ങളോ സ്നേഹപ്രകടനങ്ങളോ ഇല്ലാത്ത.. ഇത്തിരി ഉൾവലിഞ്ഞ പ്രകൃതമുള്ള ഒരു ഒതുങ്ങിയ പെണ്ണായിരുന്നു നാൻസി.. അവളെ അറിയുന്തോറും ജെയിംസിന് അവളോടുള്ള സ്നേഹം കൂടിയതേയുള്ളൂ.. അവളുടെ ഓരോ പ്രവൃത്തികളിലും അവനോടുള്ള സ്നേഹം നിറഞ്ഞിരുന്നു..
പെട്ടെന്ന് ദേഷ്യം വരുന്ന, വാശി പിടിക്കുന്ന, ഇത്തിരി സ്വാർത്ഥത കലർന്ന സ്നേഹമുള്ള ജയിംസിന്റെ സ്വഭാവത്തിന് നേരേ വിപരീതമായിരുന്നു നാൻസിയുടെ സ്വഭാവം..
പുറമെ നിന്ന് നോക്കുന്ന ആർക്കും അവർ തമ്മിൽ രൂപത്തിലോ സ്വഭാവത്തിലോ ഒരു ചേർച്ചയും ഇല്ലെന്നേ തോന്നുകയുള്ളൂ..
സ്നേഹം കൊണ്ടു പരസ്പരം തോൽപ്പിക്കാൻ മത്സരിക്കുകയായിരുന്നു അവർ.. ജെയിംസിന് ഒരു അത്ഭുതമായിരുന്നു നാൻസി.. അവരുടെ ജീവിതം സ്വർഗം തുല്യമായിരുന്നു..
പക്ഷെ ഇല്ലിക്കൽ ആന്റണിയും മക്കളും ജെയിംസിനെ പൂർണ്ണമായും മനസ്സിൽ നിന്നും ഇറക്കി വിട്ടു കഴിഞ്ഞിരുന്നു.. വഴിയിൽ വെച്ചു കണ്ടാൽ പോലും അപ്പനോ ഇച്ചായന്മാരോ അവന്റെ മുഖത്ത് പോലും നോക്കാൻ കൂട്ടാക്കിയിരുന്നില്ല.. പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും അവന്റെ ഉള്ളിൽ അതൊരു നീറ്റലായി ഉണ്ടായിരുന്നു. ഒരിക്കൽ പോലും അതിനെ പറ്റി സംസാരിച്ചില്ലെങ്കിലും നാൻസിയ്ക്ക് അവന്റെ മനസ്സറിയാൻ കഴിഞ്ഞിരുന്നു..
പള്ളിയിൽ വെച്ചു കാണുമ്പോൾ അമ്മച്ചിയും ആനിയും മാത്രം ആരും കാണാതെ ഒരു പുഞ്ചിരി നാൻസിയ്ക്ക് നൽകുമായിരുന്നു.. ഒരിക്കൽ വഴിയിൽ വെച്ചു ആനിയെ കണ്ടപ്പോൾ അവളാണ് പറഞ്ഞത് ഇല്ലിക്കലെ സ്വത്ത് ഭാഗം വെക്കുന്ന കാര്യം..അമ്മച്ചി കരഞ്ഞു കാല് പിടിച്ചിട്ടും ഒരു ചില്ലിക്കാശ് പോലും ജെയിംസിന് നൽകില്ല എന്ന തീരുമാനത്തിൽ ആന്റണി ഉറച്ചു നിന്നത്രേ.. മറ്റാരും അവന് വേണ്ടി ഒരു ചെറുശബ്ദം പോലുമുയർത്തിയില്ല..
ട്രീസ്സയുടെയും കുടുംബത്തിന്റെയും ഭാഗത്തു നിന്ന് ഒരു പ്രതികാരനടപടികളും ഉണ്ടാവാതിരുന്നത് ജെയിംസിന് അത്ഭുതമായിരുന്നു. പക്ഷെ കുറച്ചു കഴിഞ്ഞപ്പോഴേക്കും അതിനും വിരാമമായി.. ബെന്നിച്ചൻ ആരുടെയോ കൈയും കാലും പിടിച്ചു ജെയിംസിന് ശരിയാക്കി കൊടുത്ത ഫാക്ടറിയിലെ സൂപ്പർ വൈസറുടെ ജോലി ആയിരുന്നു ആദ്യം പോയത്.. പിന്നെ പിന്നെ ജെയിംസ് എവിടെ ജോലിയ്ക്ക് കയറിയാലും അവിടെ നിന്നൊക്കെ പറഞ്ഞു വിടാൻ തുടങ്ങി..
തോൽവി സമ്മതിക്കാതെ അവൻ കൂലിപ്പണിയ്ക്കിറങ്ങി.. അവൻ ഒന്നും പറഞ്ഞില്ലെങ്കിലും താൻ കാരണം ആണ് ഇതൊക്കെ എന്ന സങ്കടം നാൻസിയെ അലട്ടിയിരുന്നു .
ഒരു ദിനം പണി കഴിഞ്ഞു തിരിച്ചെത്തിയ ജയിംസിന്റെ ചെവിയിൽ അവൾക്കൊരു രഹസ്യം പറയാനുണ്ടായിരുന്നു.. ഒരു കുരുന്നു ജീവൻ തന്റെ ഉദരത്തിൽ നാമ്പെടുത്തെന്ന് ജെയിംസിനോട് വെളിപ്പെടുത്തുമ്പോൾ അവളുടെ മുഖം ചുവന്നിരുന്നു.. അവന്റെ സ്നേഹചുംബനങ്ങൾ ആപാദചൂഢം ഏറ്റു വാങ്ങുമ്പോൾ നാൻസിയുടെ ഉള്ളം തുടിച്ചു..
ഒരു ദിവസം ജോലിക്കിടെയാണ് ജയിംസിന്റെ ഫോൺ ശബ്ദിച്ചത്. ജോസുകുട്ടിയായിരുന്നു. ജയിംസിന്റെയും ബെന്നിച്ചന്റെയും കൂടെ പഠിച്ചതാണ് ജോസ് കുട്ടി.. ആളിപ്പോൾ സൗദിയിൽ ഏതോ വലിയ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.. ബെന്നിച്ചൻ വിളിച്ചു സംസാരിച്ചതനുസരിച്ച് ജയിംസിന്റെ ജോലിക്കാര്യം പറയാനായിരുന്നു ജോസുകുട്ടി വിളിച്ചത്.
നാൻസിയുടെ ഈ അവസ്ഥയിൽ അവളെ തനിച്ചാക്കി പോവാൻ പറ്റില്ലെന്ന നിലപാടിൽ ജെയിംസ് ഉറച്ചു നിന്നെങ്കിലും നല്ല ജോലിയാണെന്നും ആറു മാസം കഴിഞ്ഞാൽ ചിലപ്പോൾ നാൻസിയെ കൂടെ കൊണ്ടു പോവാൻ സാധിക്കുമെന്നുമൊക്കെ ബെന്നിച്ചൻ കൂടെ പറഞ്ഞപ്പോൾ നാൻസിയും അവനെ നിർബന്ധിച്ചു..
“എന്നാലും എങ്ങനാ കൊച്ചേ നിന്നെ തനിച്ചാക്കി പോവുന്നത്.. അതും നിനക്ക് മേലാത്ത ഈ അവസ്ഥയിൽ.. ”
അവനോട് ചേർന്നു കിടന്നു ആ കൈ എടുത്തു അടിവയറ്റിലേക്ക് ചേർത്തു വെച്ചു കൊണ്ടു നാൻസി പറഞ്ഞു.
“അതിന് ഞാൻ ഒറ്റയ്ക്ക് ആണെന്ന് ആരാ പറഞ്ഞേ.. ഇതേ ഇവിടെ ഒരാളില്ലെ എനിക്ക് കൂട്ടിന്.. ”
ജയിംസിന്റെ മുഖം തെളിഞ്ഞില്ല.. അവന്റെ മുഖം കൈക്കുമ്പിളിൽ എടുത്തു നാൻസി പറഞ്ഞു.
“ഇച്ചായൻ പോണം.. ഞങ്ങൾക്ക് വേണ്ടി.. ആരുടെ മുന്നിലും എന്റെ ഇച്ചായൻ തോറ്റു പോവുന്നത് എനിക്ക് സഹിക്കത്തില്ല.എനിക്കും നമ്മടെ കൊച്ചിനും ഒരു കുഴപ്പവുമുണ്ടാവത്തില്ല..ഇവിടെ എനിക്കൊരു സഹായത്തിനു ബെന്നിച്ചനും അമ്മച്ചിയും മുത്തുവുമെല്ലാം ഉണ്ടല്ലോ .. ”
നാൻസിയുടെയും ബെന്നിയുടേയുമെല്ലാം സമ്മർദ്ദത്തിനു വഴങ്ങി മനസ്സില്ലാമനസ്സോടെ ജെയിംസ് പോവാൻ തയ്യാറായി..
നാൻസിയുടെ വീർത്തു വരുന്ന വയറ്റിൽ ചുംബിച്ചു യാത്ര പറയുമ്പോൾ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. അവളെ ചേർത്തു പിടിച്ച ബെന്നിയുടെ അമ്മച്ചിയെ നോക്കിയപ്പോൾ അവർ അവനെ ആശ്വസിപ്പിച്ച് യാത്രയയച്ചു..
അവിടെ എത്തിയിട്ട് ഉടനെ വിളിക്കാമെന്ന ജയിംസിന്റെ വാക്കുകളിൽ പ്രതീക്ഷയർപ്പിച്ചു കാത്തിരുന്ന നാൻസിയ്ക്ക് നിരാശ്ശയായിരുന്നു ഫലം. വെപ്രാളത്തോടെ അവൾ ബെന്നിയെ വിളിച്ചു.. അവനും വിവരം ഒന്നും അറിഞ്ഞിരുന്നില്ല.. മൂന്നാം തവണ നാൻസി വിളിച്ചപ്പോൾ ജെയിംസ് അവിടെ എത്തിയെന്നും നമ്പർ ശരിയായിട്ട് വിളിക്കുമെന്നും ജോസ് കുട്ടി പറഞ്ഞുവെന്ന് ബെന്നി അവളെ ധരിപ്പിച്ചു.
നാൻസിയുടെ കാൾ കട്ട് ചെയ്തു ബെന്നി പരിഭ്രമത്തോടെ മുത്തുവിനെ നോക്കി..സൗദിയിൽ എത്തിയ ജെയിംസിനെ പറ്റി ഒരു വിവരവുമില്ലെന്ന് ജോസ് കുട്ടി അവനെ വിളിച്ചു പറഞ്ഞതേയുള്ളൂ..
സാധ്യമായ എല്ലാ വഴികളിലും ബെന്നി അന്വേഷിച്ചെങ്കിലും നിരാശ്ശയായിരുന്നു ഫലം. ഓരോരോ കള്ളങ്ങൾ പറഞ്ഞു നാൻസിയെ വിശ്വസിപ്പിക്കാൻ ശ്രെമിച്ചുവെങ്കിലും അവളുടെ സംശയങ്ങൾ കൂടി വന്നു..
ബെന്നിച്ചനും അമ്മച്ചിയും നിർബന്ധിച്ചാണ് അവളെ ചെക്കപ്പിനും മറ്റും കൊണ്ടു പോവാറുള്ളത്.. നിറവയറുമായി കണ്ണുനീരൊഴിയാത്ത മുഖവുമായി നിൽക്കുന്ന നാൻസിയെ കാണുമ്പോഴൊക്കെ ആ അമ്മയുടെയും മകന്റെയും ഉള്ളിൽ തീയായിരുന്നു..
നാൻസി പ്രസവിച്ചു.. ഗത്യന്തരമില്ലാതെ ബെന്നിച്ചനു സത്യം നാൻസിയോട് തുറന്നു പറയേണ്ടി വന്നു. ആരോടും മിണ്ടാതെ, ഭക്ഷണം കഴിക്കാതെ, ജീവനുള്ള പ്രതിമ പോലെ ഇരുന്ന നാൻസിയെ ഒരുപാട് കഷ്ടപ്പെട്ടാണ് അവർ സാധാരണ ജീവിതത്തിലേക്ക് കൊണ്ടു വന്നത്. എന്നിരുന്നാലും ആ വീട് വിട്ടു ബെന്നിച്ചന്റെ വീട്ടിലേക്ക് പോവാൻ അവൾ തയ്യാറായില്ല. എന്നെങ്കിലും ജെയിംസ് തിരികെ വരുമെന്ന് അവൾ പ്രതീക്ഷിച്ചിരിക്കണം..
ഗതികെട്ട് ബെന്നിച്ചൻ ഇല്ലിക്കൽ തറവാടിന്റെ മുറ്റത്തു ചെന്നു.. ജെയിംസ് എന്ന അവരുടെ മകൻ എന്നേ മരിച്ചു പോയതാണെന്ന് പറഞ്ഞു ആന്റണിയും, ആ കുഞ്ഞു ജെയിംസിന്റേതല്ല എന്ന് പറഞ്ഞു ജെയിംസിന്റെ ഇച്ചായന്മാരും ബെന്നിയെ കണക്കറ്റ് അധിക്ഷേപിച്ചു.. കണ്ണീരോടെ എല്ലാം കണ്ടു നിൽക്കാനേ അമ്മച്ചിയ്ക്കും ആനിയ്ക്കും കഴിഞ്ഞുള്ളൂ.. ഹൃദയം നുറുങ്ങിയാണ് അയാൾ ആ മതിൽക്കെട്ടിനുള്ളിൽ നിന്നും പുറത്തു കടന്നത്..
പതിയെ നാട്ടുകാർക്കിടയിൽ പല കഥകളും പരന്നു. നാൻസിയും ബെന്നിയും തമ്മിലുള്ള അവിഹിതബന്ധത്തിൽ മനം നൊന്തു ജെയിംസ് നാട് വിട്ടുവെന്ന് തുടങ്ങി, ആ കുഞ്ഞിന്റെ പിതൃത്വം ബെന്നിച്ചന്റേതാണെന്ന് വരെ നാട്ടുകാർ പറഞ്ഞു നടന്നു. നാൻസിയുടെ വീട്ടിൽ രാത്രിയിൽ വാതിലിൽ മുട്ടും അസഭ്യം പറച്ചിലും പതിവായി..
അമ്മച്ചി ബെന്നിയെ നാൻസിയുടെ വീട്ടിൽ പോകുന്നതിൽ നിന്നും വിലക്കി.. പകരം അവർ അവിടെ പോവുകയും നാൻസിയെ സഹായിക്കുകയുമൊക്കെ ചെയ്തു. അമ്മച്ചിയ്ക്ക് വയ്യാതെ കിടന്ന ദിവങ്ങളിലൊന്നിൽ ബെന്നിച്ചൻ നാൻസിയുടെ അടുത്ത് ചെന്നപ്പോൾ വീടിന്റെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. എത്ര വിളിച്ചിട്ടും കതക് തുറന്നില്ല.. പേടിയോടെ ബെന്നി വാതിലിൽ ചവിട്ടാനാഞ്ഞപ്പോൾ വാതിൽ മലർക്കെ തുറന്നു..
മുഖം കുനിച്ചു നിൽക്കുന്ന നാൻസിയെ സംശയത്തോടെ നോക്കി അകത്തു കടന്നപ്പോഴാണ് മേശപ്പുറത്ത് ഇരിക്കുന്ന ഫ്യൂരിഡാന്റെ കുപ്പി കണ്ടത്. ഉള്ളിൽ ഉയർന്ന ആന്തലോടെ അയാൾ കട്ടിലിൽ കിടന്നു ഉറങ്ങുന്ന കുഞ്ഞിനെ നോക്കി. നാൻസിയിൽ കണ്ണെത്തിയപ്പോൾ അവൾ ഇല്ല എന്ന് തലയാട്ടി. അവളോട് എന്തോ പറയാനാഞ്ഞപ്പോഴാണ് മുകളിൽ ഫാനിൽ കെട്ടിയ സാരി കൊണ്ടുള്ള കുരുക്ക് കണ്ടത്. പിന്നെ അവന് നിയന്ത്രിക്കാനായില്ല. വീശിയൊരടിയായിരുന്നു നാൻസിയുടെ മുഖത്ത്…
കുറച്ചു സമയം കഴിഞ്ഞു, പുറത്തു പലയിടത്തും പാത്തും പതുങ്ങിയും കാഴ്ച്ച കാണാൻ നിന്നിരുന്ന നാട്ടുകാരുടെ മുൻപിലൂടെ കുഞ്ഞിനെ എടുത്തു തലയുയർത്തി നടന്നു പോയ അവന്റെ പിറകിലായി നാൻസിയും ഉണ്ടായിരുന്നു..
വിവാഹം കഴിക്കാതെ ഒരു പെണ്ണിനെ വീട്ടിൽ കൊണ്ടു താമസിപ്പിക്കുന്നതിലെ അനൗചിത്യം ബോധ്യപ്പെടുത്താൻ നാട്ടുകാരിൽ നല്ലവരായ പലരും കിണഞ്ഞു ശ്രെമിച്ചപ്പോൾ ബെന്നിച്ചൻ ആ തീരുമാനം എടുത്തു..
എല്ലാം വിറ്റു പെറുക്കി ആ നാട്ടിൽ നിന്നും പോകുമ്പോൾ ബെന്നിച്ചനും അമ്മച്ചിയ്ക്കുമൊപ്പം നാൻസിയും കുഞ്ഞുമുണ്ടായിരുന്നു…ജയിംസിന്റെ കുഞ്ഞിന് അന്ന് ഒരു വയസ്സായിരുന്നു..
മുത്തുവിനോട് മാത്രമേ അവിടെ അവർക്ക് യാത്ര പറയാനുണ്ടായിരുന്നുള്ളൂ…
വർഷങ്ങൾ കടന്നു പോയി.. ഇല്ലിക്കൽ ആന്റണിയുടെ ഗാംഭീര്യം കുറഞ്ഞു തുടങ്ങി.. ഇളയവളായ ആനിയുടെ വിവാഹം കഴിഞ്ഞ ഉടനെ തന്നെ അവിടുത്തെ ഭാഗം വെപ്പ് നടത്തിയിരുന്നു..
പതിയെ ജെയിംസും നാൻസിയും ബെന്നിച്ചനുമൊക്കെ ആളുകളുടെ മനസ്സിൽ നിന്നും മാഞ്ഞു തുടങ്ങി..
മുത്തുവും അമ്മച്ചിയും ആനിയും അല്ലാതെ, അപ്പോഴും പ്രതികാരം മനസ്സിൽ കൊണ്ടു നടക്കുന്ന ചിലർ മാത്രം അവരെ ഓർത്തു..
ഒരു ദിവസം രാത്രി അങ്ങാടിയിൽ പോയി തിരികെ വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് ദാസൻ മാഷിന്റെ വീട്ടു മുറ്റത്തു എന്തോ ഒരു അനക്കം മുത്തു ശ്രെദ്ധിച്ചത്..
ചെന്നു നോക്കിയപ്പോൾ നേർത്ത വെളിച്ചത്തിൽ ഇറയത്ത് ഇരിക്കുന്ന ആളെ കണ്ടു.. ആരാ എന്ന് ചോദിച്ചപ്പോൾ അയാൾ അടുത്തേക്ക് വന്നു..
ജെയിംസ് ഇച്ചായൻ…
“മുത്തൂ… എന്റെ നാൻസിയും കുഞ്ഞും… അവരവിടെ..? ”
“ഇച്ചായാ.. എവിടെയായിരുന്നു ഇത്രയും കാലം..? ”
“എടാ.. നാൻസി എവിടെ…? ”
മുത്തു അയാളെ ഒന്ന് നോക്കി.. പിന്നെ ചേർത്ത് പിടിച്ചു..
“ഇച്ചായൻ വാ ഞാൻ എല്ലാം പറയാം.. ”
മുത്തു അയാളെ വീട്ടിലേക്ക് കൊണ്ടു പോയി..
പിറ്റേന്ന് വയനാട്ടിലേക്കുള്ള ബസ്സിൽ മുത്തുവിനരികെ ഇരിക്കുമ്പോൾ ജയിംസിന്റെ ഉള്ളിൽ നാൻസിയുടെ മുഖമായിരുന്നു.. താൻ ഒരിക്കൽ പോലും കാണാത്ത തന്റെ കുഞ്ഞിന്റെ കൊഞ്ചലുകളും…
പനമരത്തെത്തി പലരോടും അന്വേഷിച്ചു പിടിച്ചു ബെന്നിച്ചന്റെ വീട്ടിൽ എത്തുമ്പോൾ സന്ധ്യയായിരുന്നു.. അടുത്ത് തന്നെയാണ് അവന്റെ പെങ്ങളുടെയും വീട്..
കാപ്പിച്ചെടികൾ അതിരിടുന്ന കുഞ്ഞു വീടിന്റെ മുറ്റം നിറയെ പല വർണ്ണങ്ങളിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന റോസാച്ചെടികളായിരുന്നു..
പുറത്തു തണുപ്പ് വന്നു തുടങ്ങിയിരുന്നു. ബെല്ലടിച്ചു അടച്ചിട്ട വാതിലിനു മുൻപിലേക്ക് നീങ്ങി നിൽക്കുമ്പോൾ ജയിംസിന് ഹൃദയം പൊട്ടിപ്പോവുമോ എന്ന് തോന്നി പോയി..
കതക് തുറന്നതു ബെന്നിച്ചനായിരുന്നു.. ഒരു നിമിഷം കഴിഞ്ഞു ജെയിംസിനെ തിരിച്ചറിഞ്ഞപ്പോൾ ബെന്നിയുടെ മുഖം പ്രേതത്തെ കണ്ടത് പോലെ വിളറി വെളുത്തു..
“എന്നാടാ കൂവ്വെ നീയെന്നെ അകത്തോട്ടു വിളിക്കത്തില്ലയോ..? ”
ജെയിംസ് ചിരിയോടെ അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ്…
“ആരാ ഇച്ചായാ വന്നേക്കുന്നത്…? ”
നാൻസി.. അവളുടെ തോളിൽ പറ്റിച്ചേർന്നു ഉറങ്ങുന്ന കുഞ്ഞിന് മാസങ്ങൾ ആയിട്ടേ ഉണ്ടായിരുന്നുള്ളൂ പ്രായം..
ജെയിംസിനെ കണ്ടതും അവൾ അനങ്ങാൻ ആവാത്തത് പോലെ നിന്നു പോയി..
“അമ്മച്ചി, ദേ ഇത് നോക്കിയേ ചാച്ചൻ കൊണ്ടു വന്നതാ.. ആമി മോൾ പറഞ്ഞപ്പോൾ അമ്മച്ചി വഴക്ക് പറഞ്ഞതല്ലേ..എന്നിട്ടും എന്റെ ചാച്ചൻ എനിക്ക് വാങ്ങി തന്നല്ലോ.. ”
റൂമിൽ നിന്നും ഒരു ടോയ് പാക്കറ്റുമായി ഓടി വന്ന ആറു വയസ്സുകാരി ബെന്നിയുടെ കൈകളിൽ തൂങ്ങി..
“ആരാ ചാച്ചാ ഇത്..? ”
ആരും ഒന്നും പറഞ്ഞില്ല.. കരച്ചിൽ അടക്കാൻ ശ്രെമിക്കുന്ന നാൻസിയുടെ നേർത്ത തേങ്ങൽ മാത്രം കേട്ടു..
ജെയിംസ് ഒന്നും പറയാതെ തിരികെ നടക്കാൻ ശ്രെമിക്കുമ്പോൾ ബെന്നി പുറകിൽ നിന്നും കൈയിൽ പിടിച്ചു.
“ജയ്ച്ചാ.. ”
ജെയിംസ് ഒന്നും പറഞ്ഞില്ല..
“അമ്മച്ചി മരിക്കുന്നതിന് മുൻപേ നിർബന്ധം പിടിച്ചത് കൊണ്ടാണ് നാൻസിയുടെ കഴുത്തിൽ ഞാൻ മിന്നു കെട്ടിയത്.. അതും നീ ജീവിച്ചിരിപ്പില്ല എന്നൊരു വാർത്ത അറിഞ്ഞതിനു ശേഷം… എന്നിട്ടും… എന്റെ മോന്റെ പ്രായമേയുള്ളൂ ഞങ്ങളുടെ ബന്ധത്തിന്.. അതും എന്റെ തെറ്റായിരുന്നു..”
നാൻസി ജയിംസിന്റെ മുഖത്ത് നോക്കിയതേയില്ല..
“നാൻസി നിന്നെ ചതിച്ചതല്ല.. ഏതോ ഒരു നിമിഷത്തിൽ ഭർത്താവെന്ന അധികാരം ഞാൻ കാണിച്ചതാണ്.. ”
നാൻസിയുടെ മിഴികൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
ഒരു നിമിഷം ജെയിംസ് പുറത്തെ മലനിരകളിലേക്ക് നോക്കി നിന്നു..പിന്നെ പതിയെ പറഞ്ഞു..
“അവിടുത്തെ ജയിലിലായിരുന്നു.. നീണ്ട ഏഴ് വർഷങ്ങൾ..ഓരോ നിമിഷവും എന്റെ പെണ്ണിനേയും കുഞ്ഞിനേയും ഓർത്ത് ഉരുകിയുരുകി അങ്ങനെ… പുറം ലോകം കാണാൻ കഴിയുമെന്ന് കരുതിയതല്ല.. ദൈവദൂതനെ പോലെ ഒരാൾ വന്നു രക്ഷപ്പെടുത്തി.. ഇപ്പോൾ തോന്നുന്നു വേണ്ടായിരുന്നുവെന്ന്.. എന്തെങ്കിലും, ഒരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിൽ വരില്ലായിരുന്നു ഞാൻ.. നിങ്ങൾക്കിടയിലേക്ക്.. ”
ബെന്നിയുടെ കൈയിൽ പിടിച്ചു ഒന്നും മനസ്സിലാകാതെ നിൽക്കുന്ന ആമി മോളെ വാരിയെടുത്തു അയാൾ കവിളിൽ മുത്തി.. കുഞ്ഞു അപരിചിതത്വത്തോടെ അയാളെ നോക്കി..
“മോളുടെ ചാച്ചന്റെ ഫ്രണ്ട് ആണ്.. ജെയിംസ് അങ്കിൾ.. ”
കുഞ്ഞിനെ താഴെ വെച്ചു ജെയിംസ് തല താഴ്ത്തി നിൽക്കുന്ന നാൻസിയെയും ബെന്നിയെയും മാറി മാറി നോക്കി..
“കുറ്റപ്പെടുത്തില്ല ഞാൻ.. ശപിക്കാനും എനിക്ക് അർഹതയില്ല.. ജീവിക്കണം.. സന്തോഷമായി.. ”
ബെന്നിയുടെ കൈകൾ കൂട്ടി പിടിച്ചു കൊണ്ടു ആമി മോളെ കാണിച്ചു ജെയിംസ് പറഞ്ഞു..
“നിങ്ങൾക്കിടയിൽ അവളേ ഉണ്ടാകാൻ പാടുള്ളൂ.. ഒരിക്കലും ജെയിംസ് ഉണ്ടാവാൻ പാടില്ല.. ഇനി ഒരിക്കലും കാണാതിരിക്കട്ടെ… ”
നാൻസിയെ നോക്കാതെ ജെയിംസ് പടിയിറങ്ങി.. എല്ലാത്തിനും മൂകസാക്ഷിയായി നിന്ന മുത്തുവും.. നാൻസിയുടെ തേങ്ങലുകൾ അപ്പോഴും അവരെ പിന്തുടരുന്നുണ്ടായിരുന്നു..
####### ####### ####### ###### ##
മുത്തു പറഞ്ഞു നിർത്തിയപ്പോഴേക്കും താരയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു..
“പിന്നെ ഞാൻ കണ്ടത് എല്ലാവരും ഇഷ്ടപ്പെട്ടിരുന്ന എന്റെ പഴയ ജയ്ച്ചായനെ ആയിരുന്നില്ല… ആളാകെ മാറി.. മദ്യവും മയക്കുമരുന്നും തെരുവ് പെണ്ണുങ്ങളുമെല്ലാം ആ ജീവിതത്തിന്റെ ഭാഗമായി.. ഒരുപാട് കഷ്ടപ്പെട്ടാണ് ഞാൻ അതിൽ നിന്നും ഇത്രയെങ്കിലും മാറ്റിയെടുത്തത്.. ഞാൻ കൂടെ ഇല്ലെങ്കിൽ…… ”
“മുത്തുവിന്റെ ഇച്ചായൻ എങ്ങിനെയാ അന്ന് ജയിലിലായത്..? ”
“അതിനെ പറ്റി എനിക്ക് കൂടുതൽ ഒന്നും അറിയില്ല ചേച്ചി… എന്തോ ചതി നടന്നെന്നു മാത്രമേ ഇച്ചായൻ പറഞ്ഞിട്ടുള്ളൂ.. അതിന്റെ പിറകിൽ എന്തോ രഹസ്യമുണ്ട്… ”
“ഇച്ചായൻ.. ഇച്ചായൻ വരുന്നു.. ”
കാളിയാണ് വെപ്രാളത്തോടെ പറഞ്ഞത്..
പാറക്കല്ലിൽ ചവിട്ടി കേറി വരുന്ന ജെയിംസിനെ താര കണ്ടു…
“അയ്യോ കഥ പറഞ്ഞു കഴിക്കാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല…നീ വന്നേ..”
മുത്തു കാളിയുടെ കൈയും പിടിച്ചു അടുക്കളഭാഗത്തേക്ക് ഓടി..
ജെയിംസ് അകത്തേക്ക് കയറിയപ്പോൾ മദ്യത്തിന്റെ രൂക്ഷഗന്ധമുണ്ടായിരുന്നു.. കൈയിലുള്ള കവർ മേശയിൽ വെച്ചു ഷർട്ട് അഴിച്ചു അയയിൽ തൂക്കി തോർത്തുമെടുത്തു പുറത്തേക്ക് നടക്കുന്നതിനിടെ വാതിൽക്കൽ എത്തിയപ്പോൾ തിരിഞ്ഞു നോക്കാതെ അയാൾ ചോദിച്ചു..
“എന്നാടി തുറിച്ചു നോക്കുന്നെ.. ആണുങ്ങളെ കണ്ടിട്ടില്ലേ..? ”
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സൂര്യകാന്തിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Interesting💞💞💞💞