Skip to content

ആരോ ഒരാൾ – 24 (അവസാനഭാഗം)

aaro oral by sooryakanthi aksharathalukal novel

പുതിയ ബിൽഡിംഗിന്റെ അഞ്ചാമത്തെ നിലയിലേക്കുള്ള സ്റ്റെപ്പുകൾ ഓടിക്കയറുമ്പോൾ ജെയിംസ് കിതയ്ക്കുന്നുണ്ടായിരുന്നു…

താഴെ എല്ലായിടത്തും നോക്കി കാണാതിരുന്നപ്പോഴാണ് നിർമ്മാണം ഇനിയും പൂർത്തിയാവാത്ത അഞ്ചാം നിലയിൽ എത്തിയത്.. കുറച്ചു ദിവസങ്ങളായി നിർമാണപ്രവൃത്തികൾ നിർത്തി വെച്ചിരിക്കുകയാണ്..

കോണിപ്പടികൾ കയറുമ്പോഴേ താരയുടെ ശബ്ദം കേട്ടു.. അയാളുടെ ഹൃദയം പിടഞ്ഞു..

“അങ്കിൾ.. എനിയ്ക്കൊന്നും മനസ്സിലാവുന്നില്ല.. എന്നെ ഇല്ലാതാക്കാൻ മാത്രം എന്ത് ശത്രുതയാണ് അങ്കിളിന് എന്നോടുള്ളത്..? ”

“ഞാൻ നിസ്സഹായനാണ് മോളേ.. സ്വന്തം നിലനിൽപ്പ് തന്നെയല്ലേ എല്ലാവർക്കും വലുത്.. ”

അയാളുടെ ശബ്ദം കേട്ടതും ജയിംസിന്റെ മുഖം വലിഞ്ഞു മുറുകി..

തൊട്ടു മുൻപിലെ കാഴ്ച്ച തന്റെ സമനില തെറ്റിയ്ക്കുന്നത് പോലെ തോന്നി ജെയിംസിന്..

ഇടയ്ക്കിടെ കണ്ണുകൾ കൊണ്ടു ചുറ്റും പരതുന്ന, താരയ്ക്ക് മുൻപിൽ തോക്കുമായി അയാൾ… ഉപേന്ദ്രവർമ്മ…

തോക്കുമായി അയാൾ അവൾക്ക് മുൻപിലേക്ക് ചുവടുകൾ വെയ്ക്കും തോറും താര പുറകോട്ട് നടക്കുന്നുണ്ട്.. അയാളുടെ ഉദ്ദേശം ജെയിംസിന് മനസ്സിലായിരുന്നു.. ഒരപകടമരണം..

“എന്തായാലും നിങ്ങളെന്നെ കൊല്ലും.. അത് എന്തിനെന്നെങ്കിലും എന്നോട് പറഞ്ഞൂടെ.. ”

ഉപേന്ദ്രന് തൊട്ടു പിറകിൽ എത്തിയ ജെയിംസിനെ കണ്ടെങ്കിലും താര അയാളെ നോക്കിയില്ല..

“ഞാൻ പറയാം താര.. നീ ഉപേന്ദ്രവർമ്മയുടെ ചോരയായത് കൊണ്ട്… ”

ഡോക്ടർ ശരത് വർമ്മ…

പിറകിൽ നിന്നു കേട്ട ശബ്ദത്തിൽ, ഞെട്ടലോടെ ഉപേന്ദ്രവർമ്മ തിരിഞ്ഞതും ഒറ്റക്കുതിപ്പിന് ജെയിംസ് താരയെ നെഞ്ചോട് ചേർത്തിരുന്നു..

പിറകിലോട്ട് നാലഞ്ച് ചുവടുകൾ കൂടിയേ ഉണ്ടായിരുന്നുള്ളൂ നിലയില്ലാതെ താഴേക്ക് പതിയ്ക്കാൻ.. ജെയിംസ് അവളെയും ചേർത്ത് പിടിച്ചു ഒരു വശത്തേക്ക് മാറി നിൽക്കുമ്പോഴും താരയുടെ ഞെട്ടൽ മാറിയിട്ടില്ലായിരുന്നു.. അവൾ മുൻപിൽ നിൽക്കുന്നയാളുകളെ തുറിച്ചു നോക്കി..

ഉപേന്ദ്രവർമ്മയുടെ ആശ്ചര്യം കണ്ടിട്ടും
ശരത്തിന്റെ മുഖത്ത് ഭാവവ്യത്യാസം ഒന്നുമുണ്ടായില്ല.. ഉപേന്ദ്രൻ തന്റെ മുൻപിൽ നിൽക്കുന്ന ശരത്തിനു നേരേ ചുവടുകൾ വെച്ചു അവന് നേരേ വിരൽ ചൂണ്ടി അലറി..

“നീ.. നീയാണ് കാരണം… നീ ഒരാൾ.. ”

“ഞാനാണോ തെറ്റുകൾ ചെയ്തു
കൂട്ടിയത്..? ”

ശരത്തിന്റെ സ്വരം ശാന്തമായിരുന്നു..

“നിന്നോട് ഞാൻ പറഞ്ഞതല്ലേ.. ഇവളെ വേണ്ടെന്നു.. ഇവളെ ഒഴികെ മറ്റാരെയും വിവാഹം കഴിക്കാമെന്ന് ഞാൻ പറഞ്ഞിട്ടും നീ കേട്ടില്ല.. എന്നെ കൊണ്ടു ഇതെല്ലാം ചെയ്യിപ്പിച്ചത് നീയാണ്.. നീ കാരണമാണ്.. ”

“അച്ഛൻ ഒരിക്കലെങ്കിലും പറഞ്ഞിരുന്നോ അവളെന്റെ സഹോദരിയാണെന്ന്…?ആ വിവാഹത്തിന് അച്ഛൻ താല്പര്യകുറവ് കാണിച്ചത്, താരയ്ക്ക് എന്നെക്കാളും ഏതാനും മാസങ്ങളുടെ പ്രായക്കൂടുതൽ ഉണ്ടെന്ന കാര്യം പറഞ്ഞാണ്..അച്ഛന് ആ വിവാഹത്തെ ശക്തമായി എതിർക്കാൻ പോലും പേടിയായിരുന്നു.. അച്ഛൻ മൂടി വെച്ച ആ രഹസ്യം പുറലോകം അറിഞ്ഞാൽ അച്ഛന്റെ രാഷ്ട്രീയനേട്ടങ്ങൾക്ക് അതൊരു വിലങ്ങു തടിയാവും എന്നോർത്തല്ലേ ആ പാവം ഡ്രൈവറെ പോലും ഇല്ലാതാക്കിയത്.. എന്നിട്ട് അതിന്റെ പേരിൽ ഈ ജയിംസിന്റെ ജീവിതവും ഇല്ലാതെയാക്കി.. ”

ഒരു നിമിഷം ഉപേന്ദ്രൻ ഒന്നും മിണ്ടിയില്ല.. പിന്നെ അയാൾ അവർക്ക് പുറം തിരിഞ്ഞു നിന്നു.. പതിയെ പറഞ്ഞു..

“നീ പറഞ്ഞത് ശരിയാണ്, ശിവരാമനെ കൊല്ലാൻ ഏൽപ്പിച്ചതും വർഷങ്ങൾക്ക് ശേഷം അയാളുടെ ഭാര്യയെ ഇല്ലാതാക്കിയതും ഞാൻ തന്നെ ആയിരുന്നു.. പക്ഷേ ഇവന്റെ കാര്യത്തിൽ ഞാൻ നിരപരാധിയാണ്.. ജെയിംസിനെ എനിക്ക് അറിയുക പോലുമില്ലായിരുന്നു.. ”

“നിങ്ങൾ പറഞ്ഞത് മുഴുവനും സത്യമല്ല മിസ്റ്റർ ഉപേന്ദ്രവർമ്മ.. യാദൃശ്ചികമായി നിങ്ങളുടെ രഹസ്യം അറിഞ്ഞ ശിവരാമനെ ഇല്ലാതാക്കാൻ നിങ്ങൾ പ്ലാൻ ചെയ്യുന്നത് വരെ നിങ്ങൾക്ക് എന്നെ അറിയില്ലായിരുന്നു.. ക്യാബിനറ്റ് മിനിസ്റ്റർ ആയിരുന്ന നിങ്ങൾക്ക് ഒരു മോള് കൂടെയുണ്ടെന്ന രഹസ്യം പുറം ലോകം അറിയുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു. എല്ലാറ്റിലുമുപരി ഭാര്യയുടെ പേരിലുള്ള ഭാരിച്ച സ്വത്തുക്കളായിരുന്നു നിങ്ങളുടെ നട്ടെല്ല്..നിങ്ങൾ ഭീഷണിപ്പെടുത്തിയിരുന്നെ ങ്കിലും ജഗന്നാഥ വർമ്മയുടെ വിശ്വസ്തനായിരുന്ന ശിവരാമന്
ഏറെക്കാലം ഈ രഹസ്യം മനസ്സിൽ സൂക്ഷിക്കാൻ കഴിയില്ല എന്ന് നിങ്ങൾക്ക് ഉറപ്പായിരുന്നു. ശിവരാമനെ ഇല്ലാതാക്കാൻ തന്ത്രങ്ങൾ മെനഞ്ഞ നിങ്ങൾക്കൊപ്പം അയാളുമുണ്ടായിരുന്നു.. ഡേവിഡ് ജോർജ്..
എന്നന്നേക്കുമായി ശിവരാമന്റെ വായടപ്പിക്കുക എന്നതായിരുന്നു നിങ്ങളുടെ ഉദ്ദേശമെങ്കിൽ ഡേവിഡിന്റെ ലക്ഷ്യം ആ കുറ്റം എന്റെ മേൽ ചുമത്തി എന്നെ പൂട്ടുക എന്നതായിരുന്നു.. പ്ലാൻ ഇത്തിരി പാളിയെങ്കിലും കാര്യങ്ങളൊക്കെ നിങ്ങൾ വിചാരിച്ചത് പോലെ തന്നെ നടന്നു.. ”

ജെയിംസ് പറയുന്നതൊക്കെ കേട്ടിട്ടും ഉപേന്ദ്രവർമ്മ നിശബ്ദനായി പുറത്തേക്ക് നോക്കി നിന്നതേയുള്ളൂ..

“പക്ഷേ നിങ്ങൾ എന്നാത്തിനാ ആ ജാനകിയെ കൊന്നത്…? ”

ആദ്യം ഉപേന്ദ്രൻ ഒന്നും പറഞ്ഞില്ല.. പിന്നെ പതിയെ തുടങ്ങി..

“അവൾ.. ആ ജാനകി.. അവൾക്കൊന്നും അറിയില്ലെന്നാണ് ഞാൻ കരുതിയത്.. സമനില തെറ്റി തുടങ്ങിയപ്പോൾ അവൾ എന്നോട് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.. താരയെ എല്ലാം അറിയിക്കാൻ ശ്രെമിച്ചു.. അവൾ എഴുതി വെച്ച കത്ത് തിരഞ്ഞു ഞാൻ താരയുടെ ക്യാബിൻ കീഴ്മേൽ മറിച്ചെങ്കിലും കണ്ടു കിട്ടിയില്ല.. അവളെ ഒഴിവാക്കാതെ വേറെ വഴിയില്ലായിരുന്നു.”

“നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്..? അങ്കിൾ….ഉപേന്ദ്രവർമ്മ എങ്ങിനെയാ എന്റെ അച്ഛനാവുന്നത്..? ഞാൻ മംഗലത്ത് ദേവരാജവർമ്മയുടെയും നന്ദിനിയുടെയും മകളാണ്.. ”

താര ജയിംസിന്റെ പിടിയിൽ നിന്നും കുതറി മാറാൻ ശ്രെമിച്ചു കൊണ്ടു പറഞ്ഞു..

“താര.. നിന്റെ അമ്മ നന്ദിനി തന്നെയാണ്.. പക്ഷേ അച്ഛൻ ഈ നിൽക്കുന്ന ഉപേന്ദ്രവർമ്മയാണ്.. ”

ശരത് പറഞ്ഞതും നിഷേധാര്ത്ഥത്തിൽ തലയാട്ടി കൊണ്ടു താര അലറി പറഞ്ഞു..

“ഇല്ലാ.. ഞാൻ ഇതൊന്നും വിശ്വസിക്കില്ല.. ”

“വിശ്വസിക്കണം താര… രണ്ടു ദിവസങ്ങൾക്കു മുൻപ് നിന്റെ ഭർത്താവ് ഇതെല്ലാം എന്നോട് പറഞ്ഞപ്പോൾ ഞാനും ഇങ്ങനെ തന്നെയായിരുന്നു റിയാക്ട് ചെയ്തത്.. പക്ഷെ മുത്തശ്ശൻ..മുത്തശ്ശൻ കൂടെ പറഞ്ഞപ്പോൾ.. ”

ശരത് അവൾക്കരികിലേക്ക് നടന്നു..

“എന്നെക്കാളും മാസങ്ങൾ മുൻപേ ഭൂമിലെത്തിയ സ്വന്തം സഹോദരിയെ പ്രണയിച്ചവനാണ് ഞാൻ.. അറിയാതെയാണെങ്കിലും എല്ലാത്തിനും കാരണം ഞാനായിരുന്നു.. ”

“അല്ല ശരത്.. എല്ലാത്തിനും കാരണം ഇയാളുടെ സ്വാർത്ഥതയായിരുന്നു… സ്വത്തിന്റെ പേരിൽ ഒരിക്കൽ താരയുടെ അമ്മയെ ചതിച്ചു.. സൽപ്പേര് നഷ്ടമാവാതിരിക്കാൻ ആ പാവം ശിവരാമന്റെ ജീവനെടുത്തു..പിന്നെ അയാളുടെ ഭാര്യ.. സ്വന്തം ചോരയെ പോലും കുരുതി കൊടുക്കാൻ മടിയില്ലാത്തവൻ.. എന്നിട്ട് എന്തു നേടി.. എങ്ങനെയൊക്കെ മൂടി വെച്ചാലും സത്യം ഒരു നാൾ പുറത്തു വരിക തന്നെ ചെയ്യും… ”

ജെയിംസ് പറഞ്ഞു നിർത്തിയതും ശരത് താരയെയും പിടിച്ചു വലിച്ചു ഉപേന്ദ്രന് പിറകിലെത്തി.

“ഇനിയെന്ത് വേണം അച്ഛന്.. അച്ഛന്റെ ചോരയാണ് ഞങ്ങൾ രണ്ടുപേരും.. ഇനി ഞങ്ങളുടെ ജീവനെടുക്കണോ അച്ഛന്..? പറയ്… ”

വർമ്മ ഒന്നും പറയാതെ തല ചെരിച്ചൊന്ന് ശരത്തിനെ നോക്കി.. പിന്നെ താരയെയും.. ഒടുവിലായി താരയ്ക്ക് തൊട്ടുപിറകിൽ നിന്നിരുന്ന ജെയിംസിനെയും..

“അച്‌ഛാ… ”

ശരത്തിന്റെ അലർച്ച കേട്ട് താര ഞെട്ടലോടെ നോക്കിയതും മിന്നൽ വേഗത്തിൽ ഉപേന്ദ്രവർമ്മ താഴേക്ക് ചാടിയിരുന്നു..

താര ജയിംസിന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു.. അയാളുടെ കൈകൾ അവൾക്ക് ചുറ്റും ഉണ്ടായിരുന്നു..

###### ###### ###### ######### ####

താഴെ ഹാളിലെ ടിവിയിൽ മുൻമന്ത്രി ഉപേന്ദ്രവർമ്മയുടെ അപകടമരണത്തിന്റെ വാർത്തകൾ കാണിക്കുന്നുണ്ടായിരുന്നു..

ആശയും ഭാമയും ഒഴികെ മംഗലത്തെ എല്ലാവരും ഉപേന്ദ്രവർമ്മയുടെ വീട്ടിലായിരുന്നു..

ജെയിംസ് വാഷ്റൂമിൽ നിന്നും ഇറങ്ങി വരുമ്പോഴും താര കിടക്കുകയായിരുന്നു.. അയാൾ അവൾക്കരികെ ഇരുന്നു…

“ഇപ്പോഴാ നമ്മൾ ശരിക്കും മെയ്ഡ് ഫോർ ഈച്ച് അദർ ആയത്.. രണ്ടു അനാഥർ..എന്നാലും എന്നോട് ഒന്ന് പറയാമായിരുന്നു ഇച്ചായാ ”

ചിരിയോടെയാണ് അവൾ പറഞ്ഞതെങ്കിലും ആ വാക്കുകൾക്കുള്ളിൽ ഒളിപ്പിച്ച തേങ്ങൽ ജെയിംസിന് കേൾക്കാമായിരുന്നു..

ജെയിംസ് പതിയെ അവളുടെ മുടിയിഴകളിൽ തലോടി..

“എന്നെ പോലെയൊന്നും അല്ലെടോ താൻ.. തനിക്ക് ചുറ്റും തന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്.. ആരും ഒന്നും അറിയരുതെന്ന് വർമ്മ സാർ വാശി പിടിച്ചില്ലായിരുന്നെങ്കിലും ഇവർക്കാർക്കും നിന്നോടുള്ള സ്നേഹം കുറയത്തില്ലായിരുന്നു.. ”

അവളെ സ്നേഹത്തോടെ നോക്കി കൊണ്ടു അയാൾ പറഞ്ഞു..

“താൻ വേദനിക്കുന്നത് കാണാൻ വയ്യാത്തത് കൊണ്ടാണെടോ ഒന്നും തന്നോട് പറയാതിരുന്നത്.. പക്ഷെ എന്നെങ്കിലുമൊരിക്കൽ ഞാൻ എല്ലാം പറയുമായിരുന്നു… ”

താര എഴുന്നേറ്റിരുന്നു..

“പിന്നെ.. ഞാനില്ലേ എന്റെ കൊച്ചിന്റെ കൂടെ.. അത് പോരായോ..”

താര അയാളുടെ തോളിലേക്ക് മുഖം ചേർത്തു വെച്ചു..

“എന്നാലും നമ്മുടെ വിവാഹം കഴിഞ്ഞിട്ടും അയാൾ എന്നെ കൊല്ലാൻ ശ്രെമിച്ചത് എന്തിനാ.. ശരത്തും ഞാനും തമ്മിലുള്ള വിവാഹമായിരുന്നല്ലോ അയാളുടെ
പ്രശ്നം .? ”

“ജാനകി… ജാനകിയ്ക്ക് രഹസ്യങ്ങൾ എല്ലാം അറിയാമെന്നു അയാൾ വൈകിയാണ് അറിഞ്ഞത്..ഡിപ്രെഷനിലായിരുന്ന
ജാനകി, താരയെ എല്ലാം അറിയിക്കുമെന്ന്, അയാളെ വെല്ലുവിളിച്ചു.താരയെ എല്ലാം അറിയിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തു വെച്ചിട്ടുണ്ടെന്ന് ജാനകി അയാളെ ഭീഷണിപെടുത്തിയിട്ടുണ്ടാകാം.. അയാൾ താരയുടെ ക്യാബിൻ മുഴുവനും തിരഞ്ഞെങ്കിലും ജാനകിയുടെ കത്ത് അയാൾക്ക് കിട്ടിയില്ല.. ”

രാത്രി ജഗന്നാഥവർമ്മയുടെ റൂമിലേക്ക് താരയും ജെയിംസും ഒന്നിച്ചാണ് കയറിയത്.. അവളെ ഒരു നിമിഷം നോക്കി നിന്നിട്ടാണ് വർമ്മ താരയ്ക്ക് നേരേ കൈകൾ നീട്ടിയത്.. ഒട്ടും ശങ്കിക്കാതെ അവൾ അദ്ദേഹത്തിന്റെ കൈകളിലേക്ക് ചേർന്നപ്പോൾ ജയിംസിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

“നിന്റെ അച്ഛന് ഞാൻ രണ്ടു വാക്കുകൾ കൊടുത്തിരുന്നു.. ഒന്ന്, നിന്നെ ഒരു നിമിഷത്തേക്ക് പോലും അവന്റേതല്ലെന്ന് കരുതരുതെന്നും രണ്ടാമത്തേത് ഒന്നും നിന്നെ അറിയിക്കരുതെന്നുമായിരുന്നു.. ആദ്യത്തേത് ഇന്നീ നിമിഷം വരെ പാലിച്ചിട്ടുണ്ട്.. എന്റെ മക്കളെക്കാൾ കൂടുതൽ ഞാൻ സ്നേഹിക്കുന്നത് നിന്നെയാണ്.. രണ്ടാമത്തേത്… ”

വർമ്മ തുടരാനാവാതെ നിർത്തി.. താര ആ കൈകളിൽ പിടിച്ചു..
“മുത്തശ്ശൻ രണ്ടാമത്തെ വാക്കും തെറ്റിച്ചിട്ടില്ല.. എന്നെ ഒന്നും അറിയിച്ചിട്ടില്ല.. കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നമായി മറക്കാൻ ശ്രെമിക്കുകയാണ് ഞാൻ..”

വർമ്മയുടെ കണ്ണുകൾ ജെയിംസിലെത്തി.. അയാളുടെ മുഖത്തെ പുഞ്ചിരി വർമ്മയുടെ ചുണ്ടിലുമെത്തി..

###### ##### ###### ##### ##########

“അതെ ഇച്ചായാ, ഇന്ന് അച്ഛൻ വിളിച്ചപ്പോൾ പറഞ്ഞതാ, ഡേവിഡിനെ മക്കൾ ഭ്രാന്താശുപത്രിയിൽ കൊണ്ടാക്കാൻ പോവുകയാണത്രേ.. അയാൾക്ക് മോള് ആത്മഹത്യ ചെയ്തതിന് ശേഷം തലയ്ക്കു സ്ഥിരത ഇല്ല.. വല്യ കഷ്ടമാ അവസ്ഥ.. ആണ്മക്കൾക്കും ഭാര്യമാർക്കുമൊന്നും നോക്കാൻ വയ്യാത്രെ.. ”

ജെയിംസ് ഒന്നും മിണ്ടിയില്ല..

ആദിയ്ക്ക് സഹിച്ചു മതിയായപ്പോൾ അവൻ അവളെ തിരികെ കൊണ്ടാക്കി ഡിവോഴ്സ്നൊരുങ്ങി.. ട്രീസ ഞരമ്പ് മുറിച്ചു ആത്മഹത്യ ചെയ്തു..ഡേവിഡിന് അതൊരു ഷോക്കായിരുന്നു…

“ഓ ഇന്നിത് എന്തൊരു തണുപ്പാ..? ”

കൈകൾ കൂട്ടി തിരുമ്മി കൊണ്ടു മുത്തു പറഞ്ഞു..

“എടാ ചെറുക്കാ ദേ ഇരുട്ട് വീഴാൻ തുടങ്ങി.. നീ പോണില്ലേ..? ”

ജെയിംസ് ചോദിച്ചു.. മുത്തു, തെല്ലകലെ ഷാൾ ഒന്നു കൂടെ മുറുകെ പുതച്ചു കൊണ്ടു ദൂരെ മലനിരകളിലേക്ക് നോക്കി നിൽക്കുന്ന താരയെ നോക്കി, കള്ളച്ചിരിയോടെ ജെയിംസിനോട് പതിയെ പറഞ്ഞു..

“ഇങ്ങനെ കെടന്നു പെടയ്ക്കണ്ട ഇച്ചായോ.. ഞാൻ പൊയ്ക്കൊള്ളാം.. ഇച്ചായനും ചേച്ചിയും കൂടെ ഹണിമൂണിന് വന്നതാണെന്ന് എനിക്കറിയാം.. ”

“ഡാ.. ”

ജെയിംസ് മുത്തുവിന് നേരേ കൈ ഓങ്ങിയതും അവൻ ചിരിയോടെ ഒഴിഞ്ഞു മാറി..

ഉച്ചക്ക് ശേഷം ജെയിംസും താരയും എത്തുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞതനുസരിച്ചു കൂപ്പിൽ നിന്നും ഓടി വന്നതായിരുന്നു അവൻ..

ഉച്ചയ്ക്ക് കാട്ടുപാതയിൽ നിന്നും, പാറക്കെട്ടുകളിലൂടെ കയറി, മുത്തു കുടിലിൽ എത്തിയപ്പോൾ, താരയെ കാണാതെ തിരഞ്ഞു നടക്കുകയായിരുന്നു ജെയിംസ്..

“ദാണ്ടെ ഇച്ചായാ അവിടെ.. ”

താഴെ വെള്ളച്ചാട്ടത്തിനരികെയുള്ള പാറക്കല്ലുകളിൽ കയറി നിൽക്കുന്ന താരയെ കണ്ടതും മുത്തു പറഞ്ഞു..

“ഈ ഒരുമ്പെട്ടോളെ ഇന്ന് ഞാൻ.. ”

പിറുപിറുത്തു കൊണ്ടു പാറക്കെട്ടുകൾക്കിടയിലൂടെ താഴേക്കിറങ്ങുമ്പോൾ ജെയിംസ് ഉറക്കെ വിളിച്ചു..

“എടി.. ”

ശബ്ദം കേട്ട് ഞെട്ടിതിരിഞ്ഞ താരയുടെ കാല് തെന്നിയതും ജെയിംസ് ഒറ്റ കുതിപ്പിന് അവൾക്കരികെ എത്തി.. താരയുടെ ചെവിയിലേക്കാണ് കൈ നീണ്ടത്..

“നിന്നോട് ഞാൻ പറഞ്ഞതല്ലെടി ഇവിടെ ഇറങ്ങരുതെന്ന്.. പിന്നെ എന്നാ കാണാൻ നിക്കുവാ ”

“അത് ഇച്ചായാ.. നല്ല ഭംഗി.. അത് കണ്ടപ്പോൾ.. ”

താര ചെവിയിൽ പിടിച്ച അവന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു..

“ആ.. ഇച്ചായാ നോവുന്നു.. വിട്.. ”

“പാറക്കല്ലിൽ നിറയെ വഴുക്കലാണ്.. ഓരോ തവണയും കൊച്ചോന്ന് വീഴാൻ തുടങ്ങുമ്പോൾ പുറത്തേക്ക് തെന്നുന്നത് എന്റെ ഹൃദയമാണ്.. ”

ഒട്ടും മയമില്ലായിരുന്നു ജയിംസിന്റെ വാക്കുകൾക്ക്.. താര കള്ളച്ചിരിയോടെ മുത്തുവിനെ നോക്കി കണ്ണിറുക്കി..

മനസ്സ് നിറഞ്ഞാണ് മുത്തു കൂപ്പിലേക്ക് മടങ്ങിയത്..

ഭക്ഷണമൊക്കെ കഴിഞ്ഞു, താര കട്ടിലിൽ ഷീറ്റൊക്കെ ശരിയാക്കി ഇട്ടപ്പോഴാണ് ജെയിംസ് വാതിൽ തുറന്നു അകത്തേക്ക് കയറിയത്..

“ഹൂ… എന്നാ തണുപ്പാണെന്നേ.. ”

കൈകൾ കൂട്ടി തിരുമ്മിയ ശേഷം അയാൾ ഷർട്ടിന്റെ ബട്ടൻസ് അഴിക്കുന്നത് കണ്ടു താര സംശയത്തോടെ അയാളെ നോക്കി.. കുസൃതി ചിരിയോടെ തനിക്കരികിലേക്ക് നടന്ന അയാളെ കണ്ടതും അവൾ പിറകോട്ടു ചുവടുകൾ വെച്ചു..

“ഇച്ചായോ എന്നതാ ഉദ്ദേശം…? ”

“പുറത്ത് നല്ല തണുപ്പ്.. സ്വന്തമായിട്ടൊരു ഭാര്യയുള്ളത് കൊണ്ടു ഞാൻ കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനം ആക്കാമെന്ന് വെച്ചു.. ”

“എവിടെ പോണൂ.. ഇവിടെ വാ കൊച്ചേ.. ”

തെന്നി മാറാൻ ശ്രെമിച്ച താരയുടെ കൈയിൽ പിടിച്ചു തന്നിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ടു ജെയിംസ് പറഞ്ഞു..

കുസൃതി നിറഞ്ഞ കണ്ണുകൾ മുഖത്ത് പരതിയപ്പോൾ താര മിഴികൾ താഴ്ത്തി..ആ കഴുത്തിൽ നേർത്ത മാലയിൽ കോർത്തിട്ട
ക്രൂശിത രൂപത്തിൽ അവളുടെ നോട്ടമെത്തി..

ജയിംസിന്റെ പതിഞ്ഞ ചിരിയോടൊപ്പം താരയുടെ പ്രതിഷേധങ്ങളും പുറത്തെ തണുപ്പിൽ അലിഞ്ഞില്ലാതെയായി..

############## ###### #############

വർഷങ്ങൾക്കിപ്പുറം ഒരു പ്രഭാതം..

“ഹാ എന്റെ കൊച്ചേ ഇത് വരെ കഴിഞ്ഞില്ല്യോ .. എന്റെ കൊച്ചുങ്ങൾ അവിടെ കാത്തു നിൽപ്പാ.. ”

കണ്ണാടിയ്ക്ക് മുൻപിൽ, പച്ച പട്ടുസാരിയിലെ ഞൊറിവുകൾ ശരിയാക്കി കൊണ്ടിരുന്ന താരയോട് അകത്തേക്ക് കയറി വന്ന ജെയിംസ് ചോദിച്ചു.. അയാളെ നോക്കാതെ അവൾ പറഞ്ഞു..

“ഈ കിളവനൊപ്പം പിടിച്ചു നിൽക്കണ്ടേ.. ”

ജെയിംസ് പൊട്ടിച്ചിരിച്ചു..

“വട്ട് ഡോക്ടർക്ക് കോംപ്ലക്സ് അടിച്ചു തുടങ്ങിയോ..? ”

താര അയാളെ ഒന്ന് കൂർപ്പിച്ചു നോക്കി..

“നീ നോക്കി പേടിപ്പിക്കാതെടി കെട്ട്യോളെ.. കഴിഞ്ഞ പ്ലാന്റേഴ്‌സ് മീറ്റിനു ആ ചാണ്ടിച്ചന്റെ കെട്ട്യോള് എൽസമ്മ എന്നതാ പറഞ്ഞതെന്നറിയോ.. യൂ ആർ ലൂക്കിങ് സോ യങ്‌ ആൻഡ് ഹാൻഡ്സം ന്നു.. ”

മുഖത്ത് ഇത്തിരി നാണം വരുത്തി കൊണ്ടു ജെയിംസ് പറഞ്ഞു..

“കള്ളകിളവാ, അങ്ങേരുടെയൊരു സാൾട്ട് ആൻഡ് പെപ്പർ താടീം കണ്ണാടീം.. ശരിയാക്കി തരണുണ്ട് ഞാൻ.. ”

ജയിംസിന്റെ പതിഞ്ഞ ചിരി കേട്ടതും താര പറഞ്ഞു..

“അല്ലേലും ആ പെണ്ണുപിള്ളയ്ക്ക് നിങ്ങളെ കാണുമ്പോൾ പഞ്ചാര അങ്ങോട്ട്‌ ഹൈ ലെവൽ ആവുന്നുണ്ട്.. നോക്കിക്കോ ഉറങ്ങി കിടക്കുമ്പോൾ ആ മീശയും താടിയുമൊക്കെ വടിച്ചു കളയുന്നുണ്ട് ഞാൻ.. ”

ചിരിയോടെ താരയുടെ കഴുത്തിലൂടെ കൈയിട്ടു തന്നോട് ചേർത്ത് നിർത്തി ജെയിംസ് കണ്ണാടിയ്ക്ക് മുൻപിലേക്ക് നീങ്ങി നിന്നു.

“എന്റെ താര കൊച്ചേ.. ഒന്നാ കണ്ണാടീലോട്ട് നോക്കിക്കെ.. ഇതു പോലൊരു ചേർച്ച വേറെ കണ്ടിട്ടുണ്ടോ.. ”

അയാൾ കണ്ണാടിയിൽ അവളെ നോക്കി കണ്ണിറുക്കിയതും താര ചിരിച്ചു..

“ആഹാ പപ്പയും മമ്മയും ഇവിടെ സുന്ദരനും സുന്ദരിയും കളിച്ചോണ്ടിരിക്കുകയാണോ.. കൊച്ചിന്റെ കല്യാണമാ നടക്കാൻ
പോണത്.. ”

വാതിൽക്കൽ നിന്നും ചിരിയോടെയുള്ള ശബ്ദം കേട്ടതും അവർ തിരിഞ്ഞു നോക്കി..

ആമി.. എമിൻ ജെയിംസ് ആന്റണി..

നാൻസിയുടെയും ജയിംസിന്റെയും മകൾ..

“ഞങ്ങളിതാ വരുവാ കൊച്ചേ.. ”

താരയുടെ കൈ പിടിച്ചു കൊണ്ടു ജെയിംസ് പറഞ്ഞതും ആമി ചിരിയോടെ തിരിഞ്ഞു നടന്നു..

വിവാഹവേദിയിൽ വധുവിന്റെ വേഷഭൂഷാദികളോടെ നിൽക്കുന്ന പെൺകുട്ടിയുടെ മുഖത്ത് കണ്ണുകളെത്തിയതും താരയുടെ മനസ്സൊന്നു തുടിച്ചു..

അഭി.. ആബിൻ ജെയിംസ് ആന്റണി.. താരയുടെയും ജയിംസിന്റെയും മകൾ..

വരന്റെ സ്ഥാനത്തു അവനായിരുന്നു.. ഡോക്ടർ ഗൗതം ശിവറാം… ഡ്രൈവർ ശിവരാമന്റെയും ജാനകിയുടെയും മകൻ..

മുത്തുവും കാളിയും മുത്തശ്ശനും ഭാമേച്ചിയുമെല്ലാം വേദിയിൽ ഉണ്ടായിരുന്നെങ്കിലും താരയുടെ കണ്ണുകൾ തിരഞ്ഞത് അവരെയായിരുന്നു..

മുൻനിരയിലെ കസേരകളിൽ ആമിയുടെ ഭർത്താവ് ആദമിനൊപ്പം ബെന്നിച്ചനും നാൻസിയും അവർക്കരികിൽ മകൾ ഫെബിനും..

അഭിയുടെ കഴുത്തിൽ ഗൗതമിന്റെ താലി ചരട് മുറുകുമ്പോൾ താരയുടെ കണ്ണുകൾ ജെയിംസിനെ നോക്കുകയായിരുന്നു.. ആ നിമിഷം അയാളുടെ കണ്ണുകളും അവളിലായിരുന്നു.. ജെയിംസ് ചിരിയോടെ അവളെ നോക്കി കണ്ണിറുക്കി കാട്ടി….

കഥകൾ അവസാനിക്കുന്നില്ല…

സ്നേഹത്തോടെ സൂര്യകാന്തി💕

ആറാമത്തെ തുടർകഥയായിരുന്നു.. എഴുതി ഇടാനുള്ള ബുദ്ധിമുട്ടുകൾ കൊണ്ടു നാഗമാണിക്യത്തിന് ശേഷം ഇനിയൊരു തുടർകഥ എഴുതുന്നില്ലെന്ന് കരുതിയതായിരുന്നു.. എന്നിട്ടും പിന്നെയും വന്നു..

ഇനി നാഗമാണിക്യത്തിന്റെ രണ്ടാം ഭാഗം ആണ് മനസ്സിലുള്ളത്..
നീലമിഴികൾ…

എപ്പോഴെങ്കിലും വരാം.. ഒത്തിരി സന്തോഷം സ്നേഹം.. നന്ദി… 💕

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.6/5 - (19 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

7 thoughts on “ആരോ ഒരാൾ – 24 (അവസാനഭാഗം)”

  1. Sreelakshmi Ajayan

    ഹേയ് അത്രയും ക്രൂരത ചിന്തിക്കല്ലേ, സൂര്യകാന്തിയുടെ കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നവരേ നിരാശരാക്കരുത്, മറ്റെല്ലാവരെയും പോലെ ജെയിംസ് നെയും താരയെയും സ്വീകരിച്ചു, ഇനിയും എഴുതണം, plzzzz എന്തായാലും ഒരുപാട് ഇഷ്ടപ്പെട്ടു ഈ കഥയും, കഥാപാത്രങ്ങളെയും നാളെ മുതൽ ഇച്ചായനെയും കൊച്ചിനെയും miss ചെയ്യും sure

  2. Nagamanykyam pole thanne nannayirunnu aro oralum .eniyum venam puthiya story .wait cheyyunnu💐💐💐👌👌👌👍👍👍

  3. Thudarnnum krithikal pretheekshikkunnu nirasha ppedutharuthe waiting for the next part of the nagamanikyam bcoz I love that story .ee story yum spr 🥰🥰🥰💐💐💐all the best for the new story

Leave a Reply

Don`t copy text!