ജഗന്നാഥ വർമ്മ തിരികെ പോവുമ്പോൾ മുത്തുവും കൂടെ പോയി..
പിറ്റേന്ന് ഭാമയെ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു.. ആദ്യം ഒരുമിച്ചു പോവാമെന്ന് പറഞ്ഞെങ്കിലും പിന്നെ ഭാമ തന്നെ പോവണമെന്ന് ആവശ്യപ്പെട്ടു..
ഡോക്ടർ ശരത്ത് ഇടയ്ക്കിടെ അവരുടെ റൂമിൽ വന്നിരുന്നു.. പഴയത് പോലെ ഒരു നീരസം ശരത്തിന്റെ പെരുമാറ്റത്തിൽ ഉള്ളതായി ജെയിംസിന് തോന്നിയില്ല..
നേരത്തെ ജയിംസിന്റെ പ്രെസൻസ് അവിടെ ഉള്ളതായി ഭാവിക്കാത്ത ആൾ ജെയിംസിനെ നോക്കി സംസാരിച്ചു തുടങ്ങിയിരുന്നു.. താരയ്ക്ക് നെഞ്ചിലെ ഭാരം ഒഴിഞ്ഞു പോയത് പോലെ തോന്നി.. ലൈഫ് പാർട്ണർ എന്ന രീതിയിൽ ശരത്തിനെ ഒരിക്കലും സങ്കല്പിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും താരയ്ക്ക് പ്രിയപ്പെട്ട ചുരുക്കം സൗഹൃദങ്ങളിൽ ഒന്നായിരുന്നു അത്..
മീന അവിടെ നിൽക്കാമെന്ന് പറഞ്ഞെങ്കിലും താര അത് സ്നേഹപൂർവ്വം നിരസിച്ചു.. ജയിംസിന്റെ പിന്തുണയും ഉണ്ടായിരുന്നു.. മീനയ്ക്ക് സ്കൂളിൽ പോവുന്ന രണ്ടു ചെറിയ കുട്ടികളാണ് ഉള്ളത്..
നരേന്ദ്രൻ വന്നിരുന്നു ഭാമയെയും മീനയെയും കൂട്ടാൻ.. ഭാമ ഇറങ്ങുന്നതിനു തൊട്ടു മുൻപേയാണ് ശരത്തിനോടൊപ്പം ഉപേന്ദ്രവർമ്മയും ഭാര്യയും റൂമിലേക്ക് വന്നത്.. അവർക്ക് ചെക്ക് അപ്പിന് വേണ്ടി വന്നതാണെന്ന് ശരത് പറയുന്നുണ്ടായിരുന്നു..മുഖത്ത് താരയോടുള്ള പ്രകടമായ നീരസം ഉണ്ടായിരുന്നു.. ഉപേന്ദ്രനും ജെയിംസിനെ ശ്രെദ്ധിച്ചില്ല.. ഇടയ്ക്കിടെ താരയുടെ നേരേ കുത്തുവാക്കുകൾ ഇറക്കിയപ്പോൾ ശരത് ഇടപെട്ടു.. ജയിംസിന്റെ മുഖം വലിഞ്ഞു മുറുകിയത് ശരത് ശ്രെദ്ധിച്ചിരുന്നു..
ശരത്തിനെ പോലെ തന്നെ ഉപേന്ദ്രനും ഭാര്യയും താരയെ വളരെ അധികം ആഗ്രഹിച്ചിരുന്നുവെന്ന് ജെയിംസിന് മനസ്സിലായിരുന്നു..
ഭാമ പോവുന്നതിനു മുൻപേ താരയുടെ അരികിലേക് എത്തി.. മെല്ലെയാണ് പറഞ്ഞത്..
“ഞാൻ സ്ഥലം വിടാൻ തീരുമാനിച്ചത് ചുമ്മാതല്ല മോളേ.. വെറുതെ ഇവിടെ ഞങ്ങൾ കട്ടുറുമ്പുകൾ ആവണ്ടല്ലോന്ന് കരുതിയാണ്.. മുൻപ് ഞാൻ പറഞ്ഞത് തിരിച്ചെടുത്തു.. ജെയിംസ് നിന്നെ ഇഷ്ടപ്പെടുന്നുണ്ട്.. ഒരു പക്ഷെ നാൻസിയെക്കാൾ അവൻ നിന്നെ സ്നേഹിച്ചേക്കും.. നഷ്ടപ്പെടുത്തരുത്.. ”
ഭാമ മെല്ലെ താരയുടെ മൂർദ്ധാവിൽ ഒന്ന് ചുംബിച്ചു.. താരയുടെ കണ്ണുകളും നിറഞ്ഞിരുന്നു.. ഒരു ചേച്ചിയായിട്ടല്ല കൂട്ടുകാരി കൂടെയായിട്ടാണ് ഭാമേച്ചി കൂടെ ഉണ്ടായിരുന്നത്.. എന്നും.. അറിയാതിരുന്നത് ഭാമേച്ചിയുടെ പ്രണയത്തെ പറ്റി മാത്രമാണ്.. നഷ്ടമായി എന്നല്ലാതെ ഒന്നുമറിയില്ല.. ആർക്കും.. പറഞ്ഞിട്ടില്ല ഒരിക്കലും..
അവർ ഇറങ്ങിയതിനു ശേഷമാണ് ജെയിംസ് താരയുടെ അരികെ വന്നിരുന്നത്..
“എന്നതായിരുന്നു ഒരു രഹസ്യം..? ”
“അത്.. ചുമ്മാ.. ഭാമേച്ചിയുടെ ഓരോരോ വട്ടുകൾ.. ”
“ഓ.. പറയാൻ പറ്റത്തില്ലെങ്കിൽ അത് പറഞ്ഞേച്ചാൽ മതി കൊച്ചേ.. ”
താര ഒരു നിമിഷം ഒന്നും മിണ്ടാതെ ആ മുഖത്തേക്ക് നോക്കി നിന്നു..
“നമ്മളെ ഒരുമിച്ചു കണ്ടപ്പോൾ ഭാമേച്ചിയും ടീനു ചേച്ചിയും ഒരുപോലെ പറഞ്ഞൊരു കാര്യമുണ്ട്.. ജെയിംസ് ആന്റണിയ്ക്ക് ഒരിക്കലും നാൻസിയെ അല്ലാതെ മറ്റൊരു പെണ്ണിനെ സ്നേഹിക്കാൻ കഴിയില്ലയെന്ന്.. ഇപ്പോൾ ഭാമേച്ചി അതൊന്ന് തിരുത്തി.. ഒരു പക്ഷെ.. ”
ഒന്ന് നിർത്തി താര ജയിംസിന്റെ മുഖത്തേക്ക് നോക്കി.. പിന്നെ പതിയെ തല താഴ്ത്തി പറഞ്ഞു..
“ഒരുപക്ഷെ നാൻസിയെക്കാൾ കൂടുതൽ എന്നെ സ്നേഹിച്ചേക്കാമെന്ന്.. ”
ജെയിംസ് ഒന്നും പറഞ്ഞില്ല.. താര മുഖമുയർത്തി അയാളെ നോക്കി..
“ഞാൻ പറഞ്ഞത് സത്യമാണ് കൊച്ചേ.. നാൻസി ഇപ്പോൾ എന്റെ മനസ്സിലില്ല.. എന്റെ.. എന്റെ കുഞ്ഞിനെ പറ്റിയുള്ള ഓർമ്മകൾ.. അതാണ് എന്നെ ശ്വാസം മുട്ടിക്കുന്നത്.. ചേരേണ്ടത് അവർ തമ്മിൽ തന്നെ ആയിരുന്നു.. ഇടയിൽ കോമാളി വേഷം കെട്ടിയത് ഞാനായിരുന്നു.. ”
ജയിംസിന്റെ വാക്കുകൾ താരയെ ഞെട്ടിച്ചില്ല.
“അവരോട് ദേഷ്യമുണ്ടോ… ഇപ്പോഴും.. ”
മൃദുസ്വരത്തിലാണ് താര ചോദിച്ചത്..
“ഇല്ലെടോ.. ഞാനെന്തിന് അവരോട് ദേഷ്യപ്പെടണം..?.. എന്നെ കാണാതായ ഉടനെ തന്നെ അവർ വിവാഹം കഴിച്ചതൊന്നുമല്ലല്ലോ.. സാഹചര്യം അവരെ അതിലെത്തിച്ചു.. വേദനയുണ്ട്.. മനസിലെന്നും അതൊരു മുറിവായങ്ങനെ കിടക്കും.. എന്റെ കുഞ്ഞിനെ ഒരുപക്ഷെ എന്നേക്കാൾ കൂടുതൽ സ്നേഹിക്കാൻ ബെന്നിയ്ക്ക് കഴിയും.. ഒരിക്കൽ എനിക്ക് വേണ്ടി സ്നേഹിച്ച പെണ്ണിനെ വിട്ടു തന്നവനല്ലേ… ”
താര ഒന്നും പറഞ്ഞില്ല.. ജെയിംസ് അവളെ നോക്കി..
“എനിക്കറിയാം.. എല്ലാം… ”
ജയിംസിന്റെ മുഖത്ത് ഞെട്ടൽ പ്രകടമായിരുന്നു..
“നാൻസി എല്ലാം പറഞ്ഞു.. ”
“ജീവനു തുല്യം സ്നേഹിച്ച പെണ്ണിന്റെ ഉള്ളിൽ കൂട്ടുകാരനായിരുന്നെന്ന് തിരിച്ചറിഞ്ഞത് അവളെ സ്വന്തമാക്കിയതിന് ശേഷമായിരുന്നു.. മനസ്സ് തകർന്നു പോയിരുന്നു.. പിന്നെ പതിയെ അവൾ എന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു..ഞാൻ ആഗ്രഹിച്ചിരുന്നത് പോലെ.. അതിനിടയിലൊരിക്കൽ അറിയാതെ ബെന്നിച്ചന്റെ നാവിൽ നിന്നും ആ സത്യവും ഞാൻ അറിഞ്ഞു .. കൂട്ടുകാരന് വേണ്ടി സ്നേഹിച്ച പെണ്ണിനോട് സ്നേഹം വെളിപ്പെടുത്താതെ, ആരെയും അറിയിക്കാതെ മനസ്സിൽ കൊണ്ടു നടന്ന അവൻ ഒരിക്കലും എന്നെ ചതിക്കത്തില്ല. എനിക്കറിയാം.. ”
“നാൻസിയും ഇച്ചായനെ ചതിച്ചിട്ടില്ല.. ആ സ്നേഹം സത്യമായിരുന്നു.. സംശയിച്ചിരുന്നു ഞാൻ.. അതറിയാൻ വേണ്ടി തന്നെയാണ് നാൻസിയെ കണ്ടതും.. ”
താരയുടെ മനസ്സിൽ നാൻസിയുടെ വാക്കുകൾ നിറഞ്ഞു..
“താര.. ജെയിംസിച്ചായനെ ഞാൻ സ്നേഹിച്ചിരുന്നില്ല എന്ന് മാത്രം പറയരുത്.. മുൻപ് ഞാൻ ബെന്നിച്ചനെ മനസ്സിൽ കൊണ്ടു നടന്നിരുന്നു എന്നത് സത്യം തന്നെയാണ്.. പക്ഷേ വിവാഹശേഷം ഞാൻ ബെന്നിച്ചനെ ആഗ്രഹിച്ചിട്ടില്ല.. ജെയിംസിച്ചായന്റെ സ്നേഹം തിരിച്ചറിഞ്ഞതിൽ പിന്നെ മറ്റൊരാളും എന്റെ മനസ്സിൽ ഇല്ലായിരുന്നു.. പക്ഷെ.. ”
നാൻസിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
“പറഞ്ഞാൽ എത്രത്തോളം മനസ്സിലാവും എന്നെനിക്ക് അറിയത്തില്ല.. താരയെ പോലെ പഠിപ്പും അറിവും ഒന്നുമില്ലാത്ത, എന്റെ നാട്ടിൻപുറത്തിനപ്പുറത്തേക്ക് പോയിട്ടില്ലാത്ത പെണ്ണായിരുന്നു ഞാൻ.. ജെയിംസിച്ചായനെ കാണാതായതിനു ശേഷം, ആരോരും ആശ്രയമില്ലാതെ ഒരു കൈക്കുഞ്ഞുമായി നിൽക്കുമ്പോൾ ചുറ്റുമുള്ള പലരും.. മാനത്തിന് വിലയിടാൻ വന്നപ്പോൾ എനിക്ക് വേറെ വഴിയില്ലായിരുന്നു.. ഇവിടെ വന്നു കുറച്ചു കഴിഞ്ഞപ്പോഴാണ് ജെയിംസ് മരിച്ചുവെന്ന വാർത്ത, അവിടെ നാട്ടിൽ പരന്നത്.. ജയിംസിന്റെ വീട്ടുകാരും അത് അംഗീകരിച്ചു.. മരിയ്ക്കുന്നതിനു മുൻപേ മകന്റെ വിവാഹം എന്ന ബെന്നിച്ചന്റെ അമ്മച്ചിയുടെ ആഗ്രഹം നിരസിക്കാൻ തോന്നിയില്ല.. അമ്മച്ചിയുടെ മരണം വരെ ഞങ്ങൾ നല്ല ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചു.. പക്ഷെ ബെന്നിച്ചൻ എന്റെ മോൾക്ക് നല്ലൊരു അപ്പച്ചൻ തന്നെയായിരുന്നു.. പിന്നീട് ഒരു ദിവസം ബെന്നിച്ചൻ.. ”
നാൻസി തുടരാതെ നിർത്തി..
“എതിർക്കാൻ കഴിഞ്ഞില്ല.. പഴയ സ്നേഹം മനസ്സിൽ തിരിച്ചുവന്നതായിരുന്നോ… അതും അറിയത്തില്ല.. അതുവരെ ജെയിംസിച്ചായനെ ഓർത്തു കരയാത്ത ദിവസങ്ങൾ ഇല്ലായിരുന്നു…അതിൽ പിന്നെ ജെയിംസിച്ചായൻ എന്റെ മനസ്സിലും മരിച്ചു കഴിഞ്ഞിരുന്നു.. പുതിയ ജീവിതം തുടങ്ങി ഏറെയൊന്നും കഴിയാതെ ജെയിംസിച്ചായൻ തിരിച്ചു വന്നപ്പോൾ ഭൂമി പിളർന്നു അപ്രത്യക്ഷയാവാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിരുന്നു.. അതിൽ പിന്നെ ഞങ്ങൾ സമാധാനത്തോടെ ഒന്ന് ഉറങ്ങിയിട്ടില്ല.. ചിരിച്ചിട്ടില്ല…ജീവിച്ചിട്ടില്ല ..”
നാൻസി പതിയെ താരയുടെ കൈയിൽ പിടിച്ചു..
“പക്ഷേ ഇന്ന് ഞാൻ സമാധാനത്തോടെ ഉറങ്ങും.. കാരണം ജെയിംസിച്ചായനൊപ്പം താരയുണ്ടാവും.. താരയുടെ സ്നേഹത്തിന്റെ ആഴം അറിയാൻ എനിക്ക് വാക്കുകൾ ആവശ്യമില്ല..ഈ വരവ് മാത്രം മതി.. ”
നാൻസിയുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ മതിയായിരുന്നു താരയ്ക്ക് ആ വാക്കുകളുടെ അർത്ഥം അറിയാൻ…
“ഒരിക്കലും ഞാനോ എന്റെ മോളോ നിങ്ങളുടെ ജീവിതത്തിന്റെ അടുത്തു പോലും വരത്തില്ല… ജെയിംസ് ആന്റണി നാൻസിയുടെ മനസ്സിൽ എന്നേ മരിച്ചു കഴിഞ്ഞതാണ്.. ”
താര നാൻസിയുമായുള്ള കൂടികാഴ്ച്ച വിവരിക്കുമ്പോൾ ജെയിംസ് അവൾക്ക് പുറംതിരിഞ്ഞു നിൽക്കുകയായിരുന്നു..
“സത്യത്തിൽ താൻ എന്നാത്തിനാ നാൻസിയെ കാണാൻ പോയത്..? ”
അയാളുടെ സ്വരം കല്ലിച്ചിരുന്നു.. താരയിൽ ഒരു വിറയലുണ്ടായി.. പക്ഷെ അവൾ പറഞ്ഞു..
“മറ്റൊരാളുടെ ഭാര്യയെങ്കിലും നാൻസി നിങ്ങളുടെ കുഞ്ഞിന്റെ അമ്മയാണ്.. അവരോട് എനിക്ക് സംസാരിക്കണമായിരുന്നു.. ”
“തനിക്ക് അവർ തടസ്സമാവുമെന്ന്
കരുതിയോ..? ”
താര ശ്വാസമെടുക്കാൻ മറന്നു പോയി.. പിന്നെ പതിയെ പറഞ്ഞു..
‘മിസ്റ്റർ ജെയിംസ് ആന്റണി.. ഞാനൊരു ഡോക്ടറാണ്. അതും സൈക്യാട്രിസ്റ്റ്.. ഒരു കുഞ്ഞിനെ അതിന്റെ അച്ഛനിൽ നിന്നും അകറ്റി നിർത്താൻ മാത്രം ക്രൂരയല്ല.. ”
ശബ്ദം താഴ്ത്തിയാണ് താര തുടർന്നത്..
“നിങ്ങളെ പൂർണ്ണമായും ഞാൻ സ്നേഹിച്ചു തുടങ്ങുമ്പോൾ അത് അവരും അറിഞ്ഞിരിക്കണം എന്ന് എനിക്ക് തോന്നി.. ”
“അപ്പോൾ നാൻസിയോട് മുൻഭർത്താവിനെ ഞാൻ എടുത്തോട്ടെയെന്ന് സമ്മതം വാങ്ങാനാണ് കൊച്ചു പോയത്.. ”
“അങ്ങനെയെങ്കിൽ അങ്ങനെ.. ”
താരയ്ക്ക് ദേഷ്യം വന്നിരുന്നു.. തല താഴ്ത്തി മുഖവും വീർപ്പിച്ചിരുന്ന അവളുടെ അരികിലെത്തി, ബെഡിൽ ചാരിയിരുന്ന താരയുടെ ഇരുവശവുമായി കൈകൾ കുത്തി തല കുനിച്ചു അവളുടെ കണ്ണുകളിലേക്ക് നോക്കിയാണ് ജെയിംസ് ചോദിച്ചത്..
“അപ്പോൾ എന്റെ സമ്മതം ആവശ്യമില്ലായിരുന്നോ കൊച്ചിന്..? ”
ചോദ്യത്തിൽ നിറഞ്ഞിരുന്ന കുസൃതി അറിഞ്ഞെങ്കിലും താര മിണ്ടിയില്ല..അരികിലിരുന്ന് ജെയിംസ് പതിയെ അവളുടെ താടി പിടിച്ചുയർത്തി..
“പറയെടി അപ്പോൾ എന്നെ സ്വന്തമാക്കാൻ എന്റെ സമ്മതം ആവശ്യമില്ലേന്ന്..? ”
താര ചിരിയോടെ അയാളുടെ കൈകൾ തട്ടി മാറ്റി..
“സത്യം പറയാലോ ഇച്ചായാ പെട്ടു പോയതാ.. ഒരു പാട് ശ്രെമിച്ചു നോക്കിയതാ ഞാൻ… പറ്റുന്നില്ല.. കാന്തം പോലെയങ്ങു വലിച്ചടുപ്പിക്കുകയാ….. ”
ഇന്നുവരെ ആരുടെ ചിരിയും എന്റെ നെഞ്ചിടിപ്പ് കൂടിയിട്ടില്ല.. ആരുടെ കണ്ണുകളും എന്റെ മനസിന്റെ ഉള്ളിലോളം എത്തുന്നതായി തോന്നിയിട്ടില്ല.. ആരുടെ നോട്ടവും എന്റെ കവിളുകളെ നാണത്താൽ ചുമപ്പിച്ചിട്ടില്ല.. ആരുടെ മുൻപിലും മനസ്സ് പതറി, നിയന്ത്രിക്കാനാവാതെ നിൽക്കേണ്ടി വന്നിട്ടില്ല..
എന്റെ അഹങ്കാരത്തിനേറ്റ അടിയായിരുന്നു നിങ്ങളോട് തോന്നിയ പ്രണയം.. ഏതു സാഹചര്യത്തിലും ആരുടെ മുൻപിലും പതറാതെ നിന്നിരുന്ന താര വർമ്മ അടിതെറ്റി വീണു പോയത് ജെയിംസ് ആന്റണിയുടെ മുന്പിലായിരുന്നു..
ആ സാമീപ്യത്തിൽ സ്വയം മറന്നു പോവുന്നത് പോലെ.. എനിക്ക് പരിചിതയല്ലാത്ത മറ്റൊരു താര..
താരയുടെ ചിന്തകൾ മുറിച്ചു കൊണ്ടാണ് ആ വാക്കുകൾ വന്നത്..
“എന്നതാ ഡോക്ടറു കൊച്ചിന് വല്യൊരു ആലോചന..? ”
“ചുമ്മാ… ”
“സത്യം പറയട്ടെ കൊച്ചേ, ഈ നിമിഷം പോലും ബുദ്ധി പറയുന്നത് നിന്നിൽ നിന്നും അകന്നു പോവാനാണ്.. മനസ്സ് സമ്മതിക്കുന്നില്ല.. എന്നതോ ഒരു മാജിക്ക് തന്റെ കൈയിലുണ്ട്.. ”
“എന്റെ കെട്ട്യോന് ബുദ്ധി ഇല്ലേലും കുഴപ്പമില്ലെന്നേ.. സ്നേഹം മതി.. ”
താര കണ്ണിറുക്കിയതും ജെയിംസ് ചിരിയോടെ വിളിച്ചു..
“ഡീ… ”
ഭക്ഷണം കഴിഞ്ഞു താര ഉറങ്ങുവോളം ജെയിംസ് അവൾക്കരികെ ഉണ്ടായിരുന്നു.. ഉറക്കത്തിൽ ശാന്തമായ ആ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞപ്പോൾ അതിന് കാരണം താനാണോ എന്നറിയാൻ അയാൾ ആഗ്രഹിച്ചു..
ഡിസ്ചാർജ് ചെയ്തു തറവാട്ടിലേക്ക് പോവുമ്പോൾ വർമ്മയും കൂടെ ഉണ്ടായിരുന്നു.. പൂമുഖത്തു തന്നെ എല്ലാവരും ഉണ്ടായിരുന്നു.. ചിരിയോടെ അകത്തേക്ക് കയറുമ്പോൾ ആദിദേവിന്റെ അരികെ നിന്നിരുന്ന ട്രീസയുടെ കണ്ണുകളിൽ തെളിഞ്ഞ പക താര കണ്ടിരുന്നു..
ജെയിംസ് അവളെയും ചേർത്ത് പിടിച്ചു അകത്തേക്ക് നടക്കുമ്പോൾ ട്രീസയുടെ ഉള്ളം പുകയുകയായിരുന്നു..
സഹിക്കുന്നില്ല.. തീർന്നുവെന്ന് കരുതിയവനാണ്..മുറിച്ചിട്ടാൽ മുറി കൂടി വരുന്നവനാണെന്ന് ഇപ്പോഴാണ് മനസിലാവുന്നത്.. തനിക്ക് കിട്ടാത്തത് മറ്റൊരാൾ അനുഭവിക്കുന്നത് കണ്ടപ്പോൾ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നിയിരുന്നു.. തീർക്കാൻ താനാണ് ഡാഡിയോട് ആവശ്യപെട്ടത്.. അവളുടെ.. ആ നാൻസിയുടെ കണ്ണീർ ഒരു ലഹരിയായിരുന്നു..
മനസ്സ് കൈ വിട്ടു പോവുമെന്ന് തോന്നിയ നാളുകളിൽ ഒന്നാണ് ഡാഡി പറഞ്ഞത്..
“ടീനു.. എന്റെ മോളുടെ മനസ്സ് വിഷമിപ്പിച്ചവന്റെ സർവ്വനാശം തുടങ്ങി.. ഇനിയവൻ ഉയിർത്തെഴുന്നേൽക്കത്തില്ല.. അതിന് വേണ്ടതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്… താമസിയാതെ ആ പെണ്ണിന്റെ കണ്ണുനീര് നിനക്ക് കാണാം.. അവന്റെ വീട്ടിൽ വെച്ച് തന്നെ അവൾക്ക് ആണുങ്ങൾ വില പറയും.. ”
ഡേവിഡിന്റെ മുഖത്ത് തെളിഞ്ഞ ക്രൂരത നിറഞ്ഞ ചിരി ട്രീസയിൽ ഉന്മാദം നിറയ്ക്കുകയായിരുന്നു..
നാൻസി ബെന്നിച്ചനൊപ്പം പോയപ്പോൾ ഓർത്തത് ജയിംസിന്റെ മുഖമാണ്… ആ കാഴ്ച്ച കാണുന്ന അയാളുടെ ഭാവങ്ങൾ എത്രയോ വട്ടം മനസ്സിൽ സങ്കല്പിച്ചിട്ടുണ്ട്..
എത്ര ചോദിച്ചിട്ടും എങ്ങനെയെന്ന് ഡാഡി ഒരിക്കലും പറഞ്ഞില്ല.. ജയിംസിന്റെ ജീവിതം തകർന്നു കാണുക എന്ന ലക്ഷ്യത്തിനപ്പുറം മറ്റൊരു വിചാരവുമില്ലാതിരുന്നത് കൊണ്ടു കൂടുതലൊന്നും തിരക്കിയതുമില്ല..
കോളേജിൽ വെച്ചേ പുറകെ ഉണ്ടായിരുന്ന ആദി സത്യത്തിൽ ഒരു ശല്യം തന്നെ ആയിരുന്നു.. പഠിത്തവും ജയിംസിന്റെ തകർച്ചയും ഒക്കെ കഴിഞ്ഞതിനു ശേഷമാണ് ഡാഡിയുടെ ബിസിനസ് പാർട്ണർ ആയിരുന്നയാളുടെ ഫാമിലിയിൽ പെട്ടതാണ് ആദിയും എന്നറിയുന്നത്.. എന്നതായാലും ഒരു ലൈഫ് പാർട്ണർ വേണം.. ബെസ്റ്റ് ചോയ്സ് ആദിദേവ് തന്നെയായിരുന്നു.. തന്നോടുള്ള അന്ധമായ ആരാധനയുമായി നടക്കുന്നവന് തന്റെ കുറവുകൾ ഒരു വിഷയമാവില്ലെന്ന ആത്മവിശ്വാസമുണ്ടായിരുന്നു…
പക്ഷെ ഇപ്പോൾ… നരുന്തു പോലുള്ള ആ പെണ്ണ്.. ജയിംസിന്റെ കണ്ണിലെ പ്രണയം… ആ സന്തോഷം… വീണ്ടും ഉറക്കം കെടുത്തുന്നു..
ട്രീസ പല്ലുകൾ ഞെരിച്ചു..
ജെയിംസ് എപ്പോഴും താരയോടൊപ്പം ഉണ്ടായിരുന്നു..
“ആക്‌സിഡന്റ് പറ്റിയ ഒരാൾ ഇത്രയും സന്തോഷത്തോടെ ഇരിക്കുന്നത് ഞാൻ ആദ്യം കാണുവാ കൊച്ചേ.. ”
ബെഡ്‌റൂമിൽ അവൾക്കരികെ ഇരിക്കുമ്പോൾ ജെയിംസ് പറഞ്ഞു..
“ആക്‌സിഡന്റ് ആയത് കൊണ്ടല്ലേ ഈ വെട്ടുപോത്തിന്റെ ഉള്ളിലെ സ്നേഹം ഇത്ര പെട്ടെന്ന് പുറത്തേക്ക് വന്നത്..”
പറഞ്ഞതും താര നാക്കു കടിച്ചു..
“ആരാടി വെട്ടുപോത്ത്.. അന്ന് പറഞ്ഞത് ഞാൻ മറന്നിട്ടൊന്നുമില്ല.. ”
ജെയിംസ് തനിക്കരികിലേക്ക് നീങ്ങിയതും താര കണ്ണുകൾ ഇറുകെ അടച്ചു. അനക്കം ഒന്നും കേൾക്കാതിരുന്നപ്പോൾ അവൾ പതിയെ മിഴികൾ തുറന്നു.. ആ മുഖം തൊട്ടരികെയുണ്ടായിരുന്നു..
“പേടിച്ചു പോയോ കൊച്ച്..? ”
“ങുഹും.. ”
“ഒട്ടും.. ”
“ഇല്ല.. ഈ വെട്ടു പോത്തിന്റെ ദേഷ്യം എനിക്ക് താങ്ങാവുന്നതേയുള്ളൂ.. ”
“പിന്നേ…? ”
ആ പതിഞ്ഞ ചിരി പുറത്തേക്ക് വന്നു തുടങ്ങിയിരുന്നു..
“എന്റെ മനസ്സിലോളം എത്തുന്ന ഈ നോട്ടം.. ഞാൻ മനസ്സിൽ ഒളിപ്പിച്ചു വെച്ചതെല്ലാം കാണുന്നുണ്ടെന്ന തോന്നൽ… ”
ജെയിംസ് പൊട്ടിച്ചിരിച്ചതും താര രണ്ടു കൈകൾ കൊണ്ടും അയാളുടെ നെഞ്ചിൽ പിടിച്ചു തള്ളി.. ജെയിംസ് അപ്പോഴേക്കും അവാളുടെ കൈകളിൽ പിടിച്ചിരുന്നു.. ആ നെഞ്ചിൽ തല ചായ്ച്ചിരിക്കുമ്പോൾ അയാളുടെ ഹൃദയമിടിപ്പ് താരയ്ക്ക് കേൾക്കാമായിരുന്നു..
പിറ്റേന്ന് വർമ്മയോടൊപ്പം ജോഗിങ്ങിന് പോയി തിരികെ വരുമ്പോൾ പൊടുന്നനെയാണ് അദ്ദേഹം ചോദിച്ചത്..
“തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കിട്ടിയോ..? ”
ജെയിംസ് സംശയത്തോടെ വർമ്മയെ നോക്കി..
“വര്ഷങ്ങളായി തന്റെ ഉള്ളിൽ കൊണ്ടു നടക്കുന്ന ചില ചോദ്യങ്ങൾ.. ആര്.. എങ്ങിനെ… എന്തിന് വേണ്ടി … ഇതിനൊക്കെയുള്ള ഉത്തരങ്ങൾ.. ”
ജെയിംസിന്റെ മറുപടിയ്ക്ക് കാക്കാതെ വർമ്മ തുടർന്നു..
“ഉത്തരങ്ങളിൽ ചിലത് എന്റെ കൈവശം ഉണ്ട്.. ഞാനാണ്.. ഞാനാണ് അയാളെ കൊന്നത്.. ”
ജെയിംസ് വിശ്വസിക്കാനാവാതെ ജഗന്നാഥ വർമ്മയെ നോക്കി…
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സൂര്യകാന്തിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
“ആരോ ഒരാൾ ” അടുത്ത് തന്നെ മറ നീക്കി പുറത്ത് വരും.. രണ്ടു മൂന്നു പാർട്ടുകൾ കൂടെ.. 💕
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission