താര ബെഡ്ഷീറ്റ് നേരേയാക്കി ഇടുന്നതിനിടയിൽ ബാൽക്കണിയിലേക്ക് ഒന്ന് പാളി നോക്കി..
ജെയിംസ് ഗ്ലാസ്സും കൈയിൽ പിടിച്ചു പുറത്തെ ഇരുട്ടിലേക്ക് നോക്കി നിൽക്കുന്നത് കണ്ടു..
ഒന്ന് മടിച്ചു നിന്നിട്ട് താര ബെഡിന്റെ ഒരു സൈഡിൽ കയറി കിടന്നു.. പുതപ്പെടുത്തു ദേഹത്തിട്ടു..
ഉറക്കം വന്നില്ല.. ആദ്യമായാണ് ഒരന്യ പുരുഷനൊപ്പം ഒരു മുറിയിൽ…
കണ്ണുകൾ അടയാൻ തുടങ്ങിയെങ്കിലും മനസ്സ് ഉറക്കത്തിലേക്ക് വീഴാൻ മടിച്ചു നിൽക്കുന്നതിനിടയിലെപ്പോഴോ ബാൽക്കണിയിലേക്കുള്ള വാതിൽ അടയുന്ന ശബ്ദം കേട്ടു.. താര മിഴികൾ അടച്ചു തന്നെ കിടന്നു..
ബെഡ് ലാമ്പിന്റെ നേർത്ത വെളിച്ചത്തിൽ ജെയിംസ് തന്റെ അരികിൽ വന്നു നിൽക്കുന്നത് താര അറിഞ്ഞിരുന്നു..
ഒന്ന് രണ്ടു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി നിന്നിട്ട് അയാൾ അവളുടെ പുതപ്പെടുത്തു നേരേയിട്ടു..
തന്റെ വലത് വശത്തായി ജെയിംസ് വന്നു കിടന്നത് അറിഞ്ഞിട്ടും താര കണ്ണുകൾ തുറക്കാതെ അങ്ങനെ തന്നെ കിടന്നു..
ജെയിംസ് തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് താര അറിയുന്നുണ്ടായിരുന്നു.. ഉറക്കം വരുന്നുണ്ടാവില്ല..
ആ മനസ്സിൽ ഇപ്പോൾ എന്തായിരിക്കും..? ഏതെങ്കിലും ഒരു കോണിൽ താനുണ്ടാവുമോ..?
ചിന്തകളിൽ എപ്പോഴെങ്കിലും അയാളുടെ ലക്ഷ്യത്തിലേക്കുള്ള വഴി എന്നതിൽ കവിഞ്ഞു തന്റെ പേര് ഓർത്തിട്ടുണ്ടാവുമോ..?
പക്ഷെ പൊതിഞ്ഞു പിടിക്കാൻ ശ്രെമിക്കുന്നുണ്ടെങ്കിലും ഉള്ളിലെവിടെയോ തന്നോട് ഒരു സോഫ്റ്റ് കോർണറുണ്ട്..
അത് ഒരു പക്ഷേ നിസ്സഹായതയോടെ നിൽക്കുന്ന ഒരാളോടുള്ള സഹതാപവുമാവാം…
ജെയിംസിന്റെ ശ്വാസഗതി മാറി തുടങ്ങിയിരുന്നു.. ഉറങ്ങിയെന്നു ഉറപ്പായപ്പോൾ താര പതിയെ തിരിഞ്ഞു കിടന്നു.. ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ നീളമുള്ള പീലികൾ നിറഞ്ഞ കണ്ണുകൾ അടച്ചു വെച്ചിരുന്ന മുഖം ശാന്തമായിരുന്നു..
വെറുതെ അങ്ങനെ നോക്കി കിടക്കുന്നതിനിടെ താര ഒന്ന് പുഞ്ചിരിച്ചു.. പിന്നെ മനസ്സിൽ പറഞ്ഞു..
“ഇത്രയും ആണുങ്ങൾ ഈ ലോകത്ത് ഉണ്ടായിട്ടും എനിക്ക് ചെന്നു ചാടാൻ തോന്നിയത് ഈ വെട്ടു പോത്തിന്റെ മുൻപിലാണല്ലോ എന്റെ കൃഷ്ണ.. അതും എന്നെങ്കിലും എന്നെ സ്നേഹിക്കുമോ ഇല്ലയോ എന്ന് പോലും ഉറപ്പില്ല… ”
“എന്നെ നോക്കി കിടക്കാതെ കണ്ണടച്ചേച്ച് കിടന്നുറങ്ങാൻ നോക്ക് കൊച്ചേ… ”
കണ്ണുകൾ തുറക്കാതെ തന്നെയായിരുന്നു പറഞ്ഞത്.. താര ചൂളിപ്പോയിരുന്നു.. എന്തെങ്കിലും പറഞ്ഞാൽ പണി കിട്ടുമെന്ന് അറിയാവുന്നത് കൊണ്ടു അവൾ പതിയെ ചരിഞ്ഞു കട്ടിലിന്റെ ഓരം ചേർന്നു കിടന്നു..
പകുതി തുറന്ന കണ്ണുകൾക്കിടയിലൂടെ അവളെ നോക്കിയ ജയിംസിന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നിരുന്നു…
പിന്നെ തിരിഞ്ഞു നോക്കാൻ താരയ്ക്ക് ധൈര്യം തോന്നിയില്ല.. അങ്ങനെ കിടന്നു എപ്പോഴോ ഉറങ്ങി പോയി…
രാവിലെ ഇത്തിരി വൈകിയാണ് ഉണർന്നത്.. കണ്ണുകൾ പതിയെ തുറക്കുമ്പോൾ പെട്ടെന്നുള്ള ഓർമ്മയിൽ ഇടതു വശത്തേക്ക് നോക്കി..
ജെയിംസ് അവിടെ ഉണ്ടായിരുന്നില്ല… പുതപ്പ് മടക്കി വെച്ചിട്ടുണ്ട്..
താര കുളിയൊക്കെ കഴിഞ്ഞാണ് പുറത്തേക്കിറങ്ങിയത്.. താഴേയ്ക്കുള്ള ഗോവണി പടികൾ ഇറങ്ങുമ്പോൾ ഒരാൾ താഴത്തെ പടിയിൽ നിൽക്കുന്നത് കണ്ടു..
ടീനുച്ചേച്ചി… അല്ല ട്രീസ..
താര ചിരിയോടെ മുഖമുയർത്തിയെങ്കിലും ട്രീസയുടെ മുഖത്ത് ഗൗരവമായിരുന്നു..
“താര എനിക്ക് നിന്നോടൊന്ന് സംസാരിക്കണം.. ”
“അതെനെന്തിനാ ഈ മുഖവുരയൊക്കെ, ചേച്ചി പറഞ്ഞോളൂ… ”
ട്രീസ ചുറ്റുമൊന്ന് കണ്ണോടിക്കുന്നത് താര കണ്ടു.. പതിഞ്ഞ ശബ്ദത്തിലാണു ചോദിച്ചത്..
“ജെയിംസിനെ നിനക്കെങ്ങിനെ അറിയാം..? ”
താര ട്രീസയുടെ മുഖത്തേക്ക് ഒന്ന് നോക്കി.. പിന്നെ ചിരിയോടെ പറഞ്ഞു..
“എന്ത് ചോദ്യാണിത് ചേച്ചി.. ജെയിംസ് എന്റെ ഭർത്താവല്ലേ.. ”
“താര..മറ്റുള്ളവരെ പറ്റിക്കുന്നത് പോലെ എന്നെ പറ്റിക്കാൻ നോക്കണ്ടാ.. ജയിംസിന്റെ മനസ്സിൽ നിന്നും നാൻസിയെ പറിച്ചെറിയാനും അവിടെ വേറൊരു പെണ്ണിനെ പ്രതിഷ്ഠിക്കാനുമൊന്നും എളുപ്പമല്ലെന്ന് എനിക്കറിയാം.. നിനക്ക് എത്ര കാലമായി അയാളെ അറിയാം..? ”
“രണ്ടു വർഷം.. ”
“അത്രയല്ലേ ഉള്ളൂ.. എനിക്ക് ഓർമ്മ വെച്ച നാള് മുതൽ ജെയിംസ് ആന്റണിയെ എനിക്ക് അറിയാം.. സ്നേഹമാണെന്ന് പറഞ്ഞു അയാൾ നിന്റെ പിറകെ കൂടി ഇവിടെ വരെ എത്തിയെങ്കിൽ അതിന് പുറകിൽ ചെറുതല്ലാത്ത ഉദ്ദേശം കാണും.. വിശ്വസിക്കരുത്… ചതിക്കും… ”
താര വീണ്ടും ചിരിച്ചു.. പിന്നെ പറഞ്ഞു..
“ചേച്ചിയ്ക്ക് തെറ്റി…ജെയിംസ് എന്റെ പുറകെ സ്നേഹം നടിച്ചു നടന്നതല്ല..ഞാൻ പുറകെ നടന്നു പിടിച്ചെടുത്തതാണ് ആ സ്നേഹം.. ”
താരയുടെ കണ്ണുകളിൽ നിറഞ്ഞ സ്നേഹം കണ്ടതും ട്രീസയുടെ ഉള്ളിൽ ഒരാന്തലുയർന്നു..
“തന്റെ ഏട്ടത്തിയമ്മയ്ക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടല്ലോ കൊച്ചേ.. ”
ആ ശബ്ദം കേട്ടാണ് രണ്ടു പേരും നോക്കിയത്.. ജെയിംസ് അവർക്കരികിലേക്ക് എത്തിയിരുന്നു.. താര വേഗം അയാളുടെ അടുത്തേക്ക് നീങ്ങി ചേർന്നു നിന്നു..
ട്രീസയുടെ കണ്ണുകൾ ഒന്ന് കുറുകി..
“ചേച്ചിയെ കുറ്റം പറയാൻ പറ്റില്ലെന്നേ.. ഈ വെട്ടു പോത്തിനെ ഞാൻ എങ്ങനെ വളച്ചെടുത്തെന്ന് ആർക്കായാലും സംശയം തോന്നും.. ”
“എന്നിട്ട് സംശയമൊക്കെ തീർന്നോ ട്രീസ ഡേവിഡ്..? ഓ സോറി ട്രീസ ആദിദേവ്..? ”
താരയുടെ ചുമലിൽ കൈ ചുറ്റി ചേർത്ത് പിടിച്ചു കൊണ്ടാണ് ജെയിംസ് ചോദിച്ചത്.. ആ സ്പർശനത്തിൽ ഒന്ന് ഞെട്ടിയെങ്കിലും താര അത് മുഖത്ത് കാണിക്കാതെ നിന്നു..
താരയുടെ ചുമലിൽ വെച്ച കൈയിലേക്കും തന്റെ മുഖത്തേക്കും സംശയത്തോടെ ട്രീസയുടെ മിഴികൾ മാറി മാറി സഞ്ചരിക്കുന്നത് കണ്ടപ്പോൾ ജെയിംസ് താരയെ ഒന്നും കൂടെ ചേർത്ത് പിടിച്ചു..
“തന്നെ മുത്തശ്ശൻ അന്വേഷിച്ചു.. അതാ ഞാൻ തിരക്കി വന്നത്.. ”
ട്രീസയെ നോക്കി ചിരിച്ചു കൊണ്ടു പോവാൻ തിരിഞ്ഞതും താര ചോദിച്ചു..
“ഇച്ചായൻ എന്താ രാവിലെ എന്നെ വിളിക്കാതിരുന്നത്..? ”
“അതോ.. കൊച്ച് ഇന്നലെ ഒട്ടും ഉറങ്ങിയിട്ടില്ലായിരുന്നല്ലോ അതാ.. ”
അമർത്തിയ ശബ്ദത്തിൽ പറഞ്ഞിട്ട് ജെയിംസ് ചിരിയോടെ താരയെ നോക്കി കണ്ണിറുക്കി..
പുകഞ്ഞു നിൽക്കുന്ന ട്രീസയെ നോക്കി നാണത്തിൽ ഒന്ന് ചിരിച്ചിട്ട് താര ജെയിംസിന്റെ ചുമലിൽ ഒന്ന് തട്ടി..
“ശോ.. ഈ ഇച്ചായൻ… ഒരു നാണവുമില്ല… ”
തിരിഞ്ഞു നടക്കുന്നതിനിടെ ജെയിംസ് ട്രീസ കേൾക്കാൻ പാകത്തിൽ പറഞ്ഞു..
“എന്നാത്തിനാടി കൊച്ചേ ഞാൻ നാണിക്കുന്നേ, ഞാൻ എന്റെ കെട്ട്യോളോടല്ലേ പറഞ്ഞേ.. ”
ജെയിംസിനോട് ചേർന്നു നടക്കുന്നതിനിടെ, വാതിൽക്കൽ എത്തിയപ്പോൾ പതിയെ തലയൊന്ന് ചരിച്ചപ്പോൾ തങ്ങളെ തന്നെ നോക്കി നിന്ന ട്രീസയുടെ കണ്ണുകളിൽ പക നിറയുന്നത് താര കണ്ടു…
വാതിൽ കടന്നതും ജെയിംസ് താരയുടെ ചുമലിൽ നിന്നും കൈ വലിച്ചു..
“കിട്ടിയ ചാൻസിനു കേറിയങ്ങ് ഒട്ടാതെ വിട്ടു നടക്കടീ.. ”
“അയ്യടാ.. കിട്ടിയ ചാൻസിന് കേറി പിടിച്ചതും പോരാ.. ഇപ്പോൾ കുറ്റം എനിക്കായോ..? ”
“അത്.. ഞാൻ ആ പിശാചിന്റെ മുന്നിൽ അവളുടെ സംശയം അങ്ങ് തീർത്തു കൊടുക്കാമെന്നു വെച്ചാ.. ”
“ഉം.. ഉം.. ”
താര മൂളലോടെ ഒന്ന് ആക്കി ചിരിച്ചു..
“എന്നാടി.. മൂളുന്നെ.. ”
താര ചിരിച്ചതേയുള്ളൂ..
“അല്ല.. ഇന്നലെ ആരാണ്ടൊക്കെയോ ഉറക്കം വരാതെ എന്റെ മുഖത്തേക്കും നോക്കി കിടക്കുന്നത് കണ്ടായിരുന്നു.. ”
“ഞാനൊന്നും.. ”
താരയെ പൂർത്തിയാക്കാൻ ശ്രെമിക്കാതെ ജെയിംസ് പറഞ്ഞു..
“നോക്കിയില്ല എന്നല്ലേ.. ”
കുസൃതി ചിരിയോടെ ജെയിംസ് പറഞ്ഞതും താരയുടെ മുഖം തുടുത്തു..
“നിന്നെയൊക്കെ ആരാടി പിടിച്ചു ഡോക്ടർ ആക്കിയത്.. അരപ്പിരി ലൂസ്.. ”
താരയുടെ മുഖം മാറി..
“മിസ്റ്റർ ജെയിംസ് ആന്റണി സമയം കിട്ടുമ്പോൾ എന്റെ ഹോസ്പിറ്റലിലോട്ട് ഒന്ന് വാ.. സംശയം തീർക്കാൻ… ”
ജെയിംസ് അവളെ കളിയാക്കുന്ന മട്ടിൽ ചിരിച്ചെങ്കിലും താര മുഖം വീർപ്പിച്ചു മുന്നിൽ കയറി നടന്നു..
“ഇത് തന്നെയാ ഞാൻ പറഞ്ഞത്.. നഴ്‌സറി പിള്ളേരെ പോലെ കെറുവിച്ച് നടക്കുന്ന ഒരു ഡോക്ടർ.. ”
താര അയാളെ തുറിച്ചു നോക്കി..
“സത്യം പറഞ്ഞാൽ ഈ കളികളൊക്കെ കാണുമ്പോൾ എനിക്ക് എന്റെ ആനി കൊച്ചിനെ ആണ് ഓർമ്മ വരുന്നത്.. ”
താരയുടെ മുഖം ഇരുണ്ടു..
“ഞാനേ നിങ്ങളുടെ പെങ്ങളല്ല.. നേരത്തെ പറഞ്ഞില്ലേ കെട്ട്യോളാണെന്ന്.. സഹോദരിയെ ആരും വിവാഹം കഴിക്കില്ല.. ”
താരയുടെ സ്വരം കടുത്തിരുന്നു.. അവൾ ജഗന്നാഥവർമ്മയുടെ ഓഫീസ് മുറിയിലേക്ക് കയറി..
“ഹാ എത്തിയോ.. ഞാൻ കാത്തിരിക്കുകയായിരുന്നു.. ”
വർമ്മ സോഫയിൽ ഇരിക്കുകയായിരുന്നു..
താരയും ജെയിംസും അദ്ദേഹത്തിന് എതിരെയുള്ള സോഫയിൽ ഇരുന്നു..
“ജെയിംസിനോട് ഞാൻ നേരത്തേ സംസാരിച്ചിരുന്നു.. ഇന്ന് ഒഫീഷ്യൽ എൻക്വയറി ഉണ്ടാവുമെന്ന് ദേവൻ പറഞ്ഞിരുന്നു.. അവരോട് മാത്രമല്ല മീഡിയാസിന്റെ ചോദ്യങ്ങൾക്കും ഉത്തരം പറയേണ്ടി വരും.. എല്ലാം പ്രീപ്പയേഡ് ആയിരിക്കണം.. ”
“ഞാൻ റെഡി ആണ് മുത്തശ്ശാ.. ”
താരയുടെ മറുപടിയിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു..
“നീ കരുതുന്നത് പോലെ ഈസി അല്ല കാര്യങ്ങൾ.. ”
വർമ്മ താരയെ നോക്കി..
“എനിക്കറിയാം മുത്തശ്ശാ.. ഒരുപാട് കള്ളങ്ങൾ പറയുമ്പോഴാണ് അതിനെ കവർ ചെയ്തു വെക്കാൻ ശ്രെമിക്കേണ്ടി വരുന്നത്.. നമ്മൾ ആകെ പറയാതെ ഇരിക്കുന്നത് എന്നെ തട്ടി കൊണ്ടു പോയ കാര്യം മാത്രമാണ്.. ”
“അപ്പോൾ ജെയിംസും നീയും തമ്മിലുള്ള ബന്ധം.. ”
“ഞാൻ പറഞ്ഞ എല്ലാ കാര്യങ്ങൾക്കും വ്യക്തമായ തെളിവുകൾ ഉണ്ട്.. പോലീസ് എങ്ങനെ അന്വേഷിച്ചാലും ഞാൻ പറയുന്നത് കള്ളമാണെന്ന് തെളിയിക്കാൻ ആവില്ല.. ”
വർമ്മയുടെ മുഖത്തെ സംശയം മാഞ്ഞില്ല..
“ആദ്യത്തെ കാര്യം പറയാം.. ഇച്ചായനുമായുള്ള പ്രണയം.. രണ്ടു വർഷങ്ങൾക്ക് മുൻപ് ഞാൻ ഇച്ചായൻ താമസിച്ചതിനടുത്തുള്ള ആദിവാസി ഊരിലാണ് ക്യാമ്പിന് പോയത്.. അന്ന് കയത്തിൽ വീണ എന്നെ രക്ഷിച്ചത് ജെയിംസ് ആന്റണിയാണ്.. ”
വർമ്മ അത്ഭുതത്തോടെ ജെയിംസിനെ നോക്കിയെങ്കിലും അയാളുടെ മുഖത്ത് ഭാവമാറ്റം ഉണ്ടായില്ല..
“അന്ന് അപകടത്തിൽ പെട്ട താരയെ രക്ഷിച്ചത് ഞാനാണ്.. പക്ഷെ താരയ്ക്ക് ബോധം വരുന്നതിന് മുൻപേ ഞാൻ അവിടെ നിന്നും പോയിരുന്നു.. ആരോ ഒരാൾ രക്ഷിച്ചുവന്നേ താരയ്ക്ക് അറിയാമായിരുന്നുള്ളൂ.. എനിക്കും വലിയ ഓർമ്മയൊന്നും ഉണ്ടായിരുന്നില്ല.. പിന്നീടാണ് ഞാൻ താരയെ തിരിച്ചറിഞ്ഞത്.. ”
ജെയിംസ് പറഞ്ഞു നിർത്തിയതും താര തുടങ്ങി..
“പോലീസ് അന്വേഷിച്ചാൽ ഈ കാര്യം നടന്നതാണെന്ന് അവർക്ക് മനസിലാവും.. അന്ന് അവിടെ എന്റെ കൂടെ ക്യാമ്പിൽ ഉണ്ടായിരുന്നവർ സാക്ഷികളാണ്..അതിന് ശേഷമാണ് എന്നെ ആപത്തിൽ നിന്നും രക്ഷിച്ചയാളോട് എനിക്ക് പ്രണയം തുടങ്ങുന്നത്.. ജെയിംസ് ഉള്ള സ്ഥലങ്ങളിൽ പല തവണ ഞാൻ യാത്ര ചെയ്തിട്ടുണ്ട്.. അതിനും തെളിവുകളുണ്ട്.. പക്ഷേ ഞാൻ ജെയിംസിനെ കണ്ടിരുന്നോ ഇല്ലയോ എന്നത് അവർക്ക് ഉറപ്പിക്കാൻ ആവില്ല.. ജെയിംസിനോടുള്ള ഇഷ്ടം കൊണ്ടു പിറകെ നടന്നു എന്നതിൽ ഞാൻ ഉറച്ചു നിൽക്കും.. ”
വർമ്മ മാത്രമല്ല ജെയിംസും തെല്ല് അത്ഭുതത്തോടെ താരയെ നോക്കി..
“അടുത്തത് ആക്‌സിഡന്റ് ഉണ്ടായ സമയത്തുള്ള എന്റെ യാത്ര.. ക്യാമ്പിൽ എത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ മുത്തശ്ശൻ വിളിച്ചിട്ടാണ് ഞാൻ നാട്ടിലേക്ക് വരാൻ ഇറങ്ങിയത്.. എന്റെ കാറിൽ ആണ് ഞാൻ പോകുന്നത് എന്ന് എല്ലാവരോടും പറഞ്ഞതാണ്.. കാറിൽ കയറുന്നതിനിടെയാണ് അവർ എന്നെ പിടിച്ചു അവരുടെ വണ്ടിയിൽ കയറ്റിയത്.. അതിലൊരുത്തൻ എന്റെ കാറിൽ കയറി..അവൻ മുൻപിലെ വണ്ടിയ്ക്ക് തൊട്ട് പിറകെ തന്നെ ഉണ്ടായിരുന്നു.. എങ്ങിനെ നോക്കിയാലും
താമര കൊക്ക വരെയുള്ള യാത്രയിൽ ആ കാർ വഴിയിൽ ഉണ്ടായിരുന്ന ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടാവണം.. താമരകൊക്കയ്‌ക്ക് അരികെ എത്തിയപ്പോഴാണ് ഞാൻ വണ്ടിയിൽ നിന്നും ചാടിയതും കാട്ടിലേക്ക് കയറിയതും.. പിന്നീട് പറഞ്ഞതെല്ലാം സത്യം തന്നെ ആയിരുന്നു.. ജയിംസിന്റെ ലോറിയുടെ മുൻപിൽ തന്നെയാണ് ഞാൻ എത്തിചേർന്നത് എന്നത് വെറും കോഇൻസിഡെൻസ്.. ”
“ഗുഡ്… ”
വർമ്മ പതിയെ എഴുന്നേറ്റു താരയെ നോക്കി പുഞ്ചിരിച്ചു.. അവളുടെ വിശദീകരണത്തിൽ അയാൾ പൂർണ്ണതൃപ്തനായിരുന്നു..
“മുത്തശ്ശാ.. ജാനകി…? ”
താരയുടെ മുഖത്ത് സങ്കടം നിറഞ്ഞിരുന്നു..
“നമ്മുക്കെന്ത് ചെയ്യാനാവും മോളേ… എല്ലാം അങ്ങനെ അങ്ങ് സംഭവിച്ചു പോയി… ”
“എനിക്ക് കുട്ടികളെ ഒന്ന് കാണണം
മുത്തശ്ശാ… ”
“കാണാം… എല്ലാം ഒന്ന് ഒതുങ്ങട്ടെ.. ”
“ആരാ ഈ ജാനകി…? ”
സോഫയിൽ നിന്നും എഴുന്നേറ്റു കൊണ്ട് ജെയിംസ് ചോദിച്ചു..
“അത്.. താരയുടെ ഒരു പേഷ്യന്റ് ആയിരുന്നു.. അതിലുപരി കാലങ്ങളായി എന്റെ ഡ്രൈവർ ആയിരുന്ന ശിവരാമന്റെ ഭാര്യ.. ”
ജയിംസിന്റെ മുഖം മുറുകി..
“ഈ ശിവരാമൻ…? ”
“അയാൾ മിസ്സിംഗ് ആണ്… വർഷങ്ങളായി കാണാതെ ആയിട്ട്.. അതിൽ പിന്നെയാണ് അയാളുടെ ഭാര്യ ജാനകിയ്ക്ക് ഡിപ്രെഷൻ വന്നത്.. താരയുടെ ട്രീറ്റ്മെന്റിൽ ആയിരുന്നു.. പേഷ്യന്റ് എന്നതിലുപരി ജാനകി ഇവിടുത്തെ ഒരംഗം പോലെ ആയിരുന്നു… ആത്മഹത്യ ചെയ്യുന്നതിന്റെ തലേന്ന് അവൾ താരയെ അന്വേഷിച്ചു വന്നിരുന്നു.. നേരിട്ട് കാണണമെന്ന് പറഞ്ഞു.. അത്യാവശ്യം ആണെന്ന് പറഞ്ഞത് കൊണ്ടു താരയെ വിളിച്ചു പറയാമെന്നു ഞാൻ പറഞ്ഞു.. പക്ഷെ അന്ന് രാത്രി തന്നെ
അവൾ… ”
താരയുടെ കണ്ണുകൾ നിറയാൻ തുടങ്ങുന്നത് ജെയിംസ് കണ്ടു…
“കഴിഞ്ഞു പോയ കാര്യങ്ങൾ ആലോചിച്ചു വിഷമിച്ചിട്ടു കാര്യമില്ല.. ചെല്ല്.. ചെന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്ക്.. ജെയിംസിന് വിശക്കുന്നുണ്ടാവും… നിന്നെ കാത്തിരിക്കുകയായിരുന്നു … ”
താരയുടെ ചുമലിൽ തട്ടി കൊണ്ടു വർമ്മ പറഞ്ഞു..
ജെയിംസും താരയും നടക്കാൻ തുടങ്ങിയതും വർമ വിളിച്ചു..
“ജെയിംസ്… ”
ചോദ്യഭാവത്തിൽ തന്നെ നോക്കിയ ജെയിംസിനരികിലെത്തി വർമ്മ അയാളുടെ കൈകൾ കൂട്ടിപ്പിടിച്ചു..
“എന്റെ പ്രാണനാണ് ഞാൻ തന്നെ ഏൽപ്പിക്കുന്നത്… തന്റെ ജീവൻ കളഞ്ഞും താനവളെ കാക്കുമെന്ന് എനിക്കറിയാം… എന്നാലും… ”
“ഞാനുണ്ടാവും… ”
ജയിംസിന്റെ ശബ്ദം ദൃഢമായിരുന്നു…
ഡൈനിങ്ങ് ഹാളിലേക്ക് നടക്കുമ്പോഴാണ് മുത്തശ്ശി മുൻപിലെത്തിയത്..
“ന്റെ കുട്ട്യേ നിനക്കൊന്ന് വേഗം വന്നൂടെ എത്ര നേരമായി ഇവൻ നിന്നെയും കാത്തിരിക്കുന്നു.. വിശക്കണുണ്ടാവും.. ”
താര മെല്ലെ ചിരിച്ചു… ജെയിംസിനെ നോക്കുമ്പോൾ അവിടെ നൂറു വാട്ട് കത്തിച്ചു വെച്ചിട്ടുണ്ട്…
എങ്ങിനെയാണോ ഇയാൾ എല്ലാവരെയും മയക്കി എടുക്കുന്നെ.. എന്നോട് മാത്രം വെട്ടുപോത്തിന്റെ സ്വഭാവവും…
“മോളേ നീയെന്താ ഇങ്ങിനെ.. കല്യാണം കഴിഞ്ഞിട്ടും കുട്ടിക്കളി മാറാതെ.. ”
താരയുടെ മുഖം പിടിച്ചുയർത്തി കൊണ്ടു അവർ പറഞ്ഞതും ഇനി എന്ത് മരണമാണാവോ എന്നാലോചിക്കുകയായിരുന്നു താര..
“പോയി ആ പൂജാമുറിയിൽ തൊഴുതിട്ട് ചെപ്പിൽ നിന്നും ഇത്തിരി സിന്ദൂരം എടുത്തിട്ടേ.. ഇതൊക്കെ ഇനി ഞാൻ പറഞ്ഞിട്ട് വേണോ.. സുമംഗലികൾ സിന്ദൂരം തൊടാതെ നടക്കാൻ പാടില്യാന്ന് അറിയില്യേ കുട്ടിയ്ക്ക്.. ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊന്നും ശീലമില്ല്യ.. ന്നാലും ഇക്കാര്യത്തിൽ പരിഷ്കാരമൊന്നും ഇവിടെ വേണ്ട.. ”
“ഞാൻ ചെയ്തോളാം മുത്തശ്ശി.. ”
മുത്തശ്ശി അടുത്ത ക്ലാസ്സ് എടുക്കുന്നതിനു മുൻപേ താര പൂജാമുറിയിലേക്ക് നടന്നു.ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ മുത്തശ്ശിയോടൊപ്പം എന്തൊക്കെയോ സംസാരിച്ചു കൊണ്ടു നടക്കുന്നതിനിടയിലും ജെയിംസ് അവളെ നോക്കി ആക്കിച്ചിരിച്ചു…
പൂജാമുറിയിൽ തൊഴുതു കഴിഞ്ഞു സിന്ദൂരചെപ്പിൽ നിന്നും ഒരു നുള്ള് നെറ്റിയിൽ ചാർത്തുമ്പോഴും മരിക്കുന്നത് വരെ ഇതിങ്ങനെ സീമന്ത രേഖയിൽ ഉണ്ടാവണമെന്നായിരുന്നു താര പ്രാർഥിച്ചത്..
തിരികെ എത്തിയപ്പോൾ ഡൈനിങ്ങ് ടേബിളിനരികെ നിന്ന് മുത്തശ്ശി ജെയിംസിന് ഭക്ഷണം വിളമ്പി കൊടുക്കുന്നത് കണ്ടു..
അയാൾക്കെതിരെയുള്ള കസേരയിൽ ഇരുന്നപ്പോൾ ജെയിംസ് ആദ്യം നോക്കിയത് താരയുടെ നെറ്റിയിലേക്കാണ്.. പതിയെ ആ കണ്ണുകളിൽ നിറഞ്ഞ കുസൃതിയിൽ താരയുടെ മുഖം ചുവന്നു.. അവൾ മിഴികൾ താഴ്ത്തി..
കഴിച്ചു കഴിഞ്ഞു ജെയിംസ് പുറത്തേക്ക് നടന്നു.. ഇത്തിരി കഴിഞ്ഞു ഹാളിൽ നിന്നും ഒച്ചപ്പാട് കേട്ടാണ് താര ധൃതിയിൽ അങ്ങോട്ട് നടന്നത്..
ജയിംസിന്റെ കൈയിൽ പിടിച്ചു ആവേശത്തോടെ സംസാരിക്കുന്ന ഒരു പെണ്ണ്.. ജയിംസിന്റെ നോട്ടം കണ്ടു അവൾ പതിയെ താരയ്ക്ക് നേരേ തിരിഞ്ഞതും താര കണ്ടു..
ഭാമേച്ചി…
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സൂര്യകാന്തിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission