ഷോ റൂമിൽ നിന്നും വണ്ടിയുടെ കീ കൈമാറാൻ തുടങ്ങുന്നതിനിടെ സെയിൽസ് എക്സിക്യൂട്ടീവ് ചോദിച്ചു …
“സാറിന്റെ വൈഫ് അല്ലേ..? ”
“അതെ.. ”
മുത്തുവാണ് പറഞ്ഞത്..
“ഒന്ന് ചേർന്നു നിന്നോളൂ മാഡം.. ”
ജെയിംസിന്റെ കൈയിലേക്ക് കീ കൊടുക്കുന്ന ഫോട്ടോ എടുക്കുമ്പോൾ അയാൾ പറഞ്ഞു..
എങ്കിലും ഇത്തിരി ഡിസ്റ്റൻസ് ഇട്ടാണ് താര നിന്നത്.. ചുമ്മാതെന്തിനാ ആൾക്കാരുടെ മുൻപിൽ വെച്ചു അങ്ങേരുടെ വായിൽ വരുന്നതെല്ലാം കേൾക്കാൻ നിൽക്കുന്നത്…
മുത്തുവിനോട് ഓടിക്കാൻ പറഞ്ഞെങ്കിലും അവൻ അതിന് കൂട്ടാക്കിയില്ല.. ഒടുവിൽ ജെയിംസ് ഡ്രൈവർ സീറ്റിലേക്ക് ഇരുന്നപ്പോൾ മുത്തു താരയോട് കയറാൻ ആംഗ്യം കാണിച്ചു കൊണ്ടു ഫ്രണ്ടിലെ ഡോർ തുറന്നു പിടിച്ചു ..
ആളുടെ മുഖഭാവത്തിൽ നിന്നും താൻ കയറി ഇരുന്നത് ഇഷ്ടപ്പെട്ടില്ലെന്ന് താരയ്ക്ക് മനസ്സിലായിരുന്നു…
“ആ ഷോപ്പിംഗ് കോംപ്ലക്സിൽ ഒന്ന് നിർത്തണം എനിക്ക് ഒരു സാധനം വാങ്ങാനുണ്ട്.. ”
താരയെ ഒന്ന് തറച്ചു നോക്കിയെങ്കിലും ജെയിംസ് വണ്ടി അങ്ങോട്ട് തന്നെ തിരിച്ചു..
താര അന്ന് പോയ ജ്വല്ലറിയിലേക്ക് കയറി പോവുന്നത് കണ്ടപ്പോൾ ജെയിംസ് പുച്ഛത്തോടെ ചുണ്ടൊന്നു കോട്ടി..
കുറച്ചു കഴിഞ്ഞു പുറത്തിറങ്ങിയ താര അടുത്തുള്ള ഫാൻസി ഷോപ്പിലും കൂടെ കയറുന്നത് കണ്ടപ്പോൾ ജയിംസിന്റെ ക്ഷമ പരിധി വിട്ടു തുടങ്ങിയിരുന്നു…
കലി കയറിയ മുഖത്തോടെ ഇരുന്ന ജെയിംസിനെ മൈൻഡ് ചെയ്യാതെ കൂളായി താര വന്നു ഡോർ തുറന്നു കാറിൽ കയറി ഇരുന്നു…
തുടർന്നുള്ള യാത്രയിൽ മൗനമായിരുന്നു വണ്ടിയിൽ നിറഞ്ഞത്..
ജയിംസിന്റെ മുഖം കണ്ടാലേ നല്ല ടെൻഷൻ ഉണ്ടെന്ന് അറിയാമായിരുന്നു..
“ദേ പോവുന്നതൊക്കെ കൊള്ളാം.. അവിടെ പോയി എന്നതേലും ഏടാകൂടം ഒപ്പിച്ചാൽ ഡോക്ടർ താര വർമ്മ ജീവിച്ചിരിപ്പില്ല എന്ന വാർത്ത സത്യമാവും.. ”
താര ജെയിംസിനെ നോക്കി അയാൾ കാണാതെ കീഴ്ചുണ്ടൊന്ന് ഉയർത്തി കാണിച്ചു..
പിന്നെ പതിയെ പറഞ്ഞു..
“എനിക്ക് ഒന്നു രണ്ടു കാര്യങ്ങൾ ചോദിച്ചറിയണം.. അത്രേയുള്ളൂ.. ”
ഡ്രൈവിംഗിനിടയിൽ ജെയിംസ് മുഖം ചെരിച്ചു തന്നെ തുറിച്ചു നോക്കുന്നത് കണ്ടിട്ടും താര കാണാത്ത മട്ടിൽ പുറത്തേക്ക് നോക്കി
ഇരുന്നു..
അടിവാരത്ത് എത്തിയപ്പോഴാണ് അവർ ഭക്ഷണം കഴിക്കാൻ കയറിയത്.. ഉച്ചയ്ക്കും ഒന്നും കഴിക്കാതിരുന്നത് കൊണ്ടു എല്ലാവർക്കും നല്ല വിശപ്പുണ്ടായിരുന്നു..
കഴിക്കുമ്പോഴും ജെയിംസ് തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടി..
ഹോട്ടലിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ താര മുത്തുവിനെ ഒന്ന് നോക്കി..
“ഇച്ചായാ നിങ്ങൾ വണ്ടിയിലോട്ട് ഇരുന്നോ.. എനിക്ക് ഒന്ന് വാഷ്റൂമിൽ പോണം… ”
കലിപ്പിൽ മുത്തുവിനെ ഒന്ന് നോക്കി ജെയിംസ് പുറത്തേക്കിറങ്ങിയതും താരയും പിറകെ വെച്ചു പിടിച്ചു..
കാറിൽ കയറി താര അവളുടെ ബാഗ് കൈയിലെടുത്തു..
“ഇച്ചായാ.. ”
പുറത്തേക്ക് നോക്കിയിരുന്ന ജെയിംസ് തല തിരിച്ച് നോക്കിയപ്പോൾ താര കൈകൾ നീട്ടി.. അവളുടെ കൈയിലെ ജ്വല്ലറി ബോക്സിൽ ഒരു മോതിരം ..
താര എന്ന് പേരെഴുതിയ മോതിരത്തിലേക്ക് കണ്ണെത്തിയതും ജയിംസിന്റെ കണ്ണുകൾ ഒന്ന് കുറുകി…
“ഇതെന്നാ…?”
അമർത്തിയ ശബ്ദത്തിലായിരുന്നു ചോദ്യം.. പല്ലുകൾ ഞെരിഞ്ഞമരുന്നത് താരയ്ക്ക് കേൾക്കാമായിരുന്നു.. കണ്ണുകളൊന്ന് ഇറുകെ അടച്ചു ശ്വാസം വലിച്ചു വിട്ടു താര ഒരു ഞൊടിയിടയിൽ സ്റ്റിയറിങ് വീലിൽ വെച്ചിരുന്ന ജയിംസിന്റെ വലതു കൈ പിടിച്ചെടുത്തു.. താര എന്ന് പേരെഴുതിയ മോതിരം ഇത്തിരി ബലം പിടിച്ചു തന്നെ അയാളുടെ മോതിരവിരലിലേക്ക് തള്ളിക്കയറ്റുമ്പോഴും ജെയിംസ് അവളുടെ പ്രവൃത്തി ഉണ്ടാക്കിയ ഷോക്കിൽ നിന്നും വിട്ടു മാറിയിരുന്നില്ല..
ജെയിംസിന്റെ വിരലിൽ ആ മോതിരം ഇത്തിരി ഇറുകിയായിരുന്നു കിടന്നത്.. അടുത്ത നിമിഷം താരയുടെ കൈ തട്ടി മാറ്റി അത് വലിച്ചൂരാൻ ശ്രെമിക്കുന്ന ജയിംസിന്റെ കൈകളിൽ പിടിച്ചു കൊണ്ടു താര പറഞ്ഞു..
“പ്ലീസ്.. ഈ നാടകം കഴിയുന്നത് വരെയെങ്കിലും ഇത് നിങ്ങളുടെ വിരലിൽ കിടക്കണം… ”
പതിയെ താര കൈകൾ പിൻവലിച്ചെങ്കിലും ജെയിംസ് പിന്നെ മോതിരം ഊരാൻ ശ്രെമിച്ചില്ല..
“എനിക്ക് നിങ്ങളോട് പ്രണയമാണ്.. അത് ഞാൻ നിഷേധിക്കുന്നില്ല.. വെറുതെയെങ്കിലും കഴുത്തിൽ താലി കെട്ടിയ ആൾ എന്ന കൗതുകത്തിലാണ് നിങ്ങളെ പറ്റി അറിയാൻ ശ്രെമിച്ചത്.. പിന്നീടെപ്പോഴോ ഞാൻ പോലും അറിയാതെ നിങ്ങൾ എന്റെ മനസ്സിലേക്കങ്ങു കയറി.. ഇനി താരയുടെ ജീവിതത്തിൽ ഒരു പുരുഷൻ ഉണ്ടെങ്കിൽ അത് ജെയിംസ് ആന്റണി ആയിരിക്കും.. ”
താരയുടെ ഓരോ വാക്കിനും നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ടിരുന്ന ജയിംസിന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു..
“പക്ഷെ നിങ്ങളെ സ്വന്തമാക്കണമെന്ന് ഞാൻ പിടിവാശി കാണിക്കില്ല.. ഒരു പക്ഷെ ഈ ജന്മം നിങ്ങൾക്കെന്നെ സ്നേഹിക്കാൻ കഴിയില്ലായിരിക്കും.. എന്നാലും പരാതിയില്ല.. ഒരാളെ പ്രണയിക്കാൻ അയാളുടെ അറിവോ സമ്മതമോ ഒന്നും ആവശ്യമില്ലല്ലോ.. ”
താര പുറത്തേക്ക് നോക്കി കൊണ്ടാണ് പറഞ്ഞത്..
“ഞാൻ ചെയ്യുന്നതെല്ലാം വിപരീതാർത്ഥത്തിൽ എടുക്കരുത്.. ഇതെല്ലാം എന്തിനാണെന്ന് നിങ്ങൾക്ക് വൈകാതെ മനസ്സിലാവും..നിങ്ങളുടെ ലക്ഷ്യം എന്തായാലും അത് പൂർത്തിയാവുന്നത് വരെ ഞാൻ കൂടെയുണ്ടാവും… ”
ജെയിംസ് ഒന്നും മിണ്ടിയില്ല..
താര പുറത്തേക്ക് നോക്കി ആത്മനിന്ദ കലർന്ന ശബ്ദത്തിൽ ഒന്ന് ചിരിച്ചു.. പിന്നെ തുടർന്നു..
“നിങ്ങളുടെ സാന്നിധ്യത്തിൽ ഞാൻ മറ്റാരോ ആണ്.. എനിക്കോ എന്നെ അറിയുന്നവർക്കോ ഒട്ടും പരിചയമില്ലാത്ത മറ്റൊരു താര വർമ്മ.. സൈക്യാട്രിസ്റ്റ് ഒക്കെയാണെങ്കിലും ഒരിക്കലും ഒരു പുരുഷനോട് പ്രണയം തുറന്നു പറയാനുള്ള ഗട്ട്സ് ഒന്നും എനിക്കുണ്ടാവുമെന്ന് ഞാൻ കരുതിയിരുന്നില്ല.. പക്ഷെ… ”
“എടോ… താര..താൻ എന്നതാ ഈ പറയുന്നതൊക്കെ… ഞാൻ… തനിക്കൊന്നും അറിയത്തില്ല…കൊച്ച് ഈ കാണുന്നതൊന്നുമല്ല ജെയിംസ് ആന്റണി.. ”
“പ്രണയം തോന്നിപ്പോയാൽ പിന്നെ മാറ്റാൻ പാടാണ് ഇച്ചായാ.. പ്രത്യേകിച്ചു എന്നെ പോലൊരു വട്ടിന്റെ ഡോക്ടർക്ക്.. ”
“നിനക്കേ വട്ട് തന്നെയാ.. നല്ല മുഴുത്ത പ്രാന്ത്.. അവളുടെ ഒരു പ്രേമം.. അതും എന്നോട്.. ”
താര പൊട്ടിച്ചിരിച്ചു..
“ദേ ഇതും കൂടെ വേണം നമ്മുടെ വേഷം കെട്ടലിൽ.. എന്നാലേ പെർഫെക്ട് ആവൂ…”
ബാഗിൽ നിന്നും ഒരു സിന്ദൂരം ചെപ്പ് എടുത്തു കൊണ്ടു താര പറഞ്ഞു..
ജെയിംസ് എന്തോ പറയാൻ തുടങ്ങിയതും മുത്തു വന്നു ബാക്ക് ഡോർ തുറന്നു…
താര പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു… ജയിംസിന്റെ കണ്ണുകൾ ഇടയ്ക്കിടെ അവളെ തേടി വന്നിരുന്നു..
പനമരത്തു നിന്നും ഇത്തിരി ഉള്ളിലേക്കായിട്ടാണ് ബെന്നിച്ചന്റെ വീട്.. ചെറിയൊരു കയറ്റത്തിന് താഴെയുള്ള റോഡിൽ ജെയിംസ് വണ്ടിയൊതുക്കി.താര മുടി ഒതുക്കി വെക്കുന്നതിനിടയിൽ ഒരു നുള്ള് സിന്ദൂരം സീമന്ത രേഖയിലിട്ടത് ജെയിംസ് കണ്ടിരുന്നു.. താര അയാളെ നോക്കിയതേയില്ല..
മുത്തുവും താരയും പുറത്തിറങ്ങിയിട്ടും ജെയിംസ് വണ്ടിയിൽ നിന്നും ഇറങ്ങിയില്ല.. താര അയാളുടെ സൈഡിലേക്ക് വന്നു.
“ഞങ്ങൾ പോയി വരാം.. ”
എങ്ങോട്ടോ നോക്കി കനത്ത ഒരു മൂളലായിരുന്നു മറുപടി..
കയറ്റം കയറുന്നതിനിടെ താര തിരിഞ്ഞു നോക്കിയപ്പോൾ കാറിൽ നിന്നും ജെയിംസ് അവരെ തന്നെ നോക്കിയിരിക്കുകയായിരുന്നു.. അവൾ നോക്കുന്നത് കണ്ടതും അയാൾ നോട്ടം മാറ്റി..
കാപ്പി തോട്ടത്തിനു നടുവിലുള്ള ആ ചെറിയ വീട്ടിലേക്ക് കയറുമ്പോൾ താരയുടെ ഹൃദയമിടിപ്പ് കൂടിയിരുന്നു..
ബെല്ലടിച്ചത് മുത്തുവാണ്.. വാതിലിന് സൈഡിലെ ജനാലയിൽ കൂടെ കർട്ടൻ മാറ്റി ആരോ എത്തി നോക്കുന്നത് കണ്ടതും താര മുത്തുവിന്റെ കൈ പിടിച്ചു മറുവശത്തേക്ക് നീങ്ങി നിന്നു.. അഞ്ചു മിനിറ്റ് കഴിഞ്ഞാണ് വാതിൽ തുറന്നത്.. ബെന്നിച്ചനായിരിക്കും എന്ന് താര മനസ്സിൽ കരുതി..
ഒരു നിമിഷം കഴിഞ്ഞു അയാളുടെ പുറകിൽ എത്തിയ സുന്ദരിയായ സ്ത്രീയിൽ താരയുടെ നോട്ടമെത്തി.. ഐശ്വര്യം നിറഞ്ഞ മുഖത്തെ ചെറു പുഞ്ചിരി മുത്തുവിനെ കണ്ടതും അപ്രത്യക്ഷമായി.. രണ്ടുപേരും തങ്ങൾക്ക് പുറകിലേക്ക് നോക്കുന്നത് കണ്ടതും ജെയിംസിനെ തിരയുകയാണെന്ന് താരയ്ക്ക് മനസ്സിലായി..
“ഇച്ചായൻ വന്നിട്ടില്ല… ”
മുത്തുവിന്റെ വാക്കുകൾ കേട്ടപ്പോൾ
ഒരു നിമിഷാർദ്ധം കൊണ്ടു ബെന്നിച്ചന്റെ മുഖത്ത് മിന്നി മാഞ്ഞത് ആശ്വാസഭാവമായിരുന്നെന്ന് താരയ്ക്ക് തോന്നി..
“മുത്തു കയറി വരൂ.. ”
മുത്തുവിനോടായി പറഞ്ഞെങ്കിലും രണ്ടു പേരുടെയും നോട്ടം താരയിലായിരുന്നു..
“ഞാൻ താര ജെയിംസ്.. ജെയിംസ് ആന്റണിയുടെ ഭാര്യ..
ബെന്നിച്ചന്റെയും നാൻസിയുടെയും മുഖത്തെ ഞെട്ടൽ താര കണ്ടു.. അവിശ്വസനീയതയോടെ നാൻസി താരയെ നോക്കി..
“എനിക്ക് നാൻസിയോട് ഒന്ന് സംസാരിക്കണം.. തനിച്ച്… ”
നാൻസിയുടെ മുഖം വിളറി.. പക്ഷേ ബെന്നിച്ചനെ ഒന്ന് നോക്കിയിട്ട് അവൾ മുറ്റത്തേക്കിറങ്ങി.. പിറകെ താരയും..
മുറ്റത്തെ കൊച്ചു പൂന്തോട്ടത്തിൽ നിറയെ പല വർണ്ണങ്ങളിലുള്ള പൂക്കൾ നിറഞ്ഞിരുന്നു..
മഞ്ഞ നിറത്തിൽ നിറയെ പൂക്കളുള്ള പനിനീർച്ചെടിയ്ക്ക് അരികിലായിരുന്നു അവർ നിന്നത്…
“ജെയിംസ് വീണ്ടും ഒരു വിവാഹം കഴിക്കുമെന്ന് നാൻസി കരുതിയിരുന്നില്ല അല്ലേ..? ”
താരയുടെ ചോദ്യത്തിന് നിശബ്ദതയായിരുന്നു ഉത്തരം… പിന്നെ നേർത്ത ശബ്ദത്തിൽ ഇല്ല എന്നൊരു വാക്ക് കേട്ടു..
നാൻസിയുടെ നോട്ടം താരയുടെ കഴുത്തിലെ താലിയിലും സീമന്ത രേഖയിലെ സിന്ദൂരത്തിലും വിരലിലെ ജയിംസിന്റെ പേര് കൊത്തിയ മോതിരത്തിലുമൊക്കെ പാളി വീഴുന്നത് താര കണ്ടു…
താര നാൻസിയുമായി പത്തു പതിഞ്ച് മിനിറ്റോളം സംസാരിച്ചു.. ഒടുവിൽ രണ്ടുപേരോടും യാത്ര പറഞ്ഞിറങ്ങവേ താര പറഞ്ഞു..
“ഇച്ചായൻ താഴെ വണ്ടിയിൽ ഇരിപ്പുണ്ട്… ”
രണ്ടു പേരുടെയും മുഖം വിളറുന്നത് താര കണ്ടു..
“മോൾ.. മോളിവിടില്ല.. എന്റെ സിസ്റ്ററുടെ മക്കളുടെ കൂടെ പുറത്തു പോയിരിക്കുവാണ്.. ”
ബെന്നിയുടെ ശബ്ദം പതറിയിരുന്നു..
താര വെറുതെ ഒന്ന് മൂളിയതേയുള്ളൂ…
അവിടെ നിന്നും മടങ്ങുമ്പോൾ തേടി വന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കൂടാതെ മറ്റു ചിലത് കൂടെ താരയ്ക്ക് കിട്ടിയിരുന്നു…
ജയിംസിന്റെ ജീവിതത്തിൽ സംഭവിച്ച മുത്തുവിനും പോലും അറിയാത്ത ചിലത്..
ഒരിക്കലും ജെയിംസിനെ തനിച്ചാക്കില്ല എന്ന തീരുമാനം താരയുടെ മനസ്സിൽ ഉറച്ചിരുന്നു… സ്വന്തമായില്ലെങ്കിൽ കൂടി..
മുത്തുവും താരയും താഴെ എത്തുമ്പോൾ ജെയിംസ് കാറിൽ ചാരി നിന്നു കൊണ്ടു സിഗരറ്റ് വലിക്കുകയായിരുന്നു.. താരയുടെ നോട്ടം കണ്ടതും ആൾ ഒരു പുക കൂടെ എടുത്തു അത് നിലത്തിട്ട് ഷൂസ് ഇട്ട കാൽ കൊണ്ടു ചവിട്ടിയരച്ചു..
ജെയിംസ് അവരെ ഒന്ന് നോക്കി കാറിൽ കയറി ഇരുന്നു.. മുത്തുവും താരയും കയറിയിരുന്നതും ഒന്നും മിണ്ടാതെ അയാൾ കാർ സ്റ്റാർട്ട് ചെയ്തു..
ഒന്നും ചോദിച്ചില്ലെങ്കിലും അയാളുടെ ഉള്ളിൽ കിടന്നു ശ്വാസം മുട്ടുന്ന ചോദ്യത്തിന് താര ഉത്തരം നൽകി..
“മോള്.. ആമി അവിടെ ഉണ്ടായിരുന്നില്ല.. എവിടെയോ പോയതാണ്.. ”
അലസമായ ഒരു മൂളലിൽ മറുപടി ഒതുക്കി ജെയിംസ് ഡ്രൈവിങ്ങിൽ മാത്രം ശ്രെദ്ധിച്ചു..
ചായ കുടിച്ചു കഴിഞ്ഞാണ് മുത്തുവിനെ ബസ് സ്റ്റാൻഡിൽ വിട്ടത്..
ജെയിംസിനായി വാങ്ങിയ മൊബൈലിൽ മുത്തുവിന്റെയും തന്റെയുമൊക്കെ നമ്പർ ആഡ് ചെയ്തു താര അയാൾക്ക് നൽകിയിരുന്നെങ്കിലും ജെയിംസ് അത് വാങ്ങിയിരുന്നില്ല..
മുത്തു യാത്ര പറഞ്ഞു പോവുമ്പോൾ താരയ്ക്ക് സങ്കടം തോന്നിയിരുന്നു.. കുറച്ചു ദിവസങ്ങൾ കൊണ്ടു അവളുടെ ജീവിതത്തിന്റെ ഭാഗമായി തീർന്നിരുന്നു അവൻ..
കാളിയെ കാണാതിരിക്കാൻ വയ്യാത്തത് കൊണ്ടു ആൾ അധികദിവസമൊന്നും നാട്ടിൽ തങ്ങാൻ ഇടയില്ലെന്ന് താരയ്ക്കും ജെയിംസിനും അറിയാമായിരുന്നു…
മുത്തു പോയതിനു ശേഷം കാറിൽ നിറഞ്ഞ നിശബ്ദതക്കിടയിൽ താര പറഞ്ഞു..
“നാൻസിയുമായി ഞാൻ സംസാരിച്ചത് എന്താണെന്ന് ഒരിക്കൽ ഞാൻ ഇച്ചായനോട് പറയും.. ”
“എന്നാത്തിന്…? എനിക്ക് അത് അറിയേണ്ട ആവശ്യമില്ല.. ”
“ഓ.. ഇങ്ങേരുടെ മുടിഞ്ഞ ജാഡ കാണുമ്പോൾ ഉണ്ടല്ലോ.. ”
താര പിറുപിറുത്തു..
“എന്നാടി.. എന്തേലും പറയാനുണ്ടേൽ പറഞ്ഞു തൊലയ്ക്ക്.. ”
മാളിയേക്കൽ തറവാട്ടിലേക്കുള്ള യാത്രയിൽ താര അവിടുത്തെ കുടുംബാംഗങ്ങളെ പറ്റി ഒരു ഏകദേശ ധാരണ ജെയിംസിന് നൽകി..
വലിയ താല്പര്യം ഒന്നും കാണിച്ചില്ലെങ്കിലും ജെയിംസ് താര പറയുന്നതെല്ലാം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു..
ഭാമയോട് ഒരു പ്രത്യേക സാഹചര്യത്തിൽ ജെയിംസുമായി തന്റെ വിവാഹം കഴിഞ്ഞുവെന്ന് മുത്തശ്ശനെ പറഞ്ഞു മനസ്സിലാക്കണമെന്ന് താര പറഞ്ഞിരുന്നു..
താര ജീവിച്ചിരിപ്പുണ്ടെന്നും അവളുടെ വിവാഹം കഴിഞ്ഞുവെന്നുമുള്ള വാർത്ത മാളിയേക്കൽ തറവാടിനെ ആകെ പിടിച്ചുലാച്ചിരുന്നു..
എല്ലാവരും താരയുടെയും ഭർത്താവിന്റെയും വരവും കാത്തിരിക്കുകയാണെന്ന് ഭാമ രാവിലെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു..
രാവിലെയാണ് വർമ്മ കാര്യങ്ങൾ എല്ലാവരോടും പറഞ്ഞത്.. എതിർപ്പുകളും പ്രതിഷേധങ്ങളും ഉയർന്നെങ്കിലും താരയ്ക്കും ഭർത്താവിനും വേണ്ടി മാളിയേക്കൽ തറവാടിന്റെ പടിപ്പുര തുറന്നു തന്നെ കിടക്കുമെന്ന് ജഗന്നാഥ വർമ്മ ഉറച്ച ശബ്ദത്തിൽ അറിയിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ല..
താരയുടെ നിർദേശപ്രകാരം മെയിൻ റോഡിൽ നിന്നും തറവാട്ടിലേക്ക് തിരിയുന്ന റോഡിലേക്ക്
കാർ എത്തിയപ്പോൾ ജെയിംസ് അവളെ ഒന്ന് നോക്കി..താരയുടെ മുഖത്ത് പരിഭ്രമം നിഴലിച്ചിരുന്നു..
“എന്നാ പറ്റി വട്ട് ഡോക്ടറുടെ ധൈര്യമൊക്കെ ചോർന്നു പോയാ..? ”
ജയിംസിന്റെ ചിരി കലർന്ന ശബ്ദം കേട്ടതും താര ഈർഷ്യയോടെ അവനെ കൂർപ്പിച്ച് നോക്കി..
ജെയിംസ് പൊട്ടിച്ചിരിച്ചു…
“ഒന്നുമില്ലെന്റെ കൊച്ചേ.. ചുമ്മാ അങ്ങ് അഭിനയിച്ചേച്ചാൽ മതി.. ”
താര ഒന്നും മിണ്ടിയില്ല..
കാർ മാളിയേക്കൽ തറവാടിന്റെ മതിൽക്കെട്ടിനുള്ളിലേക്ക് കടന്നതും വിശാലമായ പൂമുഖത്തു നിന്നവർ എല്ലാവരും ആകാംക്ഷയോടെ നോക്കുന്നത് താര കണ്ടു..
ജെയിംസിനോപ്പം കാറിൽ നിന്നും ഇറങ്ങുമ്പോൾ താരയുടെ കൈയും കാലും വിറയ്ക്കുന്നുണ്ടായിരുന്നു..
താരയോടൊപ്പം പടി കടന്നു വരുന്ന ജെയിംസിലായിരുന്നു എല്ലാവരുടേയും കണ്ണുകൾ..
അവർ അകത്തേക്ക് കയറിയതും അകത്തളത്തിലെ ചാരുകസേരയിലിരുന്ന ദീർഘകായനായ മനുഷ്യൻ എഴുന്നേറ്റു..
“മുത്തശ്ശൻ ”
താരയുടെ ചുണ്ടുകൾ മന്ത്രിച്ചു..
പക്ഷേ ജയിംസിന്റെ കണ്ണുകൾ തെല്ലകലെയായി അവരെ തന്നെ നോക്കി നിന്നിരുന്ന പെണ്ണിലായിരുന്നു..
ജയിംസിന്റെ നോട്ടം പിന്തുടർന്നെത്തിയ താരയുടെ കണ്ണുകൾ അവളിലെത്തി..
“ടീനു ചേച്ചി…? ”
വല്യച്ഛന്റെ മകൻ ആദിത്യ വർമ്മയുടെ ഭാര്യ…
പെട്ടെന്നൊരു തിരിച്ചറിവിൽ താര ഞെട്ടലോടെ ജെയിംസിനെ നോക്കിയപ്പോൾ അയാൾ പെട്ടെന്ന് നോട്ടം മാറ്റി ജഗന്നാഥവർമ്മയെ നോക്കി വിനയത്തോടെ തല കുനിച്ചു..
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സൂര്യകാന്തിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Thank u for accepting my request