ആ കാർ അവരെ കടന്നു പോയതും മുത്തുവും താരയും മരത്തിന് പുറകിൽ നിന്നും പുറത്തേക്ക് വന്നു….
“മരിച്ച ആളെ കണ്ടിട്ട് ഇനി അവരെങ്ങാനും പ്രേതം ആണെന്ന് കരുതിയാലോ.. ”
മുത്തു ചിരിച്ചു കൊണ്ടു പറഞ്ഞു.. താര അവനെ ദയനീയമായി ഒന്ന് നോക്കി..
“എന്തുവാടെ..? ”
“ഏറ്റില്ല ല്ലേ..? ”
“ഉം ങും.. ”
“ന്നാ വാ പോകാം.. ”
മുത്തു മുണ്ട് മടക്കി കുത്തി മുൻപിൽ കയറി നടന്നപ്പോൾ താര ചിരിയോടെ പുറകെ നടന്നു..
അവനോട് എന്തോ ഒരു ഇഷ്ടക്കൂടുതൽ അവൾക്ക് തോന്നി തുടങ്ങിയിരുന്നു..
റോഡിന്റെ വലുത് വശത്തുള്ള വഴിയിലൂടെ ഇത്തിരി മുകളിലോട്ട് കയറി മുത്തു കൈയിലെ മൊബൈൽ അവൾക്ക് നേരേ നീട്ടി.. താര അത് വാങ്ങാതെ കുർത്തിയുടെ സൈഡ് പോക്കറ്റിൽ നിന്നും അവളുടെ മൊബൈൽ കൈയിലെടുത്തു..
“ഓഹോ, ഇത് കൈയിൽ ഉണ്ടായിരുന്നോ എന്നിട്ടാണോ.. ആട്ടെ അതിൽ ചാർജുണ്ടോ..? ”
“ഒരു കാൾ ഒക്കെ ചെയ്യാനുള്ള ചാർജുണ്ട്.. എനിക്ക് ആകെ കാണാതെ അറിയാവുന്ന രണ്ടു നമ്പറുകളിൽ ഒന്ന് എന്റേതും മറ്റേത് മുത്തശ്ശന്റെതുമാണ്.. ”
“എനിക്ക് എന്റെ നമ്പർ തന്നെ ശരിക്കും അറിയില്ല.. എടുത്തിട്ട് കുറച്ചായെ ഉള്ളൂ.. അതാ..”
“നിന്റെ ഇച്ചായൻ ഫോണൊന്നും ഉപയോഗിക്കാറില്ലെടാ..? ”
“ഇല്ല ചേച്ചി.. മുൻപൊന്നും ഇച്ചായൻ ഇത്ര പോലും ആരോടും സംസാരിക്കാറില്ലായിരുന്നു.. എന്നോട് പോലും.. എന്നാലും ഞാനിങ്ങനെ ഓരോന്ന് പറഞ്ഞു പിന്നാലെ ചെല്ലും.. കൂപ്പിൽ നിന്നൊക്കെ എന്റെ ഫോണിലേക്കാണ് വിളിക്കാറ്.. വല്ലപ്പോഴും ഇച്ചായൻ ഒന്ന് സംസാരിച്ചെങ്കിലായി… ”
താര ഒന്നും മിണ്ടിയില്ല..
“എത്ര വിഷമം ഉണ്ടേലും ആരോടും ഒന്നും പറയില്ല.. പുറത്തു കാണിക്കില്ല, അതാണ് പണ്ടേയുള്ള പ്രകൃതം.. ”
“നീയിങ്ങനെ വിഷമിക്കാതെടാ.. നിന്റെ ഇച്ചായന്റെ നെഞ്ചിലെ ഇരുമ്പ് ഗേറ്റിന്റെ പൂട്ട് കുത്തി തുറന്നു ഞാൻ അകത്തു കയറും, അറ്റ്ലീസ്റ്റ് ഒരു കുടിലെങ്കിലും കെട്ടി അവിടെ താമസിക്കുകയും ചെയ്യും… ”
മുത്തു വിടർന്ന കണ്ണുകളോടെ താരയെ നോക്കി..
“അതിന് മുൻപ് മിസ്റ്റർ കലിപ്പൻ എന്റെ പതിനാറ് നടത്തിയില്ലേൽ… ”
താര മുത്തുവിനെ നോക്കി കണ്ണിറുക്കി.. അവൻ ചിരിച്ചു…
“ചേച്ചിയ്ക്ക് സാധിക്കും.. ചേച്ചിയ്ക്കേ സാധിക്കൂ… ഇച്ചായന്റെ അടുത്ത് ഇങ്ങനെയൊക്കെ പറയാനും പെരുമാറാനും ആരും ധൈര്യപ്പെട്ടിട്ടില്ല.. എന്തിന് നാൻസി ചേച്ചി വരെ… ”
താര നോക്കിയതും അവൻ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു..
“നാൻസി ചേച്ചിയുടെ കാര്യങ്ങൾ ചേച്ചിയോട് പറയുന്നത് കൊണ്ടു പ്രശ്നമില്ലല്ലോ.. നാൻസി ചേച്ചി ഒരു പാവമായിരുന്നു ചേച്ചി.. ”
“എന്നിട്ടാണോ ജെയിംസിനെ മറന്നു വേറൊരാളുടെ കൂടെ പോയത്.. ”
“ചേച്ചി കരുതുന്നത് പോലെ അവർ രണ്ടു പേരും ഇച്ചായനെ ചതിച്ചതൊന്നുമല്ല.. ഇച്ചായനെ കാണാതായതിനു ശേഷം ഇച്ചായന്റെ തറവാട്ടിലുള്ളവർ ചേച്ചിയെ കണക്കറ്റ് ഉപദ്രവിച്ചിരുന്നു.. ഒരു പക്ഷെ കുഞ്ഞിനെ കരുതിയാവും ചേച്ചി ബെന്നിച്ചായനോടൊപ്പം പോയിട്ടുണ്ടാവുക.. ഇച്ചായൻ മരിച്ചുവെന്ന് ഉറപ്പായതിനു ശേഷമാണ് അവർ വിവാഹം കഴിച്ചത്..അതും ബെന്നിച്ചായന്റെ അമ്മയുടെ നിർബന്ധപ്രകാരം… ഇച്ചായൻ ജീവിച്ചിരിപ്പില്ലെന്ന് അവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു.. ”
“എന്നാലും എന്തോ ഇതൊന്നും എനിക്കങ്ങോട്ട് ദഹിക്കുന്നില്ല മുത്തു.. ”
“നാൻസി ചേച്ചി അങ്ങനെ വല്യ ധൈര്യമൊന്നും ഉള്ള കൂട്ടത്തിലായിരുന്നില്ല ചേച്ചി… ഇതൊക്കെ ഇച്ചായനും അറിയാം.. എന്നാലും കുടിച്ചു കഴിയുമ്പോൾ ഇടയ്ക്കിടെ രണ്ടു പേരെയും കുറ്റം പറയുന്നത് പോലെ പറയും.. പിന്നെ ബോധം വരുമ്പോൾ അതൊക്കെ തിരുത്തി പറയുകയും
ചെയ്യും.. ”
മുത്തു പെട്ടെന്ന് ഓർത്തത് പോലെ പറഞ്ഞു..
“ഹാ.. ചേച്ചി വേഗം വിളിക്ക്… പെട്ടെന്ന് തിരിച്ചെത്തണമെന്ന് പറഞ്ഞിട്ടുണ്ട് ഇച്ചായൻ.. ആരേലും ചേച്ചിയെ കണ്ടാൽ പ്രശ്നമാകും..
താര തലയാട്ടിയിട്ട്, ഫോണിൽ നമ്പർ ഡയൽ ചെയ്തു.. മറുഭാഗത്ത് റിംഗ് ചെയ്യുന്ന ശബ്ദം കേട്ടതും അവളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു..
കാൾ കട്ടാവാൻ തുടങ്ങുമ്പോഴാണ് ഇത്തിരി സംശയത്തോടെയുള്ള നേർത്ത ഹെലോ കേട്ടത്..
“ഭാമേച്ചി…. ”
അപ്പുറത്ത് നിന്നുള്ള ശ്വാസഗതി വർദ്ധിച്ചത് താരയ്ക്ക് മനസ്സിലായി…
“ഹെലോ.. . ”
“ഭാമേച്ചി.. ഇത് ഞാനാണ് താര..”
“മോളേ നീ.. ഇതെങ്ങിനെ…? ”
“ഞാൻ മരിച്ചിട്ടില്ല ഭാമേച്ചി…. ”
“പിന്നെ….? ”
താര ഫോണിൽ സംസാരിക്കുമ്പോൾ മുത്തു താഴേക്ക് നോക്കി നിൽക്കുകയായിരുന്നു..
നിറയെ പടുകൂറ്റൻ മരങ്ങൾ.. മരച്ചില്ലയിൽ നിന്നൊരു മലയണ്ണാൻ ചാടുന്നത് കണ്ടു.. ഏതൊക്കെയോ പക്ഷികളുടെ ശബ്ദം കേൾക്കുന്നുണ്ട്… ഇത്തിരി കൂടെ വലത്തോട്ട് പോയാൽ കാടിന്റെ വന്യതയിലേക്ക് എത്തുകയായി..
ചുറ്റുമുള്ള മലനിരകൾ മഞ്ഞിന്റെ മേലാപ്പണിയാൻ തുടങ്ങുകയാണ്…
താര സംസാരം അവസാനിപ്പിച്ചു ആർക്കോ ഒരു വോയിസ് മെസ്സേജ് അയച്ചതിനു ശേഷം മുത്തുവിന്റെ അരികിലെത്തി..
“എന്തൊരു ഭംഗിയാണല്ലേ… മനസ്സിലെ എല്ലാ ടെൻഷനും മറന്നു ഈ കാഴ്ചകളിലലിഞ്ഞു ചേരാൻ കൊതിയാവുന്നു… ”
മുത്തു താരയെ നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
“എന്തു പറ്റി ചേച്ചി..? എന്തായി ഫോൺ ചെയ്തിട്ട്..ചേച്ചി എന്തിനാ കരഞ്ഞത്..? ”
“ഒന്നുമില്ലെടാ.. ഭാമേച്ചിയോട് സംസാരിച്ചപ്പോൾ വല്ലാതെ സങ്കടം വന്നു.. ഒത്തിരി പാടുപെട്ടിട്ടാണ് ഇത് ഞാൻ തന്നെയാണെന്ന് വിശ്വസിച്ചത്. വീഡിയോ കാൾ വരെ ചെയ്യേണ്ടി വന്നു… മുത്തശ്ശനെ വിളിക്കാനായിരുന്നു പിന്നത്തെ ഡിമാൻഡ്..ഒരു വിധത്തിൽ കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്.. മുത്തശ്ശൻ ഈ കാര്യം കേട്ടാലുടൻ ഇങ്ങോട്ട് ഓടിപ്പാഞ്ഞെത്തും.. അത് കൊണ്ടു ഒരു വോയിസ് മെസ്സേജ് വിട്ടിട്ടുണ്ട്.. മുത്തശ്ശന് വേണ്ടി.. നാളെ ഇത് പോലെ ഒന്ന് വന്നു മുത്തശ്ശനെ വിളിക്കണം അപ്പോഴേക്കും ഭാമേച്ചി കാര്യങ്ങളൊക്കെ പറഞ്ഞു സെറ്റാക്കും.. എന്തായാലും ഉടനെ തിരിച്ചു പോവേണ്ടി വരും.. പക്ഷെ എന്നെ കൊല്ലാൻ ശ്രെമിക്കുന്ന ആൾ ആരാണെന്ന് അറിയാതെ.. ”
“ചേച്ചി വിഷമിക്കാതെ ചേച്ചിയുടെ കൂടെ എല്ലാവരുമില്ലേ.. ഞങ്ങളും… ”
“പക്ഷെ മുത്തു, നിങ്ങൾ എങ്ങിനെ അവിടെ എന്റെ കൂടെ വരും.. എന്ത് പറയും..? അതൊക്കെ പോട്ടെ നിന്റെ ഇച്ചായൻ വരുമോ അങ്ങോട്ട്…? ”
“വരും.. ”
മുത്തു ഉറച്ച ശബ്ദത്തിൽ പറഞ്ഞതും താര അവനെ തല ചെരിച്ചൊന്ന് നോക്കി..
“കാലം കുറെയായില്ലേ ചേച്ചി ഞാൻ ഇച്ചായന്റെ കൂടെ.. എന്തോ ഒരു പ്രത്യേകത ചേച്ചിയ്ക്കുണ്ട്.. അതാണ് ഇച്ചായന്റെ മനസ്സിൽ കയറാൻ കാരണം.. ”
“ഞാനോ.. നീ എന്തൊക്കെയാടാ ഈ പറയുന്നത്.. അങ്ങേർക്ക് എന്നെ കാണുന്നതേ കലിപ്പാണ്.. അത് കാണുമ്പോൾ എനിക്കും എന്തെങ്കിലുമൊക്കെ പറയാൻ തോന്നും.. ഈ വിഷപ്പാമ്പിന്റെ വായിൽ പല്ലുണ്ടോന്ന് കൈയിട്ടു നോക്കുന്ന.. ഏതാണ്ട് അങ്ങനെയൊരു ലൈൻ… ”
“ന്നാലും ചേച്ചി ഇച്ചായനെ വിഷപ്പാമ്പ് ആക്കണ്ടായിരുന്നു.. ”
“അതെല്ലെടാ നിന്റെ ഇച്ചായന്റെ, ദേഷ്യം വന്നാൽ കണ്ണും മൂക്കും കാണാത്ത സ്വഭാവമാണ് ഞാൻ ഉദ്ദേശിച്ചത്.. പിന്നെ പാമ്പ്.. അതിനെന്നെ കുറ്റം പറയാൻ
പറ്റോ..? ”
താര ചിരിച്ചതും മുത്തുവും കൂടെ ചേർന്നു..
“മുത്തു നീ പറഞ്ഞത് പോലെ തന്നെ എന്റെ മനസ്സിലും ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞ ഒരാളാണ് നിന്റെ ഇച്ചായൻ..എനിക്ക് എന്താണ് സംഭവിച്ചതെന്ന് ഓർത്ത് ഇപ്പോഴും എനിക്ക് തന്നെ അത്ഭുതം തോന്നുവാണ്.. .. നീയിപ്പോൾ കാണുന്ന നിന്റെ ഇച്ചായനോട് എപ്പോഴും തറുതല പറയുന്ന, അങ്ങേരുടെ കലി തുള്ളലിനു മുൻപിൽ പതറാതെ നിൽക്കുന്ന ഒരാളല്ല ശരിക്കും ഡോക്ടർ താര വർമ്മ…..ഇതൊന്നും എന്നെ അറിയുന്ന ആരും വിശ്വസിക്കുക പോലുമില്ല…. കുട്ടിക്കാലത്ത് പോലും പഠിത്തത്തിലും വായനയിലും മാത്രം ഒതുങ്ങി കൂടിയ പ്രകൃതം.. ആരോടും പ്രത്യേകിച്ചു കൂട്ടൊന്നുമില്ല.. എല്ലാവരും ഒരുപോലെ.. ചെറുതിലേ അച്ഛനെയും അമ്മയെയും നഷ്ടപ്പെടുന്ന ഒരു കുട്ടിയ്ക്ക് ഉണ്ടാവുന്ന ഒരു അരക്ഷിതാവസ്ഥയുണ്ട്.. ജീവനേക്കാളേറെ എന്നെ സ്നേഹിക്കുന്ന മുത്തശ്ശനും മുത്തശ്ശിയ്ക്കും ഒന്നും നികത്താൻ കഴിയാത്ത ഒരു ശൂന്യത എന്നുമെന്റെ മനസ്സിലുണ്ടായിരുന്നു.. എന്തെങ്കിലും ആഗ്രഹിക്കാൻ പോലും പേടിയാണ്.. നഷ്ടമാവുമോ എന്ന പേടി, അതിന്റെ വേദന, നല്ലൊരു സൗഹൃദം പോലും അവകാശപ്പെടാനില്ല.. മുത്തശ്ശനും മുത്തശ്ശിയും കഴിഞ്ഞാൽ പിന്നെയൊരു ആത്മബന്ധം ഉള്ളത് ഭാമേച്ചിയോടാണ്.. എന്ന് വെച്ചു തറവാട്ടിൽ എല്ലാവരും എനിക്ക് പ്രിയ്യപ്പെട്ടവരാണ്… തിരിച്ചും.. ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ പോലും ആരുമെന്നെ ഇന്ന് വരെ വേദനിപ്പിച്ചിട്ടില്ല.. ഒരു കൂട്ടം കസിൻസ് ഉണ്ടെനിക്ക്…. ”
ഏതോ ഓർമ്മയിൽ എന്നത് പോലെ താരയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.. പെട്ടെന്നാണവൾ വീടെത്താനായത് ശ്രെദ്ധിച്ചത്..
“അപ്പോൾ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ നീയും നിന്റെ ഇച്ചായനും കരുതുന്നത് പോലെ ഞാനൊരു കാന്താരി ഒന്നുമല്ല… പക്ഷെ നിന്റെ ഇച്ചായന്റെ കളികളൊക്കെ കാണുമ്പോൾ ഓരോന്നങ്ങു പറഞ്ഞു പോവുന്നതും ചെയ്തു പോവുന്നതുമാണ്… പക്ഷെ ഒന്ന് നീ ഉറപ്പിച്ചോ ഞാൻ അങ്ങേരേം കൊണ്ടേ പോവൂ..”
മുത്തു ചിരിയോടെ ചോദിച്ചു..
“പ്രശ്നമായാ..? ”
“ഉം.. അസ്ഥിയിൽ പിടിച്ചൂന്നാ തോന്നുന്നേ… ”
“എന്നാലും നേരത്തേ പറഞ്ഞ തള്ളൊക്കെ കേൾക്കാൻ ഒരു രസമുണ്ടായിരുന്നൂട്ടാ… ഞാനൊരു പാവമാണെന്നൊക്കെ… ”
“ഡാ… ”
താര അവനെ ഇടിക്കാനാഞ്ഞതും മുത്തു പൊട്ടിച്ചിരിച്ചു കൊണ്ടു പാറക്കെട്ടുകളിലേക്ക് ഓടിക്കയറി….
താര പിറകെ ഓടിയെങ്കിലും അവൻ മുകളിൽ കയറി അവളെ നോക്കി ചിരിച്ചു വീടിന്റെ പുറകിലൂടെ ഉള്ളിലേക്ക് കയറിപ്പോയി.. കിതപ്പോടെ തിരിഞ്ഞതും വീട്ടിലേക്ക് കയറുന്ന വഴിയിലെ പാറക്കല്ലിൽ തന്നെ നോക്കി ഇരിക്കുന്ന ജെയിംസ്.. കലിപ്പിലാണ്..
ഇങ്ങേരുടെ മുഖത്തെ സ്ഥായീ ഭാവം ഇതാണോ ആവോ…
താര മുഖം താഴ്ത്തി അവനരികിലൂടെ നടന്നു വീട്ടിലേക്ക് കയറിപ്പോയി..ആൾക്ക് അനക്കമൊന്നുമില്ല… താഴേയ്ക്ക് നോക്കി ഇരിപ്പാണ്..
താര കോലയിലേക്ക് കയറുമ്പോഴേക്കും മുത്തു അകത്തു നിന്നും ഒരു ഗ്ലാസിൽ വെള്ളവുമായി അവൾക്കരികിലെത്തി ഒന്ന് ഇളിച്ചു കാട്ടി..
താര അവനെ കപടദേഷ്യത്തോടെ നോക്കി വെള്ളം വാങ്ങി കുടിച്ചു…
“എവിടെ പോയി കിടക്കുവായിരുന്നെടാ…മനുഷ്യനെ തീ തീറ്റിക്കാനായിട്ട് ഓരോന്നിനെയിങ്ങു കെട്ടിയെടുത്തോളും… ”
പുറകിൽ നിന്നും ശബ്ദം കേട്ടു താര തിരിഞ്ഞു നോക്കി.. കക്ഷി ഇപ്പോഴും ഫുൾ സ്ട്രോങ്ങിൽ തന്നെയാണ്….
“എന്റെ ഇച്ചായാ ഞങ്ങൾ എവിടെയും നിന്നൊന്നും ഇല്ല.. ഫോൺ ചെയ്തിട്ട് ഇങ്ങ് വന്നു.. അല്ലേലും പോയിട്ടു അത്ര നേരമൊന്നും ആയില്ലല്ലോ… ”
“അത് പിന്നെ… ഈ കുരിപ്പിനെ ആരേലും കണ്ടാൽ നീയും ഞാനുമൊക്കെ തൂങ്ങും.. ”
ജെയിംസ് വാക്കുകൾക്കായി തപ്പി തടയുന്നത് കണ്ടതും താരയ്ക്ക് ചിരി വന്നു..
“എന്നാടി.. ഇത്രയ്ക്കങ്ങ് ഇളിക്കാൻ… ഇവിടെ വല്ല കോമഡി ഷോയും നടക്കുന്നുണ്ടോ.. ”
“എന്റെ പൊന്നിച്ചായാ ഞങ്ങൾ പോയിട്ടു വരുന്നത് വരെ ഇച്ചായന് ടെൻഷൻ ആയിരുന്നു.. അത് പക്ഷെ പോലീസിനെയോ മറ്റാരെയോ പേടിച്ചിട്ടൊന്നുമല്ല.. ഞങ്ങളോട് ഉള്ള ഇഷ്ടം കൊണ്ടാ, കെയറിംഗ് കൊണ്ടാ.. ”
“ആരാടി നിന്റെ ഇച്ചായൻ…? കെയർ ചെയ്യാൻ നീ ആരാ എന്റെ കൊച്ചാപ്പന്റെ മോളോ…? ”
“അല്ല നിങ്ങടെ കെട്ട്യോള്… ”
“ദേ കൊച്ചേ… ”
ജെയിംസ് കൈ ചൂണ്ടി താരയ്ക്ക് നേരെ അടുത്തതും മുത്തു അവർക്കിടയിലേക്ക് കയറി നിന്നു.
“നിങ്ങള് രണ്ടുമിങ്ങനെ പാമ്പും കീരിയും കളിക്കാതെ അടുത്തതെന്താ ചെയ്യേണ്ടതെന്ന് ആലോചിക്ക്… ”
“എന്നാ ചെയ്യാനാ…? ”
“ചേച്ചി വീട്ടിലേക്ക് വിളിച്ചു.. ഇനി ഇവിടെ ഇങ്ങനെ നിൽക്കാൻ പറ്റില്ല.. ചേച്ചിയ്ക്ക് തിരിച്ചു പോവേണ്ടി വരും.. ”
“അതിനെന്നാ.. പൊയ്ക്കോട്ടേ, നീ കൊണ്ടാക്കി കൊടുത്തേക്ക്… ”
താര ഒരു നിമിഷം മിണ്ടാതെ നിന്നു, പിന്നെ ജെയിംസിനെ നോക്കാതെ അകത്തേക്ക് നടന്നു.. അവൾക്ക് സങ്കടം കൊണ്ടു വീർപ്പു മുട്ടുന്നുണ്ടായിരുന്നു…
“ദേ കൊച്ചേ വല്ലോം പറയാനുണ്ടേ പറയ്… ഞങ്ങൾ കൂടെ വരണോ.. പക്ഷെ അവിടെ ചെന്നു കൊച്ച് എന്നാ പറയും.. വന്നാൽ തന്നെ ഞങ്ങളവിടെ എന്നാ പറഞ്ഞു നിൽക്കും… ”
താര ആദ്യം ഒന്നും പറഞ്ഞില്ല.. പിന്നെ പതിയെ പറഞ്ഞു..
“എനിക്കറിയില്ല.. ”
“ആഹാ ബെസ്റ്റ്. . ഇതിന് നല്ല പ്ലാനിംഗ് വേണം.. കുട്ടിക്കളിയല്ല… ”
ജെയിംസ് താരയെ നോക്കി…
“ഇത്രേം ദിവസം ചുമ്മാ പറഞ്ഞോണ്ട് നടന്ന കാര്യം തന്റെ വീട്ടിൽ എല്ലാരുടെയും മുൻപിൽ പറയാൻ കൊച്ചിന് ധൈര്യമുണ്ടോ…? ”
താര ചോദ്യഭാവത്തിൽ ജെയിംസിനെ നോക്കി…
“അത്… ഞാൻ തന്റെ കെട്ട്യോനാണെന്ന്… ”
അവളെ നോക്കാതെയാണ് ജെയിംസ് പറഞ്ഞത്.. താര ഒന്നും മിണ്ടിയില്ല…
“അല്ലേൽ ദേ ഇവനാണെന്ന് പറഞ്ഞാലും മതി.. എന്നേക്കാൾ മാച്ച് ആണ്.. ”
ജെയിംസ് മുഖമുയർത്തി നോക്കിയതും താരയും മുത്തുവും അയാളെ നോക്കി ദഹിപ്പിച്ചു.. ജെയിംസ് ഒന്ന് പരുങ്ങി…
“അത്.. അത് പിന്നെ എന്നാന്ന് വെച്ചാൽ ഞാനാണ് നിന്റെ ഭർത്താവെന്ന് പറഞ്ഞാൽ ചിലപ്പോൾ ആരും വിശ്വസിക്കത്തില്ല.. അതാ..”
“സ്വന്തമായി ഒരു ഭർത്താവ് ഉള്ളപ്പോൾ ഞാൻ വേറെ ഒരാളെ കൂലിക്കെടുക്കാൻ ഉദ്ദേശിക്കുന്നില്ല.. പ്രത്യേകിച്ച് എന്റെ അനിയനെ… ”
“ദതാണ്… ”
മുത്തു കൈയടിച്ചു കൊണ്ടു പറഞ്ഞപ്പോൾ ജെയിംസ് അവനെ തുറിച്ചു നോക്കി.
“എന്നെ നോക്കി പേടിപ്പിക്കേണ്ട… ഈ കാര്യത്തിൽ ഞാൻ ചേച്ചിയുടെ ഒപ്പമാണ്.. ”
“അല്ലെങ്കിലും ഈ മുതലിനെ കണ്ടതു മുതൽ നിന്റെ ഇളക്കം ഞാൻ കാണുന്നുണ്ട്.. ”
മുത്തു ജെയിംസിനെ നോക്കി ഇളിച്ചു കാട്ടി…
“അതേയ് എനിക്കൊരു പേരുണ്ട്…
താര… ”
താര പറഞ്ഞത് കേട്ടു ജെയിംസ് പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞു..
“ഓ ആയിക്കോട്ടെ ഡോക്ടർ മാഡം… ”
“ഇത് ഒരു നടയ്ക്ക് പോവത്തില്ല…. ”
പിറുപിറുത്ത് കൊണ്ടു ജെയിംസ് പോവാൻ തിരിഞ്ഞതും താര പിറകിൽ നിന്നു വിളിച്ചു..
“അതേയ് നിങ്ങളാണ് എന്റെ ഭർത്താവ് എന്ന് പറയാൻ എനിക്ക് പേടിയൊന്നുമില്ല.. ആരുടെ മുൻപിലും ഞാൻ അത് പറയും.. പക്ഷെ എനിക്കൊരു കണ്ടിഷൻ ഉണ്ട്… ”
“എന്നാ കണ്ടിഷൻ…? ”
ജെയിംസ് തിരിഞ്ഞു നോക്കാതെ തന്നെയാണ് ചോദിച്ചത്..
“തറവാട്ടിലേക്ക് പോവുന്നതിനു മുൻപേ നമ്മുടെ വിവാഹം രജിസ്റ്റർ ചെയ്യണം… ”
“എന്നാ കൊച്ചു പറഞ്ഞേ.. ”
ജെയിംസ് ഞെട്ടലോടെ തിരിഞ്ഞു.. എല്ലാം കണ്ടു നിന്ന മുത്തുവിന് താരയെ കെട്ടിപ്പിടിച്ചൊന്ന് ചൂളമടിക്കണമെന്ന് തോന്നിപ്പോയി…
“നമ്മുടെ വിവാഹം ലീഗലി രജിസ്റ്റർ ചെയ്യണമെന്ന്.. ചുമ്മാ ഇതെന്റെ ഭർത്താവാണെന്നും പറഞ്ഞു മാളിയേക്കൽ തറവാട്ടിലേക്ക് കയറി ചെല്ലാൻ പറ്റില്ല.. അവിടെ പോലീസും മന്ത്രിയും എല്ലാമുണ്ട്…. ”
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സൂര്യകാന്തിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission