Skip to content

പൗമി – ഭാഗം 29

poumi-novel

ഇട്ടിരുന്ന ഇളം മഞ്ഞ നിറത്തിലുള്ള മെറ്റേണിറ്റി ടോപ്പിലേക്ക് കുഞ്ഞു വൃത്തത്തിൽ പടരുന്ന ചുവപ്പ് നിറം അവളുടെ ഉള്ളിൽ ഭീതിയുടെ വിത്തുകൾ വാരിയെറിഞ്ഞു…

മുന്നോട്ടു ആഞ്ഞു വീഴാതിരിക്കാനായവൾ പതിയെ ഫ്രിഡ്ജിലേക്ക് വിരലുകൾ ചേർത്തു….

കൈവഴുതിയാ ചില്ലു ഗ്ലാസ് അവളുടെ കൈയ്യിൽ നിന്ന് നിലത്തേക്ക് വീഴുന്നതോടൊപ്പം

അമ്മേന്ന് വിളിച്ചുള്ള

അവളുടെ  തേങ്ങി കരച്ചിലും  അടുക്കള ചുവരുകൾക്കുള്ളിൽ തട്ടി പുറത്തേക്ക് പ്രതിഫലിച്ചു….

“പൗമീ..   “

പ്രവിയും അശ്വിനും പാച്ചുവും ഒന്നിച്ചാ പേര് വിളിച്ചു കൊണ്ട് അടുക്കളയിലേക്കോടി……

അവർക്ക് ഒപ്പം ലക്ഷ്മിയും..

നിലത്തൂടെ ഒഴുകി പടരുന്ന രക്തത്തിൽ അവളുടെ കാലുകൾ കുതിർന്നിരുന്നു…..

അവളുടെ ആ നിൽപ്പ് കാണാനാകാതെ അശ്വിൻ തലയ്ക്ക് കൈ കൊടുത്തു….

“പാച്ചൂ  നീ പോയി വണ്ടിയെടുക്ക്….”

പ്രവി ആയിരുന്നു അത് പറഞ്ഞത്…

നിലത്ത് വീണു കിടക്കുന്ന കുപ്പിച്ചില്ലിൽ ചവിട്ടാതെ അശ്വിനും പ്രവിയും അവളെ പൊക്കിയെടുത്ത് കൊണ്ട് പുറത്തേക്ക് നടന്നു….ലക്ഷ്മി അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഓരോ സെക്കന്റിലും അവളുടെ കരച്ചിലിന്റെ ശബ്ദം കൂടി കൊണ്ടേയിരുന്നു…..

വേദനയുടെ ഉയർച്ച താഴ്ചകൾക്കനുസിച്ച് അവളുടെ കണ്ണുകൾ അടഞ്ഞു തുറന്നു വന്നു…. അവളുടെ നീളൻ നഖങ്ങൾ അശ്വിൻെ കൈത്തണ്ടയിലേക്കമർന്നു കൊണ്ടേയിരുന്നു….

“പ്രവി….എൻെറ കുഞ്ഞ്…..”

“കരയല്ലേ മോളേ…..കുഞ്ഞുങ്ങൾക്ക് ഒന്നും സംഭവിക്കില്ല…..”

അത് പറയുമ്പോൾ അറിയാതെ അവൾക്ക് ഒപ്പം അവനും കരഞ്ഞു പോയിരുന്നു…

“അമ്മേ….”

അവളുടെ അലർച്ച വീണ്ടും ഉയർന്നു…

അശ്വിൻ അവളുടെ വയറ് തടവി കൊടുത്തു കൊണ്ടേയിരുന്നു….

ഹോസ്പിറ്റലിന്റെ മുൻപിൽ കാറ് നിർത്തി പൗമിയെ കൈയ്യിൽ വാരിയെടുത്ത് കൊണ്ടോടുമ്പോൾ അശ്വിന് മുൻപോട്ടുള്ള കാഴ്ചകൾ മറഞ്ഞിരുന്നു…..കണ്ണുനീർ തുള്ളികൾ അവൻെറ കാഴ്ചയെ മറച്ചു, എന്ന് പറയുന്നതാവും കൂടുതൽ ശരി…

സ്ട്രച്ചറിൽ ലേബർ റൂമിലേക്ക് കൊണ്ടു പോകുമ്പോഴും അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു….അശ്വിൻ അപ്പോഴും രക്തത്തുള്ളികൾ പറ്റിപ്പിടിച്ച അവളുടെ കൈവെള്ളയിൽ അമർത്തി പിടിച്ചിട്ടുണ്ടായിരുന്നു…

അവൻ അവളുടെ നെറ്റിമേൽ അമർത്തി ചുംബിച്ചു…..കണ്ണീരാൽ ഒട്ടിപ്പോയ കൺപീലികൾ പതിയെ വിടർന്നു വന്നു….അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു…

നിമിഷങ്ങൾക്കുള്ളിൽ അവന്റെ കൈ വിട്ടവൾ ലേബർറൂമിനുള്ളിലേക്ക് അകന്ന് പോയി….

സമാധാനമില്ലാതെ പ്രവിയും പാച്ചുവും അശ്വിനും ലേബർ റൂമിനു മുൻപിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…

കുറച്ചു കഴിഞ്ഞപ്പോൾ ഒരു നഴ്സ് പുറത്തേക്ക് വന്നു..

“പൗർണമിയുടെ ആരെങ്കിലും….”

അവർ മൂന്നു പേരും ഒന്നിച്ചു നഴ്സിനടുത്തേക്ക് ഓടി ചെന്നു..

“ഇത് പൗർണമിയുടെ ഓർണമെന്റ്സ് ആണ്…എല്ലാം ഉണ്ടോന്ന് നോക്കിയെ…”

വെള്ളത്തുണിയിൽ പൊതിഞ്ഞ് നഴ്സ് കൊടുത്ത ആഭരണങ്ങളിലേക്ക് അശ്വിൻ കണ്ണോടിച്ചു..

അവളുടെ താലി മാലയും…കാലിലെ നൂലിഴ കനമുള്ള കൊലുസും ഒരു ജോഡി സ്റ്റഡും  കൈയ്യിലെ വിവാഹ മോതിരവും രണ്ട് വളയും പിന്നെ പ്രവി ബർത്ത്ഡേ ഗിഫ്റ്റ് ആയി കൊടുത്ത ഇളം നീലക്കൽ മുക്കുത്തിയും അതിൽ ഉണ്ടായിരുന്നു…

എല്ലാം ഉണ്ട് എന്ന അർത്ഥത്തിൽ അവൻ അവരെ നോക്കി തലകുലുക്കി കൊണ്ട് ചോദിച്ചു..

“സിസ്റ്റർ പൗമിക്ക് ഇപ്പോൾ….”

“ഒന്നും പറയാറായിട്ടില്ല…..”

അതും പറഞ്ഞു കൊണ്ട് അവർ ലേബർ റൂമിന്റെ വാതിൽ അടച്ചു

മഞ്ഞിന്റെ കുളിരുള്ള ഡിസംബർ മാസത്തിലെ തണുത്ത കാറ്റ് അവനെ വലയം ചെയ്യുമ്പോഴും അവന്റെ നെറ്റിത്തടത്തിൽ വിയർപ്പ് തുള്ളികൾ ജന്മമെടുത്തു കൊണ്ടേയിരുന്നു…..

സെക്കന്റുകളും മിനിറ്റുകളും മണിക്കൂറുകളുടെ ദൈർഘ്യത്തിൽ ഇഴഞ്ഞു നീങ്ങി കൊണ്ടേയിരുന്നു….

ലക്ഷ്മിയപ്പോഴും പുറത്തെ ചെയറിൽ ഇരുന്നു പ്രാർത്ഥിക്കുകയായിരുന്നു….

ധൃതിയിൽ അനന്തപത്മനാഭൻ ഓടി കിതച്ച് അങ്ങോട്ടേക്കെത്തി…

“എന്താ ടോ ഇത്ര പെട്ടന്ന്….നാളെയല്ലേ അഡ്മിറ്റ് ആകാനുള്ള ഡേറ്റ് പറഞ്ഞത്….”

ലക്ഷ്മിയോടായിട്ട് ആയിരുന്നു അയാൾ അത് ചോദിച്ചത്….

“അറിയില്ല അനന്തേട്ടാ….”

ക്ഷമയോടെ ലേബർ റൂമിനു പുറത്തെ കാത്തിരിപ്പ് തുടർന്നു…

പെട്ടെന്നായിരുന്നു ഒരു നഴ്സ് പുറത്തേക്ക് വന്നത്…

“കൺഗ്രാറ്റ്സ് പൗമി പ്രസവിച്ചു…. ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളും…..”

മൂന്ന് കുട്ടികളെയും കൊണ്ട് മൂന്ന് നഴ്സുമാർ ലേബർ റൂമിന്റെ ചില്ലുവാതിൽ തള്ളി തുറന്നു പുറത്തേക്ക് വന്നു…

പരിഭ്രാന്തി നിറഞ്ഞു നിന്ന മുഖങ്ങളിലൊക്കെയും സന്തോഷം അലതല്ലി…..

അനന്തപത്മനാഭനും ലക്ഷ്മിയും അശ്വിനും കുഞ്ഞുളെ വാങ്ങി….

“സിസ്റ്റർ പൗമിക്ക്…..”

അശ്വിനും പ്രവിയും ഒന്നിച്ചായിരുന്നു അത് ചോദിച്ചത്…

സിസ്റ്റർ അവരെ രണ്ട്പേരെയും മാറി മാറി നോക്കിയൊന്ന് പുഞ്ചിരിച്ചു…

“പൗർണമി സുഖമായിട്ട് ഇരിക്കുന്നു….അരമണിക്കൂർ കഴിഞ്ഞു റൂമിലേക്ക് മാറ്റും….”

ഒരുമിച്ച് കണ്ണടച്ചുറങ്ങുന്ന ആ കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കിയതും സന്തോഷം കൊണ്ട് അശ്വിന്റെ കണ്ണുകൾ നിറഞ്ഞു വന്നു…..

അവരെല്ലാം കാണാൻ കൊതിച്ചിരുന്ന മൂന്ന് മുഖങ്ങളെ പെട്ടന്ന് കണ്ടതിലുള്ള ആനന്ദത്തിൽ അവരുടെയെല്ലാം സന്തോഷത്തിന്റെ ഭാഷ മൗനമായി മാറി….

കുട്ടികളെയും തിരികെ വാങ്ങി കൊണ്ട് നഴ്സുമ്മാർ അകത്തേക്ക് പോയി….

അശ്വിൻ ധൃതിയിൽ അവന്റെ അച്ഛനെയും അമ്മയെയും വിളിച്ച് പറഞ്ഞു… പാച്ചു ആർച്ചയ്ക്ക് മെസ്സേജ് അയച്ചു പറഞ്ഞു…..

അനന്തപത്മനാഭനും ലക്ഷ്മിയും ബന്ധുക്കളെ ഓരോരുത്തരെയായി വിളിച്ചു സന്തോഷം പങ്കുവെച്ചു….

അരമണിക്കൂർനു ശേഷം പൗമിയെ റൂമിലേക്ക് കൊണ്ട് വന്നു…

കണ്ണുകൾ അടച്ചു ഉറങ്ങുകയായിരുന്നു അവൾ…അവൾക്ക് അടുത്തായി അവരുടെ മൂന്നു കുഞ്ഞുങ്ങളും…..ബെഡിനടുത്ത് ഇരുന്ന് അശ്വിൻ അവളെ കണ്ണെടുക്കാതെ നോക്കി… അഴിഞ്ഞുലഞ്ഞ മുടിയും കണ്ണീർ തുള്ളികളാൽ ഒട്ടിപ്പിടിച്ച് നിൽക്കുന്ന കൺപീലിയും പാതി മാഞ്ഞ നെറ്റിത്തടത്തിലെ സിന്ദൂരവും…..

അവളുടെ കൺപോളകൾ മെല്ലെ ഒന്നനങ്ങി….

പതിയെ അവൾ കണ്ണ് തുറന്ന് അവനെ നോക്കി പുഞ്ചിരിച്ചു…..

“വേദനയുണ്ടോ..പൗമി..?”

മുഖം ചരിച്ച് അരികിൽ കിടക്കുന്ന മൂന്നു മുഖങ്ങളിലേക്ക് കണ്ണോടിച്ചു കൊണ്ട് ഇല്ലാ എന്ന അർത്ഥത്തിൽ അവൾ മിഴികൾ ഇറുക്കിയടയ്ക്കുമ്പോഴേക്കും രണ്ട് തുള്ളി കണ്ണുനീർ കൺ കോണിലൂടെ ഒഴുകിയിറങ്ങിയിരുന്നു…..

ചുറ്റും നിൽക്കുന്ന ഓരോ മുഖങ്ങളിലേക്കും അവൾ കണ്ണോടിച്ചു….

എല്ലാ മുഖങ്ങളിലും സന്തോഷം നിറഞ്ഞു തുളുമ്പി നിൽക്കുന്നു…..

ഒരാഴ്ചയ്ക്കു ശേഷം കുട്ടികളെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോകുമ്പോഴും അവൾക്ക് ഒരു പ്രത്യേക സന്തോഷം ആയിരുന്നു…

“പ്രവി പാച്ചൂ…രണ്ടാൾക്കും ഇന്ന് കോർട്ടിൽ പോവണ്ടേ….”

“സമയം ആകുന്നതല്ലേ ഉള്ളു….അല്ലേ പിങ്കി കുട്ടീ….”

പൗമിയുടെ മോളെ എടുത്തു കൈയ്യിൽ വച്ച് കൊഞ്ചിച്ച് കൊണ്ടായിരുന്നു അവനത് ലക്ഷ്മിയോടായ് പറഞ്ഞത്…..

കുട്ടികള് വന്നതിൽ പിന്നെ പ്രവിയും പാച്ചുവും എപ്പോഴും അവരോടൊപ്പം ആണ്….

“ടാ പ്രവി….നിവിടെ വീട്ടിൽ നിന്ന് അടുത്ത ദിവസം അവളുടെ വീട്ടുകാർ വരും…. അവർക്ക് വിവാഹം എത്രയും വേഗം നടത്തണം….

നിന്റെ അഭിപ്രായം എന്താ..??”

ലക്ഷ്മി ആയിരുന്നു അവനോടായ് അത് ചോദിച്ചത്..

“അമ്മേ എനിക്ക് എതിർപ്പ് ഒന്നും ഇല്ല…സന്തോഷമേ ഉള്ളു…പക്ഷേ കുറച്ചു കൂടി സമയം….”

“ഇപ്പോൾ തന്നെ വയസ് ഇരുപത്തിയെട്ട് ആയി….ഇനിയും വെച്ച് താമസിപ്പിക്കണോ….നീ ഒന്ന് നല്ലത് പോലെ ആലോചിക്ക്….”

അത് പറഞ്ഞു ലക്ഷ്മി അടുക്കളയിലേക്ക് നടന്നു….

പൗമി പ്രവിയെ ഒന്ന് നോക്കി…ശേഷം അവളും റൂമിലേക്ക് നടന്നു….

5 വർഷങ്ങൾക്കിപ്പുറം ഉള്ളൊരു പ്രഭാതം…

ഈ അഞ്ചുവർഷങ്ങൾ കൊണ്ട് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു പൗമിയുടേയും അശ്വിന്റേയും പാച്ചുവിന്റേയും പ്രവിയുടേയും ജീവിതത്തിൽ……

നാല് വർഷങ്ങൾക്ക് മുൻപ് പ്രവി മാറ്റി മാറ്റി വെച്ച അവന്റെയും നിവിയുടേയും കല്ല്യാണം നടന്നു….

രണ്ട് വർഷം കഴിഞ്ഞപ്പോൾ അവരുടെ സ്നേഹത്തിന് പുതിയൊരു അവകാശി കൂടി അവർക്കിടയിലേക്കെത്തി…ധ്യാൻ….

ഒരു വർഷത്തിന് മുൻപ് ഇരുവീട്ടുകാരുടെയും പൂർണസമ്മതത്തോട് കൂടി  പാച്ചുവും ആർച്ചയും വിവാഹിതരായി…..

ഇതിനിടയിൽ അനന്തപത്മനാഭനും ലക്ഷ്മിയും ഇരുവരുടേയും ജോലിയിൽ നിന്ന് റിട്ടയറായി..

നാട്ടിലെ മൂന്ന് നക്ഷത്ര കുഞ്ഞുങ്ങളെ കണ്ടപ്പോൾ അശ്വിന്റെ അമ്മയ്ക്ക് തിരികെ ലണ്ടനിലേക്ക് പോകാനൊരു മടി അച്ഛന്റെ അവസ്ഥയും മറിച്ചായിരുന്നില്ല…..

അത് കൊണ്ട് രണ്ടാളും അവിടുത്തെ ബിസിനസ് ഒക്കെ അവസാനിപ്പിച്ച് കൊച്ചുമക്കളെയും നോക്കി നാട്ടിൽ തന്നെയുണ്ട്….

ഇതിനിടയിൽ പ്രാക്ടീസ് ഒക്കെ പൂർത്തിയാക്കി പൗമി കോർട്ടിൽ പോകാനും തുടങ്ങി……

“പൗമീ……”

“ആ വരുന്നു…..എന്താ അച്ചുവേട്ടാ….?”

അവന്റെ വിളി കേട്ട് താഴെ അടുക്കളയിൽ നിന്നും ആയിരുന്നു അവൾ മുകളിലെ അവരുടെ റൂമിലേക്ക് ചെന്നത്….

അവൾ പുരികം ഉയർത്തി കൊണ്ട് ചോദ്യ ഭാവത്തിൽ അവനെ നോക്കി..

“ഈ മേശമേൽ വെച്ചിരുന്ന എന്റെ ബെൽറ്റ് എവിടെ ടോ…..”

“എന്റെ അച്ചുവേട്ടാ ഒന്നാതെ എനിക്ക് സമയമില്ല… അത് അവിടെ എവിടേലും കാണും……”

അത് പറഞ്ഞു നിർത്തും മുൻപ് ഡ്രോയിംഗ് റൂമിൽ നിന്നൊരു കരച്ചിൽ കേട്ടു കൊണ്ടായിരുന്നു പൗമിയും അശ്വിനും ഒന്നിച്ചു അവിടേക്ക് ഓടിയത്..

“ഈശ്വരാ അപ്പൂസിന്റെ കരച്ചിലല്ലേ അത്….”

ഓടുന്ന വഴിയിൽ ആരോടെന്നില്ലാതെ അവൾ പറഞ്ഞു…

കുട്ടികൾക്ക് വേണ്ടി മാത്രമുള്ളൊരു റൂം….നാല് മൂലയ്ക്കും അവരുടെ കളിപ്പാട്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നു….

നിലത്തും ഭിത്തിയിലും ആയി ചായക്കൂട്ടുകൾ കൊണ്ട് എന്തൊക്കെയോ എഴുതിയിരിക്കുന്നു…..

പൗമിയും അശ്വിനും അവിടേക്ക് ചെല്ലുമ്പോൾ മുഖം പൊത്തി നിന്ന് കരയുകയാണ് അഞ്ചു വയസ്സുകാരൻ ആരവ് എന്ന അപ്പൂസ്….

അശ്വിന്റെ ബെൽറ്റും കൈയ്യിൽ പിടിച്ചോണ്ട് ആര്യൻ എന്ന കിച്ചൂസിനെ അടിക്കാൻ ഇട്ടോടിക്കുവാണ് പല്ലവി എന്ന പിങ്കി…..

“എന്താ മോനെ പറ്റിയത്….??”

അപ്പൂസിനെ എടുത്തു എളിയിലേക്ക് വച്ചു  കൊണ്ടായിരുന്നു പൗമി അത് ചോദിച്ചത്..

“പിങ്കി എന്നെ തല്ലി….”

അപ്പോഴേക്കുംബെൽറ്റും കൊണ്ട് കിച്ചൂസിനെ തല്ലാനോടിക്കുന്ന പൗമിയെ അശ്വിൻ പോയി എടുത്തോണ്ട് വന്നു….

കൂട്ടത്തിലെ തല്ല് കൊള്ളി  അപ്പൂസാണ്

വില്ലത്തി പിങ്കിയും….കിച്ചൂസാണ് ഇവരുടെ ഇടയിലെ മീഡിയേറ്റർ….

“പിങ്കി…നീ എന്ത് പണിയാ കാണിച്ചത്…അപ്പൂന് വേദനിച്ച് കാണില്ലേ….?”

“അവനെന്നെ ഇങ്ങനെ കാണിച്ചിട്ടാ….”

അത് പറഞ്ഞു കൊണ്ട് അവൾ പൗമിയെ നാക്ക് വെളിയിലേക്ക് ഇട്ട് കാണിച്ചു…

“അപ്പൂ….അമ്മ പറഞ്ഞിട്ടില്ലേ അങ്ങനൊന്നും കാണിക്കരുത്..ചീത്ത കുട്യോളാ അങ്ങനൊക്കെ കാണിക്കുന്നതെന്ന്…..”

എളിയിൽ ഇരിക്കുന്ന അപ്പൂനെ നോക്കി ആയിരുന്നു പൗമി അത് പറഞ്ഞത്….

“യ്യോ ….സമയം എട്ടായോ….??”

തലയ്ക്ക് കൈ കൊടുത്തു കൊണ്ട് അവളത് പറയുമ്പോഴേക്കും അശ്വിൻ കൈയ്യിലിരുന്ന പിങ്കിയെ താഴെ നിർത്തി…

അശ്വിന്റെ മുഖത്തേക്ക് നോക്കി ദേഷ്യത്താൽ നിൽക്കുകയായിരുന്നു പൗമി…

“പിള്ളേര് വഴക്ക് ഉണ്ടാക്കിയതിന് നീ എന്തിനാടീ എന്നോട് ദേഷ്യപ്പെടുന്നത്….??”

“ദേ മനുഷ്യ എന്നേ കൊണ്ട് ഒന്നും പറയിപ്പിക്കരുത്…

എട്ടര ആകുമ്പോൾ പിള്ളേരുടെ സ്കൂൾ ബസ് വരും…. ഇത്ങ്ങളെ ഇത് വരെ കുളിപ്പിച്ചിട്ട് പോലും ഇല്ല….

ഇന്നാണേൽ റാണി ചേച്ചിയും വരില്ല ..അമ്മ ഒറ്റയ്ക്കാ അടുക്കളേൽ….

എനിക്ക് ഭ്രാന്ത് പിടിക്കുവാ…..

ഈ പിള്ളേരെ കൊണ്ട് ഞാൻ തോറ്റ്….മനുഷ്യന് സ്വസ്ഥത തരില്ല…എപ്പോഴും അടീം പിടീം ബഹളവും…”

“താൻ അടുക്കളയിലേക്ക് പൊയ്ക്കോ…പിള്ളേരെ ഞാൻ കുളിപ്പിച്ചോളാം…..”

“പിങ്കി..അപ്പൂ..കിച്ചൂ…മൂന്നാളും അച്ഛന്റെ കൂടെ പോയി മര്യാദയ്ക്ക് കുളിക്ക്…

ഇല്ലേൽ ഓർമ്മയുണ്ടല്ലോ ഇന്നലെ കിട്ടിയത് …”

അതും പറഞ്ഞു കൊണ്ട് അവൾ ധൃതിയിൽ തഴേക്ക് നടന്നു….

“അച്ചുവേട്ടാ കുളിപ്പിച്ച് കഴിഞ്ഞോ….??”

അവൾ അത് ചോദിച്ചു മുകളിലെ നിലയിലേക്ക് നോക്കി നിൽക്കുമ്പോഴായിരുന്നു അശ്വിൻ മൂന്നു പേരെയും യൂണിഫോമിട്ട് ഒരുക്കി താഴേക്ക് കൊണ്ടു വന്നത്…

“ആഹാ…അപ്പോ കുറച്ചൊക്കെ അറിയാം….”

അവരെ നോക്കി മനസ്സിൽ ആയിരുന്നു അവളത് പറഞ്ഞത്….

“എന്നാടീ ഭാര്യേ നോക്കുന്നത്…..??”

“ഒന്നൂലെന്റെ ഭർത്താവേ….”

അത് പറഞ്ഞവൾ പിള്ളേരെയും കൊണ്ട് ഡൈനിങ് റൂമിലേക്ക് നടന്നു….

വേഗം ഭക്ഷണം കഴിപ്പിച്ചു അവരുടെ ബാഗുമായി അവരെയും കൊണ്ട് ഗേറ്റിനടുത്തേക്ക് നടന്നു…

“അപ്പൂസും കിച്ചൂസും ലഞ്ച് ഫുള്ളും കഴിക്കണം കേട്ടോ…

പിങ്കി ദേ ക്ലാസ്സിലെ പിള്ളേരും ആയിട്ട് വഴക്ക് ഉണ്ടാക്കിയേക്കരുത്…എനിക്ക് വയ്യാ എന്നും നിന്റെ മിസ്സിനെ വിളിച്ച് സോറി പറയാൻ….”

അവളത് പറഞ്ഞു നിർത്തുമ്പോഴേക്കും സ്കൂൾ ബസ്സ് വന്നിരുന്നു….

പിള്ളേരെയും കയറ്റി വിട്ടിട്ട് അവൾ വേഗം വീട്ടിലേക്ക് നടന്നു….

“അച്ചുവേട്ടന് പോകാൻ സമയം ആയോ…??”

യൂണിഫോമും ഇട്ടു പുറത്തേക്ക് ഇറങ്ങി വരുന്ന അശ്വിനെ നോക്കി കൊണ്ടായിരുന്നു അവളത് ചോദിച്ചത്..

“ഇന്നിത്തിരി നേരത്തെ പോകണം.. സിറ്റിയിൽ ഒരു ആക്സിഡന്റ്.. “

“ഓ….ബ്രേക്ക്ഫാസ്റ്റ് കഴിച്ചോ…”

“ഇല്ലടോ ….ഇനി ഇപ്പോൾ ടൈം ഇല്ല….”

“എന്നാ ശരി വേഗം വിട്ടോ….”

അവൻ കാറിൽ കയറി ഇരുന്നു ഗ്ലാസ് താഴ്ത്തി ഇട്ട് വീണ്ടും അവളെ വിളിച്ചു…

“പൗമീ…..”

“എന്താ അച്ചുവേട്ടാ…”

അവൻ കൈവെള്ളയിൽ ഒരു ഉമ്മ കൊടുത്ത് അത് അവൾക്ക് നേരെ ഊതി വിട്ടു…

അവളൊന്ന് പൊട്ടിച്ചിരിച്ചു….

“ഈ മനുഷ്യന് ഒരു മാറ്റവും ഇല്ലല്ലോ ദൈവമേ…..കള്ളപോലീസ്….”

അവൾ മെല്ലെ അവൻ കേൾക്കാൻ പാകത്തിൽ അത് പറഞ്ഞു….

അവന്റെ കാറ് ആ ഗേറ്റ് കടന്നു പോകുന്നതും നോക്കിയവൾ ഉമ്മറത്ത് തന്നെ നിന്നു….

അപ്പോഴായിരുന്നു അശ്വിന്റെ അച്ഛൻ രാവിലത്തെ ജോഗിങ്ങും കഴിഞ്ഞു വന്നത്….

“മോള് അമ്മയോട് ചായ എടുക്കാൻ പറയ്…”

അവൾ അടുക്കളയിൽ പോയി അതും പറഞ്ഞു കൊണ്ട് വേഗം റൂമിലേക്ക് നടന്നു…

റൂമൊക്കെ വൃത്തിയാക്കി വേഗം കുളിച്ചിറങ്ങി….

കണ്ണാടിക്ക് മുൻപിൽ നിൽക്കുമ്പോഴായിരുന്നു ഫോൺ റിങ്ങ് ചെയ്തത്….

അതിൽ പാച്ചു കോളിങ്ങ് എന്ന് കണ്ടതും പൗമിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു….

“എന്താടാ രാവിലെ തന്നെ വിളിച്ചത്…??”

“ആഹ് ബെസ്റ്റ്….ഫ്രീ ആകുമ്പോൾ വിളിക്കണം എന്ന് നീയല്ലേ മെസ്സേജ് അയച്ചത്….”

“ഓ…ഞാനതങ്ങ് മറന്നു…അതെങ്ങനാ…നൂറ് കൂട്ടം കാര്യങ്ങളല്ലേ അതിന്റെ ഇടയിൽ ഇതോർക്കാൻ എവിടുന്നാ സമയം…..??”

മറുപുറത്ത് അപ്പോൾ പൊട്ടിച്ചിരി ആയിരുന്നു…

“പിള്ളേര് സ്കൂളിൽ പോയോ… .??”

“ഓ…രാവിലെ ഒരു വല്ല്യ യുദ്ധം കഴിഞ്ഞിട്ടാ മൂന്നും കൂടെ പോയത്….”

“എന്റെ പിങ്കി കുട്ടി എന്ത് പറയുന്നു……??”

“വില്ലത്തിയാ അവള്….ഇന്നലെ ഞാൻ ഒരടി കൊടുത്തപ്പോ പറയ്യുവാ പാച്ചൂ നോട് പറഞ്ഞു എനിക്ക് തല്ല് വാങ്ങി തരുമെന്ന്…  “

“ആ…അമ്മേടെ മോളല്ലേ അവള്…  “

“ടാ ടാ….നീയൊക്കെ കൂടിയാ പെണ്ണിനെ വഷളാക്കിയത്. .. “

മറുപുറത്ത് വീണ്ടും പൊട്ടിച്ചിരി ഉയർന്നു…

“ടാ…ഞാൻ വിളിക്കാൻ പറഞ്ഞത് എന്തിനാണെന്ന് വെച്ചാൽ ആ പെൻഡ്രൈവ് എനിക്ക് വേണം….”

“എന്തിനാടീ ഇപ്പോൾ അത്… ??”

“ആവശ്യം ഉണ്ട്..ടാ പ്ലീസ്…”

“മ്ം വൈകിട്ട് കോഫീ ഷോപ്പിന്റെ ഫ്രണ്ടിൽ വാ…നാല് മണിക്ക്.. ഞാൻ അവിടെ ഉണ്ടാവും…”

“ഓക്കേടാ….”

അത് പറഞ്ഞു ഫോൺ വെച്ച് വേഗം ഡ്രസ്സ്മാറി കറുത്ത കോട്ടും കുറച്ചു ഫയലുകളും കാറിന്റെ കീയും കൈയ്യിലെടുത്ത് അവൾ താഴേക്ക് നടന്നു….

“അമ്മേ…അച്ചാ…ഞാൻ ഇറങ്ങുവാണേ…..”

“ഒന്നും കഴിച്ചില്ലല്ലോ…..”

“സാരല്ല്യാ അമ്മാ സമയം പോയി…ഇനി ഇപ്പോൾ വേണ്ടാ…..”

അതും പറഞ്ഞവൾ ധൃതിയിൽ കാറ് സ്റ്റാർട്ട് ചെയ്തു….

സമയം താമസിച്ചത് കൊണ്ട് അൽപം വേഗത്തിൽ ആയിരുന്നു അവൾ പോയത്…

ധൃതി യിൽ ഫയലുകൾ എല്ലാം മേശപ്പുറത്തേക്ക് വെച്ച് അത്യവശ്യം വേണ്ട കുറച്ചു ഫയലുകളും കൈയ്യിലെടുത്ത് ഉടുത്തിരുന്ന വെള്ള സാരിക്ക് മീതെ കറുത്ത കോട്ടും ഇട്ടു കൊണ്ട് കോടതി മുറിക്കുള്ളിലേക്ക് നടന്നു…….

×××

“പൗർണമി….തന്നെ അനേഷിച്ച് ഒരു സ്ത്രീ കുറച്ചു നേരമായി പുറത്ത് വെയിറ്റ് ചെയ്യുന്നു…”

ഒപ്പം വർക്ക് ചെയ്യുന്ന ലീന ആയിരുന്നു ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചു വരുന്ന പൗമിയോടേയ് അത് പറഞ്ഞത്…

“മ്ം…”

കൈ തുടച്ചു കൊണ്ട് പൗമി വേഗം പുറത്തേക്ക് നടന്നു….

പക്ഷേ അവൾ അവിടെയൊക്കെ നോക്കിയിട്ടും പുറത്ത് ആരെയും കണ്ടില്ല…..

ഒരുപാട് നേരം അവരെ വെയിറ്റ് ചെയ്തെങ്കിലും ആരും വന്നില്ല…

പാച്ചൂനെ നാല് മണിക്ക് കാണാൻ വേണ്ടി അൽപം നേരത്തെ അവളിറങ്ങി….

“ടാ നീ എവിടെയാ….ഞാൻ കോഫീ ഷോപ്പിന്റെ ഫ്രണ്ടിൽ ഉണ്ട്. ..”

“നീ അകത്ത് കയറി രണ്ട് കോഫി ഓഡർ ചെയ്യ് ….ഒരു ഫൈവ് മിനുട്ട് ഞാനങ്ങ് വരുവാ….

ഇവിടെ ഫുൾ ബ്ലോക്കാ..അതാ ലേറ്റ് ആകുന്നത്….”

“മ്ം..ഓക്കേ…”

അവൾ കോഫിയും കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ ആയിരുന്നു പിന്നിൽ നിന്ന് അവൻ വിളിച്ചത്…

“ടീ പൗമീ….”

“ആഹാ….വന്നോ പാച്ചൂ സാർ….”

“ഇരിക്ക്..ഇരിക്ക്…”

“അല്ലാ എന്താ മേഡത്തിന്റെ ഉദ്ദേശ്യം….??”

“ജസ്റ്റ് വെയിറ്റ് ആൻഡ് സീ….”

“ദേ…പൗമി… അവശ്യം ഇല്ലാതെ പ്രശ്നത്തിലൊന്നും ചെന്ന് ചാടരുത് …..”

“ഇല്ലെടാ പാച്ചൂ…നീ ആ കോഫി കുടിക്ക്…. തണുത്ത് പോകും….”

“നിന്റെ മുഖത്ത് എന്ത് പറ്റിയതാ…??”

“ദേ ഇതാണോ…??”

കവിളിന്റെ ഒരു സൈഡിൽ തൊട്ടു കൊണ്ടായിരുന്നു അവളത് ചോദിച്ചത്…

“ഓ…ആ പെണ്ണ് നുള്ളിയതാ….ഹോ എന്നാ വാശിയാണോ പെണ്ണിന്…”

“പിള്ളേർടെ കൈയ്യിന്ന് കണക്കിന് കിട്ടുന്നുണ്ടല്ലേ….??”

അതിന് മറുപടിയായി അവളൊന്ന് ചിരിച്ചു…

“ടാ ഞാൻ ഇറങ്ങുവാ…പിള്ളേര് വരാൻ സമയം ആയി….അവര് വരുമ്പോൾ ഞാൻ അവിടെ ഇല്ലേൽ അത്ങ്ങള് ആ വീട് തിരിച്ചു വയ്ക്കും…..”

“അമ്മ ഇല്ലേ അവിടെ….”

“ആ…ബെസ്റ്റ്…അവർടെ പിറകേ ഓടി അമ്മയ്ക്കിപ്പോ കാല് വേദനയാ…..”

“എന്നാ നീ വിട്ടോ…ബില്ല് ഞാൻ പേ ചെയ്തോളാം…”

“ഓക്കെ ടാ….”

അവൾ വേഗം കോഫീ ഷോപ്പിൽ നിന്നിറങ്ങി…

പാച്ചു കൊടുത്ത പെൻഡ്രൈവ് ഭദ്രമായി കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു

മനസ്സിൽ മറ്റെന്തൊക്കെയോ ചിന്തകളുമായിട്ടായിരുന്നു കാറോടിച്ചത്……

പെട്ടന്നായിരുന്നു  മുൻപിൽ നിന്നും ഒരു ബ്ലാക്ക് കാർ അവളുടെ കാറിനെ ലഷ്യം വെച്ച് അവൾക്ക് നേരെ പാഞ്ഞടുത്തത്…

(തുടരും)

അടുത്ത രണ്ട് ഭാഗത്തിനുള്ളിൽ പൗമി അവസാനിക്കുന്നതായിരിക്കും…ഈ പാർട്ട് എല്ലാവർക്കും ഇഷ്ടം ആയെന്ന് വിശ്വസിക്കുന്നു….

നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “പൗമി – ഭാഗം 29”

  1. Ammukutty ….lots of hug to you for the amazing reading experience💕💕💕💕💕💕. but I little bit of scared about the upcoming part. Hope better days will comes in powmy’s life.💖💖💖💖💖

Leave a Reply

Don`t copy text!