“പൗമി നീയിനി ഒരക്ഷരം മിണ്ടരുത്…….കണ്ണീൽകണ്ട ചെക്കൻമാരും ആയിട്ട് തല്ലുണ്ടാക്കിയിട്ട് നിന്ന് അധിക പ്രസംഗം നടത്തുന്നോ…
അച്ഛൻ ഇന്ന് ഇങ്ങ് വരട്ടെ നിർത്തി തരാം നിന്റെയീ അഹങ്കാരം…..”
“അത് പിന്നെ അമ്മേ…..”
പൗമി പതിയെ പറഞ്ഞു തുടങ്ങി….
“എന്റെ കണ്ണിൽ പൊടിയിടാനായുള്ള നിന്റെ ഒരു ന്യായങ്ങളും എനിക്ക് ഇനി കേൾക്കണ്ട……”
“അമ്മേ അതിന് അവളൊന്നും ചെയ്തില്ല….ഞങ്ങളൊന്നു പറയട്ടെ….”
“പാച്ചൂ നീ മിണ്ടരുത്….”
“തല്ലൊണ്ടാക്കിയ പെങ്ങളെ പിടിച്ചു മാറ്റുന്നതിന് പകരം ഹോക്കിസ്റ്റിക്ക് എടുത്ത് അവൾടെ കൈയ്യിൽ കൊടുത്തേക്കുന്നു……..
എന്റെ ദൈവമേ ഇങ്ങനെ രണ്ടെണ്ണം ആണല്ലോ എന്റെ വയറ്റിൽ കുരുത്തത്…..”
അതും പറഞ്ഞു തലയ്ക്ക് കൈയ്യും കൊടുത്തു ലക്ഷ്മി ഡൈനിങ് ടേബിളിനടുത്ത് കിടന്ന കസേരയിലേക്ക് ഇരുന്നു……..
ഇടയ്ക്കിടെ അവരുടെ കണ്ണ് നിറഞ്ഞു തൂവുന്നുണ്ട്….ഒഴുകി വരുന്ന കണ്ണുനീർ തുള്ളികളെയെല്ലാം അവർ സാരി തുമ്പിനാൽ ഒപ്പിയെടുക്കുന്നുണ്ട്……
ഡൈനിങ് ടേബിളിന്റെ അടുത്തായുള്ള സ്റ്റെയർകേഴ്സിനു താഴെ കൈയ്യും കെട്ടി നിൽക്കുവാണ് പൗർണമിയെന്ന പൗമിയും പ്രണവ് എന്ന പാച്ചുവും…….
ഡി ജി പി അനന്തപത്മനാഭ അയ്യരുടെയും കോളേജ് പ്രൊഫസർ ലക്ഷ്മിയുടേയും രണ്ടാമത്തെ മക്കൾ……സെക്കന്റുകളുടെ വ്യത്യാസത്തിൽ ഭൂമിയിലേക്കൊന്നിച്ച് പിറന്നു വീണവർ…അന്നു തൊട്ട് ഇന്നോളം എല്ലാ കുരുത്തക്കേടിനും ഇവർ ഒന്നിച്ചാണ്….എവിടെയേലും പോകണമെങ്കിലോ എന്തേലും പ്രശ്നം ഉണ്ടെങ്കിലോ എന്തിനേറെ പറയുന്നു ഊണും ഉറക്കവും പോലും ഒന്നിച്ചാണ് ഇപ്പോൾ ലോ കോളേജിൽ മൂന്നാം വർഷംപഠിക്കുന്നു….
ഇവരെ രണ്ടാളെയും കൂടാതെ വേറൊരു മകൻ കൂടി ഉണ്ട് ഇവർക്ക്…. പ്രവീൺ…ആള് നല്ല ഒന്നാന്തരം അഡ്വക്കേറ്റ് ആണ്…….
ഏട്ടനേ പോലെ ആവാനാണ് പൗമിയും പാച്ചുവും ലോ കോളേജിൽ ചേർന്നത്….
“അമ്മേ കരയല്ലേ……ഇനി ഇങ്ങനെയൊന്നും ഉണ്ടാവില്ല…. പ്ലീസ് അമ്മേ…..സത്യം…
ദേ ഈ നിക്കുന്ന പാച്ചൂ ആണെ സത്യം…….”
കുനിഞ്ഞിരുന്ന് കരയുന്ന ലക്ഷ്മിയുടെ തലയിൽ പതിയെ തലോടിക്കൊണ്ട് പൗമി പറഞ്ഞു…..
“ഏ….ഞാനോ….ടീ മഹപാപി നിനക്ക് വേറെ ആരെയും…..”
പാച്ചു പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപേ പൗമി ചുണ്ടത്ത് ചൂണ്ടു വിരൽ അമർത്തി മിണ്ടെരുതെന്ന് ആംഗ്യം കാണിച്ചു…
പറയാൻ വന്നത് പാതിവഴിയിൽ വിഴുങ്ങി പാച്ചു അവിടെ നിന്നു…
“ലക്ഷ്മിമ്മേ നോക്കിക്കേ…..ഞാൻ ഇനി ഒരു തെറ്റും ചെയ്യില്ല….”
“തൊട്ടു പോകരുത് നീയെന്നെ…..”
പൗമിയുടെ കൈകൾ തട്ടി മാറ്റിക്കൊണ്ടായിരുന്നു ലക്ഷ്മി അത് പറഞത്……
അവസാനത്തെ അടവും ചിലവാകാതെ ഇനിയെന്ത് എന്ന ചോദ്യത്തിലെത്തി നിൽക്കുകയാണ് പാച്ചുവും പൗമിയും……..
പെട്ടന്നാണ് കാർപോർച്ചിലേക്കൊരു കാറ് വന്ന് നിന്നത്…..
ആ ബ്ലാക്ക് കാർ കണ്ടപ്പോഴേ അവൾക്ക് പാതി ആശ്വാസമായി……അവൾ നെഞ്ചിൽ കൈ വച്ചു കൊണ്ട് ദീർഘമായൊന്ന് ശ്വസിച്ചു….
എന്നിട്ട് ഫോണിൽ തോണ്ടിക്കൊണ്ടിരുന്ന പാച്ചൂന്റെ തോളിൽ അവളുടെ തോളുകൊണ്ട് തട്ടി കണ്ണു കൊണ്ട് പുറത്തേക്ക് ആഗ്യം കാണിച്ചു…..
കാറിൽ നിന്നിറങ്ങി വരുന്ന പ്രവീണിനെ കണ്ടതും രണ്ടു പേരുടെയും മുഖത്തൊരു പുഞ്ചിരി വിടർന്നു…..
ലക്ഷ്മി അപ്പോഴും തലയ്ക്ക് കൈ കൊടുത്ത് കുനിഞ്ഞു തന്നെ ഇരിക്കുവായിരുന്നു…..
പ്രവീൺ പതിയെ അകത്തേക്ക് കയറി….
“പൗമി നിന്റെ നെറ്റിക്ക് എന്ത് പറ്റി….? ടാ പാച്ചൂ നിന്റെ കൈക്ക് എന്താ പറ്റിയത്….
ബൈക്ക് ആക്സിഡന്റ് ആയോ….??”
പൗമിയുടെ നെറ്റിയിലെ ബാൻഡേജും പാച്ചൂന്റെ കൈയ്യിലെ മുറിവും കണ്ടോണ്ട് വളരെ വേവലാതിയോടെയായിരുന്നു പ്രവീൺ അത് ചോദിച്ചത്……
“ഏട്ടാ അത്…..”
“ഞാൻ പറയാം….”
പൗമി പറഞ്ഞു തുടങ്ങിയതിനെ മുഴുവനാക്കും മുൻപ് ലക്ഷ്മി പറഞ്ഞു…..
“അല്ലാ….അമ്മെയെന്തിനാ കരഞ്ഞത്….??”
പ്രവീൺ ലക്ഷ്മിയോടായ് അത് ചോദിച്ചപ്പോഴേക്കും പൗമിയും പാച്ചുവും പരസ്പരം മുഖത്തോട് മുഖം നോക്കി…..
“ഇത്ങ്ങള് ജനിച്ച് അന്ന് തൊട്ട് ഇന്ന് ഈ നിമിഷം വരെ സമാധാനം എന്താണെന്ന് ഞാൻ അറിഞ്ഞിട്ടില്ല…….”
അതും പറഞ്ഞു കൊണ്ട് ലക്ഷ്മി വീണ്ടും വിതുമ്പി തുടങ്ങി……
“അമ്മേ കാര്യം തെളിച്ച് പറ….”
“കോളേജിൽ ഇന്നും അടി ഉണ്ടാക്കിയിട്ട് വന്ന് നിൽക്കുന്ന നിൽപ്പാ ഇത്….
“ആരും ആയിട്ടാ പുതിയ പ്രശ്നം….???”
‘അത് പിന്നെ ഏട്ടാ… സീനിയറാ …ആൽവിൻ….ചെറിയൊരു പ്രോബ്ലം അത്രേയുള്ളൂ…….”
“എത്ര നിസ്സാരമായിട്ടാ അവള് പറഞ്ഞത്, ചെറിയ പ്രോബ്ലം പോലും…. എടാ പ്രവീണേ ആ ചെക്കനെ തല്ലിച്ചതച്ചു കൊല്ലാറാക്കി ഇട്ടേക്കുവാ രണ്ടും കൂടെ…..”
”ഓ അമ്മയ്ക്ക് അവന് തല്ല് കിട്ടിയതാ വിഷമം…ഞങ്ങൾക്ക് ഇങ്ങോട്ടും കിട്ടി…….. അതിൽ അമ്മയ്ക്കൊരു വിഷമവും ഇല്ലേ…….”
“നിനക്കൊക്കെ നല്ല തല്ലിന്റെ കുറവ് ഉണ്ടായിരുന്നു….”
“അമ്മ ഇതൊക്കെ എപ്പോഴാ അറിഞത്….???”
പ്രവീണായിരുന്നു അത് ചോദിച്ചത്..
“ലഞ്ച് ബ്രക്കിന്റെ ടൈമിൽ ആൻസിയാ എന്നെ വിളിച്ച് പറഞത്…..”
“ഓ ആ പിശാചാണോ പറഞ്ഞത് നാശം……'”
പൗമി ആയിരുന്നു അത് പറഞ്ഞത്…..പയ്യെ പറയാനാണ് ശ്രമിച്ചതെങ്കിലും ശബ്ദം അറിയാതെ അൽപം കൂടി പോയിരുന്നു…..
“കണ്ടോ പ്രവീണേ…..പഠിപ്പിക്കുന്ന മിസ്സിനോടുള്ള അവൾടെ റെസ്പെക്ട് കണ്ടോ……”
“അവര് ഞങ്ങടെ മിസ് അല്ലല്ലോ അമ്മേടെ സി ഐ ഡി അല്ലേ…..
ആഹ്…..എനിക്ക് ഇത്രേം റെസ്പെക്ടേ കൊടുക്കാൻ പറ്റു…….
ഞാനും പാച്ചൂം അവിടെ എന്ത് ചെയ്താലും ഉടനെ അമ്മയെ വിളിച്ച് പറയും…… അവർക്ക് അവർടെ ജോലി ചെയ്താൽ പോരെ……”
“ഓ ആൻസി പഞ്ഞതാ ഇപ്പോ കുറ്റം……അല്ലാതെ നീയൊക്കെ കാണിക്കുന്നത് അല്ല…………
അവളില്ലേയിരുന്നേൽ നീയൊക്കെ അവിടെ കിടന്നു കാട്ടികൂട്ടുന്ന തോന്നിയവാസം ഒക്കെം ഞാൻ അറിയാതെ പോയേനേം…..”
“എന്തായിരുന്നു പ്രശ്നം…?”
“ഏട്ടാ അവനൊരു ഫസ്റ്റിയർ പെൺകുട്ടിയോട് മോശമായിട്ട് പെരുമാറി….
ഞങ്ങളുടെ കൂടെ പഠിക്കുന്ന അതിഥിടെ അനിയത്തി ആയിരുന്നു അത്…..ആ കുട്ടി കരഞോണ്ട് ഞങ്ങളുടെ ക്ലാസ്സിലേക്ക് കയറി വന്നു…..
അപ്പോൾ പിന്നെ ഞാൻ പോയി അവനോടു ചോദിച്ചു…
അത് പിന്നെ വഴക്ക് ആയി……
അല്ലേലും കോളേജിൽ ആർക്കും അവനെ പറ്റി അത്ര നല്ല അഭിപ്രായം അല്ല……..”
പൗമി എന്തോ വലിയ കാര്യം പറഞ ഭാവത്തിൽ അതു പറഞ്ഞു നിർത്തി
“ആ പെണ്ണിന് എന്തേലും കംപ്ലെയിന്റ് ഉണ്ടേൽ പ്രിൻസിപ്പൽനോട് പറയണം……
അല്ലാതെ നീ ആരാ അവളുടെ പ്രശ്നം തീർക്കാൻ…..”
അത് പറഞ്ഞു നിർത്തുമ്പോഴേക്കും ലക്ഷ്മിയുടെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു……
“ആ…..അവനെതിരെ കംപ്ലെയിന്റ് കൊടുക്കാനുള്ള ധൈര്യം ഒന്നും അവിടെ ആർക്കുംഇല്ല…..”
“അതെന്താ…..?”
അൽപം സംശയത്തോടു കൂടി പ്രവീൺ ആയിരുന്നു അത് ചോദിച്ചത്….
“അവനേ പ്രിൻസിപ്പൽന്റെ അനിയന്റെ മോനാ അത് തന്നെ കാര്യം…..”
അലസമായ രീതിയിൽ പൗമി അത് പറഞ്ഞു നിർത്തി…..
അതൂടി കേട്ടതോടെ ലക്ഷ്മിയുടെ കരച്ചിലിന്റെ ശബ്ദം ഇരട്ടിച്ചു…..
“കണ്ടോടാ പ്രവീ….ഇനി ഇവരുടെ ഭാവി എന്താകും…. ഇനി ഇവർക്ക് അവിടെ പഠിക്കാൻ പറ്റുവോ….
എന്റെ ദൈവമേ ഇനി കുംടുംബത്ത് ഉള്ളവരുടെ മുഖത്ത് ഞാനും നിങ്ങളുടെ അച്ഛനും എങ്ങനെ നോക്കും….??
അതെങ്ങനെയാ അച്ഛന്റെയും അമ്മേടെയും പേര് ചീത്തയാക്കാൻ ജനിച്ച രണ്ട് സന്താനങ്ങളല്ലേ ഈ നിക്കുന്നത്….
കുടുംബത്തിൽ ഉള്ളോര് ഇപ്പോഴേ ചോദിക്കുന്നുണ്ട് പൗർണമിയെ ഗുണ്ടയാക്കി വളർത്താനാണോ നിങ്ങളുടെ ഉദ്ദേശ്യമെന്ന്…..ഇനി അവരൊക്കെ ഇതൂടി അറിയുമ്പോൾ…..”
ബാക്കി പറഞ്ഞു പൂർത്തിയാക്കാതെ ലക്ഷ്മി വീണ്ടും കരച്ചിൽ തുടർന്നു……
“അമ്മേ….. അമ്മ ഇങ്ങനെ കരയാതെ….കുറച്ചു നേരം ചെന്ന് കിടക്ക്…..”
പ്രവീൺ ആയിരുന്നു അത് പറഞ്ഞത്……
അപ്പോഴും പാച്ചൂ കാര്യമായിട്ട് ഫോണിലെന്തോ നോക്കുവായിരുന്നു……
ഇടം കണ്ണിട്ട് ഇടയ്ക്കിടെ പൗമിയും അതിലേക്ക് എത്തി നോക്കുന്നുണ്ട്….
“ടാ പ്രവീണേ നീയൊന്ന് നോക്ക് അവൾടെ കോലം….അവിടേം ഇവിടേം പീഞ്ചി കീറിയിരിക്കുന്ന ജീൻസും ഷർട്ടും….. ഇങ്ങനെയാണോ പെൺകുട്ടികള് ഡ്രസ്സ് ചെയ്യുന്നത്…..”
ലക്ഷ്മി പറഞോണ്ട് ഇരിക്കുന്നതിനിടയ്ക്കു തന്നെ പ്രവീൺ പൗമിയെ കണ്ണുകൊണ്ട് ആഗ്യം കാണിച്ചു……
അതിന്റെ അർത്ഥം മനസ്സിലായിട്ടെന്നോണം അവൾ അരയിൽ കെട്ടിയിരുന്ന ഷർട്ട് അഴിച്ചെടുത്ത് നിലവിൽ അവളുടെ ദേഹത്ത് ഉണ്ടായിരുന്ന ബനിയന്റെ മുകളിലേക്ക് ഇട്ടു……
“ഒരുനേരവും ഈ മുടി ഇവള് കെട്ടി വയ്ക്കില്ല….കമ്മലും ഇടില്ല മാലയും ഇടില്ല…
ആൺപിള്ളേരെ പോലെ ഡ്രസ്സും ചെയ്തു രാവിലെ വീട്ടീന്ന് ഇറങ്ങും….വൈകുന്നേരം ആകുമ്പോൾ ആരോടേലും വഴക്കും ഉണ്ടാക്കി തിരിച്ച് വീട്ടിൽ വന്ന് കയറും….
ഇവള് ആണായിട്ടെങ്ങാണ്ട് ജനിക്കേണ്ടത് ആയിരുന്നു…..”
അതും പറഞോണ്ട് ലക്ഷ്മി ദേഷ്യത്താൽ മുറിയിലേക്ക് നടന്നു…..
“ഞങ്ങൾക്ക് വിശക്കുന്നു….കുറച്ച് ചോറ് തരുവോ……”
പൗമിയുടെ ആ ചോദ്യത്തിൽ ലക്ഷ്മിക്കും അവളോട് ഒരു സഹതാപം തോന്നിയിരുന്നു…..
മുറിയിലേക്ക് നടന്ന ലക്ഷ്മി നേരെ നടത്തം അടുക്കളയിലേക്ക് ആക്കി…..
ഇത് കണ്ട പാച്ചുവും പൗമിയും നേരെ പോയി ടൈനിംഗ് ടേബിളിന്റെ ചെയറിലേക്ക് ഇരുന്നു……
പ്രവീണും വെറുതെ അവർക്കൊപ്പം ഇരുന്നു….
ലക്ഷ്മി ദേഷ്യത്താൽ ഒരു പാത്രത്തിൽ ചോറെടുത്ത് അവരുടെ മുൻപിലേക്ക് വെച്ചിട്ട് അടുക്കളയിലേക്ക് നടന്നു…..
പ്രവീൺ രണ്ടു പേർക്കുമായുള്ള പ്ലേറ്റ് എടുത്തു അവർക്ക് നേരെ വെച്ചു കൊടുത്തു…..
“പ്രവീ…എനിക്ക് പ്ലേറ്റ് വേണ്ട ടാ……..”
“അതെന്താ നീ കഴിക്കുന്നില്ലേ…..?”
ധൃതിയിൽ പ്ലേറ്റിലേക്ക് ചോറ് വിളമ്പുന്നതിനിടയിൽ പൗമി ആയിരുന്നു അത് ചോദിച്ചത്…..
പാച്ചു അവന്റെ വലതു കൈയ്യിലെ മുറിവിലേക്ക് ദയനീയതയോടെ നോക്കി……
“ആ……എന്നാ നീ കഴിക്കണ്ട….”
അതും പറഞ്ഞു പൗമി ചോറും കറിയും കുഴച്ച് ആർത്തിയോടെ കഴിക്കാൻ തുടങ്ങി…….
“ടീ….ആആആ…”
പാച്ചു പതിയെ വായും തുറന്ന് അവൾക്കടുത്തേക്ക് നുങ്ങിയിരുന്നു……
അവൾ അവന്റെ വായിലേക്കും വച്ചു കൊടുത്തു…….
ഇതെല്ലാം കണ്ടും കേട്ടും താടിക്ക് കൈയ്യും കൊടുത്ത് ഇരിക്കുവായിരുന്നു പ്രവീൺ……..
“ഇതെന്താ ഇന്നിവിടെ ചിക്കനില്ലേ…..”
പൗമിയായിരുന്നു അബദ്ധത്തിൽ അത് ചോദിച്ചത്……
ചോദിച്ചത് അബദ്ധമായീന്ന് അവൾക്ക് തോന്നിയത് പോലും പ്രവീണിന്റെ വാ പൊത്തിയുളള്ള ചിരിയും പാച്ചൂന്റെ കണ്ണും തള്ളിയുളള്ള ഇരുപ്പും കണ്ടപ്പോഴായിരുന്നു……….
ലക്ഷ്മി ദേഷ്യത്താൽ പല്ലു ഞെരിച്ചു അടുക്കളയിലേക്ക് പോയി……
തിരിച്ചു ഒരു പാത്രത്തിൽ ചിക്കൻ കൊണ്ടു വന്ന് അവരുടെ മുൻപിലേക്ക് വെച്ചു………
“തിന്ന്…..നല്ലോണം തിന്ന് മറ്റുള്ളോരെ തല്ലിച്ചതക്കാൻ നല്ല ആരോഗ്യം വേണ്ടേ……….”
പൗമി പതിയെ തലകുനിച്ചു പാച്ചൂനെ നോക്കി….. അവൻ മെല്ലെ അവളുടെ കാതിൽ പറഞ്ഞു….
“നൈസായിട്ടങ്ങ് എഴുനേറ്റു പോയാലോ…..”
“മിണ്ടാണ്ടിരുന്ന് തിന്നോ…….അച്ഛൻ വന്നാ ഇത് പോലും കിട്ടത്തില്ല…….”
“എന്തുവാടാ ഇരുന്നു പിറുപിറുക്കുന്നത്…..കഴിച്ചിട്ട് വേഗം എഴുനേറ്റു പോകാൻ നോക്ക്…..”
ആ ഉറച്ച ശബ്ദം ലക്ഷ്മിയുടേതായിരുന്നു…..
പൗമിയും പാച്ചുവും അതൂടി കേട്ടപ്പോൾ ഇനിയെന്തോ പറയാൻ വന്നത് പാതി വഴിയിൽ വിഴുങ്ങി വേഗം കഴിച്ചെണീറ്റ് റൂമിലേക്ക് നടന്നു……..
കുളിച്ചു ഫ്രഷായി ബാൽക്കണിയിലെ സോപാനത്തിലിരുന്ന് വഴിയോര കാഴ്ചകൾ ആസ്വദിക്കുമ്പോഴായിരുന്നു അവൾക്കരികിൽ വന്ന് പ്രവീൺ ഇരുന്നത്….
“എങ്ങനെയാ കണക്കിനു കിട്ടിയോ…..? . .”
“എന്ത്….??”
“അല്ലാ തല്ലേ…..”
“ഒന്ന് പോ പ്രവീ കളിയാക്കാതെ…….”
അപ്പോഴായിരുന്നു ഒരു പാത്രത്തിൽ നിന്ന് മുന്തിരി പെറുക്കി തിന്നോണ്ട് പാച്ചു അങ്ങോട്ട് വന്നത്……..
“ഇതൊക്കെ എങ്ങോട്ട് പോകുന്നെടേയ്……??”
പ്രവീൺ അവനെ കളിയാക്കി ചോദിച്ചു….
“പൊരിഞ്ഞ പോരട്ടമല്ലായിരുന്നോ…..അതിന്റെ നല്ല ക്ഷീണം ഉണ്ട്…….”
അതും പറഞ്ഞു അവനൊരു മുന്തിരി പൗമിക്കു നേരെ എറിഞ്ഞു…. അവൾ വാ കൊണ്ടത് ക്യാച്ച് ചെയ്തു……
“അല്ലാ….ഈ മുറിവിൽ എവിടെ പോയാ മരുന്ന് വെച്ചത്….ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവർക്ക് മനസ്സിലായില്ലേ ഇത് തല്ല് കേസ് ആണെന്ന്…..???”
“ഞങ്ങള് ആ അഖിലിന്റെ അമ്മേടെ ക്ലീനിക്കിലോട്ടാ പോയത്…..
അവരായത് കൊണ്ട് കൂടുതൽ ഒന്നും ചോദിച്ചില്ല……”
പാച്ചു അത് പറഞ്ഞു നിർത്തി…..
“ഏത് അഖിൽ.?…”
“ഓ ഇവൾടെ പിന്നാലെ കുറേ നടന്നില്ലേ……”
“ഏത്…. ആ ചെക്കനോ…?”
“ആന്നെ അവൻ തന്നെ…..”
“അവനിപ്പോഴും ഇവൾടെ പിന്നാലെ തന്നെ ആണോ……”
“പിന്നെ ആണോന്നോ……ചാഞ്ഞും ചരീഞ്ഞും കിടന്നുള്ള അവന്റെ നോട്ടം കാണുമ്പോൾ തന്നെ പാവം തോന്നും…….”
“എടി പൗമി..നിനക്ക് അവനൊരു ഗ്രീൻ സിഗ്നൽ കൊടുത്തൂടേ……
ഒന്നൂല്ലേലും അവനൊരു ഡോക്ടർടെ മോനല്ലേ…..”
“ദേ പ്രവീ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടേ……
ഡോക്ടർടെ മോനെന്താ കൊമ്പുണ്ടോ…..”
“അല്ലെടി നീ എന്തായാലും തല്ല്കൊള്ളിയാ…..അടിയും കൊണ്ട് വീട്ടിൽ കയറി ചെല്ലുമ്പോൾ ഫ്രീ ആയിട്ട് മരുന്ന് വെച്ച് തരാൻ ഒരാളാകൂലോന്ന് ഓർത്തു പറഞ്ഞതാണേ……”
“ടാ നിന്നെ ഞാൻ്……”
എന്നും പറഞ്ഞു കൊണ്ട് പ്രവീണിനെ തല്ലാൻ പൗമി കൈയ്യോങ്ങിയപ്പോഴാണ് പിന്നിൽ അമ്മ നിൽക്കുന്നു എന്ന് പാച്ചൂ ആഗ്യം കാണിച്ചത്……
“വാ താഴേക്ക് വാ…..
അതോ പെങ്ങൾക്ക് കല്യാണം ഒക്കെ ഉറപ്പിച്ചീട്ടേ ഉള്ളോ….എങ്ങനെയാ…..”
“ആദ്യം നീ പോ….”
“നീ പോ്….”
“പൗമി എന്താ അവിടെ…..”
സ്റ്റെപ്പ് പാതി ഇറങ്ങി നിന്നു കൊണ്ട് ലക്ഷ്മി ആയിരുന്നു അത് ചോദിച്ചത്….
“ഒന്നൂല്ല അമ്മേ…..”
“പ്രവീണേട്ടൻ ആദ്യം പോ…..”
പ്രവീണിനു പിന്നാലെ പാച്ചുവും അതിന്റെ പിന്നിലായ് പൗമിയും താഴേക്ക് നടന്നു…..
താഴെ ഇരിക്കുന്ന ആളെ കണ്ടതും പാച്ചുവും പൗമിയും അടി കൊണ്ടതു പോലെ പാതിവഴിയിൽ നിന്നു….
“അ…അ..അച്ഛനോ….”
“അ അ അച്ഛനല്ല….അച്ഛൻ….”
രണ്ടാളും ഇങ്ങടുത്തോട്ട് വന്നേ….
പാച്ചൂന് പിന്നാലെ പൗമിയും അങ്ങോട്ട് ചെന്നു…..
“എന്തായിരുന്നു ഇന്ന് പ്രശ്നം……?”
“അത് പിന്നെ അച്ഛാ…..”
പെട്ടന്നായിരുന്നു അനന്തപത്മനാഭന്റെ ഫോൺ റിംഗ് ചെയ്തത്…..
കൈകൊണ്ട് സംസാരം നിർത്താൻ ആഗ്യം കാണിച്ചിട്ട് അയാൾ ഫോൺ എടുത്തു…..
ഓരോ നിമിഷവും കഴിയും തോറും അയാളുടെ മുഖം കൂടുതൽ വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു….
പൗമി പേടിയോടെ പാച്ചുവിനെ നോക്കി…….
(തുടരും)
എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് വിചാരിക്കുന്നു…..
ഒത്തിരി ഇഷ്ടത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission