ഇന്നും മാറ്റമൊന്നുമില്ല … കണ്ണാടിയിൽ ആ വികൃത രൂപം കണ്ടു .. മനസില്ല മനസ്സോടെ മുടിയും ചീകി പൗഡറും ഇട്ടു .. വിജയൻ നടന്നു ….
മുഖത്തിന്റെ അഭംഗി അത്രയ്ക്ക് വിജയനെ കീഴടക്കിയിരിക്കുന്നു . ഒരു തരം മരവിപ്പ്, മുന്നിൽ കാണുന്നവരൊക്കെ അവനെ കളിയാക്കുന്നു എന്നൊരു തോന്നൽ ..
അവരൊക്കെ പലരും അവന്റെ ചേഷ്ടകൾ സസൂഷ്മം ശ്രദ്ധിക്കണ പോലെ .. തലകറങ്ങണ പോലെ തോന്നും അവനു അപ്പൊ . ശ്വാസം നീട്ടി വലിച്ചു നടക്കും .. മറ്റേപറമ്പിലെ ഉണ്ണി ആശാൻ പറഞ്ഞു തന്ന വിദ്യ ആണ് അവൻ സ്വീകരിക്കുന്നത് .. ഉണ്ണി ആശാൻ സ്വന്തം കുട്ടികൾക്ക് ഉപദേശം നൽകുന്നത് കേട്ടിട്ടുണ്ട് നമുക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടതായി തോന്നിയാൽ അല്ലെങ്കിൽ പിരിമുറുക്കം തോന്നിയാൽ ഈ വിദ്യ പ്രയോഗിക്കാൻ .. കുറച്ചൊക്കെ അവൻ അതിൽ വിജയിച്ചിട്ടുമുണ്ട് …
മെഡിക്കൽകോളേജില അവന്റെ അടുത്ത് നിൽക്കുന്ന ആളുകൾ ഉറക്കെ ചിരിക്കുമ്പോൾ ഇവരൊക്കെ അവനെ കളിയാക്കിയാണോ ചിരിക്കുന്നത് എന്ന് പോലും തോന്നും അവനു .. അവർ പറയുന്നതൊക്കെ കേൾക്കാൻ അവന്റെ ചെവി അവൻ സ്വയം വട്ടം പിടിയ്ക്കാറുള്ളതും അവന്റെ സ്വഭാവത്തിന്റെ ഒരു സവിശേഷതയാണ്
പക്ഷെ അവന്റെ മുറി, അവൻ മാത്രമുള്ള മുറി അവിടെ അവൻ സ്വസ്ഥനാണ് … അങ്കലാപ്പുകൾക്കു അവിടെ സ്ഥാനമില്ല .. പിരി മുറുക്കമില്ല അവൻ അവനായി ജീവിക്കുന്ന ഒരേ ഒരിടം … കല്യാണത്തെ പോലും പുറം കാലുകൊണ്ട് തട്ടിയെറിഞ്ഞ ഉറച്ച തീരുമാനത്തിന്റെ കാര്യവും അത് തന്നെ .. അവന്റെ മുറിക്കു വേറൊരു അവകാശി ഉണ്ടാവാൻ പാടില്ല എന്ന ഉറച്ച തിരിച്ചറിവുകൊണ്ടു തന്നെയാണ് അത്തരം കടുത്ത തീരുമാനത്തിലേക്ക് അവനെ നയിച്ചതും . അല്ലെങ്കിൽ അവിടെയും അവൻ അഭിനയിക്കേണ്ടി വരും .
മുഖത്തിന്റെ അഭംഗി മറക്കാൻ ഉള്ള മാർഗങ്ങളെ പറ്റിയായി അവന്റെ ചിന്ത .. അവനും മറ്റുള്ളവരെ പോലെ ചിരിക്കാനും മറ്റുള്ളവരെ പോലെ സംസാരിക്കാനും പറ്റിയ മരുന്നിനെ പറ്റിയാണ് അവന്റെ ചിന്ത .
ഉണ്ണിയാശാൻ തനി നാടനാണ് . പക്ഷെ അദ്ദേഹത്തിന് അവന്റെ പ്രശ്നങ്ങളുടെ കാരണം കണ്ടെത്താൻ ഇതുവരേയും കഴിഞ്ഞിട്ടില്ല . അവൻ ആരോടും പറഞ്ഞിട്ടില്ല അതാണ് സത്യം, ഉണ്ണി ആശാനോട് പോലും .. അദ്ദേഹത്തിന് കുറച്ചു നാട്ടു വൈദ്യവും അറിയാം … പക്ഷെ കക്കൂസിന്റെ കുറ്റി പോയിട്ട് മാറ്റിവക്കാൻ പോലും കാശില്ലാത്ത അവനോടു മനസിന്റെ ബലം കൂട്ടാനുള്ള വൈദ്യം പറയാൻ അദ്ദേഹവും മെനക്കെട്ടില്ല …
അവന്റെ മുറിയിൽ അവൻ സ്ഥിരമായി നിക്കണസ്ഥലമുണ്ട് .. അവിടെയാണ് അവന്റെ മുഖം നോക്കാൻ കണ്ണാടിയും തൂക്കിയിരിക്കുന്നത് … സ്ഥിരം നിക്കണ സ്ഥലം കണ്ടാൽ ഒരു വാഴ നടാനുള്ള തടം കോരിയ മാതിരി തോന്നും..
എന്നും മുറിയിൽ ഇരുന്നു അവൻ അഭിനയഭ്യാസം നടത്താറുണ്ട് … എല്ലാവരുടെയും മുന്നിൽ .. അല്ലെങ്കിൽ സരസ്വതിയുടെ മുന്നിലെങ്കിലും ഒന്ന് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ . പക്ഷെ എന്നും പരിശീലനമുറകളൊക്കെ പാഴായി പോകുകയാണ് പതിവ് .
അവന്റെ മുഖത്തിന്റെ മോശമായ അവസ്ഥ മറയ്ക്കാൻ അവളിൽ ഇഷ്ടം തോന്നാൻ പാകത്തിന് മറ്റെന്തെങ്കിലും പരീക്ഷിക്കണം എന്നൊരു ചിന്ത കടന്നു കൂടി .
സരസ്വതിക്കു ഞാവൽപഴങ്ങൾ ഇഷ്ടമാണ് എന്ന് അവനറിയാം .. ഉണ്ണി ആശാന്റെ പറമ്പിൽ ഞാവൽ പഴങ്ങൾ ധാരാളം ഉണ്ട് .. അവൻ കുറെ ഞാവൽ പഴങ്ങൾ പറിച്ചു സരസ്വതിക്ക് കൊടുക്കാനായി..
ഇന്ന് സരസ്വതി പതിവിലും സുന്ദരിയായി വന്നിരിക്കുന്നു , അവളുടെ തൂവെള്ള കളറിലുള്ള സാരി കണ്ടപ്പോ ഏതോ തുള്ളിനീളം പരസ്യത്തിലെ പെൺകുട്ടിയെ പോലെ തോന്നി. കുറാത്തതാണേലും എണ്ണക്കറുപ്പിന്റെ ഭംഗി എന്ന് എവിടെയോ വായിച്ചതിന്റെ യഥാർത്ഥ രൂപം അവന്റെ മനസിലേക്ക് ഓടിക്കയറി. അവളുടെ മുന്നിൽ ഞാവൽ പഴവുമായി നിക്കുമ്പോഴും അവൾ അവനെ ശ്രദ്ധിക്കുന്നുപോലും ഉണ്ടായില്ല , വിളിക്കാനും തോന്നിയില്ല , അവനോടുള്ള മതിപ്പു കൂടുതൽ തോന്നാനുള്ള വ്യഗ്രതയിൽ ഞാവൽ പഴം നിറച്ച പേപ്പർ അവൻ സരസ്വതിയിലേക്കു നീട്ടി, നിറഞ്ഞു നിന്ന പേപ്പർ കൂടാ അവളുടെ സാരിയിലേക്കു വീണു , പഴങ്ങൾ നല്ല പഴുത്തതായിരുന്നതുകൊണ്ട് വെള്ള സാരി എല്ലാം ഞാവൽ പഴംതിന്റെ കറയുമായി … കരഞ്ഞു കലങ്ങിയ കണ്ണുമായി സരസ്വതി ഓടി മാറുന്നത് കണ്ടുനിൽക്കാനേ അവനു കഴിഞ്ഞുള്ളു ..
ഇതൊന്നും അവനു പറ്റിയപണിയല്ല സ്വയം പ്രാക്കോടേ വീട്ട്ടിലെ അവന്റെ മുറിയിൽ പോയി കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു …ഒരു ആശ്വാസവാക്കിനു വേണ്ടി ജീവിതത്തിൽ ആദ്യമായി കൊതിച്ചതും ഇന്നാണ് . “എന്റെ ദുഃഖം ആര് കാണാൻ ആര് കേൾക്കാൻ” ഒറ്റമുറിയുള്ള വീട്ട്ടിൽ തന്റെ മുറിയിൽ ഒതുങ്ങി കൂടിയിരിക്കുകയല്ലേ. അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോയാലോ എന്ന് വരെ ആലോചന വന്നു തുടങ്ങിയിരിക്കുന്നു .. അവർക്കൊക്കെ അവനെ മനസ്സിലാകുമോ എന്നറിയാനും വയ്യ ..
മെഡിക്കൽ കോളേജിലെ ക്ലീനിങ് ജോലിയുടെ ഇടയ്ക്കും സരസ്വതിയെ കാണാൻ അവൻ കൊതിക്കാരുണ്ടാരുന്നു . പക്ഷെ ഞാവല്പഴം കാരണം അങ്ങോട്ടേക്കുള്ള വാതിലും അടഞ്ഞ മട്ടാണ്. അവന്റെ ജീവിതത്തിൽ അവനെ നോക്കണമെന്നും അവനു കാണണം എന്ന് കൊതിച്ചതും സരസ്വതിയുടെ മുഖം മാത്രമാണ് . സരസ്വതിയും അവനെ പോലെ മെഡിക്കൽ കോളേജിലെ ക്ലീനിങ് സ്റ്റാഫ് ആണ് പക്ഷെ സരസ്വതിക്ക് ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടോ എന്ന് അറിയാമോ എന്ന് തന്നെ സംശയം..
എന്റെ ഒറ്റമുറിവീട് മെഡിക്കൽ കോളേജിന്റെ തൊട്ടടുത്തായാണ് . അവിടെ നിന്നുള്ള ഡെറ്റോളിന്റെയും, മരുന്നിന്റെയും ലോഷന്റെയും വാസന തന്നെയാണ് അവന്റെ ഒറ്റമുറിക്കുള്ളിലും . ചിലപ്പോ അവനെയും അവന്റെ തലയിണക്കും ഒക്കെ ആ മണം തന്നെയാണ് ഉള്ളത് എന്ന് അവനു തന്നെ തോന്നാറുണ്ട് . ജോലികഴിഞ്ഞു അവൻ വിശ്രമിക്കുന്നതും മെഡിക്കൽ കോളേജിലെ ഏതെങ്കിലും ബാത്റൂമിന്റെ അടുത്തുള്ള സ്റ്റോർ റൂമിൽ ആയിരിക്കും .. അവിടെ ആളാകുമ്പോ ആൾക്കാരുടെ ശ്രദ്ധ അധികം ഉണ്ടാവില്ല . കാര്യം കഴിഞ്ഞു ചുറ്റി തിരിയാടാതെ എല്ലാരും വേഗം പൊയ്ക്കോളും . അതാണ് അവൻ ബാത്റൂമിന്റെ പരിസരം തന്നെ തിരഞ്ഞെടുക്കാനുണ്ടായ ചേതോവികാരം.
ഒരുദിവസം ജോലി കഴിഞ്ഞു വിശ്രമിക്കുകയാരുന്നു അവൻ . ബക്കറ്റും നാപ്കിൻസും ഒക്കെ വയ്ക്കുന്ന തട്ടത്തിന്റെ അടിയിൽ ഒരു ചെറിയ പലക വച്ചിട്ടുണ്ട് അതാണ് അവന്റെ ഇരിപ്പിടം .
പുറത്തു ഒരു നിലവിളിയോടെ കൂടിയുള്ള ഒരു ഒച്ച അവൻ കേട്ടു.. ചെന്ന് നോക്കുംപോ സരസ്വതി തറയിൽ വീണു കിടക്കുന്നു .. നെറ്റി പൊട്ടി ചോരയൊലിക്കുന്നുണ്ട് . പക്ഷെ ഞാവല്പഴത്തിന്റെ ഓർമകാരണം അവളെ തൊടാനും പേടി. അവന്റെ ഹൃദയത്തിന്റെ മിടിപ്പ് കൂടി , ഏതോ ശക്തി അവനെ താങ്ങുന്ന പോലെ തോന്നി .അവൻ അവളെ താങ്ങിയെടുത്തു തൊട്ടടുത്തുള്ള ഡോക്ടറിന്റെ റൂമിലേക്ക് കിടത്തി. ഡോക്ടർ പരിശോധന തുടങ്ങി സരസ്വതിയുടെ ബോധം വന്നപ്പോ അവനെ കണ്ടു .. അത്രയും നേരം എന്നേ താങ്ങി നിർത്തിയ ശക്തിയുടെ ബലം കുറഞ്ഞപോലെ .. അവന്റെ കണ്മുന്നിൽ ഞാവല്പഴത്തിന്റെ കായികൾ നൃത്തം ചെയ്യുന്ന പോലെ തോന്നി . സരസ്വതി ആദ്യമായി അവന്റെ മുഖത്തു നോക്കുന്നതും പുഞ്ചിരിക്കുന്നതും അന്നായിരുന്നു. തന്നെ താങ്ങിക്കൊട്ണ് വന്നത് അവനാണ് എന്ന് അവൾക്കു മനസിലായതായി അവനു മനസിലായി. അതാവണം ആ നേർത്ത പുഞ്ചിരിയുടെ അർഥം.
സരസ്വതിയുടെ അമ്മക്ക് കൂലിപണിയാണ് അച്ഛൻ നേരത്തെ മരിച്ചു സരസ്വതിക്ക് പത്താം തരത്തിൽ പഠിക്കുന്ന ഒരു കുഞ്ഞു അനുജൻ കൂടെ ഉണ്ട് . സരസ്വതിയുടെ അമ്മയെ വിവരം അറിയിക്കാൻ ഒരു മാർഗവുമില്ല , ‘അമ്മ ജോലിചെയ്യുന്ന വീട്ടിലെ ആളുകളെ വിവരം അറിയിച്ചത് പ്രകാരം പാതി പൊട്ടിയ ഹൃദയവുമായി ‘അമ്മ ഓടി വരുന്നത് കണ്ടു അവന്റെ ഉള്ളൊന്നു പിടഞ്ഞു .
ഡോക്ടർ പരിശോധനകളെല്ലാം കഴിഞ്ഞു എന്തൊക്കെയോ കാര്യമായി ചർച്ച നടത്തുന്നുണ്ടാരുന്നു . അവന്റെ അപകർഷതാ ബോധത്തിന്റെ മഞ്ഞുരുകുന്നപോലെ അവനു തോന്നി . അവൻ അവനെ പറ്റി മാത്രേ ചിന്തിച്ചിരുന്നുള്ളു ഇത്രയും കാലം അതാവാം അവൻ ഇങ്ങനെ ആയി പോയത് എന്നൊക്കെ ആരോ അവന്റെ മനസ്സിൽ വന്നു പറയുന്ന പോലെ തോന്നി .
അവിടെത്തെ അറ്റൻഡർ വന്നു പറഞ്ഞു നമ്മുടെ സരസ്വതിക്ക് കരളിന് എന്തോ കാര്യമായ സൂക്കേടുണ്ടെന്നു . അവൾക്കു തുടർ ചികിത്സ ചെയ്താൽ മാറാനുള്ളതേ ഉള്ളു . സരസ്വതിയുടെ വീട് കുറച്ചു അകലെയാണ് , ആറു മാസം തുടർച്ചയായി മെഡിക്കൽ കോളേജിൽ ചികിത്സ ചെയ്യണമെങ്കിൽ വീട്ടിൽ നിന്ന് പോയി വരവ് പ്രയാസമാകുമെന്നു അവളുടെ ‘അമ്മ പറയുന്നത് അവൻ മാറി നിന്ന് കേട്ടു .
അവന്റെ വീട് മെഡിക്കൽ കോളേജിന് അടുത്താണല്ലോ നിങ്ങള്ക്ക് അവിടെ താമസിച്ചു ചികിത്സിക്കാമല്ലോ എന്ന് പറഞ്ഞാൽ കൊള്ളാമെന്നു അവന്റെ മനസ് വെമ്പി . പക്ഷെ പേടി കാരണം പറഞ്ഞില്ല ..
അവന്റെ വീടിനോടു ചേർന്നു ഒരു ചായ്പ്പുണ്ട് അവൻ അവിടെ കിടന്നാൽ അമ്മയ്ക്കും സരസ്വതിക്കും ഒറ്റമുറി വീട് ധാരാളമാണ് .. മെഡിക്കൽ കോളേജിൽ പാവങ്ങൾക്ക് മൂന്നു നേരം ആഹാരം കൊടുക്കുന്ന സന്നദ്ധസംഘടനകൾ ഉള്ളത് കൊണ്ട് പട്ടിണിയും കിടക്കേണ്ടി വരില്ല.
പേടിയോടു കൂടി അവൻ കാര്യം അമ്മയെ ധരിപ്പിച്ചു. ‘അമ്മ അവനെ കരഞ്ഞു കൊണ്ട് തൊഴുതുനിന്നു വിതുമ്പൽ കാരണം അവർക്ക് ഒരു വാക്കു പോലും അവനോടു പൂർത്തിയാക്കാൻ കഴിഞ്ഞില്ല എങ്കിലും അവനു മനസിലായി സരസ്വതിക്കും അമ്മയ്ക്കും അവന്റെ , അല്ലെങ്കിൽ അവന്റേതു മാത്രമായ ഒറ്റമുറിയിൽ താമസിക്കാൻ വിരോധമില്ലെന്ന് .
അങ്ങനെ അവന്റെ താമസം വീടിനടുത്തുള്ള ചായിപ്പിലേക്കു മാറി . സരസ്വതി അതീവ സുന്ദരിയാണ് , വല്യ വട്ട പൊട്ടും സാരിയും ആണ് അവളുടെ ഇഷ്ട വേഷം . ഒറ്റനോട്ടത്തിൽ കണ്ടാൽ ആരും പറയില്ല സൂക്കേടുകാരിയാണെന്നു. അവൾക്കു എപ്പോ നല്ല മാറ്റമുണ്ടെന്നു ഡോക്ടർ പറഞ്ഞു.
അവന്റെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നിരിക്കുന്നു, ഡെറ്റോളിന്റെയും ലോഷന്റെയും മണം മാത്രമറിയാവുന്ന അവനു ഇപ്പോൾ അവന്റെ ചുറ്റുപാടുമുള്ള എല്ലാ വസ്തുക്കളുടെയും മണം അവനു ആദ്യമായി അനുഭവിക്കുന്ന പോലെ ഒരു തോന്നൽ അവനിൽ ഉണ്ടാക്കിയിരിക്കുന്നു . ആകെ ഒരു മാറ്റം .. മറ്റുള്ളവർ തന്നെ എന്ത് കരുതുംഎന്ന തോന്നലും മാറിയിരിക്കുന്നു . അതൊന്നും ചിന്തിക്കാനുള്ള സമയം ഇല്ലാ എന്ന് പറയുന്നതാവും സത്യം. പക്ഷെ അവന്റെ കണ്ണാടി മാത്രം അവനിൽ നിന്നു അകന്നു പോയിരിക്കുന്നു. ഇന്നുവരെ അവന്റെ കൂട്ടായി കൊണ്ടുനടന്നിരുന്ന ഒരേ ഒരു സാധനം
അത് അവനൊരു നഷ്ടബോധം വളർത്തുന്നുണ്ട് . ഞങ്ങൾ ജോലിചെയ്യുന്ന മെഡിക്കൽ കോളേജിൽ പോലും നോക്കാൻ ഒരു കണ്ണാടി വച്ചിട്ട്ടില്ല . അവന്റെ മുഖം അവൻ തന്നെ കണ്ടിട്ട് അഞ്ചു മാസം കഴിഞ്ഞിരിക്കുന്നു.
കിട്ടുന്ന പണം അത്യാവശ്യത്തിനു മാത്രം കയ്യിൽ വച്ച് മുഴുവൻ അമ്മക്ക് മണിഓർഡർ അയക്കുന്നതാണെന്റെ സ്ഥിരം രീതി , അതിൽ നിന്നു ഒരു കണ്ണാടി മാത്രം വാങ്ങാൻ എന്തോ അവനു ഇതുവരെ തോന്നിയിട്ടില്ല . അത്രയ്ക്ക് ആത്മ ബന്ധമാണ് അവനു ആ കണ്ണാടിയോടു .
സരസ്വതിയുടെ അമ്മക്ക് അവന്റെ വീടിന്റെ അടുത്ത ഒരു വീട്ടിൽ ജോലിക്കു ക്ഷണം കിട്ടി, അതനുസരിച്ചു ‘അമ്മ ജോലിക്കു പോകാൻ ഇറങ്ങിയപ്പോ സരസ്വതി ചട്ടം കെട്ടുന്നുണ്ടാരുന്നു , വരുമ്പോൾ ഒരു കണ്ണാടി വാങ്ങിവരാൻ .. അവൻ ഇവിടെ കണ്ണാടി ഉണ്ടല്ലോ എന്ന് പറഞ്ഞപ്പോ അവൾ പറയുന്നു ഇവിടെ ഇരിക്കണ കണ്ണാടി മുഴുവൻ ചീത്തയായി പോയതാ പോലും , ഇതിൽ നോക്കിയാൽ അവളുടെ മുഖം വളരെ വികൃതമായാ കാണുന്നെ എന്ന്. അവളുടെ മുഖം വികൃതമായി കാണുന്നെതെങ്കിൽ കണ്ണാടിയിൽ എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട് എന്ന് അവൻ ഉറപ്പിച്ചു. അവനെയും അമ്മയെയുടെയും സംശയം മാറ്റാൻ അവൾ കണ്ണാടിയിൽ നോക്കി അവനെയും അമ്മയെയും വിളിച്ചു , അത് കാണാനൊന്നും ‘അമ്മ നിന്നില്ല കണ്ണാടി വാങ്ങിത്തരാമെന്ന് ഉറപ്പിൽ ‘അമ്മ പോയി. അവന്റെ കണ്ണാടിയിലൂടെ സരസ്വതിയുടെ സൗന്ദര്യം ആസ്വദിക്കാൻ തിടുക്കത്തിൽ അവൻ അവളുടെ അടുത്തേക്ക് പോയി. ആദ്യമായാണ് അവൻ സരസ്വതിയുടെ, സരസ്വതിയുടെ എന്നല്ല ഒരു സ്ത്രീയുടെ അടുത്തും അവൻ ഇത്രയും ചേർന്നു നിന്നിട്ടില്ല അവന്റെ അമ്മയുടെ അല്ലാതെ.
സരസ്വതിയുടെ മുടി ഏതാണ്ട് മുട്ടിന്റെ താഴെ വരെയുണ്ട് , അവളുടെ മുടിയിൽ നിന്നും എണ്ണയുടെ ഗന്ധം അവനു കിട്ടുന്നുണ്ട് , അവൾ എന്തൊക്കെയോ കണ്ണാടിയിൽ നോക്കി പറയുന്നുണ്ട് പക്ഷെ എന്തോ അവനു അതൊന്നും ശ്രദ്ധിക്കാൻ കഴിയുമായിരുന്നില്ല . അവന്റെ ശരീരത്തിന്റെ ഭാരം ഒരുപാട് കുറഞ്ഞ പോലെ ഒരു തോന്നൽ , സരസ്വതി തിരിഞ്ഞു നോക്കി അവന്റെ കവിളത്തു തട്ടിയപ്പോഴാണ്, സരസ്വതിയുടെ മുഖം കണ്ണാടിയിൽ കാണാൻ വന്നതാണ് എന്നുള്ള കാര്യം ഒക്കെ അവൻ ഓർത്തെടുത്ത്. അവൾ അവളുടെ സുന്ദരമായ മുഖം കണ്ണാടിയിൽ അവനെ കാണിച്ചു. അപ്പോഴാണ് അവനു കണ്ണാടിയുടെ യഥാർത്ഥ അവസ്ഥ മനസിലായത്. ഇത്രയും നാൾ നീ അതിലാണല്ലോ മുഖം നോക്കിയത് എന്ന സരസ്വതിയുടെ കളിയാക്കലും.
നേരം സന്ധ്യ ആകാറായി അവൾ മുറ്റത്തേക്ക് നോക്കി ഇരിക്കുകയാണ് അമ്മയുടെ വരും കാത്തു , അവനും .. എന്തെന്നാൽ ‘അമ്മ പുതിയ കണ്ണാടി കൊണ്ടുവരുമ്പോ അവന്റെ ശരിക്കുമുള്ള മുഖം കാണാനുള്ള ഉത്കണ്ഠയും അവന്റെ ഉള്ളിൽ ഉണ്ട്. തെല്ലൊരു ഉത്സാഹവും
ഉണ്ണി ആശാൻ പറഞ്ഞു സരസ്വതിയും അറിഞ്ഞിരുന്നു അവന്റെ അപകർഷതാബോധം എന്ന അവസ്ഥയെക്കുറിച്. ‘അമ്മ വൈകിട്ട് വന്നപ്പോ വലിയ ഒരു കണ്ണാടിയുമായാണ് എത്തിയത് . സരസ്വതി കണ്ണാടിയുമായി അവന്റെ അടുത്തെത്തി നോക്കാൻ പറഞ്ഞു . തെല്ലു മടിയോടെ അവൻ വാങ്ങി , കുറെ നാളുകൾക്കു ശേഷം അവൻ അവന്റെ വികൃതമായ മുഖം കാണാൻ പോകുന്നു , നെഞ്ചിടിപ്പു സരസ്വതിയും കേൾക്കുന്നുണ്ടോ എന്ന് അവനിൽ സംശയത്തിന്റെ മുള പൊട്ടി.
അവനു അവന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല്ല . അവൻ വിരൂപാനല്ല എന്ന സത്യം അവൻ മനസിലാക്കി , ഇത്രനാളും അവൻ പൂജിച്ചു വച്ച കണ്ണാടിയാണ് അവനിൽ അപകർഷതാബോധം വളർത്തിയത് എന്നുള്ള വലിയ സത്യം അവൻ കുറച്ചു വേദനയോടെ ആണെങ്കിലും മനസിലാക്കി .
സരസ്വതിയുടെ സുഖക്കേട് ഒക്കെ മാറി .. അവൾ പതിവിലും സുന്ദരി ആയിരിക്കുന്നു . കണ്ണാടിയിൽ മുഖം നോക്കി നിക്കുംപോ അവൾ അവനെ വിളിച്ചു അടുത്ത് നിർത്തി , അവന്റെയും അവളുടെ മുഖം കണ്ണാടിയിൽ തിളങ്ങി നിന്നു . അവളുടെ അടുത്ത് നിന്നതുകൊണ്ടയാണോ അവൻ ഇത്രയും സുന്ദരനായി കാണുന്നെതെന്നു പോലും അവനു തോന്നി.
അവളും അമ്മയും അവരുടെ വീട്ടിലേക്കു പോയപ്പോ ആണ് അവനു അവളെ ഒരിക്കലും പിരിയാൻ ആകില്ല എന്ന സത്യം അവൻ മനസിലാക്കിയത് .
അവളും അവനും കണ്ണാടിയിൽ മുഖം നോക്കി നിക്കുന്ന ആ രൂപം മനസ്സിൽ വച്ച് കൊണ്ടാണ് അന്ന് അവൻ ഉറങ്ങാൻ കിടന്നതു . എന്താണെന്നറിയില്ല അവനു ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല്ല . പിറ്റേന്ന് ജോലിക്കു പോകാനും തോന്നിയില്ല .. ജോലിക്കു പൊയ്ക്കൊണ്ടിരുന്നപ്പോ ഏക ആശ്വാസം സരസ്വതിയും അവളുടെ സുന്ദരമായ മുഖവുമായാണ്. പക്ഷെ ഡോക്ടർ അവൾക്കു ആറു മാസത്തെ വിശ്രമം പറഞ്ഞിട്ടുണ്ട്.
അവൾ പോയിട്ട് ഇന്നേക്ക് മൂന്നു മാസം തികയുന്നു . മഴക്കാലമാണ് വരാൻ പോകുന്നത് , വീടൊക്കെ ചോർന്നൊലിക്കും എന്നുള്ളത് ഉറപ്പാണ് . അവന്റെ മുഖവും കണ്ണാടിയുമല്ലാതെ ഇതിലൊന്നും ഒരു ശ്രദ്ധയും ഉണ്ടായിരുന്നതല്ല, ഇപ്പൊ എന്താണയാവോ ഏതൊക്കെ മനസിലേക്ക് വരുന്നത് .
നല്ല ഇടിമിന്നൽ കേട്ടിട്ടാണ് അവൻ ഞെട്ടിയുണർന്നത് . മഴ തകർത്തു പെയ്യുന്നു . ചോർച്ചയുള്ള ഭാഗത്തു നിന്നും കട്ടിൽ മാറ്റി ഇടുന്നതാണ് അടുത്ത നടപടി . നല്ല മഴപെയ്താൽ മാത്രമേ ചോർച്ചയില്ലാത്ത ഭാഗം കണ്ടെത്താൻ കഴിയു.
പിറ്റേ ദിവസം നല്ല മഴ ആയതുകൊണ്ട് ജോലിക്കു പോയില്ല . വീടിന്റെ അകത്തേക്ക് നോക്കിയപ്പോ സരസ്വതിയുടെ ‘അമ്മ വാങ്ങിയ കണ്ണാടിയിലൂടെ വെള്ളത്തുള്ളികൾ ഇറ്റിറ്റു വീഴുന്നു ..അവൻ കണ്ണാടിയുടെ മുന്നിലേക്ക് നടന്നു .. കണ്ണാടിയിലേക്കു നോക്കി .. കണ്ണ് ചിമ്മി വീണ്ടും നോക്കി … സരസ്വതിയുടെ മുഖം കണ്ണാടിയിൽ തെളിഞ്ഞു കാണുന്നു . അത്രമാത്രം മനസ്സിൽ പതിഞ്ഞു പോയിരിക്കുന്നു അന്ന് അവർ രണ്ടും ഒരുമിച്ചു കണ്ണാടിയിൽ നോക്കി നിന്നതു.
കുറെ സമയം കണ്ണാടിയിൽ തന്നെ നോക്കി നിന്ന് പോയി , തിരിഞ്ഞപ്പോ സരസ്വതിയുടെ സുന്ദരമായ രൂപം അവന്റെ മുന്നിൽ നിൽക്കുന്നു . അത് സ്വപ്നമല്ല എന്ന തിരിച്ചറിവുണ്ടാവാൻ അവൻ കുറെ പണി പെട്ടു… അവൾ തൂവെള്ള സാരിയാണ് ഉടുത്തിരിക്കണത്, ഞാവല്പഴത്തിന്റെ കറയുള്ള ആ പഴയ വെളുത്ത സാരി ………
JK
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission