✒️F_B_L
അജു വീടിനകത്തുകയറി റൂമിന്റെ വാതിലിൽ തട്ടി.
ആരാണെന്നറിയാതെ വാതിൽതുറന്ന പാത്തു കണ്ടത് അജൂനെ. ഉടനെ വാതിലടക്കാൻ നോക്കിയെങ്കിലും അതിൽ പാത്തു പരാജയപ്പെട്ടു.
റൂമിനകത്തുകയറിയ അജു
“പാത്തൂ… നീ എന്താണ് കാര്യമെന്ന് പറ”
“എനിക്ക് ഡിവോഴ്സ് വേണം” പാത്തൂന്റെ വാക്ക് അജൂന്റെ നെഞ്ചിൽ തറച്ചു.
“നീയെന്താ പാത്തു പറയുന്നത്”
“കേട്ടില്ലേ… എനിക്കിനി നിങ്ങളുടെകൂടെ ജീവിക്കാൻ കഴിയില്ല” പാത്തു സങ്കടത്തോടെയാണ് അത് പറഞ്ഞത്.
“അതിനൊരു കാരണമില്ലേ… അതെനിക്കറിയണം”
“എനിക്കും ആഗ്രഹങ്ങളും മോഹങ്ങളും ഒക്കെയുണ്ട്. എന്റെ ഭർത്താവ് മറ്റൊരുപെണ്ണുമായി കിടക്കപങ്കിടുന്നത് കാണേണ്ടിവന്ന ഒരു ഭാര്യയാണ് ഞാൻ. എന്നിൽ നിങ്ങളാഗ്രഹിച്ച സൗന്തര്യം ഇല്ലാത്തതുകൊണ്ടാണോ മറ്റൊരുത്തിയുമായി…” പാത്തു പറഞ്ഞുതീരും മുൻപ്
“അജു ആരെയും ഇന്നുവരെ വഞ്ചിച്ചിട്ടില്ല. ഇനി അങ്ങനെയൊന്ന് എന്റെ മനസ്സിലുമില്ല. സത്യമറിയാതെയാണ് നീ സംസാരിക്കുന്നത്. എന്നെങ്കിലും സത്യമറിയുമ്പോൾ ഈ പറഞ്ഞവാക്കുകൾ തിരിച്ചെടുക്കാൻ പ്രയാസമായിരിക്കും. നിനക്കും എന്നെ വിശ്വാസമില്ലെങ്കിൽ നീ ആഗ്രഹിക്കുന്ന ഡിവോഴ്സ് ഞാൻ തരാം. എന്ന് അജു പറഞ്ഞു.
“ഇല്ല എനിക്ക് വിശ്വാസമില്ല നിങ്ങളെ”
അജു കൂടുതലൊന്നും പറയാൻ തയ്യാറായില്ല. ഇറങ്ങി നടന്നു.
“ഉപ്പാ അജു പാത്തൂനോട് ഇന്നുവരെ അവൾക്ക് ദോഷമുണ്ടാകുന്ന ഒരുകാര്യവും ചെയ്തിട്ടില്ല. ഉപ്പയെങ്കിലും എന്നെയൊന്ന് വിശ്വസിക്കണം” ഉപ്പയോട് അജു പറഞ്ഞെങ്കിലും
“വൈകാതെ പോകാൻ നോക്ക്” എന്നായിരുന്നു മറുപടി.
തിരികെ ബുള്ളറ്റിൽ ലക്ഷ്യമില്ലാതെ മുന്നോട്ട്പോകുമ്പോൾ പാത്തു പറഞ്ഞ പേരോർത്തു.
“ഫിദ”
“ആ പേരിൽ പാത്തു പിണങ്ങിപ്പോകേണ്ട കാര്യമൊന്നുമില്ല. എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് എന്റെപുറകെ നടന്നിരുന്നു, ആദ്യം പെണ്ണ്കാണാൻ പോയിട്ട് ഞാൻ ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടുണ്ട്. എന്റെ മുറപ്പെണ്ണ്കൂടിയായിട്ട് ഞാനവളോട് സ്നേഹത്തിൽ സംസാരിച്ചിട്ടുപോലുമില്ല.” അജു ഓരോന്നും പറഞ്ഞുകൊണ്ട് ബുള്ളറ്റിൽ അവന്റ സാമ്രാജ്യത്തിലേക്ക് വച്ചുപിടിച്ചു.
അവിടെയെത്തി ഓഫിസ് തുറന്ന് അതിനകത്തുകയറിരുന്നു. രാത്രിയേറെ വൈകിയിരിക്കുന്നു. പാത്തൂന്റെ മുഖമാണ് അവന്റെ മുന്നിൽ.
എല്ലാം മറന്ന് സ്നേഹിച്ചുതുടങ്ങുമ്പോഴേക്കും, അവളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അറിയുമ്പോഴേക്കും അവൾ ഇറങ്ങിപ്പോയത് അവനെ ഒരുപാട് വേദനിപ്പിച്ചു.
അതുപോലെതന്നെ ആരോ ഇതിനിടയിൽ കളിക്കുന്നുണ്ട് എന്നും അവന് മനസ്സിലായി. അത് ഫിദയായിരിക്കും എന്നവന്റെ മനസ്സ് പറഞ്ഞു. അല്ലങ്കിൽ ഫിദയുടെ പേരുപറഞ്ഞ് മറ്റാരെങ്കിലും.
വീട്ടിൽനിന്നും ഇക്കയുടെയും ഉമ്മയുടെയും വാക്ക് അവൻ തീരെ പ്രതീക്ഷിച്ചതല്ല. അജു വീട്ടിൽ കുറച്ച് അടുപ്പം കാണിക്കുന്നുണ്ടെങ്കിൽ അത് അവന്റെ ബാബി സഹലയോടും ഉമ്മയോടും മാത്രമാണ്. ആ ബാബിയെ ഇക്ക പറഞ്ഞരീതിയിൽ അവൻ ചിന്തിച്ചിട്ടുപോലുമില്ല. അല്ലങ്കിലും തെമ്മാടിയായ വീട്ടുകാർക്ക് മോശക്കാരനായ അജുവിൽനിന്നും ഇങ്ങനെയൊന്ന് അവരും പ്രതീക്ഷിച്ചുകാണില്ല.
ഓരോന്നും ചിന്തിരിരുന്ന് അജു എപ്പോഴോ ഉറക്കത്തിന് കീഴടങ്ങി.
__________________
തോരാത്ത കണ്ണീരുമായി പാത്തു തന്റെ ബെഡിൽ കിടന്നു. ഇന്നലെവരെ അജൂന്റെ നെഞ്ചിൽ തലചായ്ച്ച് കിടന്നിരുന്ന പാത്തൂന്റെ തനിച്ചുള്ള കിടപ്പ് അവൾക്ക് കൂടുതൽ വേദന നൽകി എങ്കിലും അവന്റെ ആ ചിത്രങ്ങൾ ഓർത്തപ്പോൾ അവനോട് ഒരുപാട് വെറുപ്പുതോന്നി.
എല്ലാം പറഞ്ഞപ്പോൾ ഫിദ എന്ന പേര് പറയാതിരുന്നത് ഇപ്പോഴും അവർതമ്മിൽ ബന്ധമുണ്ട് എന്ന ഒറ്റക്കാരണത്താലായിരിക്കും എന്ന് പാത്തു വിശ്വസിച്ചു.
എങ്കിലും എങ്ങനെ കഴിഞ്ഞു അജുക്കാക്ക് ഈ പാത്തൂനെ ചതിക്കാൻ.
ഒന്ന് പനിപിടിച്ചപ്പോ ആ നെഞ്ചിൽ തലചായ്ച്ചുറങ്ങാൻ അവസരം തന്നനേരത്തും, പേടിയുള്ള സാഹചര്യങ്ങളിൽ കൈതന്ന് കൂടെ നിർത്തിയപ്പോഴും, ഏറെ ഇഷ്ടപ്പെടുന്ന കടല് കാണാൻ കൊണ്ടുപോയപ്പോഴും ഞാൻ കരുതിയത് അജുക്ക എന്നെ സ്നേഹിക്കുകയായിരുന്നു എന്നാണ്.
വീട്ടുകാർ തള്ളിപ്പറയുന്നത് അവരെപ്പോലെ കറങ്ങുന്ന കസേരയിലിരുന്നുള്ള ജോലി അല്ലാത്തതുകൊണ്ടാണ് എന്നുതന്നെയാ ഞാനും വിശ്വസിച്ചത്.
ഒരിക്കൽ അഫിയെ ചേർത്തുപിടിച്ചതിനാണ് അഫിയെ വീട്ടിൽനിന്നും ഇറക്കിവിട്ടതെന്ന് വായിച്ചതോർമയുണ്ട്. അന്ന് നിങ്ങൾക്കിടയിൽ മറ്റെന്തെങ്കിലും നടന്നോ എന്ന് ഞാനിപ്പോ സംശയിക്കുന്നു.
അഫിയുടെ മരണത്തിന് കാരണക്കാർ ഇക്കയും ഉപ്പയുമാണെന്ന് എന്നെ വിശ്വസിപ്പിച്ചത് ഞാനിന്ന് തിരുത്തുന്നു.
അഫിയുടെ മരണത്തിന് കാരണക്കാരൻ നിങ്ങൾ തന്നെയാണ്.
ഒരുപാട് കുറ്റങ്ങൾ അജൂന്റെ തലയിൽ വെച്ചുകെട്ടി പാത്തു അവനെ എണ്ണിയെണ്ണി കുറ്റപ്പെടുത്തി.
കരഞ്ഞുതളർന്ന പാത്തു എപ്പോഴോ ഉറങ്ങിപ്പോയി.
__________________
“അജുക്കാ… അജുക്കാ…”
ഹാരിസിന്റെ വിളികേട്ട് അജു ഉറക്കമുണർന്നു.
“എന്തുപറ്റി പതിവില്ലാതെ ഇവിടെ”
“ഒന്നുല്ലടാ. ഞാൻ വെറുതെ”
“പാത്തു ഇല്ലേ വീട്ടിൽ…?”
ഹാരിസിന്റെ ചോദ്യം കേട്ടതും അവനൊന്ന് ഞെട്ടി.
“റബ്ബേ പാത്തു പോയത് നാടുമുഴുവൻ അറിഞ്ഞോ” എന്നവൻ ആലോചിച്ചു.
“എന്താ ആലോചിക്കുന്നേ.”
“ഒന്നുല്ല. ഞാനിറങ്ങാ” അജു ബുള്ളറ്റിന്റെ ചാവിയെടുത്ത് പുറത്തേക്കിറങ്ങി.
രാവുണ്ണ്യേട്ടന്റെ കടയിൽ പോയി നല്ലൊരു കട്ടനും കുടിച്ച് അജു “ഇനിയെന്ത്” എന്നാലോചിച്ചു.
മൊബൈലെടുത്ത് പാത്തൂനെ വിളിച്ചുനോക്കി, എടുക്കുന്നില്ല.
വീട്ടിലേക്ക് പോലും വിലക്കുള്ളതുകൊണ്ട് ആ വഴിക്ക് പോകാൻ പറ്റില്ല. എങ്കിലും ബാബിയെ ഫോണിൽ വിളിച്ചുനോക്കി.
“ആ അജു നീ എവിടെയാ…”
“ഞാനിവിടുണ്ട്, നാടുവിട്ട് പോയിട്ടില്ല. ഞാൻ വിളിച്ചത് ഇന്നലത്തെ സംഭവത്തെ പറ്റി ബാബിക്ക് എന്തെങ്കിലും അറിയുമോ എന്നറിയാനാ”
“നീ എന്നോട് കളവുപറയില്ല എന്നെനിക്ക് വിശ്വാസമുണ്ട്. ആ ഫോട്ടോയിലുള്ളത് സത്യമാണോ”
“ഏത് ഫോട്ടോ” അജു സംശയത്തോടെ ചോദിച്ചു.
“അപ്പൊ നീ കണ്ടില്ലേ… നീയും ഫിദയും…”
സഹല പറയാൻ മടിച്ചു.
“എന്താ ബാബി, പറയ്”
“നീയും സഹലയും ഏതോ ഒരു റൂമിൽ ഒന്നിച്ച്”
“ബാബി കണ്ടോ ഫോട്ടോ”
“ഇല്ലടാ. അനുക്ക പറഞ്ഞതാ”
“ബാബി അത് വിശ്വസിക്കരുത്. അജു അങ്ങനെയൊരാളല്ല.”
“ഞാൻ പറഞ്ഞില്ലേ അജു എനിക്ക് നിന്നെ വിശ്വാസമാണ്.”
ആ സംഭാഷണം അവിടെ അവസാനിച്ചു.
ബാബി പറഞ്ഞത് ആലോചിച്ചപ്പോൾ അവനുതന്നെ അവനെ വെറുപ്പായി.
മറ്റാരെയും വിശ്വസിപ്പിക്കേണ്ട കാര്യമില്ലാത്തതുകൊണ്ട് അജു പാത്തൂനെ വിളിച്ചു.
റിങ്ങുണ്ടെങ്കിലും പാത്തു ഫോണെടുത്തില്ല.
“വെറുപ്പാണെന്നറിയാം… വെറുക്കരുത് എന്ന് പറയാൻ എനിക്കിപ്പോൾ അവകാശമില്ല. വൈകാതെ നിനക്കുമുന്നിൽ സത്യം ഞാൻ തെളീക്കും, അതിന് കഴിഞ്ഞില്ലെങ്കിൽ നീ ആവശ്യപ്പെട്ട ഡിവോഴ്സ് ഞാൻ തരും. നമ്മൾ തമ്മിൽ ബന്ധം വേർപ്പെടുന്ന നിമിഷം ഞാനും ഈ ജീവിതം അവസാനിപ്പിക്കും. ആരുമില്ലെങ്കിൽ പിന്നെന്തിനാ അജു. ഇത് നിന്നെ ഭയപ്പെടുത്തി സ്വന്തമാക്കാൻ വേണ്ടിയാണ് എന്ന് നീ കരുതരുത്. അവസ്ഥ അതാണ്. തികച്ചും ഒറ്റക്കാണ്” എന്ന് പാത്തൂന് വാട്സാപ്പ് മെസ്സേജ് അയച്ചു.
___________________
വാടിത്തളർന്ന മുഖവുമായി പാത്തു അടുക്കളയിൽ നിൽക്കുമ്പോഴാണ് അജൂന്റെ കോളുകൾ വരുന്നത്.
ഉള്ളിലെ വെറുപ്പ് കാരണം കോളെടുക്കാൻ അവൾ തയാറായില്ല.
അപ്പോഴാണ് വാട്സാപ്പിൽ മെസ്സേജ് വന്നത്.
എടുത്ത് നോക്കി അവൾ വായിച്ചതും പാത്തൂന് കരച്ചിലടക്കാനായില്ല.
കരഞ്ഞുനിൽകുന്ന പാത്തൂന്റെ അടുത്ത് അവളുടെ ഉമ്മയെത്തി അവളെ സമാധാനിപ്പിച്ചു.
ഫായി അവളെ ചേർത്തുപിടിച്ച് പറയുന്നുണ്ട്
“എന്റെ താത്തപ്പെണ്ണിനെ അജുക്ക ചതിക്കില്ല” എന്ന്.
അവനെയും കെട്ടിപ്പിടിച്ച് പൊട്ടിക്കരയാനല്ലാതെ മറ്റൊന്നിനും പാത്തൂന് കഴിഞ്ഞില്ല.
എന്നും കളിയും ചിരിയുമായി നടന്ന പാത്തൂന്റെ ഇങ്ങനെയൊരു മുഖം ആ വീട്ടിലുള്ളവർക്കൊക്കെ അപരിചിതമായിരുന്നു. പാത്തൂന്റെ സങ്കടം എല്ലാവർക്കും സങ്കടമായി. താത്തയോട് വഴക്കിടാനോ കളിക്കാനോ ഒന്നിനും ഫായിക്ക് കഴിഞ്ഞില്ല. എപ്പോഴും കണ്ണിലൊരു നനവുണ്ടായിരുന്നു പാത്തൂന്.
പൊന്നുപോലെ നോക്കി വളർത്തിവലുതാക്കിയ പൊന്നുമോളുടെ നനവുള്ള കണ്ണുകൾ ആ ഉപ്പയിൽ വേദന നൽകി.
അജൂന്റെകൂടെ കൂടിയതിന് ശേഷം അജു അരികിലില്ലാത്ത രണ്ടാമത്തെ രാത്രി.
ഉറക്കത്തിലെപ്പോഴോ പാത്തു അവളുടെ ബെഡിൽ അജുവിനെ തിരഞ്ഞു. ബെഡിൽ പരതി ആരെയും കാണാതായപ്പോൾ അവൾ മൊബൈലെടുത്ത് അവന്റെ ഫോട്ടോ നോക്കിക്കിടന്നു.
അപ്പോഴാണ് സ്‌ക്രീനിൽ “അജുക്ക” എന്ന പേര് തെളിഞ്ഞത്.
ആദ്യത്തെ തവണ ആ പേര് മായുന്നവരെ അതിൽനോക്കി കിടന്നു.
രണ്ടാമതും പേര് തെളിഞ്ഞപ്പോൾ ചെവിയോടടുപ്പിച്ചു.
“പാത്തു…” ദയനീയമായിരുന്നു ആ വിളി.
“മരിച്ചില്ലേ” എന്ന് പാത്തു ചോദിച്ചു.
“അപ്പൊ നീയും എന്റെ അന്ത്യം ആഗ്രഹിക്കുന്നു അല്ലെ പാത്തൂ” അവന്റെ ശബ്ദമിടരുന്നത് പാത്തു അറിഞ്ഞു.
കൂടുതലൊന്നും പറയാതെ പാത്തു ഫോൺ വെച്ചു.
_______________
“നിനക്ക് ഉറക്കമില്ലേ റസിയാ…”
“നമ്മുടെ മോൻ”
“ഇല്ലടീ… അജു അങ്ങനെയൊന്നും ചെയ്യില്ല. അവനെ നമ്മളെക്കാൾ കൂടുതൽ സ്നേഹിച്ചത് നാട്ടുകാരാണ്. അവന്റെ ഉയർച്ച അവൻ നമ്മളെ അറീച്ചിട്ടില്ലെങ്കിലും നാട്ടുകാർ പറഞ്ഞ് ഞാൻ പലതും കേട്ടിട്ടുണ്ട്. സാധുക്കളായാ ചിലരുടെ പെണ്മക്കളുടെ കാര്യത്തിൽ അവനൊരുപാട് നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്. പലരെയും അകമറിഞ്ഞ് സഹായിച്ചിട്ടുണ്ട് സ്നേഹിച്ചിട്ടുണ്ട്. നാട്ടിലെ പല പെൺകുട്ടികൾക്കും അജു ഒരു ധൈര്യമാണ് എന്നൊക്കെ പലരും എന്നോട് പറഞ്ഞിട്ടുള്ളതാ.
അങ്ങനെയുള്ള അജു… അവൻ… നമ്മുടെ മോൻ…”
“ആരോ മനപ്പൂർവം എന്റെ കുട്ടിയെ ചതിച്ചതാ, മനസ്സിലാക്കിയില്ല ഞാൻ. കുറ്റപ്പെടുത്തി ഇറക്കിവിട്ടില്ലേ… സത്യമെന്താണെന്നുപോലും അറിയാതെ…”
“സാരല്ല, കഴിഞ്ഞത് കഴിഞ്ഞു. പാത്തൂന്റെ അവസ്ഥ എന്താണാവോ”
“അതൊരു പാവം. അതിനെയും കൂടി കണ്ണീര് കുടിപ്പിച്ചു”
“നീ സമാധാനിക്ക് റസിയാ… അവനെ ആരെങ്കിലും ചതിച്ചതാണെങ്കിൽ അജൂന് ആയുസ്സും ആരോഗ്യവും ഉണ്ടെങ്കിൽ അവൻതന്നെ അതിന് പകരംചോദിക്കും”
________________
“മരിച്ചില്ലേ…” എന്ന പാത്തൂന്റെ ചോദ്യത്തിനുമുന്നിൽ പതറി നിൽക്കുകയാണ് അജ്മൽ.
തനിക്കറിയാവുന്ന ആരോടും ഒന്നും പറയാൻ അവന് കഴിയുന്നില്ല. തന്റെ സങ്കടം കേൾക്കാൻ ആരുമില്ല. തികച്ചും ഒറ്റപ്പെട്ടു.
ജന്മം നൽകിയവരും കൂടെപ്പിറപ്പും തള്ളിപ്പറഞ്ഞു.
കൂടുകൂട്ടിയ പ്രിയപ്പെട്ടവൾ കൂടുവിട്ട് അകലേക്ക് പോയി.
ചിലരൊക്കെചേർന്ന് ഒരുക്കിയ ചതി എന്ന നാടകത്തിൽ ചതിയനെന്ന വേഷമണിഞ്ഞ് അജ്മൽ.
“അജുക്കാ… ഇന്നലെയും ഇവിടെയാണോ കിടന്നത്”
ഹാരിസ് തട്ടിവിളിച്ചപ്പോൾ അജു കണ്ണുതുറന്നു.
“എന്താ അജുക്കാ പ്രശ്നം.”
“ഒന്നുല്ല ഹാരിസെ”
“അല്ല, അജുക്കാനേ ഞാൻ കുറച്ചായില്ലേ കാണുന്നു. എന്തോ പ്രശ്നമുണ്ട്. പറഞ്ഞാൽ എന്നാൽകഴിയുന്ന എന്ത് സഹായവും ഞാൻ ചെയ്തുതരും.
സഹായം പ്രതീക്ഷിച്ചുകൊണ്ടല്ല ഉള്ളിലെ ഭാരം കുറക്കാൻവേണ്ടി അജു ഹാരിസിന്റെ മുൻപിൽ മനസ്സുതുറന്നു.
“ആ ഫിദയുടെ കൂടെ ഞാൻ കിടപ്പറ പങ്കിടുന്ന ചിത്രങ്ങൾ പാത്തൂന്റെ കയ്യിൽ കിട്ടി. അതോടെ പാത്തു പോയി. ഡിവോഴ്സ് വേണമെന്ന് പറഞ്ഞു. വീട്ടിൽനിന്ന് ഞാനും പുറത്തായി.
“അല്ലാഹുവേ… എനിക്കറിയുന്ന അജുക്ക അങ്ങനെയൊന്നും ചെയ്യില്ല എന്നെനിക്ക് ഉറപ്പാണ്. നിങ്ങൾ സമാധാനിക്ക് നമുക്ക് കണ്ടുപിടിക്കാം. നഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിക്കാൻ അല്ലാഹു എന്തെങ്കിലും വഴി കാണിച്ചുതരാതിരിക്കില്ല”
അവനൊന്ന് മൂളിക്കൊടുത്തു.ശേഷം
ബസ്സിന് ഇന്ന് ട്രിപ്പില്ലേ”
“ആ ഉണ്ട്. നാളെ വെളുപ്പിന് പുറപ്പെട്ടാൽ അടുത്ത ബുധനാഴ്ച കാലത്ത് തിരിച്ചെത്തുന്ന സിയാറത് ടൂർ. ഒരാഴ്ച”
“ഞാൻ പൊയ്ക്കോളാ ഈ ട്രിപ്പ്. ഇപ്പൊത്തന്നെ നീ ഇത്ര ദൂരം ഓടേണ്ട”
ഹാരിസ് സമ്മതിച്ചു.
എങ്ങനെയൊക്കെയോ അജു ആ ദിവസം തള്ളിനീക്കി.
ഹാരിസ് പറഞ്ഞപോലെ ഒരാഴ്ചത്തേക്കുള്ള ട്രിപ്പിന് അജു ഒരുങ്ങി. ശെരിക്കും അതൊരു ഒളിച്ചോട്ടമായിരുന്നു.
_______________
“ഉമ്മാ പാത്തു വിളിച്ചോ”
“ഇല്ല മോളെ. ഞാനും വിളിച്ചില്ല, അല്ലെൽത്തന്നെ വിളിച്ചാൽ എന്തുപറയാനാ. ആ കുട്ടീടെ സങ്കടംകൂടി കാണുവാനുള്ള കരുത്ത് എനിക്കില്ല മോളെ.
കാലത്തെ അടുക്കളയിൽ സഹലയും ഉമ്മയും ചർച്ച തുടങ്ങി.
“അജു…”
“ഇല്ലാമോളെ അവന്റെ വിവരമൊന്നുല്ല. അഫി പോയതിൽപ്പിന്നെ മനസ്സറിഞ്ഞ് ചിരിക്കുന്നത് കണ്ടത് ഈയിടെയാണ്. അതും ഇപ്പൊ പോയിട്ടുണ്ടാവും”
“ഞാൻ പാത്തൂനെ ഒന്ന് വിളിക്കട്ടെ” എന്ന് പറഞ്ഞ് സഹല ഫോണെടുത്തു.
“ഹലോ പാത്തു എന്താടാ വിശേഷങ്ങളൊക്കെ”
“സുഖമാണ് താത്താ. ഇങ്ങനെ പോകുന്നു. ഞാൻ കുറച്ചുകഴിഞ്ഞ് വിളിക്കണമെന്ന് കരുതിയാ”
“അതിനുമുന്നെ ഞാൻ വിളിച്ചില്ലേ…”
“ഉമ്മയുണ്ടോ അടുത്ത്”
“ഉണ്ട് ഞാൻ കൊടുക്കാം”
സഹലയിൽനിന്നും ഫോൺ വാങ്ങി ഉമ്മ
“മോളെ പാത്തു…. സുഖമാണോ നിനക്ക്”
“ആ ഉമ്മാ സുഖം. എന്താണ് അവിടത്തെ വിശേഷങ്ങൾ”
“ഇവിടെ കുഴപ്പൊന്നുല്ല”
“ഉപ്പയോ”
“പുറത്ത് പോയിരിക്കുകയാ. മോളെ അജു വരാറുണ്ടോ”
“ഇല്ലുമ്മാ”
“അവിടെയുണ്ടോ, എന്താ വിശേഷം ഇക്കാടെ”
പാത്തൂന്റെ ശബ്ദമിടറുന്നത് ഉമ്മയറിഞ്ഞു.
“മോള് പോയതിന്റെ പുറകെ പോയതാ. പിന്നെ വന്നിട്ടില്ല. വിളിച്ചിട്ടുമില്ല. മോളെ എന്റെകുട്ടി പാവാണ്, അവൻ അങ്ങനെയൊന്നും ചെയ്യുമെന്ന് ഈ ഉമ്മ വിശ്വസിക്കുന്നില്ല. മോള് വിഷമിക്കരുത്”
“ഇല്ലുമ്മാ… എല്ലാം വിധിയല്ലേ”
ആ കോൾ അവിടെനിലച്ചു.
“എന്താ പറഞ്ഞെ പാത്തു.”
സഹല ഉമ്മയോട് ചോദിച്ചു.
“പാവം നല്ല സങ്കടമുണ്ട്”
ആ ഉമ്മയുടെ ഖൽബും പിടഞ്ഞുതുടങ്ങി.
_________________
“എന്റെ വാക്കുകൾക്ക് മുന്നിൽ തളർന്നുപോയോ അജുക്ക. ഇന്നലെ വിളിച്ചുമില്ല. എന്തുപറ്റിയാവോ. ഇനി പറഞ്ഞപോലെ സത്യം തെളീക്കാൻ കഴിയാതെ ഇക്ക പറഞ്ഞപോലെ” പാത്തു ആലോചിച്ചപ്പോൾ അവർക്കുതന്നെ അവനെയോർത് സങ്കടം തികട്ടിവന്നു.
“താത്താ…”
ഫായിടെ വിളികേട്ടപ്പോൾ പാത്തു കണ്ണുതുടച്ചു.
“അജുക്ക താത്താനെ എന്താ ചെയ്തേ” പാത്തൂന്റെ സങ്കടം കണ്ടതുകൊണ്ടാവാം ഫായി അത് ചോദിച്ചത്.
“ഒന്നുല്ല ഫായി… അതേ അജുക്ക താത്താനെ കൂട്ടാതെ ഒറ്റക്ക് കറങ്ങാൻ പോയി”
സങ്കടം മറച്ചുപിടിച്ച് പാത്തു ഫായിയോട് പറഞ്ഞു.
“അതിനാണോ ഈ കരച്ചിൽ. കഷ്ടം. ആ ഫോണിങ്ങുതന്നെ” ഫായി പാത്തൂന്റെ കയ്യിൽനിന്നും മൊബൈൽ വാങ്ങി അജൂന്റെ നമ്പറിൽ വിളിച്ചു. “ഞാനൊന്ന് ഭീഷണിപ്പെടുത്തി നോക്കാം” എന്ന് പാത്തൂനോട് പറഞ്ഞ് ഫായി ഫോൺ ചെവിയിൽ വെച്ചു.
“കിട്ടുന്നില്ലല്ലോ” എന്ന് പറഞ്ഞ് വീണ്ടും ഫായി അജൂനെ വിളിച്ചു.
“ഫോൺ ഓഫാണ്, കുറച്ചുകഴിഞ്ഞ് ഞാൻ ഒന്നൂടെ വിളിക്കാം. എന്നിട്ട് ഒറ്റക്ക് പോയതോണ്ട് താത്ത കരച്ചിലാണെന്ന് പറയാം. അജുക്ക സ്നേഹമുള്ള ആളാ. ഓടിവന്ന് താത്താനെ കൊണ്ടുപോവും, നോക്കിക്കോ” എന്ന് പറഞ്ഞ് ഫായി താത്തയുടെ കണ്ണ് തുടച്ച് അവളെ സമാധാനിപ്പിച്ചു.
[തുടരും…]
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Aarayirikkum engane chaithath? Avare onnippikkane…. Pavangal
Ajune onnum varuthalle.eni aduthathe angane akkalle