Skip to content

തെന്നൽ – പാർട്ട് 17 (അവസാനഭാഗം)

thennal-aksharathalukal-novel

നഷ്ടപ്പെടുത്താൻ തന്റെ മുൻപിലിനി സെക്കന്റുകൾ പോലും ബാക്കിയില്ല!!

തെന്നലിന് ഉൾക്കൊള്ളാൻ പ്രയാസം തോന്നി… കേവലം മിനിട്ടുകൾക്കുള്ളിൽ സർവവും കൈവിട്ടു പോകും!!

വിധിയെന്തിനാവും തന്നെ മാത്രം കൂടെക്കൂടെ ഇങ്ങനെ പരീക്ഷണ വസ്തുവാക്കി മാറ്റുന്നത്??

അവൾക്ക് സഹിയ്ക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അവിടെ നടക്കുന്ന കാര്യങ്ങൾ …

തലയ്ക്കുള്ളിൽ ഭീകരമായ ശബ്ദത്തോടെ ഇരുട്ട് പരക്കുന്നുണ്ട്… സമനില കൈവിട്ടു പോവുന്നത് പോലെ തോന്നി അവൾക്ക്…

മിയയ്ക്ക് തടയാനാവുന്നതിലും വളരെ മുൻപേ തന്നെ തെന്നൽ മുൻ നിരയിലേക്ക് ഓടി!!

റോസ്‌ലിയുടെ കഴുത്തിന് നേരെ ഉയർന്ന താലി മാല വഹിച്ച നിവിന്റെ കൈകളിൽ തെന്നൽ ബലമായി പിടുത്തമിട്ടു..

സഭയിൽ നിരന്നു നിന്നവരുടെയെല്ലാം ശ്രദ്ധ അവളിലേക്ക് തിരിഞ്ഞു…

“വേണ്ട… പ്ലീസ്..”

തെന്നൽ ദീനമായി നിവിനെ നോക്കി..

“കയ്യെടുക്ക്…”

നിവിന്റെ ശബ്ദത്തിൽ അപരിചിതമായ ഗൗരവം നിറഞ്ഞു..

അയാളുടെ കയ്യിൽ നിന്നും ബലമായി താലി പിടിച്ചു വാങ്ങി തെന്നൽ ആൾക്കൂട്ടത്തിലേക്ക് നീട്ടിയെറിഞ്ഞു..

“ഞാനിത് സമ്മതിയ്ക്കില്ല!!”

അമ്പരന്നു നിൽക്കുന്ന റോസ്‌ലിയെ വക വയ്ക്കാതെ തെന്നൽ നിവിന്റെ കൈത്തണ്ടയിൽ പിടുത്തമിട്ടു..

” വാ നിവിച്ചാ നമുക്കിവിടുന്ന് പോവാം…”

തെന്നൽ കിതപ്പോടെ അയാളെ വലിച്ചു..

“ആരാ ഇച്ചായാ ഇത്??”

റോസ്‌ലി ആശങ്കയോടെ നിവിനെ നോക്കി..

“അത് ചോദിയ്ക്കാൻ നീയാരാടി?? കടന്നു പൊയ്‌ക്കോണം ഇവിടുന്ന്!!”

തെന്നൽ ഭ്രാന്തമായി അലറി…

” ഇവളോടിവിടുന്നു പോവാൻ പറ നിവിച്ചാ…. എനിയ്ക്ക് കാണണ്ട ഇവളെ…”

കരച്ചിലിന്റെ അകമ്പടിയോടെ തെന്നൽ ഉറക്കെ വിളിച്ചു പറഞ്ഞു…

“തെന്നൽ പ്ലീസ്…”

നിവിന്റെ ശബ്ദം നേർത്തു..

“ഇല്ല… ഞാൻ ജീവിച്ചിരിയ്ക്കുമ്പോ ഇതിന് സമ്മതിയ്ക്കില്ല… ഇതേ പള്ളിയിൽ ഇതേ ദൈവത്തെ സാക്ഷി നിർത്തി നിങ്ങള് കെട്ടിയതാ ഈ താലി… ഈ താലിയിങ്ങനെ കഴുത്തിൽ ചേർന്ന് കിടക്കുന്നിടത്തോളം കാലം ഞാൻ നിങ്ങളെ മറ്റൊരുത്തിയ്ക്കും വിട്ടു കൊടുക്കില്ല..

അങ്ങനെ എന്നെ മറന്നിട്ട് വേറൊരുത്തിയെ മനസ്സിൽ കുടിയിരുത്താൻ കഴിയോ നിങ്ങൾക്ക്??

അത്രയെളുപ്പം എല്ലാം മറന്നു കളയാൻ കഴിയോ??

പറ നിവിച്ചായാ…”

തെന്നൽ പൂർണമായും സമനില നഷ്ടമായ അവസ്ഥയിലെത്തിച്ചേർന്നു…

“ഇച്ചായാ…”

റോസ്‌ലി വിറയാർന്ന ശബ്ദത്തോടെ നിവിന്റെ ചുമലിന് പിറക്‌ വശത്തു കൈകളമർത്തി…

വർധിച്ച ദേഷ്യത്തോടെ അവളെ പിടിച്ചു തള്ളി തെന്നൽ നിവിനെ വലിച്ചു മാറ്റി…

“തൊട്ടു പോവരുത്….”

വിറയ്ക്കുന്ന ചൂണ്ടുവിരൽ അവൾ റോസ്‌ലിയ്ക്ക് നേരെ നീട്ടി…

“അവൾടെ ഒരു ഇച്ചായൻ…”

“തെന്നൽ… എന്താ ഇത്??”

നിവിൻ ശബ്ദമുയർത്തി…

“എന്നോടുള്ള സ്നേഹത്തിന്റെ തരിമ്പെങ്കിലും ഈ ഹൃദയത്തിൽ ബാക്കിയുണ്ടെങ്കിൽ ഇനിയെങ്കിലും അവസാനിപ്പിച്ചൂടെ ഈ ശിക്ഷ??

ഇതിലും കൂടുതൽ സഹിയ്ക്കാൻ വയ്യെനിയ്ക്ക്… ഞാൻ നെഞ്ച് പൊട്ടി മരിച്ചു പോവുകയെ ഉള്ളൂ..”

അവളുടെ കരച്ചിലിന്റെ ആക്കം കൂടി..

“നിനക്കെന്താ തെന്നൽ?? നീയും കൂടി സമ്മതിച്ചിട്ടല്ലേ??

ആ ഡിവോഴ്‌സ് പേപ്പറിൽ നീ ഒപ്പിട്ടു തരുന്ന നിമിഷം വരെ ഞാനൊത്തിരി ആഗ്രഹിച്ചതാ ഈ സ്നേഹം… പക്ഷെ അപ്പോഴും എന്നോടുള്ള വാശിയും പ്രതികാരവും മാത്രമേ നിന്റെ കണ്ണിൽ ഞാൻ കണ്ടിട്ടുള്ളൂ…”

തെന്നലിന്റെ നിറഞ്ഞു നിൽക്കുന്ന കണ്ണുകളിലേയ്ക്ക് നോക്കി നിവിൻ തുടർന്നു..

“വൈകി വരുന്ന തിരിച്ചറിവുകൾ വെറും തിരിച്ചറിവുകൾ മാത്രമായി അവശേഷിയ്ക്കും…

ഇറ്റ്സ് ടൂ ലേറ്റ് …”

“നോ…”

തെന്നലിന്റെ ഉള്ളം കയ്യിൽ നിവിന്റെ കോളറുകൾ ചുരുണ്ടുകൂടി…

“സമ്മതിക്കില്ല ഞാൻ… ഇയാളെന്റെയാ… വിട്ടു കൊടുക്കില്ല ഞാനാർക്കും…”

അവളുടെ തീവ്രതയുള്ള നോട്ടം അയാളുടെ കണ്ണുകളിൽ കുരുങ്ങി നിന്നു…

“നിവിച്ചായനില്ലാതെ… അമ്മച്ചിയെയും അപ്പച്ചനെയും പിരിഞ്ഞ്… മോളെ കാണാതെ… ജീവിതകാലം മുഴുവൻ…

എനിയ്ക്കതോർക്കാൻ പോലും വയ്യ!!”

തെന്നൽ ഏങ്ങലടിച്ചു…

“ചെയ്തു പോയ അപരാധങ്ങൾക്കെല്ലാം ഞാനീ കാൽക്കൽ വീണു മാപ്പു പറയാം… ഒരായിരം തവണ..”

കാൽചുവട്ടിലേയ്ക്ക് വീണ് തേങ്ങിക്കരയുന്ന തെന്നലിനെ നിവിൻ പാടുപെട്ടു പിടിച്ചെഴുന്നേല്പിച്ചു…

“എന്നെ ഉപേക്ഷിച്ചു കളയല്ലേ നിവിച്ചാ…”

നിവിന്റെ മൗനം അവൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു..

“പറ നിവിച്ചാ… എന്നോടിപ്പോഴും സ്നേഹമുണ്ടെന്ന്… എന്നെ ഒറ്റയ്ക്കാക്കില്ലെന്ന്… ഒന്ന് പറ… പ്ലീസ്…”

“നിവിച്ചനില്ലാതെ പറ്റില്ലെനിയ്ക്ക്…

കണ്ണെത്തും ദൂരത്തില്ലെങ്കിലും ഈ നെഞ്ചിനുള്ളിൽ ഞാനുണ്ടെന്ന വിശ്വാസമില്ലാതെ ഒരു നിമിഷം പോലും ജീവിയ്ക്കാൻ കഴിയില്ലെനിയ്ക്ക്…”

നിവിന്റെ നെഞ്ചിൽ മുഖമമർത്തി കരയുന്ന തെന്നൽ ഒരു നിമിഷം എല്ലാവരുടെയും മിഴികൾ നനയിച്ചു…

ഒരു ചേർത്ത് പിടിയ്ക്കൽ അയാളിൽ നിന്നും പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല..

പോട്ടെ സാരമില്ല എന്നൊരു വാക്കെങ്കിലും കേട്ടാൽ മതി തനിയ്ക്ക്…

ആരൊക്കെയോ തന്നെ പിടിച്ചു മാറ്റാൻ ശ്രമിയ്ക്കുന്നുണ്ട്…

തെന്നലിന് ദേഹമാകെ കുഴയുന്നത് പോലെ തോന്നി…കൈകൾ അയാളുടെ ദേഹത്ത് നിന്നും ഊർന്നു വീണു… പതിയെപ്പതിയെ കാഴ്ചകളെയെല്ലാം ഇരുട്ട് കവർന്നെടുത്തു…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

കണ്ണുകൾ ആയാസപ്പെട്ടു വലിച്ചു തുറക്കുമ്പോൾ ഏതോ ആശുപത്രി വാർഡിലാണ്…

അരികിലാരോ കണ്ണീർ പൊഴിച്ച് നിൽക്കുന്നുണ്ട് …

അമ്മച്ചി!!

തെന്നൽ വിശ്വസിയ്ക്കാനാവാതെ കണ്ണ് മിഴിച്ചു നോക്കി…

“എന്റെ മാതാവേ… നീ കാത്തു…”

അമ്മച്ചി ആശ്വാസത്തോടെ തെന്നലിന്റെ നെറ്റിയിൽ അധരങ്ങളമർത്തി…

വെള്ള കോട്ട് ധരിച്ച സുന്ദരിയായ പെൺകുട്ടി ചിരിച്ചുകൊണ്ട് അടുത്തേയ്ക്ക് വന്നു..

“ചേട്ടത്തി എത്ര ദിവസായി മര്യാദയ്ക്ക് ഭക്ഷണം കഴിച്ചിട്ട്??”

കണ്ണുകൾ കൈവിരലാൽ വലിച്ചു പിടിച്ചു നോക്കിക്കൊണ്ടവൾ ചോദിച്ചു…

തെന്നൽ മറുപടി പറയാതെ അമ്മച്ചിയെ നോക്കി…

“ഇത് എന്റെ അനിയത്തീടെ മോളാ… ഇവളിവിടെ ഡോക്ടറാവാൻ പഠിക്കുവാ…”

അമ്മച്ചി തെന്നലിനെ നോക്കി പറഞ്ഞു..

“ബിപി ലോ ആയതാ… ഫുഡ് കഴിയ്ക്കാത്തതിന്റെയാ ഈ ക്ഷീണം.. ഒരു ട്രിപ്പ് കൂടെ കൊടുത്താൽ ഓക്കേ ആയിക്കോളും…”

തെന്നൽ ചിരിയ്ക്കാൻ ശ്രമിച്ചു..

“ഞാൻ റൗൺസിന് പോയേച്ചും വരാവേ…”

അവൾ ചിരിച്ചുകൊണ്ട് നടന്നകന്നു..

“അമ്മച്ചി…. ഇച്ചായൻ??”

തെന്നൽ അമ്മച്ചിയെ നോക്കി ചോദ്യമുന്നയിച്ചു..

“ഇപ്പോ വരും… ഫ്രൂട്ട്സ് മേടിയ്ക്കാൻ പോയതാ…”

തെന്നൽ ഒന്നും മനസ്സിലാവാതെ അമ്മച്ചിയെ നോക്കി..

അപ്പോഴേയ്ക്കും നേഹ മോളെയും തോളിലെടുത്തു നിവിൻ മുറിയിലേയ്ക്ക് കയറി വന്നു…

കയ്യിലെ കവർ അമ്മച്ചിയ്ക്ക് കൈമാറി നിവിൻ അവൾക്കരികിലായി ഇരിപ്പുറപ്പിച്ചു…

എന്തൊക്കെയോ ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ടു നിവിന്റെ മടിയിലിരുന്നു നേഹമോൾ തെന്നലിന്റെ ദേഹത്തേക്ക് ചാഞ്ഞു..

ആയിരം ദീപങ്ങളുടെ പ്രകാശം ആ മുഖത്തു നിറഞ്ഞു നിന്നിരുന്നു..

തെന്നൽ പതിയെ നേഹമോളുടെ നെറുകയിൽ തലോടി…

നിറഞ്ഞ കണ്ണുകളാൽ അവൾ മനസ്സിൽ മന്ത്രിച്ചു…

എന്നോട് ക്ഷമിയ്ക്ക് മോളെ!!

“മോളിങ്ങു വാ…”

അമ്മച്ചി നേഹമോളെ എടുത്തു പുറത്തേയ്ക്ക് നടന്നു…

“റോസ്‌ലി എവിടെ??”

തെന്നൽ സംശയത്തോടെ ചോദിച്ചു..

“അവളെ വീട്ടിൽ വിട്ടിട്ടാ ഞാനിങ്ങോട്ടു പോന്നത്…”

നിവിന്റെ ശബ്ദം തെന്നലിനെ വീണ്ടും സങ്കടത്തിലാഴ്ത്തി..

“അപ്പൊ എല്ലാം അവസാനിച്ചു… അല്ലെ??”

നിറഞ്ഞ മിഴികൾ നിവിൻ കാണാതിരിയ്ക്കാൻ തെന്നൽ മുഖം തിരിച്ചു..

“ഊം… അവസാനിച്ചു..”

ദീർഘ നേരത്തെ നിശ്ശബ്ദത വല്ലാത്ത വിമുഖത സൃഷ്ടിച്ചപ്പോൾ തെന്നൽ നിവിന് നേരെ തിരിഞ്ഞു..

ചെറിയൊരു പാത്രമെടുത്തു കയ്യിലെ ഓറഞ്ച് തൊലി കളയുന്നതിൽ ശ്രദ്ധയൂന്നിയിരിയ്ക്കുന്ന നിവിനെ കണ്ടപ്പോൾ ശരിയ്ക്കും ദേഷ്യം തോന്നി…

മനസ്സിൽ ഉയർന്നു പൊങ്ങിയ പല വിധത്തിലുള്ള ചിന്തകളെ തെന്നൽ ശാസിച്ചൊതുക്കി…

വേണ്ട!! അയാളെക്കുറിച്ചു നിനയ്ക്കാൻ പോലുമുള്ള അർഹത തനിയ്ക്കിനിയില്ല..

നിവിൻ നീട്ടിയ ഓറഞ്ച് അല്ലിയെ നിഷേധിച്ചു തെന്നൽ കണ്ണുകളടച്ചു..

താടിയ്ക്ക് താഴെ കൈകൾ കൂട്ടിപ്പിടിച്ചു നിർബന്ധിച്ചു വായിലിട്ടുകൊടുത്തു നിവിൻ..

“അവസാനിച്ചത് നമുക്കിടയിലെ പ്രശ്നങ്ങളും അകൽച്ചയുമാണെന്നു മാത്രം…”

നിവിന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു…

“എന്താ??”

“നിന്റെ സ്ഥാനം മറ്റൊരാൾക്ക് നല്കാൻ എനിയ്ക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ നിനക്ക്??”

തെന്നൽ വിശ്വസിയ്ക്കാനാവാതെ നിവിനെ നോക്കി…

“അങ്ങനെ കഴിയുമായിരുന്നെങ്കിൽ അതെനിയ്‌ക്കെന്നോ ആവായിരുന്നില്ലേ??

നിവിൻ ഒരാളെ മാത്രേ സ്നേഹിച്ചിട്ടുള്ളൂ… മരണം വരെ അതിനൊരു മാറ്റവും വരാൻ പോണില്ല…”

തെന്നലിന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു…

“അപ്പൊ… അപ്പൊ റോസ്‌ലി??”

നിവിൻ ചിരിച്ചു…

“ഇതെന്റെ അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു… പതിനെട്ടാമടവ് എന്ന് കേട്ടിട്ടില്ലേ??”

അന്തം വിട്ടു നിൽക്കുന്ന തെന്നലിന്റെ കയ്യിൽ ഓറഞ്ച് പാത്രം നൽകി നിവിൻ തുടർന്നു…

” കറക്ട് സമയത്തു നീ വന്നു തടഞ്ഞില്ലായിരുന്നെങ്കിൽ എല്ലാം കൈ വിട്ട് പോയേനെ…

ആ കൊച്ചിന്റെ കാമുകൻ എന്റെ ഫോട്ടോയ്ക്ക് മാല ഇട്ടിട്ടുണ്ടാവും ഇപ്പൊ…”

“മനസ്സിലായില്ല…”

നിവിൻ വീണ്ടും ചിരിച്ചു..

“നീയെന്നെ എന്ത് മാത്രം സ്നേഹിയ്ക്കുന്നുണ്ടെന്ന സത്യം നിനക്ക് ബോധ്യപ്പെടുത്തിത്തരാനും റോസ്‌ലിയ്ക്ക് അവൾ സ്നേഹിച്ചവനെ കിട്ടാനും ഈ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ…”

“അപ്പൊ എല്ലാരും അറിഞ്ഞുകൊണ്ടുള്ള ഡ്രാമയായിരുന്നോ അത്??”

“ഏയ്… ഇതൊരു നാടകമായിരുന്നെന്നു എനിയ്ക്കും റോസ്‌ലിയ്ക്കും അലനും മാത്രേ അറിയുമായിരുന്നുള്ളൂ…”

“അലനോ?? അതാരാ?? എനിയ്ക്കൊന്നും മനസ്സിലാവുന്നില്ല.. ഒന്ന് തെളിച്ചു പറയൂ…”

തെന്നൽ വലതുകൈ കിടക്കയിൽ കുത്തി എഴുന്നേറ്റിരുന്നു…

“അല്പം കൂടി ക്ഷമിയ്ക്ക്…

വേവോളം കാക്കാമെങ്കിൽ ആറോളം കാക്കാം…”

തെന്നലിന് വട്ട് പിടിച്ചു…

അൽപ നേരം കഴിഞ്ഞപ്പോൾ വിവാഹ വസ്ത്രം ധരിച്ച റോസ്‌ലിയും കൂടെ മാന്യനായ ഒരു യുവാവും കടന്നു വന്നു…

നിവിൻ അവരെ സ്വീകരിയ്ക്കുകയും അരികിലുള്ള കസേരകൾ നീക്കിയിട്ടു കൊടുക്കുകയും ചെയ്തു…

“താങ്ക് യു സോ മച് തെന്നൽ…”

റോസ്‌ലി അത്യധികം സന്തോഷത്തോടെ തെന്നലിനെ പുണർന്നു…

“ആളോടൊന്നും പറഞ്ഞില്ലേ നിവിൻ??”

“ഇല്ലെന്നേ… നീ തന്നെ നേരിട്ട് പറഞ്ഞോട്ടെ എന്ന് കരുതി…”

നിവിൻ കള്ള ചിരിയോടെ റോസ്‌ലിയ്ക്ക് മറുപടി നൽകി..

“ആക്ച്വലി ഞാനും നിവിനും ക്‌ളാസ് മേറ്റ്‌സ് ആണ്… അല്ലാതെ വേറെ ഒരു ബന്ധവും ഞങ്ങൾ തമ്മിലില്ലാട്ടോ… അല്പം മുൻപ് പള്ളിയിൽ വച്ച് നടന്നതെല്ലാം ഒരു ചെറിയ പരീക്ഷണ ഡ്രാമയായിരുന്നു.. അതിന്റെ മാസ്റ്റർ ബ്രെയിൻ ആണ് ഈ ഇരിയ്ക്കുന്ന ആള്… അലൻ..”

റോസ്‌ലി ചിരിച്ചുകൊണ്ട് കൂടെ വന്നയാൾക്ക് നേരെ കൈ നീട്ടി…

“രണ്ടു വർഷമായിട്ടു ഞങ്ങൾ പ്രണയത്തിലാണ്.. പക്ഷെ വീട്ടുകാരുടെ എതിർപ്പ് കാരണം വിവാഹം കഴിയ്ക്കാൻ കഴിഞ്ഞില്ല…

എതിർപ്പിനൊരു കാരണമുണ്ട് ട്ടൊ..

അലന്റെ വിവാഹം ഒരിയ്ക്കൽ കഴിഞ്ഞതാണ്… വിവാഹ രാത്രി തന്നെ അവള് വേറൊരാളുടെ കൂടെ ഇറങ്ങിപ്പോയി… രണ്ടാം കെട്ടിനെ ചുമക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞു അലനെ അവര് അധിക്ഷേപിച്ചു വിട്ടതാണ് ഒരിയ്ക്കൽ…

നിവിന്റെ വിവാഹക്കാര്യം അടുത്ത ബന്ധുക്കൾക്ക് മാത്രമേ അറിയമായിരുന്നുള്ളൂ… അങ്ങനെയാണ് നിവിൻ ഒരു വിവാഹം കഴിച്ചതാണെന്ന കാര്യം മറച്ചു വച്ചുകൊണ്ട് ഞങ്ങളുടെ വിവാഹം ഉറപ്പിച്ചത്…

വിവാഹത്തിന് തെന്നൽ എത്തുകയും അവിടൊരു സീൻ ക്രിയേറ്റ് ചെയ്യുകയും ചെയ്യുമെന്ന് ഞങ്ങൾ ഉറപ്പിച്ചു…

നിവിനുമായുള്ള വിവാഹം മുടങ്ങിക്കഴിഞ്ഞാൽ എല്ലാവരുടെയും മുൻപിൽ ഞാനും വീട്ടുകാരും നാണം കെടും… എല്ലാവരുടെയും സഹതാപത്തിനു പാത്രമാവുകയും ചെയ്യും…”

“ബാക്കി ഞാൻ പറയാം…”

അലൻ ഇടയ്ക്ക് കയറി..

“അങ്ങനെ ഞാനെന്റെ അപ്പച്ചനെയും അമ്മച്ചിയെയും അവരുടെ അടുത്തേയ്ക്ക് വിട്ടു… റോസ്‌ലിയെ കെട്ടാൻ എനിയ്ക്ക് സമ്മതമാണെന്നറിയിച്ചു…

വികാരിയച്ചൻ ഞങ്ങളെ സപ്പോർട്ട് ചെയ്യാമെന്നേറ്റിരുന്നു… അദ്ദേഹത്തിന്റെ കൂടെ ഇടപെടലിന്റെ സഹായത്തിൽ ഇവളെ ഞാനങ്ങു കെട്ടി…”

“ചുരുക്കിപ്പറഞ്ഞാൽ ഒരു വെടിയ്ക്ക് രണ്ടു പക്ഷി… എനിയ്ക്ക് ഗുണമുള്ള കാര്യമായതുകൊണ്ടു ഞാൻ കൂടെ നിന്നെന്ന് മാത്രം… എങ്ങനെ ഉണ്ട്??”

നിവിനാണ്….

“കാഞ്ഞ ബുദ്ധി തന്നെ… ഞാൻ ഇടയ്ക്ക് കേറിയില്ലാരുന്നെങ്കിൽ ഇപ്പൊ കാണാരുന്നു…”

തെന്നൽ തലയ്ക്ക് കൈകൊടുത്തു പോയി..

“എല്ലാം ശുഭമായി അവസാനിച്ചല്ലോ… കർത്താവിന്റെ കൃപ…

എന്നാല്പിന്നെ ഞങ്ങള് ചെല്ലട്ടെ?? ഇവളുടെ ഒരു ഫ്രണ്ട് ആക്സിഡന്റ് ആയിട്ട് കിടപ്പുണ്ട്… അവളെ കാണാൻ പോവുകയാണെന്ന് പറഞ്ഞിറങ്ങിയതാ… അവിടെയും കൂടെ കയറിയിട്ട് പെട്ടെന്ന് വീട്ടിലേയ്ക്ക് ചെല്ലണം.. എല്ലാരും കാത്തിരിയ്ക്കുവാ…”

“അപ്പൊ ഹാപ്പി മാരീഡ് ലൈഫ്… രണ്ടാളും കൂടെ ഒരു ദിവസം വീട്ടിലേയ്ക്ക് വരൂ..”

നിവിന്റെ ഹസ്തദാനം സ്വീകരിച്ചു രണ്ടുപേരും മടങ്ങുന്ന കാഴ്ച്ച തെന്നൽ കണ്ണിമയ്ക്കാതെ നോക്കി നിന്നു…

“മിയ ഉണ്ടായിരുന്നു ഇവിടെ.. അവളോട് കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്… നിന്റെ സാധനങ്ങളെല്ലാം പാക് ചെയ്യാൻ പോയതാ അവള്…”

തെന്നൽ സംതൃപ്തിയോടെ ചിരിച്ചു…

“എന്നാലും വല്ലാത്ത ധൈര്യം തന്നെ.. അമ്മച്ചിയ്ക്കും അപ്പച്ചനുമൊക്കെ അറിയാരുന്നോ ഇത്??”

“എവിടെ?? അവരൊക്കെ ഇതിനു കൂട്ട് നിൽക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?? നിന്നോടുള്ള പ്രതികാരമാണെന്നാ അവര് കരുതിയത്… മനസോടെയല്ല സമ്മതം മൂളിയതും…”

“എടാ നിവിച്ചാ… റോസ്‌ലി മോളല്ലേ ആ പോയത്??”

പറഞ്ഞു മുഴുവനാക്കും മുൻപേ അമ്മച്ചി മുറിയിലെത്തി..

“അതെ…”

“കൂടെയേതാ ആ ചെറുക്കൻ??”

“അവളുടെ കെട്ട്യോൻ…”

“എന്നതാ?? കെട്ട്യോനോ?? ”

“ആം… ആദ്യം കാമുകനാരുന്നു… ഇപ്പോ കെട്ട്യോനാ…”

അന്തംവിട്ടു നിൽക്കുന്ന അമ്മച്ചിയെ നോക്കി നിവിനും തെന്നലും അടക്കി ചിരിച്ചു… കാര്യം മനസ്സിലായില്ലെങ്കിലും നേഹ മോളും ആ ചിരിയിൽ പങ്കു ചേർന്നു..

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

തുറന്നിട്ട ജനാലയിലൂടെ തെന്നൽ വെറുതെ പൂർണ ചന്ദ്രനിൽ മിഴി പാകി നിന്നു…

നക്ഷത്രക്കുഞ്ഞുങ്ങൾ അവൾക്കു കുസൃതിച്ചിരി സമ്മാനിച്ചു…

നിലാവിന്… ആകാശ നീലിമയ്ക്ക്… ഇരുട്ടിന്.. ത്രിസന്ധ്യയുടെ ചുവപ്പിന്… പുലരിയുടെ പ്രകാശത്തിന്… അങ്ങനെയങ്ങനെ കണ്ടിട്ടും കാണാതെ വിടുന്ന വിവിധങ്ങളായ മനോഹാരിതകൾക്കെല്ലാം വല്ലാത്തൊരു ആകർഷണീയതയുണ്ട്!!

വർണങ്ങളാർന്ന ഓർമത്തുരുത്തുകളെക്കാൾ വശ്യതയാർന്നൊരു സൗന്ദര്യമുണ്ട്!!

“ഹലോ… ഇന്ന് വല്ലതും കഴിയോ ഈ ആലോചന.??”

നിവിൻ കിടക്കയിലിരുന്നുകൊണ്ട് ചോദിച്ചു…

തെന്നലിന് അല്പം ജാള്യത തോന്നി…

“സോറി… നിവിൻ വന്നത് ഞാൻ കണ്ടില്ല.. അതാ…”

“വല്ലാത്തൊരു ആസ്വാദക തന്നെ!! ഇത് കുറച്ചു കഷ്ടമാണ് ട്ടോ…”

നിവിൻ പരിഭവിച്ചു…

തെന്നൽ നിവനടുത്തേയ്ക്ക് നടന്നു..

“നിനക്കൊരു സർപ്രൈസ് ഉണ്ട്…”

“സർപ്രൈസോ?? എന്താ അത്??”

തെന്നലിന്റെ മുഖം വിടർന്നു..

“നീ തന്നെ നോക്ക്…”

നിവിൻ നീട്ടിയ പേപ്പർ നിവർത്തി നോക്കിയ തെന്നൽ വിശ്വസിയ്ക്കാനാവാതെ നിവിനെ നോക്കി….

“പി.ജിയ്ക്കുള്ള അഡ്മിഷൻ റെഡിയാക്കി… ഈ ജില്ലയിലെ തന്നെ ഏറ്റവും മികച്ച കോളേജിൽ…

നിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നില്ലേ??”

തെന്നൽ നിറകണ്ണുകളോടെ നിവിനെ പുണർന്നു…

“താങ്ക് യൂ..”

“നിക്ക് നിക്ക്… ഒരു ചെറിയ കാര്യം കൂടെ…”

മേശ വലിപ്പിൽ നിന്നും നിവിൻ ഡിവോഴ്‌സ് നോട്ടീസ് പുറത്തെടുത്തു പല വലിപ്പത്തിൽ വലിച്ചു കീറി…

“ഞാനിത് അയച്ചില്ലായിരുന്നു… ചുമ്മാ ഒപ്പിട്ടു വാങ്ങിയെന്നെ ഉള്ളൂ… എന്നാലല്ലേ നമ്മുടെ ഡ്രാമ നടക്കൂ…”

നിവിന്റെ ചിരിയി പതിയെ തെന്നലിലേയ്ക്കും പകർന്നു…

“അപ്പൊ എല്ലാം ശുഭമായില്ലേ??

ഇനി നമ്മുടെ കാര്യം എങ്ങനാ?”

നിവിൻ തെന്നലിനെ നോക്കി കണ്ണിറുക്കി…

“സെറ്റല്ലേ??”

“ഊം…”

ഒരായിരം സ്വപ്ന ദീപങ്ങൾക്ക് തിരി കൊളുത്തിക്കൊണ്ട് നാണത്താൽ പൊതിഞ്ഞ ചിരിയോടെ അവൾ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു….

—-ന്താ നോക്കുന്നെ?? ഇത്രേ ഉള്ളൂ… നെഞ്ചിലേയ്ക്ക് ചാഞ്ഞില്ലേ?? ന്നിട്ട് നാണം ഇല്ലേ ഇവിടെ നോക്കി നിക്കാൻ…😝

ശുഭം

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

(അവസാന പാർട്ട് വരെ കട്ടയ്ക്ക് കൂടെ നിന്ന എല്ലാർക്കും ഒരുപാട് നന്ദി😍😘 നിങ്ങളുടെ എല്ലാ കമന്റുകളും ഞാൻ കാത്തിരുന്നു വായിയ്ക്കാറുണ്ട് ട്ടൊ…💕 എഴുതിത്തുടങ്ങുമ്പോൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല നിങ്ങൾ ഇത്രയും സ്നേഹത്തോടെ കൂടെ നിൽക്കുമെന്ന്… തെന്നലിനെയും നിവിനെയും എന്നെന്നേക്കുമായി നിങ്ങളുടെ മനസ്സുകളിലേയ്ക്ക് വിട്ടു തന്നുകൊണ്ടു താൽകാലികമായി പടിയിറങ്ങുന്നു… സ്വന്തം സ്വാതി😍😘)

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (19 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “തെന്നൽ – പാർട്ട് 17 (അവസാനഭാഗം)”

  1. അഞ്ജിത പി. എസ്

    നല്ല കഥയായിരുന്നു. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

Leave a Reply

Don`t copy text!