സംയമനം വീണ്ടെടുത്തു അവൾക്ക് പിറകെ ഓടിയെത്തിയപ്പോഴേയ്ക്കും മുറിയുടെ വാതിൽ ഉള്ളിൽ നിന്നും ബന്ധിയ്ക്കപ്പെട്ടിരുന്നു…
ഒരുപാട് മുട്ടി വിളിച്ചിട്ടും വാതിൽ തുറക്കപ്പെടാതിരുന്നത് നിവിനെ പരിഭ്രാന്തിയിലാഴ്ത്തി..
സ്വന്തം ജീവിതത്തേക്കാൾ വാശിയ്ക്ക് പ്രാധാന്യം കല്പിയ്ക്കുന്നവളാണ്!!
എന്തും ചെയ്യാൻ മടിക്കില്ല!!
ഒരു നിമിഷത്തെ കൈപ്പിഴ മതിയാവും ഒരായുസ്സു മുഴുവൻ ദുഃഖിയ്ക്കാൻ…
വാതിൽ ചവിട്ടിപ്പൊളിയ്ക്കാമെന്ന തീരുമാനത്തിലേക്ക് മനസ്സ് കുതിയ്ക്കാൻ അധിക സമയം വേണ്ടി വന്നില്ല…
“നീ തുറന്നില്ലെങ്കിൽ ഞാൻ വാതിൽ ചവിട്ടിപ്പൊളിയ്ക്കും…”
പൊടുന്നനെ കയ്യിലൊരു വീർത്ത ബാഗുമായി തെന്നൽ വാതിൽ തുറന്നു..
“എന്താ ഇത്??”
നിവിൻ അമ്പരന്നു…
“ഞാൻ പോവുന്നു..”
നിവിന് മുഖം കൊടുക്കാതെ അവളയാളോടായി പറഞ്ഞു…
“എങ്ങോട്ട്??”
” എനിയ്ക്ക് ഇഷ്ടമുള്ളിടത്തേയ്ക്ക്…..”
“അതെങ്ങോട്ടാണെന്ന്…”
“അത് ചോദിയ്ക്കാൻ നിങ്ങൾക്കെന്തധികാരം??”
” ഞാനും നീയും തമ്മിൽ യാതൊരു ബന്ധവുമില്ലേ??”
“ഈ ചരടിന്റെ കാര്യമല്ലേ?? സിനിമകളിലൊക്കെ ഒരുപാട് പേർ അത്തരം രംഗങ്ങളിൽ വേഷമിടാറുണ്ട്…
എന്ന് കരുതി അവരെല്ലാം അവകാശവാദമുന്നയിച്ചു ചെല്ലാറുണ്ടോ??”
“നിനക്കെങ്ങനെ കഴിയുന്നു ഇത്രയും ക്രൂരമായി സംസാരിയ്ക്കാൻ??”
നിവിന്റെ ശബ്ദമിടറി…
“ഞാനും നീയും നമ്മളെ സ്നേഹിയ്ക്കുന്നവരെ സാക്ഷിയാക്കി ഒരുമിച്ചതിങ്ങനെ പാതി വഴിയിലുപേക്ഷിച്ചു പോവാനാണോ??”
“നിങ്ങളുടെയെല്ലാം സന്തോഷത്തിനു ഞാനെന്റെ ജന്മം ബലിയർപ്പിയ്ക്കണോ??”
“അങ്ങനെയാണോ ഞാൻ പറഞ്ഞത്??”
“നിങ്ങളുടെ വാക്കുകളെ ചികയേണ്ട കാര്യം എനിക്കില്ല!!”
“നീയില്ലാതെ എനിയ്ക്കിനി വയ്യ തെന്നൽ!!”
“ചതിച്ചു ചതിച്ചു ശീലമായിപ്പോയി അല്ലെ?? ഞാൻ പോയാൽ നിങ്ങളുടെ മേൽക്കോയ്മ അവസാനിച്ചില്ലേ??”
“ഒരു തർക്കത്തിന് ഞാനില്ല…. ”
“എങ്കിൽ വഴി മാറ്… എനിയ്ക്ക് പോണം…”
“അതാണ് ചോദിയ്ക്കുന്നത് എവിടേയ്ക്കാണെന്ന്??”
“പറയാനെനിയ്ക്ക് മനസ്സില്ലെങ്കിലോ??”
“ഒരു വീട്ടിൽ നിന്നും ഇറങ്ങിപ്പുറപ്പെടുമ്പോൾ അതെങ്ങോട്ടാണെന്നു പറയാനുള്ള മിനിമം മര്യാദ പോലും നിനക്കില്ലേ??”
“നിങ്ങളെന്നെ മര്യാദ പഠിപ്പിയ്ക്കാനിറങ്ങിയതാണോ??”
“അറിയില്ലെങ്കിൽ പഠിപ്പിയ്ക്കാതെ തരമില്ലല്ലോ തെന്നൽ…”
നിവിന്റെ ശബ്ദം കനത്തു…
“ഈ വീടല്ലാതെ നിനക്ക് കയറിച്ചെല്ലാൻ മറ്റൊരിടമില്ലെന്നിരിയ്ക്കെ ചോദിയ്ക്കേണ്ടതെന്റെ ബാധ്യതയാണ്…”
“ഓഹോ… പോകാൻ മറ്റൊരിടമില്ലാത്തതിനാലാണ് നിങ്ങളെന്നെ തല്ലിയത്..
നിങ്ങളുടെ എല്ലാ പീഡനങ്ങളും സഹിച്ചും ക്ഷമിച്ചും ഞാനീ കാൽക്കീഴിൽ കിടക്കണമെന്നാണോ??”
“നീയെന്തൊക്കെയാ തെന്നൽ പറയുന്നത്?? ”
പറ്റിപ്പോയി… ക്ഷമിയ്ക്കെന്നോട്..
നീയങ്ങനെയൊക്കെ ചെയ്തപ്പോൾ..”
നിവിന്റെ സ്വരത്തിൽ ദൈന്യത നിഴലിച്ചു..
“എനിയ്ക്കൊന്നും കേൾക്കേണ്ട നിവിൻ..
എന്റെയുള്ളിൽ അവശേഷിച്ചിരുന്ന ഒരേയൊരു തുള്ളി സ്നേഹത്തെയും അല്പം മുൻപ് നിങ്ങൾ തന്നെ തൂത്തു വാരിയെറിഞ്ഞു കഴിഞ്ഞു…”
അയാളുടെ വേദനയെയും പരാജയത്തെയും അവൾ തന്റെ വിജയത്തിന്റെ ഊർജ്ജമായി പകുത്തെടുത്തു!!
“ഇങ്ങോട്ട് വരുമ്പോൾ എന്റെ കയ്യിലുണ്ടായിരുന്ന കുറച്ചു വസ്ത്രങ്ങൾ മാത്രമേ ഞാനെടുത്തിട്ടുള്ളൂ…
നിങ്ങളുമായി ബന്ധമുള്ള ഒരു പുൽക്കൊടി പോലും എനിയ്ക്കാവശ്യമില്ല..”
“ഭൂമിയോളം താഴ്ന്നു തന്നിട്ടും നിനക്കൊരു ദയവും തോന്നുന്നില്ലേ എന്നോട്?
ലോകത്തൊരു ഭർത്താവും സ്വന്തം ഭാര്യയ്ക്ക് വേണ്ടി ഇത്രയേറെ താഴ്ന്നു കാണില്ല!!”
തികട്ടി വന്ന ഗദ്ഗദം അയാളുടെ ചങ്കിൽ പിടഞ്ഞമർന്നു…
“ലോകത്തൊരാളും ചെയ്യാത്ത ക്രൂരതകൾ നിങ്ങൾ ചെയ്തു കൂട്ടിയിട്ടുണ്ടല്ലോ… ഇനിയും സഹിയ്ക്കാൻ ത്രാണിയില്ലെനിയ്ക്ക്!!”
“പ്ലീസ് തെന്നൽ…”
“ഇനിയൊരിയ്ക്കലും നമ്മൾ കണ്ടു മുട്ടരുത്…
എന്റെ വഴി ഞാൻ തിരഞ്ഞെടുത്തോളാം…
ചെയ്തു തന്ന ഉപകാരങ്ങൾക്കെല്ലാം നന്ദിയുണ്ട്… ”
അവളുടെ കണ്ണുകളിൽ വിജയത്തിളക്കം!!
“എന്റെ വഴികളിലിനിയുമൊരു വിലങ്ങു തടിയായി നിങ്ങൾ വന്നു പോവരുത്… എന്നെന്നേക്കുമായി ഞാനെല്ലാമുപേക്ഷിച്ചിറങ്ങുന്നു…”
ദേഷ്യത്തോടെ അവളിറങ്ങിപ്പോവുന്നതും നോക്കി നിവിൻ നിർവികാരനായി നിന്ന് പോയി!!
മനസ്സാകെ ഒരു തരം മരവിപ്പാണെന്നു തോന്നി…
നിമിഷങ്ങൾ പതിയെ കൊഴിഞ്ഞടർന്നു…
നേഹമോൾ വന്നു കൈ പിടിച്ചു കുലുക്കിയപ്പോഴാണ് പരിസരബോധം അയാളെ തേടിയെത്തിയത്…
അരികിൽ അമ്പരപ്പോടെ നോക്കി നിൽക്കുന്ന അമ്മച്ചിയെ കണ്ടപ്പോൾ അടക്കി നിർത്തിയ സങ്കടം മുഴുവൻ അണ പൊട്ടിയിരുന്നു…
“എന്റെ കർത്താവേ… എന്റെ കുഞ്ഞിനിതെന്നാ പറ്റി…”
ആവലാതിയടങ്ങാതെ അവർ ചോദ്യങ്ങളോരോന്നായി ചോദിച്ചുകൊണ്ടേയിരുന്നു…
“അവള്… അവള് പോയമ്മച്ചി…”
നിവിൻ പണിപ്പെട്ടു പറഞ്ഞൊപ്പിച്ചു…
“പോയെന്നോ?? ഈശോയെ.. ഞാനെന്നതാ ഈ കേൾക്കുന്നെ??”
അവർ നെഞ്ചത്ത് കൈ വച്ചു..
“എങ്ങോട്ടു പോയെന്നാ?? ”
“അറിയില്ല…”
“ഡ്രസ്സൊക്കെ എടുത്തോണ്ടാണോ അവള് പോയത്??”
“മമ്…”
“എപ്പോ…”
“ഒരു പത്തു പതിനഞ്ചു മിനിറ്റായി കാണും…
ഇനിയൊരിയ്ക്കലും തിരിച്ചു വരത്തില്ലന്ന്..”
നിവിൻ വിദൂരതയിലേക്ക് മിഴികളയച്ചു..
“ആരുമില്ലെങ്കിലും നമുക്ക് ജീവിച്ചല്ലേ പറ്റുള്ളൂ…”
അയാൾ ആരോടെന്നില്ലാതെ പറഞ്ഞു..
അമ്മച്ചി നിസ്സഹായതയോടെ കണ്ണീർ വാർത്തു…
കാരണമറിയില്ലെങ്കിലും അമ്മച്ചിയോടൊപ്പം മോളും കരയാൻ തുടങ്ങിയിരുന്നു…
ഇരിപ്പിടത്തിൽ സ്വയം എരിഞ്ഞമരുന്നതു പോലെ തോന്നി അയാൾക്ക്…
എന്ത് നടക്കരുതെന്നാഗ്രഹിച്ചോ അതു മാത്രമാണ് തന്റെ ജീവിതത്തിൽ നടക്കുന്നത്…
ഇതിലും മീതെ വേദനകൾ താങ്ങാൻ മറ്റാർക്കും കഴിയില്ല…
പിടിവള്ളികളെല്ലാം പാതിയിൽ പൊട്ടി വീഴുന്നൊരവസ്ഥ…
തീരാ ദുഃഖങ്ങളിലൂടെ മാത്രമുള്ള ജീവിതയാത്ര!!
ഋഷി ശാപമേറ്റു വാങ്ങേണ്ടി വന്ന ചില പുരാണ കഥാപാത്രങ്ങളെപ്പോലെ!!
ഭ്രാന്തമായൊരവസ്ഥയ്ക്ക് കീഴ്പെട്ടു പോയി നിവിൻ!!
ചാടിയെഴുന്നേറ്റു കാർ സ്റ്റാർട്ട് ചെയ്തുപോവുന്ന നിവിനെ നോക്കി അമ്മച്ചി ഭയത്തോടെ ദൈവത്തെ ഉള്ളുരുകി വിളിച്ചു…
വീട്ടിൽ നിന്നിറങ്ങിയ നേരം വച്ചു നോക്കിയാൽ അവളിപ്പോൾ ബസ് സ്റ്റോപ്പിലെത്തിക്കാണും…
അര മണിക്കൂർ കൂടുമ്പോൾ മാത്രം ബസ്സ് സർവീസുള്ള റൂട്ടാണ്…
നിവിൻ കണക്കുകൂട്ടി…
മിന്നൽ വേഗത്തിൽ ബസ് സ്റ്റോപ്പിലെത്തുമ്പോൾ പ്രതീക്ഷിച്ചതുപോലെ അവളവിടെ ഇരിയ്ക്കുന്നുണ്ടായിരുന്നു..
അരികിലേയ്ക്ക് ചെല്ലുമ്പോൾ തകർന്നടിഞ്ഞ മനോധൈര്യത്തെ ഊട്ടിയുറപ്പിയ്ക്കാൻ നിവിൻ പാഴ് ശ്രമം നടത്തി നോക്കി…
“തെന്നൽ…!!!”
കണ്ട ഭാവം പോലും നടിയ്ക്കാതെ അവളക്ഷമയോടെ ബസ്സ് വരുന്ന ഭാഗത്തേയ്ക്ക് മിഴിയൂന്നി…
” സോറി….ഇനിയൊരിയ്ക്കലും അങ്ങനൊന്നുമുണ്ടാവില്ല..
എല്ലാരും നിന്നെ കാത്തിരിയ്ക്കുവാ അവിടെ… ദയവു ചെയ്ത് എന്റെ കൂടെ വാ…”
“ഇതെന്തൊരു ശല്യമാ ഈശ്വരാ…”
അവൾ ഈർഷ്യയോടെ നെറ്റിയ്ക്കു മുകളിൽ വിരലമർത്തി…
വലതു വശത്തു നിന്നും ചീറിപ്പാഞ്ഞെത്തിയ മിനി ബസ്സ് , സ്റ്റോപ്പിനല്പം മുൻപിലായി നിർത്തി…
ഓടിക്കയറാൻ തുനിഞ്ഞ തെന്നലിന്റെ കയ്യിൽ നിവിൻ ബലമായി പിടി മുറുക്കി…
എതിർപ്പുകളെല്ലാം അയാൾക്ക് മുൻപിൽ പാഴായിപ്പോവുന്നത് അവൾക്കുൾക്കൊള്ളാൻ പ്രയാസം തോന്നി…
“വിടെന്നെ…”
തെന്നൽ വൃഥാ ശബ്ദമുയർത്തി…
അവളെ വക വയ്ക്കാതെ നിവിൻ ബസ്സ് കടന്നു വന്ന ഭാഗത്തേയ്ക്ക് നോട്ടമയച്ചു നിൽപ്പുറപ്പിച്ചു…
“പ്ലീസ് നിവിൻ…..”
യാചനകളെല്ലാം കാറ്റിൽ പറത്തിയ കടലാസു കഷ്ണം കണക്കെ അനർത്ഥമായി…
ഇത്തരമൊരു മാറ്റം അയാളിൽ നിന്നും പ്രതീക്ഷിച്ചതല്ല!!
ബസ്സ് യാത്രക്കാരെയും വഹിച്ചകന്നു…
“വാടീ…”
നിവിന്റെ ശബ്ദം പതിവില്ലാത്ത മുഴക്കം സൃഷ്ടിച്ചു..
ചുറ്റുപാടുള്ളവരെല്ലാം അവരെ ശ്രദ്ധിയ്ക്കാൻ തുടങ്ങിയിരുന്നു…
“തെന്നൽ… വെറുതെ ബലപ്രയോഗം നടത്തി ആൾക്കാരെക്കൊണ്ടു അതുമിതും പറയിക്കരുത്…”
“ഞാൻ വരില്ല… എനിയ്ക്ക് പോയെ പറ്റു…”
അവൾ വാശിയോടെ എതിർത്തു..
” കൊണ്ടുപോണമെന്നുള്ളത് എന്റെ തീരുമാനമാണ്…
നടപ്പിലാക്കാൻ കഴിയാത്ത തീരുമാനങ്ങളൊന്നും ഞാനിന്നെ വരെ കൈക്കൊണ്ടിട്ടില്ല…”
മനസ്സിലാക്കാൻ കഴിയാത്ത വികാരങ്ങളിലേതോ അയാളുടെ കണ്ണുകളിൽ പ്രത്യക്ഷമായി..
അവളെ ബലമായി കാറിനുള്ളിലേക്ക് തള്ളി നിവിൻ വേഗത്തിൽ വീട്ടിലേയ്ക്ക് തിരിച്ചു…
“എനിയ്ക്കറിയാം എന്ത് വേണമെന്ന്…”
നിവിൻ ആത്മഗതം ചെയ്തു…
“നിവിനെന്താ ഭ്രാന്തു പിടിച്ചോ??”
തെന്നലിന് വല്ലാത്ത ഭയം തോന്നി..
അവളുടെ ചോദ്യങ്ങളെ മനപ്പൂർവ്വം അവഗണിയ്ക്കാനെന്നോണം അയാളേതോ പഴയ തമിഴ് ഗാനം ഉറക്കെ പ്ലേ ചെയ്തു..
നിവിന്റെ ഗൗരവം അവളെ നിശ്ശബ്ദയാക്കി…
വീടിന്റെ ഗേറ്റ് കിടക്കുമ്പോൾ നിവിന്റെ കണ്ണുകളിൽ ദേഷ്യം അതിന്റെ പാരമ്യതയിലെത്തി നിന്നു!!
തെന്നലിന്റെ വാക്കുകൾക്ക് ചെവി കൊടുക്കാതെ നിവിൻ അവളുടെ കൈകളിൽ മുറുകെ പിടിച്ചു മുറിയിലേയ്ക്ക് നടക്കുന്ന കാഴ്ച്ച അമ്മച്ചി സ്തബ്ധയായി നോക്കി നിന്നു!!
(തുടരും…)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
രചന : സ്വാതി കെ എസ്
( ഇനിയെത്രയുണ്ടാവുമെന്നു പറയാൻ കഴിയുന്നില്ല… അഭിപ്രായങ്ങളറിയിയ്ക്കണേ….)
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Nivin thazhunu thazhnu manasu pathariyo