“ധന്യേച്ചി ” നിയയ്ക്ക് തന്റെ തൊണ്ടയിലെ വെള്ളം വറ്റും പോലെ തോന്നി,
ധന്യ ഒരു നിമിഷത്തേക്കവളെ അത്ഭുതത്തോടെ തന്നെ നോക്കി നിന്നു, പിന്നെ അവളുടെ കണ്ണുകൾ പതിയെ അഹാനിലേക്ക് നീണ്ടു,..
ഇത് കണ്ട നിയ പേടിയോടെ അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു,.
*****
“മോളെ !”ചന്ദ്രശേഖരൻ വിളിച്ചു !
ഋതിക ഞെട്ടലിൽ തിരിഞ്ഞു നോക്കി, അപ്പോഴേക്കും, ചന്ദ്രശേഖരൻ അവളുടെ അരികിലെത്തിയിരുന്നു, തിരക്കിട്ട് നടന്നത് കൊണ്ടാണോ അതോ ഓടിയത് കൊണ്ടാണോ എന്നറിയില്ല അയാൾ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു,.
“നീയിതെങ്ങോട്ടേക്കാ ഈ പോണത്? ” അയാൾ ചോദിച്ചു,.
“ഞാൻ അരുണേട്ടനെ തിരഞ്ഞിറങ്ങീതാ അമ്മാവാ , ഉച്ചക്ക് പോയതല്ലേ!വിളിച്ചിട്ട് ഫോണും എടുക്കണില്ല, മോളും പറഞ്ഞു അച്ഛനെ കാണണംന്ന്, എവിടെപ്പോയി കിടക്കാണോ എന്തോ? !” ഒറ്റ ശ്വാസത്തിൽ അവൾ ഇത്രയും പറഞ്ഞു,.
അവളുടെ മുഖത്തെ ആകുലതയും, ചുറ്റിനും അശാന്തമായി ചലിക്കുന്ന അവളുടെ കണ്ണുകളും, താലിയിൽ മുറുക്കെ പിടിച്ചിരിക്കുന്ന അവളുടെ കൈകളും എല്ലാം, ഇപ്പോഴും അവളുടെ മനസ്സിൽ അരുൺ ഉണ്ടെന്നുള്ള സൂചനയായിത്തന്നെ അയാൾക്ക് തോന്നി,
“അരുണേട്ടന്റെ വണ്ടി ഇവിടെ കിടപ്പുണ്ട് അമ്മാവാ !” പ്രിയപ്പെട്ടതെന്തോ കണ്ടെത്തിയ ആവേശത്തിൽ അവൾ പറഞ്ഞു,..
“അധികദൂരം പോയിക്കാണില്ല,..ഇവിടെ എവിടെയെങ്കിലും തന്നെ കാണും,. ഞാനൊന്ന് നോക്കട്ടെ,.. ” അവൾ തിരഞ്ഞു പോവാനായി തുനിഞ്ഞതും അയാളവളുടെ കയ്യിൽ പിടിച്ചു,..
“എന്താ അമ്മാവാ? ”
“ആദിയുടെ ആഗ്രഹം പൂർത്തീകരിക്കാൻ വേണ്ടി മാത്രാണോ മോളെ നീ അവനെയും തിരിഞ്ഞിറങ്ങിയത്? ”
അയാളുടെ ചോദ്യത്തിന് മുൻപിൽ ഉത്തരമില്ലാതെ അവൾ നിന്നു,.
******
“ഇതൊരു സിനിമക്കുള്ള സ്റ്റോറി ഉണ്ടല്ലോ ചേട്ടാ!” അയാൾ പറഞ്ഞു
“നീ വേണേൽ ഇത് സിനിമയോ, സീരിയലോ എന്ത് വേണേലും ആക്കിക്കോ !” അരുൺ പറഞ്ഞു,.
“പക്ഷേ, മോള് വയ്യാതെ കിടക്കുന്ന ഈ സിറ്റുവേഷനിൽ, ചേട്ടൻ കുടിച്ചതൊട്ടും ശരിയായില്ല !”
“സങ്കടം കൊണ്ടാടാ, സങ്കടം കൊണ്ട് ! ആ കിടപ്പ് കണ്ടാൽ സഹിക്കൂല്ല !”
അയാൾ വിരസമായൊന്ന് പുഞ്ചിരിച്ചു,
“നീയെന്തിനാടാ ചിരിക്കണേ? ”
“ഞാനെന്തിനാ ഇവിടെ വന്നതെന്ന് ചേട്ടനറിയോ? ”
“നിനക്കെന്തെങ്കിലും രോഗമുണ്ടായിരിക്കും, അതുമല്ലെങ്കിൽ വല്ല രോഗിയെയും കാണാൻ വേണ്ടി വന്നതായിരിക്കും, വേറെന്തിനാ ഇപ്പൊ ഹോസ്പിറ്റലിൽ ”
“ഇതിന് രണ്ടിനും അല്ല ചേട്ടാ ”
“പിന്നെ? ”
” ജീവിതത്തിൽ ഒറ്റക്കായി എന്ന് തോന്നുമ്പോൾ, അതുമല്ലെങ്കിൽ മരിക്കണം എന്നൊക്കെ തോന്നുമ്പോൾ ഞാൻ ഇവിടേക്ക് വരും,. എന്നിട്ട് കാഷ്വാലിറ്റിയുടെമുന്നിൽ പോയങ്ങ് നിൽക്കും,. !”
അരുൺ അവനെ അമ്പരപ്പിൽ നോക്കി
“വട്ടാണോ എന്നല്ലേ ചേട്ടൻ ആലോചിക്കുന്നേ? പക്ഷേ അതല്ല ചേട്ടാ, ദിവസേന എത്രയേറെ രോഗികളാ ഇവിടെ വരുന്നതെന്നറിയുവോ, ആക്‌സിഡന്റ് ആയും അല്ലാതെയുമൊക്കെ, അവരിൽ കുറച്ചു പേര് രക്ഷപെടും അല്ലാത്തോര് അങ്ങ് പോവും,. പക്ഷേ അവരുടെ ജീവന് വേണ്ടി പ്രാർത്ഥിച്ചു കരയുന്ന ഓരോ ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ഇല്ലേ, ഞാൻ അവരെ നോക്കി നിൽക്കും, അവരിൽ ഞാൻ എന്നെക്കാണാൻ ശ്രമിക്കും, മരിച്ചു പോയ എന്റെ അച്ഛനേം അമ്മയേം കാണാൻ ശ്രമിക്കും,. അപ്പോൾ എനിക്കാരോക്കെയോ ഉണ്ടെന്ന് തോന്നും, ഇനിയും ജീവിക്കണമെന്ന് തോന്നും,.. ഈ ലോകത്ത് ഒറ്റപ്പെടലിനേക്കാൾ വലിയ വേദന, വേറൊന്നുമില്ല ചേട്ടാ !”
അവന്റെ വാക്കുകൾ പൂർണമായും ബോധമില്ലെങ്കിൽ കൂടി അരുണിന്റെ കണ്ണും നനയിച്ചു,.
“ചേട്ടനിപ്പോൾ എല്ലാരുമുണ്ട്, അച്ഛനുണ്ട് അമ്മയുണ്ട്, ഭാര്യയും, മക്കളും ഒക്കെയുണ്ട്, ഇവരിൽ കുറേപ്പേരെ ചേട്ടനും, ചേട്ടനെ ചേട്ടന്റെ ഭാര്യയും അകറ്റി നിർത്തിയേക്കുവാണെന്ന് പറഞ്ഞു,. പക്ഷേ എനിക്കൊന്നും അകറ്റി നിർത്താൻ പോലും ബന്ധുക്കളായി ആരുമില്ല ചേട്ടാ,. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില നാം അറിയാറില്ല എന്ന് പറയുന്നപോലെ തന്നെയാ ബന്ധങ്ങളും, നഷ്ടപ്പെട്ടു പോയാലെ അതിന്റെ വിലയറിയൂ, കൂടെ ചേർത്ത് നിർത്തേണ്ടതിന്റെ ആവശ്യകതയറിയൂ !” അവൻ നഷ്ടബോധത്തോടെ പറഞ്ഞു,.
അരുണിന് മറുപടി ഉണ്ടായിരുന്നില്ല,.
“ഇപ്പോൾ ചേട്ടന്റെ ഫോണിലേക്ക് ചേട്ടനെ കാണാതെ ഇത്രയും തവണ വിളിച്ചത്, ചേട്ടന്റെ ഭാര്യയും, ബന്ധുക്കളും തന്നെയാവില്ലേ? നേരത്തെ അവരൊക്കെ ടെൻഷൻ അടിക്കുന്നുണ്ടാവുമെന്ന് ഞാൻ പറഞ്ഞപ്പോൾ, ചേട്ടനാ പറഞ്ഞത് ഇത്തിരി ടെൻഷനടിച്ചോട്ടെ എന്ന്,. നമ്മൾ നഷ്ടപ്പെടുത്തിക്കളയുന്ന ഓരോ നിമിഷവും, അവഗണിക്കുന്ന ഓരോ കോളും, മെസ്സേജും ഒക്കെയോർത്ത് ഇന്നല്ലെങ്കിൽ നാളെ നമ്മൾ വേദനിക്കും, അന്ന് നെഞ്ചുവേദന വന്നെന്റെ അമ്മ കുഴഞ്ഞുവീണപ്പോൾ, ആദ്യം വിളിച്ചത് എന്നെയായിരുന്നുവെന്ന് നാട്ടുകാര് പറഞ്ഞാ ഞാനറിഞ്ഞത്, തീയറ്ററിൽ പുലിമുരുഗൻ തകർത്തോടുമ്പോൾ, ഞാനമർത്തിയ ഒറ്റ റെഡ് ബട്ടൺ ആണ് അമ്മയുടെ ജീവനെടുത്തത് !” അവൻ കരഞ്ഞു പോയി,…
“ഡോ താനിങ്ങനെ കരയല്ലേ,.. ” അരുൺ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു,.
” ഞാനെന്തോ വല്ലാതെ ഇമോഷണൽ ആയിപ്പോയി,.. ചേട്ടൻ ഫോണെടുത്തിപ്പോ ചേച്ചിയെ വിളിക്ക്, എന്നിട്ട് ചോദിക്ക് എന്തിനാ വിളിച്ചതെന്ന്,. ഇനി ചേട്ടന് മടിയാണേൽ കൊണ്ടാ ഞാൻ വിളിക്കാം !” അവൻ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു,.
അരുൺ ഒന്നാലോചിച്ച ശേഷം, ഫോണെടുത്ത് അവന് നേരെ നീട്ടി..
“ഇത് ലോക്ക് ആണ് ചേട്ടാ !”
അരുൺ ലോക്ക് തുറന്ന് അവനു നേരെ നീട്ടി,.
“ആഹാ, ചേച്ചീടേം പിള്ളേരുടേം ഫോട്ടോ ആണല്ലോ വാൾപേപ്പർ,.. ”
അരുൺ പുഞ്ചിരിക്കാൻ ശ്രമിച്ചു,.
” ഒന്ന് ചേർത്ത് പിടിച്ചാൽ തീരുന്ന പ്രശ്നമല്ലേ ഉണ്ടായിരുന്നുള്ളൂ, അതിന് വേണ്ടിയാണോ പോയി വെള്ളമടിച്ചത്,. എന്റെ അച്ഛനേ, ലിവർ സിറോസിസ് വന്നാ മരിച്ചത്,. ഫുൾ ടൈം വെള്ളമായിരുന്നു, അത്കൊണ്ട് സങ്കടം വരുമ്പോഴുള്ള ഈ വെള്ളമടി,. അതങ്ങ് ശീലമാക്കണ്ട, ഞാൻ ഇതൊന്നും തൊടാറില്ല എന്തോണ്ടാന്നറിയുവോ, ഞാനേ ഒരു അവയവദാന സമ്മത പത്രത്തിൽ ഒപ്പിട്ടിട്ടുണ്ട് !നാളെ നമ്മളങ്ങ് തട്ടിപ്പോയാലും മറ്റൊരാളുടെ ശരീരത്തിലൂടെയെങ്കിലും നമുക്ക് കുറച്ചു ജീവിക്കാം ഈ ഭൂമിയിൽ, ശരിക്കും പറഞ്ഞാൽ ഒരു രണ്ടാംജന്മം !”
അവൻ ചിരിച്ചുകൊണ്ടാണത് പറഞ്ഞത്, എങ്കിലും അതിനുള്ളിലെ ഗൗരവം അത്ര ചിരിച്ചുതള്ളേണ്ടതല്ല എന്ന് അരുണിന്റെ ഉപബോധമനസ്സിന് തോന്നി,.
“ഇതല്ലേ, നമ്പർ? ” അവൻ ചോദിച്ചു,. അരുൺ അതെയെന്ന് തലയാട്ടി,..
*****
“പറ മോളെ !”
“അറിയില്ല അമ്മാവാ,.. ”
ചന്ദ്രശേഖരൻ അവളെ അത്ഭുതത്തോടെ നോക്കി,.
“എനിക്ക് പോണം,.. അരുണേട്ടനെ തിരികെ കൊണ്ട് വരണം,. എന്റെ മക്കൾക്ക് വേണ്ടി, അല്ലെങ്കിൽ ഞാനവർക്ക് മുന്നിൽ ക്രൂരയും, സ്വാർത്ഥയുമായൊരമ്മയായി പോവും,. അവരുടെ ജീവിതത്തിന്റെ നല്ല നിമിഷങ്ങളെ ഇല്ലാതാക്കിയ തീർത്തും സാഡിസ്റ്റ് ആയൊരു സ്ത്രീ, അതെനിക്ക് താങ്ങാൻ പറ്റില്ലമ്മാവാ, എന്റെ മക്കളെന്നെ അകറ്റി നിർത്തുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലുമാവില്ല !” അവൾ ഗദ്ഗദത്തോടെ പറഞ്ഞു,.
“നീയെന്താ മോളെ ഇങ്ങനൊക്കെ ചിന്തിക്കണെ? ”
“പിന്നെങ്ങനാ അമ്മാവാ ഞാൻ ചിന്തിക്കേണ്ടത്? ഇന്നെന്റെ ആദിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? ഈ ജന്മം എനിക്ക് മനസമാധാനം കിട്ടുമായിരുന്നോ, അവളില്ലാതെ എനിക്ക് മുന്നോട്ടേക്ക് ജീവിക്കാൻ പറ്റുമോ? അപ്പു എന്നെ വെറുക്കില്ലേ, നിങ്ങളെല്ലാം എന്നെ വെറുക്കില്ലേ? ” സങ്കടത്തോടെയും അതിലുപരി ഭയത്തോടെയും അവൾ ചോദിച്ചു,.
“അങ്ങനൊന്നും ഇല്ല മോളേ,.. ദൈവം അനുഗ്രഹിച്ച് ആദി മോൾക്കും ഒന്നും സംഭവിച്ചില്ലല്ലോ !” അയാളവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു,..
“അങ്ങനല്ല അമ്മാവാ, അവളിന്ന് അനുഭവിക്കുന്ന ഓരോ തരിമ്പ് വേദനയുടെയും ഉത്തരവാദി ഞാനാ, ഞാൻ മാത്രം,.. ” അവളുടെ മിഴികൾ നിറഞ്ഞൊഴുകി,.
അപ്പോഴേക്കും ഋതികയുടെ ഫോൺ റിങ് ചെയ്തു,.. സ്‌ക്രീനിൽ അരുണിന്റെ ഫോട്ടോ തെളിഞ്ഞു,..
****
നിയയ്ക്ക് ശ്വാസം മുട്ടും പോലെ തോന്നി, ധന്യ, ആരുടേയും രക്തമൂറ്റിയെടുക്കാൻ പോലും മടി കാണിക്കാത്തവൾ, ഇവൾക്ക് വേണ്ടിയാണ്, ഇവളുടെ സ്വാർത്ഥതയ്ക്കും സന്തോഷത്തിനും വേണ്ടിയാണ് ധ്യാൻ തന്റെ ഫീലിംഗ്സ്നെയും ഇമോഷൻസിനേയുമെല്ലാം മുതലെടുത്തതും പിന്നീട് ചവിട്ടിയരച്ചതും,. ഓർക്കും തോറും അവളുടെ മനസ്സിൽ ധന്യയോടുള്ള വെറുപ്പ് നുരഞ്ഞുപൊന്തി,.
ഫസ്റ്റ് ഫ്ലോർ എത്തിയതും അഹാന്റെ കൈ പിടിച്ചു ധൃതിയിൽ നിയ ലിഫ്റ്റിൽ നിന്നുമിറങ്ങി…
“നിയേ,.. ” തൊട്ട് പുറകെ ഇറങ്ങിക്കൊണ്ട് ധന്യയും വിളിച്ചു,.. ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നിയ അഹാനെയും കൂട്ടി തിടുക്കപ്പെട്ടു നടന്നു,…
“ആരാ ആന്റി അത്,ആന്റീടെ പേര് വിളിക്കുന്നുണ്ടല്ലോ !”
“നീ തിരിഞ്ഞു നോക്കാതെ ഇങ്ങ് വരുന്നുണ്ടോ അപ്പു !” അവൾ ദേഷ്യത്തോടെ അവനെയും വലിച്ചു നടന്നു,.
എങ്കിലും അഹാൻ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി,.. തനിക്ക് നേരെ തന്നെയാണ് ആ നോട്ടവും, ചുണ്ടിലെ പുഞ്ചിരിയും, അഹാന്റെ ഉള്ളിലും ചെറിയൊരു പേടി നിറഞ്ഞു,.
“മരുന്ന് കിട്ടിയോ മോളെ? ” നിയയെ കണ്ടതും മാലിനി ചോദിച്ചു,..
നിയ മറുപടിയൊന്നും പറയാതെ അവരുടെ കയ്യിലേക്ക് മരുന്നും പ്രെസ്ക്രിപ്ഷനും നൽകി ബെഞ്ചിൽ, അമ്മയ്ക്കരികിൽ പോയി ഇരുന്നു,.
” എന്താ മോളെ പറ്റിയത്? ” നിയയുടെ ഭാവമാറ്റത്തിൽ ആധി തോന്നിയ ശാരദ അൽപ്പം ആശങ്കയോടെ തന്നെ ചോദിച്ചു,..
അപ്പോഴാണ് പരിചിതമായ ഒരു കാൽത്താളം അവളെത്തേടി എത്തിയത്,.
അഹാൻ മിഴികളുയർത്തി നോക്കി,. അതേ ലിഫ്റ്റിൽ വെച്ചുകണ്ട ആന്റി,. അവൾ പുഞ്ചിരിയോടെ തങ്ങൾക്ക് നേരെ നടന്നടുക്കുകയാണ്,..
ആ ശബ്ദം അടുത്ത് വരും തോറും നിയ പേടിയോടെ അമ്മയോട് കൂടുതൽ ചേർന്നിരുന്നു,.. മുൻപ് ധ്യാൻ തന്നെ ഉപദ്രവിക്കുമ്പോഴെല്ലാം, ഇതേ കാലടിശബ്ദം തന്റെ കാതുകളിൽ മുഴങ്ങാറുണ്ടായിരുന്നു,. നിയ കാതു പൊത്തിയിരുന്നു,..
. “എന്താ മോളെ? ” ശാരദ വീണ്ടും ചോദിച്ചു,..
“ധന്യ അല്ലേ അത്? ” മാലിനി ചോദിച്ചു,..
******
“ഫോണും സ്വിച്ച്ഓഫ് ചെയ്ത് നിങ്ങൾ എവിടെപ്പോയികിടക്കാ അരുണേട്ടാ,. ഞാനെത്ര വിളിച്ചൂന്നറിയോ? മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിച്ച് കൊല്ലാക്കൊല ചെയ്‌തോളാന്ന് നിങ്ങള് വല്ല നേർച്ചയും നേർന്നിട്ടുണ്ടോ? ” അവളിലെ ദേഷ്യവും, സങ്കടവും, സ്നേഹവുമെല്ലാം ഒറ്റയടിക്ക് പുറത്തേക്ക് പ്രവഹിക്കുകയായിരുന്നു,..
അവൻ ഫോൺ സ്പീക്കറിൽ ഇട്ട് അരുണിന്റെ നേരെ നീട്ടിപ്പിടിച്ചു,..
“എന്താ മനുഷ്യാ നിങ്ങളൊന്നും മിണ്ടാത്തത്,. ചോദിച്ചത് കേട്ടില്ലേ എവിടെയാണെന്ന്? ” അവളുടെ ശബ്ദത്തിന് ചൂടേറി,..
“ചേച്ചി ഞാൻ അരുൺ ചേട്ടനല്ല, എന്റെ പേര് സജിത്ത് എന്നാ,. ”
ഋതികയുടെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി,..
*******
“അപ്പു,.. ” നിയ അഹാന് വേണ്ടി പരതി,.
“അരുണിന്റെ മോനാണല്ലേ, അതേ മുഖച്ഛായ !” ധന്യ അവന്റെ മുഖത്ത് തഴുകിക്കൊണ്ട് ചോദിച്ചു,.
“മ്മ് !” അവൻ മൂളി,..
അവളുടെ കണ്ണുകളിൽ വാത്സല്യം നിറഞ്ഞു..
നിയ എഴുന്നേറ്റ് വന്ന് അഹാനെ അവളിൽ നിന്നും പിടിച്ചു മാറ്റി,..
“നിങ്ങളെന്താ ഇവിടെ? ഞങ്ങളെ ആരേം മനസമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ലെന്നും തീരുമാനിച്ച് കച്ചകെട്ടി ഇറങ്ങീതാണോ? ”
“നിയേ ഞാൻ അങ്ങനൊന്നും,.. മോനെ കണ്ടപ്പോൾ വന്നു അത്രേ ഉള്ളൂ !”
“ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവളാ ഞാൻ,. എന്റെ കുഞ്ഞിനെ എന്തെങ്കിലും ചെയ്താൽ മുന്നും പിന്നും നോക്കാതെ കൊന്നിരിക്കും ഞാൻ !” നിയ അവനെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു,.
നിയയുടെ ഇത്തരത്തിലൊരു രൂപം അഹാൻ ഇതുവരെ കണ്ടിട്ടില്ലായിരുന്നു,. ഒരു ഉറുമ്പിനെ പോലും ദ്രോഹിക്കരുത് എന്ന് പറഞ്ഞു പഠിപ്പിച്ച ആന്റിയാണിപ്പോൾ ഒരാളെ കൊല്ലുമെന്ന് പറയുന്നത്,.. അവന് ആദ്യമായി നിയയോട് പേടി തോന്നി,..
“എന്തൊക്കെയാ മോളേ നീയീ പറയണേ? ” ശാരദ അവളെ സമാധാനിപ്പിക്കാൻ ആവത് നോക്കി,
“ഇവര് കാരണവാ അമ്മേ, എനിക്കെന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടത്,. ഇവർക്ക് വേണ്ടിയാ ധ്യനെന്നെ !” അവൾ പൊട്ടിക്കരഞ്ഞു,..
ധന്യയും നിറമിഴികൾ തുടച്ചു,..
“ആരെക്കാണിക്കാനാടി നിന്റെ ഈ കള്ളക്കണ്ണുനീർ,. ഇനി ഇവിടെ ആരും നിന്റെ ഈ കണ്ണീരിലും, ചിരിയിലും ഒന്നും മയങ്ങിവീഴില്ല, നിന്റെ പുഞ്ചിരിക്കുന്ന മുഖപടത്തിനടിയിലെ രക്തരക്ഷസിനെ എല്ലാവരും തിരിച്ചറിഞ്ഞതാ !” നിയ വീണ്ടും പൊട്ടിത്തെറിച്ചു,..
“മോളേ !”അവളെ അടക്കി നിർത്താൻ ശാരദ പാട് പെട്ടു,..
“അവള് പറഞ്ഞോട്ടെ ആന്റി,. അവൾക്കതിനുള്ള അവകാശമുണ്ട്, ഞാനും ധ്യാനും ആണ് അവളുടെ ജീവിതം തകർത്തത്,.. അതിനുള്ള ശിക്ഷ ഇപ്പോഴും ഞങ്ങൾ അനുഭവിച്ചോണ്ടിരിക്കുവാ,. കേൾക്കാൻ ഞാൻ അർഹതപ്പെട്ടവൾ തന്നെയാ !” ധന്യ പൊട്ടിക്കരഞ്ഞു,..
“വിശ്വസിക്കരുതമ്മേ, ഇതിലൊന്നും വീഴരുത്,. ഇതിന് മുൻപും ഇവളും, ഇവളുടെ വീട്ടുകാരുമെല്ലാം എന്റെ മുന്നിൽ ഇതുപോലെ കരഞ്ഞു കാണിച്ചിട്ടുണ്ട്,.. ഞാൻ മണ്ടി, അതൊക്കെ വിശ്വസിച്ചു വീണ്ടും ഇവർക്കൊപ്പം പോയി,.. പക്ഷേ അതെന്റെ കുഞ്ഞിന് വേണ്ടിയുള്ള കെണി ആയിരുന്നു,. ഇനി അപ്പൂനെ കൂടി നിന്റെ കെണിയിൽ അകപ്പെടുത്താൻ ഞാൻ സമ്മതിക്കില്ല ! അങ്ങനെ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ ഞാൻ നേരത്തെ പറഞ്ഞല്ലോ കൊല്ലുമെന്ന്,.. കൊല്ലും ഞാൻ !” നിയയുടെ കണ്ണുകളിൽ പകയെരിഞ്ഞു,.
“കൊന്നു കളഞ്ഞേക്ക് നിയേ, എന്നെ മാത്രമല്ല, ധ്യാനിനെക്കൂടി,.. അവന്റെ നരകിച്ചുള്ള ജീവിതം കണ്ട് കണ്ട് മടുത്തു,. നിന്റെ കൈകൾ കൊണ്ട് മരിക്കുന്നത് തന്നെയാ ഞങ്ങളുടെ ശാപമോക്ഷം !” ധന്യ വേദനയോടെ പറഞ്ഞു,…
“എന്താ പറഞ്ഞേ? ” നിയ അമ്പരപ്പോടെ ചോദിച്ചു,..
*********
“എന്റെ അരുണേട്ടന്, അരുണേട്ടനെന്താ പറ്റിയേ? ” അവൾ കരയുമെന്നായിരുന്നു,..
“അയ്യോ ഒന്നും പറ്റീല്ല, ചേച്ചി, ആശാനിപ്പോ ഇവിടെ കുടിച്ച് ബോധമില്ലാത്ത ഒരവസ്ഥയിലാ ഉള്ളത് !”
“കുടിച്ചെന്നോ? ” അവൾഞെട്ടലോടെ ചോദിച്ചു,.
“ആ,.. ഞങ്ങളിപ്പോ ഈ മെഡി കെയർ ഹോസ്പിറ്റലിൽ ഉണ്ട്, ചേച്ചി എവിടെയാ ഉള്ളതെന്ന് വെച്ചാൽ ഞാൻ അങ്ങോട്ടേക്ക് കൊണ്ട് വരാം !”
“ഹോസ്പിറ്റലിൽ എവിടെ? ” അവൾ ചോദിച്ചു,..
“ദാ ഇവിടെ ഗാർഡന്റെ അടുത്ത്,. ”
“ഞാനങ്ങോട്ടേക്ക് വരാം !” അവൾ ഫോൺ കട്ട് ചെയ്തു,…
“എന്താ മോളേ? ആര് കുടിച്ചെന്നാ പറഞ്ഞത്?”
“അരുണേട്ടൻ,..”
“ഇതൊന്നും അവന് പതിവില്ലാത്തതാണല്ലോ !”
“പതിവാക്കാൻ വല്ല ഉദ്ദേശവും ഉണ്ടോന്ന് ചോദിക്കണല്ലോ, ഞാൻ പോയി നോക്കട്ടെ, എന്താ അവസ്ഥയെന്ന് !” അവൾ രണ്ടും കല്പ്പിച്ചു ഗാർഡൻ ലക്ഷ്യമാക്കി നടന്നു,..
*****
ഐസോലേഷൻ വാർഡിലെ സെല്ലിനുള്ളിൽ കണ്ട മെല്ലിച്ച രൂപം ധ്യാനിന്റേത് തന്നെയാണെന്ന് വിശ്വസിക്കാൻ നിയയ്ക്ക് പ്രയാസം തോന്നി, ഒരു ഭ്രാന്തനെപ്പോലെയാണ് അവൻ തനിക്ക് നേരെ പാഞ്ഞു വന്നത്, പിയപ്പെട്ട കളിപ്പാട്ടമെന്തോ കണ്ട കൊച്ചു കുഞ്ഞിനെപ്പോലെ തനിക്ക് വേണ്ടിയവൻ വാശി പിടിച്ചുകൊണ്ടേയിരുന്നു,.
എച് ഐ വി പോസിറ്റീവ് ആണത്രേ, പുതിയ ഭാര്യ ഏതോ ഒരുത്തന്റെ കൂടെ ഓടിപ്പോയപ്പോൾ അവളോടുള്ള വാശിക്ക് ജീവിതം അടിച്ചുപൊളിക്കാൻ ഗോവൻ കടൽത്തീരങ്ങളിലൂടെ പാറിപ്പറന്ന് നടന്നതിന് കിട്ടിയ സമ്മാനം,. ഒടുവിൽ കാലം ശിക്ഷ വിധിച്ചുകൊണ്ടിരിക്കുന്നു, ഇനിയൊരു പെണ്ണിന്റെ ജീവിതവും അവനാൽ നശിപ്പിക്കപ്പെടില്ല, ജനിക്കാതെ പോയ ഒരു കുഞ്ഞിന്റെ ശാപമാണവനെ വർഷങ്ങളായിട്ട് നരകിപ്പിക്കുന്നത്,. മരണം വരെ അവൻ അനുഭവിക്കട്ടെ, ആർക്കും വേണ്ടാത്തവനെപ്പോലെ പുഴുവരിച്ച് നീ മരിക്കട്ടെ ധ്യാൻ,.. ഇത് നീ പ്രണയിച്ചു വഞ്ചിച്ച ഒരു പെണ്ണിന്റെ ശാപമല്ല,. കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മയുടെ ശാപമാണ്,…
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഇറ്റു വീണു,.. ആകാശത്ത് നിന്നും എന്നും തന്നെ നോക്കി കണ്ണ് ചിമ്മാറുള്ള ആ കുഞ്ഞുനക്ഷത്രത്തിന് ഇന്ന് പതിവിലുമേറെ തിളക്കം കൂടിയത് പോലെ നിയക്ക് തോന്നി, സ്വയമറിയാതെ അവളുടെ കൈകൾ തന്റെ ഉടലിനോട് ചേർന്നു,..
“നീ തിരിച്ചു വരണം,.. ഇനിയും അമ്മയുടെ ഉദരത്തിൽ നീ ജന്മമെടുക്കണം, എന്നിട്ട് എന്റെയും, നിന്റെയും മാത്രം ലോകത്ത് നമുക്കൊരുമിച്ച് ജീവിക്കണം !”
-*******
“അരുൺ ചേട്ടാ,. അതല്ലേ ചേച്ചി? ”
ഒരു സുനാമിയടിക്കാനുള്ള എല്ലാ സാധ്യതയും അവിടെ ഉള്ളതായി അരുണിന് തോന്നി,..
“ഹായ് ചേച്ചി,. ഞാനാ സജിത്ത് !” അവൻ സ്വയം പരിചയപ്പെടുത്തി,..
“ഒരു മിനിറ്റ് മോനെ,”
മാറി നിൽക്കുന്നതാവും നല്ലതെന്ന് സജിത്തിനും തോന്നി,.
” എന്താ, എന്താ നിങ്ങടെ നിങ്ങടെ ഉദ്ദേശം? ”
അരുൺ മിണ്ടിയില്ല,
“നിങ്ങടെ മോളവിടെ സുഖമില്ലാതെ കിടക്കുവാണെന്നുള്ള വല്ല ബോധവും ഉണ്ടോ നിങ്ങക്ക്, കുടിച്ചിട്ട് വന്നേക്കുന്നു,. നിങ്ങളേം കൂട്ടിക്കൊണ്ട് വരാന്നും പറഞ്ഞു ഞാൻ പോന്നതാ അവിടന്ന്, ഈ കോലത്തിൽ എങ്ങനാ, എങ്ങനാ ഞാൻ നിങ്ങളെ അവളുടെ മുന്നിലേക്ക് കൊണ്ട് പോവുക? ” അവൾക്ക് നല്ല ദേഷ്യം വന്നു,..
“ആദിക്ക്, ബോധം വന്നോ ഋതു? ” അവൻ ചോദിച്ചു,.
” ഹോ ഇപ്പോഴെങ്കിലും ചോദിക്കാൻ തോന്നിയല്ലോ,. ”
“ഋതു ഞാനപ്പോ !” അവന് ശരീരം തളരും പോലെ തോന്നി,.
“മിണ്ടരുത്,.. ഒരക്ഷരം മിണ്ടിപ്പോവരുത്, ഹോസ്പിറ്റൽ പരിസരം ആയിപ്പോയി, അല്ലെങ്കിൽ ഞാനൊന്നങ്ങ് വെച്ച് തന്നേനെ !” അവൾ കയ്യോങ്ങി,..
അപ്പോഴാണ് ഗാർഡനോടടുത്ത് ടാപ്പുമായി ആയി ബന്ധിപ്പിച്ചിരിക്കുന്ന ചെടി നനയ്ക്കുന്ന ഓസ് അവളുടെ ശ്രദ്ധയിൽ പെട്ടത്,..
“ആ, നിങ്ങൾക്ക് ബോധം വരുത്താവോ എന്ന് ഞാനൊന്ന് നോക്കട്ടെ !”
ഋതിക പോയി ടാപ് ഓൺ ചെയ്ത് ഓസ് അവന് നേരെ ഓസ് നീട്ടിപ്പിടിച്ചു,..
“വേണ്ട ഋതു !” അരുൺ അപകടം മണത്തു, അവിടന്ന് എണീക്കാനുള്ള സാവകാശം കിട്ടും മുൻപേ അരുൺ മൊത്തം നനഞ്ഞിരുന്നു,..
“ഋതു നീ എന്താ ഈ ചെയ്യണേ? ” ചന്ദ്രശേഖരൻ ഓടി വന്നു,..
“ചെറിയ കുഞ്ഞല്ലേ അമ്മാവാ ഒന്ന് കുളിപ്പിച്ചിട്ട് അകത്ത് കേറ്റാന്ന് കരുതി,. അത്രേയുള്ളൂ !”
*****
പിറ്റേന്ന് രാവിലെയാണ് അരുൺ കണ്ണ് തുറന്നത്,. തല പൊട്ടിപ്പോകും പോലെ,. താനിതെവിടെയാ,. സെറ്റപ്പ് കണ്ടിട്ട് ഒരു ഹോസ്പിറ്റൽ മുറി ആണെന്ന് അവന് വ്യക്തമായി, ആദി, തന്റെ മോള്, അവൾക്ക്,..
അവൻ കട്ടിലിൽ നിന്നും പിടഞ്ഞെഴുന്നേറ്റു,.
“ആ ചേട്ടൻ എഴുന്നേറ്റൊ ? ” പുറത്ത് നിന്ന് പത്രം വായിച്ചുകൊണ്ടിരുന്ന സജിത്ത് അകത്തേക്ക് വന്നു,..
അരുൺ അവനെ മനസിലാവാത്തപോലെ നോക്കി,.
“ഞാൻ ആരാണെന്നാണോ? എന്റെ പേര് സജിത്ത്, ഇവിടെ അടുത്ത് തന്നെയാ വീട്, ഇൻഡസ്ട്രിയൽ വർക്കാ ! ഇന്നലെ നമ്മള് പരിചയപ്പെട്ടിരുന്നു, ഓർമയില്ലേ? ”
“എങ്ങനെ ഓർക്കാനാ, ഇന്നലെ വല്ല ബോധവും ഉണ്ടായിരുന്നെങ്കിലല്ലേ ഓർമ കാണൂ !”
അശോകൻ റൂമിലേക്ക് കേറി വന്നു,.
എന്താ സംഭവിച്ചതെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല, സജിത്ത്, മഴ,..
“മഴ,… ” അവൻ പറഞ്ഞു,..
” ഹാ അപ്പോൾ ചേച്ചിയിന്നലെ തലേൽ വെള്ളമൊഴിച്ചത് മാത്രം ഓർമയുണ്ട്, ” അവൻ ചിരിച്ചുകൊണ്ടത് പറഞ്ഞപ്പോൾ അശോകനും കൂടെ ചിരിച്ചു,..
ചേച്ചി വെള്ളമൊഴിച്ചെന്നോ, ഏത് ചേച്ചി,. എപ്പോ,..
“പോയി കുളിച്ചിട്ട് വാടാ,. ഇന്നലത്തെ കെട്ടൊന്ന് ശരിക്കും വിടട്ടെ !”
അന്തം വിട്ടിരിക്കുന്ന അവന്റെ മടിയിലേക്ക് ഇടാനുള്ള ഡ്രസ്സ് എറിഞ്ഞു കൊടുത്തുകൊണ്ട് അശോകൻ പറഞ്ഞു,..
” ആദിയെ ഇന്ന് വെളുപ്പിനെ റൂമിലേക്ക് മാറ്റി,. നിന്നെത്തന്നെയാ ഇന്നലെ മുതൽ ചോദിക്കുന്നത് !”
ആദി, അവന്റെ ഹൃദയം തുടിച്ചു,.
“എന്നിട്ടെന്താ അച്ഛാ എന്നോട് പറയാഞ്ഞത്? ”
അവൻ എഴുന്നേറ്റ് പുറത്തേക്ക് പോവാനായി തുനിഞ്ഞതും അശോകൻ തടഞ്ഞു,.
“എങ്ങോട്ടാ? ”
“മോളേ കാണാൻ !”
“അതാ പറഞ്ഞേ കുളിച്ചിട്ട് പോയാൽ മതീന്ന്, പാവം ആദി അറിയണ്ട, അവളിന്നലെ കാണാനാഗ്രഹിച്ച അച്ഛൻ അവളെക്കുറിച്ച് ഒന്നോർക്കുക പോലും ചെയ്യാതെ കണ്ട ബിവറേജിൽ ഒക്കെ കേറി നിരങ്ങുകയായിരുന്നെന്ന് !” അതും പറഞ്ഞയാൾ പുറത്തേക്ക് പോയി,..
ആദിയെ, തന്റെ മകളെ താൻ മറന്നെന്നോ, എന്താ തനിക്ക് സംഭവിച്ചത്? ഇന്നേവരെ അച്ഛൻ കുടിച്ചിട്ട് വീട്ടിൽ വരുന്നത് താൻ കണ്ടിട്ടില്ല, ആ അച്ഛൻ പോലും ചെയ്യാത്ത കാര്യമാണ് ഇന്നലെ ഒരു ദിവസം ദിവസം കൊണ്ട് താൻ ചെയ്തു കൂട്ടിയത്,. അവന് വല്ലാത്ത കുറ്റബോധം തോന്നി,..
*****
“അച്ഛ ഇന്നലെ എവിടെപ്പോയതായിരുന്നു? ” അവനെ കണ്ടതേ ആദ്വിക ചോദിച്ചു !
അരുൺ എന്ത് പറയുമെന്നറിയാതെ അവളെ നോക്കി,..
“പറ അച്ഛേ എവിടെയാരുന്നു? ”
“അത് പിന്നെ മോളെ,. അച്ഛൻ,. ” അവൻ വാക്കുകൾക്കായി പരതി,..
” ആദി നീ മരുന്ന് കഴിച്ചോ? ” വിഷയം മാറ്റാനായി ഋതിക ചോദിച്ചു,.
അരുണിന് അവളുടെ മുഖത്തേക്കൊന്ന് നോക്കാൻ കൂടിയുള്ള ധൈര്യം കിട്ടിയില്ല,..
“അതൊക്കെ കഴിച്ചു,.. പറ അച്ഛേ ഇന്നലെ മോളെ കാണാൻ എന്താ വരാഞ്ഞേ? ” ആദി വീണ്ടും അരുണിന് നേരെ തിരിഞ്ഞു,.
“അത് ഇന്നലെ നിന്റെ അച്ഛന് വല്ലാതെ പനിക്കോളുണ്ടായിരുന്നു, പനിയുള്ളവർ ഐ സി യൂ വിൽ കേറിയാൽ, അവിടുള്ള രോഗികൾക്ക് ഇൻഫെക്ഷൻ വരൂല്ലേ? അതോണ്ടാ ഇന്നലെ അച്ഛൻ വരാഞ്ഞത്, അല്ലേ അച്ഛാ? ” ഋതിക അരുണിനെ നോക്കി പരിഹാസത്തോടെ ചോദിച്ചു,..
തല്ക്കാലം സമ്മതിക്കുന്നതാണ് നല്ലത്, പറയാനാണെങ്കിൽ വേറൊരു ഉത്തരവും തന്റെ കയ്യിൽ ഇല്ലല്ലോ..
“അയ്യോ എന്നിട്ട് അച്ഛയ്ക്ക് പനി കുറഞ്ഞോ? ” അവൾ ഉത്കണ്ഠയോടെ ചോദിച്ചു,..
അരുൺ കുറ്റബോധത്താൽ ഉരുകുകയാണെന്ന് ഋതികയ്ക്ക് ഉറപ്പായിരുന്നു, ഋതിക അവനരികിലേക്ക് ചെന്നു, അവളുടെ സാമിപ്യമറിഞ്ഞതും അവന്റെ ഹൃദയമിടിപ്പിന്റെ ആഴം കൂടിക്കൂടി വന്നു, ഋതിക നെറുകിൽ കൈ വെച്ചു, നല്ല തണുപ്പുണ്ടായിരുന്നു അവളുടെ കൈകൾക്ക്, അതവന്റെ വെന്തുരുകുന്ന മനസിന് ആശ്വാസമേകി,.
“മ്മ്,. പനി വിട്ടു, ഇപ്പോൾ ചൂടൊന്നുമില്ല !” അവൾ ആദ്‌വികയേ നോക്കിപ്പറഞ്ഞു,.
എന്തിനാ ഋതു എന്നെ രക്ഷിക്കാനായി മോളോട് നീ കള്ളം പറഞ്ഞത്? അവന്റെ നിറകണ്ണുകൾ അവളോട് ചോദിച്ചു,.
പിന്നേ, അച്ഛൻ വെള്ളമടിച്ചു ബോധമില്ലാതെ കിടക്കുവായിരുന്നു എന്ന് വേണല്ലോ മോളോട് പറയാൻ,. അവളുടെ കണ്ണുകളും അവനോട് മന്ത്രിച്ചു,..
ഇതെല്ലാം കണ്ട് അത്ഭുത്തോടെ കിടക്കുകയാണ് ആദ്‌വിക, കാരണം ആദ്യമായിട്ടാണ് അമ്മ അച്ഛനോട് ഇത്രയും അടുപ്പം കാണിക്കുന്നതവൾ കാണുന്നത്,..
“അയാം സോറി ഋതു !” അവനവളുടെ കൈകളിൽ പിടിച്ചു,.
“അന്നേരത്തെ എന്റെ സിറ്റുവേഷനിൽ, ഞാൻ, പറ്റിപ്പോയി !” അവനവളെ കെട്ടിപ്പിടിച്ചു കരഞ്ഞു,.. ഋതിക അത്ര പ്രതീക്ഷിച്ചിരുന്നില്ല, ആദ്വികയും,..
“അരുണേട്ടാ എന്താ ഈ കാണിക്കുന്നേ? ”
“അയാം സോറി ഋതു,. ” ദുഖത്താൽ അവന്റെ വാക്കുകൾ ഇടറി,..
ഋതിക എന്ത് ചെയ്യുമെന്നറിയാതെ ആദ്വികയെ നോക്കി, അവൾ അപ്പോൾ തന്നെ കണ്ണുകളടച്ചു കിടന്നു,.. ആ ബെസ്റ്റ് അച്ഛന്റെ മോള് തന്നെ,. അതേ സ്വഭാവം,. അവൾ മനസ്സിൽ പറഞ്ഞു,.. അവന്റെ കുറ്റിത്താടി അവളുടെ ശരീരത്തെ ഇക്കിളിപ്പെടുത്തി,..
“ശ്ശേ വിടന്നെ, എനിക്ക് ഇക്കിളിയാവുന്നു,.. ” ഋതിക പറഞ്ഞു,.. അവൻ പതിയെ അവളുടെ ഉടലിൽ നിന്നും മുഖമയച്ചു,..
ഋതികയ്ക്ക് ചിരി വന്നു,..
“എന്താ ചിരിക്കണേ? ” അവൻ ഗൗരവത്തോടെ ചോദിച്ചു,..
“ഒന്നൂല്ല,. ”
“യൂ നോ അയാം സീരിയസ് !”
“ശരിക്കും? ”
“നിന്റെ തല !” അവൻ പുറത്തേക്കിറങ്ങിപ്പോവാൻ നോക്കിയതും അവളവന്റെ കൈ പിടിച്ചു,..
“ഇപ്പോൾ അരുണേട്ടനെന്താ വേണ്ടേ , എന്നെ കെട്ടിപ്പിടിച്ചു കരയണം അത്രയല്ലേ ഉള്ളൂ, വഴി ഉണ്ടാക്കാം !” ഋതിക പോയി വാതിലടച്ചു,..
ആദ്വിക ഇടയ്ക്ക് കണ്ണ് തുറന്നു നോക്കി,..
“നിനക്ക് സുഖമില്ലാത്തതല്ലേ, കണ്ണടച്ച് നേരത്തെ കിടന്നപോലെ തന്നങ്ങ് കിടന്നോ !
“കഷ്ടമുണ്ട്ട്ടോ !” ആദ്വിക പിണക്കത്തോടെ കണ്ണുകൾ ഇറുക്കിയടച്ചു കിടന്നു,..
തുടരും
ആരും എന്നെ പൊങ്കാല ഇടരുത്, മൊത്തം അപ്‌ലോഡ് ആവണില്ല, അതുകൊണ്ട് കട്ട് ചെയ്യാതെ വേറെ വഴിയില്ല, മനപ്പൂർവം വലിച്ചു നീട്ടണതല്ലട്ടോ, ക്ലൈമാക്സ് നാളെ ഉറപ്പായും ഇടും
ഇതുവരെ എഴുതിയതിന്റെ അഭിപ്രായം അറിയിക്കുമല്ലോ,…
അനുശ്രീ ചന്ദ്രൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ക്ലൈമാക്സ് എവിടെ?
Climax evide? Wait cheythu maduthu