Skip to content

ഈ തണലിൽ ഇത്തിരി നേരം – 38

ee-thanalil-ithiri-neram

ഋതിക സ്റ്റെപ് ഇറങ്ങി വന്നപ്പോഴേക്കും , അഹാൻ ഹാളിലേക്ക് ഓടിക്കേറി വന്നു.
അവൻ നന്നായി പേടിച്ചിട്ടുണ്ടെന്ന് ഋതികയ്ക്ക് തോന്നി,..

“എന്താ അപ്പു, നീയെന്തിനാ കരഞ്ഞത്? ” അവൾ ആശങ്കയോടെ ചോദിച്ചു,..

“അമ്മേ ആദി,… ” അവൻ വിറയലോടെ പറഞ്ഞു,..

“ആദിക്ക് എന്ത് പറ്റി ? ”

അവൻ ഭീതിയോടെ മുറ്റത്തേക്ക് കൈ ചൂണ്ടി ! ഋതിക അവിടേക്ക് നോക്കി,. അകത്തു നിന്നും അവൾക്കൊന്നും തന്നെ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല,..

“എന്താ മോളേ, എന്തിനാ ഇവൻ കരഞ്ഞത്? ” മാലിനിയും ചോദിച്ചു,..

“ആ അറിയില്ല അമ്മായി ഞാനൊന്ന് നോക്കട്ടെ !”

“ആദി മുറ്റത്ത് പേരമരത്തേൽ ചാരി വെച്ച എണീന്ന് കാല് തെറ്റി താഴേക്ക് വീണു മാലുമ്മേ !” അവൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു,..

ഋതിക ഞെട്ടലോടെ അവനെ നോക്കി,… പിന്നെ ആദി എന്നുറക്കെ വിളിച്ചു കൊണ്ട് പുറത്തേക്കോടി,…

*********

ആദ്വിക നിലത്ത് വീണ് കിടക്കുകയാണ്,

ഒരു നിമിഷത്തേക്ക് തന്റെ ഹൃദയം പോലും സ്തംഭിച്ചു പോകും പോലെ ഋതികയ്ക്ക് തോന്നി,..

“അമ്മായി,… ” അവൾ ഒന്നേ വിളിച്ചോളൂ,…

*****

അരുൺ ഹോസ്പിറ്റലിന്റെ പടികൾ ഓടിക്കയറി…

“ഇപ്പോൾ ആക്‌സിഡന്റ് ആയി കൊണ്ടോന്ന ആദ്വിക അരുൺ? ” അവൻ എൻക്വയറിയിൽ ചോദിച്ചു,.

“എക്സ്ക്യൂസ്‌ മീ സാർ? ” അവർ മനസിലാകാത്തപോലെ അവനെ നോക്കി,..

“ആദ്വിക അരുൺ, 7 ഇയേഴ്സ് ഓൾഡ് !” അവൻ അക്ഷമയോടെ പറഞ്ഞു,..

“ക്യാഷ്വാലിറ്റിയിലാ !”

കേട്ടപാതി കേൾക്കാത്തപാതി കാഷ്വാലിറ്റി ലക്ഷ്യമാക്കി അവനോടി,..

****

ഋതികയെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ മാലിനി ഇരുന്നു,.. അഹാനും അവളുടെ ചുമലിൽ ചാരിയിരുന്ന് തേങ്ങിത്തേങ്ങി കരയുകയാണ്,…

അപ്പോഴാണ് മാലിനിയുടെ ഫോണിലേക്ക് ഒരു കോൾ വന്നത്,..

“ആ ചന്ദ്രേട്ടാ,.. നിങ്ങളിത് എവിടെയാ? ” അവർ ഋതികയെ ഒന്ന് നോക്കി കുറച്ചു ദൂരേക്ക് മാറി നിന്നു,…

ഋതിക വന്നത് മുതൽ നിലത്തേക്ക് ദൃഷ്ടിയൂന്നി ഒരേ ഇരുപ്പാണ്,. ചുറ്റുമുള്ള കാര്യങ്ങളൊന്നും അവളെ സ്പർശിക്കുന്നേ ഇല്ലെന്ന് അവന് തോന്നി,..

അരുണിനെ കണ്ടതും അച്ഛേ എന്നുറക്കെ വിളിച്ചു കരഞ്ഞുകൊണ്ട് അഹാൻ അവൽക്കരികിൽ നിന്നും അവന്റെ അരികിലേക്ക് ഓടിച്ചെന്നു,…

ഋതികയുടെ ഫോണിൽ നിന്നും ആദിയുടെ ആക്‌സിഡന്റ്കാര്യം തന്നെ വിളിച്ചു പറഞ്ഞത് അപ്പുവാണ്,…

“അച്ഛേ ആദിക്ക്,.. ആദി എണീന്റെ പുറത്ത്ന്ന് വീണച്ഛേ, !” അവൻ കണ്ണീരോടെയും അതിലുപരി ഭീതിയുടെയും വിക്കിവിക്കിപ്പറഞ്ഞു,..

അരുൺ അമ്പരപ്പോടെ അവനെ നോക്കി,..

“ഒത്തിരി ചോര വന്നു അച്ഛേ,.. അതിനുള്ളിലാ ഇപ്പോൾ ആദി !” അവൻ ഐ സി യൂ വിന് നേരെ വിരൽ ചൂണ്ടി,..

അവന്റെ ഹൃദയം ഭയത്താൽ പെരുമ്പറ മുഴക്കി,..

അവൻ ഋതികയെ നോക്കി, അവളുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ പോലും പൊഴിയുന്നില്ല,. അവളുടെ ശ്രദ്ധ നിലത്തുള്ള മറ്റെന്തിലോ ആണ്..ഫോൺ വിളിച്ചു തിരികെ എത്തിയ മാലിനി അഹാനെ കാണാതെ പരിഭ്രമിച്ചു,..

“ഋതു മോനെവിടെ? ” അവർ അവളെ തട്ടി വിളിച്ചപ്പോഴാണ് അവൾക്ക് സ്വബോധം വന്നത്,..

“അപ്പു,..അപ്പു എവിടെ? ” അവൾ ചുറ്റും നോക്കി,…

അപ്പോഴാണ് ഇരുവരും അരുണിന്റെ അടുത്ത് നിൽക്കുന്ന അഹാനെ കാണുന്നത്,..

അരുണിനെ കണ്ടതും ഋതികയുടെ ഉള്ളിൽ ഭയവും, സങ്കടവും, പ്രത്യാശയുമെല്ലാം ഒരുമിച്ച് നിറഞ്ഞു,

അരുണും കണ്ണെടുക്കാതെ അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു,…

അഹാൻ അരുണിന്റെ കൈ പിടിച്ച് അവൾക്കരികിലേക്ക് നടന്നു,..

അവളുടെ മിഴികൾ നിറഞ്ഞൊഴുകി,.

” അരുണേട്ടാ നമ്മുടെ മോള്,..” ഒരു പൊട്ടിക്കരച്ചിലോടെ അരികിലേക്ക് ഓടിച്ചെന്ന് അവളവനിൽ അഭയം തേടി,.. അവളുടെ ചുടുകണ്ണീർ അവന്റെ നെഞ്ചിലേക്ക് പടർന്നൊഴുകി, എങ്കിലും അതവനെയൊട്ടും പൊളിച്ചില്ല,. ഇപ്പോൾ തന്റെ മനസ്സിൽ പ്രണയമില്ല, മറിച്ച് ഒരുതരം നിർവികാരതയും , ഭയവും മാത്രം.

അവൻ ഭീതിയോടെ ഐ സി യൂ വിന് നേരെ നോക്കി,.. അവന്റെ ഹൃദയമിടിപ്പിന്റെ ആഴങ്ങൾ കൂടി വരുന്നത് അവൾക്ക് വ്യക്തമായി കേൾക്കാമായിരുന്നു,.. എങ്കിലും അടർന്നു പോരാൻ മടിക്കും പോലെ അവളവനോട് ചേർന്നു നിന്നു..

ഈ എട്ടുവർഷത്തിനിടയിൽ തന്റെ മനസ്സിൽ ഒരിക്കൽ പോലും അവനോട് ഇത്രമേൽ വിധേയത്വം തോന്നിയിട്ടില്ലെന്ന് അവളോർത്തു,. അതേ ഈ നെഞ്ചിന്റെ ചൂടിനോളം തനിക്കിപ്പോൾ ആശ്വാസം മറ്റൊന്നുമില്ല,.

അരുൺ പതിയെ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി,.. അവൻ തന്നെയൊന്ന് ആശ്വസിപ്പിക്കുന്നത് പോയിട്ട് തന്നെ ഒന്ന് നോക്കുന്നുകൂടിയില്ല,..

അവന്റെ കണ്ണുകളിൽ നിന്നും മിഴിനീർ തുള്ളികൾ അവളുടെ കവിൾത്തടങ്ങളിലേക്ക് ഇറ്റ് വീണു,.. അതിന്റെ ചൂടിൽ അവളൊന്ന് പൊള്ളിപ്പിടഞ്ഞു, കവിളിൽ മാത്രമല്ല അത് തന്റെ ശരീരത്തിലേക്കും വ്യാപിക്കുകയാണ്,.. അതേ കുറ്റബോധത്താൽ താൻ വെന്തുരുകുകയാണ്,..

അരുൺ അവളിൽ നിന്നും അകന്ന് മാലിനിയുടെ സമീപത്തേക്ക് ചെന്നു,.

“അരുണേട്ടാ,.. ” അവൾ വിളിച്ചു,. അവനത് കേട്ടത് പോലുമില്ല,..

അവനിലെ ആ മാറ്റം ഉൾക്കൊള്ളാൻ അവൾക്കെന്തൊ പ്രയാസം തോന്നി,..

മാലിനിയിലും ആ കാഴ്ചയെന്തോ നിരാശ പടർത്തി, ഒരുപക്ഷെ അവരും ആഗ്രഹിച്ചിരുന്നിരിക്കാം ഒരാശ്വാസവാക്കെങ്കിലും അവനവളോട് പറയുമെന്ന്,.

താനെന്താണീ ചെയ്തത്? എന്ത് പ്രതീക്ഷിച്ചാണ് താൻ അവന്റെ അരികിലേക്ക് ഓടിച്ചെന്നത്, എന്തിന് വേണ്ടിയാണ് താനവനെ കെട്ടിപ്പിടിച്ചു കരഞ്ഞത്,..എന്ത്‌കൊണ്ടാണ് അവന്റെ അവഗണന തന്നെ നോവിച്ചത്?

തന്റെ അപലത ഇന്ന് ഒരിക്കൽ കൂടി അവൻ തനിക്ക് ബോധ്യപ്പെടുത്തിത്തന്നിരിക്കുന്നു,. അതേ താൻ തളർന്നു പോവുകയാണ്,.

ഒരിറ്റ് ആശ്വാസം പകരാൻ, തനിക്ക് തണലേകാൻ അവനിന്ന് തന്റെ അരികിലില്ല, അഥവാ അടുത്തുണ്ടെങ്കിൽ പോലും അവനിലേക്കുള്ള തന്റെ ദൂരം അത് ഏറെയാണ്, അതുമല്ലെങ്കിൽ താനായിത്തന്നെ അവന്റെ ശിഖരങ്ങളെ വെട്ടിയൊടിച്ചു കളഞ്ഞിരിക്കുന്നു,..

അവൾ അഹാനെ നോക്കി, അവന്റെ കുഞ്ഞിക്കണ്ണുകൾ ഇത്രനേരവും ആകാംഷയടക്കാതെ തങ്ങളെത്തന്നെ നോക്കി നിൽക്കുകയായിരുന്നോ,. ആദിയെക്കുറിച്ച് മാത്രം ഓർത്തപ്പോൾ അപ്പുവിനെ താൻ മറന്നു പോയോ? ഇല്ല, രണ്ടു പേരും തന്റെ ജീവനാണ്, തന്റെ ജീവന്റെ അംശങ്ങൾ, ആദിയില്ലാതെ അപ്പുവിനോ, അപ്പുവില്ലാതെ ആദിക്കോ,. അവർ രണ്ടാളുമില്ലാതെ തനിക്കോ ഒരു ജീവിതമില്ല,..

ഇല്ല തളരാൻ പാടില്ല,.. ആദിക്ക് ഒന്നും സംഭവിക്കില്ല,.. നീ തളർന്നാൽ നിന്റെ അപ്പുവും തളരും,.അവന് വേണ്ടിയെങ്കിലും സ്ട്രോങ്ങ്‌ ആയി നീ നിന്നേ പറ്റൂ,..

സാരിത്തുമ്പിനാൽ മുഖം തുടച്ച് അവൾ അഹാനെ അരികിലേക്ക് വിളിച്ചു,..

അവൻ ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു,..

ഋതിക അവനെ കൈകളിൽ കോരിയെടുത്തു,..

“അപ്പു ഇങ്ങനെ കരയല്ലേ,.. ”

“എനിക്ക് പേടിയാവാ അമ്മേ !”

“അപ്പു പേടിക്കണ്ടാട്ടോ ആദിക്ക്, ഒന്നും വരൂല്ല… ” അപ്പുവിനെ സമാധാനിക്കാനാണ് പറഞ്ഞത് എങ്കിലും ആ വിശ്വാസം തനിക്ക് പകരുന്ന ആശ്വാസം അത്ര ചെറുതല്ല,.

“ആദിക്ക് ഒന്നും വരൂല്ല,.. ” അവൾ ഉരുവിട്ട് കൊണ്ടിരുന്നു,..

“എന്താ ആന്റി എന്റെ മോൾക്ക് പറ്റീത്? അവൻ മാലിനിയെ നോക്കി ചോദിച്ചു,..

“മോനേ അത്,.. ” അവർ വാക്കുകൾക്കായി പരതി,..

ആദിയുടെ അച്ഛനാണ് ചോദിക്കുന്നത്, തന്റെ മകൾക്കെന്താണ് പറ്റിയതെന്ന്,.. എന്താണ് താൻ പറയേണ്ടത്,. തങ്ങളുടെ അശ്രദ്ധയാണ് ഇതിനെല്ലാം കാരണമെന്നോ? മാലിനി ഋതികയെ നോക്കി,..

“പറ ആന്റി എന്താ പറ്റിയേന്ന് !” അവന്റെ ശബ്ദം ഉയർന്നു,..

ഋതിക ഞെട്ടലോടെ അവിടേക്ക് നോക്കി,.. അരുൺ വല്ലാത്തൊരു മാനസികാവസ്ഥയിലാണെന്ന് അവൾക്ക് തോന്നി, അന്ന് തന്നെ ആൽബി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ അവന്റെ കണ്ണുകളിൽ കണ്ട അതേ രൗദ്ര ഭാവം ഇന്നും,…

“അത് മോനെ ഞങ്ങള് റൂമിൽ സംസാരിച്ചോണ്ട് ഇരിക്കുകയായിരുന്നു, കുട്ട്യോള് മുറ്റത്ത് കളിക്ക്യാരുന്നു,.. അപ്പൂന്റെ കരച്ചില് കേട്ട് ഓടി ചെന്നപ്പോഴാ മോള് “മാലിനിയുടെ വാക്കുകൾ ഇടറി,…

“മോള് വീണു കിടക്കണത് കണ്ടത്, ” അവർ പറഞ്ഞു നിർത്തി,…

അരുൺ പിന്നൊന്നും മിണ്ടിയില്ല,. മൊത്തത്തിലൊരു നിശബ്ദത അവിടെ തളം കെട്ടി നിന്നു, .

അഹാൻ അവളുടെ നെഞ്ചോട് ചേർന്ന് തേങ്ങിക്കരഞ്ഞു,.. അമ്മയുടെ ശരീരത്തിന് ആദിയുടെ ചോരയുടെ മണമുണ്ട്,..അവന് മനം പുരട്ടും പോലെ തോന്നി,…

“എന്താ അപ്പു? ”

“അമ്മേടെ മേത്ത് ചോര !” അവൻ പേടിയോടെയും അറപ്പോടെയും പറഞ്ഞു,.. അവളും അപ്പോഴാണത് ശ്രദ്ധിക്കുന്നത്,..

******

“ആദി,… ” അവൾ അവളുടെ അരികിൽ കുത്തിയിരുന്നു, ..

അപ്പോഴേക്കും മാലിനിയും ഓടിയെത്തി !

“അയ്യോ എന്റെ കുഞ്ഞിനിതെന്താ പറ്റീത്? ” മാലിനി വേവലാതിയോടെ ചോദിച്ചു,,..

“ആദി കണ്ണ് തുറക്ക് മോളേ !” ഇല്ല അനക്കമില്ല,.. തലയിൽ നിന്നും ചോരച്ചാലുകൾ അവളുടെ നെറ്റിയിലേക്കും കവിളിലേക്കും ഒലിച്ചിറങ്ങി,.

തെല്ലൊരു പേടിയോടെ ഋതിക അവളുടെ നെഞ്ചിലേക്ക് മുഖമമർത്തി, നെഞ്ചിടിപ്പുണ്ട്,..

“അമ്മായി ഒരു തുണി താ !” മാലിനി തുണിയുമായി വന്നു,.

“അമ്മായി ഇതൊന്ന് കെട്ട് ഞാൻ വണ്ടിയിറക്കാം !”

“വണ്ടി ഏതെങ്കിലും വിളിച്ചാൽ പോരെ? ഈ അവസ്ഥയിൽ നീയെങ്ങനാ ഡ്രൈവ് ചെയ്യാ?”മുറിവ് കെട്ടുന്നതിനിടയിൽ അവർ ചോദിച്ചു,.

അഹാൻ അപ്പോഴേക്കും ഋതികയുടെ ഫോണും പേഴ്സും വണ്ടിയുടെ കീയും ആയി വന്നു,…

“ഐ ക്യാൻ ഡ്രൈവ് !”

അവൾ പോർച്ചിൽ നിന്നും വണ്ടി തിരിച്ചിട്ടു,..പിന്നെ ഇറങ്ങി വന്ന് അവളെ കോരിയെടുത്ത് മാലിനിയുടെ മടിയിലേക്ക് വെച്ചു കൊടുത്തു,.. അഹാൻ ഫ്രണ്ട് സീറ്റിൽ കേറി അവൾക്ക് നിർദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നു,.

പിന്നെ എന്ത് സംഭവിച്ചുവെന്നൊന്നും തനിക്ക് ഓർമയില്ല,.. മൊത്തത്തിൽ ഒരു മരവിപ്പായിരുന്നു,..

ഐ സി യൂവിന്റെ ചില്ലുവാതിലിനിടയിലൂടെ അവൻ കണ്ടു,.. വെന്റിലേറ്ററിൽ ഓക്സിജൻ മാസ്കും ധരിച്ചു കിടക്കുന്ന തന്റെ മകളെ,.. മുഖത്തെ ഓജസും തേജസും ഇപ്പോഴും പഴയത്പോലെ തന്നെ തെളിഞ്ഞു നിൽക്കുന്നു,. അവൻ വേദനയോടെ അവളെ നോക്കി നിന്നു,.

കുറച്ചു നേരം മുൻപ് ശ്രീമംഗലത്ത് കൊണ്ടാക്കുംവരെയും ചിരിച്ചു കളിച്ചു നടന്ന കുഞ്ഞാണ്,. പിന്നെ സംഭവിച്ചതെല്ലാം, അരുൺ വേദനയോടെ നിലത്തേക്കിരുന്നു,…
ആദിയുടെ ശരീരത്തിന്റെയും ചുംബനത്തിന്റെയും ചൂട് തന്നിൽ ഇപ്പോഴും ബാക്കിയുണ്ടെന്ന് അവന് തോന്നി,..

പോകാൻ നേരം അവൾ തന്നെ വിളിച്ചതാണ്,.. അന്നേരം ഋതികയോടുള്ള ദേഷ്യത്തിന് ആദിയെയും അപ്പുവിനെയും ഒന്ന് തിരിഞ്ഞു നോക്കാൻ കൂടി നിൽക്കാതെ താൻ ബൈക്ക് എടുത്ത് പോരുകയാണുണ്ടായത്, കുറ്റബോധത്താൽ അവൻ ഉരുകി,..

താൻ കാരണവാ തന്റെ മോൾക്കിങ്ങനെ, തന്റെ വാശി കാരണവാ, അച്ഛനെ ഒന്നുള്ളിലേക്ക് വിളിക്കുവോ എന്ന് മാത്രമല്ലേ അവൾ ചോദിച്ചോളൂ.. പക്ഷേ താനോ? അവളെ വഴക്ക് പറഞ്ഞു, ചൂടായി,. എന്തിന് തള്ളിപ്പറയുക പോലും ചെയ്തില്ലേ,..
വാശി കാണിക്കാതെ അരുണേട്ടനെ ഉള്ളിലേക്ക് വിളിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഇങ്ങനൊന്നുംസംഭവിക്കുമായിരുന്നില്ല, ആദിയും അപ്പുവും ഇപ്പോൾ സന്തോഷത്തോടെ തന്റെ കൂടെ ഉണ്ടായേനെ,. ആലോചിക്കുംതോറും അവൾക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി,.

“അമ്മ കരയാണോ? ” അഹാൻ ചോദിച്ചു,.. അവൾ പെട്ടന്ന് മിഴികൾ തുടച്ചു,..

“ഇല്ലല്ലോ ,. അമ്മ കരഞ്ഞില്ലല്ലോ !” അവളുടെ വാക്കുകൾ ഇടറി,..

“ആദിക്ക് ഒന്നും വരൂല്ല അമ്മേ,.. ഞാൻ പ്രാർത്ഥിക്കുന്നുണ്ട്,.. !” അവൻ നിഷ്കളങ്കതയോടെ പറഞ്ഞു,..

ഋതികയ്ക്ക് പിന്നെ ഒട്ടും പിടിച്ചുനിൽക്കാനായില്ല,. അവൾ അഹാനെ മാറോട് ചേർത്ത് പൊട്ടിക്കരഞ്ഞു,.
ഋതികയോട് ചേർന്നിരിക്കും തോറും, ചോരയൊലിച്ച് കിടന്ന ആദിയെ ആണ് അവനോർമ വന്നത്,..

“നീയിങ്ങനെ കരയല്ലേ മോളേ ” മാലിനി അവളുടെ ചുമലിൽ കൈ വെച്ചു,..

“എന്റെ മോള് അമ്മായി !”

“ഈശ്വരനോട് പ്രാർത്ഥിക്ക് കുട്ടി,. മനസ്സുരുകി പ്രാർത്ഥിക്ക്, നിങ്ങള് രണ്ടാളും ഇങ്ങനെ തളർന്നു പോയാൽ പിന്നെ അപ്പുവിന്റെ കാര്യമെന്താവും? ”

അവൾ അരുണിനെ നോക്കി,.. .
ഐ സി യൂ വിന്റെ വാതിൽക്കൽ അവൻ പടിഞ്ഞിരിക്കുകയാണ്, മുൻപെങ്ങും ഇത്ര തളർന്നു അവനെ താൻ കണ്ടിട്ടേ ഇല്ലെന്ന് അവളോർത്തു,..

“മോളങ്ങോട്ട് ചെന്നവനെ ഒന്നാശ്വസിപ്പിക്ക് !” മാലിനി പറഞ്ഞു,.

“അമ്മായി ഞാൻ? ”

“അവൻ കേറി വന്നപ്പോൾ, എന്റെ മോള് ദേഷ്യവും വാശിയുമൊക്കെ മറന്ന് അവനോട് ചേർന്ന് നിന്നതല്ലേ,. പിന്നെ ഇപ്പോഴെന്തിനാ മടിച്ചു നിക്കണേ? “അവർ ചോദിച്ചു,..

“എന്നോട് നല്ല ദേഷ്യാ അമ്മായി,.. “അവൾ പറഞ്ഞു,.

“നോക്ക് ഋതു,.. ഇങ്ങനൊരവസരത്തിൽ പരസ്പരം ആശ്വാസം പകരേണ്ടവരാ നിങ്ങൾ, അകന്ന് മാറി നിൽക്കേണ്ടവരല്ല,… ”

അവൾ മടിച്ചു നിന്നു,..

“ചെല്ല് ഋതു,.. അപ്പു മാലുമ്മേടെ അടുത്തേക്ക് വാ,.. അമ്മ അച്ഛന്റെ അടുത്തേക്ക് പോട്ടെ !”
ഒന്നും മിണ്ടാതെ ഋതികയുടെ മടിയിൽ നിന്നുമവൻ ഊർന്നിറങ്ങി മാലിനിക്കരികിൽ ഇരുന്നു,. വിറയ്ക്കുന്ന കാൽവെയ്പുകളോടെ ഋതിക അവനരികിലേക്ക് നടന്നു,…

******

“എന്താ പറഞ്ഞേ? ” ശാരദ അവിശ്വസനീയതയോടെ നിയയെ നോക്കി,..

“എന്നെയിപ്പോ മാലിനി ആന്റിയാ വിളിച്ചു പറഞ്ഞേ,..”നിയ വേവലാതിയോടെ പറഞ്ഞു,.

ശാരദ തന്റെ നെഞ്ചിൽ കൈ വെച്ചു,..

” ഏട്ടനും ഹോസ്പിറ്റലിൽ ഉണ്ടെന്നാ പറഞ്ഞേ !”

“അയ്യോ എന്റെ കുഞ്ഞ്,… ” ശാരദയുടെ കരച്ചിൽ കേട്ടാണ് അശോകൻ പടികളിറങ്ങി താഴേക്ക് വന്നത്,..

“എന്താ എന്താടോ താനിങ്ങനെ കരയണത്?” അയാൾ ആശങ്കയോടെ ചോദിച്ചു,…

ശാരദ പൊട്ടിക്കരഞ്ഞു,..

“ഞാൻ പറയാം അച്ഛാ !” നിയ മാലിനി തന്നോട് പറഞ്ഞ കാര്യങ്ങളെല്ലാം അച്ഛനെ അറിയിച്ചു,..

“എന്റെ കൃഷ്ണാ എന്തൊരു പരീക്ഷണാ ഇത് !” അയാൾ ദൈവത്തെ വിളിച്ചുപോയി,..

അത് കേട്ട് കൊണ്ടാണ് കരുണ വന്നത്,..

“ആ ഞാൻ പറഞ്ഞതല്ലേ, കൊച്ചുങ്ങളെ അങ്ങോട്ടേക്ക് വിടണ്ടാന്ന്,.. വല്ല്യ അദ്ധ്യാപികയൊക്കെയാ പക്ഷേ സ്വന്തം മക്കളെ നോക്കാൻ മാത്രം സമയമില്ല !” കരുണ അമർഷത്തോടെ പറഞ്ഞു,..

“കരുണേച്ചി ഒന്ന് മിണ്ടാതിരിക്കണുണ്ടോ, !” നിയയുടെ ശബ്ദമുയർന്നു,.

“ആ ഇനി എന്റെ വായടപ്പിച്ചോ, ഞാനും എന്റെ അമ്മായിയമ്മയും പറയണതൊക്കെ തെറ്റായിട്ടേ ഇവിടെ എല്ലാവർക്കും തോന്നൂ !”

“ആ അതേ, അങ്ങനെ തന്നെയാ തോന്നുന്നേ, എപ്പോ നോക്കിയാലും ഏടത്തീടെ കുറ്റവും പറഞ്ഞു നടന്നോളും !” കരുണയുടെ സ്വഭാവത്തോടുള്ള അനിഷ്ടം നിയ പ്രകടിപ്പിക്കുക തന്നെ ചെയ്തു,.

“ഓ ഉള്ളത് തന്നെയല്ലേ പറയുന്നത്, അവള് വല്ല്യ വിശുദ്ധയാണല്ലോ,. എടീ പെണ്ണുങ്ങളായാൽ അത്രയ്ക്ക് അഹങ്കാരം പാടില്ല !”

“അത് തന്നെയാ എനിക്ക് ചേച്ചീനോടും പറയാനുള്ളത് !” നിയ പിറുപിറുത്തു,.

“നീ എന്തെങ്കിലും പറഞ്ഞാരുന്നോ? ” കരുണ സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി,..

“ക്രിട്ടിക്കൽ കണ്ടീഷൻ ആണ് ആദീടെ,.. എനിക്ക് ചേച്ചീനോട് തർക്കിച്ചു നിൽക്കാൻ ഒട്ടും താല്പര്യമില്ല,.. “നിയ പറഞ്ഞു,..

“അതെ, ഇവിടെ തർക്കിച്ച് നിൽക്കാതെ ആരെങ്കിലും എന്നെ ഒന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാവോ ? ” ശാരദ ചോദിച്ചു…

***—***

ഋതിക ധൈര്യം സംഭരിച്ച് അവനരികിൽ ഇരുന്നു,..

“അരുണേട്ടാ!” അവൾ പതിയെ അവന്റെ കൈകൾക്ക് മുകളിൽ കൈ വെച്ചു,..

അരുൺ വെറുപ്പോടെ അവളുടെ കൈകൾ തട്ടി മാറ്റി,… അവളുടെ ഉള്ളൊന്ന് പിടഞ്ഞു,.. അവൾ മാലിനിയെ നോക്കി,.. മാലിനി അവൾക്ക് ധൈര്യം പകർന്നു,…

“അയാം സോറി അരുണേട്ടാ !”അവൾ പറഞ്ഞു,..

“എന്തിന് എന്റെ മോളെ കൊല്ലാനാക്കിയതിനോ? ” അവൾ ഞെട്ടലിൽ അവനെ നോക്കി,..

“എന്തൊക്കെയാ അരുണേട്ടാ ഈ പറയണേ? ”

“പിന്നെന്താ ഞാൻ പറയണ്ടേ?”

അവൾക്ക് മറുപടി ഇല്ലായിരുന്നു,..

“നീ കാരണവാ ഋതിക,… നിന്റെ വാശി കാരണവാ എന്റെ മോളിന്ന് !” അവന്റെ വാക്കുകൾ ഇടറി,…

“നമ്മുടെ മോളാ അരുണേട്ടാ !”അവൾ വിങ്ങലോടെ പറഞ്ഞു,..

“ഓ,.. ആ തോന്നലൊക്കെ നിനക്കുണ്ടോ,. നമ്മുടെ മോളാണെന്ന്,.. കുറച്ചു നേരം മുൻപ് വരെ അങ്ങനല്ലാരുന്നല്ലോ പറഞ്ഞേ,.. ” അവൻ പൊട്ടിത്തെറിച്ചു,.

ഋതിക ചുറ്റും നോക്കി,.. ആളുകളെല്ലാം തങ്ങളെത്തന്നെയാണ് ശ്രദ്ധിക്കുന്നത്,..

“അരുണേട്ടാ പ്ലീസ് ! ആളുകൾ ”

“ഓ നിനക്കപ്പോ അതോർത്ത് ആണല്ലേ ടെൻഷൻ,. അല്ലാതെ എന്റെ മോള് വയ്യാതെ കിടക്കുന്നതോർത്തിട്ടല്ല !”കൂരമ്പ് കണക്കെ അവൻ പറഞ്ഞ വാക്കുകൾ അവളിൽ തറച്ചുകയറി,..

അവൾക്ക് ക്ഷമ നശിക്കുംപോലെ തോന്നി,എങ്കിലും അവൾ സംയമനം പാലിക്കാൻ ശ്രമിച്ചു,.
എന്റെ മനസ്സിലെ ടെൻഷൻ എന്താന്ന് നിങ്ങൾക്കറിയില്ല അരുണേട്ടാ,. എനിക്കറിയാം നിങ്ങൾക്കെന്നോട് ദേഷ്യമുണ്ടെന്ന്, അതെല്ലാം തീർത്തോളൂ,. എന്തൊക്കെ പറഞ്ഞാലും ഞാനിന്ന് പ്രതികരിക്കില്ല,. കാരണം വാശിയേക്കാളും, വഴക്കിനെക്കാളും എനിക്കിന്ന് ഏറ്റവും വലുത് എന്റെ മോൾടെ ജീവൻ തന്നെയാ,..

“നിനക്കറിയുവോ ഋതിക എന്റെ മോളെന്നോട് അവസാനമായിട്ട് എന്താ പറഞ്ഞതെന്ന്? അവൾക്കവളുടെ അച്ഛനേം അമ്മയേം ഒരുമിച്ച് വേണന്ന്,..” അവൻ പറഞ്ഞു,..

ഋതിക നിറമിഴികൾ തുടച്ചു,..

“കഴിഞ്ഞില്ല എനിക്ക്,.. പരാജയപ്പെട്ടുപോയി ഞാൻ,.. നിന്റെ വാശിക്ക് മുൻപിൽ,.. എനിക്കെന്റെ മോളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ല !” ദുഖത്താൽ അവന്റെ വാക്കുകൾ ഇടറി,…

ഋതിക കരച്ചിലടക്കാൻ പാട് പെട്ടു,…

“എന്നെക്കൊണ്ട് കഴിഞ്ഞില്ല !” അവൻ ഉരുവിട്ട് കൊണ്ടിരുന്നു,…

ഇല്ല ഋതു,.. തളരല്ലേ, യൂ ഷുഡ് ബി സ്ട്രോങ്ങ്‌,… അവൾ സ്വയം ഓർമിപ്പിച്ചു,..

ഋതിക അവന്റെ ചുമലിൽ കൈ വെച്ചു,. കൂടുതൽ വാശിയോടെ അവനവളുടെ കൈ തട്ടി മാറ്റി,..
എന്താ ഞാൻ ചെയ്യേണ്ടത്,.എനിക്കറിയാം അരുണേട്ടൻ ആകെ തളർന്നിരിക്കുവാന്ന്,.. എങ്ങനെയാ,..എങ്ങനെയാ ഞാൻ സമാധാനിപ്പിക്കേണ്ടത്,.. എനിക്കറിയില്ല,.. അവൾ നിസ്സഹായതയോടെ അവനെ നോക്കി ഇരുന്നു,..

ഡോക്ടർ വന്നതും ഇരുവരും പിടഞ്ഞെഴുന്നേറ്റു,..

“എങ്ങനുണ്ട് ഡോക്ടർ? ” അവൻ പ്രതീക്ഷയോടെ ചോദിച്ചു,..

“നിങ്ങള് പേഷ്യന്റിന്റെ? ”

“അച്ഛനാണ് ഡോക്ടർ !” അവൻ പറഞ്ഞു,…

ഡോക്ടറുടെ നോട്ടം ഋതികയ്ക്ക് കൂടി നേരെ നീണ്ടപ്പോൾ അവന്റെ മുഖം മങ്ങി, അതവൾക്ക് മനസ്സിലാവുകയും ചെയ്തു,…

“അമ്മയാണ് ഡോക്ടർ !” അവൾ പറഞ്ഞു…

“ഓക്കേ, സീ കുട്ടി നല്ല ഹൈറ്റിൽ നിന്നാണ് വീണിരിക്കുന്നത്,. പക്ഷേ നമ്മളെപ്പോലെ മുതിർന്ന ഒരാളാണ് വീണതെങ്കിൽ ചിലപ്പോൾ ഒന്നും സംഭവിക്കില്ലായിരിക്കും, ബട്ട്‌ 7 വയസുള്ള ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം, അത് വലിയൊരു ഹൈറ്റ് തന്നെയാണ് !”

ഋതികയും അരുണും പ്രതികരിച്ചില്ല,.. അപ്പോഴേക്കും ചന്ദ്രശേഖരൻ ഓടിയെത്തിയിരുന്നു,…

“എന്താ എന്റെ കുഞ്ഞിന് പറ്റിയെ? ” അയാൾ അക്ഷമയോടെ ചോദിച്ചു,.. മാലിനി ഡോക്ടർക്ക് നേരെ നോക്കി,.. പിന്നെ രണ്ടാളും അഹാന്റെ കൈ പിടിച്ചു ഡോക്ടർക്ക് സമീപത്തേക്ക് നടന്നു,…

” വീടിന്റെ മുറ്റം ഇന്റർലോക്ക് ചെയ്തിട്ടുണ്ടോ? “ഡോക്ടർ ചോദിച്ചു

“മ്മ്മ് !” അവൾ മൂളി,.

” യൂ നോ,.. വെറും മണ്ണിലേക്കാണ് വീണതെങ്കിൽ ഇത്തരത്തിൽ ഒരു സിറ്റുവേഷനിലേക്ക് എത്തുമായിരുന്നില്ല,. ചെറിയ എന്തെങ്കിലും മുറിവോ ചതവോ, ബട്ട്‌ ഇത് തല പോയി നിലത്ത് നല്ല അടി അടിച്ചിട്ടുണ്ട്,.. നന്നായി ബ്ലഡ്‌ ലോസും ഉണ്ടായിട്ടുണ്ട്, ഇനി ബ്രെയിനിന്‌ വല്ല ഡാമേജും സംഭവിച്ചിട്ടുണ്ടോ എന്ന് സ്കാനിംഗ് റിപ്പോർട്ട്‌ വന്നാലേ പറയാൻ പറ്റുള്ളൂ, ”

ഋതിക ഭയത്തോടെ അവന്റെ കൈകളിൽ മുറുകെ പിടിച്ചു,..

“ഔട്ട്‌ ഓഫ് ഡെയ്ഞ്ചർ എന്ന് പറയാനായിട്ടില്ല, ഇപ്പോഴും ഒബ്സെർവേഷനിൽ തന്നെയാണ് ആണ്, ശരീരം ഇപ്പോഴും മെഡിസിനോട് പ്രതികരിച്ചു തുടങ്ങിയിട്ടില്ല, വീ ഹാവ് ടു വെയിറ്റ് ! ദൈവത്തോട് നന്നായി പ്രാർത്ഥിച്ചോളു !” അയാൾ അത്രയും പറഞ്ഞു നടന്നകന്നു,…

ഋതികയുടെ മിഴികൾ നിറഞ്ഞു തുളുമ്പി,.. അരുൺ അവളുടെ കൈ വിട്ട് ചന്ദ്രശേഖരനെയും ഒന്ന് കടുപ്പത്തിൽ നോക്കി ഹോസ്പിറ്റൽ വരാന്തയിലൂടെ പുറത്തേക്ക് നടന്നു,..

ഋതിക അവനെത്തന്നെ നോക്കി നിന്നു,…

“മോളേ,…. ” ചന്ദ്രശേഖരൻ അലിവോടെ വിളിച്ചു,…

അവൾ തീർത്തും നിസ്സഹായതയോടെ അയാളെ നോക്കി,…

“ഒന്നും വരൂല്ല മോളേ ആദിക്ക്,.. നമുക്ക് പ്രാർത്ഥിക്കാം !” ചന്ദ്രശേഖരൻ അവളെ തന്നോട് ചേർത്ത് പിടിച്ചു,….

ഋതിക തന്റെ മനസ്സിന്റെ ഭാരമെല്ലാം അയാളുടെ മേൽ ഇറക്കിവെച്ചു,…

അത്രയും നേരം പിടിച്ചു നിന്ന മാലിനിയും കരഞ്ഞു പോയി,.. അവർ അഹാനെ തന്നോട് ചേർത്ത് പിടിച്ചു,..

*********

അരുൺ ഹോസ്പിറ്റൽ ഗേറ്റിന് പുറത്തുള്ള ഒരു പെട്ടിക്കടയിലേക്ക് നടന്നു,.

“ചേട്ടാ ഒരു സിഗരറ്റ് !” അവൻ പറഞ്ഞു,…

“ഏതാ വേണ്ടത്? “അയാൾ ചോദിച്ചു,..

“ഏതെങ്കിലും മതി,… ” അവൻ പറഞ്ഞു,.

അയാൾ എടുത്ത് കൊടുത്തു,…

“ഒരു ലൈറ്ററും !”
പൈസ എടുത്തു കൊടുത്ത് അവൻ കുറച്ച് ദൂരേക്ക് മാറി നിന്നു,.

പിന്നെ ആ സിഗരറ്റ് ചുണ്ടിലേക്ക് വെച്ചു,..

ആദ്യത്തെ പഫ് എടുത്തപ്പോൾ തന്നെ അവൻ വല്ലാതെ ചുമച്ചു,.. എങ്കിലും അവൻ ആരോടോ ഉള്ള വാശിപോലെ രണ്ടാമത്തെ പഫും എടുത്തു,..

“എന്തിനാ ചേട്ടാ ഇത്രയും കഷ്ടപ്പെട്ട് വലിക്കുന്നേ,.. ഇതിലും ബേധം വലിക്കാതിരിക്കുന്നതാ !” വഴിയാത്രക്കാരിൽ ആരൊക്കെയോ അവനെ കളിയാക്കി കടന്നു പോയിക്കൊണ്ടിരുന്നു,….

ചുമച്ച് ചുമച്ച് അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി,…

*********

വിവരമറിഞ്ഞ് ബന്ധുക്കളും,
സുഹൃത്തുക്കളും ഒക്കെ എത്തിക്കൊണ്ടിരുന്നു,.. പലരും കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും ദൂരെ മാറി നിന്ന് അടക്കം പറയുകയും, അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു,…

ആ നിമിഷങ്ങളിൽ ഇതെല്ലാം അസ്വാരസ്യങ്ങളായാണ് ഋതികയ്ക്ക് തോന്നിയത്, തനിക്ക് വേണ്ടതല്പം മനഃസമാധാനമാണെന്ന് ഇവരോടൊക്കെ പറയണമെന്നവൾക്ക് ഉണ്ടായിരുന്നു,…

“ഏട്ടൻ വിളിച്ചിട്ട് ഫോണെടുക്കുന്നില്ല അച്ഛാ !” നിയ പറഞ്ഞു,..

ഋതിക ക്ലോക്കിലേക്ക് നോക്കി.സമയം 12 മണി കഴിഞ്ഞിരിക്കുന്നു,.. ഉച്ചയ്ക്ക് ഇറങ്ങിപ്പോയതാണ് അരുൺ, ഇത്രയും നേരമായിട്ടും തിരികെ വന്നിട്ടുമില്ല,..

“ഞാനും വിളിച്ചു നോക്കി അമ്മേ അച്ഛൻ ഫോണെടുക്കുന്നില്ല !” അഹാനും അവളെ നോക്കി പേടിയോടെ പറഞ്ഞു,…

ഇവിടന്ന് ഇറങ്ങിപ്പോയപ്പോൾ വല്ലാത്തൊരു മാനസികാവസ്ഥ ആയിരുന്നു അരുണിന്റേത്,ഋതികയുടെ ഉള്ളിൽ അസാധാരണമായൊരു ഭയം നിറഞ്ഞു,.

ശാരദ അപ്പോഴും കണ്ണടച്ച് പ്രാർത്ഥനയിലായിരുന്നു,. കരുണയ്ക്ക് പലതും ചോദിക്കണമെന്നും പറയണമെന്നും ഒക്കെ ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ ദിവസം ഋതികയോട് വഴക്കുണ്ടാക്കാൻ നിൽക്കില്ല എന്ന് അമ്മയ്ക്കും അച്ഛനും വാക്ക് കൊടുത്തു പോയതിനാൽ മിണ്ടാതിരിക്കുകയേ നിവർത്തി ഉണ്ടായിരുന്നോളു,..

“ഞാനൊന്ന് പോയി നോക്കാം !”അശോകൻ പറഞ്ഞു,…

ഓരോ നിമിഷം കഴിയുംതോറും അവളിലെ ടെൻഷനും കൂടിക്കൂടി വന്നു,..

ഐ സി യൂ വിന്റെ വാതിൽ തുറന്ന് ഡോക്ടർ വെളിയിലേക്ക് വന്നു,..

“എന്തായി ഡോക്ടർ? “അവൾ സമീപത്തേക്ക് ചെന്ന് ഉത്കണ്ഠയോടെയും അതിലുപരി പ്രതീക്ഷയോടെയും ചോദിച്ചു,..

“നിങ്ങളുടെ എല്ലാം പ്രാർത്ഥന ഫലം കണ്ടു എന്ന് പറയാം,.. നൗ ഷീ ഈസ്‌ റികവറിങ് !” ഡോക്ടർ പറഞ്ഞു, ഋതികയുടെ മിഴികൾ ആനന്ദത്താൽ നിറഞ്ഞൊഴുകി,.. എല്ലാവരും ദൈവത്തിന് നന്ദി പറഞ്ഞു,..

“താങ്ക് യൂ സോ മച്ച് ഡോക്ടർ !” അവൾ തന്റെ കൃതജ്ഞത അറിയിച്ചു,..

“പേടിച്ചത് പോലെ ഒന്നും ഇല്ല സ്കാനിംഗ് റിപ്പോർട്ട്‌ൽ,. പിന്നെ ചെറിയ കുട്ടിയല്ലേ, ഒരുപാട് ബ്ലഡ്‌ ലോസും ഉണ്ടായല്ലോ, അതുകൊണ്ടാവും മരുന്നുകളോട് പ്രതികരിക്കാൻ ഇത്രയും ടൈം എടുത്തത് !”

“ബോധം വന്നോ ഡോക്ടർ?” ശാരദ ചോദിച്ചു,..

“മ്മ് രണ്ടാൾക്ക് കേറിക്കാണാം, ബാക്കിയുള്ളവർക്ക് റൂമിലേക്ക് മാറ്റിയിട്ട്, കുട്ടി അച്ഛനെയും അമ്മയേയുമാണ്‌ ചോദിക്കുന്നത് !”

“ചെല്ല് മോളേ!”ചന്ദ്രശേഖരൻ അവളുടെ ചുമലിൽ തട്ടി,.

“കുട്ടിയുടെ അച്ഛനെവിടെ? ” ഡോക്ടർ ചോദിച്ചു,..

എല്ലാവരും പരസ്പരം നോക്കി,..

“അത് പുറത്തേക്കൊന്ന് പോയതാ ഡോക്ടർ,.. ” ചന്ദ്രശേഖരൻ പറഞ്ഞു,..

“എങ്കിൽ അമ്മ കേറി കണ്ടോളു, പേഷ്യന്റിനെ കൂടുതൽ സ്‌ട്രെയിൻ ചെയ്യിക്കരുത് !” അയാൾ ഓർമിപ്പിച്ചു,..

“ശരി ഡോക്ടർ,.. ”

“അമ്മേ എനിക്കും കാണണം ആദീനെ !” അഹാൻ കരയാൻ തുടങ്ങി,..

അവൾ ഡോക്ടറെ അനുവാദത്തിനായി നോക്കി,

“ആദ്വികയുടെ ട്വിൻ ബ്രദർ ആണല്ലേ? ”
അവൻ തലയാട്ടി,…

“എന്താ പേര്? ”

“അഹാൻ അരുൺ !”

“ആരാ മൂത്തത്? ”

“ഞാനാ !”അവൻ പറഞ്ഞു,..

“അനിയത്തിക്കുട്ടിയെ ഒത്തിരി സംസാരിപ്പിക്കരുത് കേട്ടോ !”

“ഇല്ല !” അവൻ സന്തോഷത്തോടെ അമ്മയുടെ കൈ പിടിച്ചു,…

********

“ആദി ! ” ഋതിക സ്നേഹത്തോടെ വിളിച്ചു,..

അവളുടെ ശബ്ദം കേട്ടതും ആദ്വിക മിഴികൾ തുറന്നു,..

“അമ്മേ,…” അവൾ വിളിച്ചു,..

“അമ്മ കരയല്ലട്ടോ, ഡോക്ടർ അങ്കിൾ പറഞ്ഞത് ഓർമയില്ലേ? ” അഹാൻ ഓർമിപ്പിച്ചു,.

“മ്മ് ” അവൾ മൂളി

“എനിക്ക് തല വേദനിക്കുന്നു അമ്മേ,. “അവൾ അവശതയോടെ പറഞ്ഞു,.

“ആണോ,.. അമ്മ നേഴ്സ് ആന്റീനോട്‌ വേദന കുറയാനുള്ള മരുന്ന് തരാൻ പറയാട്ടോ !”

“സൂചി വേണ്ടാട്ടോ,. മോൾക്ക് സൂചി പേടിയാ “അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു,..

“ദേ ആദി,. എനിക്ക് അച്ഛാച്ചൻ പുതിയ വീഡിയോ ഗെയിം വാങ്ങിത്തരാന്ന് പറഞ്ഞല്ലോ !”

“ആണോ അമ്മേ? ”

“അമ്മക്കറിയില്ല,.. “അവൾ പറഞ്ഞൂ,.

“നീ ഇങ്ങനെ കിടക്കാനാ ഉദ്ദേശമെങ്കിൽ ഞാൻ ഒറ്റയ്ക്ക് കളിക്കും,.. ”

“അമ്മേ,.. ” ആദി കരയാൻ തുടങ്ങി,.

“അപ്പു,. ഡോക്ടർ അങ്കിൾ നിന്നോടെന്താ പറഞ്ഞത്? ” ഋതിക ചോദിച്ചു,.. അഹാൻ തല താഴ്ത്തി നിന്നു,.

“എന്നാ മിണ്ടാതിരിക്ക്, ആദിക്ക് ബേദമായിട്ടേ അമ്മ കളിക്കാൻ കൊടുക്കുള്ളു കേട്ടോ !”

“അച്ഛൻ വന്നില്ലേ അമ്മേ? ”

അവൾ മറുപടി ഇല്ലാതെ നിന്നു,..

“എനിക്ക് അച്ഛനെ കാണണം അമ്മേ !” അവൾ വീണ്ടും കരയാനായി തുടങ്ങി,..

“ആ മതി മതി, ടൈം കഴിഞ്ഞു,.. ഒന്ന് പുറത്തേക്കിറങ്ങിക്കേ !” സിസ്റ്റർ വന്നു പറഞ്ഞു, .

“എനിക്കച്ഛനെ കാണണം !”

“അച്ഛൻ പുറത്ത് പോയതാ മോളേ, വരുമ്പോൾ അമ്മ പറഞ്ഞു വിടാട്ടോ !” അവൾ അഹാന്റെ കൈ പിടിച്ചു,..

“അമ്മ പോണ്ടാ ! എനിക്കിവിടെ ഒറ്റയ്ക്ക് കിടക്കാൻ പേടിയാ !”

“മോളെന്തിനാ പേടിക്കണേ, ഇവിടെ സിസ്റ്റർ ആന്റി ഇല്ലേ, അമ്മ പോയി അച്ഛനെ കൂട്ടീട്ട് വരാട്ടോ !” അവൾ മനസില്ലാമനസോടെ അഹാനെയും കൂട്ടി പുറത്തേക്കിറങ്ങി,..

*******
“അപ്പു നീയിവിടെ നിക്ക് അമ്മ ഇപ്പോ വരാം !” ഋതിക പറഞ്ഞു,..

“ഞാനും വരുവാ !” അഹാൻ വാശി പിടിച്ചു,.

“നിനക്ക് പറഞ്ഞാൽ കേട്ടൂടെ അപ്പു,.. മാലുമ്മയുടെ അടുത്ത് നിക്ക്,.. അമ്മായി എന്റെ പേഴ്സും ഫോണും !”

മാലിനി അവൾക്ക് പേഴ്‌സ് നീട്ടി,..

“എങ്ങോട്ടാ മോളേ, ഞാനും വരാം !” ചന്ദ്രശേഖരൻ പറഞ്ഞു,

“വേണ്ടമ്മാവാ, ഞാൻ പൊയ്ക്കോളാം,.. ”

“എങ്ങോട്ടാന്ന്? ” അവൾ അത് കേട്ടില്ല,. ഫോണിൽ ആരെയൊക്കെയോ വിളിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ നടന്നകന്നു,..

“ഒന്ന് ചെല്ല് ചന്ദ്രേട്ടാ,.. അവൾ ഒറ്റയ്ക്ക് എങ്ങോട്ടേക്കാന്ന് കൂടി അറിയാതെ !”മാലിനി തന്റെ ആശങ്ക പങ്ക് വെച്ചു,…

“ആ,..” ചന്ദ്രശേഖരനും അവൾക്ക് പിന്നാലെ നടന്നു,. അപ്പു നിരാശയോടെ മാലിനിയുടെ അരികിലിരുന്നു,..

*****

” ചേട്ടാ കുറേ നേരായില്ലേ ഫോൺ ബെല്ലടിക്കുന്നു,.. എടുക്കന്നെ !” ഒരു യുവാവ് അവനെ പിടിച്ചിരുത്താൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു,.

“നോ !”

“അവര് ടെൻഷനിടിക്കില്ലേ? ”

” അവര് കുറച്ചു ടെൻഷൻ അടിക്കട്ടേന്നേ,.. ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു,. അവന്റെ നാവ് കുഴയുന്നുണ്ടായിരുന്നു,.

“ശ്ശെ, ഇതെന്താ അരുണേട്ടൻ ഫോണെടുക്കാത്തെ? ” അവൾ നടത്തത്തിന്റെ സ്പീഡ് കൂട്ടി,.

“ബ്രോ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?”
അരുൺ ചോദിച്ചു ,. ആ ചെറുപ്പക്കാരൻ ചെറുതായൊന്നു പുഞ്ചിരിച്ചു,.

“എന്നാ ഞാൻ പ്രേമിച്ചിട്ടുണ്ട്,.. ഋതികയെ, എന്റെ ഭാര്യയെ,.. അസ്ഥിക്ക് പിടിച്ച പ്രേമം,.. ഇപ്പോഴൊന്നുമല്ല, സ്കൂളിൽ പഠിക്കുമ്പോൾ തൊട്ടേ, ഇന്നെങ്ങാനും ആണേൽ ഞാൻ, ഡി പുല്ലേ, എനിക്ക് നിന്നെ ഇഷ്ടവാ എന്ന് മുഖത്ത് നോക്കി പറഞ്ഞേനെ,. പക്ഷേ എന്നാ ചെയ്യാനാ അന്നേരം എനിക്ക് പറയാൻ ഒട്ടും ധൈര്യം കിട്ടിയില്ല,.. ”

“എന്നിട്ടോ? “ചെറുപ്പക്കാരൻ ആകാംഷയോടെ ചോദിച്ചു,.

അവന്റെ ഫോൺ വീണ്ടും റിംഗ് ചെയ്തു,..

“ശല്ല്യം !” അരുൺ ഫോണെടുത്ത് സ്വിച്ച് ഓഫ് ചെയ്തു വെച്ചു…

“ആ ലെറ്റ്‌സ് കണ്ടിന്യൂ ” അവൻ തുടർന്നു,.

“ശ്ശെ, സ്വിച്ച് ഓഫ് ആണല്ലോ,.. എവിടെപ്പോയി കിടക്കുവാണോ എന്തോ !” ഋതിക ഫോൺ പേഴ്സിൽ വെച്ച് മുറ്റത്തേക്കിറങ്ങി,.

****

“ദാ ഈ മരുന്നൊന്ന് ഫാർമസിയിൽ നിന്ന് വാങ്ങിക്കണെ !” സിസ്റ്റർ പ്രെസ്ക്രിപ്ഷൻ മാലിനിയുടെ കയ്യിൽ കൊടുത്തു,..

“ആ !”

“ആന്റി തന്നേക്ക് ഞാൻ പോയി വാങ്ങീട്ട് വരാം !” നിയ പറഞ്ഞു,.

“അത് “മാലിനി മടിച്ചു നിന്നു,..

“താ ആന്റി,.. ” നിയ മാലിനിയുടെ കയ്യിൽ നിന്നും പ്രെസ്ക്രിപ്ഷൻ വാങ്ങി,..

“ക്യാഷ്,.. ”

“എന്റടുത്ത് കാർഡ് ഉണ്ട് ആന്റി, ഡോണ്ട് വറി !”

“മാലുമ്മേ ഞാൻ കൂടെ പൊയ്ക്കോട്ടേ ആന്റീടെ കൂടെ? ” അഹാൻ മാലിനിയെ നോക്കി.

“അവനും കൂടെ പോരട്ടെ ആന്റി !”

“പൊയ്ക്കോ പക്ഷേ, ആന്റിയുടെ കൈവിട്ട് ദൂരെ എങ്ങോട്ടേക്കും പോവരുത് !” മാലിനി ഓർമിപ്പിച്ചു,..

“ഇല്ല മാലുമ്മേ !” അവൻ ആവേശത്തിൽ നിയക്കൊപ്പം നടന്നു,.

******

“ആന്റി എനിക്കൊരു വിക്സ് മുട്ടായി !” അവൻ പറഞ്ഞു,..

“നിനക്ക് ചുമയും ജലദോഷവും വല്ലതും ഉണ്ടോ? “നിയ ചോദിച്ചു,.

“ഫാർമസി അല്ലേ ആന്റി, ഇവിടെ കിൻഡർ ജോയ് കിട്ടില്ലല്ലോ !” അവൻ തമാശയായി പറഞ്ഞു,.

“അമ്പട വിരുതാ നീ കൊള്ളാലോ മോൻ !” നിയ ചിരിച്ചു കൊണ്ട് പറഞ്ഞു,..

“ആന്റി നമുക്ക് ലിഫ്റ്റിൽ പോവാവേ !”

“ഒരു നിലയല്ലേ ഉള്ളൂ? അത് നടന്നു കേറാൻ നിന്നെക്കൊണ്ട് പറ്റൂല്ലേ? വയസായോ അപ്പൂട്ടാ ! ”

“പ്ലീസ് ആന്റി !”

“മ്മ് വാ, എന്തായാലും,.. ”

അവർ ലിഫ്റ്റിന് നേരെ നടന്നു,.

“ക്ലോസ് ചെയ്യല്ലേ ആന്റി ഒരാളും കൂടെ വരുന്നുണ്ട് !” അവൻ പറഞ്ഞു,..

തങ്ങൾക്കൊപ്പം ലിഫ്റ്റിലേക്ക് ഓടിക്കയറിയ ആളെക്കണ്ട നിയയുടെ നല്ല ജീവൻ പോയി

(തുടരും )

അനുശ്രീ ചന്ദ്രൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഈ തണലിൽ ഇത്തിരി നേരം – 38”

Leave a Reply

Don`t copy text!