ഋതിക രണ്ടും കല്പിച്ചു അകത്തേക്ക് കയറി,…
കണ്ണട വെച്ച് എം. ഡി സീറ്റിൽ ഇരിക്കുന്ന ആ കുറിയ മനുഷ്യന്റെ ടേബിളിൽ രാജീവ് മേനോൻ എന്ന അക്ഷരങ്ങൾ തിളങ്ങിനിന്നു,..
“സിറ്റ് !” അയാൾ ഗൗരവത്തോടെ പറഞ്ഞു,…
“താങ്ക് യൂ സാർ !”
അവൾ ഒരു വിറയലോടെ അയാൾക്ക് മുൻപിൽ ഇരുന്നു,..
**********
“ഋതുവിന്റെ ഇന്റർവ്യൂ കഴിഞ്ഞോ സാന്ദ്ര? ”
ഓഫീസിലേക്ക് കയറിവന്ന അരുൺ ആദ്യം അന്വേഷിച്ചത് ഭാര്യയുടെ ഇന്റർവ്യൂനെക്കുറിച്ച് ആയിരുന്നു,..
“നോ സാർ നടന്നോണ്ടിരിക്കുവാ,. ഒരു അര മണിക്കൂറായിക്കാണും !” സാന്ദ്ര പറഞ്ഞു,..
“ഓക്കേ താങ്ക് യൂ !”
അവൻ ടെൻഷനിൽ തന്റെ ക്യാബിനിലേക്ക് നടന്നു,.
എന്താവുമോ എന്തോ, രാവിലെയേ അവൾക്ക് നല്ല ടെൻഷനുണ്ടായിരുന്നു, ഇന്റർവ്യൂ എന്ന് കേട്ടതേ നിന്ന് വിറച്ചവളാണ്,. ഇന്ന് രാജീവ് സാറിന്റെ ചോദ്യങ്ങൾക്ക് മുൻപിൽ പതറാതിരുന്നാൽ മതിയായിരുന്നു,.
“സാർ ഈ ഫയൽസ് ഒന്ന് ചെക്ക് ചെയ്യാനുണ്ട് !”
സിബി അവന്റെ മുൻപിൽ ഒരു ഫയൽ കൊണ്ട് പോയി വെച്ചു,…
“ആ ഞാൻ നോക്കിക്കോളാം സിബി ചേട്ടാ,.. ഒരു 10 മിനിറ്റ് !” അവൻ പറഞ്ഞു,..
“ഓക്കേ സാർ ! സാറെന്തെങ്കിലും ടെൻഷനിൽ ആണോ? “അയാൾ ചോദിച്ചു, .
“ഹേയ് എന്ത് ടെൻഷൻ? ”
“അല്ല, എന്തോ ഒരു വല്ലായ്ക പോലെ,.. മാഡം ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നതിന്റെ ടെൻഷൻ ആണോ? ”
“ഇല്ലെന്ന് പറഞ്ഞാൽ അത് കള്ളമാകും സിബി ചേട്ടാ !” അവൻ പറഞ്ഞു,..
“സാറ് ടെൻഷനൊന്നും അടിക്കേണ്ട,.. മാഡത്തെക്കൊണ്ട് പറ്റും !”
അരുണും ആത്മവിശ്വാസത്തോടെ തലയാട്ടി.. അയാൾ പുറത്തേക്കിറങ്ങി അരുൺ ഫയൽ ഓപ്പൺ ചെയ്തു,..
ആരോ ഡോറിൽ മുട്ടി,… ആരാണാവോ,…
“കം ഇൻ,… !”
അവൻ വീണ്ടും ഫയലിൽ ശ്രദ്ധ ചെലുത്തി,…
“അരുണേട്ടാ,…. ”
അവൻ ആകാംഷയോടെ തലയുയർത്തി നോക്കി, ഋതുവിന്റെ മുഖത്ത് വല്ല്യ സന്തോഷമൊന്നും കാണാനില്ല,.. അതിനർത്ഥം,..
അരുൺ പതിയെ എണീറ്റു,… അവളുടെ ചുമലിൽ കൈവെച്ചു,.
“പോട്ടെ, സാരല്ല്യ നമുക്ക് വേറെ എവിടെയെങ്കിലും ട്രൈ ചെയ്യാം !”
അടുത്ത നിമിഷം അവളവനെ കെട്ടിപ്പിടിച്ചു,. അവളുടെ ആ നീക്കം തീർത്തും അപ്രതീക്ഷിതമായത്കൊണ്ട് അവനതൊരു ഷോക്ക് ആയിരുന്നു,..
“ഋതു,.. ” അവനൊരു വിറയലോടെ വിളിച്ചു,..
“എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റണില്ല അരുണേട്ടാ,.. ഞാൻ ഈ ഇന്റർവ്യൂവിൽ പാസ്സായെന്ന് !” അവളെ കിതയ്ക്കുന്നുണ്ടായിരുന്നു,..
അവൾ അവനോട് കൂടുതൽ ചേർന്നു നിന്നു,.. അവളുടെ ഹൃദയമിടിപ്പ് അവന് അവന് അറിയാൻ സാധിച്ചു,..
വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ല, അവളുടെ കഴിവുകൾ ഒടുവിൽ അവൾ പ്രൂവ് ചെയ്തിരിക്കുകയാണ്,. വഴി തെളിക്കേണ്ട ജോലി മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളൂ,..
“കൺഗ്രാറ്റ്സ് ഋതു,… ”
“താങ്ക് യൂ സോ മച്ച് അരുണേട്ടാ !”
ആദ്യമായാണ് ഋതു മനസ്സറിഞ്ഞു തന്നോട് ചേർന്ന് നിൽക്കുന്നത്,. എന്നും ഇങ്ങനെ ചേർന്നു നിൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചു,..
സന്തോഷക്കണ്ണീരിന്റെ നനവ് അവന്റെ ഷർട്ടിൽ നിന്നും നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി,.. അരുൺ അവളെ അടർത്തി മാറ്റി ആ മിഴികൾ തുടച്ചുകൊണ്ട് ചോദിച്ചു,..
“എന്തിനാടോ താങ്ക്സ് ഒക്കെ? തന്റെ കഴിവ് കൊണ്ടാ ഇന്റർവ്യൂ പാസ്സ് ആയത്,.. ഞാൻ തന്നെ റെക്കമെന്റ് പോലും ചെയ്തിട്ടില്ല,…പിന്നെന്തിനാ? ”
“എന്റെ തണലായി കൂടെ നിന്നതിന്,.. എന്നെക്കാളുപരി എന്നിൽ വിശ്വസിച്ചതിന്,.. പിന്നെ,.. എനിക്കറിയില്ല അരുണേട്ടാ !” അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി,..
“ഡോ,… സി. സി. ടി. വി ഒക്കെ ഉണ്ട്ട്ടോ,… ”
“സാരല്ല്യ,.. ”
“നൈറ്റ് വിഷൻ ക്യാമറയേ പേടിച്ചവൾക്ക് സി. സി. ടി. വി പേടിയില്ലേ? ”
“ഇല്ല,.. ”
“ഋതു ഇതെന്റെ ഓഫീസ് ആട്ടോ,.. ജോലി കിട്ടിയപ്പോഴേക്കും വീട്ടിലിരിക്കേണ്ട അവസ്ഥ വരും !”
അവൻ സൂചിപ്പിച്ചു,.. അവൾ നിരാശയോടെ അവനെ നോക്കി,. അവൻ സി. സി. ടി. വി യിലേക്ക് വിരൽ ചൂണ്ടി,…
“പിന്നെ,.. ഈ ഒരു മാസം ട്രെയിനിങ് പീരിയഡ് ആണെന്ന് പറഞ്ഞു,.. അത് കഴിഞ്ഞ് പോസ്റ്റിലേക്ക് അപ്പോയിന്റ് ചെയ്യുള്ളൂത്രേ !”
“അതെങ്ങനെയാ !”
“മ്മ്,.. ആരായിരിക്കും ട്രെയ്നർ, അരുണേട്ടൻ ആയിരിക്കുവോ? ”
“ഞാൻ ആയിരിക്കില്ല,.. ” ഋതികയുടെ മുഖം മങ്ങി,…
” ബിക്വസ് നീയെന്റെ വൈഫ് ആയത്കൊണ്ട് ഞാൻ നിന്നെ ട്രെയിൻ ചെയ്താൽ അത് കമ്പനി റൂൾസ്‌ന് എതിരായിരിക്കും,.. സോ നിന്റെ ഫിനാൻഷ്യൽ ഡിപ്പാർട്മെന്റിൽ നിന്നും,. ഇവിടുന്നും ഒരാളുണ്ടാവും !”
“ഇവിടുന്നുള്ള ആളെ അരുണേട്ടനല്ലേ ഡിസൈഡ് ചെയ്യുക? അപ്പോൾ അധികം സ്ട്രിക്ട് ആയ ആളെ തരല്ലേ പ്ലീസ് !”
“അതും എനിക്ക് പറ്റില്ല,.. നിന്റെ കാര്യത്തിൽ എനിക്കിവിടെ ഒന്നും ചെയ്യാൻ പറ്റില്ല !”
“അതെന്താ?”
“അത് അങ്ങനെയാ,.. മോളുടെ കാര്യത്തിൽ എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എന്ന് വെച്ചാൽ,.. ഒന്ന് രാവിലെയും വൈകിട്ടും നിന്നെ ഡ്രോപ്പ് ചെയ്യാം, ഉച്ചക്ക് ലഞ്ച് കൂടെയിരുന്ന് കഴിക്കാം,.. കോഫീ കുടിക്കാം, അതൊക്കെയേ ഉള്ളൂ,.. നിനക്ക് വേണ്ടി റെക്കമെന്റ് ചെയ്യാനുള്ള റൈറ്റ് പോലും എനിക്കില്ല,.. സോ ബീ കെയർഫുൾ,..”
“മ്മ് !” അരുണേട്ടന്റെ കൂടെ എപ്പോഴും നിൽക്കാൻ പറ്റുമെന്ന് കരുതി സന്തോഷിച്ചതാണ് പക്ഷേ,..
“അപ്പോൾ നാളെമുതൽ ഇവിടെ ഓഫീസ് ടൈമിൽ നമ്മൾ ഭാര്യാ ഭർത്താക്കന്മാർ അല്ല,.. കൊള്ളീഗ്സ് ആണ് ഓക്കേ?”
അവൾ തലയാട്ടി,…
“അപ്പോൾ ഓൾ ദി വെരി ബെസ്റ്റ്,… ”
“താങ്ക് യൂ !”
“അപ്പോൾ വീട്ടിലേക്ക് ഞാൻ ഡ്രോപ്പ് ചെയ്യണോ? ”
“അരുണേട്ടൻ ലീവ് ആക്കണ്ട,.. നീതി എന്നെ വിളിച്ചാരുന്നു,. ടൗണിൽ ഉണ്ടത്രേ,.. അവളുടെ കൂടെ ഒന്ന് ഷോപ്പിങ്ങിനു ചെല്ലണമെന്ന് !”
“അതിനെന്താ പൊയ്ക്കോ” അവൻ പോക്കറ്റിൽ നിന്നും കാർഡ് എടുത്തു അവൾക്ക് നേരെ നീട്ടി,..
“ഇതെന്തിനാ? ” അവൾ ചോദിച്ചു,..
“തനിക്കും എന്തെങ്കിലും ഒക്കെ വാങ്ങിക്കാൻ ഉണ്ടാവില്ലേ? സോ ഇത് കയ്യിൽ വെച്ചോ ! ”
“എനിക്കിതൊന്നും വേണ്ട അരുണേട്ടാ !”
“പിന്നെ ഞാൻ ആർക്ക് വേണ്ടിയാടി അധ്വാനിക്കണേ? ”
“പക്ഷേ,.. ”
“ഒരു പക്ഷേയും ഇല്ല,.. പിന്നെ ഒരു ചെറിയ ഗിഫ്റ്റ് കൂടി !”
“എന്ത് ഗിഫ്റ്റ്? ”
അരുൺ ഒരു പൊതി അവൾക്ക് നേരെ നീട്ടി,..
“എന്താ ഇത് അരുണേട്ടാ? ”
“വാങ്ങിക്ക്,.. എന്നിട്ട് തുറന്നു നോക്ക് !”
“മ്മ് ” അവൾ അത് വാങ്ങിച്ചു തുറന്നു നോക്കി,..
“ഫോണോ? ”
“മ്മ് ഇഷ്ടപ്പെട്ടോ? ”
” എന്തിനാ ഇത്ര വിലയുടെയൊക്കെ വാങ്ങിച്ചേ? ”
“ഇരിക്കട്ടെടോ, ഇനി തന്നെ കിട്ടാൻ ഇതിലേക്ക് ഡയറക്റ്റ് വിളിക്കാലോ,.. ആരുടേം കാലൊന്നും പിടിക്കണ്ടല്ലോ !”
“താങ്ക് യൂ,.. അപ്പോൾ പോട്ടെ,.. വൈകുന്നേരം നേരത്തെ വരണേ? ”
“ഉറപ്പ് പറയുന്നില്ല,.. നോക്കാം !”
“മതി,.. അപ്പോൾ ബൈ ”
“ബൈ !”
“ഒന്ന് കുനിഞ്ഞേ,.. ”
“എന്താടി? ”
“ഒരു കാര്യം പറയാനാ,… ”
“മ്മ്,.. പറ !” അവൻ കുനിഞ്ഞതും ഋതിക അവന്റെ കവിളിൽ ചുംബിച്ചു,.. അരുൺ തരിച്ചുപോയി,..
“അപ്പോ ശരി !” അതും പറഞ്ഞവൾ തിടുക്കത്തിൽ പുറത്തേക്ക് നടന്നു,..
അരുണിന് അപ്പോഴും സംഭവിച്ചതെന്ന് മനസിലായില്ല,.. അവൻ നേരെ നോക്കിയത് സി. സി. ടി. വി യിലേക്കാണ്,..
ഇനി ഇതിന്റെ പേരിൽ നാളെ രണ്ടാളും വീട്ടിലിരിക്കേണ്ടി വരുവോ?
ആദ്യമായാണ് താൻ ഇഷ്ടത്തോടെ അരുണേട്ടനെ ചുംബിച്ചത്,. പല തവണ സ്വയം വിലക്കിയിട്ടും മനസ്സത് കേട്ടില്ല,. അങ്ങനെ പറ്റിപ്പോയതാണ്,.. അരുണേട്ടൻ എന്ത് വിചാരിച്ചുകാണുവോ എന്തോ? ആ എന്ത് വിചാരിച്ചാലും തനിക്ക് ഒന്നുമില്ല,.. വേറെ ആർക്കും അല്ലല്ലോ തന്റെ ഭർത്താവിനല്ലേ താനൊരു ഉമ്മ കൊടുത്തത്,..
അരുണിന് അവളുടെ ചുംബനത്തിന്റെ ചൂടിൽ നിന്നും മുക്തനാവാൻ കഴിഞ്ഞിരുന്നില്ല,.. ദൈവമേ ഫയൽസ് സൈൻ ചെയ്തു കൊടുക്കേണ്ടതാണ് ഓരോ പേജിലും അവളുടെ മുഖം മാത്രമാണ് കാണുന്നത്,.. പ്രശ്നമായോ?
“മേ ഐ കം ഇൻ സാർ? ”
“യെസ് !”
ഒരു 25 ന് അടുത്ത് പ്രായം തോന്നിക്കുന്ന പെൺകുട്ടി അവന്റെ ക്യാബിനിലേക്ക് കടന്നു വന്നു,…
“സാർ പുതിയ സ്റ്റാഫിന്റെ അപ്പോയ്ന്റ്മെന്റ്ന് സാറിന്റെ സൈൻ വേണം,… ”
“ഓക്കേ,… ”
ആ പെൺകുട്ടി ഒരു ഫയൽ നീട്ടി,.. അരുൺ അത് തുറന്നു,.. ഋതിക അരുൺ എന്ന പേരിൽ അവന്റെ കണ്ണുകൾ തടഞ്ഞു നിന്നു, അവൻ അഭിമാനത്തോടെ അതിൽ സൈൻ ചെയ്തു സീൽ വെച്ചു,.. പിന്നെ ആ പെൺകുട്ടിക്ക് നേരെ നീട്ടി,..
“ഓക്കേ താങ്ക് യൂ സാർ !”
“യൂ ആർ വെൽക്കം !”
“പിന്നെ സാർ,.. സാറിന്റെ കവിളിൽ ലിപ്സ്റ്റിക്,.. ഒന്ന് തുടച്ചോളു !”
അതും പറഞ്ഞു ആ കുട്ടി പുറത്തേക്കിറങ്ങി,.. അരുൺ ആകെ ചടച്ചിരുന്നു,.. ശോ എന്നാലും,… അരുൺ തന്റെ കവിളിൽ തൊട്ട് നോക്കി,…
മ്മ്, ശരിയാണ്,… അരുൺ ഒരു ടിഷ്യൂ പേപ്പർ എടുത്തു കവിൾ തുടച്ചു,.. പിന്നെ ഒരു പുഞ്ചിരിയോടെ അത് പോക്കറ്റിലേക്ക് ഇട്ടു,..
തന്റെ ഭാര്യയിൽ നിന്നും ആദ്യമായി കിട്ടിയ ചുംബനമാണ്,.. അതങ്ങനെ കളയാൻ പറ്റില്ലല്ലോ,..
***********
“നീ കാര്യായിട്ട് തന്നെ പറഞ്ഞതാണോ? ” നീതി വിശ്വാസം വരാതെ അവളെ നോക്കി,..
“മ്മ് !”
“നീ ശരിക്കും അരുണേട്ടനെ കിസ്സ് ചെയ്‌തോ? ”
“ആന്നേ,.. ”
“എനിക്ക് വിശ്വസിക്കാൻ പറ്റണില്ല മോളേ,.. ”
“എന്താ വിശ്വസിച്ചാല്,.. എനിക്കെന്റെ ഹസ്ബന്റിനു ഒരു കിസ്സ് കൊടുത്തൂടെ? ”
“അല്ല കൊടുക്കുന്നത് കൊണ്ട് ഒന്നുമില്ല,.. എന്നാലും,.. ആ ഞാനന്നേ പറഞ്ഞതല്ലേ, നിനക്ക് അരുണേട്ടനോട് ലവ് ആണെന്ന്!”
ഋതിക മിണ്ടിയില്ല,..
“പറയടി അങ്ങനെ തന്നെയല്ലേ? ”
“എനിക്കറിയില്ല നീതി,.. ബട്ട് ഒരു കാര്യം മാത്രം ഉറപ്പാ,.. അരുണേട്ടൻ ഇല്ലാതെ എന്നെക്കൊണ്ട് പറ്റില്ല നീതി !”
“ഓ, താങ്ക് ഗോഡ്,.. ഇത് തന്നെയാ പൊട്ടത്തി പ്രേമമെന്ന് പറയുന്നത്,.. ഞാൻ കുറേ പ്രാർത്ഥിച്ചതാ നിന്റെ മനസൊന്ന് മാറണെ എന്ന്, ഒടുവിൽ നീയെന്റെ പ്രാർത്ഥന കേട്ടല്ലോ കർത്താവെ,”
ഋതികയുടെ മുഖത്ത് സന്തോഷം കാണാൻ അവൾക്ക് കഴിഞ്ഞില്ല,..
“എന്താടി ഒരു സന്തോഷവും ഇല്ലാത്തത്? ”
“സന്തോഷിക്കാൻ പറ്റണില്ല നീതി,.. ഞാൻ കാരണം ആൽബി ഇപ്പോഴും സ്വയം നശിക്കുമ്പോൾ എനിക്കെങ്ങനെ സന്തോഷിക്കാൻ പറ്റും? ”
നീതിക്ക് ഉത്തരമുണ്ടായില്ല,…
“ആൽബിയും നിന്നെ മറന്നോളും ഋതു സാവധാനം,.. ഇപ്പോൾ നീ മാറിയത് പോലെ ആൽബിയും മാറും,.. ”
“മാറട്ടെ,.. അവനും ഒരു നല്ല ജീവിതം കിട്ടണം എങ്കിലേ എനിക്ക് സമാധാനമാകൂ,.. ”
“അതൊക്കെ കിട്ടിക്കോളും,.. നിനക്കെന്താ കഴിക്കാൻ വേണ്ടത് ഞാൻ പോയി ഓർഡർ ചെയ്തിട്ടു വരാം!”
“അത് വേണ്ടാ,. ഞാൻ ഓർഡർ ചെയ്‌തോളാം, ജോലി കിട്ടിയത് എനിക്കല്ലേ, നിനക്ക് വേണ്ടത് എന്താന്ന് പറഞ്ഞാൽ മതി,.. ”
“ജോലി കിട്ടിയതല്ലേ ഉള്ളൂ സാലറി കിട്ടിയില്ലല്ലോ !”
“പക്ഷേ എനിക്ക് വേണ്ടി മാത്രം അധ്വാനിക്കുന്ന എന്റെ കെട്ടിയോൻ കാർഡ് തന്നുവിട്ടിട്ടുണ്ടേ? കാര്യായിട്ട് അങ്ങ് മുടിപ്പിക്കാത്ത രീതിയിൽ നിനക്ക് എന്തും പറയാം !”
“അങ്ങനാണേൽ,.. എനിക്കൊരു അൽഫാം മതി !”
“ഓക്കേ,.. നീ വെയിറ്റ് ചെയ്യ് ഞാൻ ഓർഡർ ചെയ്തിട്ടു വരാം !”
നീതി തലയാട്ടി, ഋതിക എഴുന്നേറ്റു,.
*******
ഫുഡിനുള്ള ഓർഡർ കൊടുത്തു കാത്തു നിൽക്കുമ്പോഴാണ് ഋതിക ആ കാഴ്ച്ച കാണുന്നത്,..ഒരു ആൺകുട്ടിക്കൊപ്പം ഇഴുകിച്ചേർന്ന് നിയ,.
രാവിലെ കോളേജിലേക്കെന്നും പറഞ്ഞ് ഇറങ്ങിയവൾ ആണ്,..
“മാഡം യുവർ ഫുഡ്,… ” സപ്പ്ളയർ അവളെ വിളിച്ചു,..
“ആ,.. ” അവൾ ഫുഡ് വാങ്ങിച്ചു തിരിഞ്ഞതും അവർ കണ്ണിൽ നിന്നും മറഞ്ഞിരുന്നു,. അവൾക്ക് നല്ല നിരാശ തോന്നി,..
അരുണേട്ടനെ വിളിച്ചു പറയണോ? ഇനി കണ്ടത് അവളെയല്ലെങ്കിലോ തനിക്ക് തെറ്റ് പറ്റിയതാണെങ്കിലോ,.. കൂടെ ഉണ്ടായിരുന്ന ആൾ അവളുടെ സുഹൃത്ത് മാത്രം ആയിരുന്നെങ്കിലോ? എന്തായാലും വൈകുന്നേരം വീട്ടിലേക്ക് വരട്ടെ ചോദിച്ചു നോക്കാം,…
അവൾ നീതിയുടെ അടുത്തേക്ക് നടന്നു,..
“എന്താ ഇത്രേം ടൈം എടുത്തത്? ”
“സെർവ് ചെയ്തു തരണ്ടേ,.. ”
“മ്മ്,.. കൊണ്ടാ !”
ഋതു ട്രേ, ഫുഡ് കോർട്ടിലെ ടേബിളിലേക്ക് വെച്ചു,…
“നിനക്കെന്താ പറ്റിയെ, ആകെ വല്ലാതിരിക്കുന്നെ? ”
ഭക്ഷണം കഴിക്കാതെ ചിന്താമഗ്നയായി ഇരിക്കുന്ന ഋതുവിനോട് നീതി ചോദിച്ചു,…
“ഹേയ് ഒന്നുമില്ലെടി,.. എനിക്കെന്തോ കഴിക്കാൻ തോന്നണില്ല !”
“എന്റെ പൊന്നു ഋതു,.. നീ തന്നെയല്ലേ നിന്റെ കെട്ടിയോനെ മുടിപ്പിക്കാൻ പറ്റില്ല എന്ന് പറഞ്ഞത്,.. എന്നിട്ടിപ്പോ ഫുഡ് വേണ്ടന്നോ? മര്യാദക്ക് മൊത്തം കഴിച്ചോട്ടോ !”
നീതിയുടെ നിർബന്ധത്തിന് വഴങ്ങി അവൾ എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി,..
ഷോപ്പിങ്ങിലും അവൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല, കാരണം അവളുടെ മനസ്സിൽ നിറയെ നിയ ആയിരുന്നു,..
സൗഹൃദത്തിനപ്പുറം എന്തോ ഒരു വൈബ് തനിക്ക് അവരുടെ ഇടയിൽ ഫീൽ ചെയ്തിരുന്നു, അവർ തമ്മിൽ പ്രണയമാണെങ്കിൽ? നല്ലവനായിരിക്കുവോ അവൻ? അവൾ എങ്ങോട്ടേക്കായിരിക്കും അവനൊപ്പം പോയിട്ടുണ്ടാവുക? അങ്ങനെ ഒരു നൂറു ചോദ്യങ്ങൾ അവളുടെ മനസ്സിൽ പൊന്തി വന്നു,..
“എന്തോന്നാടി ആകെ മൂഡ്ഔട്ട്,.. ഫുഡ് ഓർഡർ ചെയ്യാൻ പോണ വരെ ഹാപ്പി ആയിരുന്നവൾ തിരികെ എത്തിയപ്പോൾ മൂഡ്ഓഫ് ആയതിന്റെ സീക്രെട് എന്താ? ആൽബിയെ എങ്ങാനും കണ്ടോ? ”
ആൽബിയെന്ന പേര് കേട്ടതും ഋതിക ഞെട്ടലിൽ നീതിയെ നോക്കി,..
“ആണോ അതാണോ പ്രശ്നം? ” നീതി ആകാംക്ഷയിൽ അവളെ നോക്കി,.
“ഹേയ് അതൊന്നുമല്ല, ഞാൻ മൂഡോഫും അല്ല,.. എനിക്കേ ഒരു തലവേദന പോലെ,.. !”
“തലവേദന വരാനെന്താ, ഹോസ്പിറ്റലിൽ പോണോ? ”
“അതൊന്നും വേണ്ട വീട്ടിൽ പോയി റസ്റ്റ് എടുത്താൽ മാറിക്കോളും !”
“എന്നാ വാ നമുക്ക് ഇറങ്ങാം !”
“മ്മ് !”
“അതേ ഈ വെയിലത്ത് സ്കൂട്ടിയിൽ പോയാൽ നിനക്ക് തലവേദന കൂടിയാലോ,.. ഞാനൊരു യൂബർ വിളിച്ചു തരട്ടെ,..
“ആ !”
“എങ്കിൽ ഒരു മിനിറ്റ് !”
നീതി യൂബർ ബുക്ക് ചെയ്തു,..
“ഹോസ്പിറ്റലിൽ പോണോ ഋതു? ” അവൾ വീണ്ടും ചോദിച്ചു,..
“കുഴപ്പമില്ല,. റസ്റ്റ് എടുത്താൽ മതി,.. ആ ദേ വണ്ടി വന്നു,.. നമ്പർ അത് തന്നെയല്ലേ? ”
“ആ, ഞാനും കൂടി വരാം !”
“വേണ്ട നീതി,. സ്കൂട്ടി എടുക്കാൻ പിന്നെ വരണ്ടേ,… ബുദ്ധിമുട്ടാകും, ഞാൻ പൊയ്ക്കോളാം !”
“എങ്കിൽ ബൈ,.. ടേക്ക് കെയർ !” നീതി അവളെ ഹഗ് ചെയ്തു,…
********
താൻ മാളിൽ വെച്ച് കണ്ടത് നിയയെ ആയിരിക്കല്ലേ എന്നവൾ പ്രാർത്ഥിച്ചു,..
അപ്പോഴാണ് ട്രാഫിക്ക് സിഗ്നലിൽ ബൈക്കിൽ അവനോട് ചേർന്നിരിക്കുന്ന നിയയെ അവൾ വീണ്ടും കാണുന്നത്,…
എന്തായാലും വൈകിട്ട് വീട്ടിലേക്ക് വരട്ടെ ചോദിക്കണം, നിന്നെ പഠിക്കാൻ കോളേജിൽ വിടുന്നത് കണ്ട ചെക്കന്മാർക്കൊപ്പം കറങ്ങിനടക്കാൻ വേണ്ടിയാണോ എന്ന്, താനവളുടെ ചേച്ചിയാണ്,.. ചോദിക്കാനുള്ള റൈറ്റ് തനിക്ക് ഉണ്ട്,..
**********
അവൾക്ക് ജോലി കിട്ടിയ വാർത്തയിൽ എല്ലാവരും സന്തോഷത്തിലായിരുന്നു, പക്ഷേ കരുണയുടെ മുഖത്ത് മാത്രം പ്രസാദമൊന്നും കണ്ടില്ല, ചിലപ്പോൾ അന്ന് താൻ ജോലിക്ക് പോണതിനെക്കുറിച്ച് തർക്കമുണ്ടായപ്പോൾ അച്ഛൻ വഴക്ക് പറഞ്ഞത് കൊണ്ടാവും,. സാരല്ല്യ,. മാറ്റമുണ്ടാകും,. അങ്ങനെ പ്രതീക്ഷിക്കാം,…
നിയ വീട്ടിൽ വന്നു കേറിയപ്പോൾ സമയം വല്ലാതെ ഇരുട്ടിയിരുന്നു,..
“ഇന്നെന്താ ഇത്രയും വൈകിയത്? ”
ശാരദ ചോദിച്ചു,..
“അത്,. ഇന്ന് സ്പെഷ്യൽ ക്ലാസ്സ് ഉണ്ടായിരുന്നു അതാ !” എത്ര കൂളായാണ് അവൾ കള്ളം പറയുന്നത്,. ഋതു മനസ്സിലോർത്തു,..
“അല്ല ഏടത്തിയുടെ ഇന്റർവ്യൂ എന്തായി? ” നിയ വിദഗ്ദമായി വിഷയം മാറ്റി,..
“പാസ്സായി !” ഋതിക ഗൗരവം വിടാതെ തന്നെ പറഞ്ഞു,…
“വൗ,.. അപ്പോൾ ചിലവുണ്ട്ട്ടോ !” അവൾ സന്തോഷം ഭാവിച്ചു ഋതികയെ കെട്ടിപ്പിടിച്ചു,..
ആദ്യമായി ഒരു അകൽച്ച ഋതികക്ക് അവളോട് തോന്നി,. വേറൊന്നും കൊണ്ടല്ല അവൾ കള്ളം പറഞ്ഞതിനാലാണ്,. താനും പല കള്ളങ്ങളും ഇതുപോലെ വീട്ടിൽ പറഞ്ഞിട്ടുണ്ട്,.. പക്ഷേ ഇന്ന് അതൊക്കെയോർത്ത് താൻ ഖേദിക്കുന്നുമുണ്ട്,..
ശാരദ അവൾക്ക് ലഡ്ഡു എടുത്തു നൽകി,..
“അയ്യേ, ഈ ലഡ്ഡു മാത്രേ ഉള്ളോ? ഇത് ചെറുതായിപ്പോയി ” അവളുടെ മുഖത്ത് പരിഭവം നിറഞ്ഞു,..
“തൽക്കാലം ഇതേ ഉള്ളൂ ബാക്കി പിന്നെ !” ഋതിക പറഞ്ഞു,..
“വാക്ക് മാറരുത് !”
“ഇല്ല,.. ”
“എന്നാൽ ഞാൻ പോയി ഫ്രഷ് ആയിട്ട് വരാം !”
നിയ തന്റെ മുറിയിലേക്ക് നടന്നു,.. ഋതികയും പിന്നാലെ ചെന്നു,..
“നിയ മോളേ, ഒരു മിനിറ്റ് !”
“എന്താ ഏടത്തി,.. ”
അവൾ നിയയ്‌ക്കൊപ്പം മുറിയിൽ കയറി കതക് ചാരി,..
“എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു !”
“എന്താ ഏടത്തി?”
“അത്,.. ” ഋതിക രണ്ടും കല്പിച്ചു നിയയെ മാളിൽ വെച്ച് കണ്ട കാര്യം ചോദിച്ചു,..
നിയയിൽ ഒരു പരിഭ്രമം ഉണ്ടായി,.
“പോയിരുന്നോ? ” ഋതികയുടെ ചോദ്യത്തിന് ഉറപ്പ് കൂടി,..
“ഹേയ് ഇല്ലാലോ, ഏട്ടത്തിക്ക് തോന്നിയതാവും,.. ” അവൾ പരുങ്ങലോടെ ഉത്തരം പറഞ്ഞു,.
താൻ ഉദ്ദേശിച്ചത് ശരിയാണ്, ആ പയ്യൻ ഇവളുടെ സുഹൃത്തല്ല, ആയിരുന്നെങ്കിൽ ഇവളിങ്ങനെ കള്ളം പറയില്ലല്ലോ,..
“എങ്കിൽ ഇതും എന്റെ തോന്നലാവും അല്ലേ? ” ഋതിക താൻ ഫോണിലെടുത്ത ഫോട്ടോ അവൾക്ക് നേരെ നീട്ടി,… നിന്ന നിൽപ്പിൽ ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് നിയയ്ക്ക് തോന്നി,..
“പറയ് ഇതും എന്റെ തോന്നലാണോ? സ്പെഷ്യൽ ക്ലാസ്സിലിരുന്ന നിന്നെ മാളിൽ വെച്ചും, ട്രാഫിക്ക് സിഗ്നലിൽ വെച്ചുമെല്ലാം കണ്ടത് എന്റെ തോന്നലാണെങ്കിൽ ഇതും എന്റെ തോന്നല് തന്നെയാവും,. ” ഋതികയുടെ ചോദ്യത്തിന് മുൻപിൽ അവൾ പതറി,.. ഏട്ടത്തി എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനി കള്ളം പറഞ്ഞിട്ട് കാര്യമില്ല,..
“ഏടത്തി ഇതൊന്നും അമ്മേനോടും അച്ഛനോടും ഏട്ടനോടും പറയരുത്,… ഞാൻ കാല് പിടിക്കാം !” കരഞ്ഞുകൊണ്ടവൾ ഋതുവിന്റെ കാലിൽ വീണു,..
“എന്താ ഇത്,… എണീക്ക്,.. ”
ഋതിക അവളെ പിടിച്ചെഴുന്നേല്പിച്ചു,…
“പ്ലീസ് ഏട്ടത്തി ! ഏട്ടനറിഞ്ഞാൽ എന്നെ കൊന്നു കളയും !”
“നീയെന്തിനാ നിയമോളെ ഇങ്ങനൊക്കെ ചിന്തിക്കുന്നത്,.. അരുണേട്ടനെ നിനക്കറിയാത്തത് കൊണ്ടാ !” അവൾ നിയയെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു,..
“എന്താ ഇവിടെ? ”
കരുണയുടെ ശബ്ദം കേട്ടതും നിയയും ഋതുവും പരസ്പരം നോക്കി,.. നിയ അപേക്ഷയോടെ അവളെ നോക്കി,. പ്രശ്നം കരുണയിലേക്ക് എത്തിക്കാത്തതാണ് നല്ലത് എന്ന് ഋതികയ്ക്കും തോന്നി,. കരുണ ഉള്ളിലേക്ക് കേറി വന്നു,.
“അത് ഒന്നൂല്ല കരുണേച്ചി,.. ” ഋതിക പറഞ്ഞു,..
“ഇത് ധ്യാൻ അല്ലേ? ” കട്ടിലിൽ കിടന്ന ഫോണിൽ തെളിഞ്ഞു നിന്ന ചിത്രത്തിലേക്ക് നോക്കി അവൾ ചോദിച്ചു,..
“അല്ലേ? ”
നിയ തലയാട്ടി,..
“നീയെന്തിനാ കരയുന്നത്? ” കരുണയുടെ ശബ്ദത്തിന് കടുപ്പമേറി,…
“അത് ഒന്നൂല്ല !ചേച്ചി ” ഋതിക ഇടയ്ക്ക് കേറി,..
“ഋതികയോട് ഞാൻ ചോദിച്ചില്ല,.. ”
ഋതിക തല താഴ്ത്തി,..
“അത് പിന്നെ ഏടത്തി !” നിയ വിക്കി,…
കരുണ ഫോൺ കയ്യിലെടുത്തു,…
“ഇത് ആരുടെ ഫോണാ? ”
“എന്റെയാ !” ഋതിക പറഞ്ഞു,..
“നീ പുതിയ ഫോണും വാങ്ങിച്ചോ? ”
“അത് അരുണേട്ടൻ,… ”
“മ്മ്,.. ഇതിലെങ്ങനെയാ ഈ ഫോട്ടോ വന്നത്? ”
“അത് !” ഋതിക നിയയെ നോക്കി,..
“അത് ഏടത്തി ട്രാഫിക് സിഗ്നലിൽ വെച്ച് എടുത്തതാ !” നിയ പറഞ്ഞു,.
കാര്യം കയ്യിൽ നിന്നും പോയെന്ന് ഋതുവിന് തോന്നി,.. കരുണേച്ചി അതിനെ നെഗറ്റീവ് ആയേ എടുക്കുള്ളു എന്നവൾക്ക് ഉറപ്പായിരുന്നു,.
“ഓ നിനക്ക് സി. ഐ. ഡിപ്പണിയും തുടങ്ങിയോ? ”
കരുണ ഋതികയെ നോക്കി ചോദിച്ചു,..
“കരുണേച്ചി ഞാനിത് ആരാണെന്ന് അറിയാത്തോണ്ട്,.. ”
“ഞാൻ പറഞ്ഞു തരാം ആരാണെന്ന്,.. ഇത് ധ്യാൻ,.. ധന്യയുടെ ബ്രദർ ആണ്,. കോളേജിൽ ഇവളുടെ സീനിയർ ആയിരുന്നു,. ഇനിയെന്തെങ്കിലും അറിയണോ? ”
“ഞാൻ വിചാരിച്ചത് !”
“ഇവര് തമ്മിൽ പ്രേമത്തിൽ ആണെന്നാണോ? ”
ഋതിക മിണ്ടിയില്ല,..
“ആയിരിക്കും,.. ഇനി ഇവര് തമ്മിൽ പ്രേമത്തിൽ ആണെന്ന് തന്നെ വെയ്ക്ക്,.. അത് ചോദിക്കാൻ നീയാരാ? ”
ഋതിക ഞെട്ടലിൽ കരുണയെ നോക്കി,..
“ഒരാളെ ഒരു കാര്യത്തിന് വഴക്ക് പറയാനോ ഉപദേശിക്കാനോ നിൽക്കുന്നുണ്ടെങ്കിൽ, ആ ചെയ്യുന്ന വ്യക്തിക്ക് അതിനുള്ള ഒരു മിനിമം യോഗ്യതയെങ്കിലും വേണം,.. നിനക്കെന്ത് യോഗ്യതയാ ഉള്ളത് ഇവളെ ചോദ്യം ചെയ്യാൻ ? ”
കരുണയുടെ വാക്കുകൾ അവളുടെ ഹൃദയത്തിൽ തറച്ചുകയറി,..
“മോളുടെ പൂർവകാല കഥകളൊന്നും ആരും മറന്നിട്ടില്ല എന്ന ബോധം എന്ന് ഇടയ്ക്കിടെ ഓർക്കുന്നത് നല്ലതാ,. എന്നിട്ട് വേണം ബാക്കിയുള്ളവരെ കുറ്റപ്പെടുത്താനും ഉപദേശിക്കാനുമൊക്കെ.. ”
കരുണ ഫോട്ടോ ഡിലീറ്റ് ചെയ്ത് ഫോൺ അവൾക്ക് നേരെ നീട്ടി,.. ഋതിക വിറയ്ക്കുന്ന കൈകളാൽ അത് വാങ്ങി,..
“നിയ വാ !” കരുണ നിയയുടെ കൈ പിടിച്ചു പുറത്തേക്ക് നടന്നു,. നിയ കുറ്റബോധത്തോടെ അവളെ തിരിഞ്ഞു നോക്കി,.
ഒന്നും മറന്നിട്ടല്ല, തനിക്ക് സംഭവിച്ചത് പോലെ നിയയ്ക്ക് സംഭവിക്കേണ്ട എന്ന് കരുതിയാണ് ചോദ്യം ചെയ്തത് അതിപ്പോൾ,.. നിയ അല്ല ആ സ്ഥാനത്ത് ശ്വേത ആണെങ്കിലും ശ്രീ ആണെങ്കിലും താൻ ഇതൊക്കെത്തന്നെയേ ചെയ്യൂ,.. ഋതികയുടെ മിഴികൾ നിറഞ്ഞൊഴുകി,..
*****
അരുൺ വന്നപ്പോൾ ഋതിക കിടക്കുകയായിരുന്നു,..
“എന്ത് പറ്റി,.. പതിവില്ലാതെ ഈ നേരത്തൊരു കിടപ്പ്? ”
“ചെറിയൊരു തലവേദന !” ഋതിക എണീറ്റിരുന്നു,.
അരുൺ അവളുടെ നെറുകിൽ തൊട്ട് നോക്കി,..
“ചൂടുണ്ടല്ലോ, അന്നത്തെ പനിയുടെ ബാക്കിയാവോ? ”
“ഹേയ് പനിയൊന്നും ഇല്ല അരുണേട്ടാ !” അവൾ പറഞ്ഞു,.
“പിന്നെന്താ കരഞ്ഞോ? ”
അവളുടെ വീർത്ത കൺപോളകൾ കണ്ട് അവൻ ചോദിച്ചു,..
“ഹേയ് ഇല്ലാലോ, സ്കൂട്ടിയിൽ പോയപ്പോൾ വെയില് കൊണ്ടില്ലേ, അതാ !”
പറഞ്ഞത് കള്ളമാണെന്ന് മനസിലായെങ്കിലും അരുൺ കൂടുതൽ ഒന്നും ചോദിച്ചില്ല,.. എന്തോ അവൾ തന്നിൽ നിന്നും മറയ്ക്കുന്നുണ്ട് പറയാൻ തോന്നുമ്പോൾ പറയട്ടെ,..
“എങ്കിൽ റസ്റ്റ് എടുത്തോ ! നാളെ ഓഫീസിൽ ജോയിൻ ചെയ്യേണ്ടതല്ലേ ? ”
“മ്മ് !” അവളവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു,..
“മൊത്തം വിയർപ്പാടോ !”
“സാരല്ല്യ !”
നിയയെക്കുറിച്ച് അവനോട് പറയണം എന്നുണ്ടായിരുന്നുവെങ്കിലും എങ്ങനെ പറയും താൻ, അതിനുള്ള ധൈര്യം തനിക്കില്ല,. കരുണേച്ചി എല്ലാവരുടെയും മുൻപിൽ വെച്ച് പഴയതെല്ലാം വിളിച്ചു പറഞ്ഞാൽ തന്നെക്കൊണ്ട് അതൊന്നും താങ്ങാൻ കഴിയില്ല,. നിയയോട് മാത്രമായി തനിക്ക് സംസാരിക്കാനാവും,,…
“ഈയിടെയായി തനിക്ക് എന്നോടിത്തിരി സ്നേഹം കൂടിയോ എന്നൊരു ഡൗട്ട്,.. ” അവൻ പറഞ്ഞു,…
അവൾ മറുപടി പറഞ്ഞില്ല,..
കരുണേച്ചി പറഞ്ഞ ഓരോ കാര്യങ്ങളും ഉള്ള് കൊത്തിപ്പറിക്കുകയാണ്,.. അരുണേട്ടനോടിങ്ങനെ ചേർന്നിരിക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസമുണ്ട്,… ഈ നെഞ്ചിന്റെ ചൂടിൽ എല്ലാം മറക്കാൻ തനിക്ക് പറ്റും എന്നവൾക്ക് ഉറപ്പായിരുന്നു,.
********
രാവിലെ കരുണയെ ഫേസ് ചെയ്യാൻ അവൾക്ക് ബുദ്ധിമുട്ട് തോന്നി,..
നിയയ്ക്ക് ഋതികയെയും,..
അച്ഛന്റെയും അമ്മയുടെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി ഋതിക തന്റെ ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു,…
ഒരു മാസത്തെ ട്രെയിനിങ് പീരീഡ് അവൾ വിജയകരമായി പൂർത്തിയാക്കി,.. എ എസ് എൽ പ്രൈവറ്റ് ലിമിറ്റഡ്ന്റെ അസിസ്റ്റന്റ് ഫിനാൻസ് മാനേജർ ആയി അവൾ ചുമതലയേറ്റു,. ഈ കാലയളവിൽ അരുണുമായുള്ള ബന്ധവും കൂടുതൽ ശക്തി പ്രാപിച്ചു,..
“ഋതികയ്ക്ക് നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ടല്ലോ,.. ഇനി ഒരു സിറ്റിങ് കൂടി,.. അത് തന്നെ ധാരാളം,.. ” ഡോക്ടർ മെറീന പറഞ്ഞു,.
“താങ്ക് യൂ സോ മച്ച് ഡോക്ടർ ! എത്ര നന്ദി പറഞ്ഞാലും മതിയാവില്ല !അരുൺ തന്റെ കൃതജ്ഞത അറിയിച്ചു,..
“ഞാനെന്റെ ഡ്യൂട്ടി അല്ലേ അരുൺ ചെയ്യുന്നുള്ളൂ,.. അതെനിക്ക് എളുപ്പമാക്കിത്തീർത്തത് തന്റെ ഭാര്യ തന്നെയാ, ആരോടും തുറന്ന് പറയാതെ, അവൾ പോലുമറിയാതെ അവളുടെ ഉള്ളിലൊളിപ്പിച്ചു വെച്ച തന്നോടുള്ള സ്നേഹമാണ് !”
അരുണിന്റെ മനസ്സ് നിറഞ്ഞു,..
“ആ സ്നേഹം ഋതു എല്ലാ അർത്ഥത്തിലും അധികം വൈകാതെ അവൾ തിരിച്ചറിയട്ടെ എന്ന് മാത്രം ഞാൻ ആശംസിക്കുന്നു !”
അരുൺ പുഞ്ചിരിച്ചു,.
*******
“ഡോക്ടർ എന്താ പറഞ്ഞത്? ” ബുള്ളറ്റിൽ അവനോട് ചേർന്നിരിക്കുമ്പോൾ ഋതിക ചോദിച്ചു,…
“ഇനി ഒരു സിറ്റിങ് കൂടി മതിയെന്ന് !”
“നമുക്ക് കുറച്ചു കൂടി മുൻപ് ഡോക്ടറെ കൺസൾട്ട് ചെയ്യാരുന്നുല്ലേ? ” അവൾ ചോദിച്ചു,..
“മ്മ്മ് !” അരുണിനും അത് ശരിയായിരുന്നു എന്ന് തോന്നി,.
*******
“എന്തൊക്കെയാരുന്നു നീ പറഞ്ഞത്, അരുണും അവളും സമാധാനമായി ജീവിക്കില്ല,.. എന്നിട്ട് കണ്ടില്ലേ, എന്തായിരുന്നു ഇന്ന് …”
രാകേഷ് ഗ്ലാസ്സിലേക്ക് മദ്യം പകർന്ന് അവന് നേരെ നീട്ടി,..
ആൽബിയുടെ കണ്ണിൽ എരിയുന്ന പക രാകേഷിനെ കുറച്ചു കൂടി ആവേശം കേറ്റി,.
“അധികം വൈകാതെ നീ കേക്കും അരുണിന് നിന്റെ കാമുകിയിൽ ഒരു കുഞ്ഞ് ഉണ്ടായെന്ന് അന്നും, നീ ഇതുപോലെ ഒരു കുപ്പി പൊട്ടിച്ചു ആഘോഷിക്കണം,.. ”
ആൽബി മദ്യഗ്ലാസ്സ് നിലത്തേക്ക് വലിച്ചെറിഞ്ഞു,…
“നിർത്ത്, ഇനി നീയൊന്നും പറയണ്ട,. ”
“ആടാ, എന്റെ വായടപ്പിക്ക്,. നിന്നെക്കൊണ്ട് പറ്റില്ലെങ്കിൽ പറ,.. ഞാൻ കൊണ്ട് വന്നു തരും,.. അവളെ,.. ഋതികയെ,.. നിന്റെ കാമുകിയെ നിനക്ക് മുൻപിൽ !”
ആൽബി വിശ്വസിക്കാനാവാതെ അവനെ നോക്കി,..
“വിശ്വാസമാവുന്നില്ലേ? നീ എനിക്ക് വെറും 7 ദിവസം മാത്രം സമയം താ അതിനുള്ളിൽ ഋതിക എത്തും നിന്റെ കാൽച്ചുവട്ടിൽ,.. അരുണിന് കണ്ട് നിൽക്കേണ്ടി വരും നിസഹായനായി,.. എന്താ വേണോ? ”
രാകേഷ് ആൽബിയുടെ മറുപടിക്കായി കാത്തു,..
(തുടരും )
അനുശ്രീ ചന്ദ്രൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission