ഒരിക്കലൊരിടത്ത്… അങ്ങനെ പറഞ്ഞു തുടങ്ങുന്ന കഥകളല്ലേ എന്റെ കൊച്ചു കൂട്ടുകാർ കൂടുതലും കേട്ടിട്ടുള്ളത്…?
അതുകൊണ്ട് ഇവിടെ അന്ന ആന്റി എഴുതുന്ന കഥയും അങ്ങനെ തന്നെ തുടങ്ങാം…
ഒരിക്കൽ കൂത്താട്ടുകുളമെന്ന് പേരുള്ള ഒരു സ്ഥലത്ത് അമ്മുവെന്നും, അക്കുവെന്നും പേരുള്ള രണ്ട് കുട്ടിക്കുറുമ്പികൾ ഉണ്ടായിരുന്നു. അവരുടെ അമ്മ ഒരു ദിവസം അവരെയും കൊണ്ട് പുറത്ത് കടയിൽ സാധനങ്ങൾ വാങ്ങാനായ് പോയി.
ഈ ലോക്ക് ഡൗണോക്കെ വരും മുൻപാണേ…
വീട്ടിലേയ്ക്ക് അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ ഒക്കെ കൊട്ടയിലിട്ട് ബില്ല് അടിക്കുന്ന ഭാഗത്തേയ്ക്ക് അമ്മ നടന്നു.
അതുവരെ വളരെ അച്ചടക്കത്തോടെ നിന്നിരുന്ന കുട്ടികൾ അവരുടെ അമ്മയെ തോണ്ടാനും അമ്മയുടെ സാരിയിൽ പിടിച്ചു വലിക്കാനും ഒക്കെ തുടങ്ങി ..
അമ്മയ്ക്ക് അവരുടെ ആവശ്യം മനസ്സിലായി അവർക്ക് മിഠായി വേണം… അമ്മ അവരുടെ ഇഷ്ട മിഠായി രണ്ടെണ്ണമെടുത്ത ശേഷം ബില്ല് കൗണ്ടറിൽ വെച്ചു… അപ്പോൾ അവർക്ക് “ആ മിഠായിയിൽ ” അല്ലായിരുന്നു ആവശ്യം..
ചെറിയ കളിപ്പാട്ടവും ഒപ്പം കിട്ടുന്ന പരസ്യത്തിൽ കാണുന്ന മിഠായി വേണമെന്ന് അവർ അമ്മയോട് ആവശ്യപ്പെട്ടു.
” മക്കളെ ആ മിഠായി വാങ്ങാൻ കൂടുതൽ പണം വേണം, മറ്റു സാധനങ്ങൾ വാങ്ങാൻ പൈസ തികയാതെയും വരും.” അമ്മ അവരോട് പറഞ്ഞു.
“നല്ലമ്മ, പൊന്നമ്മ
ഞങ്ങളുടെ അമ്മ…
മക്കൾക്ക് വേണ്ടതെല്ലാം
വാങ്ങി നൽകും അമ്മ..”
അമ്മയെ പാട്ട് പാടിയവർ പാട്ടിലാക്കി.
അങ്ങനെ അമ്മ അവർക്ക് ആ മിഠായി വാങ്ങിക്കൊടുത്തു. തിരികെ വീട്ടിലെത്തിയ അവർ അത് തുറന്ന് നോക്കി… ചെറിയൊരു കളിപ്പാട്ടവും ഒപ്പം വളരെ കുറച്ച് മാത്രം ചോക്ലേറ്റുമായിരുന്നു അതിലുണ്ടായിരുന്നത്. എങ്കിലും കളിപ്പാട്ടം കിട്ടിയ സന്തോഷത്തിൽ അവർ തുള്ളിച്ചാടി. കുറച്ച് നേരം അതുമായി കളിച്ച അവർ, പിന്നെ അത് ഉപേക്ഷിച്ചു..
പിറ്റേ മാസവും സാധനങ്ങൾ വാങ്ങാൻ അമ്മ അക്കുവിനെയും, അമ്മുവിനെയും കൂടെ കൊണ്ട് പോയി. ഇത്തവണയും അവർ ആ കളിപ്പാട്ട മിഠായി കിട്ടാനായി പാട്ട് പാടി.
“നല്ലമ്മ, പൊന്നമ്മ
ഞങ്ങളുടെ അമ്മ…
മക്കൾക്ക് വേണ്ടതെല്ലാം
വാങ്ങി നൽകും അമ്മ..”
എന്നാൽ ഈ തവണ അമ്മ തിരിച്ചു പാട്ട് പാടി കൊടുത്തു..
“അമ്മ കുരുന്നുകളെ
നന്മ കുരുന്നുകളെ
അനുസരണ കുരുന്നുകളെ
ഈ മിഠായി നമുക്കിനി വേണ്ട “…
എന്നാൽ അവർ അതിനായി നിർബന്ധം പിടിച്ചു.
“കളിപ്പാട്ടം ഉണ്ടമ്മേ”
” നല്ല മിഠായിയാണമ്മേ”
അങ്ങനെ ഓരോന്നും പറഞ്ഞു വഴക്ക് തുടങ്ങി.
“അയ്യേ… ചീത്ത കുട്ടികൾ ആവല്ലേ…
ഈ മിഠായി ഒരിക്കൽ അമ്മ വാങ്ങി തന്നതല്ലേ.. അത്രയും രൂപ മുടക്കി അത് വാങ്ങി അതിലെ കളിപ്പാട്ടം കൊണ്ട് കളിക്കുന്നതിലും സന്തോഷമുള്ള കാര്യം അമ്മ നിങ്ങൾക്ക് പറഞ്ഞു തരാം… ”
അമ്മ അവർക്കായി ഓരോ ചെറിയ കുടുക്കകൾ വാങ്ങി നൽകി.
രണ്ട് പേരുടെയും കൈയിൽ അന്ന് വാങ്ങിക്കാൻ ഇരുന്ന മിഠായിയുടെ പൈസ കൊടുത്തു കുടുക്കയിൽ ഇടുവിച്ചു.
അന്നത്തെ ദിവസം മക്കൾക്ക് അത്ര സന്തോഷം ഒന്നും തോന്നിയില്ല…
എന്നാൽ അവർ ചെയ്യുന്ന ഓരോ നല്ല കാര്യത്തിനും അമ്മയും അച്ഛനും അവർക്ക് പൈസ നൽകാൻ തുടങ്ങി അവർ അത് തങ്ങളുടെ കുടുക്കയിൽ നിക്ഷേപിച്ചും തുടങ്ങി…
കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ ആ കുടുക്കകൾ നിറഞ്ഞു.
അച്ഛനും, അമ്മയും ആ കുടുക്കകൾ പൊട്ടിച്ചു. അതിലുണ്ടായിരുന്ന പൈസ കൊണ്ട് കുറേ മിഠായികളും ബിസ്ക്കറ്റുകളും വാങ്ങി മക്കളെയും കൂട്ടി ഒരു സ്ഥലത്ത് പോയി..അവിടെ നിറയെ അമ്മുവിനെയും അക്കുവിനെയും പോലെയുള്ള കുട്ടികൾ ആയിരുന്നു..
അവർക്ക് മധുരം പങ്ക് വെക്കുകയും അവർക്കൊപ്പം കളിക്കുകയും ഒക്കെ ചെയ്തപ്പോൾ അമ്മുവിനും, അക്കുവിനും ഒരുപാട് സന്തോഷമായി… അവിടെ നിന്നും തിരിച്ചു പോരാൻ വരെ മടിയായിരുന്നു..
തിരികെ പോരും വഴി അമ്മയും അച്ഛനും പറഞ്ഞു കൊടുത്തു അവിടെ കണ്ട കുട്ടികൾക്ക് ഒന്നും ആരുമില്ല… അവരെ പോലെ ഒരുപാട് കുട്ടികളും മുതിർന്നവരും ഉണ്ട് ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ ഇല്ലാത്തവർ…
നമ്മൾ അനാവശ്യമായി കളയുന്ന പൈസ കൊണ്ട് ഒരു നേരത്തെ ആഹാരം അവർക്ക് നൽകാൻ പറ്റിയാൽ…
ബാക്കി പറയാതെ തന്നെ കുട്ടികൾക്ക് കാര്യം മനസ്സിലായി. പിന്നീട് ഒരിക്കലും അവർ ഒന്നിന് വേണ്ടിയും വാശി പിടിച്ചിട്ടില്ല.
രചന : അന്ന ബെന്നി
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission