പിറ്റേന്ന് രാവിലെ സ്കൂളിലേക്ക് പോവാൻ മടിയായിരുന്നു. മനസ്സിലൊരു വടംവലി നടക്കുകയായിരുന്നു. അപ്പോഴത്തെ സാഹചര്യത്തിൽ, അമ്മയുടെ വാക്കുകളിൽ മനസ്സ് പതറിപ്പോയതാണ്. കടമകളും കടപ്പാടുകളും വീണ്ടും മനസ്സിനെ ബന്ധനത്തിലാക്കുമെന്ന് കരുതിയതല്ല…പക്ഷേ…
അപ്പോഴും മനസ്സിൽ ന്യായീകരണങ്ങളും എത്തികൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.
അമ്മയുടെ കണ്ണീരിനും യാചനക്കും മുൻപിൽ കീഴടങ്ങിപ്പോയത് ആത്മാഭിമാനം ഇല്ലാതിരുന്നതു കൊണ്ടല്ല, മറിച്ചു അച്ഛന്റെ മരണശേഷം തങ്ങളെ പോറ്റി വലുതാക്കാൻ അമ്മ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് ഓർമ്മയുള്ളത് കൊണ്ടാണ്, തന്റെ തീരുമാനം അമ്മയ്ക്ക് സമാധാനം നല്കുന്നുവെങ്കിൽ ആവട്ടെ എന്ന് കരുതിയാണ്. ഇനിയും ഒരായിരം വട്ടം ഈ സാഹചര്യം ആവർത്തിച്ചാലും തന്റെ തീരുമാനം ഇതു തന്നെയാവും. സ്നേഹത്തിനു മുൻപിൽ തോറ്റു പോയിട്ടേയുള്ളൂ എന്നും…
പക്ഷേ മനസ്സിൽ ആകുലതകൾ ഏറെയാണ്. വീണ്ടുമൊരു ദാമ്പത്യ ജീവിതത്തിന് മനസ്സ് പാകപ്പെടുമോ എന്നറിയില്ല…
മനുവേട്ടന്റെ തടവിൽ നരകിക്കുമ്പോഴും സ്നേഹിച്ചവരെ ആരെയും ശപിച്ചിട്ടില്ല. ശിവേട്ടനെ പോലും.അവസാനനിമിഷത്തിൽ പ്രണയം പറഞ്ഞു ചെന്നപ്പോൾ കടമയും കടപ്പാടുകളും തന്നെയാവും ആ മനസ്സിനെയും ബന്ധിച്ചിട്ടുണ്ടാവുക. എല്ലാവരും തന്റെ നന്മയെ ആഗ്രഹിച്ചിട്ടുണ്ടാവൂ എന്ന ബോധ്യമുണ്ടായിരുന്നു. മനുശങ്കർ എന്ന ഭർത്താവ് മികച്ചൊരു നടനാണെന്ന് എന്നേ മനസ്സിലായതാണ്. ആരൊക്കെ, എങ്ങിനെയൊക്കെ അന്വേഷിച്ചിരുന്നെങ്കിലും അയാളുടെ മനസ്സിലെ ഇരുട്ട് കണ്ടെത്താനാവില്ലായിരുന്നു. പെറ്റമ്മയ്ക്കു പോലും കുറച്ചെങ്കിലും മനസ്സിലായത് താൻ ആ ജീവിതത്തിൽ എത്തിപ്പെട്ടപ്പോഴാണ്. പാവം തന്നെ ഓർത്തു ഒരുപാട് മനസ്സുരുക്കിയിട്ടുണ്ട്. അമ്മയുടെ പേരിലുണ്ടായിരുന്ന ഭാരിച്ച സ്വത്തുവകകളായിരുന്നു കുറച്ചെങ്കിലും അയാളെ അവർക്ക് മുൻപിൽ അടക്കി നിർത്തിയിട്ടുള്ളത്. ഒരു ചില്ലിക്കാശ് പോലും താൻ തൊടില്ലെന്ന് അറിയാമായിരുന്നിട്ടും അതു മുഴുവൻ തന്റെ പേരിലേക്ക് ആക്കിയത് അമ്മയുടെ പ്രായശ്ചിത്തമായിരുന്നു. ആ വീട്ടിലെ ഒരു നൂലിഴ പോലും എടുക്കാതെയാണ് അവിടെ നിന്ന് ഇറങ്ങിയത്. വിനുവേട്ടനിൽ നിന്നും അമ്മയിൽ നിന്നും ഉണ്ടായേക്കാവുന്ന ചോദ്യങ്ങൾക്ക് ഉത്തരം റെഡി ആക്കിവെച്ചിരുന്നെങ്കിലും തന്നെ തേടിയെത്താത്ത ആ ചോദ്യങ്ങൾ ആശ്വാസം തന്നെയായിരുന്നു.
തന്റെ വേദനയും കണ്ണീരുമാണ് മനുശങ്കറിന്റെ ലഹരിയെന്നു മനസ്സിലാക്കി തുടങ്ങിയത് മുതൽ സത്യത്തിൽ അയാളുടെ മുൻപിൽ താൻ വിജയിച്ചു തുടങ്ങുകയായിരുന്നു. കണ്ണീരിന്റെ അകമ്പടിയില്ലാതെ, തന്റെ നിർവികാരത അയാളെ മടുപ്പിച്ചു തുടങ്ങിയിരുന്നു…
ശിവേട്ടനോളം തന്നെ സ്നേഹിക്കാനും മനസ്സിലാക്കാനും മറ്റാർക്കും കഴിയില്ലയെന്നറിയാം. ശരീരത്തിലെ മുറിപ്പാടുകൾ മാഞ്ഞെങ്കിലും മനസ്സിൽ നിന്ന് അത് മായ്ക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. മറ്റുള്ളവരിൽ നിന്ന് ഉണ്ടായേക്കാവുന്ന വാക്കുകളാവുന്ന കൂരമ്പുകളല്ല തന്നെ അസ്വസ്ഥയാക്കുന്നത്. മറിച്ചു ആ സ്നേഹത്തോടു നീതി പുലർത്താനാവുമോ എന്ന സംശയമാണ്…
സ്കൂളിൽ എത്തിയപ്പോഴേക്കും സ്റ്റാഫ് റൂമിൽ എല്ലാവരും ഉണ്ടായിരുന്നു.എല്ലാവരെയും വിഷ് ചെയ്തു സീറ്റിലേക്കിരിക്കുമ്പോൾ ഇടം കണ്ണാലെ അമല കണ്ടു തൊട്ടടുത്തിരിക്കുന്ന ആളുടെ ഗൗരവത്തിന് ഒരു കുറവുമില്ലെന്ന്…
അമ്മയുടെ അസുഖവിവരം തിരക്കിയവരോട് മറുപടി പറയുമ്പോഴും ആരും കല്യാണക്കാര്യം അറിഞ്ഞിട്ടില്ലെന്നത് ആശ്വാസമായി തോന്നി അമലയ്ക്ക്..
പതിവ് പോലെ തന്നെയുള്ള അശ്വതിയുടെയും ശിവനന്ദന്റെയും പെരുമാറ്റത്തിൽ അമലയുടെ മനസ്സ് അസ്വസ്ഥമായി തുടങ്ങിയിരുന്നു. ലഞ്ച് കഴിക്കുമ്പോഴും അവർ രണ്ടു പേരും അടുത്തടുത്താണ് ഇരുന്നത്.നോക്കരുതെന്ന് കരുതിയിട്ടും അനുസരണയില്ലാതെ അമലയുടെ കണ്ണുകൾ ഇടയ്ക്കിടെ അവരിലെത്തുന്നുണ്ടായിരുന്നു.
“അല്ല, നമ്മുടെ ഹബീബ് മാഷിന്റെ അനിയത്തിയുടെ കല്യാണം മറ്റന്നാളല്ലേ. നാളെ അവിടെ വരെ ഒന്ന് പോവണ്ടേ ”
വിമല ടീച്ചറുടെ ചോദ്യമാണ് അമലയെ ഉണർത്തിയത്.
ഹബീബ് മാഷിന്റെ ഇളയ സഹോദരിയുടെ കല്യാണമാണ്, മാഷ് ഒരാഴ്ചയായി ലീവിലാണ്.
അതിനെപ്പറ്റിയുള്ള ചർച്ചക്കിടയിൽ ശിവനന്ദൻ പറഞ്ഞു.
“അമല ടീച്ചറും അശ്വതിയും എന്റെ കൂടെ അവിടേക്കെത്തും.. ”
അമലയെ ഒന്ന് നോക്കി ശിവൻ തുടർന്നു.
“എല്ലാവരോടും ഒരു കാര്യം കൂടെ പറയാനുണ്ട്. വരുന്ന മാസം രണ്ടാം തിയ്യതി എന്റെയും അമല ടീച്ചറുടെയും
വിവാഹമാണ് ”
ഒരു നിമിഷം ആരും ഒന്നും മിണ്ടിയില്ല. തന്റെ നേർക്കെത്തുന്ന നോട്ടങ്ങളെ ഒരു വിളറിയ ചിരിയോടെ അമല നേരിട്ടു . അശ്വതിയിൽ ഭാവഭേദമൊന്നുമുണ്ടായില്ല എന്നത് അമലയെ ആശ്ചര്യപ്പെടുത്തി. പെട്ടന്ന് കഴിച്ചു മതിയാക്കി അവൾ പുറത്തേക്കിറങ്ങി.കുറച്ചു കഴിഞ്ഞു തിരികെ സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോൾ ശിവനന്ദൻ എതിരെ വരുന്നുണ്ടായിരുന്നു.
“എന്താ അമല ടീച്ചറെ, തീരുമാനത്തിൽ മാറ്റം വല്ലതുമുണ്ടോ, ഈ പെണ്ണുപിടിയനെ വേണ്ടാന്ന് വെയ്ക്കാൻ ഇനിയും സമയം വൈകിയിട്ടില്ല ”
അമല ഒന്നും പറയാതെ അവനെ നോക്കി.
“വാക്കുകൾ കൊണ്ടു എന്റെ മനസ്സും മുറിയും അമല… ”
പറഞ്ഞിട്ട് ശിവൻ നടന്നു പോയപ്പോഴും ഒരു നിമിഷം അമല അവിടെ തന്നെ നിന്നുപോയി. മനപ്പൂർവം വിളിച്ചു പറഞ്ഞതൊക്കെ ആ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചെന്ന് അറിയാമായിരുന്നു.. എങ്കിലും…
വൈകുന്നേരം സ്കൂളിൽ നിന്ന് തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ പലവട്ടം അമല ആ ബൈക്കിന്റെ ശബ്ദത്തിന് കാതോർത്തെങ്കിലും കേട്ടില്ല.
അത്യാവശ്യമായി കുറച്ചു സാധനങ്ങൾ വാങ്ങാനുള്ളത് കൊണ്ടാണ് രാവിലെ അമല ടൗണിൽ പോയത് .തിരികെ ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് വായനശാലയ്ക്കരികെ ബൈക്കിൽ ഇരുന്നു ആരോടോ സംസാരിക്കുന്ന ആളെ കണ്ടത്.അടുത്തെത്തിയപ്പോൾ ശിവൻ അവളെ ഒന്നു നോക്കിയെങ്കിലും ഒന്നും സംസാരിച്ചില്ല. ചെമ്പകശ്ശേരിയിലേക്കു എത്താനായപ്പോൾ പുറകിൽ ബൈക്കിന്റെ ശബ്ദം കേട്ടു. ഇത്തിരി മുൻപോട്ടായാണ് നിർത്തിയത്. അരികിൽ എത്തിയതും ആ ശബ്ദം കേട്ടു.
“അമല വൈകുന്നേരം റെഡി ആയി നിന്നോളൂ ഹബിയുടെ വീട്ടിൽ പോകാൻ, ഞാൻ വിളിക്കാം ”
അമല തലയാട്ടിയപ്പോഴേക്കും ആൾ വണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു. ചെമ്പകശ്ശേരിയിലെ ഗേറ്റിനുള്ളിലേക്ക് മറയുവോളം അവളുടെ കണ്ണുകൾ അവനിലായിരുന്നു. ശിവേട്ടനോടുള്ള പ്രണയം മനസ്സിൽ നിറയുമ്പോഴും ആ ജീവിതത്തോട് ചേരാൻ പേടിയാണ് ഇപ്പോഴും.
വേണി നിർബന്ധിച്ചിട്ടും നേരിയ കസവു കരയുള്ള കോട്ടൺ സാരിയെ ഉടുക്കാൻ കൂട്ടാക്കിയുള്ളൂ.പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളാൻ മനസ്സിനെ ഇനിയും പാകപ്പെടുത്തേണ്ടതുണ്ട്…
ശിവേട്ടൻ പറഞ്ഞതനുസരിച്ച് ബസ് സ്റ്റോപ്പിൽ കാത്തു നിന്നു. സമയത്തിന് തന്നെ കാർ അരികിൽ എത്തി .തന്നെ അടിമുടി നോക്കിയ ആളുടെ നോട്ടം നെറ്റിയിലെത്തി നിന്നതും ആ മുഖത്തെ അതൃപ്തി അമല കണ്ടു. ശിവനന്ദനരികെ ഇരിക്കുന്ന അശ്വതിയെ നോക്കി പുഞ്ചിരിച്ചു അമല ബാക്ക് സീറ്റിൽ കയറി ഇരുന്നു. കുറച്ചു സമയം ആരും ഒന്നും സംസാരിച്ചില്ല. ഇടയ്ക്കെപ്പോഴോ അശ്വതി ശിവനോട് സംസാരിക്കുന്നത് കേട്ടെങ്കിലും അമല അത് ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കിയിരുന്നു. അവൾ ശിവനെ നോക്കിയതേയില്ല.
കല്യാണവീട്ടിൽ തിരക്കുകൾ തുടങ്ങിയിരുന്നു. മറ്റുള്ള ടീച്ചേഴ്സും ഓഫീസ് സ്റ്റാഫും എത്തിയിരുന്നു. എല്ലാവരും ഒരുമിച്ചാണ് കയറിയത്. ഹബീബ് മാഷ് അവരെ സ്വീകരിച്ചു അകത്തേക്കിരുത്തി.ഭക്ഷണം ഒക്കെ കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോഴേക്കും കൂടെയുള്ളവരൊക്കെ യാത്ര പറഞ്ഞു തുടങ്ങി. അമലയുടെ കണ്ണുകൾ നാലു പാടും തിരക്കിയെങ്കിലും അശ്വതിയെയും ശിവനന്ദനെയും എവിടെയും കണ്ടില്ല.
അശ്വതി സ്റ്റെയർകേസ് കയറി പോവുന്നത് കണ്ടെന്നു ആരോ പറഞ്ഞത് കേട്ടാണ് അമല മുകളിലെത്തിയത്.അവിടെയും ഇവിടെയും
നിന്ന് സംസാരിക്കുന്ന സ്ത്രീകളെ അല്ലാതെ വേറെ ആരെയും കണ്ടില്ല. ബാൽക്കണിയിൽ നിന്ന് തിരികെ നടക്കുമ്പോഴാണ് ഒരു ചിരി അമലയുടെ ചെവിയിൽ എത്തിയത്. ബാൽക്കണിക്കപ്പുറം ടെറസിലേക്ക് എത്തി നോക്കിയപ്പോഴാണ് മങ്ങിയ വെളിച്ചത്തിൽ രണ്ടു രൂപങ്ങളെ കണ്ടത്. ഹബീബ് മാഷിന്റെ കൈക്കുള്ളിൽ അശ്വതി…
ഞെട്ടൽ തീരും മുൻപേ രണ്ടു കരങ്ങൾ അമലയെ പുറകോട്ട് വലിച്ചു..
ശിവേട്ടൻ…
“മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നത് അത്ര നല്ല സ്വഭാവമല്ല . ”
“ഞാൻ ഒളിഞ്ഞു നോക്കിയതൊന്നുമല്ല.. ”
“പിന്നെ…? കാഴ്ച്ച കണ്ടു നില്ക്കുകയായിരുന്നോ താൻ? ”
അമല മിണ്ടിയില്ല. ശിവൻ അവളെ നോക്കി.
“താൻ ഇങ്ങോട്ട് കയറി വരുന്നത് കണ്ടിട്ട് തന്നെയാണ് ഞാൻ പുറകെ വന്നത് ”
“അശ്വതിയും ഹബീക്കയും..? ”
അറിയാതെ അമല ചോദിച്ചു പോയി.
“ഭാര്യാഭർത്താക്കന്മാരാണ്….. ”
പകച്ചു നിൽക്കുന്ന അമലയെ നോക്കാതെ തിരിഞ്ഞു നടന്നു കൊണ്ടു ശിവൻ പറഞ്ഞു.
“വാ താഴേക്ക് പോകാം, അവർ വന്നോളും ”
ശിവൻ പിറകെ പന്തലിൽ എത്തിയപ്പോഴും കണ്ട കാഴ്ച്ചയിൽ ഉടക്കി നിൽക്കുകയായിരുന്നു അമലയുടെ മനസ്സ്.
കുറച്ചു കൂടെ കഴിഞ്ഞാണ് അശ്വതി അവർക്കരികെ എത്തിയത്. അവളുടെ തുടുത്ത മുഖവും തിളങ്ങുന്ന കണ്ണുകളും നേരത്തെ ശിവൻ പറഞ്ഞ വാക്കുകൾ അമലയെ ഓർമിപ്പിച്ചു. ഹബീബ് മാഷിനോട് യാത്ര പറയുമ്പോഴും രണ്ടു പേരുടെയും കണ്ണുകളിലെ പ്രണയം അമല തിരിച്ചറിയുന്നുണ്ടായിരുന്നു.
ഒരിക്കലും ഊഹിക്കാൻ കൂടി കഴിഞ്ഞിട്ടില്ല. രണ്ടുപേരും എപ്പോഴും അടിയായിരുന്നു. പരസ്പരം ഇഷ്ടമില്ലാത്ത രീതിയിലേ പെരുമാറുന്നത് പോലും കണ്ടിട്ടുള്ളൂ.. എന്നിട്ടും….
അശ്വതിയോട് ശിവേട്ടൻ എന്തോ പറയുന്നത് അമല കണ്ടിരുന്നു. പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് വണ്ടിയുടെ കീ അശ്വതിയുടെ കൈയിൽ കൊടുത്തു പറയുന്നത് കേട്ടത്.
“നിങ്ങൾ കാറിനടുത്തേക്ക് നടക്ക് , ഞാനിപ്പോൾ വരാം ”
അശ്വതിയോടൊപ്പം കാറിനടുത്തേക്ക് നടക്കുമ്പോഴും ഒന്നും സംസാരിച്ചില്ല. അശ്വതി ബാക്ക് ഡോർ തുറന്നു കയറി ഇരുന്നത് കണ്ടു അമല സംശയിച്ചു നിന്നു.
“നാടകം ഒക്കെ തീർന്നില്ലേ, ഇനി മുൻപിൽ കയറിയങ്ങിരുന്നോ,അധികാരത്തോടെ ”
ചിരിയോടെ അശ്വതി പറഞ്ഞത് കേട്ട് അമല കാറിൽ കയറി ഇരുന്നു.
“ഒരിക്കൽ നന്ദേട്ടനെ ഞാനും സ്നേഹിച്ചിരുന്നു അമല, അത് നിനക്കുമറിയാവുന്നതാണ്. പക്ഷേ പ്രേമവും പറഞ്ഞു ചെന്ന എന്നെ അങ്ങേര് ചീത്ത പറഞ്ഞു ചെവി പൊട്ടിച്ചു തിരിച്ചയച്ചു. കൂടെ ഒരു പ്രഖ്യാപനവും അമലയ്ക്ക് മാത്രമേ ആ മനസ്സിൽ സ്ഥാനമുള്ളൂവെന്ന്. ദേഷ്യവും അസൂയയുമായിരുന്നു നിന്നോട്, മനസ്സ് നിറയെ. ആരോടും പറയാനാവാതെ നീറിയ മനസ്സിനെ ആശ്വസിപ്പിക്കാൻ ഒരു നല്ല സുഹൃത്തായി എത്തിയതായിരുന്നു ഹബിക്ക. പിന്നീടെപ്പോഴോ അത് പ്രണയത്തിലേക്ക് വഴി മാറി. ആരും കൂടെയുണ്ടാവില്ലെന്നറിഞ്ഞിട്ടും പിരിയില്ലെന്ന് മനസ്സ് കൊണ്ടുറപ്പിച്ചതാണ്. ഹബിക്കയുടെ കാര്യങ്ങൾ നിനക്കറിയാമല്ലോ അമല.. ”
ഒന്ന് നിർത്തി പുറത്തേക്ക് നോക്കി കൊണ്ടു അശ്വതി തുടർന്നു.
“മൂന്നു പെങ്ങന്മാരടങ്ങുന്ന കുടുംബത്തിന്റെ മുഴുവൻ ഭാരവും ആ ചുമലിലായിരുന്നു. ജീവിതകാലം മുഴുവനും കാത്തിരിക്കാൻ ഞാനും തയ്യാറായിരുന്നു. വീട്ടുകാരുടെ ഇമോഷണൽ ട്രാപ്പിൽ വീണു പോവാതിരിക്കാനുള്ള മുൻകരുതലായിരുന്നു രജിസ്റ്റർ മാരേജ്. ഓരോ വിവാഹാലോചനയും മുടക്കാനുള്ള നാടകം മാത്രമായിരുന്നു നന്ദേട്ടനുമായുള്ള അടുപ്പം. നന്ദേട്ടനോടുള്ള അടങ്ങാത്ത പ്രേമം കൊണ്ടാണ് ഞാൻ മറ്റൊരു വിവാഹത്തിന് തയ്യാറാവാതെന്നാണ് അവരുടെ വിചാരം. ഞാനായിട്ട് അത് തിരുത്താനും പോയിട്ടില്ല ”
ചിരിയോടെ അശ്വതി പറഞ്ഞു.
“എല്ലാത്തിനും ചുക്കാൻ പിടിച്ചത് അമലയുടെ സ്വന്തം ശിവനന്ദൻ ”
ഒന്നും പറയാനാവാതെ ഇരുന്ന അമലയുടെ ചുമലിൽ കൈ വെച്ച് കൊണ്ടു അശ്വതി പറഞ്ഞു.
“പല കാരണങ്ങൾ കൊണ്ടും പരസ്പരം ഇഷ്ടപ്പെടാത്തവരാണ് നമ്മൾ.
നിങ്ങൾക്കിടയിൽ സംഭവിച്ചതൊന്നും എനിക്കറിയില്ല. ഞാൻ ചോദിച്ചിട്ടുമില്ല നന്ദേട്ടൻ പറഞ്ഞിട്ടുമില്ല. അമലയുടെ മനസ്സിൽ ഇപ്പോൾ ശിവനന്ദനൻ ഉണ്ടോയെന്നെനിക്കറിയില്ല. ഒന്ന് ഞാൻ പറയാം നഷ്ടപ്പെടുത്തരുത് ഇനിയും… ആരെന്തു പറഞ്ഞാലും… ഇങ്ങനെ സ്നേഹിക്കപ്പെടാനുള്ള ഭാഗ്യം എല്ലാവർക്കും കിട്ടില്ല. എന്നെങ്കിലും ഒരിക്കൽ അമലയ്ക്ക് അത് മനസ്സിലാവും… ”
തിരിച്ചൊന്നും പറയാനില്ലായിരുന്നു അമലയ്ക്ക് അശ്വതി പറയുന്നത് കേൾക്കാനല്ലാതെ.
“വീട്ടിലെ ഒളിച്ചു കളിയും ഏതാണ്ട് അവസാനിച്ചു. അന്ന് ചെമ്പകശ്ശേരിയിൽ വെച്ച് അമ്മ അമലയെ പറ്റി എന്തോ പറഞ്ഞതിന് നന്ദേട്ടൻ വല്ലാതെ ബഹളം വെച്ചു .അമ്മയോട് കയർത്തു സംസാരിച്ചു. അപ്പച്ചിയും തീർത്തു പറഞ്ഞു നന്ദേട്ടൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് അമലയെ മാത്രമായിരിക്കുമെന്ന് ”
“അമ്മ പറഞ്ഞതിനെല്ലാം ഞാൻ ക്ഷമ ചോദിക്കുന്നു അമല. ചിലർ അങ്ങിനെയാണ് എന്തിലും ഏതിലും എവിടെയും കുറ്റങ്ങൾ മാത്രം കണ്ടെത്താൻ ശ്രമിക്കും. അത് മാത്രമേ അവർ വിളിച്ചു പറയൂ. തിരുത്താനാവില്ല, കാരണം അവർ ആത്മസംതൃപ്തിയടയുന്നത് അങ്ങിനെയാണ്. നല്ലതൊന്നും കണ്ടാലും അവർക്ക് കണ്ടതായി നടിക്കാനാവില്ല. ശീലമായി പോയതുകൊണ്ടാണ് ”
“അതൊന്നും സാരമില്ല അശ്വതി, ഞാൻ ഒന്നും മനസ്സിൽ വെച്ചിട്ടില്ല. അങ്ങനെ മറ്റുള്ളവർ പറയുന്നതെല്ലാം കേട്ട് വിഷമിച്ചിരുന്നാൽ അതിനേ സമയമുണ്ടാവൂ. ഞാൻ ഒരുപാടിഷ്ടപ്പെടുന്നവരുടെ വാക്കുകളേ എന്നെ വിഷമിപ്പിക്കാറുള്ളൂ ”
കാറിന്റെ ഡോർ തുറന്നു ശിവനന്ദൻ അടുത്തിരുന്നപ്പോഴാണ് അമല ശ്രദ്ധിച്ചത്. ആരും ഒന്നും സംസാരിച്ചില്ല. മൂന്നു പേരും അവരവരുടെ ലോകങ്ങളിലായിരുന്നു.അശ്വതിയുടെ വീടിന്റെ ഗേറ്റിനു മുൻപിൽ വണ്ടി നിർത്തിയതും അവൾ യാത്ര പറഞ്ഞിറങ്ങി. അമലയെ നോക്കി ചിരിച്ചു കൊണ്ടു അശ്വതി ഗേറ്റ് തുറന്നു അകത്തേക്ക് നടന്നപ്പോൾ ആ ചിരിയിൽ പതിവിലുമധികം തെളിച്ചമുണ്ടായിരുന്നു.
തിരികെ പോവുമ്പോൾ കുറച്ചു ദൂരം കഴിഞ്ഞായിരുന്നു ചോദ്യമെത്തിയത്.
“എന്റെ താലി ആ കഴുത്തിൽ വീഴുമ്പോഴെങ്കിലും ഈ വിധവയുടെ ഭാവാധികൾ മാറുമോ? ”
ഗൗരവത്തിൽ തന്നെയായിരുന്നു ചോദ്യം. അവൾ മിണ്ടിയില്ല.
“അതോ പിന്നെയും അവനോടുള്ള സ്നേഹം പ്രകടിപ്പിച്ചു കൊണ്ടിരിക്കുമോ? ”
അമലയുടെ ക്ഷമ നശിച്ചിരുന്നു.
“എനിക്ക് എന്റെ ഭർത്താവിനോടുള്ള സ്നേഹം നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ല ”
“ഓ സ്നേഹം… ”
“കുറെയായി മനുവേട്ടനെ പറ്റിയുള്ള നിങ്ങളുടെ വാക്കുകൾ ഞാൻ കേൾക്കുന്നു ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് നിങ്ങൾക്കെന്തറിയാം…? ”
“അറിഞ്ഞത് തന്നെ ഉൾക്കൊള്ളാനായിട്ടില്ല മനസ്സിന്, കൂടുതൽ ഒന്നും അറിയാൻ ആഗ്രഹവുമില്ല ”
“എങ്ങനെ? ആരു പറഞ്ഞു നിങ്ങളോട് ? ”
ശിവൻ ഒന്നും പറഞ്ഞില്ല അവളെ നോക്കാതെ ഡ്രൈവിംഗിൽ തന്നെ ശ്രെദ്ധിച്ചിരുന്നു. വീട്ടിലെത്തുന്നതിന് തൊട്ട് മുൻപാണ് പറഞ്ഞത്.
“അവന്റെ പെറ്റമ്മ പറഞ്ഞു എന്നോട്, നിന്നെ അവനിൽ നിന്ന് രക്ഷിക്കണമെന്ന്. അവരുടെ പേരിലുള്ള സകല സ്വത്തുക്കളും അവന് കൊടുക്കാമെന്നും നിന്നെ മോചിപ്പിക്കണമെന്നും അവർ പറഞ്ഞിരുന്നു മനുശങ്കറിന് സമ്മതമായിരുന്നു. പക്ഷേ ഒന്നും വേണ്ടി വന്നില്ല, അതിനു മുൻപേ തന്നെ ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷയെന്ന പോലെ വേദന തിന്നുകൊണ്ടു അവൻ പോയി ”
അമലയ്ക്ക് അത്ഭുതമൊന്നും തോന്നിയില്ല, തന്നെ മകനിൽ നിന്ന് രക്ഷിക്കാനായി ഏതറ്റം വരെയും ആ അമ്മ പോയേക്കുമെന്ന് അമലക്കറിയാമായിരുന്നു.
കാർ ചെമ്പകശ്ശേരിയിലെ മുറ്റത്തേക്ക് എത്തുമ്പോഴാണ് ശിവൻ പറഞ്ഞത്.
“ഈ കല്യാണം തന്നെ പോലെ തന്നെ ഞാനും ആഗ്രഹിക്കുന്നില്ലെടോ.ഒരിക്കൽ മുറിവേറ്റ തന്റെ മനസ്സിലേക്കുള്ള ദൂരം ഒരുപാടാണെന്നുമറിയാം. എങ്കിലും എന്നെ മനസ്സിലാക്കി എന്റെ പ്രണയമറിഞ്ഞു സ്വമനസ്സാലെ അമല തന്റെ ജീവിതത്തിലേക്ക് വരണമെന്നാണ് ശിവനന്ദൻ ആശിച്ചിട്ടുള്ളത്. എന്നും… ”
അവളെ ഒന്ന് നോക്കി ഡോർ തുറന്നു ശിവൻ പുറത്തിറങ്ങി.കാറിൽ നിന്നും ഇറങ്ങുമ്പോഴേ
അമല കണ്ടിരുന്നു പൂമുഖത്തു ഇരിക്കുന്ന വാസുദേവനേയും സതിയെയും. അമലയെ കണ്ടതും സതി അവളെ കെട്ടിപ്പിടിച്ചു.
“ഇനി എനിക്ക് മരിച്ചാലും വേണ്ടില്ല, ഞങ്ങളില്ലാതായാലും ഇവിടെ എന്റെ നന്ദനെയും കാത്തിരിക്കാൻ നീയുണ്ടാവുമല്ലോ അമ്മൂ. ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്….. ”
വാസുമാമ്മയുടെ കളിവാക്കുകൾക്കിടയിലും സതി അമലയെ ചേർത്തു നിർത്തി. എല്ലാം കണ്ടു, ഒന്നും പറയാതെ അകത്തേക്ക് കയറിപ്പോയ ആളുടെ നോട്ടം തന്നിലെത്തിയത് അമല അറിഞ്ഞിരുന്നു.
ഇത്തിരി കഴിഞ്ഞാണ് ശിവൻ പുറത്തേക്ക് വന്നത്. കൈകളിൽ ചിന്നുവിനുള്ള ചോക്ലേറ്റും കവറുകളുമുണ്ടായിരുന്നു. യാത്ര പറഞ്ഞു നന്ദന്റെ പിറകെ നടക്കുന്നതിനിടെ തിരിഞ്ഞു നോക്കിയപ്പോൾ അമല കണ്ടു തങ്ങളെ നോക്കി നിൽക്കുന്ന മുഖങ്ങളിലെ സന്തോഷം.
ഒന്നും പറയാതെ, ശിവനോടൊപ്പം ഇടവഴിയിലൂടെ നടക്കുമ്പോൾ, ഏതോ ഒരു നിമിഷത്തിൽ അമലയും കൊതിച്ചു പോയി ആ സ്നേഹം അറിയാൻ… അതിലലിഞ്ഞു ചേരുവാൻ….
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission