Skip to content

നിനയാതെ – പാർട്ട്‌ 8

ninayathe aksharathalukal novel

നെറ്റിയിലെ മുറിവിനെ പറ്റി അമ്മ ചോദിച്ചപ്പോൾ അടുക്കള വാതിലിൽ തട്ടിയതാണെന്ന, ചെമ്പകശ്ശേരിയിൽ വെച്ച് പറഞ്ഞ അതേ മറുപടി ആവർത്തിച്ചു.

ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ കിടക്കുന്നുണ്ടായിരുന്നു. ശിവേട്ടന്റെ വാക്കുകളിൽ നിന്ന് ഉണ്ടായവ…

ആദ്യമായാണ് ശിവേട്ടൻ തന്നോടുള്ള ഇഷ്ടം തുറന്നു പറയുന്നത്. ആ മനസ്സിൽ താൻ മാത്രമായിരുന്നുവെന്ന് പറയുന്നത്, ഇടയ്ക്കെപ്പോഴൊക്കെയോ തന്റെ മനസ്സിലും സംശയങ്ങൾ തോന്നി തുടങ്ങിയിരുന്നു.പക്ഷേ…

ഇത്രമേൽ സ്നേഹിച്ചിരുന്നുവെങ്കിൽ എന്തിനു തന്നെ മറ്റൊരാൾക്കായി വിട്ടു കൊടുത്തു?…

എല്ലാറ്റിലുമുപരി മനുവേട്ടനുമൊന്നിച്ചുണ്ടായിരുന്ന തന്റെ ജീവിതത്തെ പറ്റി എന്തെല്ലാമോ ശിവേട്ടനറിയാം, പക്ഷേ ഇങ്ങിനെ?

രാത്രിയിൽ, ചിന്നു മോൾ ചിറ്റ വാരിക്കൊടുത്താലേ കഴിക്കൂ എന്ന് വാശി പിടിച്ചത് കൊണ്ടു അതിനായി ഇരുന്നു. കഴിപ്പിച്ചു കഴിഞ്ഞു പാത്രവുമായി എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് അമ്മ വന്നു അടുത്തിരുന്നത്. മുഖഭാവം കണ്ടപ്പോഴേ മനസ്സിലായി എന്തോ സംസാരിക്കാനാണ്. മടിച്ചു മടിച്ചാണ് അമ്മ തുടങ്ങിയത്.

“അമ്മൂ നിനക്ക് എന്നെ ആവശ്യമുണ്ടായിരുന്ന സമയത്തൊന്നും കൂടെ നിൽക്കാനോ ആശ്വാസമാകാനോ അമ്മയ്ക്ക് കഴിഞ്ഞിട്ടില്ല. സ്വന്തവും ബന്ധവുമെല്ലാം ഉപേക്ഷിച്ചു നിങ്ങളുടെ അച്ഛന്റെ കൈ പിടിച്ചിറങ്ങിയതാണ് ഞാൻ. നിങ്ങളെ എന്നെ ഏൽപ്പിച്ചു അദ്ദേഹം പോയപ്പോൾ തുണയുമായത് വാസുവേട്ടനും സതിയുമാണ്, അവരുടെ സഹായമില്ലായിരുന്നുവെങ്കിൽ നിങ്ങളെയും കൊണ്ടു പിടിച്ചു നിൽക്കാൻ എനിക്കാവില്ലായിരുന്നു.
…എന്റെ ഉള്ളിലെ ആധി അവർക്ക് അറിയാവുന്നത് കൊണ്ടാണ് ചെറുതിലെ തന്നെ നിങ്ങളുടെ കല്യാണക്കാര്യം ഞങ്ങൾ പറഞ്ഞു വെച്ചത്. തമ്മിൽ വഴക്കായിരുന്നെങ്കിലും നീയും നന്ദനും ഞങ്ങൾ പറയുന്നത് കേൾക്കും എന്ന് തന്നെ വിശ്വസിച്ചു, വിനുവിനെ പോലെ തന്നെയായിരുന്നു എനിക്ക് നന്ദനും. അവനെ വേണ്ടായെന്ന് നീ പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി, എത്രയും പെട്ടെന്ന് മറ്റൊരാളെ ഏൽപ്പിക്കണം എന്നേ ചിന്തിച്ചുള്ളൂ.അതുകൊണ്ടാണ് നിന്റെ ഇഷ്ടം പോലും നോക്കാതെ മനുവുമായുള്ള വിവാഹത്തിന് നിർബന്ധിച്ചത് ”

ഒന്നു നിർത്തി രാജലക്ഷ്മി അവളെ നോക്കി.

“നിനക്ക് നല്ലൊരു ജീവിതം കിട്ടിയെന്ന് ആശ്വസിച്ചു. പക്ഷേ… ”

ഒരു നിമിഷം അവർ ഒന്നും പറഞ്ഞില്ല. അമല അമ്മയെ സംശയത്തോടെ നോക്കി.

“നീ ഒരു വാക്കു പോലും പറഞ്ഞില്ലെങ്കിലും അമ്മയ്ക്ക് അറിയാമായിരുന്നു അമ്മൂ നിനക്ക് ആ ജീവിതം സന്തോഷം തന്നിട്ടില്ല എന്നത്… ‘

“നിന്നോട് പറയാൻ മടിയുണ്ടെനിക്ക്, പക്ഷേ ഞാനൊരു അമ്മയായി പോയില്ലേ, എനിക്കും പ്രായമായി വരുന്നു…”

മടിയോടെ ആണെങ്കിലും ആ വാക്കുകൾ പുറത്തു വന്നു

“ചെമ്പകശ്ശേരിയിൽ എല്ലാരും നീ അവിടത്തെ പെണ്ണായി ചെല്ലുന്നത് കാണാൻ ആഗ്രഹിക്കുന്നുണ്ട് ഇപ്പോഴും… ഞാനും.. അവിടെ എന്റെ മോൾ സുരക്ഷിതയായിരിക്കും ”

അമലയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

“അമ്മ പറഞ്ഞതൊക്കെ എനിക്ക് മനസ്സിലായി.ഭർത്താവ് മരിച്ചു പോയ പെണ്ണ് ഇന്നും നമ്മുടെ സമൂഹത്തിൽ സുരക്ഷിതയല്ല. ആർക്കും അവളെ കൊത്തി വലിക്കാം. വീട്ടുകാർക്ക് മാത്രമല്ല നാട്ടുകാർക്കും അവളൊരു സംസാരവിഷയമാണ്. അമ്മ ഒരു കാര്യം ചെയ്യു സതിയമ്മയോട് സംസാരിക്ക് ”

രാജലക്ഷ്മി പ്രതീക്ഷയോടെ അവളെ നോക്കി.

“വേണിയുടെ അമ്മായി ഒരു കല്യാണാലോചനയെപ്പറ്റി പറയുന്നത് കേട്ടിരുന്നു. ആളുടെ മകളുടെ കല്യാണമൊക്കെ കഴിഞ്ഞതാണ്, ബാധ്യതകളൊന്നുമില്ല, സമ്പന്നൻ.. സമ്മതമാണെനിക്ക്, കാണുക കൂടി വേണ്ട. അമ്മ അതൊന്നന്വേഷിക്ക്. ആരായാലും അമലയ്ക്ക് സമ്മതം, ഏതു ചെകുത്താനായാലും നിലയ്ക്കലെ മനുശങ്കറിന്റെ അത്രയും വരില്ലെന്ന് എനിക്കുറപ്പാണ്. നിങ്ങൾ പറയുന്ന ആരുടേയും മുൻപിൽ ഞാൻ കഴുത്തു നീട്ടാം, ചെമ്പകശ്ശേരിയിലെ ശിവനന്ദനൊഴികെ..”

ഒന്നും പറയാനാവാതെ നിൽക്കുന്ന രാജലക്ഷ്മിയെ ഒന്നു നോക്കി അമല എഴുന്നേറ്റു, വാതിൽക്കൽ എല്ലാം കേട്ടു നിന്ന വേണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അമല ഒന്നും പറയാതെ അടുക്കളയിലേക്ക് നടന്നു..

ഒന്നും കഴിക്കാൻ തോന്നിയില്ല. പാത്രങ്ങളൊക്കെ കഴുകി വെച്ചു നേരേ കട്ടിലിൽ വന്നു കിടന്നു, വെറുതെ കണ്ണുകളടച്ചു വലതു കൈ കണ്ണുകൾക്ക് മുകളിൽ വെച്ചു , അടുത്താരോ ഇരുന്നത് പോലെ തോന്നിയപ്പോളാണ് കണ്ണുകൾ തുറന്നത്. വേണി, അവൾ കരയുകയായിരുന്നു. അമല പതിയെ കട്ടിലിൽ ചാരി ഇരുന്നു. വേണി അമലയുടെ കൈയിൽ പിടിച്ചു.

“എന്തു പറ്റിയെടി..? ”

അമലയുടെ ചോദ്യത്തിനുത്തരം ഒരു കരച്ചിലായിരുന്നു.

“നീ കാര്യം പറ വേണി.. ”

“ഞാനാണ്.. നിന്റെയും ഏട്ടന്റെയും ജീവിതം ഇങ്ങനെയായിപ്പോവാൻ കാരണം
ഞാനാണ് ”

“നീ എന്തൊക്കെയാ ഈ പറയുന്നേ? ”

“നീ ഏട്ടന്റെ പെണ്ണായി വരാമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഞാനാ അമ്മൂ. ഏട്ടനെ ഇഷ്ടമല്ല, വിവാഹം കഴിക്കില്ല എന്നൊക്ക പറഞ്ഞൂന്നു കേട്ടപ്പോൾ ദേഷ്യമായിരുന്നു എനിക്ക് നിന്നോട്. എന്നിട്ടും ഞാൻ നിന്നോട് ചോദിച്ചപ്പോൾ ഏട്ടനെ ഇഷ്ടമാണെന്ന് നീ എന്നോട് പറഞ്ഞില്ല, വ്യക്തമായൊരുത്തരം തന്നില്ല. നിന്റെ മനസ്സിൽ ഏട്ടൻ ഇല്ലെന്ന് തന്നെ ഞാൻ കരുതി. ഏട്ടനോടും വിനുവേട്ടനോടും നിനക്ക് കല്യാണത്തിന് ഇഷ്ടമല്ലെന്നും ഞാൻ തീർത്തു പറഞ്ഞു.സ്നേഹം പിടിച്ചു വാങ്ങേണ്ടതല്ലെന്നും നിന്നെ നിർബന്ധിക്കേണ്ടന്നൊക്കെ പറഞ്ഞു ഏട്ടൻ തന്നെയാ വിനുവേട്ടനോട് മനുവേട്ടന്റെ ആലോചന നോക്കാൻ പറഞ്ഞത്. പക്ഷേ നിന്റെ കല്യാണം കഴിഞ്ഞപ്പോഴാണ് നിന്നെ ഏട്ടൻ എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്ന് എല്ലാരും തിരിച്ചറിഞ്ഞത്. അതിനു ശേഷം ഏട്ടൻ ആളാകെ മാറിപ്പോയിരുന്നു. ഇനിയും നിന്റെ അടുത്ത് ഇഷ്ടം പറഞ്ഞു വന്നാൽ, അത് നീ തട്ടിക്കളഞ്ഞാൽ ഏട്ടന് സഹിക്കില്ല അതോർത്താണ് ഞാൻ അങ്ങിനെയൊക്കെ പറഞ്ഞത്. നിന്റെ മനസ്സിലും ഏട്ടൻ ഉണ്ടായിരുന്നുവെന്ന് ഞാനറിഞ്ഞിരുന്നില്ല അമ്മൂ ”

“ഇപ്പോൾ ആരു പറഞ്ഞു? ”

“വിനുവേട്ടൻ ഇന്നലെ പറഞ്ഞു.. ”

“എന്ത്? ”

നിനക്ക് ഏട്ടനെ ഇഷ്ടമായിരുന്നെന്ന്, വിവാഹത്തിന് മുൻപേ തന്നെ.. ”

അമലയുടെ കൈകളിൽ മുഖം ചേർത്തു കൊണ്ടു വേണി പറഞ്ഞു.

“അതിൽ പിന്നെ സമാധാനം കിട്ടിയിട്ടില്ലെനിക്ക്, ഇനിയും എന്റെ ഏട്ടനെ വേണ്ടെന്ന് വെക്കല്ലേടി ”

“എനിക്ക് നിന്നോടൊരു ദേഷ്യവുമില്ല വേണി. ശിവേട്ടനോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് നീ അങ്ങനെയൊക്കെ പറഞ്ഞതെന്നെനിക്കറിയാം..”

വേണിയുടെ കണ്ണുകൾ തുടച്ചു കൊണ്ടു ഒരു ചിരിയോടെ അവളുടെ വയറിൽ കൈ വെച്ച് അമല തുടർന്നു.

“അതേയ് നീ ഇങ്ങനെ കരഞ്ഞാൽ ചിന്നു മോളുടെ കുഞ്ഞാവയ്ക്കും സങ്കടമാവും. ചുമ്മാ കരഞ്ഞു വിളിക്കാതെ പോയി കിടന്നുറങ്ങിക്കേ പെണ്ണേ ”

വേണിയെ കട്ടിലിൽ നിന്നെഴുന്നേല്പിച്ചു കൊണ്ടവൾ പറഞ്ഞു.

ശിവേട്ടൻ തന്നെ ഇത്രമാത്രം സ്നേഹിച്ചിരുന്നുവെന്നത് അമലയെ തെല്ലത്ഭുതപ്പെടുത്തി.ഒരിക്കലും തോന്നിയിട്ടില്ല. ഒരു സൂചന പോലും തന്നിട്ടില്ല. അടുത്തിടെയാണ് നേരിയൊരു സംശയം തോന്നിത്തുടങ്ങിയത്. അന്ന് അസുഖമായിട്ട് ഹോസ്പിറ്റലിൽ കിടന്നപ്പോൾ. എന്നാലും അതൊരു സഹതാപത്തിൽ നിന്നുണ്ടായതാണെന്നേ കരുതിയുള്ളൂ..

തൊട്ടരികെ ഉണ്ടായിരുന്നിട്ടും, ഒന്നായിത്തീരുവാൻ തടസങ്ങളൊന്നും ഇല്ലാതിരുന്നിട്ടും, പ്രണയം തിരിച്ചറിയാൻ വൈകിയത് കൊണ്ടും മനസ്സ് കൈ മാറുവാൻ മടിച്ചതു കൊണ്ടും വഴി പിരിഞ്ഞു പോകേണ്ടി വന്നവർ…..

പക്ഷേ അശ്വതി….എപ്പോഴൊക്കെയോ ശിവേട്ടനോടുള്ള അവളുടെ സ്നേഹം താൻ കണ്ടതാണ്. ഇതൊന്നും അവൾ അറിയാതിരിക്കാൻ സാധ്യതയില്ല. എന്നിട്ടും വർഷങ്ങളായുള്ള അവളുടെ കാത്തിരിപ്പ് ആർക്ക് വേണ്ടിയാണ്….

ശിവനന്ദനൻ … തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അവിടെ മാത്രമാണ്. പക്ഷേ ആ ദേഷ്യം പെട്ടെന്നൊന്നും തീരില്ല. അത്രയ്ക്ക് പറഞ്ഞിട്ടുണ്ട് താൻ. വെറുക്കുന്നെങ്കിൽ വെറുക്കട്ടെയെന്നും അകന്നു പോവുന്നെങ്കിൽ അകലട്ടെയെന്നും കരുതി തന്നെയാണ് വായിൽ വന്നതെല്ലാം വിളിച്ചു പറഞ്ഞത്..

ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി കിടക്കുമ്പോഴാണ് വേണിയുടെ വിളി കേട്ടത്.

“അമ്മൂ ഒന്ന് വേഗം വന്നേ, ദേ അമ്മാ… ”

ഓടിച്ചെന്നപ്പോൾ ഹാളിൽ വീണു കിടക്കുന്ന അമ്മയുടെ അരികിൽ നിന്ന് കരയുകയാണ് വേണി. അമ്മ വിളിച്ചിട്ട് അനങ്ങുന്നില്ല. വിനുവേട്ടൻ ആരെയോ കാണാനുണ്ടെന്നു പറഞ്ഞു പോയതാണ്, ഇത് വരെ വന്നിട്ടില്ല. ഒരു നിമിഷം ഒന്നു പകച്ചു നിന്നെങ്കിലും ഓടി പോയി മൊബൈൽ എടുത്തു വിനുവേട്ടനെ വിളിച്ചു.

ഹോസ്പിറ്റലിൽ എത്തിച്ചേർന്നത് എങ്ങിനെയാണെന്ന് ഓർമ്മയില്ല. ശിവേട്ടനാണ് കാർ ഡ്രൈവ് ചെയ്തത്. പിൻസീറ്റിൽ അമ്മയുടെ തണുത്ത കൈയിൽ മുറുകെ പിടിച്ചിരിക്കുമ്പോൾ ഭയത്തോടൊപ്പം നേരിയ കുറ്റബോധവും ഉണ്ടായിരുന്നു.തന്റെ വാക്കുകൾ എന്തെങ്കിലും അമ്മയുടെ മനസ്സിൽ തട്ടിയിരുന്നോ….

പ്രതാപിയായിരുന്ന അച്ഛനെയും ആങ്ങളമാരെയുമൊക്കെ എതിർത്തു ചെറിയ പ്രായത്തിൽ സ്നേഹിച്ച ആളോടൊപ്പം ഇറങ്ങി പോന്നതാണ് അമ്മ. ഒരുപാട് കാലമൊന്നും പക്ഷേ ഒരുമിച്ച് ജീവിക്കാനായില്ല.പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ടു ചെറിയ പ്രായത്തിൽ തന്നെ വിധവ ആയപ്പോൾ അണിഞ്ഞ പരുക്കൻ സ്വഭാവം പിന്നെ പിന്നെ സ്ഥിരമായി കാണണം….

ഐസിയൂ വിന്റെ മുന്നിൽ ഇരിക്കുമ്പോഴും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞു ഡോക്ടർ വിളിപ്പിച്ചപ്പോൾ തന്റെയും വിനുവേട്ടന്റെയും കൂടെ ശിവേട്ടനുമുണ്ടായിരുന്നു.

ഹാർട്ട് അറ്റാക്ക് ആണത്രേ,സമയത്തിന് ഹോസ്പിറ്റലിൽ എത്തിയത് കൊണ്ടു മാത്രം രക്ഷപെട്ടതാണ്.അപകടനില തരണം ചെയ്തെങ്കിലും ഒബ്സെർവേഷനിലാണ്.

കുറച്ചു കഴിഞ്ഞപ്പോൾ വിനുവേട്ടൻ ശിവേട്ടനോട് വീട്ടിലേക്ക് പൊയ്ക്കോളാൻ പറയുന്നത് കേട്ടു. പിന്നെയും കുറേ കഴിഞ്ഞാണ് പോവാൻ എഴുന്നേൽക്കുന്നത് കണ്ടത്. ഒന്നും പറഞ്ഞില്ലെങ്കിലും പുറത്തേക്ക് നടക്കുന്നതിനു മുൻപായി ഒരു നോട്ടം തന്നിലേക്ക് എത്തുന്നത് അമല കണ്ടു.

പിറ്റേന്നു അമ്മയെ റൂമിലേക്ക് മാറ്റുന്നതിന്റെ തൊട്ടു മുൻപാണ് ശിവേട്ടൻ എത്തിയത്. വന്നപാടെ കൈയിലുള്ള ബാഗ് തന്റെ നേർക്കു നീട്ടി.

“വേണി തന്നയച്ചതാണ്, ഡ്രസ്സ്‌ ആണെന്ന് പറഞ്ഞു ”

ബാഗ് കൈയിൽ വാങ്ങുമ്പോൾ ഒരു നിമിഷം കണ്ണുകളിടഞ്ഞെങ്കിലും ശിവനന്ദനന്റെ മുഖത്ത് ഗൗരവം തന്നെയായിരുന്നു….

അമ്മ റൂമിലെത്തിയതും അമ്മയോട് യാത്ര പറഞ്ഞു ശിവേട്ടൻ പുറത്തേക്ക് പോവുന്നത് കണ്ടു. ഒന്ന് നോക്കിയത് പോലുമില്ല.അത് അമലയുടെ മനസ്സിലെവിടെയോ ഒന്നുടക്കി..

അമ്മയെ കണ്ടപ്പോൾ എന്തോ വല്ലാത്ത സങ്കടം വന്നു.സ്നേഹിച്ച ആളോടൊപ്പം കുറച്ചു കാലം ജീവിച്ചെങ്കിലും അമ്മയും തന്നെ പോലെ ചെറിയ പ്രായത്തിലേ വിധവയായതാണ്. താൻ കേട്ട കുത്തുവാക്കുകളൊക്കെ അമ്മയും കേട്ടിട്ടുണ്ടാവണം. ആ പരുക്കൻ മുഖംമൂടിയ്ക്കുള്ളിലെ സ്നേഹം അനുഭവിച്ചതാണ്. വിവാഹക്കാര്യത്തിൽ മാത്രമേ അമ്മ തന്റെ മനസ്സറിയാൻ ശ്രമിക്കാതിരുന്നിട്ടുള്ളൂ. ഇന്നലെ തന്റെ വാക്കുകൾ അമ്മയെ വിഷമിപ്പിച്ചു കാണണം.

അല്ലെങ്കിലും പ്രിയപ്പെട്ടവർ കൂടെ ഇല്ലാതെയാവുമ്പോഴാണല്ലോ പറയാതിരുന്ന വാക്കുകളെയും, കൂടെയുണ്ടായിരുന്നപ്പോൾ കൊടുക്കാതിരുന്ന, മനസ്സിൽ കരുതി വെച്ചിരുന്ന സ്നേഹത്തെയും കുറിച്ചോർത്തു സങ്കടപ്പെടാറുള്ളത്…

ഒറ്റ ദിവസം കൊണ്ടു അമ്മ ആകെ അവശയായതു പോലെ തോന്നി. ആ മുഖം ഉള്ളുലയ്ക്കുന്നുണ്ടായിരുന്നു.

ഉച്ചയായപ്പോൾ വാസുമ്മാമ്മ എത്തി. സതിയമ്മയ്ക്കു കുറവുണ്ടെന്ന് പറഞ്ഞു,സഹായത്തിനു അശ്വതി അവിടെ ഉണ്ടെന്നും കേട്ടു.അവളെ കൂടാതെ എല്ലാവരും പോയീന്നു പറഞ്ഞു ചിന്നു മോൾ കലിപ്പിലാണെന്ന് പറഞ്ഞപ്പോൾ അമ്മയുടെ മുഖത്തൊരു ചിരി എത്തി നോക്കുന്നത് കണ്ടു.

വിനുവേട്ടനും വാസുമാമ്മയും എന്തൊക്കെയോ സംസാരിച്ചിരിക്കുന്നു, അമ്മ കണ്ണടച്ചു കിടക്കുകയാണ്.വിനുവേട്ടനോട് പറഞ്ഞിട്ട്, മരുന്ന് തീർന്നപ്പോൾ സിസ്റ്റർ പറഞ്ഞതനുസരിച്ച്, അവരെ വിളിക്കാനായി പുറത്തേക്ക് നടന്നു. തിരികെ റൂമിലെത്തിയപ്പോൾ വാസുമാമ്മയും വിനുവേട്ടനും അമ്മയുടെ ബെഡിനരികെ നിൽപ്പുണ്ടായിരുന്നു. തന്നെ കണ്ടപ്പോൾ പൊടുന്നനെ സംസാരം നിലച്ചത് പോലെ അമലയ്ക്ക് തോന്നി.

വൈകുന്നേരമായപ്പോൾ വാസുമാമ്മ തിരികെ പോയി. വിനുവേട്ടനും പുറത്തേക്കിറങ്ങി. അമ്മയെ കഞ്ഞി കുടിപ്പിച്ചു എഴുന്നേൽക്കുമ്പോഴാണ് വിനുവേട്ടനൊപ്പം ശിവേട്ടനും കൂടി റൂമിലേക്ക് കയറി വന്നത്.

അമ്മയുടെ മുഖം ടവൽ കൊണ്ടു തുടച്ചു കൊടുത്തു തിരിഞ്ഞപ്പോൾ അമ്മ കൈയിൽ പിടിച്ചു. എന്താണെന്ന അർത്ഥത്തിൽ നോക്കിയതും അമ്മ പറഞ്ഞു.

“അമ്മൂ എനിക്കൊരു കാര്യം പറയാനുണ്ട് ”

ശിവേട്ടനും വിനുവേട്ടനും ഒന്നും മിണ്ടാതെ തങ്ങളെ നോക്കുകയാണ്. അമ്മ ഇടറിയ ശബ്ദത്തിൽ തുടർന്നു.

“മരണം തൊട്ടു മുൻപിൽ കണ്ടപ്പോഴും നിന്റെ മുഖമായിരുന്നു അമ്മയുടെ മനസ്സിൽ, എനിക്കെന്തെങ്കിലും സംഭവിച്ചാൽ നീ…. എന്റെ ജീവിതം പോലെയാവരുത് നിന്റേതും. അതുകൊണ്ട് മോൾ അമ്മയ്ക്ക് വേണ്ടിയെങ്കിലും നന്ദനുമായുള്ള കല്യാണത്തിന് സമ്മതിക്കണം.. ”

ഞെട്ടലോടെ അമല ശിവനെ നോക്കി. ആൾ മുഖം താഴ്ത്തി നിലത്തേക്ക് നോക്കിയിരിക്കുകയാണ്.

യാചനയുടെ സ്വരമായിരുന്നു അമ്മയുടേത്.

“നന്ദനോടെനിക്ക് സമ്മതം ചോദിക്കേണ്ട കാര്യമില്ല, എന്നെ അവന് മനസ്സിലാകും.. അമ്മൂ നീ.. ”

ശിവന്റെ മുഖം മുറുകിയിരുന്നു. കൈകൾ ചേർത്തു പിടിക്കുന്നത് അമല കണ്ടു.

“അമ്മ.. അമ്മ വേണേൽ നിന്റെ കാലു പിടിക്കാം അമ്മൂ ”

“അമ്മേ.. ”

അമല രാജലക്ഷ്മിയുടെ കൈയിൽ പിടിച്ചു. ശിവൻ ദേഷ്യത്തോടെ എണീറ്റു പുറത്തേക്ക് നടക്കുന്നതും വിനുവേട്ടൻ കൈ കൊണ്ടു തടയുന്നതും അവൾ കണ്ടു.

പ്രതീക്ഷയോടെ തന്നെ നോക്കുന്ന രാജലക്ഷ്മിയുടെ മുഖത്തേക്ക് നോക്കിയതും അമലയുടെ മനസ്സ് മുറിഞ്ഞു.

“എനിക്ക് സമ്മതമാണ്, ശിവേട്ടനെ വിവാഹം കഴിക്കാൻ…”

അമല ആരെയും നോക്കാതെ ഡ്രെസ്സുമെടുത്ത് ബാത്റൂമിലേക്ക് കയറി പോയി. വാതിലിൽ ചാരി നിന്ന് കണ്ണുകൾ ഇറുകെ അടച്ചു.

വീണ്ടുമൊരിക്കൽ കൂടി മനസ്സിനെ കണ്ടില്ലെന്ന് നടിക്കേണ്ടി വന്നിരിക്കുന്നു….

അമല ഡ്രെസ്സൊക്കെ മാറി തിരികെ ഇറങ്ങുമ്പോൾ രാജലക്ഷ്മി ശിവനന്ദനന്റെ കൈയിൽ പിടിച്ചു എന്തോ പറയുകയായിരുന്നു. അവരോട് യാത്ര പറഞ്ഞു വാതിൽക്കൽ കാത്തു നിന്ന വിനുവിനോടൊപ്പം പുറത്തേക്ക് നടക്കുമ്പോൾ ശിവൻ അമലയെ നോക്കിയതേയില്ല..

“അമ്മൂ, മോൾക്ക്‌ അമ്മയോട് ദേഷ്യമുണ്ടോ, നന്ദൻ നല്ലവനാ മോളെ, നിന്നെ പൊന്നു പോലെ നോക്കും അവൻ ”

“ദേ അമ്മ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്, അമ്മ പറഞ്ഞത് ഞാൻ സമ്മതിച്ചല്ലോ , ഇനി ഒന്നും ആലോചിച്ചു വിഷമിക്കാതെ വേഗം ഉറങ്ങിക്കേ ”

കിടന്നെങ്കിലും കുറച്ചു കഴിഞ്ഞു വിനുവേട്ടൻ റൂമിലെത്തിയതും അമ്മ വിളിച്ചു.

“വിനൂ.. ”

“അമ്മ ടെൻഷനടിക്കണ്ട, ഞാൻ വാസുമാമ്മയെ വിളിച്ചു. നാളെ തന്നെ വിജയൻ പണിക്കരുടെ അടുത്ത് പോവാന്നു പറഞ്ഞിട്ടുണ്ട്, ഏറ്റവും അടുത്ത മുഹൂർത്തവും കുറിപ്പിക്കാം എന്ന് പറഞ്ഞു. ”

വൈകിയാൽ തന്റെ മനസ്സ് മാറിയാലോ എന്ന് കരുതിയാവും, അമലയ്ക്കു ചിരി വന്നു .

“ഇവരുടെ ജാതകങ്ങൾ ഞാനും സതിയും മുൻപേ നോക്കിച്ചതാ വിനൂ, പത്തിൽ ഒൻപതു പൊരുത്തവുമുണ്ട് ”

പത്തിൽ പത്തു പൊരുത്തവുമുണ്ടായിരുന്നു മനുവേട്ടന്റെയും തന്റെയും ജാതകങ്ങൾ..

അമലയുടെ ചുണ്ടിൽ ഒരു പുച്ഛചിരി മിന്നി മാഞ്ഞു.

എങ്ങോട്ടെങ്കിലും ഓടി പോവാൻ തോന്നുന്നുണ്ട്…. ഈ ബന്ധങ്ങളും ബന്ധനങ്ങളും ഒന്നുമില്ലാതെ… .ആരും കാണാതെ മറച്ചു പിടിച്ചിരിക്കുന്ന മനസ്സിലെ മുറിവുകൾ ഇപ്പോഴും ഉണങ്ങി തുടങ്ങിയിട്ടില്ല. ശിവേട്ടനെ ഇപ്പോഴും പ്രണയിക്കുന്നുണ്ടെന്നത് സത്യമാണ്. എങ്കിലും ആ ജീവിതം താനാഗ്രഹിക്കുന്നില്ല.. വീണ്ടുമൊരു വിവാഹജീവിതം…

രാജലക്ഷ്മിയും വിനീതും വർഷങ്ങൾക്ക് ശേഷം സമാധാനത്തോടെ ഉറങ്ങിയെങ്കിലും അമലയെ അന്നും നിദ്രാ ദേവി അനുഗ്രഹിച്ചില്ല.

രാവിലെ ഡോക്ടർ റൗണ്ട്സിനു വന്നു പോയതിനു ശേഷം വരാന്തയിലെ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു അമല. വിനുവേട്ടനെ അരികിലെത്തിയപ്പോഴാണ് ശ്രദ്ധിച്ചത്.

“നിന്നോട് എന്തെങ്കിലും ചോദിക്കാനോ പറയാനോ എനിക്ക് ധൈര്യമില്ല മോളെ ”

അമല മിണ്ടാതെ വിനുവിനെ ഒന്നു നോക്കിയതേയുള്ളൂ.

“നന്ദനോളം നിന്നെ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല അമ്മൂ. പക്ഷേ ഒരിക്കൽ കൂടി നിന്നോട് ഒന്നും ആവശ്യപ്പെടാൻ എനിക്ക് വയ്യ. ”

“ഞാൻ ശിവേട്ടനെ സ്നേഹിച്ചിരുന്നുവെന്ന് ഏട്ടനോട് ആരാ പറഞ്ഞത്? ”

ഒരു നിമിഷം കഴിഞ്ഞാണ് വിനീത് പറഞ്ഞു തുടങ്ങിയത്.

“നന്ദൻ… ഒരുപാട് കാലം നിന്നെയവൻ മനസ്സിൽ കൊണ്ടു നടന്നിരുന്നെങ്കിലും എന്നോട് തുറന്നു പറയുന്നത് അമ്മയും സതിയമ്മയും നിങ്ങളുടെ കല്യാണക്കാര്യം പറഞ്ഞപ്പോഴാണ്. നിന്നോട് അവൻ തന്നെ പറഞ്ഞോളാം എന്നും പറഞ്ഞിരുന്നു. പക്ഷേ കേട്ട ആവേശത്തിൽ ഞാനത് നിന്നോട് പറഞ്ഞു പോയി, നിന്റെ മറുപടി അവനൊരു ഷോക്കായി പോയി. വേണിയോട് നിന്നോടൊന്ന് സംസാരിക്കാൻ പറഞ്ഞപ്പോൾ നിന്റെ മനസ്സിൽ നന്ദൻ ഇല്ലെന്നും കല്യാണത്തിന് നീ സമ്മതിക്കില്ലെന്നും വേണി തീർത്തു പറഞ്ഞു.അതു കൂടി കേട്ടപ്പോൾ അവൻ തന്നെയാണ് മനുവിന്റെ ആലോചന മുൻപോട്ടു കൊണ്ടു പൊയ്ക്കോളാൻ പറഞ്ഞത്.”

അവളെയൊന്ന് നോക്കി പതിയെ വിനീത് തുടർന്നു.

“മനു മരിച്ചു കുറച്ചു കഴിഞ്ഞതിനു ശേഷമാണ് നന്ദൻ മനുവുമൊത്തുള്ള നിന്റെ ജീവിതത്തെ പറ്റി പറഞ്ഞത് ”

ഞെട്ടലോടെയാണ് അമല ചോദിച്ചത്.

“എന്ത് പറഞ്ഞു.. ”

വിനീതിന്റെ മനസ്സിൽ ആ രംഗം തെളിഞ്ഞു വന്നു.

അന്ന് രാത്രി, വൈകിയാണ് നന്ദൻ വിളിച്ചു വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞത്. അന്നും ശബ്ദത്തിൽ നിന്നു മനസ്സിലായി അവൻ മദ്യപിച്ചിട്ടുണ്ടെന്ന്. അമ്മുവിന്റെ കല്യാണശേഷം ഇത് കൂടി വരുന്നുണ്ടല്ലോ എന്ന് ഓർത്തു കൊണ്ടാണ് ചെമ്പകശ്ശേരിയിൽ എത്തിയത്. അച്ഛനും അമ്മയും അവിടെയില്ലെന്ന് ശിവൻ പറഞ്ഞിരുന്നു.തന്നെ കണ്ടതും അവൻ അടുത്തെത്തി കൈകൾ ചേർത്തു പിടിച്ചു.

“എന്നോട്, ഇഷ്ടമാണെന്ന് എന്റെ പെണ്ണ് പറഞ്ഞിട്ടും ഞാനും കൂടിയല്ലേടാ അവളെ ആ നരകത്തിലേക്ക് തള്ളി വിട്ടത്.. ”

“നന്ദാ നീയിതു എന്തൊക്കെയാ പറയുന്നത് ”

“സത്യം, നമ്മളാരും പ്രതീക്ഷിച്ചത് പോലെയോ ആഗ്രഹിച്ചത് പോലെയോ ഉള്ള ഒരു ജീവിതമല്ലെടാ നമ്മുടെ അമ്മുവിനു കിട്ടിയത്.. അവൻ അവളെ കൊല്ലാക്കൊല ചെയ്യുകയായിരുന്നു… ”

അവൻ പല്ലുകൾ ഞെരിച്ചു. നന്ദന്റെ ഭാവം മാറി വരുന്നത് കണ്ടു വിനുവിനു ഭയം തോന്നി

“മുൻപേ അറിഞ്ഞിരുന്നുവെങ്കിൽ ഇഞ്ചിഞ്ചായി ഞാനവനെ കൊന്നേനെ … ഈ കൈകൾ കൊണ്ട്… ”

വിനീത് അമ്മുവിനെ നോക്കി പറഞ്ഞു.

“ഞാൻ എത്ര ചോദിച്ചിട്ടും കൂടുതലായി അവനൊന്നും പറഞ്ഞില്ല. ഒരു പക്ഷേ എനിക്കത് താങ്ങാനാവില്ലെന്ന് അറിയാവുന്നത് കൊണ്ടാവാം. അന്ന് അവിടെ വെച്ച് ജീവിതത്തിലാദ്യമായി നന്ദന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു…
നിനക്ക് വേണ്ടി.. ”

കുറച്ചു സമയം അമല ഒന്നും പറയാനാവാതെ നിന്നു. പിന്നെ പതിയെ അകത്തേക്ക് നടന്നു.

പിറ്റേന്ന് ആണ് ഡിസ്ചാർജായത്. ഇറങ്ങുന്നതിനു തൊട്ടു മുൻപാണ് ശിവേട്ടൻ കാറുമായി വന്നത്.ബാഗ് വാങ്ങി വണ്ടിയിലേക്ക് വെക്കുമ്പോളും ശിവൻ അമലയെ നോക്കിയില്ല.

വീട്ടിലേക്ക് പോവുമ്പോൾ വിനുവേട്ടനാണ് പറഞ്ഞത്.

“വാസുമ്മാമ്മ പറഞ്ഞത് ഏറ്റവുമടുത്ത മുഹൂർത്തം ഈ മാസം പതിനഞ്ചിനാണ്, പിന്നെയുള്ളത് കുറച്ചു കഴിഞ്ഞാണ്. ഈ ഡേറ്റ് ആണ് ഉത്തമമെന്ന് പണിക്കർ പറഞ്ഞത്രേ ”

“അതിനെന്താ വിനൂ അത് തന്നെയങ്ങുറപ്പിച്ചൂടെ, അല്ലേ നന്ദാ ”

“എല്ലാരുടെയും സൗകര്യം നോക്കി ചെയ്യാം അമ്മേ ”

അമ്മയുടെ ചോദ്യത്തിന് ശിവേട്ടന്റെ ഉത്തരം ഗൗരവത്തിൽ തന്നെയായിരുന്നു.

അറിയാതെ, മിററിൽ കാണുന്ന മുഖത്തേക്ക് അമലയുടെ കണ്ണെത്തി, ഒരു നിമിഷം ശിവന്റെ നോട്ടം അവളിലെത്തിയെങ്കിലും ഒരു പുഞ്ചിരി പോലും അവനിലില്ലായിരുന്നു..

വീട്ടിലെത്തിയതും ഓടി വന്ന ചിന്നു മോളെ വാരിയെടുത്തു കൊണ്ടു ശിവൻ കോലായിലേക്ക് കയറുന്നത് കണ്ടു കൊണ്ടാണ് അമല അകത്തേക്ക് കയറിപോയത്…

(തുടരും )

Click Here to read full parts of the novel

4.2/5 - (39 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!