സ്കൂളിൽ ജോയിൻ ചെയ്യേണ്ട ദിവസമാണിന്ന്.എന്തോ അമ്മ നിർബന്ധിച്ചിട്ടും ഇന്ന് അമ്പലത്തിൽ പോവാൻ തോന്നിയില്ല.
ഇന്നലെ മുതൽക്കേ തുടങ്ങിയ വെപ്രാളമാണ്. ശരിക്കും പറഞ്ഞാൽ അന്നത്തെ ദിവസം ശിവേട്ടന്റെ നെഞ്ചിൽ വീണു കരഞ്ഞ നിമിഷം മുതൽ മനസ്സിന്റെ താളം തെറ്റാൻ തുടങ്ങിയിട്ടുണ്ട്. പിന്നെ ഇത് വരെ മുൻപിൽ പോകാനോ സംസാരിക്കാനോ ഇട വരുത്തിയിട്ടില്ല..
എങ്കിലും അന്ന് പറഞ്ഞ വാക്കുകൾ ഇപ്പോഴും മനസ്സിൽ ദഹിക്കാതെ കിടക്കുന്നുണ്ട്. ശിവേട്ടൻ തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ല…പക്ഷേ ആ വാക്കുകൾ..ആ കണ്ണുകളിൽ കണ്ടത്..
കുറച്ചധികം നടക്കാനുണ്ട് സ്കൂളിലേക്ക്, എന്നാലോ ബസ്സിന് പോവാനുള്ള ദൂരവുമില്ല. വയലിനപ്പുറത്തുള്ള ചെമ്മൺ പാതയിലൂടെ നടന്നു പോവുന്നതാണ് എളുപ്പം, പക്ഷേ മഴക്കാലത്തു പറ്റില്ല. ഇന്ന് വിനുവേട്ടൻ കൊണ്ടു വിടാമെന്ന് ഇന്നലെയേ പറഞ്ഞതാണ്..
ഇറങ്ങാൻ നേരം അമ്മ പറയുന്നത് കേട്ട് വേണി ഒരു പൊട്ടുമായി വന്നെങ്കിലും തൊടാൻ കൂട്ടാക്കിയില്ല.പുതിയ ശീലങ്ങളൊന്നും വേണ്ട.മനുവേട്ടൻ മരിക്കുന്നതിനു മുൻപേ തന്നേ ചമയങ്ങളൊക്കെ മടുത്തതാണ്. ഇനിയിപ്പോൾ ആരെയും കാണിക്കാൻ ആഗ്രഹവുമില്ല. ഒരിക്കൽ ഉണ്ടായിരുന്നത് തിരിച്ചറിയാനാവാതെ പോയി…
ഇറങ്ങാൻ തുടങ്ങുമ്പോൾ ചിന്നു മോൾ പിടിച്ചു നിർത്തി പിന്നിയിട്ട മുടിയിൽ തിരുകിയ മുല്ലപ്പൂക്കൾ എടുത്തു കളയാൻ തോന്നിയില്ല. അമ്മ കൈയിൽ തന്ന ചോറ്റു പാത്രവും ബാഗിലേക്കിട്ട് വിനുവേട്ടന്റെ കൂടെ ബൈക്കിൽ കയറി ഇരിക്കുമ്പോൾ ചിന്നു മോളുടെ സങ്കടം കണ്ടില്ലെന്ന് നടിച്ചു. സ്കൂളിലേക്ക് എത്താനായപ്പോൾ ഹൃദയമിടിപ്പ് കൂടി വരുന്നുണ്ടായിരുന്നു , വിനുവേട്ടൻ അതറിഞ്ഞോ ആവോ..
“എന്തിനാ അമ്മു നീയിങ്ങനെ പേടിക്കണത്? നീ പഠിച്ച സ്കൂൾ അല്ലെ അത്, അവിടെയുള്ള മിക്കവരെയും നിനക്ക് അറിയാവുന്നതല്ലേ. പിന്നെ എന്തിനും ഏതിനും നന്ദനും അവിടെയില്ലേ? ”
ഏട്ടനോട് പറയാനാവില്ലല്ലോ ആ ഒരാളുടെ സാന്നിധ്യമാണ് എന്റെ ഹൃദയമിടിപ്പ് വർധിപ്പിക്കുന്നതെന്ന്…
ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ വിനയചന്ദ്രൻ മാഷാണ്,എന്നെയും വിനുവേട്ടനെയുമൊക്കെ പഠിപ്പിച്ചിട്ടുള്ളതാണ്. അവിടുത്തെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഹബീബ്ക്കയെ കണ്ടു.വിനുവേട്ടന്റെയും ശിവേട്ടന്റെയും കൂടെ പഠിച്ചതാണ് ഹബീബ് മാഷ്. വിനുവേട്ടൻ ചോദിക്കുന്നത് കേട്ടു.
“ഹബീ, നന്ദൻ എത്തിയില്ലേ ഇത് വരെ? ”
“ഇല്ലെടാ, സാധാരണ അവനങ്ങനെ ലേറ്റ് ആവാറില്ല, അശ്വതിയും വന്നിട്ടില്ല. ചിലപ്പോൾ അവളെ കാത്തു നിന്നതായിരിക്കും ”
“അവർ ഒരുമിച്ചാണോ ഇപ്പോഴും വരാറ്? ”
“ചിലപ്പോഴൊക്കെ, നിനക്കറിഞ്ഞൂടെ അവളുടെ സ്വഭാവം, അവനാണെങ്കിൽ സെന്റിയിൽ വീണു പോവുന്നവനും ”
വിനുവേട്ടന്റെ മൂളലിനൊരു കനമുണ്ടായിരുന്നു. ഹബീബ് മാഷിനോടൊപ്പം സ്റ്റാഫ് റൂമിൽ കയറി എല്ലാവരേയും പരിചയപ്പെട്ടു. പുറത്തു നിന്ന് വിനുവേട്ടൻ വിളിച്ചപ്പോൾ വാതിൽക്കലേക്ക് നടന്നു.
“ഇനി ഞാൻ പൊയ്ക്കോട്ടേ അമ്മൂ,ഇന്ന് വൈകിട്ട് ഞാൻ വിളിക്കാൻ വരാം ”
വിനുവേട്ടൻ യാത്ര പറഞ്ഞു തിരിഞ്ഞപ്പോഴാണ് ബൈക്കിൽ വന്നിറങ്ങിയ ശിവേട്ടനും അശ്വതിയും സ്റ്റാഫ് റൂമിലേക്ക് നടന്നു വരുന്നത് കണ്ടത്. അവരെ കണ്ടപ്പോൾ വിനുവേട്ടന്റെ മുഖമൊന്നു മങ്ങിയത് പോലെ തോന്നി.
ശിവേട്ടന്റെ ഒപ്പം നടന്നു വരുന്ന അശ്വതിയിൽ ആയിരുന്നു കണ്ണ്. ഒരുപാട് കാലമായി കണ്ടിട്ട്. ആൾ ഒന്നു കൂടി സുന്ദരിയായിട്ടുണ്ട്. വെളുത്തു കൊലുന്നനെയുള്ള ഒരു നർത്തകിക്കനുയോജ്യമായ രൂപഭംഗിയുണ്ട് അശ്വതിക്ക്. ശിവേട്ടന് നല്ല മാച്ചാണ്. ഇന്ന് അവരെ ഒരുമിച്ച് കണ്ടപ്പോൾ, പണ്ടൊക്കെ എപ്പോഴും തോന്നാറുള്ള സൂചി കൊണ്ടു കുത്തുന്നത് പോലുള്ള വേദന തോന്നിയില്ല. മറിച്ചു അശ്വതിയുടെ കണ്ണുകളിലെ തിളക്കം സന്തോഷമാണുണ്ടാക്കിയത്. സ്വയം അഭിനന്ദിച്ചു. ഇത്രയും മാറിയല്ലോ താൻ. മുൻപ് അശ്വതി എന്ന പേര് പോലും അലർജി ആയിരുന്നു.
ശിവേട്ടൻ വിനുവേട്ടന്റെ കൈയിൽ പിടിച്ചു എന്തോ പറയുന്നത് കണ്ടു. തന്നോട് തലയാട്ടിട്ട് വിനുവേട്ടൻ പോയപ്പോൾ അശ്വതിയെ നോക്കി ഒന്നു ചിരിച്ചിട്ട് അകത്തേക്ക് നടക്കാൻ തുടങ്ങുകയായിരുന്നു.
“സോറി അമല, ഇന്നലെ വിനു പറഞ്ഞിരുന്നു പക്ഷേ ലേറ്റ് ആയിപോയി ”
ശിവേട്ടനോട് മറുപടി പറയാൻ തുടങ്ങിയതും അശ്വതി പറഞ്ഞു.
“അതിനു കാരണം ഞാനാണ് അമല, ശിവേട്ടൻ ഞാൻ കാരണമാണ് ലേറ്റ് ആയത് ”
“അതിനെന്താ, വിനുവേട്ടൻ കൂടെ ഉണ്ടായിരുന്നല്ലോ, പിന്നെ ഇവിടെ എനിക്ക് അറിയാവുന്നവർ തന്നെയല്ലേ കൂടുതലും ”
നേർത്ത ഒരു ചിരിയോടെ പറഞ്ഞിട്ട് അമല തിരികെ നടക്കുമ്പോൾ ശിവനും അശ്വതിയും അവളുടെ പിന്നിലുണ്ടായിരുന്നു. തന്റെ സീറ്റിൽ ഇരിക്കുമ്പോൾ തൊട്ടരികെയുള്ള സീറ്റിൽ ശിവേട്ടൻ ഇരിക്കുന്നത് കണ്ടു.
ഇവിടെ എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെയാണെന്ന് കുറച്ചു സമയം കൊണ്ടു തന്നെ മനസ്സിലായി. കളിയും ചിരിയും തമാശകളുമായി വേറൊരു ലോകമായിരുന്നു അത്. ഇതുവരെ കാണാത്ത ശിവനന്ദനനെ ആയിരുന്നു അമല അവിടെ കണ്ടത്. തമാശകൾ പറഞ്ഞും കേട്ടും പൊട്ടിച്ചിരിക്കുന്ന ശിവേട്ടൻ. വല്ലപ്പോഴും വിനുവേട്ടന്റെയും കൂട്ടുകാരുടെയും കൂടെ കൂടുമ്പോഴേ ഈ ചിരി കേട്ടിട്ടുള്ളൂ. അല്ലെങ്കിലും ശിവനന്ദനൻ എന്ന വ്യക്തിയെക്കുറിച്ച് തനിക്കൊന്നും അറിയില്ലല്ലോ. അറിയാൻ ശ്രമിച്ചിട്ടുമില്ല. കാണുമ്പോഴൊക്കെ അടിപിടി കൂടിയിട്ടുള്ളതല്ലാതെ ഒരു സൗഹൃദം പോലും ഉണ്ടായിട്ടില്ല എന്നതാണ് സത്യം….അപ്പോൾ മാത്രം മനസ്സിൽ എവിടെയോ ഒരു നീറ്റൽ അമലയ്ക്ക് തോന്നി.
“അല്ല നന്ദൻ മാഷ് ഇന്ന് പുതിയ ഷർട്ട് ഒക്കെയാണല്ലോ, എന്താണ് വിശേഷം? ”
രമ ടീച്ചറുടെ ചോദ്യം കേട്ട് വേണു മാഷ് പറഞ്ഞു.
“ടീച്ചർ നന്ദനെ മാത്രേ കണ്ടുള്ളൂ, ഇവിടിതാ ഒരാൾ സെയിം കളർ സാരിയും ഉടുത്തു വന്നിട്ടുണ്ട് ”
“എന്നാണ് രണ്ടു പേരും ഒരു സദ്യ തരുന്നത്? ”
രമ ടീച്ചറുടെ ചോദ്യത്തിന് അശ്വതിയാണ് മറുപടി പറഞ്ഞത്.
അടുത്ത് തന്നെ ഉണ്ടാവും അല്ലേ നന്ദേട്ടാ ”
എല്ലാവരുടെയും ചിരിക്കിടയിൽ ശിവനെയും തൊട്ടപ്പുറത്തിരിക്കുന്ന അശ്വതിയെയും നോക്കി നേർത്തൊരു ചിരിയുമായി അമല പാഠപുസ്തകത്തിലേക്ക് മുഖം താഴ്ത്തി. ഇതൊന്നും ഇപ്പോൾ തന്നെ വേദനിപ്പിക്കുന്നേയില്ല. ഇനി ഒരിക്കലും സ്വന്തമാവില്ലെന്ന് ഉറപ്പുള്ളതിനെ ദൂരെ മാറി നിന്ന് സ്നേഹിക്കാൻ മനസ്സ് പഠിച്ചു കഴിഞ്ഞിരിക്കുന്നു…
“നന്ദാ പുതിയ പുസ്തകം ആയില്ലേ, കുറെ ആയല്ലോ ആരാധകർ കാത്തിരുന്നു മടുത്തു കാണും ”
“എഴുതിക്കൊണ്ടിരിക്കുന്നേയുള്ളൂ വിമല ടീച്ചറെ. അതിന് കുറച്ചധികം സമയം വേണം, എനിക്കേറെ പ്രിയ്യപ്പെട്ട ഒരാൾക്ക് വേണ്ടിയാണത് ”
“ഓഹോ അപ്പോൾ അതിനു വേറെ ചിലവ് ചെയ്യണംട്ടോ അശ്വതി ”
അശ്വതി മനം നിറഞ്ഞു ചിരിക്കുന്നത് കണ്ടു.
ബെല്ലടിച്ചു. ആദ്യത്തെ പീരിയഡ് അമലയ്ക്ക് ക്ലാസ്സില്ലായിരുന്നു. സ്റ്റാഫ് റൂമിൽ നിന്ന് ഓരോരുത്തരായി പുറത്തേക്കിറങ്ങുന്നത് കണ്ടു
“നന്ദേട്ടൻ കയറുന്നില്ലേ? ”
തന്റെ മുൻപിൽ വെച്ച് അശ്വതി ചോദിക്കുന്നത് കേട്ടപ്പോഴാണ് അമല തലയുയർത്തി നോക്കിയത്. ശിവേട്ടൻ ഒരു പുസ്തകവും കൈയിൽ പിടിച്ചിരിക്കയാണ്. അശ്വതി ക്ലാസ്സിലേക്ക് പോവാൻ തുടങ്ങുകയാണ്.
“ഇല്ല അച്ചൂ, ഹബി കയറി, അവന് പോർഷൻ കുറച്ചു തീരാനുണ്ടെന്ന് പറഞ്ഞു ”
മൂളിക്കൊണ്ട് അമലയോടൊന്നു ചിരിച്ചെന്ന് വരുത്തി അശ്വതി പുറത്തേക്ക് നടന്നു. അമല വീണ്ടും പുസ്തകത്തിലേക്ക് നോക്കിയിരുന്നു.
ഇടയ്ക്കെപ്പോഴോ ശിവനന്ദനന്റെ കൈയിൽ നിന്ന് അവളുടെ അരികിലായി വീണ പേപ്പർ അവൾ എടുത്തു തന്റെ നേരേ നീട്ടിയ കൈയിലേക്ക് വെച്ചു കൊടുത്തു. അവനെ നോക്കാതെ വീണ്ടു പുസ്തകത്തിലേക്ക് മുഖം പൂഴ്ത്താൻ തുടങ്ങവേ കണ്ടു, തന്റെ മുടിയിൽ നിന്ന് നിലത്തു വീണ മുല്ലപ്പൂവ് ശിവേട്ടൻ എടുക്കുന്നതും ഒന്നു മണത്തു നോക്കി ചുണ്ടോട് ചേർത്തതും, ഒരു കുസൃതിച്ചിരിയോടെ ആ നോട്ടം തന്റെ നേരേ വന്നതറിഞ്ഞപ്പോഴേക്കും അമല ഞെട്ടലോടെ മുഖം താഴ്ത്തിയിരുന്നു.
ബെല്ലടിച്ചപ്പോൾ പുറത്തേക്ക് നടക്കുന്നതിനിടെ അരികിലൂടെ പോയപ്പോൾ ആ ശബ്ദം അമല കേട്ടു.
“ഇങ്ങനെ മസിലു പിടിച്ചു നടന്നാൽ ഞാൻ കൊറേ കഷ്ടപ്പെടേണ്ടി വരുമല്ലോ അമ്മൂ ”
അമല നോക്കുമ്പോഴേക്കും തിരിഞ്ഞു നോക്കാതെ ശിവനന്ദനൻ നടന്നിരുന്നു.
കുട്ടികളുടെ മുൻപിൽ എത്തിയപ്പോൾ കുറേ വർഷങ്ങളുടെ ദൂരം ഉണ്ടാക്കിയ ചെറിയൊരു ടെൻഷൻ മനസ്സിലുണ്ടായിരുന്നെങ്കിലും ക്ലാസ്സെടുക്കാൻ തുടങ്ങിയപ്പോൾ അവളത് മറന്നിരുന്നു. ഇടയ്ക്കെപ്പോഴോ പുറത്തെ വരാന്തയിലേക്ക് നോട്ടമെത്തിയപ്പോൾ അതിലേ കടന്നു പോയ ശിവേട്ടന്റെ കണ്ണുകൾ തന്നിലെത്തിയത് അമല അറിഞ്ഞിരുന്നു…
ഉച്ചയ്ക്ക് കഴിക്കാനിരുന്നപ്പോൾ അശ്വതിയുടെ പൊട്ടിച്ചിരി കേട്ടാണ് അമല നോക്കിയത്. ശിവന്റെ ലഞ്ച് ബോക്സിൽ നിന്നെന്തോ എടുത്തു തിന്നു അവൻ പറഞ്ഞത് കേട്ട് ചിരിച്ചതാണവൾ.
“എന്താണ് അശ്വതി ടീച്ചറെ ഞങ്ങളും കൂടെ കേട്ടോട്ടെ ”
“സ്വകാര്യമാണ് ഹബീബ് മാഷേ ”
അശ്വതി ചിരിയോടെ പറഞ്ഞു.
“എന്റെ ഹബീ കുട്ടിക്കാലം മുതലേ ഒരുമിച്ച് കഴിക്കുമ്പോൾ എന്റെ പാത്രത്തിൽ നിന്ന് കൈയിട്ടു വാരിയാലെ അവളുടെ വിശപ്പടങ്ങൂ ”
ശരിയാണ് അമല ഓർത്തു. കുട്ടിക്കാലം മുതലേ ചെമ്പകശ്ശേരിയിൽ വെച്ച് കാണുമ്പോഴൊക്കെ അശ്വതി ശിവേട്ടനോടൊപ്പം ആയിരുന്നു. വേണിയോടും തന്നോടുള്ള അന്നേ അത്ര വലിയൊരടുപ്പം ഉണ്ടായിരുന്നില്ല. ശിവേട്ടനെ സഹായിച്ചു മുറ്റത്തും തൊടിയിലുമൊക്കെ നടക്കുന്നത് കാണുമ്പോൾ പുച്ഛിച്ചിട്ടേയുള്ളൂ.
വൈകിട്ട് വിനുവേട്ടൻ വന്നിരുന്നു.ഇടയ്ക്കെപ്പോഴോ ശിവേട്ടനും അശ്വതിയും ബൈക്കിൽ തങ്ങളെ മറി കടന്നു പോയത് അമല കണ്ടിരുന്നു.
ദിവസങ്ങൾ കടന്നു പോകവേ അമല പുതിയ ദിനചര്യകളുമായി പൊരുത്തപ്പെട്ടു. മുൻപൊക്കെ അത്രമേൽ വെറുത്തിരുന്ന അദ്ധ്യാപനത്തെ അവൾ സ്നേഹിച്ചു തുടങ്ങിയിരുന്നു. അശ്വതിയൊഴികെ മറ്റെല്ലാവരുമായി അമല അടുത്തു, അവരിലൊരാളായി. അശ്വതി അവളോട് വലിയ അടുപ്പം കാണിച്ചില്ല. സ്കൂളിൽ അവൾ ശിവനെ നന്ദൻ മാഷ് എന്ന് തന്നെ അഭിസംബോധന ചെയ്തു എപ്പോഴും, ആദ്യമൊക്കെ തെല്ലൊരതിശയത്തോടെ നോക്കിയെങ്കിലും ശിവനും അതുൾക്കൊണ്ടു…
രാവിലെ വിനീത് സ്കൂളിൽ ആക്കി കൊടുക്കുമെങ്കിലും എന്നും വൈകിട്ട് വിളിക്കാൻ വരാനുള്ള അവന്റെ ബുദ്ധിമുട്ടോർത്തു അമല അത് വിലക്കി. സ്കൂൾ വിട്ട് വയലരികിലൂടെ തനിയെ ഉള്ള നടത്തം അവൾ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. തന്റേതായ ലോകത്തിൽ മുഴുകി നടക്കുമ്പോഴും ചിലപ്പോഴൊക്കെ ബൈക്കിൽ തന്നെ കടന്നു പോകുന്ന ശിവനന്ദനനെ അവൾ കണ്ടിരുന്നു.
അന്ന് നല്ല മഴക്കാറുണ്ടായിരുന്നു. വൈകുന്നേരം സ്കൂൾ വിട്ട് അമല ഇറങ്ങി നടന്നു. കുറച്ചെത്തിയപ്പോഴേക്കും മഴ ചാറാൻ തുടങ്ങി. കുട നിവർത്തി പിടിച്ചു കാറ്റിനൊപ്പം വയലേലകളിൽ പതിക്കുന്ന മഴത്തുള്ളികളെ നോക്കി സ്വയം മറന്നു നടന്നത് കൊണ്ടാവാം പെട്ടെന്നൊരാൾ കുടക്കീഴിൽ ഓടി കയറിയപ്പോൾ ഞെട്ടിയത്.ആ മുഖം കണ്ടപ്പോൾ ഞെട്ടൽ പൂർണമായി.ശിവേട്ടൻ…
വെള്ളത്തുള്ളികൾ മുടിയിഴകളിലും താടിരോമങ്ങളിലും തങ്ങി നിൽക്കുന്നു…
“ബൈക്ക് ഓഫ് ആയി പോയെടോ, റയിൻ കോട്ട് എടുക്കാൻ മറന്നു. കയറി നിൽക്കാൻ ഒരു സ്ഥലവുമില്ല ”
അമലയുടെ കൈയിൽ നിന്ന് കുട വാങ്ങി പിടിക്കവേ ശിവനന്ദനൻ പറഞ്ഞു. കൈകൾ പിണച്ചു തന്നിലേക്കൊതുങ്ങി അമല ആ കുടക്കീഴിൽ നടന്നു. ഒരിക്കൽ പോലും മുഖമുയർത്തി നോക്കാൻ ധൈര്യപ്പെട്ടില്ലെങ്കിലും ആ കണ്ണുകൾ തന്നിലാണെന്ന് അവളറിഞ്ഞു.ഒന്നും പറയാതെ അവർ നടന്നു…
ചെമ്പകശ്ശേരിയിലേക്ക് എത്താനായപ്പോൾ പൊടുന്നനെ ശിവൻ ചോദിച്ചു.
“നമ്മൾ പരസ്പരം വഴക്കടിച്ചതും, കുറ്റങ്ങൾ കണ്ടു പിടിച്ചു നടന്നതും എന്തിനായിരുന്നുവെന്ന് താൻ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ
അമല? ”
അവൾ ഒന്നും പറഞ്ഞില്ല. ശിവൻ അവളെ നോക്കി തുടർന്നു.
“സത്യത്തിൽ നമ്മൾ പ്രണയിക്കുകയായിരുന്നു. അതായിരുന്നു നമ്മുടെ പ്രണയം. നീ തിരിച്ചറിയാൻ വൈകിയ നമ്മുടെ പ്രണയം.. ഞാൻ കൈ വിട്ടു കളഞ്ഞ എന്റെ പ്രണയം… ”
അമലയ്ക്ക് ശ്വാസം നിലച്ചു പോവുന്നത് പോലെ തോന്നി. ഒന്നും പറയാനാവാതെ അവൾ നടന്നു.
“ഈ അകലം പോലുമില്ലാതെ ചേർത്തു പിടിക്കാൻ ആ കഴുത്തിൽ ഒരു താലി ചാർത്തിക്കോട്ടെ ഞാൻ.. ആർക്കും വേദനിപ്പിക്കാൻ വിട്ടു കൊടുക്കാതെ ”
“വേണ്ട… ശിവേട്ടൻ എന്നോട് ഇങ്ങിനെയൊന്നും പറയല്ലേ ”
അവനെ നോക്കാതെ, നിറഞ്ഞു വരുന്ന മിഴികൾ തുടക്കാതെ, അമല ശിവനിൽ നിന്നകന്ന്, ആ മഴയിൽ മുൻപോട്ട് നടന്നു. ഒരു നിമിഷത്തിനു ശേഷം പിറകെ അവൻ എത്തിയപ്പോൾ വഴിയിലെ കല്ലിൽ തട്ടി അമലയുടെ കാൽ വഴുതി. വീഴാതെ താങ്ങിയ കരുത്തുറ്റ കരങ്ങൾ അരക്കെട്ടിൽ ചുറ്റിയിരുന്നു. നിവർന്നതും നോട്ടം ആ കണ്ണുകളിലേക്കെത്തിയപ്പോൾ അവളുടെ മനസ്സൊന്നു പിടഞ്ഞു. ശിവന്റെ കൈകൾ ഇത്തിരി ബലമായി തന്നെ പിടിച്ചു മാറ്റി അവന്റെ കൂടെ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ ആ മഴയത്തു നടക്കുമ്പോൾ അമലയുടെ ഹൃദയമിടിപ്പ് ശിവാനന്ദൻ അറിയുന്നുണ്ടായിരുന്നു
കോലായിൽ അവളെ കാത്തു നിൽക്കുന്ന ചിന്നു മോളോടൊപ്പം വേണിയും അമ്മയുമുണ്ടായിരുന്നു. തങ്ങളെ നോക്കിയ വേണിയുടെയും അമ്മയുടെയും മുഖത്തെ അതിശയം അമല കണ്ടു.
“ഹായ് ചിറ്റയും മാമ്മനും… ”
എന്ന് പറഞ്ഞു കൈ കൊട്ടുന്ന ചിന്നു മോളെ നോക്കി ചിരിച്ചുകൊണ്ട് അമല അകത്തേക്ക് കയറി പോയി. നനഞ്ഞ വസ്ത്രങ്ങൾ അഴിച്ചു മാറ്റുമ്പോഴും ആ ഓർമയിൽ അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. ശിവന്റെ കണ്ണുകളിൽ തെളിഞ്ഞു നിന്ന തന്നോടുള്ള പ്രണയം ആ ഇടവഴിയിൽ വെച്ച് അമല കണ്ടിരുന്നു…
ഉറക്കം വരാതിരുന്ന രാത്രിയിൽ ശിവന്റെ വാക്കുകൾ അവളുടെ ചെവികളിൽ അലയടിച്ചു കൊണ്ടേയിരുന്നു.
വേണിയ്ക്ക് അധികം ഇളകാനൊന്നും പാടില്ലാത്തത് കൊണ്ടു വെളുപ്പിനെ എഴുന്നേറ്റു ജോലികളൊക്കെ തീർത്താണ് അമല സ്കൂളിലേക്ക് പോകാറുള്ളത്. അന്ന് ഞായറാഴ്ച ആയത് കൊണ്ടു ഉണർന്നിട്ടും എഴുന്നേൽക്കാൻ മടിച്ചു വെറുതെ കിടക്കുകയായിരുന്നു, അപ്പോഴാണ് അമ്മ വന്നത്.
“അമ്മൂ ഇന്നലെ രാത്രി സതിയുടെ കാലൊന്നുളുക്കി.നീര് വെച്ചിട്ടുണ്ട്. നടക്കാൻ ബുദ്ധിമുട്ട് ഉണ്ടത്രേ. നീയൊന്ന് അങ്ങോട്ട് ചെല്ല്, വേണിയെ അയക്കണ്ട, പോരാത്തതിന് മഴയും ”
പെട്ടെന്ന് കുളിച്ചു ഒരു സാരി എടുത്തുടുത്ത് മുടി കുളിപ്പിന്നൽ കെട്ടി വിടർത്തിയിട്ട് അമല ഇറങ്ങി.മഴ പെയ്തു തോർന്നിരുന്നു. ഇടവഴിയിലൂടെ തിരക്കിട്ടു നടക്കുമ്പോഴും ഒരോർമ്മയിൽ നേർത്ത പുഞ്ചിരി അവളുടെ ചുണ്ടോളമെത്തി…
ചെമ്പകശ്ശേരിയിലെ പൂമുഖത്തു പത്രവുമായി വാസുമാമ്മ ഇരിപ്പുണ്ടായിരുന്നു.
“ആഹാ ഈ വഴി കാണാത്തവരെ ഒക്കെ കാണുന്നുണ്ടല്ലോ ഇന്ന് ”
ചിരിയോടെ അമല ചോദിച്ചു.
“സതിയമ്മ…? ”
“കിടക്കാണ്, കാലിന് കുറച്ചു നീരുണ്ട് ”
“വാസുമാമ്മയ്ക്ക് രാവിലത്തെ ചായ കിട്ടി കാണില്ലല്ലേ, ഞാൻ ഇപ്പോൾ കൊണ്ടു വരാം ”
“ചായ ഉണ്ടാക്കാൻ ഒരാൾ അടുക്കളയിൽ കയറിയിട്ടുണ്ട്. ഇന്നലെ വീണ ദേഷ്യത്തിൽ അമ്മയോടൊരു ഡോസ് കിട്ടിയിട്ടുണ്ടായിരുന്നു.അവൻ കൂട്ടിനൊരാളെ കൊണ്ടു വന്നാൽ ഈ വയസ്സുകാലത്ത് ഞങ്ങൾക്കും ഒരു തുണയാവുമായിരുന്നല്ലോ”
“ഏതായാലും ഞാനൊന്നു നോക്കട്ടേ ”
അവളെ കണ്ടതും സതി പറഞ്ഞു.
“നിനക്ക് ഇങ്ങോട്ടേക്കുള്ള വഴിയൊക്കെ ഓർമ്മയുണ്ടോ അമ്മുവേ, ഞാനൊന്ന് വീഴേണ്ടി വന്നു ഇങ്ങോട്ട് വരാൻ അല്ലേ? ”
ഒന്നും പറയാതെ ചെറിയൊരു ചിരിയോടെ നിന്നു. അമ്മയെക്കാളും തന്നെ മനസ്സിലാക്കിയിട്ടുള്ളത് സതിയമ്മയാണ്.
“മോൾ അടുക്കളയിലേക്ക് ചെല്ല്, അവനേതാണ്ടൊക്കെ കാട്ടിക്കൂട്ടുന്നുണ്ടാവും. ഞാനിന്നലെ എന്തൊക്കെയോ പറഞ്ഞു ”
അടുക്കളവാതിലിൽ എത്തിയപ്പോഴേ കണ്ടു കാവി മുണ്ടും ബനിയനുമിട്ട് തോർത്തു തലയിൽ കെട്ടി സ്റ്റവ്വിനരികെ നിൽക്കുന്ന
വാദ്ധ്യാരെ .
അടുക്കളയിൽ കയറിയതും ആൾ തിരിഞ്ഞു നോക്കി, തന്നെ കണ്ടതും ആ മുഖത്തൊരു ചിരി വിടർന്നു.
“മാഡം ഈ വിസിറ്റിംഗ് ഒന്ന് പെർമനന്റ് ആക്കിയിരുന്നെങ്കിൽ ഞാൻ രക്ഷപ്പെട്ടേനെ ”
അത് കേൾക്കാത്ത പോലെ അമല സ്റ്റവ്വിനരികെ എത്തി.
“ശിവേട്ടൻ പൊയ്ക്കോ, ചായ ഞാൻ കൊണ്ടു വരാം ”
“ചായ ഒക്കെ റെഡി ആയെടോ, താൻ ഒന്ന് നോക്കിയേ ”
സ്പൂണിൽ കുറച്ചെടുത്ത് വായിലാക്കിയതും അമല ചിരിച്ചു പോയി.
പുരികമുയർത്തി എന്താണ് എന്ന് ചോദിച്ച ആളോട് അവൾ പറഞ്ഞു.
“പണ്ടൊരാൾക്ക് ഒരു ചായ ഉണ്ടാക്കി കൊടുത്തിരുന്നു, അതോർത്തു പോയതാ ”
വർഷങ്ങൾക്കിപ്പുറം ആ ഓർമയിൽ അമല മനസ്സറിയെ ചിരിച്ചപ്പോൾ തൊട്ടരികെ ശിവനന്ദനൻ കണ്ടു നിൽക്കുകയായിരുന്നു ആ ചിരി…
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Super avanudu oro partum, tragedy aakalle avasanam