Skip to content

നിനയാതെ – പാർട്ട്‌ 3

ninayathe aksharathalukal novel

ചുക്ക് കാപ്പി മുഴുവനും കുടിപ്പിച്ചിട്ട് ഗ്ലാസ്സ് വാങ്ങി കൊണ്ടു വേണി പറയുന്നുണ്ടായിരുന്നു.

“അമ്മൂ, നിന്നോട് വൈകുന്നേരമേ പറഞ്ഞതല്ലേ ഡോക്ടറുടെ അടുത്ത് പോവാമെന്ന്, പനി കൂടി വരുവാണ്, വിനുവേട്ടൻ നാളെ വൈകുന്നേരം അല്ലേ വരുള്ളൂ, ഇപ്പോൾ കൂടി വിളിച്ചു കൊറേ വഴക്ക് പറഞ്ഞു വച്ചതേയുള്ളൂ, നീ പിന്നെ ആരു പറയുന്നതും കേൾക്കില്ലല്ലോ ”

അവളോട് മറുപടി പറയാൻ പോലും വയ്യായിരുന്നു, എന്നിട്ടും പറഞ്ഞൊപ്പിച്ചു.

“സാരമില്ല വേണി, ഇനി ഒന്നുറങ്ങി എഴുന്നേൽക്കുമ്പോഴേക്കും കുറയും. നീയിങ്ങനെ ഇവിടെ നിന്ന് പനി വരുത്തണ്ട, അല്ലെങ്കിലേ വയ്യാത്തതാ ”

“എനിക്ക് കുഴപ്പമില്ല, പക്ഷേ ചിന്നുവിനു ചെറുതായി ചൂട് വരുന്നുണ്ട് ”

മറുപടി പറയാൻ വയ്യെങ്കിലും മനസ്സിൽ ആധി ഉണ്ടായിരുന്നു. ചിന്നുവിന് നാലു വയസു കഴിഞ്ഞു, വേണി ഇപ്പോൾ അഞ്ചു മാസം ഗർഭിണി ആണ്. വിനുവേട്ടൻ എന്തോ കാര്യത്തിന് തിരുവനന്തപുരം പോയതാണ്, നാളെ വൈകിട്ടെ എത്തുകയുള്ളൂ..

കണ്ണുകൾ അടയുമ്പോൾ വീണ്ടും ഓർമ്മകൾ തെളിയുകയായിരുന്നു. അന്ന് ശിവേട്ടനെ ഇഷ്ടമല്ലെന്ന് വിനുവേട്ടനോട് പറഞ്ഞു തിരിഞ്ഞപ്പോൾ കണ്ട ആ മുഖത്തെ ഭാവം എന്തായിരുന്നെന്ന് ഇന്നും അറിയില്ല. വിനുവേട്ടൻ പറയുന്നുണ്ടായിരുന്നു.

“അമ്മൂ നീ എന്തൊക്കെയാ പറയുന്നേ, നന്ദൻ…. ”

“വിനു മതി, ഈ സംസാരം ഇവിടെ വെച്ച് നിർത്തിക്കോ, ഞാൻ പോവുന്നു ”

അത്രയും പറഞ്ഞിട്ട്, വിനുവേട്ടൻ വിളിച്ചിട്ടും തിരിഞ്ഞു നോക്കാതെ ഇറങ്ങി പോയ ശിവേട്ടനെ കണ്ടപ്പോൾ നേരത്തേ തോന്നിയ വിജയലഹരി ഇല്ലായിരുന്നു. അമ്മയോ വിനുവേട്ടനോ അതിനെ പറ്റി ഒന്നും സംസാരിച്ചില്ല, അതിനെ പറ്റി എന്നല്ല ഒന്നും സംസാരിച്ചില്ല, രണ്ടു പേരും തനിക്ക് മുഖം തരാതെ നടക്കുകയായിരുന്നു.

രാത്രിയിൽ ഉറക്കം വരാതെ കിടക്കുമ്പോൾ ശിവേട്ടന്റെ മുഖം ആയിരുന്നു മനസ്സിൽ. ഒരിക്കലും വേറൊരു രീതിയിൽ ആലോചിച്ചിട്ടില്ല. പക്ഷെ തന്നോട് സംസാരിക്കാതിരിക്കുമ്പോൾ നോക്കാതിരിക്കുമ്പോൾ ദേഷ്യം വരാറുണ്ടായിരുന്നു, കുറേ ദിവസം കാണാതിരിക്കുമ്പോൾ എന്തോ നഷ്ടബോധം മനസ്സിൽ തോന്നാറുണ്ട്, വേറെ ഏതെങ്കിലും പെൺപിള്ളേരോട് സംസാരിക്കുന്നത് കാണുമ്പോൾ ദേഷ്യം വരാറുണ്ട്.. ഇനി ഇതൊക്കെ തന്നെയാണോ പ്രണയം.. അറിയില്ല.. പക്ഷേ ഒന്നറിയാം ഇനി താൻ എന്തൊക്കെ പറഞ്ഞാലും ശിവേട്ടൻ തന്നെ തിരിഞ്ഞു നോക്കാൻ പോണില്ല.

പിറ്റേന്ന് ചെമ്പകശ്ശേരിയിലേക്ക് പോവുമ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു, ഗേറ്റിനടുത്ത് എത്തിയതും ബൈക്കിൽ ശിവേട്ടൻ പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. താൻ മുഖം താഴ്ത്തിയെങ്കിലും ഒരു നോട്ടം പോലും തന്റെ നേരേ വന്നില്ലെന്നത് അറിഞ്ഞിരുന്നു.

സ്കൂളിലേക്ക് പോകുമ്പോൾ, വേണി ഒന്നും മിണ്ടാതെ, മുഖത്ത് നോക്കാതെ കൂടെ നടന്നപ്പോൾ അമലയ്ക്കു ശ്വാസം മുട്ടുന്നത് പോലെ തോന്നി. പൊടുന്നനെ വേണി അവളെ നോക്കി പതിയെ ചോദിച്ചു.

“എന്നാലും അമ്മു നീ ഏട്ടനെ ഇത്രയും വെറുത്തിരുന്നോ? , തുറന്നു പറഞ്ഞില്ലെങ്കിലും നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്നാണ് ഞാൻ കരുതിയത്. നീ എന്റെ ഏട്ടന്റെ ഭാര്യയായി വരുന്നത് ഒരുപാട് സങ്കല്പിച്ചിട്ടുണ്ട്… ”

“വേണി.. ഞാൻ.. എനിക്ക് ”

“എനിക്കറിയാം അമ്മൂ സ്നേഹവും ഇഷ്ടവുമൊന്നും ചോദിച്ചു വാങ്ങേണ്ടതല്ലല്ലോ”

“എടീ ഞാൻ..എനിക്ക്.. ”

“സാരമില്ല ഇനി അതെ പറ്റിയൊന്നും പറയണ്ട, ഏട്ടൻ ഇന്നലെ വീട്ടിൽ അമ്മയുമായി വഴക്കിട്ടു, ഇന്നും ഭക്ഷണം ഒന്നും കഴിക്കാതെ ആണ് ഇറങ്ങിപ്പോയത്, വിനുവേട്ടനെയും ഒരുപാട് ചീത്ത വിളിച്ചത്രേ, നിന്നോട് കല്യാണക്കാര്യം പറഞ്ഞതിന്.. ”

അമല ഒന്നും പറഞ്ഞില്ല.കുറച്ചു കഴിഞ്ഞു വേണി വീണ്ടും പറഞ്ഞു.

“സാരമില്ലമ്മൂ എനിക്ക് ദേഷ്യമൊന്നുമില്ല, പിന്നെ നിന്റെ അമ്മ രാവിലെ അമ്മയെ വിളിച്ചിരുന്നു,നിന്നെ പെണ്ണ് ചോദിച്ച കൂട്ടരോട് വരാൻ പറയാൻ പറഞ്ഞിട്ടുണ്ട്.അമ്മയുടെ അകന്ന ബന്ധത്തിലുള്ളതാ. ഞാൻ കണ്ടിട്ടുണ്ട്.മനുവെന്നാ പേര്, പൂത്ത കാശുകാരനാ മോളെ, ഒറ്റ മകൻ, കാണാനും അടിപൊളി.നിനക്കിഷ്ടപ്പെടും ”

എല്ലാം കേൾക്കുമ്പോഴും അമലയുടെ മനസ്സിൽ അമ്മയും ഏട്ടനും തന്നോടൊന്നും പറഞ്ഞില്ലല്ലോ എന്ന ചിന്തയായിരുന്നു. ഇത്ര പെട്ടെന്ന് താൻ അവർക്ക് അന്യയായി മാറിയോ…

അന്ന് രാത്രി കിടക്കാൻ പോവുമ്പോഴാണ് അമ്മ പറഞ്ഞത്.

“അമ്മൂ നീ നാളെ സ്കൂളിൽ പോവണ്ട, നാളെ സതി പറഞ്ഞ കൂട്ടർ നിന്നെ കാണാൻ വരും. വിനുവും വാസുവേട്ടനും പോയി അന്വേഷിച്ചിട്ടുണ്ട്, നല്ല കൂട്ടരാണ്. ആ ചെറുക്കന്റെ ജാതകപ്രകാരം പെട്ടെന്ന് കല്യാണം വേണമത്രേ. അവര് നിന്നെ കണ്ടു ഇഷ്ടപ്പെട്ടിട്ടുണ്ട്. നാളെ വന്നു ഇഷ്ടപ്പെട്ടാൽ ഇതങ്ങു ഉറപ്പിക്കാം ”

പറഞ്ഞത് അങ്ങിനെയാണെങ്കിലും അമ്മയുടെ സംസാരരീതിയിൽ എല്ലാം ഉറപ്പിച്ചമട്ടുണ്ടായിരുന്നു.. തുടക്കത്തിലേ പ്രശ്നം ഉണ്ടാക്കേണ്ടെന്ന് കരുതി അമല ഒന്നും പറഞ്ഞില്ല. പക്ഷേ അന്ന് രാത്രിയും മനസ്സിൽ ഇടയ്ക്കിടെ തെളിഞ്ഞ മുഖം ശിവേട്ടന്റേതായിരുന്നു.

വീട്ടിലേക്ക് കാർ എത്താത്തത് കാരണം പെണ്ണ് കാണാൻ വന്നവർ റോഡിൽ കാർ നിർത്തിയിട്ട് ഇടവഴിയിലൂടെ മുറ്റത്തെത്തിയപ്പോൾ വല്യ ആകാംഷ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും വെറുതെ ഒന്ന് നോക്കി. അയാളോട് പറയാനുള്ളതൊക്കെ ഒരു വട്ടം കൂടി മനസ്സിൽ ഉറപ്പിച്ചു.

ശിവേട്ടന്റെ അത്രയും പൊക്കമില്ല, ശിവേട്ടനെ പോലെ താടിയൊന്നുമില്ല.. പക്ഷേ ശിവേട്ടനെക്കാളും വെളുത്തിട്ടാണ്.. പിന്നെ ശിവേട്ടൻ…

അമല തലയ്‌ക്കൊരു കൊട്ട് കൊടുത്തു.

ചായ കൊണ്ടു പോയി കൊടുത്തപ്പോൾ അയാളുടെ മുഖത്തേക്ക് നോക്കിയില്ല.പക്ഷേ ആ അമ്മ തന്നെ നോക്കി പുഞ്ചിരിച്ചപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ചായ കൊടുത്തിട്ട് വാതിലിനരികിൽ നിന്നപ്പോൾ അമ്മയും മകനും എന്തോ സംസാരിക്കുന്നത് കണ്ടു. അയാളുടെ അമ്മ പറയുന്നത് കേട്ടു.

“മോളെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമായി, വിവാഹം ഉടനെ വേണമെന്നൊരു കണ്ടിഷൻ മാത്രമേ ഞങ്ങൾക്കുള്ളൂ ”

അമല ഞെട്ടി. ചെക്കനും പെണ്ണും സംസാരിച്ചോട്ടെ എന്ന് ആരെങ്കിലും പറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. എനിക്ക് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞാലോ എന്ന് ആലോചിച്ചപ്പോഴേക്കും അയാളുടെ മൊബൈൽ റിംഗ് ചെയ്തു. എസ്ക്യൂസ്‌ മി എന്ന് പറഞ്ഞു പുറത്തേക്ക് പോയ ആളെ പിന്നെ കണ്ടില്ല. കുറച്ചു കഴിഞ്ഞു പോവാൻ നേരം ആ അമ്മ എന്റെ അരികിലെത്തി.

“ഞങ്ങൾ പോവുകയാണ്, ഇനി വരുന്നത് മോളെ കൊണ്ടു പോവാനാണ്, എന്റെ മരുമകളായിട്ടല്ല മോളായിട്ട്.”

തിരിച്ചൊന്നും പറയാനാവാതെ അമല നിന്നു. അവർ പോയതും വിനുവേട്ടൻ അമ്മയോട് ചോദിക്കുന്നത് കേട്ടു.

“അല്ലമ്മേ, രണ്ടാഴ്ചയ്ക്കുള്ളിൽ കല്യാണം നടത്തണമെന്നൊക്കെ പറയുമ്പോൾ ”

“അതിനെന്താ വിനു അവൾക്കുള്ള സ്വർണമൊക്കെ ലോക്കറിൽ ഉണ്ടല്ലോ, പിന്നെ അവരായിട്ടൊന്നും ആവശ്യപ്പെട്ടിട്ടുമില്ലല്ലോ ”

അമ്മ പറഞ്ഞു തീരും മുൻപേ അമല പറഞ്ഞിരുന്നു.

“എനിക്ക് ഈ കല്യാണം വേണ്ടാ ”

“കാരണം..? ”

വിനുവിന്റെ ചോദ്യം ഗൗരവത്തിലായിരുന്നു.

“എനിക്ക് അയാളെ ഇഷ്ടമായില്ല ”

പറഞ്ഞതും വിനീത് കൈ വലിച്ചു അമലയുടെ മുഖത്തടിച്ചതും ഒരുമിച്ചായിരുന്നു. വേദനയെക്കാളേറെ അമലയിൽ ഞെട്ടലായിരുന്നു. എപ്പോഴും അടിപിടി കൂടാറുണ്ടായിരുന്നെങ്കിലും ഒരിക്കൽ പോലും വിനു അവളെ ഇങ്ങനെ അടിച്ചിട്ടില്ല. അവളെ നോക്കാതെ വിനീത് പുറത്തേക്ക് നടക്കുമ്പോൾ അടുത്ത് നിൽക്കുന്ന അമ്മ പറയുന്നത് അവൾ കേട്ടു.

“അവനത്രക്ക് വിഷമമുണ്ടായിട്ടാ , താഴത്തും തലയിലും വെക്കാതെയാ നിന്നെ അവൻ കൊണ്ടു നടന്നത്, നിനക്ക് രണ്ടടിയുടെ കുറവുണ്ടെന്ന് ഞാനടക്കം എല്ലാവരും പറയുമ്പോഴും അവൻ ചിരിച്ചിട്ടേയുള്ളൂ.ഓരോരോ കാരണം പറഞ്ഞു വരുന്ന കല്യാണാലോചനകളെല്ലാം നീ മുടക്കുമ്പോഴും നിനക്ക് നന്ദനെ ഇഷ്ടമാണെന്ന് ഞങ്ങൾ ആശ്വസിക്കുകയായിരുന്നു ”

മുറിയിലേക്ക് നടക്കുമ്പോൾ അമലയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.കരഞ്ഞു തളർന്നു എപ്പോഴോ ഉറങ്ങി പോയി. ആരോ കവിളിൽ തലോടിയത് പോലെ തോന്നി. കണ്ണുകൾ തുറന്നപ്പോൾ അരികെ വിനുവേട്ടൻ ഉണ്ടായിരുന്നു, ആ കണ്ണുകളിൽ നനവും..

“നിനക്ക് വേദനിച്ചോ അമ്മൂട്ടീ….ഞാൻ പെട്ടെന്ന്…. ”

“ഏട്ടൻ അമ്മയോട് പറഞ്ഞേക്ക് എനിക്ക് സമ്മതമാണെന്ന് ”

“മോളെ നീ.. ”

“എനിക്കിഷ്ടമാണ് ഈ കല്യാണത്തിന്, പൂർണ്ണ സമ്മതം ”

ഒരു നിമിഷം വിശ്വാസം വരാതെ ഇരുന്നാണ് വിനീത് മുറി വിട്ടുപോയത്. കവിളിലേക്ക് വീഴുന്ന കണ്ണുനീർ തുള്ളികൾ തുടച്ചു മാറ്റുമ്പോഴും അമലയുടെ മനസ്സിൽ ശിവനന്ദനന്റെ മുഖം തെളിഞ്ഞു നിന്നു.

പിന്നീടെല്ലാം വേഗത്തിലായിരുന്നു. രണ്ടാഴ്ച്ചക്കുള്ളിലുള്ളൊരു ഡേറ്റ് കുറിപ്പിച്ചെന്ന് വിനു പറയുമ്പോഴും മുഖത്തൊരു ചിരി വരുത്തി അമല നിന്നു…

ശിവൻ എവിടെ വെച്ച് കണ്ടാലും അവളെ ശ്രദ്ധിക്കാറേയില്ലായിരുന്നു. വേണിയുടെ പെരുമാറ്റത്തിലും എന്തോ ഒരു അകലം തോന്നിത്തുടങ്ങിയതോടെ അമല ആകെ തകർന്നു. രണ്ടും കൽപ്പിച്ചാണ് ഒരു ദിവസം ശിവൻ ബൈക്കിൽ വരുന്നത് കണ്ടു അമല മുൻപിൽ കയറി നിന്നത്. അവൻ അവളെ നോക്കി, ഉള്ളിൽ പേടിയുണ്ടായിരുന്നെങ്കിലും അമല ചോദിച്ചു.

“എന്താ.. എന്നോട്.. എന്നോട് മിണ്ടാത്തത്? ”

“എന്നെ ഇഷ്ടമല്ലാത്ത, എന്നെ വെറുക്കുന്ന ആളോട് ഞാൻ സംസാരിക്കേണ്ടതുണ്ടോ അമല? ”

“ശിവേട്ടാ ഞാൻ… ”

“അമല മുൻപിൽ നിന്ന് മാറി നിൽക്ക് ”

അമൽ അനങ്ങിയില്ല.

“മാറിനിൽക്കെടീ ”

ആ അലർച്ചയിൽ അറിയാതെ അവൾ മാറിയതും ശിവൻ അവളെ നോക്കാതെ വണ്ടിയോടിച്ചു പോയി.

മനു ഒരിക്കൽ പോലും അവളെ വിളിച്ചില്ലെങ്കിലും അമ്മ ഇടയ്ക്കിടെ വിളിക്കാറുണ്ടായിരുന്നു. ഡ്രസ്സ്‌ എടുക്കാൻ പോവാൻ അവളെയും വിളിച്ചെങ്കിലും അമല ഒഴിഞ്ഞു മാറി. വേണി കൂടി വീട്ടിലേക്ക് വരാതെയായപ്പോൾ അമല തീർത്തും ഒറ്റപ്പെട്ടു. ഭ്രാന്തുപിടിക്കുന്നത് പോലെ തോന്നിയ ഒരു രാത്രിയിൽ അമല ശിവനെ വിളിച്ചു.

“ഹലോ ”

അമലയ്ക്കു വാക്കുകൾ കിട്ടിയില്ല.

“എന്തിനാണ് വിളിച്ചത്? ”

ഗൗരവത്തിലുള്ള ചോദ്യം കേട്ടെങ്കിലും അമല പറഞ്ഞൊപ്പിച്ചു.

“എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്, നാളെ രാവിലെ കാവിനടുത്തെ ആൽത്തറക്കരികിൽ വരുമോ? ”

ഒന്നും പറയാതെ ശിവനന്ദൻ കാൾ കട്ട്‌ ചെയ്തു.

ഒരു നേരിയ പ്രതീക്ഷയിൽ കാവിൽ എത്തിയെങ്കിലും ആൾ അവിടെ ഉണ്ടായിരുന്നില്ല, ദേവിയുടെ മുൻപിൽ കൈകൾ കൂപ്പുമ്പോൾ അമലയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

തിരിച്ചിറങ്ങിയപ്പോൾ ആൽത്തറയ്ക്കരികിൽ കാത്തു നിൽക്കുന്ന ആളെ കണ്ടു അവൾ ഓടുകയായിരുന്നു അരികിലേക്ക്. ചോദ്യഭാവത്തിൽ നോക്കിയ ശിവനന്ദനെ ഒന്നു നോക്കി മുഖം കുനിച്ചുകൊണ്ടു അമല പറഞ്ഞു.

“എനിക്കിഷ്ടമാണ്.. ശിവേട്ടനെ ”

“അതിന്…? ”

പുച്ഛമാണ് ആ മുഖത്തെന്ന് അമല കണ്ടു.

“രണ്ടു മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ വേറൊരുത്തന്റെ താലി കഴുത്തിൽ അണിയേണ്ടവളാണ് നീ. അമ്മയുടെയും ആങ്ങളയുടെയും പോലെ നിന്റെ താളത്തിന് തുള്ളാൻ ശിവനന്ദനനെ കിട്ടില്ല ”

ശിവൻ തിരിഞ്ഞു നടക്കുന്നത് നോക്കി നിൽക്കവേ കൈയിലെ ഇലച്ചീന്തു താഴെ വീണത് അമല അറിഞ്ഞില്ല.

ബന്ധുക്കളായി ഒരുപാട് പേരൊന്നും ഇല്ലായിരുന്നെങ്കിലും കല്യാണതലേന്ന് വീട് നിറയെ ആളുകൾ ഉണ്ടായിരുന്നു.എല്ലാ കാര്യങ്ങൾക്കും വിനുവിനൊപ്പം ശിവനും മുൻപിൽ തന്നെ ഉണ്ടായിരുന്നു. വേണി അവിടെ തന്നെ ഉണ്ടായിരുന്നെങ്കിലും പലപ്പോഴും അവൾ അമലയിൽ നിന്നൊഴിഞ്ഞു മാറി നിന്നു.

രാത്രി ആരൊക്കെയോ അവളുടെ മുറിയിൽ കിടക്കുന്നുണ്ടായിരുന്നു, മനസ്സ് തുറന്നൊന്നു കരയാൻ പോലുമാവാത്ത നെഞ്ച് വിങ്ങിയപ്പോഴാണ് അമല അടുക്കളയിലേക്ക് നടന്നത്. അവിടെ ആരുമില്ലായിരുന്നു.അടുക്കളപ്പുറത്തു നിന്ന് പാചകക്കാരുടെ സംസാരം കേൾക്കുന്നുണ്ടായിരുന്നു. കുടിക്കാനായി ഗ്ലാസിൽ വെള്ളം എടുത്തെങ്കിലും അത് അവിടെ തന്നെ വെച്ചു അമല മുഖം പൊത്തി കരഞ്ഞു.വെപ്പുകാർക്ക് എന്തോ എടുത്തു കൊടുക്കാനായി പുറത്തു നിന്നും കയറി വന്ന ശിവൻ അമലയെ കണ്ടു ഒന്ന് പകച്ചു. ഏതോ ഒരു ഉൾപ്രേരണയാൽ കണ്ണു തുറന്ന അമല ശിവനെ തൊട്ടരികിൽ കണ്ടതും സ്വയമറിയാതെ അവന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു. ഒന്നു ഞെട്ടിയെങ്കിലും ശിവൻ അവളെ ബലമായി തന്നിൽ നിന്നകറ്റി അമലയുടെ കവിളിൽ കൈ വീശിയടിച്ചു. അവളെ നോക്കാതെ ശിവൻ അവിടെ നിന്നും ഇറങ്ങി പോവുമ്പോൾ അമല കൈ കവിളിൽ ചേർത്തു നിൽക്കുകയായിരുന്നു.

പിറ്റേന്ന് അഗ്നിസാക്ഷിയായി മനു അമലയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ കൈകൾ കൂപ്പി അയാളുടെ നല്ല പതിയാവാൻ കഴിയണമേയെന്ന് ആത്മാർത്ഥമായി പ്രാർഥിക്കുകയായിരുന്നു അമല. ചടങ്ങുകൾ എല്ലാം കഴിഞ്ഞു മനുവിനൊപ്പം കാറിൽ കയറുമ്പോൾ തെല്ലു മാറി തങ്ങളെ നോക്കി നിൽക്കുന്ന ശിവനന്ദനൻ അമലയുടെ കണ്ണിൽ പെട്ടിരുന്നു. വീട്ടിലേക്കുള്ള യാത്രക്കിടയിലും മനു കാര്യമായൊന്നും സംസാരിച്ചില്ല. അത് അമലയ്ക്കൊരു ആശ്വാസമായിരുന്നു അപ്പോൾ.

മനുവിന്റെ അമ്മ നൽകിയ നിലവിളക്കുമായി ആ വലിയ വീടിന്റെ പടി ചവിട്ടുമ്പോൾ അമല അറിഞ്ഞിരുന്നില്ല തന്റെ ജീവിതത്തിലെ ഇരുണ്ട ദിനങ്ങളിലേക്കാണ് വലതുകാൽ വെച്ച് കയറുന്നതെന്ന്..

ആദ്യരാത്രിയിൽ പാൽ ഗ്ലാസുമായി മുറിയിലെത്തിയ തന്നോട് അയാൾ പറഞ്ഞ വാചകങ്ങൾ ഈ ജന്മം മറക്കാനാവില്ല.

“ഉള്ള കാര്യമങ്ങ് തുറന്നു പറഞ്ഞേക്കാം, നിന്നെപോലൊരുത്തിയെ ഇങ്ങോട്ട് കെട്ടിയെടുക്കാൻ എനിക്കൊട്ടും താല്പര്യം ഉണ്ടായിട്ടല്ല, അമ്മയുടെ നിർബന്ധം സഹിക്ക വയ്യാഞ്ഞിട്ടാണ്. മറ്റുള്ളവരെ കാണിക്കാൻ എനിക്കൊരു ഭാര്യയെ വേണം. ഏതായാലും ഇത്രേം കാശൊക്കെ മുടക്കി ആ താലിയങ്ങു കെട്ടിയതല്ലേ, അപ്പോൾ അത് മുതലാക്കണ്ടേ, എന്നാ പിന്നെ ആ ചടങ്ങ് നടത്തിയേക്കാം ”

തന്നെ ആകമാനം ചുഴിഞ്ഞു നോക്കുന്ന വഷളൻ നോട്ടത്തോടൊപ്പം സാരി തലപ്പിൽ പിടി വീണപ്പോഴും കേട്ട വാക്കുകളുടെ ഞെട്ടലിലായിരുന്നു അമല.

പിന്നീടുള്ള ദിവസങ്ങളിൽ അവൾ അറിയുകയായിരുന്നു അയാളുടെ വെപ്പാട്ടിമാരും താനും തമ്മിലുള്ള വ്യത്യാസം കഴുത്തിൽ കിടക്കുന്ന താലിയുടേതാണെന്ന്. കാര്യസാധ്യത്തിനായി അവർക്ക് കൊടുക്കുന്ന പരിഗണന പോലും മനുവിൽ നിന്ന് അമലയ്ക്ക് കിട്ടിയില്ല. മകന്റെ ചെറിയ ചെറിയ ദുസ്വഭാവങ്ങൾ മാറ്റാനായി അവനെ കൊണ്ടു നിർബന്ധിച്ചു പെണ്ണുകെട്ടിച്ച ആ അമ്മയ്ക്ക് ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു അയാളുടെ പ്രവൃത്തികൾ. ദിവസങ്ങൾക്കകം അമലയ്ക്ക് മനസ്സിലായി സ്നേഹം കൊണ്ടു മാറ്റിയെടുക്കാനാവുന്നതല്ല അയാളുടെ സ്വഭാവമെന്ന് .ആ അമ്മയ്ക്കും എല്ലാം കണ്ടു നിൽക്കാനേ കഴിയുമായിരുന്നുള്ളൂ.

ആറേഴു മാസം കഴിഞ്ഞു വിനീതിന്റേയും വേണിയുടെയും കല്യാണമായപ്പോഴേക്കും പഴയ അമലയുടേതായ യാതൊന്നും തന്നിലവശ്ശേഷിക്കാതെ പുതിയൊരാളായി മാറിക്കഴിഞ്ഞിരുന്നു അമല. ആരെയും ഒന്നും അവൾ അറിയിച്ചില്ല, എല്ലാം അറിയുമ്പോൾ ഏട്ടനും അമ്മയും തന്നെ സ്വീകരിക്കുമെന്ന് അറിയാമായിരുന്നെങ്കിലും അവൾക്കതിനായില്ല, അപ്പോഴൊക്കെ കല്യാണത്തലേന്ന് രാത്രി കവിളിലേറ്റ പ്രഹരവും അമലയുടെ ഓർമ്മയിലെത്തി. സ്വന്തം വീട്ടിൽ തനിയെ പോവാനൊ അവിടെ താമസിക്കാനോ മനു അവളെ അനുവദിച്ചില്ല. ഭർത്താവിനെ കിട്ടിയതോടെ മറ്റാരെയും അവൾക്കു വേണ്ടാതായി എന്ന് അമ്മയും വിനുവേട്ടനും പറയുമ്പോൾ മറുത്തൊന്നും പറയാതെ ചുണ്ടിലും ചിരി വരുത്തി അമല. വല്യേടത്ത് ചെന്നപ്പോൾ അഹങ്കാരം തലയ്ക്കു പിടിച്ചെന്ന ബന്ധുക്കളുടെ സംസാരവും അവൾ തിരുത്താൻ ശ്രമിച്ചില്ല.

കൊല്ലാനും മടിക്കാത്ത അയാളുടെ പ്രവുത്തികളും സംസാരവുമൊക്കെ ആദ്യം ഉണ്ടാക്കിയ ഭയത്തിൽ നിന്നും ഒരു തരം മരവിപ്പിലേക്കെത്തിച്ചിരുന്നു അമലയുടെ മനസ്സിനെ.

വിനുവിന്റെ കല്യാണത്തിന് അവളെ വീട്ടിലാക്കി ഒഴിവാക്കാനാവാത്ത ബിസിനസ്‌ ടൂർ എന്ന് പറഞ്ഞു മനു യാത്രയായപ്പോൾ പലരുടെയും നെറ്റി ചുളിഞ്ഞെങ്കിലും അമല ആർക്കും മറുപടി കൊടുക്കാൻ ശ്രമിച്ചില്ല. എല്ലാ യാത്രകളിലുമെന്ന പോലെ ഇപ്പോഴും ഏതെങ്കിലുമൊരുവൾ അയാൾക്ക് ചൂട് പകരാനായി കൂടെ ഉണ്ടാവുമെന്ന് അമലയ്ക്ക് അറിയാമായിരുന്നു.

ഒന്നിലും താല്പര്യമില്ലാത്ത തന്റെ പെരുമാറ്റം അമ്മയ്ക്കും വിനുവേട്ടനും വിഷമമാവുന്നുണ്ടെന്നറിഞ്ഞു അമല കല്യാണച്ചെറുക്കന്റെ പെങ്ങളുടെ വേഷം തകർത്തഭിനയിച്ചു . വിനുവിന്റെയും വേണിയുടെയും സന്തോഷം നിറഞ്ഞ മുഖങ്ങൾ അമലയിൽ ആശ്വാസം പടർത്തി. ശിവനുമായി മുഖാമുഖം വരുന്ന സന്ദർഭങ്ങളൊക്കെ അമല ഒഴിവാക്കി. എങ്കിലും ശിവനോട് ഒട്ടി നടക്കാൻ ശ്രെമിക്കുന്ന മുറപ്പെണ്ണ് അശ്വതിയെ അവൾ കാണുന്നുണ്ടായിരുന്നു. അശ്വതി അടുത്തയിടെ ശിവന്റെ സ്കൂളിൽ ടീച്ചറായി ജോയിൻ ചെയ്‌തെന്ന് അമ്മ പറഞ്ഞത് അവളോർത്തു . ആരോടോ എന്തോ പറഞ്ഞു തിരിഞ്ഞതും അശ്വതിയോട് എന്തോ പറഞ്ഞു ചിരിക്കുന്ന ശിവനന്ദനനെ അമല കണ്ടു. ചിരിച്ചു കൊണ്ടു തന്നെ മുഖമുയർത്തിയ ശിവനുമായി കണ്ണുകളിടഞ്ഞതും അമല കാണാത്ത പോലെ തിരികെ നടന്നു.

മനസ്സും ശരീരവും ഭർത്താവിനാൽ ചവിട്ടി മെതിക്കപെട്ടു ആത്മാഭിമാനം പോലും നഷ്ടപ്പെട്ട് ഒരു പാവ കണക്കെ ജീവിക്കുമ്പോഴും യുവകവി ശിവനന്ദനന്റെ പുസ്തകപ്രകാശനവും വളർച്ചയും അമല അറിയുന്നുണ്ടായിരുന്നു.

വല്ലപ്പോഴും മനുവിന്റെ അമ്മയുടെ നിർബന്ധത്താൽ അവരോടൊപ്പം സ്വന്തം വീട്ടിൽ എത്തുമ്പോൾ വിനുവിന്റെയും വേണിയുടെയും പരസ്പരം ഉള്ള സ്നേഹം കണ്ടു മനസ്സ് നിറഞ്ഞെങ്കിലും അമലയ്ക്ക് അതൊരു അത്ഭുതമായിരുന്നു. ആ വീടിന്റെ സന്തോഷങ്ങൾക്കിടയിൽ താനൊരിക്കലും ഒരു കരടായി മാറില്ലെന്ന് അവൾ മനസ്സിൽ ഊട്ടിയുറപ്പിക്കുകയായിരുന്നു.

പണ്ടെപ്പോഴോ സ്കൂളിലെ രോഹിണി ടീച്ചറെ അവരുടെ ഭർത്താവ് തല്ലിചതച്ചെന്ന വാർത്ത അറിഞ്ഞു അതിനെതിരായി വേണിയോട് ഘോരംഘോരം പ്രസംഗിച്ചത് അമലയുടെ ഓർമയിലെത്താറുണ്ടായിരുന്നു. വേണിയുടെ വാക്കുകൾ അമലയുടെ ചെവികളിൽ മുഴങ്ങുന്നുണ്ടായിരുന്നു. .

“അമ്മൂ പുറത്തു നിൽക്കുന്നവർക്ക് അഭിപ്രായം പറയാൻ എളുപ്പമാണ്. പക്ഷേ ഇതെല്ലാം അനുഭവിക്കുന്നവരുടെ മനസ്സ് നമുക്കറിയില്ല. അതിനെതിരെ പ്രതികരിക്കാതിരിക്കാൻ പല കാരണങ്ങളും അവർക്കുണ്ടാകും, ചുറ്റുപാടുകളാവാം, ഭയമാവാം, അറിവില്ലായ്മയാവാം. പിന്നെ വേദന അനുഭവിച്ച് പ്രതികരിക്കാൻ പോലും ആവാത്ത അവസ്ഥയിൽ എത്തിയതുമാവാം. ഒന്നേ എനിക്ക് പറയാനുള്ളൂ അവരെ കുറ്റപ്പെടുത്താൻ നമുക്കാവില്ല, അവർ അനുഭവിച്ചത്, അനുഭവിക്കുന്നത് അവർക്കേ അറിയൂ. ”

ഒന്നാം വിവാഹവാർഷികം കഴിഞ്ഞു രണ്ടാഴ്ചയ്ക്കകം മനു ഒരു കാർ ആക്‌സിഡന്റിൽ കൊല്ലപ്പെട്ടപ്പോൾ അമലയ്ക്ക് ആശ്വാസമാണ് തോന്നിയത് .പരസ്ത്രീകളുമായുള്ള അയാളുടെ സംസാരങ്ങളും വീഡിയോ കാളുകളും കണ്ടും കേട്ടും,അമലയുടെ മനസ്സിൽ മനുവിനോടുള്ള വികാരം വെറുപ്പ്‌ മാത്രമായിരുന്നു.അയാൾ എന്തു ചെയ്താലും, ഒന്നും പറയാതെ മനസ്സിനെ എവിടെയോ അലയാൻ വിട്ട് ഇരിക്കാൻ അമല പഠിച്ചിരുന്നു. ഒരു വർഷത്തെ പീഡനകാലം കഴിയുമ്പോഴേക്കും ആ ജീവിതവുമായി അമല പൊരുത്തപ്പെട്ടിരുന്നു. അമ്മയും വിനീതും വേണിയുമൊക്ക എത്ര നിർബന്ധിച്ചിട്ടും മനുവിന്റെ അമ്മയെ ഒറ്റയ്ക്ക് വിട്ടിട്ട് പോരാൻ അമല തയ്യാറായില്ല.

ഒരിക്കൽ നഷ്ടപെട്ടുപോയ പുസ്തകങ്ങളുടെ കൂട്ടായിരുന്നു അമലയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത്. ശിവനന്ദന്റെ പുസ്തങ്ങളിലെ ഓരോ വരികളും അവൾക്കു കാണാപ്പാഠമായിരുന്നു.നാലഞ്ച് വർഷത്തിന് ശേഷം മനുവിന്റെ അമ്മയും പോയപ്പോൾ പിന്നെ ആ വീട്ടിൽ ഒറ്റയ്ക്ക് നിൽക്കാൻ വിടാതെ വിനുവേട്ടനും അമ്മയും ബലമായി തന്നെ ഇങ്ങോട്ട് കൂട്ടികൊണ്ടു വരികയായിരുന്നു.

കഴിഞ്ഞ ഒരു വർഷമായി ഈ വീടിന്റെ ഉള്ളിലും പുസ്തകങ്ങളാണെനിക്ക് കൂട്ട് .കൂടെ ചിന്നുമോളുടെ വികൃതികളും അമ്മയുടെയും വിനുവേട്ടന്റെയും വേണിയുടെയും സ്നേഹവും മാത്രം മതി അമലയ്ക്ക് ഇനിയീ ജന്മം കൂട്ടിന്…..

***************************

ദേഹം ചുട്ടു പൊള്ളുന്നത് പോലെ തോന്നി അമലയ്ക്ക്.ചുറ്റും ആരൊക്കെയോ സംസാരിക്കുന്നത് കേട്ടിട്ടും കണ്ണുകൾ തുറക്കാനാവുന്നില്ല. എപ്പോഴോ രണ്ടു കൈകൾ തന്നെ ചേർത്തു പിടിച്ചത് അമല അറിഞ്ഞിരുന്നു, തന്റെ ഹ്ര്യദയ താളത്തിനൊപ്പം മറ്റൊന്നു കൂടി ചേർന്നതവളറിഞ്ഞു..

ഈ നെഞ്ചിടിപ്പ് ഞാനറിയുന്നതാണ്, ഒരു നിമിഷാർദ്ധത്തിൽ ആ ഗന്ധവും അമല അറിഞ്ഞു…. ശിവേട്ടൻ…

പനിച്ചൂടുള്ള നെറ്റിയിൽ ശിവൻ ചുണ്ടുകൾ അമർത്തിയപ്പോഴേക്കും അമല പൂർണ്ണമായും ഇരുട്ടിലമർന്നിരുന്നു…

എപ്പോഴോ അമല കണ്ണുകൾ തുറന്നപ്പോഴാണ് തനിക്കരികിൽ ഇരിക്കുന്ന ആളെ കണ്ടത്, ആ കൈയിൽ മുറുകെ പിടിച്ച തന്റെ കൈകൾ വലിച്ചെടുത്തു കൊണ്ടു അമല ചുറ്റും നോക്കി. ഹോസ്പിറ്റലിലാണ്.ഡ്രിപ്പിട്ടിട്ടുണ്ട്. തനിക്കരികിൽ ശിവേട്ടൻ മാത്രമേയുള്ളു അമ്മ എവിടെ എന്നാലോചിച്ചപ്പോൾ കേട്ടു ആ ശബ്ദം…

“അമ്മയും അച്ഛനും വീട്ടിലില്ല, ഞാൻ വീട്ടിലേക്ക് വന്നു കയറിയതും തനിയ്ക്ക് തീരെ വയ്യെന്നും പറഞ്ഞു വേണി വിളിച്ചതും ഒരുമിച്ചായിരുന്നു. വിളിച്ചിട്ടും കണ്ണു തുറക്കാതായതോടെയാണ് ഇങ്ങോട്ട് കൊണ്ടു വന്നത്. പനി കൂടിപോയതാണ്.ഡോക്ടർ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു. വേണി വിളിച്ചിരുന്നു, ചിന്നുമോൾക്ക് ചെറുതായി പനിക്കുന്നുണ്ട് അവൾ വിനുവിനെ കാണണമെന്ന് പറഞ്ഞു വാശി പിടിക്കുന്നുണ്ടെന്നൊക്കെ പറഞ്ഞപ്പോൾ ഞാനാണ് അമ്മയെ പറഞ്ഞു വിട്ടത്, ഇപ്പോൾ കൂടി വിളിച്ചതേയുള്ളൂ.അമ്മ രാവിലെ വരും ”

“ശിവേട്ടന് ബുദ്ധിമുട്ടായി അല്ലേ? ”

“ഇത്രയും ഫോർമാലിറ്റിയുടെ ആവശ്യം ഉണ്ടോടോ എന്നോട് ”

ചിരിയോടെ പറയുന്ന ആളിന്റെ കണ്ണുകളിലേക്ക് നോക്കാനാവാതെ അമല മിഴികൾ അടച്ചു കിടന്നു..

ഇപ്പോഴും ആ കണ്ണുകളിൽ നോക്കുമ്പോൾ താനെന്തേ പതറി പോവുന്നു എന്നോർക്കുകയായിരുന്നു അമല…

(തുടരും )

Click Here to read full parts of the novel

ഫ്ലാഷ് ബാക്ക് കഴിഞ്ഞു ട്ടോ 😜😜💕💕

3.9/5 - (38 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “നിനയാതെ – പാർട്ട്‌ 3”

Leave a Reply

Don`t copy text!