വേണി വിളിച്ചിട്ടാണ് അമ്പലത്തിൽ പോയത്. അവൾ പറഞ്ഞത് കൊണ്ടാണന്ന് പതിവില്ലാതെ സെറ്റും മുണ്ടുമൊക്കെ ഇട്ടത്.അമ്പലത്തിൽ നേരം പുലരും മുൻപേ പോവണം.അതാണ് ശീലം. പാടത്തിനപ്പുറത്താണ് ദേവി ക്ഷേത്രം. പാടവരമ്പത്ത് കൂടെ നടക്കുമ്പോൾ ഇപ്പോഴും ആ വഴക്ക് ഓർമ വരും. തണുത്ത കാറ്റുണ്ടായിരുന്നു. മഴ പെയ്തത് കൊണ്ടു നിറയെ വെള്ളമാണ്. പാടവരമ്പത്തു കൂടി ചെളിയിൽ ചവിട്ടാതെ നടക്കുമ്പോൾ ഓർത്തു. ഇതെങ്ങാനും ആ വാദ്ധ്യാര് കാണണം. വെള്ളം നിറഞ്ഞാൽ പാടത്തു കൂടി പോവാൻ സമ്മതിക്കൂല. പക്ഷേ ഇതാണ് എളുപ്പവഴി. മറ്റേത് ഒരുപാട് ചുറ്റി പോവണം. ഞാനാണ് വേണിയെ നിർബന്ധിച്ചു ഇതിലെ കൊണ്ടുപോവാറുള്ളത് .മുഴുവനും ഇല്ലെങ്കിലും വാദ്ധ്യാര് പറയുന്ന എന്റെ കുരുത്തക്കേടുകൾ ചിലതൊക്കെ ശരിയാണ് ട്ടോ. പക്ഷേ തല പോയാലും സമ്മതിച്ചു കൊടുക്കില്ലാന്നു മാത്രം..
നേരെത്തെ ആയിരുന്നത് കൊണ്ടു അധികം ആളൊന്നും ഇല്ലായിരുന്നു അമ്പലത്തിൽ. സത്യത്തിൽ വിശേഷദിവസങ്ങളിൽ അമ്പലത്തിൽ പോവാൻ മടിയാണെനിക്ക്.മനസ്സറിഞ്ഞു പ്രാർത്ഥിയ്ക്കാൻ ഏറ്റവും നല്ലത് തിരക്കില്ലാത്തപ്പോഴാണെന്ന തോന്നലാണ് . വേണി എപ്പോഴും കളിയാക്കും. പക്ഷേ ഞാനിങ്ങനെയാണ്.. എന്റെ കൊച്ചു കൊച്ചു വട്ടുകളും…
ഇന്നെന്തോ വെറുതെ കണ്ണടച്ച് കൈകൾ കൂപ്പി നിന്നതേയുള്ളൂ. ഒന്നും മനസ്സിൽ വന്നതേയില്ല. സാധാരണ അക്കമിട്ട് നിരത്തിയാണ് പ്രാർഥിക്കാറുള്ളത് . പ്രസാദം വാങ്ങി പുറത്തേക്ക് നടക്കുമ്പോഴാണ് മുമ്പേ നടന്ന വേണി ആൽത്തറയ്ക്കരികെ ആരോടോ സംസാരിച്ചു നിൽക്കുന്നത് കണ്ടത്. അടുത്തേക്ക് ചെന്നപ്പോൾ അവൾ പരിചയപ്പെടുത്തി. സതിയമ്മയുടെ അകന്ന ഏതോ ബന്ധത്തിലുള്ളൊരു ചേച്ചിയാണത്രെ.
തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ താൻ പതിവില്ലാതെ നിശബ്ദയായിരുന്നു. വേണി എത്ര ചോദിച്ചിട്ടും ഒന്നും പറയാനില്ലായിരുന്നു. പച്ച പുതച്ച പാടശേഖരത്തിനുമപ്പുറം കണ്ണാടിപ്പുഴയിലെ ഓളങ്ങളിൽ തെളിഞ്ഞു വരുന്ന സൂര്യ കിരണങ്ങളിലേക്ക് കണ്ണെത്തി.ഇവിടെയെല്ലാം നിറഞ്ഞു നിൽക്കുന്നതാണ് ബാല്യത്തിലെ ഓർമകളെല്ലാം. വിനുവേട്ടനെപ്പോലെ വേണിയും ശിവേട്ടനുമെല്ലാം അതിലൊരു ഭാഗമാണ്.
ശിവേട്ടനും താനും തമ്മിലുള്ള പ്രശ്നം എന്താണെന്ന് ചോദിച്ചാൽ ഇന്നും കൃത്യമായ ഒരു ഉത്തരം അതിനില്ല എന്നതാണ് സത്യം. പണ്ടെന്നോ നടന്ന ഒരു വഴക്ക് അതിന്റെ വാശി ഇപ്പോഴും മനസ്സിൽ കൊണ്ടു നടക്കുന്നത് ബാലിശമാണെന്ന് തോന്നാം. ഒരിക്കലും പരസ്പരം അംഗീകരിക്കാൻ കഴിയാത്ത, തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത രണ്ടു പേർ.
ചെമ്പകശ്ശേരിയിലെ മുൻപിലെത്തി യാത്ര പറഞ്ഞു പിരിയാൻ തുടങ്ങിയപ്പോളാണ് വേണി പറഞ്ഞത്.
“അമ്മൂ നീയൊന്ന് നിന്നേ, ഞാനിപ്പോൾ വരാം ട്ടോ ”
അവളെ കാത്തു നിന്നപ്പോഴാണ് മതിൽക്കെട്ടിനിപ്പുറം വീണു കിടക്കുന്ന ചെമ്പകപ്പൂക്കൾ കണ്ടത്. ഒന്നെടുത്തപ്പോഴേക്കും ആ സുഗന്ധം ചുറ്റും നിറഞ്ഞു. വേണി ഓടി വരുന്നത് കണ്ടു. കൈയിൽ ഒരു പൂവോടു കൂടിയ മഞ്ഞ റോസയുടെ കമ്പ്. മടിച്ചു നിന്ന എന്നോടവൾ പറഞ്ഞു.
“വാങ്ങിക്കെടി, ഏട്ടൻ ഒന്നും പറയില്ല.പിന്നെ ഇതൊക്കെ ഒരു ഫിക്സ്ഡ് ഡെപ്പോസിറ്റ് അല്ലേ മോളെ ഞാനും അങ്ങോട്ടല്ലേ
വരുന്നേ ”
വാഴയിലക്കീറിലെ പ്രസാദത്തിനൊപ്പം ആ റോസകമ്പും ചേർത്ത് പിടിച്ചു ഇടവഴിയിൽ നിന്ന് തൊടിയിലേക്ക് കയറുമ്പോൾ കണ്ണെത്തിയത് മതിലരികിലെ പൂത്ത തേന്മാവിന്റെ ചില്ലകളിലേക്കാണ്. അച്ഛൻ നട്ടതാണ് . ആദ്യമായി പൂവിട്ടത് കണ്ടപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞത് താനും വിനുവേട്ടനും കണ്ടിരുന്നു. മുറ്റത്തെത്തുന്നതിനു മുൻപേ കണ്ടു ഷട്ടിൽ കളിക്കുന്ന വാദ്ധ്യാരെയും വിനുവേട്ടനെയും.
കൈയിലെ റോസകമ്പു വേലിയ്ക്കരികിലെ വള്ളിപ്പടർപ്പിലേക്ക് എറിയുമ്പോഴേക്കും വാദ്ധ്യാരുടെ കണ്ണുകളിൽ അതെത്തിയിരുന്നു. ആ മുഖം ചുളിയുന്നത് കണ്ടിട്ടും കാണാത്ത പോലെ അമല നടന്നു. അടുത്ത നിമിഷം ആ ഷട്ടിൽ കോക്ക് അവളുടെ മേൽ വന്നു വീണു. മുന്താണിയിൽ ചെളിയായത് കണ്ടു, ദേഷ്യത്തോടെ അമല തിരിഞ്ഞതും ശിവൻ അവളുടെ അരികിലെത്തിയിരുന്നു.
“സോറി മനഃപൂർവ്വമല്ല.. ”
നാവിൽ വന്നത് വിഴുങ്ങി അവൾ നിൽക്കുമ്പോൾ വിനു പറഞ്ഞു.
“സാരമില്ലെടി അതങ്ങു കഴുകി കളയ് ”
“ഹും… ”
താഴേക്കിടന്ന ഷട്ടിൽ കോക്കെടുത്ത് തൊടിയിലേക്ക് വലിച്ചെറിഞ്ഞു ചവിട്ടി തുള്ളി അമല അകത്തേക്ക് നടക്കുമ്പോൾ ശിവനും വിനുവും ചിരിക്കുന്നുണ്ടായിരുന്നു.അമല അകത്തെത്തി കഴിഞ്ഞാണ് വിനു പറഞ്ഞത് .
“ചുമ്മാതല്ലടാ നീ പറഞ്ഞത് അവൾക്കു അടക്കവും ഒതുക്കവും ഇല്ലെന്ന്.. ”
തന്നെ നോക്കി ചിരിക്കുന്ന ശിവനോടായി വിനു പറഞ്ഞു.
“നിന്റെയൊരു യോഗം അളിയാ.. ”
അന്ന് ഞായറാഴ്ച ആയതു കൊണ്ടു അടുക്കളയിൽ അമ്മയെ ചുറ്റിപറ്റി നടന്നു, അവസാനം അമ്മ ഇറക്കി വിട്ടപ്പോൾ മുറ്റത്തേക്കിറങ്ങി.ബൈക്ക് കാണുന്നില്ല, വാദ്ധ്യാരും ചങ്കും സ്ഥലം വിട്ടെന്ന് തോന്നുന്നു. അപ്പോഴാണ് രാവിലെ അയാളെ കണ്ടപ്പോൾ വള്ളിപ്പടർപ്പുകളിലേക്കിട്ട റോസാകമ്പ് ഓർമ വന്നത്, ഓടി പോയി എടുത്തു കൊണ്ടു വന്നു. വാദ്ധ്യാരെ പോലെ അധ്വാനിക്കാനൊന്നും വയ്യെങ്കിലും പൂക്കളും ചെടികളുമൊക്കെ തന്റെയും ഇഷ്ടങ്ങളാണ്.
ഉച്ചക്ക് ഊണൊക്കെ കഴിഞ്ഞു കുറച്ചു സമയം ടീവി കണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ബോറടിച്ചു തുടങ്ങിയിരുന്നു. വായനശാലയിൽ നിന്നെടുത്ത പുസ്തകം വീണ്ടുമെടുത്ത് വായിച്ചു. പഠിക്കാൻ മടിയായിരുന്നെങ്കിലും പുസ്തങ്ങൾ ജീവനായിരുന്നു.
പെട്ടെന്നാണോർത്തത് , നാളെ പിള്ളേർക്ക് പഠിപ്പിക്കാനുള്ള പ്രൊജക്റ്റ് വർക്ക് റെഡി ആക്കാൻ വേണിയുടെ കൈയിൽ കൊടുത്ത കാര്യം. ഫോണെടുത്തു വിളിച്ചപ്പോൾ അവൾ അവിടെയില്ല. ചെറിയമ്മയുടെ വീട്ടിലാണ്, നാളെ രാവിലെയേ എത്തുള്ളത്രേ . ദുഷ്ട ഒന്ന് പറയുക കൂടി ചെയ്തില്ല. നാളെ ആദ്യത്തെ പിരീഡാണ്, രാവിലെ കിട്ടിയിട്ടും വല്യ കാര്യമൊന്നുമില്ല, വായിക്കാൻ സമയം കിട്ടില്ല.
“അമ്മൂ ഞാനത് റെഡി ആക്കി വെച്ചതാ നീ വീട്ടിൽ ചെന്നെടുത്തോ ”
“എവിടെയാണാവോ ഭവതി അത് വെച്ചത്? ”
ഒരു പരുങ്ങലോടെയാണ് വേണി പറഞ്ഞത്
“അത് അത്.. ഏട്ടന്റെ റൂമിലാണ്. മേശപ്പുറത്തു കാണും ”
“എടി.. ”
“എന്റെ പൊന്നമ്മൂ നീ തെറി വിളിക്കരുത്, എല്ലാം ചെയ്ത് റെഡി ആക്കിയതിനു ശേഷം ജസ്റ്റ് ഒന്ന് കറക്റ്റ് ചെയ്യാൻ വേണ്ടിയാ ഏട്ടന്റെ കൈയ്യിൽ കൊടുത്തത്.ഏട്ടൻ വീട്ടില്ല, എവിടെയോ പോയതാ, വൈകുമെന്ന് പറഞ്ഞിട്ടുണ്ട്.നീ പോയെടുത്തോ അമ്മയുണ്ടല്ലോ അവിടെ ”
“ഓ, ആനന്ദലബ്‌ധിക്കിനിയെന്ത് വേണം .നീ വെച്ചോ ഞാൻ വല്ലോം പറഞ്ഞു പോവും ”
കാൾ കട്ട് ചെയ്തു ഫോണും കൈയിൽ പിടിച്ചു അമല ആലോചിച്ചു.
ഇപ്പോൾ പോയാൽ അത് കൈയിൽ കിട്ടും.കുറേക്കഴിഞ്ഞാൽ ചിലപ്പോൾ ആ അലവലാതിയുടെ മുൻപിൽ ചെന്നു പെടും, മാനം പോവും. അമ്മയോട് വിളിച്ചു പറഞ്ഞിട്ട് അമല പുറത്തേക്കോടി. ഏട്ടൻ എത്തിയിട്ടില്ല അതുകൊണ്ട് സമാധാനം ഉണ്ട്, രണ്ടും കൂടെ ഊര് തെണ്ടുകയാവും.
ഓടിക്കിതച്ചാണ് ചെമ്പകശ്ശേരിയിൽ എത്തിയത്. സതിയമ്മയോട് കാര്യം പറഞ്ഞു മുകളിലേക്കുള്ള ഗോവണി പടികൾ ഓടി കയറുമ്പോൾ സതിയമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു.
“നീ ഇങ്ങനെ ഓടേണ്ട അമ്മൂ നന്ദൻ ഇവിടെയില്ല ”
നന്ദൻ മോന്റെ മുറിയിൽ എത്തിയതും അമല ദീർഘ നിശ്വാസം വിട്ടു. ഒരു മിനി വായനശാലയാണിത് .പ്രൊജക്റ്റ് പേപ്പർ കണ്ടെങ്കിലും മേശപ്പുറത്തെ പുസ്തകങ്ങൾക്കിടയിൽ വിരലോടിച്ചു നിന്നുപോയി. എന്തൊക്കെയോ കുത്തിക്കുറിച്ച പേപ്പറുകൾ അടുക്കി വെച്ചിട്ടുണ്ട്. യുവകവിയുടെ കവിതാസമാഹാരം പുറത്തിറങ്ങാൻ പോവുന്നുണ്ടെന്ന് വേണി പറഞ്ഞതോർത്തു. ഉള്ളിലുയർന്ന കുഞ്ഞു കുശുമ്പിനൊപ്പം അമല ചുണ്ട് കോട്ടി. മെല്ലെ പേപ്പർ കൈയിലെടുത്തു പുറത്തേക്ക് നടക്കാൻ തുടങ്ങിയതും വാതിൽ കടന്നു വന്നയാളെ കണ്ടു അവൾ ഞെട്ടി, അമലയെ കണ്ടു ശിവനന്ദനും ഒന്ന് പകച്ചു.
“നീ എന്താ ഇവിടെ? ”
“അത് ഞാൻ.. ഞാൻ ഇതെടുക്കാൻ വന്നതാ”
“ഓഹ്.. ടീച്ചർക്ക് സ്വന്തമായി ഒന്നും ചെയ്യാനറിയില്ലല്ലോ അല്ലേ ”
ആ പുച്ഛചിരി കൂടി കണ്ടതോടെ അമലയ്ക്ക് വിറഞ്ഞു കയറി.
“ഹും.. ”
മുഖം വീർപ്പിച്ചു കൊണ്ടു അവനരികിലൂടെ പുറത്തേക്ക് നടക്കുമ്പോൾ കേട്ടു.
“എടി, നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ഇവിടെ വന്നു ചുറ്റി തിരിയരുതെന്ന്, എനിക്കതിഷ്ടമല്ല ”
പുറത്തേക്ക് നടക്കുന്നതിനിടയിൽ അമല പിറുപിറുത്തു
“ഓ പിന്നെ ഇവിടല്ലേ വേൾഡ് ബാങ്ക് കൊള്ളയടിച്ചതൊക്കെ സൂക്ഷിച്ചേക്കണത് ”
“എന്താടി പിറുപിറുക്കുന്നത്, പറയാനുള്ളത് മുഖത്ത് നോക്കി പറയ് ”
“നീ പോടാ അലവലാതി ”
പറഞ്ഞത് പതുക്കെയാണെങ്കിലും കേട്ടിട്ടുണ്ടെന്ന് അമലയ്ക്കു മനസിലായി, താഴേക്കുള്ള പടികൾ ഓടിയിറങ്ങുമ്പോൾ കേട്ടു.
“എടി.. അവിടെ നിൽക്കാൻ ”
വരാന്തയിലെ ജനലഴികളിലൂടെ, മുറ്റത്തൂടെ അമല നടന്നു പോവുന്നത് നോക്കി നിൽക്കവേ ശിവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു.
“ഒരിക്കൽ നിന്നെയെന്റെ കൈകളിൽ കിട്ടും അമ്മുക്കുട്ടീ, അന്ന് ഞാൻ ഇതിനൊക്കെ കണക്ക് ചോദിച്ചോളാം ”
പിറ്റേന്ന് സ്കൂളിൽ പോവാൻ വേണിയെ വിളിക്കാൻ ചെന്നപ്പോൾ ചെറിയൊരു പേടി ഉള്ളിലുണ്ടായിരുന്നു. പക്ഷേ വാദ്ധ്യാരെ അവിടെയെങ്ങും കണ്ടില്ല. വയലരികിലെ ചെമ്മൺ പാതയിലൂടെ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ് വേണി പറഞ്ഞത്.
“അമ്മാവൻ അമ്മയുടെ പുറകെ തന്നെ നടക്കുന്നുണ്ട്, അശ്വതിച്ചേച്ചിയെ ഏട്ടനെ കൊണ്ടു കല്യാണം കഴിപ്പിക്കാൻ ”
“ആ.. അല്ലേലും നിന്റെ ഏട്ടനും ആ ആട്ടക്കാരിയും നല്ല മാച്ചാ ”
കേട്ടപാതി കേൾക്കാത്ത പാതി അമല പറഞ്ഞത് കേട്ട് വേണി ഒരു നിമിഷം അമലയെ നോക്കി. പറഞ്ഞത് കൂടി പോയി എന്ന് അമലയ്ക്ക് തോന്നി.
“എടി നാളെ ലീവ് ചോദിച്ചാലോന്ന് ഞാൻ ഓർത്തതാ, പിന്നെ ആ പൂതനയുടെ മുഖം ഓർത്തപ്പോൾ വേണ്ടാന്നു വെച്ചു. നമ്മൾ തിരിച്ചെത്തുമ്പോഴേക്കും ഒത്തിരി വൈകില്ലേ, പിന്നെ രാത്രിയിലല്ലേ കാവിൽ പോകാൻ പറ്റൂ ”
താഴെക്കാവിലെ ഉത്‌സവമാണ്, പഠിക്കുമ്പോഴൊക്കെ എന്തെങ്കിലും കള്ളം പറഞ്ഞു ലീവ് ആക്കിയിട്ടുണ്ട്, എന്നിട്ടിപ്പോൾ…
എന്തായാലും തിരിച്ചു വരുമ്പോഴേക്കും പറയെടുപ്പ് കഴിഞ്ഞിട്ടുണ്ടാകും. വേണിയുടെ വീട്ടിൽ നിന്നാണ്. ഇപ്പോഴും ആ ചെണ്ടമേളം കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടുപോവും. അന്നത്തെ പോലെ ഇന്നും വെളിച്ചപ്പാടിനെ ഇത്തിരി പേടിയാണ്. ആ അലവലാതി വാദ്ധ്യാര് അതും പറഞ്ഞു ഇപ്പോഴും കളിയാക്കാറുമുണ്ട്.
“എടീ ഈ തവണ എന്തായാലും ഞാൻ കാവിൽ നിന്നും കരിവള വാങ്ങും ”
“നാണമില്ലല്ലോ പോത്തു പോലെ വളർന്നിട്ടും ഇപ്പോഴും അമ്പലപ്പറമ്പിൽ നിന്ന് വളയും മാലയും നോക്കി നടക്കാൻ ”
“അയ്യടാ ഈ പറയുന്ന ആള് അമ്പലപ്പറമ്പിൽ സകലകടയിലും വിനുവേട്ടന്റെ കൂടെ കുറുകി നടക്കാറുണ്ടല്ലോ ”
വേണി ചമ്മിയ ചിരിയോടെ പറഞ്ഞു.
“കരിവള തന്നെ വാങ്ങിക്കണമെന്താ ഇത്ര നിർബന്ധം അമ്മുക്കുട്ട്യേ ? ”
“എന്താന്നറിയില്ലെടി കരിവള ഇടാനൊരു മോഹം ”
വേണി ഒരു മൂളലോടെ ആക്കി ചിരിച്ചപ്പോൾ അമല ഓർത്തു. കല്യാണപ്രായമായ പെൺപിള്ളേർ കരിവള അണിഞ്ഞാൽ പെട്ടെന്നു കല്യാണം നടക്കുമെന്ന് അന്നൊരിക്കൽ സതിയമ്മ പറഞ്ഞത് കേട്ടപ്പോൾ ഉപേക്ഷിച്ചതാണ് കരിവളകളോടുള്ള മോഹം.
വൈകിട്ട് സ്കൂളിൽ നിന്ന് കുറച്ചു നേരത്തെ എത്തിയത് കൊണ്ടാണ് പുസ്തകവും എടുത്തു നേരേ വായനശാലയിലേക്ക് വെച്ചടിച്ചത്. കവലയിലെ രവിയേട്ടന്റെ കടയും കഴിഞ്ഞു കുറച്ച് മുൻപോട്ട് നടന്നപ്പഴാണ് ബൈക്കിൽ എതിരെ വരുന്ന ആളെ കണ്ടത്. തന്നെ കണ്ടപ്പോൾ ബൈക്കിന്റെ സ്പീഡൊന്നു കുറഞ്ഞു, ഇച്ചിരി പേടി ഉണ്ടായിരുന്നു, അന്ന് ചീത്ത വിളിച്ചു ഓടിപ്പോന്നതിന് ശേഷം ആളെ കണ്ടിട്ടില്ല.
“നീ എങ്ങോട്ടാ..? ”
അടുത്തെത്തിയെങ്കിലും ചോദ്യം കേട്ടപ്പോഴാണ് അമല മുഖമുയർത്തിയത്
“ഞാൻ.. പുസ്തകം.. ”
അമലയെ നോക്കി ഒന്ന് മൂളി ശിവൻ ബൈക്കോടിച്ചു പോയി.
പുസ്തകം കണ്ടാൽ അയാൾക്ക് അറിയത്തില്ലേ, ചുമ്മാ പേടിപ്പിക്കാൻ നോക്കുവാ.
മനസില്ലാമനസോടെയാണ് അന്ന് സ്കൂളിലേക്ക് പോയത്. മനസ്സിൽ നിറയെ കാവിൽ നിന്നുയരുന്ന ചെണ്ടമേളമായിരുന്നു.
സന്ധ്യയ്ക്കു അമ്മയോടും സതിയമ്മയോടുമൊപ്പം സാരി ചുറ്റി നിൽക്കുന്ന വേണിയെ കണ്ടപ്പോളാണ് ദാവണി മാറ്റി പിന്നെയും സാരി എടുത്തുടുത്തത്.
ആൽത്തറയ്ക്കപ്പുറത്തെ കെട്ടിലിരുന്നു എഴുന്നള്ളത്ത് കാണുമ്പോളും മേളത്തിനൊപ്പിച്ചു കൈ കൊണ്ടു താളം പിടിക്കുമ്പോഴും അമലയുടെ കണ്ണുകൾ ചുറ്റും പാറിപ്പറന്നു നടന്നു, വേണിയുടെ ആക്കിച്ചിരി അമല മൈൻഡ് ചെയ്തതേയില്ല. അല്ലെങ്കിലും വായ്‌നോട്ടക്കാര്യത്തിൽ അവളുടെ ഒരു സപ്പോർട്ടും കിട്ടാറില്ല. എങ്ങനെ പോയാലും അവളുടെ കണ്ണുകൾ ആ പഞ്ചായത്ത് ക്ലാർക്കിലെ എത്തി നിൽക്കുകയുള്ളൂ. ആൾക്കൂട്ടത്തിനിടയിൽ വിനീതിനും സുഹൃത്തുക്കൾക്കുമിടയിൽ നിൽക്കുന്ന ശിവനെയും അമല കണ്ടു. ഇടയ്ക്കെപ്പോഴോ അവന്റെ നോട്ടം തന്നിലെത്തുന്നത് കണ്ടു അമല മുഖം തിരിച്ചു. തന്റെ കളികൾ മുഴുവൻ കണ്ടു കാണണം.
വാസുദേവനൊപ്പം എല്ലാവരും തിരികെ വീട്ടിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് വിനുവും ശിവനും അവർക്കരികെ എത്തിയത്. അവർ കുറച്ചൂടെ കഴിഞ്ഞു വരാമെന്ന് പറയുന്നത് കേട്ടതും അമല പറഞ്ഞു.
“വിനുവേട്ടാ എനിക്ക് കരിവള വേണം ”
സതിയും രാജലക്ഷ്മിയും മുഖത്തോട് മുഖം നോക്കി. ശിവന്റെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു. അമ്മ പിറുപിറുക്കുന്നത് അമല കേട്ടു
“ഈ പെണ്ണിന്റെയൊരു കാര്യം ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാ വിചാരം ”
“അതിനെന്താ ലക്ഷ്മി അവള് അവളുടെ ആഗ്രഹമൊക്കെ പിന്നെ ആരോടാ പറയുക, നിങ്ങൾ അവരെ കൂട്ടി പോയി വാ പിള്ളേരെ ”
ശിവേട്ടനെ നോക്കിയാണ് സതിയമ്മ പറഞ്ഞത്. അല്ലേലും എന്റെ സകല കുരുത്തക്കേടുകൾക്കും വളം വെച്ചുതരുന്നത് സതിയമ്മയാണെന്നാണ് ശിവേട്ടനടക്കം എല്ലാവരുടെയും വെപ്പ്.
കുറച്ചു നടന്നതും പഞ്ചായത്തും പ്രിയതമയും ഒട്ടിപിടുത്തം തുടങ്ങി. പിറുപിറുത്തു കൊണ്ടു നടന്നപ്പോളാണ് തൊട്ടരികെ നിന്ന് ആ ശബ്ദം കേട്ടത്.
“നിന്റെ കുശുമ്പിന് ഒരവസാനം ഇല്ലേ
പെണ്ണേ ”
അമല ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു നടക്കുന്നത് കണ്ടു ശിവൻ അവളെ നോക്കി പറഞ്ഞു.
“എത്ര കാലമായെടീ നീ സാരിയിടാൻ തുടങ്ങിയിട്ട്,ഇപ്പോഴും ഇത് മര്യാദക്ക് ഇടാൻ പഠിച്ചിട്ടില്ലേ? ”
ഞെട്ടലോടെ അമല ചുറ്റും തപ്പുന്നത് കണ്ടു ശിവൻ ചിരിയടക്കി. അവൻ പറ്റിച്ചതാണെന്ന് മനസ്സിലായതോടെ അമല അവനെ തുറിച്ചു നോക്കി ധൃതിയിൽ മുൻപോട്ട് നടന്നു. അവളുടെ പിറകിലായി നടന്ന ശിവനിൽ ഒരു കുസൃതിച്ചിരി ഉണ്ടായിരുന്നു.
കരിവള കൈയിലിട്ട് നോക്കി കടക്കാരനോട് വിലയും ചോദിച്ചു തിരിഞ്ഞ അമല കണ്ടത് തൊട്ടപ്പുറത്തെ കടയുടെ മുൻപിൽ നിന്ന് കുറുകുന്ന വിനുവിനെയും വേണിയെയുമായിരുന്നു.
ഹും ഇതുങ്ങൾക്ക് ഇത് തന്നെ പണി..
വിനുവിനെ വിളിക്കാൻ തുടങ്ങുമ്പോഴേക്കും കടക്കാരന് പൈസ കൊടുത്തു തിരിയുന്ന ശിവനെ അവൾ കണ്ടു.
വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് നടക്കുമ്പോഴും അമല ഇടയ്ക്കിടെ കുപ്പിവളകൾ കിലുക്കുന്നുണ്ടായിരുന്നു.
ദിവസങ്ങൾ കടന്നുപോയി. യുവകവിയുടെ പുസ്തകം പബ്ലിഷ് ചെയ്യുന്നുണ്ടെന്നു വിനുവേട്ടൻ വീട്ടിൽ പറയുന്നത് കേട്ടിരുന്നു അതുകൊണ്ടാണോ എന്തോ വാദ്ധ്യാരെ പിന്നെ കണ്ടിട്ടില്ല.
ഞായറാഴ്ച വൈകുന്നേരം ഒരു പുസ്തകവും വായിച്ചു കോലായിലെ തിണ്ണമേൽ ചാരിയിരിക്കുമ്പോഴാണ് വിനുവേട്ടൻ അരികിലെത്തിയത്. മുഖഭാവം കണ്ടപ്പോഴേ എന്തോ ഗൗരവമുള്ള കാര്യമാണെന്ന് അമലയ്ക്ക് മനസ്സിലായി.
“അമ്മൂ , ഏട്ടൻ പറയാൻ പോവുന്ന കാര്യം മോള് ശ്രദ്ധിച്ചു കേൾക്കണം, നിനക്കൊരു കല്യാണലോചന വന്നിട്ടുണ്ട്, സതിയമ്മയുടെ അകന്ന ബന്ധത്തിലുള്ളതാ. നിനക്കറിയാലോ എന്റെയും വേണിയുടെയും കല്യാണം പോലെ തന്നെ എല്ലാവരും ആഗ്രഹിച്ചതാണ് നിന്റെയും നന്ദന്റെയും കല്യാണം. അമ്മയോടും സതിയമ്മയോടും ഞാൻ നിന്നോട് സംസാരിച്ചോളാമെന്ന് പറഞ്ഞതാ ”
കേട്ടതിന്റെ ഞെട്ടൽ മാറിയതും അമല പൊട്ടിച്ചിരിച്ചു.
“എന്റെ ഏട്ടാ അമലയും ശിവനന്ദനും കല്യാണം കഴിക്കാനോ, ഏട്ടന് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ ”
ഒന്ന് നിർത്തി വിനീതിനെ നോക്കി അവൾ തുടർന്നു.
“ശിവനന്ദനെ സ്നേഹിക്കാൻ അമലയ്ക്ക് ഈ ജന്മം കഴിയില്ല. എനിക്ക് ഇഷ്ടമല്ല അയാളെ…ഒരിക്കലും ഇഷ്ടപ്പെടാനും കഴിയില്ല…. ”
അമല പറഞ്ഞു മുഖമുയർത്തിയതും കണ്ടത് എല്ലാം കേട്ട് സ്തബ്ധനായി മുറ്റത്ത് നിൽക്കുന്ന ശിവനന്ദനെയാണ്.
ഒന്ന് പകച്ചെങ്കിലും അടുത്ത നിമിഷം അമലയുടെ മുഖത്തൊരു വിജയച്ചിരി വിടർന്നു.
**************************
അന്ന് തനിക്കറിയില്ലായിരുന്നല്ലോ തന്റെ ജീവിതത്തിലെ ദുരന്തങ്ങളുടെ തുടക്കമാണതെന്ന്..
പനിച്ചൂടിൽ പുതപ്പിനുള്ളിൽ വിറയ്ക്കുമ്പോഴും ജീവിതത്തിൽ ഒരിക്കൽ ഉണ്ടായിരുന്ന വസന്തകാലത്തിലെ അവസാനനിമിഷങ്ങളോർത്തു അമലയുടെ മിഴികൾ നിറഞ്ഞു.
“നിന്നോട് ഞാൻ ഇന്നലേ പറഞ്ഞതല്ലേ ഇന്ന് ബലിയിടാൻ പോവണ്ടാന്ന് ”
അമ്മയുടെ വാക്കുകൾ ചെവിയിലെത്തിയപ്പോൾ അമല ഓർത്തു.
ഓരോ നിമിഷവും തന്റെ മനസ്സിലുണ്ടെങ്കിലും, കഴിഞ്ഞ അഞ്ചാറ് വർഷങ്ങളായി ഈ ദിവസം മറ്റുള്ളവരുടെ ഓർമപ്പെടുത്തൽ ഉണ്ടാവാറുണ്ട്…
താൻ മനുവേട്ടന്റെ വിധവയാണെന്ന്….
അമ്മയും വിനുവേട്ടനും പറഞ്ഞിട്ടും കേൾക്കാതെയാണ് മനുവേട്ടന് ആണ്ടു ബലിയിടാൻ പോയത്. ഒരു തരം വാശി തന്നെയായിരുന്നു. ജീവിച്ചിരിക്കുമ്പോൾ പ്രകടിപ്പിക്കാൻ കഴിയാതിരുന്നത്…
തിരികെ വന്നപ്പോഴാണ് ന്യൂസ് പേപ്പറിലെ ആ വാചകത്തിൽ കണ്ണുടക്കിയത്.
“കേരള സാഹിത്യ അക്കാദമി പുരസ്‌കാരം യുവകവി ശിവനന്ദനും ”
ഇവിടുത്തെ അകത്തളങ്ങളിൽ ഒതുങ്ങി കൂടിയിട്ട് വർഷം ഒന്നു കഴിഞ്ഞെങ്കിലും പലപ്പോഴും ഉമ്മറത്ത് നിന്ന് ആ ശബ്ദം കേട്ടിട്ടും മുൻപിൽ ചെല്ലാൻ മനസ്സനുവദിച്ചിട്ടില്ല. ചിന്നു മോളെ കാണാതിരിക്കാൻ ഏട്ടനാവില്ലെന്ന് വേണി തെല്ലഭിമാനത്തോടെ പറയുന്നത് കേട്ടിട്ടും നേരിൽ കാണാൻ തോന്നിയിട്ടില്ല. വർഷങ്ങളായി മുഖാമുഖം കണ്ടിട്ട്.
വേണി കൊണ്ടു തന്ന ചുക്കുകാപ്പി ചുണ്ടോടടുപ്പിച്ചപ്പോൾ മേശപ്പുറത്തെ പുസ്തകത്തിൽ കണ്ണുകളുടക്കി.
കാലമാം മാന്ത്രികൻ കരുതി വെച്ചൊരാ കയ്പുനീരിനാൽ….
എൻ പ്രണയം തീരാ നോവായി മാറീടവേ ….
പറയുവാൻ വയ്യെനിക്കിന്നും
നിന്നെ ഞാൻ സ്നേഹിച്ചിരുന്നു….
(തുടരും )
Click Here to read full parts of the novel
ഫസ്റ്റ് പാർട്ടിലും സെക്കന്റ് പാർട്ട് ഏകദേശം അവസാനം വരെയും ഫ്ലാഷ് ബാക്ക് ആയിരുന്നു, കഴിഞ്ഞു പോയത് അമല ഓർക്കുന്നതാണ്….
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Thudakkam naayitundu, pettannu theerkkalle