ചെമ്പകശ്ശേരിയിൽ നിന്നും വിനീതും വേണിയും അശ്വതിയുമൊഴികെ എല്ലാവരും പോയി കഴിഞ്ഞിരുന്നു. കുറച്ചു കൂടി കഴിഞ്ഞപ്പോൾ സതി പറഞ്ഞതനുസരിച്ചു വിനു പോയി രാജലക്ഷ്മിയെ അങ്ങോട്ട് കൂട്ടികൊണ്ടു വന്നു.
സതിയും രാജലക്ഷ്മിയും അടുക്കളയിലായിരുന്നു. വാസുദേവൻ വയ്യെന്ന് പറഞ്ഞു കിടക്കാൻ പോയി. ഹാളിലെ സോഫയിൽ അശ്വതിക്കരികെ, വിനുവിന്റെയും വേണിയുടെയും സംസാരം കേട്ടിരിക്കയായിരുന്നു അമല. ഫോണിൽ സംസാരിച്ചു കൊണ്ടു വന്ന ശിവൻ അമലക്കരികിൽ ഇരുന്നു. ഇടയ്ക്കെപ്പോഴോ മുഖമുയർത്തിയപ്പോൾ ആ നോട്ടം അമല കണ്ടു. പിന്നെ അവിടെ പറഞ്ഞതൊന്നും അവൾക്കു ശ്രദ്ധിക്കാനായില്ല. അശ്വതിയുടെ ഫോൺ റിംഗ് ചെയ്തപ്പോൾ അവൾ എണീറ്റ് പോയി. കുറച്ചു കഴിഞ്ഞപ്പോൾ ചിന്നുമോളെയും കൊണ്ടു വേണിയും പോയി. അമല പതിയെ എഴുന്നേൽക്കാൻ തുടങ്ങിയതും ശിവൻ അവളുടെ വലം കൈയിൽ പിടിച്ചു. അവൾ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ, ആൾ അവളെ നോക്കാതെ വിനുവുമായി സീരിയസ്സായ സംസാരത്തിലാണ്.വിനു സൈഡിലാണ് ഇരിക്കുന്നത്, അതു കൊണ്ടു അവൻ കാണില്ല, എങ്കിലും അമല കൈയിലെ പിടുത്തം വിടുവിക്കാൻ ശ്രമിച്ചു. പക്ഷേ അത് കൂടുതൽ മുറുകിയതേയുള്ളൂ. അവൾ നിലത്തേക്ക് നോക്കിയിരുന്നു.
വേണി വിളിച്ചപ്പോൾ വിനു എണീറ്റു പോയി.
“എന്റെ അടുത്ത് നിന്ന് ഓടിപ്പോവാൻ ശ്രമിക്കുന്നത് എനിക്ക് മനസ്സിലായില്ലന്നു കരുതിയോ? ”
ആ ശബ്ദം കേട്ട് അമല മുഖമുയർത്തി നോക്കിയപ്പോൾ ആൾ ഫോണിൽ നോക്കി കൊണ്ടിരിക്കുന്നു.
“അത്.. ഞാൻ.. ”
ശിവൻ അവളെ നോക്കി, പിന്നെ കൈയിലേക്കും.
“വിടണോ..? ”
അമല മൂളിയതും ചിരിയോടെ ശിവൻ പിടുത്തം വിട്ടു. അവനെ നോക്കാതെ ധൃതിയിൽ അവൾ അടുക്കളയിലേക്ക് നടക്കുമ്പോൾ കേട്ടു.
“മാഡം ഇതൊക്കെ ഒന്ന് ഓർമ്മയിൽ വെച്ചേക്കണം ട്ടാ ”
ഭക്ഷണം എടുത്തു വെക്കാൻ അശ്വതിയോടും വേണിയോടുമൊപ്പം അമലയും കൂടി.
“അതേയ് നാളെ രാവിലെ അടുക്കളയുടെ താക്കോൽ ഞാനങ്ങു ഏൽപ്പിക്കും. ഇപ്പോൾ നീ തല്ക്കാലം അവിടെഎങ്ങാനും ഇരിക്ക് അമ്മൂ. ഇന്നൊന്നും ചെയ്യണ്ട ”
സതിയുടെ പറച്ചിൽ കേട്ട് എല്ലാരും ചിരിച്ചു.
“എന്റെ അമ്മൂ നീ ആ താക്കോൽ താഴെയൊന്നും വച്ചേക്കല്ലേ സതീദേവി വേറെ ആരെയും തൊടീക്കാതെ വെച്ചേക്കുന്നതാ അത് ”
വേണി അമലയോടു പറഞ്ഞത് കേട്ട് സതി അവളെ നോക്കി
“അതെടി, നീ കുശുമ്പ് കുത്തീട്ടൊന്നും ഒരു കാര്യോമില്ല. അത് എന്റെ നന്ദന്റെ പെണ്ണിന് മാത്രം അവകാശപെട്ടതാ ”
ചിരിയോടെ അമല തിരിഞ്ഞതും ഡൈനിങ്ങ് റൂമിൽ എല്ലാം കേട്ടു കൊണ്ടു ചിരിയോടെ, ചിന്നു മോളെയുമെടുത്ത് നിൽക്കുന്ന ശിവനന്ദനെ കണ്ടു.
എല്ലാരും ഒരുമിച്ചാണ് കഴിക്കാനിരുന്നത് ശിവനരികെയായിരുന്നു അവൾ ഇരുന്നത്. അമല അവനെ നോക്കിയതേയില്ല. ശിവൻ കഴിച്ചു എണീറ്റതിന് ശേഷമാണ് അമല എഴുന്നേറ്റത്.കൈ കഴുകാൻ ചെന്നപ്പോൾ വാഷ് ബേസിനരികെ ശിവൻ ഉണ്ടായിരുന്നു. അവൾ അടുത്തെത്തിയതും ആ സാരിത്തലപ്പിൽ അവൻ കൈ തുടച്ചു, പിന്നെ മുഖവും.കിളി പോയി നിൽക്കുന്ന അമലയെ നോക്കി കണ്ണിറുക്കി കാട്ടി ആൾ മൂളിപ്പാട്ടോടെ തിരിഞ്ഞു നടക്കുമ്പോൾ അടക്കിപ്പിടിച്ച ചിരിയുമായി അശ്വതി അടുത്തുണ്ടായിരുന്നു. ചമ്മിയ ചിരിയോടെ അമല അടുക്കളയിലേക്ക് നടന്നു.
അടുക്കളയിലെ ജോലികൾ തീർക്കുന്നതിനിടെയാണ് സതി അമലയെ നോക്കിയത്.
“അമ്മൂ നീ പോയി കിടന്നോ.. ”
സതി വേണിയെ നോക്കി പറഞ്ഞു.
“ചടങ്ങൊന്നും തെറ്റിക്കണ്ട, വേണി നീ ആ പാല് എടുത്തു അമ്മൂന്റെ കൈയിൽ കൊടുത്തേ ”
“അതിന് വേറെ ചില പരിപാടികൾ കൂടെയുണ്ട് ”
വേണി അമലയുടെ കൈ പിടിച്ചു അവളുടെ റൂമിലേക്ക് കൂട്ടി കൊണ്ടു പോയി, അശ്വതിയും ഉണ്ടായിരുന്നു. അവിടെ കട്ടിലിൽ സെറ്റ് മുണ്ടും മുല്ലപ്പൂവുമൊക്കെ കണ്ടു. അമല എത്ര വേണ്ടെന്ന് പറഞ്ഞിട്ടും വേണി സമ്മതിച്ചില്ല. അവരുടെ ഇഷ്ടത്തിന് നിന്ന് കൊടുക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല അമലയ്ക്ക്.
അശ്വതി പാലെടുക്കാൻ പോയപ്പോൾ വേണി അവളെയും കൂട്ടി മുകളിലേക്കുള്ള ഗോവണിപ്പടികൾക്ക് താഴെത്തി. അമല അശ്വതിയുടെ കൈയിൽ നിന്ന് പാൽ ഗ്ലാസ്സ് വാങ്ങാൻ തുടങ്ങിയതും വേണി അമലയെ കെട്ടിപിടിച്ചു. എന്താണെന്ന് ചോദിച്ചതും വേണി ഒന്നുമില്ലെന്ന് തലയാട്ടി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“അമല ടീച്ചർക്ക് മുകളിലേക്ക് കൂട്ട് വേണ്ടല്ലോ അല്ലേ? ”
കണ്ണിറുക്കിക്കൊണ്ടുള്ള അശ്വതിയുടെ ചോദ്യം കേട്ട് വേണിയും അമലയും പുഞ്ചിരിച്ചു. അവൾ ഗോവണിപ്പടികൾ കയറി മുകളിലെത്തുവോളം അവർ താഴെ നിൽപ്പുണ്ടായിരുന്നു. ചാരിയിട്ട വാതിലിനു മുൻപിൽ ഒരു നിമിഷം അമല നിന്നു. ചിന്നുമോളുടെ പൊട്ടിച്ചിരി കേട്ടുകൊണ്ടാണ് അമല വാതിൽ തുറന്നത്.ബെഡ്‌ഡിൽ അവളോട് എന്തോ പറഞ്ഞു കൊണ്ടു ചിന്നുമോളെ ഇക്കിളിയിടുകയായിരുന്നു ശിവൻ. അമലയെ കണ്ടതും രണ്ടു പേരും കണ്ണെടുക്കാതെ നോക്കി. അവൾ പാല് മേശപ്പുറത്ത് വെച്ച് അവർക്കടുത്തേക്ക് ചെന്നു.
“താനെന്താടോ വല്ല തിരുവാതിരക്കളിക്കും പോണുണ്ടോ? ”
“നിങ്ങളുടെ പുന്നാര അനിയത്തിയോട് ചെന്നു ചോദിക്ക്. ഈ ഫാൻസി ഡ്രെസ്സിന്റെ ഫുൾ ക്രെഡിറ്റും അവൾക്കാണ് ”
“ഓ അപ്പോൾ അവൾ രാവിലത്തെ വിഷമം തീർത്തതാവുംല്ലേ. ആഹ് എന്തായാലും കൊള്ളാം കാണാനൊരു ചന്തമൊക്കെയുണ്ട്”
“ഹായ് ചിറ്റേടെ മുടിയിൽ മുല്ലപ്പൂ.. ”
അമല പൂവ് മുടിയിൽ നിന്ന് എടുക്കാൻ ശ്രമിച്ചതും ശിവൻ അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി മുടിയിലെ പൂവിൽ നിന്ന് കഷ്ണം പൊട്ടിച്ചു ചിന്നുവിന്റെ മുടിയിൽ വെച്ചു കൊടുത്തു. ചിന്നുവിന്റെ ചിരി കണ്ടതും അമല അവളെ കെട്ടിപ്പിടിച്ചു.
“എങ്ങിനെയാടോ തന്റെ എല്ലാ കുരുത്തക്കേടുകളും അതേ പടി ഈ കുരിപ്പിന് പകർന്നു കിട്ടിയത്. ദേ ഈ മുല്ലപ്പൂ പ്രാന്തടക്കം. ഇവളുടെ ഈ കളികളൊക്കെ കാണുമ്പോൾ പണ്ട് എന്റെ തോളിൽ തൂങ്ങി നടന്ന കുറുമ്പി പെണ്ണിനെ ഓർമ്മ വരും ”
അമല ചിരിച്ചത് കണ്ടു കാര്യമറിഞ്ഞില്ലെങ്കിലും ചിന്നുവും ചിരിച്ചു.
“ചിറ്റ വിടെ കിടക്ക്, ചിന്നൂനു നടുക്ക് കിടന്നാ മതി ”
“ഹോ എന്നെയങ്ങു കൊല്ല്.. ആറ്റു നോറ്റു കിട്ടിയൊരു ആദ്യരാത്രി ഇങ്ങനെയൊക്കെയാക്കാൻ എന്തു തെറ്റാണ് കൊച്ചേ നിന്നോട് ഞാൻ ചെയ്തത്? ”
അമല ചിരിയടക്കി കൊണ്ടു ചിന്നുവിന്റെ ഇടതു വശം ചേർന്നു കിടന്നു. ശിവൻ കിടക്കാൻ തുടങ്ങുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്. സംസാരിച്ചു കഴിഞ്ഞു അവൻ പറഞ്ഞു.
“വിനുവാണ്, ഇവളെക്കൊണ്ട് പോവാൻ..ഇവിടെ കിടന്നോട്ടെന്നു പറഞ്ഞിട്ട് കേൾക്കുന്നില്ല. വേണിയ്ക്ക് ഉറക്കം വരുന്നില്ലെന്ന്. ഉറങ്ങിയിട്ട് കൊണ്ടു ചെല്ലാമെന്ന് പറഞ്ഞു ഞാൻ.”
“ഞാനെങ്ങും പോണില്ല, ചിറ്റെടേം നന്ദു മാമ്മന്റേം കൂടെയാ ഞാൻ ഇന്ന് ഉറങ്ങുന്നേ ”
“അതേടാ ചക്കരേ അങ്ങിനെ തന്നെയാ ഞാൻ അച്ഛനോട് പറഞ്ഞേ. ഇന്ന് ഞങ്ങളുടെ കൂടെയാ ഈ കാന്താരി ഉറങ്ങുന്നേന്ന് ”
ശിവൻ അടുത്തു കിടന്നതും ചിന്നു അവനെ കെട്ടിപിടിച്ചു. ഒരു കൈ കൊണ്ടു അമലയെ തന്റെ മുഖത്തോട് അടുപ്പിച്ചു കിടത്തി അമലയുടെ കൈ എടുത്തു അവളുടെ മേൽ വെച്ചു. ശിവൻ തന്റെ കൈ അമലയുടെ കൈയ്ക്ക് മീതെ വെച്ചു ചിന്നുവിനെ കെട്ടിപിടിച്ചു കിടന്നു. അമല കൈ വലിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല.
” ഇത് സ്വപ്നമാണോന്ന് തോന്നി പോവുന്നുണ്ട് ഇവിടെ ഇങ്ങനെ എന്റെ ബെഡിൽ.. ”
“നന്ദു മാമ്മ മിണ്ടാതിരി ചിന്നൂന് ഉറങ്ങണം ”
“ഓ ആയിക്കോട്ടെ മഹാറാണി.. ”
ചിരിക്കുന്ന അമലയെ നോക്കി കണ്ണുരുട്ടി കൊണ്ടു ശിവൻ പറഞ്ഞു. ഒന്നും സംസാരിച്ചില്ലെങ്കിലും ഇടയ്ക്കിടെ എത്തുന്ന നോട്ടങ്ങളിലൊക്കെ പ്രണയം നിറഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞതും വാതിലിൽ മൃദുവായി തട്ടുന്നത് കേട്ടു. ചിന്നു ഉറങ്ങിയിരുന്നു. വിനു പുറത്തു നിന്നതേയുള്ളൂ. ശിവൻ ചിന്നുവിനെ എടുത്തു വിനുവിന് കൊണ്ടു പോയി കൊടുത്തു. എന്തോ പറഞ്ഞു ചിരിച്ചു കൊണ്ടാണ് ശിവൻ തിരികെ അകത്തു കയറി വാതിൽ അടച്ചത്. അപ്പോഴാണ് മേശപ്പുറത്തെ പാല് അവന്റെ കണ്ണിൽപ്പെട്ടത്.
“ഇനിയിപ്പോൾ ഈ ചടങ്ങെങ്കിലും നടക്കട്ടെ ”
പാല് പകുതി കുടിച്ചു ശിവൻ ഗ്ലാസ്സ് അമലയുടെ കൈയിൽ കൊടുത്തു. അവൾ കുടിച്ചു കഴിഞ്ഞു ഗ്ലാസ് തിരികെ മേശമേൽ വെച്ചിട്ടാണ് അവൻ കിടക്കാൻ വന്നത്. അമലയുടെ മുഖം വല്ലാതെയായിരുന്നു. ലൈറ്റ് ഓഫ് ചെയ്തു ബെഡ് ലാമ്പിന്റെ സ്വിച്ച് ഇട്ടിട്ട് ശിവൻ അവൾക്കരികെ കിടന്നു. അമലയുടെ മുഖം പിടിച്ചുയർത്തി കൊണ്ടു പറഞ്ഞു.
“എടോ ഞാൻ ചുമ്മാ പറഞ്ഞതാ. താനിങ്ങനെ എന്റെ കൂടെയില്ലേ ഇപ്പോൾ, അതു മതി എനിക്ക് ”
അമലയുടെ കവിളിൽ തട്ടിക്കൊണ്ടു ശിവൻ പറഞ്ഞു.
“സമയം ഒരുപാടായി, ഉറങ്ങിക്കോ ഗുഡ് നൈറ്റ് ”
അവൾക്കരികെ കമിഴ്ന്നു കിടന്നു ശിവനന്ദൻ കണ്ണുകളടച്ചു. ഉറക്കമില്ലാതെ കിടക്കുന്നതിനിടയിലെപ്പോഴോ ശിവൻ ഉറങ്ങിയത് അവളറിഞ്ഞു. പതിയെ തിരിഞ്ഞു ബെഡ് ലാമ്പിന്റെ മങ്ങിയ വെളിച്ചത്തിൽ ആ മുഖത്തേക്ക് നോക്കി കിടന്നു കൊണ്ടു എപ്പോഴോ അവളും ഉറങ്ങി പോയി.
രാവിലെ അമല ഉണർന്നപ്പോഴും ശിവൻ ഉറങ്ങുകയായിരുന്നു. കുളിച്ചു വന്നു മുടി കെട്ടി പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് കണ്ണാടിയ്ക്ക് മുൻപിലെ സിന്ദൂരചെപ്പ് കണ്ണിൽ പെട്ടത്. പൊട്ടുകുത്തി സിന്ദൂരം തൊട്ട് അമല പുറത്തേക്കിറങ്ങുമ്പോൾ അവൾ തലയിണയും കെട്ടിപിടിച്ചു ഉറങ്ങുന്ന ആളെ നോക്കി.
അടുക്കളയിൽ ചെന്നപ്പോഴേക്കും അമ്മയും സതിയമ്മയും ചായ വെച്ചിരുന്നു. ഒരു കപ്പിലേക്ക് പകർന്ന ചായ അവളുടെ നേരേ നീട്ടികൊണ്ട് സതി പറഞ്ഞു.
“മോളിത് അച്ഛന് കൊണ്ടു പോയി കൊടുക്ക്, അല്ല.. ശിവൻ എഴുന്നേറ്റില്ലേ ”
“ഇല്ല, എഴുന്നേറ്റിട്ടില്ല.. ”
ചായയുമായി പുറത്തേക്ക് നടക്കുന്നതിനിടയിൽ ഹാളിൽ ടീവി യുടെ മുൻപിൽ ഗൗരവത്തിൽ ഇരിക്കുന്ന ആളെ അവൾ കണ്ടു. ചിന്നു അമലയെ നോക്കിയത് കൂടിയില്ല.
“കണ്ണു തുറന്നപ്പോൾ മുതൽ കട്ടകലിപ്പിലാണ് നിങ്ങൾ പറ്റിച്ചെന്നും പറഞ്ഞ് ”
അടുത്ത് ഫോണിൽ നോക്കി കൊണ്ടിരിക്കുന്നു വിനുവാണ് പറഞ്ഞത്. അമല വാസുദേവനും വിനുവിനും ചായ കൊടുത്തിട്ട് ഒന്നും മിണ്ടാതെ ചിന്നുവിന്റെ അരികിൽ വന്നിരുന്നു. അവൾ മുഖം വീർപ്പിച്ചു കൊണ്ട് ഇത്തിരി നീങ്ങി ഇരുന്നു.കുറച്ചു കഴിഞ്ഞാണ് ശിവൻ അങ്ങോട്ട് വന്നത്.
“ഇതെന്തു പറ്റി തമ്പുരാട്ടിക്ക്? ”
ചിന്നു ശിവനെ നോക്കാതെ ഗൗരവത്തിൽ തന്നെ ആയിരുന്നു. ശിവൻ ചിന്നുവിന്റെ അരികിൽ ഇരുന്നു
“ശിവേട്ടൻ പുറത്തു പോവുമ്പോൾ എനിക്ക് മുല്ലപ്പൂ വാങ്ങാൻ മറക്കരുത് ട്ടോ ”
അമല പറഞ്ഞത് കേട്ട് ചിന്നു ശിവനെ നോക്കി. അവൻ ചിന്നുവിനെ മൈൻഡ് ചെയ്യാതെ പറഞ്ഞു.
“അത് വാങ്ങാം. പിന്നെ ആരോ എന്നോട് ബട്ടർ സ്കോച്ച് ഐസ് ക്രീം വാങ്ങിത്തരാൻ പറഞ്ഞിരുന്നല്ലോ, അമലയാണോ ”
“അത് ഞാനാ.. ”
ചിന്നു പറഞ്ഞത് കേട്ട് അവർ ചിരിച്ചു. അമല ശിവനുള്ള ചായയുമായി വന്നപ്പോൾ ചിന്നു അവന്റെ മടിയിലായിരുന്നു.
ഉച്ചഭക്ഷണം കഴിഞ്ഞാണ് രാജലക്ഷ്മിയും വിനീതും വേണിയും പോയത്. ചിന്നു പോവില്ലെന്ന് പറഞ്ഞു വാശി പിടിച്ചെങ്കിലും കുഞ്ഞ് വാവയ്ക്ക് സങ്കടമാവൂന്നു പറഞ്ഞപ്പോൾ പോവാൻ തയ്യാറായി. അശ്വതി വൈകുന്നേരം വീട്ടിലേക്ക് പോവണമെന്ന് പറഞ്ഞിരിക്കുന്നുണ്ടായിരുന്നു. അമല മുകളിലെ അവരുടെ റൂമിലേക്ക് പോകാതെ താഴെ തന്നെ ചുറ്റി പറ്റി നിന്നു.
അശ്വതിയെ കൊണ്ടു വിടാനായി ഡ്രസ്സ് മാറി താഴേക്കു വന്ന ആളുടെ മുഖത്ത് ചെറിയൊരു പിണക്കം അമല കണ്ടിരുന്നു. അശ്വതി പേടിയോടെ ആണ് പോയത്. അവളുടെ ഏട്ടൻ എത്തിയിട്ടുണ്ട്.
രാത്രി ശിവൻ കുറച്ചു വൈകിയാണ് എത്തിയത്. സതിയെ അമല കിടക്കാൻ പറഞ്ഞയച്ചിരുന്നു. ഭക്ഷണം വിളമ്പാനായി അമല എഴുന്നേറ്റതും സതി റൂമിൽ നിന്ന് പുറത്തേക്ക് വന്നു.
“എവിടെ പോയി കിടക്കുവായിരുന്നു നന്ദാ, പഴയ പോലെയല്ല, നിന്നെയും കാത്ത് ഒരു പെൺകൊച്ചു ഇവിടെ ഇരിപ്പുണ്ട്, അത് മറക്കണ്ട ”
പിറുപിറുത്തു കൊണ്ടാണ് കൈ കഴുകി കഴിക്കാൻ വന്നിരുന്നത്.
“കാത്തിരിക്കുന്നവർ എന്നിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കുവാണെന്ന് അമ്മയ്ക്ക് അറിയില്ലല്ലോ ”
അമല ഒന്നും പറയാതെ ഭക്ഷണം വിളമ്പി കൊടുത്തു. കഴിക്കുന്നതിനിടയിലെപ്പോഴോ അവൾ ചോദിച്ചു.
“അശ്വതിയുടെ കാര്യം..? ”
“അജുവിനോട് പറഞ്ഞു. ആദ്യം കൊറേ ബഹളം വെച്ചുവെങ്കിലും നാളെ ഹബിയോട് സംസാരിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട് ”
ഗൗരവത്തിൽ തന്നെയായിരുന്നു മറുപടി.
അമല റൂമിൽ ചെന്നപ്പോൾ ആൾ ഒരു പുസ്തകവും വായിച്ചു കിടക്കുകയായിരുന്നു. ജഗ്ഗിലെ വെള്ളം മേശപ്പുറത്തു വെച്ച് അമല കിടന്നതും പുസ്തകം സൈഡ് ടേബിളിലേക്കിട്ട് ശിവൻ ലൈറ്റ് ഓഫ് ചെയ്തു. കൈ കണ്ണുകൾക്ക് മീതെ വെച്ചിട്ടാണ് കിടക്കുന്നത്. ഇടയ്ക്കെപ്പോഴോ ചോദിക്കുന്നത് കേട്ടു.
“തനിക്കെന്നെ ഒട്ടും സഹിക്കാൻ പറ്റുന്നില്ലെടോ? ”
“ശിവേട്ടാ.. ഞാൻ ”
“സ്നേഹിക്കുന്നില്ലേ എന്നെ? ”
പിന്നെ ഒന്നും പറയാതെ അവൻ കമിഴ്ന്നു കിടന്നു.
“അമല ഒരാളെയേ സ്നേഹിച്ചിട്ടുള്ളൂ, പണ്ട് എന്നെ പാടവരമ്പത്ത് നിന്ന് തള്ളിയിട്ട ആ ചെക്കനെ, അന്നും ഇന്നും എന്നും ”
ശിവൻ അവൾക്കു നേരേ തിരിഞ്ഞു കിടന്നു.
“എന്തോ താൻ എന്നെ വല്ലാതെ അവോയ്ഡ് ചെയ്യാൻ ശ്രമിക്കുന്നത് പോലെ തോന്നി എനിക്ക്. എല്ലാം പറഞ്ഞതല്ലേ ഞാൻ.. ”
“ശിവേട്ടാ ഞാൻ.. എനിക്ക്.. ”
“സാരമില്ല.. താൻ ഉറങ്ങിക്കോ ”
കുറച്ചു കഴിഞ്ഞു ശിവൻ ഉറക്കമായി എന്ന് തോന്നിയപ്പോൾ അവൾ ആ മുഖത്തേക്ക് നോക്കി കിടന്നു. അവൾ അവന്റെ നെറ്റിയിൽ പതിയെ തലോടി. പെട്ടെന്നുള്ള ഒരു തോന്നലിൽ അമല ശിവന്റെ നെറ്റിയിൽ ചുണ്ടമർത്തി. ശിവൻ കണ്ണുകൾ തുറന്നതു കണ്ടു അമല ഞെട്ടി. അകന്നു മാറാൻ ശ്രമിക്കുമ്പോഴേക്കും ആ കൈകൾ അവളെ ബന്ധനത്തിലാക്കിയിരുന്നു. അവളുടെ മുഖത്തോട് ചേർന്നു കൊണ്ടാണ് ശിവൻ ചോദിച്ചത്.
“ഞാനറിയാതെയേ എന്നെ സ്നേഹിക്കാനാവൂ അല്ലേ? ”
അവന്റെ കണ്ണുകളെ നേരിടാനാവാതെ അമല മിഴികളടച്ചു. കുസൃതി ചിരിയോടെ ശിവൻ പറഞ്ഞു
“ഇത് മതി എനിക്ക്… ഇത്തിരി കോംപ്ലക്സ് ഉണ്ട് എന്റെ മനസ്സിൽ.. അതുകൊണ്ട് ഇടയ്ക്കിടെ ഈ മനസ്സിൽ ഞാനുണ്ടെന്ന് ഇങ്ങനെ പറയാതെ പറഞ്ഞാൽ മതി എന്നോട്… ”
അമലയുടെ നെറ്റിയിലും കണ്ണുകളിലും ചുംബിച്ചു കൊണ്ടു ശിവൻ പറഞ്ഞു.
“ലവ് യു അമ്മൂ ”
അവളെ വിട്ടു കൊണ്ടു ശിവൻ അവൾക്കരികെ കണ്ണുകൾ അടച്ചു കിടന്നു. അവനുറങ്ങിയതറിഞ്ഞിട്ടും അമല മിഴികൾ തുറന്നില്ല. എപ്പോഴോ അവളും ഉറങ്ങി പോയി. രാവിലെ എഴുന്നേറ്റപ്പോൾ ആൾ അരികെ ഉണ്ടായിരുന്നില്ല.
വാദ്ധ്യാർ രാവിലെ തന്നെ കൃഷിപ്പണിയ്ക്കു ഇറങ്ങിയതാവും. കുളിക്കാൻ കയറുമ്പോൾ അമല മനസ്സിൽ പറഞ്ഞു. സതി എണീറ്റിട്ടുണ്ടായിരുന്നില്ല. പൂജാമുറിയിൽ വിളക്ക് വെച്ചു അമല അടുക്കളയിൽ കയറി.
ചായയുമായി അമല കോലായിലേക്ക് ചെന്നപ്പോൾ ശിവൻ തൊടിയിലുണ്ടായിരുന്നു. തലയിലെ തോർത്തു അഴിച്ചു മുഖം തുടച്ചു കൊണ്ടവൻ അവൾക്കരികെ എത്തി. ചായ വാങ്ങുമ്പോൾ ആ മുഖത്തെ ചിരി കണ്ടില്ലെന്ന് നടിച്ചു അവൾ തിരിയുമ്പോൾ കേട്ടു.
“ഇന്ന് എന്റെ ഭാര്യയുടെ കവിളിലും സിന്ദൂരച്ചുവപ്പുണ്ടല്ലോ ”
“ആഹ്.. ഞാൻ കവിളിലും കുറച്ചു സിന്ദൂരം നുള്ളിയിട്ടു ”
“ഓ ആളങ്ങു ഫോമിലായല്ലോ ”
ചിരിയോടെ അമല അകത്തേക്ക് നടക്കുമ്പോൾ ശിവൻ പിറകിൽ നിന്ന് വിളിച്ചു. അവൾ തിരിഞ്ഞു നോക്കി.
“അതേയ് വൈകുന്നേരം ഒരു വെഡിങ് റിസപ്ഷന് പോവാനുണ്ട്. എന്റെ ഒരു ഫ്രണ്ടിന്റെ ,ഇന്നലെ പറയാൻ വിട്ടു പോയതാ. അമ്മയോട് പറഞ്ഞേക്ക് ”
സതിയമ്മയ്ക്കു കാലു വേദന കൂടുതലായിരുന്നു. എങ്കിലും അവർ അമലയെ സഹായിക്കാനെത്തി. നിർബന്ധിച്ചു കിടക്കാൻ പറഞ്ഞയച്ചു അമല ജോലികൾ ഓരോന്നായി തീർത്തു. ശിവൻ രാവിലെ തന്നെ അശ്വതിയുടെ കാര്യത്തിനായി പോയതായിരുന്നു. വരാൻ വൈകിയത് കൊണ്ടു പെട്ടെന്നു ഊണ് കഴിച്ചു അവർ ഇറങ്ങി. കാറിൽ ഇരിക്കുമ്പോഴാണ് ശിവൻ പോയ കാര്യത്തെകുറിച്ച് പറഞ്ഞത്. അശ്വതിയുടെ അച്ഛനും അമ്മയും ഇടഞ്ഞു നിൽക്കുകയാണ്. അജു അർദ്ധ സമ്മതം കൊടുത്തിട്ടുണ്ട്. എന്തായാലും ഹബീബും അശ്വതിയും മറ്റന്നാൾ എറണാകുളം പോവും.
“എടോ എന്തെങ്കിലും ഗിഫ്റ്റ് വാങ്ങണ്ടേ, ഞാനത് മറന്നു ”
പറഞ്ഞു കൊണ്ടു ശിവൻ വണ്ടി അടുത്തു കണ്ട ഷോപ്പിംഗ് കോംപ്ലെക്സിലേക്ക് കയറ്റി. ഗിഫ്റ്റ് ഒക്കെ സെലക്ട് ചെയ്തെടുത്തു പുറത്തേക്കിറങ്ങുമ്പോഴാണ് അമല അരികിലൂടെ പോയ ആളെ തട്ടിപ്പോയത്. ഒരു സ്ത്രീയും കുഞ്ഞുമായിരുന്നു മുൻപിൽ. അമല സോറി പറഞ്ഞപ്പോൾ അവർ തിരിഞ്ഞു നോക്കി.
“മീനു.. ”
അവളെ കണ്ടതും ആ പെൺകുട്ടിയുടെ മുഖം വിളറി. അരികിലെത്തി അവളുടെ കൈയിൽ പിടിച്ചു കൊണ്ടു അമല ചോദിച്ചു.
“മീനു…എത്ര കാലമായി കണ്ടിട്ട്.. കല്യാണം ഒക്കെ കഴിഞ്ഞല്ലേ. മോനെത്ര വയസ്സായി ”
“അത്.. നാല്.. ”
“അപ്പോൾ നീ പഠിത്തം പൂർത്തിയാക്കിയില്ലേ കോയമ്പത്തൂർ പോയിട്ട് ”
“അത്.. ഇല്ല അമലേച്ചി ”
“അച്ഛൻ…? ”
“വീട്ടിലുണ്ട് ”
അവൾ ശിവനെ നോക്കുന്നത് കണ്ടു അമല പറഞ്ഞു.
“ഹസ്ബൻഡ് ആണ്. ശിവനന്ദൻ ”
“അമലേച്ചി ഞങ്ങൾ നടക്കട്ടെ… കുറച്ചു തിരക്കുണ്ട് ”
അമലയുടെ മറുപടിയ്ക്കു കാത്തു നിൽക്കാതെ മീനു കുഞ്ഞിന്റെ കൈയിൽ പിടിച്ചു നടന്നകന്നു.
“ഈ കുട്ടി എന്താ ഇങ്ങനെ? ”
അമല സ്വയം പറയുന്നത് കേട്ടാണ് ശിവൻ ചോദിച്ചത്.
“ആരാ അത്? ”
” അത് മനുവേട്ടന്റെ വീട്ടിലെ ഡ്രൈവറായിരുന്ന മണികണ്ഠന്റെ മോളാ. മീനു.ചെറുപ്പത്തിലേ അമ്മ മരിച്ചു പോയതാ. നല്ല കുട്ടിയാണ്, നല്ല പോലെ പഠിക്കുകയും ചെയ്യുമായിരുന്നു. ഇടയ്ക്കൊക്കെ വീട്ടിൽ വരുമായിരുന്നു. എന്നോട് നല്ല കൂട്ടായിരുന്നു. പിന്നെ മണിയണ്ണൻ അവളെ കോയമ്പത്തൂർ കൊണ്ടാക്കി. അവളുടെ അമ്മയുടെ വീട് അവിടെയാണ്. അവിടെ ഡിഗ്രിയ്ക്കു ചേർത്തൂന്നു പറഞ്ഞിരുന്നു. പിന്നെ എന്തേ ആവോ പഠിത്തമൊക്കെ നിർത്തിയത്. മനുവേട്ടൻ മരിച്ചു കുറച്ചു കഴിഞ്ഞപ്പോൾ മണിയണ്ണൻ കോയമ്പത്തൂർക്ക് തിരിച്ചു പോയി. പിന്നെ വിവരമൊന്നും അറിയില്ല ”
“ആ… എന്തേലും കാരണം കാണും, താൻ വാ, ഇപ്പോൾ തന്നെ ലേറ്റ് ആയി ”
ശിവനന്ദന്റെ താല്പര്യകുറവ് കണ്ടു അമല പിന്നൊന്നും പറഞ്ഞില്ല.
റിസപ്ഷൻ ഹാളിൽ എത്തിയതും ഒരുപാട് പേര് അവർക്കരികെ എത്തി. ആരോ ചോദിക്കുന്നത് കേട്ടു.
“ഇതല്ലേ യുവ എഴുത്തുകാരന്റെ ആരാധികമാരുടെ പൊതു ശത്രു ”
അവളെ ചേർത്ത് പിടിച്ചു കൊണ്ടാണ് ശിവനന്ദൻ എല്ലാർക്കും പരിചയപ്പെടുത്തിയത്.
ഇടയ്ക്കെപ്പോഴൊക്കെയോ ചില കണ്ണുകളിൽ കണ്ട അസൂയ നേരത്തേ കേട്ട വാക്കുകളെ ബലപ്പെടുത്തുന്നതായിരുന്നു. അവനോട് അടുത്തിടപഴകിയ സുന്ദരികളായ സ്ത്രീകൾ അമലയുടെ മനസ്സിലും കുശുമ്പ് പരത്തിയത് ശിവനും അറിഞ്ഞിരുന്നു. ഇടയ്ക്കെപ്പോഴോ തനിച്ചു കിട്ടിയ നിമിഷത്തിലാണ് പറഞ്ഞത്.
“സത്യത്തിൽ ഇടയ്ക്കിടെ ഈ കണ്ണുകളിൽ തെളിയുന്ന കുശുമ്പ് എനിക്ക് സന്തോഷം തരുന്നുണ്ട്ട്ടോ ”
“എന്നാൽ ചെല്ല്.. മഹാകവി ചെന്നു ആരാധികമാരുടെ സ്നേഹം ഏറ്റു വാങ്ങിയാലും ”
അമലയുടെ ദേഷ്യം പുറത്തു വന്നിരുന്നു.
“ഹെന്റമ്മോ.. പെണ്ണേ ഞാനൊരു തമാശ പറഞ്ഞതല്ലേ ”
ശിവന്റെ കണ്ണുകളിൽ ആ കുസൃതിചിരി തെളിഞ്ഞു നിന്നു…..
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission