“യൂ ബോത്ത് ആർ ഇൻ ലവ്. അത് നിങ്ങളെ നോക്കുന്ന ആർക്കും മനസ്സിലാവും..”
ഒരു നിമിഷം കഴിഞ്ഞാണ് സിദ്ധാർഥ് പറഞ്ഞത്.
“ഷി ഈസ് മൈ വൈഫ് ജെന്നിഫർ….നോ മൈ എക്സ് വൈഫ് ”
ജെന്നിഫർ ഒരു ഞെട്ടലോടെ രണ്ടു പേരെയും മാറി മാറി നോക്കി.
“ബട്ട് സിദ്ധാർഥ്… ”
ജെന്നിഫർ പൂർത്തിയാക്കുന്നതിന് മുൻപേ സിദ്ധാർഥ് പറഞ്ഞു.
“ചില പ്രണയങ്ങൾ അങ്ങിനെയാണ് ജെന്നിഫർ, എത്ര ചേർത്തു വെച്ചാലും അകന്നു പോയ്കൊണ്ടേയിരിക്കും… അതാണ് വിധി….. ”
ഇടയ്ക്കിടെ കണ്ണുകൾ കൂട്ടിമുട്ടുന്നുണ്ടായിരുന്നു. മായ നോട്ടം പിൻവലിക്കുമ്പോൾ സിദ്ധാർഥിന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടാകും.
സമയം പന്ത്രണ്ടാകാറായപ്പോഴാണ് സിദ്ധാർഥ് മായയുടെ അരികിൽ എത്തിയത്.
തിരികെ റൂമിലേക്ക് പോകുമ്പോൾ ജെന്നിഫറിന്റേത് മാത്രമല്ല മറ്റു പലരുടെയും കണ്ണുകൾ അവരെ പിന്തുടരുന്നുണ്ടായിരുന്നു.
മായ റൂമിന്റെ വാതിൽ തുറന്നു അകത്തേക്ക് കടക്കുമ്പോഴാണ് സിദ്ധാർഥ് വിളിച്ചത്.
“മായ, എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്. ”
ഒരു നിമിഷം കഴിഞ്ഞാണ് മായ പറഞ്ഞത്.
“ഒഫീഷ്യൽ കാര്യങ്ങൾ ആണെങ്കിൽ
മാത്രമേ എനിക്ക് സംസാരിക്കാനാവൂ ”
അവളുടെ വാക്കുകൾ ഉണ്ടാക്കിയ ദേഷ്യത്താലാണ് സിദ്ധാർഥ് പറഞ്ഞത്.
“ഒഫീഷ്യൽ കാര്യങ്ങൾ അല്ലാതെ നമ്മൾ തമ്മിൽ പേർസണൽ ആയി ഒന്നുമില്ലല്ലോ അല്ലേ ”
ദേഷ്യത്തോടെ പുറത്ത് നിന്ന് വാതിൽ ചാരി സിദ്ധാർഥ് തന്റെ റൂമിലേക്ക് നടന്നു.
മായയെ വീണ്ടും കാണേണ്ടിയിരുന്നില്ല എന്നവന് തോന്നിപോയി. ഒന്നും അറിയേണ്ടിയിരുന്നില്ല..
മായയും അത് തന്നെയായിരുന്നു ആലോചിച്ചത്.
നിങ്ങളോടുള്ള പേടി കൊണ്ടല്ല സിദ്ധുവേട്ടാ
നിങ്ങളുടെ ഒരു നോട്ടത്തിൽ പോലും, നിയന്ത്രണമില്ലാതെ നിങ്ങളിലേക്ക് കുതിക്കുന്ന എന്റെ മനസ്സിനെയാണ് എനിക്ക് പേടി..
ഉറക്കം വരാതെ മായ ഓർമ്മകളിലേക്ക് പോവുകയായിരുന്നു..
ചെറുപ്പത്തിലേ അച്ഛനമ്മമാരെ നഷ്ടപ്പെട്ടതു കൊണ്ടും,തന്നെ വളർത്തിയെടുക്കാൻ കഷ്ടപ്പെടുന്ന മുത്തശ്ശിയുടെ പെടാപ്പാടുകൾ കണ്ടും, മായയുടെ മനസ്സ് നിസ്സഹായതയുടെയും അപകർഷതാബോധത്തിന്റെയും നിലയില്ലാകയത്തിൽ ആയിരുന്നു എപ്പോഴും.
സ്കൂളിൽ ആരും കൂട്ടിനില്ലാതെ, ആരോടും മുഖത്ത് നോക്കി സംസാരിക്കാതെ, ഏറ്റവും പിറകിലെ ബെഞ്ചിൽ ഒരു മൂലയിലായി ഇരിക്കുന്ന കുട്ടി, അതായിരുന്നു താൻ..
പുസ്തകങ്ങൾ ആയിരുന്നു എപ്പോഴും കൂട്ട്. നല്ല പോലെ പഠിക്കുന്നത് കൊണ്ടും, എപ്പോഴും പുസ്തകത്തിൽ മുഖം പൂഴ്ത്തിയിരിക്കാറുള്ളത് കൊണ്ടും അധ്യാപകരും വായനയെ പ്രോത്സാഹിപ്പിച്ചു. അവർ തരുന്ന പുസ്തകങ്ങളിലേക്കും മുത്തശ്ശിയുടെ പ്രാരാബ്ദങ്ങളിലും മാത്രമായി ഒതുങ്ങിയിരുന്ന തന്റെ ലോകത്തേക്കാണ് സിദ്ധാർഥും രേഖയും ക്ഷണിക്കാതെ തന്നെ വന്നെത്തിയത്.
ആരെങ്കിലും സൗഹൃദത്തിന് വന്നാൽ തന്നെ രണ്ടു മൂന്നു വാക്കുകളിൽ സംസാരം ഒതുക്കി അവരെ മടക്കി അയക്കാൻ പരിശീലിച്ചു കഴിഞ്ഞിരുന്നു.
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ, ഒരു ദിവസം ലഞ്ച് ബ്രേക്ക് കഴിഞ്ഞു ബെല്ലടിക്കാറാവുമ്പോഴാണ് , കയ്യിലെ ബോട്ടിലിൽ ഉണ്ടായിരുന്ന അവസാനതുള്ളി വെള്ളവും വായിലേക്ക് ഇറ്റിച്ചു കഴിഞ്ഞപ്പോൾ, പതിവില്ലാതെ അമ്മയെ ഓർമ വന്നത്. മനസ്സിൽ നിന്ന് പൊടുന്നനെ ഉയർന്ന നിലവിളി ഒരു നീർതുള്ളിയായി പുറത്തേക്ക് വന്നു. ആരും കാണാതെ നിറഞ്ഞ കണ്ണുകൾ തുടക്കാൻ ശ്രെമിക്കവെയാണ്, ജനലഴികൾക്കപ്പുറം വരാന്തയിൽ കൂടെ, നടന്നു പോവുന്നതിനിടെ തന്നെ നോക്കിയ കണ്ണുകളുടെ ഉടമയെ ശ്രദ്ധിച്ചത്.
ജാള്യതയോടെ, അതിലേറെ പേടിയോടെയാണ് നോട്ടം പിൻവലിച്ചു തിരിഞ്ഞത്.സിദ്ധാർഥ് മാധവ്. ഇവിടെ പ്ലസ് ടു വിൽ പഠിക്കുന്നു. സ്കൂളിന്റെ അഭിമാനമായ ഗായകനോട് ഒരു ആരാധന മനസ്സിലെപ്പോഴോ തോന്നിയിരുന്നു.. പക്ഷേ..
പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള, എല്ലാവരുടെയും ആരാധന പാത്രമായ, സർവ്വോപരി പ്രതാപശാലിയായ മംഗലത്ത് മാധവമേനോന്റെ മകന്റെ മുഖത്ത് നോക്കാൻ തന്നെ പേടിയായിരുന്നു അവൾക്ക്. സ്കൂളിൽ സിദ്ധാർഥിന്റെ പേരിൽ പലരും തമ്മിൽ മത്സരിച്ചെങ്കിലും അവൻ അതിലൊന്നും പങ്കാളി ആയിരുന്നില്ല.
മംഗലത്ത്കാരുടെ കാരുണ്യത്തിലാണ് ഈ സ്കൂളിൽ പഠിക്കുന്നത് തന്നെ.തലമുറകളായുള്ള ആശ്രിതരുടെ കുടുംബത്തിലെ ഇളമുറക്കാരിയോടുള്ള ദയ. ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന സഹായങ്ങളുടെ പേരിൽ മുത്തശ്ശി മംഗലത്ത് സുമംഗലമ്മയുടെ ദയാവായ്പുകളെ വാനോളം പുകഴ്ത്തുന്നത് കേട്ട തനിക്കും ആ തറവാടിനോടും അവിടത്തെ അംഗങ്ങളോടും ഭയഭക്തി ബഹുമാനമായിരുന്നു.
ഒന്ന് രണ്ടു ദിവസം കഴിഞ്ഞു കാണും, രാവിലെ തന്നെ രേഖ അടുത്ത് വന്നിരുന്നപ്പോൾ വെപ്രാളമാണ് തോന്നിയത്. ഇത്രയും വർഷം ഒരുമിച്ച് പഠിച്ചിട്ടും തമ്മിൽ കാണുമ്പോൾ നേർത്തൊരു പുഞ്ചിരിയല്ലാതെ, വല്ലപ്പോഴും പറയുന്ന ഒന്ന് രണ്ടു വാക്കുകൾ അല്ലാതെ ഒരു ബന്ധവും രേഖയുമായി ഉണ്ടായിട്ടില്ല.
സിദ്ധാർഥിന്റെ കസിൻ എന്ന പദവി കൊണ്ടും, പഠിത്തത്തിൽ മുൻപിലാണെങ്കിലും, അത്യാവശ്യം നല്ല കുരുത്തകേടുകൾ കൈയിലുണ്ടായിരുന്നത് കൊണ്ടും രേഖയും സ്കൂളിൽ സിദ്ധാർഥിനോളം തന്നെ പ്രശസ്തയായിരുന്നു.
ഒന്നും സംസാരിക്കാതിരുന്നിട്ടും, പരമാവധി ഒഴിഞ്ഞു മാറാൻ ശ്രമിച്ചിട്ടും രേഖ പിന്മാറിയില്ല. രേഖയും മായയും തമ്മിൽ പതിയെ ഒരു സൗഹൃദം രൂപപെടുകയായിരുന്നു. രേഖ ഒരു കിലുക്കാം പെട്ടിയായിരുന്നത് കൊണ്ടു മായയ്ക്ക് കേൾവിക്കാരിയായിരുന്നാൽ മതിയായിരുന്നു.
പലപ്പോഴും, സിദ്ധാർഥിനോട് സംസാരിക്കുന്ന രേഖയ്ക്കരികിൽ നിൽക്കുമ്പോൾ, അവനെ നോക്കാനോ, ആ തീക്ഷ്ണമായ കണ്ണുകളെ നേരിടാനോ ധൈര്യം ഉണ്ടായിരുന്നില്ല മായയ്ക്ക്.
പ്ലസ് ടു കഴിഞ്ഞു എഞ്ചിനീയറിങ്ങിന് അഡ്മിഷൻ കിട്ടി സ്കൂളിൽ നിന്ന് പോയെങ്കിലും എവിടെയെങ്കിലും വെച്ച് കാണുമ്പോൾ മായയ്ക്കായി ഒരു പുഞ്ചിരി സിദ്ധാർഥ് കരുതിയിരുന്നു.
പ്ലസ് ടു എത്തിയപ്പോഴേക്കും രേഖയുടെ വാക്കുകളിലൂടെ മായയുടെ മനസ്സിൽ സിദ്ധാർഥ് ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞിരുന്നു. സിദ്ധാർഥിന്റെ വിശേഷങ്ങൾ അറിയാനുള്ള അത്യാർത്തി മനസ്സിൽ ഒളിപ്പിച്ചു, പുറമെ ഒരു മൂളലിലോ, ചിരിയിലോ, പ്രതികരണം ഒതുക്കി നിർത്തുന്ന മായയെ കാണുമ്പോൾ രേഖയിൽ ഒരു കുസൃതിചിരി ഉണ്ടായിരുന്നു.
അധ്യാപകരുടെ പ്രോത്സാഹനം കൊണ്ടും രേഖയുടെ നിർബന്ധം കൊണ്ടുമാണ് എൻട്രൻസ് എഴുതിയത്. അതിനു വേണ്ട കാര്യങ്ങൾ ഒക്കെ രേഖയിലൂടെ റെഡി ആക്കിയത് സിദ്ധുവേട്ടൻ ആയിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്.
എഞ്ചിനീയറിങ്ങിനു സീറ്റ് കിട്ടിയെന്നറിഞ്ഞതോടെ ആധിയായിരുന്നു മനസ്സിൽ.മംഗലത്ത് നിന്ന് വീണ്ടും സഹായഹസ്തം നീണ്ടതോടെയാണ് വാടി തളർന്നിരുന്ന മുത്തശ്ശിയുടെ മുഖമൊന്നു തെളിഞ്ഞത്.
മുത്തശ്ശിയുടെ ക്ഷീണം കൂടി വന്നപ്പോൾ, മുത്തശ്ശിയുടെ സമ്മതത്തിനു കാക്കാതെ, താൻ തന്നെയാണ് മുത്തശ്ശിയെ സഹായിക്കാനായി മംഗലത്ത് പോയി തുടങ്ങിയത്. സിദ്ധുവേട്ടനെ കാണുമ്പോൾ ചുണ്ടിൽ വിടരുന്ന നേർത്ത പുഞ്ചിരി മുഴുവനാകും മുൻപേ തല താഴ്ത്തി നടക്കാറാണ് പതിവ്.
മുത്തശ്ശി പറഞ്ഞതൊക്കെ അക്ഷരാർത്ഥത്തിൽ തന്നെ ശരിയായിരുന്നുവെന്ന് മനസ്സിലായത്
സുമംഗലാമ്മയെ അടുത്തറിഞ്ഞതോടെയാണ്. ശ്രീത്വം വിളങ്ങുന്ന മുഖം പോലെ തന്നെ ആ മനസ്സിലും നന്മയായിരുന്നു. അമ്മ എന്ന് വിളിക്കാൻ അവർ തന്നെയാണ് പറഞ്ഞത്.തന്റെ അമ്മയുടെ കളിക്കൂട്ടുകാരിയായിരുന്നു സുമംഗലമ്മയെന്ന് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്. വേലക്കാരെന്ന നിലയിൽ അവിടെ ആരും തന്നെ ഞങ്ങളോട് പെരുമാറിയിരുന്നില്ല.
മംഗലത്തെ അടുക്കളയിൽ മുത്തശ്ശിയെ സഹായിച്ചു നിൽക്കുമ്പോഴാണ് രേഖ വിളിച്ചു കൂവി വന്നു ഹാളിലേക്ക് പിടിച്ചു കൊണ്ടു പോയത്. എന്താണെന്നറിയാതെ കൈ വിടുവിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അവൾ അത് പറഞ്ഞത്.
“എടി പൊട്ടിക്കാളീ നീയും ഞാനും എൻജിനീയറിങ്ങിനു എവിടെയാ ചേരാൻ പോവുന്നെന്നറിയോ, സിദ്ധുവേട്ടൻ പഠിച്ച കോളേജിൽ.നമുക്ക് തകർത്തു വാരണം മോളെ ”
അവൾ മായയെ കെട്ടിപിടിച്ചാണ് പറഞ്ഞത്. സോഫയിൽ ഇരുന്നു ടീവി കണ്ടു കൊണ്ടിരുന്ന സിദ്ധാർഥ് രേഖയുടെ പുറകിൽ എത്തിയത് മായ കണ്ടിരുന്നു.
“അവിടെയും എന്തെങ്കിലും ഒപ്പിച്ചു വെച്ചാൽ
പൊന്നു മോളെ നിന്റെ എല്ലു ഞാൻ ഊരും ”
രേഖയുടെ ചെവി പിടിച്ചു തിരിച്ചാണ് സിദ്ധു അത് പറഞ്ഞത്.
രേഖയുടെ ബഹളം കണ്ടു അറിയാതെയാണ് മായ സിദ്ധാർഥിനെ നോക്കിയത്. തന്റെ നേരേ നോക്കിയ കണ്ണുകളിൽ ഒരു ചിരി മായ കണ്ടു. തനിക്കായി മാത്രം വിരിഞ്ഞൊരു പുഞ്ചിരി…
ഞെട്ടലോടെയും അതിലേറെ അവിശ്വാസത്തോടെയും അടുക്കളയിലേക്ക് നടക്കുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തന്നെ നോക്കി നിൽക്കുന്ന സിദ്ധാർഥിനെ.
കുറച്ചു ദിവസം കഴിഞ്ഞു ഒരു ഞായറാഴ്ച മംഗലത്ത് എത്തിയപ്പോഴാണ് സുമംഗലാമ്മ പറഞ്ഞത് സിദ്ധാർഥ് പനിച്ചു കിടക്കുകയാണെന്ന്.ഉച്ചക്ക് ചൂട് പൊടിയരി കഞ്ഞി കൈയിൽ തന്നു കൊണ്ടു അവർ പറഞ്ഞു.
“മോളിതൊന്നു അവന് കൊണ്ടു പോയി കൊടുക്ക്, എനിക്ക് ആ സ്റ്റെപ് ഒന്നും കയറി അങ്ങോട്ട് ചെല്ലാൻ വയ്യ. ”
പടികൾ കയറി സിദ്ധാർഥിന്റെ മുറിയുടെ മുന്നിൽ എത്തിയതും വിറയ്ക്കുന്നുണ്ടായിരുന്നു ദേഹമാസകലം. കൈയിലിരുന്ന പാത്രം മേശയിൽ വെച്ചിട്ടാണ്
കട്ടിലിൽ പുതച്ചു കിടന്നുറങ്ങുന്ന ആളെ നോക്കിയത്. രണ്ടുമൂന്നു വട്ടം വിളിച്ചു നോക്കിയിട്ടും അനക്കം ഒന്നും കാണാതിരുന്നപ്പോൾ യാന്ത്രികമായാണ് വലം കൈ ആ നെറ്റിയിലേക്ക് നീണ്ടത്. ചൂട് ഉണ്ടല്ലോ എന്ന് മനസ്സിലോർത്തു കൈ എടുക്കുമ്പോഴാണ് പൊടുന്നനെ കണ്ണു തുറന്ന ആൾ എന്റെ കൈയിൽ പിടിച്ചത്. പുരികം കൊണ്ടു എന്താ എന്ന് ചോദിച്ചപ്പോൾ ആ ചുണ്ടിൽ ഒരു ചെറു ചിരി വന്നു ചേരാൻ തുടങ്ങിയിരുന്നു.
പരിഭ്രാന്തി കൊണ്ടു മായയ്ക്ക് വാക്കുകൾ കിട്ടിയില്ല.
“അത് ഞാൻ.. പനിയുണ്ടോന്ന്.. കഞ്ഞി കൊണ്ടു വരാൻ.. അമ്മ പറഞ്ഞിട്ട്.. ”
ചിരിയോടെയാണ് മായയുടെ കൈ വിട്ടു സിദ്ധാർഥ് എഴുന്നേറ്റിരുന്നത്. മായയെ നോക്കിയാണ് പറഞ്ഞത്.
“താൻ എന്തിനാടോ ഇങ്ങനെ പേടിക്കുന്നത് ”
“ഞാൻ…. ”
തുടരാതെ മായ മേശപ്പുറത്തിരുന്ന കഞ്ഞി എടുത്തു അവന്റെ അരികിൽ വന്നു.
“എന്നാൽ പിന്നെ കൊണ്ടു വന്ന ആൾ തന്നെ കുടിപ്പിച്ചു തന്നേക്ക് ”
കുസൃതിചിരിയോടെയാണ് സിദ്ധാർഥ് പറഞ്ഞത്. ഒന്നും മിണ്ടാതെ അരികിൽ നിൽക്കുന്ന മായയോടവൻ പറഞ്ഞു.
” ചുമ്മാ പറഞ്ഞതാടോ, താനിങ്ങനെ ടെൻഷൻ ആവാതെ. താൻ പൊയ്ക്കോ ഞാൻ കുടിച്ചോളാം ”
ആശ്വാസത്തോടെ പുറത്തേക്ക് നടക്കുന്ന മായയെ നോക്കിയിരിക്കുമ്പോൾ സിദ്ധാർഥിൽ പ്രണയം നിറഞ്ഞു നിന്നിരുന്നു.
സിദ്ധാർഥിന്റെ ഭാവങ്ങൾ അവളിൽ സംശയത്തിന്റെ വിത്തുകൾ വിതച്ചെങ്കിലും മായ സ്വയം തിരുത്തി. ഒരിക്കലും തന്നെപ്പോലൊരു പെണ്ണിനെ സിദ്ധാർഥിനെപ്പോലൊരാൾ ഇഷ്ടപ്പെടാൻ പോവുന്നില്ല…
സിദ്ധാർഥ് വീട്ടിലില്ല എന്ന് കരുതിയാണ് അലക്കാനുള്ള ഡ്രെസ്സുകൾ എടുക്കാൻ മായ സിദ്ധാർഥിന്റെ മുറിയിൽ എത്തിയത്. ഡ്രെസ്സ് ഒക്കെ എടുത്തു പോവാനായി തിരിഞ്ഞപ്പോഴാണ് കട്ടിലിൽ കിടക്കുന്ന ബുക്ക് അവൾ കണ്ടത്. വായിക്കാൻ ഒരുപാട് ആഗ്രഹിച്ചതാണ് ഇത്. പേജുകൾ മറിക്കവേയാണ്, ഒരു മൂളിപ്പാട്ടിനൊപ്പം ബാത്‌റൂമിൽ നിന്ന് വാതിൽ തുറന്നു തല തുവർത്തി കൊണ്ടു സിദ്ധാർഥ് പുറത്തേക്കിറങ്ങിയത്. അവളെ കണ്ടു ഒന്ന് പകച്ചെങ്കിലും കൈയിലെ ടവൽ ദേഹത്തിട്ട് അവൻ മായയെ നോക്കി.
“ഞാൻ അലക്കാനുള്ള ഡ്രസ്സ് എടുക്കാൻ.. ബുക്ക് കണ്ടപ്പോൾ നോക്കിയതാണ് ”
പറഞ്ഞതും മായ പുറത്തേക്ക് നടന്നു, അപ്പോഴാണ് പുറകിൽ നിന്ന് പറയുന്നത് കേട്ടത്.
“എടോ തനിയ്ക്കു വേണമെങ്കിൽ ആ ബുക്ക് എടുത്തോ ”
“വേണ്ട.. ഞാൻ വെറുതെ ”
തിരിഞ്ഞു നോക്കാതെ പറഞ്ഞിട്ട് മായ ധൃതിയിൽ പുറത്തേക്ക് നടന്നു.
വീട്ടിലേക്ക് പോവാൻ ഇറങ്ങിയപ്പോൾ ആണ് ആൾ ആ ബുക്കുമായ് മുൻപിലെത്തിയത്.
സുമംഗലമ്മയുടെ മുൻപിൽ വെച്ചായിരുന്നത് കൊണ്ടു ഒന്നും പറയാതെ വാങ്ങിയിട്ട് മായ ബുക്കുമായി ഇറങ്ങി.
രാത്രി ജോലിയൊക്കെ കഴിഞ്ഞു ബുക്ക് തുറന്ന മായ ഞെട്ടി . അതിൽ ആദ്യ പേജിലായ്
“മായ,
എന്റേത് മാത്രമാവാമോ…..
എന്നെന്നേക്കുമായി…
കൂടെ ചേർത്ത് പിടിച്ചോളാം ഞാൻ ഈ ജന്മം മുഴുവനും…
സിദ്ധാർഥ് ”
കൈയിൽ നിന്ന് ബുക്ക് താഴെ പോയത് മായ അറിഞ്ഞില്ല.
പിന്നീടുള്ള ദിവസങ്ങളിലൊന്നും മായ സിദ്ധാർഥിന് മുഖം കൊടുത്തില്ല. ക്ലാസ്സ് തുടങ്ങിയതിൽ പിന്നെ ഞായറാഴ്ച മാത്രമേ മായ മംഗലത്ത് പോവാറുള്ളൂ.
ഒരു ദിവസം ക്ലാസ്സ് വിട്ടു വന്നു അകത്തേക്ക് കയറുമ്പോൾ മുത്തശ്ശി പറഞ്ഞു.
“മോളെ കുറച്ചു പുഴ മീൻ വാങ്ങി വെച്ചിട്ടുണ്ട് മംഗലത്തേക്ക്, സുമംഗല കുഞ്ഞു പറഞ്ഞിട്ട്, മോളിതൊന്നു അവിടെ കൊണ്ടു കൊടുത്തേക്ക് ”
മുത്തശ്ശി നീട്ടിയ കവറുമായി വേഗത്തിൽ നടന്നു, സന്ധ്യാ ആവാറായിട്ടുണ്ട് . മംഗലത്തെത്തി കാളിംഗ് ബെൽ അടിച്ചിട്ടും ആരും വാതിൽ തുറന്നില്ല. ആരുമില്ലേ ഇവിടെ എന്നോർത്ത് നിൽക്കുമ്പോഴാണ് വാതിൽ തുറക്കപ്പെട്ടത് .സിദ്ധാർഥ്
മുഖത്തേക്ക് നോക്കാതെയാണ് മായ പറഞ്ഞത്.
“ഞാൻ ഇത് തരാനായി.. മീനാണ്, മുത്തശ്ശി പറഞ്ഞിട്ട്… ”
“ഇവിടെ വേറെ ആരുമില്ല താനത് ഫ്രിഡ്ജിൽ കൊണ്ടു വെച്ചേക്ക് ”
അകത്തേക്ക് നടക്കുമ്പോൾ ആൾ സോഫയിൽ ഇരിക്കുന്നത് കണ്ടു.
മീൻ ഒക്കെ ഭദ്രമായി ഫ്രിഡ്ജിൽ എടുത്തു വെച്ച് കൈ കഴുകി പുറത്തേക്ക് നടക്കുമ്പോഴാണ് ഒരു കൈ വാതിലിൽ വെച്ച് വഴി തടഞ്ഞു നിൽക്കുന്ന ആളെ കണ്ടത്.
ദയനീയമായാണ് മായ പറഞ്ഞത്.
“ഞാൻ പൊയ്ക്കോട്ടേ.. ”
“പോവാം, എന്റെ ചോദ്യത്തിന് മറുപടി തന്നിട്ട്, നേരിട്ട് തന്നെ ചോദിക്കാനിരുന്നതാണ്. എനിക്ക് തന്നെ ഇഷ്ടമാണ്.ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല തന്നോടുള്ള പ്രണയം.തമാശ പറഞ്ഞതല്ല ഞാൻ, എന്റെ ജീവിതത്തിലേക്ക് കൂടെ കൂട്ടാൻ വേണ്ടി തന്നെയാണ് വിളിക്കുന്നത്. പറഞ്ഞാലും ഇല്ലെങ്കിലും എനിക്കറിയാം തനിക്കെന്നെ ഇഷ്ടമാണെന്നു. പക്ഷേ അത് തന്നിൽ നിന്ന് തന്നെ എനിക്കറിയണം. ”
“ഞാൻ.. പ്ലീസ് സിദ്ധുവേട്ടാ ”
മായയുടെ മിഴികൾ നിറഞ്ഞു തുളുമ്പിയത് കണ്ടാണ് സിദ്ധാർഥ് വഴി മാറി കൊടുത്തത്. അവിടെ നിന്ന് രക്ഷപെടാനുള്ള വെമ്പലോടെ പുറത്തേക്ക് ഓടുമ്പോൾ കേട്ടു വീണ്ടും ദൃഢമായ ആ ശബ്ദം.
“മായ സിദ്ധാർഥിന്റെ പെണ്ണാണെന്ന് ആരുടെ മുൻപിലും പറയാനുള്ള ധൈര്യം എനിക്കുണ്ട്. എന്നോടുള്ള ഇഷ്ടം നീ തുറന്നു പറയുന്നത് വരെ ഞാൻ കാത്തിരിക്കും. ശല്യപെടുത്തില്ല ഞാൻ, പക്ഷേ കൂടെയുണ്ടാവും എന്നും… ”
മിഴികളിൽ നിറയുന്ന കണ്ണുനീർ തലയിണയിലേക്ക് അലിഞ്ഞു ചേരവേ മായ ഓർത്തു. ശരിയാണ്. സിദ്ധുവേട്ടൻ ആരുടെ മുൻപിലും തന്നെ ചേർത്ത് പിടിക്കാൻ ധൈര്യം കാണിച്ചിട്ടേയുള്ളൂ. താനായിരുന്നു ഭീരു. എന്നും…
ഒരിക്കൽ പ്രിയതരമായിരുന്ന രംഗങ്ങൾ മനസ്സിൽ തെളിയവെ മായ കണ്ണുകൾ ഇറുകെ അടച്ചു കിടന്നു.
രാവിലെ കുറച്ചു വൈകിയാണ് മായ ഉണർന്നത്. സിദ്ധാർഥ് മായയുടെ റൂമിന്റെ മുൻപിൽ എത്തിയപ്പോൾ മായ മുടി കെട്ടുകയായിരുന്നു, ഭാവഭേദമൊന്നുമില്ലാതെ സിദ്ധാർഥ് ഫോണിൽ നോക്കി സോഫയിൽ ഇരുന്നു. സിദ്ധുവിന്റെ നോട്ടം ഇടയ്ക്കിടെ തന്നിലെത്തുന്നത് അറിഞ്ഞിട്ടാണ് മായ പൊങ്ങിപ്പോയ സാരിത്തലപ്പ് താഴ്ത്തിയത്. സിദ്ധാർഥിന്റെ ചിരി മായയിൽ ദേഷ്യമാണുണ്ടാക്കിയത്.
“മറ്റൊരാളുടെ മുറിയിൽ വരുമ്പോൾ പാലിക്കേണ്ട ചില മിനിമം മാനേഴ്സ് ഉണ്ട് ”
സോഫയിൽ നിന്നെണീറ്റ് തനിക്ക് നേരേ വരുന്ന സിദ്ധാർഥിനെ ഒരാന്തലോടെയാണ് മായ നോക്കിയത്.
അവളെ കണ്ണാടിക്ക് നേരേ നിർത്തി പുറകിൽ ചേർന്നു നിന്നു വയറിലൂടെ കൈകൾ കോർത്തു പിടിച്ചാണ് അവൻ പറഞ്ഞത്.
“ഒരിക്കൽ ഞാൻ താലി ചാർത്തി സ്വന്തമാക്കിയതാണ് നിന്നെ. ഞാൻ അറിയാത്തതൊന്നും നിന്നിലില്ല. ഞാൻ നിന്റെ ജീവനാണെന്ന് ഈ കണ്ണുകൾ എന്നോടിപ്പോഴും പറയുന്നുണ്ട്. പിന്നെ എന്തിനാണ് ഈ അഭിനയം മായ? ”
സിദ്ധാർഥിന്റെ കൈക്കുള്ളിൽ നിന്ന് കുതറിമാറാൻ ശ്രെമിച്ചു കൊണ്ട് മായ പറഞ്ഞു.
“ആ താലി ഞാനൊരിക്കൽ തിരികെ തന്നതാണ്. അതിന്റെ പേരിൽ ഇനിയൊരാവകാശവും നിങ്ങൾക്ക് എന്നിലില്ല ”
സിദ്ധാർഥിന്റെ കണ്ണുകളിൽ പൊടുന്നനെ എത്തിയ ദേഷ്യം മായയ്ക്ക് കാണാമായിരുന്നു. ദേഷ്യത്തോടെ അവളുടെ മുഖത്തോട് മുഖമടുപ്പിച്ചു കണ്ണുകളിൽ നോക്കിയാണവൻ പറഞ്ഞത്.
“എത്രയൊക്കെ നീ നിഷേധിച്ചാലും നിന്റെ മേലുള്ള അവകാശം എനിക്ക് മാത്രമാണ്, ഈ ജന്മത്തിലും വരും ജന്മങ്ങളിലും… ”
അവളെ തള്ളി മാറ്റി വാശിയോടെ വാതിൽ വലിച്ചടച്ചു പുറത്തേക്കിറങ്ങി സിദ്ധാർഥ് പോകുമ്പോൾ മായ മിഴികൾ അടച്ചിരിക്കുകയായിരുന്നു.
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission