പിറ്റേന്ന് സിദ്ധാർഥ് ഓഫീസിൽ വന്നില്ല. ആശ്വാസത്തിനോടൊപ്പം ഉള്ളിലെവിടെയോ ചെറിയൊരു നിരാശയും തോന്നി മായയ്ക്ക്.
സിദ്ധാർഥിനെ കാണുമ്പോൾ ഉള്ളിലുണരുന്ന വേദനയോടൊപ്പം, കാണാൻ കൊതിക്കുന്ന മനസിന്റെ വെമ്പലും അവളറിയുന്നുണ്ടായിരുന്നു.
രണ്ടാമത്തെ ദിവസവും സിദ്ധാർഥിനെ കാണാതായതോടെയാണ് മായ രേഷ്മയ്ക്കരികിൽ എത്തിയത്.
“ലീവാണെന്നാണ് മായ, സർ പറഞ്ഞത്.പേർസണൽ ആണെന്ന് തോന്നുന്നു. പിന്നെ സാറിന്റെ കല്യാണം അല്ലേ അടുത്ത ആഴ്ച. അതിന്റെ തിരക്കാവും ”
രേഷ്മയുടെ അടുത്ത് നിന്ന് തിരിച്ചു വന്നു സീറ്റിൽ ഇരുന്നപ്പോഴും രേഷ്മയുടെ വാക്കുകൾ ആയിരുന്നു മായയുടെ മനസ്സിൽ.
ഒരു പക്ഷേ സിദ്ധുവേട്ടൻ മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി കഴിഞ്ഞാൽ, പൂർണമായും മറ്റൊരു പെണ്ണിന്റേതായി കഴിഞ്ഞാൽ എന്റെ മനസ്സിലെ മുറിവുകൾ ഉണങ്ങുമായിരിക്കും, മറക്കാൻ കഴിഞ്ഞില്ലെങ്കിലും സഹിക്കാൻ കഴിഞ്ഞേക്കും.
എന്തിനാണ് മായ നീ നിന്റെ മനസ്സിനോട് കള്ളം പറയുന്നത്. മറ്റുള്ളവരെ വിശ്വസിപ്പിച്ചത് പോലെ നിനക്ക് നിന്റെ മനസ്സിനെ വിശ്വസിപ്പിക്കാനാവുമോ?
മായ തിരക്കിട്ട ജോലിയിൽ ആയിരുന്നപ്പോഴാണ് മൊബൈൽ റിംഗ് ചെയ്തത്. പരിചയം ഇല്ലാത്ത നമ്പർ ആയിരുന്നെങ്കിലും മായ കാൾ എടുത്തു.
“ഹലോ.. ”
“ഹലോ മായ, ഇട്സ് മി സിദ്ധാർഥ് ”
ആ ശബ്ദം കാതിൽ വീണതും മായയ്ക്ക് തിരിച്ചൊന്നും പറയാൻ കഴിഞ്ഞില്ല.
“ഹലോ ആർ യൂ ദേർ? , ക്യാൻ യൂ ഹിയർ മി മായ? ”
“യെസ് സാർ, പറയൂ ”
മായ ഒട്ടൊരു പതർച്ചയോടെയാണ് പറഞ്ഞത്.
“മായ എന്നെ അന്വേഷിച്ചു എന്ന് രേഷ്മ പറഞ്ഞു. എന്തെങ്കിലും കാര്യം ഉണ്ടോ? ”
“ഇല്ല സർ, ഞാൻ വെറുതെ… ”
“മായ ഞാൻ തനിക്കൊരു മെയിൽ ഐഡി വാട്സ്ആപ്പ് ചെയ്തിട്ടുണ്ട്, അതിലേക്ക് ആ ഇൻഡിഗോ പ്രൊജക്റ്റിന്റെ ഡീറ്റെയിൽസ് ഒന്ന് അയക്കണം, ”
“ഓക്കെ സാർ ഞാൻ അയക്കാം ”
കാൾ കട്ട് ആയി.
വാട്സ്ആപ്പ് എടുത്തു നോക്കിയപ്പോഴാണ് ആ ഡിപി മായ കണ്ടത്. സിദ്ധാർഥും വേദികയും…
സിദ്ധാർഥ് പറഞ്ഞത് പോലെ, മെയിൽ അയച്ചു കഴിഞ്ഞിട്ടും സൂചി കൊണ്ട് കുത്തുന്നത് പോലൊരു വേദന മായയുടെ മനസ്സിൽ ഉണ്ടായിരുന്നു.
കീർത്തിയുടെ എഡ്യൂക്കേഷണൽ ലോണിനു വേണ്ടി കുറച്ചു പേപ്പേഴ്സ് ബാങ്കിൽ സബ്മിറ്റ് ചെയ്യാനുണ്ട്. ഉച്ചക്ക് ശേഷം രേഷ്മയോട് പറഞ്ഞു ബാങ്കിലേക്ക് പോവുമ്പോൾ മായയ്ക്ക് സിദ്ധാർഥ് ഓഫീസിൽ ഇല്ല എന്നത് ഒരാശ്വാസം തന്നെയായിരുന്നു. ആവശ്യങ്ങൾ പറഞ്ഞു ഇനിയും ആ മുൻപിൽ ചെന്നു നിൽക്കാൻ വയ്യ. സിദ്ധുവേട്ടന്റെ കണ്ണിൽ ഞാൻ ചെയ്തത് ഒരിക്കലും ന്യായീകരിക്കാൻ ആവാത്ത തെറ്റാണ്.എല്ലാവരുടെ കണ്ണിലും ഞാൻ മാത്രമാണ് തെറ്റുകാരി. സാരമില്ല അത് അങ്ങിനെ തന്നെ ഇരിക്കട്ടെ.
മാനേജറുടെ റൂമിന്റെ പുറത്തു വെയിറ്റ് ചെയ്യുകയായിരുന്നു മായ. കുറെ സമയമായി വന്നിട്ട് മാനേജരുടെ റൂമിൽ ആരോ ഉണ്ട് അതാണ് താമസിക്കുന്നത്. എന്തോ ആലോചനയിൽ ആയിരുന്ന മായ ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് അങ്ങോട്ട് നോക്കിയത്. മാനേജർക്കൊപ്പം പുറത്തു വന്നയാളെ കണ്ടതും അവളൊന്ന് ഞെട്ടി. സിദ്ധാർഥ് അവളെ കണ്ടിരുന്നെങ്കിലും ശ്രെദ്ധിച്ചില്ല. മാനേജർക്ക് ഷേക്ക് ഹാൻഡ് കൊടുത്തു പിരിയുന്നതിനു മുൻപേ പറഞ്ഞത് മായയുടെ ചെവികളിൽ എത്തി.
“എന്നാൽ ഓക്കെ എടാ ഞാൻ വിളിക്കാം. നീ കല്യാണത്തിന് എന്തായാലും വരണം ”
“അപ്പോൾ നീ എൻഗേജ്മെന്റ്നു വിളിക്കുന്നില്ലേ എന്നെ ”
“അങ്ങനെയല്ലേടാ എൻഗേജ്മെന്റ്ന് കുറച്ചു റിലേറ്റീവ്സ് മാത്രമേയുള്ളൂ.പിന്നെ കുറച്ചു ദിവസം അല്ലേയുള്ളൂ കല്യാണത്തിന്. അവരുടെ നിർബന്ധത്തിന് ആണ് റിംഗ് എക്സ്ചേഞ്ച് ഒക്കെ ”
അയാളോട് യാത്ര പറഞ്ഞു സിദ്ധാർഥ് അവളുടെ അരികിലൂടെ പുറത്തേക്ക് നടന്നു.
തളർന്ന മനസ്സോടെ ആണ് മായ ഓഫീസിൽ തിരിച്ചെത്തിയത്. ഓരോ കാര്യങ്ങൾ ശരിയാക്കി കൊണ്ടു കൊടുക്കുമ്പോൾ ബാങ്കിൽ നിന്ന് പിന്നെയും ഓരോ ഡീറ്റെയിൽസ് ചോദിക്കും. എത്രയും പെട്ടെന്നു ശരിയായാൽ മതിയായിരുന്നു. ഇനി ആരോടും ചോദിക്കാനോ ആരും സഹായിക്കാനോ ഇല്ല. വണ്ടിയിൽ നിന്നിറങ്ങി ഓഫീസിലേക്ക് നടക്കുമ്പോൾ ആണ് അവൾ ബാഗിൽ നിന്ന് ഫോൺ എടുത്തത്. ഈശ്വരാ ഓഫീസിൽ നിന്ന് വിളിച്ചിട്ടുണ്ടല്ലോ, സൈലന്റ് മോഡിൽ ആയിരുന്നതിനാലാണ് കേൾക്കാതിരുന്നത്. അപ്പോഴേക്കും വീണ്ടും കാൾ വന്നു രേഷ്മയാണ്
“ഹെലോ മായ നീയിത് എവിടെയാ ഞാൻ എത്ര സമയമായി ട്രൈ ചെയ്യുന്നു.ഇവിടെ നിനക്ക് ഒരു വിസിറ്റർ വന്നിട്ടുണ്ട്. ”
“വിസിറ്ററോ എനിക്കോ,.ഫോൺ സൈലന്റ് മോഡിൽ ആയിരുന്നു അതാണ് കേൾക്കാതിരുന്നത് ”
“ഓക്കേ ഓക്കേ. ആൾ ആ വിസിറ്റർസ് ലോഞ്ചിൽ ഇരിപ്പുണ്ട് ”
ആരാണ് എന്നെ കാണാനായി ഇവിടെ വന്നത്? പരിഭ്രാന്തിയോടെ ആണ് മായ ഓഫീസിൽ ചെന്നത്. റിസെപ്ഷന്റെ സൈഡിൽ ആയുള്ള വിസിറ്റേഴ്സ് ലോഞ്ചിൽ ഇരിക്കുന്ന ആളെ കണ്ടപ്പോൾ മായയുടെ ടെൻഷൻ കൂടിയതേയുള്ളൂ. അനിരുദ്ധൻ.
“അനിയേട്ടൻ എന്താ ഇവിടെ. ”
“വീട്ടിൽ വന്നാൽ നിന്നോട് തനിച്ചൊന്ന് സംസാരിക്കാൻ ആവില്ലല്ലോ? ”
മായ ഒന്നും മിണ്ടിയില്ല.
“മായ നമുക്കൊന്ന് പുറത്തു പോയാലോ ”
“അനിയേട്ടാ ഞാൻ ഇപ്പോൾ വന്നെതെയുള്ളൂ, ഇനിയും ഇപ്പോൾ പോവാനാവില്ല ”
അനിരുദ്ധന്റെ മുഖം മങ്ങി.
“എന്താണ് പറയാനുള്ളതെന്ന് വെച്ചാൽ അനിയേട്ടൻ പറഞ്ഞോളൂ”
അനിരുദ്ധൻ മായയെ നോക്കി.
“എനിക്കെന്താണ് പറയാനുള്ളത് എന്ന് നിനക്ക് നന്നായറിയാം മായ. എന്നിട്ടും നീ അറിയില്ല എന്ന് പറയുകയാണെങ്കിൽ ഞാൻ പറയാം. നമ്മുടെ വിവാഹത്തിനെ പറ്റി സംസാരിക്കാനാണ് ഞാൻ വന്നത് ”
“അനിയേട്ടന് എല്ലാം അറിയാവുന്നതല്ലേ.. ”
“അറിയാം മായ, ഒരിക്കൽ നീ സിദ്ധാർഥിന്റേതായിരുന്നു. അവന്റെ താലി നിന്റെ കഴുത്തിൽ ഉണ്ടായിരുന്നു.തുടക്കത്തിൽ ഞാൻ കുറച്ചു പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നിങ്ങളുടെ പ്രണയം മനസിലാക്കി ഞാൻ പിന്മാറിയതാണ്. അന്ന് ഒരുപാട് വേദനിച്ചെങ്കിലും പിന്നീട് ഒരിക്കൽ പോലും നിങ്ങൾക്കിടയിലേക്ക് ഞാൻ വന്നിട്ടില്ല. മുത്തശ്ശിയും അമ്മയും പറയുന്നത് കേട്ട് മായ അനിരുദ്ധനുള്ളതാണെന്ന് ചെറുപ്പത്തിലേ മനസ്സിലുറപ്പിച്ചു പോയതാണ്. അന്ന് തൊട്ട് ഇന്ന് വരെ എന്റെ മനസ്സിൽ നീയേ ഉളളൂ ”
“കഴിയില്ല അനിയേട്ടാ എനിക്ക്… ”
“സിദ്ധാർഥും നീയും പിരിഞ്ഞതിന് ശേഷം മുത്തശ്ശി എന്നെ വിളിപ്പിച്ചിരുന്നു. നിന്നെ സ്വീകരിക്കണം എന്ന് പറയാൻ.പ്രതീക്ഷകൾക്ക് പിന്നെയും നാമ്പിട്ടതങ്ങിനെയാണ്.നിനക്ക് സമയം തരണമെന്ന് മുത്തശ്ശി പറഞ്ഞു. പിന്നെയും ആ മണലാരണ്യത്തിലേക്ക് ഞാൻ തിരിച്ചു പോയത് നമ്മൾ ഒന്നിച്ചൊരു ജീവിതവും സ്വപ്നം കണ്ടാണ്. മായ മറ്റൊന്നും, നിന്റെ ജീവിതത്തിൽ സംഭവിച്ചതൊന്നും എനിക്കൊരു പ്രശ്നമല്ല. ഒരിക്കലും അതിന്റെ പേരിൽ ഞാൻ നിന്നെ വിഷമിപ്പിക്കുകയുമില്ല എന്റേതായിക്കൂടെ? ”
“കഴിയില്ല അനിയേട്ടാ. സിദ്ധുവേട്ടനോളം മറ്റാരെയും സ്നേഹിക്കാൻ എനിക്കാവില്ല. ഒരാളെ മനസ്സിൽ വെച്ച് മറ്റൊരാളുടെ ഒപ്പം ജീവിക്കാൻ മായയ്ക്ക് കഴിയില്ല. അതിന്റെ ആവശ്യവും അനിയേട്ടനില്ല. എന്തുകൊണ്ടും എന്നേക്കാൾ നല്ല, അനിയേട്ടനെ മാത്രം സ്നേഹിക്കുന്ന ഒരു പെണ്ണിനെ അനിയേട്ടന് കിട്ടും. അനിയേട്ടന്റെ മനസ്സ് നല്ലതാണ്. ഒരു പക്ഷെ സിദ്ധാർഥ് മാധവ് എന്റെ ജീവിതത്തിൽ വന്നില്ലായിരുന്നെങ്കിൽ മായ അനിരുദ്ധന്റെ പെണ്ണായേനേ.. എന്നാൽ.. ”
പറഞ്ഞു തീരുന്നതിനു മുൻപേ മുഖമുയർത്തിയ, മായ കണ്ടു റിസപ്ഷനിൽ ചെവിയിൽ ചേർത്തു വെച്ച ഫോണിൽ സംസാരിക്കുന്നതിനിടെ തങ്ങളെ നോക്കുന്ന സിദ്ധാർത്ഥിനെ. ആ മുഖത്ത് മിന്നി മാഞ്ഞ ആ ഭാവം മായയ്ക്ക് പരിചിതമായിരുന്നു.
മായയുടെ നോട്ടത്തെ പിന്തുടർന്ന അനിരുദ്ധനും കണ്ടു സിദ്ധാർഥിനെ. ചോദ്യഭാവത്തിൽ മായയെ നോക്കിയ അനിരുദ്ധനോടായി മായ പതിയെ പറഞ്ഞു.
“സിദ്ധാർഥ് മാധവ്. എംവി ഗ്രൂപ്പിന്റെ എംഡി, എന്റെ ബോസ്സ്. അത്രമാത്രം അതിനുമപ്പുറത്തേക്ക് ഒന്നുമില്ല… ഒന്നും… ഉണ്ടാവാനും പാടില്ല…. ”
ഒന്ന് നിർത്തി മായ തുടർന്നു.
“അടുത്തയാഴ്ച്ച വിവാഹമാണ് സാറിന്റെ… അനിയേട്ടൻ പൊയ്ക്കോളൂ. ഞാൻ വിളിക്കാം ”
മായ എഴുന്നേറ്റു. സിദ്ധാർഥിനെ നോക്കാതെ അനിരുദ്ധൻ പുറത്തേക്ക് നടന്നു. മായ നോക്കിയപ്പോൾ സിദ്ധാർഥ് ഫോണിൽ സംസാരിക്കുകയായിരുന്നു. അവൾ സീറ്റിൽ പോയിരുന്നു.
കുറച്ചു കഴിഞ്ഞു സിദ്ധാർഥ് ഉള്ളിലേക്കു കയറിപോയതും മായയുടെ ഫോൺ റിംഗ് ചെയ്തു.
“മായ കം ടു മൈ ക്യാബിൻ ”
ആ ഓർഡർ കേട്ടപ്പോഴേ മായയ്ക്ക് അറിയാമായിരുന്നു തന്നെ കാത്തിരിക്കുന്നത് എന്താണെന്ന്.
അകത്തു കയറിയപ്പോഴേ ഗർജ്ജനമായിരുന്നു. എന്തോ മായയ്ക്ക് പേടിയ്ക്ക് പകരം ദേഷ്യമാണ് വന്നത്.
“ഓഫീസ് ടൈംമിൽ പുറത്ത് പോവുക, കണ്ടവരെയൊക്കെ ഇങ്ങോട്ട് വിളിച്ചു വരുത്തുക. തനിക്ക് ഇങ്ങിനെ അഴിഞ്ഞാടാനുള്ള സ്ഥലം അല്ല എന്റെ ഓഫീസ്. അതിനല്ല തനിക്കിവിടെ ശമ്പളം തരുന്നത് ”
“പറഞ്ഞ ജോലികളെല്ലാം തീർത്തിട്ട് രേഷ്മയോട് പറഞ്ഞിട്ടാണ് ഞാൻ പുറത്തു പോയത്. പിന്നെ എന്നെ ഇവിടെ കാണാൻ വന്നത് എന്നെ വിവാഹം കഴിക്കാൻ പോവുന്നയാളാണ്. ഒരു പത്തു മിനിട്ടെ സംസാരിച്ചിരുന്നുള്ളൂ ”
സിദ്ധാർഥ് അവളെ തന്നെ നോക്കിയിരുന്നതേയുള്ളൂ.
“എന്തിനാണ് എന്നോടിങ്ങനെ… ഇങ്ങനെ ചവിട്ടിയരക്കാൻ മാത്രം ഞാൻ….?
അറിയാതെ തന്നെ മായയിൽ നിന്ന് വന്ന ആ വാക്കുകൾ കേട്ട് സിദ്ധാർഥിൽ ഒരു പരിഹാസചിരി തെളിഞ്ഞു.
“ഒരു തെറ്റും ചെയ്തിട്ടില്ലല്ലേ… എന്നോട്? ”
സിദ്ധാർഥിന്റെ കണ്ണുകൾ മായയിൽ തന്നെയായിരുന്നു. ആ കണ്ണുകളിലെ ഭാവത്തെ നേരിടാനാവാതെ മായ മിഴികൾ താഴ്ത്തി.
“സി… സോറി സർ, ഐ ആം സോറി ”
പിന്നെ അവിടെ നിൽക്കാൻ മായയ്ക്ക് ആയില്ല. അവൾ പോവുന്നത് നോക്കിയിരുന്ന സിദ്ധാർഥിന്റെ കണ്ണുകളിലപ്പോൾ തെളിഞ്ഞത് നോവായിരുന്നു .
ആരുടെ മുൻപിൽ യാചിച്ചിട്ടായാലും ആ പണം സംഘടിപ്പിക്കണം. അത് ഇവിടെ അടച്ചിട്ട് റിസൈൻ ചെയ്യണം. അല്ലെങ്കിൽ…
കുറച്ചു കഴിഞ്ഞു രേഷ്മയോട് എന്തോ പറഞ്ഞു സിദ്ധാർഥ് പുറത്തേക്ക് പോവുന്നത് മായ കണ്ടു.
വൈകിട്ട് മായ വീട്ടിൽ ചെന്നു കയറുമ്പോൾ അമ്മുവും അപ്പുവും അനിരുദ്ധൻ കൊണ്ടു വന്ന ചോക്ലേറ്റ്, ശാരദ എടുത്തു ഒളിപ്പിച്ചു വെച്ചത് കണ്ടു പിടിച്ചു, അതിനായി അടികൂടുകയായിരുന്നു. ശാരദ പറയുന്നത് മായ കേട്ടു.
“ഒന്നെങ്കിലും അവൾക്കു കൊടുക്ക് പിള്ളേരെ. ഇങ്ങനെയുണ്ടോ ആർത്തി ”
അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ മായ പറഞ്ഞു.
“അവർ കഴിച്ചോട്ടെ ചെറിയമ്മേ എനിക്ക് വേണ്ട ”
“അതാണ് ചേച്ചി. ഞങ്ങളുടെ മുത്താണ് ചേച്ചി ”
മുഖത്ത് പറ്റിയ ചോക്ലേറ്റ്
തുടയ്ക്കുന്നതിനിടയിൽ അമ്മു വിളിച്ചു പറഞ്ഞത് കേട്ട് മായ ചിരിച്ചു.
മായ ചായ കുടിക്കുന്നതിനിടെയാണ് മായേച്ചി ഫോൺ എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് അമ്മു ഓടി വന്നത്. അറിയാത്ത നമ്പർ ആണ്.
“ഹെലോ ”
മറുവശത്തു നിന്നുള്ള ശബ്ദം കേട്ട് മായയുടെ ഉള്ളിലൂടെ ഒരു വിറയൽ കടന്നു പോയി.കുറച്ചു വാക്കുകളേ ഉണ്ടായിരുന്നുള്ളൂ. അവസാനം മായ പറഞ്ഞു
“ശരി ഞാൻ രാവിലെ അമ്പലത്തിൽ
എത്താം ”
സംസാരം കഴിഞ്ഞതും മായ ചായ അവിടെ തന്നെ വെച്ചിട്ട് എഴുന്നേറ്റു പോയി.
എന്തിനാവും ഇപ്പോൾ വീണ്ടും കാണണമെന്ന് പറഞ്ഞത്?. വർഷങ്ങൾക്ക് ശേഷം വീണ്ടും…
ആലോചിച്ചെങ്കിലും കാരണം അവൾക്കൂഹിക്കാമായിരുന്നു. ആലോചിച്ചു. കിടന്നു വളരെ വൈകിയാണ് ഉറങ്ങിയതെങ്കിലും മായ പതിവിലും നേരത്തെ ഉണർന്നു. കുളിച്ചു റെഡി ആയി അമ്പലത്തിലേക്ക് നടന്നു. കുറച്ചു ദൂരമേയുള്ളൂ. ദേവി ക്ഷേത്രമാണ്.
ചുറ്റും നോക്കിയെങ്കിലും ആളെ കണ്ടില്ല. തൊഴുതിറങ്ങിയപ്പോഴാണ് ആൽത്തറയ്ക്കരികിൽ നിൽക്കുന്നത് കണ്ടത്. മംഗലത്ത് സുമംഗല…
മായ അരികിലെത്തിയതും സുമംഗലമ്മ പറഞ്ഞു.
“മായ വരുന്നത് ഞാൻ കണ്ടിരുന്നു. തൊഴുതിറങ്ങട്ടെ എന്ന് കരുതി ”
ഒരു നേർത്ത പുഞ്ചിരി മായയുടെ ചുണ്ടിൽ തെളിഞ്ഞു.
“മാഡം കാണണമെന്ന് പറഞ്ഞത് ”
അമ്മ എന്ന വിളി മാഡം എന്നായത് തെല്ലൊരു അമ്പരപ്പോടെയാണ് സുമംഗലമ്മ കേട്ടതും.
“ഞാൻ… മായ, ഒരിക്കൽ നിന്നിൽ നിന്ന് തിരിച്ചു വാങ്ങിയ അവനെ ഒരുപാട് പണിപ്പെട്ടാണ് ഈ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നതും ഈ നിലയിൽ ആക്കിയതും. ഒരു പുതിയ ജീവിതം തുടങ്ങാൻ പോവുകയാണ് സിദ്ധു. അവിടെ മായ….. ”
അവർ പൂർത്തിയാക്കുന്നതിന് മുൻപേ മായ പറഞ്ഞു.
“സിദ്ധാർഥ് മാധവിന്റെ ജീവിതത്തിൽ ഒരു തടസ്സമായി മായ ഉണ്ടാവില്ല. ഒന്നിനും.എനിക്കറിയാം ഈ വരവിനു പിന്നിലെ കാരണം. ഒരിക്കലും ഇങ്ങനെ ഒരു കൂടിക്കാഴ്ച്ച പ്രതീക്ഷിച്ചതായിരുന്നില്ല, ആഗ്രഹിച്ചിട്ടുമില്ല.പക്ഷേ എന്റെ ബാധ്യതകളാണ് എന്നെ അവിടെ പിടിച്ചു നിർത്തുന്നത്. ”
“നിങ്ങളുടെ സ്നേഹം അറിയാഞ്ഞിട്ടല്ല കുട്ടി. പക്ഷേ… ഒരു കാര്യം ചോദിക്കട്ടെ മായ ഈ ബാധ്യതകൾ ഞാൻ ഏറ്റെടുത്തോട്ടെ ”
മായ പൊള്ളി പിടഞ്ഞപോലെ പറഞ്ഞു.
“എന്റെ മുൻപിൽ ഇനിയുമിങ്ങനെ ചെറുതാവരുത് മാഡം. കഴുത്തിൽ വീണ താലി പോലും ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ ഞാൻ ഊരികൊടുത്തത് മാഡം പറഞ്ഞത് പോലെ, എനിക്കതിനുള്ള അർഹതയില്ലെന്ന് പൂർണ ബോധ്യം ഉള്ളത് കൊണ്ടാണ്. മായ ചതിക്കില്ല, വിശ്വസിക്കാം.കൂടെ നടക്കാൻ ശ്രമിക്കില്ല ഞാൻ, വഴി മാറി നടന്നോളാം…”
ഞെട്ടി നിൽക്കുന്ന സുമംഗലയെ നോക്കി വേദനയോടെയുള്ള ഒരു ചിരി ചിരിച്ചിട്ട് മായ തിരിച്ചു നടന്നു.
സിദ്ധാർഥിനെ വീണ്ടും കണ്ടത് മുതൽ ചോർന്നു പോയ മനോധൈര്യം തിരിച്ചു കിട്ടി തുടങ്ങിയിരുന്നു മായയ്ക്ക് .
അത്യാവശ്യമായൊരു പേപ്പർ സൈൻ ചെയ്യിക്കാനായി ആണ് മായ സിദ്ധാർഥിനരികിൽ എത്തിയത്. അവിടെ രേഷ്മയും പ്രൊജക്റ്റ്‌സിലെ പ്രകാശേട്ടനും കിരണും ഉണ്ടായിരുന്നു. സിദ്ധു അവരോട് ചിരിച്ചു കളിച്ചു സംസാരിക്കുന്നത് കേട്ട് മായയുടെ ഉള്ളം തുടിച്ചു. ഇതാണ് പഴയ സിദ്ധാർഥ് മാധവ്. അപ്പോൾ എന്നോട് മാത്രമാണിങ്ങനെ കടിച്ചു കീറാൻ വരുന്നത് പോലെ പെരുമാറുന്നത്.
അവർ പോയികഴിഞ്ഞാണ് സിദ്ധാർഥ് മായയ്ക്ക് പേപ്പർ സൈൻ ചെയ്തു കൊടുത്തത്. മായ പോകാനൊരുങ്ങവേ സിദ്ധാർഥ് പറഞ്ഞു.
“മായ മറ്റന്നാളത്തെ ബാംഗ്ലൂർ ട്രിപ്പ് മറന്നില്ലല്ലോ അല്ലേ? തന്റെ വുഡ്ബിയോട് പറഞ്ഞിട്ടില്ലേ? ”
ആ സ്വരത്തിലെ പരിഹാസം മായ തിരിച്ചറിഞ്ഞു.ബാംഗ്ലൂർ യാത്ര സിദ്ധാർഥ് വെറുതെ പറഞ്ഞതാണെന്ന ധാരണയിലായിരുന്നു അത് വരെ മായ. ഒന്നും പറയാനാവാതെ മായ തലയാട്ടിയപ്പോൾ സിദ്ധാർഥ് ചിരിയോടെ വീണ്ടും പറഞ്ഞു.
“ഒരു കാര്യം കൂടി മായ, കുറച്ചു നാൾ ഞാൻ ഇവിടെ ഉണ്ടാവും. എന്റെ സെക്രട്ടറി ജാസ്മിൻ രണ്ടാഴ്ചയ്ക്കുള്ളിൽ ഇവിടെ ചാർജെടുക്കും. അത് വരെ മായയ്ക്കാണ് ഡ്യൂട്ടി. ”
ഒരു കോർണറിൽ ആയിട്ടിരിക്കുന്ന ടേബിൾ കാണിച്ചിട്ട് സിദ്ധാർഥ് തുടർന്നു.
“ആ സിസ്റ്റം മായയ്ക്ക് യൂസ് ചെയ്യാം ”
ഞെട്ടലോടെ നിൽക്കുന്ന മായയ്ക്ക് നേരെ കുറച്ചു ഫയലുകൾ ചൂണ്ടി സിദ്ധാർഥ് പറഞ്ഞു.
“അത് ഇവിടുത്തെ നമ്മുടെ പുതിയ ചില പ്രോജെക്ടസിന്റെ ഡീറ്റെയിൽസ് ആണ്. അതൊന്ന് അപ്‌ലോഡ് ചെയ്യണം. ”
സിദ്ധാർഥ് തുടങ്ങിയിട്ടേയുള്ളൂ എന്ന് മായ തിരിച്ചറിയുകയായിരുന്നു…..
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission