“മായേ .. നീ ഇന്ന് കുളി കഴിഞ്ഞിട്ട് നൈറ്റ് ഗൗൺ ഇട്ടാൽ മതികെട്ടോ”
മുലകുടിച്ച് ഉറങ്ങിപ്പോയ ,കുഞ്ഞിനെയെടുത്ത് തൊട്ടിലിൽ കിടത്തിയിട്ട്, അലമാരയിൽ നിന്ന് ചുരിദാറുമെടുത്ത് ബാത്റൂമിലേക്ക് പോകാൻ ഒരുങ്ങിയ എന്നോട് ,ഗിരിയേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ, അമ്പരപ്പിനോടൊപ്പം എനിക്ക് അല്പം ലജ്ജയും തോന്നി.
പുള്ളിക്കാരൻ ,ആദ്യമായി ഗൾഫിൽ പോയിട്ട് വന്നപ്പോൾ, അവിടുന്ന് കൊണ്ട് വന്നതാണ് സിൽക്കിൻ്റെ നേർത്ത രണ്ട് നൈറ്റ് ഗൗണുകൾ, അർദ്ധനഗ്നത പ്രകടമാക്കുന്ന ആ വേഷം ധരിക്കാൻ, അന്നേ എനിക്ക് മടിയായിരുന്നു .
പക്ഷേ ഗിരിയേട്ടൻ അന്ന് ഒത്തിരി നിർബന്ധിച്ചപ്പോൾ എനിക്കത് അണിയേണ്ടിവന്നു.
അന്ന് ഗിരിയേട്ടൻ്റെ സ്നേഹപ്രകടനങ്ങളൊക്കെ കഴിഞ്ഞ് വെളുപ്പാൻ കാലമായപ്പോഴാണ് ഒന്നുറങ്ങിയത്.
രാവിലെ കതകിൽ മുട്ട് കേട്ട്, വെപ്രാളത്തിന് പോയി കതക് തുറന്നപ്പോൾ, മുന്നിൽ ഗിരിയേട്ടൻ്റെ അമ്മ.
നേരം വെളുത്തതൊന്നും നിങ്ങളറിഞ്ഞില്ലേ? ഇതെന്തൊരുറക്കമാണ്
ശകാരിച്ച് കഴിഞ്ഞാണ് അമ്മ എന്നെ ശ്രദ്ധിച്ചത്.
“അയ്യേ ..’ ഇതെന്ത് വേഷമാണ് പോയി തുണിയെടുത്തുടുക്ക് കൊച്ചേ..”
അപ്പോഴാണ് താനും വേഷത്തെക്കുറിച്ച് ബോധവതിയായത്.
പിന്നെ, രണ്ട് മൂന്ന് ദിവസത്തേക്ക് അമ്മായിഅമ്മയുടെ മുഖത്ത് നോക്കാൻ ,വല്ലാത്തൊരു ബുദ്ധിമുട്ടായിരുന്നു.
അന്ന് ഊരി വച്ചതാണ്, ആ വേഷം ,പിന്നെ ഇത് വരെ അതെടുത്തിട്ടില്ല.
കുറെ വർഷങ്ങൾക്ക് ശേഷം ,ഇപ്പോഴാണ് ഗിരിയേട്ടൻ വീണ്ടും അതിനെക്കുറിച്ച് പറയുന്നത്.
ഉം… കള്ളൻ, അപ്പോൾ ഇന്ന് കരുതി കൂട്ടിയാണല്ലേ, കുറച്ച് നാളായി, ഗിരിയേട്ടൻ എന്നോടൊരു അടുപ്പം കാണിച്ചിട്ട് ,പണ്ടൊക്കെ എത്ര റൊമാൻറിക്കായിരുന്നു ,പക്ഷേ ഞാനിപ്പോൾ പ്രണയത്തോടെ അടുത്തേക്ക് ചെല്ലുമ്പോൾ തന്നെ ആള് , എതിർ വശത്തേക്ക് തിരിഞ്ഞ് കിടക്കും.
“നീ ലൈറ്റ് ഓഫാക്കിയിട്ട് കിടക്കാൻ നോക്ക് , എനിക്കിന്ന് നല്ല ക്ഷീണമുണ്ട്’ രാവിലെ എഴുന്നേൽകേണ്ടതാണ്”
ഗിരിയേട്ടൻ്റെ വായിൽ നിന്ന് മിക്കപ്പോഴും ഞാൻ ഇതാണ് കേട്ട് കൊണ്ടിരിക്കുന്നത്.
അത് കേൾക്കുമ്പോൾ, വല്ലാത്ത വിഷമം തോന്നിയിട്ടുണ്ട്.
ഗിരിയേട്ടൻ എന്നിൽ നിന്ന് അകന്ന് പോവുകയാണോ ?എന്ന് പോലും ഞാൻ ഭയന്നു.
ഇപ്പോൾ ഗിരിയേട്ടൻ പറഞ്ഞത് കേട്ടപ്പോൾ, ഉള്ളിൽ കുളിർമഴ പെയ്ത ഒരു പ്രതീതി.
ഇളം മഞ്ഞ നിറമുള്ള നേർത്ത ആവരണം പോലുള്ള നൈറ്റ് ഗൗൺ, ബാത്റൂമിലെ സ്റ്റാൻ്റിൽ വച്ചിട്ട് ,മായ ,ഷവറിൽ നിന്ന് പൊഴിയുന്ന ജലകണങ്ങൾക്ക്
കീഴെ, കുളിരുന്ന ശരീരവുമായി നിന്നു.
ഇന്നലെ വരെ, രാത്രി ഞാൻ കുളിക്കാൻ പോകുമ്പോഴെ,ഗിരിയേട്ടൻ ഉറക്കത്തിലേക്ക് വീഴുമായിരുന്നു.
കുളി കഴിഞ്ഞ് എത്തുമ്പോഴേക്കും
ആള് നല്ല കൂർക്കം വലി തുടങ്ങിയിരിക്കും.
ഇന്ന് പക്ഷേ, എൻ്റെ വരവിനായി, അദ്ദേഹം ക്ഷമയോടെ കാത്തിരിക്കുമെന്ന് എനിക്കറിയാം
കാത്തിരിക്കട്ടെ ,ഇത്രയും ദിവസം ഞാൻ കാത്തിരുന്നില്ലേ?
അവൾ മുടി നന്നായി ഷാംപു ഉപയോഗിച്ച് കഴുകി.
സാധാരണ ഉപയോഗിക്കുന്ന സോപ്പ് മാറ്റി വച്ചിട്ട്, സുഗന്ധമുള്ള ബോഡി ലോഷൻ ഉപയോഗിച്ചാണ് ദേഹം തേച്ചത്.
മതി ,ഇനിയും താമസിച്ചാൽ കുഞ്ഞുണർന്നാലോ
ആശങ്കയോടെ അവൾ ടവ്വലെടുത്ത് ദേഹം തുടച്ചിട്ട് ,വേഗം നൈറ്റ് ഗൗൺ അണിഞ്ഞ് കൊണ്ട് മുറിയിലേക്ക് ചെന്നു.
അവിടെ കണ്ട കാഴ്ച അവളെ കടുത്ത നിരാശയിലാക്കി.
ഗിരിയേട്ടൻ കൂർക്കം വലിച്ച് കിടന്നുറങ്ങുന്നു.
ഇനി തന്നെ പറ്റിക്കാനാണോന്ന് കരുതി, അവൾ ഗിരിയെ തട്ടി വിളിച്ചു.
ഒരു രക്ഷയുമില്ല ,ഇനി ആകാശം ഇടിഞ്ഞ് വീണാൽ പോലും ആള് എഴുന്നേൽക്കില്ല .
നിരാശയും സങ്കടവും സഹിക്കാൻ കഴിയാതെ, മായ കട്ടിലിൽ തളർന്നിരുന്നു.
“അല്ലാ … ഇന്നലെ എന്തിനാ എന്നെ കൊണ്ട് വെറുതെ നൈറ്റ് ഗൗൺ ധരിപ്പിച്ചത്”
പിറ്റേന്ന് പുറത്ത് പോകാൻ തയ്യാറെടുക്കുന്ന ഗിരിയുടെ അടുത്ത് വന്ന്, മായ ചോദിച്ചു
“ങ്ഹാ അതോ, നീയല്ലേ കഴിഞ്ഞ ദിവസങ്ങളിലൊക്കെ ,പാതിരാത്രി എഴുന്നേറ്റിരുന്ന് ,ഊഷ്ണം കൊണ്ട് കിടക്കാൻ പറ്റുന്നില്ല, ഈ ചുരിദാറിട്ടിട്ട് എന്തൊരു പുകച്ചിലാണ് , ഊരിക്കളയാൻ തോന്നുന്നു എന്നൊക്കെ ?അതിനൊരു പരിഹാരമായിട്ടാണ് നീ ഇനി മുതൽ ,കിടക്കാൻ നേരത്ത് നൈറ്റ് ഗൗണിട്ടാൽ മതിയെന്ന് ഞാൻ പറഞ്ഞത്, അത് കൊണ്ട് ഇന്നലെ രാത്രിയിൽ നീ സുഖമായി കിടന്നുറങ്ങിയില്ലേ?
എനിക്കെന്തോ വലിയ സഹായം ചെയ്ത പോലെ ആത്മനിർവൃതിയോടെ ഗിരിയേട്ടൻ ഇറങ്ങി പുറത്തേക്ക് പോയപ്പോൾ,
ആത്മനിന്ദയോടെ ഞാൻ കട്ടിലിൽ ഇരുന്നു പോയി.
രചന
സജി തൈപ്പറമ്പ് .
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission