“മനുവേട്ടാ… വൈകിട്ട് നേരത്തെ വരണേ ,ഇന്ന് ശനിയാഴ്ചയല്ലേ ? ഇന്ന് കൂടി വാങ്ങിയില്ലെങ്കിൽ, മണ്ണെണ്ണയും പഞ്ചസാരയും പിന്നെ കിട്ടില്ല കെട്ടോ?
രാവിലെ ഓഫീസിലേക്കിറങ്ങുന്ന ഭർത്താവിനെ സിന്ധു ഓർമ്മിപ്പിച്ചു .
“എല്ലാത്തിനും, എന്നെ കാത്തിരിക്കുന്നതെന്തിനാ, നിൻ്റെച്ഛനിവിടെ വെറുതെയിരിക്കുവല്ലേ? റിട്ടയർമെൻ്റ് ജീവിതം ചുമ്മാതിരുന്ന് തിന്നാനുള്ളതാണോ? വല്ലപ്പോഴും ഇത് പോലുള്ള, ചെറിയ ജോലികൾ ചെയ്യാനുള്ള ആരോഗ്യമൊക്കെ അങ്ങേർക്കില്ലേ?
നീരസത്തോടെയാണ് മനു ചോദിച്ചത്.
“ഏട്ടാ.. ഒന്ന് പതുക്കെ ,അച്ഛനപ്പുറത്തുണ്ട് ”
“ഒഹ്, നിൻ്റച്ഛൻ ഇവിടെ വന്നതിന് ശേഷം, ബാക്കിയുള്ളവർക്ക് ഒന്നുറക്കെ സംസാരിക്കാനുള്ള സ്വാതന്ത്ര്യം കൂടിയില്ലാതായി”
അതും പറഞ്ഞ്, പിറുപിറുത്ത് കൊണ്ട് മനു, ബൈക്കുമെടുത്ത് പുറത്തേക്ക് പോയി.
സിന്ധു, ആകാംക്ഷയോടെ അകത്തേക്ക് എത്തി നോക്കി .
ഭാഗ്യം, അച്ഛൻ കേട്ടിട്ടില്ല.
“മോളേ… അച്ഛൻ കവലയിലോട്ടൊന്നിറങ്ങുവാ, നിനക്കെന്തെങ്കിലും വാങ്ങാനുണ്ടോ ?
സാമ്പാറിനുള്ള കഷ്ണങ്ങൾ നുറുക്കുമ്പോൾ ,അടുക്കളയിൽ വന്ന്, അച്ഛൻ സിന്ധുവിനോട് ചോദിച്ചു .
“അച്ഛനെന്തിനാ, ഇപ്പോൾ കവലയിൽ പോകുന്നത്”
സിന്ധുവിന് ഉത്ക്കണ്ഠയായി.
“അതെനിക്ക് , ലൈബ്രറിയിലൊന്ന് പോകണം ,കഴിഞ്ഞ ദിവസം വായിക്കാൻ കൊണ്ട് വന്ന പുസ്തകം തിരിച്ച് കൊടുക്കണം”
“ആണോ അച്ഛാ…? അതിനടുത്താ നമ്മുടെ റേഷൻ കട, അച്ഛന് ബുദ്ധിമുട്ടില്ലെങ്കിൽ, നമ്മുടെ റേഷൻ കൂടി വാങ്ങിക്കോണ്ട് വരുമോ ..?
മടിച്ച് മടിച്ച് ,സിന്ധു അച്ഛനോട് ചോദിച്ചു.
“അതിനെന്താ .. മോള് റേഷൻ കാർഡും സഞ്ചിയുമൊക്കെ ഇങ്ങെടുക്ക്, ഞാൻ തിരിച്ച് വരുമ്പോൾ വാങ്ങിക്കോണ്ട് വരാം”
സഞ്ചിയും തൂക്കിപ്പിടിച്ച്, അച്ഛൻ ഗേറ്റ് തുറന്ന് പോകുന്നത് കണ്ടപ്പോൾ , സിന്ധുവിന് രാവിലെ മനു പറഞ്ഞ വാചകങ്ങൾ ഓർമ്മ വന്നു.
പാവം അച്ഛൻ, മാതൃകാദ്ധ്യാപകനായിരുന്ന അച്ഛൻ , സർവ്വീസിലിരുന്നപ്പോൾ , സഹജീവികളെ സഹായിച്ച് നടന്നത് കൊണ്ട്, വലുതായിട്ടൊന്നും ജീവിതത്തിൽ സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല, റിട്ടേഡ് ആയപ്പോൾ കിട്ടിയ തുക കൊണ്ടാണ് ,തൻ്റെ ഏച്ചിയുടെ വിവാഹം നടത്തിയത്, അത് കഴിഞ്ഞ് തൻ്റെ വിവാഹത്തിനായി, ലോണെടുത്തും ,പലരിൽ നിന്നും കടമെടുത്തുമൊക്കെയാണ്, തൻ്റെ വിവാഹം നടന്നത്, ഒടുവിൽ നില്ക്കക്കള്ളി ഇല്ലാതെ വന്നപ്പോഴാണ് ,ആരോടും പറയാതെ അമ്മയുടെ ഓർമകളുറങ്ങുന്ന വീടും പറമ്പും അച്ഛൻ വിറ്റത് ,എന്നിട്ട് വാടക വീട്ടിലേക്ക് താമസം മാറ്റിയ അച്ഛനെ, താനാണ് നിർബന്ധിച്ച് വിളിച്ച് ,ഇവിടെ കൊണ്ട് വന്നത് ,പക്ഷേ, അച്ഛൻ വന്നതിന് ശേഷം , നമ്മുടെ സ്വകാര്യത ഇല്ലാതായെന്നും പറഞ്ഞ്, മനുവേട്ടൻ അച്ഛനോട്, എപ്പോഴും അനിഷ്ടം പ്രകടിപ്പിക്കുമായിരുന്നു.
മനുവിൻ്റെ ബൈക്കിൻ്റെ ശബ്ദം കേട്ടാണ് സിന്ധു, ഓർമ്മകളിൽ നിന്നുണർന്നത്
“ഇതെന്താ, ഇന്ന് ക്ളാസ്സില്ലേ?
പതിനൊന്ന് മണിക്ക് തിരിച്ച് വന്ന, ഭർത്താവിനോട് സിന്ധു ചോദിച്ചു.
“ക്ളാസ്സുണ്ട് ,പക്ഷേ ഇന്ന് D E 0 വരുന്ന ദിവസമാണെന്നുള്ള കാര്യം ഞാൻ ഓർത്തിരുന്നില്ല ,ഞാൻ സ്കൂളിൽ ചെന്നപ്പോൾ ഒരുപാട് താമസിച്ച് പോയി ,മാത്രമല്ല, ഇതിന് മുമ്പ് ഞാനൊരു പാട് ആബ്സൻ്റുമായിട്ടുണ്ട്, എല്ലാം കൂടെ ചേർത്ത്, അയാൾ എനിക്ക് മെമ്മോ എഴുതി തന്നിരിക്കുവാ ,തൃപ്തികരമായ മറുപടി കൊടുത്തില്ലെങ്കിൽ സസ്പെൻഷൻ ഉറപ്പാ”
മനു വിഷണ്ണനായി പറഞ്ഞു.
“ഇനിയിപ്പോൾ എന്ത് ചെയ്യും”
സിന്ധു ആശങ്കയോടെ ചോദിച്ചു.
“ആഹ്, എനിക്കറിയില്ല”
അസ്വസ്ഥതയോടെ തല കുടഞ്ഞ് കൊണ്ട് മനു, അകത്തേക്ക് പോയപ്പോൾ, അയാളെ സമാധാനിപ്പിക്കാനായി, സിന്ധുവും പുറകെ പോയി .
കുറച്ച് കഴിഞ്ഞപ്പോൾ, അച്ഛൻ്റെ വിളി കേട്ട്, സിന്ധു വാതില്കലേക്ക് ഇറങ്ങിച്ചെന്നു.
“എന്താ മോളേ .. മനോജിന്ന് നേരത്തെ വന്നോ ,അവിടെ സമരം വല്ലതുമാണോ ?
ജിജ്ഞാസയോടെ അച്ഛൻ ചോദിച്ചപ്പോൾ, സിന്ധു കാര്യങ്ങളൊക്കെ പറഞ്ഞു.
എല്ലാം കേട്ടിട്ട് ,മനുവിൻ്റെ മുറിയിലേക്ക് അച്ഛൻ കടന്ന് ചെന്നു.
“ആ DEO യുടെ പേരെന്താ മോനേ …”
“ഓഹ് ,ചോദ്യം കേട്ടാൽ തോന്നും, അതറിഞ്ഞിട്ടിപ്പോൾ ,അച്ഛൻ പോയി എല്ലാം ശരിയാക്കുമെന്ന്, ഒന്ന് അപ്പുറത്തെങ്ങാനും പോകാമോ ?, ഞാനൊന്ന് സ്വസ്ഥമായിട്ടിരിക്കട്ടെ”
മനുവിൻ്റെ ആക്രോശം കേട്ട്, സിന്ധുവിൻ്റെ അച്ഛൻ പുറത്തേക്ക് നടന്നു.
“എങ്ങോട്ട് പോകുന്നച്ഛാ ..”
“ഞാനിപ്പോൾ വരാംമോളേ…”
“പാവം അച്ഛൻ മനസ്സ് വിഷമിച്ചാ പോയത് ,ഇങ്ങനെയൊന്നും പ്രായമായവരോട് സംസാരിക്കരുത് മനുവേട്ടാ …”
“ഓഹ് പിന്നെ …”
മനു ,പശ്ചത്തോടെ ചിറി കോട്ടി.
അച്ഛൻ പോയി, ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, സ്കൂളിൽ നിന്ന് വിളിച്ചിട്ട്, മനു എത്രയും വേഗം
D E 0 ഓഫീസിലേക്ക് ചെല്ലണമെന്ന് പറഞ്ഞു.
“ഈശ്വരാ .. ഇനിയെന്ത് പൊല്ലാപ്പാണോ ?
മനു ,ആശങ്കയോടെ വേഗമെഴുന്നേറ്റ് DE 0 ഓഫീസിലേക്ക് പോയി.
അവിടെ ചെല്ലുമ്പോൾ, ഓഫീസിനുള്ളിൽ DE0 യുടെ മുന്നിൽ, സിന്ധുവിൻ്റെ അച്ഛനിരിക്കുന്നത് കണ്ട്, മനു അമ്പരന്നു.
“താൻ ബാലൻ മാഷിൻ്റെ മരുമകനായിരുന്നല്ലേ ? തനിക്കത് നേരത്തെ പറയാമായിരുന്നില്ലേ?എങ്കിൽ പിന്നെ, പാവം മാഷിനെ ഈ വെയിലത്ത് നടത്തിക്കേണ്ടിയിരുന്നില്ലല്ലോ,
തനിക്കറിയാമോ? എൻ്റെ മാത്രമല്ല, ഈ നാട്ടിലെ പല ഉന്നതൻമാരുടെയും ഗുരുവായിരുന്നു,
ഈ ബാലൻ മാഷ്,
അങ്ങേരെ, ഫാദർ ഇൻലോ ആയി കിട്ടിയ,താനൊക്കെ വലിയ ഭാഗ്യവാനാടോ ,ങ്ഹാ, താനാ മെമ്മോ ഇങ്ങ് തിരിച്ച് തന്നേക്ക് ,എന്നിട്ട് ദാ, ഈ ലെറ്റർ ആ ഹെഡ്മാസ്റ്റർക്ക് കൊണ്ട് കൊടുത്താൽ മതി, ”
എല്ലാം കേട്ട് ,അവിശ്വസനീയതയോടെ മനു നിന്നു.
“എങ്കിൽ താൻ പൊയ്ക്കോ ,മാഷിനെ ഞാൻ കുറച്ച് കഴിഞ്ഞ് കാറിൽ കൊണ്ട് വിട്ട് കൊള്ളാം”
അച്ഛനോടെങ്ങനെ നന്ദി പറയുന്നെറിയാതെ,ശങ്കിച്ച് നിന്ന മനു, DEO പറഞ്ഞത് കേട്ട്, ആ മുറിയിൽ നിന്നിറങ്ങി, സ്കൂളിലേക്ക് യാത്രയായി .
“ങ്ഹാ ,വാടോ DEO വിളിച്ചിരുന്നു ,താനിപ്പോൾ ഫേമസ് ആയല്ലോ?
ഹെഡ്മാസ്റ്റർ നിറഞ്ഞ ചിരിയോടെയാണ് ,അയാളെ സ്വീകരിച്ചത് .
“ആഹ് പിന്നെ ,താൻ കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കണമെന്നാണ്, എനിക്ക് പറയാനുള്ളത് ,ഒന്നുമില്ലേലും തനിക്കൊരു സ്ഥിര ജോലി കിട്ടിക്കോട്ടെ എന്ന് വച്ചല്ലേ ,പാവം തൻ്റെ ഫാദർ ഇൻലോ ,സ്വന്തം കിടപ്പാടം വിറ്റിട്ട്, ഇരുപത്തിയഞ്ച് ലക്ഷം രൂപ കെട്ടി വച്ച് , തനിക്കീ ജോലി വാങ്ങി തന്നത്”
“ങ്ഹേ, സാറെന്താണീ പറയുന്നത്,
എനിക്ക് ജോലി കിട്ടിയത് ,ഞാൻ ഇൻ്റർവ്യു പാസ്സായത് കൊണ്ടല്ലേ?
“തനിക്കെന്താടോ വട്ടുണ്ടോ? താനീ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്,
എടോ, ഇൻ്റർവ്യൂവിൽ പാസ്സായെന്ന് കരുതി ,ഏതെങ്കിലും എയ്ഡഡ് സ്കൂളുകാര്, തനിക്ക് ജോലി തരുവോ ?മാനേജര് പറഞ്ഞാ ഇക്കാര്യം ഞാനറിഞ്ഞത്”
എല്ലാം കേട്ട് മനു ,സ്തംഭിച്ച് നിന്നു പോയി.
അപ്പോൾ, തന്നോടും സിന്ധുവിനോടും, എന്തിനാ അച്ഛൻ എല്ലാം മറച്ച് വച്ചത്.
എത്രയും വേഗം വീട്ടിലെത്താനും, അച്ഛൻ്റെ കാലിൽ വീണ് മാപ്പ് പറയാനും, മനുവിൻ്റെ ഹൃദയം തുടിച്ചു.
“എന്തിനാണച്ഛാ ഞങ്ങളോടിതെല്ലാം മറച്ച് വച്ചത്” ,
വിവരങ്ങളൊക്കെ അറിഞ്ഞപ്പോൾ സിന്ധു അച്ഛനോട് ചോദിച്ചു.
“അത് വേറൊന്നുമല്ല മോളേ … അമ്മായിഅപ്പൻ്റെ കാശ് കൊണ്ടാണ്, താനൊരു ഉദ്യോഗസ്ഥനായത്, എന്നൊരു തോന്നല് മനുവിനുണ്ടായാൽ, അയാളുടെ ആത്മാഭിമാനത്തിന് മുറിവേല്‌ക്കുമല്ലോ എന്ന് കരുതിയാണ് ,അച്ഛൻ നിങ്ങളോടത് മറച്ച് വച്ചത്, മറ്റൊരാളുടെ ഔദാര്യത്തിൽ ജീവിക്കാൻ ആരും ഇഷ്ടപ്പെടില്ലല്ലോ, എന്നിട്ടും അച്ഛനിപ്പോൾ ,നിങ്ങളുടെ ഔദാര്യത്തിലാണ് കഴിയുന്നത് ,എന്തൊരു വിരോധാഭാസമാണല്ലേ?
“അയ്യോ അച്ഛാ … അങ്ങനൊന്നും പറയരുത് ,എൻ്റെ അറിവില്ലായ്മ കൊണ്ടാണ് ,ഞാൻ അച്ഛനോട് അങ്ങനെയൊക്കെ പഞ്ഞത്, ഇനിയൊരിക്കലും ,എൻ്റെ ഭാഗത്ത് നിന്ന് അത്തരമൊരു വീഴ്ചയുണ്ടാവില്ല ,എന്നോട് പൊറുക്കച്ഛാ …”
“സാരമില്ല മോനേ … മക്കളെ ഒരിക്കലും അച്ഛൻമാർക്ക് വെറുക്കാൻ കഴിയില്ല ,നീയെൻ്റെ മരുമകനല്ല ,മകൻ തന്നെയാണ്”
എല്ലാം കണ്ടും കേട്ടും, അടുത്ത് നിന്ന സിന്ധുവിൻ്റെ കണ്ണും ഈറനായി.
രചന
സജി തൈപ്പറമ്പ്.
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission